Monday, December 31, 2007

അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥന്‍: എ കെ അന്തോണീസ്‌!

അന്തോണീസ്‌ പുണ്യവാളനെപ്പോലെ തന്നെ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. അന്തോണീസും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനാകുന്നു!

അഴിമതിക്കറ പുരണ്ട തന്റെ വകുപ്പിന്‌ സ്വതസിദ്ധമായ ശൈലിയിലൂടെ മികച്ച മുഖച്ഛായ പകര്‍ന്നു അന്തോണിച്ചന്‍. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന സൈനികരെ ഉല്ലാസവാന്മാരാക്കാനാണ്‌ ആശാന്റെ അടുത്ത നീക്കം. കെ. കരുണാകരന്‍ എന്ന മനുഷ്യനൊരുത്തന്‍ തനിക്കുണ്ടാക്കിയ മാനസിക സംഘര്‍ഷങ്ങള്‍ ഓര്‍ത്താല്‍ ലോകത്തിനിയൊരാളും മാനസിക സംഘര്‍ഷമനുഭവിക്കാന്‍ ആള്‍ സമ്മതിക്കില്ല. അത്രക്ക്‌ ഭീകരമായിരുന്നു ആ സംഘര്‍ഷം!

പണ്ടേ ദൈവവിശ്വാസിയല്ല അന്തോണിച്ചന്‍. എന്നാലിപ്പോള്‍ സൈന്യത്തിന്റെ മനോസംഘര്‍ഷം മാറ്റാന്‍ ആത്മീയപാതയല്ലാതെ ആശാന്റെ മുന്നിലൊരു വഴിയുമില്ല.

സൈന്യത്തില്‍ കുറെ സ്വാമിമാരെ ഉള്‍പ്പെടുത്തിയതായാണിപ്പോള്‍ വാര്‍ത്ത. ദിവസവും കാലത്തും വൈകുന്നേരവും ആഹാരത്തിനൊപ്പം സൈനികര്‍ക്ക്‌ സ്വാമിമാരുടെ ഉപദേശങ്ങളും രണ്ടു സ്പൂണ്‍ വീതം വിളമ്പും!

വലിയൊരു സാധ്യതയാണ്‌ അന്തോണിച്ചന്‍ രാഷ്ട്രത്തിനു മുമ്പാകെ തുറന്നുവച്ചിരിക്കുന്നത്‌. ഈ പാത പിന്തുടര്‍ന്ന്‌ ആറ്റുകാല്‍ രാധാകൃഷ്ണന്‍ തുടങ്ങിയ ജ്യോതിഷിമാരെ ഇന്റലിജന്റ്സ്‌ ബ്യൂറോയില്‍ നിയമിക്കാം.

നാളെ എന്തൊക്കെ ആര്‍ക്കൊക്കെ സംഭവിക്കുമെന്ന്‌ കവടിനിരത്തി കണ്ടുപിടിക്കാം. ഒരുമാതിരി പ്രശ്നങ്ങള്‍ക്കൊക്കെ പൂജാദികര്‍മങ്ങള്‍ ചെയ്ത്‌ പരിഹാരം കാണാന്‍ തന്ത്രിമാരെയും പൂജാരിമാരെയും നിയോഗിക്കാം!

അല്ലറചില്ലറ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ മുതല്‍ സുകുമാരക്കുറുപ്പിനെ കണ്ടുപിടിക്കാന്‍വരെ കുട്ടിച്ചാത്തന്‍ സേവക്കാരുടെ സഹകരണം തേടാം.

അരിക്ഷാമം മുതല്‍ അരവണ ക്ഷാമംവരെ തീര്‍ക്കാന്‍ സായിബാബയെ കേന്ദ്ര ഭക്ഷ്യമന്ത്രിയാക്കാം. സകല രോഗങ്ങളും മാറ്റാന്‍ നായ്ക്കാം പറമ്പിലച്ചനെ ആരോഗ്യവകുപ്പു മന്ത്രിയുമാക്കാം!

അങ്ങനെയങ്ങനെ വളരെ എളുപ്പത്തില്‍ അസാധ്യമെന്ന്‌ സാധാരണ മനുഷ്യര്‍ക്കു തോന്നുന്ന ഒട്ടനവധി കാര്യങ്ങള്‍ ഒറ്റയടിക്കു പരിഹരിക്കാം.

ഭക്തിമാര്‍ഗമല്ലാതെ വേറൊരു മാര്‍ഗവും നാട്ടുകാരുടെയും മുന്നിലില്ല.

വല്ലതും കാണാതെ പോയാല്‍, പോലീസില്‍ പരാതി കൊടുത്തിട്ടു കാര്യമൊന്നുമില്ല. വെറുമൊരു പനിപോലും ആശുപത്രിയില്‍ ചെന്നിട്ടു മാറുന്നില്ല. റോഡുകളെല്ലാം തോടായ സ്ഥിതിയില്‍ വീട്ടീന്നെറങ്ങിയാല്‍ അതേപടി തിരിച്ചെത്തുമെന്നു യാതൊരുറപ്പുമില്ല.

ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക്‌ തങ്ങളെ രക്ഷിക്കാനാവില്ലെന്നു വന്നാല്‍ ദൈവം തമ്പുരാനെ തന്നെ വിളിക്കണം. അതു തന്നെയാണിപ്പോള്‍ നാട്ടുകാര്‍ ചെയ്യുന്നത്‌. അതു തന്നെയാണിപ്പോള്‍ അന്തോണിച്ചനും ചെയ്യുന്നത്‌.

2007: കൊച്ചി സ്മാര്‍ട്ടായ വര്‍ഷം

കടന്നുപോകുന്നത്‌ കൊച്ചി സ്മാര്‍ട്ടായ വര്‍ഷം. ഏറെക്കാലം കാത്തിരുന്ന സ്മാര്‍ട്ട്‌ സിറ്റി, വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനല്‍, മെട്രോറെയില്‍ തുടങ്ങി വികസനത്തിന്റെ പദ്ധതികള്‍ക്കെല്ലാം തുടക്കമിട്ടതും തീരുമാനമായതും 2007 ലാണ്‌.

നവംബര്‍ 16 ന്‌ കാക്കനാട്ട്‌ സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്ക്‌ മുഖ്യമന്ത്രി തറക്കല്ലിട്ടപ്പോള്‍ അത്‌ സംസ്ഥാനത്തിന്റെ ആകെ വികസനപ്രക്രിയയിലെ തിളങ്ങുന്ന അദ്ധ്യായമായി. ഈ വര്‍ഷം മെയ്‌ 14 നായിരുന്നു സ്മാര്‍ട്ട്‌ സിറ്റിക്ക്‌ വേണ്ടിയുള്ള കരാറില്‍ ഒപ്പിട്ടത്‌. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളെല്ലാം സംരക്ഷിച്ച്‌ കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞത്‌ മുഖ്യമന്ത്രിയുടെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും നേട്ടമായിരുന്നു.

വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനലിലേക്കുള്ള റോഡ്‌-റെയില്‍ പാതകളുടെ നിര്‍മ്മാണോദ്ഘാടനവും ഫെബ്രുവരിയില്‍ നടന്നു. ആ മാസം തന്നെ മെട്രോ റെയിലിനുള്ള മന്ത്രിസഭാ അംഗീകാരവും ലഭിച്ചു. 2008 ഏപ്രിലോടെ നിര്‍മാണം ആരംഭിക്കാനുള്ള ശ്രമത്തിലാണ്‌ സര്‍ക്കാര്‍.

ഇന്‍ഫോ പാര്‍ക്കില്‍ 50 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമിട്ടതും എച്ചഎംടിയുടെ പുനരുദ്ധാരണത്തിന്‌ 723 കോടിയുടെ പദ്ധതി തയ്യാറാക്കിയതും റിഫൈനറി വികസനത്തിന്‌ തറക്കല്ലിട്ടതും മറ്റ്‌ തിളക്കമാര്‍ന്ന നേട്ടങ്ങളാണ്‌.

വൈപ്പിന്‍-മുനമ്പം തീരദേശപാതയ്ക്ക്‌ 220 കോടി രൂപയും വളന്തക്കാട്‌ വിനോദസഞ്ചാര കേന്ദ്രത്തിന്‌ 45 കോടി രൂപയും അനുവദിച്ചതും മഹാരാജാസ്‌ കോളേജ്‌ ഗ്രൗണ്ടിലെ സിന്തറ്റിക്‌ ട്രാക്ക്‌ തുറന്നതും തുറമുഖത്ത്‌ ഇ-പോര്‍ട്ട്‌ പദ്ധതി ആരംഭിച്ചതും കൊച്ചിക്ക്‌ എടുത്തുപറയാനുള്ള 2007 ലെ വികസനപദ്ധതികളാണ്‌.

അതേസമയം മാലിന്യം കൊണ്ട്‌ ചീഞ്ഞുനാറിയ ഒരു വര്‍ഷമാണ്‌ കടന്നുപോകുന്നത്‌. അധികൃതരുടെ അനാസ്ഥമൂലം ദിവസങ്ങളോളം റോഡരുകില്‍ മാലിന്യം കൂമ്പാരമായി കിടന്നതും മാലിന്യ നിക്ഷേപത്തിനെതിരെ ബ്രഹ്മപുരത്ത്‌ ശക്തമായ സമരം നടന്നതും കൊച്ചിയിലെ 2007 ലെ കോട്ടങ്ങളില്‍ പ്രധാനമാണ്‌.

പൊട്ടിപ്പൊളിഞ്ഞ റോഡും കൊതുകും കൊച്ചിയിലെ ജനജീവിതം വളരേ ദുരിതപൂരിതമാക്കിയ വര്‍ഷംകൂടിയായിരുന്നു 2007.

റോഡുകളുടെ അറ്റകുറ്റപ്പണി ഇനിയും പൂര്‍ണ്ണമായിട്ടില്ല. തുറമുഖത്തുനടന്ന പണിമുടക്കുകളും ഗുണ്ടാപിരിവും മാഫിയാസംസ്കാരവും പെണ്‍വാണിഭസംഘങ്ങളും മയക്കുമരുന്ന്‌ ലോബിയുമെല്ലാം ചേര്‍ന്ന്‌ കൊച്ചിയുടെ യശ്ശസിന്‌ കളങ്കം വരുത്തിയ വര്‍ഷം കൂടിയാണ്‌ കടന്നുപോയത്‌.

പകര്‍ച്ചപ്പനി വരുത്തിയ കഷ്ടനഷ്ടങ്ങളില്‍നിന്ന്‌ ഇനിയും പലരും മോചിതരായിട്ടില്ല. നൂറോളം പേരാണ്‌ പകര്‍ച്ചപ്പനിമൂലം എറണാകുളം ജില്ലയില്‍ മരിച്ചത്‌. ജൂലൈ-ആഗസ്റ്റ്‌ മാസങ്ങളിലായിരുന്നു ഈ മരണത്തില്‍ ഏറെയും സംഭവിച്ചത്‌. കാലവര്‍ഷക്കെടുതിയില്‍ പിടഞ്ഞ വര്‍ഷംകൂടിയാണ്‌ കടന്നുപോകുന്നത്‌. 300 ഓളം വീടുകള്‍ തകരുകയും കനത്ത കൃഷിനാശം സംഭവിക്കുകയും ചെയ്തു.

കേരളത്തെതന്നെ നടുക്കിയ തട്ടേക്കാട്‌ ബോട്ടപകടം ഇന്നും നോവുന്ന ഓര്‍മ്മയായി ജനമനസുകളില്‍ നില്‍ക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ വിനോദയാത്രക്ക്‌ പോയ 15 കുട്ടികളും 3 അദ്ധ്യാപകരും ബോട്ടുമുങ്ങി മരിച്ചത്‌. 2007ന്റെ ഒടുക്കവും മറ്റൊരു ദുരന്തദൃശ്യത്തോടെയായിരുന്നു. മൂവാറ്റുപുഴ കുഴൂരില്‍ പാറമട ഇടിഞ്ഞുവീണ്‌ അഞ്ച്‌ തൊഴിലാളികള്‍ മരിച്ചതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല.

നേട്ടങ്ങളുടെ തിളക്കവും ദുരിതങ്ങളുടെ നൊമ്പരവും ഒരുപോലെ അനുഭവിച്ച ഒരു വര്‍ഷം കടന്നുപോകുമ്പോള്‍ പ്രതീക്ഷകളില്‍ സ്മാര്‍ട്ട്‌ ആകുന്ന കൊച്ചി സിറ്റിയാണ്‌ ഉള്ളത്‌.

Saturday, December 29, 2007

ഗുനിയ തുരത്താന്‍ 'മെഷീന്‍': പ്രവര്‍ത്തിക്കുന്നത്‌ ഏസീ മുറിയില്‍ മാത്രം!

ഒരിക്കലും ഓര്‍ക്കാതിരിക്കാന്‍ നമ്മള്‍ ആഗ്രഹിച്ചുപോകുന്ന ചില അനുഭവങ്ങളുണ്ട്‌.

അങ്ങനെയൊരനുഭവമായിരുന്നു ചിക്കുന്‍ഗുനിയ. ഗുനിയ പിടിച്ചവരൊക്കെ ഒരുപാടു പാഠം പഠിച്ചു.
ഒരുമാതിരി പേരൊക്കെ തങ്ങളുടെ ശൈശവത്തിലേക്ക്‌ 'പനിനീരു'വന്ന കാലുമായി ഒറ്റടിവച്ച്‌ തിരിച്ചുനടന്നു.
പിടിപെട്ട ഒരുപാടുപേരുടെ വെടിതീര്‍ന്നു. വെടി തീരാത്തവരുടെ തടിയും മോടിയും കുറഞ്ഞു. ആത്യന്തികമായി മന്ത്രി ശ്രീമതിയിലും അലോപ്പതി ഡോക്ടര്‍മാരിലും വിശ്വാസമില്ലാതാവുകയും തന്ത്രിമാരിലും ഈശ്വരനിലും വിശ്വാസമേറുകയും ചെയ്തു. നേര്‍ച്ച നേര്‍ന്നും, വെടി വഴിപാടു നടത്തിയും ഒരു കണക്കിനാണ്‌ ചിക്കുന്‍ഗുനിയയെ ഒന്നരുക്കാക്കിയത്‌!

അങ്ങനെയിരിക്കെ നമ്മുടെ മന്ത്രിണി ശ്രീമതി ഇന്നലെ കൊച്ചിയിലെത്തി ചിക്കുന്‍ഗുനിയയെക്കുറിച്ച്‌ രണ്ടുമൂന്നു നമ്പറുകള്‍ ഇറക്കിയിരുന്നു!

ചിക്കുന്‍ഗുനിയയെക്കുറിച്ച്‌ ആരോഗ്യവകുപ്പും ദേശീയ ഗ്രാമീണ ആരോഗ്യമിഷനും ചേര്‍ന്ന്‌ കൊച്ചിയിലെ ഒരു നക്ഷത്രഹോട്ടലില്‍ നടത്തിയ ദേശീയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യവേയാണ്‌ മന്ത്രിണി നമ്പറുകള്‍ ഇറക്കിയത്‌.

നമ്പര്‍ ഒന്ന്‌: ചിക്കുന്‍ഗുനിയയെ പ്രതിരോധിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം നടത്തി.

നമ്പര്‍ രണ്ട്‌: ചിക്കുന്‍ഗുനിയ ചികിത്സയിലൂടെ ഡോക്ടര്‍മാരും വിദഗ്ധരും നേടിയ അനുഭവസമ്പത്ത്‌ ഭാവിയില്‍ ഇത്തരം അടിയന്തര ഘട്ടങ്ങളെ നേരിടാന്‍ പ്രാപ്തമാക്കി.

നമ്പര്‍ മൂന്ന്‌: ചിക്കുന്‍ഗുനിയ വ്യാപനം തടയാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു.

ഈ മൂന്നു നമ്പരുകള്‍ കേട്ടിട്ട്‌ നിങ്ങള്‍ക്ക്‌ ഉച്ചത്തിലൊന്നു കൂവാനെങ്കിലും തോന്നുന്നുണ്ടോ? ഇല്ലെങ്കില്‍ സൂക്ഷിക്കണം. കാര്യമായ കുഴപ്പമെന്തോ സംഭവിച്ചിട്ടുണ്ട്‌!

ഇത്തരമൊരു ശില്‍പ്പശാല ഒരു നക്ഷത്രഹോട്ടലില്‍ വച്ചു നടത്തിയതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടിയോ?

കൊച്ചിയാണ്‌ സ്ഥലം. കൊതുകുകളുടെ സ്മാര്‍ട്ട്‌ സിറ്റിയാണ്‌. മന്ത്രിണി ശ്രീമതിയെയും ദേശീയ, സംസ്ഥാന ആരോഗ്യവിദഗ്ധന്മാരെയും കൊച്ചിയിലെ രക്തദാഹികളായ കൊതുകുകള്‍ കടിച്ചുകീറും!

നക്ഷത്രഹോട്ടലിലെ എസി കോണ്‍ഫറന്‍സ്‌ ഹാളില്‍ കൊതുകുകള്‍ക്കും ചിക്കുന്‍ഗുനിയബാധിതര്‍ക്കും പ്രവേശനമില്ല!

ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ എന്നൊരു മെഷീന്‍ ഉണ്ടെന്ന്‌ പാവങ്ങള്‍ ഞങ്ങള്‍ ഇപ്പോഴാണറിയുന്നത്‌.
മഴയൊഴിഞ്ഞ്‌ ശരിക്കൊന്നു വെയിലുകണ്ടതോടെയാണ്‌ ചിക്കുന്‍ഗുനിയ പമ്പകടന്നതെന്ന കാര്യം നാട്ടുകാര്‍ക്കറിയാം. എന്നിട്ടും ഇന്നാട്ടില്‍ തന്നെവന്നു ശില്‍പ്പശാല നടത്താന്‍ വേണ്ട ധൈര്യം കാട്ടിയതിന്‌ ആരോഗ്യ മെഷീനെ സ്തുതിക്കണം!

'സഫലമീയാത്ര'യില്‍ കവി കക്കാട്‌ പാടിയതിലൊരു തിരുത്തുവരുത്തിയാല്‍

കാലമിനിയും ഇരുളും
വിഷുവരും വര്‍ഷം വരും
ചിക്കുന്‍ഗുനിയ വരും
പിന്നെ ആരൊക്കെ
ബാക്കിയെന്നാര്‍ക്കറിയാം?
വരിക സഖീ, നമുക്കീ നാടുവിട്ടുപോകാം!

വില്ലേജ്‌ ടൂറിസം: ആശങ്ക അകറ്റണം

ആഗോളതലത്തില്‍ വില്ലേജ്‌ ടൂറിസം പദ്ധതി ഇടംതേടിയ കുമ്പളങ്ങി പഞ്ചായത്തില്‍ കുമ്പളങ്ങി ഫെസ്റ്റും തനതു ഭക്ഷ്യമേളയും ഇന്നുതുടങ്ങുന്നു. ഭരണാധികാരികളും പത്രമാധ്യമങ്ങളും കുമ്പളങ്ങിയുടേത്‌ വലിയൊരു മുന്നേറ്റമാണെന്നാണ്‌ പ്രചരിപ്പിച്ചു വരുന്നത്‌.

കാര്‍ഷിക പ്രധാനമായ സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്നൊരു നാടാണിത്‌. ഇവിടെ കൃഷിയും അനുബന്ധ വ്യവസായങ്ങളും പരമ്പരാഗത തൊഴില്‍ മേഖലകളും ശക്തിപ്പെട്ടാല്‍ മാത്രമേ അടിസ്ഥാനപരമായ പുരോഗതിയും വികസനവും ഉണ്ടാകൂ എന്നത്‌ നിസ്തര്‍ക്കമാണ്‌.

എന്നിട്ടും ടൂറിസം വികസനം മാത്രമാണ്‌ ഇനിയുള്ള ഏക പോംവഴി എന്നമട്ടില്‍ നടത്തുന്ന ഇത്തരം ആഘോഷങ്ങളില്‍ എന്തോ അപകടം മണക്കുന്നുണ്ടെന്ന സംശയം ഒറ്റപ്പെട്ടതല്ല.

ടൂറിസം വികസനത്തിലൂടെ പുരോഗതി കാംക്ഷിച്ച്‌ സാമ്രാജ്യത്വം വച്ചു നീട്ടിയ ആനുകൂല്യങ്ങളും അംഗീകാരങ്ങളും കൈപ്പറ്റി മുന്നേറിയ തായ്‌ലന്റ്‌ തുടങ്ങിയ രാജ്യങ്ങളില്‍ പിന്നെ എന്തുസംഭവിച്ചു എന്നത്‌ പഠിക്കേണ്ടതാണ്‌.
ലൈംഗികവ്യാപാരമാണ്‌ തായ്‌ലന്റിലെ ഇന്നത്തെ പ്രധാന വ്യവസായമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. തായ്‌ലന്റ്‌ ഒരു ഒറ്റപ്പെട്ട ഉദാഹരണമല്ല. ഒട്ടനവധി മൂന്നാം ലോകരാജ്യങ്ങള്‍ ഈ വഴിയിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

കുമ്പളങ്ങിയെ ലോക ശ്രദ്ധയിലേക്ക്‌ കൊണ്ടുവരാന്‍ യത്നിക്കുന്ന എംഎല്‍എ പ്രൊഫ. കെ.വി.തോമസിനും കൂട്ടര്‍ക്കും ഇത്തരമൊരു ഹീനലക്ഷ്യം ഉണ്ടാവണമെന്നില്ല. എന്നാല്‍ നമ്മുടെ തനതു കലാരൂപങ്ങളും തനതു ജീവിതശൈലികളും തനതു ഭക്ഷ്യരീതിയുമെല്ലാം വിദേശികള്‍ക്ക്‌ പ്രദര്‍ശിപ്പിച്ചോ വിറ്റോ പണമുണ്ടാക്കാനുള്ളതാണെന്ന കണ്ടെത്തല്‍ അപകടകരമാണ്‌.

കുതിരക്കൂര്‍ക്കരി ദ്വീപിലെ മദ്യ-മഴനൃത്തം അറിയാതെ ഓര്‍മ്മിച്ചു പോകുന്നു. അന്ന്‌ അവിടെ ഉയര്‍ത്തിപ്പിടിച്ച 'സംസ്കാരം' ഭരണകൂടത്തിന്‌ സ്വീകാര്യമായാലും യാതൊരു കാരണവശാലും നമുക്ക്‌ സ്വീകാര്യമല്ല.

ഇന്ത്യയില്‍ വിശിഷ്യ കേരളത്തില്‍ എയ്ഡ്സ്‌ തുടങ്ങിയ മാരക ലൈംഗിക രോഗങ്ങളില്‍ നിന്നും വിമുക്തമായ ലൈംഗികത സാധ്യമാണെന്ന്‌ വിദേശികള്‍ക്കറിയാം. അക്കാരണത്താലാണ്‌ കൂടുതല്‍ വിദേശികളും ഈ നാട്‌ കാണാനെത്തുന്നതെന്ന നിരീക്ഷണവും തെറ്റാണെന്ന്‌ സ്ഥാപിക്കപ്പെട്ടിട്ടില്ല.

ബാലവേശ്യാവൃത്തിയുടെ കൂത്തരങ്ങായി നമ്മുടെ കോവളം മാറിക്കഴിഞ്ഞത്‌ ഭരണകൂടം മാത്രമെ കാണാതുള്ളൂ. ഈ അപചയം കുമ്പളങ്ങിയിലും ഉണ്ടാവില്ലെന്നതിന്‌ എന്ത്‌ ഉറപ്പാണ്‌ ഭരണകൂടത്തിന്‌ നല്‍കാനുള്ളത്‌?

മലയാളികള്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയാത്ത കലാരൂപങ്ങള്‍ കാണാന്‍, തങ്ങളുടെ ശരീരത്തിനും മനസിനും ഇണങ്ങാത്ത ഭക്ഷണം കഴിക്കാന്‍, കടല്‍ക്കാറ്റേറ്റ്‌ സല്ലപിക്കാന്‍ മാത്രമാണ്‌ വിദേശികള്‍ ഇവിടെ എത്തുന്നതെന്ന്‌ ശഠിക്കുന്നത്‌ വിവരക്കേട്‌ മാത്രമാണ്‌.

ലോകത്ത്‌ എന്തുനടക്കുന്നുവെന്നറിയാത്ത പൊട്ടക്കുളത്തിലെ തവളകളാണ്‌ ഭരണകൂടം എന്ന്‌ കരുതാനാവില്ല. അപ്പോള്‍ പിന്നെ ഭരണകൂടം അറിഞ്ഞുകൊണ്ടുള്ള ഒരു ചതിയാണിതെന്ന്‌ വരുന്നു. ഇക്കാര്യത്തില്‍ നാടിന്റെ ആശങ്കയ്ക്ക്‌ അറുതിവരുത്താന്‍ ഭരണകൂടത്തിന്‌ ബാധ്യതയുണ്ട്‌.

Friday, December 28, 2007

കൊടുത്താല്‍ റാവല്‍പിണ്ടിയിലും കിട്ടും

കരയേണ്ടവര്‍ക്ക്‌ കരയാം;
അനുശോചനം അറിയിക്കേണ്ടവര്‍ക്ക്‌
അനുശോചനം അറിയിക്കാം.
വായനക്കാര്‍ക്ക്‌ അടുത്ത ഒരു നേതാവ്‌
വധിക്കപ്പെടുന്ന വാര്‍ത്തക്കായി കാത്തിരിക്കാം...
ഒക്കെയൊരു ഭ്രാന്തന്റെ സ്വപ്നം!

അനുഷ്ഠാനം അടിപൊളി.....

സഹപ്രവര്‍ത്തകന്റെ വിവാഹസല്‍ക്കാരത്തിനു വിളമ്പിയ മദ്യം കഴിച്ച്‌ ഒരു പോലീസ്‌ കോണ്‍സ്റ്റബിള്‍ രക്തസാക്ഷിയായതും ഇന്നലെയാണ്‌. ബേനസീര്‍ കൊലപാതക വാര്‍ത്തകള്‍ക്കിടയില്‍ ചെറിയൊരു വാര്‍ത്തയായി ഒതുങ്ങി ആ കോണ്‍സ്റ്റബിളിന്റെ കൊലപാതകം!

ബേനസീറിന്റേതായാലും കൂടെ കൊല്ലപ്പെട്ട പേരറിയാത്ത മനുഷ്യരുടേതായാലും പോലീസ്‌ കോണ്‍സ്റ്റബിളിന്റേതായാലും ജീവന്‍ ഒരേ മൂല്യമുള്ളതത്രെ.

'അങ്ങേലെ മൂപ്പീന്നു ചത്തു' പോകുമ്പോള്‍ നമ്മള്‍ അനുഷ്ഠിക്കുന്ന ആചാരങ്ങളെ 'ചക്കാല'യില്‍ പണ്ട്‌ കടമ്മനിട്ട കണക്കിന്‌ കളിയാക്കിയിട്ടുണ്ട്‌.

അനുഷ്ഠാനങ്ങള്‍ അടിപൊളിയാക്കി ആചരിക്കുന്നതില്‍ മലയാളികള്‍ക്കുള്ള മിടുക്ക്‌ അതിഗംഭീരമാണ്‌. അതിനു തെളിവാണ്‌ ഇന്നത്തെ പത്രങ്ങളുടെ മുന്‍പേജുകള്‍. ബേനസീര്‍ കൊല്ലപ്പെട്ടുവെന്ന യഥാര്‍ത്ഥ വാര്‍ത്ത തലക്കെട്ടായിവന്നത്‌ ഒരേയൊരു പത്രത്തില്‍ മാത്രം! ബാക്കിയുള്ളതിലെല്ലാം വെറും ആചാരവെടികള്‍!

രണ്ടാഴ്ചത്തേക്കാഘോഷിക്കാന്‍ നമ്മള്‍ക്ക്‌ വാര്‍ത്തയായി. ഇന്നലെ കൊല്ലപ്പെട്ടത്‌ മുഷാറഫായിരുന്നെങ്കിലും ഇങ്ങനൊക്കെത്തന്നെ വന്നേനെ!

ഇനി രണ്ടാഴ്ചക്കാലത്തേക്ക്‌ അരിവില കുറയും! അരവണ ക്ഷാമം തീരും, മന്ത്രി സുധാകരന്റെ നാവിനു മൂര്‍ച്ച കുറയും, സിപിഎമ്മിലെ ഗ്രൂപ്പിസം അലിഞ്ഞില്ലാണ്ടാവും.

രണ്ടാഴ്ച കഴിയുമ്പോള്‍ വേറെന്തെങ്കിലും സംഭവം ഉണ്ടാകും. ഉണ്ടായില്ലെങ്കില്‍ വീണ്ടും സിപിഎമ്മിലെ കലാപം കൊണ്ടോ, അരിവില കേറ്റം കൊണ്ടോ സമയം കളയണം!

വികസന വിസ്ഫോടനത്തിന്‌ കച്ചകെട്ടിനടക്കുന്ന നാട്ടില്‍, മനുഷ്യര്‍ വാര്‍ത്താ പ്രാധാന്യമുള്ള സംഗതിയല്ല; പ്രത്യേകിച്ച്‌ ഗതിയില്ലാത്ത മനുഷ്യര്‍ വാര്‍ത്തകളുടെ പരിസരത്തുപോലുമില്ല.

വിദേശമദ്യം കഴിച്ചു പൂസാകാന്‍ പറ്റാത്ത സാമ്പത്തിക അവസ്ഥയില്‍ വ്യാജനടിക്കുന്ന പാവങ്ങള്‍ എവിടെയെങ്കിലുമൊക്കെ കിടന്ന്‌ ചാവും!

