Monday, June 30, 2008

ഷിഞ്ജിനിയുടെ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണം

"വാക്കുകൾ കൂട്ടിച്ചൊല്ലാൻ കഴിയാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ" എന്ന്‌ വൈലോപ്പിള്ളിയും "ചിൽഡ്രൻ ആർ ഫാദേഴ്സ്‌ ഓഫ്‌ മെൻ" എന്ന്‌ ബെർണാഡ്ഷായും നിരീക്ഷിക്കുമ്പോൾ വളർന്നുവരുന്ന തലമുറയ്ക്ക്‌ പുതിയ കാലഘട്ടത്തിലുള്ള പ്രസക്തിയും പ്രാധാന്യവുമാണ്‌ അവരുദ്ദേശിച്ചത്‌. മാതാപിതാക്കളുടെ കാലത്തിനെ ഉല്ലംഘിച്ച്‌ പുതിയൊരു സംസ്ക്കാരത്തിനും ജീവിതരീതിക്കും കുഞ്ഞുങ്ങൾ വഴിയൊരുക്കുമെന്ന പ്രതീക്ഷയും ഈ വാക്കുകളിൽ മിന്നിമറയുന്നുണ്ട്‌. എല്ലാ കുഞ്ഞുങ്ങളെക്കുറിച്ചും എല്ലാ മാതാപിതാക്കൾക്കും പൊതുവെ ഇതേ പ്രതീക്ഷതന്നെയാണ്‌ ഉള്ളത്‌.

എന്നാൽ ചാനലുകളുടെ തള്ളിക്കയറ്റത്തിൽ, ലാഭമുണ്ടാക്കാൻ അവർ രൂപംകൊടുത്ത റിയാലിറ്റി ഷോകളുടെ പെരുമഴക്കാലത്ത്‌, മാതാപിതാക്കൾ മക്കളുടെ അന്തകരായിമാറിക്കൊണ്ടിരിക്കുകയാണെന്ന്‌ ചുറ്റുപാടും നിന്നുള്ള വാർത്തകൾ നമ്മേ ബോധ്യപ്പെടുത്തുന്നു. റിയാലിറ്റി ഷോകളിലൂടെ സീരിയലുകളിലേക്കും അവിടെനിന്ന്‌ സിനിമയിലേക്കും അതിലൂടെ ലഭിക്കുന്ന പ്രശസ്തിയും സാമ്പത്തികലാഭവുമാണ്‌ ഇപ്പോൾ പല മാതാപിതാക്കൾക്കും മക്കളിൽനിന്നുള്ള പ്രതീക്ഷ. മുൻപൊക്കെ പഠിച്ച്‌ വലുതായി ഒരു ജോലി സമ്പാദിച്ച്‌ കുടുംബം പുലർത്തുന്ന മക്കളെക്കുറിച്ചായിരുന്നു മാതാപിതാക്കൾ സ്വപ്നം കണ്ടിരുന്നത്‌. അതിനനുഗുണമായ രീതിയിൽ പഠനകാലത്ത്‌ കർശനമായ ചില ചിട്ടകളും നിയന്ത്രണങ്ങളും കുഞ്ഞുങ്ങളുടെ ജീവിതത്തിൽ അവർ വരുത്തിയിരുന്നു. കൗമാരത്തിന്റെ തിളപ്പിൽ ഇത്തരം നിയന്ത്രണങ്ങളോട്‌ ആരോഗ്യകരമായി പ്രതികരിക്കാൻ കഴിയാത്ത ചിലരെല്ലാം ഉണ്ടായിരുന്നെങ്കിലും ഒരിക്കൽപോലും അത്‌ മാതാപിതാക്കളും മക്കളും തമ്മിലുള്ള മാനസിക സംഘർഷങ്ങളിലേക്കോ, അല്ലെങ്കിൽ മക്കളുടെ മാനസികാരോഗ്യാധപതനത്തിലേക്കോ നിപതിച്ചിരുന്നില്ല.

എന്നാൽ പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കൊത്ത്‌ മക്കളെ വളർത്താൻ മാതാപിതാക്കൾ അവലംബിക്കുന്ന പലരീതികളും മാനസികമായും ശാരീരികമായും ധാർമികമായിപ്പോലും അവരെ കൊല്ലാക്കൊല ചെയ്യുന്നതാണ്‌. പഠനകാര്യം മുതൽ ആരംഭിക്കുന്ന ഇത്തരം അനാവശ്യ നിർബന്ധങ്ങളാണ്‌ കൗമാരക്കാരിലെ വഴിപിഴച്ച ജീവിതത്തിന്‌ പ്രധാന കാരണമെന്ന്‌ മനഃശാസ്ത്രകാരന്മാരും സാമൂഹികശാസ്ത്രകാരന്മാരും ചൂണ്ടിക്കാട്ടുന്നു. മക്കളെക്കാൾ വിദ്യാസമ്പന്നരെന്നും അനുഭവസമ്പന്നരെന്നും അഭിമാനിക്കുന്ന മാതാപിതാക്കൾ പക്ഷെ ഈ മുന്നറിയിപ്പുകൾ ഒരിക്കലും ശ്രദ്ധിക്കുന്നതായി അനുഭവങ്ങൾ പറയുന്നില്ല.

അനാശാസ്യമായ ഇത്തരം സാഹചര്യത്തിലേക്കാണ്‌ റിയാലിറ്റി ഷോകളുടെ കുത്തൊഴുക്കുണ്ടായത്‌. ഈ പ്രദർശനങ്ങളിൽ തങ്ങളുടെ കുഞ്ഞുങ്ങൾ ഒന്നാം സ്ഥാനത്തെത്തണമെന്ന അധാർമികമായ വിജയക്കൊതിമൂലം പല മാതാപിതാക്കളും കുഞ്ഞുങ്ങളെ കഠിനമായി ശിക്ഷിക്കുന്നതായി വാർത്തകൾ വന്നെങ്കിലും ആരും അതിന്‌ വലിയ പ്രാധാന്യം നൽകിയതായി തോന്നുന്നില്ല. എന്നാൽ ഇപ്പോൾ ബംഗാളിൽനിന്ന്‌ പുറത്തുവന്നിട്ടുള്ള ഒരു വാർത്ത, ഷിഞ്ജിനി സെൻഗുപ്ത എന്ന പതിനൊന്നാം ക്ലാസുകാരിയുടെ അതിദാരുണമായ അവസ്ഥ ഇക്കാര്യത്തിൽ മാതാപിതാക്കൾ എത്രമാത്രം ക്രൂരമായാണ്‌ കുഞ്ഞുങ്ങളോട്‌ പെരുമാറുന്നതെന്ന്‌ വ്യക്തമാക്കുന്നു. പഠിക്കാൻ മിടുക്കിയും സുന്ദരിയും കലാപരമായി ഒട്ടേറെ കഴിവുകളും ഉണ്ടായിരുന്ന പെൺകുട്ടിയായിരുന്നു ഷിഞ്ജിനി സെൻഗുപ്ത. അതുകൊണ്ടുതന്നെ സീരിയലിലും സിനിമയിലും ഈ ചെറുപ്രായത്തിനിടയിൽതന്നെ ശ്രദ്ധേയമായ വേഷം ഷിഞ്ജിനിക്ക്‌ ലഭിച്ചിരുന്നു. എന്നാൽ മകളുടെ ഈ നേട്ടങ്ങളിൽ തൃപ്തിപ്പെടുന്നവരായിരുന്നില്ല മാതാപിതാക്കൾ. അതുകൊണ്ടാണവർ ഒരു ബംഗാളി ടിവി ചാനൽ നടത്തിയ ഡാൻസ്‌ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ഷിഞ്ജിനിയെ നിർബന്ധിച്ചത്‌.

കടുത്ത മാനസിക സമ്മർദ്ദത്തോടെയാണ്‌ റിയാലിറ്റി ഷോകളിൽ കുട്ടികൾ പങ്കെടുക്കുന്നത്‌. മാതാപിതാക്കൾ ഏൽപ്പിക്കുന്ന മാനസികാഘാതത്തിനൊപ്പം മത്സരവിധികർത്താക്കളുടെ ക്രൂരമായ പരാമർശങ്ങളും കുട്ടികളുടെ മാനസികാവസ്ഥയെ വല്ലാതെ ഹനിക്കാറുണ്ട്‌. ഷിഞ്ജിനിയും ഇത്തരമൊരു അനാശാസ്യതയുടെ ഇരയാണ്‌. കഴിഞ്ഞ മെയ്‌ 19ന്‌ നടന്ന റിയാലിറ്റി ഷോയിൽ ഷിഞ്ജിനിയുടെ പ്രകടനത്തെ വിധികർത്താക്കൾ അതികഠിനമായാണ്‌ വിമർശിച്ചത്‌. വേദിയിൽനിന്ന്‌ ആ കുട്ടി മാനസികമായി ഉരുകുന്നത്‌ പക്ഷെ വിധികർത്താക്കളോ മാതാപിതാക്കളോ മനസിലാക്കിയില്ല. അന്ന്‌ ഏറ്റ മാനസികാഘാതത്തോടെ വീട്ടിലെത്തിയ ഷിഞ്ജിനിക്ക്‌ വിശ്രമിക്കാൻപോലും അവസരം കൊടുക്കാതെ അടുത്ത സീരിയൽ സെറ്റിലേക്ക്‌ നിർബന്ധിച്ചുകൊണ്ടുപോകുകയായിരുന്നു മാതാപിതാക്കൾ. അവിടെവച്ചാണ്‌ ഷിഞ്ജിനിക്ക്‌ തന്റെ മനസിന്റെമേൽ ഉണ്ടായിരുന്ന എല്ലാ നിയന്ത്രണവുമറ്റതും സംസാരിക്കാൻപോലുമാകാതെ തളർന്നുവീണതും. ഇപ്പോൾ ബാംഗ്ലൂരിൽ നിംഹാൻസിൽ വിദഗ്ധ ചികിത്സയിലാണ്‌ ഷിഞ്ജിനി. സംസാരശേഷി മാത്രമല്ല, ചലനശേഷിപോലും നഷ്ടപ്പെട്ട അവസ്ഥയിലാണ്‌ ആ കുട്ടി. തങ്ങളുടെ മകളെ ഇത്തരമൊരവസ്ഥയിൽ എത്തിച്ചതിൽ തങ്ങൾക്കുള്ള പങ്ക്‌ പിതാവ്‌ ഡി.കെ. ഗുപ്തയും മാതാവ്‌ സിബാനി സെൻഗുപ്തയും പ്രായശ്ചിത്തത്തോടെ ഇപ്പോൾ അംഗീകരിക്കുന്നു.

ഷിഞ്ജിനിയെപ്പോലെ ശാരീരികമായി തളർന്നിട്ടില്ലെങ്കിലും മാനസികമായി തകർന്ന നിരവധി കുട്ടികൾ കേരളത്തിലുണ്ട്‌. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തിയും പണവും ചുളുവിൽ നേടാമെന്ന്‌ ആഗ്രഹിക്കുന്ന വൃത്തികെട്ട മാതാപിതാക്കൾക്കൊപ്പം ഈ കുട്ടികളെ മത്സരവേദിയിൽ ക്രൂരവും ലൈംഗികാതിപ്രസരവുമുള്ള പരാമർശങ്ങളിലൂടെ തളർത്തുന്ന ശരത്തിനെയും എം.ജി. ശ്രീകുമാറിനെയും പോലെയുള്ള വിധികർത്താക്കളും ഒന്നിക്കുമ്പോൾ കുഞ്ഞുങ്ങളുടെ മാത്രമല്ല, മുതിർന്നവരുടെപോലും മാനാഭിമാനവും മാനസികാരോഗ്യനിലയും തകരുന്ന കാഴ്ച ഓരോ റിയാലിറ്റി ഷോയുടെയും ബോണസ്‌ എപ്പിസോഡുകളാണ്‌.

മക്കളെ വേദിയിൽനിന്ന്‌ കണ്ണീരൊലിപ്പിച്ച്‌ എസ്‌എംഎസിനുവേണ്ടി കരയിക്കുന്ന മാതാപിതാക്കളും നിരവധിയാണ്‌. കഴിഞ്ഞ ഒരു റിയാലിറ്റി ഷോയുടെ ഫൈനൽ മത്സരത്തിനുമുൻപ്‌ തന്റെ മകൾക്കുവേണ്ടി എസ്‌എംഎസ്‌ അയക്കണമെന്നാവശ്യപ്പെട്ട്‌ ഒരു പിതാവ്‌ അപേക്ഷ കാർഡുകൾ അച്ചടിച്ച്‌ എറണാകുളം ജില്ലയിൽ വിതരണം ചെയ്തിരുന്നു. ചില ബസുകളിൽ സഹായം അഭ്യർഥിച്ച്‌ കാർഡുകളുമായെത്തുന്ന ഭിക്ഷക്കാരെ തോൽപ്പിക്കുന്ന നാണംകെട്ട തന്ത്രമായിരുന്നു ആ പിതാവ്‌ അവലംബിച്ചത്‌. ഇനി അതിന്റെ ചുവടുപിടിച്ച്‌ അടുത്ത റിയാലിറ്റി ഷോകളുടെ ഫൈനൽ മത്സരത്തിനുമുൻപ്‌ ഇത്തരം കുറെ അശ്ലീലതന്ത്രങ്ങളും കാണാൻ നമുക്കെല്ലാം ഭാഗ്യമുണ്ടാകുമെന്നുതന്നെയാണ്‌ ഞങ്ങളുടെ കണക്കുകൂട്ടൽ.

റിയാലിറ്റി ഷോകളെ ബാലവേലയായി കണക്കാക്കണമെന്ന ദേശീയ ശിശുസംരക്ഷണാവകാശ കമ്മീഷന്റെ നിർദേശത്തോട്‌ ഞങ്ങൾ പൂർണമായും യോജിക്കുന്നു. മാത്രമല്ല ഷിഞ്ജിനി സെൻഗുപ്തയെ ഈ ദുരവസ്ഥയിലാക്കിയ മാതാപിതാക്കൾ ഡി.കെ. ഗുപ്തയ്ക്കും സിബാനി സെൻഗുപ്തയ്ക്കുമെതിരെ കൊലപാതക കേസ്‌ ചുമത്തി കടുത്ത ശിക്ഷ നൽകണമെന്നുമാണ്‌ ഞങ്ങളുടെ അഭിപ്രായം. എങ്കിലേ മക്കളെ കൊല്ലാക്കൊല ചെയ്ത്‌ പ്രശസ്തിക്കുവേണ്ടി തന്ത്രങ്ങളൊരുക്കുന്ന മാതാപിതാക്കൾ ഒരു പാഠം പഠിക്കൂ.

ആളെക്കിട്ടാനില്ലാ.... ആളെക്കിട്ടാനില്ലാ!

രാഷ്ട്രീയപാർട്ടികൾ, ജാതിമത സംഘടനകൾ, റോഡ്‌, കെട്ടിടനിർമാണ കോൺട്രാക്ടർമാർ തുടങ്ങിയവർ നേരിടുന്ന പൊതുവായ ഒരു പ്രതിസന്ധി എന്തെന്നറിയാമോ? പണ്ടത്തെപ്പോലെ ആളെക്കിട്ടാനില്ലായെന്നതാണ്‌ ആ പ്രതിസന്ധി!

ഡിഫി നേതാവ്‌ രാഗേഷ്‌ ആളെക്കിട്ടാനില്ലാത്തതിന്റെ സാമൂഹ്യമായ കാരണങ്ങൾ വെളിപ്പെടുത്തിയത്‌ കഴിഞ്ഞയാഴ്ചയാണ്‌. ഇടതുസർക്കാർ ഭരണത്തിലേറിയ അന്നുമുതൽ യുഡിഎഫും മതജാതിസംഘടനകളും യൂത്തുകോൺഗ്രസും യുവമോർച്ചയുംവരെ പോരിനിറങ്ങിയിട്ടു സമരങ്ങളൊന്നും വേണ്ടത്ര ക്ലച്ചുപിടിക്കാത്തതിനു കാരണവും ആളെക്കിട്ടാനില്ല എന്നതുതന്നെ!

പണ്ടായിരുന്നെങ്കിൽ 'പാലായിലെ പാതിരിമാരും സമസ്തകേരള നായന്മാരും' ഒരുമ്പെട്ടിറങ്ങിയാൽ കമ്യൂണിസ്റ്റുകാരുടെ ഭരണം പറഞ്ഞമാത്രയിൽ 'ഭണ്ഡാര' മടങ്ങിയേനെ!

റോഡ്‌, തോട്‌, കെട്ടിടനിർമാണ രംഗങ്ങളിൽ ആളെക്കിട്ടാനില്ലായെന്ന സ്ഥിതിവന്നതോടെയാണ്‌ ആന്ധ്രാ, കർണാടക, ബീഹാർ, ഉത്തർപ്രദേശ്‌, നേപ്പാൾ തുടങ്ങിയ നാടുകളിൽനിന്നും കോൺട്രാക്ടർമാർ ആളെപ്പിടിക്കാനിറങ്ങിയത്‌!

സത്യം പറഞ്ഞാൽ മറുനാടൻ തൊഴിലാളികൾക്കാണ്‌ കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നു വന്നിരിക്കുന്നത്‌. നമ്മുടെ കേരള മഹാരാജ്യത്തിൽ, മിനിമം പത്താം ക്ലാസുകടന്നുകൂടിയവർവരെ ഫീൽഡ്‌ ആപ്പീസർമാരായി ടൈയുംകെട്ടി ബാഗുംതൂക്കി കൊച്ചുവെളുപ്പാൻകാലത്തേ പണിക്കിറങ്ങിയതോടെയാണ്‌ വേറൊരു പണിക്കും ആളെക്കിട്ടാനില്ലായെന്ന സ്ഥിതി വന്നുചേർന്നതെന്നാണ്‌ ഒരു കാരണം. എന്നാൽ എട്ടുമണിക്കൂർ വേലചെയ്ത്‌ പത്തോ മുന്നൂറോ രൂപ കൂലികിട്ടുന്നതിലും ഭേദം വല്ല പറമ്പുകച്ചവടത്തിനും പോകുന്നതാണെന്ന്‌ മലയാളികൾ തിരിച്ചറിഞ്ഞതാണ്‌ ഒരു പണിക്കും ആളെക്കിട്ടാനില്ലാതായതെന്നാണ്‌ വേറൊരു കാരണം.

വേറെ കാര്യമായൊന്നും ഉൽപ്പാദിപ്പിക്കപ്പെടാത്ത കേരളത്തിൽ സുലഭമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന മാൻപവർ എന്ന മനുഷ്യവിഭവം വൻതോതിൽ മറുനാടുകളിലേക്ക്‌ കയറ്റി അയക്കപ്പെടുന്നതാണ്‌ ആളെക്കിട്ടാനില്ലാതായതിന്റെ മറ്റൊരു കാരണം.

ഒരു പണിക്കും കൊള്ളാത്തവർ എണ്ണത്തിൽ കുറവാണ്‌ എന്നതാണിപ്പോൾ രാഷ്ട്രീയപാർട്ടികൾ, മതജാതി സംഘടനകൾ നേരിടുന്ന പ്രശ്നത്തിനു കാരണമെന്നാണ്‌ ചുരുക്കത്തിൽ മനസിലാക്കേണ്ടത്‌.

ഇങ്ങനെ കാര്യങ്ങൾ പുരോഗമിക്കുന്ന കാലത്ത്‌ മറുനാടുകളിൽനിന്നും ജാഥാതൊഴിലാളികളെ ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണ്‌ സംജാതമായിരിക്കുന്നത്‌.

ജാഥകൾ, കുത്തിയിരിപ്പു ധർണകൾ, വഴിതടയലുകൾ ഒക്കെയും അന്യംനിന്നുപോകുന്നൊരു വരും കാലത്ത്‌, എസ്‌എംഎസ്‌ സമരായുധമാകുന്നതിന്റെ സാധ്യതകളാണ്‌ തെളിയുന്നത്‌!

രണ്ടുമൂന്നുകോടി വരുന്ന കേരളീയർ കുത്തിരുന്ന്‌ എസ്സെമ്മസ്‌ അയച്ചാൽ കേരള ഭരണം മാത്രമല്ല, കേരളം തന്നെ തകർത്തുകളയാൻ പറ്റില്ലേ...

Saturday, June 28, 2008

വിവാദ പാഠപുസ്തകം: കത്തോലിക്കാ സഭയ്ക്ക്‌ പറയാനുള്ളത്‌

"ദൈവവിശ്വാസം നമ്മുടെ ജന്മാവകാശമാണ്‌
മതവിരുദ്ധ പാഠപുസ്തകങ്ങൾ പിൻവലിക്കുക"


ഏറ്റവും ഭീകരമായ വിപത്ത്‌ വളർന്നുവരുന്ന തലമുറയെ നിരീശ്വരവാദികളാക്കാനും കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രചിന്താഗതിക്കാരാക്കാനും നടത്തുന്ന ശ്രമങ്ങളാണ്‌. ഇതിന്റെ ഭാഗമായാണ്‌ കുഞ്ഞുമനസ്സുകളിൽ നിരീശ്വരവാദവും മതനിഷേധവും പാർട്ടി പ്രത്യയശാസ്ത്രവും അടിച്ചേൽപ്പിക്കുന്ന പാഠപുസ്തകങ്ങൾ കേരള വിദ്യാഭ്യാസവകുപ്പ്‌ തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനക്കളരികളിൽ വികസിച്ച ആശയങ്ങൾ ഇടതുസർക്കാർ പാഠപുസ്തകങ്ങളുടെ രൂപത്തിൽ കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചിരിക്കുകയാണ്‌. ഔദ്യോഗിക സംവിധാനത്തിലൂടെ കുരുന്നിലേ കമ്യൂണിസ്റ്റ്‌ വിപ്ലവ ആശയങ്ങൾ കുത്തിവച്ച്‌ പാർട്ടി വളർത്താനുള്ള കുറുക്കുവഴിയായിട്ടാണ്‌ വിദ്യാഭ്യാസവകുപ്പ്‌ അനുദിനം മുന്നോട്ടുപോകുന്നത്‌.


ദൈവത്തിൽ വിശ്വസിക്കുകയും വിശ്വാസമനുസരിച്ച്‌ ജീവിക്കുകയും ചെയ്യുക എന്നത്‌ നമ്മുടെ ഓരോരുത്തരുടെയും ജന്മാവകാശമാണ്‌. മതേതരരാഷ്ട്രമായ ഭാരതത്തിൽ വിശ്വാസ മനുസരിച്ച്‌ ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകിയിട്ടുണ്ട്‌. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ നിരീശ്വരവാദം വളർത്തിയെടുക്കാനും വിശ്വാസികളിൽ ആശയക്കുഴപ്പം ഉണ്ടാക്കി ആത്മീയനേതൃത്വത്തിനെതിരെ അവരെ തിരിച്ചുവിടുവാനുള്ള ശ്രമങ്ങൾ സംഘടിതമായി നടക്കുന്നു. പ്രത്യേകിച്ച്‌, ക്രൈസ്തവ വിശ്വാസത്തെ ശിഥിലമാക്കാനും സഭയുടെ സാമൂഹിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷകളെ ചെറുതാക്കി കാണിക്കാനും പുരോഹിതരുടെയും സന്ന്യസ്തരുടെയും വിശ്വസ്തത നശിപ്പിക്കാനുമുള്ള ബോധപൂർവശ്രമം.

ഏറ്റവും ഭീകരമായ വിപത്ത്‌ വളർന്നുവരുന്ന തലമുറയെ നിരീശ്വരവാദികളാക്കാനും കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രചിന്താഗ തിക്കാരാക്കാനും നടത്തുന്ന ശ്രമങ്ങളാണ്‌. ഇതിന്റെ ഭാഗമായാണ്‌ കുഞ്ഞുമനസ്സുകളിൽ നിരീശ്വരവാദവും മതനിഷേധവും പാർട്ടി പ്രത്യയശാസ്ത്രവും അടിച്ചേൽപ്പിക്കുന്ന പാഠപുസ്തകങ്ങൾ കേരള വിദ്യാഭ്യാസവകുപ്പ്‌ തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനക്കളരികളിൽ വികസിച്ച ആശയങ്ങൾ ഇടതുസർക്കാർ പാഠപുസ്തകങ്ങളുടെ രൂപത്തിൽ കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചിരിക്കുകയാണ്‌. ഔദ്യോഗിക സംവിധാനത്തിലൂടെ കുരുന്നിലേ കമ്യൂണിസ്റ്റ്‌ വിപ്ലവ ആശയങ്ങൾ കുത്തിവച്ച്‌ പാർട്ടി വളർത്താനുള്ള കുറുക്കുവഴിയായിട്ടാണ്‌ വിദ്യാഭ്യാസവകുപ്പ്‌ അനുദിനം മുന്നോട്ടുപോകുന്നത്‌.

ലക്ഷ്യം നേടാനുള്ള തന്ത്രങ്ങൾ
അധികാരവും ശക്തിയും സ്വാധീനവും ഉപയോഗിച്ച്‌ ലക്ഷ്യം നേടാൻ പല ഗൂഢപദ്ധതികളുമാണ്‌ സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നത്‌. കേരളത്തിലെ സാംസ്ക്കാരിക നായകന്മാർ ഈ പാഠപുസ്തകങ്ങൾ വിവാദമാക്കേണ്ട എന്ന്‌ പറയുന്നതും ചില ടെലിവിഷൻ ചാനലുകളിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും മാതാപിതാക്കളും ഈ പാഠപുസ്തകങ്ങൾ പഠിക്കുന്നതും പഠിപ്പിക്കുന്നതും തെറ്റില്ല എന്ന്‌ അഭിപ്രായപ്പെടുന്നതും ചില പത്രമാസികകളും ചാനലുകളും അഭിപ്രായ സർവേകൾ നടത്തി വിവാദ പാഠപുസ്തകങ്ങൾ പിൻവലിക്കേണ്ട എന്ന്‌ ഭൂരിപക്ഷത്തോടെ സമർത്ഥിക്കുന്നതും ഈ ലക്ഷ്യം സാധിക്കുന്നതിനുവേണ്ടി ഏതുതരത്തിലുള്ള തന്ത്രങ്ങളാണ്‌ സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നത്‌ എന്നതിന്‌ തെളിവാണ്‌. ഇവ കൂടാതെ ഇടതുപക്ഷ അധ്യാപക സംഘടനകളുടെ സ്വാധീനത്തോടെ അധ്യാപകരിൽ ഭൂരിഭാഗത്തെ ഇടത്‌ ചിന്താധാരയിലുള്ള ബോധനരീതിയുടെ പ്രയോക്താക്കളാക്കി മാറ്റിയശേഷം വിദ്യാർഥികളെ ഇടതു ആശയഗതിക്കാരായി തങ്ങളോടൊപ്പം ചേർക്കുക എന്ന പാർട്ടിയുടെ മിനിമം പരിപാടിയാണ്‌ സംസ്ഥാനത്തെ വിദ്യാഭ്യാസവകുപ്പ്‌ ലക്ഷ്യമിടുന്നത്‌.

ഏഴാം ക്ലാസിലെ സാമൂഹികപാഠം
പുതുതായി പരിഷ്കരിച്ച പാഠപുസ്തകങ്ങൾ പൗളോ ഫെയർ എന്ന വിദ്യാഭ്യാസ സാമൂഹിക ശാസ്ത്രജ്ഞൻ വികസിപ്പിച്ച ഭവിമർശനാത്മക ബോധനശാസ്ത്രം അനുസരിച്ച്‌ തയ്യാറാക്കിയിട്ടുള്ളതാണ്‌. സമൂഹത്തിലെ വ്യവസ്ഥാപിത സ്ഥാപനങ്ങളായ മതം, കുടുംബം, പാരമ്പര്യങ്ങൾ എന്നിവയെ തകർക്കാനാണ്‌ പൗളോ ഫെയർ ഈ സിദ്ധാന്തം വികസിപ്പിച്ചത്‌. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിൽ നിറഞ്ഞുകാണുന്ന ഇടതുപക്ഷ രാഷ്ട്രീയം ഹിഡൻ അജണ്ടയ്ക്കു തെളിവാണ്‌. ആദ്യപാഠത്തിൽ കേരളത്തിൽ നടപ്പായ ഭൂപരിഷ്ക്കരണം ഇടതുപക്ഷ ചായ്‌വോടെ അവതരിപ്പിച്ചിരിക്കുകയാണെങ്കിൽ രണ്ടാം പാഠം നിരീശ്വരത്വം പ്രോത്സാഹിപ്പിക്കുന്നവിധമാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള മൂന്നാം പാഠം മിതവാദികളായ പല സ്വാതന്ത്ര്യ സമര നേതാക്കളെയും തമസ്കരിച്ച്‌ തീവ്രസ്വാതന്ത്ര്യസമര സേനാനി കൾക്ക്‌ മുൻഗണന നൽകുന്നു. ഈ പുസ്തകത്തിലെ സ്വാതന്ത്ര്യസമര ചരിത്രം വായിച്ചാൽ ഗാന്ധിജിയുടെയും ജവഹർലാൽ നെഹ്‌റുവി ന്റെയും സംഭാവനകൾ ഇടതുചിന്താഗതിക്കാരെക്കാൾ എത്രയോ നിസ്സാരമെന്നേ തോന്നൂ.

കേരളത്തിന്‌ ആവശ്യമായ അരി ഇവിടെ ഉത്പാദിപ്പിക്കാനാവാ ത്തതിന്റെ കാരണം തേടിക്കൊണ്ടാണ്‌ ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം ഒന്നാം പാഠം തുടങ്ങുന്നത്‌. കൃഷിക്കാരനു കൃഷിഭൂമിയുടെ അവകാശം ലഭിച്ചതെപ്പോഴാണ്‌ എന്ന ചോദ്യമെറിഞ്ഞുകൊണ്ടു നൽകിയിട്ടുള്ള രണ്ടു ഖണ്ഡികകളിൽ ഒന്നജിയുടേതാണ്‌. മറ്റൊന്ന്‌ ഇടതുപക്ഷ സഹയാത്രികൻ കെ. മാധവൻനായരുടെ “'പോക്കുവെയിൽ' എന്ന ഗ്രന്ഥത്തിൽനിന്ന്‌ എടുത്തതും. പിന്നീട്‌ 'വിത്തിട്ടവൻ വിള കൊയ്യും' എന്ന തലക്കെട്ടിൽ പറഞ്ഞിരിക്കുന്നതു കരിവെള്ളൂരിലെ കർഷകസമരത്തെയും പോലീസ്‌ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതിനെയും കുറിച്ചാണ്‌. കൂടാതെ, ജന്മിത്വ കാലത്തെക്കുറിച്ചും കർഷക പ്രക്ഷോഭങ്ങളെപ്പറ്റിയും വിവരം ശേഖരിക്കാൻ നിർദേശിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ ചെറുകാടിന്റെ 'നമ്മളൊന്ന്‌', മണ്ണിന്റെ മാറിൽ', കെ. ദാമോദരന്റെ 'പാട്ടബാക്കി', കെ.കെ.എൻ. കുറുപ്പിന്റെ 'കേരളത്തിലെ കർഷക സമരങ്ങൾ', ആണ്ടലാട്ടിന്റെ 'രേഖയില്ലാത്ത ചരിത്രം' എന്നിവയുമാണ്‌.

ഇതേ പുസ്തകത്തിലെ 'മനുഷ്യത്വം വിളയുന്ന ഭൂമി എന്ന യൂണിറ്റിലെ മതമില്ലാത്ത ജീവൻ' എന്ന തലക്കെട്ടിലുള്ള ഭാഗം നിരീ ശ്വരത്വം വളർത്താൻ ലക്ഷ്യമിട്ടുള്ളതാണ്‌. പ്രധാന അധ്യാപകനും രക്ഷിതാവുമായുള്ള സംഭാഷണത്തിലൂടെയാണ്‌ ഈ ഭാഗം തുടങ്ങുന്നത്‌. സ്കൂളിൽ ചേർക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുള്ള കസേരകളിൽ ഇരുത്തി ഹെഡ്മാസ്റ്റർ അപേക്ഷ പൂരിപ്പിക്കാൻ തുടങ്ങി. 'മോന്റെ പേരേന്താ? ജീവൻ കൊള്ളാം. നല്ല പേര്‌. അച്ഛന്റെ പേര്‌? അൻവർ റഷീദ്‌. അമ്മയുടെ പേര്‌? ലക്ഷ്മീദേവി. ഹെഡ്മാസ്റ്റർ മുഖമുയർത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു. 'കുട്ടിയുടെ മതം ഏതാ ചേർക്കേണ്ടത്‌? ഒന്നും ചേർക്കണ്ട. മതമില്ലെന്ന്‌ ചേർത്തോളൂ. ജാതിയോ? അതും വേണ്ട' ഹെഡ്മാസ്റ്റർ കസേരയിലേക്ക്‌ ചാരിയിരുന്ന്‌ അൽപം ഗൗരവത്തോടെ ചോദിച്ചു: 'വലുതാകുമ്പോൾ ഇവന്‌ ഏതെങ്കിലും മതം വേണമെന്നു തോന്നിയാലോ? അങ്ങനെ വേണമെന്നു തോന്നുമ്പോൾ അവൻ ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കട്ടെ'. മതത്തെ തള്ളിപ്പറയാൻ പ്രേരിപ്പിക്കുന്ന രസകരമായ ചോദ്യങ്ങൾ തുടർന്നും പുസ്തകത്തിലുണ്ട്‌. താഴെപ്പറയുന്ന വിവിധ പ്രശ്നങ്ങൾ ഏതു മതത്തിൽപ്പെട്ടവരെയാണ്‌ കൂടുതൽ ബാധിക്കുക?1. വിലക്കയറ്റം, 2. കുടിവെള്ളക്ഷാമം, 3. പകർച്ചവ്യാധികൾ, 4. ഭൂകമ്പം.'

ഈ പാഠഭാഗത്ത്‌ ക്രൈസ്തവമതത്തെ വികലമായി ചിത്രീകരിച്ചിരിക്കുന്നു. 'അവർണജാതിയിൽനിന്നും ക്രിസ്തുമതത്തി ലേക്ക്‌ മതപരിവർത്തനം ചെയ്തവർ തീണ്ടലിലും തൊടീലിലും വിധേയരാവേണ്ടിവന്നു.' ദൈനംദിന വ്യവഹാരങ്ങളിലും സംഭാഷണങ്ങ ളിലും മാത്രമല്ല, പള്ളികളിൽപ്പോലും വിവേചനം ഉണ്ടായിരുന്നു. ഭദളിത്‌ ക്രിസ്ത്യാനികൾക്ക്‌ സവർണപള്ളികളിൽ പ്രവേശനം നിഷേ ധിച്ചിരുന്നു.' ദളിത-സവർണ ക്രിസ്ത്യാനികൾ തമ്മിൽ വിവാഹം അനുവദിച്ചിരുന്നില്ല. അക്രമത്തെ മഹത്വവത്കരിക്കുകയും നീതിക്കുവേണ്ടി കൊലപാതകം ചെയ്യുന്നതിൽ തെറ്റില്ല എന്ന്‌ കുട്ടികളെ പഠിപ്പിക്കുകും ചെയ്യുന്നു: ഏഴാം ക്ലാസ്‌ വിദ്യാർഥികളായ ശാന്തിയും സുനിതയും തെരഞ്ഞെടുത്ത മാർഗം തോക്കിന്റേതായിരുന്നു. 1931 ഡിസംബർ 14ന്‌ ശാന്തിയും സുനിതയും കോമില്ലയിലെ ജില്ലാ മജിസ്ട്രേറ്റ്‌ സ്റ്റീവൻസിന്റെ വീട്ടിലെത്തി. സ്കൂൾ വിദ്യാർഥികളായി ഇവരെ ഒട്ടും സംശയിക്കാതെ കാവൽക്കാർ മജിസ്ടേറ്റിനെ കാണാൻ അനുവദിച്ചു. സ്റ്റീവൻസനെ കണ്ട ഉടൻ രണ്ടുപേരും ഉടുപ്പിനുള്ളിൽ നിന്നു തോക്കെടുത്ത്‌ നിറയെഴിച്ചു'.

പുസ്തകത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ
1. സമൂഹത്തിലെ സംഭവങ്ങൾ വിലയിരുത്തി അനാരോഗ്യ വിമർശനങ്ങൾ നടത്തുക. 2. നന്മയ്ക്കുവേണ്ടി തിന്മ പ്രവർത്തിക്കുന്നത്‌ ശരിയാണ്‌ (മാർഗമേതായാലും ലക്ഷ്യം നന്നായാൽ മതി എന്ന കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രം). 3. നിരീശ്വരവാദം വളർത്തുക, മതത്തെ തള്ളിപ്പറയുക. 4 മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുക. 5. കമ്യൂണിസ്റ്റ്‌ നേതാക്കളെ മാതൃകകളായി ചിത്രീകരിച്ചിരിക്കുന്നു. 6. നിരീശ്വരവാദഗ്രന്ഥങ്ങൾ വായിക്കാൻ കുട്ടികളോട്‌ ആവശ്യപ്പെട്ടി രിക്കുന്നു. 7. സ്വാതന്ത്ര്യ സമരചരിത്രത്തെ വളച്ചൊടിച്ചിരിക്കുന്നു. 8. കമ്യൂണിസ്റ്റ്‌ സർക്കാരിന്റെ ഭരണപരിഷ്കാരങ്ങളെ മഹത്വവത്കരിച്ചി രിക്കുന്നു. 9. മതേതരത്വമെന്നാൽ മതമില്ലാത്ത അവസ്ഥ എന്ന്‌ സമർത്ഥിച്ചിരിക്കുന്നു. 10. വിപ്ലവം കുത്തിനിറച്ചിരിക്കുന്നു. 11. ചൈനീസ്‌ സംസ്ക്കാരത്തെ എടുത്തുപറഞ്ഞിരിക്കുന്നു. 12. ക്രൈസ്തവ വിശ്വാസത്തെ വികലമായി ചിത്രീകരിച്ചിരിക്കുന്നു. 13. മതത്തെ വിമർശിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു.

ഇനി നാം ചെയ്യേണ്ടത്‌
മതവിരുദ്ധവും നിരീശ്വരമനോഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും വർഗസമരത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ദേശീയ പ്രാദേശിക ചരിത്രസംഭവങ്ങളെ വ്യാഖ്യാനിക്കുന്നതും അനാരോഗ്യ ചരിത്രസംഭവങ്ങളെ വ്യാഖ്യാനിക്കുന്നതും അനാരോഗ്യകരമായ വിമർശന സംസ്ക്കാരം വളർത്തുന്നതുമായ പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നത്‌ വരുംതലമുറയെ ഗുരുതരമായ വീഴ്ചകളിലേക്ക്‌ നയിക്കുന്നതിനിടയാക്കും. ഈ സാഹചര്യത്തിൽ സമൂഹത്തിന്റെ പൊതുനന്മയ്ക്കായി മതമൂല്യങ്ങളിലുറച്ച്‌ നമ്മുടെ സംസ്ക്കാരത്തിനുവേണ്ടി ശക്തമായ നിലപാടുകളും പ്രതികര ണങ്ങളുമായി നമ്മൾ രംഗത്തിറങ്ങിയേപറ്റൂ. നമ്മുടെ പൂർവപിതാ ക്കന്മാർ രക്തം ചിന്തിപ്പോലും സംരക്ഷിച്ച ദൈവവിശ്വാസം തകർക്കാൻ ശ്രമം നടക്കുമ്പോൾ അതിനെതിരെ ധീരമായി നിലകൊള്ളാൻ നമുക്ക്‌ സാധിക്കണം. ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ ഞാൻ ഈറ്റുനോവ്‌ അനുഭവിക്കുന്നു എന്ന പൗലോസ്‌ അപ്പസ്തോലന്റെ ചിന്തയനുസരിച്ച്‌ നമ്മുടെ മക്കളിൽ ദൈവത്തെ രൂപപ്പെടുത്തുവാൻ നമുക്ക്‌ കടമയും ഉത്തരവാദിത്തവുമുണ്ട്‌. അതിനാൽ ഏഴാം ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കേണ്ടത്‌ നമ്മുടെ അവകാശമാണ്‌. നമ്മുടെ കുട്ടികൾ ഈ പാഠപുസ്തകങ്ങൾ പഠിക്കാൻപാടുള്ളതല്ല. അതിനുവേണ്ടി നാം ധീരമായി മുന്നോട്ടുവരണം.

വിദ്യാഭ്യാസ ശുശ്രൂഷ സമിതി, കോട്ടപ്പുറം രൂപത

ഇരുട്ടിന്റെ വെട്ടത്തിൽ

പവർ കട്‌!
മൂന്നുനാലു വർഷത്തെ ഇടവേളയ്ക്കു ശേഷം ലവൻ വീണ്ടുമെത്തി.
ലോഡ്ഷെഡിംഗ്‌ എന്ന പുന്നാരപ്പേരിൽ മന്ത്രി എ കെ ബാലനാണ്‌ വീണ്ടും ഇരുട്ടിന്റെ ആത്മാവിനെ കുടത്തിൽ നിന്നും പുറത്തുവിട്ടത്‌.
"അരമണിക്കൂർ വൈദ്യുതി നിലച്ചാൽ കുട്ടികളുടെ പഠന നിലവാരം തകരും. അടുക്കളപ്പണികൾ മുടങ്ങും. സർവ്വോപരി ടീവീ സീരിയൽ അവതാളത്തിലാവും. പോരാത്തതിന്‌ കള്ളന്മാർ അഴിഞ്ഞാടും...." മന്ത്രി ബാലനെതിരെ ഇന്നലെ ടീവീ ചാനലുകളിൽ മെയ്ക്കപ്പിടാത്ത ചേട്ടത്തിമാർ ആഞ്ഞടിച്ചത്‌ നമ്മൾ കണ്ടതാണ്‌.

പറയുമ്പോൾ എല്ലാം പറയണമല്ലോ. മന്ത്രി എ കെ ബാലന്റെ കുറ്റം കൊണ്ടല്ല കാലവർഷം കാലുവാരിയത്‌. എന്നിരുന്നാലും നല്ലതോതിൽ വിളവുണ്ടായ കാലത്ത്‌ വൈദ്യുതി വിറ്റ്‌ കാശുണ്ടാക്കാൻ നോക്കാതെ എവിടെയെങ്കിലുമിത്‌ സൂക്ഷിച്ചു വച്ചിരുന്നെങ്കിൽ ഇപ്പോഴെടുത്ത്‌ 'കത്തി'ക്കാമായിരുന്നുവെന്നാണ്‌ ഉമ്മൻ ചാണ്ടിയദ്ദേഹം ഇരുട്ടിൽ തപ്പിയത്‌!

സംഭവിക്കുന്നതെല്ലാം നല്ലതിന്‌ എന്ന സൂത്രവാക്യം വച്ച്‌ പവർകട്ടിനെ വരവേറ്റാൽ നമ്മൾ എ കെ ബാലനെ പൂവിട്ടു പൂജിച്ചുപോകും. അതെന്തുകൊണ്ടാണെന്നു പറയാം.

നമ്മുടെ കൊച്ചു കേരളത്തിൽ വ്യക്തിബന്ധങ്ങളും കുടുംബ ബന്ധങ്ങളും വലിയതോതിൽ തകർന്നുകൊണ്ടിരിക്കുന്നുവെന്നാണ്‌ പഠനങ്ങൾ തെളിയിക്കുന്നത്‌.

മനോരോഗികൾ, അക്രമവാസനക്കാർ, മയക്കുമരുന്ന്‌, മദ്യം, മദിരാക്ഷി എന്നിവയുടെ അടിമകൾ, പെരുകുന്നു. അച്ചനെയും അമ്മയെയും കൊല്ലുന്ന മക്കൾ, മക്കളെ കിണറ്റിലിട്ടോ വിഷം കൊടുത്തോ കൊല്ലുന്ന അച്ചനമ്മമാർ, പരസ്പരം കുത്തിച്ചാകുന്ന സഹോദരങ്ങൾ, നിത്യവാർത്തകളാകുന്നു. 'മനുഷ്യൻ എത്ര സുന്ദരമായ പദം' എന്ന സങ്കൽപ്പത്തിന്റെ പതിനാറടിയന്തിരമാണ്‌ ചുറ്റിലും നടമാടുന്നത്‌!

അതിനിടയിലേക്കാണ്‌ ഇരുട്ടിന്റെ ആത്മാവ്‌ ദിവസവും അരമണിക്കൂർ നേരത്തേക്ക്‌ വിരുന്നുവരുന്നത്‌. അന്നേരം ചില നല്ല കാര്യങ്ങൾ സംഭവിക്കാം.

തിരക്കിനിടയിൽ മിണ്ടാൻ മറന്നു പോയ അച്ചനും അമ്മയ്ക്കും, മക്കൾക്കും മാതാപിതാക്കൾക്കും, ചേട്ടനും ചേച്ചിക്കും, അനിയനും അനിയത്തിക്കും തമ്മിൽ മനസ്സു തുറന്ന്‌ എന്തെങ്കിലുമൊക്കെ വർത്തമാനങ്ങൾ പറയാം എന്നതാണ്‌ ആ നല്ല കാര്യങ്ങളിൽ സുപ്രധാനം.

ഏറെക്കാലമായി ടെലിവിഷം സീരിയലുകളും റിയാലിറ്റി ഷോകളും കൂടി തകർത്തു കളഞ്ഞ സന്ധ്യാ പ്രാർത്ഥനകൾ വീണ്ടും തുടങ്ങാമെന്നതാണ്‌ രണ്ടാമത്തെ നല്ല കാര്യം.

മൂന്നാമത്തെ നല്ല കാര്യം അത്രയും നേരം അന്തരീക്ഷം മലിനമാകില്ല എന്നതാണ്‌. അന്തരീക്ഷത്തിലേക്കു അരമണിക്കൂർ കാര്യമായി പുക ഉയരില്ല, ഘോര ശബ്ദങ്ങളും ഉയരില്ല.

പതിയെ മനസു തുറക്കൂ, തമാശ പറഞ്ഞു ചിരിക്കൂ, അമ്മയോട്‌ സങ്കടം പറഞ്ഞ്‌ ഒന്ന്‌ വിതുമ്പി കരയൂ. പവർക്കട്ട്‌ ആത്മസംഘർഷങ്ങൾക്ക്‌ ഒരു മരുന്നായി മാറ്റാം!

ഇപ്പോൾ വ്യത്യസ്തനാമൊരു മന്ത്രിയാം ബാലനെ സത്യത്തിൽ നിങ്ങൾ തൊഴുതു പോകില്ലേ?

ജനാബ്‌ കുഞ്ഞാലിക്കുട്ടി സാഹിബ്‌ ഏതു കുണ്ടിലാണ്‌ ഒളിച്ചിരിക്കുന്നത്‌?

ഏഴാം ക്ലാസിലെ സാമുഹികപാഠപുസ്തകമെന്ന കച്ചിത്തുരുമ്പിൽ തൂങ്ങി പാതിരി-ചെന്നിത്തല-ചാണ്ടി-കാളി-കൂളി കൂട്ടങ്ങൾ ആരംഭിച്ച അരാജകത്വ സൃഷ്ടിപ്രവർത്തനത്തിന്‌ ക്രിയാത്മകമായ പിന്തുണയാണ്‌ കുഞ്ഞാലിക്കുട്ടിയിൽനിന്നും മുസ്ലീം ലീഗിൽനിന്നും അവരുടെ വിദ്യാർഥി വിഭാഗമായ എംഎസ്‌എഫിൽനിന്നും നിർലോപം ലഭിച്ചിട്ടുള്ളത്‌. എംഎസ്‌എഫ്‌ എന്നൊരു വിദ്യാർഥി സംഘടന ജീവിച്ചിരിപ്പുണ്ടെന്ന്‌ പൊന്നാനിക്ക്‌ തെക്കുള്ളവർക്ക്‌ ബോധ്യപ്പെടാനും ഈ അവസരം അവർ ബുദ്ധിപൂർവം വിനിയോഗിച്ചു. ഹൈബിയുടെ നേതൃത്വത്തിൽ കെഎസ്‌യു പിള്ളേർ വാർത്താപ്രധാന്യം നേടുന്നതിൽ അസൂയപൂണ്ടിട്ടൊന്നുമല്ല, എന്നാൽ തങ്ങൾ ആരെക്കാളും ചെറുതല്ലെന്ന്‌ തെളിയിക്കാനാണ്‌ അവർ ശ്രമിച്ചത്‌.

കമ്യൂണിസവും ഈശ്വരനിന്ദയും ഈശ്വരനിഷേധവും പ്രചരിപ്പിക്കാൻ ആരു ശ്രമിച്ചാലും അതിനെ എതിർക്കേണ്ടത്‌ ജനാധിപത്യത്തിലും ഈശ്വരാസ്തിത്വത്തിലും അടിയുറച്ച്‌ വിശ്വസിക്കുന്ന കോൺഗ്രസുകാരും അവരുടെ കുട്ടിപ്പടയായ കെഎസ്‌യുവും മുസ്ലീം ലീഗും അവരുടെ വിദ്യാർഥി വിഭാഗമായ എംഎസ്‌എഫുമൊക്കെയാണ്‌. അതൊക്കെതന്നെയാണ്‌ തങ്ങൾ ചെയ്യുന്നതെന്ന്‌ ഇവർ അവകാശപ്പെടുമ്പോഴും പുറത്തുനിൽക്കുന്നവർക്ക്‌ കാണാൻ കഴിയുന്നത്‌ തികഞ്ഞ അരാജകത്വ സൃഷ്ടിയും ജനാധിപത്യവിരുദ്ധമായ നടപടികളുമാണ്‌. അതാണ്‌ എംഎസ്‌എഫ്‌ പിള്ളേർ കാട്ടിക്കൂട്ടിയത്‌.

ഒരു പാഠപുസ്തകത്തിൽ തങ്ങൾ വിശ്വസിക്കുന്ന ചില മൂല്യങ്ങൾക്കെതിരായ പരാമർശമുണ്ടെന്ന്‌ ആരൊക്കെയോ പറഞ്ഞുകേട്ടതിന്റെ പിന്നാലെ പന്തവുമായി തെരുവിലിറങ്ങിയ എംഎസ്‌എഫ്‌ പിള്ളേരുടെ മുന്നിലേക്കെത്തിയത്‌ മലബാറിലെ സ്കൂളുകളിലേക്ക്‌ വിതരണത്തിന്‌ കൊണ്ടുപോയ പാഠപുസ്തകങ്ങളാണ്‌. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല, വണ്ടി തടഞ്ഞുനിർത്തി പുസ്തകക്കെട്ടെല്ലാം റോഡിൽ വിതറി, അതിന്‌ തീകൊടുത്ത്‌, പണ്ട്‌ ഇരയെ വീഴ്ത്തി ചുട്ടുതിന്നുകൊണ്ടിരിക്കുമ്പോൾ കാട്ടാളവിഭാഗം നടത്തിയതുപോലെ അട്ടഹാസത്തോടെയുള്ള ആഹ്ലാദപ്രകടനമാണ്‌ നാട്ടുകാർ കണ്ടത്‌.

അക്ഷരം ദൈവമാണെന്നും ഈശ്വരവിശ്വാസം അറിവിന്റെ ആരംഭമാണെന്നും എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. മുസ്ലീങ്ങൾ ഇക്കാര്യം പഠിപ്പിക്കാൻ പ്രത്യേക പാഠശാലകൾതന്നെ നൂറ്റാണ്ടുകളായി ആരംഭിച്ചിട്ടുണ്ട്‌. മുസ്ലീം വിദ്യാർഥികൾ ഈ പാഠശാലകളിൽ നിർബന്ധമായി പങ്കെടുത്ത്‌ ഖുറാൻ അടക്കമുള്ള കിത്താബുകൾ ഓതണമെന്നത്‌ കർശന നിയമമാണ്‌. ആ നിയമം അനുസരിച്ച്‌ വളർത്തപ്പെട്ട വിദ്യാർഥികളാണ്‌ തെരുവിൽ പാഠപുസ്തകങ്ങൾ കത്തിച്ച്‌ ആഹ്ലാദിച്ചത്‌.

അറിവിനോടും ശാസ്ത്രീയബോധത്തോടും മുസ്ലീം മതവിഭാഗം അലസമായ സമീപനമാണ്‌ സ്വീകരിച്ചതെന്ന്‌ പറയുമ്പോൾ ആരും കോപാകുലരായിട്ട്‌ കാര്യമില്ല. ഇത്‌ ഈ സമൂഹത്തിലെ സാധാരണക്കാർ ആഗ്രഹിച്ച്‌ നടപ്പിലാക്കിയ രീതിയൊന്നുമല്ല. മറിച്ച്‌ കുഞ്ഞാലിക്കുട്ടിയേയും ഇ. അഹമ്മദിനെയും പാണക്കാട്‌ തങ്ങളേയും പോലെയുള്ള മുതലെടുപ്പിന്റെ ശക്തികൾ അവരിൽ അടിച്ചേൽപ്പിച്ച അനാശാസ്യതയായിരുന്നു അത്‌. മദ്രസാ പഠനവും കിത്താബ്‌ ഓതലും മതി ഖയാമത്ത്‌ നാളിൽ പടച്ചതമ്പുരാന്റെ മുമ്പിൽ നേരോടെ നിൽക്കാൻ എന്നൊക്കെയാണ്‌ ഈ നേതാക്കളും അവരുടെ ആജ്ഞപ്രകാരം പ്രവർത്തിക്കുന്ന മൊല്ലാക്കമാരും ഖത്തീബുമാരുമെല്ലാം മുസ്ലീം സമുദായത്തിലെ സാധുക്കളായ മനുഷ്യരോട്‌ പറഞ്ഞുവച്ചിട്ടുള്ളത്‌. അവരത്‌ അക്ഷരംപ്രതി വിശ്വസിക്കുകയും ചെയ്തു. കേരളത്തിലെ മുസ്ലീങ്ങളുടെ, വിശേഷിച്ച്‌ മലബാറിലെ മുസ്ലീങ്ങളുടെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയുടെ ഏക കാരണവും ഇതുതന്നെയാണ്‌.

ഈ സത്യം പാണക്കാട്‌ ശിഹാബ്‌ തങ്ങളിനറിയാം. ജനാബുമാരായ കുഞ്ഞാലിക്കുട്ടി സാഹിബിനറിയാം. അഹമ്മദ്‌ സാഹിബിനറിയാം. മുനീർ സാഹിബിനറിയാം. ഇ.ടി. മുഹമ്മദ്‌ ബഷീർ സാഹിബിനറിയാം. അങ്ങനെ പല പല സാഹിബുമാർക്കുമറിയാം. എന്നിട്ടും തങ്ങളുൾപ്പെടുന്ന സമുദായത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നമനത്തിനുവേണ്ടി, തങ്ങൾ കൈയാളുന്ന രാഷ്ട്രീയ വിലപേശൽ ശക്തി ഇതുവരെ അവർ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടാണ്‌ വിദ്യാർഥിസമരങ്ങളിലെ ഏറ്റവും നികൃഷ്ടമെന്ന്‌ വിശേഷിപ്പിക്കപ്പെടേണ്ട, എംഎസ്‌എഫ്‌ പിള്ളേരുടെ പാഠപുസ്തകം കത്തിക്കലിനെ ഈ സാഹിബുമാരൊന്നും അപലപിക്കാതിരുന്നത്‌. അതായത്‌ അറിവും വിവേകവും ശാസ്ത്രീയബോധവും നൽകുന്ന ഒരു സ്രോതസും നിലനിൽക്കരുത്‌ എന്നാണ്‌ ഇവരുടെയോക്കെ മനസിലിരിപ്പ്‌. ബോധം തെളിഞ്ഞാൽ, ശാസ്ത്രീയാവബോധം ശക്തമായാൽ വെള്ളം ഓതിയും ചരട്‌ ഓതിയും തങ്ങൾമാർ നടത്തുന്ന മുതലെടുപ്പിന്‌ മുസ്ലീം സമുദായം കൂട്ടുനിൽക്കുകയില്ലെന്നും കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരുടെ സ്വകാര്യസുഖ-ധന സമ്പാദന ത്വരകളെ അംഗീകരിക്കുകയില്ലെന്നും ഇവർക്കറിയാം. നാനോ ടെക്നോളജിയുടെ ഈ കാലഘട്ടത്തിലും മുസ്ലീം സമുദായത്തിലെ സാധാരണക്കാരെ അറിവിന്റെ മേഖലകളിൽനിന്ന്‌ ആട്ടിപ്പായിക്കുന്ന വർത്തമാനകാല മനുമാരാണ്‌ ഇവരെല്ലാം.

എന്നാൽ എല്ലാ മുസ്ലീം സഹോദരങ്ങളും ഇത്തരത്തിൽപെട്ടവരല്ല എന്ന്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി സാഹിബിനും കൂട്ടർക്കും മനസിലായതാണ്‌. അതിന്റെ പേരിൽ ആര്യാടൻ അടക്കമുള്ളവരോട്‌ ഇപ്പോഴും കൊമ്പുകോർത്തുകൊണ്ടിരിക്കുകയാണ്‌ ഈ ജനാബുമാരെല്ലാം. പുസ്തകം കത്തിക്കാൻ പിള്ളേർക്ക്‌ മൗനാനുവാദം നൽകിയതിന്റെ തിരിച്ചടി വരാൻപോകുന്നതേയുള്ളൂ. പ്രത്യേകിച്ച്‌ ബനാത്ത്‌വാല അടക്കമുള്ള വിവേകത്തിന്റെ സാന്നിധ്യം ഇല്ലാതായ സാഹചര്യത്തിൽ.

ഇവിടെ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്‌. അത്‌ വിവാദപരമായ പാഠപുസ്തകത്തിന്റെ പേരിൽ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയും മറ്റു ചില മാർക്ക്സിസ്റ്റ്‌ സഖാക്കളും സർവോപരി സർക്കാർ പുലർത്തുന്ന ജനവിരുദ്ധ നിലപാടാണത്‌. ഇന്നലെ ഈ പംക്തിയിൽ ചൂണ്ടിക്കാണിച്ചതുപോലെ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയപാർട്ടിക്ക്‌ അവരുടെ മൂല്യബോധം അനുസരിച്ച്‌ വിദ്യാഭ്യാസമേഖല അടക്കമുള്ള ജനവ്യാപാരമേഖലകളിൽ ഇടപെടാൻ അവകാശമുണ്ട്‌. എന്നാൽ അത്‌, ഭരണീയരെ ബോധ്യപ്പെടുത്തിയതിനുശേഷം നടത്തിയെടുക്കേണ്ട ഒന്നാണ്‌. അല്ലാതെ അധികാരത്തിന്റെ ഹുങ്കോടെ അടിച്ചേൽപ്പിക്കാനുള്ളതല്ല.

ഏഴാം ക്ലാസിലെ സാമുഹികപാഠപുസ്തകത്തിന്റെ പേരിൽ ഉയർന്നിട്ടുള്ള വിവാദങ്ങളോട്‌ അച്യുതാനന്ദൻ സർക്കാരിന്റെ സമീപനം ജനഹിതമനുസരിച്ചായിരുന്നില്ല എന്ന കാര്യത്തിൽ ഞങ്ങൾക്ക്‌ തർക്കമില്ല. വിവാദമുയർന്നപ്പോൾതന്നെ എതിർക്കുന്നവർ അടക്കമുള്ളവരെ ഒരു മേശയ്ക്കുചുറ്റും വിളിച്ചിരുത്തി പ്രശ്നം രമ്യമായി പരിഹരിക്കാൻ കഴിയുമായിരുന്നു. വിവാദമുണ്ടാക്കിയ പാഠപുസ്തകങ്ങൾ പിൻവലിച്ച നിരവധി അനുഭവങ്ങൾ എല്ലാവർക്കും ഓർമയുണ്ട്‌. ചില പരാമർശങ്ങളുടെ പേരിൽ സാഹിത്യ സമ്രാട്ടായ ഷെയ്ക്സ്പിയറുടെ ആന്റണി ആൻഡ്‌ ക്ലിയോപാട്ര എന്ന നാടകം ഡിഗ്രി വിദ്യാർഥികളുടെ സിലബസിൽനിന്ന്‌ മാറ്റിയ ചരിത്രം കേരള യൂണിവേഴ്സിറ്റിക്കുണ്ട്‌. ഒരു പാഠപുസ്തകം പിൻവലിച്ചു എന്നതുകൊണ്ട്‌ ആകാശമൊന്നും ഇടിഞ്ഞുവീഴാൻ പോകുന്നില്ല. ആ അർഥത്തിൽ അച്യുതാനന്ദൻ സർക്കാർ എടുത്ത നിലപാട്‌ തികച്ചും പ്രതിലോമകരം തന്നെയാണ്‌. ബേബിയടക്കമുള്ളവരുടെ കടുംപിടുത്തം മൂലം എത്രയെത്ര അനിഷ്ടസംഭവങ്ങളാണ്‌ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കേരളത്തിലുണ്ടായത്‌. എത്രയെത്ര ഹർത്താലുകളാണ്‌ നടന്നത്‌. ഹർത്താലുകൾക്കെതിരെ ഹൈക്കോടതിയുടെ ഉത്തരവ്‌ നിലനിൽക്കെ അത്‌ ലംഘിക്കുന്നവർക്ക്‌ കൂട്ടുനിന്നുകൊണ്ട്‌ കോടതിയലക്ഷ്യ പ്രവർത്തനമാണ്‌ ഈ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്‌.

കുഞ്ഞാലിക്കുട്ടിമാർക്കും ബേബിമാർക്കും ഇതു ഭൂഷണവും അവരുടെ രാഷ്ട്രീയ നിലനിൽപ്പിന്‌ അനിവാര്യവുമായിരിക്കാം. എന്നാൽ അവരേക്കാൾ വിദ്യാസമ്പന്നരും രാഷ്ട്രീയ പ്രബുദ്ധരുമായ കേരളീയർക്ക്‌ ഇതെല്ലാം അസഹ്യവും അംഗീകരിക്കാൻ സാധിക്കാത്ത അരാജകത്വവും അരാഷ്ട്രീയവുമാണ്‌.

Friday, June 27, 2008

പാഠപുസ്തകം തിരുത്താൻ കമ്യൂണിസ്റ്റ്‌ സർക്കാരിന്‌ അവകാശമുണ്ട്‌

ഏഴാം ക്ലാസിലെ സാമുഹിക പാഠപുസ്തകത്തിലെ ഒരു പാഠത്തിന്റെ പേരിൽ മതന്യൂനപക്ഷങ്ങളും പ്രതിപക്ഷവും ഇളക്കിവിട്ട പ്രക്ഷോഭത്തിൽ, അക്ഷരാർത്ഥത്തിൽ ഉരുകുകയാണിപ്പോൾ കേരളം. കെ.എസ്‌.യു. പിള്ളേരെ തെരുവിലിറക്കി ആരംഭിച്ച സമരം കഴിഞ്ഞ നാലുദിവസമായി സംസ്ഥാനത്തൊട്ടാകെ പൊതുജീവിതത്തിന്‌ ഭീഷണിയായി കഴിഞ്ഞു. ഇപ്പോൾ ഏറ്റുമുട്ടൽ ഡിവൈഎഫ്‌ഐയും യുവമോർച്ചയും തമ്മിലായി. ഇന്നലെ തലസ്ഥാന നഗരിതന്നെ ചോരക്കളമായി മാറി. പോലീസ്‌ പക്ഷപാതിത്വം കാണിച്ചപ്പോൾ യുവമോർച്ച പ്രവർത്തകർക്ക്‌ ചുട്ട അടികിട്ടി. അതിന്റെ പേരിൽ ഇന്ന്‌ തിരുവനന്തപുരം ജില്ലയിൽ അവർ ഹർത്താൽ ആചരിക്കുകയാണ്‌. എന്തൊക്കെ അത്യാഹിതങ്ങളുണ്ടായെന്ന്‌ ഇത്‌ എഴുതുമ്പോൾ ഊഹിക്കാനാവാത്തവിധം സർക്കാരിന്റെയും പോലീസിന്റെയും രാഷ്ട്രീയപാർട്ടികളുടെയും നിയന്ത്രണത്തിൽനിന്ന്‌ പ്രശ്നം വഴുതിപ്പോയി വല്ലാതെ വഷളായിക്കഴിഞ്ഞു.

ഒരു പാഠപുസ്തകത്തിലെ പരാമർശമല്ല, മറിച്ച്‌ മറ്റുചില അജണ്ടകളാണ്‌ പ്രസ്താവനകൾ ഇറക്കുന്നവർക്കും പ്രക്ഷോഭങ്ങൾ നടത്തുന്നവർക്കും എന്ന്‌ ഇപ്പോൾ ബോധ്യമായി. പൊതുതെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട്‌ തങ്ങളുടെ അടിത്തറ ശക്തമാക്കാനുള്ള അതിജീവന രാഷ്ട്രീയക്കാരുടെ അതിഗർഹണീയമായ നീക്കങ്ങളാണ്‌ പ്രശ്നം ഇത്ര വഷളാക്കിയതെന്നാണ്‌ ഞങ്ങളുടെ അഭിപ്രായം.

"മതമില്ലാത്ത ജീവൻ" എന്ന ശീർഷകത്തിലുള്ള പാഠമാണ്‌ പ്രശ്നങ്ങൾക്കെല്ലാം കാരണം. മിശ്രവിവാഹിതരായ ദമ്പതികളുടെ കുട്ടിയെ സ്കൂളിൽ ചേർക്കാൻ കൊണ്ടുവന്നപ്പോൾ ഉണ്ടായ, സാധാരണയുണ്ടാകുന്ന ചില സ്ഥിരം നടപടിക്രമങ്ങളാണ്‌ പാഠത്തിലെ പരാമർശം. മതവിശ്വാസത്തോടെ ഇന്ത്യയിൽ ജീവിക്കാമെന്നതുപോലെ മതവിശ്വാസമില്ലാതെയും ഇന്ത്യൻ പൗരനായി കഴിയാം എന്നത്‌ ആരെല്ലാം നിഷേധിച്ചാലും യാഥാർത്ഥ്യമായ വസ്തുതയാണ്‌. മിശ്രവിവാഹത്തെ ആരൊക്കെ എതിർത്താലും അത്‌ മറ്റൊരു യാഥാർത്ഥ്യമായി നമുക്കു ചുറ്റുമുണ്ട്‌. ഈ യാഥാർത്ഥ്യം സൃഷ്ടിക്കുന്ന അല്ലെങ്കിൽ ഈ യാഥാർത്ഥ്യം വിസ്മരിക്കുന്നതുമൂലം സൃഷ്ടിക്കപ്പെടുന്ന, മതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്‌ പാഠപുസ്തകത്തിൽ വിവരിക്കുന്നത്‌.

എന്നാൽ പാഠത്തിന്‌ നൽകിയ ശീർഷകമാണ്‌ മതന്യൂനപക്ഷ പുരോഹിതന്മാരെ ആദ്യം എതിർപ്പുമായി രംഗത്തെത്തിച്ചത്‌. സെമിനാരിയിലും മറ്റ്‌ മതപാഠശാലകളിലും പഠിക്കുന്ന സമയത്തല്ലാതെ മതഗ്രന്ഥങ്ങൾ വായിക്കാത്ത മതാധ്യക്ഷന്മാരാണ്‌ ഭൂരിപക്ഷവും. ആ പ്രതിലോമത്വം ഈ പുസ്തക പാഠത്തോടും അവർ കാണിച്ചു. കാരണം അവരാരും ഈ പുസ്തകം വായിച്ചിരുന്നില്ല. ജീവൻ എന്നത്‌ സ്കൂളിൽ അഡ്മിഷൻ തേടിവന്ന വിദ്യാർഥിയുടെ പേരാണ്‌. എന്നാൽ അതിനെ പരമാത്മാവിന്റെ ഭാഗമെന്നു പറയുന്ന ജീവാത്മാവായി തെറ്റിദ്ധരിച്ചും തെറ്റിദ്ധരിപ്പിച്ചുമാണ്‌ ബഹുമാന്യരായ നമ്മുടെ മതപുരോഹിതന്മാർ പ്രശ്നം ഇത്ര വഷളാക്കിയത്‌. ഇവരുടെ ഈ വൃത്തികെട്ട സ്വഭാവം കൊണ്ടാണ്‌ മതവും മതനേതാക്കളും സമാധാനപൂർണമായ ജനജീവിതത്തിന്‌ പാരയാണെന്ന്‌ പറയേണ്ടിവരുന്നതും ഈ ഹീനതാൽപര്യങ്ങളേയും അത്‌ സംരക്ഷിക്കുന്നവരേയും ഉന്മൂലനം ചെയ്യണമെന്ന്‌ ആഹ്വാനം ചെയ്യേണ്ടിവരുന്നതും.

പാതിരിമാരും മൊല്ലാക്കമാരും പിന്നെ സർവ മതതാന്തോന്നികളും 'ജീവനെ' പൊക്കിപ്പിടിച്ചപ്പോൾ അത്‌ വോട്ടുനേടാനുള്ള ഏറ്റവും ആയാസരഹിതമായ കുറുക്കുവഴിയാണെന്ന്‌ ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും മാണിയുമടക്കമുള്ള അധികാരക്കൊതിയന്മാർ മനസിലാക്കി. ഹൈബി ഈഡനെ തല്ലുകൊള്ളിച്ചുകൊണ്ട്‌ അവർ തങ്ങളുടെ അജണ്ട നടപ്പിലാക്കി. അപ്പോൾ ജനശ്രദ്ധ അവരിലേക്ക്‌ തിരിയുന്നു എന്നു മനസിലാക്കി ഡിവൈഎഫ്‌ഐ സഖാക്കൾ തനതുഗുണ്ടായിസവുമായി രംഗത്തെത്തി. മേഷയുദ്ധത്തിലെ സൃഗാലനെപോലെ അവിടേക്ക്‌ സംഘപരിവാറിന്റെ കുട്ടിശിങ്കങ്ങളും ചാടിവീണപ്പോൾ സാധാരണക്കാർക്ക്‌ സമാധാനപൂർണമായി ജോലിക്കുപോകാൻപോലും കഴിയാത്ത അവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

അതേസമയം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ, അവരുടെ പ്രത്യയശാസ്ത്രപരമായി എടുത്ത ഒരു നിലപാടിനെ ചോദ്യം ചെയ്യാൻ പ്രതിപക്ഷത്തിനും മറ്റുള്ളവർക്കും അവകാശമുണ്ട്‌ എന്നതുനേര്‌. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‌ അവരുടെ പ്രത്യയശാസ്ത്രപരമായ നയങ്ങളും പരിപാടികളും നടപ്പിലാക്കാൻ അവകാശമില്ലായെന്നു പറയുന്നത്‌ പമ്പരവിഡ്ഢിത്തവും ശുദ്ധ വിവേകമില്ലായ്മയുമാണ്‌. കമ്യൂണിസ്റ്റ്‌ മൂല്യങ്ങളിലാണ്‌ തങ്ങൾ വിശ്വസിക്കുന്നതെന്നും ആ മൂല്യങ്ങളെ മുൻനിർത്തിയായിരിക്കും സർക്കാരിന്റെ എല്ലാ നയങ്ങളും രൂപീകരിക്കുകയെന്നും ജനങ്ങളോട്‌ പറഞ്ഞിട്ടാണ്‌ ഇടതുപക്ഷം വോട്ട്‌ തേടിയത്‌. ജനങ്ങൾ അത്‌ അംഗീകരിച്ചതുകൊണ്ടാണ്‌ ഇടതുപക്ഷം അധികാരത്തിലെത്തിയത്‌. സാമ്പത്തിക-സാമുഹിക-സാംസ്ക്കാരിക മേഖലകളിൽ, ഉദ്യോഗസ്ഥരംഗത്ത്‌ കമ്യൂണിസ്റ്റുകൾക്ക്‌ അവരുടെ മൂല്യബോധമനുസരിച്ചുള്ള ഇടപെടൽ ആകാമെങ്കിൽ വിദ്യാഭ്യാസമേഖലയിലും ആകാം. അത്‌ നിഷേധിക്കാൻ ജനാധിപത്യഭരണക്രമത്തിൽ ഒരു പാതിരിക്കും മൊല്ലാക്കയ്ക്കും ചെന്നിത്തലയ്ക്കും ചാണ്ടിക്കും അവകാശമില്ല.

മതത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളിൽ നടക്കുന്ന കൊള്ളരുതായ്മകൾ എല്ലാവരുടെയും മനസിലുണ്ട്‌. അതുകൊണ്ടുതന്നെ ആ കൊള്ളരുതായ്മകൾക്കെതിരായുള്ള സമരം കൂടിയാണ്‌ കമ്യൂണിസ്റ്റുകളുടെ ജീവിതമെന്ന്‌ മാർക്ക്സ്‌ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്‌. അതുകൊണ്ടാണ്‌ കമ്യൂണിസ്റ്റുകൾ നിരീശ്വരവാദികളായി തുടരുന്നത്‌. ചാർവാകനും ബുദ്ധനും പ്രചരിപ്പിച്ചതും നിരീശ്വരത്വം തന്നെയായിരുന്നു. അവർക്കും അണികളെകിട്ടി, ശിഷ്യഗണങ്ങളെ കിട്ടി. അതുകൊണ്ട്‌ മാത്രം ആർഷഭാരതത്തിന്റെ സംസ്ക്കാരത്തിനോ പൈതൃകത്തിനോ ഒരു കോട്ടവും സംഭവിച്ചിരുന്നില്ല.

ഗാന്ധിജി ചർക്കയും നൂൽനൂൽക്കലും സസ്യാഹാരരീതിയും സഹനസമരവും വിദ്യാർഥികളിൽ അടിച്ചേൽപ്പിച്ചപ്പോൾ എന്തുകൊണ്ട്‌ ആരും അന്ന്‌ ചോദ്യം ചെയ്തില്ല? സംഘപരിവാർ അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിൽ അവരും പാഠപുസ്തക നിർമാണത്തിൽ ഇടപെട്ടിട്ടുണ്ട്‌. ഇതെല്ലാം രാജ്യത്തെ അല്ലെങ്കിൽ പ്രദേശത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വം കാലാകാലങ്ങളിൽ അനുവർത്തിക്കുന്ന നയങ്ങൾ തന്നെയാണ്‌.

ഈ സത്യമാണ്‌ പാതിരിമാരും മൊല്ലാക്കമാരും ചാണ്ടി - ചെന്നിത്തല പ്രഭൃതികളും തമസ്ക്കരിച്ച്‌ ഇന്ന്‌ കേരളത്തിന്റെ തെരുവുകളെ യുദ്ധക്കളമാക്കിയത്‌. തിരിച്ചറിയേണ്ടത്‌ കമ്യൂണിസ്റ്റുകളുടെ അജണ്ട നടപ്പാക്കുന്ന രീതികളല്ല, മറിച്ച്‌ ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കള്ളനാണയങ്ങളെയാണ്‌.

ഇതു പറയുമ്പോൾ മറ്റൊരു വസ്തുത കാണാതിരുന്നുകൂടാ. നാലുദിവസമായി കേരളത്തിൽ അക്രമങ്ങൾ മുടിയഴിച്ചാടുന്നത്‌ കണ്ടിട്ടും കൃത്യമായി ഇടപെടാനോ നടപടികളെടുത്ത്‌ ആ വിപത്തിനെ ഇല്ലായ്മ ചെയ്യാനോ അച്യുതാനന്ദൻ സർക്കാരിന്‌ കഴിഞ്ഞിട്ടില്ല. കഴിവുകെട്ട ഒരു സർക്കാർ. ഷണ്ഡീകരിക്കപ്പെട്ട പോലീസ്‌ സേന. പാദസേവകർ മാത്രമായ ഉദ്യോഗസ്ഥവൃന്ദം. എന്തു തോന്ന്യാസത്തിനും ആഹ്വാനം ചെയ്യുന്ന മതനേതൃത്വം. അകിടിൽനിന്ന്‌ ചോരമാത്രം കുടിക്കുന്ന പ്രതിപക്ഷ പാർട്ടികൾ ഇവരുടെയെല്ലാം അവിഹിതമായ രാഷ്ട്രീയ ഇടപെടലാണ്‌ പ്രശ്നം ഇത്ര രൂക്ഷമാക്കിയത്‌. ഇവരെ എന്തുചെയ്യണമെന്ന്‌ കേരളം തീരുമാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Thursday, June 26, 2008

ബനാത്ത്‌വാലയുടെ അഭാവം ഭീഷണി...

മരണം രംഗബോധമില്ലാത്ത കോമാളിയൊന്നുമല്ല. മരണം ജീവജാലങ്ങൾക്കെല്ലാം അനിവാര്യമാണ്‌, അതൊരു നഷ്ടമാണ്‌.

എന്നാൽ ചില നഷ്ടങ്ങൾ അപരിഹാര്യമായി തന്നെ തുടരും. അത്തരത്തിലൊരു നഷ്ടമാണ്‌ ജി.എം. ബനാത്ത്‌വാലയുടെ ദേഹവിയോഗം മൂലം അഖിലേന്ത്യാ രാഷ്ട്രീയത്തിലും ലീഗ്‌ രാഷ്ട്രീയത്തിലും സംഭവിച്ചിരിക്കുന്നത്‌.

എന്നും ന്യൂനപക്ഷങ്ങളുടെ മൂർച്ചയേറിയ വാക്കും സാന്നിധ്യവുമായിരുന്നു ബനാത്ത്‌വാല. സ്വസമുദായത്തിന്റെ സങ്കുചിതസീമകൾ ഉല്ലംഘിച്ച അപൂർവം ലീഗ്‌ നേതാക്കളിൽ അപൂർവനാണ്‌ ബനാത്ത്‌വാല.

ദേശീയ രാഷ്ട്രീയത്തിന്‌ ലീഗിന്റെ സംഭാവന ഇതോടെ എന്നേക്കുമായി അവസാനിക്കുകയാണ്‌. ഇനി പുപ്പുലികളുടെയും അവസരവാദികളുടെയും പച്ചക്കൊടിക്കീഴിൽ അണിനിരക്കാനാണ്‌ മുസ്ലീം സമുദായത്തിന്റെ വിധി.

അതാണ്‌ ബനാത്ത്‌വാലയുടെ അഭാവം മൂലമുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടവും ഭീഷണിയും.

കുട്ടിക്കുരങ്ങന്മാരുടെ കുരുത്തംകെട്ട രാഷ്ട്രീയം!

രാഷ്ട്രീയം എന്നാലെന്താണെന്ന്‌ നമ്മുടെ പിള്ളേരോടു ചോദിച്ചാൽ എന്തായിരിക്കും ഉത്തരം? ഉത്തരം പലതായിരിക്കും. എസ്‌എഫ്‌ഐക്കാരൻ നൽകുന്ന ഉത്തരമാവില്ല കെഎസ്‌യുക്കാരൻ നൽകുന്ന ഉത്തരം. രണ്ടിനും നേർവിപരീതമാകും എബിവിപിക്കാർ നൽകുക. എസ്‌ഐഒ, കാമ്പസ്‌ ഫ്രണ്ട്‌ തുടങ്ങി കെഎസ്സി (എ ടു സെഡ്‌) ഗ്രൂപ്പുകാരുടെ ഉത്തരങ്ങളും പരസ്പര വിരുദ്ധം തന്നെയാകും!

ഒരു ചോദ്യത്തിനിങ്ങനെ പല ഉത്തരങ്ങൾ വരുന്നതെന്തുകൊണ്ടാവാം?

പിള്ളേരെ രാഷ്ട്രീയം പഠിപ്പിക്കുന്നത്‌, അല്ലെങ്കിൽ പഠിപ്പിക്കാതിരിക്കുന്നത്‌ ശരിയായ, അല്ലെങ്കിൽ ശാസ്ത്രീയമായ രീതിയിലല്ല എന്നതുതന്നെ. ശാസ്ത്രം സത്യമാണെന്നാണ്‌ പണ്ടൊക്കെ പഠിപ്പിച്ചിരുന്നത്‌. ഒരു കല്ലെടുത്ത്‌ മുകളിലേക്കെറിഞ്ഞാൽ ആ കല്ല്‌ എറിയുന്നവന്റെ തിരുമണ്ടയിൽ തന്നെ വന്നുവീഴുന്നത്‌ ഗുരുത്വാകർഷണബലം എന്ന ശാസ്ത്രീയ സത്യത്തിന്റെ ബലത്തിലാണെന്ന്‌ കല്ലെറിഞ്ഞ 'ഗുരുത്വം' കെട്ടവനു വരെ മനസിലാവും!

'ഗുരുത്വം' കെട്ട പിള്ളേരുടെ കയ്യാങ്കളികൾക്ക്‌ കൈനീട്ടം വയ്ക്കുന്ന പരിപാടിയെയാണിപ്പോൾ വിദ്യാർഥി രാഷ്ട്രീയം എന്നു പറയുന്നത്‌. നാട്ടിൽ എന്തുനടക്കുന്നു, രാജ്യത്ത്‌ എന്തുനടക്കുന്നു, ലോകത്ത്‌ എന്തു നടക്കുന്നു എന്നൊന്നും തിരിച്ചറിയാത്ത 'ഗുരുത്വം' കെട്ട കല്ലേറുകാരെ വളർത്തിയെടുക്കലാണോ രാഷ്ട്രീയം?

എസ്‌എഫ്‌ഐ അക്രമത്തിനെതിരെ എന്നു പറഞ്ഞു നടത്തിയ സമരം മനോരമയെന്ന പത്രമാധ്യമത്തെ ആക്രമിക്കാൻ വേണ്ടിയായിരുന്നുവെന്നാണ്‌ ഇന്നലെ കേരളത്തിനു മനസിലായത്‌. പൗരസ്വാതന്ത്ര്യം പോലെതന്നെ ജനാധിപത്യ സംവിധാനത്തിന്റെ സവിശേഷതയാകേണ്ട പത്രസ്വാതന്ത്ര്യത്തിൽതന്നെ കല്ലെറിഞ്ഞു കളിക്കാൻ എസ്‌എഫ്‌ഐക്കാർവരെ തുനിഞ്ഞിറങ്ങുമ്പോൾ, ഇവന്മാരൊക്കെ വളർന്ന്‌ വലിയ നേതാക്കന്മാരാകുന്ന ഭീകരമായൊരു കാലത്ത്‌ എന്തൊക്കെയാവും നടക്കാനിരിക്കുന്നത്‌ എന്ന ആശങ്കയാണ്‌ ഉയരുന്നത്‌.

വിദ്യാർഥി രാഷ്ട്രീയം വേണ്ട എന്ന്‌ ലോകമെമ്പാടും ഈ കൊച്ചു കേരളത്തിലും വൻതോതിൽ പ്രചാരണങ്ങൾ നടക്കുന്നു. വിദ്യാർഥികൾ രാഷ്ട്രീയം പഠിച്ചാൽ, രാഷ്ട്രീയത്തിൽ പ്രവർത്തിച്ചാൽ നിലവിലുള്ള വ്യവസ്ഥിതികൾ അവർ സമൂലമായി അഴിച്ചുപണിയുകതന്നെ ചെയ്യും. അക്കാര്യം ലോകത്തെ സകല ഭരണകൂടങ്ങളുടെയും ഉറക്കം കെടുത്തും.

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവും ലോകത്തെങ്ങുനിന്നും ഉയരുന്ന വിദ്യാർഥി മുന്നേറ്റങ്ങളും നൽകുന്ന പാഠമതാണ്‌. ഈ പാഠം മനസിലാക്കിയ അതിബുദ്ധിമാന്മാർ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളിൽ അവതരിച്ചതോടെയാണ്‌ എല്ലാ അർത്ഥത്തിലും നാളെയുടെ നിയന്താക്കളാകേണ്ട വിദ്യാർത്ഥികളെ, അവരുടെ രാഷ്ട്രീയത്തെ ചുടുചോറുവാരിക്കുന്ന കുട്ടിക്കുരങ്ങാക്കി മാറ്റുന്നത്‌!

ഈ ആരോപണം ശരിയല്ലെന്നു സ്ഥാപിക്കാൻ അക്രമത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന കോടിയേരി മന്ത്രിയുടെ പ്രസ്താവന മാത്രം പോര!

Wednesday, June 25, 2008

പടക്കുതിരകളോ? കറുത്ത കുതിരകളോ?

യൂറോ 2008 സെമി ഫൈനൽ ഇന്ന്‌
വിനോദ്‌
 
ബാസൽ: യൂറോ കപ്പിന്റെ പുതിയ അവകാശികളെ കണ്ടെത്താൻ ഇനി മൂന്ന്‌ കളികൾ മാത്രം. കപ്പിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഇനി നാല്‌ ടീമുകളും. ജർമ്മനി, റഷ്യ, തുർക്കി, സ്പെയിൻ എന്നീടീമുകളാണ്‌ കിരീടപോരാട്ടത്തിന്‌ വേണ്ടി ബാക്കിയുള്ളത്‌. ഇന്ന്‌ നടക്കുന്ന ആദ്യ സെമിഫൈനലിൽ ജർമ്മനിക്ക്‌ തുർക്കിയും നാളെ നടക്കുന്ന രണ്ടാമത്തെ സെമിയിൽ സ്പെയിനിന്‌ റഷ്യയുമാണ്‌ എതിരാളികൾ.

ജർമ്മനിയുടെ ലോകോത്തര താരങ്ങളെല്ലാം മികച്ച ഫോമിലാണെന്നത്‌ അവർക്ക്‌ ഇന്ന്‌ നടക്കുന്ന ആദ്യ സെമിയിൽ മുൻതൂക്കം നൽകുന്നു. എന്നാൽ തുർക്കിയുടെ സ്ഥിതിയാവട്ടെ തീരെ പരിതാപകരവും. പരിക്കും സസ്പെൻഷനും കാരണം മുൻനിര താരങ്ങൾക്കൊന്നും ഇന്ന്‌ കളിക്കാനിറങ്ങാനാവില്ല. പ്രാഥമികറൗണ്ടിലും ക്വാർട്ടറിലുമായി കളിച്ച ടീമിൽനിന്ന്‌ എട്ടുപേർ സെമി ഫൈനലിൽ കളിക്കില്ല. വെറും 13 താരങ്ങൾ മാത്രമാണ്‌ കളിക്കാൻ ശേഷിക്കുന്നത്‌. നിഹാത്‌ കവേച്ചി, ആർഡ ടുറാൻ, ടുഞ്ചേ സാൻലി, എംറെ അസിക്‌, എംറെ ഗുംഗോർ, സെർവെറ്റ്‌ സെറ്റിൻ, ടുമർ മെറ്റിൻ എന്നിവരും ഗോൾ കീപ്പർ വോൾക്കൻ ഡെമിറെലുമാണ്‌ ഇല്ലാത്തത്‌. പകരക്കാരൻ ക്യാപ്റ്റൻ എംറെ ബെലെസോഗ്ലുവും കളിക്കുന്ന കാര്യം സംശയത്തിലാണ്‌. മിഡ്ഫീൽഡർ മെഹ്മുട്ട്‌ ഔറേലിയോ വിലക്കുനുശേഷം മടങ്ങിയെത്തും. കാസിം കാസിമും സെമി സെന്തുർക്കുമാകും മുന്നേറ്റനിരയിൽ ഇറങ്ങുക. പ്രതിരോധത്തിൽ ഹക്കൻ ബാൾട്ടയുടെ പ്രകടനം നിർണായകമാകും. റുസ്തു റെക്ബർ ഗോൾകീപ്പറാകും. മൂന്നാം നമ്പർ ഗോളി തോൾഗൻ സെൻഗിൻ പകരക്കാരനായി ഗ്രൗണ്ടിലിറങ്ങിയേക്കും. ഹോളണ്ടിനെതിരെ കളിക്കാതിരുന്ന ടോസ്റ്റൻ ഫ്ര്ൻങ്ക്സ്‌ സെമിയിൽ കളിക്കും. പോർച്ചുഗലിനെതിരെ സ്വീകരിച്ച 442 ശൈലി തുടരാൻ സാധ്യത. മിറോസ്ള്ളാവ്‌ ക്ലോസെയും ലൂക്കാസ്‌ പൊഡോൾസ്കിയും മുൻനിരയിൽവരും. ബാസ്റ്റിൻ ഷ്വയ്ൻസ്റ്റീഗറും മിഷയേൽ ബാലാക്കും തോമാസ്‌ ഹിറ്റ്സ്പെൽഗറും ഫ്ര്ൻങ്ക്സും മധ്യനിരയിൽ വരും.

ഇവരിൽ ആര്‌ കപ്പ്‌ നേടും എന്ന്‌ മുൻകൂട്ടി പറയാനാവില്ല. കണക്കുകൂട്ടലുകൾ ശരിയായാൽ ജൂൺ 29ന്‌ നടക്കുന്ന ഫൈനലിൽ ജർമ്മനിയും സ്പെയിനും തമ്മിൽ ഏറ്റുമുട്ടാനാണ്‌ സാധ്യത. ഇപ്പോഴത്തെ പ്രകടനം വച്ചുനോക്കിയാൽ സ്പെയിൻ ചാമ്പ്യന്മാരുമായേക്കും. ജർമ്മൻനിരയെ അപേക്ഷിച്ച്‌ മികച്ച ഗെയിംപ്ലാനോടെയാണ്‌ സ്പെയിൻ കഴിഞ്ഞ മത്സരങ്ങളിലെല്ലാം കളിച്ചത്‌. എതിരാളികളുടെ കരുത്ത്‌ തിരിച്ചറിഞ്ഞ്‌ മികച്ച ഗെയിം പ്ലാനുകളും ഇവർ പുറത്തെടുക്കുന്നുണ്ട്‌.

എന്നാൽ റഷ്യയെയും തുർക്കിയെയും എഴുതിതള്ളാൻ കഴിയില്ല. യാതൊരു പ്രതീക്ഷയുമില്ലാതെ വന്ന രണ്ട്‌ ടീമുകളാണ്‌ റഷ്യയും തുർക്കിയും. പ്രത്യേകിച്ചും ഗ്രൂപ്പിലെ ആദ്യ മത്സരങ്ങളിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയശേഷം തകർപ്പൻ തിരിച്ചുവരവ്‌ നടത്തിയാണ്‌ ഇരു ടീമുകളും സെമിയിലേക്ക്‌ കുതിച്ചത്‌ എന്നതിനാൽ ഇനിയുള്ള മത്സരങ്ങളിൽ ഇവരെ എതിരാളികൾ പേടിച്ചേ മതിയാകൂ. അതുകൊണ്ടുതന്നെ ഇവരിൽ ആരെങ്കിലും യൂറോ 2008-ന്റെ അവകാശികളായാലും അത്ഭുതപ്പെടാൻ കഴിയില്ല.

പ്രതീക്ഷിച്ച പോലെ ചില വമ്പന്മാരുടെ കൊഴിഞ്ഞുവീഴലും ചില ചെറിയ ടീമുകളുടെ കുതിപ്പുമാണ്‌ കഴിഞ്ഞ മത്സരങ്ങളിൽ കണ്ടത്‌. ഒരിക്കൽ പോലും ലോക ഫുട്ബോളിലെ കരുത്തന്മാരായി കണക്കാക്കപ്പെട്ടിട്ടില്ലാത്ത തുർക്കിയുടെ കുതിപ്പാണ്‌ അവിശ്വസനീയമായത്‌. അതുപോലെ കരുത്തരെന്നും കിരീടം നേടാൻ കെൽപുള്ളവരെന്നും ഊറ്റം കൊണ്ടിരുന്ന ഫ്രാൻസിന്റെയും, നിലവിലെ ചാമ്പ്യന്മാരായ ഗ്രീസിന്റെയും ഹോളണ്ടിന്റെയും പുറത്താകലും. ഏറ്റവും അവസാനമായി ലോകചാമ്പ്യന്മാരായ ഇറ്റലിയും യൂറോയിൽ നിന്ന്‌ പുറത്തായി.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ ഫ്രാൻസിന്റെ തകർച്ചയാണ്‌. ഗ്രൂപ്പ്‌ മത്സരങ്ങളിൽ ഒന്നും പോലും ജയിക്കാനാകാതെയാണ്‌ അവർ പുറത്തായത്‌. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന്‌ വിരമിച്ച സിനദിന്‌ പകരം വെക്കാൻ മധ്യനിരയിൽ മറ്റൊരു താരമുണ്ടാവാതിരുന്നതും ഡേവിഡ്‌ ട്രസഗെറ്റിനെ ടീമിൽ ഉൾപ്പെടുത്താത്തതുമാണ്‌ അവർക്ക്‌ വിനയായത്‌. അതുപോലെതന്നെയാണ്‌ ഹോളണ്ടിന്റെയും അവസ്ഥ. വ്യക്തിപരമായി നോക്കിയാൽ എല്ലാവരും ഒന്നിനൊന്ന്‌ മികച്ച ലോകോത്തര താരങ്ങളാണെങ്കിലും നിർർണായക മത്സരത്തിൽ ഒത്തിണക്കം പ്രകടിപ്പിക്കാൻ കഴിയാഞ്ഞതോടെ ക്വാർട്ടർ ഫൈനലിൽ അവർക്ക്‌ റഷ്യക്ക്‌ മുമ്പിൽ മുട്ടുമടക്കേണ്ടിവന്നു. ഗ്രീസിന്റെയും അവസ്ഥ മറിച്ചല്ല. ഫ്രാൻസിനെ പോലെ ഒരു ജയം പോലും സ്വന്തമാക്കാനാകാതെയാണ്‌ നിലവിലെ ചാമ്പ്യന്മാരായ യവനർ പുറത്തായത്‌. ക്വാർട്ടർ ഫൈനലിൽ കരുത്തരായ സ്പെയിനിനെതിരെ ഷൂട്ടൗട്ടിലാണ്‌ പരാജയപ്പെട്ടത്‌ എന്നോർത്ത്‌ ഇറ്റലിക്ക്‌ അൽപം ആശ്വസിക്കാം.

