Thursday, November 29, 2007

ബാലകൃഷ്ണനെ ശിഖണ്ഡിയാക്കി ഭൂമി മാഫിയയ്ക്കുവേണ്ടിയുള്ള ഗൂഢാലോചന

ഭീഷ്മരെ വീഴ്ത്താന്‍ ശിഖണ്ഡിയെ മുന്നില്‍നിര്‍ത്തി യുദ്ധം നടത്തിയ അധാര്‍മികതയുടെ ആവര്‍ത്തനമാണ്‌, 1970 ജനുവരി ഒന്നിന്‌ പ്രാബല്യത്തില്‍വന്ന കേരള ഭൂപരിഷ്കരണ നിയമം. കാലഹരണപ്പെട്ടു എന്നും, അതിനാല്‍ കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണനെക്കൊണ്ട്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയ തത്പര കക്ഷികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്‌, വ്യവസായമന്ത്രി എളമരം കരീം മാത്രമല്ല, ഇടതുപക്ഷ മന്ത്രിസഭയിലെ മൂലധന സമാഹരണ ശക്തികളും ഭൂമി മാഫിയയുടെ സംരക്ഷകരും ഈ ഗൂഢാലോചനയ്ക്കു പിന്നിലുണ്ട്‌.

വ്യവസായ വികസനത്തിലൂടെ പുരോഗതി എന്ന വ്യാജോക്തി ആവര്‍ത്തിച്ച്‌ നന്ദിഗ്രാമും, സിംഗൂരും സൃഷ്ടിച്ച്‌ ഭൂമി മാഫിയയ്ക്ക്‌ വിടുപണി ചെയ്യാനുള്ള അധമത്വ മനസ്സുകളില്‍നിന്നാണ്‌ ഇത്തരം ഒരു തന്ത്രം രൂപപ്പെട്ടതെന്നതില്‍ സംശയമില്ല. തലചായ്ക്കാനോ, ശവം മറവുചെയ്യാനോ ഒരുതുണ്ടു ഭൂമിപോലുമില്ലാത്തവര്‍ കേരള ജനസംഖ്യയുടെ 33 ശതമാനമാണെന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യം തമസ്കരിച്ചാണ്‌ ഈ വര്‍ഗ വഞ്ചകര്‍, പുതിയ ശിഖണ്ഡിയുദ്ധത്തിന്‌ കോപ്പുകൂട്ടുന്നത്‌.

ഐക്യ കേരളത്തില്‍, ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെ വിപ്ലവകരമായ രണ്ടുനീക്കങ്ങളില്‍ ഒന്നായിരുന്നു 1957 ഡിസംബര്‍ 19ന്‌ പ്രസിദ്ധപ്പെടുത്തിയ കര്‍ഷകബന്ധബില്‍. ഭൂമിയുടെ നീതിപൂര്‍വകമായ പുനര്‍വിതരണമെന്ന ഭൂപരിഷ്കരണം ലക്ഷ്യമിട്ടായിരുന്നു അന്ന്‌ റവന്യൂമന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ഈ ബില്ലിന്‌ രൂപം കൊടുത്തത്‌. ഒരു കുടുംബത്തിന്‌ കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമിയുടെ പരിധി 15 ഏക്കറായി നിജപ്പെടുത്തിയ ആ ബില്‍ 1959 ജൂണ്‍ 11-ന്‌ പാസ്സായി. അതിന്റെ പിറ്റേന്നു മുതലായിരുന്നു കേരള ചരിത്രത്തിലെ ഏറ്റവും കഠിന നികൃഷ്ടതയായി ചരിത്രം എക്കാലവും രേഖപ്പെടുത്തുന്ന വിമോചന സമരം ആരംഭിച്ചത്‌. അന്നത്തെ ഫ്യൂഡല്‍ മാടമ്പി വര്‍ഗത്തിന്റെ ഇന്നത്തെ ഹൈടെക്‌ നൃശംസതയായ ഭൂമി മാഫിയയ്ക്കും മൂലധന സമാഹര്‍ത്താക്കള്‍ക്കും വേണ്ടിയാണ്‌ അച്യൂതാനന്ദന്‍ മന്ത്രിസഭയിലെ വര്‍ഗ വഞ്ചകര്‍ ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കാന്‍ കരുക്കള്‍ നീക്കുന്നത്‌.

ബില്ലിന്‌ രൂപംകൊടുത്ത നിമിഷം മുതല്‍ അതിനെ തകര്‍ക്കാനുള്ള ഗൂഢാലോചനകളും ശക്തമായിരുന്നു. ആ പ്രതിലോമ ചിന്തകള്‍ക്ക്‌ 1961-ല്‍ സുപ്രീം കോടതിയും 63-ല്‍ കേരള ഹൈക്കോടതിയും അംഗീകാരം നല്‍കിയപ്പോള്‍ ബില്ലിലെ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെട്ടു. 67-ല്‍ അതിനനുസരിച്ച ഭേദഗതികളുണ്ടായി. ആ വികലതകളോടെയാണ്‌ 1970 ജനുവരി ഒന്നിന്‌ കേരള ഭൂപരിഷ്കരണ നിയമം പ്രാബല്യത്തില്‍ വന്നത്‌. അതിനുശേഷം 11 ഭേദഗതികള്‍ പിന്നാലെ വന്ന ഭരണക്കാര്‍ എഴുതിച്ചേര്‍ത്തത്‌ നിയമം നിര്‍മിച്ചവരുടെ വിശുദ്ധോദ്ദേശ്യത്തെ വ്യഭിചരിച്ചു. അതോടെ കേരളത്തില്‍ 7,20,000 ഏക്കര്‍ മിച്ചഭൂമിയുണ്ടാകും എന്ന ആദ്യ കണക്കുകൂട്ടലും തെറ്റിക്കപ്പെട്ടു. 1,70,991 ഏക്കര്‍ മിച്ചഭൂമിയേ കേരളത്തില്‍ ഉള്ളൂ എന്ന്‌ മാറിമാറി ഭരിച്ച കിരാതന്മാര്‍ ഔദ്യോഗികരേഖയാക്കി സ്ഥാപിച്ചെടുത്തു. എന്നിട്ടും 93,178 ഏക്കര്‍ മാത്രമേ ഏറ്റെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക്‌ നട്ടെല്ലുണ്ടായുള്ളൂ.

ഈ വിധേയത്വത്തിന്റ, ഈ വര്‍ഗവഞ്ചനയുടെ പരിസരങ്ങളിലാണ്‌ കുടിയേറ്റ-കൈയേറ്റ-വനംകൊള്ള ലോബിയും റിസോര്‍ട്ട്‌ മാഫിയയും അടങ്ങുന്ന വന്‍ഭൂമി മാഫിയസംഘം വടവൃക്ഷങ്ങളായി വളര്‍ന്നു പന്തലിച്ചത്‌. മൂന്നാറും ചിന്നക്കനാലും ടാറ്റാ, പോബ്സണ്‍ എസ്റ്റേറ്റുകളും അവരുടെ പാദസേവകരും ഈ തണലിലാണ്‌ വിശ്രമിക്കുന്നത്‌. അവരാണ്‌ ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാന്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെപ്പോലെയുളള ഉദ്യോഗസ്ഥ ശിഖണ്ഡികളെ സൃഷ്ടിച്ചെടുക്കുന്നതും.

മിച്ചഭൂമി ഏറ്റെടുക്കലും വിതരണവും ഇത്തരത്തില്‍ തുരങ്കം വയ്ക്കപ്പെട്ടതുകൊണ്ട്‌ ആദ്യ മന്ത്രിസഭയിലെ ക്രാന്തദര്‍ശികള്‍ സ്വപ്നംകണ്ട രീതിയില്‍ ഭൂരഹിതര്‍ക്ക്‌ ഭൂമിനല്‍കാന്‍ കഴിയാതെപോയി. അര്‍ഹരായവരെ ആട്ടിപ്പായിച്ച്‌ പാദസേവകരും സ്തുതിപാഠകരുമടങ്ങുന്ന മറ്റൊരുകൂട്ടം വര്‍ഗവഞ്ചകര്‍ കൃഷി ഭൂമിയുടെ ഉടമകളായി. ജന്മി-കുടിയാന്‍ബന്ധമെന്ന ചൂഷണത്തിന്റെ അനീതിയും പാട്ടകൃഷി എന്ന തൊഴില്‍പരമായ അശ്ലീലതയും തുടച്ചുനീക്കാന്‍ കഴിയാതെപോയി. എന്നും നിലത്തിന്റെ സംരക്ഷകരും അധ്വാനികളും പുലയ-പറയ വിഭാഗമായിരുന്നു. അവരാണ്‌ കാര്‍ഷികവൃത്തി നടത്തിയിരുന്നത്‌. അവര്‍ക്ക്‌ കൃഷിഭൂമി നല്‍കാതെ കുടിയാന്മാരെന്ന സവര്‍ണവിഭാഗത്തിന്‌ ഭൂമിയുടെ ഉടമസ്ഥതാവകാശം നല്‍കപ്പെട്ടതോടെ ഭൂപരിഷ്കരണ നിയമത്തിന്റെ വിശുദ്ധി പിച്ചിചീന്തപ്പെട്ടു. ഈ പുതിയ ഭൂപ്രഭുക്കന്മാര്‍ മാറിയ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സാഹചര്യങ്ങള്‍ മുതലെടുത്ത്‌ സമ്പത്ത്‌ വര്‍ധിപ്പിച്ചപ്പോള്‍ കൃഷി അന്യം നില്‍ക്കുകയും കൃഷിഭൂമി മറ്റുള്ള ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കപ്പെടുകയും ചെയ്തു. അതുകൊണ്ട്‌ അന്നും ഇന്നും ദുര്‍ബല വിഭാഗങ്ങള്‍ക്ക്‌ കൃഷിചെയ്യാനോ കയറിക്കിടക്കാനോ മരിച്ചാല്‍ കുഴിച്ചിടാനോ ഒരുതുണ്ടു ഭൂമിപോലും ഇല്ലാതെയായി.

കൃഷി തമിഴനും ആന്ധ്രാക്കാരനും നല്‍കി സര്‍ക്കാര്‍ ഉദ്യോഗത്തിന്റെയും ഗള്‍ഫ്‌ പണത്തിന്റെയും പിന്നാലെ കൃഷിഭൂമികിട്ടിയവര്‍ പോയപ്പോള്‍ പുതിയ ചൂഷക ശക്തികളായി ഭൂമിമാഫിയ അവതരിക്കുകയും ചെയ്തു. വികസനത്തിന്‌ അവര്‍ കൊലച്ചതിയുടെ പരിപ്രേഷ്യം ചമച്ചു. വന്‍ വ്യവസായങ്ങളും ഐടി മേഖലയുമാണ്‌ പുരോഗതിയുടെ മാനദണ്ഡമെന്നവര്‍ സ്ഥാപിച്ചെടുത്തു. ഈ പുതിയ മൂലധന വാമനന്മാര്‍ക്ക്‌, കുത്തക ഭീമന്മാര്‍ക്ക്‌ മൂന്നടി മണ്ണുനല്‍കുന്ന ചതിയന്‍ മാവേലിമാരായി ഭരണകര്‍ത്താക്കള്‍ പരിണമിച്ചു. പ്രാന്തവത്കൃത കര്‍ഷകനും കര്‍ഷകത്തൊഴിലാളിയും ദുര്‍ബലനും അവരുടെ കിടക്കപ്പായില്‍നിന്നുപോലും കുടിയിറക്കപ്പെടുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു. ആ വര്‍ഗവഞ്ചന ആവര്‍ത്തിക്കാനാണ്‌ ബാലകൃഷ്ണന്റെ രൂപത്തില്‍, ഭരിക്കുന്ന ഇടതുപക്ഷ മൂലധന സമഹര്‍ത്താക്കള്‍ ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കാന്‍ പിന്‍വാതില്‍ പ്രവേശനം നടത്തുന്നത്‌. പിന്‍വാതിലിലൂടെ പ്രവേശിക്കുന്നവന്‍ തസ്കരനോ ജാരനോ ആണെന്ന്‌ തിരിച്ചറിയാന്‍ കേരളത്തിലെ ആദിവാസികള്‍ക്ക്‌ കഴിയുന്നു, പക്ഷേ സാക്ഷരര്‍ക്ക്‌ കഴിയുന്നില്ല.

ആവര്‍ത്തിക്കട്ടെ കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചുപേക്ഷിക്കാനുള്ളതല്ല തിരിച്ചറിഞ്ഞ്‌ പ്രതിരോധത്തിന്റെ പടമുഖം തീര്‍ക്കാനുള്ള ആഹ്വാനമാണ്‌.

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ചിന്നക്കനാലിലും നന്ദിഗ്രാം സൃഷ്ടിക്കുമ്പോള്‍

അധ്വാനിക്കുന്ന ജനവിഭാഗങ്ങളും ആദിവാസികളും സ്ത്രീകളുമടക്കമുള്ള ദുര്‍ബലവിഭാഗങ്ങളും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ചതുര്‍ഥിയായിട്ട്‌ നാളുകളായി. നവലിബറല്‍ ആശയങ്ങളുടെ തടവുകാരായി പുതിയ നേതൃത്വം പരിണമിച്ചതോടെയാണ്‌ പുത്തന്‍പണക്കാരും മൂലധന ചൂഷകരും ഭൂമി മാഫിയയുമൊക്കെയടങ്ങുന്ന ചൂഷക വര്‍ഗ്ഗവുമായി പാര്‍ട്ടിയും അണികളും സമരസപ്പെട്ടത്‌.

ഈ ചൂഷകവര്‍ഗ്ഗത്തിന്റെ വ്യാവസായിക താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ചെറുകിട കര്‍ഷകരെ അവരുടെ അധ്വാനഭൂമികയില്‍നിന്ന്‌ ആട്ടിയോടിച്ച നന്ദിഗ്രാമിലെ ദുഷ്ടതയാണ്‌ ഇപ്പോള്‍ ആദിവാസികളെ അവരുടെ കിടക്കപ്പായില്‍നിന്നും കുടിയിറക്കി ചിന്നക്കനാലില്‍ ഗുണ്ടായിസത്തിന്റെ ചെങ്കൊടി പാറിച്ചിരിക്കുന്നത്‌.

മൂന്നാറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനാരംഭിച്ച സര്‍ക്കാര്‍ ദൗത്യത്തെ അട്ടിമറിച്ച മാര്‍ക്സിസ്റ്റ്‌ നേതാവിന്റെ നേതൃത്വത്തിലാണ്‌ ചിന്നക്കനാല്‍ വില്ലേജില്‍ ഭൂരഹിത ആദിവാസികള്‍ കെട്ടിയ കുടിലുകള്‍ തകര്‍ത്ത്‌ രണ്ടായിരത്തോളം ഏക്കര്‍ ഭൂമിയില്‍ കൊടിനാട്ടി ഭൂമിമാഫിയക്ക്‌ വേണ്ടി 'പിടിച്ചെടുത്തത്‌'. 60ഓളം ആദിവാസിക്കുടിലുകള്‍ തകര്‍ത്ത മാര്‍ക്സിസ്റ്റ്‌ മുഷ്ക്‌ അഞ്ഞൂറോളം ഷെഡുകള്‍ നിര്‍മ്മിച്ചാണ്‌ ഭൂമിമാഫിയയ്ക്ക്‌ ഇടമൊരുക്കിയിരിക്കുന്നത്‌. വീടും കൃഷിയിടവും നഷ്ടപ്പെട്ട ആദിവാസികള്‍ പാറപ്പുറത്ത്‌ കുത്തിയിരുന്ന്‌ പ്രതിഷേധസമരം നടത്തുകയാണ്‌.

ആദിവാസികള്‍ക്കും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബലവിഭാഗങ്ങള്‍ക്കുവേണ്ടിയും ഭൂമിമാഫിയയും വനം കയ്യേറ്റക്കാരും അടങ്ങുന്ന സമൂഹദ്രോഹികള്‍ക്ക്‌ എതിരായും എല്ലായ്പ്പോഴും ഗീര്‍വാണം മുഴക്കുന്ന അച്യുതാനന്ദന്‍ ഭരിക്കുന്ന സംസ്ഥാനത്തിലാണ്‌ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരെന്ന്‌ അവകാശപ്പെടുന്ന ഗുണ്ടാസംഘം ഈ അക്രമം കാണിച്ചിട്ടുള്ളത്‌. എന്നിട്ടും ആദിവാസികളുടെ രക്ഷയ്ക്ക്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ പോലീസിനെയോ അയക്കാന്‍ സംസ്ഥാന ഭരണനേതൃത്വം തയ്യാറായിട്ടില്ല. അതായത്‌ ഭരണകൂടത്തിന്റെ അറിവും അനുഗ്രഹവും ഈ കയ്യേറ്റത്തിന്‌ പിന്നിലുണ്ടെന്ന്‌ വ്യക്തം.

ആദിവാസി പുനരധിവാസി പദ്ധതിയനുസരിച്ച്‌ ആന്റണി സര്‍ക്കാരാണ്‌ 2003 ല്‍ 708 കുടുംബങ്ങള്‍ക്ക്‌ ചിന്നക്കനാലില്‍ ഒരേക്കര്‍ വീതം ഭൂമിക്ക്‌ പട്ടയം നല്‍കിയത്‌. എന്നാല്‍ നാലുവര്‍ഷം കഴിഞ്ഞിട്ടും 120 കുടുംബങ്ങള്‍ക്ക്‌ ഭൂമി ലഭിച്ചില്ല. കിട്ടിയവര്‍ക്കാകട്ടെ മറ്റ്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിനല്‍കാനും സര്‍ക്കാര്‍ തയ്യാറായില്ല. ഇത്‌ വലിയ ഒരു ഗൂഡാലോചനയുടെ ഭാഗമായിരുന്നു. വനം കയ്യേറ്റക്കാര്‍ക്കും ഭൂമിമാഫിയകള്‍ക്കും എളുപ്പത്തില്‍ ആദിവാസികളെ അവര്‍ക്ക്‌ ലഭിച്ച ഭൂമിയില്‍നിന്ന്‌ ആട്ടിപ്പായിക്കാന്‍ സര്‍ക്കാരിന്റെ ഈ ക്രൂരമായ നയംമൂലം സഹയകരമായ അവസ്ഥ സൃഷ്ടിച്ചു. ആന്റണി സര്‍ക്കാര്‍ കാട്ടാനകളുടെ ആവാസഭൂമിയിലാണ്‌ ആദിവാസികള്‍ക്ക്‌ കിടപ്പാടമൊരുക്കിയത്‌. ആനയെ ഭയന്നും പട്ടിണികിടന്നും നാലുവര്‍ഷം തള്ളിനീക്കി ജീവിതത്തിന്‌ ഒരു പുതിയ പ്രതീക്ഷനല്‍കാന്‍ തുടങ്ങിയപ്പോഴാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭൂമിമാഫിയ ഇപ്പോള്‍ അവരെ അവിടെനിന്നും കുടിയിറക്കാന്‍ സംഘമായി എത്തിയിട്ടുള്ളത്‌.

തങ്ങള്‍ക്ക്‌ അവകാശപ്പെട്ട പട്ടയഭൂമി നല്‍കണമെന്നാവശ്യപ്പെട്ട്‌ ആദിവാസി പുനരധിവാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞമാസം ഇടുക്കി കളക്ട്രേറ്റിനുമുന്നില്‍ അനിശ്ചിത കാല സത്യഗ്രഹമാരംഭിച്ചിരുന്നു. എന്നാല്‍ ഒരുമാസത്തിനകം ഭൂമി അളന്ന്‌ നല്‍കാമെന്ന വ്യവസ്ഥയില്‍ പിന്നാക്ക ക്ഷേമമന്ത്രി എ.കെ.ബാലന്‍ ഇടപെട്ട്‌ സമരം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

ഇവിടെയും വലിയൊരു ചതിയുടെ വാരിക്കുഴിയാണ്‌ സര്‍ക്കാര്‍ നിര്‍മ്മിച്ചത്‌. കാരണം ആദിവാസികള്‍ക്ക്‌ അവകാശപ്പെട്ട ഭൂമി, റിസോര്‍ട്ട്‌ ഉടമകളും ഭൂമി മാഫിയയും കയ്യടക്കിവച്ചിരിക്കുകയാണെന്ന്‌ അറിഞ്ഞുകൊണ്ടായിരുന്നു ഈ ഒത്തുതീര്‍പ്പ്‌ കള്ളക്കളി. എന്നുമാത്രമല്ല; സമീപഭൂമി വളഞ്ഞ്‌ സ്വന്തമാക്കിയും ഹിന്ദുസ്ഥാന്‍ ന്യൂസ്‌ പ്രിന്റ്‌ ലിമിറ്റഡിന്‌ യൂക്കാലി പ്ലാന്റേഷന്‍ നിര്‍മ്മിക്കാന്‍ വനം വകുപ്പ്‌ പാട്ടത്തിനു നല്‍കിയ റവന്യൂ ഭൂമിയുമെല്ലാം ഈ മാഫിയ സ്വന്തമാക്കുകയോ മറിച്ചുവില്‍ക്കുകയോ ചെയ്തിരുന്നു.

മൂന്നാറിനു സമീപം ഏറ്റവുമധികം റിസോര്‍ട്ടുകള്‍ ചിന്നക്കനാലില്‍ ഉണ്ടായത്‌ ഇങ്ങനെയാണ്‌.

അതേസമയം ആദിവാസികള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നും അവര്‍ക്ക്‌ ചില മതസംഘടനകളുടെയും ഭീകരപ്രസ്ഥാനങ്ങളുടെയും പിന്തുണയുണ്ടെന്നും ആരോപിച്ചാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആദിവാസികളെ ചിന്നക്കനാലില്‍നിന്നും, അവരുടെ കുടിലുകള്‍ തകര്‍ത്ത്‌ ഇറക്കിവിടാനുള്ള ശ്രമം നടക്കുന്നത്‌. പച്ചക്കള്ളം പറയാന്‍ ഒരുളുപ്പുമില്ലാത്തവരാണ്‌ ഈ വിപ്ലവകാരികളെന്ന്‌ നന്ദിഗ്രാമില്‍ കണ്ടതാണ്‌. അവിടെ കുടിയിറക്കപ്പെട്ട ചെറുകിടകര്‍ഷകര്‍ തങ്ങളുടെ ഭൂമി തിരിച്ചുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ മാവോയിസ്റ്റുകളെന്ന്‌ മുദ്രകുത്തി വെടിവെച്ചുവീഴ്ത്തിയ നെറികേടാണ്‌ മാര്‍ക്സിസ്റ്റുപാര്‍ട്ടി. ആ കുത്സിതത്വത്തിന്റെ കേരളമോഡലാണ്‌ ഇപ്പോള്‍ ചിന്നക്കനാലില്‍ നടപ്പിലാക്കിയിട്ടുള്ളത്‌. ആര്‍ക്കാണ്‌ യഥാര്‍ത്ഥത്തില്‍ ഭീകരപ്രസ്ഥാനങ്ങളുമായും മുതലാളിത്ത പാര്‍ട്ടികളുമായും മൂലധന ചൂഷകരുമായും ബന്ധമുള്ളതെന്നും എല്ലാവര്‍ക്കുമറിയാം. ആ സത്യം മറച്ചുവയ്ക്കാനും ഭൂമിമാഫിയയില്‍നിന്ന്‌ പലപ്പോഴായി പാര്‍ട്ടിക്കും സഖാക്കളുടെ സുഭിക്ഷവും സുഖകരവുമായ ജീവിതത്തിനും കൈപ്പറ്റിയ പണത്തിന്‌ പ്രത്യുപകാരം ചെയ്യാനുമാണ്‌ ഇപ്പോള്‍ ആദിവാസികള്‍ക്കെതിരെ ഇവര്‍ തിരിഞ്ഞിരിക്കുന്നത്‌.

ഇത്‌ തീ കൊണ്ടുള്ള കളിയാണ്‌. നഷ്ടം വലുതായിരിക്കുകയും ചെയ്യും.

കൊതുകാണു താരം!

വേഴാമ്പല്‍ കേരളത്തിന്റെ സംസ്ഥാനപക്ഷിയാണ്‌.

ഈ പക്ഷിയെ സാധാരണഗതിയില്‍ നാട്ടുകാര്‍ക്ക്‌ കാണാന്‍പറ്റില്ല. ആള്‍ വിഐപിയാണ്‌. അക്കാരണത്താല്‍ കാഴ്ചബംഗ്ലാവിലാണ്‌ താമസം.

പേര്‌ വേഴാമ്പല്‍ എന്നാണെങ്കിലും നമ്മുടെ കാഴ്ചബംഗ്ലാവിലെ പരിചരണത്തിന്റെ ഗുണംകൊണ്ട്‌ വേഴാമ്പല്‍ ഒരുമാതിരി തൂങ്ങാമ്പല്‍ പരുവത്തിലാണ്‌ കാണപ്പെടുക. സത്യത്തില്‍ കേരളത്തിന്റെസംസ്ഥാന പക്ഷിയാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ കൊതുകാണ്‌!

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും നിറയെ കൊതുകുകളാണ്‌. തന്നെയല്ല കൊതുകുകള്‍ക്ക്‌ യാതൊരുവിധ അഹങ്കാരവുമില്ല. ഒരു പണിയുമില്ലാതെ വായ്നോക്കി നടക്കുന്ന കൊച്ചിയിലെ ചുള്ളന്മാരെ മാത്രമല്ല; തക്കംകിട്ടിയാല്‍ അംബാനിസഹോദരന്മാരെപ്പോലും സ്നേഹിക്കാനും സ്നേഹം മൂത്ത്‌ കടിച്ചുപറിക്കാനും ഒരു കൊതുകിനും മടിയുണ്ടാകില്ല.

വാട്ടര്‍അതോറിറ്റിയുടെ ശുദ്ധജല ടാങ്കില്‍ മാത്രമല്ല; ഏതു മലിന ജലത്തിലും മുട്ടയിടാന്‍ വിനീതരാണ്‌ കൊതുകുകള്‍. മലയാളിയെപ്പോലെ തന്നെ ഏതൊരവസ്ഥയുമായും ഇഴുകിച്ചേരാനുള്ള കൊതുകുകളുടെ ഈ സാമര്‍ത്ഥ്യം ഒന്നുമാത്രം മതി അവയെ ദേശീയപക്ഷിയാക്കി വാഴിക്കാന്‍!

കൊതുകിനെ ദേശീയ പക്ഷിയാക്കണമെന്ന നിര്‍ദ്ദേശത്തിനു പിന്നില്‍ മറ്റൊരു സദുദ്ദേശ്യമുണ്ട്‌. നമ്മുടെ നാട്ടില്‍ എന്തൊക്കെ ദേശസാല്‍ക്കരിച്ചാലും അതിന്റെ പണി തീര്‍ന്നുകിട്ടും എന്നതാണ്‌ കാര്യം. ദേശീയ പക്ഷി എന്ന പ്രയോഗം മാത്രം മതി കൊതുകുകളുടെ കാര്യം കഷ്ടത്തിലാക്കാന്‍. അവരെ പിന്നെ സര്‍ക്കാരോ നാട്ടുകാരോ തിരിഞ്ഞുപോലും നോക്കില്ല!

കൊച്ചിയിലും കോഴിക്കോട്ടും അനന്തപുരിയിലും കോര്‍പ്പറേഷന്‍ ഭരിക്കുന്ന സാറന്മാര്‍ക്ക്‌ പ്രതിപക്ഷത്തുനിന്നേല്‍ക്കുന്ന പ്രധാന'കടി' കൊതുകുകടിയെ ചൊല്ലിയാണ്‌. ആ കടിയൊക്കെ മാറിക്കിട്ടും! ആര്‍ക്കും കൊതുകിന്‌ മരുന്നടിക്കാന്‍ നടക്കേണ്ടിവരില്ല.

തന്നെയല്ല രോഗം പരത്താന്‍ പിന്നെ ആളുണ്ടാകാത്ത അവസ്ഥ സംജാതമാവുകയും ചെയ്യും. അങ്ങനെ രോഗികളില്ലാതാകുന്ന കേരളത്തില്‍ ഡോക്ടര്‍മാര്‍ വേണ്ടാതാകും.

ഒറ്റയടിക്ക്‌ ശ്രീമതിയും പാലോളിയും തുടങ്ങി എത്രയെത്ര മന്ത്രിമാരുടെ തലവേദനകള്‍- കൊതുകടികളാല്‍ മാറിക്കിട്ടും

Monday, November 26, 2007

ഉപദേശം കുത്തകാവകാശം ...

യാതൊരു പണം മുടക്കില്ലാതെ ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കൊടുക്കാവുന്ന ഒരു സംഗതിയാണ്‌ ഉപദേശം. ലോകചരിത്രമെന്നു പറയുന്നത്‌ പാഴായിപ്പോയ ഉപദേശങ്ങളുടെ ചരിത്രം കൂടിയാണ്‌. വിവരമുള്ളവര്‍ അതില്ലാത്തവര്‍ക്ക്‌ നല്‍കുന്ന ഒന്നത്രെ ഉപദേശം. (ഒരു ഫലവുമില്ലാത്ത ഉപദേശം കൊടുക്കുന്നയാള്‍ സ്വന്തം അച്ഛനായാലും പള്ളീലച്ചനായാലും, ആള്‍ക്ക്‌ വിവരമുണ്ടെന്ന്‌ അത്ര തറപ്പിച്ച്‌ പറയാന്‍ പറ്റില്ല).

ഇന്നലെ കേരള നിയമസഭാ സ്പീക്കര്‍ കെ. രാധാകൃഷ്ണനും വ്യവസായമന്ത്രി എളമരം കരീമും മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ കുറച്ച്‌ ഉപദേശങ്ങള്‍ നല്‍കിയത്‌ ഇന്നത്തെ പത്രങ്ങളിലുണ്ട്‌. മാധ്യമങ്ങള്‍ വികസനത്തിന്‌ പാരവയ്ക്കരുതെന്നാണ്‌ മന്ത്രി കരീമിന്റെ പ്രധാന ഉപദേശം. സമൂഹത്തിന്‌ ഗുണമില്ലാത്ത കാര്യങ്ങളില്‍ വിവാദമുണ്ടാക്കരുതെന്നാണ്‌ സ്പീക്കറുടെ ഉപദേശം.

പിണറായിയുടെ ഭീഷണികള്‍കൊണ്ടോ വിഎസ്‌ അച്യുതാനന്ദന്റെ സോപ്പിടല്‍കൊണ്ടോ നന്നാകാത്ത മാധ്യമവര്‍ഗത്തെ ഉപദേശിച്ച്‌ നന്നാക്കികളയാനാണ്‌ രണ്ടു സഖാക്കളും ഒത്തുപിടിച്ച്‌ ഉപദേശിച്ചിരിക്കുന്നത്‌. ഉപദേശം കൊണ്ട്‌ പത്രക്കാര്‍ നന്നായാല്‍ അവര്‍ക്കും കേരളത്തിനും നന്ന്‌.

മര്യാദയ്ക്കാണെങ്കില്‍ സര്‍ക്കാര്‍ എല്ലാവര്‍ക്കും അവാര്‍ഡ്‌ തരും!

വിവരവും ദീര്‍ഘവീക്ഷണവുമില്ലാത്ത ചേട്ടന്മാര്‍ പത്തമ്പതുകൊല്ലം ഭരിച്ചു രസിച്ചതല്ലേ; മാധ്യമപ്രവര്‍ത്തകരുടെ വിവാദ വ്യവസായമാണ്‌ കേരളവികസനം അട്ടിമറിച്ചത്‌!

ഇനിയതുപാടില്ല. സുധാകരന്‍ ആരെ എന്ത്‌ അനാവശ്യം പറഞ്ഞാലും പത്രക്കാര്‍ക്ക്‌ അതുകൊടുക്കരുത്‌. ഒരു പെണ്‍പിറന്നോര്‍, ഒരു പോലീസ്‌ പെണ്‍പിറന്നോരെ ചെകിട്ടത്തടിച്ചാല്‍ അതും കൊടുക്കരുത്‌. വെളിയം സ്റ്റേഷനില്‍ചെന്ന്‌ വിളയാടിയാല്‍ അതൊട്ടും കൊടുക്കരുത്‌. പാര്‍ട്ടിയിലുണ്ടാകുന്ന പടലപ്പിണക്കങ്ങള്‍ കണ്ടെന്നുപോലും നടിക്കരുത്‌.

പാക്കിസ്ഥാനില്‍ ഷെരീഫ്‌ പിന്നെയും പോരിനെത്തിയത്‌ കണ്ടില്ലേ? ആസ്ട്രേലിയയില്‍ എന്താണ്‌ നടക്കുന്നത്‌. കെവിന്‍റൂഡ്‌ എന്ന പുതു പ്രധാനമന്ത്രി പുരപ്പുറം അടിക്കുന്നു! ധാക്കയിലാണെങ്കില്‍ അഗ്നിബാധ; മലേഷ്യയില്‍ റാലിക്കുനേരെ വെടിനടപടി; ചൈനയില്‍ ഡാം പൊട്ടി ആറു മരണം.....
എന്തെല്ലാം വാര്‍ത്തകള്‍ കൊടുക്കാം. പത്രങ്ങളില്‍ വെറുതെ വായില്‍ തോന്നിയതെഴുതി വികസനം മുടക്കാമോ?

സ്വന്തമായി അഭിപ്രായമുള്ളവര്‍ അത്‌ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും അതില്‍ ആരും പരിഭവിച്ചിട്ട്‌ കാര്യമില്ലെന്നും പ്രമുഖ വാമൊഴി വഴക്ക കലാകാരന്‍ സുധാകരന്‍ ജി കണ്ണൂരില്‍ പ്രസ്താവിച്ചിരിക്കുന്നു. അഭിപ്രായങ്ങള്‍ പറയുവാനുള്ള കുത്തകാവകാശം ആ സഖാവിനും വിട്ടുകൊടുക്കുക!

തസ്ലീമ: ബുദ്ധദേവിന്റെയും രാജ്‌നാഥിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും മുഖംമൂടി അഴിച്ചു

'അതിഥി ദേവോഭവ' എന്നതാണ്‌ ഭാരതീയന്റെ സങ്കല്‍പ്പം. വിരുന്നെത്തുന്നവരെ ദേവന്മാരായി സ്വീകരിച്ച്‌ ആദരിക്കുന്നതായിരുന്നു ഈ സംസ്കൃതി. ഇത്‌ കടുത്ത തിരിച്ചടിക്ക്‌ കാരണമായിട്ടുമുണ്ട്‌. ബാബര്‍ മുതല്‍ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിവരെയുള്ള അധിനിവേശ ശക്തികള്‍ക്ക്‌ ഇവിടെ വേരോട്ടം ലഭിച്ചത്‌ ഈ മനഃസ്ഥിതികൊണ്ടായിരുന്നു. മനഃസ്ഥിതിയായിരുന്നില്ല പ്രശ്നം. അത്‌ മുതലെടുക്കാന്‍ കടന്നുവന്നവരും മുതലെടുപ്പിന്‌ ഇവിടെയുള്ളവരും സാഹചര്യമൊരുക്കിയതുമായിരുന്നു കാരണം.

എന്നാല്‍ തസ്ലീമ നസ്‌റിന്‍ എന്ന എഴുത്തുകാരി ഇന്നനുഭവിക്കുന്ന ഒറ്റപ്പെടലും നിരന്തരമായുള്ള അവരുടെ പലായനയും ദേവിയെന്ന മട്ടില്‍ വിളിച്ചാദരിക്കുകയും പിന്നെ അടിച്ചിറക്കുകയും ചെയ്ത ഒരു ഭരണവൈകൃതത്തിന്റെ ദുഷ്ടതകളാണ്‌.

'ലജ്ജ'യെന്ന ഒരു കൃതിയിലൂടെ, ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ടതിനുശേഷം ബംഗ്ലാദേശില്‍ നടന്ന വംശീയ ഏറ്റുമുട്ടലില്‍ അവിടുത്തെ ഹിന്ദുക്കള്‍ അനുഭവിക്കേണ്ടിവന്ന തീവ്രവേദനയുടെയും ആക്രമണത്തിന്റെയും പച്ചയായ വിവരണം നല്‍കിയതാണ്‌ തസ്ലീമ എന്ന എഴുത്തുകാരിയെ ബംഗ്ലാദേശിനും മറ്റ്‌ രാഷ്ട്രങ്ങളിലെ മുസ്ലീങ്ങള്‍ക്കും അനഭിമതയാക്കിയത്‌. തസ്ലീമയുടെ ജീവനുവേണ്ടി മുസ്ലീം തീവ്രവാദികള്‍ മുറവിളികൂട്ടി പിന്നാലെ പാഞ്ഞപ്പോള്‍ നാടുവിട്ട്‌ പല രാജ്യങ്ങളില്‍ അഭയം തേടാന്‍ അവര്‍ വിധിക്കപ്പെട്ടു. ഒടുവില്‍ അവരുടെ ഇഷ്ടനഗരമായ കൊല്‍ക്കൊത്തയിലേക്ക്‌ ക്ഷണിച്ച്‌ അവരെ ആദരിച്ചതും സംരക്ഷിച്ചതും പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരായിരുന്നു. അത്രയും നന്ന്‌.

എന്നാല്‍ ഇന്ന്‌ ബുദ്ധദേവിന്റെ ആ സംസ്ഥാനം അനുവര്‍ത്തിക്കുന്ന വികലമായ വ്യവസായ സാമ്പത്തിക നയങ്ങളുടെ അനിവാര്യതയായി നന്ദിഗ്രാം സൃഷ്ടിക്കപ്പെട്ടപ്പോള്‍ സര്‍ക്കാരിനും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കുമുണ്ടായ നാണക്കേടില്‍നിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാന്‍ ചില തല്‍പ്പരകക്ഷികളെ ഉപയോഗിച്ചുനടത്തിയ അതിഗര്‍ഹണീയമായ ഒരു നീക്കത്തിനൊടുവിലാണ്‌ തസ്ലീമയ്ക്ക്‌ കൊല്‍ക്കത്ത വിടേണ്ടിവന്നത്‌. തസ്ലീമ ബംഗാളില്‍ തുടരുന്നിടത്തോളം കാലം അവിടെ വംശീയ വിദ്വേഷം രൂക്ഷമാകുമെന്നുപോലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പ്രഖ്യാപിക്കുന്ന അവസ്ഥയോളം സാഹചര്യങ്ങള്‍ വഷളാക്കപ്പെട്ടു.

ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായും സ്ത്രീകളുള്‍പ്പെടെയുള്ള ദുര്‍ബലരുടെ നാക്കും വാക്കുമായും അഹങ്കരിക്കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയാണ്‌ തസ്ലീമ നസ്‌റിനെ ഏതോ ചില ഓലപ്പാമ്പുകളുടെ ഉമ്മാക്കി കണ്ട്‌ ഭയന്ന്‌ ബംഗാളില്‍നിന്ന്‌ പായിച്ചത്‌. ഈ വിവരം പുറത്തറിയുകയും മാധ്യമങ്ങളും ബുദ്ധിജീവികളുമടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തപ്പോള്‍ സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയോ മുഖ്യമന്ത്രിയോ അറിയാതെ ഏതോ കേന്ദ്ര ഗവണ്‍മെന്റ്‌ ഏജന്‍സിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തസ്ലീമതന്നെ കൊല്‍ക്കൊത്ത വിട്ട്‌ ഓടുകയായിരുന്നു എന്ന മുടന്തന്‍ ന്യായമാണ്‌ പിന്നീട്‌ മാര്‍ക്സിസ്റ്റ്‌ നേതൃത്വം, മുഖം രക്ഷിക്കാനെന്നോണം പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്‌. എന്തായാലും തന്റെ ആദ്യ പ്രസ്താവനയില്‍ ഖേദം തോന്നി അത്‌ പിന്‍വലിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കാണിച്ച ഔചിത്യത്തെ മാനിക്കണം. പക്ഷേ അതുകൊണ്ടുമാത്രം തസ്ലീമയോട്‌ ബംഗാളിലെ സര്‍ക്കാരും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും കാണിച്ച അപരാധം ക്ഷന്തവ്യമാകുന്നില്ല.

കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ തക്കംപാര്‍ത്തിരുന്ന ബിജെപി തസ്ലീമ വിഷയം ഉയര്‍ത്തിക്കാട്ടി ബംഗാള്‍ സര്‍ക്കാരിനെ അധിക്ഷേപിക്കുകയും ന്യൂനപക്ഷ പ്രേമം പ്രകടിപ്പിക്കുകയും ചെയ്തതാണ്‌ ഈ സംഭവത്തിലെ ഏറ്റവും നികൃഷ്ടമായ രാഷ്ട്രീയം. മുസ്ലീങ്ങളോട്‌ ഇപ്പോള്‍ ബിജെപി നേതാക്കള്‍ക്കുള്ള താല്‍പ്പര്യവും ആദരവും ആരേയും അതിശയിപ്പിക്കുന്നതാണ്‌. മുസ്ലീം ഉന്മൂലനത്തിന്‌ എല്ലാ സര്‍ക്കാര്‍ മിഷണറിയും ഗുജറാത്തില്‍ ഉപയോഗിച്ച പാര്‍ട്ടിയാണ്‌ ഇപ്പോള്‍ തസ്ലീമ പ്രശ്നത്തില്‍ ന്യൂനപക്ഷ സംരക്ഷകരായി അവതരിച്ചിട്ടുള്ളതും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ ഈ പ്രശ്നത്തിന്റെ പേരില്‍ അപലപിക്കുന്നതും. അവസരവാദ രാഷ്ട്രീയം എത്രമാത്രം കലുഷിതവും നിക്ഷിപ്ത താല്‍പ്പര്യ സംരക്ഷണ മാര്‍ഗമാണെന്നും ഇതിലൂടെ ഒരു ലജ്ജയുമില്ലാതെ തെളിയിക്കുകയായിരുന്നു ബിജെപി.

ഗ്രഹണസമയത്ത്‌ ഞാഞ്ഞൂലും ഫണം വിടര്‍ത്തുമെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്ലീം ലീഗ്‌ നേതാക്കളും രംഗത്തെത്തി. തസ്ലീമയെ ഇങ്ങനെ അലയാന്‍ അനുവദിക്കരുതെന്നും അവരെ എത്രയും വേഗം ഇന്ത്യയില്‍നിന്ന്‌ നാടുകടത്തണമെന്നുമാണ്‌ കുഞ്ഞാലിക്കുട്ടിയും ജനാബ്‌ ഇ. അഹമ്മദും അടക്കമുള്ള മുസ്ലീം മാന്യന്മാരുടെ ഖണ്ഡിതമായ അഭിപ്രായം. ഇവര്‍ക്കൊക്കെ അധിക്ഷേപിക്കാന്‍ മാത്രം തസ്ലീമ നസ്‌റിന്‍ എന്തുതെറ്റാണ്‌ ചെയ്തതെന്ന്‌ മനസിലാകുന്നില്ല. ജനാബ്‌ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മാന്യന്മാര്‍ ഈ സമൂഹത്തോടും രാഷ്ട്രത്തോടും കാണിച്ചിട്ടുള്ള അനാശാസ്യത്തിന്റേയും അനാദരവിന്റേയും ലക്ഷത്തിലൊരംശം തസ്ലീമയുടെ പ്രവൃത്തിയില്‍ മഷിയിട്ടുനോക്കിയാല്‍പോലും കാണുകയില്ല.

അതായത്‌ ഒരു സ്ത്രീയുടെ നിസ്സഹായത മുതലെടുത്ത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ബിജെപിയും മുസ്ലീം ലീഗും രാഷ്ട്രീയം കളിക്കുമ്പോള്‍ നഷ്ടമാകുന്നത്‌ ഇന്ത്യ ഇതുവരെ തുടര്‍ന്നു പോന്ന മാന്യമായ ചില പാരമ്പര്യങ്ങളാണ്‌. അതിജീവന രാഷ്ട്രീയക്കാര്‍ക്ക്‌ ഇതു മനസിലാകില്ലെങ്കിലും മനുഷ്യന്റെ കേവലാവസ്ഥയും മാന്യതയും തിരിച്ചറിയാന്‍ കെല്‍പ്പുള്ള ലക്ഷക്കണക്കിന്‌ ഇന്ത്യാക്കാര്‍ക്ക്‌ ഇവരുടെയെല്ലാം മുഖംമൂടി അഴിഞ്ഞുവീഴുന്നത്‌ മനസിലാകുന്നുണ്ട്‌. എല്ലാവരേയും എല്ലാക്കാലത്തേക്കും വിഡ്ഢികളാക്കാന്‍ കഴിയുകയില്ല എന്ന്‌ ബുദ്ധദേവ ഭട്ടാചാര്യയും രാജ്‌നാഥ്സിംഗും ജനാബ്‌ കുഞ്ഞാലിക്കുട്ടിയുമൊക്കെ മനസിലാക്കിയാല്‍ നന്ന്‌.

Saturday, November 24, 2007

അമ്മയെനിക്ക്‌ കാച്ചിയ പാഷാണം തരും

പത്തമ്പതുകൊല്ലം മുന്‍പ്‌ സര്‍ക്കാര്‍ ഉസ്കൂളുകളില്‍ കുട്ടികള്‍ ഒരു പാഠം പഠിച്ചിരുന്നു.

'അമ്മ എനിക്ക്‌ കാച്ചിയ പാല്‍ തരും, അതു കുടിക്കാഞ്ഞാല്‍ അമ്മ കരയും' എന്നായിരുന്നു പാഠം. അന്നത്തെ കാലത്ത്‌ കാലിവയറുമായി ഉസ്കൂളില്‍ പോയിരുന്ന ദരിദ്ര കുട്ടിനാരായണന്മാര്‍ പാല്‍ എന്ന സാധനം കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. പാലുപോയിട്ട്‌ കഞ്ഞിവെള്ളം പോലും തരാത്ത അവരുടെ അമ്മമാരെ ക്ടാങ്ങള്‍ പ്രാകി! അതൊരു കാലം. ഉസ്കൂള്‍ വിട്ടുവരുന്ന ക്ടാങ്ങള്‍ക്ക്‌ എന്തു തിന്നാന്‍ കൊടുക്കും എന്നോര്‍ത്തായിരുന്നു അന്നത്തെ അമ്മമാര്‍ കണ്ണുകലങ്ങിയിരുന്നത്‌. മക്കളൊന്നും തിന്നുന്നില്ലെന്നു പറഞ്ഞാണ്‌ ഇന്നത്തെ അമ്മമാരുടെ കരച്ചില്‍ - കഷ്ടം!

അക്കാലത്ത്‌ പാല്‍ ചുരത്തിയിരുന്നത്‌ പശുക്കള്‍ എന്നറിയപ്പെടുന്ന ഗോമാതാക്കളായിരുന്നു. പില്‍ക്കാലത്ത്‌ മില്‍മ എന്നറിയപ്പെടുന്ന വെള്ളാന പാല്‍ ചുരത്താന്‍ തുടങ്ങി അതും കഴിഞ്ഞ്‌ പിഡിഡിപി അച്ചന്മാര്‍ പാല്‍ ചുരത്താന്‍ തുടങ്ങി. അതും കഴിഞ്ഞ്‌ അബ്കാരികളായ അബ്കാരികളൊക്കെ പാല്‍ ചുരത്താന്‍ തുടങ്ങി.

സ്പിരിറ്റു കൊണ്ടുവരുന്ന ടാങ്കര്‍ ലോറികളിലൊക്കെയും മില്‍ക്‌ എന്നെഴുതാന്‍ തുടങ്ങി. പണ്ടുകാലം മുതല്‍ സര്‍ക്കാരിന്‌ ചെലവിനു കൊടുക്കുന്നത്‌ അബ്കാരികളാകയാല്‍ അവരുടെ പാലുകച്ചവടവും കള്ളു കച്ചവടവും മുറപോലെ നടന്നു. അങ്ങനെ പാല്‍ എന്നാല്‍ കള്ള്‌ എന്നായി മാറി! വെള്ളമടിച്ച്‌ പുക്കുറ്റിയായി നാലുകാലില്‍ വീട്ടിലെത്തുന്ന കണവന്മാരോട്‌ ഭാര്യമാര്‍ 'പാലുകുടിച്ചാല്‍ വയറ്റില്‍ കിടക്കണം, എന്റടുത്ത്‌ വേണ്ട' എന്ന്‌ ഗുണദോഷിക്കാന്‍ തുടങ്ങി.

ഇപ്പോള്‍ കേരളത്തില്‍ ആവശ്യത്തിന്‌ പാലില്ലെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. ചേച്ചിമാര്‍ അത്‌ സമ്മതിച്ചു കൊടുക്കാന്‍ സാദ്ധ്യതയില്ല. ആവശ്യത്തിന്‌ കള്ളില്ലാഞ്ഞിട്ടും നാടുമുഴുവന്‍ കള്ളു കിട്ടുന്നുണ്ടല്ലോ എന്ന ചോദ്യം പാലുപോലെ പിരിഞ്ഞു കിടക്കുന്നു. 'മേശക്കള്ള്‌' എന്നറിയപ്പെടുന്ന ഒരു ദിവ്യൗഷധമാണ്‌ സര്‍ക്കാര്‍ ഇന്ന്‌ കേരളത്തിലെ കുടിയന്മാര്‍ക്ക്‌ ആത്മഹര്‍ഷമേകാനായി അനുവദിച്ചിരിക്കുന്നത്‌.

'പാല്‍' എന്നെഴുതിവച്ച ടാങ്കറില്‍ കൊണ്ടുവരുന്ന സ്പിരിട്ടാണ്‌ കള്ളുഷാപ്പുകളിലൂടെ വിതരണം ചെയ്യുന്ന മേശക്കള്ളിന്‌ സ്പിരിട്ടേകുന്നത്‌. മേശക്കള്ളിന്‌ മേശയുമായോ തെങ്ങുമായോ ചെത്തുകാരുമായോ കള്ളുമായോ പുലബന്ധംപോലുമില്ല. കോണ്‍ഗ്രസും ഗാന്ധിസവും തമ്മിലും കമ്യൂണിസവും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും പോലുള്ളൊരു ബന്ധം മാത്രം!

പറഞ്ഞുവരുന്നത്‌, മേശപ്പാല്‍ എന്നൊരു സംഗതിയുടെ സാധ്യതയാണ്‌. സൂചികുത്താന്‍ പോലും സ്ഥലമില്ലാത്ത കേരളത്തില്‍ ഗോമാതാക്കളെ വളര്‍ത്തി പാലുണ്ടാക്കാന്‍ എവടെ സ്ഥലം, എവടെ നേരം! നല്ല സുന്ദരി ഗോമാതാക്കളുടെ പടമടിച്ച അടിപൊളി പ്ലാസ്റ്റിക്‌ കൂടുകളില്‍ എന്തു പാഷാണം കലക്കിത്തന്നാലും നമ്മള്‍ കുടിക്കാന്‍ തയ്യാറാണെന്ന്‌ ഈ ചേട്ടന്മാര്‍ക്കൊന്നും അറിയില്ലേ???

പാഠം ഒന്ന്‌: 'അമ്മയെനിക്ക്‌ കാച്ചിയ പാഷാണം തരും.'

അക്കരപ്പച്ച തേടിപ്പോകുമ്പോള്‍...

ഇന്നും കേരളത്തിലെ യുവതിയുവാക്കളുടെയും അവരുടെ രക്ഷകര്‍ത്താക്കളുടെയും ആഗ്രഹം ഗള്‍ഫില്‍ ഒരു ജോലിയാണ്‌. അവിടെനിന്ന്‌ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന്‌ പ്രതീക്ഷിക്കുന്ന സാമ്പത്തിക വരുമാനമാണ്‌ ഇത്തരത്തില്‍ അവരെ ചിന്തിപ്പിക്കുന്നത്‌. തൊഴില്‍ ആരാധനയാണെന്നും തൊഴിലെടുക്കുന്ന ഏതു വ്യക്തിയും ആരാധ്യനാണെന്നും പഠിപ്പിക്കുന്ന, ഒരു സാക്ഷര സമൂഹത്തിന്റെ സാമ്പത്തിക താല്‍പ്പര്യമാണ്‌ ഈ ചിന്തയ്ക്ക്‌ പിന്നിലുള്ളത്‌.

അതുകൊണ്ട്‌ എങ്ങനെയെങ്കിലും ഗള്‍ഫില്‍ ചെന്നെത്താനുള്ള തത്രപ്പാടിലാണ്‌ ഇവരില്‍ പലരും. ദശാബ്ദങ്ങള്‍ക്കുമുന്‍പ്‌ കള്ള ലോഞ്ച്‌ കയറി പേര്‍ഷ്യന്‍ തീരത്തണഞ്ഞ്‌, അവിടത്തെ നിയമപാലകരുടെ കണ്ണുവെട്ടിച്ച്‌ ഒരു തൊഴില്‍ സമ്പാദിച്ച്‌ എല്ലുമുറിയെ പണിയെടുത്ത്‌ നാട്ടിലേക്ക്‌ കാശയച്ചവരാണ്‌ ഗള്‍ഫ്‌ ഒരു സ്വര്‍ഗമാണെന്ന ചിന്താഗതി വിദ്യാസമ്പന്നരായ യുവതിയുവാക്കളിലും വീട്ടമ്മമാരിലും സൃഷ്ടിച്ചെടുത്തത്‌. മാറുന്ന കാലത്തിന്റെ സാങ്കേതികവും വൈജ്ഞാനികവുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇവരില്‍ പലര്‍ക്കും തൊഴില്‍പരിചയമില്ല. ആകെയുള്ളത്‌ ഒരു ശരീരവും കേരളം വിട്ടാല്‍ ഏതു പണിയുമെടുക്കാനുള്ള മനഃസ്ഥിതിയുമാണ്‌.

ഈ ദൗര്‍ബല്യം മുതലെടുക്കാന്‍ മലയാളികള്‍തന്നെയാണ്‌ മുന്നിലുള്ളത്‌. റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ എന്ന പേരില്‍ ഇവര്‍ വിരിക്കുന്ന വലയില്‍ കുടുങ്ങി സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട ഒരു മലയാളിയുടെ എങ്കിലും വാര്‍ത്തയില്ലാതെ ഒരു ദിവസംപോലും പത്രങ്ങള്‍ പുറത്തിറങ്ങാറില്ല. തട്ടിപ്പിന്റെ ഈ കഥ വായിച്ച്‌ മൂക്കത്ത്‌ വിരല്‍ വയ്ക്കുന്നവരാണ്‌ അടുത്ത നിമിഷം ഇത്തരം ഒരു ഏജന്റിന്‌ കെട്ടുതാലിയും ആധാരവും പണയപ്പെടുത്തി ആവശ്യപ്പെടുന്ന പണം നല്‍കി വീസ സ്വന്തമാക്കുന്നത്‌.

വന്‍പ്രതീക്ഷയോടെ വിമാനം കയറി ഗള്‍ഫിലെത്തുമ്പോഴാണ്‌ തങ്ങള്‍ അകപ്പെട്ട വന്‍ ചതിക്കുഴിയുടെ ആഴം അവര്‍ അറിയുന്നത്‌. ഇതെല്ലാം വാര്‍ത്തയായി വന്നാലും വഞ്ചകരായ വ്യാജ റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ക്കുമുന്‍പില്‍ ക്യൂ നില്‍ക്കുവാനാണ്‌ നമ്മില്‍ പലര്‍ക്കും താല്‍പ്പര്യം.

ഇപ്പോള്‍ യുവാക്കള്‍ക്ക്‌ ഗള്‍ഫിലുള്ള തൊഴില്‍സാധ്യത മങ്ങിയതുകൊണ്ട്‌ യുവതികളെ വീട്ടുവേലയ്ക്കെന്നും ബ്യൂട്ടിപാര്‍ലര്‍ സഹായികളെന്നും ഒക്കെപറഞ്ഞ്‌ റിക്രൂട്ട്‌ ചെയ്യുന്ന തന്ത്രമാണ്‌ പരക്കെയുള്ളത്‌. ഈ തന്ത്രശാലികളുടെ വലയിലേക്ക്‌ സ്വന്തം ഭാര്യയെ എറിഞ്ഞുകൊടുക്കാന്‍ മടിയില്ലാത്ത ഭര്‍ത്താക്കന്മാരും നിരവിധി കേരളത്തിലുണ്ട്‌. ഭാര്യയെകൊണ്ട്‌ എല്ലാ പണിയും എടുപ്പിച്ച്‌ സുഖിക്കുന്ന പുരുഷന്റെ വികൃതചിന്തയുടെ ബഹിര്‍സ്ഫുരണമാണ്‌ ഇവിടെയും വ്യക്തമാകുന്നത്‌.

ഇങ്ങനെ ഗള്‍ഫിലേക്ക്‌ കയറ്റിയയക്കുന്ന വീട്ടമ്മമാര്‍ ചെന്നെത്തുന്നത്‌ മാംസവ്യാപാര ചന്തയിലാണെന്ന വാര്‍ത്തയും ഇവിടത്തെ പത്രങ്ങളില്‍ നിത്യേനയെന്നോണം വരാറുണ്ട്‌. എന്നിട്ടും സത്യം മനസിലാക്കാനോ വന്‍ ചതിയില്‍നിന്നും രക്ഷപ്പെടാനോ കേരളത്തിലെ ഭര്‍ത്താക്കന്മാര്‍ക്ക്‌ മനസില്ല. അവര്‍ അപ്പോഴും ഭാര്യയെ വീട്ടുജോലിക്കെങ്കില്‍ വീട്ടുജോലിക്ക്‌ എന്ന മട്ടില്‍ ഗള്‍ഫിലേക്ക്‌ കയറ്റിഅയക്കാന്‍ തയ്യാറുള്ളവരാണ്‌.

വീട്ടുജോലിക്കായി യുഎഇയില്‍ എത്തുന്ന ഭൂരിഭാഗം ഇന്ത്യക്കാരും വേണ്ടത്ര പരിചയമില്ലാത്തവരും അനധികൃതമായി എത്തുന്നവരുമാണെന്ന്‌ യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി തല്‍മീസ്‌ അഹ്മ്മദ്‌ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്‌ ശ്രദ്ധിക്കാന്‍ പക്ഷെ ആരും തയ്യാറല്ല. സ്ത്രീകളടക്കമുള്ള വീട്ടുജോലിക്കാരെ നിയമവിരുദ്ധമായി കയറ്റിവിടുന്ന റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ക്കെതിരെ കനത്ത നടപടിയുണ്ടാകുമെന്ന്‌ കേന്ദ്ര പ്രവാസികാര്യ മന്ത്രി മുന്നറിയിച്ച്‌ നല്‍കിയിട്ടും അനധികൃതമായി ഇന്ത്യയില്‍ നിന്നും വീട്ടുജോലിക്ക്‌ എത്തുന്നുണ്ടെന്നാണ്‌ അദ്ദേഹം വെളിപ്പെടുത്തിയത്‌. ഇവരുടെ വ്യക്തമായ കണക്ക്‌ എംബസിക്കില്ല. നിയമവിരുദ്ധമായി ഇങ്ങനെ എത്തുന്ന തൊഴിലാളികളുടെ അവസ്ഥ അതീവ ദയനീയവുമാണ്‌, അദ്ദേഹം പറഞ്ഞു.

ഈ സത്യങ്ങളെല്ലാം വായിച്ചറിഞ്ഞിട്ടും അക്കരപ്പച്ച തേടിപ്പോകുന്ന മലയാളികളുടെ ധനസമാഹരണ ബോധമാണ്‌ യഥാര്‍ത്ഥത്തില്‍ അനധികൃത റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ക്കും അനാശാസ്യസംഘങ്ങള്‍ക്കും തഴച്ചുവളരാന്‍ പരിസരം ഒരുക്കുന്നത്‌.

അധ്വാനിക്കാന്‍ മലയാളി എന്നും തയ്യാറാണ്‌. ഏതു ജോലി ചെയ്യാനും സന്നദ്ധനുമാണ്‌. ഏതു മേഖലയില്‍ ഏര്‍പ്പെട്ടാലും മറ്റു രാജ്യങ്ങളില്‍നിന്നള്ളവരേക്കാള്‍ മികവോടെ പ്രവര്‍ത്തിചെയ്യാനും മലയാളിക്ക്‌ കഴിവുണ്ട്‌. ആ കഴിവ്‌ പക്ഷെ പ്രകടമാകണമെങ്കില്‍ കേരളം വിടണം. ഇവിടെ മലയാളികള്‍ തൊഴില്‍രഹിതരായി കഴിയുമ്പോഴാണ്‌ അന്യസംസ്ഥാനത്തുനിന്നുള്ള തൊഴിലാളികള്‍ അധ്വാനിച്ച്‌ ഇവിടെ നിന്ന്‌ സമ്പാദ്യം സ്വരൂപിക്കുന്നത്‌ ഇവരെ സംസ്ഥാനത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും പേരില്‍ അധിക്ഷേപിച്ച്‌ അകറ്റിനിര്‍ത്തി രസിക്കാനാണ്‌ തൊഴില്‍രഹിതനായ മലയാളിക്ക്‌ താല്‍പ്പര്യം. അപ്പോഴും തനിക്കോ തന്റെ സഹോദരിക്കോ അമ്മയ്ക്കോ ഭാര്യക്കോ ഗള്‍ഫിലേക്കുള്ള ഒരു വീസ സംഘടിപ്പിക്കാനുള്ള ആഗ്രഹമാണ്‌ മലയാളിയുടെ മനസിലുള്ളത്‌.

ആവശ്യക്കാരന്‌ ഔചത്യമില്ല എന്ന സാര്‍വദേശീയ ചൊല്ല്‌ ഏറ്റവും എളുപ്പത്തില്‍, കുറുക്കുവഴിയിലൂടെ നടത്തിയെടുക്കുന്നതും മലയാളിയാണ്‌. ഈ വ്യഗ്രതയാണ്‌ എല്ലായ്പ്പോഴും മലയാളിയെ തൊഴില്‍തട്ടിപ്പിന്‌, വീസ തട്ടിപ്പിന്‌ ഇരയാക്കുന്നത്‌; ഈ ധനാര്‍ത്തിയാണ്‌ അവരെ സഹോദരിയെ, ഭാര്യയെ, അമ്മയെ ഗള്‍ഫിലെ മാംസച്ചന്തയില്‍ കൊണ്ടെത്തിക്കുന്നത്‌.

അക്കരപ്പച്ച തേടിപ്പോകുമ്പോഴുള്ള വിനകളാണിത്‌.

ഇല്ല, മലയാളി ഒരിക്കലും ഇത്‌ തിരിച്ചറിയില്ല.
കണ്ടാലറിയില്ല, കൊണ്ടാലുമറിയില്ല.
വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കും.

Friday, November 23, 2007

ഹോട്‌ റിലീസ്‌: നസ്രാണി - നായര്‍ ഐക്യം

മലയാളക്കരയില്‍ ക്ലച്ചു പിടിച്ച ഐക്യങ്ങളില്‍ മുന്തിയ ഇനം നസീര്‍ - ഷീല ഐക്യമായിരുന്നു. അക്കാലത്ത്‌ ഏതു സിനിമയുടെ പരസ്യത്തിലും നസീര്‍ - ഷീല (മൂന്നു കളി) എന്നുകൂടിയുണ്ടായിരുന്നു.

രാഷ്ട്രീയത്തില്‍ ഇടതും വലതുമായി നാളിതുവരെ പലപല ഐക്യങ്ങള്‍ വന്നു. ഒന്നും സ്ഥിരമായി നിന്നില്ല. അടിച്ചു പിരിഞ്ഞു. സാമുദായിക രംഗത്ത്‌ രണ്ടുവട്ടം നായര്‍ - ഈഴവ ഐക്യം വന്നു. രണ്ടുവട്ടവും ചീറ്റി. വെള്ളാപ്പള്ളിയുടെ കുറെ കാശുപോയതും വായിലെ വെള്ളം വറ്റിയതും മിച്ചം!

വെള്ളാപ്പള്ളി - പണിക്കര്‍ ഐക്യം മോരും മുതിരയും പോലെ പുളിച്ചു വളിച്ചു വഷളായത്‌ അടുത്തിടെ!

നസീര്‍ - ഷീല ഐക്യം പോലൊരു ഐക്യം നസ്രാണി - നായര്‍ ഐക്യം മാത്രമാണ്‌. വിമോചനസമരക്കാലത്താണ്‌ ഈ ഐക്യം ഭൂജാതമയത്‌.

നസ്രാണികളുടെ ഏകദൈവ വിശ്വാസവും നായന്മാരുടെ ബഹുദൈവ വിശ്വാസവും യോജിച്ചു പോകുന്ന സുന്ദര സുരഭില കാഴ്ചകള്‍ മലയാളികള്‍ മനം നിറയെ കണ്ടു. അരമനകളില്‍ നായന്മാര്‍ നടന്നുണ്ടും, കത്തനാര്‍മാര്‍ പോയിക്കഴിഞ്ഞ്‌ മനകളില്‍ ചാണകവെള്ളം തളിച്ചും, ഈഎംഎസിനെ അട്ടിമറിക്കുംവരെ അത്‌ നീണ്ടു!

വീണ്ടും നസ്രാണി നായര്‍ ഐക്യം റിലീസാവുന്നു. കേരള വിദ്യാഭ്യാസ ചട്ടം പരിഷ്കരിക്കുന്നുവെന്ന അഭ്യൂഹങ്ങളാണ്‌ കത്തനാര്‍മാരെയും പണിക്കരെയും വീണ്ടും ഐക്യപ്പെടുത്തിയത്‌.

പണ്ട്‌ പണിക്കര്‍ പറഞ്ഞാല്‍ നായന്മാരെയും മെത്രാന്മാര്‍ പറഞ്ഞാല്‍ നസ്രാണികളെയും എന്തു വേഷവും കെട്ടിക്കാമായിരുന്നു. കൊച്ചുവെളുപ്പാങ്കാലത്ത്‌ എണീറ്റ്‌ പച്ചപ്പാതിരവരെ ഇന്റര്‍നെറ്റില്‍ ചാറ്റിക്കളിക്കുന്ന പുതുതലമുറയെ തെരുവിലിറക്കാന്‍ പണി കുറെ എടുക്കേണ്ടിവരുമെന്ന പ്രശ്നമാണിനി ബാക്കി.

സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന അദ്ധ്യാപകരെ സര്‍ക്കാര്‍ നിയമിക്കുന്നത്‌ 'ഈശ്വരവിശ്വാസത്തിലും മതസൗഹാര്‍ദ്ദത്തിലും അധിഷ്ടിതമായ സംസ്കാരം തകര്‍ക്കുമെന്നാണ്‌' ഇന്നലെ 'ബസേലിയോസ്‌ ക്ലിമിസ്‌ പണിക്കരും' 'നാരായണ പണിക്കര്‍ ബാവായും' പത്രക്കാരോട്‌ പറഞ്ഞത്‌.

പറഞ്ഞ വാചകത്തിന്റെ പൊരുള്‍ ആര്‍ക്കും പിടികിട്ടിയില്ലെങ്കിലും ഐക്യത്തിന്റെ കാരണം പിടികിട്ടും. കച്ചവടം പണ്ടത്തെപ്പോലെ നടക്കില്ല, നേരെ ചൊവ്വേ കചവടം നടന്നില്ലേല്‍ ഉപജീവനം വഴിമുട്ടും. ഇനിയൊരുവഴി ഐക്യപ്പെടുക എന്നതാണ്‌. എന്നിട്ടുവേണം മുണ്ടശേരിക്കിട്ടു കൊടുത്തപോലെ എം എ ബേബിക്കിട്ടൊരു പണി കൊടുക്കാന്‍.

ആസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക്‌ അസ്ഥാനത്തുണ്ടാകുന്ന വെളിപാടുകള്‍ നസീര്‍ -ഷീല പടം പോലെ അധിക നാള്‍ ഓടുമോ?

കാലം വല്ലാണ്ടു മാറിയില്ലേ സാറന്മാരെ?

വിമോചനസമര ദുഷ്ടശക്തികള്‍ വീണ്ടും കൈകോര്‍ക്കുന്നു

തൃശൂര്‍ രൂപതാധ്യക്ഷന്റെ രണ്ടാം വിമോചനസമര ഭീഷണിയും താമരശേരി രൂപതാധ്യക്ഷന്റെ അന്ത്യകൂദാശ വെളിപ്പെടുത്തലുകളും ഒന്നും ഏശാതെപോയതുകൊണ്ടാവണം ഇന്നലെ എന്‍.എസ്‌.എസ്‌. ആസ്ഥാനത്തെത്തി ക്രൈസ്തവസഭാ മേലധ്യക്ഷന്മാര്‍ കൂട്ടായ മറ്റൊരു വിമോചന സമര ഭീഷണി മുഴക്കിയിരിക്കുന്നത്‌.

തൃശൂര്‍ രൂപതാധ്യക്ഷനും താമരശേരി രൂപതാധ്യക്ഷനും അടക്കമുള്ള ക്രൈസ്തവ പുരോഹിതരേയും അവര്‍ക്കൊപ്പം നില്‍ക്കുന്ന ക്രിസ്ത്യന്‍ മിലിറ്റന്റ്‌ ഓര്‍ഗനൈസേഷനേയും പ്രക്ഷോഭത്തിന്റെയും ഭീഷണിയുടേയും ലൈനില്‍ വരുത്തിയത്‌ കേരള സര്‍ക്കാര്‍ സ്വീകരിച്ച സ്വാശ്രയ വിദ്യാഭ്യാസ കച്ചവട നിയന്ത്രണ നടപടികളായിരുന്നു. എന്നാല്‍ അവര്‍ ഉദ്ദേശിച്ചതലത്തില്‍ പ്രതിഷേധം ആളിപ്പടര്‍ത്താന്‍ കഴിഞ്ഞില്ല. കാരണം ക്രൈസ്തവ വിശ്വാസികള്‍ അടക്കമുള്ള സാധാരണക്കാരുടെ കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനയക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തികബാധ്യതയും ഈ ബാധ്യത ഈടുവയ്പാക്കി കൊഴുക്കുന്ന ക്രൈസ്തവ മാനേജ്മെന്റിന്റെ ദുഷ്ടതയും അവര്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട്‌ ചില മുദ്രാവാക്യങ്ങളിലും ഭീഷണികളിലും കൂട്ടായ്മകളിലും ആ പ്രതിഷേധം ഒടുങ്ങി.

വിദ്യാഭ്യാസം സംസ്ഥാന സര്‍ക്കാരിന്റെ വിഷയമാണ്‌. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണങ്ങള്‍ സംസ്ഥാനത്തെ സാധാരണക്കാര്‍ക്കും പ്രാപ്യമാകുന്നരീതിയില്‍ നിയമവും നടപടിക്രമങ്ങളും സൃഷ്ടിക്കാനുള്ള ബാധ്യത ഭരിക്കുന്നവര്‍ക്കാണ്‌. ഇവിടെ താല്‍പ്പര്യം സാധാരണക്കാരന്റെയും അവന്റെ കുഞ്ഞുങ്ങളുടെയും ഉന്നത വിദ്യാഭ്യാസലബ്ധിയാണ്‌. അതിനെതിരെ നില്‍ക്കുന്ന ശക്തികള്‍ ആരായാലും അവരുടെ താല്‍പ്പര്യങ്ങള്‍ എന്തായാലും അത്‌ ഹനിക്കാന്‍ ഭരണകൂടത്തിന്‌ ബാധ്യതയുണ്ട്‌. ഈ ബാധ്യതയുടെ നിറവേറ്റലിന്‌ അച്യുതാനന്ദന്‍ സര്‍ക്കാര്‍ തയ്യാറായപ്പോഴാണ്‌ ക്രൈസ്തവ മാനേജ്മെന്റുകളും ക്രിസ്തീയ പുരോഹിതരും ചില സംഘടനകളും പ്രതിഷേധം എന്ന പേരില്‍ ഭീഷണികളുമായി തെരുവിലിറങ്ങിയത്‌.

എന്നാല്‍ സാക്ഷരരും രാഷ്ട്രീയ പ്രബുദ്ധരുമായ കേരള ജനത തങ്ങളുടെ മതാഭിമുഖ്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ മേലധ്യക്ഷന്മാരുടെ തലതിരിഞ്ഞ നിലപാടുകളെ നിഷ്കരുണം തള്ളുകയാണുണ്ടായത്‌.

അതുകൊണ്ടാണ്‌ പുതിയ സമരമുഖം തുറക്കാന്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ ഹൈന്ദവനേതാക്കളെ പ്രത്യേകിച്ച്‌ എന്‍എസ്‌എസിനെ ഇപ്പോള്‍ കൂട്ടുപിടിക്കുന്നത്‌. ഈ രണ്ടുമതവിഭാഗങ്ങളും പ്രാഥമിക വിദ്യാഭ്യാസതലം മുതല്‍ ഉന്നത വിദ്യാഭ്യാസമേഖലവരെ തങ്ങളുടെ കൈപിടിയിലൊതുക്കി ഷൈലോക്കുമാരായി വിലസുകയാണിവിടെ. സ്വന്തം സമുദായാംഗങ്ങളുടെ വിദ്യാഭ്യാസപരമായ ഉന്നതി ലക്ഷ്യമിട്ടാണ്‌ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചതെന്നാണ്‌ ഇവര്‍ അവകാശപ്പെടുന്നത്‌. എന്നാല്‍ ഒരു സമുദായത്തിലെയും സാധാരണക്കാരന്റെ കുട്ടികള്‍ക്ക്‌ അവരുടെ സമുദായം നടത്തുന്ന സ്കൂളുകളിലും കോളേജുകളിലും പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എന്തിനധികം, കിന്‍ഡര്‍ഗാര്‍ട്ടനില്‍പോലും പ്രവേശനം ലഭിക്കണമെങ്കില്‍ പതിനായിരം മുതല്‍ ലക്ഷങ്ങള്‍വരെ കോഴ നല്‍കണം. അതുപോലെതന്നെ ഈ സ്ഥാപനങ്ങളില്‍ നിയമനം ലഭിക്കണമെങ്കില്‍ കള്ളും പണവും ശരീരംപോലും കാഴ്ചവയ്ക്കേണ്ട അവസ്ഥയാണ്‌ ഇന്നു കേരളത്തിലുള്ളത്‌.

ചൂഷണത്തിന്റെ മതപരമായ തലമാണ്‌ ഈ മേഖലയില്‍ കാണുന്നത്‌. ഇതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൃത്യമായ നിയമങ്ങളും നടപടിക്രമങ്ങളും രൂപീകരിച്ച്‌ അവ ശക്തമായി നടപ്പിലാക്കണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ കേരളത്തിലെ പൊതുസമൂഹം. ആ ആഗ്രഹത്തിനൊത്തുനീങ്ങാനുള്ള സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരായിട്ടാണ്‌ ഇപ്പോള്‍ ക്രൈസ്തവ-ഹൈന്ദവ വിദ്യാഭ്യാസ കച്ചവടക്കാര്‍ കൈകോര്‍ക്കുന്നത്‌. എയ്ഡഡ്‌ സ്കൂള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പിഎസ്സിക്ക്‌ വിടാനുള്ള സര്‍ക്കാരിന്റെ തീരുമാനമാണ്‌ ഇപ്പോള്‍ ഇവരെ ചൊടിപ്പിച്ചിട്ടുള്ളത്‌. ദൈവത്തിനുള്ളത്‌ ദൈവത്തിനും സീസറിനുള്ളത്‌ സീസറിനും എന്ന്‌ അള്‍ത്താരയില്‍ നിന്ന്‌ ഉദ്ബോധിപ്പിക്കുകയും വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നവരാണ്‌ സര്‍ക്കാര്‍വിരുദ്ധ നടപടികളുമായി ഇപ്പോള്‍ തെരുവിലിറങ്ങാന്‍ തയ്യാറാകുന്നത്‌.

1957 അല്ല 2007 എന്ന ബോധം ഈ മതമേലധ്യക്ഷന്മാര്‍ക്കും സാമുദായിക പ്രമാണിമാര്‍ക്കും ഇല്ലാതെപോകുന്നതുകൊണ്ടാണ്‌ ഇത്തരം ഭീഷണികള്‍ ആവര്‍ത്തിച്ച്‌ മുഴക്കുന്നത്‌. സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാരിന്‌ അധികാരമില്ല എന്ന ഇവരുടെ വാദം ബാലിശവും ധനാര്‍ത്തിപരവുമാണെന്ന്‌ തിരിച്ചറിയാന്‍ വിശ്വാസികള്‍ക്കും പൊതുജനങ്ങള്‍ക്കും പാഴൂര്‍പടിയിലോ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കരുടെ അടുത്തോ പോകേണ്ടതില്ല. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത സര്‍ക്കാരിന്റെ നയത്തിന്‌ എസ്‌എന്‍ഡിപി യോഗം പൂര്‍ണ പിന്തുണനല്‍കി എന്നതാണ്‌. അതായത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ്‌ ക്രൈസ്തവ പുരോഹിതന്മാരും നായര്‍ പ്രമാണിമാരും പറയുന്നതുപോലെ നഷ്ടകച്ചവടമൊന്നുമല്ല എന്നു വ്യക്തം. അപ്പോള്‍ എന്തിനായിരിക്കണം ഈ പുതിയ കൈകോര്‍ക്കല്‍.

തീര്‍ച്ചയായും സമ്മര്‍ദ്ദ രാഷ്ട്രീയത്തിന്റെ വികൃതതന്ത്രങ്ങള്‍ പയറ്റാനുള്ള നികൃഷ്ടനീക്കമാണിത്‌. അരമനകളിലും ഇല്ലങ്ങളിലും സുഭിക്ഷമായി ഉണ്ടുറങ്ങിക്കഴിയുന്നവര്‍ക്കും അവിവാഹിതര്‍ക്കും വൃദ്ധന്മാര്‍ക്കും സാധാരണജനങ്ങള്‍ അവരുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാന്‍ അനുഭവിക്കുന്ന സാമ്പത്തിക വൈഷമ്യം മനസിലാക്കാന്‍ കഴിയാതെപോകുന്നത്‌ സ്വാഭാവികം. എന്നാല്‍ ഈ ആര്‍ത്തിപണ്ടാരങ്ങളുടെ നീക്കങ്ങള്‍ തിരിച്ചറിയാന്‍ സാധാരണ ജനങ്ങള്‍ക്ക്‌, അവരുടെ വിശ്വാസങ്ങള്‍ എന്തുതന്നെയായാലും കഴിയുന്നുണ്ട്‌. ഇതു മനസിലാക്കി മര്യാദപൂര്‍വം പെരുമാറിയാല്‍ ക്രൈസ്തവ-ഹൈന്ദവ-വിദ്യാഭ്യാസ വണിക്കുകള്‍ക്ക്‌ നന്ന്‌.

57 അല്ല 2007. വിദ്യാഭ്യാസത്തിന്റെ പേരുംപറഞ്ഞ്‌ തെരുവിലിറങ്ങിയാല്‍ ഉണ്ടാകാന്‍പോകുന്ന വിമോചനസമരം ഇത്തരം ധനാര്‍ത്തികള്‍ക്കെതിരായുള്ള പൊതുജന പ്രക്ഷോഭമായിരിക്കും.

Thursday, November 22, 2007

കുരുവിള ഇടപെട്ടു; കഞ്ചാവു വേട്ട പാളി


പി അജയന്‍

കോതമംഗലം: എറണാകുളം ജില്ലയുടെ വടക്കു കിഴക്കന്‍ മലനിരകളില്‍ കഞ്ചാവു കൃഷി വ്യപകമായെന്ന 'വാസ്തവം' റിപ്പോര്‍ട്ടിന്റെ (8/10/2007 പുസ്തകം 1 ലക്കം 21) പശ്ചാത്തലത്തില്‍ കഞ്ചാവു വേട്ടയ്ക്കിറങ്ങിയ ഉദ്യോഗസ്ഥരെ മുന്‍ മന്ത്രി കുരുവിള വഴിതെറ്റിച്ചതായി വിവരം ലഭിച്ചു. ശനിയാഴ്ച വൈകുന്നേരം കഞ്ചാവു വേട്ടയ്ക്ക്‌ പോയ സംഘം ഇന്നലെയാണ്‌ തിരികെ എത്തിയത്‌.

വനം വകുപ്പ്‌ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ളയാളാണ്‌ കുരുവിള. മൂന്നു ജില്ലകളുടെ സംഗമസ്ഥാനമായ വനമേഖലയിലേക്ക്‌ കുട്ടമ്പുഴ, ഇടമലയാര്‍, മൂന്നാര്‍ റെയ്ഞ്ചുകളിലെ നാല്‍പതംഗ വനപാലക സംഖമാണ്‌ കഞ്ചാവു വേട്ടയ്ക്ക്‌ ഇറങ്ങിയത്‌.

വനംവകുപ്പില്‍ നിന്നുതന്നെ വിവരം ചോര്‍ന്നതിനെ തുടര്‍ന്ന്‌ കുരുവിള ഇടപെട്ട്‌ അന്വേഷണ സംഖത്തിന്റെ ദിശമാറ്റി. ഇതേത്തുടര്‍ന്ന്‌ വളരെ ചെറിയൊരു കഞ്ചാവു കൃഷിയിടം കണ്ട്‌ സംഘം മലയിറങ്ങിയതായാണ്‌ വിവരം. ഇടുക്കി ജില്ലയിലെ ചാമിയാര്‍ വനമേഖലയിലാണ്‌ ഇവര്‍ കണ്ടെത്തിയ ചെറിയ കഞ്ചാവു തോട്ടം. ആറു മാസമാണ്‌ കഞ്ചാവു വിളവെടുക്കുന്നതിനു വേണ്ട സമയം. എറണാകുളം ജില്ലയിലെ തേര, വാസിക്കുടി വനമേഖലയില്‍ വന്‍തോതില്‍ കഞ്ചാവു കൃഷി നടന്നിരുന്നു. ഇരുപത്‌ ദിവസം മുമ്പ്‌ ഇതിന്റെ വിളവെടുപ്പും നടന്നു. നേരത്തെ വിവരം ലഭിച്ചിട്ടും കഞ്ചാവു വേട്ട പരമാവധി നീട്ടിവച്ച്‌ ചാമിയാറില്‍ മാത്രം പോയി ഒരാഴ്ച മാത്രം പ്രായമുള്ള നൂറ്റമ്പതോളം കഞ്ചാവു ചെടികള്‍ കണ്ടെത്തുകയായിരുന്നു വനപാലകര്‍. ഇനിയും വന്‍തോതില്‍ കഞ്ചാവു കൃഷി തുടരുന്ന തോട്ടങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നാണ്‌ അറിയുന്നത്‌. വനപാലക സംഘം തന്നെ വ്യപകമായി കഞ്ചാവു കൃഷിക്കായി ഒരുക്കിയിട്ട മൂന്നു തോട്ടങ്ങള്‍ കണ്ടെത്തിയിരുന്നു. വിളവെടുപ്പു നടന്ന മൂന്നു തോട്ടങ്ങളും കണ്ടെത്തിയിരുന്നു.

അന്വേഷണം അട്ടിമറിക്കാനിടയായത്‌ മുന്‍ മന്ത്രിക്ക്‌ പിടിപാടുള്ള കഞ്ചാവു മാഫിയയ്ക്ക്‌ വാച്ച്മാന്‍ മൊബെയിലില്‍ വിവരങ്ങള്‍ ചോര്‍ത്തിയതിനാലാണെന്ന്‌ വനം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ വാച്ചുമാന്റെ പുറത്ത്‌ കുറ്റം ചുമത്തി ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ ഒത്തുകളി ഒതുക്കുന്നതില്‍ ദൗത്യസംഘത്തിലെ ഭൂരിപക്ഷം വരുന്ന ഉദ്യോഗസ്ഥര്‍ക്കും അമര്‍ഷമുണ്ട്‌.

നേരത്തെ ഇടുക്കി വനമേഖലയില്‍ വ്യപകമായി കഞ്ചാവു കൃഷിയിറക്കിയിരുന്ന മാഫിയാ സംഘം പിന്നീട്‌ മണ്ണാര്‍ക്കാട്‌ ഭാഗത്തേക്ക്‌ നീങ്ങിയിരുന്നു. വീണ്ടും എറണാകുളം ജില്ലയുടെ വടക്കു കിഴക്കന്‍ മലനിരകളില്‍ ചുവടുറപ്പികുകയാണ്‌ കഞ്ചാവു മാഫിയ. മൂന്നു ദിവസം നീണ്ട കഞ്ചാവു വേട്ടയേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായിട്ടും ഇതു സംബന്ധിച്ച്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല.

വ്യാഴം മാറിയാലും ശനി മാറില്ല!

'ഞങ്ങടെ പോലീസ്‌ ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസ്സേ?'
എന്നാണിപ്പോള്‍ എഐവൈഎഫുകാരുടെ മുദ്രാവാക്യ നിലവിളി!

സിപിഐയിലെ ചെറുപ്പക്കാര്‍ നാടുമുഴുവന്‍ നടന്ന്‌ പോലീസിന്റെ 'പെട'
വാങ്ങുകയാണ്‌. കോണ്‍ഗ്രസുകാര്‍ക്കും ബിജെപിക്കാര്‍ക്കും
കിട്ടുന്നതിനേക്കാള്‍ മുഴുത്ത അടികള്‍!

ഗതികെട്ടാല്‍ പുലി ചില്ലിച്ചിക്കന്‍ വരെ തിന്നുപോകും. അടി സഹിക്കാതെ
തക്കം കിട്ടിയപ്പോള്‍ അഡ്വ. രാഖി രവികുമാര്‍ എന്ന സിപിഐ കൗണ്‍സിലര്‍ ഒരു
പോലീസുകാരിക്കിട്ടൊന്നു പെടച്ചു. പഴയൊരു ഡിവൈഎഫ്‌ഐ നേതാവായിരുന്നു
പെടകൊണ്ട പോലീസുകാരിയെന്ന്‌ പെടച്ച പെണ്‍പുലി അറിഞ്ഞിരുന്നില്ല.

പെണ്‍പുലിയേയും സംഘത്തേയും വെളിയവും കൂട്ടരും സ്റ്റേഷനില്‍ ചെന്ന്‌
ബലമായി പുറത്തിറക്കിയെങ്കിലും 'പെട'യുടെ അലയൊലികള്‍ അവിടം കൊണ്ടൊന്നും
തീരുന്ന മട്ടില്ല.

പെടകൊണ്ട പ്രീതയെന്ന കോണ്‍സ്റ്റബിള്‍ മുന്‍ ഡിവൈഎഫ്‌ഐക്കാരി മാത്രമല്ല
നാലുവര്‍ഷം സിപിഎമ്മിന്റെ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌
കൂടിയായിരുന്നുവത്രെ!

നാളിതുവരെ സിപിഐക്കാര്‍ക്കിട്ട്‌ പെടകൊടുത്തു മാത്രം ശീലിച്ചിട്ടുള്ള
വല്യേട്ടന്മാര്‍ക്ക്‌ ഇതാദ്യമായാണ്‌ കുഞ്ഞനിയന്റെ പെട കിട്ടുന്നത്‌!

പണ്ടേ മാര്‍ക്കിസ്റ്റുകാര്‍ അടക്കം പറയുന്നൊരു രഹസ്യമുണ്ട്‌, 'ഏതു
ചെകുത്താനെ നമ്പിയാലും സിപിഐയെ നമ്പാന്‍ പറ്റില്ല'. അനുഭവമാണ്‌ ആ അടക്കം
പറച്ചിലിന്റെ ഗുരു. പിരിഞ്ഞു പോന്ന അന്നു മുതല്‍ വല്യേട്ടനിട്ട്‌
ഒരുപാട്‌ പണികൊടുത്തിട്ടുണ്ടാ കുഞ്ഞനിയന്‍!

ഇനിയിപ്പൊ എന്താ ചെയ്ക? ഡിഫിക്കാര്‍ക്കും എഫിക്കാര്‍ക്കും കുറച്ചു നാള്‍
ഇക്കാര്യം പറഞ്ഞു ശണ്ഠ കൂടാം. കേരളത്തിലെ യുവജനങ്ങള്‍ നേരിടുന്ന പ്രധാന
വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ട ചുമതല അവര്‍ക്കുള്ളതാണല്ലൊ!

കമ്യൂണിസ്റ്റുകാരായ യുവജനങ്ങള്‍ക്കൊക്കെ ഇപ്പോള്‍ നാല്‍പ്പതിനു മേലാണ്‌
പ്രായം. നാല്‍പ്പതില്‍ താഴെയുള്ളവര്‍ സോളിഡാരിറ്റിയെന്നൊക്കെ പറയുന്ന മത
സംഘടനകളില്‍ അണി നിരക്കുന്നു.

എന്തുകൊണ്ടാണ്‌ പുതുതലമുറ തങ്ങളില്‍ നിന്നകലുന്നതെന്നു മാത്രം
കമ്യൂണിസ്റ്റുകാര്‍ പഠിക്കുന്നില്ല.

കണ്ടറിയാത്തവന്‍ കൊണ്ടറിയും. സമരനിലങ്ങളില്‍ പോരാളികളുടെ പൊടിപോലുമില്ല
കണ്ടുപിടിക്കാന്‍ എന്നു വരുന്നത്‌ കമ്യൂണിസ്റ്റുകാരുടെ മാത്രമല്ല,
കത്തനാരുമാരുടെയും കഷ്ടകാലമാണ്‌.

ആരാണീ ഭാര്‍ഗവന്‍...? ദിവാകരന്‍...? രാജേന്ദ്രന്‍...?

വടക്കേ ഇന്ത്യയിലെ ഗുണ്ടാത്തലവന്മാരെപ്പോലെ പോലീസ്‌ സ്റ്റേഷനില്‍
കടന്നുകയറി, അറസ്റ്റുചെയ്ത പ്രതിയെ ബലമായി പുറത്തിറക്കിയപ്പോള്‍ വെളിയം
ഭാര്‍ഗ്ഗവന്‍ എന്ന നേതാവിന്‌ അണികളുടെ കയ്യടി ലഭിച്ചിരിക്കാം. എന്നാല്‍
തങ്ങള്‍ക്കുകൂടി പങ്കാളിത്തമുള്ള ഭരണത്തില്‍ എന്തു തോന്ന്യാസവും
കാണിക്കാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അംഗങ്ങള്‍ക്ക്‌ അവകാശവും
അധികാരവും ഉണ്ട്‌ എന്ന വികലമായ സന്ദേശമാണ്‌ വെളിയം ഭാര്‍ഗ്ഗവന്‍ ഇന്നലെ
നല്‍കിയത്‌. ഭാര്‍ഗ്ഗവന്റെ ഈ ധാര്‍ഷ്ട്യത്തിനും ഗര്‍വിനും
കൂട്ടുനില്‍ക്കാന്‍ മന്ത്രിമാരായ ദിവാകരനും രാജേന്ദ്രനും ചെറുഗുണ്ടകളായി
ഒപ്പമുണ്ടായിരുന്നു.

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണം വന്നാല്‍ പോലീസ്‌
സ്റ്റേഷനുകളെ അവരുടെ അടുക്കളകളാക്കി മാറ്റുമെന്ന ആരോപണത്തെ കുറേക്കൂടി
വൃത്തികെട്ട രീതിയില്‍ സാര്‍ത്ഥകമാക്കാനാണ്‌ ഭാര്‍ഗ്ഗവന്റെ തന്റേടത്തിന്‌
കഴിഞ്ഞിട്ടുള്ളൂ. ഇത്‌ വെളിയം ഭാര്‍ഗ്ഗവനെപ്പോലെ മുതിര്‍ന്ന ഒരു
നേതാവില്‍നിന്ന്‌ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത, വികല്‍പ്പങ്ങള്‍
നിറഞ്ഞ നടപടിയായിരുന്നു.

കുത്തകകള്‍ ഇന്ത്യയുടെ പൊതുവിതരണ രംഗത്ത്‌ കടന്നുവരുന്നതിനെ, അവര്‍ക്ക്‌
അതിന്‌ അവസരം നല്‍കുന്ന കേന്ദ്രനയത്തെ എല്ലാരീതിയിലും എതിര്‍ത്ത്‌
തോല്‍പ്പിക്കേണ്ടതുണ്ട്‌. അതിനായി ഏതു പ്രക്ഷോഭമാര്‍ഗ്ഗവും സ്വീകരിക്കാം;
തെറ്റില്ല. എന്നാല്‍ അതിന്റെ പേരില്‍ പോലീസിനെ കയ്യേറ്റം
ചെയ്യാനൊരുങ്ങുന്നത്‌ ഒരിക്കലും നീതിമത്കരിക്കാന്‍ കഴിയുന്ന
പ്രവൃത്തിയല്ല. ആ വൃത്തികേടാണ്‌ രാഖി രവികുമാറില്‍നിന്നും ഉണ്ടായത്‌.
സ്വാഭാവികമായും പോലീസ്‌ അവരെ കസ്റ്റഡിയില്‍ എടുക്കും. അതേ നടന്നതുമുള്ളൂ.

പോലീസിനെതിരെ കയ്യുയര്‍ത്തിയ രാഖി രവികുമാറിനെ കയ്യോടെ പുറത്തിറക്കാനാണ്‌
മുണ്ടുമാടിക്കെട്ടി ഗുണ്ടാസ്റ്റെയിലില്‍ ഭാര്‍ഗ്ഗവനും ദിവാകരനും രാഘവനും
പോലീസ്‌ സ്റ്റേഷനിലെത്തിയത്‌. സാധാരണ പ്രതികളോട്‌ പോലീസ്‌ പറയുന്ന
അസഭ്യങ്ങള്‍ പുലമ്പിയും സ്റ്റേഷന്‍ ഫോണില്‍നിന്നും ആഭ്യന്തര മന്ത്രിയെ
ഭീഷണിപ്പെടുത്തിയും ഭാര്‍ഗ്ഗവന്‍ കാണിച്ചുകൂട്ടിയ വികല്‍പ്പങ്ങള്‍ ആ
പാര്‍ട്ടിക്കുമുകളില്‍ ഇപ്പോള്‍ പതിച്ചിട്ടുള്ള ആരോപണങ്ങളുടെ ചെളി
തൂത്തുതെറിപ്പിക്കാന്‍ ഒരുതരത്തിലും സഹായകമായിട്ടില്ല മറിച്ച്‌
അവര്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെ ശക്തിപ്പെടുത്തുകയാണ്‌
ചെയ്തത്‌.

മൂന്നാറും മെര്‍ക്കിസ്റ്റണ്‍ ഇടപാടും സിപിഐയ്ക്ക്‌ വരുത്തിവച്ച അപമാനത്തെ
ശാശ്വതീകരിക്കുന്നതാണ്‌ ഇപ്പോള്‍ അരവണ കരാര്‍ നല്‍കുന്നതില്‍
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ സിപിഐ നോമിനി നാരായണ്‍ സ്വീകരിച്ച
നിലപാട്‌. ഇത്‌ അഴിമതി നിറഞ്ഞതാണെന്ന്‌ ആരോപിച്ചത്‌ ദേവസ്വം
മന്ത്രിതന്നെയാണ്‌. മാത്രമല്ല, നാരായണന്‍ ഉള്‍പ്പെടെയുള്ള
അംഗങ്ങള്‍ക്കെതിരെ വിജിലന്‍സ്‌ അന്വേഷണത്തിനും മന്ത്രി
ഉത്തരവിട്ടിട്ടുണ്ട്‌. ഇത്തരത്തില്‍ പൊതുജനമദ്ധ്യത്തിലും ഭരണരംഗത്തും
അഴിമതികൊണ്ട്‌ ഒറ്റപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്ത സിപിഐ യുടെ
മുഖം രക്ഷിക്കാനുള്ള ഗുണ്ടായിസമാണ്‌ ഭാര്‍ഗ്ഗവ-ദിവാകര-രാജേന്ദ്രന്മാര്‍
കാട്ടിക്കൂട്ടിയത്‌. മന്ത്രിമാരും പാര്‍ട്ടി നേതാക്കളും ആയിരിക്കെ ഇവര്‍
ഇങ്ങനെയൊക്കെ പെരുമാറുമെങ്കില്‍ ഇവരുടെയുള്ളില്‍ സക്രിയമായിരിക്കുന്ന
ക്രിമിനല്‍ സ്വഭാവം എത്രയെന്ന്‌ ഊഹിക്കുക. ഇവര്‍ കമ്മ്യൂണിസ്റ്റുകളല്ല;
കറതീര്‍ന്ന ക്രിമിനലുകളാണ്‌. ഗുണ്ടാനിയമം ഇത്തരക്കാര്‍ക്കെതിരെയാണ്‌
നടപ്പിലാക്കേണ്ടത്‌.

Wednesday, November 21, 2007

ലയനം, ഒരു മറ്റേപ്പടം(different picture)

കേരള കോണ്‍ഗ്രസ്‌ എന്ന മഹാ പ്രസ്ഥാനത്തെ ഒരുമിപ്പിക്കാന്‍
മെത്രാനച്ചന്മാരായ മെത്രാനച്ചന്മാരൊക്കെയും പ്രവര്‍ത്തിച്ചു
പ്രവര്‍ത്തിച്ചു കൂട്ടിയതിന്‌ നോ ഹാന്റ്‌ ആന്‍ഡ്‌ മാത്തമാറ്റിക്സ്‌.

കൊക്കെത്ര കുളം കണ്ടിരിക്കുന്നു. മണിസാറെത്ര കളി കണ്ടിരിക്കുന്നു!

കാലത്തിന്റെ തികവില്‍ പി സി ജോര്‍ജ്‌ എന്ന പുണ്യവാന്‍ ഇടതു മുന്നണിയോടു
തെറ്റിപ്പിരിഞ്ഞതോടെ കാര്യങ്ങള്‍ക്ക്‌ നടപ്പുണ്ടായി.

നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ അവതരിക്കുമെന്ന്‌ സത്യവേദപുസ്തകത്തില്‍
പറഞ്ഞതിന്‍ പ്രകാരമായിരുന്നു ആ അവതാരം! രക്ഷകന്‍ ആദ്യം പിള്ളയെ കണ്ടു.
പിള്ളയെ എടുത്താല്‍ തള്ളയെ എടുക്കാമെന്നാണല്ലോ സിദ്ധാന്തം!

പിള്ള സകല പിടിയും വിട്ടിരിപ്പായിരുന്നു. പൊന്നുമോന്‍ ഗണേശന്‍ വരെ
ചൊല്‍പ്പടിയിലല്ലാത്ത ഗതികെട്ട കാലം. ശൂന്യതയില്‍ നിന്നും യുഡിഎഫിനെ
നിര്‍മ്മിച്ചതില്‍ ലീഡറുടെ കുമ്മായം കൂട്ടുകാരനായിരുന്നു പിള്ളേച്ചന്‍.
ആനപ്പുറത്തിരുന്നതിന്റെ തയമ്പു മാത്രം ഇപ്പോള്‍ ബാക്കി!

പീസി ഒന്നു മിണ്ടേണ്ട തമസം, പിള്ള രണ്ടു കയ്യാലെ റെഡി. മാണിസാറുമായല്ല,
ലൂസിഫറുമായി പോലും ലയിച്ചുകളയുന്ന അവസ്ഥയിലല്ലേ പിള്ള.

ജേക്കബാശാന്റെ സ്ഥിതി അതിലും ദയനീയം. ആദ്യമായി, തോറ്റു തൊപ്പിയിട്ടു;
മുരളിയോട്‌ ചേര്‍ന്ന്‌ അപ്പിയിട്ടു! സമസ്താപരാധം പറഞ്ഞ്‌ ചാണ്ടിയുടെ
പടിവാതില്‍ക്കല്‍ കാത്തു കിടന്നിട്ടും നോ രക്ഷ. ജേക്കബും ലയിക്കാന്‍
തന്നെ ചാടിപ്പുറപ്പെട്ടു!

ഒടുവില്‍ മൂവരും കൂടി മാണിയെ കണ്ടു. മാണി അന്നേരം 'ഐക്യത്തിന്‌ ആഹ്വാനം'
ചെയ്തു. ആരൊക്കെ എപ്പോഴൊക്കെ ഐക്യപ്പെടുമെന്ന്‌ മാത്രം മിണ്ടിയില്ല.
ഇന്നലെയാണ്‌ ജേക്കബ്‌ മാണിയെ കാണാന്‍ ചെന്നത്‌. കീരിയും പാമ്പും കൂടി
ഐക്യപ്പെടുന്നതില്‍ ആര്‍ക്കെന്തു ചേതം?

എല്ലാരും കൂടി ഐക്യപ്പെട്ട്‌ ഒടുവില്‍ ഐക്യ കേരള കോണ്‍ഗ്രസുണ്ടാവും.
നേതാവ്‌ മാണിസാറാവും. ബാക്കിയുള്ള പിള്ളമാരും അച്ചായന്മാരും വെറുതേ
കിടന്ന്‌ അധ്വാനിക്കും. അതാണ്‌ മാണിസാര്‍! കാറല്‍ മാര്‍ക്സിനു മുമ്പെ
അധ്വാനവര്‍ഗ്ഗ സിദ്ധാന്തം കണ്ടുപിടിച്ച സാര്‍! മോന്‍ ജോസപ്പന്‍ കൂടി പണി
പഠിച്ചിറങ്ങിയാല്‍ കേരളം സാറു ഭരിക്കും!

പാംഓയില്‍: അച്യുതാനന്ദന്‍ പറഞ്ഞതാണ്‌ ശരി

മലേഷ്യയില്‍ നിന്ന്‌ പാംഓയില്‍ ഇറക്കുമതി ചെയ്ത്‌ 35 ലക്ഷം വരുന്ന കേരകര്‍ഷകരുടെ കഞ്ഞിയില്‍ മണ്ണിടാന്‍ ചില കുത്തകകള്‍ക്ക്‌ കേരള ഹൈക്കോടതി അനുമതി നല്‍കിയതിനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി അച്യുതാനന്ദനില്‍ നിന്നുണ്ടായ ചില പ്രയോഗങ്ങള്‍ 'നിരുത്തരവാദപരവും ജുഡീഷ്യറിയുടെ മേലുള്ള കടന്നുകയറ്റവുമാണെന്ന' ജസ്റ്റിസ്‌ സിരിജഗന്റെ നിലപാട്‌ ഒരു തരത്തിലും ന്യായീകരിക്കാവുന്നതോ സ്വീകാര്യമോ അല്ല.

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിന്‌ സ്റ്റേ നല്‍കി പാംഓയില്‍ ഇറക്കുമതിക്ക്‌ അനുമതിനല്‍കിയതിനെ എങ്ങനെ ന്യായീകരിക്കണമെന്നാണ്‌ ജസ്റ്റിസ്‌ പറയുന്നതെന്ന്‌ മനസിലാകുന്നില്ല. പാംഓയിലിന്റെ ഇറക്കുമതിമൂലം വെളിച്ചെണ്ണയുടെ വിലയിടിയുന്നതും കേരകര്‍ഷകരുടെ നടുവൊടിയുന്നതും കേന്ദ്ര സര്‍ക്കാരിനുബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ഒക്ടോബര്‍ 16ന്‌ ഇറക്കുമതി നിരോധിച്ചുകൊണ്ട്‌ ഉത്തരവിറങ്ങിയത്‌. ഈ ഉത്തരവുണ്ടാകാന്‍ നിരവധി നാളുകളുടെ സമ്മര്‍ദ്ദം വേണ്ടിവന്നു. ആദ്യമൊക്കെ കേരളത്തിന്റെ ആവശ്യത്തോട്‌ മുഖം തിരിച്ചുനിന്ന കേന്ദ്രം പിന്നീട്‌ യാഥാര്‍ത്ഥ്യം മനസിലാക്കിയാണ്‌ കേരളത്തിലെ തുറമുഖങ്ങളിലൂടെയുള്ള പാംഓയില്‍ ഇറക്കുമതിക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌.

ഇതിനെ ചോദ്യം ചെയ്ത്‌ കോഴിക്കോട്ടെ പാരിസണ്‍സ്‌ ഫുഡ്‌ പ്രോഡക്ടസും മുംബൈയിലെ ലിബര്‍ട്ടിയും ഒക്ടോബര്‍ 23ന്‌ കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക്‌ അനുകൂലമായി ഉത്തരവ്‌ ഇറക്കുകയുമാണ്‌ ഉണ്ടായത്‌. കേരളത്തിലെ കര്‍ഷകരുടെ സ്ഥിതിബോധമുള്ള ഒരു ന്യായാധിപനില്‍നിന്നും ഇത്തരത്തിലൊരു വിധി ഉണ്ടാകാന്‍ സാധ്യതയില്ല. രാഷ്ട്രീയക്കാര്‍ക്ക്‌ ബോധ്യമാകുന്ന യാഥാര്‍ത്ഥ്യങ്ങള്‍പോലും ന്യായാസനങ്ങള്‍ക്ക്‌ മനസിലാകുന്നില്ല എന്നു വരുമ്പോള്‍ അതിനു ചില അടിസ്ഥാന കാരണങ്ങള്‍ ഉണ്ടായേതീരൂ. ആഗോളീകരണത്തിന്റെ ദുഷ്ടവും അദൃശ്യവുമായ ചരടുകള്‍ നീതിവ്യവസ്ഥയേയും ബന്ധിക്കുന്നില്ലേയെന്ന്‌ സംശയിക്കപ്പെടുന്നത്‌ അപ്പോഴാണ്‌. ആ സംശയത്തിന്റെ ബഹിര്‍സ്ഫുരണമാണ്‌ മുഖ്യമന്ത്രിയില്‍നിന്നുണ്ടായത്‌. പാംഓയില്‍ ഇറക്കുമതിക്ക്‌ അനുമതി നല്‍കിയ കോടതിവിധിക്ക്‌ ഈ മണ്ണിന്റെ ഗുണമല്ല, മലേഷ്യയില്‍നിന്നുള്ള ആരുടെയോ ഗുണമാണുള്ളതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞെങ്കില്‍ തീര്‍ച്ചയായും 35 ലക്ഷം കേരകര്‍ഷകരുടെയും അവരുടെ ആശ്രിതരുടെയും പ്രതിഷേധത്തിന്റെ പ്രകടനമായിട്ടുവേണമായിരുന്നു ജസ്റ്റിസ്‌ സിരിജഗന്‍ അതിനെ വിലയിരുത്തേണ്ടിയിരുന്നത്‌.

ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ വിധി പ്രഖ്യാപിക്കുന്നതെന്ന ന്യായാധിപന്മാരുടെ ന്യായം അംഗീകരിക്കേണ്ടതുതന്നെയാണ്‌. എന്നാല്‍ അടുത്തകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പല ഉത്തരവുകളിലും ഈ ന്യായംമഷിയിട്ടുനോക്കിയാല്‍പോലും കാണാത്ത അനുഭവമാണ്‌ കേരളീയര്‍ക്കുണ്ടായിട്ടുള്ളത്‌. ഉദാഹരണത്തിന്‌ കൊക്കകോള കേസിലും സ്വാശ്രയകേസിലുമുണ്ടായ വിധികള്‍ മാത്രം പരിശോധിച്ചാല്‍ മതി. കഴിഞ്ഞ ദിവസം ഈ പംക്തിയില്‍ ചൂണ്ടിക്കാണിച്ച ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെയും സൂര്യനെല്ലി പീഡനക്കേസിന്റെയും വിധികളും ഇത്തരത്തില്‍ അസ്വീകാര്യങ്ങളായി തുടരുന്നു.

അതുകൊണ്ടാണ്‌ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയ്ക്ക്‌, സംസ്ഥാനത്തെ ജനങ്ങളുടെ മുഴുവന്‍ വികാരവും ഉള്‍ക്കൊണ്ട്‌ മുഖ്യമന്ത്രിപ്രതികരിച്ചത്‌. അതിനെ ജുഡീഷ്യറിക്കെതിരായ കടന്നുകയറ്റമായി വ്യാഖ്യാനിക്കുമ്പോള്‍, കോടതിയില്‍നിന്നുണ്ടാകുന്ന ജനവിരുദ്ധമായ വിധികള്‍ ജനങ്ങളുടെ മുകളിലുള്ള കുതിരകയറ്റമായി വ്യാഖ്യാനിക്കേണ്ടിവരും. ആ വ്യാഖ്യാനത്തില്‍ ചിലപ്പോള്‍ കോടതികള്‍ക്കും ന്യായാധിപന്മാര്‍ക്കും ദഹിക്കാത്ത ചില പ്രയോഗങ്ങള്‍ ഉണ്ടായി എന്നുംവരും. അതിന്റെ പേരില്‍ മുഷിവുകാണിച്ചിട്ടോ കേസ്‌ കേള്‍ക്കുന്നതില്‍നിന്ന്‌ പിന്‍വാങ്ങിയിട്ടോ കാര്യമില്ല. സത്യം എല്ലായ്പ്പോഴും സുഖകരമായിരിക്കുകയില്ല. അതുമനസിലാക്കാനുള്ള കേവല ബുദ്ധിയും മര്യാദയും കോടതികള്‍ക്കും ന്യായാധിപന്മാര്‍ക്കും ഉണ്ടാകണം. അതില്ലാതെ പോകുമ്പോള്‍ എന്താണ്‌ കാരണമെന്ന്‌ വിവേകമുള്ള, മനുഷ്യസ്നേഹമുള്ള, പൗരബോധമുള്ളവര്‍ വിശകലനം ചെയ്യും. ആ വിശകലനത്തില്‍ ലഭിക്കുന്ന ഉത്തരം മറയില്ലാതെ പ്രകടിപ്പിക്കുകയും ചെയ്യും. അതാണ്‌ മുഖ്യമന്ത്രി അച്യുതാനന്ദന്‍ ചെയ്തത്‌.

ഇവിടെ മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. കേന്ദ്ര സര്‍ക്കാരിന്റെ ഇറക്കുമതി നിരോധന ഉത്തരവ്‌ നിലവിലിരിക്കെയാണ്‌ മലേഷ്യയില്‍നിന്ന്‌ പാംഓയിലുമായി കപ്പല്‍ കൊച്ചിയിലേക്ക്‌ തിരിച്ചത്‌. കേസിന്റെ വാദത്തിനിടയില്‍ പാംഓയില്‍ ഇറക്കുമതി അനുവദിക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ നാളികേരവില ഇടിയുമെന്നും അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ ബോധിപ്പിച്ചപ്പോള്‍ "ഈ കപ്പല്‍ മലേഷ്യയില്‍ നിന്ന്‌ എത്തുമ്പോള്‍, ഇറക്കുമതി നിരോധിച്ചാല്‍ ചെലവ്‌ ആര്‌ വഹിക്കും" എന്നാണ്‌ കോടതി ചോദിച്ചത്‌. നിരോധനം നിലവിലിരിക്കെ ഒരു കപ്പല്‍ പാംഓയിലുമായി വന്നെങ്കില്‍ അവര്‍ക്ക്‌ ചെലവുകൊടുക്കേണ്ട കാര്യമൊന്നുമില്ല. പകല്‍പോലെ വ്യക്തമാണ്‌ ഈ സാങ്കേതികത. പക്ഷെ കോടതിക്ക്‌ അത്‌ ബോധ്യമായില്ല. പകരം കപ്പലുടമകള്‍ക്കും പാംഓയില്‍ ഇറക്കുമതിക്കാര്‍ക്കും ഉണ്ടാകുന്ന നഷ്ടത്തെക്കുറിച്ചായിരുന്നു ഉത്കണ്ഠ. ഇത്തരം ഉത്കണ്ഠകളെ നിശിതമായി വിമര്‍ശിച്ചേതീരൂ. അതിന്‌ മുഖം കറുപ്പിച്ചിട്ടോ കഠിനപദങ്ങളില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടോ കോടതിക്കെതിരായുള്ള കടന്നുകയറ്റമാണെന്ന്‌ വ്യാഖ്യാനിച്ചിട്ടോ കാര്യമൊന്നുമില്ല. ഇവിടെ കോടതിയെ സ്വാധീനിച്ചത്‌ കേരകര്‍ഷകരുടെ അവസ്ഥയല്ലെന്ന്‌ തീര്‍ച്ചയാണ്‌. ഏതായാലും പാംഓയില്‍ ഇറക്കുമതിക്ക്‌ താല്‍ക്കാലിക സ്റ്റേ അനുവദിച്ചത്‌ നന്നായി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിന്‌ നല്‍കിയ ഇളവിന്റെ മറവില്‍ പതിനായിരക്കണക്കിന്‌ ടണ്‍ പാംഓയിലാണ്‌ കേരളത്തിലേക്കൊഴുകിയത്‌. പാംഓയില്‍ ലോബി അങ്ങനെ ലക്ഷ്യം കണ്ടപ്പോള്‍ നാളികേര കര്‍ഷകരുടെ പ്രതീക്ഷകള്‍ക്കാണ്‌ വെള്ളിടിയേറ്റത്‌. കേസ്‌ കേള്‍ക്കുന്നതില്‍ നിന്ന്‌ ഒരു ന്യായാധിപന്‍ മാറിയതുകൊണ്ടുമാത്രം ഈ നഷ്ടം നികത്താന്‍ കഴിയുകയില്ല. പകരം ഈ നഷ്ടം ആര്‌ നികത്തുമെന്ന ചോദ്യം ന്യായാധിപനോട്‌ തിരിച്ചുചോദിക്കുകയാണ്‌ വേണ്ടത്‌. ഇത്തരത്തിലുള്ള നീതിബോധവും ന്യായാധിപന്മാരുമാണ്‌ ആഗോളീകരണത്തിന്റെ ശക്തികള്‍ക്ക്‌ ഇന്ത്യയിലേക്കും കേരളത്തിലേക്കും കടന്നുവരാനുള്ള കപ്പല്‍ച്ചാലുകളും വിമാനറൂട്ടുകളും തുറന്നുകൊടുക്കുന്നത്‌. അതിനെ എന്തുവിലകൊടുത്തും എതിര്‍ത്തേ തീരൂ.

പിണറായി - അമ്മ ബന്ധം പുതിയ വിവാദമാകുന്നു
അമൃതാനന്ദമയിയെ വാഴ്ത്തി സുധാകരനും കെഇഎന്‍ കുഞ്ഞഹമ്മദും

പിണറായിയെ അമ്മയുമായി അടുപ്പിച്ചത്‌ എസ്‌എന്‍സി ലാവ്ലിന്‍ ഇടപാട്‌

ഹിമജ


തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെ പരോക്ഷമായി പുകഴ്ത്തി മന്ത്രി ജി. സുധാകരനും, പിണറായിപക്ഷത്തിന്റെ ശക്തനായ വ്യാഖ്യാതാവ്‌ പ്രൊഫ. കെഇഎന്‍ കുഞ്ഞഹമ്മദും രംഗത്തെത്തിയത്‌ പുതിയ വിവാദമാകുന്നു. പിണറായി വിജയന്‌ മാതാ അമൃതാനന്ദമയിയോടുള്ള പ്രത്യേക മമതയുടെ സ്വരമാണ്‌ ഇരുവരുടെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നതെന്ന്‌ വിമര്‍ശകര്‍ ആരോപിക്കുന്നു. ഇതാണ്‌ പാര്‍ട്ടിക്കുള്ളില്‍ പുതിയ ചര്‍ച്ചക്കും വിവാദത്തിനും വഴിതെളിച്ചിട്ടുള്ളത്‌.


സോളിഡാരിറ്റി സംഘടിപ്പിച്ച 'മതവും ആള്‍ ദൈവങ്ങളും' എന്ന വിഷയത്തെക്കുറിച്ചു നടന്ന സംസ്ഥാന സംവാദം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കേയാണ്‌ ജി. സുധാകരന്‍ മാതാ അമൃതാനന്ദമയിയെ പരോക്ഷമായി പ്രശംസിച്ചത്‌. മംഗളം പത്രത്തിലെ 'ഇടപെടല്‍' എന്ന പ്രതിവാര പംക്തിയിലാണ്‌ കെഇഎന്‍ അമ്മയെ വാഴ്ത്തിയത്‌.


മാനന്തവാടി ബിഷപ്പിനേയും തന്ത്രിമാരേയും ദൈവത്തിന്റെ മറ്റു പ്രതിപുരുഷന്മാരേയും ആള്‍ ദൈവങ്ങളേയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച സുധാകരന്‍, അമ്മയെ അവര്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരിലാണ്‌ പ്രശംസിച്ചത്‌. 'ആള്‍ ദൈവങ്ങള്‍ എന്ന്‌ ആക്ഷേപിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നവര്‍ നടത്തുന്ന സാമൂഹിക സേവനങ്ങള്‍ കണ്ടില്ലെന്ന്‌ നടിക്കരു'തെന്നായിരുന്നു സുധാകരന്റെ ഉദ്ബോധനം. 'അമൃതാനന്ദമയി ചെയ്യുന്ന നല്ല കാര്യങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാവില്ല. ശബരിമലയില്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമ്പോള്‍ അമൃതാനന്ദമയിയുടെ സ്ഥാപനത്തിലെ ഡോക്ടര്‍മാര്‍ അവിടെ സേവനം നടത്തുന്നു' സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


ദൈവീകശക്തിയുണ്ടെന്ന്‌ അവകാശപ്പെടുന്ന സ്ത്രീകളെ വിമര്‍ശിക്കുന്ന 'ആള്‍ ദൈവങ്ങളോ, ആള്‍ പിടിയന്‍ ദൈവങ്ങളോ' എന്ന ലേഖനത്തിലാണ്‌ കെ.ഇ.എന്‍. അമൃതാനന്ദമയിയെ വേറിട്ട്‌ കണ്ട്‌ വാഴ്ത്തിയത്‌. 'നിരവധി പേര്‍ക്കിടയില്‍ നിന്ന്‌ ഒരു പ്രത്യേക മനുഷ്യന്റെ സാന്നിധ്യം വിവരണ വിധേയമല്ലാത്തവിധം നിങ്ങളെയാകെ ആകര്‍ഷിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ ഉള്ളില്‍ പ്രയോജനവാദത്തിന്റെ കറപുരളാത്ത ഒരു കുളിര്‍മ അനുഭവപ്പെടുന്നുണ്ടെങ്കില്‍, പരസ്പരം തിരിച്ചറിയാതെ ഒരു കൂടിക്കാഴ്ചയെ സാധ്യമാക്കിയ സാമൂഹിക സന്ദര്‍ഭങ്ങളുടെ സാമാന്യതയ്ക്കപ്പുറം സവിശേഷമായി ഇനിയും കണ്ടുപിടിക്കേണ്ട യാതൊന്നും അതിലില്ലെന്ന്‌ എന്തിന്‌ ശാഠ്യം പിടിക്കണം? പത്താള്‍ക്ക്‌ സ്നേഹപൂര്‍വം കൈകൊടുത്തു കഴിയുമ്പോഴേയ്ക്ക്‌ ക്ഷീണിച്ചുപോകുന്നവര്‍ ആയിരങ്ങളെ ആശ്ലേഷിക്കുന്നതിലെ മനുഷ്യാധ്വാനത്തെ അവഗണിക്കുന്നതെന്തിന്‌' എന്നാണ്‌ കെ.ഇ.എന്‍. ചോദിക്കുന്നത്‌. പിണറായി വിജയനും മാതാ അമൃതാനന്ദമയിയും തമ്മിലുള്ള പ്രത്യേക മമതാബന്ധത്തെയാണ്‌ ഇരുവരും ന്യായീകരിക്കുന്നതെന്ന്‌ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ബന്ധം മൂലമാണ്‌ പിണറായിയുടെ പുത്രിക്ക്‌ അമൃതാനന്ദമയിയുടെ കോളേജില്‍ പ്രത്യേക പരിഗണനയോടെ അഡ്മിഷന്‍ കിട്ടിയതെന്നും, അമ്മയുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന സര്‍ക്കിളില്‍ ഉള്‍പ്പെട്ടതെന്നും ഇവര്‍ പറയുന്നു.എസ്‌എന്‍സി ലാവ്ലിന്‍ വിവാദം മൂര്‍ഛിച്ചതോടെ പിണറായി-അമ്മ ബന്ധം കൂടുതല്‍ സുദൃഢമായി എന്നും ഇവര്‍ പറയുന്നു.


ഈ അഴിമതി സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ്‌ അന്വേഷണം പിണറായിക്ക്‌ അനുകൂലമായതും അമ്മയിലൂടെയാണത്രെ. കേസ്‌ അന്വേഷിച്ച വിജിലന്‍സ്‌ ഓഫീസര്‍ പ്രതാപനും അന്നത്തെ വിജിലന്‍സ്‌ ഡയറക്ടര്‍ ഉപേന്ദ്രവര്‍മ്മയും അമ്മയുടെ കടുത്ത ആരാധകരായിരുന്നു. പിണറായിയുടെ സുഹൃത്തുക്കളായ വ്യവസായികളില്‍ പ്രമുഖനായ ക്യാപ്റ്റന്‍ കൃഷ്ണന്‍നായരും അമ്മയുടെ അടുത്ത ശിഷ്യന്മാരില്‍ ഒരാളാണ്‌. ഈ ബന്ധങ്ങളാണ്‌ വിജിലന്‍സ്‌ അന്വേഷണത്തെ സ്വാധീനിച്ച ഘടകങ്ങളെന്നു ചൂണ്ടിക്കാട്ടുന്നു.


സിബിഐ അന്വേഷണത്തെ രാഷ്ട്രീയമായി അനുകൂലമാക്കുന്നതിനൊപ്പം അമ്മയുമായുള്ള ബന്ധത്തിലൂടെ അതിനെ കൂടുതല്‍ അനുകൂലമാക്കാന്‍ കഴിയുമെന്നും പിണറായി കരുതുന്നുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.


മകന്റെ ബര്‍മിങ്‌ഹാം യൂണിവേഴ്സിറ്റി പ്രവേശനം സംബന്ധിച്ച വിവാദം ചൂടുപിടിക്കുന്നതിനിടയിലാണ്‌ പുതിയ ഈ വിവാദവും വാര്‍ത്തയാകുന്നത്‌.

Tuesday, November 20, 2007

ജനാധിപത്യം.. ജബ... ജബ...

ദേവഗൗഡയല്ല ദൈവം തമ്പുരാന്‍ വിചാരിച്ചാലും യെദ്യൂരപ്പനെ ഇനി 'മുന്‍'
മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റാനാവില്ല! മുഖ്യമന്ത്രിപദത്തിനേക്കാള്‍
ഭദ്രം മുന്‍മുഖ്യമന്ത്രിപദമാണെന്ന്‌ കേവലം എട്ട്‌ ദിവസം കൊണ്ട്‌
യെദ്യൂരപ്പന്‍ എന്ന അപ്പന്‌ മനസിലായി.

'ഭാര'ം വഹിക്കുകയും 'തീ' തിന്നുകയും ചെയ്യുന്ന ഭാര-തീയരായ ജനങ്ങളുടെ
പാര്‍ട്ടിയാണ്‌ ഭാ ജ പ. അവര്‍ എത്രകാലം ക്യൂ നിന്നിട്ടാണ്‌
ദക്ഷിണഭാരതത്തില്‍ ഒരു മുഖ്യമന്ത്രിക്കസേര ഒപ്പിച്ചെടുത്തത്‌. കസേരയില്‍
ഇരുന്നത്‌ മാത്രമേ ഓര്‍മ്മയുള്ളൂ, ഠപേന്ന്‌ നിലം പൊത്തി.
'കാത്തുസൂക്ഷിച്ചൊരാ കസ്തൂരി മാമ്പഴം' ദേവഗൗഡയെന്ന കടല്‍കിഴവന്‍
കൊത്തിവിഴുങ്ങി!

