ചാണ്ടിയും ചെന്നിത്തലയും ഏതു കോത്താഴത്താണ് ജീവിക്കുന്നത്?
രാഷ്ട്രീയമായ ആർജവം, വ്യക്തിപരമായ സത്യസന്ധത, സാമൂഹിക പ്രതിബദ്ധത, ദേശീയബോധം, ചൂഷണത്തിനെതിരായ പോരാട്ടം - ഇവയുടെ അടയാളപ്പെടുത്തലായിരുന്നു മുൻപ്, വെളുത്ത ഖദർ വസ്ത്രവും അത് ധരിക്കുന്നവരും.
എന്നാൽ ചാണ്ടിയുടെയും ചെന്നിത്തലയുടേയും കാലമായപ്പോഴേയ്ക്കും പാരവയ്പിന്റെയും മുതലെടുപ്പിന്റെയും ജനവഞ്ചനയുടെയും സമൂഹത്തിൽ, സാമുദായിക സ്പർദ്ധ വളർത്തുന്ന തന്ത്രങ്ങളുടെയും സൂത്രവാക്യമായി അധഃപതിച്ചു ഖദറും അത് ധരിക്കുന്നവരും.
അതല്ലെങ്കിൽ, കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നില്ലാതെ സാധാരണക്കാരായ രോഗികൾ വലയുമ്പോൾ, ആ പ്രശ്നത്തിന് പരിഹാരം കാണേണ്ടതിന് പകരം, ഒരു പാഠപുസ്തകത്തിന്റെ പേരിൽ ഇവർ, തെരുവിൽ സമരം നടത്തുമായിരുന്നില്ല; സമരക്കാരെ നേരിട്ട പോലീസിന്റെ സ്ഥിരം ശൈലി ഉയർത്തിക്കാട്ടി നിയമ സഭ സ്തംഭിപ്പിക്കുമായിരുന്നില്ല.
പി.കെ. ശ്രീമതി എന്ന ഒരു അശ്രീകരത്തെ ആരോഗ്യമന്ത്രിയാക്കിയ നിമിഷം മുതൽ ആരംഭിച്ചതാണ്, കേരളത്തിലെ സാധാരണക്കാരായ രോഗികളുടെ ഗതികേട്. ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ടൈഫോയിഡുമെല്ലാം, ശ്രീമതിയുമായി തട്ടിച്ചുനോക്കുമ്പോൾ എത്ര നിരുപദ്രവകാരികളാണെന്ന് കഴിഞ്ഞ രണ്ടു വർഷത്തെ അനുഭവം കേരളീയരെ പഠിപ്പിക്കുന്നു. ഈ മൺസൂൺ കാലത്ത് ചിക്കുൻഗുനിയ ഉൾപ്പെടെയുള്ള പകർച്ചപ്പനികൾ 'പൂർവാധികം ശക്തിയോടെ' ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പ് കാറ്റിൽപ്പറത്തി ശ്രീമതി മന്ത്രിമന്ദിരത്തിൽ വാഴുമ്പോഴാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ മരുന്നില്ലാതെ നിർധനരായ രോഗികൾ നരകിക്കുന്നത്.
മെഡിക്കൽ കോളേജുകളെ മരുന്നുക്ഷാമം ബാധിച്ചിട്ടില്ലെങ്കിലും ജില്ലാ-താലൂക്ക് ആശുപത്രികൾ, കമ്യൂണിറ്റി ഹെൽത്ത് സെന്റർ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജീവൻ രക്ഷാമരുന്നുകൾ പോലുമില്ല! പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പാരസെറ്റമോൾ ഗുളികകൾപോലും സ്റ്റോക്കില്ല!! ഗ്ലൂക്കോസ്, ഐവി ഫ്ലൂയിഡ്, അത്യാവശ്യ ആന്റിബയോട്ടിക്കുകൾ തുടങ്ങിയവയെല്ലാം ജില്ലാ ആശുപത്രികളിൽനിന്നുവരെ പുറത്തേക്ക് എഴുതിക്കൊടുക്കുകയാണ്.
