Tuesday, December 11, 2007

കണ്ടവരുണ്ടോ അച്യുതാനന്ദനെ?

യുഡിഎഫ്‌ ഭരണത്തെക്കാള്‍ വെടക്കായരീതിയില്‍ എല്‍ഡിഎഫിന്റെ ഭരണം പൊടിപാറിക്കുമ്പോള്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ ഏതു മാളത്തിലാണ്‌ പോയി ഒളിച്ചിരിക്കുന്നതെന്ന സംശയമാണ്‌ ഇന്ന്‌ കേരളീയര്‍ക്കുള്ളത്‌.

ഭരണത്തിന്റെ രണ്ടുവര്‍ഷം പൂര്‍ത്തിയാകുംമുന്‍പുതന്നെ പാളയത്തിലെ പട അനിയന്ത്രിതമാകുകയും അഴിമതി വകുപ്പുകളിലും ഭരണത്തിന്റെ സര്‍വമേഖലകളിലും കൊടികുത്തിവാഴുകയും ചെയ്യുന്ന അസഹനീയ അവസ്ഥയാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌.

അഴിമതിയും മന്ത്രിമാരുടെ അഹന്തയും അനുദിനം ശക്തിപ്രാപിക്കുമ്പോള്‍ വാണംപോലെ കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി എന്ന നിലയ്ക്ക്‌ അച്യുതാനന്ദന്റെ ഭാഗത്തുനിന്നോ മന്ത്രിസഭ എന്ന നിലയ്്ക്ക്‌ കൂട്ടായ ശ്രമമോ നടക്കുന്നില്ല. അരിവില കിലോയ്ക്ക്‌ 20 രൂപയ്ക്കടുത്തെത്തിയിട്ടും വില നിയന്ത്രിക്കാനുള്ള ക്രിയാത്മകമായ നടപടികള്‍ ഒരു ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മറിച്ച്‌ മലയാളികളെ കളിയാക്കുന്ന രീതിയിലാണ്‌ ഭക്ഷ്യമന്ത്രി പ്രതികരിച്ചത്‌. വിഷം വാങ്ങിത്തിന്ന്‌ ജീവിതം അവസാനിപ്പിക്കാന്‍പോലും കഴിവില്ലാത്തവരോടാണ്‌ ഒരു ഗ്ലാസ്‌ പാലിന്റെയും രണ്ടു മുട്ടയുടേയും കോഴിക്കറിയുടേയും പോഷകസമ്പുഷ്ടതയെക്കുറിച്ച്‌ അദ്ദേഹം വാചാലനായത്‌. അദ്ദേഹത്തിന്റെ പാര്‍ട്ടി സെക്രട്ടറിപോലും ശാസനയുമായി രംഗത്തെത്തിയിട്ടും മുഖ്യമന്ത്രി പാലിക്കുന്ന മൗനം തികച്ചും പ്രതിഷേധാര്‍ഹമാണ്‌.

ഇതിലും കഷ്ടമാണ്‌ ജി. സുധാകരന്‍ സൃഷ്ടിച്ചിട്ടുള്ള വെടക്ക്‌ പ്രശ്നങ്ങള്‍. തൊട്ടതിനും പിടിച്ചതിനും താനാണ്‌ സര്‍വജ്ഞനെന്ന മട്ടില്‍ അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ മാത്രമല്ല മുന്നണിക്കാകെതന്നെ നാണക്കേടുണ്ടാക്കുന്നതാണ്‌. വാമൊഴി വഴക്കത്തിന്റെ ഭംഗിയെന്ന്‌ ഭാഷാശാസ്ത്രകാരന്മാര്‍ ചിലപ്പോള്‍ അദ്ദേഹത്തിന്റെ പ്രയോഗങ്ങളെ പ്രശംസിച്ചു എന്നിരിക്കാം. എന്നാല്‍ മദ്യപിച്ച്‌ സുബോധം നഷ്ടപ്പെടുന്നവര്‍പോലും പറയാന്‍ അറയ്ക്കുന്ന പദാവലികളാണ്‌ ആ മഹാന്റെ നാവിന്‍ത്തുമ്പില്‍ കളിയാടുന്നത്‌. ഇതിന്റെ പേരില്‍ ഒരിക്കല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ജി. സുധാകരനെ താക്കീത്‌ ചെയ്തതാണ്‌ . എന്നാല്‍ ഒരു നിയന്ത്രണത്തിനും താന്‍ വഴങ്ങില്ല എന്ന്‌ നിരന്തരം വ്യക്തമാക്കി കരിമ്പിന്‍കാട്ടില്‍ കയറിയ ഒറ്റയാനെപ്പോലെ തിമിര്‍ത്താടുകയാണ്‌ അദ്ദേഹം.

