Thursday, June 12, 2008

അമ്മമാർ എന്തുചെയ്യുകയായിരുന്നു?

സെക്സ്‌ മാഫിയയുടെയും പെൺവാണിഭ വീരന്മാരുടെയും സ്വന്തം നാടായി കഴിഞ്ഞു കേരളം. റീട്ടെയിൽരീതി മുതൽ ഹോൾസെയിൽതലം വരെയാണ്‌ കേരളത്തിൽ പെൺവാണിഭം അരങ്ങുവാഴുന്നത്‌. സ്കൂൾ വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മമാർവരെ അടങ്ങുന്നവരെ കച്ചവടച്ചരക്കാക്കിയാണ്‌ ഈ വിപണനം. മന്ത്രിമാർമുതൽ സമൂഹത്തിന്റെ എല്ലാ തലത്തിലേയും പ്രമുഖർ ഈ അധോലോകസംഘവുമായി കൈകോർത്ത്‌ സുഖാസ്വാദനം നടത്തുമ്പോൾ പീഡിപ്പിക്കപ്പെടുന്ന ഇരകളുടെ രോദനമോ ദാരുണമരണമോ കേവലം ഒരു വാർത്തയ്ക്കപ്പുറമുള്ള വിഷയമായി മാറുന്നില്ല ഇന്ന്‌ കേരളത്തിൽ.

ഓരോ സംഘടിത പെൺവാണിഭ വാർത്തകളും പുറത്തുവരുമ്പോൾ ചില നടുക്കങ്ങളും പ്രതിഷേധങ്ങളും ഉയരുന്നതിലും വേഗത്തിൽ ഒടുങ്ങുന്നതും കാണാനാണ്‌ കേരളീയർക്ക്‌ വിധി.

ഓരോ സംഭവവും പുറത്തുവരുമ്പോൾ പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുകയും അവർ പ്രതികളെ തിരയുന്നു എന്ന മട്ടിൽ നാടാകെ വിനോദസഞ്ചാരം നടത്തുകയും ചെയ്തുകഴിയുമ്പോൾ പൊതുജനം ഈ സംഭവങ്ങൾ മറന്നിരിക്കും, അതുകൊണ്ടുതന്നെ അന്വേഷണം പാതിയിൽ അവസാനിപ്പിച്ച്‌ പോലീസ്‌ പിൻവാങ്ങുകയും ചെയ്യും.

കേരളത്തെ നടുക്കിയ എല്ലാ പെൺവാണിഭകേസുമായി ബന്ധപ്പെട്ട്‌ സമൂഹത്തിലെ ഉന്നതന്മാരുടെ പേരുകൾ പുറത്തുവന്നിരുന്നു. മുൻ മന്ത്രി കുഞ്ഞാലിക്കുട്ടി, രാജ്യസഭാംഗം പി.ജെ. കുര്യൻ, മുൻ കേന്ദ്രമന്ത്രി കൃഷ്ണകുമാർ, ജഗതിശ്രീകുമാർ, ഏഷ്യാനെറ്റ്‌ മോഹനൻ, ജോയ്‌ ആലുക്കാസ്‌ ഇങ്ങനെപോകുന്നു ഉന്നതന്മാരുടെ പേരുകൾ. ഡിഐജി മുതൽ കോൺസ്റ്റബിൾവരെയുള്ള പോലീസുകാരും ഈ അധോലോകവുമായി കൈകോർത്ത്‌ പ്രവർത്തിച്ചിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്‌ സന്തോഷ്‌ മാധവന്റെ ഫ്ലാറ്റിൽനിന്ന്‌ ലഭിച്ച ഡിവൈഎസ്പി സാം ക്രിസ്റ്റി ഡാനിയേലിന്റെ ഔദ്യോഗിക യൂണിഫോം.

