Monday, November 12, 2007

നന്ദിഗ്രാമിലെ സിപിഎം കൊലവിളി - നവമുതലാളിത്ത ഭൂതബാധ

ഉച്ചിതൊട്ട കൈകൊണ്ട്‌ ഉദകക്രിയ നടത്തി എന്ന അവസ്ഥയാണ്‌ ഇപ്പോള്‍, പശ്ചിമബംഗാളിലെ നന്ദിഗ്രാമിലുള്ളത്‌. ഒരുകാലത്ത്‌ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അടങ്ങുന്ന അധ്വാനിക്കുന്ന അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മോചനത്തിനുവേണ്ടി പോരാടിയവര്‍ തന്നെയാണ്‌ ഇപ്പോള്‍ കര്‍ഷകരെ കൃഷിഭൂമിയില്‍നിന്ന്‌ ആട്ടിപ്പുറത്താക്കുന്നതും അതില്‍ പ്രതിഷേധിക്കുന്നവരെ പാര്‍ട്ടി അണികളെക്കൊണ്ട്‌ വെടിവെച്ച്‌ കൊല്ലിക്കുന്നതും.

വ്യവസായ വികസനത്തിലൂടെ പശ്ചിമബംഗാളിന്റെ മുഖം മാറ്റിയെടുക്കാമെന്ന മുഖ്യമന്ത്രി ബുദ്ധദേവിന്റെ നീക്കങ്ങളുടെ ഭാഗമായാണ്‌ നന്ദിഗ്രാമില്‍നിന്നും സിങ്കൂരില്‍നിന്നും കര്‍ഷകരെ, നിഷ്കരുണം കുടിയിറക്കി അവിടെ വന്‍ വ്യവസായികള്‍ക്ക്‌ ഇരിപ്പിടം നല്‍കാനുള്ള നീക്കം.

നന്ദിഗ്രാമിലെ ഇപ്പോഴത്തെ ഏറ്റമുട്ടലും മരണവും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടവും കേവലം വ്യവസായവികസനത്തിനു വേണ്ടിയുള്ള പാതയൊരുക്കലിന്റെ അനിവാര്യമായ പരിണാമമല്ല; മറിച്ച്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ ഇപ്പോള്‍ ഗ്രസിച്ചിട്ടുള്ള നവലിബറല്‍ ചിന്താഗതിയുടെ ബലിയാടുകളാണ്‌ നന്ദിഗ്രാമില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്‌.

ഒരുകാലത്ത്‌ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ചാമ്പ്യന്മാരായിരുന്നവര്‍ ഇപ്പോള്‍ പുതുപ്പണക്കാരുടെയും മൂലധന ചൂഷകരുടെയും പിണിയാളുകളായി തൊഴിലാളി വര്‍ഗ്ഗ വിരുദ്ധ നിലപാടുകളിലൂടെ അധികാരം നിലനിര്‍ത്തുകയും അതിന്റെ അഹങ്കാരത്തില്‍ തൊഴിലാളികളെ നിഷ്കരുണം വെടിവെച്ച്‌ കൊല്ലുകയുമാണ്‌. ടാറ്റായ്ക്കും മലേഷ്യയിലെ സലിം ഗ്രൂപ്പിനും വേണ്ടിയാണ്‌ സിങ്കൂരില്‍നിന്നും നന്ദിഗ്രാമില്‍നിന്നും കര്‍ഷകരെ കുടിയിറക്കിയിട്ടുള്ളത്‌. ഈ ബഹുരാഷ്ട്ര മൂലധന ചോരന്മാര്‍ക്കുവേണ്ടി പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിച്ചുകൊണ്ടാണ്‌ വഞ്ചനയുടെയും വര്‍ഗ്ഗവിരുദ്ധതയുടെയും പുതിയ മുഖം ബംഗാളിലെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതൃത്വം എടുത്തണിയുന്നത്‌. കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ ആരംഭിച്ച ഈ ചതിയുടെ ഭാഗമായി ഇന്ന്‌ നന്ദിഗ്രാമില്‍ മാത്രമല്ല ബംഗാളിലാകെത്തന്നെ ക്രമസമാധാനനില വഷളായിരിക്കുകയാണ്‌, ജനരോഷത്തിന്റെ അഗ്നിപര്‍വ്വത മുനയിലാണ്‌ അവിടത്തെ സര്‍ക്കാര്‍. യുദ്ധസമാനമായ അന്തരീക്ഷമാണ്‌ ബംഗാളിലുള്ളതെന്ന്‌ ഗവര്‍ണര്‍ ഗോപാലകൃഷ്ണ ഗാന്ധിക്കുതന്നെ പറയേണ്ട അവസ്ഥ.

നന്ദിഗ്രാമില്‍ സിപിഎം നേതൃത്വവും അണികളും അഴിച്ചുവിട്ട കൊലപാതക നടപടികളില്‍ പ്രതിഷേധിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ്സ്‌ നേതാവ്‌ മമത ബാനര്‍ജി ലോകസഭാംഗത്വം രാജിവച്ചു. പശ്ചിമബംഗാളിലെ പൊതുമരാമത്ത്‌ മന്ത്രി ക്ഷിതിഗോസ്വാമി രാജിസന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞു. ഭരണമുന്നണിയിലെ ആര്‍എസ്പി-സിപിഐ ഫോര്‍വേഡ്‌ ബ്ലോക്ക്‌ തുടങ്ങിയ കക്ഷികളും സിപിഎമ്മിന്റെ ജനവിരുദ്ധ, വര്‍ഗ്ഗവിരുദ്ധ നിലപാടില്‍ അമര്‍ഷമുള്ളവരാണ്‌.