മെഡിക്കൽ കോളേജുകളിലാകട്ടെ ഡിഫ്ത്തീരിയ, ടൈറ്റനസ്, വില്ലൻചുമ എന്നിവയെ യഥാക്രമം പ്രതിരോധിക്കുന്ന ഓക്സിട്രയോൺ നാഫ്തേ, മീഥൈൽ ഓക്സോനൈഡ്, പോളിട്രയോൺ കാർബോമൈറ്റ് തുടങ്ങിയ മരുന്നുകൾ കേട്ടുകേൾവിപോലുമില്ലാത്ത അവസ്ഥയിലാണ്. ഡിഫ്ത്തീരിയയും ടെറ്റനസും വില്ലൻചുമയും പൂർണമായും നിർമാർജനം ചെയ്തുവെന്ന അഹങ്കാരത്തിലാണ് മരുന്നുത്പാദനം കമ്പനികൾ നിർത്തിവച്ചിട്ടുള്ളതും, ഡോക്ടർമാർ ആ മരുന്നുകളെ വിസ്മരിക്കുന്നതും.
എന്നാൽ ഏതാനും ദിവസം മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിഫ്ത്തീരിയ ബാധിച്ച് ഒരു കുട്ടി മരിച്ചതോടെ ആ രോഗമടക്കമുള്ളള മരണങ്ങൾ നമ്മുടെ ചുറ്റും എപ്പോൾ വേണമെങ്കിലും ആക്രമിച്ച് നമ്മേ കീഴ്പ്പെടുത്താൻ അവസരം പാർത്തിരിക്കുകയാണെന്ന് വ്യക്തമായി.
1952 ആദ്യ സർക്കാരിന്റെ കാലത്ത്, ആരോഗ്യമന്ത്രിയായിരുന്ന ഡോ.എ.ആർ. മേനോൻ ദീർഘവീക്ഷണത്തോടെ നടപ്പാക്കിയതായിരുന്നു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെവരെ കണക്കെടുത്ത്, ജില്ലാ മെഡിക്കൽ സ്റ്റോറുകളിലൂടെയുള്ള മരുന്നുവിതരണ സംവിധാനം. എന്നാൽ അശ്രീകര മന്ത്രി അധികാരമേറ്റതോടെ ആ സംവിധാനം തകർത്ത്, തമിഴ്‌നാട് മോഡൽ മെഡിക്കൽ കോർപ്പറേഷൻ പകരം വച്ചതാണ് മരുന്നുക്ഷാമത്തിന്റെ യഥാർത്ഥ കാരണം. പാർട്ടിക്കുള്ളിൽനിന്നുപോലും എതിർപ്പുയർന്നിട്ടും ശ്രീമതി പുതിയ പദ്ധതി നടപ്പിലാക്കിയതിനുപിന്നിൽ സ്വകാര്യ ലാഭത്തിന്റെ ലക്ഷ്യം മാത്രമാണുണ്ടായിരുന്നതെന്ന് ആരോപിക്കേണ്ടിവരും. 17000 രൂപ ശമ്പളത്തിന് സ്വന്തം മരുമകളെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച ഒരു അഹങ്കാരത്തിന് അത്തരം ദുഷ്ടലാക്കില്ലാതെ പോയെങ്കിൽ മൂക്കത്ത് വിരൽവച്ചാൽ മതി.
മരുന്നുക്ഷാമം തെക്കൻ കേരളത്തേക്കാർ രൂക്ഷമായിട്ടുള്ളത് മലബാർ മേഖലയിലാണ്. തെക്കൻ ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തനത് ഫണ്ടിൽനിന്ന് തുക മുടക്കി ഔഷധങ്ങൾ വാങ്ങുന്നതുകൊണ്ടാണ് പ്രശ്നം അത്രയ്ക്കൊന്നും രൂക്ഷമായി അനുഭവപ്പെടാത്തത്. മുതിർന്നവരുടെ ഈ അവസ്ഥയെക്കാൾ ഭീകരമാണ് നവജാതശിശുക്കളുടെ പ്രശ്നം. നവജാത ശിശുക്കൾക്ക് പ്രാഥമികമായി നൽകേണ്ട പ്രതിരോധ കുത്തിവയ്പുകൾ സർക്കാർ ആശുപത്രികളിൽ നിർത്തിവച്ചിട്ട് ഒരു മാസത്തോളമായി. ജനിച്ച ഉടനെ നൽകുന്ന ബിസിജി കുത്തിവയ്പ് കഴിഞ്ഞ ഒരു മാസമായി, പൂർണമായി നിർത്തിവച്ചിരിക്കുകയാണ്. ഒന്നര മാസത്തിലും രണ്ടര മാസത്തിലും മൂന്നു മാസത്തിലും ഒന്നരവയസിലും നൽകുന്ന ഡിപിടിക്കുള്ള മരുന്നും, പത്താം മാസത്തിൽ നൽകുന്ന മീസിൽസ്, നാലുവയസിൽ കൊടുക്കുന്ന ടിടി, ഡിടി തുടങ്ങിയ കുത്തിവയ്പുകളും മുടങ്ങിക്കിടക്കുകയാണ്.
