Wednesday, December 12, 2007

അരിയില്ല, അരവണയില്ല; ഭരണം നായനക്കി

വീണ്ടും അരി-അരവണ-ഭരണ വിഷയത്തെക്കുറിച്ച്‌ ഈ പംക്തിയില്‍ എഴുതേണ്ട അവസ്ഥയോളം സാഹചര്യങ്ങളും സംഭവങ്ങളും വഷളായിരിക്കുന്നു, അല്ല ബന്ധപ്പെട്ടവരെല്ലാം ചേര്‍ന്ന്‌ വഷളാക്കിയിരിക്കുന്നു.

പൊതുജനാഭിലാഷവും ഭക്തകോടികളുടെ ആഗ്രഹങ്ങളും സംസ്ഥാനത്തിന്റെ വികസനപ്രതീക്ഷകളും ഔദദ്ധ്യത്തോടെ തട്ടിത്തെറിപ്പിച്ച്‌ അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണം കൊടിപാറിച്ച്‌ മുന്നേറുകയാണ്‌. ജീവിതത്തിന്റെ സമസ്തമേഖലകളില്‍നിന്നും തിരിച്ചടിയേറ്റുവാങ്ങാനാണ്‌ കേരളത്തിലെ പൊതുസമൂഹത്തിന്റെ വിധി. സുതാര്യവും അഴിമതിരഹിതവും ജനഹിതവുമനുസരിച്ചുള്ള ഭരണം കാഴ്ചവയ്ക്കുമെന്ന്‌ വാഗ്ദാനം ചെയ്ത്‌ അധികാരത്തിലേറിയവരാണ്‌ രണ്ടു വര്‍ഷം പൂര്‍ത്തിയാകും മുമ്പ്‌ ജനങ്ങളെ ഇങ്ങനെയിട്ട്‌ കഷ്ടപ്പെടുത്തുന്നത്‌.

രണ്ടു വര്‍ഷത്തെ ഭരണം കൊണ്ട്‌ സാധാരണക്കാരന്‌ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമൊരുക്കി എന്നതാണ്‌ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഏകനേട്ടം. അരിയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ കേരളം പുളയുമ്പോള്‍ അധിക്ഷേപത്തിന്റെ വാക്കുകള്‍ ചൊരിഞ്ഞ്‌ നിറഞ്ഞാടുകയാണ്‌ സുധാകരനും ദിവാകരനും ബേബിയും തോമസ്‌ ഐസക്കും തുടങ്ങിയ പുംഗവന്മാര്‍.

ഭരണം എന്നൊന്ന്‌ മഷിയിട്ടുനോക്കിയാല്‍പോലും കാണാനാവാത്ത ദുരവസ്ഥയിലാണ്‌ കേരളം. സിപിഎമ്മിന്റെയും സിപിഐയുടെയും ആര്‍എസ്പിയുടെയും പാര്‍ട്ടി സമ്മേളനങ്ങള്‍ കൊഴുപ്പിക്കാനും എതിരാളികളെ കൊയ്ത്‌ വീഴ്ത്താനുമുള്ള തന്ത്രങ്ങളുമായി മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ തമ്പടിച്ചിരിക്കുകയാണ്‌. അതുകൊണ്ട്‌ സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥഭരണവും ഫയലുകളില്‍ ചിതലുകളുടെ വിളയാട്ടവുമാണ്‌ നടക്കുന്നത്‌. പാര്‍ട്ടി സമ്മേളനത്തിനുവേണ്ടി മന്ത്രിസഭായോഗം പോലും മാറ്റിവയ്ക്കേണ്ടിവരുന്ന അവസ്ഥയിലാണ്‌ കേരളം. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഡല്‍ഹിയില്‍ രാഷ്ട്രീയചര്‍ച്ചയ്ക്ക്‌ പോയതുകൊണ്ട്‌ ഒരു ദിവസം വൈകിയും ഈയാഴ്ച പാര്‍ട്ടി സമ്മേളനത്തില്‍ പ്രസംഗിക്കാനുള്ളതുകൊണ്ട്‌ ഒരു ദിവസം നേരത്തേയും, വഴിപാട്‌ കണക്കെ മന്ത്രിസഭാ യോഗം ചേരുകയായിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആഴ്‌ന്ന ഈ വേളയില്‍ അതിനു പരിഹാരം നിര്‍ദേശിക്കേണ്ട ധനമന്ത്രി ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതുപോലുമില്ല.

