Wednesday, April 30, 2008

വിലക്കയറ്റത്തിന്റെ മുറിവില്‍ മായംചേര്‍ക്കലിന്റെ ഉപ്പുനീരിറ്റിക്കുമ്പോള്‍...

ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന്‌ പറയുംപോലെയുള്ള ദുരിതത്തിരിച്ചടികളുടെ ദുഷ്ടകാലത്തിലൂടെ കടന്നുപോവുകയാണ്‌ കേരളീയര്‍. അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനയില്‍ പോക്കറ്റ്‌ കാലിയായി നിസഹായനായി നില്‍ക്കുന്ന കേരളീയന്റെ ആരോഗ്യത്തെ കാര്‍ന്നുതിന്ന്‌ അവനെ നിത്യരോഗിയാക്കാനാണ്‌ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന 'മാഫിയകള്‍' ശ്രമിക്കുന്നത്‌. മായം ചേര്‍ക്കലിലൂടെ ഈ അധോലോക ലോബി ലക്ഷങ്ങള്‍ ലാഭമുണ്ടാക്കുമ്പോള്‍ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുകയാണ്‌ കേരളത്തില്‍ ഇന്ന്‌ ജീവിച്ചിരിക്കുന്നവരും ഇനി ജനിക്കാന്‍ പോകുന്നവരും.

ഉപ്പ്‌ തൊട്ട്‌ കര്‍പ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങള്‍ രാസവസ്തുക്കളാല്‍ മലിനീകൃതമാണ്‌. കാന്‍സര്‍, വൃക്കരോഗങ്ങള്‍, അലര്‍ജി തുടങ്ങിയ ഘോരരോഗങ്ങളുടെ പിടിയിലാണിപ്പോള്‍ മലയാളികള്‍. മാറിവന്ന ജീവിത സാഹചര്യങ്ങളും ഭക്ഷണക്രമങ്ങളുമാണ്‌ ഇതിന്‌ കാരണമെന്ന്‌ ആരോഗ്യവിദഗ്ദരും ഭക്ഷണവിദഗ്ദരും പറയുമ്പോള്‍, ഭക്ഷണസാധനങ്ങളില്‍ വ്യാപകമായി ചേര്‍ക്കുന്ന കൃത്രിമനിറങ്ങളും രുചിഘടകങ്ങളും ഭക്ഷ്യവസ്തുക്കള്‍ കേടാകാതെ ദീര്‍ഘകാലമിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുമാണ്‌ യഥാര്‍ത്ഥ വില്ലന്മാര്‍.

മനുഷ്യന്റെ വളര്‍ച്ചക്കും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും അനിവാര്യമായ ഭക്ഷണം തന്നെ ആരോഗ്യത്തിന്‌ ഹാനികരമാകുന്ന വിഷവസ്തുക്കളായി പരിണമിച്ചിരിക്കുന്ന, മോചനമില്ലാത്ത പീഡനകാലത്തിലാണ്‌ കേരളത്തിലെ ജനങ്ങള്‍.

അരി, ചെറുപയര്‍, പരിപ്പ്‌, ഉപ്പേരികള്‍, ഉപ്പ്‌, വെളിച്ചെണ്ണ, പാല്‍, മുളകുപൊടി, മഞ്ഞള്‍പ്പൊടി , മല്ലിപ്പൊടി തുടങ്ങിയുള്ള നിത്യോപയോഗ വസ്തുക്കളെല്ലാം മായം ചേര്‍ക്കല്‍ മൂലം വിഷലിപ്തങ്ങളാണ്‌. കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്ന വീര്യം കൂടിയ രാസവസ്തുക്കള്‍ അടങ്ങാത്ത പച്ചക്കറികള്‍ ലഭിക്കാനില്ല. നിറവും രൂപവും ആകര്‍ഷകമാക്കാന്‍ പുരട്ടുന്ന രാസമാലിന്യം കലരാത്ത ഫലങ്ങള്‍ നാട്ടിലെങ്ങുമില്ല. വായുവിലും വെള്ളത്തിലും, വികസനക്കൊതിയന്മാര്‍ കലര്‍ത്തിയ മാലിന്യങ്ങള്‍ക്ക്‌ പുറമെയാണ്‌ ഭക്ഷ്യവസ്തുക്കളിലെ ഈ മായം ചേര്‍ക്കലുകള്‍ കേരളീയരെ ദിനംപ്രതി മരണത്തിലേക്ക്‌ ആനയിച്ചുകൊണ്ടിരിക്കുന്നത്‌.