പെൺവാണിഭവീരന്മാരെ കൈയാമം വച്ച്‌ തെരുവിലൂടെ നടത്തുമെന്ന്‌ കേരളത്തിലെ സ്ത്രീകൾക്ക്‌ ഉറപ്പുനൽകിയാണ്‌ അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ അധികാരത്തിലേറിയത്‌. എന്നാൽ പെൺവാണിഭ വീരന്മാരിൽ ആരെയെങ്കിലും തെരുവിലൂടെ നടത്തുന്നതുപോയിട്ട്‌ അവർക്ക്‌ കൈയാമം വയ്ക്കാൻ പോലും കഴിയാതെ, ഷണ്ഡന്റെ നിസ്സഹായതയോടെ നിൽക്കുന്ന പോലീസ്‌ സേനയേയും അതിന്റെ മന്ത്രിയേയും അദ്ദേഹത്തിന്‌ നിർദേശം നൽകുന്ന മുഖ്യമന്ത്രിയേയും ആണ്‌ ഇപ്പോൾ കേരളം സഹിക്കുന്നത്‌. ഇന്ന്‌ കേരളം ഭരിക്കുന്ന രണ്ടു മന്ത്രിമാരുടെ പുത്രന്മാർക്ക്‌ കിളിരൂർ, കവിയൂർ പീഡനക്കേസുകളിൽ പങ്കുണ്ടെന്ന്‌ വ്യക്തമായ തെളിവ്‌ കോടതിക്ക്‌ ലഭിക്കുകയും കോടതി അത്‌ അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ കൈമാറുകയും ചെയ്തതാണ്‌.

ഇരകളെ ഇഞ്ചിഞ്ചായി കൊന്ന്‌ വേട്ടക്കാർ നാട്ടിലാകെ വിലസുമ്പോൾ വിഷണരായി നിൽക്കുകയാണ്‌ സത്യസന്ധരായ പോലീസ്‌ ഉദ്യോഗസ്ഥർ. അന്വേഷണത്തിന്റെ എല്ലാ തുമ്പുകളുടെ അറ്റത്തും മന്ത്രിമാർ മുതൽ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്ന വ്യക്തികളുടെ അടുത്ത ബന്ധുക്കളോ കടുത്ത സുഹൃത്തുക്കളോ ഉള്ളതാണ്‌ കേസ്‌ അട്ടിമറിക്കാൻ ഇവരെ നിർബന്ധിതരാക്കുന്നത്‌.

കവിയൂരിൽ അനഘയും കുടുംബവും കൂട്ട ആത്മഹത്യചെയ്തശേഷം കേരളത്തെ നടുക്കിയതായിരുന്നു കിളിരൂരിലെ ശാരിയുടെ മരണം. ഈ രണ്ടു കേസുകളിലും അന്വേഷണം അട്ടിമറിക്കപ്പെട്ടതുകൊണ്ടാണ്‌ പൂവരണിയിലെ പതിനാലുകാരിക്ക്‌ പീഡനം മൂലം എയ്ഡ്സ്‌ ബാധയേറ്റ്‌ പെട്ടെന്ന്‌ മരിക്കാനിടയാക്കിയത്‌. ഇതുവരെ റിപ്പോർട്ട്‌ ചെയ്ത പെൺവാണി ഭകേസുകളെ നിഷ്പ്രഭമാക്കുന്ന രീതിയിൽ ഈ കുട്ടി കൊല്ലപ്പെട്ടിട്ടും വനിതാ കമ്മീഷൻ അടക്കമുള്ള സർക്കാർ സംവിധാനവും സാറാജോസഫും അജിതയും അടങ്ങുന്ന സ്ത്രീവിമോചന പ്രസ്ഥാന നായികമാരും ലജ്ജാകരമായ മൗനം പുലർത്തുന്നതാണ്‌ ഏറെ പ്രതിഷേധാർഹമായ വസ്തുത. ഒരുവേള മുൻ അനുഭവങ്ങൾ അവരെ പിന്നാക്കംവലിക്കുന്നതാ ണെന്ന്‌ ഞങ്ങൾ കരുതുന്നു.