വഴിവെട്ടാനും, കെട്ടിടം പണിയാനും കുടിയിറക്കപ്പെട്ടവര്‍ എവിടെയെങ്കിലുമൊക്കെ കിടന്ന്‌ നരകിക്കും! പഠിച്ചിട്ടു പണികിട്ടാത്ത ചെറുപ്പക്കാര്‍ ഗുണ്ടാസംഘങ്ങളില്‍ പണിതേടും. സാമര്‍ത്ഥ്യമുള്ള ചില പെണ്ണുങ്ങള്‍ വാണിഭകേന്ദ്രങ്ങളില്‍ അഭയം തേടും.

സാമര്‍ത്ഥ്യമില്ലാത്തവരെ കഴിവുള്ള ചേട്ടന്മാര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കും. ഇവയൊക്കെ ഒറ്റദിവസം, ഒറ്റക്കോളം വാര്‍ത്തകള്‍ പോലീസ്‌ മെനഞ്ഞുനല്‍കുന്ന കെട്ടുകഥകള്‍ പിന്നെ - മാധ്യമങ്ങള്‍ യഥാര്‍ത്ഥ രക്തസാക്ഷികളെ കാണുന്നേയില്ല!

Thursday, December 27, 2007

മോഡി ഇഫക്ടില്‍ ഒറീസ കത്തുമ്പോള്‍

ഗുജറാത്തില്‍ നരേന്ദ്രമോഡിക്ക്‌ ലഭിച്ച അനുപമമായ വിജയത്തിന്റെ ആവേശത്തിലാണോ സംഘപരിവാറിലെ ഒരുവിഭാഗം ഒറീസയില്‍ സാമുദായിക വൈരം ആളിക്കത്തിച്ച്‌ അരാജകത്വം സൃഷ്ടിക്കുന്നത്‌? ലഭിച്ച വാര്‍ത്തകള്‍ ആ ആശങ്കയെ ഇരട്ടിപ്പിക്കുന്നതാണ്‌.

ക്രിസ്മസ്‌ തലേന്ന്‌ തുടങ്ങിയ ആസൂത്രിതമായ ആക്രമണത്തില്‍ ഒരാളെ വെട്ടിക്കൊലപ്പെടുത്തുകയും നാല്‌ ഇടവകപള്ളിയടക്കം നിരവധി പള്ളികള്‍ക്ക്‌ തീയിടുകയും 19 പള്ളികള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ക്കുകയും വൈദികരും കന്യാസ്ത്രീകളും വിശ്വാസികളുമടക്കം നിരവധി പേരെ ആക്രമിച്ച്‌ പരിക്കേല്‍പിക്കുകയും മൂന്ന്‌ പോലീസ്‌ ഔട്ട്പോസ്റ്റുകളും രണ്ട്‌ പോലീസ്‌ വാഹനവും നശിപ്പിക്കുകയും ക്രൈസ്തവ സഭകള്‍ നടത്തുന്ന സ്ഥാപനങ്ങളും ആശുപത്രികളും പരക്കെ ആക്രമിക്കപ്പെടുകയും ചെയ്തു. പല പള്ളികളിലും ക്രിസ്മസിന്‌ പാതിരകുര്‍ബാന നടത്താന്‍ പോലും സാധിച്ചില്ല. അക്രമികളെ പേടിച്ച്‌ വൈദികരും കന്യാസ്ത്രീകളുമടക്കം പലരും കാട്ടില്‍ ഒളിവിലാണ്‌.

കന്ദാമല്‍ ജില്ലയില്‍ തുടങ്ങിയ കലാപം ഇപ്പോള്‍ തലസ്ഥാനമായ ഭുവനേശ്വറിലേക്കും വ്യാപിച്ചിരിക്കുകയാണ്‌. പത്തോളം പട്ടണങ്ങളില്‍ നിശാനിയമം പ്രഖ്യാപിച്ചിട്ടും അക്രമങ്ങള്‍ തുടരുകയാണ്‌. പെന്തക്കോസ്ത്‌, കത്തോലിക്കാ സഭാകളുടെയും ബാപ്റ്റിസ്റ്റുകളുടെയും സ്ഥാപനങ്ങളാണ്‌ ആക്രമിക്കപ്പെട്ടത്‌.

ബിജു ജനതാദളും ബിജെപിയും ചേര്‍ന്ന്‌ ഭരിക്കുന്ന ഒറീസയില്‍ പെട്ടെന്നിങ്ങനെ ഒരു ജാതീയ ആക്രമണം ഉണ്ടാകാനുള്ള പ്രേരണ ഗുജറാത്തിലെ മോഡി വിജയമാണെന്ന്‌ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതിനെ തള്ളിക്കളയാന്‍ കഴിയില്ല. സ്വാമി ലക്ഷ്മാനന്ദ്‌ സരസ്വതി എന്ന വിഎച്ച്പി നേതാവാണ്‌ ഈ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക്‌ പിന്നിലെന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. ഭരണാധികാരികള്‍ക്കും പോലീസിനും പേടിസ്വപ്നമാണത്രെ ഈ സ്വാമി. തന്നെ എന്തെങ്കിലും ചെയ്താല്‍ ഒറീസ കത്തുമെന്ന്‌ സ്വാമി ഭീഷണിപ്പെടുത്തി, തന്റെ അനുയായികളെക്കൊണ്ട്‌ അക്രമങ്ങള്‍ നടത്തിക്കുകയാണെന്നും പറയപ്പെടുന്നുണ്ട്‌. സ്വാമിക്ക്‌ ഇപ്പോഴുണ്ടായ സംഭവത്തിലുള്ള പങ്കിനെക്കുറിച്ച്‌ പരാതിപ്പെട്ടപ്പോള്‍ സ്വാമി ശക്തനാണെന്നും അദ്ദേഹത്തെ ഒന്നും ചെയ്യാനാവില്ലെന്നുമാണ്‌ ഡിജിപി അഭിപ്രായപ്പെട്ടത്‌.

ഗുജറാത്ത്‌ ആവര്‍ത്തിക്കാന്‍ സംഘപരിവാറിലെ ഒരുസംഘം പ്രവര്‍ത്തകരാണ്‌ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടുള്ളത്‌. ഇതുസംബന്ധിച്ച പരാതി നിരവധി ലഭിച്ചിട്ടും സംഘര്‍ഷം നിശാനിയമ സംവിധാനത്തെപ്പോലും തകര്‍ത്ത്‌ വ്യാപിക്കുമ്പോഴും മുഖ്യമന്ത്രി നവീന്‍ പട്നായിക്‌ തുടരുന്ന മൗനമാണ്‌, ഈ സംഭവങ്ങള്‍ക്ക്‌ പിന്നില്‍ ഗുജറാത്ത്‌ ഇഫക്ടാണെന്ന്‌ വ്യാഖ്യാനിക്കാന്‍ ഇടയാക്കിയിട്ടുള്ള പ്രധാന ഘടകം. കാരണം നേരത്തെ സൂചിപ്പിച്ചതുപോലെ ബിജെപിയുടെ പിന്തുണയോടെയാണ്‌ നവീന്‍ പട്നായിക്‌ മുഖ്യമന്ത്രി കസേരയില്‍ തുടരുന്നത്‌.

മോഡിയുടെ വിജയം ബിജെപിക്ക്‌ രാഷ്ട്രീയമായ ഉത്തേജനം ലഭിച്ചതുപോലെ വിഎച്ച്പിക്കും അവരുടെ വംശീയ ചിന്തകള്‍ അടിച്ചേല്‍പ്പിക്കാനുള്ള പരിസരം ഒരുക്കിയിട്ടുണ്ടെന്ന്‌ ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. നാനാത്വത്തില്‍ ഏകത്വവും മതനിരപേക്ഷതയും മുഖമുദ്രയായ നാട്ടില്‍ ആശയങ്ങളെയും അതിഥികളെയും ദേവനുതുല്യം ബഹുമാനിച്ച്‌ ആദരിച്ച രാഷ്ട്രത്തില്‍ ഇതുപോലുള്ള സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ അതിനുപിന്നില്‍ വ്യക്തമായ അജണ്ടകള്‍ ഉണ്ടെന്നുള്ളത്‌ തീര്‍ച്ചയാണ്‌. ഇത്‌ ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിശലകനം ചെയ്യുമ്പോള്‍ ഹൈന്ദവ വര്‍ഗീയതയുടെ ത്രിശൂലമുനയായും വാള്‍വീശലായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്‌. ഒരുപരിധിവരെ അത്‌ ശരിയാണുതാനും.

ഇങ്ങനെ കുറ്റപ്പെടുത്തലിന്റെ ചൂണ്ടുവിരല്‍ സംഘപരിവാറിനുനേരെ നീട്ടുമ്പോള്‍ മറന്നുപോകുന്ന അല്ലെങ്കില്‍ ബോധപൂര്‍വ്വം തമസ്കരിക്കുന്ന മറ്റൊരു വസ്തുതയുണ്ട്‌. അതാണ്‌ ക്രൈസ്തവ സഭകള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ നടത്തുന്ന മതപരിവര്‍ത്തന തന്ത്രങ്ങള്‍. ലോകമെമ്പാടും പോയി സുവിശേഷമറിയിച്ച്‌ സര്‍വ മനുഷ്യരേയും ശിഷ്യരാക്കാന്‍ യേശുക്രിസ്തു അപ്പോസ്തോലന്മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കുമ്പോള്‍ അത്‌ പ്രലോഭനങ്ങളിലൂടെയുള്ള മതപരിവര്‍ത്തനമായിരിക്കണമെന്ന്‌ ഉദ്ദേശിച്ചിട്ടുണ്ടാവില്ല. ഏതാശയവും ഏതുമതവിശ്വാസവും വച്ചുപുലര്‍ത്താനും പ്രചരിപ്പിക്കാനും ഇന്ത്യന്‍ പൗരന്മാര്‍ക്ക്‌, ഇന്ത്യന്‍ ഭരണഘടന അവകാശവും സ്വാതന്ത്ര്യവും അംഗീകാരവും അനുവദിച്ചുതന്നിട്ടുണ്ട്‌. എന്നാല്‍ ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളില്‍ ഇപ്പോഴും ക്രൈസ്തവ മത വിശ്വാസ പ്രചാരണത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌ വിദേശ മിഷണറിമാരാണ്‌. ഇത്‌ ഇന്ത്യന്‍ ഭരണഘടനയുടെ വിശാലവീക്ഷണത്തിന്‌ പോലും അനുയോജ്യമായതല്ല. ക്രിസ്തു സുവിശേഷം പ്രസംഗിച്ചത്‌ വ്യാപകമായ മതപരിവര്‍ത്തനത്തിന്‌ വേണ്ടിയായിരുന്നില്ല. മറിച്ച്‌ സ്നേഹത്തിന്റെയും സത്യത്തിന്റെയും സഹിഷ്ണുതയുടെയും സംസ്കാരം വളര്‍ത്തിയെടുത്ത്‌ ദൈവരാജ്യത്തിന്റെ സൃഷ്ടിക്കുവേണ്ടിയുള്ള വഴിയൊരുക്കലായിരുന്നു, ആ വിശുദ്ധ ദൗത്യം.

എന്നാല്‍ ഇന്ന്‌ അതില്‍ നിന്നെല്ലാം വ്യതിചലിച്ച്‌ മറ്റ്‌ ചില ലക്ഷ്യങ്ങളോടെ, വിദേശ ഫണ്ടിങ്ങിന്റെ ലോപമില്ലാത്ത സഹായത്തോടെ ഒരു വിഭാഗമെങ്കിലും നടത്തുന്ന മതപരിവര്‍ത്തനം സംഘപരിവാറിനെ ചൊടിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയാനും പറ്റില്ല. ഇതാണ്‌ യാഥാര്‍ത്ഥ്യം. ഇത്‌ തിരിച്ചറിയാനും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തിന്‌ ഉള്ളില്‍ നിന്നുകൊണ്ട്‌ മതപ്രചരണം നടത്താനും ക്രൈസ്തവ സഭകള്‍ തയ്യാറാകണം. ഒപ്പം ഇന്ത്യയിലെ ഏതു പൗരനും ഏത്‌ മതവിശ്വാസവും പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന്‌ വിഎച്ച്പിയും സംഘപരിവാറും അംഗീകരിക്കുകയും വേണം. അതിന്‌ തയ്യാറാകാത്ത മാനസീകാവസ്ഥകളാണ്‌ ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌. തടിയുടെ വളവും തച്ചന്റെ കഴിവുകേടും ചേരുമ്പോള്‍ ഉണ്ടാകുന്ന വികലതപോലെയാണ്‌ ഈ വംശീയ സംഘട്ടനങ്ങളും. ഇതിനെ നിയമത്തിന്റെ കരങ്ങളുപയോഗിച്ച്‌ അടിച്ചമര്‍ത്താന്‍ ഭരണകര്‍ത്താക്കള്‍ക്കും ബാധ്യതയുണ്ട്‌. ഈ മൂന്ന്‌ വിഭാഗവും അവരവരുടെ മണ്ഡലങ്ങളില്‍ മാന്യമായി, പ്രതിപക്ഷ ബഹുമാനത്തോടെ പ്രവര്‍ത്തിച്ചാല്‍ ഇല്ലാതാക്കാവുന്നതേയുള്ളൂ ഇത്തരം സംഘര്‍ഷങ്ങള്‍. അതിനുള്ള മാന്യത എല്ലാവരും പ്രദര്‍ശിപ്പിക്കേണ്ടിയിരിക്കുന്നു.

ഭാഗ്യം, പാക്യം പറഞ്ഞത്‌ ആരും കേട്ടില്ല!

പിതാക്കന്മാര്‍ കരുതിയപോലെ തന്നെ കാര്യങ്ങള്‍ ഭംഗിയായി നടന്നു. ഇത്തവണത്തെ ക്രിസ്മസ്‌ മദ്യവിമുക്തമായിത്തന്നെ നസ്രാണികള്‍ ആഘോഷിച്ചു. കാലാകാലങ്ങളായി അപ്പനും മക്കളും ചേര്‍ന്നിരുന്ന്‌ നടത്താറുള്ള നോമ്പുമുറിക്കല്‍ ചടങ്ങില്‍ മദ്യത്തിനു പകരം ജീരകവെള്ളം, ചിലയിടങ്ങളില്‍ മോരുംവെള്ളം!

അക്കാരണത്താലായിരിക്കാം ഇത്തവണ ക്രിസ്മസിന്‌ കേരളത്തില്‍ വെറും 85.48 കോടിക്കുള്ള മദ്യം മാത്രം ചെലവായത്‌!

ക്രിസ്മസ്‌ ആകുന്നതോടെ ശിശുവായി മാറാന്‍ ശ്രമിക്കുന്നവരുടെ എണ്ണം ഏറിവരികയാണെന്നും, ഏതു വല്യ മനുഷ്യനും ശിശുവിനേപ്പോലെ നിലത്തു കിടന്ന്‌ നീന്തുകയും നിഷ്കളങ്കമായി ചിരിക്കുകയും കരയുകയും അവ്യക്തമായി സംസാരിക്കുകയും ചെയ്യുന്ന സമയമാണിതെന്നും കഴിഞ്ഞ വെള്ളിയാഴ്ച അഭിവന്ദ്യനായ മാര്‍ ക്രിസോസ്റ്റം തിരുമേനി 'മനോരമ'യിലെ 'വെള്ളിത്താല'ത്തില്‍ നടത്തിയ നിരീക്ഷണം അങ്ങനെ ചീറ്റിപ്പോയി!

എല്ലാ മതവിശ്വാസികളും ഇത്‌ കണ്ടു പഠിക്കണം. പിതാക്കന്മാര്‍ പറഞ്ഞാല്‍ പറഞ്ഞപോലെ അനുസരിക്കുന്ന മക്കള്‍ നസ്രാണികള്‍ മാത്രം!

ക്രിസ്മസ്‌ രാത്രിയിലെ പാതിരാക്കുര്‍ബാനയില്‍ തിരുവനന്തപുരം ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസെ പാക്യം പറഞ്ഞതുമാത്രം ശരിയായില്ല.

സര്‍ക്കാരിനേയും രാഷ്ട്രീയക്കാരേയും വിമര്‍ശിക്കാന്‍ പോകും മുന്‍പ്‌ അവനവന്റെ തെറ്റുകുറ്റങ്ങള്‍ പരിഹരിക്കണമെന്നാണ്‌ തിരുമേനി പറഞ്ഞത്‌. പാപമില്ലാത്തവര്‍ കല്ലെറിയട്ടെ എന്ന്‌ പറഞ്ഞതിന്‌ യേശുവിനിട്ട്‌ കിട്ടിയത്‌ അഭിവന്ദ്യ പിതാവ്‌ ഓര്‍ക്കണത്‌ നല്ലതാണ്‌!

ഇത്‌ പാപികള്‍ മാത്രം ഉപദേശിക്കയും പാപികള്‍ മാത്രം കല്ലെറിയുകയും ചെയ്യേണ്ട കാലമാണ്‌. മാര്‍ ക്രിസോസ്റ്റവും ഡോ. സൂസെ പാക്ക്യവുമല്ല, പവറുള്ള പൗവ്വത്തിലിന്റേതാണീ ലോകം!

യേശുവിനുള്ളത്‌ യേശുവിനില്ല. സീസറിനാണേല്‍ കിട്ടുന്നതൊന്നും മതിയാകുന്നുമില്ല!

നസ്രായന്റെ ഓര്‍മ്മ ഒരു സര്‍ദാറിണിയെ പേടിപ്പിച്ച കഥയുണ്ട്‌. ജറുസലേം സന്ദര്‍ശിക്കാന്‍ പോയ സര്‍ദാര്‍ജിക്കൊപ്പം ഭാര്യയും മക്കളും പെറ്റമ്മയും ഉണ്ടായിരുന്നു. ജെറുസലേമില്‍ വച്ച്‌ പെറ്റമ്മയുടെ വിസ ശരിയായി. അവര്‍ നേരെ സ്വര്‍ലോകം പൂകി. ജഡം അവിടെത്തന്നെ സംസ്കരിക്കാന്‍ ശ്രമിച്ച സര്‍ദാര്‍ജിയെ ഭാര്യ തടഞ്ഞു. പെറ്റമ്മയെ പെറ്റമണ്ണില്‍ തന്നെ അടക്കണം എന്നവര്‍ വാശി പിടിച്ചു. കാശൊരുപാട്‌ ചെലവാക്കി ഒടുവില്‍ നാട്ടില്‍ കൊണ്ടുവന്നാണ്‌ സംസ്കാരം നടത്തിയത്‌.

പുലവീടല്‍ കഴിഞ്ഞൊരുനാള്‍ ശാന്തമായൊരന്തരീക്ഷത്തില്‍ സര്‍ദാര്‍ജി ഭാര്യയോട്‌ ചോദിച്ചു:"ഇത്രയും പണം ചെലവാക്കിച്ച്‌ എന്തിനാണ്‌ എന്റെ അമ്മയെ നീ ജെറുസലേമില്‍ നിന്ന്‌ നാട്ടിലേക്ക്‌ കൊണ്ടുവന്ന്‌ സംസ്കരിച്ചത്‌?"
"മനുഷ്യാ, ആ ഗൈഡ്‌ പറഞ്ഞത്‌ കേട്ടില്ലായിരുന്നോ? പണ്ടെങ്ങാണ്ടും അവിടെ യേശു എന്നൊരു മനുഷ്യനെ സംസ്കരിച്ചിട്ട്‌ അങ്ങേര്‍ മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റുവത്രെ!," ഭീതിയോടെ സര്‍ദാറിണി മൊഴിഞ്ഞു.

യേശുവേ സ്ത്രോത്രം!
നസ്രാണികള്‍ക്ക്‌ താങ്കളെ എന്നാലും ഓര്‍മ്മവരില്ല!

Wednesday, December 26, 2007

ഇനിയുമൊടുങ്ങാത്ത സുനാമിത്തിരകള്‍

മൂന്നുവര്‍ഷം മുമ്പ്‌ ക്രിസ്മസ്‌ പിറ്റേന്ന്‌ വീശിയടിച്ച സുനാമിത്തിരയേറ്റത്തിന്റെ രാക്ഷസത്തിരകള്‍ സൃഷ്ടിച്ച ദുരന്തത്തില്‍ നിന്നും ഈ ദുരന്താവസ്ഥ മുതലെടുത്ത സാമൂഹിക സാമുദായിക സംഘടനകളുടെ മുതലെടുപ്പില്‍ നിന്നും തീരദേശ നിവാസികള്‍ക്ക്‌ ഇനിയും മോചനമായിട്ടില്ല. അന്ന്‌ കലിതുള്ളിയെത്തിയ കടല്‍ക്കോപത്തില്‍ ബന്ധുമിത്രാദികളെയും ഉപജീവനോപാധികളും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും അവര്‍ക്ക്‌ ആശ്വാസമേകാനും സര്‍ക്കാരും നിരവധി സന്നദ്ധ സാമൂഹിക സംഘടനകളും മുന്നോട്ടുവന്നു. ദുഃഖിതന്റെയൂം പീഡിതന്റെയും കണ്ണീരൊപ്പാന്‍ അവതരിച്ച ലോകരക്ഷകന്റെ സ്മരണകള്‍ സാന്ദ്രമായ ദിവസത്തിന്‌ പിന്നാലേ വന്ന ഈ കൊടിയ ദുരന്തം മനുഷ്യപ്രയത്നത്താല്‍ പരിഹരിക്കാന്‍ കഴിയുന്നതായിരുന്നില്ല. എങ്കിലും ദുരിതബാധിതരെ സംരക്ഷിക്കാനൂം അവര്‍ക്കുണ്ടായ നഷ്ടം ഒരുപരിധിവരെയെങ്കിലും നികത്താനും അവര്‍ക്ക്‌ താല്‍ക്കാലികമായെങ്കിലും അന്തിയുറങ്ങാന്‍ ഇടമുണ്ടാക്കാനും നടന്ന ശ്രമങ്ങളെ മനുഷ്യത്വത്തിന്റെ അപാര സാന്നിധ്യങ്ങളായിരുന്നു.

എന്നാല്‍ ഇന്ന്‌ ആ ദുരന്തബാധിതര്‍, അന്ന്‌ അവര്‍ക്ക്‌ താല്‍ക്കാലികമായി ഒരുക്കിയ സംവിധാനത്തിനുള്ളില്‍ നരകിച്ച്‌ കഴിയാന്‍ വിധിക്കപ്പെടുമ്പോള്‍ ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടോ എന്നും എവിടെപ്പോയി അന്നത്തെ സന്നദ്ധ സാമൂഹിക സാമുദായിക സംഘടനകളെന്നും ചോദിച്ചുപോകുന്നത്‌ സ്വാഭാവികം.

തകരഷീറ്റുകൊണ്ട്‌ മറച്ച ഇത്തിരിയിടത്തില്‍, പ്രായപൂര്‍ത്തിയായ പെണ്‍മക്കളോടൊപ്പം കഴിയേണ്ടിവരുന്ന മാതാപിതാക്കളുടെ സംഘര്‍ഷം ഇപ്പോള്‍ ആര്‍ക്കും പ്രശ്നമേയല്ല. ഇവര്‍ക്ക്‌ കുടിവെള്ളം ലഭിക്കുന്നുണ്ടോ വൈദ്യുതി ഉണ്ടോ, വൈദ്യസഹായ സംവിധാനങ്ങളുണ്ടോ എന്നൊന്നും തിരക്കാന്‍ ഇപ്പോള്‍ ആര്‍ക്കും സമയമില്ല.

വാര്‍ഷികാഘോഷമടക്കുമ്പോള്‍ ദൃശ്യമാധ്യമങ്ങളും പ്രിന്റ്‌ മാധ്യമങ്ങളും മത്സരിച്ച്‌ നടത്തുന്ന പൈങ്കിളിവല്‍ക്കരണത്തില്‍ ഇവരും ഇവരുടെ പ്രശ്നങ്ങളും, അവ അര്‍ഹിക്കുന്ന ഗൗവരം ലഭിക്കാതെ പരിഹസിക്കപെടുകയാണ്‌. മാധ്യമ ധര്‍മം എന്നത്‌ പ്രേക്ഷകരെയും വായനക്കാരെയും ഇക്കിളിപ്പെടുത്താനുള്ള കുതന്ത്രങ്ങളാണെന്ന്‌ മനസിലാകുന്നത്‌ സുനാമി ദുരന്തബാധിതരെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കാണുമ്പോഴും വായിക്കുമ്പോഴുമാണ്‍്‌.

ഇതിലും ഗര്‍ഹണീയമാണ്‌ കേരള സര്‍ക്കാര്‍ പുലര്‍ത്തുന്ന നിലപാട്‌. അന്ന്‌ വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കി ഇവരെ കിട്ടിയ സ്ഥലത്ത്‌ കുടിയിരുത്തി തലയൂരുകയായിരുന്നു സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും. ദുരന്തത്തിന്റെ ആദ്യ വാര്‍ഷികദിനങ്ങളില്‍ വീണ്ടും വാഗ്ദാനപ്പെരുമഴ കൊണ്ട്‌ ഇവരെ പ്രലോഭിപ്പിച്ചവര്‍ ഇന്നവരെ കടുത്ത നിരാശതയുടെ ആഴക്കടലിലേക്ക്‌ വലിച്ചെറിഞ്ഞിരിക്കുകയാണ്‌.

കരുനാഗപ്പള്ളി പ്രയാര്‍ ആര്‍വിഎസ്‌എംഎച്ച്‌എസിലെ പത്താംക്ലാസുകാരി നീതുവിന്റെ അനുഭവം മാത്രം മതി അധികാരകേന്ദ്രങ്ങള്‍ എത്രക്ക്‌ പ്രതിഷേധാര്‍ഹമായ നിലയിലാണ്‌ സുനാമി ദുരന്തബാധിതരോട്‌ പെരുമാറുന്നതെന്ന്‌ മനസ്സിലാക്കാന്‍. അന്നത്തെ രാക്ഷസത്തിരയേറ്റതില്‍ നീതുവിന്‌ നഷ്ടമായത്‌ ഏകആശ്രയമായ അമ്മ പ്രഭാവതിയെയും കയറിക്കിടക്കാനുണ്ടായിരുന്ന വീടുമായിരുന്നു. നീതുവിന്റെ കണ്ണീര്‌ കണ്ട്‌ കരളലിഞ്ഞിട്ടെന്നോണം സര്‍ക്കാര്‍ വാഗ്ദാനം നിരവധി ചൊരിഞ്ഞു. അവയെല്ലാം ഇപ്പോള്‍ കടലെടുത്തിരിക്കുന്നു. ദുരന്തത്തിന്റെ മൂന്നാം വാര്‍ഷികദിനത്തിലും ഇനിയെന്ത്‌ എന്ന ഭയാശങ്കയോടെയാണ്‌ നീതു കഴിയുന്നത്‌.

സുനാമി മേഖലക്ക്‌ പുറത്ത്‌ നീതുവിന്‌ വീടും വസ്തുവും നല്‍കുമെന്നായിരുന്നു (ജിയോ നമ്പര്‍ 6728/05, 24-12-05) സര്‍ക്കാരിന്റെ ഉറപ്പ്‌. വിദ്യാഭ്യാസ ചെലവ്‌ പൂര്‍ണ്ണമായി ഏറ്റെടുക്കുമെന്നും തുടര്‍ന്ന്‌ വാഗ്ദാനം ചെയ്തു. അന്ന്‌ ഈ വാഗ്ദാനങ്ങള്‍ ചൊരിഞ്ഞവരാരും പിന്നെ അതുവഴി വന്നിട്ടില്ലാ എന്ന്‌ നീതുവിനെപ്പോലെ മറ്റ്‌ ദുരിതബാധിതരും അമര്‍ഷത്തോടെ ചൂണ്ടിക്കാട്ടുന്നു. ഇന്ന്‌ മാതാവിന്റെ സഹോദരിയോടൊപ്പമാണ്‌ നീതു കഴിയുന്നത്‌.

നീതുവിന്റേതിന്‌ സമാനമായ അനുഭവങ്ങളോടെ, അന്ന്‌ സുനാമിത്തിരയില്‍ ഒലിച്ചുപോയെങ്കില്‍ എന്ന്‌ പ്രാര്‍ത്ഥിക്കുന്ന നൂറുകണക്കിന്‌ കുടുംബങ്ങളാണ്‌ കേരളത്തിലുള്ളത്‌. കടലിനോടും ജീവിതത്തിരകളോടും കഠിനമായി ഏറ്റുമുട്ടി, അധ്വാനിച്ച്‌ കുടുംബം പുലര്‍ത്തി മാന്യമായി ജീവിച്ചവര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമാണ്‌ ഇന്ന്‌ ഇത്തരത്തില്‍ ദുരിതപൂര്‍ണമായ അനുഭവങ്ങള്‍.

പാലുള്ള അകിടില്‍ നിന്ന്‌ ചോരമാത്രം കുടിക്കുന്ന കൊതുകുകള്‍ ഇതിനിടയിലും, ഇവര്‍ക്കിടയിലും ഇപ്പോഴും പറന്നുരസിക്കുന്നുണ്ട്‌. സുനാമി ബാധിതരുടെ പുനരധിവാസത്തിനുവേണ്ടി അന്നും ഇന്നും വിദേശത്തുനിന്ന്‌ സാമ്പത്തിക സഹായം സ്വീകരിച്ച്‌ കൊഴുത്ത ചൂഷണത്തിന്റെ കീടങ്ങള്‍, ഇവരോട്‌ കണക്കുചോദിക്കാനോ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനോ സര്‍ക്കാരും തയ്യാറില്ല. കിട്ടിയതിന്റെ ഒരു പങ്ക്‌ രാഷ്ട്രീയ നേതാക്കള്‍ക്ക്‌ നല്‍കി ഇവര്‍ സസുഖം മുതലെടുപ്പിന്റെ വാര്‍ഷികങ്ങള്‍ ആഘോഷിക്കുകയാണ്‌.

