കര്‍ഷകരെ വഞ്ചിച്ച് കേന്ദ്രസംഘം മടങ്ങി
"തവളക്കാല് തിന്നാനും ക്ഷേത്രദര്‍ശനം നടത്താനും ഒരുത്തനും ഇങ്ങോട്ട് വരേണ്ട"(മാര്‍ച്ച് 25, 2008) എന്ന് ഈ പംക്തിയില്‍ എഴുതിയപ്പോള്‍ അതു കേവലം ആരോപണം മാത്രമായിരുന്നില്ല. വിവിധ കാലയളവുകളില്‍ കടുത്ത വൃഷ്ടി മൂലവും വേനല്‍ മൂലവും കേരളത്തിലെ കര്‍ഷകര്‍ക്കുണ്ടായ അതിഭീമമായ നഷ്ടം വിലയിരുത്താനെന്ന മട്ടില്‍ സംസ്ഥാനം സന്ദര്‍ശിച്ച് മടങ്ങിയിട്ടുള്ള കേന്ദ്ര പഠനസംഘങ്ങളില്‍ നിന്ന് ഉണ്ടായിട്ടുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അന്ന് അങ്ങനെ എഴുതിയത്. അതുതന്നെ സംഭവിച്ചിരിക്കുന്നു.
കാലം തെറ്റി പെയ്ത മീനമഴ കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകരെ എന്നപോലെ കേരളത്തിലെ എല്ലാ ജില്ലകളിലേയും വിവിധ കൃഷി നടത്തിയിരുന്ന കര്‍ഷകരെ ഒരുപോലെ കഷ്ടത്തിലാക്കിയിരുന്നു. ഈ അധിവൃഷ്ടി മൂലം സംസ്ഥാനത്തിനാകെ 2000 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്.
ശരിയാണ്, കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകര്‍ക്കാണ് പ്രത്യക്ഷത്തില്‍ വന്‍ പ്രഹരമേറ്റത്. 115 ദിവസം മൂപ്പുള്ള വിത്ത് വിതച്ചതിന്റെ ഫലം അറുപതിലധികം മേനിയായി ലഭിച്ച സീസണായിരുന്നു ഇത്തവണത്തേത്. നെല്‍കൃഷി കടുത്ത നഷ്ടമാണെന്ന അനുഭവത്തെ തിരുത്തിക്കുറിക്കാന്‍ ഈ വിള കാരണമായിരുന്നു. അധ്വാനത്തിന് ലഭിച്ച കതിര്‍ക്കനം കണ്ട് കര്‍ഷകര്‍ ആഹ്ലാദിക്കുകയും ചെയ്തു. എന്നാല്‍ യഥാസമയം കറ്റകൊയ്തെടുക്കാന്‍ കൊയ്ത്തുകാരെയോ കൊയ്ത്തു യന്ത്രമോ ലഭിക്കാതെ വന്നതു മൂലം കൊയ്ത കറ്റയും വിളഞ്ഞ നെല്ലും ഒരുപോലെ വേനല്‍മഴയില്‍ മുളച്ച് നശിച്ചുപോയിരുന്നു.
മീനമഴ സൃഷ്ടിച്ച അതിഭീമമായ നഷ്ടം നികത്തണമെന്നാവശ്യപ്പെട്ട് മൂന്ന് സംഘങ്ങളാണ് കേന്ദ്രത്തിലെത്തി നിവേദനം സമര്‍പ്പിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നാലാം തീയതി എ.കെ. യാദവിന്റെയും ആര്‍.കെ. റെയ്നയുടെയും നേതൃത്വത്തില്‍ കേന്ദ്രസംഘം കേരളത്തിലെത്തി. കുട്ടനാട്ടിലെ കാര്‍ഷിക ദുരന്തം കണ്ട് അവര്‍ സ്തബ്ധരാകുകയും വന്‍ ദുരന്തമാണ് സംഭവിച്ചതെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏറ്റവുമധികം നെല്‍കൃഷി നഷ്ടമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനോ വേനല്‍മഴ വിതച്ച ദുരന്തത്തില്‍ ആത്മഹത്യചെയ്ത നെല്‍കര്‍ഷകന്‍ ഗോപിയുടെ വീട് സന്ദര്‍ശിക്കാനോ ഈ സംഘത്തിന് 'സമയം ലഭിച്ചില്ല'. എന്നു മാത്രമല്ല ഏറ്റവുമധികം കുരുമുളക് കൃഷി നഷ്ടമായ ഇടുക്കി, വയനാട് ജില്ലകള്‍ സന്ദര്‍ശിക്കാന്‍ ഇവരുടെ ടൂര്‍ പ്രോഗ്രാമില്‍ 'വകുപ്പില്ലായിരുന്നു'.
കുട്ടനാട്ടിലെയും എറണാകുളത്തെയും തൃശൂരിലെയും നെല്‍കൃഷി നഷ്ടം കണ്ട് കരിക്ക് കുടിച്ച്, പായസം കഴിച്ച്, കരിമീനടക്കമുള്ള സുഭിഷ്ഠ ഭക്ഷണം കഴിച്ച് യാദവിന്റെ നേതൃത്വത്തിലുള്ള സംഘം വന്നപോലെ മടങ്ങി. ദുരിതാശ്വാസം സംബന്ധിച്ച് കണക്കെടുപ്പും തെളിവെടുപ്പും കുരുടന്‍ ആനയെ കണ്ടതുപോലെ വാഗ്ദാനങ്ങള്‍ പോലും ചെയ്യാനാവാതെ അവഗണനയുടെ തനിയാവര്‍ത്തനമായി പരിണമിച്ചു, കേന്ദ്ര സംഘത്തിന്റെ ഇത്തവണത്തെ എഴുന്നള്ളത്ത്. അതോടെ കര്‍ഷകന്റെ അവസാനത്തെ പ്രതീക്ഷയും തല്ലിക്കൊഴിക്കപ്പെട്ടു.
രണ്ടു ദിവസമായി അഞ്ചു ജില്ലകളില്‍ പര്യടനം നടത്തിയ സംഘം നഷ്ടപരിഹാരത്തെക്കുറിച്ച് കൃത്യമായ ഉറപ്പ് പറഞ്ഞിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖംകൊടുത്തതും ഇല്ല.
ഇനി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോയി പ്രധാനമന്ത്രിയെ കണ്ടതിനുശേഷമേ എന്തെങ്കിലും ആശ്വാസത്തിന് വകയുള്ളൂവെന്ന് മന്ത്രിമാരായ കെ.പി. രാജേന്ദ്രനും മുല്ലക്കര രത്നാകരനും മോന്‍സ് ജോസഫും പറയുന്നു.
രണ്ടായിരം കോടിയുടെ നഷ്ടം സംഭവിച്ചെങ്കിലും കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ചുള്ള കണക്കുപ്രകാരം 222 കോടി രൂപയുടെ നഷ്ടമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. അസാധാരണമായ ദുരന്തമാണ് മീനമഴക്കാലത്തുണ്ടായതെന്ന് കണക്കാക്കി മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി തുക വര്‍ധിപ്പിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി രാജേന്ദ്രന്‍ പറയുന്നു.
അന്ന് ഞങ്ങള്‍ പറഞ്ഞത് അറംപറ്റി എന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍ കേരളത്തിന്റെ പ്രശ്നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഇവിടെനിന്ന് എഴുന്നള്ളിയ പുംഗവന്മാരും കേന്ദ്രത്തില്‍നിന്ന് നഷ്ടം കണക്കാക്കാന്‍ എത്തിയ പുംഗവന്മാരും ഒരുപോലെ കേരളത്തേയും കേരളത്തിലെ കര്‍ഷകരേയും വഞ്ചിച്ചിരിക്കുന്നു. ഈ വഴിപാട് ഒഴിവാക്കിയിരുന്നെങ്കില്‍ ഇവരുടെ യാത്രപ്പടിയും താമസ ചെലവും ഭക്ഷണച്ചെലവും ഏറ്റവും കുറഞ്ഞത് ആയിരം കര്‍ഷകരുടെയെങ്കിലും നഷ്ടം പൂര്‍ണമായും നികത്താന്‍ ഉതകുമായിരുന്നു. പറഞ്ഞിട്ടെന്ത്. കുഞ്ഞുണ്ണിമാഷ് പാടിയതുപോലെ 'ഭാരമുള്ളൊരു തീയന്‍ ഭാരതീയന്‍', ഭാരം ചുമക്കുന്നതും തീ തിന്നുന്നതും ഭാരതീയന് പണ്ടേ ഇഷ്ടമെന്ന് ഒരിക്കല്‍ കൂടി ഈ നേതാക്കന്മാരെല്ലാം ചേര്‍ന്ന് നമ്മെ ബോധ്യപ്പെടുത്തിയിരിക്കുന്നു.
ഇവിടെ ആ പഴയ ചോദ്യം വീണ്ടും മുളപൊട്ടുന്നു:
വേണോ നമുക്ക് ഇത്തരം വഞ്ചകരായ മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും.
1 comments :
താങ്കളുടെ പ്രവചനം ഫലിച്ചതില്‍ ഖേദം.
പൊതുവില്‍ കേരളത്തിലെത്തുന്ന ഇത്തരം
സംഘങ്ങളുടെ പ്രധാന വിനോദം തന്നെ
ക്ഷേത്ര സന്ദര്‍ശ്നങ്ങളാന്ണ്.
പ്ര്ത്യേകിച്ചു ഗുരുവയൂര്‍.
പിന്നെ ക്ഴിഞ്ഞ വര്‍ഷത്തിലെ ദുരിതാസ്വാസം ഇപ്പോഴും കൊടുത്തു തീര്‍ത്തിട്ടില്ല
എന്നു കേള്‍ക്കുന്നു.
Post a Comment