ഭരണകൂടവും പോലീസും ഇങ്ങനെ വേട്ടക്കാരെ സംരക്ഷിക്കുമ്പോൾ നിസ്സഹായരാണ്‌ ഇരകൾ എന്നുപറഞ്ഞ്‌ വിലപിക്കുന്നതിൽ അർത്ഥമില്ലാ എന്നതാണ്‌ ഞങ്ങളുടെ പക്ഷം. കാരണം ഒരു പെൺകുട്ടിയുടെ ലൈംഗികമായ വളർച്ചയും അതിലുണ്ടാകുന്ന വ്യതിയാനങ്ങളും ഏറ്റവും പെട്ടെന്ന്‌ തിരിച്ചറിയുന്നത്‌ മാതാക്കളാണ്‌. തന്റെ ഇഷ്ടമില്ലാതെ ശരീരം പലർക്കായി പലവട്ടം കാഴ്ചവയ്ക്കേണ്ടിവരുന്ന ഒരു മകളുടെ മാനസികവും ശാരീരികവുമായ വ്യതിയാനങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ട സംഭവങ്ങളിലൊന്നും മാതാക്കൾ തിരിച്ചറിഞ്ഞില്ലായെന്നു പറയുമ്പോൾ അത്‌ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്‌. പണത്തോടും പ്രശസ്തിയോടുമുള്ള ആർത്തിയാണ്‌ ഇവരിൽ പലരുടെയും കണ്ണുകെട്ടുന്നതെന്ന കാര്യത്തിൽ സംശയമില്ല. ചാനലുകളും സീരിയലുകളും വർധിച്ചതോടെ ഈ രംഗത്ത്‌ മുഖം കാണിക്കാൻ തത്രപ്പെടുന്ന പെൺകുട്ടികളും അവരുടെ മാതാക്കളും ഏത്‌ അഡ്ജസ്റ്റ്മെന്റിനും തയ്യാറാണെന്ന്‌ നിരവധി അനുഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരക്കാരെ ചാക്കിട്ടുപിടിക്കാൻ വൈഭവമുള്ളവർ അവരെ ഉപയോഗിച്ച്‌ ഹൈടെക്‌ രീതിയിൽതന്നെ പെൺവാണിഭം നടത്തിയില്ലെങ്കിൽ അൽഭുതപ്പെട്ടാൽമതി. പൂവരണിയിലെ പെൺകുട്ടിയെ വിദേശ ടൂറിസ്റ്റുകൾക്കുവരെ കാഴ്ചവച്ചാണ്‌ ലിസിയും ജോമിയും ജോതിഷുമെല്ലാം പതിനായിരങ്ങൾ സ്വന്തമാക്കിയത്‌. ഇവരുടെ നിർബന്ധത്തിനുവഴങ്ങി പെൺമക്കൾ പീഡിപ്പിക്കപ്പെട്ട്‌ തകർന്ന്‌ വീട്ടിൽവരുമ്പോൾപോലും അക്കാര്യം തിരിച്ചറിയാൻ മാതാക്കൾക്ക്‌ കഴിഞ്ഞില്ലായെന്നു പറയുന്നത്‌ അംഗീകരിക്കാൻ പറ്റുന്ന കള്ളമല്ല. പിടിക്കപ്പെട്ടില്ലെങ്കിൽ പ്രശസ്തിയും പണവും ചതിക്കപ്പെട്ടാൽ പീഡനവും രോദനവും എന്ന വൃത്തികെട്ട ചര്യയാണ്‌ ഇന്ന്‌ നമുക്കുചുറ്റും കാണാനുള്ളത്‌.