സര്‍ക്കാര്‍ സംവിധാനമോ ഇത്തരത്തില്‍ കൊടിയ ചൂഷണത്തിന്റെ രീതിശാസ്ത്രമാണ്‌ അവലംബിച്ചിട്ടുള്ളത്‌. സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‌ മത്സ്യമേഖലക്ക്‌ അനുവദിച്ച കോടിക്കണക്കിന്‌ രൂപയുടെ സഹായം സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടാണ്‌ സംഘടിതമായ ഈ മുതലെടുപ്പ്‌.

കേന്ദ്രസഹായത്തോടെ 1441.75 കോടിരൂപയുടെ പദ്ധതിയാണ്‌ സംസ്ഥാനത്ത്‌ നടപ്പാക്കുന്നത്‌. ഇതില്‍ മത്സ്യബന്ധന മേഖലയിലെ ജീവനോപാധികളുടെ പുനര്‍നിര്‍മ്മാണത്തിനായി നീക്കിവച്ചിട്ടുള്ളത്‌ കേവലം 64.85 കോടി രൂപമാത്രമാണ്‌. മത്സ്യമേഖലയില്‍ 382 കോടിരൂപയുടെ കടബാധ്യത കണക്കാക്കിയെടുത്താണ്‌ ഈ നക്കാപ്പിച്ച അനുവദിച്ചിട്ടുള്ളത്‌. അതും അര്‍ഹതപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക്‌ ലഭിച്ചിട്ടുമില്ല. മാത്രമല്ല സുനാമി ദുരിതബാധിതരായ മത്സ്യത്തൊഴിലാളികളുടെ ബാധ്യത ഉള്‍പ്പെടുന്ന കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനങ്ങളും പാലിക്കപ്പെട്ടിട്ടില്ല.

ദുരന്തത്തിന്റെ മൂന്നാം വാര്‍ഷിക ദിനത്തിലെ ദുരിതക്കാഴ്ചകളാണിതെല്ലാം. ഇവയുടെ ആവര്‍ത്തനമാവുമോ വരും വര്‍ഷങ്ങളിലും. ആര്‌ ആരോട്‌ പരാതിപ്പെട്ടലാണ്‌ ഇതൊക്കെ ഒന്ന്‌ നേരെയാവുക.

ജീവിതം പടമായി; തമാശപ്പടം!

ലോകം നേരിടുന്ന വലിയൊരു പ്രശ്നമാണ്‌ ടെന്‍ഷന്‍!

എല്‍കെജിയില്‍ പടിക്കുന്ന അപ്പൂസ്‌ എന്ന മൂന്നു വയസുകാരന്‍ മുതല്‍ പെന്‍ഷന്‍ പറ്റിയിട്ട്‌ നാല്‍പതാണ്ട്‌ പിന്നിട്ട പാപ്പു ചേട്ടനും വരെ ടെന്‍ഷന്‍ ഒഴിഞ്ഞ നേരമില്ല.

അപ്പൂസിന്‌ ക്ലാസ്‌ ടീച്ചറുടെ ദുര്‍മുഖം ഓര്‍മ്മയില്‍ വരുമ്പോഴാണ്‌ ടെന്‍ഷന്‍. പാപ്പു ചേട്ടന്‌ 'കാലന്‍' പിന്നാലെ നടക്കുന്നതോര്‍ത്താണ്‌ ടെന്‍ഷന്‍!

ടെന്‍ഷന്‍ കുറയ്ക്കാന്‍ മരുന്നേറെയുണ്ട്‌. കാശ്‌ കയ്യിലൊരുപാടുള്ളവര്‍ക്ക്‌ 'കാന്തകിടക്ക'യില്‍ മലര്‍ന്നു കിടന്ന്‌ ടെന്‍ഷന്‍ അകറ്റാം!. അത്രയധികം കാശില്ലാത്തവനു സ്മോളടിച്ച്‌ ടെന്‍ഷനൊഴിച്ച്‌ കാനയില്‍ മലര്‍ന്നോ കമഴ്‌ന്നോ കിടക്കാം! ബാക്കിയുള്ളവര്‍ക്ക്‌ സിനിമ കാണാം, സര്‍ക്കസു കാണാം, അങ്ങനെയങ്ങനെ......

അനുദിനം ടെന്‍ഷന്‍ ഏറിവരുന്നൊരു ലോകത്ത്‌ തമാശക്കാരുടെ എണ്ണവും ഏറിവരും. കാരണം കാശുചെലവില്ലാതെ ടെന്‍ഷന്‍ കുറക്കാനുള്ള ഏകവഴി തമാശു പറയലോ കേള്‍ക്കലോ ആണ്‌.

ഓണമെത്തുമ്പോള്‍ ആരുടെ കാണം വില്‍ക്കണം എന്ന ടെന്‍ഷന്‍ തലയില്‍ കയറി വട്ടം കറങ്ങുന്ന മലയാളികള്‍ നാദിര്‍ഷയുടെ '...പുട്ടുകച്ചവടം' കാസറ്റ്‌ വാങ്ങി കാണാതെ പഠിക്കുന്നത്‌ ടെന്‍ഷന്‍ കുറക്കാന്‍ മാത്രമാണല്ലോ!

വളരെ സീരിയസായ ഒരു ഐതിഹ്യകഥയിലെ നായകനായ മാവേലി ഇന്നസെന്റായവതരിച്ച്‌ ജഗതിയോടൊപ്പം നമ്പരുകള്‍ ഇറക്കിയാല്‍ ആരാണ്‌ ചിരിച്ചുപോകാത്തത്‌!

അങ്ങനെ അഞ്ചുപത്തു കൊല്ലം കൊണ്ട്‌ നാദിര്‍ഷായും കൂട്ടരും മാവേലിയെ വെറും തമാശക്കാരന്‍ കുടവയറനാക്കി!

ഇപ്പോള്‍ സാന്താക്ലോസ്‌ അപ്പൂപ്പനാണ്‌ തമാശക്കാരന്‍! ചാനലുകളിലൊക്കെ ക്രിസ്തുമസ്‌ ദിനത്തില്‍ തലയ്ക്ക്‌ വട്ടുപിടിച്ചപോലെ ചാടിക്കളിക്കുകയായിരുന്നു സാന്താക്ലോസ്‌. തൂവെള്ള പഞ്ഞിത്തൊപ്പിയും ചുവപ്പന്‍ കൂര്‍പ്പന്‍ തൊപിയും വലിയൊരു കുടവയറും കുലുക്കി ചാട്ടത്തോട്‌ ചാട്ടം!

ഗ്രാമങ്ങളില്‍, നഗരങ്ങളില്‍, കച്ചവടസ്ഥാപനങ്ങള്‍ക്ക്‌ മുന്നിലൊക്കെ തമാശക്കാരനായവതരിച്ചു നമ്മുടെ സാന്താക്ലോസ്‌ അപ്പൂപ്പന്‍!

ടെന്‍ഷന്‍ കൂടുന്തോറും തമാശക്കാര്‍ ഏറുമെന്ന പോലെ, ആരെപ്പിടിച്ചു തമാശക്കാരാക്കും എന്നൊരു പ്രശ്നം കൂടിയുണ്ട്‌ എന്ന്‌ ചുരുക്കം!

കരുണാകര്‍ജി, മുരളീധര്‍ജി, അച്ചുമ്മാമന്‍ എനിവരാണ്‌ രാഷ്ട്രീയക്കാരുടെ ഇടയില്‍ മാര്‍ക്കറ്റുള്ള തമാശക്കാര്‍! ലീഡറും മോനും തമാശയൊരുപാട്‌ പറയാറുണ്ടെങ്കിലും അക്ച്വലി അച്ചുമ്മാമന്‍ അത്ര തമാശക്കാരനല്ല. പറഞ്ഞിട്ടെന്തു കാര്യം! നീട്ടിയും കുറുക്കിയും മിമിക്രിക്കാരുടെ അച്ചുമ്മാന്‍ അടിക്കുന്ന നമ്പരുകളാണ്‌ വിലക്കയറ്റം ഉയര്‍ത്തിവിടുന്ന ഭീകരമായ ടെന്‍ഷന്‍ കുറയ്ക്കുന്നത്‌!

അഭിനയിക്കാന്‍ പടം കിട്ടാതായ സിനിമാ-സീരിയല്‍ നടിമാരും ടെന്‍ഷന്‍ കുറയ്ക്കാന്‍ വഴി കണ്ടെത്തിയതായാണ്‌ പോയവാരത്തിലെ പത്രവാര്‍ത്തകള്‍ നല്‍കുന്ന സൂചന. കയ്യില്‍ കാശില്ലാത്തതിന്റെ ടെന്‍ഷന്‍ നടിമാര്‍ക്ക്‌ മാറിക്കിട്ടുമെന്ന്‌ മാത്രമല്ല, നടിമാരെ തേടിപ്പോകുന്ന ചേട്ടന്മാര്‍ക്ക്‌ കാശു പോകുന്നതിന്റെ ടെന്‍ഷനും മാറിക്കിട്ടും!

ജീവിതം മൊത്തമായും ചില്ലറയായും ഒരു തമാശപ്പടമായി മാറിക്കൊണ്ടിരിക്കുകയാണ്‌!

Monday, December 24, 2007

ത്രിശൂലമുനയില്‍ സോണിയയും രാഹുലും

ഗുജറാത്തില്‍ നരേന്ദ്രമോഡിയുടെ ഹാട്രിക്‌ വിജയത്തേക്കാള്‍ ശ്രദ്ധേയമായത്‌ സോണിയയുടെയും രാഹുലിന്റെയും നാണംകെട്ട പരാജയമാണ്‌.

മോഡിയെ വര്‍ഗീയവാദിയെന്ന്‌ പ്രതിപക്ഷവും വിമതരും മാധ്യമങ്ങളും നിരന്തരം വിശേഷിപ്പിച്ചപ്പോഴും തനിക്കെതിരെ ഉയര്‍ന്ന ഗോധ്ര-സൊറാബുദ്ദീന്‍ വിവാദങ്ങളൊന്നും കണക്കിലെടുക്കാതെ വികസനത്തിന്റെ കാര്‍ഡുമായിട്ടായിരുന്നു ഇത്തവണ മോഡി ജനങ്ങളെ സമീപിച്ചത്‌. എന്നാല്‍ മോഡിയെ തറപറ്റിക്കുമെന്ന പ്രതിജ്ഞയോടെ സോണിയയും രാഹുലും ഗുജറാത്തിലെത്തിയപ്പോള്‍, തെരഞ്ഞെടുപ്പ്‌ രംഗത്തിന്റെ സ്വഭാവം ആകെ മാറുകയായിരുന്നു. മരണത്തിന്റെ കച്ചവടക്കാരനെന്ന്‌ മോഡിയെ വിശേഷിപ്പിച്ച്‌ സോണിയ ഇളക്കിവിട്ട തരംഗം പക്ഷെ മോഡിക്ക്‌ അനുകൂലമാകുകയാണുണ്ടായത്‌. കഴിവതും വര്‍ഗീയ വിഷയങ്ങളില്‍നിന്നും വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി പുതിയ ചില അജണ്ടകള്‍ ജനമധ്യത്തില്‍ സമര്‍പ്പിച്ച്‌ വോട്ടുതേടാനായിരുന്നു മോഡിയുടെ തീരുമാനം. എന്നാല്‍ അനവസരത്തിലുള്ള സോണിയയുടെ പ്രകോപനപരമായ വിശേഷണമായിരുന്നു ഗുജറാത്തിലെ തെരഞ്ഞെടുപ്പ്‌ ചിത്രമാകെ മാറ്റിമറിച്ചത്‌.

സോണിയയുടെ ആരോപണങ്ങള്‍ക്ക്‌ മോഡി മറുപടി നല്‍കിയത്‌ വര്‍ഗീയ വികാരം ഇളകിവിട്ട തന്ത്രങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയുമായിരുന്നു. വീണ്ടും കടുത്ത ഹിന്ദുത്വ കാര്‍ഡുതന്നെ അതോടെ മോഡി പുറത്തിറക്കി.

സോണിയയുടെ ആരോപണങ്ങളും രാഹുലിന്റെ റോഡ്ഷോയും കാഴ്ചയുടെ പെരുക്കങ്ങളായി ഗുജറാത്തിലെ വോട്ടര്‍മാര്‍ കണ്ടെങ്കിലും അവരുടെ സമ്മതിദാനം മോഡിയുടെ ലൈനില്‍തന്നെയായിരുന്നു. അതുകൊണ്ടാണ്‌ മൂന്നാം വട്ടവും മുഖ്യമന്ത്രിയാകാന്‍ മോഡിക്ക്‌ കഴിഞ്ഞത്‌.

മോഡിയുടെ ഈ വിജയത്തിനുപിന്നില്‍ നിരവധി ഘടകങ്ങളുണ്ടെങ്കിലും സോണിയയുടെയും രാഹുലിന്റെയും തന്ത്രജ്ഞതയില്ലായ്മയും ജനവികാരം തിരിച്ചറിയാനുള്ള മനസില്ലായ്മയും ഗുജറാത്തിന്റെ ഹൃദയം കാണാനുള്ള വീക്ഷണമില്ലായ്മയുമാണ്‌ ഈ തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം.

ഒരു സംസ്ഥാനത്തിന്റെ പ്രശ്നങ്ങളേയും ജനങ്ങളുടെ പ്രതീക്ഷകളേയും അവയുടെ തനതായ അര്‍ത്ഥത്തില്‍ തിരിച്ചറിയാനോ ആ നിലയ്ക്ക്‌ അവയോട്‌ പ്രതികരിക്കാനോ കഴിവുള്ളവരല്ല അമ്മയും മകനുമെന്ന്‌ ഇതോടെ വ്യക്തമായി. ഇവരാണ്‌ ഭാവി ഇന്ത്യയുടെ ഭാഗധേയം നിയന്ത്രിക്കാനുള്ളതെന്ന്‌ പ്രചരിപ്പിക്കുന്നവര്‍ ഈ കഴിവുകേട്‌ തിരിച്ചറിയേണ്ടതാണെന്ന കാലത്തിന്റെ ചുവരെഴുത്തുകൂടിയാണ്‌ മോഡിയുടെ വിജയം.

എന്നുവച്ച്‌ മോഡിയുടെ വിജയത്തിന്റെ മാറ്റ്‌ കുറച്ചുകാണുന്നത്‌ ശരിയല്ല. ഇതൊരു ഏകാംഗ മുന്നേറ്റത്തിന്റെ നേട്ടമാണ്‌. ബിജെപിയുടെ അഖിലേന്ത്യാ നേതൃത്വവും സംഘപരിവാര്‍ കുടുംബവും വേണ്ടത്ര പിന്തുണ നല്‍കാതിരുന്നിട്ടും തന്റേതായ ശൈലിയിലൂടെ ആത്മവിശ്വാസത്തോടെ വോട്ടര്‍മാരെ നേരിടുകയായിരുന്നു മോഡി. മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം ലഭിക്കാനായില്ലെങ്കിലും കഴിഞ്ഞതവണത്തെക്കാള്‍ വേട്ട്‌ ശതമാനത്തില്‍ വര്‍ധന വരുത്താന്‍ മോഡിക്ക്‌ കഴിഞ്ഞത്‌ നിസാര സംഭവമല്ല.

പ്രതിപക്ഷത്തേയും വിമതരേയും മാധ്യമങ്ങളേയും ഒരേപോലെ നേരിട്ടുകൊണ്ടായിരുന്നു മോഡി തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. എക്സിറ്റ്പോളുകളും കോണ്‍ഗ്രസും മാധ്യമങ്ങളും വിമതരും മോഡിയുടെ വിജയത്തില്‍ സംശയിച്ചപ്പോള്‍ ആരെന്തുപറഞ്ഞാലും 120 സീറ്റുകളും നേടുമെന്ന ചങ്കൂറ്റമായിരുന്നു മേഡിക്കുണ്ടായത്‌. സൗരാഷ്ട്ര മേഖലയില്‍ മാത്രമാണ്‌ അല്‍പ്പം ഇടിവ്‌ സംഭവിച്ചത്‌. ഗുജറാത്തിന്റെ ബാക്കി എല്ലാ ഭാഗത്തും വ്യക്തമായ ആധിപത്യം നേടാന്‍ മോഡിയുടെ തന്ത്രങ്ങള്‍ക്ക്‌ കഴിഞ്ഞു.

പ്രതിപക്ഷത്തേക്കാളും മാധ്യമ വിമര്‍ശനത്തേക്കാളും മോഡിയെ അലട്ടിയിരുന്നത്‌ വിമതശല്യമായിരുന്നു. ചങ്കുറപ്പോടെ അവരെ നേരിട്ട്‌, നാല്‍പ്പതോളം സിറ്റിംഗ്‌ എം.എല്‍.എമാര്‍ക്ക്‌ പകരം പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയാണ്‌ മോഡി തന്റെ ഹാട്രിക്‌ വിജയം നേടിയത്‌. ഗുജറാത്ത്‌ എന്നാല്‍ പട്ടേലുമാരുടെ വോട്ടാണെന്നും കേശുഭായ്‌ പട്ടേലാണ്‌ ഗുജറാത്തിന്റെ കസ്റ്റോഡിയന്‍ എന്നുമുള്ള പരമ്പരാഗത ബിജെപി വിശ്വാസത്തെ കടപുഴക്കിക്കൊണ്ടാണ്‌ മോഡിയുടെ വിജയരഥം ലക്ഷ്യത്തിലെത്തിയിരിക്കുന്നത്‌.

ഇത്‌ ബിജെപിയുടെ അഖിലേന്ത്യാ നേതൃത്വത്തെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചിട്ടുള്ളതും ആശങ്കയിലാഴ്ത്തുന്നതും.

ഇപ്പോള്‍ മോഡിയുടെ വിജയം ബിജെപിയുടെ വിജയമാണെന്നും ഇത്‌ അഖിലേന്ത്യാ രാഷ്ട്രീയത്തില്‍ വ്യക്തമായ ചലനങ്ങളുണ്ടാക്കുമെന്നും അദ്വാനി പറയുമ്പോള്‍ ആ സ്വരത്തിലും ധ്വനിക്കുന്നത്‌ മോഡിയെക്കുറിച്ചുള്ള ഭയമാണ്‌. മോഡിയുടെ രഥം ന്യൂദല്‍ഹിയിലേക്കുരുളാതിരിക്കാനാണ്‌ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ തലേദിവസം ദേശീയ നേതൃത്വം അദ്വാനിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത്‌. ഇത്‌ മോഡിക്കുള്ള വ്യക്തമായ താക്കീതായിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ ഈ വിഭാഗീയ ചിന്തകളെയും തന്റെ തന്ത്രങ്ങളിലൂടെ തോല്‍പ്പിച്ചിരിക്കുകയാണ്‌ മോഡി.

അതുകൊണ്ടാണ്‌ പാര്‍ട്ടിയേക്കാള്‍ വലുതല്ല വ്യക്തികളെന്ന്‌ ബിജെപി പ്രസിഡന്റ്‌ രാജ്നാഥ്‌ സിംഗിന്‌, തെരഞ്ഞെടുപ്പ്‌ ഫലം മുഴുവന്‍ പുറത്തുവരും മുന്‍പ്‌ പ്രഖ്യാപിക്കേണ്ടിവന്നത്‌.

മോഡിയുടെ ഈ വിജയം ജനാധിപത്യമതേതര വിശ്വാസികള്‍ക്ക്‌ ഭയത്തിന്റെ നാളുകളാകും സമ്മാനിക്കുക. തന്റെ കടുത്ത ഹിന്ദുത്വവാദത്തിന്‌ ജനകീയ പിന്തുണ ലഭിച്ചു എന്ന അഹന്തയില്‍ ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ കൂടുതല്‍ ശക്തിയോടെ നടപ്പിലാക്കാന്‍ സാധ്യതയുണ്ട്‌ എന്നതാണ്‌ ഈ ഭയം. ഇത്‌ ന്യൂനപക്ഷ വിരുദ്ധതകൊണ്ട്‌ മാത്രമായിരിക്കണമെന്നില്ല. മറിച്ച്‌ ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ കണ്ണുതുറപ്പിക്കാന്‍കൂടിയായിരിക്കുമെന്നും പൊതുവേ വിശ്വസിക്കപ്പെടുന്നു.

ഗാന്ധിജിയുടെ നാട്ടില്‍ ഗോഡ്സേയുടെ ആശയങ്ങള്‍ക്ക്‌ ലഭിച്ചിട്ടുള്ള വേരോട്ടം ആഴത്തിലുള്ളതാണെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ ഊഹാതീതമാണെന്നും ചിന്തിക്കാന്‍ ഇടനല്‍കുന്നതുകൂടിയാണ്‌ ഇൌ‍ വിജയം.

Saturday, December 22, 2007

ചാഞ്ഞു കിടക്കുന്നെന്നു കരുതി....

തെങ്ങ്‌ ചതിക്കില്ലെന്നാണ്‌ പഴമൊഴി.

ചതിക്കുമായിരുന്നെങ്കില്‍ കാണാമായിരുന്നു കളി. തലയില്‍ തേങ്ങാ വീണു ചാവുന്ന ആള്‍ക്കാരുടെ ചരമ വാര്‍ത്ത അടിക്കാന്‍ പത്രങ്ങള്‍ വാര്‍ഡുകള്‍ തോറും എഡിഷനുകള്‍ തുടങ്ങേണ്ടി വന്നേനെ. കേരളീയര്‍ക്കില്ലാത്ത ഔചിത്യം തെങ്ങിനുണ്ടെന്നു സാരം.

തെങ്ങിന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. തേങ്ങാ പൊതിച്ചാല്‍ കണ്ണ്‌ കുത്തിപ്പൊട്ടിച്ച്‌ തേങ്ങാവെള്ളം കുടിക്കാം. ചമ്മന്തിയുണ്ടാക്കാന്‍ തേങ്ങാ കിട്ടും. തീകത്തിക്കാന്‍ തൊണ്ട്‌ കിട്ടും, ചിരട്ട കിട്ടും. തൊണ്ട്‌ ചീയിച്ചാല്‍ ചകിരിനാര്‌ കിട്ടും, ചകിരിച്ചോറ്‌ കിട്ടും. ഓല കിട്ടും. കോഞ്ഞാട്ട കിട്ടും. പോര്‍ക്കൊടി കിട്ടും. കൊതുമ്പ്‌ കിട്ടും. കൊലഞ്ഞില്‍ കിട്ടും. നാക്കുവടിക്കാന്‍ ഇര്‍ക്കില്‍ വരെ കിട്ടും!

തെങ്ങിന്‍ തടിയില്‍ നിന്നും കട്ടില്‍ കിട്ടും, മേശ കിട്ടും. വീടിനു മേല്‍ക്കൂര കിട്ടും. പിന്നെ, തെങ്ങില്‍ പശുവിനെ കെട്ടാം. തുണിയുണക്കാന്‍ അയ കെട്ടാം. വളഞ്ഞു നില്‍ക്കുന്ന തെങ്ങാണേല്‍ കെട്ടി തൂങ്ങി ചാവാം!

ആഹ്ലാദദായകമായ മറ്റൊരു സംഗതി കൂടി തെങ്ങില്‍ നിന്നു കിട്ടും. ആ സംഗതിയാകുന്നു കള്ള്‌!

'കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടി മനമേ...
എള്ളോളം ഉള്ളീ ചെന്നാല്‍ ഭൂലോകം പുല്ലെടി മനമേ...'
എന്ന്‌ മഹാകവി അടൂര്‍ഭാസി പാടിയിട്ടുണ്ട്‌.

കള്ളു കുടിച്ചാല്‍ പലതുണ്ട്‌ ഗുണം. ഒന്ന്‌, കുടിക്കണവന്റെ മനപ്രയാസം മാറും. ആള്‌ തമാശ പറയും, പാട്ടും പാടും. ചെത്തുകാരന്റെ കുടുംബം കഞ്ഞികുടിച്ച്‌ രക്ഷപ്പെടും. കള്ളുഷാപ്പില്‍ മൂന്നാലു പേര്‍ക്ക്‌ പണികിട്ടും.
കുടിക്കുന്ന കള്ളിന്റെ അളവനുസരിച്ച്‌ കുടിയന്മാര്‍ തെങ്ങിന്‍ തടങ്ങളില്‍ മൂത്രമൊഴിക്കും. മൂത്രം അസ്സലൊരു വളമാകയാല്‍ തെങ്ങില്‍ തേങ്ങ പിടിക്കും!

സാമ്പത്തിക ശാസ്ത്രപരമായി ചിന്തിച്ചാല്‍, കള്ള്‌ ഇടപാടില്‍ പിരിയുന്ന കാശ്‌ മുഴുവന്‍ നമ്മടെ നാട്ടില്‍ തന്നെ കിടന്ന്‌ കറങ്ങും. സായിപ്പ്‌ കൊണ്ടു പോകില്ല!

രാഷ്ട്രീയമായി ചിന്തിച്ചാല്‍, കള്ള്‌ തൊഴിലാളികള്‍ ശക്തിപ്പെട്ടാല്‍ ഇടതുപക്ഷം ശക്തിപ്പെടും. ഇടതുപക്ഷം ശക്തിപ്പെട്ടാല്‍ രാഷ്ട്രം രക്ഷപ്പെടും!

ഓര്‍മ്മയില്‍ വന്ന ഇത്രയും, ഓര്‍മ്മയില്‍ വരാത്ത അതിലേറെയും കാര്യങ്ങള്‍ ഉണ്ടായിട്ടും തെങ്ങിനു നേരെയാണ്‌ എല്ലാവരുടേയും പാര. ഒരുകാലത്ത്‌ തെങ്ങ്‌ വെട്ടിച്ച്‌ റബര്‍ വെപ്പിച്ചു സര്‍ക്കാര്‍. പിന്നേം തെങ്ങ്‌ വെട്ടിച്ച്‌ കൊക്കോ വെപ്പിച്ചു സര്‍ക്കാര്‍.

കള്ളില്‍ സ്പിരിറ്റ്‌ ചേര്‍ത്ത്‌ അതിന്റെ ചാരിത്ര്യം തകര്‍ത്തു സര്‍ക്കാര്‍. കള്ളുഷാപ്പുകള്‍ക്കു നേരെ മാത്രം സമരം നടത്തി കള്ളിനെ ഘോരമദ്യമാക്കി മാറ്റി നാറ്റിച്ചു പാതിരിമാര്‍. ഒടുവില്‍ കൃഷിരാജന്‍ സിംഹവും കള്ളിന്റെ നെഞ്ചത്തേക്കാണിപ്പോള്‍ പടപ്പുറപ്പാട്‌.

മുട്ടിന്‌ മുട്ടിന്‌ വാറ്റു നടക്കുന്ന നാട്ടില്‍, മുട്ടിന്‌ മുട്ടിന്‌ ബാറു നടത്തുന്ന നാട്ടില്‍ കള്ള്‌ മാത്രം ആര്‍ക്കും കണ്ടുകൂടാ!

അധികം വേഷം കെട്ടിയാല്‍ തെങ്ങ്‌ തലയില്‍ തേങ്ങാ വീഴ്ത്തും; ഓര്‍ത്തോ!

ഹനീഫ്‌ ഇരയും പ്രതീകവുമാകുമ്പോള്‍...

ഭീകര വാദി ബന്ധം ആരോപിച്ച്‌ ആസ്ത്രേലിയന്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയും തടവിലിടുകയും പിന്നിട്‌ ഇന്ത്യയിലേക്ക്‌ തിരിച്ചയക്കുകയും ചെയ്ത ബാംഗ്ലൂര്‍ സ്വദേശി ഡോ. മുഹമ്മദ്‌ ഹനീഫിന്റെ വീസ പുനസ്ഥാപിക്കാനും ഡോ. ഹനീഫിനെതിരെ ചാര്‍ജ്‌ ചെയ്ത കേസുകള്‍ ചെലവുസഹിതം തള്ളാനുമുള്ള ഫെഡറല്‍ കോടതിവിധി തിരിച്ചറിവിന്റെ നിയമ രേഖയാവുകയാണ്‌.

ഡോ. ഹനീഫിനെ കുറ്റവിമുക്തനാക്കി കഴിഞ്ഞ ആഗസ്റ്റില്‍ ജസ്റ്റിസ്‌ ജെഫ്രി സ്പെന്‍ഡര്‍ പുറപ്പെടുവിച്ച വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ്‌ ഫെഡറല്‍ കോടതിയുടെ ഫുള്‍ബെഞ്ച്‌ ഏകകണ്ഠമായി ഈ വിധി പ്രഖ്യാപിച്ചത്‌.

ബ്രിട്ടണില്‍ നടന്ന രണ്ട്‌ സ്ഫോടന ശ്രമങ്ങളുമായി ബന്ധമുണ്ടെന്ന്‌ ആരോപിക്കപ്പെട്ട സബീല്‍ അഹമ്മദിന്‌ തന്റെ സിം കാര്‍ഡ്‌ നല്‍കി എന്ന്‌ ആരോപിച്ചാണ്‌ കഴിഞ്ഞ ജൂലൈ രണ്ടിന്‌ ഡോ. ഹനീഫിനെ ബ്രിസ്ബെയിനില്‍ ഫെഡറല്‍ പോലീസ്‌ അറസ്റ്റുചെയ്തത്‌.