ഈ യൂറോയിൽ ഏറ്റവും ശ്രദ്ധേയമായ കുതിപ്പ്‌ നടത്തിയ ടീമുകൾ റഷ്യയും തുർക്കിയുമാണ്‌. സൂപ്പർ താരങ്ങളൊന്നുമില്ലാതെ ഉജ്വലമായി പോരാടിയാണ്‌ ഈ രണ്ട്‌ ടീമുകളും സെമിഫൈനലിലെത്തിയിട്ടുള്ളത്‌. ആരാലും സാധ്യത കൽപ്പിക്കപ്പെടാതിരുന്ന രണ്ട്‌ ടീമുകൾ സെമിയിലേക്ക്‌ കുതിച്ചെത്തിയത്‌ വിദഗ്ദ്ധരെപ്പോലും അമ്പരപ്പെടുത്തിയിരിക്കുകയാണ്‌.

ആദ്യ മത്സരത്തിൽ പോർച്ചുഗലിനോട്‌ പരാജയപ്പെട്ട തുർക്കി ടീമിനെയല്ല പിന്നീടുള്ള മത്സരങ്ങളിൽ കണ്ടത്‌. തികഞ്ഞ ചങ്കുറപ്പോടെ പോരാടി നിർണായക മത്സരങ്ങളിൽ കരുത്തരായ ചെക്ക്‌റിപ്പബ്ലിക്കിനെ തകർത്തതോടെ തുർക്കിയും ഫേവറിറ്റുകളുടെ പട്ടികയിലേക്ക്‌ കയറി. നിഹാത്‌ എന്ന പടനായകന്റെ ചുമലിലേറിയാണ്‌ തുർക്കി ആദ്യ മത്സരത്തിലെ പരാജയത്തിന്‌ ശേഷം വിജയക്കുതിപ്പ്‌ തുടങ്ങിയത്‌. അത്‌ ഇപ്പോൾ സെമിഫൈനൽ വരെ എത്തിയിരിക്കുന്നു.

അതുപോലെ റഷ്യ ആദ്യ മത്സരത്തിൽ സ്പെയിനിനോട്‌ തകർന്നടിഞ്ഞ റഷ്യ അർഷാവിൻ എന്ന താരത്തിന്റെ തിരിച്ചുവരവോടെ സടകുടഞ്ഞെഴുന്നേറ്റ്‌ പടയോട്ടം തന്നെ നടത്തി.

ഇനിയാണ്‌ യഥാർത്ഥ പോരാട്ടം. ജർമ്മനിക്ക്‌ തുർക്കിയും സ്പെയിനിന്‌ റഷ്യയുമാണ്‌ എതിരാളികൾ. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ജൂൺ 29ന്‌ ജർമ്മനി-സ്പെയിൻ ഫൈനൽ കാണാം.

പാതിരിമാരും പ്രതിപക്ഷവും ആരെയാണ്‌ പാഠം പഠിപ്പിക്കുന്നത്‌?

ഏഴാം ക്ലാസിലെ സാമൂഹികപാഠപുസ്തകത്തിലെ ഒരു പാഠത്തിന്റെ പേരിൽ ക്രമസമാധാനനില വഷളാക്കിക്കൊണ്ടിരിക്കുകയാണ്‌ പ്രതിപക്ഷവും പാതിരിമാരുമടങ്ങുന്ന മത-രാഷ്ട്രീയ മാഫിയാസംഘം. കെഎസ്‌യു പിള്ളേരെ തെരുവിലിറക്കി ചെന്നിത്തലയും ചാണ്ടിയും ജനജീവിതം സ്തംഭിപ്പിക്കുമ്പോൾ പ്രസ്താവനകളിലൂടെ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്‌ കത്തോലിക്കാ വൈദികരും മുസ്ലീം മൊല്ലാക്കമാരും പിന്നെ സർവ കാളികൂളി ചാത്തന്മാരും.

അധികാരമില്ലാതെ ജീവിക്കാൻ കോൺഗ്രസുകാർക്കും അധികാരദല്ലാളുമാരായി സാമ്പത്തിക ലൈംഗിക മുതലെടുപ്പ്‌ നടത്താതെ കഴിഞ്ഞുകൂടാൻ മതാധ്യക്ഷന്മാർക്കും അവരുടെ ശിങ്കിടികൾക്കും കഴിയുകയില്ല. ഈ സുഖമോഹങ്ങൾക്ക്‌ എന്നും ഇടതുപക്ഷ സർക്കാരുകൾ വിഘാതമാണെന്ന്‌ തിരിച്ചറിഞ്ഞാണ്‌ പഴയ വിമോചനസമര സ്വപ്നങ്ങൾ പൊടിത്തട്ടിയെടുത്ത്‌ ഈ മാഫിയാ സംഘം ഇപ്പോൾ കേരളത്തിലെ സാധാരണക്കാരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നത്‌.
എം.എ. ഡിഗ്രി പാസായില്ലെങ്കിലും പേരിൽ എം.എ. ഉള്ള, രണ്ടാം മുണ്ടശേരിയെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന ബേബിമന്ത്രി കഴിഞ്ഞ രണ്ടുവർഷമായി വിദ്യാഭ്യാസ വാണിക്കുകൾക്കും മതന്യൂനപക്ഷത്തിന്റെ പേരിൽ മുതലെടുപ്പ്‌ നടത്തുന്ന വൃത്തികെട്ടവന്മാർക്കും വിടുപണി ചെയ്യുകയായിരുന്നു. ആ ദുർവൃത്തിയുടെ തുടർച്ചയാണ്‌ ഇപ്പോൾ, ഏഴാം ക്ലാസിലെ സാമൂഹികപാഠത്തിന്റെ പേരിൽ അദ്ദേഹം നടത്തുന്ന തലക്കനം ബാധിച്ച പ്രഖ്യാപനങ്ങൾ. ബേബിയുടെ ചെയ്തികളിലും ചൊല്ലുകളിലും തൂങ്ങിയാണ്‌ കഴിഞ്ഞ രണ്ടുവർഷമായി മതന്യൂനപക്ഷ നേതാക്കന്മാരും ചാണ്ടി-ചെന്നിത്തല പ്രഭൃതികളും വിദ്യാഭ്യാസത്തെ മറയാക്കി നാട്‌ 'കൊള'മാക്കിക്കൊണ്ടിരിക്കുന്നത്‌.

'മാനത്തോടെ ഇരിക്കുന്ന മനുഷ്യന്‌ ബുദ്ധി നഷ്ടപ്പെട്ടാൽ അവൻ മൃഗത്തേക്കാൾ അധഃപതിക്കും' എന്ന ബൈബിൾ വാക്യമാണ്‌ പാതിരിമാരും സംഘവും ഇപ്പോൾ സാർത്ഥകമാക്കിക്കൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ 50 വർഷത്തിനിടയിൽ പലവട്ടം കമ്യൂണിസ്റ്റ്‌ പാർട്ടികൾ കേരളത്തിൽ അധികാരത്തിൽ എത്തിയിട്ടും യുക്തിവാദികളുടെയും കമ്യൂണിസ്റ്റുകാരുടെയും എണ്ണം കുറഞ്ഞതല്ലാതെ കൂടിയിട്ടില്ല. ഈ രണ്ടുകൂട്ടരും കൊണ്ടുപിടിച്ച്‌ ശ്രമിച്ചിട്ടും കേരളീയന്റെ മനസിലെ ഈശ്വരവിശ്വാസത്തിന്‌ ഇടിവ്‌ തട്ടിക്കാനുമായിട്ടില്ല.

വസ്തുത ഇതായിരിക്കെ ഒരു പാഠപുസ്തകത്തിലെ ചില പരാമർശങ്ങളുടെ പേരിൽ വിദ്യാർഥി സമൂഹത്തെ ഒന്നാകെ നിരീശ്വരവാദികളും കമ്യൂണിസ്റ്റുകളുമാക്കിതീർക്കുമെന്നു പറയുന്നതിൽപരം തട്ടിപ്പ്‌ മേറ്റ്ന്താണുള്ളത്‌. സാമൂഹികപാഠത്തോടൊപ്പം ഭാഷയും സയൻസും കണക്കും ദശാബ്ദങ്ങളായി കുട്ടികളെ പഠിപ്പിക്കുന്നുണ്ട്‌. കഴിഞ്ഞ 50 വർഷമായി സയൻസിന്റെ അടിസ്ഥാനതത്വങ്ങൾ ഒരു മാറ്റവും കൂടാതെയാണ്‌ കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. അത്‌ കത്തോലിക്കരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാലും നായന്മാരുടെ സ്കൂളിലായാലും ഈഴവരുടെ വിദ്യാലയങ്ങളിലായാലും മുസ്ലീങ്ങളുടെ പള്ളിക്കൂടങ്ങളിലായാലും ഒരുപോലെതന്നെയാണ്‌.

ദൈവമാണ്‌ മനുഷ്യൻ അടക്കമുള്ള പ്രപഞ്ചസൃഷ്ടികളുടെ സ്രഷ്ടാവ്‌ എന്നാണ്‌ പൊതുവേയുള്ള വിശ്വാസം. എന്നാൽ എല്ലാ സ്കൂളുകളിലും പഠിപ്പിക്കുന്നത്‌ പരിണാമത്തിലൂടെയാണ്‌ അമീബ മുതൽ മനുഷ്യൻവരെയുള്ള ജീവജാലങ്ങൾ ഉണ്ടായതെന്നാണ്‌. ഇത്‌ അച്ചന്മാരും കന്യാസ്ത്രീമാരും മുസ്ലീം-ഹൈന്ദവ മതപ്രഭാഷകരായ അധ്യാപകരുമടക്കമുള്ളവർ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സയൻസിന്റെ അടിസ്ഥാന തത്വമാണ്‌. ഈരേഴുപതിനാല്‌ ലോകങ്ങളും മുപ്പത്തിമുക്കോടി ദൈവങ്ങളും ഉണ്ടെന്നാണ്‌ ഹൈന്ദവ വിശ്വാസം. എന്നാൽ പ്രപഞ്ചത്തിൽ കോടാനുകോടി നക്ഷത്രസമൂഹങ്ങളുണ്ടെന്നും അതിൽ സൂര്യൻ എന്ന നക്ഷത്രം കേന്ദ്രസ്ഥാനത്തുവരുന്ന സൗരയൂഥത്തിൽ ഒൻപത്‌ ഗ്രഹങ്ങളാണുള്ളതെന്നും അതിൽതന്നെ ഇപ്പോൾ ജീവൻ നിലനിൽക്കുന്നത്‌ ഭൂമിയിൽ മാത്രമാണെന്നും, മറ്റു ഗ്രഹങ്ങളിൽ ജീവജാലങ്ങളുണ്ടോ എന്നു കണ്ടെത്താനുള്ള ശാസ്ത്രീയ പരീക്ഷണങ്ങൾ നടക്കുകയാണെന്നും ഇവരൊക്കെതന്നെയാണ്‌ വിദ്യാർഥികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. എന്നിട്ടും ഈശ്വരവിശ്വാസത്തിനും ദൈവഭയത്തിനും ഒരു മാറ്റവും വന്നിട്ടില്ല. ദൈവത്തിൽ വിശ്വസിക്കുകയും ആ വിശ്വാസത്തിന്‌ കടകവിരുദ്ധമായ ശാസ്ത്രസത്യങ്ങൾ പഠിപ്പിക്കുകയും ചെയ്തവരാണ്‌ ഇപ്പോൾ ഒരു പാഠത്തിന്റെ പേരിൽ ഈശ്വരവിശ്വാസം നഷ്ടപ്പെടുമെന്ന ഭീതിയുമായി തെരുവിലിറങ്ങിയിരിക്കുന്നത്‌. മതത്തിന്റെയും മതവസ്ത്രങ്ങളുടെയും മറവിൽ ഇവരെല്ലാം ഇക്കാലമത്രയും നടത്തിയിരുന്ന തട്ടിപ്പിനേക്കാൾ വലിയ തട്ടിപ്പാണ്‌, ഏഴാം ക്ലാസിലെ സാമൂഹികപാഠപുസ്തകത്തിന്റെ പേരിൽ നടത്തിക്കൊണ്ടിരിക്കുന്നത്‌.

കേരളത്തിൽ മാറിമാറിവന്ന മന്ത്രിസഭകളിൽ വിദ്യാഭ്യാസവകുപ്പ്‌ കൈകാര്യം ചെയ്തവരിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമൊക്കെയുണ്ട്‌. അവർക്കാർക്കും അന്ന്‌ പാഠപുസ്തകങ്ങളിലെ മേൽസൂചിപ്പിച്ച ഈശ്വരനിഷേധമായ ശാസ്ത്രവിവരങ്ങൾ അസ്വസ്ഥത സൃഷ്ടിക്കുകയോ അവരുടെ ഉറക്കം നശിപ്പിക്കുകയോ ചെയ്തിട്ടില്ല. അപ്പോൾ ടി.എം. ജേക്കബും കെ.എം.മാണിയും കുഞ്ഞാലിക്കുട്ടിയും മുഹമ്മദ്‌ ബഷീറുമൊക്കെ ഇപ്പോൾ ഈശ്വരവിശ്വാസത്തിന്റെ പേരിൽ അസ്വസ്ഥത സൃഷ്ടിക്കാൻ പ്രസ്താവനകളിറക്കുന്നതിന്റെ പിന്നിലെ ചേതോവികാരം അധികാരക്കൊതിമാത്രമാണെന്ന്‌ തിരിച്ചറിയാനുള്ള വിവരവും വിദ്യാഭ്യാസവും വിവേകവും കേരളീയർക്കുണ്ട്‌. തുമ്മിയാൽ തെറിക്കുന്ന മൂക്ക്‌ ഇല്ലാതിരിക്കുന്നതാണ്‌ ഭംഗിയും അഭിമാനവും. ഒരു പാഠപുസ്തകത്തിലെ പരാമർശത്തിന്റെ പേരിൽ ഈശ്വരന്‌ അസ്തിത്വം നഷ്ടപ്പെടുമെങ്കിൽ അത്തരമൊരു ഈശ്വരൻ ഇല്ലാതിരിക്കുന്നതാണ്‌ മലയാളികൾക്ക്‌ മാത്രമല്ല, മാനവരാശിക്കാകെ ഗുണകരം. അതുകൊണ്ട്‌ ഈ ചെപ്പടാച്ചികളിൽനിന്ന്‌ പിന്മാറി കഴിഞ്ഞ ദിവസം ഈ പംക്തിയിൽ ചൂണ്ടിക്കാണിച്ച ആരോഗ്യരംഗത്തെ കെടുകാര്യസ്ഥത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പാതിരിമാർ അടക്കമുള്ളവർ മുന്നോട്ടുവരുമ്പോൾ അവിടെ ഈശ്വരനും ഈശ്വര സാന്നിധ്യം അനുഭവിച്ചറിയാനാകും. ഇപ്പോൾ ഇവരിലെല്ലാം ഉറഞ്ഞുതുള്ളുന്നത്‌ സാത്താന്റെ താൽപര്യങ്ങൾതന്നെയാണ,്‌ സംശയമില്ല.

Tuesday, June 24, 2008

ചാണ്ടിയും ചെന്നിത്തലയും ഏതു കോത്താഴത്താണ്‌ ജീവിക്കുന്നത്‌?

രാഷ്ട്രീയമായ ആർജവം, വ്യക്തിപരമായ സത്യസന്ധത, സാമൂഹിക പ്രതിബദ്ധത, ദേശീയബോധം, ചൂഷണത്തിനെതിരായ പോരാട്ടം - ഇവയുടെ അടയാളപ്പെടുത്തലായിരുന്നു മുൻപ്‌, വെളുത്ത ഖദർ വസ്ത്രവും അത്‌ ധരിക്കുന്നവരും.

എന്നാൽ ചാണ്ടിയുടെയും ചെന്നിത്തലയുടേയും കാലമായപ്പോഴേയ്ക്കും പാരവയ്പിന്റെയും മുതലെടുപ്പിന്റെയും ജനവഞ്ചനയുടെയും സമൂഹത്തിൽ, സാമുദായിക സ്പർദ്ധ വളർത്തുന്ന തന്ത്രങ്ങളുടെയും സൂത്രവാക്യമായി അധഃപതിച്ചു ഖദറും അത്‌ ധരിക്കുന്നവരും.

അതല്ലെങ്കിൽ, കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന്‌ മരുന്നില്ലാതെ സാധാരണക്കാരായ രോഗികൾ വലയുമ്പോൾ, ആ പ്രശ്നത്തിന്‌ പരിഹാരം കാണേണ്ടതിന്‌ പകരം, ഒരു പാഠപുസ്തകത്തിന്റെ പേരിൽ ഇവർ, തെരുവിൽ സമരം നടത്തുമായിരുന്നില്ല; സമരക്കാരെ നേരിട്ട പോലീസിന്റെ സ്ഥിരം ശൈലി ഉയർത്തിക്കാട്ടി നിയമ സഭ സ്തംഭിപ്പിക്കുമായിരുന്നില്ല.

പി.കെ. ശ്രീമതി എന്ന ഒരു അശ്രീകരത്തെ ആരോഗ്യമന്ത്രിയാക്കിയ നിമിഷം മുതൽ ആരംഭിച്ചതാണ്‌, കേരളത്തിലെ സാധാരണക്കാരായ രോഗികളുടെ ഗതികേട്‌. ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ടൈഫോയിഡുമെല്ലാം, ശ്രീമതിയുമായി തട്ടിച്ചുനോക്കുമ്പോൾ എത്ര നിരുപദ്രവകാരികളാണെന്ന്‌ കഴിഞ്ഞ രണ്ടു വർഷത്തെ അനുഭവം കേരളീയരെ പഠിപ്പിക്കുന്നു. ഈ മൺസൂൺ കാലത്ത്‌ ചിക്കുൻഗുനിയ ഉൾപ്പെടെയുള്ള പകർച്ചപ്പനികൾ 'പൂർവാധികം ശക്തിയോടെ' ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പ്‌ കാറ്റിൽപ്പറത്തി ശ്രീമതി മന്ത്രിമന്ദിരത്തിൽ വാഴുമ്പോഴാണ്‌ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ മരുന്നില്ലാതെ നിർധനരായ രോഗികൾ നരകിക്കുന്നത്‌.

മെഡിക്കൽ കോളേജുകളെ മരുന്നുക്ഷാമം ബാധിച്ചിട്ടില്ലെങ്കിലും ജില്ലാ-താലൂക്ക്‌ ആശുപത്രികൾ, കമ്യൂണിറ്റി ഹെൽത്ത്‌ സെന്റർ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജീവൻ രക്ഷാമരുന്നുകൾ പോലുമില്ല! പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പാരസെറ്റമോൾ ഗുളികകൾപോലും സ്റ്റോക്കില്ല!! ഗ്ലൂക്കോസ്‌, ഐവി ഫ്ലൂയിഡ്‌, അത്യാവശ്യ ആന്റിബയോട്ടിക്കുകൾ തുടങ്ങിയവയെല്ലാം ജില്ലാ ആശുപത്രികളിൽനിന്നുവരെ പുറത്തേക്ക്‌ എഴുതിക്കൊടുക്കുകയാണ്‌.

മെഡിക്കൽ കോളേജുകളിലാകട്ടെ ഡിഫ്ത്തീരിയ, ടൈറ്റനസ്‌, വില്ലൻചുമ എന്നിവയെ യഥാക്രമം പ്രതിരോധിക്കുന്ന ഓക്സിട്രയോൺ നാഫ്തേ, മീഥൈൽ ഓക്സോനൈഡ്‌, പോളിട്രയോൺ കാർബോമൈറ്റ്‌ തുടങ്ങിയ മരുന്നുകൾ കേട്ടുകേൾവിപോലുമില്ലാത്ത അവസ്ഥയിലാണ്‌. ഡിഫ്ത്തീരിയയും ടെറ്റനസും വില്ലൻചുമയും പൂർണമായും നിർമാർജനം ചെയ്തുവെന്ന അഹങ്കാരത്തിലാണ്‌ മരുന്നുത്പാദനം കമ്പനികൾ നിർത്തിവച്ചിട്ടുള്ളതും, ഡോക്ടർമാർ ആ മരുന്നുകളെ വിസ്മരിക്കുന്നതും.

എന്നാൽ ഏതാനും ദിവസം മുൻപ്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ഡിഫ്ത്തീരിയ ബാധിച്ച്‌ ഒരു കുട്ടി മരിച്ചതോടെ ആ രോഗമടക്കമുള്ളള മരണങ്ങൾ നമ്മുടെ ചുറ്റും എപ്പോൾ വേണമെങ്കിലും ആക്രമിച്ച്‌ നമ്മേ കീഴ്പ്പെടുത്താൻ അവസരം പാർത്തിരിക്കുകയാണെന്ന്‌ വ്യക്തമായി.

1952 ആദ്യ സർക്കാരിന്റെ കാലത്ത്‌, ആരോഗ്യമന്ത്രിയായിരുന്ന ഡോ.എ.ആർ. മേനോൻ ദീർഘവീക്ഷണത്തോടെ നടപ്പാക്കിയതായിരുന്നു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെവരെ കണക്കെടുത്ത്‌, ജില്ലാ മെഡിക്കൽ സ്റ്റോറുകളിലൂടെയുള്ള മരുന്നുവിതരണ സംവിധാനം. എന്നാൽ അശ്രീകര മന്ത്രി അധികാരമേറ്റതോടെ ആ സംവിധാനം തകർത്ത്‌, തമിഴ്‌നാട്‌ മോഡൽ മെഡിക്കൽ കോർപ്പറേഷൻ പകരം വച്ചതാണ്‌ മരുന്നുക്ഷാമത്തിന്റെ യഥാർത്ഥ കാരണം. പാർട്ടിക്കുള്ളിൽനിന്നുപോലും എതിർപ്പുയർന്നിട്ടും ശ്രീമതി പുതിയ പദ്ധതി നടപ്പിലാക്കിയതിനുപിന്നിൽ സ്വകാര്യ ലാഭത്തിന്റെ ലക്ഷ്യം മാത്രമാണുണ്ടായിരുന്നതെന്ന്‌ ആരോപിക്കേണ്ടിവരും. 17000 രൂപ ശമ്പളത്തിന്‌ സ്വന്തം മരുമകളെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച ഒരു അഹങ്കാരത്തിന്‌ അത്തരം ദുഷ്ടലാക്കില്ലാതെ പോയെങ്കിൽ മൂക്കത്ത്‌ വിരൽവച്ചാൽ മതി.

മരുന്നുക്ഷാമം തെക്കൻ കേരളത്തേക്കാർ രൂക്ഷമായിട്ടുള്ളത്‌ മലബാർ മേഖലയിലാണ്‌. തെക്കൻ ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തനത്‌ ഫണ്ടിൽനിന്ന്‌ തുക മുടക്കി ഔഷധങ്ങൾ വാങ്ങുന്നതുകൊണ്ടാണ്‌ പ്രശ്നം അത്രയ്ക്കൊന്നും രൂക്ഷമായി അനുഭവപ്പെടാത്തത്‌. മുതിർന്നവരുടെ ഈ അവസ്ഥയെക്കാൾ ഭീകരമാണ്‌ നവജാതശിശുക്കളുടെ പ്രശ്നം. നവജാത ശിശുക്കൾക്ക്‌ പ്രാഥമികമായി നൽകേണ്ട പ്രതിരോധ കുത്തിവയ്പുകൾ സർക്കാർ ആശുപത്രികളിൽ നിർത്തിവച്ചിട്ട്‌ ഒരു മാസത്തോളമായി. ജനിച്ച ഉടനെ നൽകുന്ന ബിസിജി കുത്തിവയ്പ്‌ കഴിഞ്ഞ ഒരു മാസമായി, പൂർണമായി നിർത്തിവച്ചിരിക്കുകയാണ്‌. ഒന്നര മാസത്തിലും രണ്ടര മാസത്തിലും മൂന്നു മാസത്തിലും ഒന്നരവയസിലും നൽകുന്ന ഡിപിടിക്കുള്ള മരുന്നും, പത്താം മാസത്തിൽ നൽകുന്ന മീസിൽസ്‌, നാലുവയസിൽ കൊടുക്കുന്ന ടിടി, ഡിടി തുടങ്ങിയ കുത്തിവയ്പുകളും മുടങ്ങിക്കിടക്കുകയാണ്‌.

നൂറുകണക്കിന്‌ കുഞ്ഞുങ്ങളാണ്‌ പ്രതിദിനം സർക്കാർ ആശുപത്രികളിൽ ജനിക്കുന്നത്‌. ഈ കുഞ്ഞുങ്ങളെ നിത്യരോഗികളാക്കുന്നതിൽ ശ്രീമതിക്ക്‌ ഒരു മനസാക്ഷികുത്തുമില്ല! "നിങ്ങളും ഒരു സ്ത്രീയല്ലെ, അമ്മയല്ലേ" എന്നാരെങ്കിലും നെഞ്ചുരുകി ചോദിച്ചാൽ അവർക്കുനേരെ കണ്ണുരുട്ടാനും സഖാക്കളെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്താനും പക്ഷെ അശ്രീകര മന്ത്രിക്ക്‌ മിടുക്കുണ്ടുതാനും. ഗൗരവമുള്ള, രൂക്ഷമായ, ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഒരു പ്രശ്നം സമൂഹത്തിലുണ്ടായിട്ടും അതു കാണാനും, അത്‌ പരിഹരിക്കാനുമുള്ള പ്രക്ഷോഭം നടത്താനും ചാണ്ടിക്കും ചെന്നിത്തലയ്ക്കും പ്രതിപക്ഷത്തെ മറ്റു പാർട്ടികൾക്കും സമയമില്ല; സൗകര്യമില്ല.

കത്തോലിക്ക അച്ചന്മാർക്കും മുസ്ലീം മൊല്ലാക്കമാർക്കും ഏഴാം ക്ലാസിലെ പാഠപുസ്തകം ഉയർത്തിപ്പിടിച്ച്‌ കുരച്ചേ മതിയാകൂ. അതവരുടെ ഭോഷ്ക്ക്‌ നിറഞ്ഞ നിലനിൽപ്പിന്റെ പ്രശ്നമാണ്‌. അത്‌ കേരളത്തിലെ സാധാരണക്കാരുടെ പ്രശ്നമല്ല. എന്നിട്ടും അതേറ്റുപിടിക്കാനും കെഎസ്‌യു പിള്ളേരെ പോലീസിന്റെ തല്ലുകൊള്ളിക്കാനും അതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പുനടത്താനുമാണ്‌ ഷണ്ഡത്വം ബാധിച്ച യുഡിഎഫ്‌ നേതൃത്വം ശ്രമിക്കുന്നത്‌. മരുന്നുകിട്ടാതെ ആരെങ്കിലും മരിച്ചുകഴിഞ്ഞ്‌ പ്രശ്നം ഉയർത്തി പ്രക്ഷോഭം ആരംഭിക്കാനാണ്‌ ചെന്നിത്തലയും ചാണ്ടിയും കാത്തിരിക്കുന്നതെന്നു തോന്നുന്നു. ഇവരീ നാട്ടിലൊന്നുമില്ലേ; ഏതു കോത്താഴത്താണ്‌ കഴിയുന്നതെന്ന്‌ ചോദിച്ചുപോകുന്നത്‌ അതുകൊണ്ടാണ്‌. അശ്രീകരമന്ത്രിക്ക്‌ ഇണങ്ങുന്ന മരപ്പട്ടികളും ഈനാംപേച്ചികളുമായി, ഏതായാലും ചാണ്ടിയും ചെന്നിത്തലയും ഇപ്പോൾ വാർത്തകളിൽ നിറയുന്നുണ്ട്‌. അവരതിൽ സംതുലതരാണ്‌ താനും.

കേരളീയന്റെ ഓരോ വിധികൾ...

നവമുതലാളിത്തത്തിന്റെ സോപ്പിട്ടാൽ ഇങ്ങനിരിക്കും!

പുതിയ നിയമങ്ങളും പുതിയ പാഠങ്ങളും ഉണ്ടാക്കാൻ നടക്കുകയും അതിന്റെ പേരിലുള്ള വിവാദങ്ങളുടെ വാലിന്മേൽതൂങ്ങി നടക്കേണ്ടിവരികയും ചെയ്യുന്ന ഇടതു മന്ത്രിമാർ 'ലൈഫ്ബോയ്‌ എവിടെയോ അവിടെയാണാരോഗ്യം' എന്ന പഴയനിയമം മറന്നുപോയതിന്റെ ശിക്ഷയാണനുഭവിക്കുന്നത്‌!

നവമുതലാളിത്തത്തിന്റെ സോപ്പിട്ടാൽ ഇങ്ങനിരിക്കും; സഖാക്കളെ! കഴിഞ്ഞൊരു വർഷം നമ്മുടെ മന്ത്രിമാരുടെ ആരോഗ്യം തിരികെ പിടിക്കാൻ പത്തൊമ്പത്‌ ലക്ഷത്തി പത്തൊമ്പതിനായിരത്തി അറുന്നൂറ്റിപത്തൊമ്പത്‌ രൂപയുടെ മരുന്നാണ്‌ അവന്മാർ തിന്നുതീർത്തത്‌!
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂവെന്നാണ്‌ പണ്ടൊക്കെ ഉസ്കൂളിൽ പഠിപ്പിച്ചിരുന്നത്‌. ബേബിമാഷിന്റെ മാഷ്മ്മാർ അതും തിരുത്തിക്കുറിച്ചോ എന്നറിയില്ല.

ആരോഗ്യമന്ത്രിമാരുടെ ആരോഗ്യമില്ലാത്ത മനസുകൾ ആരോഗ്യമില്ലാത്ത തീരുമാനങ്ങളെടുത്തു നടപ്പാക്കും. ആ തീരുമാനങ്ങളെ ആരോഗ്യം ഒട്ടുമില്ലാത്ത കെഎസ്‌യുവിനും അത്രപോലും ആരോഗ്യമില്ലാത്ത യുവമോർച്ചക്കുംവരെ ചെറുത്തു തോൽപ്പിക്കാനാവും!

ചുരുക്കത്തിൽ കേരളത്തിൽ രണ്ടു കൊല്ലമായി ഭരിക്കുന്ന ഇടതുസർക്കാരിന്റെ ആരോഗ്യക്കുറവിനും വിളർച്ചക്കും കാരണമെന്തെന്ന്‌ പുറത്തായിരിക്കുന്നു. ആരോഗ്യപരമായി പരിതാപകരമായ അവസ്ഥയിൽ തുടരുന്ന വൈദ്യുതിവകുപ്പിന്റെ മന്ത്രി എ.കെ. ബാലൻ ഒരു വർഷം തിന്നുതീർത്തത്‌ ഒരു ലക്ഷത്തി അറുപത്തിരണ്ടായിരത്തി നൂറ്റെഴുപത്തിയഞ്ചു രൂപയുടെ മരുന്നാണ്‌. കെഎസ്‌ഇബി അടുത്ത കാലത്തെങ്ങും ആരോഗ്യം വീണ്ടെടുക്കുമെന്നു തോന്നുന്നുണ്ടോ?