ചെറുപയര്‍പരിപ്പിലും ഉപ്പിലും വെളിച്ചെണ്ണയിലും പാലിലും മായം ചേര്‍ത്തതിന്റെ പേരില്‍ നൂറുകണക്കിന്‌ കേസുകളാണ്‌ ഓരോ ജില്ലയിലും റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്‌. എന്നാല്‍ ഈ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ത്തിട്ടുള്ള രാസപദാര്‍ത്ഥങ്ങള്‍ എന്തൊക്കെയാണെന്നും അവ എത്രയളവില്‍ ചേര്‍ത്തിട്ടുണ്ടെന്നും കണ്ടെത്താനുള്ള ലബോറട്ടറി സംവിധാനത്തിന്റെ അഭാവംമൂലം കേസുകള്‍ തീര്‍പ്പാക്കുന്നത്‌ നീണ്ടുപോകാനും അതിലൂടെ കുറ്റവാളികള്‍ രക്ഷപെടാനുമുള്ള സാഹചര്യമാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. തന്മൂലം മായം ചേര്‍ക്കല്‍ വിദഗ്ദന്മാര്‍ക്ക്‌ നിയമത്തെയും ജനങ്ങളെയും വെല്ലുവിളിച്ചും വഞ്ചിച്ചും ലക്ഷങ്ങള്‍ പോക്കറ്റിലാക്കാന്‍ കഴിയുന്നു.

ഭക്ഷ്യവസ്തുക്കളിലെ മായംചേര്‍ക്കല്‍ യഥാസമയം കണ്ടെത്തി പൊതുജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കാനും കുറ്റവാളികളെ കൈയോടെ പിടികൂടി മാതൃകാപരവും കഠിനവുമായ ശിക്ഷ നല്‍കാനും ഫുഡ്‌ ഇന്‍സ്പെക്ടര്‍മാര്‍ എന്ന നോക്കുകുത്തികളെ ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി നല്‍കി സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്‌. എന്നാല്‍ ഇവരുടെ സേവനം ലഭിക്കുന്നത്‌ സാധാരണ ജനങ്ങള്‍ക്കല്ല മറിച്ച്‌ അവരുടെ ആരോഗ്യം അപകടത്തിലാക്കി ലാഭം കൊയ്യുന്ന മായംചേര്‍ക്കല്‍ ലോബിക്കാണ്‌. ഇവരില്‍നിന്ന്‌ ലഭിക്കുന്ന കിമ്പളത്തിന്റെ ബലത്തില്‍ ഈ ഉദ്യോഗസ്ഥന്മാര്‍ സുഖിച്ച്‌ വാഴുമ്പോള്‍ ഒരു ദൂഷിതവൃത്തം പൂര്‍ത്തിയാകുകയാണ്‌.

