പെരിയാര്‍ പിങ്ക് പര്‍പിള്‍ സെലിബ്രേഷന്‍!
പെരിയാര്‍ - പര്‍വതനിരയുടെ പനിനീരാകുന്നു. സംശയമുള്ളവര്‍ സത്യന്‍മാഷിനോടോ, വയലാര്‍ രാമവര്‍മയോടൊ സൗകര്യം കിട്ടുമ്പോള്‍ തിരക്കിയാല്‍ മതി!
പെരിയാറില്‍ കുളിച്ചാല്‍ പനിയും ചുമയും ചൊറിച്ചിലും ഉണ്ടാകുന്നതുകൊണ്ടാണ് പെരിയാറിനെ പനിനീരേ.... എന്ന് കവി പുകഴ്ത്തിയതെന്നാണ്‍് ഏലൂര്‍ ഗ്രാമത്തിലെ സാധാരണക്കാരുടെ വിശ്വാസം.
കുറച്ചുകാലമായി ഇടയ്ക്കിടെ പെരിയാറിന് ചില രാഷ്ട്രീയ നേതാക്കളുടെ സ്വഭാവമാണ്. തോന്നുമ്പോള്‍ തോന്നുമ്പോള്‍ നിറം മാറും! നിറമൊന്നു മാറിയാല്‍ ഉടന്‍ ഗവേഷകര്‍ എത്തുകയായി. ജലക്ഷാമം രൂക്ഷമായ നാട്ടില്‍ ഏകാശ്രയമായ പെരിയാറില്‍ നിന്നും കുപ്പിക്കണക്കിനു വെള്ളം ഗവേഷകര്‍ കടത്തിക്കൊണ്ടുപോകും.
നിറം മാറിയ പെരിയാര്‍ വെള്ളത്തെ അവര്‍ ഗവേഷണ വിധേയമാക്കും. അങ്ങനെ നിമിഷങ്ങള്‍ മണിക്കൂറുകളായും മണിക്കൂറുകള്‍ ദിവസങ്ങളായും നേരം കടന്നുപോകും. ഗവേഷണം തകൃതിയായി തുടരും. അപ്പോഴേക്കും പെരിയാറിന്റെ നിറം പഴയതുപോലാകും. ഗവേഷണം അവിടെ നില്‍ക്കും. യാതൊരു മുന്നറിയിപ്പുമില്ലാതെ പിന്നെയും പെരിയാര്‍ നിറം മാറും.
മുന്തിയ തുണിക്കടക്കാരുടെ പുതിയ കച്ചവടതന്ത്രംപോലെ പിങ്ക്-പര്‍പ്പിള്‍, ഓറഞ്ച്-യെല്ലോ, ചുവത്തപ്പച്ച അങ്ങനെയങ്ങനെ ഓരോ തരത്തിലാണ് പെരിയാറിന്റെ സെലിബ്രേഷന്‍!
ഗവേഷകര്‍ വീണ്ടും സംഭവസ്ഥലത്തെത്തും. കുപ്പിക്കണക്കിനു വെള്ളമെടുക്കും. അതിന്മേല്‍ ഗവേഷണം തുടങ്ങും.
നാളിതുവരെ ഗവേഷണം ചെയ്തിട്ടും യാതൊരു പിടിയും കിട്ടാതെ പെരിയാറിന്റെ നിറം മാറ്റം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇതിലും ഭേദം കാക്കക്കാഷ്ഠം താഴേക്കു വീണുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതാണെന്ന നിലപാടിലാണിപ്പോള്‍ ശ്രീ ഗവേഷ് കുമാര്‍!
മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നു പറയുന്നൊരു സംഗതിയുണ്ട്. കാര്യങ്ങള്‍ക്കുമേല്‍ യാതൊരു നിയന്ത്രണവുമില്ലാതെ മന്ത്രിമാര്‍ക്കുകീഴിലുള്ള ഈ ബോര്‍ഡ് - ഇവിടെ മൂത്രമൊഴിക്കരുത് - എന്ന ബോര്‍ഡുപോലെ തന്നെ. നോ പ്രയോജനം!
ഒടുവില്‍ പെരിയാര്‍ തീരത്ത് തിങ്ങിപ്പാര്‍ക്കുന്ന ഓന്തുകളുടെ സ്വാധീനമാണ് പെരിയാര്‍ നിറം മാറ്റത്തിനു കാരണമെന്ന് ഗവേഷണം നടത്തി കണ്ടെത്തിക്കളയുമോ നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ എന്ന പേടിയിലാണിപ്പോള്‍ ജനം.
ടൊര്‍ണാഡോ കാറ്റ് അടിച്ച് പെരുമണില്‍ ട്രെയിന്‍ പാളം തെറ്റി പുഴയില്‍ വീണ പോലെ വെറും ഓന്തു വിചാരിച്ചാലും പലതും നടക്കും!
0 comments :
Post a Comment