Wednesday, June 11, 2008

മലയാളത്തിന്റെ അഭിമാനം കാത്തവർക്ക്‌അഭിനന്ദനങ്ങൾ

മികച്ച ചിത്രം, കുടുംബചിത്രം, ദേശീയോദ്ഗ്രഥന ചിത്രം, പുതുമുഖ സംവിധായകൻ, ജ്യോൂറിയുടെ പ്രത്യേക പരാമർശം എന്നിങ്ങനെ അരഡസൻ ദേശീയ അവാർഡുകൾ നേടി, ഒരിക്കൽകൂടി നല്ല സിനിമയുടെ വക്താക്കളാണ്‌ മലയാളമെന്ന ഖ്യാതി നിലനിർത്താൻ യത്നിച്ചവരെയെല്ലാം ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.

ഇതിൽ പ്രത്യേക പരാമർശം അർഹിക്കുന്നത്‌ പ്രിയനന്ദനനാണ്‌. അദ്ദേഹം സംവിധാനം ചെയ്ത 'പുലിജന്മ'ത്തിന്‌ ലഭിച്ച ദേശീയ പുരസ്ക്കാരം സമാന്തര സിനിമയ്ക്കുള്ള അംഗീകാരമാകുന്നതുകൊണ്ടാണ്‌, പ്രിയനന്ദനന്റെ നേട്ടം വേറിട്ടുനിൽക്കുന്നത്‌.

ഒരുകാലത്ത്‌ മലയാളത്തിന്റെ യശസ്‌ അഖിലേന്ത്യാ തലത്തിൽ ഉയർത്തിപ്പിടിച്ചിരുന്ന സമാന്തര മധ്യവർത്തി സിനിമകളെ, മുഖ്യധാരാ സിനിമകൾ അപ്പാടെ വിഴുങ്ങിയ കാലത്താണ്‌ പ്രിയനന്ദനൻ ഇത്തരമൊരു പരീക്ഷണത്തിന്‌ ഒരുങ്ങിയതും അതിന്‌ ദേശീയ അംഗീകാരം ലഭിച്ചതും.

ഒരു പ്രാദേശികമിത്തിനെ ന്യൂക്ലിയസാക്കി ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അപചയം അപഗ്രഥിക്കുന്നതാണ്‌ പുലിജന്മം. ദളിതനെ അവഗണിച്ചതാണ്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പരാജയത്തിന്‌ കാരണമെന്ന സൂചനയാണ്‌ ഈ ചിത്രം നൽകുന്നത്‌. മിത്തുകളിലൂടെ വടക്കൻ കേരളത്തിലെ കീഴാളജീവിതത്തിന്റെ സത്യങ്ങളിലേക്ക്‌ ക്യാമറ തിരിക്കുകയായിരുന്നു പ്രിയനന്ദനൻ. എയ്ത്തിനും പൊയ്ത്തിനും മന്ത്രതന്ത്രങ്ങൾക്കും ഗുരുക്കളായ കാരി എന്ന ദളിതൻ തെയ്യമാകുകയും മനുഷ്യജന്മം കിട്ടാതെ പുലിതെയ്യമായി കഴിയേണ്ടിവരികയും ചെയ്യുന്ന പുരാവൃത്തത്തിലൂടെ സമകാലിക കേരള രാഷ്ട്രീയത്തിന്റെ ഉള്ളറകൾ പുറത്തെടുത്ത്‌ പ്രദർശിപ്പിക്കുകകൂടി ചെയ്യുന്നു ഈ ചിത്രത്തിൽ.