നൂറുകണക്കിന് കുഞ്ഞുങ്ങളാണ് പ്രതിദിനം സർക്കാർ ആശുപത്രികളിൽ ജനിക്കുന്നത്. ഈ കുഞ്ഞുങ്ങളെ നിത്യരോഗികളാക്കുന്നതിൽ ശ്രീമതിക്ക് ഒരു മനസാക്ഷികുത്തുമില്ല! "നിങ്ങളും ഒരു സ്ത്രീയല്ലെ, അമ്മയല്ലേ" എന്നാരെങ്കിലും നെഞ്ചുരുകി ചോദിച്ചാൽ അവർക്കുനേരെ കണ്ണുരുട്ടാനും സഖാക്കളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും പക്ഷെ അശ്രീകര മന്ത്രിക്ക് മിടുക്കുണ്ടുതാനും. ഗൗരവമുള്ള, രൂക്ഷമായ, ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഒരു പ്രശ്നം സമൂഹത്തിലുണ്ടായിട്ടും അതു കാണാനും, അത് പരിഹരിക്കാനുമുള്ള പ്രക്ഷോഭം നടത്താനും ചാണ്ടിക്കും ചെന്നിത്തലയ്ക്കും പ്രതിപക്ഷത്തെ മറ്റു പാർട്ടികൾക്കും സമയമില്ല; സൗകര്യമില്ല.
കത്തോലിക്ക അച്ചന്മാർക്കും മുസ്ലീം മൊല്ലാക്കമാർക്കും ഏഴാം ക്ലാസിലെ പാഠപുസ്തകം ഉയർത്തിപ്പിടിച്ച് കുരച്ചേ മതിയാകൂ. അതവരുടെ ഭോഷ്ക്ക് നിറഞ്ഞ നിലനിൽപ്പിന്റെ പ്രശ്നമാണ്. അത് കേരളത്തിലെ സാധാരണക്കാരുടെ പ്രശ്നമല്ല. എന്നിട്ടും അതേറ്റുപിടിക്കാനും കെഎസ്‌യു പിള്ളേരെ പോലീസിന്റെ തല്ലുകൊള്ളിക്കാനും അതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പുനടത്താനുമാണ് ഷണ്ഡത്വം ബാധിച്ച യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്. മരുന്നുകിട്ടാതെ ആരെങ്കിലും മരിച്ചുകഴിഞ്ഞ് പ്രശ്നം ഉയർത്തി പ്രക്ഷോഭം ആരംഭിക്കാനാണ് ചെന്നിത്തലയും ചാണ്ടിയും കാത്തിരിക്കുന്നതെന്നു തോന്നുന്നു. ഇവരീ നാട്ടിലൊന്നുമില്ലേ; ഏതു കോത്താഴത്താണ് കഴിയുന്നതെന്ന് ചോദിച്ചുപോകുന്നത് അതുകൊണ്ടാണ്. അശ്രീകരമന്ത്രിക്ക് ഇണങ്ങുന്ന മരപ്പട്ടികളും ഈനാംപേച്ചികളുമായി, ഏതായാലും ചാണ്ടിയും ചെന്നിത്തലയും ഇപ്പോൾ വാർത്തകളിൽ നിറയുന്നുണ്ട്. അവരതിൽ സംതുലതരാണ് താനും.
കേരളീയന്റെ ഓരോ വിധികൾ...
0 comments :
Post a Comment