Monday, June 30, 2008

ഷിഞ്ജിനിയുടെ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണം

"വാക്കുകൾ കൂട്ടിച്ചൊല്ലാൻ കഴിയാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ" എന്ന്‌ വൈലോപ്പിള്ളിയും "ചിൽഡ്രൻ ആർ ഫാദേഴ്സ്‌ ഓഫ്‌ മെൻ" എന്ന്‌ ബെർണാഡ്ഷായും നിരീക്ഷിക്കുമ്പോൾ വളർന്നുവരുന്ന തലമുറയ്ക്ക്‌ പുതിയ കാലഘട്ടത്തിലുള്ള പ്രസക്തിയും പ്രാധാന്യവുമാണ്‌ അവരുദ്ദേശിച്ചത്‌. മാതാപിതാക്കളുടെ കാലത്തിനെ ഉല്ലംഘിച്ച്‌ പുതിയൊരു സംസ്ക്കാരത്തിനും ജീവിതരീതിക്കും കുഞ്ഞുങ്ങൾ വഴിയൊരുക്കുമെന്ന പ്രതീക്ഷയും ഈ വാക്കുകളിൽ മിന്നിമറയുന്നുണ്ട്‌. എല്ലാ കുഞ്ഞുങ്ങളെക്കുറിച്ചും എല്ലാ മാതാപിതാക്കൾക്കും പൊതുവെ ഇതേ പ്രതീക്ഷതന്നെയാണ്‌ ഉള്ളത്‌.

എന്നാൽ ചാനലുകളുടെ തള്ളിക്കയറ്റത്തിൽ, ലാഭമുണ്ടാക്കാൻ അവർ രൂപംകൊടുത്ത റിയാലിറ്റി ഷോകളുടെ പെരുമഴക്കാലത്ത്‌, മാതാപിതാക്കൾ മക്കളുടെ അന്തകരായിമാറിക്കൊണ്ടിരിക്കുകയാണെന്ന്‌ ചുറ്റുപാടും നിന്നുള്ള വാർത്തകൾ നമ്മേ ബോധ്യപ്പെടുത്തുന്നു. റിയാലിറ്റി ഷോകളിലൂടെ സീരിയലുകളിലേക്കും അവിടെനിന്ന്‌ സിനിമയിലേക്കും അതിലൂടെ ലഭിക്കുന്ന പ്രശസ്തിയും സാമ്പത്തികലാഭവുമാണ്‌ ഇപ്പോൾ പല മാതാപിതാക്കൾക്കും മക്കളിൽനിന്നുള്ള പ്രതീക്ഷ. മുൻപൊക്കെ പഠിച്ച്‌ വലുതായി ഒരു ജോലി സമ്പാദിച്ച്‌ കുടുംബം പുലർത്തുന്ന മക്കളെക്കുറിച്ചായിരുന്നു മാതാപിതാക്കൾ സ്വപ്നം കണ്ടിരുന്നത്‌. അതിനനുഗുണമായ രീതിയിൽ പഠനകാലത്ത്‌ കർശനമായ ചില ചിട്ടകളും നിയന്ത്രണങ്ങളും കുഞ്ഞുങ്ങളുടെ ജീവിതത്തിൽ അവർ വരുത്തിയിരുന്നു. കൗമാരത്തിന്റെ തിളപ്പിൽ ഇത്തരം നിയന്ത്രണങ്ങളോട്‌ ആരോഗ്യകരമായി പ്രതികരിക്കാൻ കഴിയാത്ത ചിലരെല്ലാം ഉണ്ടായിരുന്നെങ്കിലും ഒരിക്കൽപോലും അത്‌ മാതാപിതാക്കളും മക്കളും തമ്മിലുള്ള മാനസിക സംഘർഷങ്ങളിലേക്കോ, അല്ലെങ്കിൽ മക്കളുടെ മാനസികാരോഗ്യാധപതനത്തിലേക്കോ നിപതിച്ചിരുന്നില്ല.

എന്നാൽ പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കൊത്ത്‌ മക്കളെ വളർത്താൻ മാതാപിതാക്കൾ അവലംബിക്കുന്ന പലരീതികളും മാനസികമായും ശാരീരികമായും ധാർമികമായിപ്പോലും അവരെ കൊല്ലാക്കൊല ചെയ്യുന്നതാണ്‌. പഠനകാര്യം മുതൽ ആരംഭിക്കുന്ന ഇത്തരം അനാവശ്യ നിർബന്ധങ്ങളാണ്‌ കൗമാരക്കാരിലെ വഴിപിഴച്ച ജീവിതത്തിന്‌ പ്രധാന കാരണമെന്ന്‌ മനഃശാസ്ത്രകാരന്മാരും സാമൂഹികശാസ്ത്രകാരന്മാരും ചൂണ്ടിക്കാട്ടുന്നു. മക്കളെക്കാൾ വിദ്യാസമ്പന്നരെന്നും അനുഭവസമ്പന്നരെന്നും അഭിമാനിക്കുന്ന മാതാപിതാക്കൾ പക്ഷെ ഈ മുന്നറിയിപ്പുകൾ ഒരിക്കലും ശ്രദ്ധിക്കുന്നതായി അനുഭവങ്ങൾ പറയുന്നില്ല.