ഇന്ത്യന്‍ ജനാധിപത്യം എന്ന്‌ പറയുന്ന സാധനം കടല്‍ക്കിഴവന്മാരുടെ
കോലുകളിയാണ്‌. നമ്മള്‍ ഒരുപാട്‌ കണ്ടതല്ലേ കരു-കപ്പന്റെ കളികള്‍! രാജ്യം
വല്യ കാര്യമായി കൊണ്ടാടുന്ന ജനാധിപത്യ ഭരണക്രമം കൊള്ളമുതല്‍
പങ്കുവയ്ക്കുന്ന കള്ളന്മാരുടെ തമ്മിലടിയെ നാണിപ്പിക്കുന്ന
തരത്തിലാക്കിയിട്ടും ആര്‍ക്കും ഒരു പ്രശ്നവുമില്ല. ദേശീയ കോണ്‍ഗ്രസ്‌
ഇതൊക്കെ വീക്ഷിച്ചുകൊണ്ട്‌ പുരപ്പുറത്തിരിപ്പാണ്‌. നരസിംഹ റാവു ചത്തു
പോയിട്ടും ആളുടെ സ്വഭാവം തന്നെയാണ്‌ പാര്‍ട്ടിക്ക്‌. ഒന്നും കാണില്ല
കേള്‍ക്കില്ല മിണ്ടില്ല.

ഗൗഡ ദാ ഡല്‍ഹിയിലേക്ക്‌ പോയിരിക്കുന്നു. ഇനി കോണ്‍ഗ്രസും ജനതാദളും കൂടി
കഞ്ഞിയും കറിയും വച്ചു കളിക്കും. നമ്മളത്‌ കണ്ട്‌ കയ്യടിക്കും.

കര്‍ണാടകത്തിലെ ദള്‍ നേതാക്കളൊക്കെയും 'വേണ്ടാ വേണ്ടാ വേണ്ടാ വേണ്ടാതീനം
വേണ്ടാ....'യെന്ന കീര്‍ത്തനമാലപിച്ച്‌ സോണിയാജിയെ കാണാന്‍
പുറപ്പെട്ടിരിക്കുന്നു! ഗൗഡ പറയുന്നതു നടക്കുമോ. സംസ്ഥാന കോണ്‍ഗ്രസ്‌
നേതാക്കള്‍ക്ക്‌ നിവേദനം കൊടുക്കാന്‍പോലും അനുമതി കിട്ടുമോ
എന്നൊക്കെയുള്ള കാര്യം കണ്ടുതന്നെ അറിയണം. കാരണം കോണ്‍ഗ്രസാണ്‌
പാര്‍ട്ടി.

യെദ്യൂരപ്പന്‍ പറഞ്ഞതാണ്‌ നല്ല തമാശ. ജനതാദളിന്റെ വഞ്ചനയ്ക്ക്‌ ജനങ്ങളുടെ
കോടതിയില്‍ പകരം ചോദിക്കുമെന്നാണ്‌ ആ മഹത്‌വചനം. അടുത്ത
തെരഞ്ഞെടുപ്പിനുശേഷം നൂറ്റമ്പതില്‍പ്പരം എം.എല്‍.എമാരുടെ പിന്തുണയോടെ
താന്‍ മുഖ്യമന്ത്രിയായി വരുമെന്നും യെദ്യൂരപ്പന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു!

ചിരിക്കാന്‍ വരട്ടെ. ജനാധിപത്യമാണ്‌, അതിലു അതിലപ്പുറവും നടന്നേക്കും!
നാട്ടുകാരുടെ തലയിലെഴുത്തു മായ്ക്കാന്‍ ഏതു സോപ്പിട്ടു കുളിച്ചിട്ടു
കാര്യമില്ല. വരാനുള്ളത്‌ ഭാരതബന്ദ്‌ നടത്തിയാലും വഴിയില്‍ തങ്ങില്ല!

ബിജെപി നാണം കെട്ടെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്‌. നാണം
കെട്ടത്‌ നാട്ടുകാരാണെന്നതാണ്‌ വാസ്തവം. നാലാംകിട സിനിമകളെ വെല്ലുന്ന
ബ്ലാക്ക്മെയിലിംഗിന്റെ പുതുവഴികള്‍ രാഷ്ട്രീയത്തിലേക്കും വെട്ടിത്തെളിച്ച
നേതാക്കളെയോര്‍ത്ത്‌ കന്നഡികര്‍ തലയില്‍ മുണ്ടിട്ടു നടക്കണം.

ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ആരെയും തെരഞ്ഞെടുക്കുന്നില്ലെന്ന പാഠം
ഒരിക്കല്‍കൂടി തെളിയിക്കപ്പെടുന്നു.

അടുത്ത തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക്‌ ഒറ്റക്കു ഭരിക്കണമെന്നാണ്‌
ബിജെപിയുടെ മോഹം. അതുതന്നെയാണ്‌ ജനതാദളിന്റെ മോഹം. അങ്ങനെതന്നെയാണ്‌
കോണ്‍ഗ്രസിന്റെ മോഹം.

മോഹങ്ങള്‍ ഒന്നുമില്ലാതായിപോകുന്ന ഒരു ജനതയ്ക്ക്‌ ഇതിലും
വലുതെന്തെങ്കിലും സംഭവിക്കും!

സര്‍ക്കാരെന്ന മഹിഷിയും ദേവസ്വംബോര്‍ഡെന്ന മറവപ്പടയും

ഈശ്വരവിശ്വാസം ദ്വന്ദ്വമാന ഭൗതീകവാദത്തിന്‌ എതിരാണെന്ന ചിന്താഗതി എന്നേ
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ഉപേക്ഷിച്ചതാണ്‌; പ്രത്യേകിച്ച്‌
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി. അതുകൊണ്ടാണ്‌ ഭരണത്തിലിരിക്കുമ്പോഴും
പ്രതിപക്ഷത്താകുമ്പോഴും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഭരണസമിതിയില്‍
തങ്ങളുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ അണിയറയില്‍ നീക്കങ്ങള്‍
നടത്തുന്നത്‌. ഭഗവാനെന്തിന്‌ പാറാവ്‌ എന്ന്‌ ചോദിച്ച മുഖ്യമന്ത്രി
ഭരിച്ചപ്പോഴും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ വരുതിക്ക്‌
നിര്‍ത്താനുള്ള രാഷ്ട്രീയ-വിശ്വാസക്കളികള്‍ ഉളുപ്പില്ലാതെ
പ്രയോഗിച്ചിട്ടുള്ള പാര്‍ട്ടിയാണ്‌ ഇവരുടേത്‌. ഇതിലും നീചമായ
ലാഭക്കൊതിയോടെയാണ്‌ യുഡിഎഫിലെ ഓരോ ഘടകകക്ഷിയും തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിനെ സ്വാധീനിച്ചിട്ടുള്ളത്‌. ഏത്‌ അച്ഛന്‍ വന്നാലും വീട്ടില്‍
സമാധാനമില്ല എന്ന്‌ പറയുമ്പോലെ ആരുഭരിച്ചാലും വ്രതമെടുത്ത്‌ ശബരീശനെ
ദര്‍ശിക്കാനെത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ സന്നിധാനത്തിലും പമ്പയിലും
തീര്‍ത്ഥാടന പാതയിലും എന്നും ദുരിതങ്ങള്‍ മാത്രമാണുള്ളത്‌. കല്ലും
മുള്ളും കാലിന്‌ മെത്ത എന്ന ശരണമന്ത്രവും കാലപ്പഴക്കത്തില്‍
അസ്വീകാര്യമായി തീര്‍ന്നിരിക്കുന്നു. എല്ലാവിധ സുഖസൗകര്യങ്ങളും ഇന്ന്‌
ഓരോ തീര്‍ത്ഥാടകനും ശബരിമലയിലേക്കുള്ള യാത്രാതുടക്കം മുതല്‍ ദര്‍ശനം വരെ
ആഗ്രഹിക്കുന്നു.

അതെന്തുമാകട്ടെ, ദശാബ്ദങ്ങളായി ശബരിമലക്ഷേത്രത്തില്‍ നിന്നുള്ള
വരുമാനംകൊണ്ട്‌ ധൂര്‍ത്തടിക്കുന്ന ഒരു ഭരണസം വിധാനമാണ്‌
കേരളത്തിലുള്ളത്‌. ഭക്തര്‍ നിറഞ്ഞ ആത്മാര്‍ത്ഥതയോടെ അയ്യപ്പന്‌
സമര്‍പ്പിക്കുന്ന കാണിക്കപ്പണമാണ്‌ ഇവിടെ മാറിമാറി വരുന്ന ഭരണകൂടങ്ങള്‍
വികസനപ്രവര്‍ത്തനങ്ങള്‍ക്കെന്നപേരില്‍ ദീവാളികുളിച്ച്‌
നശിപ്പിക്കുന്നത്‌. വിശ്വാസം മനസിനകത്തും ആചാരം പുറത്തുമായിരിക്കാം.
എന്നാല്‍ വിശ്വാസിക്കും അവിശ്വാസിക്കും ഒരുപോലെ അനുപേക്ഷണീയമായ അടിസ്ഥാന
ആവശ്യങ്ങള്‍, അത്‌ ആരാധന കേന്ദ്രങ്ങളിലായാലും മേറ്റ്വിടെയായാലും
ഉറപ്പാക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്‌. ഇത്‌ ഏതെങ്കിലും വിധത്തിലുള്ള
വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടതല്ല. മറിച്ച്‌
പൗരന്മാരോടുള്ള ഭരണഘടനാപരമായ ബാധ്യതയുടെ അടിസ്ഥാനത്തില്‍
നിറവേറ്റേണ്ടതാണ്‌.

ഭരിക്കുന്നത്‌ യുഡിഎഫാണെങ്കിലും എല്‍ഡിഎഫാണെങ്കിലും ഈ അടിസ്ഥാന
അവകാശങ്ങള്‍ അയ്യപ്പഭക്തന്മാര്‍ക്കൊരുക്കുന്നതില്‍ തികഞ്ഞ അനാസ്ഥയാണ്‌
ഇതുവരെ കാണിച്ചിട്ടുള്ളത്‌. ഇക്കാര്യത്തില്‍ ഇവര്‍ 'അഹമഹമിഹയ'
എന്നമട്ടില്‍ മത്സരിക്കുകയുമാണ്‌.

ശബരിമല സീസണ്‍ ആരംഭിച്ചാല്‍ സന്നിധാനമുള്‍പ്പെടെ തീര്‍ത്ഥാടന പാതകളിലേയും
ഇടത്താവളങ്ങളിലേയും ഹോട്ടലുകളില്‍ ഭക്ഷണവില വര്‍ദ്ധിപ്പിക്കുന്നതും
പമ്പയിലേക്ക്‌ സര്‍വ്വീസ്‌ നടത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ ബസുകളില്‍
ചാര്‍ജ്‌ വര്‍ദ്ധിപ്പിക്കുന്നതും പതിവ്‌ കലാപരിപാടിയാണ്‌. മറ്റേതെങ്കിലും
തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക്‌ പ്രത്യേക സര്‍വ്വീസ്‌ കെഎസ്‌ആര്‍ടിസി
നടത്തിയാല്‍ ചാര്‍ജ്‌ വര്‍ദ്ധിപ്പിക്കാറില്ല. ഇക്കാര്യത്തില്‍
അയ്യപ്പഭക്തന്മാരെ ഇടിച്ചുപിഴിയുന്ന ഒരു നയമാണ്‌ കേരളസര്‍ക്കാര്‍
ഇപ്പോഴും തുടരുന്നത്‌. അതേസമയം ഇവരില്‍നിന്നും ലഭിക്കുന്ന ഈ അധികവരുമാനം
ഉപയോഗിച്ച്‌ കുടിവെള്ളം, ശൗചാലയം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍
നിറവേറ്റാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറുമല്ല.
ഇക്കാര്യത്തില്‍ സര്‍ക്കാരിനുവേണ്ട ഉപദേശം നല്‍കേണ്ട തിരുവിതാംകൂര്‍
ദേവസ്വംബോര്‍ഡാകട്ടെ ദേവപ്രശ്നം മുതല്‍ അരവണ നിര്‍മാണം വരെയും
നടതുറക്കല്‍ മുതല്‍ നിയമനം വരെയും കീശവീര്‍പ്പിക്കാനുള്ള
കുറുക്കുവഴിയായിട്ടാണ്‌ കരുതിപ്പോരുന്നത്‌. പഴനിയില്‍ ഭക്തന്മാര്‍ക്ക്‌
അവിടുത്തെ ദേവസ്വംബോര്‍ഡും സര്‍ക്കാരും ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍
ഇവരൊന്ന്‌ പഠിക്കേണ്ടതാണ്‌. ഭക്തന്മാര്‍ കാണിക്കയര്‍പ്പിക്കുന്ന പണം
കൊണ്ടാണ്‌ അവിടെ ആരെയും കൊതിപ്പിക്കുന്ന ഈ സൗകര്യങ്ങള്‍
ഒരുക്കിയിട്ടുള്ളത്‌.

നടയ്ക്കലുടയ്ക്കുന്ന നാളികേരം ലേലം ചെയ്തും പമ്പയില്‍ സ്നാനം ചെയ്തശേഷം
അന്യസംസ്ഥാനത്തുനിന്നുള്ള അയ്യപ്പഭക്തര്‍ ഉപേക്ഷിക്കുന്ന വസ്ത്രം ലേലം
ചെയ്തും ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഒരു ദേവസ്വംബോര്‍ഡും, ശബരിമല വരുമാനം
ഭരണ നിര്‍വ്വഹണത്തിന്‌ ഉപയോഗിക്കുന്ന സര്‍ക്കാരുമാണ്‌ ഈ നികൃഷ്ടത
തുടരുന്നത്‌.

കലികാല മഹിഷിയായി സന്നിധാനത്തും തീര്‍ത്ഥാടന പാതയിലും അങ്ങനെ സര്‍ക്കാര്‍
അയ്യപ്പഭക്തന്മാര്‍ക്ക്‌ ഭീഷണിയായി വിലസാന്‍ തുടങ്ങിയിട്ട്‌
ദശാബ്ദങ്ങളായി. ഈ മഹിഷിയെ ഉന്മൂലനം ചെയ്യാന്‍ കലിയുഗവരദന്‍ ഒരിക്കല്‍കൂടി
ജന്മമെടുക്കേണ്ടിയിരിക്കുന്നു. ദേവസ്വം ബോര്‍ഡ്‌ എന്ന മറവപ്പടയെ
ഇല്ലാതാക്കാന്‍ അയ്യപ്പന്‍ പന്തളത്ത്‌ വീണ്ടും ജനിക്കുക വേണം.

ഇവിടെ ഹജ്ജ്‌ തീര്‍ത്ഥാടനത്തിന്‌ നല്‍കുന്ന സബ്സിഡിയും ഹജ്ജ്‌
യാത്രക്കാര്‍ക്കൊരുക്കുന്ന സൗകര്യങ്ങളും കൂട്ടിവായിക്കേണ്ടിയിരിക്കുന്നു.

Monday, November 19, 2007

മണ്ടരര്‌ ഭക്തരര്‌...

ഓരോരുത്തര്‍ക്കും ഓരോന്നിലാണ്‌ ശരണം!

ചിലര്‍ക്കു പണമേ ശരണം, ചിലര്‍ക്കു പവറേ ശരണം, ചിലര്‍ക്കു പെണ്ണേ ശരണം,
അങ്ങനെയങ്ങനെ....

മാര്‍ക്സേ ശരണം എന്ന മന്ത്രം മാത്രം ഉരുവിട്ടു നടക്കുന്ന പ്രമുഖ വായ്മൊഴി
വഴക്ക കലാകാരാന്‍ സ്വാമിയേ ശരണം എന്നു മാത്രം മന്ത്രം മുഴങ്ങുന്ന ശബരിമല
ഭരിക്കാനിറങ്ങിയാല്‍ ഇങ്ങനെയിരിക്കും.

ഓര്‍ക്കണം, പുലിപ്പാല്‍ കൊണ്ടുവന്ന്‌ വളര്‍ത്തമ്മയായ പന്തളം മഹാറാണിയുടെ
ജീവന്‍ കാത്തവനാണ്‌ ശ്രീ അയ്യപ്പന്‍. ആ ശ്രീ അയ്യപ്പനെ നോമ്പു നോറ്റു
കാണാനെത്തുന്ന ഭക്തര്‍ക്ക്‌ നേരേ ചൊവേ അരവണ കൊടുക്കാന്‍ പോലും
സാമര്‍ത്ഥ്യമില്ലാത്തവര്‍ ദേവസ്വം ബോര്‍ഡ്‌ ഭരിക്കാനിറങ്ങിയാല്‍
ഇങ്ങനെയിരിക്കും.

അണുബോംബുണ്ടാക്കാനറിയാം എന്നൂറ്റംകൊണ്ടു നടക്കുന്ന മാന്യന്മാര്‍ക്ക്‌
അരവണയുണ്ടാക്കാന്‍ പോലുമറിയില്ലെന്നു വന്നാല്‍ എന്താ കഥ?

മണിക്കൂറുകള്‍ ക്യൂ നിന്നാല്‍ റേഷന്‍ കടയില്‍ നിന്നും കിട്ടുന്ന
മാതിരിയാണിപ്പോള്‍ അരവണ വിതരണം. അഞ്ചു ബോട്ടില്‍ ചോദിച്ചാല്‍ രണ്ടു
ബോട്ടില്‍ കിട്ടും.

ആഴ്ചയില്‍ അഞ്ചു കിലോ അരി വേണ്ട വീട്ടിലേക്ക്‌ രണ്ട്‌ യൂണിറ്റ്‌ അരി
മാത്രം കൊടുക്കുന്ന റേഷന്‍ കട മോഡല്‍ നേര്‍ച്ച!

അരവണ നിര്‍മ്മാണം വല്ല ചൈനീസ്‌ കമ്പനിയേയും ഏല്‍പ്പിക്കുന്ന കാര്യം
ആലോചിക്കാവുന്നതാണ്‌ - തട്ടിപ്പും വെട്ടിപ്പും നടത്താതെ ശുദ്ധമായ
എലിവാല്‍ രഹിത അരവണയുണ്ടാക്കി മനോഹരമായി പാക്ക്‌ ചെയ്ത്‌ ചൈനക്കാര്‍
പറഞ്ഞ നേരംകൊണ്ട്‌ എത്തിച്ചേനേ!

സംസ്ഥാന ഖജാനയിലേക്ക്‌ കോടികള്‍ വരുമാനമേകുന്ന ശബരിമലയുടെ ദുഃസ്ഥിതി
കാണുമ്പോള്‍ ഇവന്മാരെയൊക്കെ പുലി പിടിക്കണേ എന്നു പ്രാര്‍ത്ഥിക്ക മാത്രേ
വഴിയുള്ളൂ. പണ്ടായിരുന്നെങ്കില്‍ മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ എപ്പൊ പുലി
പിടിച്ചൂന്ന്‌ ചോദിച്ചാല്‍ മതി. ഇപ്പഴാണെങ്കില്‍ കാടുമില്ല, കാട്ടില്‍
പുലിയുമില്ല. ആകെയുള്ളത്‌ നാട്ടിലുള്ള കഴുതപ്പുലികള്‍ മാത്രം!

ദൈവത്തിന്റെ കാര്യങ്ങള്‍ അല്‍പന്മാരായ മനുഷ്യന്മാര്‍ നോക്കാന്‍ തുടങ്ങിയ
കാലം മുതല്‍ തുടങ്ങിയതാണ്‌ ഇത്തരം കെടുതികള്‍. ഒരു ജാതി മന്ത്രി, ഒരു
ജാതി തന്ത്രി, ഒരു ജാതി ദേവസ്വം, ഒരു ജാതി കരാറുകാര്‍ ... !

ഭക്തരുടെ കാര്യം സ്വാമി ശരണം!

മനുഷ്യത്വം അന്യമായ കോടതികളും വിധികളും

ആഗോളീകരണത്തിന്റെ നാളുകളില്‍ കോടതികളും അധിനിവേശ-മൂലധന ശക്തികളുടെ
അഞ്ചാംപത്തികളായി മാറുകയാണോ എന്ന്‌ ഇന്ത്യയിലെ സാധാരണക്കാരെകൊണ്ട്‌
നിര്‍ബന്ധപൂര്‍വം ചിന്തിപ്പിക്കുന്ന തരത്തിലാണ്‌ കഴിഞ്ഞ കുറേ നാളുകളായി
പരമോന്നത നീതിപീഠങ്ങളില്‍നിന്നുള്ള ഉത്തരവുകള്‍ ഉണ്ടായിട്ടുള്ളത്‌.

സംസ്ഥാനങ്ങളിലെ ഹൈക്കോടതികളും രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം
കോടതിയും ഇക്കാര്യത്തില്‍ മത്സരിക്കുന്നതിന്റെ ഗര്‍ഹണീയ കാഴ്ചകളാണ്‌
ഇന്ത്യന്‍ പൗരന്റെ സമാധാനം കെടുത്തുന്നത്‌. ഭരണത്തിന്റെ ആദ്യ രണ്ട്‌
ഘടകങ്ങളായ ലജിസ്ലേച്ചറും എക്സിക്യൂട്ടീവും അവരുടെ നിയമങ്ങള്‍
നടപ്പിലാക്കാനുള്ള പോലീസും സാധാരണ പൗരന്‌ മാന്യനായി, അഭിമാനപൂര്‍വം
ജീവിക്കാനുള്ള പരിസരം ഉന്മൂലനം ചെയ്യുമ്പോള്‍ അതിനെതിരെ
അവകാശസംരക്ഷണത്തിന്‌ ഇതുവരെ സമീപിക്കാന്‍ കഴിഞ്ഞിരുന്ന സംവിധാനമാണ്‌
ന്യായാസനങ്ങള്‍. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി പൗരന്മാരെ
പീഡിപ്പിക്കുന്ന പീഡകകേന്ദ്രമായി കോടതികള്‍ മാറിക്കഴിഞ്ഞുവെന്ന്‌, അവയുടെ
ജനവിരുദ്ധവിധികള്‍ തെളിയിക്കുന്നു.

തൊഴിലാളികള്‍ക്ക്‌ സമരം ചെയ്യാനുള്ള അവകാശം റദ്ദാക്കിയ തമിഴ്‌നാട്‌
ഹൈക്കോടതിയും, കൊക്കകോള, സ്വാശ്രയ കേസുകളില്‍ വിധി പ്രഖ്യാപിച്ച കേരള
ഹൈക്കോടതിയും പീഡനത്തിന്റെ ഈ ദണ്ഡുകളായിരുന്നു വീശിയത്‌.

അതിന്റെ ചുവടുപിടിച്ചാണെന്നുതോന്നുന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി, കേരള
ഹൈക്കോടതി സ്ത്രീകളുടെ മാന്യത തകര്‍ത്ത്‌ അവരെ ലൈംഗിക
ഉപകരണങ്ങളാക്കിമാറ്റി മുതലെടുപ്പിന്റെ തന്ത്രം പയറ്റിയ രാഷ്ട്രീയ
നേതാക്കന്മാര്‍ക്ക്‌ അനുകൂലമായ വിധി പ്രഖ്യാപിച്ചത്‌.

കേരളത്തെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ചിന്തിക്കുന്ന ജനവിഭാഗത്തെയാകെ
ആശങ്കാകുലരാക്കിയ സ്ത്രീപീഡനങ്ങളാണ്‌ സൂര്യനെല്ലിയിലും കോഴിക്കോട്‌
ഐസ്ക്രീം പാര്‍ലറിലും നടന്നത്‌. അന്ന്‌ കേന്ദ്രമന്ത്രിയായിരുന്ന പി.ജെ.
കുര്യന്‍ സൂര്യനെല്ലിക്കേസിലും സംസ്ഥാന മന്ത്രിയായിരുന്ന
കുഞ്ഞാലിക്കുട്ടി ഐസ്ക്രീം പാര്‍ലര്‍ കേസിലും
മുഖ്യപ്രതികളായിരുന്നുവെന്ന്‌ ഇരകളും സാക്ഷികളും വിചാരണക്കോടതികളില്‍
മൊഴിനല്‍കിയിട്ടും ഈ ദുഷ്ടതകള്‍ക്കെതിരെ വിധിയെഴുതാന്‍ എന്തുകൊണ്ടോ
ന്യായാധിപന്മാരുടെ പേനകള്‍ക്ക്‌ ശക്തിയില്ലാതെപോയി. ഇൌ‍ കേസുകള്‍
സംബന്ധിച്ച്‌ പോലീസ്‌ നടത്തിയ അന്വേഷണങ്ങള്‍ അട്ടിമറിക്കാന്‍
ഇരുമന്ത്രിമാരും അവരുടെ പാര്‍ട്ടികളും കോടികളാണ്‌ ഒഴുക്കിയത്‌. അന്വേഷണ
ഉദ്യോഗസ്ഥരെ മാത്രമല്ല, ഇരകളേയും അവരുടെ ബന്ധുക്കളെയും പണം കൊടുത്ത്‌
പ്രലോഭിപ്പിച്ച്‌ കൂറുമാറ്റാനുള്ള ശ്രമവും നടന്നിരുന്നു. ഇത്‌ ഏതു
പോലീസുകാരനും അറിയാവുന്ന സത്യമാണ്‌.

എന്നാല്‍ നിയമജ്ഞരെന്നും വിവേകശാലികളെന്നും നിഷ്പക്ഷരെന്നും
നീതിബോധമുള്ളവരെന്നും സാധാരണക്കാര്‍ വിശ്വസിച്ചിരുന്ന
ന്യായാധിപന്മാര്‍ക്ക്‌ ഈ സത്യം ഉള്‍ക്കൊള്ളാനുള്ള മനസുണ്ടാകാതെപോയത്‌
എന്തുകൊണ്ടാണെന്ന്‌ വ്യവഛേദിക്കേണ്ടതുണ്ട്‌. നീതിക്കും
നീതിനിഷേധിക്കപ്പെട്ടവര്‍ക്കും വേണ്ടി നിലകൊള്ളേണ്ടവര്‍, കേവല സാങ്കേതിക
ന്യായങ്ങളുടെ മറവില്‍ മുതലെടുപ്പിന്റെ ശക്തികള്‍ക്കും ലൈംഗികപീഡകര്‍ക്കും
അനുകൂലമായ വിധി പ്രഖ്യാപിക്കുമ്പോള്‍ സാധാരണക്കാരുടെ മനസിലുണ്ടാകുന്ന
നിരീക്ഷണങ്ങള്‍ തീര്‍ച്ചയായും കോടതികള്‍ക്കും ന്യായാധിപന്മാര്‍ക്കും
എതിരുതന്നെയാണ്‌. എന്നാല്‍ അത്‌ തുറന്നുപറഞ്ഞാല്‍ കോടതി അലക്ഷ്യമെന്ന
ഉമ്മാക്കി കാട്ടി ന്യായത്തിനുവേണ്ടി വാദിക്കുന്നവരുടെയും നീതിക്കുവേണ്ടി
നിലകൊള്ളുന്നവരുടെയും വായടപ്പിക്കാന്‍ ഈ ന്യായാധിപന്മാര്‍ക്ക്‌
അധികാരമുണ്ട്‌. ഈ അധികാരത്തിന്റെ മറവിലാണ്‌ ഇവര്‍ കാട്ടുന്ന പല
അസത്യങ്ങളും ചര്‍ച്ച ചെയ്യിപ്പിക്കാതിരിക്കാന്‍ ഇവര്‍ക്ക്‌ കഴിയുന്നത്‌.

അതുകൊണ്ടാണ്‌ സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യനേയും ഐസ്ക്രീം
പാര്‍ലര്‍കേസില്‍ കുഞ്ഞാലിക്കുട്ടി അടക്കമുള്ള വമ്പന്മാരേയും
കുറ്റവിമുക്തരാക്കിയിട്ടും ജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രതിഷേധം,
അവയുടെ തനത്‌ രൂപത്തിലും ഭാവത്തിലും ശക്തിയിലും പുറത്തുവരാതിരുന്നത്‌.

സൂര്യനെല്ലി കേസില്‍ ഏറ്റവും നികൃഷ്ടമെന്ന്‌ വിശേഷിപ്പിക്കാവുന്ന ഒരു
സാങ്കേതികതയുടെ മറവിലാണ്‌ ചീഫ്‌ ജസ്റ്റിസ്‌ കെ.ജി. ബാലകൃഷ്ണന്‍
അടക്കമുള്ള ബെഞ്ച്‌ പി.ജെ. കുര്യനെ കുറ്റവിമുക്തനാക്കിയത്‌. സംഭവം
പുറത്തുവന്ന്‌ മൂന്നു വര്‍ഷം കഴിഞ്ഞാണ്‌ ഇരയായ പെണ്‍കുട്ടി സ്വകാര്യ
അന്യായം ഫയല്‍ ചെയ്തതെന്നും ഇത്‌ നിയമപരമായി അംഗീകരിക്കാന്‍ കഴിയുകയില്ല
എന്നുമാണ്‌ കുര്യനെ കുറ്റവിമുക്തനാക്കിയ വിധിയില്‍
സൂചിപ്പിച്ചിട്ടുള്ളത്‌.

എന്നാല്‍ എന്തുകൊണ്ട്‌ ഈ കാലതാമസം ഉണ്ടായി എന്നു ചിന്തിക്കാന്‍ കോടതി
തയ്യാറായതുമില്ല. സൂര്യനെല്ലി പീഡനക്കേസിന്റെ പോലീസ്‌ അന്വേഷണം നടക്കുന്ന
സമയമായിരുന്നു കോടതി ചൂണ്ടിക്കാട്ടിയ ഈ മൂന്നുവര്‍ഷം. സ്വാഭാവികമായും
പോലീസിന്റെ ഭാഗത്തുനിന്ന്‌ നീതിലഭിക്കും എന്നായിരിക്കുമല്ലോ ഇരയും
ബന്ധുക്കളും വിശ്വസിച്ചിരിക്കുക. ആ വിശ്വാസം തകര്‍ക്കുന്ന നിലയില്‍
അന്വേഷണത്തില്‍ ഇടപെട്ട്‌ തെളിവുകള്‍ അട്ടിമറിച്ചു എന്നു
ബോധ്യപ്പെട്ടപ്പോഴാണ്‌ പീഡനത്തിനിരയായ പെണ്‍കുട്ടി പീരുമേട്‌ കോടതിയില്‍
സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്‌. ഇതില്‍ പി.ജെ. കുര്യന്‍ എത്ര നീചവും
വികൃതവുമായ രീതിയിലാണ്‌ തന്നെ ലൈംഗികമായി മുതലെടുത്തതെന്ന്‌ പച്ചയായി
വിവരിച്ചിട്ടുണ്ടായിരുന്നു. ഈ സാക്ഷിമൊഴി വിശ്വസിക്കാന്‍ ബഹുമാനപ്പെട്ട
കോടതികള്‍ക്കൊന്നിനും വിശേഷിച്ച്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌
അടക്കമുള്ളവര്‍ക്ക്‌ മനസില്ലാതെ പോയപ്പോഴാണ്‌ കുര്യന്‍
കുറ്റവിമുക്തനാക്കപ്പെട്ടത്‌.
സമാന സ്വഭാവമാണ്‌ ഐസ്ക്രീം പാര്‍ലര്‍കേസുമായി ബന്ധപ്പെട്ട്‌ കേരള
ഹൈക്കോടതിയില്‍ നിന്നുള്ള ഉത്തരവിലും പ്രകടമായിട്ടുള്ളത്‌. ആ കേസിലെ
പ്രധാന ഇര റെജീന 124-ാ‍ം വകുപ്പു പ്രകാരം മജിസ്ട്രേട്ട്‌ കോടതിയില്‍
കൊടുത്ത മൊഴിയില്‍ കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്റെ ഡ്രൈവര്‍
അടക്കമുള്ളവര്‍ എപ്പോള്‍ എവിടെയെല്ലാം വച്ച്‌ എങ്ങനെയെല്ലാം തന്നെ
പീഡിപ്പിച്ചുവെന്ന്‌ വ്യക്തമായി വിവരിച്ചിട്ടുണ്ടായിരുന്നു. എന്നു
മാത്രമല്ല, കുഞ്ഞാലിക്കുട്ടിയും റൗഫും അടക്കമുള്ളവര്‍ എപ്പോഴെല്ലാം എത്ര
ലക്ഷം രൂപ തന്ന്‌ തന്നെ മൊഴിമാറ്റി പറയിച്ചുവെന്ന്‌ ഇലക്ട്രോണിക്‌
മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട്‌ റെജീന തന്നെ വ്യക്തമാക്കിയതാണ്‌.

