Friday, June 6, 2008

ഇന്ധനവിലവർദ്ധന: മൻമോഹനെ ലജ്ജിപ്പിച്ച്‌ തോമസ്‌ ഐസക്കും കേരളസർക്കാരും

വിലക്കയറ്റവും പണപ്പെരുപ്പവും രൂക്ഷമാക്കാൻ വഴിയൊരുക്കിക്കൊണ്ട്‌ കേന്ദ്രസർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുത്തനെകൂട്ടി ഇന്ത്യയിലെ സാധാരക്കാരായ ജനങ്ങളുടെ മുതുകൊടിക്കാൻ ശ്രമിക്കുമ്പോൾ, മൻമോഹൻസിംഗിനെ കടത്തിവെട്ടുന്ന തോന്ന്യാസമാണ്‌ ധനമന്ത്രി തോമസ്‌ ഐസക്കും കേരളസർക്കാരും നടത്തുന്നത്‌.

മിക്ക സംസ്ഥാനങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർദ്ധിത നികുതിയും വിൽപ്പന നികുതിയും വേണ്ടെന്നുവച്ച്‌ ജനങ്ങൾക്ക്‌ ആശ്വാസം പകരുമ്പോഴാണ്‌ ധനമന്ത്രി സ്ഥലത്തില്ല എന്ന സാങ്കേതിക കാരണം പറഞ്ഞ്‌ കേരളസർക്കാർ നടപടിയൊന്നും എടുക്കാൻ തയ്യാറാകാത്തത്‌. മഹാരാഷ്ട്ര, തമിഴ്‌നാട്‌, ബീഹാർ, ഡൽഹി, ഹരിയാന, ആന്ധ്രാപ്രദേശ്‌ എന്നീ സംസ്ഥാനങ്ങൾ ഇന്നലെത്തന്നെ നികുതിയിളവ്‌ പ്രഖ്യാപിച്ചിരുന്നു. ഡീസൽ വില വർദ്ധിച്ചെങ്കിലും റയിൽവേ യാത്ര, ചരക്ക്‌ കൂലി കൂട്ടില്ലെന്ന്‌ മന്ത്രി ലാലു പ്രസാദ്‌ യാദവും പ്രഖ്യാപിച്ചിട്ടുണ്ട്‌. നികുതിയിളവ്‌ ചെയ്ത്‌ വിലവർദ്ധനയുടെ ആഘാതത്തിൽനിന്ന്‌ ജനങ്ങൾക്ക്‌ ആശ്വാസം നൽകണമെന്ന്‌ കോൺഗ്രസ്‌ അദ്ധ്യക്ഷ സോണിയയും ബിജെപി അദ്ധ്യക്ഷൻ രാജ്നാഥ്സിംഗും തങ്ങളുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്ക്‌ കത്തെഴുതിയിട്ടുണ്ട്‌. ഇങ്ങനെ ഇതുവരെ ജനങ്ങളോട്‌ പ്രതിബദ്ധത പുലർത്താതെ അധികാര-അതിജീവന രാഷ്ട്രീയത്തിന്റെ തന്ത്രങ്ങൾ പയറ്റിയവർ പോലും വിലക്കയറ്റത്തിൽ നിന്ന്‌ അവരുടെ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക്‌ ആശ്വാസം പകരാൻ നടപടികൾ സ്വീകരിക്കുമ്പോഴാണ്‌ ധനമന്ത്രി ദക്ഷിണാഫ്രിക്കയിൽ പര്യടനത്തിലാണെന്ന ഞായം പറഞ്ഞ്‌ ജനങ്ങളുടെ ബുദ്ധിമുട്ട്‌ ഇരട്ടിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ധനമന്ത്രി മടങ്ങിയെത്തുന്നതുവരെ കേരളത്തിലെ ജനങ്ങൾ ഈ അധികഭാരം ചുമക്കേണ്ടിവരും.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധന മൂലം പ്രതിദിനം 55 ലക്ഷം രൂപയുടെ അധിക വരുമാനമാണ്‌ കേരളത്തിന്‌ ലഭിക്കുന്നത്‌. അതേസമയം കേന്ദ്രസർക്കാരിന്റെ വിലവർദ്ധന നടപടിക്കെതിരെ സർക്കാർ സ്പോൺസേഡ്‌ ഹർത്താൽ നടത്തിക്കൊണ്ടാണ്‌ വഞ്ചനയുടെ ഈ പുതിയ തന്ത്രം അച്യുതാനന്ദൻ സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിട്ടുള്ളത്‌. വിലവർദ്ധനയുടെ ഒരുശതമാനം കുറവുവരുത്തുമെന്ന്‌ അച്യുതാനന്ദൻ പ്രസ്താവിച്ചെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ ധനമന്ത്രി നാട്ടിലെത്തിയാൽ മാത്രമെ നടപടിയുണ്ടാകൂ എന്നാണ്‌ സർക്കാരുമായി ബന്ധപ്പെട്ട വക്താക്കൾ നൽകുന്ന സൂചന.

കൊടും ചതിയാണിത്‌; വർഗ്ഗവഞ്ചനയാണ്‌.

