Tuesday, December 18, 2007

അയ്യപ്പനെ മുന്നില്‍നിര്‍ത്തി ഗ്രൂപ്പുകളി

"മുടിഞ്ഞ കൂത്ത്‌ ഇരുന്നു കാണണം" എന്നൊരു മൂന്നാംകിട ഗ്രാമീണചൊല്ലുണ്ട്‌. അതേ അവസ്ഥയാണ്‌ ശബരിമലയിലെ അരവണ വിതരണ വിഷയത്തില്‍ ഇപ്പോഴുള്ളത്‌. മണ്ഡലകാലം അവസാനിക്കാന്‍ പത്തുദിവസം മാത്രം ബാക്കിയുള്ളപ്പോഴും അരവണ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാനോ അതിന്റെ മറവില്‍ നടക്കുന്ന വന്‍ വെട്ടിപ്പും ക്രമക്കേടും നിയന്ത്രിക്കാനോ നാക്കുകൊണ്ട്‌ ആരെയും അരിഞ്ഞുവീഴ്ത്തുന്ന അരിങ്ങോടരായ സുധാകരനോ മുഖ്യമന്ത്രിക്കോ കഴിഞ്ഞിട്ടില്ല.

അതേസമയം അയ്യപ്പനെ മുന്‍നിര്‍ത്തി ഗ്രൂപ്പുകളിച്ച്‌ മണ്ഡലകാലത്ത്‌ അയ്യപ്പഭക്തന്മാരെ ചെണ്ട കൊട്ടിക്കാന്‍ മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റും അംഗങ്ങളും അന്യോന്യം മത്സരിക്കുകയാണ്‌.

ജി. രാമന്‍നായര്‍ പ്രസിഡന്റായിരുന്ന കഴിഞ്ഞ ദേവസ്വം ബോര്‍ഡ്‌ അഴിമതിയുടെ നീലിമലയാണെന്ന്‌ ആരോപിച്ച്‌ അവരെ ഇറക്കിവിട്ടശേഷമാണ്‌ ഇഎംഎസിന്റെ മരുമകനായ സി.കെ. ഗുപ്തനെ പ്രസിഡന്റാക്കി പുതിയ ദേവസ്വം ബോര്‍ഡ്‌ രൂപീകരിച്ചത്‌. അധികാരമേറ്റ്‌ പത്തുമാസം ലഭിച്ചിട്ടും മണ്ഡല-മകരവിളക്ക്‌ കാലത്ത്‌ അയ്യപ്പഭക്തന്മാര്‍ക്ക്‌ നല്‍കേണ്ട ദിവ്യപ്രസാദമായ അരവണയുടെ വിതരണം തടസം കൂടാതെ നടത്താനുള്ള നടപടികള്‍ ഇവരില്‍നിന്നുണ്ടായില്ല. ദേവസ്വം മന്ത്രിയും പ്രസിഡന്റും ഒരുപക്ഷത്തും അംഗങ്ങളായ പി. നാരായണനും സുമതിക്കുട്ടിയമ്മയും മറുപക്ഷത്തും നിന്ന്‌ അന്യോന്യം ആരോപണങ്ങളുടെ ചെളിവാരിയെറിഞ്ഞ്‌ രമിക്കുകയും രസിക്കുകയുമായിരുന്നു ഇവര്‍.

എന്നിട്ടാണിപ്പോള്‍ അയ്യപ്പനെ മുന്‍നിര്‍ത്തിയുള്ള വൃത്തികെട്ട ഗ്രൂപ്പ്‌ കളിക്ക്‌ അച്യുതാനന്ദനും ജി. സുധാകരനും തയ്യാറായത്‌. അരവണ വിതരണത്തിലെ അപാകതകള്‍ മൂലം തീര്‍ത്ഥാടകര്‍ ദുഃഖിതരായപ്പോള്‍ പ്രശ്നം പരിഹരിക്കാനെന്നോണം മന്ത്രി വിളിച്ചുകൂട്ടിയ യോഗത്തില്‍നിന്ന്‌ മന്ത്രിതന്നെ ക്ഷോഭിച്ചിറങ്ങിപ്പോയി വിഷയത്തിന്റെ നിഗൂഢത വര്‍ധിപ്പിച്ചത്‌ കഴിഞ്ഞ ആഴ്ചയിലായിരുന്നു. ആ യോഗത്തിലാണ്‌ അരവണ പാത്രങ്ങളില്‍ വിതരണം ചെയ്യാനുള്ള തീരുമാനം എടുത്തതും നടപ്പിലാക്കിയതും. തീര്‍ത്ഥാടകര്‍ക്ക്‌, പ്രത്യേകിച്ച്‌ തമിഴ്‌നാട്‌, കര്‍ണാടക തുടങ്ങി അന്യസംസ്ഥാനങ്ങളില്‍ നിന്നും ദൂരസ്ഥലങ്ങളില്‍ നിന്നുമെത്തുന്ന അയ്യപ്പഭക്തന്മാര്‍ക്ക്‌ പാത്രത്തിലെ അരവണ വിതരണം അനുഗ്രഹത്തേക്കാള്‍ ശാപമായാണ്‌ ഫലിച്ചത്‌. ഭഗവാന്റെ പ്രസാദം ഭക്തിയോടും വിശുദ്ധിയോടും വീടുകളിലെത്തിക്കാന്‍ ആഗ്രഹിച്ചാലും നടക്കാത്ത സാഹചര്യമാണ്‌ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡും ഒപ്പിച്ചുകൂട്ടിയത്‌.