ആരോഗ്യമുള്ള ജനതയാണ്‌ ആരോഗ്യമുള്ള ഒരു രാഷ്ട്രത്തിന്റെ ഈടുവയ്പ്പെന്ന്‌ പ്രസംഗിക്കാനും എഴുതിപ്പിടിപ്പിക്കാനും ഇവിടെ ഭരണക്കാരും പ്രതിപക്ഷക്കാരുമടക്കമുള്ള രാഷ്ട്രീയ സംവിധാനവും സാംസ്കാരിക പ്രവര്‍ത്തനവും സന്നദ്ധ സംഘടനകളുമുണ്ട്‌. എന്നാല്‍ ഒരിക്കല്‍പോലും മായംചേര്‍ക്കല്‍ ദുഷ്ടന്മാര്‍ നിയമത്തിന്റെ മുന്നില്‍ എത്തുകയോ, നിലവിലിരിക്കുന്ന നിയമങ്ങള്‍ അനുശാസിക്കുന്ന ശിക്ഷയ്ക്ക്‌ വിധേയരാകുന്നതോ ഇല്ല. അപ്പോള്‍ മായംചേര്‍ക്കലിനെതിരെ കൊട്ടിഘോഷിച്ച്‌ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊന്നുംതന്നെ ആത്മാര്‍ത്ഥതയില്ല എന്നാണ്‌ നാം മനസിലാക്കുന്നത്‌. വസ്തുതകള്‍ തിരിച്ചറിയുമ്പോള്‍ പൗരന്മാര്‍ പ്രബുദ്ധരാകുമെന്നും ആ പ്രബുദ്ധതയില്‍നിന്ന്‌ മുതലെടുപ്പിന്റെ ശക്തികളെ ഉന്മൂലനം ചെയ്യുന്ന പോരാട്ടവീര്യം ഉയരുമെന്നുമൊക്കെയുള്ള പ്രതീക്ഷകള്‍ പോലും മായംചേര്‍ക്കലിന്‌ വിധേയമാക്കപ്പെട്ട ഒരുനാടാണ്‌ ഇന്ന്‌ കേരളം.

തനത്‌ കൃഷിരീതികളും ഭക്ഷണസംസ്കാരവും ഉപേക്ഷിച്ച്‌ കൂടുതല്‍ വിളവിനും ലാഭത്തിനും രുചിക്കും അധ്വാനക്കുറവിനും വേണ്ടി മലയാളി കൊതിക്കുമ്പോള്‍ അവന്‍ അകപ്പെടുന്നത്‌ മായംചേര്‍ക്കലിന്റെ തമോഗര്‍ത്തത്തിലാണ്‌. ഈ വസ്തുത ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങള്‍ക്കെല്ലാം അറിയാം എന്നതാണ്‌ ഖേദകരമായ വസ്തുത. എന്നിട്ടും അവര്‍ പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്‌ ചെറുവിരല്‍പോലും അനക്കുന്നില്ല എന്നതാണ്‌ പ്രതിഷേധാര്‍ഹമായ വാസ്തവം.

ഈ സത്യം തിരിച്ചറിഞ്ഞ്‌ നിഷേധത്തിന്റെയും നിരാസത്തിന്റെയും പ്രതിഷേധത്തിന്റെയും മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച്‌ മായംചേര്‍ക്കല്‍ ലോബിക്കെതിരെ ശാസ്ത്രീയവും സംഘടിതവുമായ ചെറുത്തുനില്‍പ്പും എതിരിടപെടലുകളുമാണ്‌ കാലം ആവശ്യപ്പെടുന്നത്‌. അതിന്‌ നമ്മളില്‍ എത്ര പേര്‍ തയ്യാറാകും എന്നതാണ്‌ ഉന്നയിക്കപ്പെടുന്ന ചോദ്യം. ഉത്തരം അവനവന്‍തന്നെ കണ്ടെത്തുക; നടപ്പിലാക്കുക; സംഘംചേരുക.

Tuesday, April 29, 2008

നിലവാരം 'പിടിച്ചുകെട്ടേണ്ടിവരുമ്പോള്‍'

ഇ. അഹമ്മദ്‌ പണ്ടേ ഇങ്ങനെയാണ്‌. അത്യാവശ്യത്തിനു മാത്രമേ വാ തുറക്കൂ. വാ തുറന്നാല്‍ കാര്യമായെന്തെങ്കിലും പറയാന്‍ കാണും. ഒരു കാര്യവുമില്ലാതെ വാ തുറക്കുന്ന നേതാക്കള്‍ പണ്ടേ ലീഗിലില്ല. 'അപവാദ'മായുള്ള ഒരേഒരാള്‍ കുഞ്ഞാലി സാഹിബാണ്‌.

