Tuesday, November 13, 2007

നടുവൊടിച്ച്‌, നട്ടം തിരിക്കാന്‍ ഇങ്ങനെയും ചില മന്ത്രിപുംഗവന്മാര്‍...

ഭാര്യയുടേയും ജ്യോതിഷിയുടേയും നിര്‍ബന്ധവും നിര്‍ദേശവും മൂലം ഖജനാവില്‍ നിന്ന്‌ ലക്ഷങ്ങള്‍ ചെലവാക്കി മന്ത്രിമന്ദിരം മോടിപിടിപ്പിച്ച്‌ കേരളത്തിലെ നികുതിദായകരേയും സമ്മതിദായകരേയും വഞ്ചിച്ച സി. ദിവാകരനും കാര്‍ഷിക കടാശ്വാസ കമ്മീഷനെ നോക്കുകുത്തിയാക്കി കര്‍ഷകരുടെ വയറ്റത്തടിച്ച മുല്ലക്കര രത്നാകരനും മെര്‍ക്കിസ്റ്റണ്‍ - മൂന്നാര്‍ ഫെയിം ബിനോയ്‌ വിശ്വവും സിഐഎ ഏജന്റ്‌ എന്ന ആരോപണമുള്ള റിച്ചാര്‍ഡ്‌ ഫ്രാങ്കിയെ കമ്യൂണിസ്റ്റുകാരനാക്കി മാമോദീസമുക്കി പുതിയ വെട്ടിപ്പുകള്‍ക്ക്‌ ധനശേഷിയൊരുക്കുന്ന ഡോക്ടര്‍ തോമസ്‌ ഐസക്കും പകര്‍ച്ചവ്യാധികള്‍ക്ക്‌ താണ്ഡവമാടാനും ഡോക്ടര്‍മാര്‍ക്ക്‌ പണിമുടക്കാനും പരിസരമൊരുക്കിയ പി.കെ. ശ്രീമതിയും റോഡുകളിലെ മരണഗര്‍ത്തങ്ങള്‍ സംരക്ഷിച്ച്‌ യാത്രക്കാരെ ദിവസേന കാലപുരിക്കയച്ച്‌ മോന്‍സ്‌ ജോസഫവുമൊക്കെ ഭരിച്ച്‌ ഭരിച്ച്‌ കേരളീയന്റെ നടുവൊടിച്ച്‌ നട്ടംതിരിക്കുകയാണ്‌.

സാധാരണക്കാര്‍ക്ക്‌ രോഗം വന്നാല്‍ ചികിത്സിക്കാന്‍ വേണ്ടത്ര സൗകര്യങ്ങളുള്ള ആശുപത്രികളില്ല. കൂനിമേല്‍ കുരുവായി ഡോക്ടര്‍മാരുടെ പണിമുടക്കും. ഇനി കെട്ടുതാലിയും വീടിന്റെ ആധാരവും പണയപ്പെടുത്തി ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ നിന്ന്‌ ചികിത്സ തേടാമെന്നു കരുതിയാല്‍ യാത്രചെയ്യാന്‍ യോഗ്യമായ റോഡുകളില്ല. ആശുപത്രിയില്‍ എത്തും മുന്‍പ്‌ അപകടത്തില്‍പെട്ട്‌ പിടഞ്ഞുമരിക്കാനാണ്‌ യോഗം.