ഇപ്പോള്‍ ജനതാദളിന്റെ മാത്യു ടി. തോമസും കേരളാ കോണ്‍ഗ്രസ്‌ (ജെ) ന്റെ മോന്‍സ്‌ ജോസഫും മാത്രമാണ്‌ സെക്രട്ടേറിയറ്റിലെത്തുന്നത്‌. ഗുജറാത്ത്‌ തെരഞ്ഞെടുപ്പിലെ നിരീക്ഷകരായി മുതിര്‍ന്ന ഐഎഎസ്‌ ഓഫീസര്‍മാരെ നിയമിച്ചതുകൊണ്ട്‌ ഉദ്യോഗസ്ഥതലത്തിലും മന്ദതയും അലംഭാവവുമാണ്‌ ഭരണസിരാകൂടത്തില്‍ നടമാടുന്നത്‌.

കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട്‌ അരിവില ഇരട്ടിയായി ഉയര്‍ന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ക്രിയാത്മകമായ ഒരു നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അരിവില വര്‍ധനമൂലം നട്ടംതിരിയുന്ന കേരളത്തിന്‌ കൂനിന്മേല്‍കുരുവെന്നപോലെ ആന്ധ്രയുടെ ഭീഷണിയും- ഒരു മണി അരി തല്‍ക്കാലം തരാന്‍ ഉദ്ദേശ്യമില്ല. പാചകവാതക ദൗര്‍ലഭ്യം മുതല്‍ മറ്റ്‌ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം കൂടിയായപ്പോള്‍ നരകത്തീയില്‍ പതിച്ച അവസ്ഥയിലാണ്‌ കേരളീയര്‍. പക്ഷെ ഇതൊന്നും അച്യുതാനന്ദന്‍ അടക്കമുള്ള മന്ത്രിപുംഗവന്മാര്‍ക്ക്‌ പ്രശ്നമല്ല. അവര്‍ക്ക്‌ വലുത്‌ അവരുടെ പാര്‍ട്ടിയും പാര്‍ട്ടി സമ്മേളനങ്ങളും തെരഞ്ഞെടുപ്പും വെട്ടിനിരത്തലും വിജയങ്ങളുമൊക്കെയാണ്‌.

ഈ ദുരിതകാലത്താണ്‌ മണ്ഡലതീര്‍ത്ഥാടനമണഞ്ഞത്‌. സംസ്ഥാനത്തുനിന്നും സംസ്ഥാനത്തിനുപുറത്തുനിന്നും പതിനായിരക്കണക്കിന്‌ അയ്യപ്പഭക്തരാണ്‌ ദിവസേന ശബരീശനെ തൊഴുതുമടങ്ങുന്നത്‌. പക്ഷെ ഇവര്‍ക്ക്‌ നല്‍കാന്‍ ആവശ്യത്തിന്‌ അരവണ ഇല്ല. ദേവസ്വം മന്ത്രിയും ബോര്‍ഡംഗങ്ങളും നാക്കുകൊണ്ടും വാക്കുകൊണ്ടും അന്യോന്യം കുത്തിപരിക്കേല്‍പ്പിക്കുമ്പോള്‍ അരവണ കിട്ടാതെ ദുഃഖിതരായി മടങ്ങുകയാണ്‌ ഭൂരിപക്ഷം അയ്യപ്പന്മാരും. അതേസമയം കരിഞ്ചന്തയില്‍ അരവണ ലഭ്യമാണെന്ന്‌ സര്‍ക്കാര്‍ ഏജന്‍സികള്‍തന്നെ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇത്തരത്തില്‍ അരാജകത്വം അതിന്റെ കൊടിയ ഭാവങ്ങളോടെ ഭരണരംഗത്ത്‌ അഴിഞ്ഞാടുകയാണ്‌. ജനാഭിലാഷവും ഉത്തരവാദിത്തങ്ങളും വിസ്മരിച്ച്‌, മന്ത്രിസ്ഥാനം നല്‍കുന്ന സുഖലോലുപതയില്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്തുകയാണ്‌ മുഖ്യമന്ത്രിയടക്കമുള്ളവര്‍. ഒരു ജനതയ്ക്ക്‌ അവര്‍ അര്‍ഹിക്കുന്ന ഭരണസംവിധാനം ലഭിക്കുമെന്ന ചൊല്ല്‌ എത്ര സാര്‍ത്ഥകമായിരിക്കുന്നു കേരളത്തില്‍.

ഇപ്പോള്‍ കേരളം എന്നു കേള്‍ക്കുമ്പോള്‍ തിളക്കുന്നില്ലേ ചോര ഞരമ്പുകളില്‍.

0 comments :