അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥന്‍: എ കെ അന്തോണീസ്!
അന്തോണീസ് പുണ്യവാളനെപ്പോലെ തന്നെ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. അന്തോണീസും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനാകുന്നു!
അഴിമതിക്കറ പുരണ്ട തന്റെ വകുപ്പിന് സ്വതസിദ്ധമായ ശൈലിയിലൂടെ മികച്ച മുഖച്ഛായ പകര്‍ന്നു അന്തോണിച്ചന്‍. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന സൈനികരെ ഉല്ലാസവാന്മാരാക്കാനാണ് ആശാന്റെ അടുത്ത നീക്കം. കെ. കരുണാകരന്‍ എന്ന മനുഷ്യനൊരുത്തന്‍ തനിക്കുണ്ടാക്കിയ മാനസിക സംഘര്‍ഷങ്ങള്‍ ഓര്‍ത്താല്‍ ലോകത്തിനിയൊരാളും മാനസിക സംഘര്‍ഷമനുഭവിക്കാന്‍ ആള്‍ സമ്മതിക്കില്ല. അത്രക്ക് ഭീകരമായിരുന്നു ആ സംഘര്‍ഷം!
പണ്ടേ ദൈവവിശ്വാസിയല്ല അന്തോണിച്ചന്‍. എന്നാലിപ്പോള്‍ സൈന്യത്തിന്റെ മനോസംഘര്‍ഷം മാറ്റാന്‍ ആത്മീയപാതയല്ലാതെ ആശാന്റെ മുന്നിലൊരു വഴിയുമില്ല.
സൈന്യത്തില്‍ കുറെ സ്വാമിമാരെ ഉള്‍പ്പെടുത്തിയതായാണിപ്പോള്‍ വാര്‍ത്ത. ദിവസവും കാലത്തും വൈകുന്നേരവും ആഹാരത്തിനൊപ്പം സൈനികര്‍ക്ക് സ്വാമിമാരുടെ ഉപദേശങ്ങളും രണ്ടു സ്പൂണ്‍ വീതം വിളമ്പും!
വലിയൊരു സാധ്യതയാണ് അന്തോണിച്ചന്‍ രാഷ്ട്രത്തിനു മുമ്പാകെ തുറന്നുവച്ചിരിക്കുന്നത്. ഈ പാത പിന്തുടര്‍ന്ന് ആറ്റുകാല്‍ രാധാകൃഷ്ണന്‍ തുടങ്ങിയ ജ്യോതിഷിമാരെ ഇന്റലിജന്റ്സ് ബ്യൂറോയില്‍ നിയമിക്കാം.
നാളെ എന്തൊക്കെ ആര്‍ക്കൊക്കെ സംഭവിക്കുമെന്ന് കവടിനിരത്തി കണ്ടുപിടിക്കാം. ഒരുമാതിരി പ്രശ്നങ്ങള്‍ക്കൊക്കെ പൂജാദികര്‍മങ്ങള്‍ ചെയ്ത് പരിഹാരം കാണാന്‍ തന്ത്രിമാരെയും പൂജാരിമാരെയും നിയോഗിക്കാം!
അല്ലറചില്ലറ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ മുതല്‍ സുകുമാരക്കുറുപ്പിനെ കണ്ടുപിടിക്കാന്‍വരെ കുട്ടിച്ചാത്തന്‍ സേവക്കാരുടെ സഹകരണം തേടാം.
അരിക്ഷാമം മുതല്‍ അരവണ ക്ഷാമംവരെ തീര്‍ക്കാന്‍ സായിബാബയെ കേന്ദ്ര ഭക്ഷ്യമന്ത്രിയാക്കാം. സകല രോഗങ്ങളും മാറ്റാന്‍ നായ്ക്കാം പറമ്പിലച്ചനെ ആരോഗ്യവകുപ്പു മന്ത്രിയുമാക്കാം!
അങ്ങനെയങ്ങനെ വളരെ എളുപ്പത്തില്‍ അസാധ്യമെന്ന് സാധാരണ മനുഷ്യര്‍ക്കു തോന്നുന്ന ഒട്ടനവധി കാര്യങ്ങള്‍ ഒറ്റയടിക്കു പരിഹരിക്കാം.
ഭക്തിമാര്‍ഗമല്ലാതെ വേറൊരു മാര്‍ഗവും നാട്ടുകാരുടെയും മുന്നിലില്ല.
വല്ലതും കാണാതെ പോയാല്‍, പോലീസില്‍ പരാതി കൊടുത്തിട്ടു കാര്യമൊന്നുമില്ല. വെറുമൊരു പനിപോലും ആശുപത്രിയില്‍ ചെന്നിട്ടു മാറുന്നില്ല. റോഡുകളെല്ലാം തോടായ സ്ഥിതിയില്‍ വീട്ടീന്നെറങ്ങിയാല്‍ അതേപടി തിരിച്ചെത്തുമെന്നു യാതൊരുറപ്പുമില്ല.
ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് തങ്ങളെ രക്ഷിക്കാനാവില്ലെന്നു വന്നാല്‍ ദൈവം തമ്പുരാനെ തന്നെ വിളിക്കണം. അതു തന്നെയാണിപ്പോള്‍ നാട്ടുകാര്‍ ചെയ്യുന്നത്. അതു തന്നെയാണിപ്പോള്‍ അന്തോണിച്ചനും ചെയ്യുന്നത്.
0 comments :
Post a Comment