പന്ത്രണ്ടുദിവസം തടവിലിട്ടെങ്കിലും ഡോ. ഹനീഫിനെതിരായ ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷന്‌ കഴിഞ്ഞില്ല. തുടര്‍ന്ന്‌ ബ്രിസ്ബെയിനിലെ മജിസ്ട്രേറ്റ്‌ കോടതി ജാമ്യം അനുവദിച്ചെങ്കിലും സര്‍ക്കാര്‍ വീസ റദ്ദാക്കിയതിനെത്തുടര്‍ന്ന്‌ രണ്ടാഴ്ചകൂടി തടവില്‍ കഴിയേണ്ടിവന്നു. എന്നാല്‍ തീവ്രവാദി ബന്ധം ആരോപിക്കാന്‍ ഒരു കാരണവും കാണുന്നില്ല എന്ന്‌ പബ്ലിക്‌ പ്രോസിക്യൂഷന്‍സ്‌ ഡയറക്ടര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ഡോ. ഹനീഫിനെ മോചിതനാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ജൂലൈ 29 ന്‌ ഇന്ത്യയില്‍ തിരിച്ചെത്തിയ ഹനീഫ്‌ ഇപ്പോള്‍ ഹജ്ജ്‌ തീര്‍ത്ഥാടനത്തിലാണ്‌.

ഇത്രയും പറഞ്ഞ കഥ; അറിഞ്ഞ വാര്‍ത്ത.
ഇനി പറയേണ്ടതും അറിയേണ്ടതുമായ കള്ളക്കളികള്‍.

ശീതസമരം അവസാനിക്കുകയും സോവിയറ്റ്‌ യൂണിയന്‍ കഷ്ണങ്ങളാക്കി മുറിക്കപ്പെടുകയും ചെയ്തതോടെ ലോകപോലീസായി മാറിയ അമേരിക്കയുടെ അധിനിവേശ രാക്ഷസീയതയുടെ നെറുകയില്‍ പതിച്ച ആറ്റംബോംബായിരുന്നു സെപ്തംബര്‍ 11ലെ വേള്‍ഡ്‌ ട്രെഡ്‌ സെന്റര്‍ സ്ഫോടനം.

മൂന്നാം ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം വികസിത രാഷ്ട്രങ്ങളെയും കൈവെള്ളയിലിട്ട്‌ അമ്മാനമാടാന്‍ കൊതിച്ച 'അങ്കിള്‍സാമി'ന്റെ അഹന്തക്കേറ്റ അടിയായിരുന്നു അത്‌. "വായുവിലമേരിക്കന്‍ മജ്ജയിലുടനീളം വ്യാപകമായി കാണ്മൂ സാമ്രാജ്യപ്പണക്കൊതി"യെന്ന്‌ പാബ്ലോ നെരൂദ ചൂണ്ടിക്കാട്ടിയ ചൂഷണത്തിന്റെ കഴുകന്‍കാലിലെ കൂര്‍ത്ത നഖമൂര്‍ച്ച കറയ്ക്കുന്നതായിരുന്നു ആ സ്ഫോടനം.

നടുങ്ങിവിറച്ചുപോയി അമേരിക്കയും ജോര്‍ജ്ജ്‌ ബുഷും! എന്നാല്‍ അടുത്തനിമിഷം, ഇതുവരെ അമേരിക്ക മൂന്നാം ലോകരാഷ്ട്രങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട്‌ പുലര്‍ത്തിയിരുന്ന വംശീയ സ്പര്‍ദ്ധ അടക്കമുള്ള മുതലെടുപ്പിന്റെ എല്ലാ രീതിശാസ്ത്രങ്ങളെയും മാറ്റിമറിച്ച്‌ ഭീഷണിയുടെയും പ്രാന്തവല്‍ക്കരണത്തിന്റെയും പുതിയ നയതന്ത്രവുമായിട്ടാണ്‌ ജോര്‍ജ്ജ്‌ ബുഷ്‌ ഞെട്ടലില്‍ നിന്ന്‌ ഉണര്‍ന്നത്‌.

ആഗോള ഭീകരവാദം എന്ന ഭീക്ഷണസംജ്ഞ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചുകൊണ്ട്‌ ഇസ്ലാംമത വിശ്വാസികളെയെല്ലാം ഭീകരന്മാരായി ചിത്രീകരിച്ച്‌ സാമ്രാജ്യത്വ വികസനത്തിന്റെയും മാര്‍ക്കറ്റ്‌ വിപുലീകരണത്തിന്റെയും പുതിയ പാത ബുഷ്‌ വെട്ടിത്തുറന്നു. ഈ വൃത്തികേടിന്‌ ജി-8 രാഷ്ട്രത്തലവന്മാര്‍ കൂട്ടുനിന്നപ്പോള്‍ നിരപരാധികളായ മുസ്ലീങ്ങള്‍ മോകത്തെമ്പാടും ഭീകരവാദികളായി മുദ്രചാര്‍ത്തപ്പെടുകയും പൈശാചികമായ ഉന്മൂലനത്തിന്‌ വിധേയരാവുകയും ചെയ്തു.

വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ സ്ഫോടനത്തിന്റെ സൂത്രധാരന്‍ യു.എസ്‌.എമ ബിന്‍ ലാദനാണെന്നും ലാദന്‌ അഫ്ഗാനിസ്ഥാന്‍ അഭയം നല്‍കിയെന്നും ആരോപിച്ച്‌ ആ രാഷ്ട്രത്തിനുമേല്‍ നിരന്തരം ബോംബ്‌ വര്‍ഷിച്ച്‌ അതിന്റെ സ്വയം ശീര്‍ഷത്വത്തെയും നിലനില്‍പ്പിനെയും അരിപ്പപോലെയാക്കി മാറ്റി ബുഷ്‌ എന്ന ഭീകരന്‍. പതിനായിരക്കണക്കിന്‌ നിരപരാധികള്‍ ഓപ്പറേഷനില്‍ തുടച്ചുനീക്കപ്പെട്ടു. എന്നിട്ടും കലിയടങ്ങാതെ ഇറാക്കിലേക്ക്‌ തിരിഞ്ഞ ബുഷ്‌ ആ നാടിനെയും നാട്ടാരെയും അതിന്റെ സാരഥിയെയും ജീവച്ഛവമാക്കി മാറ്റി പിന്നെ തൂക്കികൊന്ന്‌ കൊലവിളിനടത്തി.

ബുഷും ബ്ലെയറുമടക്കമുള്ള സാമ്രാജ്യത്വ ഭീകരവാദികളുടെ ഏറാന്മൂലികളായി മറ്റ്‌ സായിപ്പന്മാരും വേഷം കെട്ടിയപ്പോള്‍, മാന്യമായി അദ്ധ്വാനിച്ച്‌ ജീവിക്കാന്‍ മുസ്ലീങ്ങള്‍ക്ക്‌ ഇടമില്ലാതെ വന്നപ്പോള്‍ തിരിച്ചടിയുടെയും പ്രതികാരത്തിന്റെയും പാതസ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അതിന്റെ പ്രയോഗമായിരുന്നു ലണ്ടനില്‍ നടന്നത്‌.

അതിന്റെ പേരിലാണ്‌ ആസ്ത്രേലിയയില്‍ ജോലി ചെയ്തിരുന്ന ഡോ. ഹനീഫ്‌ ഭീകരവാദിയായി മുദ്രകുത്തപ്പെടുകയും തടവുകാരനാക്കപ്പെടുകയും പിന്നീട്‌ ഇന്ത്യയിലേക്ക്‌ നാടുകടത്തപ്പെടുകയും ചെയ്തത്‌. അമ്മൂമ്മക്കഥയിലെ സിംഹത്തെപ്പോലെ വെള്ളം കലക്കിയത്‌ പിതാമഹനോ ബന്ധുക്കളോ ആയിരിക്കുമെന്ന ന്യായമാണ്‌ ഇക്കാര്യത്തില്‍ ആസ്ത്രേലിയന്‍ ഗവണ്‍മെന്റ്‌ ഡോ. ഹനീഫിന്റെ വിഷയത്തില്‍ സ്വീകരിച്ചത്‌.

അമേരിക്കക്കും ബുഷിനും, അപകടത്തിലായ അവരുടെ നിലനില്‍പ്പ്‌ സംരക്ഷിക്കാന്‍ ഇത്തരം ചില ഉമ്മാക്കികള്‍ സൃഷ്ടിച്ചെടുക്കേണ്ടതുണ്ടായിരുന്നു എന്നാല്‍ അതിന്‌ ഓശാനപാടാന്‍ മറ്റു രാഷ്ട്രങ്ങളും തയ്യാറായപ്പോഴാണ്‌ മുസ്ലീം സമൂഹത്തെ ഭീകരന്മാരായി ചിത്രീകരിച്ചതും ആ സമുദായത്തില്‍ ജനിച്ചുപോയി എന്നതുകൊണ്ടുമാത്രം വ്യക്തികള്‍ നിരന്തരം വേട്ടയാടപ്പെട്ടതും. ഇരകളെ സൃഷ്ടിക്കുന്ന വേട്ടക്കാരന്റെയും വേട്ടനായ്ക്കളുടെയും നിണക്കൊതിയും മൃഗീയതയുമാണ്‌ ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്‌. തിരിച്ചറിവിന്റെയും മനുഷ്യത്വത്തിന്റെയും മനസ്‌ പ്രകടിപ്പിച്ച ആസ്ത്രേലിയന്‍ ഫെഡറല്‍ കോടതിയോട്‌ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം ഇരകളാക്കപ്പെടുന്നവരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും എല്ലാ മനുഷ്യസ്നേഹികളും മുന്നോട്ടുവരണമെന്നാണ്‌ ഈ സംഭവം ആഹ്വാനം ചെയ്യുന്നത്‌.

കാലത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തിരിച്ചറിയാനും അതനുസരിച്ച്‌ ക്രിയാത്മകമായി പ്രതികരിക്കാനും ഓരോ വ്യക്തിക്കും ബാധ്യതയുണ്ട്‌. മറക്കാതിരിക്കുക.

Friday, December 21, 2007

കോതമംഗലം: പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ വ്യവസായ പ്രമുഖന്റെ മകനും

  • ബ്ലാക്ക്മെയിലിംഗ്‌ തുടരുന്നു; പിടികിട്ടാ പ്രതികള്‍ക്ക്‌ പോലീസ്‌ സംരക്ഷണത്തില്‍ സുഖവാസം
സ്വന്തം ലേഖിക
കൊച്ചി: ഹോംനഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഉന്നതന്മാര്‍ക്ക്‌ കാഴ്ചവച്ച സംഭവം തേച്ചുമായ്ച്ചുകളയാന്‍ പോലീസ്‌ പുതിയ പ്രതികളെയും സംഭവപരമ്പരകളും അവതരിപ്പിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ തിരുവനന്തപുരത്തുവച്ച്‌ പീഡിപ്പിച്ചവരില്‍ കൊച്ചിയിലെ ഒരു പ്രമുഖ വ്യവസായിയുടെ പുത്രനുമുണ്ടെന്ന്‌ വാസ്തവത്തിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു.

തിരുവനന്തപുരത്തുവച്ച്‌ ഇദ്ദേഹമടക്കമുള്ള അഞ്ചുപേരുടെ നിരന്തര പീഡനത്തിന്‌ പെണ്‍കുട്ടി ഇരയാകുകയായിരുന്നു. അതില്‍ അവശയായ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കോതമംഗലത്തുനിന്നുള്ള പ്രത്യേക നിര്‍ദേശ പ്രകാരം ചിപ്സ്‌ വ്യാപാരിയുമായി ബന്ധമുള്ളവര്‍ ശ്രമിച്ചപ്പോഴാണ്‌ പെണ്‍കുട്ടി ഇവരുടെ പിടിയില്‍ നിന്ന്‌ രക്ഷപ്പെട്ടതും തിരിച്ച്‌ കോതമംഗലത്തെത്തിയതും.

ഈ സംഭവങ്ങളെല്ലാം തമസ്ക്കരിച്ച്‌ കേസ്‌ അട്ടിമറിക്കാനാണ്‌ പോലീസിന്റെ ശ്രമമെന്ന്‌ തുടരെതുടരെ വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ നടന്ന നാടകീയമായ കീഴടങ്ങള്‍ അതിന്റെ ഭാഗമായിരുന്നു. അതേസമയം രണ്ടും മൂന്നും പ്രതികളെന്നു പോലീസ്‌ പറയുന്ന മാര്‍ബിള്‍ വ്യാപാരി ജോയിയും അദ്ദേഹത്തിന്റെ ബന്ധു മോന്‍സിയും ഒളിവിലാണെന്നാണ്‌ ഔദ്യോഗിക ഭാഷ്യം. എന്നാല്‍ സംഭവം പുറത്തുവന്നയുടനെ ജോയിയുള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത്‌ സിഐയുടെ സ്വദേശമായ ഊന്നുകല്ലില്‍, ഒരു സ്വകാര്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അവരെയാണ്‌ ഇപ്പോള്‍ കാണാനില്ലെന്ന്‌ പറയുന്നത്‌. പോലീസ്‌ സംരക്ഷണത്തില്‍ ഇവര്‍ സുഖവാസത്തിലാണെന്നാണ്‌ നാട്ടുകാരുടെ വിശ്വാസം.

ഇതിനിടെ പെണ്‍കുട്ടിയെ അനാശാസ്യമാര്‍ഗത്തിലേക്ക്‌ നയിച്ചുവെന്നു പറയുന്ന രേഖയെന്ന പെണ്‍കുട്ടിയേയും സിഐയുടെ പ്രത്യേക നിര്‍ദേശപ്രകാരം പെരുമ്പാവൂരിനുസമീപം ചെറുകുന്നത്ത്‌ സുരക്ഷിതസ്ഥാനത്തേക്ക്‌ മാറ്റിയതായും അറിയുന്നു.

സംഭവങ്ങള്‍ ഇങ്ങനെ നീളുമ്പോള്‍ പോലീസിനുവേണ്ടിയും പോലീസിന്റെ പേരിലും വ്യാപകമായ ബ്ലാക്ക്മെയിലിംഗ്‌ നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം ഇപ്പോള്‍ കീഴടങ്ങിയ പ്രതികളില്‍ നിന്ന്‌ ഒരു ഗുണ്ടാത്തലവന്റെ നേതൃത്വത്തില്‍ പോലീസിന്‌ എന്നു പറഞ്ഞ്‌ 25,000 ത്തോളം രൂപ പിരിച്ചെടുത്തതായും വിവരം ലഭിച്ചിട്ടുണ്ട്‌. ഈ പിരിവിന്‌ ചുക്കാന്‍പിടിക്കുന്നത്‌ മണല്‍മാഫിയയുമായി ബന്ധമുള്ള കോണ്‍സ്റ്റബിളാണെന്നും വ്യക്തമായിട്ടുണ്ട്‌.

അതേസമയം, പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നുള്ള ഭീഷണി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. നാടുവിട്ടുപോയില്ലെങ്കില്‍ തട്ടിക്കളയുമെന്നുവരെ ഭീഷണിയുണ്ടായിട്ടുണ്ട്‌.
 
 
പ്രതികളും കീഴടങ്ങലും അട്ടിമറിയുടെ രണ്ടാം ഭാഗം

ഹോം നഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി തലസ്ഥാന നഗരിയില്‍ ഉന്നതര്‍ക്ക്‌ കാഴ്ചവച്ച സംഭവം അട്ടിമറിക്കാന്‍ പോലീസും തല്‍പ്പരകക്ഷികളും നടത്തുന്ന ശ്രമത്തിന്റെ രണ്ടാം ഘട്ടമാണ്‌ മൂവാറ്റുപുഴ കിഴക്കേക്കര സ്വദേശികളായ അഞ്ചു പ്രതികളുടെ ഇന്നലത്തെ കീഴടങ്ങല്‍ നാടകം. പെണ്‍കുട്ടിയെ കോതംഗലത്തും പരിസരത്തുമുള്ള പെണ്‍വാണിഭക്കാരും അവരുടെ ഇടപാടുകാരുമാണ്‌ പീഡിപ്പിച്ചതെന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ മൂവാറ്റുപുഴ സ്വദേശികളായ അഞ്ചുപേരെ പ്രതികളാക്കിയതും അവരെ ചുറ്റിപ്പറ്റി പുതിയ കഥകള്‍ മെനഞ്ഞെടുത്തിട്ടുള്ളത്‌.

മൂവാറ്റുപുഴയിലെ ടാക്സി ഡ്രൈവര്‍ കൈയാലക്കല്‍ ഷമീര്‍ (23), ഓട്ടോഡ്രൈവര്‍മാരായ കിഴക്കേവട്ടത്ത്‌ പുത്തന്‍പുരയില്‍ നൗഫല്‍ (23) കാരേപ്പറമ്പില്‍ ഷിയാസ്‌ (27), പെയിന്റിംഗ്‌ തൊഴിലാളി മലമ്പുറത്ത്‌ റോബിന്‍ (24), ബ്ലായിക്കുടി റസല്‍ (27) എന്നിവരാണ്‌ ഇന്നലെ കേസന്വേഷിക്കുന്ന സിഐ കെ.എം. ജിജിമോന്റെ മുന്‍പാകെ നാടകീയമായി കീഴടങ്ങിയത്‌.

കീഴടങ്ങിയ ഈ പ്രതികളുടെ മൊഴിയും പെണ്‍കുട്ടി നല്‍കിയതെന്നുപറഞ്ഞ്‌ പോലീസ്‌ ആദ്യം മാധ്യമപ്രവര്‍ത്തകരോട്‌ വെളിപ്പെടുത്തിയ മൊഴിയും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്‌. തന്നെ തട്ടിക്കൊണ്ടുപോയ സംഘം രണ്ടു ദിവസം ഭക്ഷണംപോലും നല്‍കാതെ പീഡിപ്പിച്ചശേഷം മൂവാറ്റുപുഴ കെഎസ്‌ആര്‍ടിസി സ്റ്റാന്റില്‍ ഇറക്കിവിട്ടുവെന്നും ജീവിതം മടുത്ത പെണ്‍കുട്ടി ആത്മഹത്യക്കായി കന്യാകുമാരിയിലേക്ക്‌ പോയെന്നും അവിടെവച്ച്‌ പോലീസിന്റെ പിടിയിലായ പെണ്‍കുട്ടിയെ മൂവാറ്റുപുഴയ്ക്ക്‌ ബസ്‌ കയറ്റി അയച്ചെന്നും മൂവാറ്റുപുഴയിലെത്തിയ പെണ്‍കുട്ടിയെ മറ്റൊരു സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം വല്ലാര്‍പാടത്ത്‌ ഇറക്കിവിട്ടു എന്നുമായിരുന്നു പോലീസ്‌ നല്‍കിയ വിവരണം.

എന്നാല്‍ ഐസോളിന്റെ നേതൃത്വത്തിലുള്ള ആദ്യ സംഘം പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം കെഎസ്‌ആര്‍ടിസി സ്റ്റാന്റില്‍ ഇറക്കിവിട്ടപ്പോള്‍ അവിടെനിന്ന്‌ തങ്ങള്‍ തട്ടിയെടുത്ത്‌ മൂവാറ്റുപുഴയിലും, നേര്യമംഗലത്തും കൊണ്ടുപോയി പീഡിപ്പിച്ച്‌ പെണ്‍കുട്ടിയെ വല്ലാര്‍പാടത്ത്‌ ഇറക്കിവിട്ടു എന്നുമാണ്‌ ഇപ്പോള്‍ കീഴടങ്ങിയ പ്രതികളുടെ മൊഴി.

കഴിഞ്ഞ 28ന്‌ കോതമംഗലം കോഴിപ്പിള്ളി മങ്ങോട്ട്‌ ഐസോളി, മാര്‍ബിള്‍ വ്യാപാരി ജോയി, കോലഞ്ചേരി സ്വദേശി മോന്‍സി എന്നിവര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം മൂവാറ്റുപുഴയില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ ഈ സംഘം തട്ടിയെടുത്ത്‌ ദിവസങ്ങളോളം പീഡിപ്പിച്ചുവെന്നാണ്‌ ഇവര്‍ക്കെതിരായ കേസ്‌.

എന്നാല്‍ രണ്ടു ദിവസം മാത്രമാണ്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുള്ളൂവെന്നാണ്‌ അഞ്ചംഗ സംഘം പറയുന്നത്‌.
പെണ്‍കുട്ടി ആദ്യം പറഞ്ഞുവെന്ന്‌ പോലീസ്‌ വെളിപ്പെടുത്തിയ വിവരങ്ങള്‍ ഇതൊന്നുമായും യോജിക്കുന്നതല്ല. കോതമംഗലം ബസ്‌ സ്റ്റാന്റില്‍ നിന്ന്‌ സ്ത്രീ അടക്കമുള്ള സംഘം മയക്കുമരുന്ന്‌ മണപ്പിച്ച്‌ തട്ടിയെടുത്തുവെന്നും പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നും പെണ്‍കുട്ടി മൊഴിനല്‍കി എന്നായിരുന്നു പോലീസ്‌ ഭാഷ്യം.

എന്നാല്‍ പെണ്‍കുട്ടിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ഉന്നതര്‍ക്ക്‌ കാഴ്ചവയ്ക്കാന്‍ ചില വ്യക്തികള്‍ കൗശലപൂര്‍വം തിരുവനന്തപുരത്ത്‌ എത്തിക്കുകയും അവിടെവച്ച്‌ പീഡനത്തില്‍ തളര്‍ന്ന പെണ്‍കുട്ടിയെ കോതമംഗലത്തുനിന്നുള്ള പ്രത്യേക നിര്‍ദേശപ്രകാരം ചിപ്സ്‌ വ്യാപാരിയുമായി ബന്ധമുള്ള ചിലര്‍ ഏറ്റെടുക്കാന്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയും അങ്ങനെ കന്യാകുമാരി പോലീസിന്റെ കയ്യില്‍ അടപ്പെടുകയുമാണുണ്ടായത്‌. പെണ്‍കുട്ടിയെകുറിച്ച്‌ കന്യാകുമാരി പോലീസ്‌ കോതമംഗലം പോലീസിന്‌ വിവരം നല്‍കിയെങ്കിലും കോതമംഗലം പോലീസ്‌ അത്‌ ഒതുക്കുകയായിരുന്നുവെന്നാണ്‌ ലഭിച്ച വിവരം.

ഇതിനിടെ പ്രതികളെന്ന്‌ ആരോപിക്കപ്പെടുന്നവരില്‍നിന്ന്‌ അന്‍പതിനായിരം രൂപ വാങ്ങിയെടുത്ത അഭിഭാഷക സംഘമാണ്‌ ഇന്നലത്തെ നാടകീയ കീഴടങ്ങിലിന്‌ സാഹചര്യമൊരുക്കിയതെന്നും അറിയുന്നു.

മാവോയിസ്റ്റുകളെ മാത്രം കുറ്റപ്പെടുത്തുന്നത്‌ തെറ്റുകള്‍ മറയ്ക്കാന്‍

നക്സല്‍ പ്രസ്ഥാനം ഇന്ത്യയുടെ സമാധാനം കെടുത്തുന്നവിധം വ്യാപകമായിട്ടുണ്ടെന്നും അവരെ തടയാന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക പോലീസ്‌ രൂപീകരിക്കണമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ സംസ്ഥാന മുഖ്യമന്ത്രിമാരെ ഉദ്ബോധിപ്പിക്കുമ്പോള്‍ അടിസ്ഥാനപരമായ ചില സത്യങ്ങളില്‍ നിന്ന്‌ മുഖംതിരിക്കുകയും അറിയാതെ കുറെ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുകയുമാണ്‌.

നേപ്പാള്‍ മുതല്‍ ആന്ധ്രാപ്രദേശ്‌ വരെ നീളുന്ന ചുവന്ന ഇടനാഴി ഉണ്ടെന്നും നക്സലേറ്റുകള്‍ അവരുടെ പ്രവര്‍ത്തനം ഇന്ത്യയാകെ വ്യാപിപിച്ചിട്ടുണ്ടെന്നുമാണ്‌ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി, ഭീതിയോടെ ഒപ്പം ഭീഷണിയുടെ സ്വരത്തില്‍ വെളിപ്പെടുത്തിയത്‌.

കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന്‌ മാവോയിസ്റ്റ്‌ നേതാവായ മല്ലരാജറെഡ്ഢിയെ അറസ്റ്റുചെയ്തതോടെ ഇന്ത്യയുടെ തെക്കേ അറ്റത്തോളം നക്സലൈറ്റുകളുടെ സായുധവിപ്ലവാഹ്വാനത്തിന്‌ ഇടം ലഭിച്ചിട്ടുണ്ട്‌ എന്നാണ്‌ ഔദ്യോഗികഭാഷ്യം. കേരളത്തില്‍ നക്സലൈറ്റുകളുടെ പ്രവര്‍ത്തനം ശ്രദ്ധേയമാണെങ്കിലും അത്‌ സംസ്ഥാനത്തിന്‌ ഭീഷണിയല്ല എന്നാണ്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയത്‌.

ചത്തീസ്ഗഡില്‍നിന്ന്‌ മുന്നൂറോളം മാവോയിസ്റ്റുകള്‍ ജയില്‍ ഭേദിച്ച്‌ രക്ഷപ്പെട്ടതും ബീഹാര്‍, ഒറീസ, ഛത്തീസ്ഗഢ്‌, ബംഗാള്‍ എന്നിവിടങ്ങളില്‍ ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ഏറ്റുമുട്ടലുകളും പ്രധാനമന്ത്രി അടക്കമുള്ള ഭരണ നിയന്താക്കള്‍ക്ക്‌ നക്സലൈറ്റുകളെ കുറ്റപ്പെടുത്താനും പൊതു ജീവിതത്തിന്മേല്‍ ഭീതിയുടെ കരിനിഴല്‍ വീഴ്ത്താനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്‌ എന്നത്‌ നേരാണ്‌.

എന്നാല്‍ എന്തുകൊണ്ട്‌ നേപ്പാള്‍ മുതല്‍ ആന്ധ്രാ വരെ ഈ ചുവന്ന ഇടനാഴി ഉണ്ടായിയെന്നും എങ്ങനെയാണ്‌ 30 വര്‍ഷത്തിലധികം ഒളിവില്‍ കഴിഞ്ഞിരുന്ന മല്ലരാജറെഡ്ഢി കേരളത്തിലെത്തിയതെന്നും വെളിപ്പെടുത്താന്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്ക്‌ ബാധ്യതയുണ്ട്‌.

ഇന്ന്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ പോലും തിരസ്ക്കരിച്ച വര്‍ഗസമരത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ടുമാത്രമേ നക്സലൈറ്റ്‌ പ്രസ്ഥാനങ്ങളുടെ ഉല്‍ഭവത്തേയും വളര്‍ച്ചയേയും വിലയിരുത്താന്‍ കഴിയൂ. സമ്പത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രീകരണം സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്ക്കാരികപരവുമായ ഇല്ലായ്മയും വ്യതിയാനങ്ങളുമാണ്‌, അവ നിഷേധിക്കപ്പെടുന്നവരില്‍ പ്രതികരണമായും പ്രതിഷേധമായും പ്രതികാരമായും രൂപംകൊള്ളുന്നത്‌. ഇതിന്‌ രാഷ്ട്രീയ കര്‍മമണ്ഡലം ലഭിക്കുമ്പോള്‍ തീര്‍ച്ചയായും അത്‌ അധികാരിവര്‍ഗത്തിന്റെയും ചൂഷകസമൂഹത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്ക്‌ എതിരെ ഉയരുന്ന ശക്തിയാവുകയും അവര്‍ സൃഷ്ടിച്ചെടുത്ത എല്ലാവിധ ഭരണ സംവിധാനങ്ങളും സ്ഥാപനങ്ങളും തകര്‍ക്കുന്ന ക്രിയയായി തീരുകയും ചെയ്യും.