വേണ്ടാത്ത കാര്യത്തിന്‌ വാ തുറക്കുന്ന കാര്യത്തിലും വേണ്ടാത്ത നേരത്ത്‌ 'കതക്‌' തുറക്കുന്ന കാര്യത്തിലും കുഞ്ഞാലി മിടുക്കനാണെന്ന്‌ റജീനയ്ക്കുപോലും അറിയാം. അതുപോട്ടെ. ഇന്നലെ തിരുവന്ത്വോരത്ത്‌, 'നിയമസഭയുടെ പ്രവര്‍ത്തനം എങ്ങനെ മെച്ചപ്പെടുത്താം' എന്ന അതിഗുരുതര വിഷയത്തില്‍ നടത്തിയ സെമിനാറില്‍ സാക്ഷാല്‍ ഇ. അഹമ്മദ്‌ വാ തുറന്നപ്പോള്‍ പുറത്തുവന്ന സംഗതിയാണിവിടെ ചര്‍ച്ചാ വിഷയം! മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ പാര്‍ലമെന്റിന്റെയും നിയമസഭയുടെയും നിലവാരം കുറഞ്ഞുപോയെന്ന്‌ അദ്ദേഹം ആ സെമിനാറില്‍ വച്ചാണ്‌ കണ്ടുപിടിച്ചത്‌.

പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനൊപ്പം നിലവാരം 'പിടിച്ചുനിര്‍ത്തണം' എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭ സമ്മേളിക്കുന്ന ദിവസങ്ങള്‍ കൂട്ടണം എന്നാണ്‌ ഇതിനു പരിഹാരമായി പലരും വഴികണ്ടുപിടിച്ചത്‌. നിയമങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടത്ര നേരം കിട്ടുന്നില്ലെന്നതാണ്‌ സെമിനാറിലെത്തിയ സാറന്മാര്‍ കണ്ടുപിടിച്ച പ്രധാന സംഗതി!

നിയമസഭയുടെ നിലവാരം 'പിടിച്ചുനിര്‍ത്താന്‍' നിലവാരമുള്ളവരെ നിയമസഭയിലേക്ക്‌ തെരഞ്ഞെടുത്തയക്കുക എന്നൊരു പോംവഴി മാത്രമേ ഉള്ളൂവെന്ന കാര്യം മാത്രം സാറന്മാരാരും പറഞ്ഞില്ല!

ഹൈക്കമാന്റിലും നേതാക്കന്മാരുടെ അടുക്കളയിലും വരെ പിടിപാടുള്ള മരമണ്ടന്മാരെയും തരികിടകളെയും സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ്‌ നിയമസഭയുടെ നിലവാരം തകര്‍ക്കുന്നതെന്നും ഒരു സാറന്മാരും പറഞ്ഞില്ല!

യഥാര്‍ത്ഥത്തില്‍ ഇന്നാട്ടിലെ ചരിത്രം, സാമൂഹ്യ സാഹചര്യം, സാമ്പത്തികരംഗം തുടങ്ങി കലയിലും സാഹിത്യത്തിലും വരെ അത്യാവശ്യ വിവരമുള്ളവരെ കണ്ടെത്തി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ രാഷ്ട്രീയക്കാര്‍ തയ്യാറാവുമോ? എന്നതാണ്‌ നമ്മുടെ ചോദ്യം! ഇന്നാട്ടില്‍ ഇത്തരത്തില്‍ പൊതുവായ വിഷയങ്ങളില്‍ ധാരണയും കാഴ്ചപ്പാടും ഉള്ള മനുഷ്യര്‍ ഇല്ലാതായി പോയിട്ടുണ്ടോ? ഇല്ലെന്നാണ്‌ ഉത്തരം.