എന്നാല്‍ കേസിന്റെ ഹര്‍ജി പരഗണിച്ച ഉന്നത കോടതികളൊന്നുപോലും ഈ
സത്യങ്ങള്‍ക്കുനേരെ കണ്‍തുറന്നില്ല എന്നതിന്റെ തെളിവുകളാണ്‌
തുടര്‍ച്ചയായി ഉണ്ടായിട്ടുള്ള നിഷേധ വിധികള്‍. മജിസ്ട്രേട്ട്‌ നല്‍കിയ
മൊഴി കണക്കിലെടുക്കാത്ത കോടതി അതേസമയം, ഒരിക്കല്‍പോലും
അംഗീകരിക്കാനാവില്ലാത്ത ചില പരാമര്‍ശം കഴിഞ്ഞ ദിവസം നടത്തിയിട്ടുമുണ്ട്‌.
കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ്‌ അന്വേഷി പ്രസിഡന്റ്‌ അജിത ഈ കേസില്‍
തെളിവുകള്‍ ഹാജരാക്കിയതെന്നും റെജീനയുടെ മൊഴി വിശ്വാസിക്കാന്‍
കഴിയുകയില്ല എന്നുമൊക്കെയാണ്‌ ജസ്റ്റിസ്‌ കെ. തങ്കപ്പന്‍ നിരീക്ഷിച്ചത്‌.

അതെ നമ്മുടെ കോടതികളും ന്യായാധിപന്മാരും സത്യത്തില്‍ നിന്നും
ന്യായത്തില്‍നിന്നും അകന്നുനില്‍ക്കാനുള്ള സാങ്കേതിക മറവുകള്‍
തേടുന്നതില്‍ വിദഗ്ധരാണ്‌. അന്യായക്കോടതി എന്ന നാട്ടുനടപ്പ്‌ ചൊല്ലിനെ
സാധൂകരിക്കുകയും സാര്‍ത്ഥകമാക്കുകയുമാണ്‌ ഈ ന്യായാധിപന്മാര്‍ അടക്കമുള്ള
നീതിന്യായവ്യവസ്ഥ.

ഇവിടെ സത്യം നിലവിളിക്കുകയാണ്‌.....

Saturday, November 17, 2007

പീഡകര്‍ക്കെതിരെ കൂടോത്രം ചെയ്യുക!

ന്യായസനങ്ങള്‍ക്ക്‌ മുമ്പാകെ നീതി തേടി പോകും മുമ്പെ, നമുക്ക്‌ മുന്നില്‍
ഒരുപാട്‌ വഴികളുണ്ട്‌.

ഒന്നാമത്തെ വഴി നമ്മളെ പീഡിപ്പിച്ചവരോട്‌ ക്ഷമിച്ചുകളയുക എന്നതാണ്‌. ക്ഷമ
കൊണ്ട്‌ രണ്ടു ഗുണമുണ്ട്‌. അന്ത്യവിധി നാളില്‍ ആ ദ്രോഹിയെ തമ്പുരാന്‍
തിളച്ച എണ്ണയില്‍ വറുത്തുകൊള്ളുമെന്നതാണ്‌ ഒരു ഗുണം. രണ്ടാമത്തെ ഗുണം
കേസിനും പൊല്ലാപ്പിനും പോയി കീശകാലിയാകില്ലെന്നതാണ്‌.

രണ്ടാമത്തെ വഴിയില്‍ ഒരുപാട്‌ ഇടവഴികളുണ്ട്‌. നമുക്ക്‌ വേണമെങ്കില്‍
പ്രാന്തന്‍കുരിശു മുത്തപ്പനു നേര്‍ച്ച നേരാം. റെജീന, പ്രാന്തന്‍ കുരിശു
മുത്തപ്പന്‌ ഒരു നേര്‍ച്ച നേര്‍ന്നിരുന്നെങ്കില്‍. ഇന്നിപ്പോള്‍ കുഞ്ഞാലി
ഭ്രാന്തുപിടിച്ച്‌ ചെവിയില്‍ ചെമ്പരത്തിപൂവും തിരുകി തെക്കുവടക്ക്‌
അലഞ്ഞേനെ!

അതല്ലെങ്കില്‍ തൃശൂരുവരെ പോയാല്‍ മതി. കുഞ്ഞാലിയെന്നല്ല ഏതു രാജാവിന്റെ
തലയിലും ഉണക്കത്തേങ്ങ വീഴ്ത്താന്‍ ശക്തിയുള്ള ചാത്തന്മാര്‍ കൂട്ടത്തോടെ
വാഴുന്ന സേവാമഠങ്ങളുടെ ആസ്ഥാനമാണ്‌ തൃശൂര്‍. അതുമല്ലെങ്കില്‍
ചെട്ടിക്കാട്‌ പള്ളിയില്‍ നേര്‍ച്ച നേരാം. മലപ്പുറത്തുപോയി കൂടോത്രം
ചെയ്യാം. അങ്ങിനെയങ്ങിനെ ഒരുപാട്‌ ഇടവഴികള്‍.

ഇത്രയും സംവിധാനങ്ങളിവിടെയുണ്ടായിട്ടും പോയി കേസു കൊടുക്കുന്ന അല്‍പ്പ
ബുദ്ധികളെ സമ്മതിക്കണം.

ഇപ്പോഴെന്തായി? ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ ഗതി കണ്ടില്ലേ? കേസ്‌
പുനര്‍വിചാരണ നടത്താന്‍ മതിയായ കാരണമില്ലെന്ന്‌ ന്യായാസനം
കണ്ടുപിടിച്ചിരിക്കുന്നു. റെജീന കൊടുത്ത ആദ്യമൊഴി പുസ്തകമാക്കി
പ്രസിദ്ധപ്പെടുത്തിയാല്‍ നളിനി ജമീലയുടെ ആത്മകഥയേക്കാള്‍ വാത്സ്യായന്റെ
കാമസൂത്രത്തേക്കാള്‍ കൂടുതല്‍ കോപ്പി വിറ്റുപോകുമെന്നാണ്‌ അറിയുന്നത്‌.

എന്നിട്ടും കുഞ്ഞാലിയെ ശിക്ഷിക്കാന്‍ മതിയായ കാരണങ്ങളില്ല.

മട്ടാഞ്ചേരി കാണാന്‍ പോയൊരു ന്യായാധിപന്‍ നരകതുല്യമായ ചേരിത്തെരുവുകള്‍
കണ്ട്‌ രോഷാകുലനായത്‌ കഴിഞ്ഞയാഴ്ചയാണ്‌. ന്യായാസനങ്ങളില്‍ ആസനസ്ഥരായ
തമ്പുരാക്കന്മാര്‍ക്കും പെണ്‍മക്കളുണ്ടാവാം. അവരെയും കുഞ്ഞാലിമാര്‍
കൈവച്ചേക്കാം.

അന്നേരമെ മതിയായ കാരണം കിട്ടൂവെന്നാണ്‌ സ്ഥിതി. അതിനാല്‍ പാവങ്ങള്‍
പീഡകര്‍ക്കെതിരെ കൂടോത്രം ചെയ്യുക!

കാരാട്ടിന്റെ കൊലച്ചതി

കൊലച്ചതി എന്ന വാക്ക്‌ ഇത്ര ഭംഗിയായി, കൗശലത്തോടെ പ്രവൃത്തിയായി
വിവര്‍ത്തനം ചെയ്ത കാരാട്ടിനെയും യെച്ചൂരിയെയും ബുദ്ധദേവ്‌
ഭട്ടാചര്യയെയും എ.ബി. ബര്‍ദ്ദാനെയും സാഷ്ടാംഗം നമിക്കുക..!

ബുഷിനും മന്‍മോഹനും സോണിയക്കും വേണ്ടി വെടിവഴിപാട്‌ നടത്തുക...!!

കൊക്കകോളയും മൈക്രോസോഫ്റ്റും സലീം ഗ്രൂപ്പും നന്ദിഗ്രാമും
ആണവകരാറുമില്ലെങ്കില്‍ എന്തു വികസനം...!!!

അടുത്തവര്‍ഷം നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോര്‍ജ്‌ ഡബ്ല്യു
ബുഷ്‌ ജൂനിയറിന്‌ മത്സരിക്കാനും ഹിലാരി ക്ലിന്റനെ തോല്‍പ്പിക്കാന്‍ അവസരം
ലഭിച്ചില്ലെങ്കില്‍ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ പ്രസക്തിയെന്ത്‌...!!!!

ജെഎന്‍യു കമ്യൂണിസ്റ്റായ സീതാറാം യെച്ചൂരിയും നന്ദിഗ്രാം കമ്യൂണിസ്റ്റായി
ബുദ്ധദേവ്‌ ഭട്ടാചര്യയും ലോകബാങ്ക്‌ കോണ്‍ഗ്രസുകാരനായ മന്‍മോഹനും സ്വിസ്‌
കോണ്‍ഗ്രസുകാരിയായ സോണിയയും ചേര്‍ന്ന്‌, അങ്ങനെ നാനാത്വത്തിലെ ഏകത്വമെന്ന
ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്‌ ചതിയുടെയും കൂട്ടികൊടുപ്പിന്റെയും പുതിയ
ഏട്‌ രചിച്ചിരിക്കുന്നു...!!!!!

വണ്‍ടുത്രീ കരാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹൈഡ്‌ആക്ടിലെ 123-ാ‍ം
വകുപ്പ്‌ പ്രകാരം ഇന്ത്യയുടെ സ്വയം ശീര്‍ഷത്വം കീഴടക്കാനുള്ള ബുഷിന്റെ
കുതന്ത്രങ്ങള്‍ക്ക്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും ചുവപ്പു പരവതാനി
വിരിച്ചുകഴിഞ്ഞു....!!!!!!

ആണവകരാര്‍ സംബന്ധിച്ച്‌ ഇതുവരെ കാരാട്ടും കൂട്ടരും ഉയര്‍ത്തിയിരുന്ന
എതിര്‍പ്പുകള്‍, ബലമായി തന്നെ പ്രാപിക്കാനെത്തുന്ന ഒരു ഗുണ്ടയോട്‌
തെരുവുവേശ്യ പുലര്‍ത്തുന്ന അനഭിമതത്വം മാത്രമായിരുന്നുവെന്ന്‌
തെളിഞ്ഞിരിക്കുന്നു....!!!!!!!

പാര്‍ലമെന്റില്‍ ആണവകരാര്‍ സംബന്ധിച്ച ചര്‍ച്ച വരുമ്പോള്‍ എന്‍ഡിഎയുമായി
ചേര്‍ന്ന്‌ വോട്ട്‌ ചെയ്ത്‌ മന്‍മോഹന്‍ സര്‍ക്കാരിനെ
മുട്ടുകുത്തിക്കുമെന്ന്‌ ആദ്യവും വോട്ടിംഗില്ലാതെ ചര്‍ച്ച മതിയെന്ന്‌
പിന്നീടും കാരാട്ട്‌ പറഞ്ഞപ്പോള്‍ വിവേകമുള്ളവര്‍ക്കെല്ലാം ഈ ജെഎന്‍യു
കമ്യൂണിസ്റ്റുകളുടെ മനസിലിരുപ്പ്‌ വ്യക്തമായതാണ്‌. ആ ഭയം ഇപ്പോള്‍
സാക്ഷാത്കരിച്ചിരിക്കുന്നു. ആണവകരാര്‍ നടപ്പിലാക്കുന്നത്‌ സംബന്ധിച്ച
ഐഎഇഎയുമായുള്ള (ചതിയുടെ) ചര്‍ച്ചയ്ക്ക്‌ മന്‍മോഹനും സോണിയക്കും അനുമതി
നല്‍കിയിരിക്കുകയാണ്‌ കാരാട്ടും കൂട്ടരും.

ഇന്നലെവരെ ആണവകരാറിനെതിരെ കടുത്ത നിലപാടുകളെടുത്തവരായിരുന്നു കാരാട്ടും
കൂട്ടരും. ഈ എതിര്‍പ്പിന്റെ പേരില്‍ മന്‍മോഹന്‍ കയര്‍ത്തതും
പ്രധാനമന്ത്രിപദം രാജിവയ്ക്കുമെന്ന്‌ പ്രഖ്യാപിച്ചതും ഓര്‍ക്കുക. ഇതൊരു
അഭിനയമായിരുന്നില്ല. ബുഷിന്റെ സമ്മര്‍ദ്ദം മൂലമുള്ള
പൊട്ടിത്തെറിയായിരുന്നു. ആ സാഹചര്യത്തില്‍ കാരാട്ടും പാന്ഥെയുമടങ്ങുന്ന
ആണവകരാര്‍ വിരുദ്ധരെ ഹൈജാക്ക്‌ ചെയ്യാന്‍ യെച്ചൂരിക്കും ബുദ്ധദേവ്‌
ഭട്ടാചാര്യക്കും മാത്രമേ കഴിയുകയുള്ളൂവെന്ന്‌ സോണിയക്ക്‌
അറിയാമായിരുന്നു. അതുകൊണ്ടാണല്ലോ യുപിഎയും കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും
തമ്മില്‍ നയപരമായ കാര്യങ്ങളില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ ചര്‍ച്ചക്കായി
സോണിയ യെച്ചൂരിയെ തെരഞ്ഞെടുത്തിരുന്നത്‌.
പ്രാതല്‍-തീന്‍മേശ-സ്ട്രാറ്റജിയിലൂടെ യെച്ചൂരിയെയും അതിലൂടെ
ഭട്ടാചാര്യയെയും സോണിയ വശീകരിച്ചെടുക്കുകയായിരുന്നു. അവരെ ഉപയോഗിച്ച്‌
കാരാട്ട്‌ അടക്കമുള്ളവരെ ഹൈജാക്ക്‌ ചെയ്യുന്നതില്‍ സോണിയ-മന്‍മോഹന്‍
സഖ്യം വിജയിക്കുകയും ചെയ്തിരിക്കുന്നു.

ഇവിടെ, ഈ അന്തക കരാറിന്‌ അനുമതി നല്‍കാനുള്ള തന്ത്രത്തിന്റെ
ഭാഗമായിരുന്നു നന്ദിഗ്രാം വെടിവയ്പ്പെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
അധികാര രാഷ്ട്രീയത്തിന്റെ രീതിശാസ്ത്രങ്ങളില്‍ മാതാപിതാക്കളെയും
സഹോദരങ്ങളേയും വധിച്ചും ജനങ്ങളെ വഞ്ചിച്ചും സ്ഥാനം നിലനിര്‍ത്തുന്ന
കുടിലമായ ചില തന്ത്രങ്ങളുണ്ടല്ലോ. അതിന്റെ വികൃതമായ രൂപമായിരുന്നില്ലേ
നന്ദിഗ്രാം വെടിവയ്പ്‌. നന്ദിഗ്രാമില്‍ ബംഗാളിലെ കമ്യൂണിസ്റ്റ്‌
പാര്‍ട്ടിയും ഭരണകൂടവും സ്വീകരിച്ച നിലപാട്‌ ഭരണഘടനാ വിരുദ്ധവും
ഒരുവിധത്തിലും ന്യായീകരിക്കാനാവാത്തതാണെന്നും മരിച്ചവരുടെ
ബന്ധുക്കള്‍ക്ക്‌ അഞ്ചുലക്ഷം രൂപാ വീതം നഷ്ടപരിഹാരം നല്‍കണമെന്നും
കല്‍ക്കട്ട ഹൈക്കോടതി പോലും ഉത്തരവിറക്കേണ്ട സാഹചര്യമായിരുന്നു. ഈ
സാഹചര്യത്തിലേക്ക്‌ എന്തുകൊണ്ട്‌ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ല
എന്നായിരുന്നു സമാധാനകാംഷികളുടെയെല്ലാം സന്ദേഹവും ആശങ്കയും.

ഇപ്പോള്‍ അവയ്ക്കെല്ലാം വ്യക്തത വന്നിരിക്കുന്നു. നന്ദിഗ്രാം
പ്രശ്നത്തില്‍ കേന്ദ്ര ഇടപെടല്‍ ഒഴിവാക്കാന്‍ ഒരു മാര്‍ഗമേയുള്ളൂ.
ആണവകരാറിന്‌ പിന്തുണനല്‍കുക. ആ കൊടുംചതിയാണ്‌ കാരാട്ടും കൂട്ടരും
കാണിച്ചിരിക്കുന്നത്‌. ഇത്‌ ഇന്ത്യയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന
ബഹുമാനിക്കുന്ന പരശതം പൗരന്മാരോടുള്ള വെല്ലുവിളിയും വഞ്ചനയുമാണ്‌.

"ഇതിനൊക്കെ പ്രതികാരം ചെയ്യാതിരിക്കുമോ പതിതരേ നിങ്ങള്‍തന്‍ പിന്മുറക്കാര്‍..."

Friday, November 16, 2007

നാട്ടുകാരുടെ അധോഗതി രാഷ്ട്രത്തിന്റെ പുരോഗതി

കല്ലുകടികള്‍ക്കും കണ്ണുകടികള്‍ക്കുമെല്ലാം ഒടുവില്‍...

കാത്തുകാത്ത്‌ കാത്തിരുന്നൊടുവില്‍ സ്മാര്‍ട്ട്‌ സിറ്റിക്ക്‌ കല്ലിട്ടു!
ആഹ്ലാദത്തിന്റെ ഈ മഹാഗോപുരനടയില്‍ ഒരു മലര്‍ക്കുടം തകര്‍ന്നുകിടക്കുന്നു.
ആ കുടത്തിന്റെ ഉടമ പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞാകുന്നു.

കുഞ്ഞൂഞ്ഞിന്റെ ആയ കാലത്ത്‌ സ്മാര്‍ട്ട്സിറ്റി നടപ്പാക്കാന്‍
പറ്റിയിരുന്നെങ്കില്‍ എന്നതാ കഥ. തലമുറതലമുറ കൈമാറി തിന്നുസുഖിക്കാനുള്ള
വക ഈ ഒറ്റ ഇടപാടില്‍തന്നെ ആ നിസ്വാര്‍ത്ഥമതി ഒപ്പിച്ചെടുത്തേനെ! ഇനി
പറഞ്ഞിട്ടെന്തുകാര്യം. അച്ചുമാമ്മന്‍ കേറി വെട്ടിനിരത്തിയില്ലേ
കുഞ്ഞൂഞ്ഞിന്റെ ആ മലര്‍ക്കുടം!

കല്ലിട്ടത്‌ അച്ചുമാമ്മനും കാശുകാരനായ ഒരറബിയും കൂടിയായതുകൊണ്ട്‌
സ്മാര്‍ട്ട്സിറ്റിയുടെ കല്ല്‌ പൊതുമരാമത്തുകാര്‍ ഇടുന്ന കല്ലുപോലെ
വഴിയാധാരമാവില്ലെന്ന പ്രതീക്ഷയ്ക്കുവകുപ്പുണ്ട്‌.

പണ്ടത്തെപ്പോലെയാകില്ല ഇനി കൊച്ചി. ഒറ്റ പകലുകൊണ്ട്‌ കൊച്ചി
സ്മാര്‍ട്ടായിരിക്കുന്നു. കൊച്ചിയിലെ കുഞ്ഞുകുട്ടി പരാധീനങ്ങള്‍ തൊട്ട്‌
കൊച്ചിയിലെ മഹാരാജാക്കന്മാരായ കൊതുകുകള്‍വരെ ഇനി സ്മാര്‍ട്ടാകും. ഇതുവരെ
കൊണ്ടതൊന്നുമല്ല കടി. സ്മാര്‍ട്ട്‌ കൊതുകുകടികള്‍ വരാനിരിക്കുന്നു!

ഇപ്പോള്‍തന്നെ നിന്നുതിരിയാന്‍ ഇടമില്ലാത്ത കൊച്ചിയിലേക്ക്‌
കൊയിലാണ്ടിയില്‍നിന്നുവരെ ആള്‍ക്കാര്‍ ഇടിച്ചുകയറി തിരിക്കുണ്ടാക്കും.
പണ്ടത്തെ സോഡാകുപ്പി കഴുത്തുപോലെ ഇടുങ്ങിയ കൊച്ചിയിലെ രാജപാതകള്‍ ആകെ
മൊത്തം 'ബ്ലോക്ക്‌ പഞ്ചായത്തു'കളാകും. 25,000 മുതല്‍ രണ്ടു ലക്ഷം രൂപവരെ
മാസം ശമ്പളം കിട്ടുന്നവരുടെ കൂട്ടത്തില്‍ മാസം 3000 പോലും കിട്ടാത്ത
പാവങ്ങള്‍ എങ്ങനെ നിന്നുപിഴക്കും?

ഇപ്പോള്‍തന്നെ വാണംവിട്ടപോലെ ഉയര്‍ന്നുപോകുന്ന ഭൂമിവില ഇനിയും ഇനിയും
ഉയരും. ചുരുക്കത്തില്‍ നാളത്തെ കൊച്ചി ഇന്നത്തെ കൊച്ചിക്കാരുടേതല്ലാതായി
മാറും. കൊച്ചിക്കാര്‍ ഒന്നൊന്നായി നാടുവിട്ടുപോകേണ്ടിവരും. കൊച്ചിക്കാര്‍
ചെന്നെത്തുന്നിടമൊക്കെ പില്‍ക്കാലത്ത്‌ സ്മാര്‍ട്ടാകും. അങ്ങനെ
കൊച്ചിക്കാര്‍ അവിടെനിന്നും നാടുവിട്ടുപോകും. അങ്ങനെ അങ്ങനെ
അഭയാര്‍ത്ഥികളുടെ ചരിത്രത്തില്‍ കൊച്ചിക്കാരനും ഇടംകിട്ടും.
കൊച്ചിക്കാരന്റെ ഇന്നത്തെ സന്തോഷം കാണുമ്പോള്‍ മലര്‍പൊടി ചുവന്നത്‌
കുഞ്ഞൂഞ്ഞുമാത്രമല്ലെന്ന്‌ തോന്നിപ്പോകും.

വികസനം വരുമ്പോള്‍ വിഷമിച്ചിട്ടുകാര്യമില്ല. നാട്ടുകാരുടെ അധോഗതിയാണ്‌
രാഷ്ട്രത്തിന്റെ പുരോഗതി.

ദുഷ്ടന്റെ ഫലം ചെയ്യുന്ന ശുദ്ധനായ ആന്റണി

ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന ചൊല്ലിന്‌ രാഷ്ട്രീയ
ആള്‍രൂപമാകുമ്പോള്‍ അത്‌ അറയ്ക്കപ്പറമ്പില്‍ കുര്യന്‍ മകന്‍ ആന്റണി
ആകുന്നു. സസ്യഭുക്കും ലളിത ജീവിതം നയിക്കുന്ന വ്യക്തിയും അഴിമതി
രഹിതനുമാണ്‌ എ കെ ആന്റണി. എന്നാല്‍ സ്ഥാനമാനങ്ങള്‍
കൈപ്പിടിയിലൊതുക്കുന്നതിനും താന്‍ രാഷ്ട്രീയത്തിലെ ഏക ശുദ്ധനാണെന്ന്‌
വരുത്തിത്തീര്‍ക്കു ന്നതിനും ആന്റണി അവലംഭിക്കുന്ന കൗശലങ്ങള്‍ കേരളരാ
ഷ്ട്രീയത്തിലെ ചാണക്യനായ കെ കരുണാകരനുപോലും പലപ്പോഴും മുന്‍കൂട്ടി
കാണാന്‍ കഴിയാത്തതും അദ്ദേഹത്തെ അസ്ഥപ്രജ്ഞനാക്കുന്നതുമാണ്‌.

രാജന്‍ കേസിന്റെ പേരിലും പാമോയില്‍ കേസിന്റെ പേരിലും മുഖ്യമന്ത്രിസ്ഥാനം
രാജിവയ്ക്കേണ്ടിവന്നപ്പോള്‍ ഒരിക്കലും ആന്റണി ആയിരിക്കും തനിക്ക്‌ പകരം
മുഖ്യമന്ത്രി ആവുക എന്ന്‌ കരുണാകരന്‍ സ്വപ്നത്തില്‍ പോലും വിചാ
രിച്ചിരുന്നില്ല. നെഹ്രു കുടുംബവുമായി ഏറ്റവും അടുത്ത ബന്ധം
പുലര്‍ത്തുന്ന ഇന്ത്യയിലെ സീനിയര്‍ നേതാവെന്ന്‌ കരുണാകരന്‍
അഹങ്കരിക്കുമ്പോഴും അദ്ദേഹത്തെ മലര്‍ത്തി യടിക്കാനുള്ള സ്വാധീനം
കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ ആന്റണി സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ അമ്പേ തറപറ്റിയപ്പോള്‍
ഇനി ഒരു അധികാര സ്ഥാനത്തേക്കും ഇല്ലെന്നും കേരളത്തെ സേവിച്ച്‌
സാമ്പാറുകൂട്ടി ചോറുണ്ട്‌ ഇവിടൊക്കെത്തനെ ശിഷ്ടകാലം കഴിക്കും എന്നൊക്കെയാ
യിരുന്നു ആന്റണി മലയാളികള്‍ക്കെല്ലാം ഉറപ്പ്‌ നല്‍കിയത്‌. ആദര്‍ശധീരനായ
ആന്റണിയുടെ വാക്കുകള്‍ ഒരു പരിധിയില ധികം എല്ലാവരും വിശ്വസിച്ചിരുന്നു.

എന്നാല്‍ കരുണാകരനെ മാത്രമല്ല അന്റണി ഗ്രൂപ്പിലെ നേതാക്കളേയും അണികളെയും
അമ്പരപ്പിച്ചുകൊണ്ട്‌ ദിവസ ങ്ങള്‍ക്കുള്ളില്‍ ആന്റണി കേന്ദ്ര
മന്ത്രിയാവുകയായിരുന്നു. എല്ലം യാദൃശ്ഛികമെന്ന്‌ പറഞ്ഞ്‌ തന്റെ
കൗശലങ്ങള്‍ക്ക്‌ ഖദര്‍ വസ്ത്രം അണിയിക്കുകയയിരുന്നു ആന്റണി. ഇന്ന്‌
കേന്ദ്രമന്ത്രിസഭയില്‍ കരുത്തനായ പ്രതിരോധ മന്ത്രിയാണ്‌ അദ്ദേഹം.

കരുണാകരനെ പാര്‍ട്ടിയിലേക്ക്‌ തിരിച്ച്‌ കൊണ്ടുവരുവാന്‍ ഇതിനിടയില്‍
അന്റണി ആരുമറിയാതെ ഒട്ടേറെ നീക്കങ്ങള്‍ നടത്തി. സീനിയര്‍ നേതാവായ
കരുണാകരന്‍ കോണ്‍ഗ്രസി ലേക്ക്‌ മടങ്ങി വരാന്‍ ആഗ്രഹിക്കുമ്പോള്‍ അതിന്‌
വിഘാതം നില്‍ക്കുന്നത്‌ ശരിയല്ല എന്ന ന്യായമാണ്‌ ഇക്കാര്യത്തില്‍ ആന്റണി
മുന്നോട്ട്‌ വച്ചത്‌. അതേസമയം അതൊരു വലിയ രാഷ്ട്രീയ പാരയായിരുന്നു.
കെപിസിസിയില്‍ ഉമ്മന്‍ ചാണ്ടി - ചെന്നിത്തല സഖ്യം നേടിയെടുത്തിട്ടുള്ള
അപ്രമാദിത്വം തകര്‍ത്ത്‌ ഇരുവര്‍ക്കും കേന്ദ്രത്തില്‍ മന്ത്രിയാകാനുള്ള
സാധ്യ ത ഇല്ലാതാക്കുക എന്നതായിരുന്നു ആന്റണിയുടെ ഉള്ളിലിരിപ്പ്‌.

ഈ രാഷ്ട്രീയ ദുഷ്ടതയുടെ മറ്റൊരു ബഹിര്‍സ്ഫുരണമാ യിരുന്നു കാര്‍ഷിക
പാക്കേജിലെ കേന്ദ്ര സഹായം കേരളം കൈപ്പറ്റിയില്ല എന്ന ആരോപണം. പതിനേഴായിരം
കോടി രൂപയുടെ പാക്കേജില്‍ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ ആദ്യ ഗഡു
ഇതിനകം വാങ്ങിയെന്നും കേരളം ഇതുവരെ അതിന്‌ ശ്രമിച്ചില്ല എന്നുമായിരുന്നു
ആന്റണിയുടെ കുറ്റപ്പെടു ത്തല്‍. ഇരുമുനയുള്ള അമ്പായിരുന്നു അത്‌.
കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം മന്ത്രി മുല്ലക്കര രത്നാക
രന്റെ അനാവശ്യ ഇടപെടല്‍ കൊണ്ട്‌ താറുമാറാക്കിയെങ്കിലും കേരളസര്‍ക്കാര്‍
സ്വീകരിച്ച ചില കര്‍ഷക സഹായ പദ്ധതികളിലൂടെ കടക്കെണിയില്‍ പെട്ട്‌
ആത്മഹത്യ ചെയ്യുന്ന കേരളത്തിലെ കര്‍ഷകരുടെ എണ്ണം കുറയ്ക്കാന്‍ സാധി
ച്ചിരുന്നു. ഇത്‌ ആന്റണിക്ക്‌ സഹിക്കാവുന്നതിലും അപ്പുറമാ യിരുന്നു.
കര്‍ഷക മനസുകളില്‍ നിന്ന്‌ ഇന്ന്‌ സര്‍ക്കാരിനുള്ള സ്ഥാനം തെറുപ്പിക്കുക
എന്നതായിരുനു മുഖ്യ ഉദ്ദേശം. കേന്ദ്രം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ
കര്‍ഷകരുടെ ഉന്നമനത്തിന്‌ പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും അതിന്റെ
പ്രയോജനം ലഭിക്കുന്നതില്‍ നിന്ന്‌ കേരളത്തിലെ കര്‍ഷകരെ അച്യുതാനന്ദന്‍
സര്‍ക്കാര്‍ തമസ്കരിക്കുകയാണെന്ന്‌ വരുത്തിത്തീര്‍ക്കേണ്ടതും
ഉണ്ടായിരുന്നു. അതിനാണ്‌ ബംഗാളിന്റെ പേര്‌ അദ്ദേഹം ബോധപൂര്‍വ്വം
പറഞ്ഞത്‌.

എന്നാല്‍ അത്തരത്തിലൊരു പദ്ധതിയേക്കുറിച്ച്‌ കേട്ടിട്ടുപോലുമില്ലെന്ന്‌
സംസ്ഥാന കൃഷിമന്ത്രി മുല്ലക്കര രത്നാകരനും കേന്ദ്ര കൃഷി മന്ത്രി ശരദ്‌
പവാറും വെളിപ്പെടുത്തിയപ്പോള്‍ ആന്റണിയുടെ നില പരുങ്ങലിലായി. കേരളത്തില്‍
വച്ച്‌ ഇതു സംബന്ധിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങളില്‍
നിന്ന്‌ കൗശലപൂര്‍വ്വം ഒഴിഞ്ഞു മാറിയ ആന്റണി ഡെല്‍ഹിയിലെത്തിയപ്പോള്‍
മറ്റൊരു മലക്കം മറിച്ചില്‍ നടത്തി. സഹകരണ മേഖലയെ പുനരുദ്ധരിക്കാന്‍
കേന്ദ്ര ഗവണ്‍മന്റ്‌ പ്രഖ്യാപിച്ച സ്പെഷ്യല്‍ പാക്കേജിനെ കാര്‍ഷിക
പാക്കേജിന്റെ ഭാഗമായി കണക്കാക്കി നടത്തിയ പ്രസ്താവനയാണ്‌ തെറ്റിദ്ധാരണ
ഉണ്ടാക്കിയതെന്നായിരുന്നു വിശദീകരണം. ഇതിനെ സംസ്ഥാന സഹകരണ മന്ത്രി ചോദ്യം
ചെയ്തപ്പോള്‍ വിശദീകരണമില്ലാതെ മൗനം പാലിക്കുകയാണ്‌ ആന്റണി.
കേന്ദ്രത്തില്‍ നിന്ന്‌ ചില മന്ത്രിമാര്‍ കേരളത്തിലെത്തി
പുളുവടിക്കുന്നത്‌ നിര്‍ത്തിവയ്ക്കണമെന്ന്‌ ജി സുധാകരന്‍ തന്റെ
സ്വതസിദ്ധമായ വാമൊഴി വഴക്കത്തിലൂടെ ചുട്ട മറുപടി നല്‍കുകയും ചെയ്തു.

കേരള സര്‍ക്കാരിന്റെ പല നയങ്ങളും സ്വീകാര്യമല്ലെങ്കില്‍ പോലും
സര്‍ക്കാരിനോട്‌ കേരളത്തിലെ ജനങ്ങള്‍ക്കുള്ള അനു ഭാവപൂര്‍ണ്ണമായ
നിലപാടിനെ തകര്‍ക്കാന്‍ വേണ്ടിയായിരുന്നു നട്ടാല്‍ കുരുക്കാത്ത ഈ
കള്ളങ്ങളെല്ലാം ആന്റണി എഴുന്ന ള്ളിച്ചത്‌. അതെ, ദുഷ്ടന്റെ ഫലം ചെയ്യുന്ന
ശുദ്ധനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ്‌ താനെന്ന്‌ ആന്റണി ഒരിക്കല്‍ക്കൂടി
തെളിയിച്ചിരിക്കുകയാണ്‌.

Thursday, November 15, 2007

സഖാവ്‌ മദനിക്കും ജനാബ്‌ കോടിയേരിക്കും 'ലാല്‍സലാം അലൈക്കും'

മാനസികമായി വാര്‍ധക്യം ബാധിച്ച അപക്വതകളാണ്‌ നരച്ചമുടി കറുപ്പിച്ച്‌ മിടുക്കന്മാരും മിടുക്കികളുമാകാന്‍ പെടാപ്പാടുപെടുന്നത്‌. അവനവനേയും കുടുംബാംഗങ്ങളേയും ഏറ്റവും അടുത്ത സുഹൃത്തുക്കളേയും വഞ്ചിക്കുന്ന 'ഗോദറേജ്‌ തമസ്ക്കരണ'മാണിത്‌. തിരിച്ചറിവിന്റേയും കാഴ്ചശക്തിയുടേയും വിവേകത്തെ കുപ്പിയിലിറക്കുന്ന കാപട്യം!!! ഇവരെക്കുറിച്ചാണ്‌ കുഞ്ഞുണ്ണിമാഷ്‌ ഇങ്ങനെ കുറിച്ചത്‌:

'ഈ കപടലോകത്തിലെന്റെ
കാപട്യമെല്ലാരുമറിയുന്നാണെന്‍ പരാജയം'

അബ്ദുള്‍ നാസര്‍ മദനിക്കും അദ്ദേഹം ആട്ടിത്തെളിച്ചെത്തിക്കാന്‍ സാധ്യതയുള്ള കുറേ മുസ്ലീം വോട്ടുകള്‍ക്കും വേണ്ടി, ഈ പരാജയത്തിന്റെ പടുകുഴിയില്‍ മുടികറുപ്പിച്ച്‌, തലകുത്തി നില്‍ക്കുകയാണ്‌ കോടിയേരിയും അദ്ദേഹത്തിനൊപ്പമുള്ള നവലിബറല്‍ മാര്‍ക്സിസ്റ്റ്‌ നേതാക്കളും.

സമഷ്ടിബോധത്തിന്റേയും വര്‍ഗസ്നേഹത്തിന്റേയും തീച്ചൂളയില്‍ തളിര്‍ക്കുന്ന വിപ്ലവവീര്യത്തിന്റേയും അതിന്റെ ഔന്നത്യമായ രക്തസാക്ഷിത്വത്തിന്റേയും തലപ്പുകളെ കരിയിച്ച്‌ അണികളേയും കമ്യൂണിസ്റ്റ്‌ സഹയാത്രികരേയും കബളിപ്പിച്ച്‌ അതിജീവന-അധികാര-രാഷ്ട്രീയത്തിന്റെ യുവത്വമായി അഹങ്കരിക്കുകയാണ്‌ തലകറുപ്പിച്ച ഈ നേതൃമ്മന്യന്മാര്‍!

ആ അവസരവാദത്തിന്റെ ചവിട്ടടിയില്‍പ്പിടയുകയാണ്‌ 1995 ജനുവരി 16ന്‌ പിഡിപി ഗുണ്ടകളുടെ കൊലക്കത്തിക്കിരയായ സക്കീറും, സക്കീറിന്റെ 'രക്ത-ബന്ധങ്ങളും'. തിരുവനന്തപുരം ലോ കോളേജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന സക്കീര്‍ കോളേജ്‌ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അന്നു രാത്രിയിലാണ്‌ പഴയ 'തീപ്പൊരി-മദനിയുടെ' ബ്ലാക്ക്ക്യാറ്റ്‌ കൊലയാളികളുടെ വെട്ടേറ്റ്‌ രക്തസാക്ഷിയായത്‌.

ബലികുടീരങ്ങളെ സ്മരണകളിരമ്പുന്ന രണസ്മാരകങ്ങളായും, രക്തസാക്ഷികളെ ധീരന്മാരായ അമരന്മാരായും ചേതനയിലാവാഹിച്ചതുമൂലം വര്‍ഗശത്രുവിന്റെ വടിവാള്‍ 'മൂര്‍ഛ'ക്കു ബലിയായിത്തീര്‍ന്ന അസംഖ്യം പ്രതിബദ്ധതകളില്‍ ഒരാളായിരുന്നു സക്കീര്‍.

ആ സക്കീറിന്റെ കൊലയാളികളെ സംരക്ഷിച്ചും അന്ന്‌ കൊലയാളികള്‍ക്ക്‌ ജിഹ്വാദ്‌ ഓതിക്കൊടുത്ത ക്രൂരതയ്ക്കൊപ്പം ഇന്ന്‌ വേദി പങ്കിട്ടും പാര്‍ട്ടിയുടെ അടിത്തറ വിപുലമാക്കാന്‍ കോടിയേരിയും കടകംപള്ളി സുരേന്ദ്രനുമടക്കമുള്ളവര്‍ വിടുപണിചെയ്യുകയാണ്‌. ചതിയുടെ ആ കരാളതയ്ക്കെതിരെ സക്കീറിന്റെ കല്ലറയില്‍നിന്നുയരുന്നത്‌ ആവേശമേകുന്ന മന്ത്രങ്ങളല്ല, മറിച്ച്‌ പ്രതിഷേധത്തിന്റെ, പ്രാക്കിന്റെ മുദ്രാവാക്യങ്ങളാണ്‌.

സക്കീറിന്റെ കൊലയാളികളെ പാര്‍ട്ടി-ഭരണവേതാളങ്ങള്‍ സംരക്ഷിക്കുകയാണെന്ന്‌ തിരിച്ചറിയാനുള്ള 'കൊഞ്ഞാണത്തം' നീതിപീഠത്തിനുണ്ടായി. അതുകൊണ്ടാണ്‌ വിദേശത്ത്‌ സുഖവാസ-സുരക്ഷാവാസം ആഘോഷിക്കുന്ന നിര്‍ണായകമായ മൂന്നാം സാക്ഷിയെ കോടതിയില്‍ ഹാജരാക്കണമെന്നും, കഴിയുന്നില്ലെങ്കില്‍ കോടതിയുടെ വിചാരണയ്ക്കായുള്ള വീഡിയോ കോണ്‍ഫറന്‍സിന്‌ വിധേയനാക്കണമെന്നും കേരള ഹൈക്കോടതി രേഖാമൂലം ആഭ്യന്തരവകുപ്പിനോട്‌ ആവശ്യപ്പെട്ടത്‌.

മണിച്ചന്റെ, എസ്‌എന്‍സി ലാവ്ലിന്റെ, സ്വര്‍ണ-വജ്രവ്യാപാരിയുടെ അര്‍ഥവും മദനിയുടെ ആളുകളും മൂലധന സമാഹരണത്തിനുള്ള കുറുക്കുവഴികളാകുമ്പോള്‍ സക്കീറിന്റെ രക്തസാക്ഷിത്വവും കോടതിയുടെ നീതിബോധവും ഈ നേതാക്കള്‍ക്ക്‌ ഉപയോഗം കഴിഞ്ഞ കോണ്‍ഡം പോലെ വെറുക്കപ്പെട്ടതായില്ലെങ്കില്‍ നാം അല്‍ഭുതപ്പെട്ടാല്‍ മതി!

സക്കീറിനോടും സക്കീറിന്റെ 'രക്തബന്ധ'ങ്ങളോടും കാണിച്ച ഏറ്റവും അധമവും ദയാരഹിതവും അക്രമാസക്തവുമായ നന്ദികേടാണ്‌ ആഭ്യന്തരമന്ത്രിയില്‍ നിന്നുണ്ടായത്‌. രക്തസാക്ഷിയെ വിസ്മൃതിയുടെ ചവറ്റുകൊട്ടയിലും കൊലയാളിയെ കുടുക്കാന്‍ നിര്‍ണായകമായ സാക്ഷിയെ വിദേശത്തെ സുരക്ഷാസങ്കേതത്തിലും സൂക്ഷിക്കുന്ന 'ദ്വന്ദ്വമാനഭൗതിക' നിലപാടാണിത്‌. സക്കീറിന്റെ രക്തബന്ധങ്ങള്‍ എന്നു വിവക്ഷിക്കുന്നത്‌ മാതാപിതാക്കളേയോ സഹോദരി സഹോദരന്മാരേയോ മാത്രമല്ല. മറിച്ച്‌ രക്തപതാകയില്‍ നിന്നും രക്തസാക്ഷികളില്‍നിന്നും വര്‍ഗബോധത്തിന്റെയും വിപ്ലവാവേശത്തിന്റേയും പ്രതിബദ്ധതയുടേയും സമര്‍പ്പണത്തിന്റേയും ആര്‍ജവം നെഞ്ചേറ്റിയ എല്ലാവരേയുമാണ്‌. മദ്യ-മണല്‍-ഭൂമി-റിക്രൂട്ട്മെന്റ്‌-റാഗിംഗ്‌-പെണ്‍വാണിഭ മാഫിയകളുമായി കൈകോര്‍ക്കാത്ത, കണ്ണിചേരാത്ത എസ്‌എഫ്‌ഐ ആത്മാര്‍ത്ഥതകളെയാണ്‌. സിന്ധുജോയിക്കോ (ശരീര-സംസാര ഭാഷകളില്‍ ചെറുപിണറായിയായ) സ്വരാജിനോ സ്ഫുടം ചെയ്തെടുത്ത ഈ സംഘബോധം; സക്കീറിനോടുള്ള 'രക്തബന്ധം' ഉള്‍ക്കൊള്ളാനോ മനസിലാക്കാനോ കഴിയില്ല. മറിച്ച്‌ ഈ പറയുന്ന സത്യങ്ങളെ 'പിതൃരഹിത പ്രവര്‍ത്തക ഭാവനയെന്നോ മാധ്യമ സിന്‍ഡിക്കേറ്റ്‌ സൃഷ്ടിയെന്നോ, 'എംബഡഡ്‌ ജര്‍ണലിസ'മെന്നോ മുദ്രകുത്തി, (പറയുന്നവരുള്‍പ്പെടെയുള്ളവരെ) അടിച്ചൊതുക്കി പരിക്കേല്‍പ്പിക്കാന്‍ സാധിച്ചേക്കും. കാരണം സക്കീറിന്റെ സമര്‍പ്പണത്തേക്കാള്‍ കറുത്ത തൊപ്പിവച്ച മുഷ്ക്കിന്റെ ഭള്ളും ഭര്‍ത്സനവും നമ്രശിരസ്ക്കരായി കേട്ടിരിക്കുന്ന നേതാക്കളുടെ അധികാരപ്പാതയാണല്ലോ അവരുടെയൊക്കെ 'പൊന്നരിവാളമ്പിളി'!

മദനിക്കും പിഡിപി വോട്ടിനുംവേണ്ടി സക്കീറിനേയും സക്കീറിന്റെ രക്തസാക്ഷിത്വത്തേയും രക്തബന്ധങ്ങളേയും കോടിയേരിയടക്കമുള്ളവര്‍ ചവുട്ടിച്ചിതറിക്കുന്നതുകാണുമ്പോള്‍ ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരങ്ങളായി ചേതനയില്‍ പൊലിയുന്നത്‌ സഖാവ്‌ കുഞ്ഞാലിയും സഖാവ്‌ മുഹമ്മദ്‌ മുസ്തഫയും സഖാവ്‌ സൈമണ്‍ ബ്രിട്ടോയുമൊക്കെയാണ്‌. കുഞ്ഞാലിയെ വെടിവച്ചുകൊന്നവനേയും മുസ്തഫയെ കുത്തിക്കൊന്നവരില്‍ ഒരുത്തനേയും എംഎല്‍എ.ആക്കുകയും ബ്രിട്ടോയെ കുത്തിവീഴ്ത്തുന്നതിന്‌ ദൃക്‌സാക്ഷിയായിട്ടും വിചാരണവേളയില്‍ കൂറുമാറിയ വ്യക്തിയെ ജില്ലയിലെ പാര്‍ട്ടിയുടെ പ്രമുഖ സഖാവായി അംഗീകരിക്കുകയും ചെയ്ത അവസരവാദ-വര്‍ഗീയ പ്രീണന-വര്‍ഗവിരുദ്ധ-അടവുനയത്തെ അതുകൊണ്ട്‌ നമുക്കിങ്ങനെ അഭിവാദ്യം ചെയ്യാം -
'ലാല്‍സലാം അലൈക്കും'

Wednesday, November 14, 2007

ശാരിയെ കൊന്നിട്ട്‌ മൂന്നുവര്‍ഷം


Kiliroor-Kaviyoor Sex Scandal

മന്ത്രി പുത്രന്മാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ VS സംരക്ഷിക്കുന്നു
കൊലയാളികള്‍ നെഞ്ചുവിരിച്ച്‌ വിലസുന്നു
നീതിക്കായി മാതാപിതാക്കളുടെ നെട്ടോട്ടം
മുലപ്പാല്‍ മധുരം നുണയാതെ ശാരിയുടെ മകള്‍ സ്നേഹ


ടൈറ്റസ്‌ കെ വിളയില്‍

കൊച്ചി: കിളിരൂര്‍ തിരുവാര്‍പ്പ്‌ ചെറിയകാരക്കാട്ട്‌ ശാരി എസ്‌ നായരെ, സമൂഹത്തിലെ ഉന്നതന്മാരടക്കമുള്ളവര്‍ പീഡിപ്പിച്ചു കൊന്നതിന്റെ മൂന്നാം വാര്‍ഷികം ഈ ശിശുദിനത്തില്‍.

ജനിച്ചിട്ട്‌ ഒരുതുള്ളി മുലപ്പാലിന്റെ മധുരം നുണയാനാവാതെ, അമ്മയുടെ വാത്സല്യച്ചൂടറിയാതെ വളര്‍ന്ന ശാരിയുടെ മകള്‍ സ്നേഹയ്ക്ക്‌ മൂന്നുവയസ്സ്‌.....

മൂന്ന്‌ വര്‍ഷമായി മകളുടെ ഘാതകരെത്തേടി അലയുന്ന മാതാപിതാക്കള്‍ക്ക്‌ ഇന്നും അവഗണനയും അതധിക്ഷേപവും മാത്രം....

അപ്പോഴും ശാരിയെ പീഡിപ്പിച്ചുകൊന്ന ഉന്നതന്മാര്‍ സമൂഹത്തില്‍ നെഞ്ചുവിരിച്ച്‌ നടക്കുന്നു; അവരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി അച്യുതാനന്ദനും മാര്‍ക്സിസ്റ്റുപാര്‍ട്ടിയും കൊണ്ടു പിടിച്ച്‌ ശ്രമിക്കുന്നു.

കവിയൂര്‍ കിളിരൂര്‍ പീഡനകേസുകളില്‍ അച്യുതാനന്ദന്‍ മന്ത്രിസഭയിലെ രണ്ട്‌ പ്രമുഖരുടെ മക്കളും ഒരുചാനല്‍ ഡയറക്ടറും ഒരു എംഎല്‍എയും ഒരു സ്വര്‍ണ്ണവ്യാപാരിയും ഒരു സീരിയല്‍ നിര്‍മാതാവും ഒന്നിലധികം ഉന്നത പോലീസുദ്യോ ഗസ്ഥരും പ്രതികളാണ്‌. പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും പാര്‍ട്ടിക്ക്‌ കൈയയച്ച്‌ സാമ്പത്തിക സഹായം നല്‍കുന്നവരുമാണ്‌ ഈ മാന്യന്മാരായ പീഡകര്‍. അതുകൊ ണ്ടാണ്‌ യുഡിഎഫ്‌ ഭരണകാലത്ത്‌ ഇവര്‍െ‍1തിരെ കുരിശുയുദ്ധം നടത്തിയ അച്യുതാനന്ദനും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും ഇന്ന്‌ ഇവരെ സംരക്ഷിക്കാന്‍ വ്യഗ്രതകൊള്ളുന്നത്‌.

2004 നവംബര്‍ 13-ാ‍ം തീയതി രാത്രി ശനിയാഴ്ച വൈകിട്ട്‌ 7 മണിയോടെയാണ്‌ ശാരി മരിച്ചത്‌; അല്ല കൊല്ലപ്പെട്ടത്‌. സീരിയല്‍ നടിയാക്കാമെന്ന്‌ പ്രലോഭിപ്പിച്ചാണ്‌ മാതൃസഹോദരി ഉള്‍പ്പെടെയുള്ളവര്‍ ശാരിയെ ഉന്നതന്മാര്‍ക്ക്‌ കാഴ്ചവച്ചത്‌. പീഡനത്തെത്തുടര്‍ന്ന്‌ ഗര്‍ഭിണിയായ ശാരി 2004 ഓഗസ്റ്റിലെ സ്വാതന്ത്ര്യദിനത്തില്‍ വരു പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയിരു ന്നു. ശാരി ഗര്‍ഭിണിയാണെന്നറിഞ്ഞ നിമിഷം മുതല്‍ ശാരിയെ കൊണ്ടുനടന്നവരും പീഡിപ്പിച്ചവരും നടത്തിയ തെളിവുനശിപ്പി ക്കല്‍ പ്രവര്‍ത്തനങ്ങളുടെ പരിണതിയായിരുന്നു ശാരിയുടെ അന്ത്യം. മൂന്ന്‌ മാസത്തോളം കടുത്ത ശാരീരിക പ്രശ്നങ്ങളനു ഭവിച്ച്‌ വേദനതിന്ന്‌ ഇഞ്ചിഞ്ചായാണ്‌ ശാരി മരിച്ചത്‌ അല്ല കൊല്ലപ്പെട്ടത്‌.

ശാരിയുടെ മാതൃസഹോദരി കിളിരൂര്‍ ചെറിയകാരക്കാട്ട്‌ ഓമനയാണ്‌ കേസിലെ ഒന്നാംപ്രതി. കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ ചേര്‍ത്തല കൊക്കോതമംഗലം സ്വദേശി പ്രവീണ്‍ രണ്ടാം പ്രതിയും പത്തനംതിട്ട സ്വദേശി ലത നായര്‍ മൂന്നാംപ്രതിയുമാണ്‌. പെണ്‍കുട്ടിയുടെ ബന്ധു മറിയപ്പള്ളി സ്വദേശി കൊച്ചുമോനെന്ന ബിനു, കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ മാരായ മനോജ്‌, പ്രശാന്ത്‌ എന്നിവരാണ്‌ മറ്റ്‌ പ്രതികള്‍. ലതാനാ യരാണ്‌ ശാരിയെ ഉന്നതന്മാര്‍ക്ക്‌ കാഴ്ചവച്ചത്‌. യാത്രകളില്‍ ഓമന ക്കുട്ടിയും അനുഗമിച്ചിരുന്നു.

ഏഷ്യാനെറ്റ്‌ മോഹന്‍, ജോയി ആലുക്ക, കുട്ടനാട്‌ എംഎല്‍എ തോമസ്‌ ചാണ്ടി എന്നീ പ്രമുഖര്‍ ഈ പീഡനകേസില്‍ പ്രതികളാണെന്ന്‌ ശാരി വനിതാകമ്മീഷനു നല്‍കിയ മരണമൊഴി യില്‍ നറഞ്ഞിരുന്നത്രേ. എന്നാല്‍ ഇതു സംബന്ധിച്ച ഫയല്‍ കാണാതായിരിക്കുകയാണ്‌.

ശാരിയോടൊപ്പം ലതാനായര്‍ ഉന്നതന്മാര്‍ക്ക്‌ കാഴ്ചവച്ച കൗമാരക്കാരിയാണ്‌ തിരുവല്ല കവിയൂര്‍ ഹനുമാന്‍സ്വാമി ക്ഷേത്രത്തിനു സമീപം വണ്ടശേരിയില്‍ താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശി എന്‍ നാരായണന്‍ നമ്പൂതിരിയുടെ പുത്രി അനഘ (അന്ന്‌ പതിനാല്‌ വയസ്‌). കിളിരൂര്‍ പീഡനകഥ പുറത്തുവന്ന തോടെ തിരുവല്ല ചുമത്രക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന നാരായണന്‍ നമ്പൂതിരി, ഭാര്യ ശോഭന, മക്കളായ അനഘ, അഖില, അക്ഷയ്‌ എന്നിവര്‍ 2004 സെപ്തംബര്‍ 27 ന്‌ വിഷംകഴിച്ച്‌ കൂട്ട ആത്മഹത്യ ചെയ്തു. അനഘയെയും ശാരിയെ പീഡിപ്പിച്ച പ്രമുഖര്‍ക്ക്‌ ലതാനായര്‍ കാഴ്ചവച്ചതായി പോലീസ്‌ അന്വേഷണ ത്തില്‍ തെളിഞ്ഞിട്ടുണ്ട്‌. എന്നാല്‍ പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഈ സത്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മന്ത്രി എംഎ ബേബിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും പുത്രന്മാര്‍ക്ക്‌ ഈ പീഡനത്തില്‍ പങ്കുണ്ടെന്ന്‌ അനഘയുടെ ആത്മഹത്യക്ക്‌ ശേഷം സഹപാഠി ശ്രീകുമാരി ജസ്റ്റിസ്‌ ആര്‍.ബസന്തിനയച്ച കത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഈ കത്ത്‌ ബസന്ത്‌ അന്വേഷണ സംഘത്തിന്‌ കൈമാറിയെങ്കിലും അത്‌ ഒതുക്കുകയായിരുന്നു.

കിളിരൂര്‍ കവിയൂര്‍ പീഡനകേസുകളെ രാഷ്ട്രീയ സംഭവങ്ങളാക്കി വികസിപ്പിച്ചെടുത്ത്‌ അധികാരത്തിലെത്തിയ വ്യക്തിയാണ്‌ അച്യുതാനന്ദന്‍. ശാരി കൊല്ലപ്പെടുമ്പോള്‍ യുഡിഎഫ്‌ മന്ത്രിസഭയായിരുന്നു ഭരണത്തില്‍. അന്ന്‌ സ്ത്രീപീഡകര്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ്‌ അച്യുതാനന്ദന്‍ ഈ പ്രശ്നങ്ങള്‍ വിവാദങ്ങളാക്കിയത്‌. രോഗിയായ ശാരിയെ ആശുപത്രിയിലെത്തി ഒരു വിഐപി ഭീഷണിപ്പെടുത്തിയതാണ്‌ കുട്ടിയുടെ സ്ഥിതിവഷളാക്കിയതും മരണത്തിലേക്ക്‌ നയിച്ചതെന്നും ആദ്യം പറഞ്ഞത്‌ അച്യുതാനന്ദനായിരുന്നു. കൂടാതെ അന്നത്തെ യുഡിഎഫ്‌ സര്‍ക്കാരിലെ ഒരു മന്ത്രിയും മുന്‍ മന്ത്രിയും സര്‍വ്വീസിലുള്ള ഡിവൈഎസ്പിയും ഒരു എസ്പിയും ശാരിയെ പീഡിപ്പിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന്‌ അച്യുതാനന്ദന്‍ വെളിപ്പെടുത്തിയിരുന്നു. ആഭ്യന്തരമന്ത്രി പദവി 24 മണിക്കൂര്‍ വിട്ടുതന്നാല്‍ ഈ വിഐപികളെ കയ്യാമം വയ്ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

എന്നാല്‍ അധികാരത്തിലെത്തി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ശാരി മരിച്ച്‌ മൂന്ന്‌ വര്‍ഷമായിട്ടും ഈ ഉന്നതന്മാരുടെ ഒരു രോമത്തില്‍ തൊടാന്‍പോലും അച്യുതാനന്ദന്‌ കഴിഞ്ഞിട്ടില്ല. ശാരിയുടെ മകള്‍ സ്നേഹയ്ക്ക്‌ രണ്ടുലക്ഷവും നാരായണന്‍ നമ്പൂതിരിയുടെ മാതാവ്‌ സാവിത്രി അന്തര്‍ജനത്തിന്‌ ഒരു ലക്ഷവും നല്‍കി കേസൊതുക്കാനാണ്‌ ശ്രമിച്ചത്‌.

കിളിരൂര്‍ കവിയൂര്‍ പീഡനകേസിലെ മന്ത്രിപുത്രന്മാരെ രക്ഷിക്കാന്‍ അന്ന്‌ മുന്നില്‍ നിന്നവരില്‍ ഇന്നത്തെ മന്ത്രി പികെ ശ്രീമതിയുമുണ്ട്‌. മന്ത്രിപുത്രന്മാര്‍ക്കുവേണ്ടി നിലകൊണ്ടതുകൊണ്ടാണ്‌ ഇന്നത്തെ മന്ത്രിസ്ഥാനമെന്ന്‌ ഡിവൈഎഫ്‌ഐയിലേയും പാര്‍ട്ടിയിലേയും പലരും വിശ്വസിക്കുന്നു.

സീരിയല്‍ ഭ്രമം തലക്കുപിടിച്ച പതിനാറുകാരിയായിരുന്ന ശാരിയെ സമൂഹത്തിലെ ഉന്നതന്മാരും മാന്യന്മാരുമെന്ന്‌ അഭിമാനിക്കുന്നവരും മന്ത്രിപുത്രന്മാരും ചേര്‍ന്ന്‌ പീഡിപ്പിച്ച്‌ കോന്നിട്ട്‌ മൂന്ന്‌ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഈ ഉന്നതന്മാര്‍ സമൂഹത്തില്‍ ഞെളിഞ്ഞുനടക്കുന്നു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ അവര്‍ക്ക്‌ സംരക്ഷണം നല്‍കുന്നു. ലതാനായരും മറ്റു പ്രതികളും സസുഖം വാഴുന്നു. അപ്പോഴും ജനിച്ചിട്ട്‌ ഒരുതുള്ളി മുലപ്പാല്‍ നുണയാന്‍ ഭാഗ്യമില്ലാതെപോയ സ്നേഹയും വിദഗ്ദമായി ചതിക്കപ്പെട്ട ശാരിയുടെ മാതാപിതാക്കളും നീതിതേടി അലയുകയാണ്‌.

പരിശുദ്ധാത്മാവ്‌ പ്രാവിന്റെ രൂപത്തില്‍ മാത്രമല്ല...

കവി മധുസൂദനന്‍ നായര്‍ പാടിയപോലെ 'മകനേ... ഇതിന്ത്യയുടെ ഭൂപടം...' എന്ന്‌ മട്ടാഞ്ചേരിയിലെ ചേരിത്തെരുവുകള്‍ നെഞ്ച്‌ പൊട്ടി പാടിയത്‌ ജസ്റ്റിസ്‌ കെ സുകുമാരനും കൂട്ടരും കേട്ടു!

സുസ്ഥിര നഗര വികസന പദ്ധതിയുടെ ഭാഗമായി മട്ടാഞ്ചേരിയില്‍ എത്തിയ പഠന സംഘമാണ്‌, 'വായിച്ചു കേട്ടതിനേക്കാള്‍ ഭീകരമാണിത്‌, ലോകത്തൊരിടത്തും ഇത്തരമൊരു കാഴ്ചയുണ്ടാവില്ല' എന്ന്‌ ഞെട്ടിയത്‌. മട്ടഞ്ചേരിയിലെ ഈ നരകക്കാഴ്ചകള്‍ പുറത്തുകൊണ്ടുവരണമെന്ന്‌ ജസ്റ്റിസ്‌ പത്രക്കാരോട്‌ ആഹ്വാനം ചെയ്യുകയും ചെയ്തു. പത്രക്കാര്‍ പറ്റുന്നപോലെ ആഘോഷിക്കയും ചെയ്തു.

നാണം കെട്ടൊരു കണ്ടെത്തലിന്റെ ഈ അഘോഷം കാണുമ്പോള്‍ ആല്‍മരമേ... നീ വേണ്ടാത്തിടത്തും തണലേകുമല്ലോ.... എന്ന്‌ വിലപിച്ചു പോകും.

ഗ്രാമങ്ങളിലാണ്‌ ഇന്ത്യയുടെ ആത്മാവെന്ന്‌ തക്കം കിട്ടുമ്പോഴൊക്കെ പ്രസംഗവെടി ഉതിര്‍ക്കുന്ന നേതാക്കള്‍ മാനമുണ്ടെങ്കില്‍ ഈ നാട്‌ വിട്ട്‌ പോണമെന്നേ ചേരിനിവാസികള്‍ക്ക്‌ ആഹ്വാനം ചെയ്യാനുള്ളൂ.