അതാണ്‌ ഏറ്റവും ലഘുവായി കണ്ടെത്താവുന്ന നക്സലൈറ്റ്‌ വ്യാപനത്തിന്റെ അടിസ്ഥാനം. ഈ നിലയ്ക്ക്‌ ചിന്തിക്കാന്‍ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളെ പാകപ്പെടുത്തിയത്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികല സാമ്പത്തിക വികസന നയങ്ങളും അവയുടെ നടത്തിപ്പുമാണ്‌.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയും ആഗോളീകരണ ശക്തികളും ആവശ്യപ്പെടുന്ന രീതിയില്‍ ഭരണക്രമവും വികസനപ്രക്രിയകളും വക്രീകരിച്ച്‌ അടിസ്ഥാന വര്‍ഗങ്ങളെ അവയുടെ പരിസരങ്ങളില്‍ നിന്ന്‌ ആട്ടിയോടിക്കുമ്പോള്‍ ഉണ്ടാകുന്ന സാമൂഹിക തിരിച്ചടിയാണ്‌ ഇത്‌. വികസനമെന്നാല്‍ വ്യാവസായിക വികസനമാണെന്നും അത്‌ രാഷ്ട്രാന്തര മൂലധന ചൂഷകരുടേയും മൂലധന സമാഹര്‍ത്താക്കളുടെയും താല്‍പ്പര്യമനുസരിച്ചായിരിക്കണമെന്നും മന്‍മോഹന്‍സിംഗ്‌ അടക്കമുള്ളവര്‍ ശഠിക്കുമ്പോള്‍ അതിന്‌ കാരാട്ട്‌ ഉള്‍പ്പെടെയുള്ള സഖാക്കള്‍ പിന്തുണ നല്‍കുമ്പോള്‍ കൃഷിയിടങ്ങളില്‍നിന്നും കിടക്കപ്പായയില്‍ നിന്നും ആട്ടിയിറക്കപ്പെടുന്ന അടിസ്ഥാനവര്‍ഗത്തിന്‌ മോചനത്തിന്റെ പ്രതീക്ഷയുമായി ഏതൊരു രാഷ്ട്രീയതത്വശാസ്ത്രമെത്തിയാലും അവരതിനെ രണ്ടുകയ്യും നീട്ടി സ്വീകരിക്കും. ആ രീതിശാസ്ത്രം നടപ്പിലാക്കാന്‍ കൈയും മെയ്യും മറന്ന്‌ അധ്വാനിക്കുകയും ചെയ്യും. കുടിവെള്ളവും യാത്രാസൗകര്യവും വൈദ്യുതിയും ചികില്‍സാ സംവിധാനങ്ങളും നിഷേധിക്കപ്പെട്ട കോടിക്കണക്കിന്‌ ജനങ്ങളാണ്‌ ഇന്ത്യയിലുള്ളത്‌. ഉടുതുണിക്ക്‌ മറുതുണിയില്ലാത്തതുമൂലം ഋതുകാലത്ത്‌ കുഴച്ച മണ്ണും ചാരവും സാനിറ്ററി നാപ്കിന്‍ ആക്കി മാറ്റാന്‍ വിധിക്കപ്പെട്ടിട്ടുള്ള 35 ലക്ഷത്തോളം സ്ത്രീകളുള്ള ഇന്ത്യയില്‍, മന്‍മോഹന്‍സിംഗ്‌ അടക്കമുള്ള ഭരണ ദുരന്തരന്മാരുടെ വികല ഭരണതന്ത്രങ്ങള്‍ക്കും വികസന അജണ്ടകള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നത്‌ തീര്‍ച്ചയാണ്‌. ജനകീയമായ ഈ വിപ്ലവബോധത്തെ മാവോയിസ്റ്റുകള്‍ ഹൈജാക്ക്‌ ചെയ്തെങ്കില്‍ അതിനുത്തരവാദികള്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളാണ്‌. അവര്‍ നയങ്ങളിലും നിലപാടുകളിലും ജനപക്ഷ വ്യതിയാനങ്ങള്‍ വരുത്തിയില്ലെങ്കില്‍ ഈ പ്രതിഷേധം രാജ്യമെങ്ങും അലയടിക്കും. അത്‌ അധികാരത്തിന്റെ ദുര്‍ഗങ്ങളെ തരിപ്പണമാക്കുകയും ചെയ്യും.

അതുകൊണ്ട്‌ കടല്‍ത്തിരകളെയല്ല ഭയപ്പെടേണ്ടത്‌, സ്വന്തം യാനപാത്രത്തിലെ ദ്വാരങ്ങള്‍ അടക്കുകയാണ്‌ അനിവാര്യം.

കഥയെഴുതി കാശുണ്ടാക്കൂ... മെക്കിട്ടു കേറരുത്‌

നല്ല തിരക്കഥകളില്ലാത്തതാണ്‌ മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയെന്ന്‌ മെഗാതാരം മമ്മൂട്ടി മുതല്‍ ലൈറ്റ്‌ ബോയ്‌ കൃഷ്ണന്‍കുട്ടി വരെയുള്ളവര്‍ ഏകസ്വരത്തില്‍ പറയുന്നു.

എന്നാല്‍ കേരളത്തില്‍ തിരക്കഥകള്‍ക്ക്‌ യാതൊരു പഞ്ഞവുമില്ലെന്നതാണ്‌ വാസ്തവം.

കഥ കിടക്കുന്നിടത്തേക്ക്‌ സിനിമക്കാര്‍ നോക്കുന്നില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം.

കോതമംഗലം സ്റ്റേഷനിലേക്കൊന്നു നോക്കുക. അവിടെ കാക്കിയണിഞ്ഞ്‌ നടക്കുന്നു ഒട്ടനവധി തിരക്കഥാകൃത്തുക്കള്‍. കാക്കി കഥാകൃത്തുക്കളുടെ തിരക്കഥകള്‍ക്ക്‌ പണിക്കുറവു തീര്‍ക്കാന്‍ മിടുക്കന്‍ ഒരു പത്രക്കാരനും കൂട്ടിനുണ്ട്‌.

കഞ്ചാവു മാഫിയ, മണല്‍ വാരല്‍ മാഫിയ, ലാന്റ്‌ മാഫിയ, കള്ളത്തടിവെട്ട്‌ മാഫിയ തുടങ്ങി അത്യാവശ്യം വേണ്ട ചേരുവകളൊക്കെ കോതമംഗലം കാക്കി കഥാകൃത്തുക്കള്‍ക്ക്‌ കഥാതന്തുക്കളാവുന്നു. ഈ അസംസ്കൃത വസ്തുക്കളില്‍, ഏതെങ്കിലും ഒരച്ചായന്റെയോ രാഷ്ട്രീയക്കാരന്റെയോ കുടുംബകഥ കൂട്ടിച്ചേര്‍ത്താല്‍ മുന്നൂറു ദിവസം നിര്‍ത്താതെ ഓടാന്‍ പറ്റിയ അടിപൊളി സിനിമാക്കഥയാവും!

ഹോം നഴ്സിംഗ്‌ പഠിക്കാന്‍ പോയ ഒരു നായിക, നായികയുടെയൊരു കൂട്ടുകാരി, ഒരു പഞ്ചായത്തംഗം, പിന്നെ അഞ്ചാറു പെണ്‍വാണിഭക്കാര്‍ എന്നിവരെ ചുറ്റിപ്പറ്റി ഒരുഗ്രന്‍ തിരക്കഥയാണിപ്പോള്‍ പടച്ചു വിട്ടിരിക്കുന്നത്‌.

ഈ കഥ ലാല്‍ ജോസിന്റെ കയ്യിലെങ്ങാനും കിട്ടിയാല്‍ അച്ഛന്‍ മാത്രമല്ല അമ്മയും ആങ്ങളപെങ്ങന്മാരും അയല്‍വക്കക്കാരും വരെ ഉറങ്ങാത്ത വീടുകളുടെ ചലച്ചിത്ര ഭാഷ്യം തകര്‍ത്തോടിയേനെ!

നായികയെ ആദ്യമൊരു കൂട്ടര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നു, തിരിച്ചു കൊണ്ടാക്കുന്നു. കൊണ്ടാക്കിയിടത്തു നിന്നും വേറൊരു കൂട്ടര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നു, വല്ലാര്‍പാടത്തമ്മയുടെ സന്നിധാനത്തില്‍ ഉപേക്ഷിക്കുന്നു. 'രക്ഷക' അവതരിക്കുന്നു, അവശനിലയിലായ പെണ്‍കുട്ടിയെ പോലീസിന്റടുത്ത്‌ കൊണ്ടാക്കുന്നു. പശ്ചാത്തലത്തില്‍ ശോകാര്‍ദ്ര കരുണാര്‍ദ്ര ഭക്തിഗാനം!

ആധുനിക ഡീവീഡീ സിനിമകള്‍ പോലെ അസ്വാദകരുടെ ആഗ്രഹമനുസരിച്ച്‌ കഥാഗതിയില്‍ മാറ്റം വരുത്താവുന്ന വിധം രംഗങ്ങളും ഉപകഥകളും അനുബന്ധമായി പടച്ചു വിട്ടുകൊണ്ടിരിക്കെയാണ്‌ തിരക്കഥയിലെ നുണക്കഥ പുറത്താക്കിയ 'വാസ്തവം' പ്രതിനിധി വില്ലനായത്‌!

സിനിമയിലെ വില്ലനെ അടിച്ചൊതുക്കാന്‍ പറ്റും. സംവിധായകന്‍ പറയുമ്പോള്‍ ഒക്കെ അടികൊള്ളലാണല്ലൊ ആ പാവങ്ങളുടെ പണി!

ഇവിടതു പറ്റില്ലെന്ന്‌ അറിഞ്ഞിട്ടും നിര്‍മ്മാതാക്കളും സംവിധായകരും കാക്കിതിരക്കഥാകൃത്തുക്കളും സഹനടീനടന്മാരും പറ്റാവുന്ന നമ്പരുകള്‍ ' വാസ്തവ'ത്തിന്റെ നേര്‍ക്കെടുക്കുന്നു!

പറയുമ്പോള്‍ എല്ലാം പറയണമല്ലോ, സിനിമക്കാര്‍ക്കു തിരക്കഥ കൊടുത്താല്‍ മിക്കവാറും കാശു കിട്ടില്ലെന്നു മാത്രമല്ല പേരു പോലും പുറത്തു കേള്‍ക്കില്ല.

സ്റ്റേഷന്‍ തിരക്കഥകള്‍ക്ക്‌ കാശൊരുപാട്‌ കിട്ടും. കണ്ടമാനം കാശു കിട്ടിയവന്‍ കൊടുത്തവരോടു കൂറൂ കാട്ടുന്നതില്‍ തെറ്റില്ല.

പക്ഷെ മെക്കിട്ടു കേറാന്‍ വരരുത്‌...

മംഗളം.
ശുഭം!

Thursday, December 20, 2007

പെരിയാര്‍ പിങ്ക്‌ പര്‍പിള്‍ സെലിബ്രേഷന്‍!

പെരിയാര്‍ - പര്‍വതനിരയുടെ പനിനീരാകുന്നു. സംശയമുള്ളവര്‍ സത്യന്‍മാഷിനോടോ, വയലാര്‍ രാമവര്‍മയോടൊ സൗകര്യം കിട്ടുമ്പോള്‍ തിരക്കിയാല്‍ മതി!

പെരിയാറില്‍ കുളിച്ചാല്‍ പനിയും ചുമയും ചൊറിച്ചിലും ഉണ്ടാകുന്നതുകൊണ്ടാണ്‌ പെരിയാറിനെ പനിനീരേ.... എന്ന്‌ കവി പുകഴ്ത്തിയതെന്നാണ്‍്‌ ഏലൂര്‍ ഗ്രാമത്തിലെ സാധാരണക്കാരുടെ വിശ്വാസം.

കുറച്ചുകാലമായി ഇടയ്ക്കിടെ പെരിയാറിന്‌ ചില രാഷ്ട്രീയ നേതാക്കളുടെ സ്വഭാവമാണ്‌. തോന്നുമ്പോള്‍ തോന്നുമ്പോള്‍ നിറം മാറും! നിറമൊന്നു മാറിയാല്‍ ഉടന്‍ ഗവേഷകര്‍ എത്തുകയായി. ജലക്ഷാമം രൂക്ഷമായ നാട്ടില്‍ ഏകാശ്രയമായ പെരിയാറില്‍ നിന്നും കുപ്പിക്കണക്കിനു വെള്ളം ഗവേഷകര്‍ കടത്തിക്കൊണ്ടുപോകും.

നിറം മാറിയ പെരിയാര്‍ വെള്ളത്തെ അവര്‍ ഗവേഷണ വിധേയമാക്കും. അങ്ങനെ നിമിഷങ്ങള്‍ മണിക്കൂറുകളായും മണിക്കൂറുകള്‍ ദിവസങ്ങളായും നേരം കടന്നുപോകും. ഗവേഷണം തകൃതിയായി തുടരും. അപ്പോഴേക്കും പെരിയാറിന്റെ നിറം പഴയതുപോലാകും. ഗവേഷണം അവിടെ നില്‍ക്കും. യാതൊരു മുന്നറിയിപ്പുമില്ലാതെ പിന്നെയും പെരിയാര്‍ നിറം മാറും.

മുന്തിയ തുണിക്കടക്കാരുടെ പുതിയ കച്ചവടതന്ത്രംപോലെ പിങ്ക്‌-പര്‍പ്പിള്‍, ഓറഞ്ച്‌-യെല്ലോ, ചുവത്തപ്പച്ച അങ്ങനെയങ്ങനെ ഓരോ തരത്തിലാണ്‌ പെരിയാറിന്റെ സെലിബ്രേഷന്‍!

ഗവേഷകര്‍ വീണ്ടും സംഭവസ്ഥലത്തെത്തും. കുപ്പിക്കണക്കിനു വെള്ളമെടുക്കും. അതിന്മേല്‍ ഗവേഷണം തുടങ്ങും.

നാളിതുവരെ ഗവേഷണം ചെയ്തിട്ടും യാതൊരു പിടിയും കിട്ടാതെ പെരിയാറിന്റെ നിറം മാറ്റം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇതിലും ഭേദം കാക്കക്കാഷ്ഠം താഴേക്കു വീണുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച്‌ ഗവേഷണം നടത്തുന്നതാണെന്ന നിലപാടിലാണിപ്പോള്‍ ശ്രീ ഗവേഷ്‌ കുമാര്‍!

മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ എന്നു പറയുന്നൊരു സംഗതിയുണ്ട്‌. കാര്യങ്ങള്‍ക്കുമേല്‍ യാതൊരു നിയന്ത്രണവുമില്ലാതെ മന്ത്രിമാര്‍ക്കുകീഴിലുള്ള ഈ ബോര്‍ഡ്‌ - ഇവിടെ മൂത്രമൊഴിക്കരുത്‌ - എന്ന ബോര്‍ഡുപോലെ തന്നെ. നോ പ്രയോജനം!

ഒടുവില്‍ പെരിയാര്‍ തീരത്ത്‌ തിങ്ങിപ്പാര്‍ക്കുന്ന ഓന്തുകളുടെ സ്വാധീനമാണ്‌ പെരിയാര്‍ നിറം മാറ്റത്തിനു കാരണമെന്ന്‌ ഗവേഷണം നടത്തി കണ്ടെത്തിക്കളയുമോ നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ എന്ന പേടിയിലാണിപ്പോള്‍ ജനം.

ടൊര്‍ണാഡോ കാറ്റ്‌ അടിച്ച്‌ പെരുമണില്‍ ട്രെയിന്‍ പാളം തെറ്റി പുഴയില്‍ വീണ പോലെ വെറും ഓന്തു വിചാരിച്ചാലും പലതും നടക്കും!

ക്രിസ്മസ്‌-നവവല്‍സരാഘോഷം: വന്‍ ഭക്ഷ്യവിഷബാധക്ക്‌ സാധ്യത

ഹിമജ
കൊച്ചി: കിസ്മസ്‌, പുതുവത്സര ആഘോഷങ്ങള്‍ അടുത്തതോടെ രോഗം ബാധിച്ച മാടുകളെയും ഇറച്ചിക്കോഴികളെയും കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക്‌ എത്തിക്കുന്ന മാഫിയയും സജീവമായി. നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഈ അറവു മാടുകളെയും ഇറച്ചിക്കോഴികളെയും കൊണ്ടു വരുന്നത്‌ മൃഗസംരക്ഷണ വകുപ്പ്‌ ഉദ്ദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്‌.

വ്യാഴാഴ്ചകളില്‍ നടക്കുന്ന കൊടികുത്തി ചന്തവഴിയാണ്‌ മാടുകളെ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്നത്‌.അതിര്‍ത്തിയിലെത്തുന്ന അറവുമാടുകളെ പരിശോധിച്ച ശേഷം രോഗമില്ലെന്നും ഇറച്ചി ഉപയോഗിക്കാന്‍ പറ്റുന്നതാണെന്നും മൃഗസംരക്ഷണവകുപ്പ്‌ ഉറപ്പാക്കേണ്ടതാണ്‌. എന്നാല്‍ അതിര്‍ത്തിയായ കുമളിയില്‍ പോലും ഈ നടപടികളൊന്നും അധികൃതര്‍ പാലിക്കുന്നില്ല.

രോഗം വന്ന മാടുകളെയും ഇത്തരത്തില്‍ വിറ്റഴിക്കുന്നതായി മുന്‍പേ പരാതിയുണ്ട്‌. തമിഴ്‌നാട്ടില്‍ നിന്നുള്ള യാത്രയ്ക്കിടെ വഴിയില്‍ ചത്തുവീഴുന്ന മാടുകളുടെ മാംസവും കശാപ്പുശാലകള്‍ വഴി വിറ്റഴിക്കുന്നുണ്ട്‌ .മാടുകളെ തമിഴ്‌നാട്ടില്‍ നിന്നു കൊണ്ടു വരുന്നതും യാതൊരു നിയമങ്ങളും പാലിക്കാതെയാണ്‌. തിരക്കേറിയ റോഡിലൂടെ മാടുകളെ നടത്തിക്കൊണ്ടുവരുന്നത്‌ നിരോധിച്ചതാണെങ്കിലും ഇപ്പോഴും ഇത്തരത്തില്‍ മാടുകളെ കൊണ്ടുവരുന്നുണ്ട്‌ .പോലീസ്‌, മൃഗസംരക്ഷണവകുപ്പ്‌ അധികൃതര്‍ ഇതു കണ്ടില്ലെന്നു നടിക്കുകയാണ്‌. ഏതാനും മാസം മുമ്പ്‌ ഇത്തരത്തില്‍ നടത്തിക്കൊണ്ടുവന്ന മാടുകളില്‍ ഇടിച്ച്‌ മുണ്ടക്കയത്തിനു സമീപം പോലീസ്‌ ജീപ്പ്പ്പ്പ്‌ മറിഞ്ഞിരുന്നു.

2002 ല്‍ പാസാക്കിയ മൃഗസംരക്ഷണ വകുപ്പ്‌ നിയമപ്രകാരം ടാറിട്ട റോഡിലൂടെ മൃഗങ്ങളെ നടത്തിക്കൊണ്ടു പോകാന്‍ പാടില്ല. അഞ്ചു കിലോമീറ്റലധികം വാഹനത്തില്‍ കൊണ്ടു പോകണമെങ്കില്‍ മൃഗ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്‌ വേണം.എന്നാല്‍, ഇതൊന്നും നടപ്പിലാകാത്ത നിയമങ്ങളായി അവശേഷിക്കുന്നു. ചെലവിലുണ്ടാകുന്ന കുറവ്‌ മാടുകളെ നടത്തിക്കൊണ്ടു വരാന്‍ കച്ചവടക്കാരെ പ്രേരിപ്പിക്കുന്നു. ഒരു ലോറിയില്‍ ആറു മാടുകളെ വരെയേ കൊണ്ടുപോകാവൂ എന്നാണ്‌ നിയമം . എന്നാല്‍, ഒരു ലോറിയില്‍ 20 മാടുകളെ വരെ കുത്തിനിറച്ച്‌ കൊണ്ടുപോകുന്നത്‌ നിത്യസംഭവമാണ്‌.

ഇത്തരത്തില്‍ കൊണ്ടുപോകുന്ന മാടുകള്‍ പലതും യാത്ര അവസാനിക്കുന്നതിനു മുമ്പായി ചത്തുവീഴും. മാത്രമല്ല, മാടുകളെ കഠിനമായി ഉപദ്രവിക്കുന്നുമുണ്ട്‌. ഉത്സവ കാലയളവുകളില്‍ കമ്പം, തേനി ചെക്കുപോസ്റ്റുകള്‍ വഴി ഇത്തരത്തില്‍ വന്‍തോതില്‍ അനധികൃതമായി മാടുകളെ കടത്തുമ്പോഴും ഇതൊന്നുമറിഞ്ഞില്ലെന്ന മട്ടിലാണ്‌ മൃഗസംരക്ഷണവകുപ്പും പോലീസും.

ഇറച്ചിക്കോഴികളെയും ഇത്തരത്തില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക്‌ കൊണ്ടു വരുന്നുണ്ട്‌. നാമക്കല്‍ പ്രദേശത്തു നിന്നാണ്‌ കൂടുതലായും കോഴികളെ കൊണ്ടുവരുന്നത്‌.

അവിടെയുള്ള ഫാമുകളില്‍ രോഗം വന്ന്‌ ചാകാറായ കോഴികളെയും കേരളത്തിലെത്തിച്ച്‌ വില്‍പ്പന നടത്തുന്നു. ഇറച്ചിക്കോഴികളെ പരിശോധിക്കാനും അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ ആരും തയാറാകാറില്ല. പരാതി വ്യാപകമാകുമ്പോള്‍ പേരിനുമാത്രം ഒരു ലോഡ്‌ പരിശോധിച്ച്‌ അധികൃതര്‍ കൈകഴുകുകയാണ്‌ പതിവ്‌. ക്രിസ്മസ്‌-നവവല്‍സരാഘോഷങ്ങള്‍ ഭക്ഷ്യവിഷബാധയാല്‍ കലുഷിതമാകുമെന്നാണ്‌ ഇപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌.

അഴിമതിേ‍േ‍യേ... ശരണമെന്റയ്യപ്പാാ‍ാ‍ാ‍....

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ എന്ന സ്ഥാപനവും അതിന്റെ സാരഥികളും കലിയുഗവരദനേയും കലികാലദോഷം നീക്കാന്‍ കഠിനവ്രതമെടുത്ത്‌ മലചവിട്ടുന്നവരേയും ഒരുപോലെ, വെള്ളം തൊടാതെ വഞ്ചിക്കുന്ന സ്ഥാപനമാണെന്നത്‌ ആരോപണമല്ല, യാഥാര്‍ത്ഥ്യമാണെന്ന്‌ ജസ്റ്റിസ്‌ പരിപൂര്‍ണന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

അമ്പലം വിഴുങ്ങികളെന്ന മലയാളത്തിലെ ശൈലി അതിന്റെ എല്ലാ ബീഭല്‍സതയോടും നടമാടുകയായിരുന്നു പതിനെട്ടാംപടിക്കുമുകളിലും പൂങ്കാവനത്തിലും മാളികപ്പുറത്തിന്റെ സന്നിധിയിലും എന്ന്‌, അതിന്റെ എല്ലാ വിശദാംശങ്ങളോടും പരിപൂര്‍ണന്‍ കമ്മീഷന്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നു.

ജി. രാമന്‍നായര്‍ പ്രസിഡന്റും എം.ബി. ശ്രീകുമാര്‍, പുനലൂര്‍ മധു എന്നിവര്‍ അംഗങ്ങളുമായ കഴിഞ്ഞ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയപ്പോള്‍തന്നെ തലപെരുപ്പിക്കുന്ന അഴിമതിയുടെയും ക്രമക്കേടിന്റേയും വഞ്ചനയുടേയും കഥകളാണ്‌ ജസ്റ്റിസ്‌ കെ.എസ്‌. പരിപൂര്‍ണന്‍ അധ്യക്ഷനും ജസ്റ്റിസ്‌ ബി.എം. തുളസീദാസ്‌, സിബിഐ മുന്‍ ഡയറക്ടര്‍ ഡി.ആര്‍. കാര്‍ത്തികേയന്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ കണ്ടെത്തിയത്‌.

ബോര്‍ഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സംശയത്തിന്റെ പുകമറയാണെന്നും ഒരു കാര്യത്തിനും അച്ചടക്കമില്ലെന്നുമാണ്‌ കമ്മീഷന്റെ കണ്ടെത്തല്‍.

ബോര്‍ഡിലെ നിയമനങ്ങള്‍, സ്ഥലം മാറ്റം, ശാന്തിനിയമനം, ഫണ്ട്‌ വകമാറ്റി ചെലവഴിക്കല്‍, ശബരിമലയിലെ വിവാദമായ ദേവപ്രശ്നം, ശര്‍ക്കര കരാര്‍, തേങ്ങാലേലം, മെസ്‌ തടത്തിപ്പ്‌, പമ്പാ-ചാലക്കയം റോഡ്‌ നിര്‍മാണം, നിലയ്ക്കലിലെ റബര്‍മരം മുറിച്ചുവില്‍ക്കല്‍, മരാമത്ത്‌ പണികളിലെ എസ്റ്റിമേറ്റ്‌ തുക വര്‍ധിപ്പിച്ചു നല്‍കല്‍, ബോര്‍ഡ്‌ അംഗങ്ങള്‍ക്ക്‌ ആഡംബര കാറും വീടും മറ്റു സൗകര്യങ്ങളും അനുവദിക്കല്‍, സ്കൂള്‍-കോളേജ്‌ നടത്തിപ്പ്‌ തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ട സര്‍വ വിഷയങ്ങളിലും ക്രമക്കേട്‌ നടന്നതായാണ്‌ കമ്മീഷന്റെ കണ്ടെത്തല്‍. ബോര്‍ഡ്‌ അംഗങ്ങളെപ്പോലെതന്നെ ഉത്തരവാദിത്തങ്ങളില്‍ ഗുരുതരമായ വീഴ്ചവരുത്താനും ക്രമക്കേട്‌ നടത്താനും ബോര്‍ഡിലെ ഉദ്യോഗസ്ഥരും മത്സരിക്കുകയായിരുന്നുവെന്ന്‌ കമ്മീഷന്‌ ലഭിച്ച തെളിവുകളില്‍നിന്ന്‌ വ്യക്തമായിട്ടുണ്ട്‌.

ലൈംഗിക അപവാദക്കേസില്‍ കുടുങ്ങിയ തന്ത്രി കണ്ഠരര്‌ മോഹനരര്‍ക്ക്‌ വേദങ്ങളിലോ സംസ്കൃതത്തിലോ അടിസ്ഥാന ജ്ഞാനം പോലുമില്ലെന്നും അതിശയത്തോടെയാണ്‌ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഈശ്വരവിശ്വാസികളുമായി നേരിട്ട്‌ ബന്ധപ്പെടുന്ന ശബരിമല വിഷയങ്ങളില്‍ രാഷ്ട്രീയക്കാരുടെ അവിഹിത ഇടപെടല്‍ സൃഷ്ടിക്കുന്ന, അപരിഹാര്യമായ സംഘര്‍ഷങ്ങളും കമ്മീഷന്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്‌.
രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനം മാത്രം വിലയിരുത്തിയപ്പോഴാണ്‌ ഞെട്ടിക്കുന്ന ഈ സത്യങ്ങള്‍ പുറത്തുവന്നത്‌. അപ്പോള്‍ ദേവസ്വം ബോര്‍ഡ്‌ രൂപീകരണകാലം മുതലുള്ള പ്രവര്‍ത്തനം വിലയിരുത്തിയാല്‍ എന്തായിരിക്കും അവസ്ഥയെന്ന്‌ അയ്യപ്പനുപോലും ഊഹിക്കാന്‍ കഴിയുകയില്ല എന്നത്‌ തീര്‍ച്ച.

ദൈവത്തിന്റെ പേരില്‍ എന്തു തോന്ന്യാസവും കാണിക്കാമെന്ന ധാരണ കേരളത്തിലെ എല്ലാ സമുദായങ്ങളിലും പ്രബലമാണ്‌. നിത്യജീവിത സംഘര്‍ഷങ്ങളില്‍പെട്ടുഴലുന്നവര്‍ അല്‍പം ആശ്വാസത്തിനായി ഈശ്വരസാന്നിധ്യം തേടിയെത്തുമ്പോള്‍ അവരെ ആത്മീയമായും ഭൗതികമായും ചൂഷണം ചെയ്ത്‌ കൊഴുത്തുവീര്‍ക്കുന്ന അകിടിന്‍ ചുവട്ടിലെ കൊതുകുകള്‍ കേരളത്തില്‍ നിരവധിയുണ്ട്‌. അതില്‍ മൂന്ന്‌ കൊതുകുകളാണ്‌ രാമന്‍നായരും എം.ബി. ശ്രീകുമാറും പുനലൂര്‍ മധുവും.

അരവണ-അപ്പം നിര്‍മാണത്തിലും അതിന്റെ കരാര്‍ നല്‍കുന്ന കാര്യത്തിലും വര്‍ഷങ്ങളായി സന്നിധാനത്തില്‍ നടക്കുന്ന കള്ളക്കളികള്‍ ഇതിലും ഞെട്ടിപ്പിക്കുന്നവയാണ്‌. കാണിക്കയായി ഭക്തന്മാര്‍ നല്‍കുന്ന പണം വെട്ടിക്കുന്നതിലുള്ള കൗശലവും ഭീകരമാണ്‌. ഇങ്ങനെ അയ്യപ്പനെ വനത്തിനുള്ളില്‍ അനങ്ങാനാവാതെ ബന്ധനസ്ഥനാക്കി വര്‍ഷങ്ങളായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ സാരഥികള്‍ നടത്തിയിരുന്ന വെട്ടിപ്പുകള്‍ക്ക്‌ കുടപിടിക്കുകയായിരുന്നു കേരളം ഭരിച്ചിരുന്ന ഇരുമുന്നണികളും.

ഇവരുടെ ദൂഷിതവൃത്തത്തില്‍നിന്ന്‌ അയ്യപ്പനോ അയ്യപ്പഭക്തന്മാര്‍ക്കോ ഈ ജന്മത്തില്‍ എന്നല്ല, അടുത്ത ജന്മങ്ങളിലൊന്നും മോചനം ലഭിക്കുകയില്ലെന്ന്‌ വേദനയോടെ പറയട്ടെ.

രാമന്‍നായരേയും സംഘത്തേയും നാണിപ്പിക്കുന്ന രീതിയിലാണ്‌ സി.കെ. ഗുപ്തനും സംഘവും കഴിഞ്ഞ പത്തുമാസത്തെ പ്രവര്‍ത്തനം കൊണ്ട്‌ തങ്ങളുടെ മികവ്‌ തെളിയിച്ചത്‌. അതറിഞ്ഞിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വം മന്ത്രിക്കോ മന്ത്രിസഭയ്ക്കോ നട്ടെല്ലുണ്ടായിട്ടില്ല. അത്രയ്ക്കാണ്‌ ശബരിമലയുമായി ബന്ധപ്പെട്ട അഴിമതി നടത്തുന്നവരുടെ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനങ്ങള്‍.