പണ്ടേ ആരോഗ്യം കട്ടപ്പുറത്തായ ഗതാഗതവകുപ്പിന്റെ മന്ത്രി മാത്യു ടി. തോമസ്‌ തിന്നുതീർത്തത്‌ ഒരു ലക്ഷത്തി അമ്പത്തൊമ്പതിനായിരത്തിഅഞ്ഞൂറ്റിമുപ്പത്തിനാലുരൂപയ്ക്ക്‌ മരുന്ന്‌. കെ.എസ്‌.ആർ.ടി.സിയുടെ ഭാവി ഭൂതം കൊണ്ടുപോയില്ലേ?

സകല പൗരന്മാരുടെയും ആരോഗ്യത്തെ ബാധിക്കുന്ന പൊതുവിതരണവകുപ്പു മന്ത്രി സി. ദിവാകരൻ കഴിച്ചുതീർത്തത്‌ ഒരു ലക്ഷത്തിമുപ്പത്തിയെണ്ണായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിരണ്ട്‌ രൂപയുടെ മരുന്ന്‌. എന്താവും റേഷൻകടയുടെ ഗതി?

പിന്നെങ്ങിനെ സർക്കാർ ആശുപത്രിയിൽ മരുന്നുണ്ടാകുമെന്ന്‌ ആത്മഗതം ചെയ്യുന്നുണ്ടാവും. സർക്കാരാശുപത്രിയിൽപ്പോയി മരുന്നു ചീട്ടുമാത്രം കിട്ടിയ പാവങ്ങൾ രോഗികൾ!

സർക്കാർ ആശുപത്രിയിൽനിന്നും മരുന്നു കിട്ടാത്ത രോഗികൾക്ക്‌ മന്ത്രിണി ശ്രീമതിയുടെ ഉപദേശനിർദേശങ്ങൾ, പ്രസ്താവനകൾ എന്നിവ ആസ്വദിച്ചു വേദനയകറ്റാം. ഇതിനെയാണ്‌ സാന്ത്വന ചികിത്സ എന്നുപറയുന്നത്‌!

മരുന്നു കഴിച്ചുല്ലസിക്കുന്ന മന്ത്രിസത്തമന്മാരും കഴിക്കാൻ മരുന്നു കിട്ടാത്ത പാവങ്ങളും ഒരു നാൾ മരിക്കും. മന്ത്രിമാർക്ക്‌ അവരുടെ രോഗങ്ങൾക്കൊപ്പം പാവങ്ങളുടെ പ്‌രാക്കും കൂടെയുള്ളതിനാൽ അവന്മാർ നീറിനീറി മരിക്കും. പാവങ്ങൾക്ക്‌ മരുന്നുകഴിച്ചുണ്ടാകാവുന്ന നീറ്റലില്ലാതെ മരിക്കാനാവും എന്നതു മാത്രമാണ്‌ പ്രത്യാശയ്ക്ക്‌ വകനൽകുന്നത്‌.

Monday, June 23, 2008

ഈശ്വരനെയോർത്ത്‌ നിങ്ങൾ കരയേണ്ട!

ഈശ്വരന്‌ ഏറ്റവും ഇഷ്ടം ആരെയായിരിക്കും?
ഈശ്വരവിശ്വാസിയായ ഒരു ഉഡായിപ്പുകാരനെയോ നിരീശ്വരവാദിയായ ഒരു മര്യാദക്കാരനെയോ?

എല്ലാ ഒന്നാം തീയതിയും ഗുരുവായൂരപ്പനെ നേരിൽക്കണ്ടു തൊഴുന്ന സാക്ഷാൽ ലീഡറെയോ, പള്ളിയിലേക്ക്‌ തിരിഞ്ഞുനോക്കാത്ത അന്തോണിച്ചനെയോ?

അബ്കാരിയായ നടേശഗുരുവിനെയോ സകല ദൈവങ്ങളെയും വെല്ലുവിളിച്ചു നടക്കുന്ന അഴീക്കോടിനെയോ?

വിദേശപ്പണം പറ്റി ഭൂസ്വത്തുണ്ടാക്കുന്ന സുവിശേഷകരെയോ നീതിക്കായി സായുധസമരം പ്രചരിപ്പിക്കുന്ന നക്സലൈറ്റുകളെയോ?

നിങ്ങൾ ഏതു ജാതി/മതക്കാരനായിരുന്നാലും ശരി മുൻപറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ 'ചിരിക്കാനുള്ള' വകയുണ്ടാക്കും.

ഇടതു സർക്കാരിന്റെ ഏഴാം ക്ലാസ്‌ സാമൂഹ്യപാഠം വായിച്ചുപഠിച്ച്‌ ആരെങ്കിലും കമ്മ്യൂണിസ്റ്റായി പോകും എന്ന്‌ വിശ്വസിക്കണമെങ്കിൽ അസാമാന്യമായ വിവരദോഷം തന്നെ വേണമെന്നാണ്‌ ആ 'ചിരി'യുടെ പൊരുൾ!

ഇപ്പോൾ നിലനിൽക്കുന്ന സകല മതവിഭാഗങ്ങളുടെയും ആത്മീയ നേതൃത്വങ്ങൾ വിശ്വാസികൾക്ക്‌ നൽകുന്ന പാഠപുസ്തകങ്ങൾ ഏതെങ്കിലും ഒരു നിരീശ്വരവാദിയെ/കമ്മ്യൂണിസ്റ്റുകാരെ ഈശ്വരവിശ്വാസിയാക്കിയതായി വെളിപ്പെട്ടിട്ടില്ല.

യഥാർത്ഥത്തിൽ ഈശ്വരനില്ല എന്ന്‌ പറഞ്ഞുനടക്കുന്നവരുടെ ഉള്ളിലാണ്‌ ഈശ്വരനുണ്ട്‌ എന്ന്‌ വിശ്വസിക്കുന്നവരേക്കാൾ ഈശ്വരവിശ്വാസമിരിക്കുന്നത്‌.

ഈശ്വരനിലുള്ള വിശ്വാസം എന്നു പറയുന്നത്‌, സത്യത്തിലുള്ള വിശ്വാസമാണ്‌ എന്ന്‌ പൊതുവായി നിർവചിച്ചാൽ മതാധിഷ്ഠിതമായ സംസ്കാരമുണ്ടെന്ന്‌ കൊണ്ടാടപ്പെടുന്ന കേരളത്തിൽ വിരലിലെണ്ണാവുന്നരേ ഈശ്വരവിശവാസികളായുള്ളൂ എന്ന്‌ കണ്ടെത്താനാവും!

കൈക്കൂലി വാങ്ങുന്നവരും, കൈക്കൂലി കൊടുക്കുന്നവരും കോപ്പിയടിച്ച്‌ പരീക്ഷ ജയിക്കുന്നവരും, രേഖതിരുത്തി ജോലി തേടുന്നവരും, ആരാനെ കബളിപ്പിച്ച്‌ കാശുതട്ടുന്നവരും, സ്വജനങ്ങൾക്കായി പക്ഷഭേദം കാട്ടുന്നവരും, ചിട്ടിക്കമ്പനി പൊളിച്ച്‌ നാടുവിടുന്നവരും, ഒരു ജോലിയും ചെയ്യാത്ത അലസന്മാരും, ജോലിസമയത്ത്‌ സംഘടനാ പ്രവർത്തനത്തിന്‌ പോകുന്നവരും, സത്യപ്രതിജ്ഞ ലംഘിച്ച്‌ സ്ഥാനമാനങ്ങൾ ദുരുപയോഗം ചെയ്യുന്നവരും, വാഗ്ദാനങ്ങൾ പാലിക്കാത്തവരും, തിന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നവരും, അനീതി ചെയ്യാൻ അവസരമുണ്ടാക്കുന്നവരും..... അങ്ങനെയങ്ങനെ സകല അധർമ്മികളും പ്രഘോഷിക്കുന്നത്‌ തങ്ങൾ ഈശ്വരവിശ്വാസികളാണെന്നത്രെ!

ഈയിനങ്ങളിൽപ്പെട്ട സകലമനുഷ്യരും അവരുടെ വീടിന്റെ കട്ടിളപ്പടിയിൽ 'യേശുക്രിസ്തു ഈ ഭവനത്തിന്റെ നാഥൻ', 'ഗുരുവായൂരപ്പൻ ഈ വീടിന്റെ ഐശ്വര്യം' എന്നൊക്കെ ബോർഡ്‌ തൂക്കിയിട്ടിരിക്കും! ഇവന്മാർ ചെയ്യുന്ന സകല തെമ്മാടിത്തരത്തിനും ഈശ്വരനാണ്‌ ഉത്തരവാദിത്വം എന്ന്‌ ചുരുക്കും.

പത്തിരുപത്‌ കൊല്ലക്കാലം സന്യാസിനീ വേഷം ധരിച്ച്‌ പരപുരുഷനുമായി അവിഹിതബന്ധത്തിൽ ഏർപ്പെട്ട്‌, അതിന്റെ വീഡിയോ ചിത്രം ലോകത്തിനായി പ്രദാനം ചെയ്ത ആലുവായിലെ ഒരു 'കന്യാസ്ത്രീ'യുടെയും തൊള്ളായിരം കോടിയുടെ സ്വത്തുണ്ടെന്ന്‌ കണ്ടുപിടിക്കപ്പെട്ട ബിലീവേഴ്സ്‌ ചർച്ചിലെ ബിഷോപ്പ്‌ തിരുമേനിയേയും ഉഡായിപ്പുകളുടെ രാജാവായിരുന്ന സന്തോഷ്‌ മാധവൻ മുതൽ തരികിട തങ്ങൾമാരെ വരെയും ഈശ്വര വിശ്വാസികളായി തന്നെ പരിഗണിക്കുകയും, പരസ്യമായി ഇതുവരെ ഇവരെ തള്ളിപ്പറയാതിരിക്കുകയും ചെയ്യുന്ന മതനേതൃത്വങ്ങൾ എം.എ. ബേബിയുടെ ഏഴാം പാഠപുസ്തകത്തിനെ ഇത്രമാത്രം ഭയക്കുന്നതെന്തിന്‌

Saturday, June 21, 2008

ഹൈബിയ്ക്കും സിദ്ദിഖിനും വേണ്ടി തല്ലുകൊള്ളാൻ നാണമില്ലാത്ത ...

ഷണ്ഢത്വം ബാധിച്ച പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച്‌ കോൺഗ്രസിന്റെ നാണക്കേട്‌ മാറ്റാനാണെന്നു തോന്നുന്നു, കെഎസ്‌യു പിള്ളേരിപ്പോൾ തെരുവിൽ കൂത്താടുന്നതും പോലീസിന്റെ തല്ലുകൊണ്ട്‌ ആശുപത്രിയിലാകുന്നതും.

ഇന്നലെവരെ കഴിവുകേടിന്റെ ഖദർപര്യായങ്ങളായിരുന്ന ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഇപ്പോൾ എത്ര ആവേശത്തോടെയാണ്‌ പ്രസ്താവനകളിറക്കുന്നതെന്ന്‌ ശ്രദ്ധിക്കുക. കെഎസ്‌യു പിള്ളേരെ തെരുവിൽതല്ലി ഹിറ്റ്ലർ ആകാൻ കോടിയേരി ശ്രമിക്കേണ്ട എന്ന്‌ ചെന്നിത്തല മുന്നറിയിപ്പ്‌ നൽകുമ്പോൾ, പഴയ കെഎസ്‌യുവിന്റെ പടക്കുതിരയായിരുന്ന ഉമ്മൻചാണ്ടി 'ശക്തിമത്തായ' ഭാഷയിലാണ്‌ ആഭ്യന്തരമന്ത്രിക്കും സർക്കാരിനുമെതിരെ പ്രസ്താവനകളിറക്കുന്നത്‌. എന്തിനധികം കെ.കരുണാകരൻ പോലും കെഎസ്‌യു പ്രശ്നമേറ്റെടുത്ത്‌ അച്യുതാനന്ദനെതിരെ ആഞ്ഞടിക്കുകയാണ്‌.

എന്തിനാണ്‌ യഥാർത്ഥത്തിൽ ഇപ്പോൾ കെഎസ്‌യുവിന്റെ ഈ സമരമെന്ന്‌ ചിന്തിക്കുമ്പോഴാണ്‌, വിദ്യാർഥി സമരത്തിലൂടെ നേതൃസ്ഥാനത്തെത്താനും എംഎൽഎയും എംപിയുമൊക്കെ ആകാനുമുള്ള ചില നീലക്കുറുക്കന്മാരുടെ കൗശലങ്ങൾ വ്യക്തമാകുന്നത്‌. കെഎസ്‌യു പ്രസിഡന്റ്‌ ഹൈബി ഈഡന്‌ എറണാകുളം പാർലമെന്റ്‌ സീറ്റും യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ സിദ്ധിഖിന്‌ തിരുവനന്തപുരം എംഎൽഎ സീറ്റും സംവരണം ചെയ്യാനുള്ള ബോധപൂർവമായ നീക്കമാണ്‌, കെഎസ്‌യു സമരമായി തെരുവിൽ പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്നത്‌.

വിദ്യാർഥികളുടെ പ്രശ്നമേറ്റെടുത്ത്‌ മുൻപ്‌ കെഎസ്‌യു അടക്കമുള്ള വിദ്യാർഥി സംഘടനകളും സമാനതകളില്ലാത്ത സമരങ്ങൾ ചെയ്തിട്ടുണ്ട്‌. ഒരണ സമരവും ഫീസ്‌ ഏകീകരണവുമെല്ലാം അത്തരത്തിലുള്ളതായിരുന്നു. എന്നാൽ ഇന്ന്‌ കെഎസ്‌യു അടക്കമുള്ള വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലിരുന്ന്‌ സമരപരിപാടികൾക്ക്‌ രൂപം നൽകുന്ന നേതാക്കന്മാരെല്ലാം സ്ഥാനമാനങ്ങൾക്കും സുഖസൗകര്യങ്ങൾക്കും പിന്നാലെ ആർത്തിയോടെ പായുന്ന വേട്ടപ്പട്ടികൾ മാത്രമാണ്‌. അധികാരവും മൂലധന സമാഹരണവും ലൈംഗിക തൃപ്തിയുമൊക്കെ മുന്നിൽകണ്ടുകൊണ്ടുള്ള സമരാഭാസങ്ങൾക്കാണ്‌ യഥാർത്ഥത്തിൽ ഈ യുവനേതാക്കന്മാർ നേതൃത്വം നൽകുന്നത്‌.

ഏഴാം ക്ലാസിലെ സാമൂഹിക പാഠപുസ്തകത്തിലെ ഒരു പാഠത്തിന്റെ പേരിലാണ്‌ ഇപ്പോൾ ഈ പുകിലെല്ലാം നടക്കുന്നത്‌. നെഹ്‌റുവിന്റെ ഉദ്ധരണികൾ അടങ്ങിയ 'മതവിശ്വാസത്തിന്റെ ജീവൻ' എന്ന പാഠമാണ്‌ ഇവരെയെല്ലാം പ്രകോപിതരാക്കിയിരിക്കുന്നത്‌. ഇടതുപക്ഷ സർക്കാർ മതന്യൂനപക്ഷങ്ങൾക്കും അവരുടെ ഈശ്വരവിശ്വാസത്തിനും എതിരെ പാരപണിയുകയാണ്‌ ഈ പാഠത്തിലൂടെ എന്ന കത്തോലിക്ക സഭാ നേതൃത്വത്തിന്റെ, അജണ്ടകൾ നിറഞ്ഞ ആശങ്കകളാണ്‌ ഇപ്പോൾ ഹൈബിയും സിദ്ധിഖുമടക്കമുള്ളവർ എടുത്തുയർത്തി പിള്ളേരെ പോലീസിന്റെ ലാത്തിയടിക്ക്‌ വിട്ടുകൊടുത്തിരിക്കുന്നത്‌.

കത്തോലിക്ക സഭയ്ക്ക്‌ ഇത്തരമൊരു ആരോപണം ഉന്നയിക്കേണ്ടത്‌ അവരുടെ വിദ്യാഭ്യാസ കച്ചവടത്തിന്‌ അനിവാര്യമാണ്‌. ഇടതുപക്ഷ സർക്കാരുകൾ എന്നും കത്തോലിക്ക സഭയടക്കമുള്ള മതന്യൂനപക്ഷങ്ങളിലെ വിദ്യാഭ്യാസ ചൂഷകർക്ക്‌ കടിഞ്ഞാണിടാൻ ശ്രമിച്ചിട്ടുണ്ട്‌ ശ്രമിക്കുന്നുമുണ്ട്‌. അതാണ്‌ സഭാ നേതൃത്വത്തെ ഭീതിയിലാഴ്ത്തുന്നത്‌. എം.എ. ബേബിയെപോലെ ഒരു പാര മന്ത്രിസഭയിലിരുന്ന്‌ ഈ വിദ്യാഭ്യാസ വാണിക്കുകൾക്ക്‌ വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നുണ്ടെങ്കിലും തങ്ങളുടെ അജണ്ടകൾ എല്ലാം പരിക്കുകൂടാതെ നടത്തിയെടുക്കാൻ കഴിയുമെന്ന്‌ അവർക്ക്‌ വിശ്വാസമില്ല. അപ്പോൾ വീണുകിട്ടിയ കച്ചിത്തുരുമ്പാണ്‌ ഏഴാം ക്ലാസിലെ ഈ പാഠപുസ്തകം.

മതന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന്‌ ബോധ്യപ്പെടുത്തി അധികാരത്തിന്റെ ഉന്നതങ്ങളിലെത്താൻ എന്നും കോൺഗ്രസ്‌ കൗശലം പ്രകടിപ്പിച്ചിട്ടുണ്ട്‌. വിമോചനസമരമെന്ന സമരാഭാസം ഓർക്കുക. അതേ ശൈലി തന്നെയാണ്‌ ഇപ്പോൾ കോൺഗ്രസ്‌ അനുവർത്തിക്കുന്നത്‌. അതിന്‌ പരിസരമൊരുക്കാൻ കുട്ടിക്കുരങ്ങന്മാരെ കൊണ്ട്‌ ചോറുവാരിക്കുന്നതാണ്‌ ഇപ്പോൾ നടക്കുന്ന കെഎസ്‌യു സമരം. സഭയുടെ ഈ എതിർപ്പിനൊപ്പം നിന്ന്‌ ഒരു എംഎൽഎ സ്ഥാനവും എംപി സ്ഥാനവും ഒപ്പിച്ചെടുക്കാമെന്ന്‌ സിദ്ധിഖും ഹൈബിയും സ്വപ്നം കാണുന്നു.

ഇന്ന്‌ ഈ പാഠത്തിനെതിരെയും പാഠപുസ്തകത്തിനെതിരെയും കുരച്ചു പ്രതിഷേധിക്കുന്ന ചെന്നിത്തലയോ ഹൈബിയോ സിദ്ധിഖോ ആ പാഠം മുഴുവനും വായിച്ചിട്ടുണ്ടാകില്ല എന്ന കാര്യത്തിൽ ഞങ്ങൾക്ക്‌ സംശയമില്ല. വായനയും അക്ഷരങ്ങളോടുള്ള കൂറും മുൻപേ കോൺഗ്രസുകാർക്ക്‌ പറഞ്ഞിട്ടുള്ളതല്ല. അതല്ലായിരുന്നെങ്കിൽ ലോകം മുഴുവൻ ആദരിക്കുന്ന ചിന്തകനായ നെഹ്‌റുവിന്റെ ഉദ്ധരണികൾ അടങ്ങുന്ന ഒരു പാഠഭാഗം മതന്യൂനപക്ഷങ്ങൾക്ക്‌ എതിരാണെന്ന്‌ ഇവർ വാദിക്കുമായിരുന്നില്ല. നെഹ്‌റുവും ഗാന്ധിജിയും അടങ്ങിയ ആദ്യകാല കോൺഗ്രസ്‌ നേതൃത്വം വായനയിലൂടെ വിളഞ്ഞുവന്നവരാണ്‌. എന്നാൽ ചെന്നിത്തല മുതൽ ഹൈബി വരെയുള്ള ഇപ്പോഴത്തെ നേതൃത്വം വായിക്കാതെ വളഞ്ഞവരും. അതാണ്‌ അടിസ്ഥാന പ്രശ്നം.
എന്നും വിദ്യാർഥി സമരം അക്രമാസക്തമേ ആയിട്ടുള്ളൂ. പോലീസിനുനേരെയുള്ള കല്ലേറും പോലീസിന്റെ ലാത്തിയടിയും അതിന്റെ അവിഭാജ്യ ഘടകങ്ങളുമാണ്‌. വാർത്തകൾ സൃഷ്ടിച്ച്‌ ജനമനസിൽ കയറിപ്പറ്റാനുള്ള നേതാക്കന്മാരുടെ ഹീനലക്ഷ്യങ്ങളാണ്‌ ഇങ്ങനെ തെരുവിൽ ചോരക്കളങ്ങൾ സൃഷ്ടിക്കുന്നത്‌. ഇപ്പോൾ ചാനലുകളും ചാനലുകളിൽ തൽസമയ ചർച്ചകളും വന്നതോടെ ഈ ലക്ഷ്യം എളുപ്പം നേടാമെന്ന്‌ ഇവർ തിരിച്ചറിയുന്നു. അതുകൊണ്ട്‌ അടിസ്ഥാനമില്ലെങ്കിൽ പോലും ചില പ്രശ്നങ്ങൾ ഉന്നയിച്ച്‌ പ്രക്ഷോഭങ്ങൾ ഉണ്ടാക്കുക ഇവരുടെയൊക്കെ രീതിശാസ്ത്രമാണ്‌.

കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും നടത്തിയ സമരങ്ങളോർക്കുക. ലാത്തിയടി മാത്രമല്ല ഗ്രനേഡ്‌ പ്രയോഗം വരെ കുട്ടിസഖാക്കൾക്കുനേരെയുണ്ടായി. അതിൽ അന്ന്‌ എസ്‌എഫ്‌ഐ പ്രസിഡന്റായിരുന്ന സിന്ധുജോയിയുടെ കാൽപ്പാദത്തിന്‌ മാരകമായ പരിക്കേൽക്കുകയും ചെയ്തു. ഓർക്കുക അന്ന്‌ അവർ ഉന്നയിച്ച പ്രശ്നങ്ങൾ ഒന്നുപോലും ഇന്ന്‌ അവരുടെ സർക്കാർ ഭരിക്കുമ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. അതേസമയം സിന്ധുജോയിക്ക്‌ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കാനുള്ള സീറ്റ്‌ തരപ്പെടുകയും ചെയ്തു.

ഇതൊക്കെതന്നെയാണ്‌ ഹൈബി ഈഡന്റെയും സിദ്ധിഖിന്റേയും മനസിലുള്ളത്‌. അതിനുവേണ്ടിയാണ്‌ കെഎസ്‌യു പിള്ളേരെ എരിവുകേറ്റി ഇപ്പോൾ തെരുവിലിറക്കിയിരിക്കുന്നത്‌.

ഇവിടെ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാട്ടേണ്ടതുണ്ട്‌. വിദ്യാർഥി സമരങ്ങളിലൂടെയാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടികളിലെ നേതാക്കന്മാരെല്ലാം വളർന്നു വന്നിട്ടുള്ളത്‌. കോടിയേരി ബാലകൃഷ്ണനും അത്തരത്തിലൊരു നേതാവാണ്‌. സ്വാഭാവികമായും വിദ്യാർഥികളോടും അവരുടെ സമരത്തോടും അനുഭാവപൂർവകമായ ഒരു നിലപാട്‌ അദ്ദേഹത്തിൽനിന്നുണ്ടാകേണ്ടതാണ്‌. അത്‌ ഉണ്ടായിട്ടില്ല എന്നു മാത്രമല്ല, കെഎസ്‌യു പിള്ളേർ ഇന്നു നടത്തുന്ന സമരം നക്സൽ മോഡലിലുള്ള ആക്രമണമാണെന്ന മഹാവിഡ്ഢിത്തം ആഭ്യന്തരമന്ത്രി എഴുന്നള്ളിക്കുകയും ചെയ്തു. ചക്കിക്കൊത്ത ഈ ചങ്കരന്മാരുടെ അജണ്ടകൾ തിരിച്ചറിയാനുള്ള വിവേകമാണ്‌ വിദ്യാർഥികൾക്കുണ്ടാകേണ്ടത്‌. അതിനുതകുന്ന രാഷ്ട്രീയ പ്രവർത്തനമാണ്‌ കലാലയങ്ങളിൽ സജീവമാകേണ്ടത്‌. അല്ലാതെ ഹൈബിയേയും സിദ്ധിഖിനേയും പോലെയുള്ള അവസരവാദികൾക്ക്‌ എംപിയും എംഎൽഎയുമാകാനുള്ള കുറുക്കുവഴി ഉണ്ടാക്കാൻ പോലീസിന്റെ തല്ലുമേടിക്കുന്ന വിവരക്കേടിന്റെ രാഷ്ട്രീയമല്ല കെഎസ്‌യു പിള്ളേർ പ്രദർശിപ്പിക്കേണ്ടത്‌.

Thursday, June 19, 2008

പോലീസ്‌ എന്നുവച്ചാലെന്താ?

പോലീസ്‌ എന്നുവച്ചാൽ എന്താ?
നിർവചനം ദേ, താഴെ സല്യൂട്ടടിച്ചുനിൽക്കുന്നു.
P എന്നുവച്ചാൽ പൊളൈറ്റ്നസ്‌ - എന്നുവച്ചാൽ വിനയം.
O എന്നുവച്ചാൽ ഒബീഡിയൻസ്‌ - എന്നുവച്ചാൽ അനുസരണം.
L എന്നുവച്ചാൽ ലോയൽറ്റി - എന്നുവച്ചാൽ സത്യസന്ധത.
I എന്നുവച്ചാൽ ഇന്റലിജൻസ്‌ - എന്നുവച്ചാൽ ബുദ്ധി.
C എന്നുവച്ചാൽ കറേജ്‌ - എന്നുവച്ചാൽ ധൈര്യം.
E എന്നുവച്ചാൽ എഫിഷ്യൻസി - എന്നുവച്ചാൽ സാമർത്ഥ്യം.

ഇത്രയുമെത്തുമ്പോൾ താങ്കളുടെ ഉള്ളിൽ ഒരു ചിരി പൊട്ടിവിരിയുന്നുണ്ടോ?
ഉണ്ടെങ്കിൽ നല്ലത്‌. കോമൺമാന്‌ കോമണായി കാണപ്പെടുന്നതും മറ്റു പല പ്രമാണിമാർക്കും അത്ര കോമണല്ലാത്തതുമായ കോമൺസെൻസ്‌ എന്നൊരു സംഗതിയുടെ സഹയാത്രികനായ ഹ്യൂമർസെൻസ്‌ താങ്കൾക്കുണ്ട്‌ എന്നതാണ്‌ ആ ചിരിയുടെ പിന്നിലെ രഹസ്യം!

പോലീസ്‌ എന്നുവച്ചാൽ എന്താ?
എൽഡിഎഫ്‌ ഭരിക്കും കാലം യുഡിഎഫുകാരെ തല്ലാനും, യുഡിഎഫ്‌ ഭരിക്കുംകാലം എൽഡിഎഫുകാരെ തല്ലാനും ലീഡർ ഭരിക്കും കാലം ലീഡർക്കു തോന്നിയവരെയൊക്കെ തല്ലാനും, കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിക്കാനും, ബെല്ലില്ലാത്ത സൈക്കിൾ യാത്രക്കാരെയും ഹെൽമെറ്റില്ലാത്ത ബൈക്ക്‌ യാത്രക്കാരെയും വഴിയിൽ തടഞ്ഞ്‌ കാശുപിടുങ്ങാനും, നാലുചട്ടി മണലിന്‌ 1000 രൂപ പിഴയീടാക്കാനും, സ്വാമിമാർ, ആസാമിമാർ, ഭൂസ്വാമിമാർ തുടങ്ങിയ സകല ഉഡായിപ്പുകൾക്കുംവേണ്ടി ഒത്താശചെയ്യാനും ഒക്കെയുള്ള സംവിധാനമാണ്‌ പോലീസ്‌ എന്ന്‌ നമ്മളെ പഠിപ്പിച്ചത്‌ നമ്മുടെ പോലീസ്‌ തന്നെയാണ്‌!

പോലീസ്‌ ആർക്കുവേണ്ടിയാണ്‌?
ജനാധിപത്യക്രമത്തിൽ, ജനങ്ങൾക്കുവേണ്ടിയാണ്‌ എന്നാണു മറുപടി. എന്നാൽ ഫലത്തിൽ ആർക്കുവേണ്ടിയാണ്‌ എന്ന ചോദ്യത്തിന്‌ പലതുണ്ടു മറുപടി.

ജനനായകൻ അച്യുതാനന്ദന്‌ പിന്നാലെ സുരക്ഷാകവചമൊരുക്കി നടക്കുന്നത്‌ ഒന്നും രണ്ടുമല്ല എൺപത്തിയഞ്ചു പോലീസുകാർ! ആഭ്യന്തരമന്ത്രി കോടിയേരിക്കു പിന്നാലെ മുപ്പത്തിയഞ്ചു പോലീസുകാർ, സുധാകരനൊഴികെയുള്ള മന്ത്രിസത്തമന്മാർക്കൊക്കെ കൂടി പത്തഞ്ഞൂറു പോലീസുകാർ!

കമ്യൂണിസ്റ്റുകാർ മന്ത്രിമാരാകുമ്പോൾ അവർക്കെന്താണ്‌ സംഭവിക്കുന്നത്‌. അവന്മാർ പേടിത്തൊണ്ടരായി മാറുന്നുവെന്നാണോ ഈ പോലീസ്‌ വിന്യാസത്തിന്റെ അർത്ഥം!

ജനങ്ങളെ പേടിക്കുന്ന ഭരണാധികാരികൾ ജനവിരുദ്ധരായ ഭരണാധികാരികളാണെന്നാണ്‌ ചരിത്രം പഠിപ്പിക്കുന്നത്‌.

അതൊക്കെ അവിടെയിരിക്കട്ടെ, പോലീസ്‌ എന്നുവച്ചാൽ എന്താണ്‌? ഈ ചോദ്യം കമ്യൂണിസ്റ്റുകാർക്കുള്ളതാണ്‌. പോലീസ്‌ ഭരണകൂടത്തിന്‌ പ്രജകളെ അടിച്ചമർത്താനുള്ള ആയുധമാണ്‌ എന്നാവും മറുപടി.

അപ്പോൾപിന്നെ ജനകീയ പോലീസ്‌ എന്നുവച്ചാൽ എന്താണ്‌?
ഇങ്ങനെ അധികം ചോദ്യങ്ങൾ ചോദിക്കരുത്‌. ചോദ്യം ചെയ്യാൻ മടിക്കാതിരിക്കുവിൻ എന്നു പാടിനടന്ന ചേട്ടന്മാർ പോലും ചോദ്യം ചോദിക്കലൊക്കെ നിർത്തി വെറുതേയിരിപ്പ്‌ പണിക്കുപോയിരിക്കുന്ന കാലത്ത്‌ വെറുതെ ചോദ്യങ്ങൾ ചോദിക്കരുത്‌!

ആൾ ദൈവങ്ങളെ ആർക്കാണ്‌ പേടി?

സമ്മതിദായകരേയും നികുതിദായകരേയും കബളിപ്പിക്കുന്ന കാര്യത്തിൽ യുഡിഎഫ്‌ സർക്കാരിനെ നാണിപ്പിക്കുന്ന മികവും കൗശലവും കണിശതയുമാണ്‌ അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ പ്രദർശിപ്പിക്കുന്നത്‌.

കൈയേറ്റക്കാർക്കും ചൂഷണ മാഫിയകൾക്കുമെതിരെ കാടിളക്കി നടപടി ആരംഭിച്ച്‌, പിന്നെ കാറ്റുപോയ ബലൂൺപോലെ, ഉളുപ്പില്ലാതെ പിന്മാറാൻ ഇവർക്കൊട്ടും മനസ്സാക്ഷിക്കുത്തില്ല.
മൂന്നാർ ശുദ്ധീകരണ പ്രക്രിയയിൽ ആരംഭിച്ച ഈ ജനകീയ വഞ്ചനയാണ്‌ ഇപ്പോൾ ആൾദൈവ മാഫിയകളെ, ആത്മീയ മാഫിയകളെ കൈകാര്യം ചെയ്യുന്നതിലും ഈ സർക്കാർ കാണിക്കുന്നത്‌. ഈശ്വരവിശ്വാസം വ്യക്തികളുടെ മാത്രം പ്രശ്നമാണ്‌. ഏതു മതത്തിലും വിശ്വാസ പ്രമാണങ്ങളിലും ജനങ്ങൾക്ക്‌ വിശ്വസിക്കാം.

എന്നാൽ ഈശ്വരവിശ്വാസത്തെ മുതലെടുപ്പിന്റെയും അടിച്ചമർത്തലിന്റെയും സാമ്പത്തിക ചൂഷണത്തിന്റെയും മാർഗമാക്കി, മുഖ്യധാര മതങ്ങൾ ഇവിടെ വിലസാൻ തുടങ്ങിയിട്ട്‌ നൂറ്റാണ്ടുകളായി. വ്യക്തിയുടെ വിവേകത്തേയും ശാസ്ത്രീയ ജ്ഞാനത്തേയും വിശ്വാസ പ്രമാണങ്ങളുടെ ബലത്തിൽ പുച്ഛിച്ച്‌ തള്ളി അവരെ അന്ധവിശ്വാസത്തിന്റേയും മുൻവിധികളുടേയും കള്ളികളിലടച്ച്‌ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി മൂലധന സമാഹരണം നടത്തുകയാണ്‌ എല്ലാ മതങ്ങളും. മതങ്ങളുടെ ഈ ചൂഷണ പ്രക്രിയയ്ക്ക്‌ പുതിയ രൂപവും ഭാവവും നൽകി, ലൈംഗിക മുതലെടുപ്പ്‌ ഉൾപ്പെടെയുള്ള അധോലോക പ്രവർത്തനവും രാഷ്ട്രവഞ്ചനയും നടത്തുന്നവരാണ്‌ ആൾദൈവങ്ങൾ. സാമൂഹിക പ്രവർത്തനങ്ങളും ആതുരശുശ്രൂഷയും വിദ്യാഭ്യാസ പ്രവർത്തനങ്ങളും ഈ വഞ്ചനയ്ക്കവർ മറയാക്കുമ്പോൾ സാധാരണക്കാർ അന്ധിച്ചുനിൽക്കുക സ്വാഭാവികം.

ഈ ആന്ധ്യത്തിൽ നിന്ന്‌ മുതലെടുപ്പു നടത്തുന്നവരാണ്‌ കപടസന്യാസിമാരും സന്യാസിനിമാരും സിദ്ധന്മാരും പാസ്റ്റർമാരും. സന്തോഷ്‌ മാധവനും ഹിമവൽ ഭദ്രാനന്ദയും അറസ്റ്റിലായശേഷമാണ്‌ കേരളത്തിൽ ആത്മീയമാഫിയ നടത്തുന്ന കൊള്ളരുതായ്മകളും കള്ളത്തരങ്ങളും പൊതുജനങ്ങളറിഞ്ഞത്‌. അത്ഭുത രോഗശാന്തി മുതൽ ഉദ്ദിഷ്ടകാര്യത്തിനും ശത്രുസംഹാരത്തിനുമുള്ള പൂജയും ഏലസും വരെ നടത്തിയും നൽകിയുമാണ്‌ ഈ കള്ളപ്പരിഷകൾ വിലസിയിരുന്നത്‌. അതിശയകരമെന്നു പറയട്ടെ ഈ മാഫിയാ സംഘത്തിന്‌ സംരക്ഷണം നൽകുന്നത്‌ പോലീസിലെ ഉന്നതന്മാരും രാഷ്ട്രീയ നേതാക്കളും സിനിമാ-സാഹിത്യ മേഖലകളിലെ ഉന്നതന്മാരും എൽഡിഎഫ്‌ സർക്കാരുമാണ്‌.

സന്തോഷ്‌ മാധവൻ - ഹിമവൽ ഭദ്രാനന്ദ സംഭവത്തിനുശേഷം പോലീസ്‌ നടത്തിയ വ്യാപകമായ ആൾദൈവവേട്ടയിൽ കുടുങ്ങിയത്‌ 200 കള്ളന്മാരും കള്ളികളുമാണ്‌. എന്നാൽ ഇവരിൽ 25 പേരൊഴിച്ചുള്ളവരെയെല്ലാം പിടിച്ചതുപോലെ വിട്ടയച്ചിരിക്കുകയാണ്‌ പോലീസ്‌. ഈ 25 പേർക്കെതിരെ ചുമത്തിയിട്ടുള്ളത്‌ നിസാര കേസുകളും.

കഴിഞ്ഞമാസം, സ്പെഷൽ ബ്രാഞ്ച്‌ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ഏതാണ്ട്‌ ആയിരത്തിഅഞ്ഞൂറിലധികം സിദ്ധന്മാരെക്കുറിച്ച്‌ റിപ്പോർട്ട്‌ നൽകിയിരുന്നു. ഇതിൽ പ്രഥമദൃഷ്ട്യ കേസ്‌ എടുക്കാൻ കഴിയുന്നതും അങ്ങേയറ്റം ദുരൂഹ സാഹചര്യത്തിൽ പ്രവർത്തിക്കുന്നവരുമായ ഇരുന്നൂറിലധികം പേരുണ്ടെന്നായിരുന്നു, വിവിധ ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇവരെയെല്ലാം റെയ്ഡ്‌ ചെയ്തുവെന്ന്‌ വാർത്ത വരുത്തി, പോലീസ്‌ പിൻവാങ്ങുന്ന കാഴ്ചയാണ്‌ കാണുന്നത്‌. ആത്മീയ മാഫിയയുടെ തട്ടിപ്പിനിരയായവർ, വ്യക്തമായ തെളിവുകൾ സഹിതം പരാതി നൽകിയിട്ടും ആൾദൈവങ്ങളെ അറസ്റ്റുചെയ്യാതെ, അറസ്റ്റുചെയ്താൽതന്നെ ജാമ്യം അനുവദിച്ച്‌ വൻതോതിലുള്ള കബളിപ്പിക്കലാണ്‌ പോലീസും സർക്കാരും നടത്തിയത്‌.

കാരണം ആഭ്യന്തരമന്ത്രിയുടെ പുത്രന്റെ വിവാഹ മുഹൂർത്തവും വീട്‌ മാറ്റവും മുതൽ വനിതാ ഐജിക്ക്‌ അരയിൽ ഏലസുകെട്ടി കൊടുക്കുന്നതുവരെ ഇത്തരം കപടസന്യാസിമാരോ സിദ്ധന്മാരോ ആണ്‌. കോടിയേരി ബാലകൃഷ്ണനെ 'ഏട്ടൻ' എന്ന്‌ വിളിക്കാൻപോലുമുള്ള സ്വാതന്ത്ര്യം ഇവരിൽ ചിലർക്കെല്ലാമുണ്ടെന്നോർക്കുക. സാം ക്രിസ്റ്റി ഡാനിയേലിനെപോലെയുള്ള മുതിർന്ന പോലീസുകാർ, ഈ കള്ളന്മാരുടെ കല്യാണത്തിന്‌ മേൽനോട്ടം വഹിക്കാനെത്തുമ്പോൾ, ആത്മീയ മാഫിയയും ഭരണക്കാരും പോലീസും തമ്മിലുള്ള അവിഹിതബന്ധം ഊഹിക്കുക.

അച്യുതാനന്ദന്റെ ഭരണകാലത്ത്‌ പെൺവാണിഭക്കാർക്കെന്നപോലെ ആത്മീയ മാഫിയാസംഘത്തിനും നാടടക്കിവാഴാം എന്ന്‌ സാരം.

ആവർത്തിക്കുന്ന ഈ വൃത്തികെട്ട ഭരണസംവിധാനത്തെ അധികാരത്തിലേറ്റാൻ മാത്രം എന്ത്‌ അപരാധമാണ്‌ (വോട്ടുചെയ്തതൊഴിച്ചാൽ) കേരളം ചെയ്തത്‌ - ജനങ്ങൾക്ക്‌ അവരർഹിക്കുന്ന ഭരണകർത്താക്കളെ ലഭിക്കുമെന്ന ചൊല്ല്‌ ഒരിക്കൽകൂടി അന്വർത്ഥമാകുമ്പോൾ, ഊറിച്ചിരിക്കുകയാണ്‌ ഈ കള്ളകാപാലിക - ആത്മീയ മാഫിയ.

Tuesday, June 17, 2008

ക്ലൈമാക്സിലേക്ക്‌ നീങ്ങുമ്പോൾ...

രാഷ്ട്രീയക്കാരെ വെല്ലുന്ന കാലുവാരലുകളും കുതികാൽവെട്ടുകളും വിഴുപ്പലക്കലുകളും തെറിവിളികളുമായി സിനിമാക്കാർ.
സിനിമാക്കാരെ വെല്ലുന്ന ഡയലോഗുകൾ, അഭിനയമുഹൂർത്തങ്ങൾ, കഥാസന്ദർഭങ്ങൾ ഒക്കെയൊരുക്കി രാഷ്ട്രീയക്കാർ.
കേരളമഹാരാജ്യത്തിൽ സിനിമയും രാഷ്ട്രീയവും കൂടിക്കുഴഞ്ഞുകിടക്കുന്നു എന്നു പറയുമ്പോൾ 'സിനിമയുടെ രാഷ്ട്രീയം' എന്ന അതിഭീകര വിഷയത്തിലാണു ചർച്ച എന്നു കരുതിയേക്കരുത്‌!
'അമ്മ' എന്നു പേരുകേട്ട സിനിമാതാരസംഘടനയുടെ പ്രസിഡന്റ്‌ ശ്രീമാൻ ഇന്നസെന്റ്‌ ഒരിക്കൽ അവകാശപ്പെട്ടത്‌ അദ്ദേഹം 'അമ്മ'യുടെ നായരാണെന്നായിരുന്നു. ആ നിലയ്ക്ക്‌ മാക്ടയുടെ നായരായി വിലസിയ ആളത്രെ ശ്രീമാൻ വിനയൻ.
വിനയം പേരിൽ മാത്രമായിപ്പോയി എന്നൊരു ദോഷമേ വിനയനുള്ളൂവെന്നതവിടെയിരിക്കട്ടെ. ഒരു ജനാധിപത്യ സംഘടനാക്രമത്തിൽ അവശ്യം പാലിക്കേണ്ട വിട്ടുവീഴ്ചകളും സമവായ ശ്രമങ്ങളും വിനയന്റെ ഭാഗത്ത്‌ 'തരിപോലുമില്ല കണ്ടുപിടിക്കാൻ' എന്ന ആക്ഷേപം പണ്ടേ ശക്തം.
സംഭവമിങ്ങനെ നീറി നീറി വരവെ സംവിധായകൻ സിദ്ദിഖ്‌ വികാരഭരിതനായി പടിയിറങ്ങിയതാണ്‌ പുതിയൊരു ക്ലൈമാക്സിലേക്ക്‌ മാക്ടയെ കൊണ്ടെത്തിച്ചിരിക്കുന്നത്‌.
സംവിധായകരൊന്നൊന്നായി കൂട്ടത്തോടെ മാക്ട വിട്ടതും വേറൊരു സംഘടന കൂടിപ്രഖ്യാപിച്ചതും 'അമ്മ' അതിനു കുട പിടിച്ചതും ഇന്നലെവരെയുള്ള തുടർ സംഭവവികാസങ്ങളത്രെ!
ഇത്രയൊക്കെത്തന്നെയേ കേരളത്തിലെ ഭരണമുന്നണിയിൽ സിപിഎമ്മും സിപിഐയും തമ്മിൽ നടക്കുന്നുള്ളൂ!
കമ്യൂണിസ്റ്റുകാർ നമ്മൾ കരുതുംപോലെ അത്ര ജനാധിപത്യവാദികളല്ല. അതിനാൽ തന്നെ ചർച്ചയും മധ്യസ്ഥതയുമൊക്കെ കമ്യൂണിസ്റ്റുകാർ വലിയ വിലകൽപ്പിക്കുന്ന സംഗതികളല്ല. ഇരുമ്പുലക്കപോലുള്ള തീരുമാനങ്ങളാണ്‌ അവരെ നയിച്ചുകൊണ്ടിരിക്കുന്നത്‌.
സിപിഎം-സിപിഐ പോരാട്ട ഭൂമികയിൽ ഏതു സംവിധായകനാണ്‌ വികാരഭരിതനായി മുന്നണി വിട്ടു പോകേണ്ടത്‌?
വെളിയം ഭാർഗവനാണോ ആ സംവിധായകൻ?
പിണറായി ഒത്തുതീർത്തുകളയുമോ ഈ അടുക്കളയുദ്ധം?
ചോദ്യങ്ങൾ ഒരു ഹൊറർ സിനിമയിലെന്നപോലെ കാണികളെ ത്രസിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

Monday, June 16, 2008

ഉദ്യോഗസ്ഥരെ ബലിയാടാക്കി തലയൂരുന്ന ആഭാസത്തരം

വി.എസ്‌. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലേറിയതോടെ ഐഎഎസ്‌, ഐപിഎസ്‌ ഉദ്യോഗസ്ഥർക്ക്‌ കിടക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്‌. "എത്‌ അതിഥി വന്നാലും കോഴിക്കാണ്‌ തട്ടുകേട്‌" എന്നു പറഞ്ഞ ദാരുണാവസ്ഥയിലാണ്‌ ഇന്ന്‌ കേരളത്തിലെ ഐഎഎസ്‌, ഐപിഎസ്‌ ഉദ്യോഗസ്ഥർ. നെറികേടിന്റെ രാഷ്ട്രീയം കളിച്ച്‌ നാട്ടുകാർക്കിടയിൽ നാണംകെട്ട്‌ നിൽക്കേണ്ടിവരുമ്പോൾ അച്യുതാനന്ദൻ അടക്കമുള്ളവർ തങ്ങളുടെ മുഖം രക്ഷിക്കാൻ ബലിയാടാക്കുന്നത്‌ ഈ ഉദ്യോഗസ്ഥരെയാണ്‌. മന്ത്രിമാരുടെ ഉത്തരവ്‌ അനുസരിക്കാൻ ബാധ്യസ്ഥരായി എന്നതുമാത്രമാണ്‌, ഇങ്ങനെ അമാന്യമായി ശിക്ഷിക്കപ്പെടാൻ, ഇവർ ചെയ്തിട്ടുള്ള കുറ്റം.

സുതാര്യവും അഴിമതിരഹിതവുമായ ഭരണം കാഴ്ചവയ്ക്കുമെന്ന്‌ വാഗ്ദാനം ചെയ്ത്‌ അധികാരത്തിലേറിയ നിമിഷം മുതൽ ഈ മന്ത്രിസഭ കാട്ടിക്കൂട്ടിയ കൊള്ളരുതായ്മകളാണ്‌ ശിക്ഷണ നടപടികളായി ഇവരുടെമേൽ പതിച്ചുകൊണ്ടിരിക്കുന്നത്‌. മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കും എന്ത്‌ തോന്ന്യാസവും കാണിക്കാം. പക്ഷെ അവർ ഔദ്യോഗികമായി ആവശ്യപ്പെടുന്നതനുസരിച്ച്‌ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ നിഷ്കരുണം ശിക്ഷിക്കാം എന്ന അലമ്പ്‌ പരിപാടിയാണ്‌ ഇടതുപക്ഷ മന്ത്രിമാർ, മുഖ്യമന്ത്രി മുതൽ ബിനോയ്‌ വിശ്വം വരെയുള്ളവർ ആഘോഷമായി കൊണ്ടാടുന്നത്‌.

അച്യുതാനന്ദൻ അധികാരമേറ്റതിനുശേഷം ഏകദേശം 24 ഐഎഎസ്‌, ഐപിഎസ്‌ ഓഫീസർമാർക്കാണ്‌ സ്ഥാനചലനം സംഭവിച്ചിട്ടുള്ളത്‌. ഇതാകട്ടെ ഇവർ നടത്തിയിട്ടുള്ള അഴിമതിയുടെയോ ക്രമക്കേടുകളുടെയോ സ്വജനപക്ഷപാതത്തിന്റെയോ അടിസ്ഥാനത്തിലായിരുന്നില്ല. മറിച്ച്‌ മന്ത്രിസഭയും ബന്ധപ്പെട്ട മന്ത്രിമാരും ആവശ്യപ്പെട്ട ഭരണപരമായ നടപടികൾക്ക്‌ നേതൃത്വം കൊടുത്തതുകൊണ്ട്‌ മാത്രമാണ്‌. സത്യസന്ധതയും ആത്മാർത്ഥതയും സമർപ്പണവും ആർജവവും കമ്യൂണിസ്റ്റ്‌ ഭരണകാലത്തും ഉദ്യോഗസ്ഥർക്ക്‌ അധികഭാരമാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഈ സംഭവങ്ങൾ.

സംസ്ഥാനത്തെ ആദ്യ മുസ്ലീം ചീഫ്‌ സെക്രട്ടറിയായിരുന്ന മുഹമ്മദ്‌ റിയാസുദീനിൽ ആരംഭിക്കുന്നു ഭരണപരമായ പീഡനപർവം. സർവീസിൽ നിന്ന്‌ പിരിയാൻ രണ്ടരമാസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു നിരാശനായി അദ്ദേഹത്തിന്‌ സ്ഥാനമൊഴിയേണ്ടിവന്നത്‌.

അടുത്ത ഊഴം ഇ.കെ. ഭരത്‌ ഭൂഷന്റേതായിരുന്നു. വാമൊഴി വഴക്കത്തിന്റെയും അഹന്തയുടെയും പര്യായമായി വിലസുന്ന ദേവസ്വം മന്ത്രി ജി. സുധാകരനുമായുള്ള ഏറ്റുമുട്ടലിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം തെറിച്ചത്‌. ഐഎഎസുകാരെ പട്ടികളെന്ന്‌ വിളിച്ച സുധാകരൻ ഇന്നും നാടുനീളെ നടന്ന്‌ കുരയ്ക്കുമ്പോൾ ഇത്തരം ആഭാസത്തെ ആത്മാഭിമാനത്തോടെ ചെറുക്കുന്ന ഉദ്യോഗസ്ഥർക്കാണ്‌ ശിക്ഷയേൽക്കുന്നത്‌.

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന സിവിൽ സർവന്റായ ഉപേന്ദ്രവർമയ്ക്കായിരുന്നു പിന്നീട്‌ തട്ടുകേട്‌ കിട്ടിയത്‌. തുടർന്ന്‌ ജയിൽ ഐജിയായിരുന്ന രാമനും കിട്ടി സഖാക്കളുടെ മർദനം. കണ്ണൂർ ജയിലിൽ മാർക്ക്സിസ്റ്റ്‌ സാമ്രാജ്യം സൃഷ്ടിച്ച്‌ സിപിഎം തടവുകാർ വിലസുമ്പോഴാണ്‌ തന്നിൽ അർപ്പിതമായ ഭരണപരമായ നടപടികൾ സ്വീകരിച്ച രാമന്റെ തൊപ്പിതെറിപ്പിച്ചത്‌.

മൂന്നാറിൽ, മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം റിസോർട്ട്‌ മാഫിയയെ കുടിയൊഴിപ്പിക്കാൻ പോയ കെ. സുരേഷ്കുമാർ, രാജുനാരായണസ്വാമി, ഋഷിരാജ്‌ സിംഗ്‌ എന്നിവർക്ക്‌ സംഭവിച്ച എക്കാലത്തേയും നാണക്കേട്‌ കേരളീയരുടെ മനസിൽ അതിന്റെ എല്ലാ രൂക്ഷതകളോടും സജീവമാണ്‌. രാഷ്ട്രീയഭേദമന്യേ സംസ്ഥാനം ഒന്നിച്ചുപിന്തുണച്ച ആ ശുദ്ധീകരണപ്രക്രിയയ്ക്ക്‌ സിപിഐയും സിപിഎമ്മിലെ ഔദ്യോഗിക വിഭാഗവും ഒത്തുചേർന്ന്‌ പാരപണിതപ്പോൾ തെറിപ്പിക്കപ്പെട്ടത്‌ സത്യസന്ധരായ ഈ ഉദ്യോഗസ്ഥരുടെ ആത്മാഭിമാനമായിരുന്നു. കെ. സുരേഷ്‌ കുമാറിന്‌ ഒരു ലാവണവുമില്ലാതെ കുറെനാൾ വീട്ടിലിരിക്കേണ്ടിവന്നു. പിന്നെ കോടതികൾ കയറിയിറങ്ങേണ്ടിവന്നു. ഇന്ന്‌ കാർഷിക ബാങ്കിന്റെ എംഡിയായി വെറുതെയിരിക്കാനാണ്‌ 'പൂച്ചകളുടെ ഉടമ'കൂടിയായ മുഖ്യമന്ത്രിയും ഉത്തരവിട്ടത്‌. രാജുനാരായണ സ്വാമിയെ പത്തനംതിട്ടയിലേക്ക്‌ ഒതുക്കി, മനസുമടുത്ത്‌ ഋഷിരാജ്‌ സിംഗ്‌ തിരിച്ചുപോകുകയും ചെയ്തു.

മെർക്കിസ്റ്റൺ എസ്റ്റേറ്റ്‌ ഇടപാടിൽ സിപിഐയും ബിനോയ്‌ വിശ്വവും കോടിയേരിയുടെ പുത്രനുമെല്ലാം അണിയറയിലിരുന്ന്‌ ചരട്‌വലിച്ചപ്പോൾ അഭിമാനിയും അഴിമതിവിരുദ്ധനുമായ അച്യുതാനന്ദന്‌ 'കുഞ്ഞിരാമ'നായി തുള്ളിക്കളിക്കേണ്ടിവന്നു. ആ ഹീനമായ രാഷ്ട്രീയ നീക്കത്തിനൊടുവിൽ ചീഫ്‌ സെക്രട്ടറി ലിസി ജേക്കബിന്‌ വേദനയോടെ രാജിവച്ച്‌ പിരിയേണ്ടിവന്നു. ഇന്ന്‌ മാജിക്‌ പഠിച്ച്‌ അവർ തന്റെ രോഷം അടക്കുകയാണ്‌.

ഈ വിധിയാണ്‌ ഇപ്പോൾ ബംഗാളുകാരിയാണെങ്കിലും മലയാളികൾക്ക്‌ പ്രിയങ്കരിയായ ഐഎഎസ്‌ ഓഫീസർ നിവേദിത പി. ഹരനേയും പിന്തുടരുന്നത്‌. തലസ്ഥാനത്തെ ഉന്നതന്മാർക്ക്‌ കുടിച്ച്‌ കൂത്താടാനുള്ള സ്വാതന്ത്ര്യം അനുവദിക്കാതിരുന്നതാണ്‌ അവരുടെ പേരിലുള്ള കുറ്റം. തിരുവനന്തപുരം കളക്ടർ ആയിരുന്നപ്പോൾതന്നെ ഈ ഉല്ലാസകേന്ദ്രം തകർക്കാൻ, ഔദ്യോഗിക ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ അവർ തയ്യാറായതാണ്‌. അന്നും ഭരണസിരാകേന്ദ്രത്തിലും മന്ത്രിസഭയിലും പിടിപാടുള്ള കേമന്മാർ കുടിച്ചുകൂത്താടി നിവേദിതയെ അധിക്ഷേപിക്കുകയാണുണ്ടായത്‌. ഇപ്പോൾ മന്ത്രിസഭ എടുത്ത ഒരു തീരുമാനം ബന്ധപ്പെട്ട വകുപ്പ്‌ മന്ത്രിയുടെ ആശീർവാദത്തോടെ നടപ്പിലാക്കിയതിന്റെ പേരിലാണ്‌ കൗരവസഭയിൽ പാഞ്ചാലി എന്നപോലെ അല്ലെങ്കിൽ രാവണന്റെ തടവിൽനിന്ന്‌ വീണ്ടെടുക്കപ്പെട്ട സീതയെന്നപോലെ പൊതുജനമധ്യത്തിൽ അധിക്ഷേപിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്‌. പരാക്രമങ്ങൾ സ്ത്രീകളോടല്ല കാണിക്കേണ്ടതെന്ന്‌ കംസനോട്‌ മാത്രമല്ല, അച്യുതാനന്ദനോടും എം. വിജയകുമാറിനോടും അഡ്വക്കേറ്റ്‌ ജനറൽ സുധാകര പ്രസാദിനോടും പറയേണ്ട ഗതികെട്ട കാലത്തിലാണ്‌ കേരളം.

കംസന്റെ അനുഭവം ഇവരെല്ലാം ഓർത്തിരിക്കുന്നത്‌ നന്ന്‌.

Friday, June 13, 2008

എം മുകുന്ദനെന്ന ശാപം

'ആടിനറിയുമോ അങ്ങാടിവാണിഭം' എന്ന ചൊല്ലിന്‌ വർത്തമാനകാല പരിണതികളുടെ പശ്ചാത്തലത്തിൽ പാഠഭേദം ചമയ്ക്കുമ്പോൾ അത്‌ ഇങ്ങനെയാകും: 'എം മുകുന്ദനറിയുമോ മഹാകവി പാലാ നാരായണൻനായരുടെ മഹത്വം!'.

എട്ടുപതിറ്റാണ്ടോളം എഴുത്തിനുവേണ്ടി തീറെഴുതിവച്ച ധന്യമായ ഒരു സാന്നിദ്ധ്യമായിരുന്നു കഴിഞ്ഞദിവസം സ്മരണയായ പാലാ നാരായണൻ നായർ എന്ന കവി.

തീക്ഷ്ണമായ ജീവിതാനുഭവങ്ങളും ആർദ്രമായ വികാരങ്ങളും തന്റേതായ പ്രത്യേക ശൈലി വൈഭവത്തോടെ കാവ്യങ്ങളാക്കി മലയാളത്തിന്‌ കാഴ്ചവച്ച, സമാനതകളില്ലാത്ത മനീഷിയായിരുന്നു പാലാ. പട്ടാളക്കാരനായും കണക്കെഴുത്തുകാരനായും അധ്യാപകനായും അതിജീവനത്തിന്‌ മാർഗ്ഗങ്ങളാരാഞ്ഞപ്പോഴും ആ മനസിനുള്ളിൽ ക്ഷോഭിക്കുന്ന ഒരു സാന്നിദ്ധ്യമുണ്ടായിരുന്നു. യുദ്ധക്കാഴ്ചകളും തന്റെ ജീവിതപരിസരത്ത്‌ നിന്ന്‌ ലഭിച്ച അനുഭവങ്ങളുമെല്ലാം അദ്ദേഹത്തിൽ രൂക്ഷമായി പ്രതികരിക്കുന്ന ഒരു വ്യക്തിത്വം രൂപീകരിച്ചിരുന്നു. അധിനിവേശത്തോടുള്ള പ്രതിഷേധവും അടിച്ചമർത്തപ്പെടുന്നവരോടുള്ള ഏകീകരണവും പാലായുടെ കാവ്യങ്ങളിൽനിന്ന്‌, കൊടിനിറം ബാധിക്കാത്ത മനസുള്ള കാവ്യാനുശീലർ വായിച്ചനുഭവിച്ചിട്ടുണ്ട്‌.

അയ്യായിരത്തോളം കവിതകൾ അടങ്ങുന്ന നാൽപ്പത്തഞ്ചോളം സമാഹാരങ്ങളാണ്‌ ഈ കാവ്യോപാസകൻ കൈരളിക്ക്‌ സമർപ്പിച്ചത്‌. പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളിലേക്ക്‌ വളരുന്ന കേരളത്തെക്കുറിച്ച്‌ പാലാ രചിച്ച ബൃഹത്കാവ്യത്തിലെ വരികൾ ഇന്നും മലയാളികളുടെ നാവിൻതുമ്പത്തും മനസിന്റെ ഈടുവയ്പ്പറകളിലും ഉണ്ടെങ്കിൽ അതിനർത്ഥം ഒന്നിലധികം തലമുറകളെ സ്വാധീനിക്കാൻ കഴിഞ്ഞ സദുദ്ദേശ്യസാഹിത്യ രചയിതാവായിരുന്നു പാലാ നാരായണൻനായർ എന്നുതന്നെയാണ്‌.

സംസ്കൃതത്തിലെ പാഞ്ചാലിയെന്ന്‌ പറയുന്ന ശൈലി മലയാളത്തിൽ ആദ്യം അവതരിപ്പിച്ചത്‌ പാലായായിരുന്നു. പിന്നീടത്‌ പുഷ്കലമാക്കിയത്‌ ചങ്ങമ്പുഴയും. വള്ളത്തോളിന്റെയും ഉള്ളൂരിന്റെയും അനുഗ്രഹാശിസുകൾ നേടത്തക്കവണ്ണം ആർജ്ജവത്വവും അനുഭവസമ്പത്തും നിറഞ്ഞുപൊലിഞ്ഞവയായിരുന്നു പാലായുടെ കവിതകൾ. സമപ്രായക്കാരനായ ചങ്ങമ്പുഴ പാലായുടെ ഒരു കവിത തന്റെ മുറിയിൽ വെട്ടിഒട്ടിച്ചിരുന്നു എന്ന്‌ പറയുമ്പോൾ അന്നേ അദ്ദേഹത്തിന്‌ ലഭിച്ചിരുന്ന ജനകീയ അംഗീകാരം എത്രമാത്രമായിരുന്നുവെന്ന്‌ വ്യക്തമാണ്‌.

പക്ഷെ 'കേശവന്റെ വിലാപ'മെഴുതി കമ്യൂണിസ്റ്റുകളെ പ്രകോപിപ്പിച്ച്‌ പിന്നെ കീഴടങ്ങലിന്റെ അശ്ലീല പാതകളിലൂടെ കേരള സാഹിത്യ അക്കാദമിയുടെ തലപ്പത്തെത്തിയ എം മുകുന്ദന്‌ പാലായുടെ മഹത്വം തിരിച്ചറിയാൻ കഴിയാതെപോയി. അതുകൊണ്ടാണ്‌ ആ മഹത്‌ ജീവിതത്തിന്‌ അന്ത്യാഞ്ജലി അർപ്പിക്കാൻ അക്കാദമി തലവന്‌ സമയം കിട്ടാതെപോയതും അക്കാദമിയുടെ പേരിൽ, ഒരു റീത്ത്‌ സമർപ്പിക്കാൻ ആരെയെങ്കിലും ചുമതലപ്പെടുത്താൻ മറന്നുപോയതും. കേരളസാഹിത്യ അക്കാദമിയുടെ ആദ്യ സെക്രട്ടറിയായിരുന്നു പാലാ നാരായണൻനായർ. അക്കാദമിയുടെ പരമോന്നത ബഹുമതിയായ വിശിഷ്ടാംഗത്വം മഹാകവിക്ക്‌ ലഭിച്ചിട്ട്‌ ഒരു വർഷമേ ആകുന്നുള്ളൂ. എന്നിട്ടും മുകുന്ദൻ മഹാകവിയെ മറന്നുപോയി അല്ലെങ്കിൽ ബോധപൂർവ്വം അന്തിമോപചാര ചടങ്ങിൽ നിന്ന്‌ വിട്ടുനിന്ന്‌ തന്റെ ചെറ്റത്തരം വെളിപ്പെടുത്തി.

കാര്യസാധ്യത്തിനായി ഏതറ്റംവരെ പോകാനും മലയാളത്തിലെ ആധുനികതാ പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്മാരിൽ ഒരാളെന്ന്‌ സ്വയം അവകാശപ്പെടുന്ന എം മുകുന്ദന്‌ ഉളുപ്പില്ല എന്ന്‌ വ്യക്തമായിട്ട്‌ കുറച്ചുനാളുകളേ ആയുള്ളൂ. ചെറുശ്ശേരി അടക്കമുള്ള മലയാളത്തിന്റെ സാഹിത്യ പിതൃക്കളെ പുച്ഛിച്ചാണ്‌ എംടി വാസുദേവൻനായരുടെ നാലുകെട്ടെന്ന നോവലിന്റെ രജതജൂബിലി അക്കാദമിയുടെ നേതൃത്വത്തിൽ മുകുന്ദൻ കൊണ്ടാടിയത്‌. എംടി കേന്ദ്ര സാഹിത്യ അക്കാദമിയുടെ തലപ്പത്തെത്താൻ സാധ്യതയുണ്ട്‌ എന്ന്‌ മനസിലാക്കി നടത്തിയ ഒരുമുഴം മുന്നേയുള്ള ഏറായിരുന്നു ഈ ആഘോഷം. ഇതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടിയ എംവി ദേവനെപ്പോലെയുള്ളവരെ പരസ്യമായി അധിക്ഷേപിക്കാൻ മുകുന്ദനും കൂട്ടരും നടത്തിയ ലോബിപ്രവർത്തനത്തിന്റെ തുടർച്ചയായിട്ടുവേണം മഹാകവിയോടുകാണിച്ച ഈ അപരാധത്തെ വിലയിരുത്തേണ്ടത്‌.

ഒരു തലമുറയെ മുഴുവൻ വഴിതെറ്റിച്ച മൂന്നാംകിട രചനകളുടെ ഉടമ മാത്രമാണ്‌ എം മുകുന്ദൻ. അസ്തിത്വദുഃഖം കേരളത്തിലെ യുവമനസുകളിലേക്ക്‌ എഴുപതികളിൽ മുകുന്ദൻ പഞ്ചുചെയ്ത്‌ കേറ്റുമ്പോൾ, അവരെ കഞ്ചാവിനും കള്ളിനും പെണ്ണിനും അടിമകളാക്കി അരാഷ്ട്രീയവൽക്കരിച്ചപ്പോൾ, ഡൽഹി ഫ്രഞ്ച്‌ എംബസിയിലെ ജോലിയുടെ സുരക്ഷിതത്വത്തിലും സുഖലോലുപതയിലുമായിരുന്നു മുകുന്ദൻ വ്യാപരിച്ചിരുന്നത്‌. കെട്ട ഇത്തരം മനസുകളെയും പാദസേവകരെയുമാണ്‌ എം എ ബേബി നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തിന്റെ സാംസ്കാരിക വകുപ്പിന്‌ ആവശ്യം. അതുകൊണ്ട്‌ മുകുന്ദൻ കേരളസാഹിത്യ അക്കാദമിയുടെ തലവനുമായി.

കഥയിലെ നീലക്കുറുക്കനെപ്പോലെയായി പിന്നെ മുകുന്ദന്റെ ചൊല്ലും ചെയ്തികളും. അതിന്റെ ഏറ്റവും ക്രൂരവും അവസരവാദപരവുമായ നിലപാടാണ്‌ മഹാകവിയോട്‌ കാണിച്ചത്‌.

ഇതേ നന്ദികേടാണ്‌ കേരളസർക്കാരും പ്രത്യേകിച്ച്‌ സാംസ്കാരികവകുപ്പും മന്ത്രി എംഎ ബേബിയും പാലാനാരായണൻ നായരോട്‌ അനുവർത്തിച്ചത്‌. സംസ്ഥാന ബഹുമതികളോടെ സംസ്കാരം നടത്തുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും ചടങ്ങുകളെല്ലാം പേരിലൊതുക്കി സർക്കാരും മഹാകവിയെ അധിക്ഷേപിച്ചു.

മുകുന്ദനും ബേബിയും ഈ തലമുറയ്ക്കപ്പുറം ഓർമ്മകളാകില്ല എന്നതു നേര്‌. എന്നാൽ മലയാളികൾ ഉള്ളിടത്തോളം കാലം പാലാ നാരായണൻ നായരെന്ന മഹാകവി സാഹിത്യ കുതുകികളുടെ മനസിൽ പ്രസന്നപൂർണ്ണമായ സാന്നിധ്യമായി നിലകൊള്ളും, തീർച്ച.

സർവ്വരെയും ശിക്ഷിച്ച്‌ ശിക്ഷിച്ച്‌...

സർവ്വശിക്ഷാ അഭിയാൻ എന്നുവച്ചാലെന്താ?
സർവ്വരെയും ശിക്ഷിക്കുന്ന പദ്ധതി എന്നുതന്നെയാണ്‌ അതിനർത്ഥമെന്ന്‌ സർവ്വരും വിചാരിച്ചുപോകുന്ന വാർത്തകൾ പുറത്തുവരുന്നു.

'ദരിദ്രവാസികളുടെ പിള്ളേർ ഇഷ്ടമുണ്ടെങ്കിൽ പഠിച്ചാൽ മതി' എന്നു നിർവചിക്കപ്പെട്ട 'ഡിപിഇപി'യുടെ പുതിയ അവതാരമാണ്‌ സർവ്വശിക്ഷാ അഭിയാൻ എന്ന എസ്‌എസ്‌എ.

കയ്യിൽ കാശുള്ളവരുടെയും, കാശില്ലാത്ത പൊങ്ങച്ചക്കാരുടെയും മക്കൾ പഠിക്കുന്ന സ്കൂളുകളിൽ 'പഠനം പാൽപ്പായസ'മാക്കണമെന്ന്‌ യാതൊരു നിർബന്ധവുമില്ലാത്ത വിദഗ്ധർ, അക്ഷര പണ്ഡിതർ, ഭരണാധിപർ തുടങ്ങിയ ചേട്ടന്മാർ, സർക്കാർ ഉസ്കൂളുകളിൽ പഠിക്കുന്ന ദരിദ്ര നാരായണന്മാർക്കായി കണ്ടുപിടിച്ച സൂത്രമായിരുന്നു ഡീപ്പീഈപ്പീ എന്ന പാൽപ്പായസം!

ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളിൽ പഠനം 'കഷായക്കലം' പോലെ കയ്പ്പേറിയതാണ്‌. അതങ്ങനെതന്നെയിരിക്കട്ടെ, സർക്കാരിന്‌ ദരിദ്ര നാരായണൻമാരുടെ പഠനം മാത്രം പാൽപ്പായസമാക്കേണ്ട കാര്യമേയുള്ളൂ എന്ന ധർമ്മവിചാരമാണ്‌ ഡീപ്പീഈപ്പിക്ക്‌ പിന്നിലെ പ്രചോദനമെന്ന്‌ പരിഷത്തുകാർ മാത്രമേ വിശ്വസിച്ചുള്ളൂ!

ലോകബാങ്കും ഐഎംഎഫും നൽകിയ ഒരു കുട്ട ഡോളർ കൊണ്ടുള്ള ഒരു കോലുകളിയായിരുന്നു ആ പരിപാടിയെന്ന്‌ അന്നുതന്നെ തലയിൽ ആൾത്താമസമുള്ളവരൊക്കെ മനസിലാക്കിയിരുന്നു.
എന്തായിരുന്നു വിസ്മയങ്ങൾ! ടീച്ചർമാരുടെ പുറത്തുകയറി ആനകളിക്കാം, പ്രകൃതി നിരീക്ഷണം, പരിസര നിരീക്ഷണം, പക്ഷി നിരീക്ഷണം...

ആ നിലക്കങ്ങുപോയാൽ പിള്ളേരൊക്കെ നല്ല വായ്നോക്കികളായി വളർന്നു പന്തലിച്ചേനെ! എതിർപ്പുകൾ രൂക്ഷമാവുകയും, സായിപ്പു തന്ന ഡോളർ തീരുകയും ചെയ്തതോടെ സർക്കാരും പരിഷത്തുകാരും സെമിനാറും പുട്ടടിയും നിർത്തി വേറെന്തോ പണിക്കിറങ്ങി!

അങ്ങനിരിക്കെയാണ്‌ സർവ്വശിക്ഷാ അഭിയാൻ അഭിനയം തുടങ്ങിയത്‌. പത്രത്തിൽവന്ന പടമത്രയും വെട്ടി തന്റെ പുത്തകത്തിൽ ഒട്ടിക്കാൻ പഠിച്ച്‌, അഭിയാൻ കാലത്തെ സർക്കാർ ഉസ്കൂൾ കുട്ടികൾ, മാറുന്ന ലോകത്തെ ഐടി വിസ്ഫോടനത്തിലേക്ക്‌ കുതിച്ചുകൊണ്ടിരിക്കുന്നു!

ഒടുവിൽ ഒരു രാഷ്ട്രത്തെ ശിക്ഷിച്ചു കൊതിതീരാഞ്ഞ്‌ അഭിയാൻകാർ അതും ചെയ്തു.
രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ പടമടിക്കേണ്ടിടത്ത്‌ ഒരു ചൊറിത്തവള!

ദരിദ്ര നാരായണന്മാർ എന്തിന്‌ ഫോട്ടോയെടുക്കണം. തിരിച്ചറിയൽ കാർഡുകളിൽ കഴുതയുടെ പടമൊട്ടിക്കുക മാത്രമാണ്‌ കരണീയം!

Thursday, June 12, 2008

അമ്മമാർ എന്തുചെയ്യുകയായിരുന്നു?

സെക്സ്‌ മാഫിയയുടെയും പെൺവാണിഭ വീരന്മാരുടെയും സ്വന്തം നാടായി കഴിഞ്ഞു കേരളം. റീട്ടെയിൽരീതി മുതൽ ഹോൾസെയിൽതലം വരെയാണ്‌ കേരളത്തിൽ പെൺവാണിഭം അരങ്ങുവാഴുന്നത്‌. സ്കൂൾ വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മമാർവരെ അടങ്ങുന്നവരെ കച്ചവടച്ചരക്കാക്കിയാണ്‌ ഈ വിപണനം. മന്ത്രിമാർമുതൽ സമൂഹത്തിന്റെ എല്ലാ തലത്തിലേയും പ്രമുഖർ ഈ അധോലോകസംഘവുമായി കൈകോർത്ത്‌ സുഖാസ്വാദനം നടത്തുമ്പോൾ പീഡിപ്പിക്കപ്പെടുന്ന ഇരകളുടെ രോദനമോ ദാരുണമരണമോ കേവലം ഒരു വാർത്തയ്ക്കപ്പുറമുള്ള വിഷയമായി മാറുന്നില്ല ഇന്ന്‌ കേരളത്തിൽ.

ഓരോ സംഘടിത പെൺവാണിഭ വാർത്തകളും പുറത്തുവരുമ്പോൾ ചില നടുക്കങ്ങളും പ്രതിഷേധങ്ങളും ഉയരുന്നതിലും വേഗത്തിൽ ഒടുങ്ങുന്നതും കാണാനാണ്‌ കേരളീയർക്ക്‌ വിധി.

ഓരോ സംഭവവും പുറത്തുവരുമ്പോൾ പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുകയും അവർ പ്രതികളെ തിരയുന്നു എന്ന മട്ടിൽ നാടാകെ വിനോദസഞ്ചാരം നടത്തുകയും ചെയ്തുകഴിയുമ്പോൾ പൊതുജനം ഈ സംഭവങ്ങൾ മറന്നിരിക്കും, അതുകൊണ്ടുതന്നെ അന്വേഷണം പാതിയിൽ അവസാനിപ്പിച്ച്‌ പോലീസ്‌ പിൻവാങ്ങുകയും ചെയ്യും.

കേരളത്തെ നടുക്കിയ എല്ലാ പെൺവാണിഭകേസുമായി ബന്ധപ്പെട്ട്‌ സമൂഹത്തിലെ ഉന്നതന്മാരുടെ പേരുകൾ പുറത്തുവന്നിരുന്നു. മുൻ മന്ത്രി കുഞ്ഞാലിക്കുട്ടി, രാജ്യസഭാംഗം പി.ജെ. കുര്യൻ, മുൻ കേന്ദ്രമന്ത്രി കൃഷ്ണകുമാർ, ജഗതിശ്രീകുമാർ, ഏഷ്യാനെറ്റ്‌ മോഹനൻ, ജോയ്‌ ആലുക്കാസ്‌ ഇങ്ങനെപോകുന്നു ഉന്നതന്മാരുടെ പേരുകൾ. ഡിഐജി മുതൽ കോൺസ്റ്റബിൾവരെയുള്ള പോലീസുകാരും ഈ അധോലോകവുമായി കൈകോർത്ത്‌ പ്രവർത്തിച്ചിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്‌ സന്തോഷ്‌ മാധവന്റെ ഫ്ലാറ്റിൽനിന്ന്‌ ലഭിച്ച ഡിവൈഎസ്പി സാം ക്രിസ്റ്റി ഡാനിയേലിന്റെ ഔദ്യോഗിക യൂണിഫോം.

പെൺവാണിഭവീരന്മാരെ കൈയാമം വച്ച്‌ തെരുവിലൂടെ നടത്തുമെന്ന്‌ കേരളത്തിലെ സ്ത്രീകൾക്ക്‌ ഉറപ്പുനൽകിയാണ്‌ അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ അധികാരത്തിലേറിയത്‌. എന്നാൽ പെൺവാണിഭ വീരന്മാരിൽ ആരെയെങ്കിലും തെരുവിലൂടെ നടത്തുന്നതുപോയിട്ട്‌ അവർക്ക്‌ കൈയാമം വയ്ക്കാൻ പോലും കഴിയാതെ, ഷണ്ഡന്റെ നിസ്സഹായതയോടെ നിൽക്കുന്ന പോലീസ്‌ സേനയേയും അതിന്റെ മന്ത്രിയേയും അദ്ദേഹത്തിന്‌ നിർദേശം നൽകുന്ന മുഖ്യമന്ത്രിയേയും ആണ്‌ ഇപ്പോൾ കേരളം സഹിക്കുന്നത്‌. ഇന്ന്‌ കേരളം ഭരിക്കുന്ന രണ്ടു മന്ത്രിമാരുടെ പുത്രന്മാർക്ക്‌ കിളിരൂർ, കവിയൂർ പീഡനക്കേസുകളിൽ പങ്കുണ്ടെന്ന്‌ വ്യക്തമായ തെളിവ്‌ കോടതിക്ക്‌ ലഭിക്കുകയും കോടതി അത്‌ അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ കൈമാറുകയും ചെയ്തതാണ്‌.

ഇരകളെ ഇഞ്ചിഞ്ചായി കൊന്ന്‌ വേട്ടക്കാർ നാട്ടിലാകെ വിലസുമ്പോൾ വിഷണരായി നിൽക്കുകയാണ്‌ സത്യസന്ധരായ പോലീസ്‌ ഉദ്യോഗസ്ഥർ. അന്വേഷണത്തിന്റെ എല്ലാ തുമ്പുകളുടെ അറ്റത്തും മന്ത്രിമാർ മുതൽ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്ന വ്യക്തികളുടെ അടുത്ത ബന്ധുക്കളോ കടുത്ത സുഹൃത്തുക്കളോ ഉള്ളതാണ്‌ കേസ്‌ അട്ടിമറിക്കാൻ ഇവരെ നിർബന്ധിതരാക്കുന്നത്‌.

കവിയൂരിൽ അനഘയും കുടുംബവും കൂട്ട ആത്മഹത്യചെയ്തശേഷം കേരളത്തെ നടുക്കിയതായിരുന്നു കിളിരൂരിലെ ശാരിയുടെ മരണം. ഈ രണ്ടു കേസുകളിലും അന്വേഷണം അട്ടിമറിക്കപ്പെട്ടതുകൊണ്ടാണ്‌ പൂവരണിയിലെ പതിനാലുകാരിക്ക്‌ പീഡനം മൂലം എയ്ഡ്സ്‌ ബാധയേറ്റ്‌ പെട്ടെന്ന്‌ മരിക്കാനിടയാക്കിയത്‌. ഇതുവരെ റിപ്പോർട്ട്‌ ചെയ്ത പെൺവാണി ഭകേസുകളെ നിഷ്പ്രഭമാക്കുന്ന രീതിയിൽ ഈ കുട്ടി കൊല്ലപ്പെട്ടിട്ടും വനിതാ കമ്മീഷൻ അടക്കമുള്ള സർക്കാർ സംവിധാനവും സാറാജോസഫും അജിതയും അടങ്ങുന്ന സ്ത്രീവിമോചന പ്രസ്ഥാന നായികമാരും ലജ്ജാകരമായ മൗനം പുലർത്തുന്നതാണ്‌ ഏറെ പ്രതിഷേധാർഹമായ വസ്തുത. ഒരുവേള മുൻ അനുഭവങ്ങൾ അവരെ പിന്നാക്കംവലിക്കുന്നതാ ണെന്ന്‌ ഞങ്ങൾ കരുതുന്നു.

ഭരണകൂടവും പോലീസും ഇങ്ങനെ വേട്ടക്കാരെ സംരക്ഷിക്കുമ്പോൾ നിസ്സഹായരാണ്‌ ഇരകൾ എന്നുപറഞ്ഞ്‌ വിലപിക്കുന്നതിൽ അർത്ഥമില്ലാ എന്നതാണ്‌ ഞങ്ങളുടെ പക്ഷം. കാരണം ഒരു പെൺകുട്ടിയുടെ ലൈംഗികമായ വളർച്ചയും അതിലുണ്ടാകുന്ന വ്യതിയാനങ്ങളും ഏറ്റവും പെട്ടെന്ന്‌ തിരിച്ചറിയുന്നത്‌ മാതാക്കളാണ്‌. തന്റെ ഇഷ്ടമില്ലാതെ ശരീരം പലർക്കായി പലവട്ടം കാഴ്ചവയ്ക്കേണ്ടിവരുന്ന ഒരു മകളുടെ മാനസികവും ശാരീരികവുമായ വ്യതിയാനങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ട സംഭവങ്ങളിലൊന്നും മാതാക്കൾ തിരിച്ചറിഞ്ഞില്ലായെന്നു പറയുമ്പോൾ അത്‌ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്‌. പണത്തോടും പ്രശസ്തിയോടുമുള്ള ആർത്തിയാണ്‌ ഇവരിൽ പലരുടെയും കണ്ണുകെട്ടുന്നതെന്ന കാര്യത്തിൽ സംശയമില്ല. ചാനലുകളും സീരിയലുകളും വർധിച്ചതോടെ ഈ രംഗത്ത്‌ മുഖം കാണിക്കാൻ തത്രപ്പെടുന്ന പെൺകുട്ടികളും അവരുടെ മാതാക്കളും ഏത്‌ അഡ്ജസ്റ്റ്മെന്റിനും തയ്യാറാണെന്ന്‌ നിരവധി അനുഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരക്കാരെ ചാക്കിട്ടുപിടിക്കാൻ വൈഭവമുള്ളവർ അവരെ ഉപയോഗിച്ച്‌ ഹൈടെക്‌ രീതിയിൽതന്നെ പെൺവാണിഭം നടത്തിയില്ലെങ്കിൽ അൽഭുതപ്പെട്ടാൽമതി. പൂവരണിയിലെ പെൺകുട്ടിയെ വിദേശ ടൂറിസ്റ്റുകൾക്കുവരെ കാഴ്ചവച്ചാണ്‌ ലിസിയും ജോമിയും ജോതിഷുമെല്ലാം പതിനായിരങ്ങൾ സ്വന്തമാക്കിയത്‌. ഇവരുടെ നിർബന്ധത്തിനുവഴങ്ങി പെൺമക്കൾ പീഡിപ്പിക്കപ്പെട്ട്‌ തകർന്ന്‌ വീട്ടിൽവരുമ്പോൾപോലും അക്കാര്യം തിരിച്ചറിയാൻ മാതാക്കൾക്ക്‌ കഴിഞ്ഞില്ലായെന്നു പറയുന്നത്‌ അംഗീകരിക്കാൻ പറ്റുന്ന കള്ളമല്ല. പിടിക്കപ്പെട്ടില്ലെങ്കിൽ പ്രശസ്തിയും പണവും ചതിക്കപ്പെട്ടാൽ പീഡനവും രോദനവും എന്ന വൃത്തികെട്ട ചര്യയാണ്‌ ഇന്ന്‌ നമുക്കുചുറ്റും കാണാനുള്ളത്‌.

തൃശൂരിലെ സാജിത എന്ന പെൺകുട്ടിയെ അഡ്ജസ്റ്റ്മെന്റുകൾക്ക്‌ വഴങ്ങി സീരിയൽ നടിയാക്കാൻ നിർബന്ധിച്ചത്‌ ആ കുട്ടിയുടെ അമ്മയായിരുന്നു. അവരുടെ പണത്തോടും പ്രശസ്തിയോടുമുള്ള ആർത്തി ചെറുത്തുനിൽക്കാനാവാതെ പെൺകുട്ടി കാമുകനോടൊത്ത്‌ നാടുവിട്ടപ്പോൾ, സജിത പെൺവാണിഭക്കാരുടെ പിടിയിലാണെന്ന വാർത്ത പരന്നപ്പോൾ ആ അമ്മ പ്രദർശിപ്പിച്ച ദുഃഖവും ഒഴുക്കിയ കണ്ണീരും ചാനലുകൾ തൽസമയം ഒപ്പിയെടുക്കുകയും പത്രങ്ങൾ പേജുകൾതോറും പ്രദർശിപ്പിക്കുകയും ചെയ്തു. ഒടുവിൽ സാജിതയെ തമിഴ്‌നാട്ടിൽനിന്ന്‌ കണ്ടെത്തുകയും ആ കുട്ടി സത്യം വെളിപ്പെടുത്തുകയും ചെയ്തപ്പോഴാണ്‌ അമ്മമാർ നടത്തുന്ന കള്ളക്കളികൾ പുറംലോകം വ്യക്തമായി അറിഞ്ഞത്‌.

അതുകൊണ്ട്‌ പെൺമക്കൾ പീഡിപ്പിക്കപ്പെടുകയോ പെൺവാണിഭ സംഘത്തിന്റെ കൈയിലെ കരുവായി ദാരുണമായി കൊല്ലപ്പെടുകയോ ചെയ്താൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിനും പോലീസിനും കെട്ടിവയ്ക്കുന്നതിനുപകരം മാതാക്കൾ അവരുടെ നിലപാടുകൾ തിരുത്തുകയാണ്‌ വേണ്ടത്‌. അവർ അതിനു തയ്യാറാകത്തിടത്തോളം കാലം പുതിയ പുതിയ ഇരകൾ സൃഷ്ടിക്കപ്പെടും. വേട്ടക്കാർ അവരെ ഉപഭോക്തൃവസ്തുക്കളായി അനുഭവിക്കുകയും ചെയ്യും.

Wednesday, June 11, 2008

മലയാളത്തിന്റെ അഭിമാനം കാത്തവർക്ക്‌അഭിനന്ദനങ്ങൾ

മികച്ച ചിത്രം, കുടുംബചിത്രം, ദേശീയോദ്ഗ്രഥന ചിത്രം, പുതുമുഖ സംവിധായകൻ, ജ്യോൂറിയുടെ പ്രത്യേക പരാമർശം എന്നിങ്ങനെ അരഡസൻ ദേശീയ അവാർഡുകൾ നേടി, ഒരിക്കൽകൂടി നല്ല സിനിമയുടെ വക്താക്കളാണ്‌ മലയാളമെന്ന ഖ്യാതി നിലനിർത്താൻ യത്നിച്ചവരെയെല്ലാം ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.

ഇതിൽ പ്രത്യേക പരാമർശം അർഹിക്കുന്നത്‌ പ്രിയനന്ദനനാണ്‌. അദ്ദേഹം സംവിധാനം ചെയ്ത 'പുലിജന്മ'ത്തിന്‌ ലഭിച്ച ദേശീയ പുരസ്ക്കാരം സമാന്തര സിനിമയ്ക്കുള്ള അംഗീകാരമാകുന്നതുകൊണ്ടാണ്‌, പ്രിയനന്ദനന്റെ നേട്ടം വേറിട്ടുനിൽക്കുന്നത്‌.

ഒരുകാലത്ത്‌ മലയാളത്തിന്റെ യശസ്‌ അഖിലേന്ത്യാ തലത്തിൽ ഉയർത്തിപ്പിടിച്ചിരുന്ന സമാന്തര മധ്യവർത്തി സിനിമകളെ, മുഖ്യധാരാ സിനിമകൾ അപ്പാടെ വിഴുങ്ങിയ കാലത്താണ്‌ പ്രിയനന്ദനൻ ഇത്തരമൊരു പരീക്ഷണത്തിന്‌ ഒരുങ്ങിയതും അതിന്‌ ദേശീയ അംഗീകാരം ലഭിച്ചതും.

ഒരു പ്രാദേശികമിത്തിനെ ന്യൂക്ലിയസാക്കി ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അപചയം അപഗ്രഥിക്കുന്നതാണ്‌ പുലിജന്മം. ദളിതനെ അവഗണിച്ചതാണ്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പരാജയത്തിന്‌ കാരണമെന്ന സൂചനയാണ്‌ ഈ ചിത്രം നൽകുന്നത്‌. മിത്തുകളിലൂടെ വടക്കൻ കേരളത്തിലെ കീഴാളജീവിതത്തിന്റെ സത്യങ്ങളിലേക്ക്‌ ക്യാമറ തിരിക്കുകയായിരുന്നു പ്രിയനന്ദനൻ. എയ്ത്തിനും പൊയ്ത്തിനും മന്ത്രതന്ത്രങ്ങൾക്കും ഗുരുക്കളായ കാരി എന്ന ദളിതൻ തെയ്യമാകുകയും മനുഷ്യജന്മം കിട്ടാതെ പുലിതെയ്യമായി കഴിയേണ്ടിവരികയും ചെയ്യുന്ന പുരാവൃത്തത്തിലൂടെ സമകാലിക കേരള രാഷ്ട്രീയത്തിന്റെ ഉള്ളറകൾ പുറത്തെടുത്ത്‌ പ്രദർശിപ്പിക്കുകകൂടി ചെയ്യുന്നു ഈ ചിത്രത്തിൽ.

ആനുകാലിക കേരള രാഷ്ട്രീയത്തിലും സാംസ്ക്കാരിക സാഹിത്യരംഗങ്ങളിലും ഏറെ ചർച്ചചെയ്യപ്പെടേണ്ട ഈ ചിത്രത്തിന്‌ പക്ഷെ കേരളത്തിൽ അംഗീകാരം ലഭിച്ചില്ലായെന്ന ദാരുണാനുഭവംകൂടി പ്രിയനന്ദനനുണ്ട്‌. എന്നു മാത്രമല്ല കെഎസ്‌എഫ്ഡിസിയുടെ സബ്സിഡിയോടെ നിർമിച്ച ഈ ചിത്രത്തിന്‌ സബ്സിഡി തുകയായി നാലു ലക്ഷം രൂപ ഇനിയും ലഭിച്ചിട്ടില്ലാ എന്നു പറയുമ്പോൾ സർഗവൈഭവമുള്ള ചലച്ചിത്രപ്രവർത്തകരോട്‌ കേരളം പുലർത്തുന്ന അവഗണന എത്രയാണെന്ന്‌ വ്യക്തമാകുന്നു. കോർപ്പറേഷന്റെ കോഴിക്കോട്ടെ തിയേറ്ററിൽ പുലിജന്മം പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ടപ്പോൾ "നികൃഷ്ട ജീവിയോടെന്നപോലെയാണ്‌ തിയേറ്റർ മാനേജർ പെരുമാറിയതെന്നും, അപമാനിതനായാണ്‌ അന്ന്‌ അവിടെനിന്ന്‌ ഇറങ്ങിപ്പോന്നതെന്നും" പ്രിയനന്ദനൻ പറയുമ്പോൾ നല്ല സിനിമയുടെ വളർച്ചയ്ക്കായി രൂപം കൊടുത്ത കെഎസ്‌എഫ്ഡിസിയുടെ ആർജവമാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌. കോർപ്പറേഷന്റെ തലപ്പത്തിരിക്കുന്ന എംഡിക്ക്‌ സിനിമയുമായി ബന്ധമില്ലാത്തതാണ്‌ ഇത്തരം പ്രശ്നങ്ങൾക്ക്‌ കാരണമാകുന്നതെന്ന്‌ ഈ ദേശീയപുരസ്കാര ലബ്ധിമൂലം മനസിലാക്കാൻ സാധിക്കുന്നു. ഇനിയെങ്കിലും കച്ചവട സിനിമയ്ക്കുപരിയായി നല്ല സിനിമയോട്‌ ആഭിമുഖ്യം പുലർത്തുന്ന സിനിമാ പ്രവർത്തകരെ കെഎസ്‌എഫ്ഡിസിയുടെ തലപ്പത്ത്‌ പ്രതിഷ്ഠിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകേണ്ടതുണ്ടെന്നും ഈ ദേശീയ അവാർഡ്‌ വ്യക്തമാക്കുന്നു.

വിതരണക്കാരും തിയേറ്റർ ഉടമകളും സൂപ്പർതാരങ്ങളും സൂപ്പർ സംവിധായകരും പുലർത്തുന്ന വൃത്തികെട്ട നിലപാടുകൾകൂടി ഇതിലൂടെ പുറത്തുവന്നിട്ടുണ്ട്‌. ഇപ്പോൾ മാക്ടയെ പിളർത്താൻ ഇവരെല്ലാം ഉപയോഗിച്ച അതേ വൃത്തികെട്ട തന്ത്രങ്ങളും നിലപാടുകളും പ്രചാരണങ്ങളുമാണ്‌ സമാന്തര സിനിമയ്ക്കെതിരെയും ഇവർ പുലർത്തുന്നത്‌. പുലിജന്മം, ദൃഷ്ടാന്തം, ഏകാന്തം എന്നിങ്ങനെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾക്ക്‌ കേരളത്തിൽ അനുഭവിക്കേണ്ടിവന്ന അവഗണനയ്ക്ക്‌ മറ്റൊരു കാരണവും തിരക്കേണ്ടതില്ലെന്ന്‌ വ്യക്തമായികഴിഞ്ഞു.