കുടിയിറക്കപ്പെട്ടവരുടെ കൃഷിഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ്സ്‌ ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികളുടെയല്ലാം പിന്തുണയുണ്ട്‌. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ജനങ്ങളുടെ പ്രതിഷേധം ദിവസേന ശക്തിയാര്‍ജിക്കുകയാണ്‌ എന്നിട്ടും മുഷ്കിന്റെയും അടിച്ചമര്‍ത്തലിന്റെയും നയമാണ്‌ ബുദ്ധദേവും കൂട്ടരും ബംഗാളില്‍ നടപ്പാക്കുന്നത്‌.

കര്‍ഷകരുടെ ന്യായമായ ആവശ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തെ മാവോയിസ്റ്റുകളുടെ സര്‍ക്കാര്‍വിരുദ്ധ സമരമായിട്ടാണ്‌ ഭരണകക്ഷിനേതാക്കള്‍ അപലപിക്കുന്നതും പ്രചരിപ്പിക്കുന്നതും. വര്‍ഗ്ഗവിരോധികള്‍ക്കെതിരെ തൊഴിലാളി പക്ഷത്തുനിന്ന്‌ പോരാടാന്‍ മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായെങ്കില്‍ അത്‌ സ്വാഭാവികം മാത്രം. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും പരാജയമാണ്‌ പ്രതിപക്ഷകക്ഷികള്‍ അടക്കമുള്ളവരെ ഒറ്റചരടില്‍ കോര്‍ത്തിട്ടുള്ളത്‌. ഇതിനെ രാഷ്ട്രീയമായി വിലയിരുത്തി ലഘൂകരിക്കുന്നത്‌ ശരിയല്ല. മറിച്ച്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ ഗ്രസിച്ചിട്ടുള്ള നവമുതലാളിത്ത ഭൂതത്തിന്റെ ക്രിയകളായിട്ടുവേണം വിലയിരുത്തേണ്ടതും അപലപിക്കേണ്ടതും. തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള അധ്വാനിക്കുന്ന ജനവിഭാഗത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടുള്ള ഒരു അധികാരിവര്‍ഗ്ഗവും അധികനാള്‍ ഭരണത്തില്‍ തുടര്‍ന്നിട്ടില്ല എന്ന ചരിത്രത്തിന്റെ പാഠം ബുദ്ധദേവും കൂട്ടരും വിസ്മരിക്കുന്ന ഓരോ നിമിഷവും അവരുടെ പതനം ആസന്നമാക്കുകയായിരിക്കും.

വ്യവസായികളല്ല, തൊഴിലാളികളും കര്‍ഷകരുമാണ്‌ ഒരു നാടിന്റെ പുരോഗതിയുടെ ആണിക്കല്ല്‌.

2 comments :

 1. ഫസല്‍ said...

  തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള അധ്വാനിക്കുന്ന ജനവിഭാഗത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടുള്ള ഒരു അധികാരിവര്‍ഗ്ഗവും അധികനാള്‍ ഭരണത്തില്‍ തുടര്‍ന്നിട്ടില്ല എന്ന ചരിത്രത്തിന്റെ പാഠം ബുദ്ധദേവും കൂട്ടരും വിസ്മരിക്കുന്ന ഓരോ നിമിഷവും അവരുടെ പതനം ആസന്നമാക്കുകയായിരിക്കും.

 2. Radheyan said...

  പല ചോദ്യങ്ങളുണ്ട്.

  1.സ്പെഷ്യല്‍ ഇകൊണോമിക്ക് സോണുകളെ കോണ്‍ഗ്രസ്,ത്രിണമൂല്‍,ബിജെപി തുടങ്ങിയ കക്ഷികള്‍ എതിര്‍ക്കുന്നുണ്ടോ?

  2.അതു പോലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനെ മേല്‍പ്പറഞ്ഞ കക്ഷികള്‍ എതിര്‍ക്കുന്നുണ്ടോ?

  3.ഇതിലും വലിയ കുടിയിറക്ക് നടന്ന സര്‍ദാര്‍ സരോവറിന്റെ പേരില്‍ ഇത്രയും മുതലകള്‍ കരയാഞ്ഞതെന്തേ?

  4.പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ ഫെബ്രുവരിയില്‍ പിന്‍‌വാങ്ങിയിട്ടും ഇന്നും ഇതിനേ ഭൂരക്ഷാ സമരം എന്നു വിളിക്കുന്നതിന്റെ സാംഗത്യം എന്താണ്?

  5.ആ നാട്ടിലെ സി.പി.എം. കാരെ ഗ്രാമത്തില്‍ കയറാന്‍ അനുവദിക്കാത്ത സ്ഥിതി ഉണ്ടോ?അവരുടെ സ്വത്തുക്കള്‍ മറ്റു ചിലര്‍ കൈയ്യടക്കിയത് ശരിയാണോ?
  അങ്ങോട്ട് കയറാന്‍ ശ്രമിക്കുന്ന സി.പി.എം കാരും അവരെ തടയാന്‍ ശ്രമിക്കുന്ന അവരുടെ ഭൂമി കയ്യടക്കി വെച്ചവരും തമ്മിലുള്ള പയറ്റ് എങ്ങനെ സര്‍ക്കരിനെതിരേയുള്ള ഭൂരക്ഷാ സമരമാകും?

  6.മാധ്യമങ്ങളില്‍ സി.പി.എം വിരുദ്ധത കൊണ്ട് ഒരുപാട് അര്‍ധസത്യങ്ങള്‍ അച്ചടിച്ചു വരുന്നില്ലേ?