വാക്കുകള്‍കൊണ്ട്‌ അന്യര്‍ക്കുമേല്‍ ചെളിതെറിപ്പിക്കുന്ന സുധാകരന്‍ പക്ഷേ അരവണ പ്രശ്നത്തില്‍ തന്റെ ഉത്തരവാദിത്തം മറന്ന്‌ പ്രസ്താവനകളില്‍ അഭിരമിക്കുകയാണ്‌. കോടിക്കണക്കിന്‌ അയ്യപ്പഭക്തന്മാരെയാണ്‌ ഈയൊരു മനുഷ്യന്‍ നിരാശരും ദുഃഖിതരുമാക്കിയിരിക്കുന്നത്‌. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം അയ്യപ്പഭക്തര്‍ക്ക്‌ അനുഗുണമായ രീതിയില്‍ ക്രമീകരിക്കേണ്ട സുധാകരന്‍ പക്ഷേ ഘടകകക്ഷികളെ അധിക്ഷേപിക്കുന്ന അധരവ്യായാമത്തിലേര്‍പ്പെട്ട്‌ സമയം കളയുകയാണ്‌. ഇതൊന്നും അച്യുതാനന്ദന്‍ അറിയുന്നില്ലേ?

വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ധനമന്ത്രാലയം പണം അനുവദിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ട്‌ ഒരു വര്‍ഷത്തിലേറെയായി. എന്നാല്‍ താന്‍ പിടിച്ച മുയലിന്‌ മൂന്നു കൊമ്പ്‌ എന്ന ധാര്‍ഷ്ട്യത്തോടെയാണ്‌ തോമസ്‌ ഐസക്കിന്റെ സമീപനവും പെരുമാറ്റവും. കര്‍ഷക ആത്മഹത്യ തെരഞ്ഞെടുപ്പ്‌ വിഷയമാക്കിയാണ്‌ ഈ മുന്നണി അധികാരത്തിലെത്തിയത്‌. എന്നാല്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം കര്‍ഷകര്‍ക്ക്‌ ഗുണകരമാക്കാനും കര്‍ഷകശ്രീ ഇന്‍ഷുറന്‍സ്‌ പദ്ധതി വ്യാപകമാക്കാനുമുള്ള കൃഷിവകുപ്പിന്റെ ശ്രമത്തിന്‌ ഇടംകോലിട്ട്‌ വിലസുകയാണ്‌ തോമസ്‌ ഐസക്‌. എന്നുമാത്രമല്ല കൃഷിമന്ത്രി മുല്ലക്കര രത്നാകരനെ വ്യക്തിപരമായി അധിക്ഷേപിക്കാനും അദ്ദേഹം മുതിര്‍ന്നു. എഡിബിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ കേരളീയരെ പിഴിഞ്ഞ്‌ രസിക്കുകയാണ്‌ അക്ഷരാര്‍ത്ഥത്തില്‍ തോമസ്‌ ഐസക്ക്‌. സുസ്ഥിര നഗര വികസനത്തിനെന്ന പേരില്‍ എഡിബിയില്‍ നിന്ന്‌ അനാവശ്യമായി സ്വീകരിച്ച വായ്പാപണത്തിനോടുള്ള നന്ദി പ്രദര്‍ശനമാണ്‌, കേരളത്തിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്‌ പണം അനുവദിക്കാത്ത ഈ പ്രതിലോമ നിലപാട്‌.

മൂന്നാര്‍ കുടിയൊഴിപ്പിക്കല്‍ അട്ടിമറിക്കപ്പെട്ടത്‌, സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിനേറ്റ തിരിച്ചടി, മെര്‍ക്കിസ്റ്റണ്‍ ഇടപാട്‌ തുടങ്ങി ഭരണത്തിന്റെ രണ്ടാം വര്‍ഷാദ്യം ഏറ്റ പ്രഹരങ്ങള്‍ക്കുപിന്നാലെയാണ്‌ മേല്‍സൂചിപ്പിച്ച താന്തോന്നിത്തങ്ങള്‍. ഇതിനുപുറമെയാണ്‌ പിണറായിയും അച്യുതാനന്ദനും തമ്മിലുള്ള പോരിന്റെ ബാക്കിപത്രമായ ഭരണനിശ്ചലതയും കത്തോലിക്കാസഭയുമായുള്ള ഏറ്റുമുട്ടലും. ഇതും പോരാഞ്ഞിട്ടാണ്‌ പാര്‍ട്ടി സമ്മേളനങ്ങള്‍ കൊഴുപ്പിക്കാന്‍ മന്ത്രിമാര്‍ പോകുന്നതുമൂലമുണ്ടായിട്ടുള്ള ഭരണസ്തംഭനം.

ഇതൊക്കെ നേരചൊവ്വേ പരിഹരിച്ച്‌ നിയന്ത്രിക്കേണ്ടവരെ നിയന്ത്രിച്ചും ശാസിക്കേണ്ടവരെ ശാസിച്ചും ക്ഷേമപദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കിയും ഭരണത്തിന്‌ നേതൃത്വം നല്‍കേണ്ട അച്യുതാനന്ദന്‍ പക്ഷേ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ മൗനം പാലിക്കുന്നതാണ്‌ ഏറെ വലിയ വെടക്കിടപാടും പ്രതിഷേധാര്‍ഹമായ നിലപാടും.

1 comments :

  1. ഫസല്‍ said...

    Chuvanna thoaranangalaal alamgrithamaanu keralam.
    Sammelana kaalam, kottum kuzhal vaadyangaloade.
    Paalum muttayum kazhichu jangnal sughamaayi urangunnu.
    Ithilere enthu socialism tharaan pattum achuthaananthanu?