ആനുകാലിക കേരള രാഷ്ട്രീയത്തിലും സാംസ്ക്കാരിക സാഹിത്യരംഗങ്ങളിലും ഏറെ ചർച്ചചെയ്യപ്പെടേണ്ട ഈ ചിത്രത്തിന്‌ പക്ഷെ കേരളത്തിൽ അംഗീകാരം ലഭിച്ചില്ലായെന്ന ദാരുണാനുഭവംകൂടി പ്രിയനന്ദനനുണ്ട്‌. എന്നു മാത്രമല്ല കെഎസ്‌എഫ്ഡിസിയുടെ സബ്സിഡിയോടെ നിർമിച്ച ഈ ചിത്രത്തിന്‌ സബ്സിഡി തുകയായി നാലു ലക്ഷം രൂപ ഇനിയും ലഭിച്ചിട്ടില്ലാ എന്നു പറയുമ്പോൾ സർഗവൈഭവമുള്ള ചലച്ചിത്രപ്രവർത്തകരോട്‌ കേരളം പുലർത്തുന്ന അവഗണന എത്രയാണെന്ന്‌ വ്യക്തമാകുന്നു. കോർപ്പറേഷന്റെ കോഴിക്കോട്ടെ തിയേറ്ററിൽ പുലിജന്മം പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ടപ്പോൾ "നികൃഷ്ട ജീവിയോടെന്നപോലെയാണ്‌ തിയേറ്റർ മാനേജർ പെരുമാറിയതെന്നും, അപമാനിതനായാണ്‌ അന്ന്‌ അവിടെനിന്ന്‌ ഇറങ്ങിപ്പോന്നതെന്നും" പ്രിയനന്ദനൻ പറയുമ്പോൾ നല്ല സിനിമയുടെ വളർച്ചയ്ക്കായി രൂപം കൊടുത്ത കെഎസ്‌എഫ്ഡിസിയുടെ ആർജവമാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌. കോർപ്പറേഷന്റെ തലപ്പത്തിരിക്കുന്ന എംഡിക്ക്‌ സിനിമയുമായി ബന്ധമില്ലാത്തതാണ്‌ ഇത്തരം പ്രശ്നങ്ങൾക്ക്‌ കാരണമാകുന്നതെന്ന്‌ ഈ ദേശീയപുരസ്കാര ലബ്ധിമൂലം മനസിലാക്കാൻ സാധിക്കുന്നു. ഇനിയെങ്കിലും കച്ചവട സിനിമയ്ക്കുപരിയായി നല്ല സിനിമയോട്‌ ആഭിമുഖ്യം പുലർത്തുന്ന സിനിമാ പ്രവർത്തകരെ കെഎസ്‌എഫ്ഡിസിയുടെ തലപ്പത്ത്‌ പ്രതിഷ്ഠിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകേണ്ടതുണ്ടെന്നും ഈ ദേശീയ അവാർഡ്‌ വ്യക്തമാക്കുന്നു.

വിതരണക്കാരും തിയേറ്റർ ഉടമകളും സൂപ്പർതാരങ്ങളും സൂപ്പർ സംവിധായകരും പുലർത്തുന്ന വൃത്തികെട്ട നിലപാടുകൾകൂടി ഇതിലൂടെ പുറത്തുവന്നിട്ടുണ്ട്‌. ഇപ്പോൾ മാക്ടയെ പിളർത്താൻ ഇവരെല്ലാം ഉപയോഗിച്ച അതേ വൃത്തികെട്ട തന്ത്രങ്ങളും നിലപാടുകളും പ്രചാരണങ്ങളുമാണ്‌ സമാന്തര സിനിമയ്ക്കെതിരെയും ഇവർ പുലർത്തുന്നത്‌. പുലിജന്മം, ദൃഷ്ടാന്തം, ഏകാന്തം എന്നിങ്ങനെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾക്ക്‌ കേരളത്തിൽ അനുഭവിക്കേണ്ടിവന്ന അവഗണനയ്ക്ക്‌ മറ്റൊരു കാരണവും തിരക്കേണ്ടതില്ലെന്ന്‌ വ്യക്തമായികഴിഞ്ഞു.

മലയാളത്തിലെ അഭിനയപൂർണിമയാണ്‌ തിലകൻ. എന്നാൽ ഈ രംഗത്തുള്ള ജാതിവ്യത്യാസം മൂലം തിലകനെപോലെയും ജഗതി ശ്രീകുമാറിനെപോലെയുമുള്ള പ്രതിഭാസമ്പന്നർ അനുഭവിക്കുന്ന അവഗണനയിലേക്ക്‌ ചലച്ചിത്ര പ്രേമികളുടെ ശ്രദ്ധതിരിക്കാനും ഈ അവാർഡ്‌ വിജയങ്ങൾ കാരണമായിട്ടുണ്ട്‌. "പാരകൾക്കിടയിൽ കിട്ടിയ അംഗീകാരമാണ്‌ ഇതെന്നും അതുകൊണ്ട്‌ സന്തോഷമുണ്ടെ"ന്നും തിലകൻ പറഞ്ഞത്‌ ശ്രദ്ധിക്കുക.