തൃശൂരിലെ സാജിത എന്ന പെൺകുട്ടിയെ അഡ്ജസ്റ്റ്മെന്റുകൾക്ക്‌ വഴങ്ങി സീരിയൽ നടിയാക്കാൻ നിർബന്ധിച്ചത്‌ ആ കുട്ടിയുടെ അമ്മയായിരുന്നു. അവരുടെ പണത്തോടും പ്രശസ്തിയോടുമുള്ള ആർത്തി ചെറുത്തുനിൽക്കാനാവാതെ പെൺകുട്ടി കാമുകനോടൊത്ത്‌ നാടുവിട്ടപ്പോൾ, സജിത പെൺവാണിഭക്കാരുടെ പിടിയിലാണെന്ന വാർത്ത പരന്നപ്പോൾ ആ അമ്മ പ്രദർശിപ്പിച്ച ദുഃഖവും ഒഴുക്കിയ കണ്ണീരും ചാനലുകൾ തൽസമയം ഒപ്പിയെടുക്കുകയും പത്രങ്ങൾ പേജുകൾതോറും പ്രദർശിപ്പിക്കുകയും ചെയ്തു. ഒടുവിൽ സാജിതയെ തമിഴ്‌നാട്ടിൽനിന്ന്‌ കണ്ടെത്തുകയും ആ കുട്ടി സത്യം വെളിപ്പെടുത്തുകയും ചെയ്തപ്പോഴാണ്‌ അമ്മമാർ നടത്തുന്ന കള്ളക്കളികൾ പുറംലോകം വ്യക്തമായി അറിഞ്ഞത്‌.

അതുകൊണ്ട്‌ പെൺമക്കൾ പീഡിപ്പിക്കപ്പെടുകയോ പെൺവാണിഭ സംഘത്തിന്റെ കൈയിലെ കരുവായി ദാരുണമായി കൊല്ലപ്പെടുകയോ ചെയ്താൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിനും പോലീസിനും കെട്ടിവയ്ക്കുന്നതിനുപകരം മാതാക്കൾ അവരുടെ നിലപാടുകൾ തിരുത്തുകയാണ്‌ വേണ്ടത്‌. അവർ അതിനു തയ്യാറാകത്തിടത്തോളം കാലം പുതിയ പുതിയ ഇരകൾ സൃഷ്ടിക്കപ്പെടും. വേട്ടക്കാർ അവരെ ഉപഭോക്തൃവസ്തുക്കളായി അനുഭവിക്കുകയും ചെയ്യും.

5 comments :

  1. ഒരു “ദേശാഭിമാനി” said...

    ചില നേതാകന്മാരുടെയും, പോലിസു ഉദ്യോഗസ്ഥന്മാരുറ്റേയും മറ്റും ചേഷ്ടകളെ പറ്റി കേഴ്ക്കുമ്പോൾ, പുരാണങ്ങളിലെ "രാക്ഷസന്മാരെ" ആണു ഓർമ്മ വരുന്നത്‌!

  2. പ്രിയ said...

    അമ്മമാര്‍ക്കു പോലും മനസിലാക്കാന്‍ ആവാത്ത വിധത്തില്‍ പെണ്മക്കള്‍ വളര്ന്നു പോയി.

    എന്ത് സംഭവിച്ചാലും നിന്റെ തെറ്റെന്നു കുറ്റപ്പെടുത്തുമെന്ന് ഭയന്നു അമ്മമാരില്‍ നിന്നു പോലും മക്കള്‍ പലതും മറക്കുന്നു. തനിക്കുണ്ടെന്നു സ്വയം കരുതുന്ന ആത്മവിശ്വാസവും നീറിയൊടുങ്ങുന്നതുവരെ പലതും ഒളിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു.

    സമൂഹം ആണ് കൂടുതല്‍ അലേര്‍ട്ട് ആവേണ്ടത്.സംഭവിച്ചത് അല്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്നത് തന്റെ കുഞ്ഞിനല്ലെങ്കില്‍ രസത്തോടെ കഥകള്‍ തേടുന്നത്‌ മാറ്റി, നാളെ തന്റെ കുഞ്ഞും ഇതിലെക്കാണ് വളരുന്നത് എന്നറിയുക.

  3. ഷിബു മാത്യു ഈശോ തെക്കേടത്ത് said...