അനാശാസ്യമായ ഇത്തരം സാഹചര്യത്തിലേക്കാണ്‌ റിയാലിറ്റി ഷോകളുടെ കുത്തൊഴുക്കുണ്ടായത്‌. ഈ പ്രദർശനങ്ങളിൽ തങ്ങളുടെ കുഞ്ഞുങ്ങൾ ഒന്നാം സ്ഥാനത്തെത്തണമെന്ന അധാർമികമായ വിജയക്കൊതിമൂലം പല മാതാപിതാക്കളും കുഞ്ഞുങ്ങളെ കഠിനമായി ശിക്ഷിക്കുന്നതായി വാർത്തകൾ വന്നെങ്കിലും ആരും അതിന്‌ വലിയ പ്രാധാന്യം നൽകിയതായി തോന്നുന്നില്ല. എന്നാൽ ഇപ്പോൾ ബംഗാളിൽനിന്ന്‌ പുറത്തുവന്നിട്ടുള്ള ഒരു വാർത്ത, ഷിഞ്ജിനി സെൻഗുപ്ത എന്ന പതിനൊന്നാം ക്ലാസുകാരിയുടെ അതിദാരുണമായ അവസ്ഥ ഇക്കാര്യത്തിൽ മാതാപിതാക്കൾ എത്രമാത്രം ക്രൂരമായാണ്‌ കുഞ്ഞുങ്ങളോട്‌ പെരുമാറുന്നതെന്ന്‌ വ്യക്തമാക്കുന്നു. പഠിക്കാൻ മിടുക്കിയും സുന്ദരിയും കലാപരമായി ഒട്ടേറെ കഴിവുകളും ഉണ്ടായിരുന്ന പെൺകുട്ടിയായിരുന്നു ഷിഞ്ജിനി സെൻഗുപ്ത. അതുകൊണ്ടുതന്നെ സീരിയലിലും സിനിമയിലും ഈ ചെറുപ്രായത്തിനിടയിൽതന്നെ ശ്രദ്ധേയമായ വേഷം ഷിഞ്ജിനിക്ക്‌ ലഭിച്ചിരുന്നു. എന്നാൽ മകളുടെ ഈ നേട്ടങ്ങളിൽ തൃപ്തിപ്പെടുന്നവരായിരുന്നില്ല മാതാപിതാക്കൾ. അതുകൊണ്ടാണവർ ഒരു ബംഗാളി ടിവി ചാനൽ നടത്തിയ ഡാൻസ്‌ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ഷിഞ്ജിനിയെ നിർബന്ധിച്ചത്‌.

കടുത്ത മാനസിക സമ്മർദ്ദത്തോടെയാണ്‌ റിയാലിറ്റി ഷോകളിൽ കുട്ടികൾ പങ്കെടുക്കുന്നത്‌. മാതാപിതാക്കൾ ഏൽപ്പിക്കുന്ന മാനസികാഘാതത്തിനൊപ്പം മത്സരവിധികർത്താക്കളുടെ ക്രൂരമായ പരാമർശങ്ങളും കുട്ടികളുടെ മാനസികാവസ്ഥയെ വല്ലാതെ ഹനിക്കാറുണ്ട്‌. ഷിഞ്ജിനിയും ഇത്തരമൊരു അനാശാസ്യതയുടെ ഇരയാണ്‌. കഴിഞ്ഞ മെയ്‌ 19ന്‌ നടന്ന റിയാലിറ്റി ഷോയിൽ ഷിഞ്ജിനിയുടെ പ്രകടനത്തെ വിധികർത്താക്കൾ അതികഠിനമായാണ്‌ വിമർശിച്ചത്‌. വേദിയിൽനിന്ന്‌ ആ കുട്ടി മാനസികമായി ഉരുകുന്നത്‌ പക്ഷെ വിധികർത്താക്കളോ മാതാപിതാക്കളോ മനസിലാക്കിയില്ല. അന്ന്‌ ഏറ്റ മാനസികാഘാതത്തോടെ വീട്ടിലെത്തിയ ഷിഞ്ജിനിക്ക്‌ വിശ്രമിക്കാൻപോലും അവസരം കൊടുക്കാതെ അടുത്ത സീരിയൽ സെറ്റിലേക്ക്‌ നിർബന്ധിച്ചുകൊണ്ടുപോകുകയായിരുന്നു മാതാപിതാക്കൾ. അവിടെവച്ചാണ്‌ ഷിഞ്ജിനിക്ക്‌ തന്റെ മനസിന്റെമേൽ ഉണ്ടായിരുന്ന എല്ലാ നിയന്ത്രണവുമറ്റതും സംസാരിക്കാൻപോലുമാകാതെ തളർന്നുവീണതും. ഇപ്പോൾ ബാംഗ്ലൂരിൽ നിംഹാൻസിൽ വിദഗ്ധ ചികിത്സയിലാണ്‌ ഷിഞ്ജിനി. സംസാരശേഷി മാത്രമല്ല, ചലനശേഷിപോലും നഷ്ടപ്പെട്ട അവസ്ഥയിലാണ്‌ ആ കുട്ടി. തങ്ങളുടെ മകളെ ഇത്തരമൊരവസ്ഥയിൽ എത്തിച്ചതിൽ തങ്ങൾക്കുള്ള പങ്ക്‌ പിതാവ്‌ ഡി.കെ. ഗുപ്തയും മാതാവ്‌ സിബാനി സെൻഗുപ്തയും പ്രായശ്ചിത്തത്തോടെ ഇപ്പോൾ അംഗീകരിക്കുന്നു.

ഷിഞ്ജിനിയെപ്പോലെ ശാരീരികമായി തളർന്നിട്ടില്ലെങ്കിലും മാനസികമായി തകർന്ന നിരവധി കുട്ടികൾ കേരളത്തിലുണ്ട്‌. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തിയും പണവും ചുളുവിൽ നേടാമെന്ന്‌ ആഗ്രഹിക്കുന്ന വൃത്തികെട്ട മാതാപിതാക്കൾക്കൊപ്പം ഈ കുട്ടികളെ മത്സരവേദിയിൽ ക്രൂരവും ലൈംഗികാതിപ്രസരവുമുള്ള പരാമർശങ്ങളിലൂടെ തളർത്തുന്ന ശരത്തിനെയും എം.ജി. ശ്രീകുമാറിനെയും പോലെയുള്ള വിധികർത്താക്കളും ഒന്നിക്കുമ്പോൾ കുഞ്ഞുങ്ങളുടെ മാത്രമല്ല, മുതിർന്നവരുടെപോലും മാനാഭിമാനവും മാനസികാരോഗ്യനിലയും തകരുന്ന കാഴ്ച ഓരോ റിയാലിറ്റി ഷോയുടെയും ബോണസ്‌ എപ്പിസോഡുകളാണ്‌.

മക്കളെ വേദിയിൽനിന്ന്‌ കണ്ണീരൊലിപ്പിച്ച്‌ എസ്‌എംഎസിനുവേണ്ടി കരയിക്കുന്ന മാതാപിതാക്കളും നിരവധിയാണ്‌. കഴിഞ്ഞ ഒരു റിയാലിറ്റി ഷോയുടെ ഫൈനൽ മത്സരത്തിനുമുൻപ്‌ തന്റെ മകൾക്കുവേണ്ടി എസ്‌എംഎസ്‌ അയക്കണമെന്നാവശ്യപ്പെട്ട്‌ ഒരു പിതാവ്‌ അപേക്ഷ കാർഡുകൾ അച്ചടിച്ച്‌ എറണാകുളം ജില്ലയിൽ വിതരണം ചെയ്തിരുന്നു. ചില ബസുകളിൽ സഹായം അഭ്യർഥിച്ച്‌ കാർഡുകളുമായെത്തുന്ന ഭിക്ഷക്കാരെ തോൽപ്പിക്കുന്ന നാണംകെട്ട തന്ത്രമായിരുന്നു ആ പിതാവ്‌ അവലംബിച്ചത്‌. ഇനി അതിന്റെ ചുവടുപിടിച്ച്‌ അടുത്ത റിയാലിറ്റി ഷോകളുടെ ഫൈനൽ മത്സരത്തിനുമുൻപ്‌ ഇത്തരം കുറെ അശ്ലീലതന്ത്രങ്ങളും കാണാൻ നമുക്കെല്ലാം ഭാഗ്യമുണ്ടാകുമെന്നുതന്നെയാണ്‌ ഞങ്ങളുടെ കണക്കുകൂട്ടൽ.

റിയാലിറ്റി ഷോകളെ ബാലവേലയായി കണക്കാക്കണമെന്ന ദേശീയ ശിശുസംരക്ഷണാവകാശ കമ്മീഷന്റെ നിർദേശത്തോട്‌ ഞങ്ങൾ പൂർണമായും യോജിക്കുന്നു. മാത്രമല്ല ഷിഞ്ജിനി സെൻഗുപ്തയെ ഈ ദുരവസ്ഥയിലാക്കിയ മാതാപിതാക്കൾ ഡി.കെ. ഗുപ്തയ്ക്കും സിബാനി സെൻഗുപ്തയ്ക്കുമെതിരെ കൊലപാതക കേസ്‌ ചുമത്തി കടുത്ത ശിക്ഷ നൽകണമെന്നുമാണ്‌ ഞങ്ങളുടെ അഭിപ്രായം. എങ്കിലേ മക്കളെ കൊല്ലാക്കൊല ചെയ്ത്‌ പ്രശസ്തിക്കുവേണ്ടി തന്ത്രങ്ങളൊരുക്കുന്ന മാതാപിതാക്കൾ ഒരു പാഠം പഠിക്കൂ.

1 comments :

  1. Anonymous said...

    i stand with u