ഈ ദുരിതാവസ്ഥകളുടെ രൂക്ഷത വര്‍ധിപ്പിക്കാന്‍ വിലക്കയറ്റവും അടിച്ചേല്‍പ്പിച്ച്‌ പൊറുതിമുട്ടിക്കുകയാണ്‌ മന്ത്രിപുംഗവന്മാര്‍. നിത്യോപയോഗ സാധനങ്ങളുടെ വില വാണംപോലെ കുതിച്ചുയരുകയാണ്‌. അരി മുതല്‍ പച്ചക്കറിയും പലവ്യഞ്ജനവും വരെയുള്ളവയുടെ വില 20 - 40 ശതമാനം വരെ ഉയര്‍ന്നുകഴിഞ്ഞു. മന്ത്രിമാരുടെ പിടിപ്പുകേടും ഉത്തരവാദിത്തമില്ലായ്മയുമാണ്‌ വിലക്കയറ്റത്തിന്റെ പ്രഥമഘടകം. അരിവില വര്‍ധനതന്നെ എടുക്കുക. ആന്ധ്രയിലെ മില്ലുടമകളും സര്‍ക്കാരും ചേര്‍ന്ന്‌ നടത്തുന്ന ഒത്തുകളിമൂലമാണ്‌ അരിവില ഇങ്ങനെ കുത്തനെ ഉയര്‍ന്നത്‌. ഏറെ കൊട്ടിഘോഷിച്ച നെല്ലുസംഭരണം പാളിയതും (അല്ല, പാളിച്ചതും) മറ്റൊരു കാരണമാണ്‌.

ഇതിനിടയിലാണ്‌ റേഷന്‍കടകള്‍ വഴിയുള്ള അരി, ഗോതമ്പ്‌, ആട്ട, പഞ്ചസാര എന്നിവയുടെ വിതരണത്തിലുണ്ടായ ഭീമമായ വീഴ്ചയുടെ പ്രശ്നങ്ങള്‍. ഇടനിലക്കാരും കരിഞ്ചന്തമാഫിയകളുമായി കൈകോര്‍ത്താണ്‌ സര്‍ക്കാര്‍ ഈ വഞ്ചന കാണിക്കുന്നത്‌. സാധാരണക്കാരന്റെ കഞ്ഞിപോലും നിഷേധിച്ചുകൊണ്ടുള്ള വിപ്ലവഭരണമാണ്‌ കേരളത്തില്‍ നടക്കുന്നത്‌.

ക്ഷീര കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേന മില്‍മാ പാലിന്റെ വില വര്‍ധിപ്പിച്ച്‌ സ്വകാര്യ ഡയറി മാഫിയകള്‍ക്ക്‌ ലാഭം ഉണ്ടാക്കിക്കൊടുക്കാന്‍ ദിവാകരന്‌ ഒട്ടും ഉളുപ്പുണ്ടായില്ല. പ്രതിദിനം എണ്‍പതുലക്ഷം ലിറ്റര്‍ പാല്‍ കേരളത്തിനുവേണം. ഇതില്‍ 60 ലക്ഷം ലിറ്ററില്‍ താഴെയാണ്‌ കേരളത്തിലെ ഉല്‍പ്പാദനം. ബാക്കി തമിഴ്‌നാട്ടില്‍നിന്നുമാണ്‌ എത്തുന്നത്‌. ഇവര്‍ക്കാണ്‌ പാല്‍വില വര്‍ധനയുടെ നേട്ടം കിട്ടുക. കാരണം, മില്‍മവഴി വിതരണം ചെയ്യുന്ന കാലിത്തീറ്റയുടെ വില കുത്തനെ കൂട്ടിയശേഷം ക്ഷീരോത്പാദകര്‍ക്ക്‌ 58 പൈസ നല്‍കുമെന്നു പറയുന്ന മന്ത്രിയെ മുക്കാലില്‍ കെട്ടി അടിക്കേണ്ടതല്ലേ? അരി-പാല്‍ വില വര്‍ധന നടപ്പിലായതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വര്‍ധിപ്പിക്കാന്‍ ഹോട്ടലുടമകളും തീരുമാനിച്ചുകഴിഞ്ഞു. ഇത്‌ പട്ടണവാസികളായ സാധാരണക്കാരെ മാത്രമല്ല ബാധിക്കാന്‍ പോകുന്നത്‌. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ മൂന്നോ നാലോ ദിവസമേയുള്ളു. ഈ സംസ്ഥാനത്തെ മാത്രമല്ല അന്യസംസ്ഥാനത്തെ അയ്യപ്പഭക്തരും ഇതിന്റെ ദുഃസ്വാദ്‌ അറിയാന്‍ പോകുന്നു.