മലയാളത്തിലെ അഭിനയപൂർണിമയാണ്‌ തിലകൻ. എന്നാൽ ഈ രംഗത്തുള്ള ജാതിവ്യത്യാസം മൂലം തിലകനെപോലെയും ജഗതി ശ്രീകുമാറിനെപോലെയുമുള്ള പ്രതിഭാസമ്പന്നർ അനുഭവിക്കുന്ന അവഗണനയിലേക്ക്‌ ചലച്ചിത്ര പ്രേമികളുടെ ശ്രദ്ധതിരിക്കാനും ഈ അവാർഡ്‌ വിജയങ്ങൾ കാരണമായിട്ടുണ്ട്‌. "പാരകൾക്കിടയിൽ കിട്ടിയ അംഗീകാരമാണ്‌ ഇതെന്നും അതുകൊണ്ട്‌ സന്തോഷമുണ്ടെ"ന്നും തിലകൻ പറഞ്ഞത്‌ ശ്രദ്ധിക്കുക.

മികച്ച അഭിനേതാവെന്ന പുരസ്ക്കാരത്തിന്‌ അവസാന റൗണ്ടുവരെ തിലകന്റെ പേര്‌ പറഞ്ഞിരുന്നുവെന്നും അവാർഡ്‌ നിർണയകമ്മറ്റിയിലെ ബംഗാൾ ലോബിയുടെ കടുംപിടുത്തംമൂലമാണ്‌ തിലകന്‌ ആ സ്ഥാനം നഷ്ടമായതെന്നും ഇപ്പോൾ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്‌. ലോബികളുടെ പിടിയിൽനിന്ന്‌ ഇന്ത്യൻ സിനിമയ്ക്കും ഈ സിനിമയുടെ അഭ്യുന്നതിക്കുവേണ്ടി അഹോരാത്രം അധ്വാനിക്കുന്നവർക്കും മോചനമില്ലാ എന്ന ദാരുണ സത്യവും ഇത്തവണത്തെ അവാർഡ്‌ പ്രഖ്യാപനത്തിലൂടെ വ്യക്തമായിട്ടുണ്ട്‌.

മുൻ വർഷങ്ങളിൽ സാങ്കേതികരംഗത്തും കേരളം മികവുപുലർത്തി പുരസ്കാരങ്ങൾ നേടിയിരുന്ന സ്ഥാനത്ത്‌ 2006ലെ അവാർഡ്‌ നിർണയത്തിൽ കേരളം ദയനീയമായി ഈ മേഖലയിൽ പിന്തള്ളപ്പെട്ടത്‌, ഈ രംഗത്ത്‌ പ്രവർത്തിക്കുന്നവരുടെ കണ്ണുതുറപ്പിക്കുമെന്ന്‌ ഞങ്ങൾ പ്രതീക്ഷിക്കുന്നു.

മികച്ച ദേശീയോദ്ഗ്രഥന ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്‌ 'കാർഗിൽ' ആണ്‌. രാഷ്ട്രബോധവുമായി ബന്ധപ്പെട്ട്‌ ഒരു സിനിമ നിർമിക്കാൻ മലയാളി വേണ്ടിവന്നു എന്നത്‌ നമുക്കെല്ലാം അഭിമാനിക്കാവുന്ന വസ്തുതയാണ്‌. അതുപോലെതന്നെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയാമണി മലയാളിയും മലയാളികളുടെ ഇഷ്ടതാരവുമാണെന്നതും ആനന്ദമുളവാക്കുന്ന വസ്തുതയാണ്‌.

2005ൽ, ദേശീയ അവാർഡ്‌ നിർണയ കമ്മറ്റിയിൽനിന്ന്‌ വിവരങ്ങൾ ചോർന്നുപോയതുകൊണ്ടാണ്‌ വളരെ വൈകി പുതിയൊരു കമ്മറ്റി രൂപീകരിച്ച്‌ അവാർഡ്‌ നിർണയം നടത്തേണ്ടിവന്നത്‌. വൈകിയാണെങ്കിലും മലയാളത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ച എല്ലാ ചലച്ചിത്രപ്രവർത്തകരേയും ഞങ്ങൾ ഹാർദമായി അഭിനന്ദിക്കുന്നു. ഒപ്പം ഈ മേഖലയിൽ നടക്കുന്ന അനധികൃത ലോബിയിംഗും ബ്ലാക്ക്മെയിലിംഗും പിളർപ്പൻ സ്വഭാവങ്ങളും എതിർത്ത്‌ തോൽപ്പിച്ച്‌ നല്ല സിനിമയ്ക്കുവേണ്ടി നിൽക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ ചലച്ചിത്രപ്രേമികൾ മുന്നോട്ടുവരണമെന്നും ഞങ്ങൾക്ക്‌ അപേക്ഷയുണ്ട്‌.

Tuesday, June 10, 2008

മാക്ട പിളർപ്പ്‌: ജയിച്ചത്‌ സിനിമ-മുതലാളിത്ത ലോബി

സിനിമ രംഗത്തെ ട്രേഡ്‌ യുണിയൻ പ്രസ്ഥാനമായ മാക്ട ഫെഡെറേഷൻ പിളർന്നപ്പോൾ വിജയിച്ചത്‌ താര സംഘടനയും നിർമാതാക്കളും ഒരുക്കിയ തന്ത്രം.

സിനിമ മേഖലയിൽ സൂപ്പർ സ്റ്റാറുകൾക്കുള്ള അപ്രമാദിത്വം ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുന്നതായി ഈ പിളർപ്പ്‌.

ട്രേഡ്‌ യൂണിയൻ സ്വഭാവത്തിൽ പ്രശ്നങ്ങളെ സമീപിച്ചിരുന്ന സിനിമ-സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയെ ഒതുക്കാനുള്ള സുവർണാവസരമായി ദിലീപ്‌-തുളസിദാസ്‌ പ്രശ്നത്തെ താര സംഘടന ഉപയോഗപ്പെടുത്തുകയായിരുന്നു.

മാക്ട ജനറൽ സെക്രട്ടറിയായ സംവിധായകൻ വിനയന്റെ ഏകാധിപത്യ സമീപനവും സൂപ്പർ താരങ്ങളോടുള്ള അദ്ദേഹത്തിന്റെ അതിരുവിട്ട വിരോധവും സംഘടനയുടെ തകർച്ചയുടെ ആക്കം കൂട്ടുകയും ചെയ്തു.

2006-ലാണ്‌ മാക്ട ഫെഡറേഷൻ നിലവിൽ വന്നത്‌. സംവിധായകർ മുതൽ ലൈറ്റ്‌ ബോയ്കളെ വരെ ഉൾപ്പെടുത്തിയാണ്‌ 19 സംഘടനകളുടെ കൂട്ടായ്മ മുന്നോട്ടുപോയത്‌. 4000-ത്തോളം അംഗങ്ങളുള്ള സംഘടനയായി മാക്ട വളർന്നപ്പോൾ മുൻനിര സംവിധായകരിലടക്കം മുറുമുറുപ്പുണ്ടായി. ലൈറ്റ്‌ ബോയ്മാരുടെ അവകാശത്തിനു വേണ്ടിയടക്കം മാക്ട മുന്നോട്ട്‌ വന്നപ്പോൾ താര സംഘടനയും നിർമാതാക്കളും വിരുദ്ധ ചേരിയിലായി.

സൂപ്പർ താരങ്ങളുടെ അപ്രമാദിത്വത്തിന്‌ വഴങ്ങാതിരിക്കാൻ മുഖ്യധാരാ സംവിധായകർക്ക്‌ പോലും സാധ്യമല്ലാതെ വന്നതോടെ മാക്ടയിൽ ചേരിതിരിവ്‌ പ്രത്യക്ഷമായി.

അതിന്റെ തെളിവായിരുന്നു കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പ്‌. വിനയന്റെ പാനലിനെതിരെ മത്സരിച്ചത്‌ സംവിധായകൻ കമലിന്റെ നേതൃത്വത്തിലുള്ള പാനലായിരുന്നു. താരസംഘടനയായ 'അമ്മ'യുടെ പിൻബലത്തോടെ മത്സരിച്ച കമലിന്റെ പാനലിനെ സാധാരണപ്രവർത്തകരുടെ അംഗബലത്തോടെ വിനയൻ പരാജയപ്പെടുത്തി. സൂപ്പർതാരങ്ങളോടുള്ള വിനയന്റെ വിദ്വേഷമാണ്‌ അങ്ങനെ തിരശീലയ്ക്കിപ്പുറത്തെത്തിയത്‌. മാക്ടയിൽ തനിക്കുള്ള അപ്രമാദിത്വം സ്ഥാപിക്കാൻ വിനയൻ കരുവാക്കിയതും ഈ സൂപ്പർതാര വിരോധമായിരുന്നു.

തങ്ങളെ വിമർശിക്കുന്ന ആരേയും ഏതുവിധേനയും ഒതുക്കുന്ന സൂപ്പർ സ്റ്റാറുകളുടെ നിലപാടിനെ വിനയൻ തുറന്നെതിർത്തിരുന്നു. പ്രമുഖ നടന്മാരായ തിലകൻ, ജഗതി ശ്രീകുമാർ, പൃഥ്വി രാജ്‌ തുടങ്ങിയവർ സൂപ്പർ താരങ്ങളുടെ വിരോധത്തിന്‌ പാത്രമായപ്പോൾ വിനയൻ അവർക്ക്‌ പിന്തുണയുമായെത്തി. എന്നാൽ സൂപ്പർ താരങ്ങളെ ഒഴിവാക്കി ചിത്രം ചെയ്യാനുള്ള ആത്മവിശ്വാസം മുൻ നിര സംവിധായകരടക്കമുള്ളവർക്ക്‌ ഇല്ലാതെപോയത്‌ വിനയന്റെ നിലപാടിനെ പരുങ്ങലിലാക്കിയിരുന്നു.

എന്നാൽ പല സംവിധായകരും കൂട്ടിക്കൊടുപ്പുകാരാണെന്ന വിയയന്റെ പരസ്യ പ്രഖ്യാപനം അദ്ദേഹത്തിന്‌ വിനയായി. ആ പ്രസ്താവനയുടെ പേരിലാണ്‌ സിദ്ധിഖ്‌ അടക്കമുള്ള സംവിധായകർ രാജിവച്ച്‌ പുറത്തുപോയത്‌.

കൂട്ടിക്കൊടുപ്പും കാലുനക്കലും പാരവയ്പും സിനിമാ ഫീൽഡിലെ ആദ്യ പാഠങ്ങളാണെന്ന്‌ ആർക്കാണ്‌ അറിഞ്ഞുകൂടാത്തത്‌. ഇപ്പോൾ ഒരു സംഘടനയെ പിളർത്താൻവേണ്ടി ധാർമികതയുടെ വേഷംകെട്ടി സദാചാരം പ്രസംഗിക്കുന്ന ഇവരിൽ എത്രപേർക്ക്‌ നെഞ്ചത്ത്‌ കൈവച്ച്‌ ഇത്തരം ഇടപാടുകൾ ഈ മേഖലയിലില്ലാ എന്ന്‌ പറയാൻ കഴിയും?

മാക്ട പിളർത്താൻ മുൻകൈ എടുത്തവരിൽ അമ്മയുടെ പ്രസിഡന്റ്‌ സിദ്ധിഖും സെക്രട്ടറി മോഹൻലാലും ഉണ്ടായിരുന്നു. ഇവരുടെ പ്രേരണയും ഇവർ നൽകിയ ഉറപ്പുമാണ്‌ വിനയനെ തള്ളിപ്പറഞ്ഞ്‌ പുറത്തുവരാൻ സംവിധായകരെ പ്രേരിപ്പിച്ചതെന്ന കാര്യത്തിൽ ആർക്കും സംശയത്തിന്‌ ഇടമില്ല. കപടദുഃഖം അഭിനയിച്ച്‌ മാക്ടയുടെ പിളർപ്പിൽ വേദനിച്ച ഇന്നസെന്റും മോഹൻലാലും, മാക്ട പിളർന്നതോടെ കാശിക്കുപോയിരിക്കുകയാണ്‌ - ഷൂട്ടിംഗിന്‌.

പിളർപ്പിന്റെ മറ്റൊരു ശക്തിയായി വർത്തിച്ച ശ്രീനിവാസൻ ദുബായിലേക്ക്‌ 'കടന്നുകളഞ്ഞു'. മുൻ നിശ്ചയിച്ച പരിപാടിയനുസരിച്ചാണ്‌ ഈ പര്യടനമെന്ന്‌ അദ്ദേഹം പറയുന്നുണ്ടെങ്കിലും തന്റെ ലക്ഷ്യം സാധിച്ച സന്തോഷത്തിലാണ്‌ 'പ്രതിഭാധനനായ' ഈ സംവിധായകൻ.

നിർമാതാക്കളും സംവിധായകരും അഭിനേതാക്കളും തിരക്കഥാകൃത്തുക്കളും ക്യാമറാമാന്മാരുമാണ്‌ സിനിമയുടെ ക്രിയേറ്റീവ്‌ വശമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇവരുടെ ക്രിയേറ്റിവിറ്റി പുറത്തുവരണമെങ്കിൽ സഹസംവിധായകരും ലൈറ്റ്ബോയ്‌ അടക്കമുള്ള സാധാരണ തൊഴിലാളികളും കൂടിയേതീരൂ. ഇവരുടെ വയറ്റത്തടിച്ച്‌, സംഘടന പിളർത്തിയാണ്‌ മഹാന്മാരായ ഈ കലാകാരന്മാർ മാന്യന്മാരായി ഭാവിക്കുന്നതെന്നാണ്‌ കഥയിലെ ദുഃഖകരമായ പരിണാമഗുപ്തി.

വലിയ ആസനങ്ങളിലിരുന്ന്‌ ആരെയാണ്‌ പരിഹസിക്കുന്നത്‌?

വലിയ വലിയ ചില സ്ഥാനങ്ങളും ചില ആസനങ്ങളും ഉണ്ട്‌. ആവക സ്ഥാനങ്ങളിലും ആസനങ്ങളിലും ഇരിക്കുന്നവർ വലിയ വലിയ ആൾക്കാരത്രെ!

അവർ വല്ലപ്പോഴുമേ വാ തുറക്കൂ. വാ തുറന്നാൽ ചെറിയ ചെറിയ ആളുകൾക്ക്‌ യാതൊരു എത്തും പിടിയും കിട്ടാത്ത കാര്യങ്ങളാവും പറയുക.

പൂവരണിയിലൊരു കൊച്ചു പെൺകിടാവിനെ പണക്കൊതി മൂത്ത ഒരു ബന്ധക്കാരി പെണ്ണുംപിള്ള വില പറഞ്ഞു വിറ്റുകൊണ്ടിരുന്നതും, ആ പാവം കുട്ടിയെ എയ്ഡ്സ്‌ ബാധിപ്പിച്ച്‌ കൊന്നതും കേരളത്തിലെ ചെറിയ ചെറിയ ആൾക്കാരെ മുഴുവൻ ഞെട്ടിച്ച ഒരാഴ്ചയാണ്‌ കടന്നുപോയത്‌. അന്നേരം വലിയൊരു ആസനത്തിൽനിന്ന്‌ ഒരു വെളിപാടുണ്ടായി.

പതിനെട്ടുവയസു കഴിയാത്ത പെൺപിള്ളേരെ കന്യാസ്ത്രീയാക്കാൻ വിടുന്നതിനെതിരെയായിരുന്നു ആ വെളിപാട്‌. വനിതാ കമ്മീഷൻ, പൂവരണിയിലെ പാവത്തിന്റെ കാര്യത്തിൽ കാണിച്ച 'ധീര' മൗനം ചെറിയ ചെറിയ മനുഷ്യർക്കു മനസിലാവാഞ്ഞതുപോലെതന്നെ 'കന്യാസ്ത്രീ' പ്രായ പ്രശ്നത്തിന്റെയും സന്ദർഭം വിവരിച്ച്‌ ആശയം വ്യക്തമാക്കാനുള്ള ചോദ്യത്തിന്‌ ഉത്തരമൊന്നും കിട്ടിയില്ല, ആ മണ്ടന്മാർക്ക്‌!
തെരുവുകുട്ടികൾക്കൊപ്പം പ്രമുഖർ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടരുതെന്ന്‌ ഇന്നലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവായിരിക്കുന്നു. ഇത്രയും വലിയൊരു ആസനത്തിൽ നിന്നും ഇത്രയും വലിയൊരു ഉത്തരവു വന്നതിന്റെ സാംഗത്യമെന്ത്‌? വി.ആർ. കൃഷ്ണയ്യരെന്ന കേരളത്തിന്റെ മഹാനായ ന്യായാധിപനും, അഭിനയത്തിൽ മാത്രമല്ല സംസ്ക്കാരത്തിലും മികവുള്ള മമ്മൂട്ടിയും ഉൾപ്പെടെയുള്ളവർ ഇത്രയും കാലം 'ജനസേവ' ശിശുഭവൻ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട്‌ 'ബാലഭിക്ഷാടനത്തെ' മഹത്വവൽക്കരിച്ചുവെന്നു പറഞ്ഞാൽ ചെറിയ മനുഷ്യർക്കതു മനസിലാവില്ല!

ബാലവേല നിരോധിക്കണമെന്ന പ്ലക്കാർഡുമായി തെരുവുകുട്ടികൾക്കൊപ്പം പ്രമുഖർ പ്രത്യക്ഷപ്പെട്ടാൽ എങ്ങനെയാണ്‌ 'ബാലഭിക്ഷാടനം' മഹത്വവൽക്കരിക്കപ്പെടുന്നതെന്ന്‌ ചെറിയ മനുഷ്യർ ആരോടുപോയി സംശയം തീർക്കും!

ബാലഭിക്ഷാടനം തടയാൻ എന്തൊക്കെ ചെയ്യണം?
ജനിക്കുന്ന കുട്ടികളുടെ റെക്കോർഡ്‌ സർക്കാർ സൂക്ഷിക്കണം.

പിന്നെന്തു ചെയ്യണം?
കുട്ടിയുടെ വളർച്ചയിലെ ഓരോ പടവും അതിൽ രേഖപ്പെടുത്തണം.

അത്‌ കഴിഞ്ഞിട്ടെന്തു ചെയ്യണം?
പതിനാലുവയസുവരെ കുട്ടിയുടെ വളർച്ച സസൂക്ഷ്മം നിരീക്ഷിക്കണം.

ഇതൊക്കെ ആരെക്കൊണ്ടു ചെയ്യിക്കും?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കണം.

ബാലഭിക്ഷാടനത്തിനു കാരണമെന്ത്‌? തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സൂക്ഷ്മതക്കുറവാണ്‌ ബാലഭിക്ഷാടനത്തിനു കാരണം. ഇപ്പോൾതന്നെ ബാലഭിക്ഷാടനം തടയാൻ ഏട്ടിലൊരുപാടു പശുക്കാർ പുല്ലുതിന്നാതിരിക്കുന്നു. അന്നേരമാണ്‌ മനുഷ്യാവകാശ കമ്മീഷനു പുതിയ വെളിപാടുകൾ!

വലിയ വലിയ ആസനങ്ങളിൽ ഇരുന്നരുളുന്നവർ വല്ല കാലത്തും മണ്ണിലിറങ്ങി നടക്കുക. ചുറ്റുമൊന്നു കണ്ണോടിക്കുക. ചില്ലുമേടകളിലിരുന്നു കാണുന്ന കാഴ്ചകൾ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അല്ലയെന്റെ സാറന്മാരെ!

ഈ നാട്ടിലെ വ്യവസ്ഥാപിത സംവിധാനങ്ങളിലെ തകരാറുകളാണ്‌ ബാലഭിക്ഷാടനം തുടങ്ങി നൂറുനൂറു സാമൂഹ്യതിന്മകൾക്ക്‌ കാരണമെന്നിരിക്കെ, 'തൊലിപ്പുറത്തു' തേക്കുന്ന 'ഓയിന്റ്മെന്റ്‌' നിലപാടുകൾ കൊണ്ട്‌ സാറന്മാർ ആരെയാണ്‌ പരിഹസിക്കുന്നത്‌?

Monday, June 9, 2008

മൂന്നാർ: ചെമ്പുതെളിഞ്ഞു

മൂന്നാർ ദൗത്യസംഘത്തിന്റെ പ്രവർത്തനങ്ങൾക്ക്‌ പാരവച്ച സിപിഐ ഓഫീസിന്റെ വിവാദ പട്ടയം റദ്ദാക്കിയതിലൂടെ വെളിയം ഭാർഗ്ഗവനും പന്ന്യൻ രവീന്ദ്രനും കെഇ ഇസ്മായിലും കെപി രാജേന്ദ്രനും അടക്കമുള്ളവരുടെ ചെമ്പു തെളിഞ്ഞു.

'കോട്ടിട്ടയാൾക്കും അതിനു മുകളിലുള്ള ആൾക്കു'മെതിരെ അന്ന്‌ പന്ന്യൻ അടക്കമുള്ളവർ നടത്തിയ ആക്രോശങ്ങൾ ഇന്ന്‌ ഓർക്കുമ്പോൾ ഊറിച്ചിരിക്കാൻ വക നൽകുന്നുണ്ട്‌. 'ഉള്ളതുപറയുമ്പോൾ ഉറിയും ചിരിക്കും' എന്ന ചൊല്ല്‌ അന്ന്‌ സിപിഐക്കാർ തിരുത്തിയത്‌ ഇങ്ങനെയായിരുന്നു: ഉള്ളത്‌ പറയുമ്പോൾ കള്ളനും തുള്ളും.

ഏതായാലും, ചില രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെങ്കിലും പട്ടയം റദ്ദാക്കാൻ സിപിഐ എടുത്ത തീരുമാനം വൈകിവന്ന വിവേകം തന്നെയാണ്‌. മുൻ മുഖ്യമന്ത്രി പികെ വാസുദേവൻനായരെ കർഷകനാക്കി ആയിരുന്നു പാർട്ടി ഓഫീസിനുവേണ്ടി അന്ന്‌ സിപിഐ കള്ളപ്പട്ടയം തരപ്പെടുത്തിയത്‌.

മൂന്നാറിൽ പട്ടയമേള നടത്താൻ കെഇ ഇസ്മായിൽ അർഹതയില്ലാത്ത അഡീഷണൽ തഹസിൽദാറായിരുന്ന എംഐ രവീന്ദ്രനെ നിയമിച്ചതിൽ ആരംഭിച്ച കള്ളക്കളിയുടെ ദാരുണമായ അന്ത്യമാണിപ്പോൾ സംഭവിച്ചത്‌.

ഭക്ഷ്യസുരക്ഷാപദ്ധതി അടക്കമുള്ള സിപിഐയുടെ ഹിഡൺ അജണ്ടകളെ വെട്ടിനിരത്തിയ സിപിഎമ്മിനെ വെട്ടിലാക്കാനാണ്‌ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നതാണ്‌ ചിരിയുണർത്തുന്ന മറ്റൊരു വസ്തുത. സിപിഐയുടെ പാർട്ടി ഓഫീസിന്‌ സമീപത്തുതന്നെയാണ്‌ സിപിഎമ്മിന്റെ പാർട്ടിഓഫീസും അതിനുമുകളിലുള്ള പഞ്ചനക്ഷത്ര റിസോർട്ടും. ജില്ലാ സെക്രട്ടറി എംഎം മണിക്ക്‌ കാർഷികവൃത്തി നടത്താനെന്ന പേരിലാണ്‌ മൂന്നാർ കോളനിറോഡിൽ സിപിഎം 25 സെന്റ്‌ സ്ഥലത്തിന്‌ പട്ടയം വാങ്ങിയെടുത്തത്‌.

മൂന്നാർ ദൗത്യം വിവാദമായപ്പോൾ പാർട്ടിഓഫീസിന്‌ മുകളിലുള്ള പഞ്ചനക്ഷത്ര റിസോർട്ടിന്റെ പ്രവർത്തനം നിർത്തിവയ്ക്കുകയും പിന്നീട്‌ പാർട്ടിഓഫീസിന്‌ ചുറ്റുമുള്ള സ്ഥലത്ത്‌ ശീതകാല പച്ചക്കറികൃഷി നടത്തുകയും ചെയ്ത്‌ നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട സിപിഎം ഇപ്പോൾ സമ്മർദ്ദത്തിലായിരിക്കുകയാണ്‌, സ്വാഭാവികമായും സിപിഐയുടെ പാത പിന്തുടർന്ന്‌ അനധികൃതമായി സമ്പാദിച്ച പട്ടയം റദ്ദാക്കാൻ സിപിഎമ്മും തയ്യാറാകേണ്ടതുണ്ട്‌. അത്‌ സംഭവിക്കുമോയെന്ന്‌ കാത്തിരുന്ന്‌ കാണാം.

യഥാർത്ഥത്തിൽ, മൂന്നാറിലെ കയ്യേറ്റക്കാരായ റിസോർട്ട്‌ മാഫിയയെ കുടിയിറക്കാൻ അച്യുതാനന്ദൻ എടുത്ത തീരുമാനത്തെ ഭരണമുന്നണിയിലെ മുഖ്യകക്ഷിയായ സിപിഐയും സിപിഎമ്മിലെ ഔദ്യോഗികപക്ഷവും ചേർന്ന്‌ അട്ടിമറിക്കുകയായിരുന്നു എന്ന ആരോപണമാണ്‌ ഇപ്പോൾ ശരിയായിട്ടുള്ളത്‌. പട്ടയം റദ്ദാക്കാൻ കാണിച്ച മിടുക്കുപോലെ മൂന്നാർ ദൗത്യം അട്ടിമറിച്ചതിലുള്ള പങ്ക്‌ ഏറ്റുപറയാൻ സിപിഐ തയ്യാറാകുമ്പോൾ മാത്രമെ പ്രായശ്ചിത്തം പൂർണ്ണമാകൂ. തെറ്റുകൾ സംഭവിക്കുമ്പോൾ അത്‌ തിരുത്തി മുന്നോട്ടുപോകുമെന്നാണ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ ആവർത്തിച്ച്‌ അവകാശപ്പെടാറുള്ളത്‌. അങ്ങനെയെങ്കിൽ മൂന്നാറിൽ നടത്തിയ അട്ടിമറി ഏറ്റെടുത്ത്‌ കേരളത്തിലെ പൊതുജനങ്ങളോട്‌ ക്ഷമയാചിക്കാൻ വെളിയവും കൂട്ടരും- പ്രത്യേകിച്ച്‌ പന്ന്യൻ രവീന്ദ്രനും കെഇ ഇസ്മായിലും തയ്യാറാകണം.

1964 ലെ ഭൂമിപതിവ്‌ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ്‌ മൂന്നാറിലെ പാർട്ടിഓഫീസുകൾക്കും റിസോർട്ടുകൾക്കും ഭൂമി പതിച്ചുനൽകിയത്‌. സാധാരണ ജില്ലാ കളക്ടറാണ്‌ പട്ടയം നൽകേണ്ടത്‌. എന്നാൽ അഡീഷണൽ തഹസിൽദാറായിരുന്ന എംഐ രവീന്ദ്രനെ പട്ടയവിതരണത്തിന്‌ ചുമതലപ്പെടുത്തിയത്‌, നിയമം അനുശാസിക്കുന്ന രീതിയിൽ ലാൻഡ്‌ റവന്യൂ കമ്മീഷണർ വഴി പ്രത്യേക ഗസറ്റ്‌ വിജ്ഞാപനം നടത്താതെയായിരുന്നു. പട്ടയം നൽകാൻ ഗസറ്റ്‌ വിജ്ഞാപനത്തിലൂടെയല്ല എംഐ രവീന്ദ്രന്‌ അനുമതി നൽകിയതെന്ന്‌ റവന്യൂവകുപ്പ്‌ ഇപ്പോൾ സമ്മതിക്കുന്നുണ്ട്‌.

അങ്ങനെ വരുമ്പോൾ അന്നുലഭിച്ച പട്ടയങ്ങളെല്ലാം അനധികൃതമാണെന്നും അതിൽ കുടിയേറിയിട്ടുള്ളവരെ ഇറക്കിവിടേണ്ടതാണെന്നും പറയാൻ പ്രത്യേക ഗസറ്റ്‌ വിജ്ഞാപനത്തിന്റെയൊന്നും ആവശ്യമില്ല. എന്നിട്ടും സിപിഐയുടെയും സിപിഎമ്മിന്റെയും പാർട്ടിഓഫീസുകളും ധന്യശ്രീ പോലുള്ള റിസോർട്ടുകളും ഇപ്പോഴും മൂന്നാറിൽ പ്രവർത്തിക്കുന്നു എന്നുപറയുമ്പോൾ അത്‌ നിയമത്തോടും സർക്കാരിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്‌. അതേസമയം പട്ടയം റദ്ദാക്കാൻ സിപിഐ ഇപ്പോൾ കൈക്കൊണ്ടിട്ടുള്ള തീരുമാനം ഒട്ടനവധി നിയമപ്രശ്നങ്ങളും ഉയർത്തുന്നുണ്ട്‌. 'ഏതോ വിവരദോഷി നൽകിയ അപേക്ഷയിൽ ലഭിച്ച പട്ടയം തങ്ങൾക്കുവേണ്ട' എന്നാണ്‌ സിപിഐ അസിസ്റ്റന്റ്‌ സെക്രട്ടറി കെഇ ഇസ്മായിൽ പ്രതികരിച്ചത്‌. പികെ വാസുദേവൻ നായരാണ്‌ പട്ടയത്തിന്‌ അപേക്ഷനൽകിയ 'വിവരദോഷി'!

പികെവിയുടെ വ്യാജഒപ്പിട്ട്‌ സിപിഐ നേതാക്കളാണ്‌ അപേക്ഷ നൽകിയതെന്ന്‌ വ്യക്തമായിട്ടുണ്ട്‌. 11.5 സെന്റിന്‌ പട്ടയ അപേക്ഷ നൽകിയപ്പോൾ അന്നത്തെ ലാന്റ്‌ അസസ്മെന്റ്‌ കമ്മറ്റിയിൽ മൂന്ന്‌ സിപിഐ നേതാക്കളുണ്ടായിരുന്നു. അന്നത്തെ എഐടിയുസി ജില്ലാ പ്രസിഡന്റും ജില്ലാപഞ്ചായത്തംഗവുമായ മുത്തുപാണ്ടി, അന്നത്തെ മൂന്നാർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ചോലൈസ്വാമി, സിപിഐ നേതാവ്‌ നടരാജൻ എന്നിവരാണവർ. സിപിഐയുടെ പട്ടയമുള്ള ഭൂമിക്കാണ്‌ അപേക്ഷ വച്ചതെങ്കിൽ എന്തുകൊണ്ടിവർ എതിർത്തില്ലെന്നും എന്തിന്‌ വീണ്ടും പട്ടയം നൽകാൻ തീരുമാനിച്ചു എന്നുമുള്ള ചോദ്യങ്ങൾക്ക്‌ സിപിഐ നേതാക്കൾ മറുപടി പറഞ്ഞേതീരൂ.

ലാന്റ്‌ കൺസർവേഷൻ ആക്ടനുസരിച്ച്‌ തെറ്റായ വിവരങ്ങൾ നൽകി ഭൂമി സ്വന്തമാക്കിയാൽ അത്‌ ക്രിമിനൽ കുറ്റമാണ്‌. അങ്ങനെയെങ്കിൽ മൂന്നാറിലെ വ്യാജപട്ടയത്തിന്റെപേരിൽ ശിക്ഷയനുഭവിക്കാൻ വെളിയവും കൂട്ടരും തയ്യാറാകുമോ? എങ്കിൽമാത്രമെ ഇവരീപറയുന്ന കാര്യങ്ങളിലെ ആത്മാർത്ഥത ജനങ്ങൾക്കു ബോധ്യമാകൂ.