ഇതിനെതിരെ എതിര്‍പ്പുയര്‍ന്നപ്പോള്‍ സുധാകരന്റെ വികടസരസ്വതി വീണ്ടും കേട്ടു. കുചേലന്‍ മുഷിഞ്ഞ തുണിയിലാണ്‌ ശ്രീകൃഷ്ണനുവേണ്ടി അവല്‍ കൊണ്ടുപോയതെന്നും അതുകൊണ്ട്‌ പാത്രങ്ങളില്‍ അരവണ വാങ്ങുന്നതാണ്‌ പണം ഇല്ലാത്തവര്‍ക്ക്‌ യോജിക്കുന്നതെന്നും ടിന്നിലടച്ച അരവണ വാങ്ങുന്നത്‌ പണക്കാരന്റെ ഡംഭാണെന്നും അത്‌ സമ്പന്നന്മാരുടെ വൃത്തികെട്ട രീതിയാണെന്നുമൊക്കെയായിരുന്നു സുധാകരന്റെ വിശദീകരണം. പ്രസാദം കയ്യിലാണ്‌ വാങ്ങേണ്ടത്‌ ടിന്നിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അരവണ വിതരണത്തില്‍ അഴിമതികാട്ടി ഭക്തജനങ്ങളെ ബുദ്ധിമുട്ടിച്ചതുകൂടാതെ അനാവശ്യമായി കുചേല-കുബേര സിദ്ധാന്തം എഴുന്നള്ളിച്ച്‌ മന്ത്രി ഒരിക്കല്‍കൂടി പരസ്യമായി അവഹേളിതനായി.

മന്ത്രി ഇങ്ങനെ തോന്ന്യാസങ്ങള്‍ കാണിച്ചും പറഞ്ഞും നാടാകെ ചുറ്റിയടിച്ചപ്പോള്‍ ഈ മന്ത്രിയെകൊണ്ടും ദേവസ്വം ബോര്‍ഡിനെകൊണ്ടും ഒരു ചുക്കം ചെയ്യാന്‍ കഴിയുകയില്ല എന്ന്‌ തെളിയിക്കാനാവണം മുഖ്യമന്ത്രി ഇന്നലെ മുന്നിട്ടിറങ്ങിയതെന്നു തോന്നുന്നു. അരവണ വിതരണത്തിലെ അപാകതയുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്നലെ വിളിച്ചുകൂട്ടിയ യോഗത്തില്‍ പക്ഷെ ദേവസ്വം മന്ത്രി പങ്കെടുത്തില്ല. ബോര്‍ഡ്‌ പ്രസിഡന്റിനേയും അംഗങ്ങളേയും ജനപ്രതിനിധികളേയും പങ്കെടുപ്പിച്ചില്ല. ഉദ്യോഗസ്ഥരെ മാത്രം വിളിച്ചുകൂട്ടി മുഖ്യമന്ത്രി ചില പരിഷ്ക്കരണ നടപടികള്‍ക്ക്‌ രൂപം കൊടുക്കുകയും ചെയ്തു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയമാവലിയനുസരിച്ച്‌ ബോര്‍ഡിന്റെ അനുമതിയോ അംഗീകാരമോ ഇല്ലാതെ ശബരിമലയില്‍ മന്ത്രിക്കെന്നല്ല മുഖ്യമന്ത്രിക്കും ഒരു ചുക്കും ചെയ്യാന്‍ കഴിയുകയില്ല എന്ന്‌ വ്യക്തമായിരിക്കെ എന്തിനായിരുന്നു ഇന്നലത്തെ പ്രഹസനം.