മികച്ച അഭിനേതാവെന്ന പുരസ്ക്കാരത്തിന്‌ അവസാന റൗണ്ടുവരെ തിലകന്റെ പേര്‌ പറഞ്ഞിരുന്നുവെന്നും അവാർഡ്‌ നിർണയകമ്മറ്റിയിലെ ബംഗാൾ ലോബിയുടെ കടുംപിടുത്തംമൂലമാണ്‌ തിലകന്‌ ആ സ്ഥാനം നഷ്ടമായതെന്നും ഇപ്പോൾ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്‌. ലോബികളുടെ പിടിയിൽനിന്ന്‌ ഇന്ത്യൻ സിനിമയ്ക്കും ഈ സിനിമയുടെ അഭ്യുന്നതിക്കുവേണ്ടി അഹോരാത്രം അധ്വാനിക്കുന്നവർക്കും മോചനമില്ലാ എന്ന ദാരുണ സത്യവും ഇത്തവണത്തെ അവാർഡ്‌ പ്രഖ്യാപനത്തിലൂടെ വ്യക്തമായിട്ടുണ്ട്‌.

മുൻ വർഷങ്ങളിൽ സാങ്കേതികരംഗത്തും കേരളം മികവുപുലർത്തി പുരസ്കാരങ്ങൾ നേടിയിരുന്ന സ്ഥാനത്ത്‌ 2006ലെ അവാർഡ്‌ നിർണയത്തിൽ കേരളം ദയനീയമായി ഈ മേഖലയിൽ പിന്തള്ളപ്പെട്ടത്‌, ഈ രംഗത്ത്‌ പ്രവർത്തിക്കുന്നവരുടെ കണ്ണുതുറപ്പിക്കുമെന്ന്‌ ഞങ്ങൾ പ്രതീക്ഷിക്കുന്നു.

മികച്ച ദേശീയോദ്ഗ്രഥന ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്‌ 'കാർഗിൽ' ആണ്‌. രാഷ്ട്രബോധവുമായി ബന്ധപ്പെട്ട്‌ ഒരു സിനിമ നിർമിക്കാൻ മലയാളി വേണ്ടിവന്നു എന്നത്‌ നമുക്കെല്ലാം അഭിമാനിക്കാവുന്ന വസ്തുതയാണ്‌. അതുപോലെതന്നെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയാമണി മലയാളിയും മലയാളികളുടെ ഇഷ്ടതാരവുമാണെന്നതും ആനന്ദമുളവാക്കുന്ന വസ്തുതയാണ്‌.

2005ൽ, ദേശീയ അവാർഡ്‌ നിർണയ കമ്മറ്റിയിൽനിന്ന്‌ വിവരങ്ങൾ ചോർന്നുപോയതുകൊണ്ടാണ്‌ വളരെ വൈകി പുതിയൊരു കമ്മറ്റി രൂപീകരിച്ച്‌ അവാർഡ്‌ നിർണയം നടത്തേണ്ടിവന്നത്‌. വൈകിയാണെങ്കിലും മലയാളത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ച എല്ലാ ചലച്ചിത്രപ്രവർത്തകരേയും ഞങ്ങൾ ഹാർദമായി അഭിനന്ദിക്കുന്നു. ഒപ്പം ഈ മേഖലയിൽ നടക്കുന്ന അനധികൃത ലോബിയിംഗും ബ്ലാക്ക്മെയിലിംഗും പിളർപ്പൻ സ്വഭാവങ്ങളും എതിർത്ത്‌ തോൽപ്പിച്ച്‌ നല്ല സിനിമയ്ക്കുവേണ്ടി നിൽക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ ചലച്ചിത്രപ്രേമികൾ മുന്നോട്ടുവരണമെന്നും ഞങ്ങൾക്ക്‌ അപേക്ഷയുണ്ട്‌.

0 comments :