Monday, December 10, 2007

ഒരു 'വായാടി'യും,ചില 'വെടക്കു'കളുംനാണംകെട്ട 'ഇസ്കലും'

നാക്കിന്‌ എല്ലില്ലെങ്കില്‍ എങ്ങനെ ഒരു ഭരണസംവിധാനത്തെ അവമതിക്കാമെന്നും എങ്ങനെ ദേവസ്വം ഭരണം വെടക്കാക്കാമെന്നും തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌ മന്ത്രി സുധാകരനും ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ സി.കെ. ഗുപ്തനും അംഗങ്ങളായ പി. നാരായണനും സുമതിക്കുട്ടിയമ്മയും.

ഇവരുടെ തമ്മില്‍ത്തല്ലും തൊഴുത്തില്‍ക്കുത്തും ആരോപണ പ്രത്യാരോപണങ്ങളും മൂലം ദുരിതമനുഭവിക്കുന്നതും കഷ്ടപ്പെടുന്നതും മനസ്സറിയാതെയാണെങ്കിലും ഭരണത്തെ പ്രാകിപോകുന്നതും ശബരിമല തീര്‍ത്ഥാടകരാണ്‌.

ശബരിമല തീര്‍ത്ഥാടകരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രസാദമാണ്‌ അരവണ. ഭക്തര്‍ക്ക്‌ അത്‌ സൗജന്യമായല്ല നല്‍കുന്നത്‌. പണം നല്‍കിയാണ്‌ അയ്യപ്പന്മാര്‍ അപ്പം-അരവണകളടങ്ങുന്ന പ്രസാദം വാങ്ങുന്നത്‌. എന്നാല്‍ ഇത്തവണ അരവണ പ്രസാദമില്ലാതെ മലയിറങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ്‌ അയ്യപ്പന്മാര്‍.

അയ്യപ്പഭക്തരെ സംബന്ധിച്ചിടത്തോളം ഒരിക്കലും സഹിക്കാന്‍ കഴിയാത്ത വേദനയാണ്‌ അരവണയില്ലാതെയുള്ള മടക്കയാത്ര. അരവണയിനത്തില്‍ കോടികളാണ്‌ വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡിനും അതിലൂടെ കേരള സര്‍ക്കാരിനും ലഭിച്ചിരുന്നത്‌. ഒപ്പം ഈ പ്രസാദവിതരണം അഴിമതിയുടെ അപ്പചെമ്പാക്കി മാറ്റാന്‍ ദേവസ്വം അധികൃതരും കരാറുകാരും ശ്രമിക്കുകയും ചെയ്തിരുന്നു. ഈശ്വരനെ വിറ്റ്‌ ഇവരില്‍ ചിലര്‍ കാശാക്കിയപ്പോഴും അയ്യപ്പ ഭക്തന്മാര്‍ക്ക്‌ ആവശ്യത്തിന്‌ അരവണ ലഭിച്ചിരുന്നു. അതുകൊണ്ട്‌ ദേവസ്വം അധികൃതരുടെ അഴിമതി, ഭക്തര്‍ ഗൗനിച്ചിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം സംഗതിയാകെ തകിടം മറിഞ്ഞു.

സന്നിധാനത്തേയും ദേവസ്വം ബോര്‍ഡിനേയും അഴിമതിയില്‍ നിന്ന്‌ മുക്തനാക്കിയേ അടങ്ങൂ എന്ന വാശിയോടെയാണ്‌ ഈശ്വരഭക്തനല്ലെങ്കിലും ജി. സുധാകരന്‍ വകുപ്പേറ്റെടുത്തത്‌. അദ്ദേഹം ദേവസ്വം മന്ത്രിയാകും മുമ്പ്‌ അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു സംഘമായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണം കയ്യാളിയിരുന്നത്‌. ആ അഴിമതി വേതാളങ്ങളെ പിണ്ഡംവച്ച്‌ പുറത്താക്കി സുതാര്യവും അഴിമതിരഹിതവുമായ ദേവസ്വം ഭരണം കാഴ്ചവെക്കാനാണ്‌ ഇഎംഎസിന്റെ മരുമകനെ പ്രസിഡന്റായും സിപിഐയുടെ പി. നാരായണനെയും ആര്‍എസ്പിയുടെ സുമതിക്കുട്ടിയമ്മയേയും അംഗങ്ങളാക്കി ദേവസ്വം ബോര്‍ഡ്‌ പുനഃസംഘടിപ്പിച്ചത്‌.
കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും എന്ന്‌ പറഞ്ഞതുപോലെ ഇവര്‍ അധികാരമേറ്റ ദിവസം മുതല്‍ തന്നെ പാരവെപ്പും കാലുവാരലും ആരംഭിച്ചു. ആ കലാപരിപാടി അനസ്യൂതം നടന്നപ്പോള്‍, അവരെ നിയന്ത്രിക്കേണ്ട മന്ത്രി തന്റെ വായ്മൊഴി വഴക്കത്തിന്റെ ഭംഗികൊണ്ട്‌ പ്രശ്നം കൂടുതല്‍ വഷളാക്കുകയും ചെയ്തു.. അങ്ങനെ ഈ വഷളന്മാര്‍ വാര്‍ത്തകളില്‍ നിറഞ്ഞാടിയപ്പോള്‍ നടക്കാതെ പോയത്‌ അരവണ തയ്യാറാക്കലായിരുന്നു.

മണ്ഡല-മകരവിളക്ക്‌ കാലമൊഴിച്ചാല്‍ മാസത്തില്‍ അഞ്ച്‌ ദിവസം മാത്രം നടതുറക്കുന്ന ശബരിമലയില്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത്‌ അരവണ നിര്‍മ്മിച്ച്‌ സ്റ്റോക്ക്‌ ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ വെടക്കുകളെന്ന്‌ സുധാകരന്‍ വിശേഷിപ്പിക്കുന്ന അംഗങ്ങള്‍ക്ക്‌ അതിന്‌ സമയം കണ്ടെത്താന്‍ കഴിഞ്ഞില്ല. പകരം സുധാകരന്റെ തന്നെ ആരോപണമനുസരിച്ചുള്ള ഇസ്കലിന്‌ കളമൊരുക്കുകയായിരുന്നു ഇവരെന്ന്‌ ഇപ്പോള്‍ അനുഭവപ്പെടുന്ന അരവണ ക്ഷാമം വ്യക്തമാക്കുന്നു.

ഇതിനിടയില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു ആരോപണവും പ്രസക്തമാവുന്നു. ഇത്തവണത്തെ അരവണ നിര്‍മ്മാണത്തിന്‌ കരാര്‍ നല്‍കിയതിലെ ക്രമക്കേടാണ്‌ അത്‌. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ക്വട്ടേഷനുകള്‍ അവഗണിച്ച്‌, ദേവസ്വം ബോര്‍ഡിലെയും വകുപ്പിലെയും ആരുടെയൊക്കെയോ താല്‍പര്യക്കാരനായ ഒരു വ്യക്തിക്ക്‌ കരാര്‍ നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവര്‍ കമ്മീഷന്‍ പറ്റുകയും ചെയ്തു. എന്നാല്‍ നടതുറന്ന ദിവസം തന്നെ അരവണക്ഷാമം അനുഭവപ്പെട്ടപ്പോഴാണ്‌ ഇതിലെ കള്ളക്കളി വ്യക്തമായത്‌. എമ്പ്രാനും അമ്പലവാസികളും കട്ടുമുടിക്കുന്ന കഥ പുറത്തുവന്നപ്പോള്‍ കരാര്‍ റദ്ദാക്കി അരവണ നിര്‍മ്മാണം ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാക്കി. അതോടെ എല്ലാം കുളമായി.

ഇവിടം മുതലാണ്‌ മന്ത്രിയും ബോര്‍ഡ്‌ അംഗങ്ങളും തമ്മില്‍ തെറ്റുന്നത്‌. ആ തെറ്റലിന്റെ പരിണതിയിലാണ്‌ പി. നാരായണനേയും സുമതിക്കുട്ടിയമ്മയേയും വെടക്കുകളെന്നും ഇസ്കാനാണ്‌ അവര്‍ അംഗങ്ങളായതെന്നും സുധാകരന്‍ ആരോപിച്ചത്‌. പക്ഷേ, പശ്ചാത്തലത്തില്‍ സുധാകരനെതിരെ ഒരു ആരോപണത്തിന്റെ ശക്തമായ ഹുങ്കാരം കേള്‍ക്കാനുണ്ട്‌. ആരോപണം ഉന്നയിച്ചതാകട്ടെ വെളിയം ഭാര്‍ഗവനും. സുധാകരന്‌ താല്‍പര്യമുള്ള ആര്‍ക്കോ അരവണ നിര്‍മ്മാണത്തിന്റെ ക്വട്ടേഷന്‍ കൊടുക്കാന്‍ കഴിയാത്തതാണ്‌ മന്ത്രിയുടെ വായാടിത്തത്തിന്‌ കാരണമെന്നാണ്‌ വെളിയം പറഞ്ഞത്‌.

ഇതിലെ ന്യായാന്യായങ്ങള്‍ അയ്യപ്പഭക്തരെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ പ്രസക്തമല്ല. നോമ്പുനോറ്റ്‌ ശബരീശനെ തൊഴുത്‌ മടങ്ങുമ്പോള്‍ ആ ദര്‍ശന പുണ്യത്തിന്റെ പ്രതീകമായി അരവണ പായസം ലഭിക്കേണ്ടതാണ്‌ അവരുടെ ആവശ്യം. ഈ ഭക്തര്‍ കാണിക്കയായി അര്‍പ്പിക്കുന്ന കോടികള്‍ സ്വന്തമാക്കുകയും അവര്‍ക്ക്‌ അത്യാവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതിരിക്കുകയും ചെയ്യുന്ന വൃത്തികേടിന്റെ മറ്റൊരു മുഖമാണ്‌ അരവണ നിഷേധത്തിലൂടെ ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്‌. പാലുള്ള അകിടില്‍ നിന്ന്‌ ചോരമാത്രം ഊറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്ക്‌ അയ്യപ്പഭക്തന്മാരുടെ വികാരം മനസിലാക്കാന്‍ കഴിയാത്തത്‌ സ്വാഭാവികമെന്ന്‌ പറഞ്ഞൊഴിയുന്നത്‌ മാന്യമല്ല. ഇത്‌ വഞ്ചനയാണ്‌. കൊടിയ വഞ്ചന. കോടികള്‍ പോക്കറ്റിലാക്കി കോടിക്കണക്കിന്‌ അയ്യപ്പഭക്തരെ ദുഃഖിതരും പ്രകോപിതരുമാക്കുന്ന വഞ്ചന.

അയ്യപ്പന്‍ പുലിരൂപത്തില്‍ അവതരിച്ച്‌ ഈ വായാടികളെയും വെടക്കുകളെയും ഇസ്കലുകാരെയും നിഗ്രഹിച്ചിരുന്നെങ്കിലെന്ന്‌ ആശിക്കാനേ ഇപ്പോള്‍ കഴിയൂ.

0 comments :