Wednesday, November 7, 2007

പിണറായി വിജയന്‍ എരിതീയില്‍ എണ്ണയൊഴിക്കരുത്‌

തലശേരിയും കണ്ണൂരും വീണ്ടും രക്തച്ചാലില്‍ കുളിച്ചുകയറുകയാണ്‌. പ്രത്യയശാസ്ത്ര സംരക്ഷണത്തിന്‌ സിപിഎമ്മും അതിനെ പ്രതിരോധിക്കാന്‍ ബിജെപിയും ആയുധമണിഞ്ഞതാണ്‌ കഴിഞ്ഞ രണ്ടു ദിവസമായി പത്തുപേര്‍ക്ക്‌ വെട്ടേല്‍ക്കാനിടയായ കിരാത രാഷ്ട്രീയ സാഹചര്യം ഒരുങ്ങിയത്‌. ഇരുവിഭാഗത്തിലും അഞ്ചുപേര്‍വീതമാണ്‌ വടിവാള്‍വെട്ടേറ്റ്‌ ആശുപത്രിയില്‍ കഴിയുന്നത്‌. ഇതിനിടയില്‍ ജയകൃഷ്ണന്‍മാസ്റ്റര്‍ വധത്തെ ക്രൂരമായി അനുസ്മരിപ്പിക്കുന്നവിധത്തില്‍ സ്കൂള്‍ കുട്ടികളുടെ മുന്നില്‍വച്ച്‌ സുധീര്‍കുമാര്‍ എന്ന സിപിഎം പ്രവര്‍ത്തകനെ എതിരാളികള്‍ വെട്ടി അരിഞ്ഞുവീഴ്ത്തി.

പുന്നോലില്‍ കഴിഞ്ഞ ശനിയാഴ്ച സിപിഎം പ്രവര്‍ത്തകന്റെ വീടിന്റെ നേരെയുണ്ടായ കല്ലേറിനെതുടര്‍ന്നാണ്‌ തലശേരി വീണ്ടും 'കൊലശേരി'യായി മാറിയത്‌. ഞായറാഴ്ച ഇരുവിഭാഗവും ആയുധമേന്തി താണ്ഡവമാടിയപ്പോള്‍ നാലുപേര്‍ക്കുവീതം വെട്ടേറ്റു. ഇത്‌ സിപിഎമ്മും ബിജെപിയും തമ്മിലുള്ള പരമ്പരാഗത ആയുധപ്പോരാട്ടത്തിന്റെ തുടര്‍ച്ചയായിരുന്നെങ്കില്‍ കണ്ണൂരില്‍ കെഎസ്‌യു സ്റ്റേറ്റ്‌ ജനറല്‍ സെക്രട്ടറി കെ. ബിനോജ്‌ അക്രമികളുടെ അടിയേറ്റ്‌ ഇരുകാലും തകര്‍ന്ന്‌ ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലാണ്‌. ഏതാനും ദിവസം മുന്‍പ്‌ എസ്‌എഫ്‌ഐ കണ്ണൂര്‍ ഏരിയാ സെക്രട്ടറി റെജിലിന്‌ വെട്ടേറ്റതും ഓര്‍ക്കുക.

തലശേരി കേന്ദ്രീകരിച്ച്‌ കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മും ബിജെപിയും ഇതുവരെ നടത്തിയ ഏറ്റുമുട്ടലുകളില്‍ 150 സിപിഎമ്മുകാരും 69 ബിജെപിക്കാരും കാലപുരിപൂകിയിട്ടുണ്ട്‌. ഇവരെ രക്തസാക്ഷികളാക്കിയാണ്‌ വീണ്ടും നേതാക്കള്‍ യുവജനങ്ങളെ ആയുധമണിയിച്ച്‌ തെരുവില്‍ ചോരക്കളങ്ങള്‍ തീര്‍ക്കുന്നത്‌. വെട്ടേറ്റുമരിക്കുന്നവരുടെ ആശ്രിതരുടെ കണ്ണീരും വിലാപവും ഒന്നും ഇരുവിഭാഗത്തിലേയും നേതാക്കള്‍ക്ക്‌ വിഷയമാകുന്നില്ല. ഒരാള്‍ വീണാല്‍ ഒന്‍പതെണ്ണത്തിനെ തട്ടുമെന്ന പൈശാചിക പ്രതിജ്ഞയെടുത്ത്‌ അണികളെ യുദ്ധസജ്ജരാക്കി, ചാവേറുകളാക്കി നേതാക്കള്‍ അധികാരം പിടിച്ചെടുക്കാനുള്ള കുല്‍സിത കളികള്‍ തുടരുകയാണ്‌.