    കൂട്ടൂകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്ക് മാറിയപ്പോള്‍ നമ്മുടെ സമൂഹത്തിന്റെയും മനസ്സ് ഇടുങ്ങിപ്പോയില്ലേ ?ആര് ആരോടാണ് സങ്കടം പറയുന്നത് ? ഈ സംഭവത്തില്‍ അമ്മയും
    മകളും തമ്മിലുള്ള ബന്ധം ങ്ങനെയുള്ളതായിരുന്നു എന്നു അറിയില്ലല്ലോ നമുക്ക്.ഒട്ടുമിക്ക അമ്മമാര്‍ക്കും പെണ്‍‌മക്കളുടെ ചെറിയമാറ്റം പോലും തിരിച്ചറിയാന്‍ പറ്റും.പക്ഷേ ചില പെണ്‍കുട്ടികള്‍ അമ്മമാരെ മനഃപൂര്‍വ്വം പറ്റിക്കും.ചില പെണ്‍കുട്ടികള്‍ തങ്ങളുടെ നിസഹായാവസ്ഥയില്‍ ഒന്നും തുറാന്നു പറയാന്‍ തയ്യാറാവുകയില്ല.

    ഇവിടെ സമൂഹം ആണ് കൂടുതല്‍ ജാഗ്രത കാണിക്കേണ്ടത് ...സമൂഹം അതിന്റെ ധര്‍മ്മം നിറവേറ്റിയാല്‍ ഇത്തരം സംഭവങ്ങള്‍ 90 ശതമാനവും ഇല്ലായ്‌മ ചെയ്യാം

  4. Manarcadan said...

    > പൂവരണിയിലെ പതിനാലുകാരിക്ക്‌ പീഡനം മൂലം എയ്ഡ്സ്‌ ബാധയേറ്റ്‌ പെട്ടെന്ന്‌ മരിക്കാനിടയാക്കിയത്‌.

    ഞാന്‍ നാട്ടില‍ല്ലാത്തതുകൊണ്ടും പത്രങ്ങള് (പതിവായി) വായിക്കാറില്ലാത്തതുകൊണ്ടും ഈ പരാമര്‍ശത്തിനാധാരമായ വാര്‍ത്തയെക്കുറിച്ച് വലിയ ഗ്രാഹ്യം ഇല്ല. പക്ഷേ ഒരു സംശയം, എന്റെ അറിവു ശരിയാണെങ്കില് ഒരാള് എച്ച് ഐ വി പോസിറ്റീവായാലും അത് എയ്ഡ്സായി മരണത്തില്‍ കലാശിക്കുവാന്‍ കുറഞ്ഞത് എട്ടു പത്തു വര്‍ഷം എങ്കിലും എടുക്കുമെന്നാണ്‍. അപ്പോള് എയ്ഡ്സാണോ ഈ പതിന്നാലുകാരിയുടെ മരണത്തിനു കാരണം? ഒരു സംശയം മാത്രം...

    അച്ഛനുറങ്ങാത്ത വീട് കണ്ടതില്‍ പിന്നെ പീഢനത്തിനിരയായവരോട് എനിക്ക് ഒരു സഹതാപമാണുള്ളത് (അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഇല്ലെങ്കിലും).

  5. പാര്‍ത്ഥന്‍ said...

    ഉചിതമായ പോസ്റ്റ്‌. അത്യാഗ്രഹങ്ങളാണ്‌ മനുഷ്യനെക്കൊണ്ട്‌ എല്ലാ തെറ്റുകളും ചെയ്യിക്കുന്നത്‌. നല്ല ഒരു അമ്മയാണെങ്കില്‍ മക്കളുടെ ഓരോ സ്പന്ദനവും മനസ്സിലാക്കേണ്ടതാണ്‌.

    ദേശാഭിമാനി,
    രാക്ഷസീയത / ആസുരീയത യെക്കുറിച്ചായിരുന്നു എന്റെ പോസ്റ്റുകള്‍. പക്ഷെ എന്തു ചെയ്യാം ഞാന്‍ തിരഞ്ഞെടുത്തത്‌, ഭൂരിഭാഗവും നിഷേധിക്കുന്ന, കത്തിച്ചുകളയണം എന്നു പറയുന്ന ചില പൗരാണിക സൂക്തങ്ങളായിപ്പോയി.