എന്നിട്ടെന്തേ കഴിവുള്ളവര്‍ നിയമസഭകളില്‍ എത്തുന്നില്ല എന്ന ചോദ്യത്തിനാണ്‌ അഹമ്മദ്‌ സാഹിബേ താങ്കളുള്‍പ്പെടെയുള്ള മഹാന്മാര്‍ ഉത്തരം കണ്ടെത്തേണ്ടത്‌. ഇന്നലെ, ഒറ്റയടിക്ക്‌ പത്ത്‌ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച്‌ ഐഎസ്‌ആര്‍ഒയിലെ മിടുക്കന്മാരായ ശാസ്ത്രജ്ഞരും സാങ്കേതിക പ്രവര്‍ത്തകരും ഇന്ത്യക്ക്‌ ചരിത്രനേട്ടം കുറിച്ച ദിവസമായിരുന്നു.പാര്‍ലമെന്റില്‍ ടി.ആര്‍. ബാലു എന്ന മന്ത്രിസത്തമനെ മന്‍മോഹന്‍സിംഗ്‌ എന്ന പ്രധാനമന്ത്രിസത്തമന്‍ സംരക്ഷിക്കുന്നുവെന്നും അഴിമതിക്കാരനായ ബാലുവിനെ പുറത്താക്കണമെന്നും പാര്‍ലമെന്റിനകത്ത്‌ ചവിട്ടുനാടകം നടത്തിയതും ഇന്നലെത്തന്നെ! തത്സമയ സംപ്രേക്ഷണം കണ്ട്‌ ആവേശം കേറി നാട്ടുകാര്‍ തമ്മില്‍ അടിവീഴേണ്ടല്ലോയെന്നു കരുതി സ്പീക്കര്‍ അന്നേരം, ഹാളിലെ ലൈറ്റും മൈക്കും ഓഫാക്കിവച്ചു!

പാര്‍ലമെന്റിന്റെ നിലവാരം ഉയര്‍ത്താന്‍, ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്മാരെക്കൊണ്ട്‌ വലിയൊരു റോക്കറ്റുണ്ടാക്കി ഇവന്മാരെ ബഹിരാകാശത്തേക്കെങ്ങാന്‍ കയറ്റിവിടാന്‍ പറ്റുമോയെന്ന്‌ പൗരന്മാര്‍ ആലോചിച്ചുപോയാല്‍ തെറ്റുണ്ടോ? തിരുവന്ത്വോരം നിയമസഭാ സെമിനാറില്‍ നൂറ്റിനാല്‍പ്പതില്‍ പതിനഞ്ച്‌ എംഎല്‍എമാര്‍ മാത്രമാണ്‌ പങ്കെടുത്തത്‌! പങ്കെടുത്തവരെ സ്തുതിക്കുക!

വ്യാജ സിഗരറ്റ്‌ വ്യാപകം

കെ.പി.അജികുമാര്‍

കൊച്ചി: അനധികൃത സിഗരറ്റുകള്‍ വിപണിയില്‍ വ്യാപകം. നികുതി ഇനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു കോടികളുടെ നഷ്ടം. ഇത്തരം സിഗരറ്റുകള്‍ ഉപയോഗിക്കുന്നവരുടെ ആരോഗ്യത്തിനു ഗുരുതരമായ ഭീഷണിയെന്നു പരാതി.

സിഗരറ്റ്‌ വിപണിയിലെ മുന്‍നിരക്കാരായ ഇന്ത്യന്‍ ടുബാക്കോ കമ്പനി ഫില്‍റ്റര്‍ ഇല്ലാത്ത ഇനം സിഗരറ്റുകളുടെ വിപണനം നിര്‍ത്തിവച്ചതാണ്‌ അനധികൃത സിഗരറ്റുകള്‍ വ്യാപകമാകാന്‍ ഇടയാക്കിയത്‌.

ഫില്‍റ്റര്‍ ഇല്ലാത്ത സിഗരറ്റുകളുടെ എക്സൈസ്‌ തീരുവ 100 പായ്ക്കറ്റിന്‌ 562.38 രