Thursday, November 8, 2007

ശ്രീമതിയുടെ കഴിവുകേടിന്‌ ഇവരാണോ പിഴ മൂളേണ്ടത്‌?

ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റമെന്ന മട്ടിലാണ്‌ അന്യസംസ്ഥാനത്തുനിന്നുള്ള നിര്‍മ്മാണതൊഴിലാളികളോട്‌ കേരളത്തിലെ ഭരണാധിപന്മാരുടെയും രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെയും സമീപനം.

എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളിലെ പകര്‍ച്ചവ്യാധികള്‍ക്ക്‌ കാരണക്കാര്‍ അന്യസംസ്ഥാന നിര്‍മ്മാണ തൊഴിലാളികളെന്ന്‌ പറയാന്‍ കളക്ടര്‍ എ.പി.എം. മുഹമ്മദ്‌ ഹനീഷിനുപോലും ഉളുപ്പുണ്ടായില്ല. ചിക്കുന്‍ഗുനിയ, മലേറിയ, മന്ത്‌, എയ്ഡ്സ്‌, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്‌ തുടങ്ങിയ രോഗങ്ങളുടെ ഭീഷണിയിലാണ്‌ കൊച്ചി നഗരവും എറണാകുളം ജില്ലയും. ആരോഗ്യരംഗത്തെ വീഴ്ചയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിടിപ്പുകേടും മൂലം മാലിന്യകൂമ്പാരത്തില്‍ നിന്ന്‌ ഉണ്ടാകുന്ന ഈ പകര്‍ച്ചവ്യാധികളുടെ എല്ലാം ഉത്തരവാദിത്തം, മെട്രോ നഗരത്തില്‍ അംബരചുംബികള്‍ പണിതുയര്‍ത്താന്‍ അഹോരാത്രം കഷ്ടപ്പെടുന്ന അന്യ സംസ്ഥാന നിര്‍മ്മാണ തൊഴിലാളികളുടെ തലയില്‍ അടിച്ചേല്‍പിക്കാന്‍ അധികൃതര്‍ക്ക്‌ എന്ത്‌ ഉത്സാഹമാണ്‌.

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ തൊഴിലാളികള്‍ക്ക്‌ ലഭിക്കുന്ന സേവന-വേതന സൗകര്യങ്ങളെല്ലാം നിഷേധിച്ച്‌ അടിമകളെപ്പോലെയാണ്‌ ഇവരെക്കൊണ്ട്‌ പണിയെടുപ്പിക്കുന്നത്‌. അടിസ്ഥാന ജീവിത ആവശ്യങ്ങള്‍ പോലും നിരോധിക്കപ്പെട്ടിട്ടും കുടുംബം പോറ്റാന്‍ വേണ്ടിയാണ്‌ ഇവര്‍ ഇവിടെ പണിയെടുക്കുന്നത്‌. അവരുടെ കര്‍മ്മശേഷിയെയും ക്രയശേഷിയെയും ചൂഷണം ചെയ്യുകയാണ്‌ എല്ലാ അര്‍ത്ഥത്തിലും മലയാളികള്‍. എന്നിട്ടാണ്‌ പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഇവരില്‍ അടിച്ചേല്‍പ്പിക്കുന്നത്‌.

ഈ തൊഴിലാളികള്‍ സംഘടിതരായി തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താതിരിക്കാന്‍ അധികാരി വര്‍ഗവും തൊഴില്‍ദാതാക്കളും പോലീസ്‌ ഉദ്യോഗസ്ഥരും എല്ലാ കള്ളക്കളിയും കള്ളപ്രചാരണവും നിര്‍ലജ്ജം നടത്തുന്നുണ്ട്‌. അതിന്റെ ഉദാഹര ണമായിരുന്നു ഇവര്‍ക്കിടയില്‍ മാവോയിസ്റ്റ്‌ പ്രസ്ഥാനക്കാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നുള്ള വാര്‍ത്ത.

അന്യ സംസ്ഥാനത്തുനിന്നുള്ള നിര്‍മാണ തൊഴിലാളികളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ മലയാളികള്‍ കേരളത്തിന്‌ പുറത്തും വിദേശത്തും ഇതേ ജോലി ചെയ്യുന്നവരായുണ്ട്‌. അവര്‍ എല്ലുമുറിയെ പണിയെടുത്ത്‌ നാട്ടിലേക്ക്‌ അയക്കുന്ന പണമാണ്‌ കേരളത്തിന്റെ സമ്പദ്‌ വ്യവസ്ഥയുടെ നട്ടെല്ല്‌. ആ പണത്തിന്റെ വരവ്‌ നിലക്കുകയോ ആ തൊഴിലാളികള്‍ കേരളത്തിലേക്ക്‌ മടങ്ങിവരികയോ ചെയ്താല്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മുച്ചൂടും നശിക്കുമെന്നത്‌ തീര്‍ച്ച.

ഇന്ന്‌ കേരളത്തില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന നിര്‍മാണ തൊഴിലാളികളോട്‌ ഇവിടുത്തെ ഭരണകൂടവും തൊഴില്‍ദാതാക്കളും പുലര്‍ത്തുന്ന നീചമായ നിലപാട്‌, കേരളത്തിന്‌ പുറത്തുള്ള മലയാളികളോട്‌ അവിടുത്തെ സര്‍ക്കാരും തൊഴിലുടമകളും പുലര്‍ത്തിയാല്‍ അത്‌ അംഗീകരിക്കാന്‍ നമുക്ക്‌ കഴിയില്ല. കാപട്യത്തിന്റെ ആള്‍രൂപങ്ങളാണ്‌ എന്നും എല്ലായിടത്തും എല്ലായ്പ്പോഴും മലയാളികള്‍. അതുകൊണ്ടാണ്‌ കൊച്ചി നഗരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ പകര്‍ച്ച വ്യാധികളുടെ ഉത്തരവാദികള്‍ ഈ തൊഴിലാളികളാണെന്ന്‌ പറയുന്നത്‌.

ഇവരുടെ രോഗം മലയാളികളിലേക്ക്‌ പകരുന്നുണ്ടെങ്കില്‍ അത്‌ അനധികൃതമായും അനാശാസ്യപരമായും മലയാളികള്‍ ഇവരുമായി ബന്ധപ്പെടുന്നതുകൊണ്ടാണ്‌. പുരുഷന്മാരേയും കുട്ടികളേയും കൊണ്ട്‌ കഠിനമായി പണിയെടുപ്പിക്കുകയും അവരുടെ സ്ത്രീകളെ പ്രാപിക്കുകയും ചെയ്യുന്ന മലയാളിയുടെ അനാശാസ്യതയാണ്‌ എയ്ഡ്സ്‌ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പകരാനുള്ള കാരണം. ഈ സത്യം മറച്ചുപിടിക്കാനാണ്‌ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസ്താവനകളും പ്രഖ്യാപനങ്ങളും നടത്തുന്നത്‌.

ചിക്കുന്‍ ഗുനിയ ഉള്‍പ്പെടെയുളള പകര്‍ച്ച വ്യാധികളുടെ സാധ്യത ആരോഗ്യ നിരീക്ഷകര്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്‌. ആ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം ആനുകാലികവും ഫലപ്രദവുമാക്കാനുള്ള ബാധ്യത മന്ത്രി ശ്രീമതിക്കും വകുപ്പ്‌ തലവന്മാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്കുമാണ്‌. അവര്‍, തങ്ങളില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തം നടപ്പിലാക്കാതെ സാധുക്കളായ നിര്‍മ്മാണതൊഴിലാളികളെ കുറ്റപ്പെടുത്തുകയാണ്‌. ഈ വൃത്തികെട്ട സ്വഭാവം മാറാതെ എയ്ഡ്സ്‌ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങളില്‍ നിന്ന്‌ മലയാളികള്‍ക്ക്‌ മോചനമുണ്ടാവില്ല.

0 comments :