ഈ എരിതീയിലേക്ക്‌ എണ്ണയൊഴിക്കുന്ന രീതിയിലാണ്‌ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തിയത്‌. ചങ്ങനാശേരിയില്‍ എഎസ്‌ഐ ഏലിയാസിനെ അടിച്ചുകൊന്ന ആര്‍എസ്‌എസുകാരെ യുഡിഎഫും ഉമ്മന്‍ചാണ്ടിയും ഒരു വിഭാഗം മാധ്യമങ്ങളും ന്യായീകരിച്ചതുകൊണ്ടാണ്‌ ഇപ്പോള്‍ തലശേരിയിലെ തുടര്‍ സംഘട്ടനങ്ങള്‍ അരങ്ങേറുന്നതെന്നാണ്‌ പിണറായി പ്രഖ്യാപിച്ചത്‌.

നിലവിലിരിക്കുന്ന സ്ഫോടനാത്മകമായ സാഹചര്യം ആളിക്കത്തിക്കാന്‍ മാത്രമേ പിണറായിയുടെ ഈ പ്രഖ്യാപനങ്ങള്‍ സഹായിക്കുകയുള്ളൂ. സമാധാനം കാംക്ഷിക്കുന്നവരോടും സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നവരോടും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട, സമുന്നതനായ നേതാവ്‌ കാണിക്കുന്ന നെറികേടാണിത്‌.

ഓര്‍ക്കുക, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോഴാണ്‌ തലശേരിയും കണ്ണൂരും മറ്റും ചോരക്കളങ്ങളാകുന്നത്‌. ഈ നിണയുദ്ധത്തില്‍ എല്ലായിപ്പോഴും ഒരുവശത്ത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി സഖാക്കളുണ്ട്‌. അതായത്‌ അധികാരത്തിന്റെ മറവില്‍ എന്തു തോന്ന്യാസവും കാട്ടാന്‍ അണികളെ ആരൊക്കെയോ സജ്ജരാക്കുന്നുവെന്നര്‍ത്ഥം. ഈ കൊലപാതക രാഷ്ട്രീയത്തിന്‌ സംരക്ഷണം നല്‍കാന്‍ പോലീസ്‌ സേനയെ നിഷ്ക്രിയമാക്കുന്നുവെന്ന്‌ സാരം.

കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ തലശേരിയും പരിസര പ്രദേശങ്ങളും രാഷ്ട്രീയ സംഘട്ടനങ്ങളില്ലാതെ സമാധാനപരമായി കഴിഞ്ഞത്‌ ഇവിടെ പ്രത്യേകം സ്മരണീയമാണ്‌. അതായത്‌ പാര്‍ട്ടി വളര്‍ത്താനും അണികളെ ഒപ്പം നിര്‍ത്താനും രക്തസാക്ഷികളെ സൃഷ്ടിക്കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഒരു വിഭാഗം കിരാത നേതാക്കളാണ്‌ വീണ്ടും തലശേരിയെ കൊലക്കളമാക്കിയത്‌. ആ നീചത്വത്തെ ന്യായീകരിക്കാന്‍ പിണറായി വിജയനെപ്പോലെ ഒരാള്‍ തയ്യാറാകുമ്പോള്‍ ഇനി എന്തെന്തെല്ലാം സംഭവിച്ചുകൂടാ.

0 comments :