പാചകവാതക വിതരണത്തിലെ ക്രമക്കേടുമൂലം വീട്ടമ്മമാര്‍ അനുഭവിക്കുന്ന പൊറുതിക്കേട്‌ പറയാതിരിക്കുന്നതാണ്‌ ഭേദം. ഇതെല്ലാം കണ്ടപ്പോള്‍ ഉണ്ടുകൊണ്ടിരുന്ന നായര്‍ക്ക്‌ വിളി തോന്നിയതുപോലെ മന്ത്രി ബാലനും ഒരു ആഗ്രഹം. വൈദ്യുതിയുടെ വിലകൂടി കൂട്ടിയാലോ എന്നാണ്‌ പിണറായിയുടെ മൗത്ത്പീസായ ബാലന്റെ ചിന്ത.

ഈ വിലക്കയറ്റത്തിന്റേയും റോഡുകളുടെ ദുരവസ്ഥയുടേയും ഡോക്ടര്‍മാരുടെ പണിമുടക്കിന്റേയും പാചകവാതക ദൗര്‍ലഭ്യത്തിന്റേയും പ്രശ്നങ്ങള്‍ ഒരു മന്ത്രിയേയും മന്ത്രിയുടെ കുടുംബാംഗങ്ങളേയും ബാധിക്കില്ല. അധികാരത്തിന്റെ ബലത്തിലും തണലിലും അവര്‍ക്ക്‌ തിന്നുകൊഴുത്ത്‌ തിമിര്‍ക്കാം. ദുരിതങ്ങളെല്ലാം പേറേണ്ടിവരുന്നത്‌ ഇവര്‍ക്ക്‌ വോട്ടുകൊടുത്ത്‌ മന്ത്രിയാക്കിയ സാധാരണക്കാരാണ്‌. അവരെക്കുറിച്ച്‌ ചിന്തിക്കാനോ മന്ത്രിമാരെകൊണ്ട്‌ മാന്യമായി പണിയെടുപ്പിക്കാനോ മുഖ്യമന്ത്രി അച്യുതാനന്ദന്‌ കഴിയില്ല. പിണറായിയെ തോല്‍പ്പിച്ച്‌ പാര്‍ട്ടി പിടിച്ചെടുക്കാനാണ്‌ അങ്ങോരുടേയും ശ്രമം.

ഇത്‌ മറ്റൊരു 'നന്ദിഗ്രാം' സൃഷ്ടിക്കലാണ്‌. മാന്യമായി ജീവിക്കാനുള്ള സാധാരണക്കാരന്റെ അവകാശത്തില്‍നിന്ന്‌ അവരെ ക്രൂരമായി കുടിയിറക്കുന്ന ഭരണതോന്ന്യാസം!

ഇതിനെതിരെ ജനകീയശക്തി സ്വരൂപിച്ച്‌ ആഞ്ഞടിക്കാന്‍ ബാധ്യസ്ഥരാണ്‌ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. അവരാകട്ടെ കരുണാകരനെ കോണ്‍ഗ്രസിലേക്ക്‌ തിരികെകൊണ്ടുവരാതിരിക്കാനുള്ള കുതന്ത്രങ്ങളുടെ പണിപ്പുരയിലാണ്‌!!

പ്രതികരണശേഷിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഒരു ജനതയ്ക്ക്‌ അവര്‍ അര്‍ഹിക്കുന്ന നേതാക്കളെയും ഭരണക്കാരെയും മാത്രമേ ലഭിക്കുകയുള്ളു. അതാണിപ്പോള്‍ കേരളീയന്റെ അവസ്ഥ. സഹിക്കുകയല്ലാതെ മറ്റൊരു നിവൃത്തിയും ഇല്ല.

0 comments :