ജസ്റ്റിസ്‌ പരിപൂര്‍ണന്‍ കമ്മീഷന്‍ എല്ലാ അര്‍ത്ഥത്തിലും കുറ്റപ്പെടുത്തലുകളുടെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടുള്ള രാമന്‍നായരേയും കൂട്ടരേയും ന്യായീകരിക്കാനാണ്‌ പക്ഷേ ജി. സുധാകരന്‌ താല്‍പ്പര്യം. ഇത്തവണത്തെ അരവണ നിര്‍മാണ കരാര്‍ നല്‍കുന്നതില്‍ ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും ആഗ്രഹിച്ചരീതിയില്‍ അംഗങ്ങളായ പി. നാരായണനും സുമതിക്കുട്ടി അമ്മയും പ്രവര്‍ത്തിക്കാതിരുന്നതാണ്‌ സുധാകരനെ ചൊടിപ്പിച്ചത്‌. അതവിടെനില്‍ക്കട്ടെ.

ജസ്റ്റിസ്‌ പരിപൂര്‍ണന്‍ കമ്മീഷന്റെ ശിപാര്‍ശകള്‍ നടപ്പിലാക്കാനും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാമന്‍നായരടക്കമുള്ള അമ്പലം വിഴുങ്ങികള്‍ക്കെതിരെ കര്‍ശനവും മാതൃകാപരവുമായ ശിക്ഷണ നടപടികള്‍ എടുക്കാനും സുധാകരനും അച്യുതാനന്ദനും നട്ടെല്ലുണ്ടോയെന്നാണ്‌ അയ്യപ്പനും അയ്യപ്പഭക്തന്മാരും ചോദിക്കുന്നത്‌.
അതിന്‌ ആര്‌ മറുപടി പറയും.

അയ്യപ്പന്റേയും അയ്യപ്പഭക്തന്മാരുടേയും ഗതികേട്‌ നോക്കണേ!

അഴിമതിേ‍േ‍േ‍േ‍േ‍യേ...........
ശരണമെന്റയ്യപ്പാാ‍ാ‍ാ‍ാ‍ാ‍ാ‍....

Wednesday, December 19, 2007

യുവാക്കളേ അതിലേ ഇതിലേ.... ഏതിലേ?

ഏക ഭാര്യാവ്രതമെന്നൊക്കെ പറയുന്നത്‌ ഒരു പഴഞ്ചന്‍ സങ്കല്‍പ്പമാണ്‌. ആണുങ്ങളായാല്‍ ചെളി കണ്ടാല്‍ ചവിട്ടും, വെള്ളം കണ്ടാല്‍ കഴുകും എന്നായിരുന്നു പണ്ടത്തെ വേലിചാട്ടക്കാരുടെയൊക്കെ ഞായം!

വന്നുവന്ന്‌ അടിപൊളി ചുരിദാറിനും ഫൈവ്സ്റ്റാര്‍ ഫുഡിനും വേണ്ടി ചെളിയില്‍ ചവിട്ടാനും വെള്ളത്തില്‍ കഴുകി വെടിപ്പാകാനും പെണ്ണുങ്ങളും തയ്യാറായിരിക്കുന്നു.

വേശ്യാവൃത്തിയെന്നത്‌ ഒരു ഹീനകൃത്യമല്ലാതാകുന്നത്‌ അരിമേടിക്കാനുള്ള ഒരു വഴിയായി അത്‌ മാറുമ്പോഴാണ്‌.

ഇതതല്ല കാര്യം. മെട്രോ നഗരത്തിന്റെ ആര്‍ഭാടങ്ങളില്‍ അഭിരമിക്കാനുള്ള ആക്രാന്തമാണ്‌ ഈ ചെളി ചവിട്ടാനുള്ള ഹേതു.

കഴിഞ്ഞദിവസം ഒരു സിനിമാനടിയുള്‍പ്പെടെ കളമശേരി പോലീസ്‌ പിടികൂടിയ പെണ്ണുങ്ങളെ നോക്കുക. ഇരുപത്തി അയ്യായിരം മുതലായിരുന്നത്രേ അവരുടെ റേറ്റ്‌!

കൊച്ചിയിലെ ചില വമ്പന്‍ കച്ചവടക്കാര്‍ മുതല്‍ പ്രതിമാസം ഇരുപത്തയ്യായിരവും മുകളിലും കിട്ടുന്ന ഉദ്യോഗസ്ഥര്‍ വരെ ചേച്ചിമാരുടെ 'സഹപ്രവര്‍ത്തക'രായിരുന്നത്രേ!

എല്ലിനിടയില്‍ വറ്റുകയറിയാല്‍ ഒരു ലക്ഷവും അതിലപ്പുറവും മുടക്കിപ്പോകും മനുഷ്യര്‍!

യുവാക്കള്‍ (യുവതികളും) വഴിതെറ്റുന്നുവെന്ന്‌ പരിതപിക്കാന്‍ വരെട്ടെ.
യുവജനം ആരെ കണ്ടാണ്‌ പഠിക്കേണ്ടത്‌? അപ്പാപ്പന്റെ പ്രായമുള്ള ആണുങ്ങളാണ്‌ കൊച്ചു പിള്ളേരെ കാണുമ്പോള്‍ ഹാലിളകുന്നവരിലേറെയും.

ഒരു രാജ്യത്തെ കീഴ്പ്പെടുത്താന്‍ അവിടത്തെ സംസ്കാരം തകര്‍ത്താല്‍ മതിയെന്ന്‌ സാമ്രാജ്യത്വത്തിനറിയാം.
അതുകൊണ്ടാണ്‌ ഭരണക്കാരുടെ കൂട്ടുപിടിച്ച്‌ ടൂറിസം, ടൂറിസം എന്ന്‌ വിളിച്ചു കൂവുന്നത്‌. ചാനലുകളായ ചാനലുകളിലൊക്കെ ഒരു തരം നയനഭോഗത്തിനു പറ്റിയ റിയാലിറ്റി 'തുള്ളിക്കളി'കള്‍ നടക്കുന്നത്‌. സിനിമകളിലൊക്കെ രണ്ടും മൂന്നും വസ്ത്രങ്ങള്‍ മീതെയ്ക്കുമീതെ ധരിച്ച നായകര്‍ക്കൊപ്പം നായികമാര്‍ തുണിരഹിതരായി അഴിഞ്ഞാടുന്നത്‌!

ആര്‍ഷഭാരത പാരമ്പര്യം മണ്ണാങ്കട്ട.

ഒരുപാട്‌ നേട്ടങ്ങളുടെ കൂട്ടത്തില്‍ ഇരിക്കട്ടെ ലൈംഗികസ്വാതന്ത്ര്യവും!

സ്വപ്നം കാണാന്‍ പഠിപ്പിച്ച്‌ പഠിപ്പിച്ച്‌ ചെറുപ്പക്കാര്‍ മുഴുവനും മുഴുപ്പുള്ള സിനിമാനടിമാരെയും എയര്‍ഹോസ്റ്റസുമാരെയും സ്വപ്നം കണ്ടാണ്‌ നടക്കുന്നത്‌.

പുതുതലമുറയോട്‌ നിലത്തുനോക്കി നടക്കാന്‍, ഇടക്ക്‌ പിന്തിരിഞ്ഞ്‌ നോക്കി ജീവിക്കാന്‍ ആരുപദേശിക്കും- ആരു വഴികാട്ടും?

മാധവന്‍ നായരും സേവി മാനോ മാത്യുവും പിന്നെ ചില ടൂറിസം സ്വപ്നങ്ങളും

ബഹിരാകാശ ഗവേഷണരംഗത്ത്‌ അമേരിക്കയെപോലും അമ്പരിപ്പിക്കുന്ന നേട്ടങ്ങള്‍ കൊയ്ത ഇന്ത്യന്‍ സ്പെയ്സ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷനും (ഐഎസ്‌ആര്‍ഒ) അതിന്റെ പരിണതപ്രജ്ഞനായ സാരഥി മാധവന്‍ നായരും ഇന്ന്‌ കെട്ടുനാറുന്ന വിവാദക്കുഴിയിലേക്ക്‌ തലകുത്തി വീണിരിക്കുകയാണ്‌. തിരുവനന്തപുരം ജില്ലയില്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം തുടങ്ങാനുള്ള നീക്കമാണ്‌, മുന്‍പ്‌ തുമ്പയില്‍ നിന്ന്‌ വിക്ഷേപിച്ചിരുന്ന റോക്കറ്റുകള്‍ കടലില്‍ മൂക്കുകുത്തി വീണപോലെ ഇപ്പോള്‍ വിവാദങ്ങളിലേക്ക്‌ തലകുത്തി പതിച്ചിരിക്കുന്നത്‌.

ഏഷ്യയില്‍തന്നെ ആദ്യത്തേതും ലോകത്തെ മൂന്നാമത്തേതുമായ ബഹിരാകാശ ഗവേഷണ സ്ഥാപനം കേരളത്തില്‍ വരുന്നത്‌ എന്തുകൊണ്ടും സംസ്ഥാനത്തിനും ജനങ്ങള്‍ക്കും അഭിമാനിക്കാന്‍ വകനല്‍കുന്ന നേട്ടമാണ്‌. എന്നാല്‍ ബഹിരാകാശ വ്യാപാരങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മിടുക്ക്‌ മാധവന്‍ നായര്‍ അടക്കമുള്ള ചില ശാസ്ത്രജ്ഞന്മാര്‍ ഭൂമി ഇടപാടിലും കാണിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ആകെ നാറിയത്‌.

ബഹിരാകാശ ഗവേഷണ സ്ഥാപനം ആരംഭിക്കാന്‍ തിരുവനന്തപുരത്ത്‌ നൂറേക്കര്‍ സ്ഥലം വേണമെന്നായിരുന്നു ഐഎസ്‌ആര്‍ഒയുടെ ആവശ്യം. ഇതിനായി അവര്‍ ആവശ്യപ്പെട്ട അത്രയും സ്ഥലം നല്‍കാന്‍ കഴിയുകയില്ല എന്ന റവന്യു ഡിപ്പാര്‍ട്ട്മെന്റിന്റെ ഔദ്യോഗിക മറുപടിയെതുടര്‍ന്നാണ്‌ ഭൂമി മാഫിയയുമായി ബന്ധപ്പെട്ട്‌, സേവി മനോ മാത്യുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ ഏറ്റെടുക്കാനുള്ള നീക്കം ആരംഭിച്ചത്‌.

പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്നും സംസ്ഥാനത്തിന്റേയും ഐഎസ്‌ആര്‍ഒയുടെയും യശസ്സ്‌ ഉയര്‍ത്താന്‍ പര്യാപ്തമെന്നും തോന്നുന്ന ഈ നീക്കത്തിനെതിരെ അതീവ സങ്കീര്‍ണമായ ബൗദ്ധിക കൗശലങ്ങളും ഗൂഢ പദ്ധതികളുമുണ്ടെന്ന്‌ ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. ബഹിരാകാശ ഗവേഷണ സ്ഥാപനം ആരംഭിക്കുന്നതിലുപരി അതിന്റെ മറവില്‍ ഭൂമി മാഫിയയുമായി ചേര്‍ന്ന്‌ കോടികള്‍ പോക്കറ്റിലാക്കാന്‍ ചില ശാസ്ത്രജ്ഞ തലകള്‍ പുകഞ്ഞതാണ്‌ ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക്‌ കാരണമെന്ന്‌ വ്യക്തമായി.

കൃത്രിമരേഖകളുടെ അടിസ്ഥാനത്തില്‍ സേവി മനോ മാത്യു സ്വന്തമാക്കിയ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ പാരിസ്ഥിതിക പ്രാധാന്യമേറെയുള്ള സ്ഥലമാണെന്നും അത്‌ വ്യക്തികള്‍ക്ക്‌ ക്രയവിക്രയം ചെയ്യാനുള്ളതല്ലെന്നും വനംവകുപ്പും റവന്യുവകുപ്പും ആവര്‍ത്തിച്ച്‌, ഔദ്യോഗികമായി ഐഎസ്‌ആര്‍ഒയെ അറിയിച്ചിട്ടും ആ നീക്കത്തില്‍ നിന്ന്‌ പിന്‍വാങ്ങാന്‍ അവര്‍ തയ്യാറായിട്ടില്ല. ഇവിടെയാണ്‌ മാധവന്‍ നായരെന്ന വിശ്രുത ബഹിരാകാശ ശാസ്ത്രകാരന്റെയും സംഘത്തിന്റേയും നിക്ഷിപ്ത താല്‍പ്പര്യങ്ങളെക്കുറിച്ച്‌ സംശയം ജനിക്കുന്നത്‌.

മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും പകരം നൂറേക്കര്‍ ഭൂമി വേറെ നല്‍കാമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടും വഴങ്ങാന്‍ കൂട്ടാക്കാതെ മാധവന്‍ നായരും കൂട്ടരും കടുംപിടുത്തം തുടരുകയാണ്‌. ഇതിന്‌ ഇവര്‍ ശാസ്ത്രീയമെന്നും സാങ്കേതികമെന്നും ബഹിരാകാശ ഗവേഷണപരമെന്നുമൊക്കെ പറയുന്ന ന്യായങ്ങള്‍ 101 ശതമാനം അടിസ്ഥാനരഹിതവും ഭൂമിമാഫിയയുമായി ചേര്‍ന്ന്‌ കൊള്ളലാഭം കൊയ്യാനുള്ള തീയറികളാണെന്നും വിവേകമതികള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌. പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള വനത്തിനുള്ളില്‍ മലമുകളില്‍ തന്നെ ഈ ഗവേഷണ സ്ഥാപനം തുടങ്ങണമെന്ന വാശി വ്യക്തമാക്കുന്നത്‌ മാധവന്‍ നായരുടെയും സംഘത്തിന്റെയും നീചമായ ലാഭക്കൊതിയാണ്‌.

ഇന്ന്‌ ലോകത്ത്‌ രണ്ടേരണ്ട്‌ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളാണുള്ളത്‌. പാസദേനയിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ടും പ്രിന്‍സ്റ്റണിലെ എയ്‌റോ സ്പെയ്സ്‌ മെക്കാനിക്കല്‍ സയന്‍സും ആണത്‌. ഇതു രണ്ടും അമേരിക്കയുടെ ബഹിരാകാശ പദ്ധതികള്‍ നിയന്ത്രിക്കുന്ന നാസയുടെ കീഴിലാണ്‌. എന്നാല്‍ രണ്ടു സ്ഥാപനങ്ങളും നാസയില്‍നിന്ന്‌ ഏതാണ്ട്‌ 3000 കി.മീ. അകലെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഈ സ്ഥാപനങ്ങള്‍ നാസയുടെ നേരിട്ടുള്ള നിയന്ത്രണത്തിനു കീഴിലുമല്ല.

മാധവന്‍ നായരും സംഘവും പറയുന്നത്‌ ഐഎസ്‌ആര്‍ഒയുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍, ഐഎസ്‌ആര്‍ഒയുടെ കണ്‍വെട്ടത്തുതന്നെ ബഹിരാകാശ ഗവേഷണ കേന്ദ്രം തുടങ്ങണമെന്നാണ്‌. ഇവിടെയാണ്‌ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞന്മാരുടെ ആകാശത്തിലെ മിടുക്ക്‌ ഭൂമിയിടപാടിലും വ്യക്തമാകുന്നതും അവരില്‍ തളിര്‍ക്കുന്ന ടൂറിസം സ്വപ്നങ്ങള്‍ തിരിച്ചറിയപ്പെടുന്നതും. ഐഎസ്‌ആര്‍ഒയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഇങ്ങനെയൊരു ഗവേഷണകേന്ദ്രം തുടങ്ങിയാലുണ്ടാകാവുന്ന നേട്ടങ്ങളും അതിനുവേണ്ടി സ്ഥലമെടുക്കുമ്പോള്‍ ലഭിക്കാവുന്ന കോടികളും സ്ഥാപനം സാക്ഷാത്കരിച്ചുകഴിയുമ്പോള്‍ അനുബന്ധമായുണ്ടാകുന്ന മറ്റ്‌ സ്ഥാപനങ്ങളില്‍ നിന്ന്‌ ഉണ്ടാകാവുന്ന ലക്ഷങ്ങളുടെ ലാഭവുമൊക്കെയാണ്‌ മാധവന്‍ നായരുടെയും കൂട്ടരുടെയും പിടിവാശിക്ക്‌ ശക്തിപകരുന്നത്‌.

എന്നാല്‍ ഇതു തിരിച്ചറിയാനുള്ള മികവ്‌ നമ്മുടെ മന്ത്രിമാര്‍ക്കോ മുഖ്യമന്ത്രിക്കോ ഇല്ലാതെപോയി എന്നാണ്‌ ഇതുവരെയുള്ള നടപടിക്രമങ്ങളും ചര്‍ച്ചകളുമൊക്കെ തെളിയിക്കുന്നത്‌. അതല്ലെങ്കില്‍ മാധവന്‍ നായരുടെയും കൂട്ടരുടെയും അനധികൃത ലാഭക്കൊതിയുടെ പങ്കുപറ്റാന്‍, ഉച്ഛിഷ്ടം ഭുജിക്കുന്ന വിശ്വസ്ത നായ്ക്കളെപ്പോലെ യജമാനന്റെ മേശയ്ക്കുകീഴില്‍ ഉമിനീരൊലിപ്പിച്ച്‌ വാലാട്ടിയിരിക്കുന്ന നായ്ക്കളാവുകയാണ്‌ ഇവരെല്ലാം.

ഈ നായ്ക്കളും അവരുടെ യജമാനന്മാരും ചേര്‍ന്ന്‌ ശ്രേയസുണ്ടാക്കാവുന്ന ഒരു പദ്ധതിയേയും വരുംതലമുറയുടെ ജീവിതം സുരക്ഷിതമാക്കുന്ന ആവാസ വ്യവസ്ഥയേയുമാണ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്‌. ഇവരുടെയൊക്കെ തലയിലേക്ക്‌ ശ്രീഹരിക്കോട്ടയില്‍നിന്നും മറ്റും വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ മൂക്കുകുത്തിവീണിരുന്നെങ്കില്‍...

Tuesday, December 18, 2007

സ്മാര്‍ട്ട്‌ സിറ്റിയില്‍ ചുവന്ന തെരുവുകള്‍ പെരുകുന്നു

കെ.പി. അജികുമാര്‍
കൊച്ചി: കുടിവെള്ളക്ഷാമവും കൊതുക്ശല്യവും വാഹനക്കുരുക്കും നഗരവാസികളുടെ നിത്യജീവിതം നരകമാക്കുമ്പോഴും സ്മാര്‍ട്ട്‌ സിറ്റിയാകാന്‍ കൊതിക്കുന്ന കൊച്ചിയില്‍ ചിലര്‍ മുന്‍പേ പറക്കുന്ന പക്ഷികളാകുന്നു.
കൊച്ചിയിലെ റോഡുകള്‍ കാല്‍നടയാത്രക്കാര്‍ക്ക്‌ പോലും ദുഷ്കരമായി സ്ഥിതിചെയ്യുമ്പോള്‍ സ്മാര്‍ട്ട്സിറ്റിയില്‍ എല്ലാ സംവിധാനങ്ങളുമുള്ള ചുവന്ന തെരുവുകള്‍ പെരുകി വരുന്നതായാണ്‌ വാര്‍ത്ത.

അതിന്റെ ഏറ്റവും ഒടുവിലത്തെ വാര്‍ത്തയായിരുന്നു കളമശ്ശേരിയിലെ നക്ഷത്രവേശ്യാലയത്തില്‍ നടന്ന റെയ്ഡും സിനിമാനടി രേഷ്മ അടക്കമുള്ള 6 പേരുടെ അറസ്റ്റും.

കാക്കനാട്‌ എന്‍പിഒഎല്ലിന്‌ സമീപം പതിനായിരം രൂപ മാസവാടക്കായിരുന്നു ഈ നക്ഷത്രവേശ്യാലയം പ്രവര്‍ത്തിച്ചിരുന്നത്‌. ഐടി മേഖലയില്‍ ജോലിചെയ്യുന്നവരെ ലക്ഷ്യമിട്ട്‌ 6 മാസം മുമ്പാണ്‌ സ്ഥാപനം തുടങ്ങിയത്‌. മണിക്കൂറിന്‌ 15,000 രൂപ മുതല്‍ 25,000 രൂപവരെയാണ്‌ ഇടപാടുകാരില്‍ നിന്ന്‌ ഈടാക്കിയിരുന്നത്‌. മൊബെയില്‍ ഫോണിലൂടെയായിരുന്നു കച്ചവടം ഉറപ്പിച്ചിരുന്നത്‌.

സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള ബാംഗ്ലൂര്‍ സ്വദേശിനി സിമ്രാന്‍ (21), കൊല്ലം പുനലൂര്‍ സ്വദേശിനി രമ്യ (19), ഇപ്പോള്‍ നെടുമ്പാശ്ശേരിയില്‍ താമസിക്കുന്ന കാഞ്ഞിരപ്പള്ളി സ്വദേശിനി ബീന (35), സ്ഥാപനം നടത്തിപ്പുകാരായ വയനാട്‌ വൈത്തിരി സ്വദേശി ജോമോന്‍ (27), ഇടപാടുകാരനായി എത്തിയ അങ്കമാലി സ്വദേശി ജിയോഫിന്‍ എന്നിവരാണ്‌ അറസ്റ്റിലായത്‌.

നേരത്തെ തിരുമ്മുകേന്ദ്രങ്ങളുടെയും ബ്യൂട്ടി പാര്‍ലറുകളുടെയും മറവില്‍ നഗരത്തില്‍ തഴച്ചു വളര്‍ന്നിരുന്ന പെണ്‍വാണിഭം പോലീസിന്റെ നിരന്തരമായ റെയ്ഡിനെ തുടര്‍ന്ന്‌ ആലുവ, തൃപ്പൂണിത്തുറ, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ പറിച്ചുനടപ്പെട്ടിരുന്നു. എന്നാല്‍ വീണ്ടും പോലീസിന്റെ എല്ലാ വലക്കണ്ണികളും പൊട്ടിച്ച്‌ പെണ്‍വാണിഭ സംഘങ്ങള്‍ കൊച്ചിയില്‍ ആധിപത്യം ഉറപ്പിക്കുകയാണ്‌. സ്മാര്‍ട്ട്‌ സിറ്റിയും ഐടി മേഖലയുടെ വളര്‍ച്ചയും വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും മുന്നില്‍ക്കണ്ടുകൊണ്ട്‌ നഗരത്തെ ചുവന്നതെരുവാക്കാനാണ്‌ ഇവരുടെ ശ്രമം.

കഴിഞ്ഞ ദിവസം പ്ലേ സ്കൂളിന്റെ മറവില്‍ നടത്തിവന്നിരുന്ന ആയുര്‍വേദ തിരുമ്മു-അനാശാസ്യ കേന്ദ്രം പോലീസ്‌ റെയ്ഡ്‌ ചെയ്ത്‌ നാലുപേരെ അറസ്റ്റ്‌ ചെയ്തിരുന്നു. എറണാകുളും ദിവാന്‍സ്‌ റോഡില്‍ കല്‍പക ആയുര്‍വേദ ക്ലിനിക്ക്‌ എന്ന പേരില്‍ സ്ഥാപനം നടത്തിയവരാണ്‌ അറസ്റ്റിലായത്‌. പുത്തന്‍കുരിശ്‌ സ്വദേശിനി ആലിസ്‌ (38), സ്ഥാപനം നടത്തിപ്പുകാരന്‍ കണ്ണൂര്‍ കരുവച്ചാല്‍ വഞ്ചിപ്പുരക്കല്‍ സുഭാഷ്‌ (30), ഇടനിലക്കാരനായ കോട്ടയം കാഞ്ഞിരപ്പാറ സ്വദേശി മനോജ്കുമാര്‍ (40) എന്നിവരും തിരുമ്മുകേന്ദ്രത്തില്‍ എത്തിയ ഇളംകുളം സ്വദേശി ചന്ദ്രന്‍ (47) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവിടെയും മൊബെയില്‍ ഫോണിലൂടെയായിരുന്നു ഇടപാടുകാരുമായി കച്ചവടം ഉറപ്പിച്ചിരുന്നത്‌.

ഹെല്‍പ്പ്‌ ലൈന്‍ ബോഡി മസാജ്‌ എന്ന പേരില്‍ പത്രങ്ങള്‍ വഴി പരസ്യം നല്‍കുകയും ഇടപാടുകാരെ കണ്ടെത്തിയിരുന്ന ഒരു സംഘത്തെ അടുത്തിടെ കൊച്ചി പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. ഇവരെ ഫോണില്‍ ബന്ധപ്പെടുന്നവരെ സ്ഥാപനത്തില്‍ വിളിച്ചുവരുത്തുകയോ ഇടപാടുകാര്‍ ആവശ്യപ്പെടുന്നിടത്ത്‌ സ്ത്രീകളെ എത്തിച്ചുകൊടുക്കുകയോ ആയിരുന്നു രീതി.

സീരിയല്‍-സിനിമാതാരങ്ങളെന്ന പേരില്‍ എറണാകുളത്ത്‌ താമസിച്ച്‌ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന അമ്മയും 19കാരിയായ മകളുമടക്കുമുള്ള ആറംഗസംഘത്തെ എറണാകുളം മുല്ലശ്ശേരി കനാല്‍ റോഡിലെ എഎസ്‌ ടൂറിസ്റ്റ്‌ ഹോമില്‍ നിന്ന്‌ ഇതിന്‌ മുമ്പാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.

വീട്ടമ്മമാര്‍ മുതല്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ വരെ ഈ സംഘത്തില്‍ അംഗങ്ങളാണ്‌. കൂടാതെ നേപ്പാളില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും പെണ്‍കുട്ടികളെ എത്തിച്ച്‌ നടത്തുന്ന മൊബെയില്‍ സെക്സും ജില്ലയില്‍ വന്‍തോതില്‍ നടക്കുന്നുണ്ട്‌.

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലാണ്‌ ഇത്തരം പെണ്‍വാണിഭങ്ങള്‍ നടക്കുന്നത്‌. ചില്ലുകളില്‍ കറുത്ത സണ്‍ഫിലിം ഒട്ടിച്ചാണ്‌ ഇത്തരം വാഹനങ്ങള്‍ ഓടുന്നത്‌.

വിദേശത്തുനിന്നും എറണാകുളത്തെത്തി അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്‌. റഷ്യയില്‍ നിന്നും ഫിലിപൈന്‍സില്‍ നിന്നുമുള്ള സുന്ദരിമാര്‍ക്കും കൊച്ചു പെണ്‍കുട്ടികള്‍ക്കുമാണ്‌ ഇപ്പോള്‍ മാര്‍ക്കറ്റ്‌ എന്നാണ്‌ രഹസ്യവിവരം.

കോതമംഗലം: എവിടെ ശ്രീദേവി, സാറാജോസഫ്‌, അജിത, സുഗതകുമാരി...

ടൈറ്റസ്‌ കെ.വിളയില്‍
കൊച്ചി: കോതമംഗലത്തുനിന്ന്‌, ഹോംനഴ്സിങ്‌ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരത്തെ ചില രാഷ്ട്രീയനേതാക്കന്മാര്‍ക്ക്‌ കാഴ്ചവെക്കാന്‍ കൂട്ടിക്കൊണ്ടുപോയ സംഭവം പുറത്തറിഞ്ഞിട്ടും ഇരയ്ക്കുവേണ്ടി വാദിക്കാനോ, പീഡകര്‍ക്കെതിരെ നടപടി എടുക്കാനോ വനിതാ കമ്മീഷന്‍ തയ്യാറാകാത്തത്‌ കടുത്ത പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌. ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന കൗമാരക്കാരുടെ സുരക്ഷക്കുവേണ്ടി മാതാപിതാക്കളെയും നാട്ടുകാരേയും ഉപദേശം കൊണ്ട്‌ മൂടുകയും വഴിതെറ്റിപ്പോകുന്ന കുട്ടികളുടെ മാതാക്കളെ പ്രസ്താവനകളിലൂടെ അവഹേളിക്കുകയും ചെയ്യുന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ്‌ ശ്രീദേവി കോതമംഗലം പീഡനക്കേസ്‌ അറിഞ്ഞില്ല എന്നാണോ?

ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക്‌ പങ്കുള്ള ഈ കേസ്‌ തേച്ചുമാച്ചുകളയാന്‍ കോതമംഗലം പോലീസ്‌ നടത്തുന്ന ശ്രമം മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടും പെണ്‍കുട്ടിയെ സന്ദര്‍ശിക്കാനോ തെളിവെടുക്കാനോ വനിതാ കമ്മീഷന്‍ അധ്യക്ഷയോ അംഗങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല. അന്വേഷണം ആവശ്യപ്പെട്ട്‌ ജനാധിപത്യ വനിതാ സംഘടന വനിതാ കമ്മീഷന്‌ പരാതി നല്‍കിയിട്ടും ആരും ഈ ഭാഗത്തേക്ക്‌ തിരിഞ്ഞുനോക്കാത്തത്‌ ജനങ്ങളുടെ ഇടയില്‍ വന്‍ സംശയത്തിന്‌ കാരണമായിട്ടുണ്ട്‌.

എവിടെയെങ്കിലും ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടാല്‍ പ്രസ്താവനകളും പ്രതിഷേധങ്ങളുമായി വാര്‍ത്തകളില്‍ നിറയുന്ന സാറാ ജോസഫ്‌ അടക്കമുള്ള വനിതാ വിമോചകരും കോതമംഗലത്തെ ദരിദ്രയായ പെണ്‍കുട്ടിയെ അവഗണിച്ചിരിക്കുകയാണ്‌. സാമ്പത്തികമായോ നിയമപരമായോ സഹായിക്കാന്‍ ആരുമില്ലാത്തതുകൊണ്ട്‌ പോലീസിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ കോടതിയില്‍ പോലും കള്ളം പറയേണ്ട ഗതികേടാണ്‌ പെണ്‍കുട്ടിക്കുണ്ടായത്‌. മാത്രമല്ല, പെണ്‍കുട്ടിയും കുടുംബവും നിരന്തരം ഭീഷണിയുടെ സമ്മര്‍ദ്ദത്തിലാണ്‌. വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്ത വാസ്തവം ലേഖകന്‌ ഈ ലോബിയുടെ വധഭീഷണിയുണ്ട്‌. ഇത്രക്ക്‌ ഗൗരവമേറിയ ഒരു സംഭവം നടന്നിട്ടും വനിതാ വിമോചകരാരും കോതമംഗലത്തേക്ക്‌ തിരിഞ്ഞുനോക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ ജനങ്ങള്‍ ചോദിക്കുന്നു.

മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷകളായ സുഗതകുമാരിയോ എം. കമലമോ ഇക്കാര്യം അറിഞ്ഞമട്ട്‌ ഇതുവരെ കാണിച്ചിട്ടില്ല. കേരളത്തില്‍ വേരോട്ടം നടത്തിയിട്ടുള്ള പെണ്‍വാണിഭ മാഫിയയുടെ കേന്ദ്രമാണ്‌ കോതമംഗലം. ആ നാട്ടില്‍ നിന്ന്‌ ദരിദ്രരായ പെണ്‍കുട്ടിയെ പ്രലോഭനങ്ങള്‍ക്ക്‌ വിധേയയാക്കി ഉന്നതന്മാര്‍ക്ക്‌ കാഴ്ചവെച്ചവര്‍ നെഞ്ചുവിരിച്ച്‌ നടക്കുമ്പോള്‍ പെണ്‍കുട്ടിയും കുടുംബവും വധഭീഷണിയുടെ മുനമ്പിലാണ്‌.

എന്നിട്ടും ജസ്റ്റിസ്‌ ശ്രീദേവി അടക്കമുള്ളവര്‍ക്ക്‌ ഇത്‌ ശ്രദ്ധിക്കേണ്ട വിഷയമല്ലാതാകുന്നത്‌ എന്തുകൊണ്ടാണ്‌?

അയ്യപ്പനെ മുന്നില്‍നിര്‍ത്തി ഗ്രൂപ്പുകളി

"മുടിഞ്ഞ കൂത്ത്‌ ഇരുന്നു കാണണം" എന്നൊരു മൂന്നാംകിട ഗ്രാമീണചൊല്ലുണ്ട്‌. അതേ അവസ്ഥയാണ്‌ ശബരിമലയിലെ അരവണ വിതരണ വിഷയത്തില്‍ ഇപ്പോഴുള്ളത്‌. മണ്ഡലകാലം അവസാനിക്കാന്‍ പത്തുദിവസം മാത്രം ബാക്കിയുള്ളപ്പോഴും അരവണ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാനോ അതിന്റെ മറവില്‍ നടക്കുന്ന വന്‍ വെട്ടിപ്പും ക്രമക്കേടും നിയന്ത്രിക്കാനോ നാക്കുകൊണ്ട്‌ ആരെയും അരിഞ്ഞുവീഴ്ത്തുന്ന അരിങ്ങോടരായ സുധാകരനോ മുഖ്യമന്ത്രിക്കോ കഴിഞ്ഞിട്ടില്ല.

അതേസമയം അയ്യപ്പനെ മുന്‍നിര്‍ത്തി ഗ്രൂപ്പുകളിച്ച്‌ മണ്ഡലകാലത്ത്‌ അയ്യപ്പഭക്തന്മാരെ ചെണ്ട കൊട്ടിക്കാന്‍ മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റും അംഗങ്ങളും അന്യോന്യം മത്സരിക്കുകയാണ്‌.

ജി. രാമന്‍നായര്‍ പ്രസിഡന്റായിരുന്ന കഴിഞ്ഞ ദേവസ്വം ബോര്‍ഡ്‌ അഴിമതിയുടെ നീലിമലയാണെന്ന്‌ ആരോപിച്ച്‌ അവരെ ഇറക്കിവിട്ടശേഷമാണ്‌ ഇഎംഎസിന്റെ മരുമകനായ സി.കെ. ഗുപ്തനെ പ്രസിഡന്റാക്കി പുതിയ ദേവസ്വം ബോര്‍ഡ്‌ രൂപീകരിച്ചത്‌. അധികാരമേറ്റ്‌ പത്തുമാസം ലഭിച്ചിട്ടും മണ്ഡല-മകരവിളക്ക്‌ കാലത്ത്‌ അയ്യപ്പഭക്തന്മാര്‍ക്ക്‌ നല്‍കേണ്ട ദിവ്യപ്രസാദമായ അരവണയുടെ വിതരണം തടസം കൂടാതെ നടത്താനുള്ള നടപടികള്‍ ഇവരില്‍നിന്നുണ്ടായില്ല. ദേവസ്വം മന്ത്രിയും പ്രസിഡന്റും ഒരുപക്ഷത്തും അംഗങ്ങളായ പി. നാരായണനും സുമതിക്കുട്ടിയമ്മയും മറുപക്ഷത്തും നിന്ന്‌ അന്യോന്യം ആരോപണങ്ങളുടെ ചെളിവാരിയെറിഞ്ഞ്‌ രമിക്കുകയും രസിക്കുകയുമായിരുന്നു ഇവര്‍.

എന്നിട്ടാണിപ്പോള്‍ അയ്യപ്പനെ മുന്‍നിര്‍ത്തിയുള്ള വൃത്തികെട്ട ഗ്രൂപ്പ്‌ കളിക്ക്‌ അച്യുതാനന്ദനും ജി. സുധാകരനും തയ്യാറായത്‌. അരവണ വിതരണത്തിലെ അപാകതകള്‍ മൂലം തീര്‍ത്ഥാടകര്‍ ദുഃഖിതരായപ്പോള്‍ പ്രശ്നം പരിഹരിക്കാനെന്നോണം മന്ത്രി വിളിച്ചുകൂട്ടിയ യോഗത്തില്‍നിന്ന്‌ മന്ത്രിതന്നെ ക്ഷോഭിച്ചിറങ്ങിപ്പോയി വിഷയത്തിന്റെ നിഗൂഢത വര്‍ധിപ്പിച്ചത്‌ കഴിഞ്ഞ ആഴ്ചയിലായിരുന്നു. ആ യോഗത്തിലാണ്‌ അരവണ പാത്രങ്ങളില്‍ വിതരണം ചെയ്യാനുള്ള തീരുമാനം എടുത്തതും നടപ്പിലാക്കിയതും. തീര്‍ത്ഥാടകര്‍ക്ക്‌, പ്രത്യേകിച്ച്‌ തമിഴ്‌നാട്‌, കര്‍ണാടക തുടങ്ങി അന്യസംസ്ഥാനങ്ങളില്‍ നിന്നും ദൂരസ്ഥലങ്ങളില്‍ നിന്നുമെത്തുന്ന അയ്യപ്പഭക്തന്മാര്‍ക്ക്‌ പാത്രത്തിലെ അരവണ വിതരണം അനുഗ്രഹത്തേക്കാള്‍ ശാപമായാണ്‌ ഫലിച്ചത്‌. ഭഗവാന്റെ പ്രസാദം ഭക്തിയോടും വിശുദ്ധിയോടും വീടുകളിലെത്തിക്കാന്‍ ആഗ്രഹിച്ചാലും നടക്കാത്ത സാഹചര്യമാണ്‌ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡും ഒപ്പിച്ചുകൂട്ടിയത്‌.

ഇതിനെതിരെ എതിര്‍പ്പുയര്‍ന്നപ്പോള്‍ സുധാകരന്റെ വികടസരസ്വതി വീണ്ടും കേട്ടു. കുചേലന്‍ മുഷിഞ്ഞ തുണിയിലാണ്‌ ശ്രീകൃഷ്ണനുവേണ്ടി അവല്‍ കൊണ്ടുപോയതെന്നും അതുകൊണ്ട്‌ പാത്രങ്ങളില്‍ അരവണ വാങ്ങുന്നതാണ്‌ പണം ഇല്ലാത്തവര്‍ക്ക്‌ യോജിക്കുന്നതെന്നും ടിന്നിലടച്ച അരവണ വാങ്ങുന്നത്‌ പണക്കാരന്റെ ഡംഭാണെന്നും അത്‌ സമ്പന്നന്മാരുടെ വൃത്തികെട്ട രീതിയാണെന്നുമൊക്കെയായിരുന്നു സുധാകരന്റെ വിശദീകരണം. പ്രസാദം കയ്യിലാണ്‌ വാങ്ങേണ്ടത്‌ ടിന്നിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അരവണ വിതരണത്തില്‍ അഴിമതികാട്ടി ഭക്തജനങ്ങളെ ബുദ്ധിമുട്ടിച്ചതുകൂടാതെ അനാവശ്യമായി കുചേല-കുബേര സിദ്ധാന്തം എഴുന്നള്ളിച്ച്‌ മന്ത്രി ഒരിക്കല്‍കൂടി പരസ്യമായി അവഹേളിതനായി.

മന്ത്രി ഇങ്ങനെ തോന്ന്യാസങ്ങള്‍ കാണിച്ചും പറഞ്ഞും നാടാകെ ചുറ്റിയടിച്ചപ്പോള്‍ ഈ മന്ത്രിയെകൊണ്ടും ദേവസ്വം ബോര്‍ഡിനെകൊണ്ടും ഒരു ചുക്കം ചെയ്യാന്‍ കഴിയുകയില്ല എന്ന്‌ തെളിയിക്കാനാവണം മുഖ്യമന്ത്രി ഇന്നലെ മുന്നിട്ടിറങ്ങിയതെന്നു തോന്നുന്നു. അരവണ വിതരണത്തിലെ അപാകതയുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്നലെ വിളിച്ചുകൂട്ടിയ യോഗത്തില്‍ പക്ഷെ ദേവസ്വം മന്ത്രി പങ്കെടുത്തില്ല. ബോര്‍ഡ്‌ പ്രസിഡന്റിനേയും അംഗങ്ങളേയും ജനപ്രതിനിധികളേയും പങ്കെടുപ്പിച്ചില്ല. ഉദ്യോഗസ്ഥരെ മാത്രം വിളിച്ചുകൂട്ടി മുഖ്യമന്ത്രി ചില പരിഷ്ക്കരണ നടപടികള്‍ക്ക്‌ രൂപം കൊടുക്കുകയും ചെയ്തു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയമാവലിയനുസരിച്ച്‌ ബോര്‍ഡിന്റെ അനുമതിയോ അംഗീകാരമോ ഇല്ലാതെ ശബരിമലയില്‍ മന്ത്രിക്കെന്നല്ല മുഖ്യമന്ത്രിക്കും ഒരു ചുക്കും ചെയ്യാന്‍ കഴിയുകയില്ല എന്ന്‌ വ്യക്തമായിരിക്കെ എന്തിനായിരുന്നു ഇന്നലത്തെ പ്രഹസനം.

ഇന്നലത്തെ യോഗത്തിലേക്ക്‌ ട്രാന്‍സ്പോര്‍ട്ട്‌ മന്ത്രി, ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി എന്നിവരേയും ക്ഷണിച്ചിരുന്നു. എന്നാല്‍ മാത്യു ടി. തോമസ്‌ മാത്രമാണ്‌ യോഗത്തില്‍ പങ്കെടുത്തത്‌. പിണറായിപക്ഷക്കാരെന്ന്‌ അറിയപ്പെടുന്ന കോടിയേരി ബാലകൃഷ്ണനും പി.കെ. ശ്രീമതിയും യോഗത്തില്‍ നിന്ന്‌ വിട്ടുനിന്നു. പിണറായിപക്ഷക്കാരന്‍ തന്നെയായ സുധാകരനും മാറിനിന്നു. എന്നാല്‍ ഇവരെല്ലാം ജില്ലാ സമ്മേളനങ്ങളില്‍ പിണറായിപക്ഷത്തെ വിജയിപ്പിച്ചെടുക്കാനുള്ള ശ്രമത്തില്‍ പങ്കാളികളുമായിരുന്നു. കാസര്‍കോട്‌ നിന്ന്‌ ചേര്‍ത്തലവരെ എത്തിയ ദേവസ്വം മന്ത്രി ചേര്‍ത്തലയില്‍ പാര്‍ട്ടി യോഗത്തില്‍ പിണറായിപക്ഷത്തിനുവേണ്ടി ചുക്കാന്‍ പിടിക്കാന്‍ സമയം കണ്ടെത്തിയപ്പോള്‍ അദ്ദേഹം ഭരിക്കുന്ന വകുപ്പുമായി ബന്ധപ്പെട്ട ഏറ്റവും ഗൗരവമുള്ള ഒരു വിഷയത്തെക്കുറിച്ച്‌ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മനസ്‌ കാണിച്ചതുമില്ല.

ദേവസ്വം മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ പങ്കെടുക്കാന്‍ അസൗകര്യം ഉള്ളപ്പോള്‍ യോഗം വിളിച്ചുകൂട്ടിയ മുഖ്യമന്ത്രിയുടെ നടപടിയും മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തിന്റെ ഗൗരവം അറിഞ്ഞിട്ടും പാര്‍ട്ടി സമ്മേളനങ്ങളില്‍ സജീവമായ സുധാകരനും കോടിയേരിയും പി.കെ. ശ്രീമതിയും ഒരേപോലെ കുറ്റക്കാരാണ്‌. അയ്യപ്പനെ മുന്‍നിര്‍ത്തി ഇവര്‍ ഗ്രൂപ്പ്‌ കളിച്ചപ്പോള്‍ പരിഹരിക്കാതെപോയത്‌ തീര്‍ത്ഥാടകരുടെ വേദനയാണ്‌. ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നാണ്‌ മുഖ്യമന്ത്രിയുടെ ഉറപ്പ്‌. എന്നാല്‍ മണ്ഡലകാലം കഴിയാന്‍ ഇനി പത്തു ദിവസമേയുള്ളൂ.

മുന്‍പൊരിക്കല്‍ ഈ പംക്തിയില്‍ സൂചിപ്പിച്ചതുപോലെ അയ്യപ്പന്‍ പുലിരൂപത്തിലോ മഹിഷിയുടെ രൂപത്തിലോ അവതരിച്ച്‌ ഇവരെ നിഗ്രഹിക്കാതെ ശബരിമലയിലെ പ്രശ്നം ഒരിക്കലും പരിഹരിക്കാന്‍ പോകുന്നില്ല.

സിന്റായുടെ തല്ലിനോളം വരുമോ കാട്ടിലെ കല്ല്‌!

ഒടുവില്‍ ചതിയനായ കാരണവര്‍ തന്നെ മുടിയനായ കിങ്ങിണിക്കുട്ടന്റെ ശിരസില്‍ ഇരുമുടിക്കെട്ടേറ്റി.

കിങ്ങിണിക്കുട്ടന്‍ കരിമല കേറാനൊരുങ്ങുന്നേരം കാരണവര്‍ എങ്ങും തൊടാതെ പറഞ്ഞു: 'സൂക്ഷിക്കണം, കാട്ടില്‍ കല്ലുണ്ട്‌, മുള്ളുണ്ട്‌. കഴിഞ്ഞ ദിവസം ചില കടുവകളും ഇറങ്ങിയിട്ടുണ്ടെന്ന്‌ പത്രവാര്‍ത്ത കണ്ടു!'

കിങ്ങിണിക്കുട്ടനും എങ്ങും തൊടാതെയാണ്‌ മറുപടി പറഞ്ഞത്‌: 'അവരവര്‍ സൂക്ഷിച്ചാല്‍ മതി. സിന്റാ ജേക്കബിന്റെ തല്ലിനോളം വരുമോ കാട്ടിലെ കല്ല്‌! വീട്ടിലെയും നാട്ടിലെയും കടുവകളോളം വരുമോ കാട്ടിലെ കടുവകല്‍!'

വീണ്ടും കാരണവര്‍ ഗദ്ഗദ കണ്ഠനായി പതിയെ പറഞ്ഞു: 'അതു പോട്ടെ. വയ്യാഞ്ഞിട്ടാണ്‌, അല്ലെങ്കില്‍ ഞാന്‍ നേരിട്ടു പോയേനെ. നീ അയ്യന്റടുക്കല്‍ ചെന്ന്‌ എനിക്കിട്ട്‌ പാരപണിയരുത്‌!'

കിങ്ങിണിക്കുട്ടന്‍ ഉവാച: 'കാരണവരും മോനും വീട്ടില്‍. പവാറണ്ണന്റെ പവറ്‌ വിട്ടൊരു കളിക്ക്‌ ഞാനില്ല! എനിക്കും എന്‍ സീപിക്കും വേണ്ടിയല്ലാതെ ഞാമ്പിന്നെ ആര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍!'

ഇതുകേട്ട്‌ കാരണവര്‍ കുണ്ഠിതപ്പെട്ടു. അങ്ങേര്‍ ആത്മഗതം ചെയ്തു: 'ഇവനെന്തൊരു മണ്ടന്‍! ഇവനു വല്ലതുമറിയാമോ? രാഷ്ട്രീയംന്നുവച്ചാ ചുക്കോ ചുണ്ണാമ്പോന്നറിയാത്ത പാവത്താന്‍. തന്നെ കുഴീലേക്കെടുക്കും മുമ്പെ കിങ്ങിണിക്കുട്ടനൊരു 'വഴി'യുണ്ടാക്കാനല്ലെ താനീ പെടാപ്പാടു പെടണത്‌!'

കാരണവരുടെ ആത്മഗതം കിങ്ങിണിക്കുട്ടന്‍ മനസുകൊണ്ട്‌ കേട്ട്‌ കോള്‍മയിര്‍ കൊണ്ടു.

കാരണവര്‍ ഊറിച്ചിരിച്ചു, കിങ്ങിണിക്കുട്ടനും ഊറിച്ചിരിച്ചു. വികാരഭരിതമായ ഈ രംഗത്തിനു സാക്ഷിയായ പത്രക്കാര്‍ പിറ്റേന്നത്തെ പത്രത്തില്‍ എഴുതിപ്പിടിപ്പിച്ചു.

കാരണവരും കിങ്ങിണിക്കുട്ടനും ഒരക്ഷരം മിണ്ടിയില്ല. കെട്ടു നിറച്ചു, കണ്ണു നിറച്ചു, തലയില്‍ കൈവച്ചു, അനുഗ്രഹിച്ചു. ബാക്ഗ്രൗണ്ടില്‍ ശോകാര്‍ദ്രമായ വയലിന്‍ നാദം.

പേറ്റുവേദനയ്ക്കിടയ്ക്കാണ്‌ ഈ വയലിന്‍ വായന!
സ്വമിയേ.......

Monday, December 17, 2007

കോതമംഗലം: വധഭീഷണിയുമായി വനിതാ മെമ്പറും

  • വനിതാ കമ്മീഷന്റെ നിലപാട്‌ വിമര്‍ശിക്കപ്പെടുന്നു
സ്വന്തം ലേഖിക

കൊച്ചി: ഹോംനഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി തിരുവനന്തപുരത്ത്‌ ഉന്നതന്മാര്‍ക്ക്‌ കാഴ്ചവച്ചതിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തതിന്റെ പേരില്‍ വാസ്തവം ലേഖകന്‌ വനിതാ മെമ്പറുടെയും വധഭീഷണി.

ശനിയാഴ്ചയാണ്‌ മൊബെയില്‍ഫോണിലൂടെ വനിതാ മെമ്പര്‍ വധഭീഷണി മുഴക്കിയത്‌. 9846985821 നമ്പര്‍ മൊബെയില്‍ നിന്നാണ്‌ ലേഖകന്‌ വധഭീഷണി വന്നത്‌. അതിനുമുന്‍പ്‌ മാധ്യമപ്രവര്‍ത്തകനും ഭീഷണിപ്പെടുത്തിയിരുന്നു. കൂട്ടിക്കൊണ്ടുപോകലിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തതിന്റെയും പോലീസ്‌ കേസ്‌ തേച്ചുമായ്ച്ചുകളയാന്‍ ശ്രമിക്കുന്നതിന്റെയും വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവന്നതിന്റെ പേരില്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയവരും കോതമംഗലം പോലീസ്‌ സ്റ്റേഷനിലെ കോണ്‍സ്റ്റബിളും മണല്‍മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയും ചേര്‍ന്ന്‌ ഗൂഢാലോചന നടത്തി ലേഖകനെ വധിക്കാന്‍ നേര്യമംഗലം മണല്‍മാഫിയയ്ക്ക്‌ ക്വട്ടേഷനും കൊടുത്തിരുന്നു.

വനിതാ മെമ്പറുടെ വധഭീഷണി കൂടിയുണ്ടായതോടെ വാസ്തവം പുറത്തുകൊണ്ടുവന്ന വസ്തുതകള്‍ ശരിയാണെന്ന്‌ തെളിഞ്ഞിരിക്കുന്നു. കോണ്‍സ്റ്റബിളും മാധ്യമപ്രവര്‍ത്തകനും ചേര്‍ന്ന്‌ ചമച്ച കഥകള്‍ പ്രതികളെ രക്ഷിക്കാനാണെന്നും വ്യക്തമായിരിക്കുന്നു.

ഏറ്റവുമൊടുവില്‍ പെണ്‍കുട്ടി പറഞ്ഞതായി മാധ്യമങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്ത ആരെയും ഞെട്ടിപ്പിക്കുന്നതാണ്‌. ഒന്നാം പ്രതിയെന്ന്‌ പോലീസ്‌ പറയുന്ന ഫോട്ടോഗ്രാഫര്‍ ഐസോളും സംഘവും പെണ്‍കുട്ടിയെ കാറില്‍ കൂട്ടിക്കൊണ്ടുപോയെന്നും രണ്ടു ദിവസം ഭക്ഷണം പോലും നല്‍കാതെ പീഡിപ്പിച്ചശേഷം മൂവാറ്റുപുഴയില്‍ ഇറക്കിവിട്ടുവെന്നും മനംനൊന്ത്‌ കടലില്‍ ചാടാനും പെണ്‍കുട്ടി കന്യാകുമാരിക്ക്‌ പോയെന്നും അവിടെവച്ച്‌ പോലീസിന്റെ പിടിയിലായെന്നും പോലീസ്‌ പെണ്‍കുട്ടിയെ മൂവാറ്റുപുഴയ്ക്ക്‌ ബസില്‍ കയറ്റിവിട്ടെന്നും മൂവാറ്റുപുഴയിലെത്തിയപ്പോള്‍ നൗഫല്‍, റസല്‍, ഷമീര്‍, ഷിയാസ്‌, റോബിന്‍ എന്നിവരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പിന്നീട്‌ വല്ലാര്‍പാടം പള്ളിക്കുസമീപം ഉപേക്ഷിക്കുകയായിരുന്നു എന്നൊക്കെയാണ്‌ വാര്‍ത്ത.

മൂവാറ്റുപുഴയില്‍നിന്ന്‌ ആത്മഹത്യചെയ്യാന്‍ പെണ്‍കുട്ടി കന്യാകുമാരിക്ക്‌ പോയിയെന്നും അവിടെവച്ച്‌ പോലീസ്‌ പിടിയിലായ പെണ്‍കുട്ടി മൂവാറ്റുപുഴയിലെത്തിയപ്പോള്‍ പീഡകസംഘം കാത്തുനിന്ന്‌ സ്വീകരിച്ചുവെന്നുമൊക്കെ വിശ്വസിക്കാന്‍ പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകനും കഴിഞ്ഞേക്കും. പക്ഷെ...

പോലീസിന്റെ ഈ നിലപാടിനെതിരെ ബിജെപി 19-ാ‍ം തീയതി പിണ്ടിമന പഞ്ചായത്ത്‌ ഓഫീസിനുമുന്നില്‍ നിശാധര്‍ണ നടത്തുന്നു. (17ന്‌ എന്ന്‌ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്തത്‌ ശരിയല്ല).

പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഉന്നതര്‍ക്ക്‌ കാഴ്ചവച്ച വിവരം മറച്ചുവയ്ക്കാന്‍ പോലീസും തല്‍പ്പരകക്ഷികളും നടത്തുന്ന നീക്കങ്ങള്‍ വിവാദമായിട്ടും വനിതാ കമ്മീഷന്‍ പ്രശ്നത്തില്‍ ഇടപെടാത്തത്‌ വ്യാപകമായ പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌. കമ്മീഷന്റെ ഈ നിലപാടിനെതിരെ വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിന്‌ ഒരുങ്ങുന്നതായാണ്‌ വിവരം. പോലീസും തല്‍പ്പരകക്ഷികളും കേസ്‌ അട്ടിമറിക്കുന്നതില്‍ തല്‍ക്കാലം വിജയിച്ചിരിക്കുകയാണ്‌. എന്നാല്‍ കേസിന്റെ ഉള്ളുകള്ളികള്‍ മുഴുവന്‍ അടുത്ത ദിവസങ്ങളില്‍ വാസ്തവം പ്രസിദ്ധീകരിക്കുന്നതാണ്‌.

വെളിവുകേടിന്റെ ക്രിയാത്മകാംശം

മൂന്നാറില്‍ സിപിഐയുടെ ബഹുനില നക്ഷത്ര ഓഫീസ്‌ സ്ഥിതിചെയ്യുന്ന 15 സെന്റ്‌ സ്ഥലത്തില്‍ 11 സെന്റ്‌ തങ്ങള്‍ക്ക്‌ വേണ്ട എന്ന്‌ പത്രസമ്മേളനം വിളിച്ച്‌ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ പ്രഖ്യാപിച്ചപ്പോള്‍ വെളിയത്തിനും കൂട്ടര്‍ക്കും വെളിവുവീണു എന്നും ഈ വെളിവ്‌ നേരത്തേ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നുമൊക്കെയാണ്‌ സാധാരണക്കാരുടെ ചിന്ത.

തെറ്റ്‌ സംഭവിച്ചാല്‍ അത്‌ സമ്മതിക്കുകയും തിരുത്തുകയും ചെയ്യുന്നതാണ്‌ കമ്മ്യൂണിസ്റ്റുകളുടെ അടിസ്ഥാന സ്വഭാവമെന്നും ഇത്‌ മറ്റ്‌ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കില്ലാത്ത കേവല മാന്യതയാണെന്നും അവകാശപ്പെട്ടാണ്‌ വെളിയം ഭാര്‍ഗ്ഗവന്‍ പാര്‍ട്ടിയുടെ മഹാമനസ്കത വെളിപ്പെടുത്തിയത്‌.

സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. അത്‌ നേരത്തേ സൂചിപ്പിച്ച സാധാരണ ജനങ്ങളുടെ ലൈനിലാണുതാനും. മൂന്നാര്‍ദൗത്യം അട്ടിമറിച്ചത്‌ സിപിഐയുടെ ഓഫീസിനു മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന നക്ഷത്ര ഹോട്ടലിലേക്കുള്ള പ്രവേശന കവാടം ദൗത്യസംഘം തകര്‍ത്തപ്പോള്‍ പുലിപോലെ ചീറിയടുത്ത വെളിയവും പന്ന്യനും ഇസ്മായേലും ഒക്കെയായിരുന്നില്ലേ. ഈ അഞ്ചാംപത്തി പരിപാടിക്ക്‌ പിണറായിപക്ഷത്തിന്റെ പിന്തുണയും ലഭിച്ചിരുന്നില്ലേ. കേരളം മുഴുവന്‍ ഒറ്റ മനസോടെ പിന്തുണച്ചതും കയ്യേറ്റ-റിസോര്‍ട്ട്‌ മാഫിയക്കെതിരെ ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ നടപ്പിലാക്കിതുമായ വിപ്ലവകരമായ ഒരു നീക്കത്തെയാണ്‌ അന്ന്‌ വെളിയവും കൂട്ടരും, അവരുടെ വെളിവുകേടുകൊണ്ട്‌ അല്ലെങ്കില്‍ അധികാര ഗര്‍വുകൊണ്ട്‌ അതുമല്ലെങ്കില്‍, ജനയുഗം പുനപ്രസിദ്ധീകരിക്കാന്‍ റിസോര്‍ട്ട്‌ മാഫിയകളില്‍നിന്നും കൈപ്പറ്റിയ കോടികള്‍ക്കുള്ള കൃതജ്ഞതയായി തകര്‍ത്തത്‌.

അന്ന്‌ സിപിഐ സ്വീകരിച്ച പ്രതിലോമകരമായ നിലപാടുമൂലമാണ്‌ കയ്യേറ്റക്കാര്‍ക്കെതിരെ കേരളത്തിലെമ്പാടുമാരംഭിച്ച 'ശുചീകരണ'പ്രവര്‍ത്തനം അവതാളത്തിലായത്‌. ഈ 'നേട്ടം' കൈവരിക്കാന്‍ പന്ന്യനും ഇസ്മായേലും വെളിയവും മൂന്നാര്‍ മുതല്‍ നാട്ടിലെമ്പാടും നടന്ന്‌ അച്യുതാനന്ദനെതിരെ നടത്തിയ ഭര്‍ത്സനങ്ങള്‍ ആരും മറന്നിട്ടില്ല.

അച്യുതാനന്ദനെ പൊതുജനമധ്യത്തില്‍ നാണംകെടുത്തി, സര്‍ക്കാര്‍ തുടക്കമിട്ട പൊതുജന പിന്തുണയുണ്ടായിരുന്ന ഒരു പരിപാടി തരിപ്പണമാക്കി, ഭൂമിമാഫിയകള്‍ക്ക്‌ കൊലവിളി നടത്താന്‍ അവസരമൊരുക്കിയ ശേഷം ഇന്ന്‌ വെളിയവും കൂട്ടരും 11 സെന്റ്‌ കൈയ്യൊഴിയുന്ന മഹാമനസ്കത പ്രകടിപ്പിക്കുമ്പോള്‍ അതിനുപിന്നിലെ ഹീനമായ രാഷ്ട്രീയ ലക്ഷ്യം കേരളീയര്‍ക്കെല്ലാം ബോധ്യമാകുന്നുണ്ട്‌.

മൂന്നാര്‍ മുതല്‍ കോഴിയിറച്ചി വരെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്ക്‌ സംഭവിച്ച ക്ഷീണം തീര്‍ക്കാനും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും മന്ത്രിമാരും സ്വീകരിച്ചിട്ടുള്ള താന്‍പോരിമ തുറന്നുകാട്ടാനും അതിലൂടെ അവരെ വെട്ടിലാക്കാനുമുള്ള നീചലക്ഷ്യമാണ്‌ ഈ പ്രഖ്യാപനത്തിന്‌ പിന്നിലുള്ളത്‌. മൂന്നാറില്‍ സിപിഎമ്മിന്റെ നക്ഷത്രപാര്‍ട്ടി ഓഫീസും കയ്യേറ്റഭൂമിയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. തങ്ങള്‍ 11സെന്റ്‌ വിട്ടുകൊടുക്കുമ്പോള്‍ സിപിഎമ്മിന്‌ മുഴുവന്‍ സ്ഥലവും കയ്യൊഴിയേണ്ടിവരും എന്ന കണക്കുകൂട്ടലിലാണ്‌ വെളിയത്തിന്റെ ഈ പ്രഖ്യാപനം വന്നിട്ടുള്ളത്‌. ആങ്ങള ചത്താലും വേണ്ടില്ല. നാത്തൂന്റെ കണ്ണീര്‌ കാണണമെന്ന മൂന്നാംകിട സ്ത്രീത്വ ചിന്തയാണ്‌ ഇക്കാര്യത്തില്‍ വെളിയത്തെ ഭരിക്കുന്നത്‌.

അന്ന്‌ സര്‍ക്കാര്‍ നിയോഗിച്ചതുകൊണ്ടും നിര്‍ദ്ദേശിച്ചതുകൊണ്ടും മാത്രം ദൗത്യസംഘത്തില്‍ അംഗങ്ങളായ കെ.സുരേഷ്കുമാറിനും രാജുനാരായണ സ്വാമിക്കും ഋഷിരാജ്‌ സിംഗിനുമെതിരെ സിപിഐ നേതാക്കള്‍ നടത്തിയ വ്യക്തിഹത്യാപ്രസ്താവനകളും ഇത്തരുണത്തില്‍ സ്മരിക്കേണ്ടതുണ്ട്‌.

അങ്ങനെ സര്‍ക്കാരിന്റെ ഏറ്റവും ജനകീയമായ ഒരു പരിപാടി പൊളിച്ചടക്കിയ ശേഷം ഇന്ന്‌ തിരിച്ചറിവും മാന്യതയും പ്രദര്‍ശിപ്പിക്കുന്ന വെളിയം ചെയ്യുന്നത്‌ മലര്‍ന്നുകിടന്ന്‌ തുപ്പുന്ന ബുദ്ധിശൂന്യതയാണ്‌.

അന്ന്‌, അതായത്‌ കെ.ഇ. ഇസ്മായേല്‍ റവന്യൂ മന്ത്രിയായിരുന്നപ്പോള്‍ നല്‍കിയ രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്ന്‌ വിളിക്കപ്പെടുന്ന ഇസ്മായേല്‍ പട്ടയങ്ങള്‍ അനധികൃതവും കൊടിയ വഞ്ചനയുടേതുമാണെന്ന്‌ തുറന്നുസമ്മതിക്കുകയാണ്‌ ഈ മഹാമനസ്കത പ്രഖ്യാപനത്തിലൂടെ വെളിയം ഭാര്‍ഗ്ഗവന്‍ എന്നുമാത്രമല്ല; മൂന്നാറില്‍ സിപിഐയുടെ പാര്‍ട്ടി ഓഫീസിന്‌ സ്ഥലം അനുവദിക്കണമെന്ന്‌ അപേക്ഷിച്ചത്‌ അന്നത്തെ സംസ്ഥാന സെക്രട്ടറി പി.കെ.വാസുദേവന്‍നായരായിരുന്നു. അദ്ദേഹത്തിന്റെ പേരിലാണ്‌ സ്ഥലം അനുവദിച്ചത്‌. എന്നാല്‍ പികെവിയുടെ ഒപ്പ്‌ വ്യാജമായി ഇട്ടാണ്‌ ഈ സ്ഥലം പാര്‍ട്ടി സ്വന്തമാക്കിയത്‌. അടിമുതല്‍ മുടിവരെ പൂത്തുലയുന്ന അഴിമതിയുടെ കഥകളാണ്‌ ഇതിലെല്ലാം തെളിഞ്ഞുനില്‍ക്കുന്നത്‌. മാസങ്ങള്‍ക്കുമുമ്പ്‌ അവയെ ന്യായീകരിച്ചവര്‍ ഇന്ന്‌ 11 സെന്റ്‌ ഉപേക്ഷിക്കുകവഴി തങ്ങള്‍ നടത്തിയ കൊള്ളരുതായ്മകള്‍ പരസ്യമായി സമ്മതിച്ചിരിക്കുകയാണ്‌. ഏത്‌ സ്വര്‍ണ്ണപാത്രം കൊണ്ട്‌ മറച്ചുവെച്ചാലും കള്ളം പുറത്തുവരുമെന്ന്‌ മാലോകരെ ബോധ്യപ്പെടുത്തുകയാണ്‌ വെളിയംഭാര്‍ഗ്ഗവന്‍. വെളിവിനും വെളിവുകേടിനും ഇങ്ങനെയും ചില നല്ലവശങ്ങളുണ്ട്‌.

നാക്ക്‌ വാടകക്ക്‌ കൊടുക്കപ്പെടും

ചോറ്റുപാത്രം മുതല്‍ ഗര്‍ഭപാത്രം വരെ വാടകക്ക്‌ കിട്ടുന്ന കാലത്ത്‌ ഒരാള്‍ സ്വന്തം നാക്ക്‌ വാടകക്ക്‌ നല്‍കുന്നതിന്‌ എന്തണ്‌ കുഴപ്പം?

അത്യാവശ്യത്തിന്‌ 'റെവലൂഷന്‍' പറയുമെന്നല്ലാതെ ചന്ദ്രചൂഡന്‍ സഖാവിനെക്കൊണ്ട്‌ കേരളത്തുകാര്‍ക്ക്‌ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല.

സുധാകരന്‍, ദിവാകരന്‍ തുടങ്ങിയ സഖാക്കളെപ്പോലെതന്നെ യോഗ്യന്‍. ഒറ്റവെട്ടിന്‌ രണ്ടു കഷണമാക്കുന്ന തരം വായില്‍നാവ്‌ മാത്രമാണ്‌ സഖാവിന്റെ സമ്പാദ്യം!

ആവശ്യത്തിന്‌ തണ്ടും തടിയും ഉണ്ടായിട്ടും ആവശ്യത്തിന്‌ പ്രായവും പക്വതയും ഉണ്ടായിട്ടും ആവശ്യത്തിന്‌ കഷണ്ടിയും കണ്ണടയും ഉണ്ടായിട്ടും സഖാവിനെ എല്‍ഡിഎഫ്‌ മന്ത്രിയാക്കിയില്ല.

അതൊരു ഭയങ്കര ചെയ്ത്തായിരുന്നു. എല്‍ഡിഎഫിനെ ഭരണത്തിലേറ്റാന്‍, യുഡിഎഫിനെ പരണത്ത്‌ കേറ്റാന്‍ വായിലെ വെള്ളമൊരുപാട്‌ വറ്റിച്ചൊരു സഖാവാണ്‌ ചന്ദ്രചൂഡന്‍. എന്നട്ടും അച്ചുമ്മാമന്‍ ആളെ കൈക്കൊണ്ടില്ല!

ഇനിയിപ്പൊ എന്താ ചെയ്ക?

പെണ്ണായി പിറന്നിരുന്നെങ്കില്‍ ഗര്‍ഭപാത്രം വാടകക്ക്‌ കൊടുത്ത്‌ ജീവിക്കാമായിരുന്നു. ആണായിപ്പോയില്ലേ? വായിലെ നാക്കുതന്നെ വാടകക്ക്‌ കൊടുക്കാമെന്നു വച്ചത്‌ അങ്ങനെയാണ്‌!

ഇന്ത്യയില്‍ നേരെ ചൊവ്വേ തെരഞ്ഞെടുപ്പ്‌ നടത്തി ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന പാര്‍ട്ടികളില്‍ മുന്‍പന്തിയിലുള്ള പാര്‍ട്ടിയാണ്‌ സിപിഎം എന്ന്‌ സിണ്ടിക്കേറ്റ്‌ പത്രക്കാര്‍ വരെ സമ്മതിക്കും. നേതാക്കളെ തെരഞ്ഞെടുക്കാനും പാര്‍ട്ടി പരിപാടി ചര്‍ച്ച ചെയ്യാനും നടത്തുന്ന സമ്മേളനങ്ങളെ ചന്ദ്രചൂഡന്‍ സഖാവു വിമര്‍ശിക്കാന്‍ നടന്നതാണിപ്പോള്‍ വിവാദമായിരിക്കുന്നത്‌!

കമ്യൂണിസ്റ്റുകാരെ റെവല്യൂഷന്‍കാരന്‍ വിമര്‍ശിച്ചാല്‍ പിണറായി പിണങ്ങുക സ്വാഭാവികം! വെറുതെ വടി കൊടുത്ത്‌ അടി വാങ്ങിച്ചെന്നു പറഞ്ഞാല്‍ മതി.

അഞ്ചു കൊല്ലത്തെ ഭരണം കൊണ്ട്‌ സിപിഐ, ആറെസ്പി, കേകോണ്‍ജെ എന്നീ വമ്പന്‍ പാര്‍ട്ടികളെ ഒരരുക്കാക്കുകയെന്നതാണ്‌ വല്യേട്ടന്റെ ഉള്ളിലിരിപ്പ്‌. പി സി ജോര്‍ജിനതു മനസിലായി എന്നതാണ്‌ ആ അച്ചായന്‍ മാണിച്ചായനുമായി സഖ്യത്തിലായതിനു പിന്നിലെ ദിവ്യരഹസ്യം.

റവല്യൂഷന്‍കാരനും വലതു കമ്യൂണിസ്റ്റുകാരും ജോസപ്പച്ചായനും പി സി ജോര്‍ജിന്റെ വഴി തേടുകതന്നെയാണ്‌ ബുദ്ധി.

വെറുതെ നാക്ക്‌ വാടകക്ക്‌ കൊടുത്ത്‌ വെടക്കാകാന്‍ നില്‍ക്കാതെ ആ വഴി തന്നെ നോക്കരുതോ സഖാക്കളേ!

Saturday, December 15, 2007

കോതമംഗലം: വാസ്തവം ലേഖകന്‌ വധഭീഷണി

  • പോലീസും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയവരും ഗൂഢാലോചനയില്‍
  • ക്വട്ടേഷന്‍ നേര്യമംഗലം മണല്‍മാഫിയക്ക്‌
  • ക്രൈംബ്രാഞ്ച്‌ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു
സ്വന്തം ലേഖിക
കൊച്ചി: ഹോം നഴ്സിംഗ്‌ വിദ്യാര്‍ത്ഥിനിയെ ഉന്നതന്മാര്‍ക്ക്‌ കാഴ്ചവയ്ക്കാന്‍ കൂട്ടിക്കൊണ്ടുപോയ സംഘത്തെ സംരക്ഷിച്ച്‌ വാര്‍ത്ത വളച്ചൊടിച്ച പോലീസിന്റെയും മാധ്യമപ്രവര്‍ത്തകന്റെയും ഗൂഢാലോചനകള്‍ റിപ്പോര്‍ട്ട്‌ ചെയ്തതിന്റെ പേരില്‍ വാസ്തവം ലേഖകന്‌ വധഭീഷണി.

മണല്‍മാഫിയയുമായി ബന്ധമുള്ള കോണ്‍സ്റ്റബിളാണ്‌ ഇതിനുള്ള ക്വട്ടേഷന്‍ നേര്യമംഗലത്തെ മണല്‍മാഫിയയ്ക്ക്‌ നല്‍കിയതെന്ന്‌ വ്യക്തമായി. കൂടാതെ ചിപ്സ്‌ വ്യാപാരിയുടെ സുഹൃത്ത്‌ എന്നവകാശപ്പെട്ട്‌ മറ്റൊരു വ്യക്തിയും ലേഖകനെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുണ്ട്‌.

മണല്‍മാഫിയയുമായി ബന്ധമുള്ള കോതമംഗലം സ്റ്റേഷനിലെ കോണ്‍സ്റ്റബിളും മാധ്യമപ്രവര്‍ത്തകനും ചേര്‍ന്നാണ്‌ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച്‌ പ്രചരിപ്പിക്കുന്നത്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ കോതമംഗലത്തും പരിസരത്തുമുള്ള ചില പെണ്‍വാണിഭക്കാരാണ്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വഴിനീളെ പീഡിപ്പിച്ചുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്‌. കൂടാതെ അഞ്ചിലധികം പ്രതികള്‍ കൂടി ഈ കേസിലുണ്ടെന്ന്‌ ഇവര്‍ പ്രചരിപ്പിക്കുന്നത്‌.

കോതമംഗലം സിഐയെ ശബരിമല ഡ്യൂട്ടിക്ക്‌ നിയോഗിച്ചുവെന്നും അതുകൊണ്ട്‌ അന്വേഷണം മരവിച്ചുവെന്നും ഇവര്‍ വാര്‍ത്ത പ്രചരിപ്പിച്ചിട്ടുണ്ട്‌. കുറുപ്പംപടി സിഐയെ ആണ്‌ ശബരിമല ഡ്യൂട്ടിക്ക്‌ നിയോഗിച്ചിട്ടുള്ളത്‌.


പെണ്‍കുട്ടിയെ തിരുവനന്തപുരത്ത്‌ കൊണ്ടുപോയവരെക്കുറിച്ചും ഉന്നതന്മാര്‍ക്ക്‌ കാഴ്ചവച്ചവരെക്കുറിച്ചും തിരുവനന്തപുരത്തുവച്ച്‌ പീഡിപ്പിച്ചവരെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ പെണ്‍കുട്ടി കോതമംഗലം പോലീസിന്‌ നല്‍കിയതാണ്‌. എന്നാല്‍ ആ ദിശയിലുള്ള അന്വേഷണമല്ല ഇപ്പോള്‍ നടക്കുന്നത്‌. തല്‍പ്പരകക്ഷികളെ സംരക്ഷിക്കാന്‍ ഈ കേസില്‍ നിരപരാധികളായവരെയാണ്‌ പ്രതികളായി ചിത്രീകരിച്ചിട്ടുള്ളതും കസ്റ്റഡിയിലെടുത്തിട്ടുള്ളതും. ഇത്‌ വ്യാപകമായ പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌.

പെണ്‍കുട്ടിയെ പീഡിപ്പിച്ച യഥാര്‍ത്ഥ പ്രതികളെ ലോക്കല്‍ പോലീസ്‌ സംരക്ഷിക്കുകയാണെന്നും അതുകൊണ്ട്‌ അന്വേഷണം മറ്റൊരു ഏജന്‍സിക്ക്‌ വിടണമെന്നും കേരള യൂത്ത്‌ ഫ്രണ്ട്‌ (ബി) സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍ ആവശ്യപ്പെട്ടു.

ഈ കേസിലെ അന്വേഷണം തൃപ്തികരമല്ലെന്നും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷണം ശക്തിപ്പെടുത്തണമെന്നും കോതമംഗലം താലൂക്ക്‌ പൗരസമിതിക്കുവേണ്ടി പൗലോസ്‌ തങ്കച്ചന്‍ ആവശ്യപ്പെട്ടു.

പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ സംരക്ഷിച്ച്‌ കേസന്വേഷണം വഴിതിരിച്ചുവിടുന്ന പോലീസ്‌ നിലപാടിനെതിരെ പിണ്ടിമന പഞ്ചായത്ത്‌ ഓഫീസിനുമുന്നില്‍ തിങ്കളാഴ്ച സായാഹ്ന ധര്‍ണ നടത്താന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്‌.

പെണ്‍കുട്ടിയെ യഥാര്‍ത്ഥ പ്രതികള്‍ക്ക്‌ പരിചയപ്പെടുത്തിയത്‌ പെണ്‍കുട്ടി പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിലെ ഒരു ജീവനക്കാരിയാണെന്ന വാര്‍ത്തയും തട്ടിക്കൊണ്ടുപോയി എന്നു പറയപ്പെടുന്ന ദിവസം രാവിലെ പെണ്‍കുട്ടി ആ സ്ഥാപനത്തിലെത്തിയിട്ടുണ്ടെന്ന വാര്‍ത്തയും പുറത്തുവന്നതോടെയാണ്‌ കേസന്വേഷണത്തിന്റെ സ്വഭാവം മാറ്റിമറിക്കുന്നരീതിയിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്‌. അതായത്‌ പെണ്‍കുട്ടിയെ ഉന്നതന്മാര്‍ക്ക്‌ കാഴ്ചവച്ചവരെ സംരക്ഷിക്കാന്‍ സമുദായതലത്തിലും ഉന്നതസമ്മര്‍ദ്ദമുണ്ടെന്ന്‌ വ്യക്തമാകുന്നു.

ഇതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ഉണ്ടെന്ന പോലീസിന്റെ വെളിപ്പെടുത്തല്‍ കോതമംഗലത്തെയും പരിസരത്തെയും ഓട്ടോറിക്ഷാ തൊഴിലാളികളില്‍ വ്യാപകമായ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്‌. ആരെന്ത്‌ വൃത്തികേട്‌ കാണിച്ചാലും ഓട്ടോറിക്ഷാ തൊഴിലാളികളുടെ നെഞ്ചത്തുകയറുന്ന സ്വഭാവമാണ്‌ കോതമംഗലം പോലീസിനുള്ളതെന്ന്‌ ഇവര്‍ ആരോപിക്കുന്നു.

ശിശുപീഡനം: മാതാപിതാക്കള്‍ വക

കാക്കയ്ക്കുമാത്രമല്ല മനുഷ്യനും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞാണ്‌. അതുകൊണ്ടുതന്നെ മറ്റ്‌ കുട്ടികളില്‍നിന്നും വ്യത്യസ്തരും മിടുക്കരുമായി അവര്‍ വളരാന്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത്‌ സ്വാഭാവികം. അതിനുവേണ്ടി അവരവരുടെ കഴിവിനനുസരിച്ച്‌ ചെലവിടുന്നതും ന്യായീകരിക്കാവുന്നത്‌. എന്നാല്‍ തന്റെ കുട്ടി മറ്റുള്ളവരില്‍നിന്ന്‌ ഏറ്റവും മിടുക്കനാകണം എന്ന ചിന്തയില്‍ കുഞ്ഞുമനസില്‍ സമ്മര്‍ദ്ദങ്ങള്‍ ഏല്‍പ്പിക്കുന്നതും കടുത്ത ശിക്ഷണത്തോടെ ശൈശവത്തില്‍തന്നെ വിദേശഭാഷാ പഠനമുള്‍പ്പെടെയുള്ള എറ്റിക്കേറ്റുകള്‍ പരിശീലിപ്പിക്കുന്നതും മിതമായി പറഞ്ഞാല്‍ ക്രൂരതയാണ്‌, കാടത്തമാണ്‌. ഈ മാതാപിതാക്കള്‍ക്ക്‌ മക്കളോട്‌ സ്നേഹമല്ല ഉള്ളത്‌, മറിച്ച്‌ തന്റെ അയല്‍ക്കാരുടെ മുമ്പില്‍ ഞെളിഞ്ഞുനില്‍ക്കാനുള്ള വൃത്തികെട്ട അഹങ്കാരമാണ്‌ അവരെ ഭരിക്കുന്നത്‌.
പൊങ്ങച്ചത്തിന്റെയും കാപട്യത്തിന്റെയും ഈ ഇന്ത്യന്‍ രക്ഷാകര്‍തൃത്വത്തെ കുഞ്ഞുണ്ണിമാഷ്‌ കണക്കിന്‌ പ്രഹരിച്ചിട്ടുണ്ട്‌:

"ജനിക്കുമുതലെന്‍മകന്‍ ഇംഗ്ലീഷ്‌ പറയേണം
അതിനായി ഭാര്യതന്‍ പേറങ്ങങ്ങിംഗ്ലണ്ടില്‍ തന്നെയാക്കി"

ഈ ഈരടിയില്‍ കവി മാതാപിതാക്കള്‍ക്ക്‌ നല്‍കിയ ഉപദേശം തന്നെയാണ്‌ കഴിഞ്ഞ ദിവസം സുപ്രീം കോടതി സുപ്രധാനമായ ഒരു പ്രതികരണത്തിലൂടെ വ്യക്തമാക്കിയത്‌.

മാതാപിതാക്കളുടെ സ്നേഹവും വാല്‍സല്യവും സംരക്ഷണവും ലഭിക്കേണ്ട ശൈശവത്തില്‍ കുഞ്ഞുങ്ങളെ ഇംഗ്ലീഷ്‌ പഠനമുള്‍പ്പെടെയുള്ള പീഡനങ്ങള്‍ക്ക്‌ വിധേയമാക്കുന്ന എല്‍.കെ.ജി., യു.കെ.ജി. സംസ്ക്കാരത്തിനെതിരായാണ്‌ ചീഫ്‌ ജസ്റ്റിസ്‌ കെ.ജി. ബാലകൃഷ്ണന്‍, ജസ്റ്റിസുമാരായ ആര്‍.വി. രവീന്ദ്രന്‍, ജെ.എം. പഞ്ചല്‍ എന്നിവരടങ്ങിയ ബഞ്ച്‌ രോഷത്തോടെ പ്രതികരിച്ചത്‌.

നഴ്സറി പ്രവേശന പ്രായപരിധി മൂന്നുവയസായി കുറയ്ക്കണമെന്നാവശ്യപ്പെട്ട്‌ ഫോറം ഫോര്‍ പ്രമോഷന്‍ ഫോര്‍ ക്വാളിറ്റി എഡ്യുക്കേഷന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു ജഡ്ജിമാര്‍ പൊട്ടിത്തെറിച്ചത്‌. മൂന്നാം വയസില്‍ നഴ്സറി പ്രവേശനം അനുവദിച്ചാല്‍ ഒന്നാം ക്ലാസില്‍ ചേരുംമുമ്പ്‌ രണ്ടു വര്‍ഷത്തെ പരിശീലനത്തിന്‌ അവസരം ലഭിക്കുമെന്ന്‌ ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടിയപ്പോഴാണ്‌ കോടതിയില്‍ നിന്ന്‌ രൂക്ഷമായ പ്രതികരണമുണ്ടായത്‌. മൂന്നു വയസ്‌ കുട്ടികളെ സ്കൂളില്‍ അയക്കാനുള്ള പ്രായമല്ലെന്നും സ്കൂളുകളില്‍ രണ്ടു വര്‍ഷ നഴ്സറി കോഴ്സുകള്‍ (എല്‍കെജി, യുകെജി) അനുവദിക്കാന്‍ കഴിയുകയില്ലെന്നുമാണ്‌ സുപ്രീം കോടതി വ്യക്തമാക്കിയത്‌.

മത്സരം അതിജീവനത്തിന്റെ മാനദണ്ഡമായ വര്‍ത്തമാനകാലത്ത്‌ കുഞ്ഞുങ്ങള്‍ എല്ലാ മേഖലയിലും പ്രാവീണ്യം നേടണമെന്ന മാതാപിതാക്കളുടെ ആഗ്രഹത്തെ കുറ്റപ്പെടുത്താന്‍ കഴിയുകയില്ല. എന്നാല്‍ മുലകുടി മാറും മുമ്പ്‌ കടുത്ത അച്ചടക്കത്തിന്റെയും സമയബന്ധിതമായ പെരുമാറ്റരീതികളുടെയും ലോകത്തിലേക്ക്‌ അവരെ തള്ളിവിടുന്നത്‌ ഗുണത്തെക്കാളുപരി ദോഷമേ ചെയ്യുകയുള്ളുവെന്ന്‌ അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.

പക്ഷെ കുഞ്ഞുങ്ങള്‍ തങ്ങളുടെ മുന്നിലെത്തുന്ന വിഷയങ്ങള്‍ പഠിക്കുന്നതിനൊപ്പംപോലും മാതാപിതാക്കള്‍ ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നില്ല എന്നതാണ്‌ ഞെട്ടിക്കുന്ന വസ്തുത. ശൈശവത്തില്‍ മാതാപിതാക്കളുടെ സ്നേഹവും സംരക്ഷണയും ലഭിച്ചാല്‍ മാത്രമേ ആശാസ്യമായ മൂല്യബോധങ്ങളും അതിനനുസൃതമായ പെരുമാറ്റ രീതികളും കുഞ്ഞുങ്ങളില്‍ രൂപംകൊള്ളുകയുള്ളു. ചെറിയ തെറ്റിനുപോലും, തന്റെ സ്വന്തമല്ലെന്ന്‌ കുഞ്ഞ്‌ തിരിച്ചറിയുന്ന വ്യക്തിയില്‍ നിന്ന്‌ കഠിന ശിക്ഷകള്‍ ലഭിക്കുമ്പോള്‍ മനസില്‍ ഉരുവാകുന്ന വേദനയും പ്രതികാരവും പില്‍ക്കാലത്ത്‌ ആ കുഞ്ഞിന്റെ വളര്‍ച്ചയെ അതിഗുരുതരമായി ബാധിക്കും. മാത്രമല്ല, മാതൃഭാഷയില്‍ ആശയവിനിമയം ചെയ്തും ചിന്തിച്ചും വളര്‍ന്നെങ്കില്‍ മാത്രമേ പ്രായപൂര്‍ത്തിയാകുമ്പോള്‍ പ്രശ്നങ്ങളെ ക്രിയാത്മകമായി വിലയിരുത്താനും വിഷയങ്ങളെ സ്വീകാര്യമായി അവതരിപ്പിക്കാനും കഴിയുകയുള്ളൂ. ഇന്ത്യയിലെ മധ്യവര്‍ഗത്തെ ബാധിച്ചിട്ടുള്ള വികലമായ ഒരു ചിന്തയാണ്‌ ആംഗലേയത്തില്‍ പ്രൈമറി ക്ലാസുമുതല്‍ വിദ്യാഭ്യാസം നേടിയെങ്കില്‍ മാത്രമെ പ്രായപൂര്‍ത്തിയാകുമ്പോള്‍ മികച്ച ജോലിയും ജീവിത സാഹചര്യങ്ങളും കരഗതമാക്കാന്‍ കഴിയൂ എന്നത്‌.

എന്നാല്‍ അനുഭവങ്ങള്‍ നേരെ വിപരീതമാണ്‌. ബിരുദപഠനം കഴിഞ്ഞവര്‍ക്കുപോലും ശരിയായ രീതിയില്‍ ആംഗലേയഭാഷ ഉച്ചരിക്കാനോ കൈകാര്യം ചെയ്യാനോ സാധിക്കുന്നില്ല. മാത്രമല്ല, സ്വന്തം ഭാഷയും സ്വന്തം സാഹചര്യങ്ങള്‍ നല്‍കുന്ന വിശകലനപാടവവും അവര്‍ക്ക്‌ നഷ്ടമാകുന്നു. അതായത്‌ ഒരുതരം ശിഖണ്ഡി പരുവത്തിലുള്ള വിദ്യയാണ്‌ ഇന്ന്‌ കുഞ്ഞുങ്ങള്‍ അഭ്യസിക്കുന്നത്‌.

ഇത്‌ ശരിക്കും വിദ്യാഭ്യാസപരമായും വ്യക്തിത്വപരമായും മാതാപിതാക്കള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുന്ന, നിര്‍ബദ്ധപൂര്‍വം സൃഷ്ടിക്കപ്പെടുന്ന ശാപാവസ്ഥയാണ്‌. മിടുക്കനും മികവുള്ളവനുമാക്കാന്‍ അടിച്ചേല്‍പ്പിക്കുന്ന ശൈശവത്തിലെ ഈ നിര്‍ബന്ധങ്ങള്‍ പില്‍ക്കാലത്ത്‌ വെളുക്കാന്‍ തേച്ചത്‌ പാണ്ഡായി മാറി എന്ന അവസ്ഥയോളം കൊണ്ടെത്തിക്കും.

ഇത്‌ തിരിച്ചറിയാന്‍ സുപ്രീം കോടതിക്കുണ്ടായ വകതിരിവ്‌ നമ്മുടെ മാതാപിതാക്കള്‍ക്കുകൂടിയുണ്ടായാല്‍ കുഞ്ഞുങ്ങള്‍ സ്നേഹവും സൗമനസ്യവും സമഭാവനയുമുള്ള വ്യക്തികളായി വളരും. അപ്പോള്‍ ഇന്നു കാണുന്ന പല സ്വഭാവ വ്യതിയാനങ്ങളും ഇല്ലാതാകുകയും ചെയ്യും.

മക്കള്‍ നല്ല നിലയില്‍ വളരണമെന്നും പില്‍ക്കാലത്ത്‌ മാന്യമായി ജീവിക്കണമെന്നും ആഗ്രഹിക്കുന്ന മാതാപിതാക്കളെല്ലാം സുപ്രീം കോടതിയുടെ അഭിപ്രായമനുസരിച്ച്‌ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ഇന്നു പുലര്‍ത്തുന്ന അനാവശ്യ നിര്‍ബന്ധങ്ങളില്‍നിന്ന്‌ പിന്മാറുമെന്നുതന്നെയാണ്‌ ഞങ്ങളുടെ പ്രതീക്ഷ.