ഇന്നലത്തെ യോഗത്തിലേക്ക്‌ ട്രാന്‍സ്പോര്‍ട്ട്‌ മന്ത്രി, ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി എന്നിവരേയും ക്ഷണിച്ചിരുന്നു. എന്നാല്‍ മാത്യു ടി. തോമസ്‌ മാത്രമാണ്‌ യോഗത്തില്‍ പങ്കെടുത്തത്‌. പിണറായിപക്ഷക്കാരെന്ന്‌ അറിയപ്പെടുന്ന കോടിയേരി ബാലകൃഷ്ണനും പി.കെ. ശ്രീമതിയും യോഗത്തില്‍ നിന്ന്‌ വിട്ടുനിന്നു. പിണറായിപക്ഷക്കാരന്‍ തന്നെയായ സുധാകരനും മാറിനിന്നു. എന്നാല്‍ ഇവരെല്ലാം ജില്ലാ സമ്മേളനങ്ങളില്‍ പിണറായിപക്ഷത്തെ വിജയിപ്പിച്ചെടുക്കാനുള്ള ശ്രമത്തില്‍ പങ്കാളികളുമായിരുന്നു. കാസര്‍കോട്‌ നിന്ന്‌ ചേര്‍ത്തലവരെ എത്തിയ ദേവസ്വം മന്ത്രി ചേര്‍ത്തലയില്‍ പാര്‍ട്ടി യോഗത്തില്‍ പിണറായിപക്ഷത്തിനുവേണ്ടി ചുക്കാന്‍ പിടിക്കാന്‍ സമയം കണ്ടെത്തിയപ്പോള്‍ അദ്ദേഹം ഭരിക്കുന്ന വകുപ്പുമായി ബന്ധപ്പെട്ട ഏറ്റവും ഗൗരവമുള്ള ഒരു വിഷയത്തെക്കുറിച്ച്‌ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മനസ്‌ കാണിച്ചതുമില്ല.

ദേവസ്വം മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ പങ്കെടുക്കാന്‍ അസൗകര്യം ഉള്ളപ്പോള്‍ യോഗം വിളിച്ചുകൂട്ടിയ മുഖ്യമന്ത്രിയുടെ നടപടിയും മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തിന്റെ ഗൗരവം അറിഞ്ഞിട്ടും പാര്‍ട്ടി സമ്മേളനങ്ങളില്‍ സജീവമായ സുധാകരനും കോടിയേരിയും പി.കെ. ശ്രീമതിയും ഒരേപോലെ കുറ്റക്കാരാണ്‌. അയ്യപ്പനെ മുന്‍നിര്‍ത്തി ഇവര്‍ ഗ്രൂപ്പ്‌ കളിച്ചപ്പോള്‍ പരിഹരിക്കാതെപോയത്‌ തീര്‍ത്ഥാടകരുടെ വേദനയാണ്‌. ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നാണ്‌ മുഖ്യമന്ത്രിയുടെ ഉറപ്പ്‌. എന്നാല്‍ മണ്ഡലകാലം കഴിയാന്‍ ഇനി പത്തു ദിവസമേയുള്ളൂ.

മുന്‍പൊരിക്കല്‍ ഈ പംക്തിയില്‍ സൂചിപ്പിച്ചതുപോലെ അയ്യപ്പന്‍ പുലിരൂപത്തിലോ മഹിഷിയുടെ രൂപത്തിലോ അവതരിച്ച്‌ ഇവരെ നിഗ്രഹിക്കാതെ ശബരിമലയിലെ പ്രശ്നം ഒരിക്കലും പരിഹരിക്കാന്‍ പോകുന്നില്ല.

2 comments :

  1. chithrakaran ചിത്രകാരന്‍ said...

    സര്‍ക്കാരിന്റെ കഴിവില്ലായ്മയും,കെടുകാര്യസ്ഥതയും തത്‌സമയം ജനങ്ങളിലെത്തിക്കാനുള്ള അവസരം സ്വയം സൃഷ്ടിച്ച ഇടതുമുന്നണി ... ഇനി കഴുക്കോലൂരുന്നതിലേ ശ്രദ്ധിക്കു. അടുത്ത പ്രാവശ്യം ഭരണം കിട്ടില്ലെന്ന് അവര്‍ക്കുറപ്പുണ്ടായിരിക്കും.

  2. ഫസല്‍ ബിനാലി.. said...

    അച്ചുതാനന്ദന്‍ വെറുതെയങ്ങ് ഇറങ്ങിപ്പോയാല്‍ പോര ഭരണത്തില്‍നിന്ന്, മറിച്ച് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ നീട്ടിയും കുറുക്കിയും പരഞ്ഞു നടന്നിരുന്ന സകലമാന പോഴത്തരങ്ങളും ഏറ്റുപറഞ്ഞ് ജനങ്ങളോട് മാപ്പു ചൊദിക്കണം