ധനമന്ത്രി സ്ഥലത്തില്ലെങ്കിലും സർക്കാരിന്‌ പെട്ടെന്നെടുക്കാവുന്ന തീരുമാനമാണ്‌ മൂല്യവർദ്ധിത നികുതിയും വിൽപ്പന നികുതിയും വേണ്ടെന്നുള്ളത്‌. ഇപ്പോൾ ലഭിക്കുന്ന 55 ലക്ഷം രൂപ സർക്കാരിന്റെ അധികവരുമാനമാണ്‌. അതു വേണ്ടെന്ന്‌ വച്ചതുകൊണ്ട്‌ പ്രത്യേകിച്ചൊരു നഷ്ടവും സർക്കാരിന്‌ ഉണ്ടാകാൻ പോകുന്നില്ല. വ്യവസായ ലോബികൾക്കും കുത്തകകൾക്കും അരുനിന്ന്‌ ജനങ്ങളെ ദ്രോഹിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ബംഗാൾ ഗവൺമെന്റ്‌ പോലും ഇക്കാര്യത്തിൽ ജനപക്ഷ നിലപാട്‌ എടുത്തപ്പോഴാണ്‌ അച്യുതാനന്ദനും കൂട്ടരും സാങ്കേതികതയുടെ ഞായം പറഞ്ഞ്‌ ജനങ്ങളെ പിഴിയുന്നത്‌. ഇച്ഛാശക്തിയും ജനപക്ഷ താൽപ്പര്യവും വാക്കുകളിലല്ല പ്രവൃത്തിയിലാണ്‌ പ്രകടിപ്പിക്കേണ്ടതെന്ന്‌ അച്യുതാനന്ദനെപ്പോലുള്ള ഒരു ജനകീയ നേതാവിനോട്‌ ആവർത്തിച്ചാവർത്തിച്ച്‌ പറയേണ്ടിവരുന്നതിൽപരം ദുരിതവും ദുരന്തവും എന്താണുള്ളത്‌.

നാലുവർഷത്തിനിടയിൽ സഹിക്കാനാവാത്ത വിലക്കയറ്റമാണ്‌ മൻമോഹൻസിംഗ്‌ ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ചിട്ടുള്ളത്‌. നിത്യോപയോഗസാധനങ്ങളുടെ വിലവർദ്ധന മൂലം പണപ്പെരുപ്പം പത്തുശതമാനത്തിനടുത്തെത്തി നിൽക്കുമ്പോഴാണ്‌ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചുകൊണ്ട്‌ കേന്ദ്രസർക്കാർ വീണ്ടും കനത്തപ്രഹരം ജനങ്ങളിലേൽപ്പിച്ചിട്ടുള്ളത്‌.

രാഷ്ട്രാന്തരതലത്തിൽ ക്രൂഡോയിലിന്റെ വില വർദ്ധിച്ചതാണ്‌ ഇപ്പോൾ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കൂട്ടാൻ തങ്ങളെ നിർബന്ധിച്ചതെന്ന മൻമോഹൻസിംഗിന്റെയും ചിദംബരത്തിന്റെയും സോണിയയുടെയും ന്യായീകരണം പക്ഷെ സ്വീകാര്യമല്ല. ഇന്ത്യയിലെ പെട്രോളിയം കമ്പനികൾ നഷ്ടത്തിലാണ്‌ പ്രവർത്തിക്കുന്നതെന്ന്‌ പറയുന്നതിൽപരം പെരുംകള്ളം മറ്റൊന്നില്ല. രാഷ്ട്രാന്തര തലത്തിൽ ക്രൂഡോയിലിനുണ്ടായ വിലവർദ്ധനയ്ക്കൊപ്പിച്ച്‌ ഇവിടെ വില വർദ്ധിപ്പിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന നഷ്ടമാണ്‌ ഇവർ പെരുപ്പിച്ച്‌ കാണിക്കുന്ന കണക്കുകളിലുള്ളത്‌. അത്‌ തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി മൻമോഹൻസിംഗിനും കൂട്ടർക്കും ഇല്ലെങ്കിലും ഇന്ത്യയിലെ സാധാരണ പൗരന്മാർക്കുണ്ട്‌.

വിലവർദ്ധന ഇന്നോ ഇന്നലയോ തുടങ്ങിയ പ്രതിഭാസമല്ല. തക്കസമയത്ത്‌ മാർക്കറ്റിൽ ഇടപെട്ട്‌ വില പിടിച്ചുനിർത്താതെ നിഷ്ക്രിയത പുലർത്തിയതിന്റെ തിരിച്ചടിയാണ്‌ പണപ്പെരുപ്പം. ശക്തമായ നടപടികൾ എടുത്ത്‌ ജനങ്ങൾക്ക്‌ ആശ്വാസം പകരേണ്ടതിനുപകരം ഒരു ഉപദേശിയുടെ മട്ടിൽ സംസാരിക്കാനാണ്‌ മൻമോഹൻസിംഗും സോണിയയും തയ്യാറായിട്ടുള്ളത്‌. ഇന്ത്യാക്കാരന്റെ മേൽ പതിച്ച ഈ ശാപങ്ങളെ പക്ഷെ കടത്തിവെട്ടുകയാണ്‌ ദക്ഷിണാഫ്രിക്കയിൽ പര്യടനം തുടർന്നുകൊണ്ട്‌ തോമസ്‌ ഐസക്കും അതിന്റെ പേരിൽ നടപടിയെടുക്കാത്ത അച്യുതാനന്ദൻ സർക്കാരും

1 comments :

  1. appu said...

    thomas pavama alle ..
    pinnayum baratha puzha onnu kudii karanju.