അസ്ഥിരബുദ്ധികളായ ഭരണകൂടങ്ങള്‍ കുട്ടിച്ചോറാക്കിയിട്ട മട്ടാഞ്ചേരിയിലെ നരകത്തെ വെല്ലുന്ന അഴുക്കുചാലുകള്‍ കൊച്ചിയെന്ന മഹാനരകത്തിന്റെ അഹങ്കാര ഗോപുരങ്ങളുടെ ബാക്കിപത്രമാണ്‌.

വികസനത്തിന്റെ എബിസിഡി അറിയാത്ത 'കേരള മോഡല്‍' വികസന നായകര്‍ എഡിബി വായ്പ കിട്ടിയില്ലായിരുന്നുവെങ്കില്‍ ഇനിയും മട്ടാഞ്ചേരി ചേരി കാണാന്‍ പഠനസംഘത്തെ അയക്കില്ലായിരുന്നു എന്നത്‌ നല്ല തമാശയാണ്‌.

മട്ടാഞ്ചേരി രാജ്യത്തെ അവസാന ചേരിയല്ല. സ്മാര്‍ട്ട്‌ സിറ്റികള്‍ ഏറിവരുമ്പോള്‍ ഇനിയെത്ര ചേരികള്‍ വരാനിരിക്കുന്നു. സ്മാര്‍ട്ട്‌ സിറ്റികള്‍ക്കായാണ്‌ നേതാക്കളത്രയും ഉറക്കം കളയുന്നത്‌. വലിയ തുകയുടെ ഇടപാടാണ്‌. ഗുണമുണ്ടാകുമെന്ന്‌ നേതാക്കള്‍ക്കറിയാം.

ചേരിയില്‍ കഴിയുന്നവരുടെ വോട്ടിനല്ലാതെ മറ്റു വല്ലതിനും വിലയുണ്ടോ സാറേ?

ചേരി കാണാന്‍ പോയ പഠനസംഘക്കാരുടെ തലവരയോര്‍ത്തിട്ടാണ്‌ പാവം തോന്നുന്നത്‌. അവര്‍ക്ക്‌ ഇതിലും വലുത്‌ എന്തോ വരാനിരുന്നതാണ്‌. എന്തു പാപം ചെയ്തിട്ടാണാവോ പൂപോല്‍ മൃദുലമായ ആ പാദങ്ങള്‍ ചെളിക്കുണ്ടുകള്‍ താണ്ടേണ്ടിവന്നത്‌!

എത്യോപ്യയിലെ പട്ടിണി മാറ്റാന്‍ അരിയും പൊരിയും കയറ്റി അയച്ചവര്‍ നമ്മള്‍. പോരാടുന്ന ക്യൂബയ്ക്കായി ബക്കറ്റ്‌ പിരിവ്‌ നടത്തിയവര്‍ നമ്മള്‍. നമ്മളാരും മട്ടാഞ്ചേരി കണ്ടില്ല. ഒടുവില്‍ പരിശുദ്ധാത്മാവ്‌ പ്രാവിന്റെ രൂപത്തില്‍ മാത്രമല്ല, എഡിബി രൂപത്തിലും വരുമെന്ന്‌ ചേരിക്കാര്‍ക്കെങ്കിലും മനസിലായി.

എഡിബിക്കാര്‍ക്ക്‌ സ്തുതിയായിരിക്കട്ടെ!!

അംബാനിയെക്കുറിച്ച്‌ ഊറ്റം കൊള്ളുകയല്ല, ആത്മഹത്യ ചെയ്യുന്നവരെയോര്‍ത്ത്‌ ഉരുകുകയാണ്‌ വേണ്ടത്‌

ലോകത്തിലെ ഏറ്റവും സമ്പന്നനായ മുകേഷ്‌ അംബാനിയുടെ നാട്ടില്‍, ആരോടും ബാധ്യതയില്ലാതെ മാന്യമായി കൃഷിചെയ്ത്‌ ജീവിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ഒന്നര ലക്ഷം!


1997 നും 2005 നും ഇടയ്ക്കുള്ള എട്ടുവര്‍ഷത്തെ ഞെട്ടിക്കുന്ന കണക്കാണിത്‌. മദ്രാസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡെവലപ്മെന്റ്‌ സ്റ്റഡീസിലെ പ്രൊഫസര്‍ നാഗരാജന്‍, ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്‌ ഭീഷണമായ ഈ സത്യമുള്ളത്‌. ഈ ആത്മഹത്യകളില്‍ മൂന്നിലൊന്നും മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, മധ്യപ്രദേശ്‌, കേരളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്‌ നടന്നത്‌. 1997ല്‍ 26000 കര്‍ഷകര്‍ ആത്മഹത്യചെയ്തപ്പോള്‍, 2005ല്‍ അവരുടെ എണ്ണം 1.14 ലക്ഷമായി കുതിച്ചുയര്‍ന്നു. 1991 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുപോരുന്ന ഉദാരീകരണ നയമാണ്‌ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനതയുടെ ദുരിതങ്ങള്‍ വര്‍ധിപ്പിക്കുന്നത്‌. ഈ നയത്തിന്റെ തിരിച്ചടി ഏറ്റവും രൂക്ഷമായി ഏറ്റത്‌ കാര്‍ഷികമേഖലയിലാണ്‌. സബ്സിഡികള്‍ വെട്ടിക്കുറച്ചും ഇറക്കുമതി തീരുവ ഗണ്യമായി ലഘൂകരിച്ചും കേന്ദ്ര സര്‍ക്കാര്‍ കാണിച്ച കൊടിയ വഞ്ചനയാണ്‌ ആത്മഹത്യാ നിരക്കുയര്‍ത്തിയത്‌. ഈ ഉദാരീകരണം മൂലം ഒരു ഭാഗത്ത്‌ ഉത്പാദന ചെലവ്‌ വര്‍ധിച്ചപ്പോള്‍ മറുവശത്ത്‌ കാര്‍ഷികവിളകളുടെ വിലയിടിഞ്ഞു. അറിയാവുന്ന ഏക തൊഴില്‍ കൃഷിയായതുകൊണ്ടും മണ്ണുചതിക്കുകയില്ലെന്ന പ്രതീക്ഷയിലും കൊള്ളപ്പലിശയ്ക്ക്‌ കടമെടുത്ത്‌ കൃഷിചെയ്യുകയായിരുന്നു ഭൂരിപക്ഷവും. ഈ ഗത്യന്തരമില്ലായ്മ പക്ഷേ കര്‍ഷകരെ കൊണ്ടെത്തിച്ചത്‌ കടക്കെണിയിലും മാനഹാനിയിലുമാണ്‌. അതില്‍നിന്ന്‌ മോചനം നേടിയ കൊടിയ നിര്‍ഭാഗ്യവാന്മാരാണ്‌ ഒന്നരലക്ഷം കര്‍ഷകര്‍.


വോട്ടുചെയ്യുന്ന, നികുതി നല്‍കുന്ന സാധാരണജനങ്ങളെ വിസ്മരിച്ച്‌ അധിനിവേശത്തിന്റെ മൂലധനശക്തികള്‍ വച്ചുനീട്ടുന്ന കമ്മീഷനുകള്‍ സ്വന്തമാക്കാന്‍ 1991 മുതല്‍ കേന്ദ്രം ഭരിച്ചവര്‍ മത്സരിച്ചതിന്റെ ബീഭത്സപരിണിതി.


മന്‍മോഹന്‍-സോണിയ-ചിദംബരം-പവാര്‍ സഖ്യം തുടരുന്ന നയവും ആ ചതിയുടേതുതന്നെ. അതിനെ പിന്തുണയ്ക്കാന്‍ വിപ്ലവ വായാടിത്തങ്ങളായി കാരാട്ട്‌-ബര്‍ദന്മാര്‍ക്ക്‌ മനസ്സാക്ഷിക്കുത്തുമില്ല. അവരുടെ ഗൂഢാലോചനയുടെ ഭീകരതയാണ്‌ കൊച്ചിയിലും ബേപ്പൂരിലും പാമോയിലിന്റെ രൂപത്തില്‍ തീരത്തണഞ്ഞത്‌. 35 ലക്ഷം വരുന്ന കേരളത്തിലെ കേരകര്‍ഷകരുടെ വയറ്റത്തടിക്കാനും അവരെ ആത്മഹത്യയുടെ ആഴക്കടലിലേക്ക്‌ വലിച്ചെറിയാനുമുള്ള ആസൂത്രിതനീക്കം.


റബറും കാപ്പിയും കുരുമുളകും തേയിലയുമുള്‍പ്പെടെയുള്ള നാണ്യവിളകള്‍ ചതിച്ചപ്പോഴും കല്‍പ്പകവൃക്ഷമായ തെങ്ങ്‌ മലനാട്ടിലേയും ഇടനാട്ടിലേയും തീരദേശത്തേയും കര്‍ഷകരെ കൈയൊഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതും സംഭവിച്ചിരിക്കുന്നു. തെങ്ങുകളുടെ രോഗബാധയും നാളികേരത്തിന്റെ വിലയിടിവും മൂലം കേരകര്‍ഷകര്‍ നട്ടംതിരിയുകയാണ്‌. ഒരു നാളികേരത്തിന്‌ രണ്ടു രൂപയും ഒരു കിലോ വെളിച്ചെണ്ണയ്ക്ക്‌ 45 രൂപയുമാണ്‌ ഇന്നത്തെ മാര്‍ക്കറ്റ്‌ വില. പിടിച്ചുനില്‍പ്പിന്റെ എല്ലാ വള്ളികളും അറ്റ്‌ കേരകര്‍ഷകര്‍ വലയുമ്പോഴാണ്‌ ഇരുട്ടടിയായി പാമോയില്‍ ഇറക്കുമതിക്ക്‌ കേരളംതന്നെ കേന്ദ്രം തെരഞ്ഞെടുത്തത്‌.


ഇന്ത്യയിലെ നാളികേര കൃഷിയുടെ ഭൂരിപക്ഷവും കേരളത്തിലാണ്‌. പതിനാറുകോടി തെങ്ങുകള്‍ കേരളത്തിലുണ്ടെന്നാണ്‌ കണക്ക്‌. മണ്ഡരിയും മണ്ടചീയലും വേരുചീയലുമടക്കമുള്ള രോഗബാധമൂലം നാളികേര ഉല്‍പ്പാനത്തിലും വന്‍ ഇടിവുണ്ടായി. ഇപ്പോള്‍ 600 കോടി നാളികേരമാണ്‌ ഉല്‍പ്പാദനം.


ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതിചുങ്കം വര്‍ധിപ്പിക്കാനുള്ള കേരളത്തിന്റെ ആവശ്യത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. പക്ഷേ മന്‍മോഹനോ സോണിയയ്ക്കോ ചിദംബരത്തിനോ അതു ശ്രദ്ധിക്കാനുള്ള മനസില്ല. എനിക്കുശേഷം പ്രളയം എന്ന ദുഷ്ടമനസ്സോടെയാണ്‌ ആ ഉത്തരേന്ത്യന്‍ ഗോസായിമാര്‍ ദക്ഷിണേന്ത്യന്‍ കര്‍ഷകരുടെ പ്രശ്നങ്ങളെ സമീപിക്കുന്നത്‌. സോണിയയുടെ മാനസപുത്രന്മാരും മന്‍മോഹന്റെ ഇഷ്ടക്കാരും ചിദംബരത്തിന്റെ തോഴന്മാരുമൊക്കെയായി കുറേ മലയാളികള്‍ പാര്‍ട്ടിയിലും മന്ത്രിസഭയിലുമുണ്ട്‌. സ്വന്തം സ്വാധീനം നിലനിര്‍ത്താനും എതിരാളികളെ മലര്‍ത്തിയടിക്കാനുമാണ്‌ അവര്‍ തങ്ങളുടെ സ്ഥാനങ്ങള്‍ ഉപയോഗിക്കുന്നത്‌. ആ സ്വാര്‍ത്ഥത കൂടിയാണ്‌ പാമോയില്‍ രൂപത്തില്‍ കേരകര്‍ഷകന്റെ തലയില്‍ ഇടിത്തീയായി പതിച്ചിരിക്കുന്നത്‌.


അംബാനിമാരേയും അധിനിവേശമൂലധന ശക്തികളേയും മാത്രം സംരക്ഷിക്കുന്ന ദേശദ്രോഹപരവും
കര്‍ഷകവിരുദ്ധവുമായ നയങ്ങളില്‍നിന്ന്‌ കേന്ദ്രസര്‍ക്കാരിനെ പിന്തിരിപ്പിക്കാനുള്ള ശക്തമായ
ഇടപെടലുകള്‍ അനിവാര്യമായിരിക്കുന്നു. സായുധമാണ്‌ അതിന്റെ രീതിശാസ്ത്രമെങ്കില്‍ അതു ചെയ്യണം
എന്നാണ്‌ കാലം ആവശ്യപ്പെടുന്നത്‌. ചുവരെഴുത്തുകള്‍ വായിക്കാനുള്ളവ മാത്രമല്ല കര്‍മപദ്ധതിയായി
വിവര്‍ത്തനം ചെയ്യാനുള്ളവ കൂടിയാണ്‌.

Tuesday, November 13, 2007

Blues ::: ശിശുദിനം

CHILDREN'S DAY BLUES"വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ കഴിയാത്ത കിടാങ്ങളെ, ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍...."

മാലാഖ കണ്ണുകളും പൂപ്പുഞ്ചിരികളുമുള്ള ശിശുക്കള്‍ മണ്ണിലെ സ്വര്‍ഗ്ഗത്തിന്റെ സാക്ഷാത്കാരമാണ്‌.... നാളെ ശിശുദിനം. ചാച്ചാജിയുടെ ജന്മദിനം നാളെ രാജ്യമെമ്പാടും അത്യാഢംബരപൂര്‍വ്വം കൊണ്ടാടുമ്പോള്‍ തെരുവില്‍ പിറവിയെടുക്കുന്ന ഈ ദേവനൈരാശ്യങ്ങളെക്കാണാന്‍ നമുക്ക്‌ കണ്ണില്ല; മനസുമില്ല.

കൊച്ചി കലൂരിലെ ഒരു അന്യസംസ്ഥാന നിര്‍മ്മാണ തൊഴിലാളി കുടുംബം.
ഫോട്ടോ: ഏകലവ്യന്‍/വാസ്തവം

ചുമട്ടുകാരെ ആവശ്യമുണ്ട്‌ ... അന്തോനിച്ചന്‌!

കലാനിലയം പോലൊരു സ്ഥിരം നാടകവേദിയാണ്‌ കോണ്‍ഗ്രസ്‌. കാണികള്‍ മാറിക്കൊണ്ടിരിക്കും, കഥയും കളിക്കാരും മാറില്ല.

ചത്തൊഴിഞ്ഞു പോകുംവരെ സീറ്റൊഴിഞ്ഞു കൊടുക്കില്ല ഒരുത്തനും. പഞ്ചായത്തു മെമ്പറായി തുടങ്ങി എംഎല്‍എ, എംപി, മന്ത്രി, ഒടുവില്‍ ഗവര്‍ണ്ണറെങ്കിലുമായിരുന്നേ അടങ്ങൂ!

ഭരണത്തില്‍ മാത്രമല്ല അഭിനയത്തിലും കേമനായ അന്തോനിച്ചന്‍ കോഴിക്കോട്ട്‌ വച്ചു പറഞ്ഞതറിഞ്ഞോ? കോണ്‍ഗ്രസില്‍ പുതുരക്തം കടന്നുവരണമെന്നാണ്‌ അന്തോനിച്ചന്റെ ആഹ്വാനം!

അന്തോനിച്ചാ, നടക്കണ കാര്യം വല്ലതും പറ! അന്തോനിച്ചന്റെ കീഴില്‍ തന്നെ വന്ന പുതുരക്തമായിരുന്നില്ലേ ചെറിയാന്‍ ഫിലിപ്പെന്ന തീപ്പൊരി? പുസ്തകം വായിക്കുമെന്നതൊഴിച്ചാല്‍ മേറ്റ്ന്തു കുറ്റമായിരുന്നു ചെറിയാനുണ്ടായിരുന്നത്‌? എന്നിട്ടെന്തുണ്ടായി, അന്തോനിച്ചനെ തള്ളിപ്പറഞ്ഞ്‌ തടിതപ്പിയതുകൊണ്ടു മാത്രം കഷ്ടിച്ച്‌ രക്ഷപ്പെട്ടു.

കെ മുരളീധരന്‍ എന്നൊരു പുതുരക്തം പൊടുന്നനെ മാനത്തു നിന്നും പൊട്ടി വീണതോര്‍മ്മയുണ്ടോ? ആ പുതുരക്തത്തില്‍ കെ കരുണാകരനും പങ്കുണ്ടെന്ന ഒറ്റക്കാരണത്താലല്ലേ ചാണ്ടിയും കൂട്ടരും പുകച്ചു പുറത്താക്കിയത്‌? ഇനിയിപ്പോ ആരു വരാനാ കോണ്‍ഗ്രസില്‍? അന്തോനിച്ചന്‍ തന്നെ കളി തുടങ്ങിയിട്ട്‌ കാലമെത്രയായി?

ഒരു കാര്യം കൂടി അന്തോനിച്ചന്‍ പറഞ്ഞു. കാര്യമിത്തിരി ഗൗരവാവഹം. കോണ്‍ഗ്രസ്‌ ഭരിക്കേണ്ടത്‌ രാജ്യത്തിന്റെ ആവശ്യമാണെന്നതാണ്‌ ആ കണ്ടെത്തല്‍. തന്നെ, തന്നെ! നേരു തന്നെ അന്തോനിച്ചാ, രാജ്യം ഭരിക്കേണ്ടത്‌ കോണ്‍ഗ്രസിന്റെ ആവശ്യം തന്നെ!

ഇന്ത്യയ്ക്കൊപ്പമോ പിന്നീടോ സ്വാതന്ത്ര്യം പ്രഖ്യാപിച്ച രാജ്യങ്ങളൊക്കെയും പട്ടാളഭരണത്തിലും കലാപത്തിലും ചെന്നു പതിച്ചുവെന്നതാണ്‌ അടുത്ത കണ്ടെത്തല്‍. കോണ്‍ഗ്രസ്‌ ഭരിച്ച ഇന്ത്യ മാത്രം ക്ലീന്‍ ക്ലീന്‍! കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ത്തിട്ടു വേണ്ടേ നമുക്ക്‌ വേറെയാരോടെങ്കിലും പോരിനു പോകാന്‍?

കോണ്‍ഗ്രസിനു നേതാക്കള്‍ മാത്രമല്ല, കാലാള്‍പ്പടയും വേണമെന്നാണ്‌ അടുത്ത അന്തോനി വചനം. കൊള്ളാം, വിവരരഹിതരായ കാലാള്‍പ്പടകളാണല്ലോ അന്തോനിച്ചനുള്‍പ്പെടെയുള്ള സകലരാജാക്കന്മാരെയും ഇപ്പോഴും ചുമന്ന്‌ നടക്കുന്നത്‌!!

കുതിരക്കെന്ത്‌ ട്രാഫിക്‌ ബ്ലോക്‌!


കുതിരക്ക്‌ ബ്ലോക്ക്‌ ബാധകമല്ല... ഇന്നലെ പറവൂര്‍ മുറവന്‍തുരുത്തില്‍ പ്ലാസ്റ്റിക്‌ നിര്‍മാര്‍ജന ഘോഷയാത്ര ഗതാഗതം തടസ്സപ്പെടുത്തിയപ്പോള്‍ ട്രാഫിക്‌ ബ്ലോക്‌ ബാധകമല്ലാത്ത കുതിര സവാരിക്കാരന്‍.
ഫോട്ടോ: ഡെയ്ന്‍/വാസ്തവം

നടുവൊടിച്ച്‌, നട്ടം തിരിക്കാന്‍ ഇങ്ങനെയും ചില മന്ത്രിപുംഗവന്മാര്‍...

ഭാര്യയുടേയും ജ്യോതിഷിയുടേയും നിര്‍ബന്ധവും നിര്‍ദേശവും മൂലം ഖജനാവില്‍ നിന്ന്‌ ലക്ഷങ്ങള്‍ ചെലവാക്കി മന്ത്രിമന്ദിരം മോടിപിടിപ്പിച്ച്‌ കേരളത്തിലെ നികുതിദായകരേയും സമ്മതിദായകരേയും വഞ്ചിച്ച സി. ദിവാകരനും കാര്‍ഷിക കടാശ്വാസ കമ്മീഷനെ നോക്കുകുത്തിയാക്കി കര്‍ഷകരുടെ വയറ്റത്തടിച്ച മുല്ലക്കര രത്നാകരനും മെര്‍ക്കിസ്റ്റണ്‍ - മൂന്നാര്‍ ഫെയിം ബിനോയ്‌ വിശ്വവും സിഐഎ ഏജന്റ്‌ എന്ന ആരോപണമുള്ള റിച്ചാര്‍ഡ്‌ ഫ്രാങ്കിയെ കമ്യൂണിസ്റ്റുകാരനാക്കി മാമോദീസമുക്കി പുതിയ വെട്ടിപ്പുകള്‍ക്ക്‌ ധനശേഷിയൊരുക്കുന്ന ഡോക്ടര്‍ തോമസ്‌ ഐസക്കും പകര്‍ച്ചവ്യാധികള്‍ക്ക്‌ താണ്ഡവമാടാനും ഡോക്ടര്‍മാര്‍ക്ക്‌ പണിമുടക്കാനും പരിസരമൊരുക്കിയ പി.കെ. ശ്രീമതിയും റോഡുകളിലെ മരണഗര്‍ത്തങ്ങള്‍ സംരക്ഷിച്ച്‌ യാത്രക്കാരെ ദിവസേന കാലപുരിക്കയച്ച്‌ മോന്‍സ്‌ ജോസഫവുമൊക്കെ ഭരിച്ച്‌ ഭരിച്ച്‌ കേരളീയന്റെ നടുവൊടിച്ച്‌ നട്ടംതിരിക്കുകയാണ്‌.

സാധാരണക്കാര്‍ക്ക്‌ രോഗം വന്നാല്‍ ചികിത്സിക്കാന്‍ വേണ്ടത്ര സൗകര്യങ്ങളുള്ള ആശുപത്രികളില്ല. കൂനിമേല്‍ കുരുവായി ഡോക്ടര്‍മാരുടെ പണിമുടക്കും. ഇനി കെട്ടുതാലിയും വീടിന്റെ ആധാരവും പണയപ്പെടുത്തി ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ നിന്ന്‌ ചികിത്സ തേടാമെന്നു കരുതിയാല്‍ യാത്രചെയ്യാന്‍ യോഗ്യമായ റോഡുകളില്ല. ആശുപത്രിയില്‍ എത്തും മുന്‍പ്‌ അപകടത്തില്‍പെട്ട്‌ പിടഞ്ഞുമരിക്കാനാണ്‌ യോഗം.

ഈ ദുരിതാവസ്ഥകളുടെ രൂക്ഷത വര്‍ധിപ്പിക്കാന്‍ വിലക്കയറ്റവും അടിച്ചേല്‍പ്പിച്ച്‌ പൊറുതിമുട്ടിക്കുകയാണ്‌ മന്ത്രിപുംഗവന്മാര്‍. നിത്യോപയോഗ സാധനങ്ങളുടെ വില വാണംപോലെ കുതിച്ചുയരുകയാണ്‌. അരി മുതല്‍ പച്ചക്കറിയും പലവ്യഞ്ജനവും വരെയുള്ളവയുടെ വില 20 - 40 ശതമാനം വരെ ഉയര്‍ന്നുകഴിഞ്ഞു. മന്ത്രിമാരുടെ പിടിപ്പുകേടും ഉത്തരവാദിത്തമില്ലായ്മയുമാണ്‌ വിലക്കയറ്റത്തിന്റെ പ്രഥമഘടകം. അരിവില വര്‍ധനതന്നെ എടുക്കുക. ആന്ധ്രയിലെ മില്ലുടമകളും സര്‍ക്കാരും ചേര്‍ന്ന്‌ നടത്തുന്ന ഒത്തുകളിമൂലമാണ്‌ അരിവില ഇങ്ങനെ കുത്തനെ ഉയര്‍ന്നത്‌. ഏറെ കൊട്ടിഘോഷിച്ച നെല്ലുസംഭരണം പാളിയതും (അല്ല, പാളിച്ചതും) മറ്റൊരു കാരണമാണ്‌.

ഇതിനിടയിലാണ്‌ റേഷന്‍കടകള്‍ വഴിയുള്ള അരി, ഗോതമ്പ്‌, ആട്ട, പഞ്ചസാര എന്നിവയുടെ വിതരണത്തിലുണ്ടായ ഭീമമായ വീഴ്ചയുടെ പ്രശ്നങ്ങള്‍. ഇടനിലക്കാരും കരിഞ്ചന്തമാഫിയകളുമായി കൈകോര്‍ത്താണ്‌ സര്‍ക്കാര്‍ ഈ വഞ്ചന കാണിക്കുന്നത്‌. സാധാരണക്കാരന്റെ കഞ്ഞിപോലും നിഷേധിച്ചുകൊണ്ടുള്ള വിപ്ലവഭരണമാണ്‌ കേരളത്തില്‍ നടക്കുന്നത്‌.

ക്ഷീര കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേന മില്‍മാ പാലിന്റെ വില വര്‍ധിപ്പിച്ച്‌ സ്വകാര്യ ഡയറി മാഫിയകള്‍ക്ക്‌ ലാഭം ഉണ്ടാക്കിക്കൊടുക്കാന്‍ ദിവാകരന്‌ ഒട്ടും ഉളുപ്പുണ്ടായില്ല. പ്രതിദിനം എണ്‍പതുലക്ഷം ലിറ്റര്‍ പാല്‍ കേരളത്തിനുവേണം. ഇതില്‍ 60 ലക്ഷം ലിറ്ററില്‍ താഴെയാണ്‌ കേരളത്തിലെ ഉല്‍പ്പാദനം. ബാക്കി തമിഴ്‌നാട്ടില്‍നിന്നുമാണ്‌ എത്തുന്നത്‌. ഇവര്‍ക്കാണ്‌ പാല്‍വില വര്‍ധനയുടെ നേട്ടം കിട്ടുക. കാരണം, മില്‍മവഴി വിതരണം ചെയ്യുന്ന കാലിത്തീറ്റയുടെ വില കുത്തനെ കൂട്ടിയശേഷം ക്ഷീരോത്പാദകര്‍ക്ക്‌ 58 പൈസ നല്‍കുമെന്നു പറയുന്ന മന്ത്രിയെ മുക്കാലില്‍ കെട്ടി അടിക്കേണ്ടതല്ലേ? അരി-പാല്‍ വില വര്‍ധന നടപ്പിലായതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വര്‍ധിപ്പിക്കാന്‍ ഹോട്ടലുടമകളും തീരുമാനിച്ചുകഴിഞ്ഞു. ഇത്‌ പട്ടണവാസികളായ സാധാരണക്കാരെ മാത്രമല്ല ബാധിക്കാന്‍ പോകുന്നത്‌. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ മൂന്നോ നാലോ ദിവസമേയുള്ളു. ഈ സംസ്ഥാനത്തെ മാത്രമല്ല അന്യസംസ്ഥാനത്തെ അയ്യപ്പഭക്തരും ഇതിന്റെ ദുഃസ്വാദ്‌ അറിയാന്‍ പോകുന്നു.

പാചകവാതക വിതരണത്തിലെ ക്രമക്കേടുമൂലം വീട്ടമ്മമാര്‍ അനുഭവിക്കുന്ന പൊറുതിക്കേട്‌ പറയാതിരിക്കുന്നതാണ്‌ ഭേദം. ഇതെല്ലാം കണ്ടപ്പോള്‍ ഉണ്ടുകൊണ്ടിരുന്ന നായര്‍ക്ക്‌ വിളി തോന്നിയതുപോലെ മന്ത്രി ബാലനും ഒരു ആഗ്രഹം. വൈദ്യുതിയുടെ വിലകൂടി കൂട്ടിയാലോ എന്നാണ്‌ പിണറായിയുടെ മൗത്ത്പീസായ ബാലന്റെ ചിന്ത.

ഈ വിലക്കയറ്റത്തിന്റേയും റോഡുകളുടെ ദുരവസ്ഥയുടേയും ഡോക്ടര്‍മാരുടെ പണിമുടക്കിന്റേയും പാചകവാതക ദൗര്‍ലഭ്യത്തിന്റേയും പ്രശ്നങ്ങള്‍ ഒരു മന്ത്രിയേയും മന്ത്രിയുടെ കുടുംബാംഗങ്ങളേയും ബാധിക്കില്ല. അധികാരത്തിന്റെ ബലത്തിലും തണലിലും അവര്‍ക്ക്‌ തിന്നുകൊഴുത്ത്‌ തിമിര്‍ക്കാം. ദുരിതങ്ങളെല്ലാം പേറേണ്ടിവരുന്നത്‌ ഇവര്‍ക്ക്‌ വോട്ടുകൊടുത്ത്‌ മന്ത്രിയാക്കിയ സാധാരണക്കാരാണ്‌. അവരെക്കുറിച്ച്‌ ചിന്തിക്കാനോ മന്ത്രിമാരെകൊണ്ട്‌ മാന്യമായി പണിയെടുപ്പിക്കാനോ മുഖ്യമന്ത്രി അച്യുതാനന്ദന്‌ കഴിയില്ല. പിണറായിയെ തോല്‍പ്പിച്ച്‌ പാര്‍ട്ടി പിടിച്ചെടുക്കാനാണ്‌ അങ്ങോരുടേയും ശ്രമം.

ഇത്‌ മറ്റൊരു 'നന്ദിഗ്രാം' സൃഷ്ടിക്കലാണ്‌. മാന്യമായി ജീവിക്കാനുള്ള സാധാരണക്കാരന്റെ അവകാശത്തില്‍നിന്ന്‌ അവരെ ക്രൂരമായി കുടിയിറക്കുന്ന ഭരണതോന്ന്യാസം!

ഇതിനെതിരെ ജനകീയശക്തി സ്വരൂപിച്ച്‌ ആഞ്ഞടിക്കാന്‍ ബാധ്യസ്ഥരാണ്‌ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. അവരാകട്ടെ കരുണാകരനെ കോണ്‍ഗ്രസിലേക്ക്‌ തിരികെകൊണ്ടുവരാതിരിക്കാനുള്ള കുതന്ത്രങ്ങളുടെ പണിപ്പുരയിലാണ്‌!!

പ്രതികരണശേഷിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഒരു ജനതയ്ക്ക്‌ അവര്‍ അര്‍ഹിക്കുന്ന നേതാക്കളെയും ഭരണക്കാരെയും മാത്രമേ ലഭിക്കുകയുള്ളു. അതാണിപ്പോള്‍ കേരളീയന്റെ അവസ്ഥ. സഹിക്കുകയല്ലാതെ മറ്റൊരു നിവൃത്തിയും ഇല്ല.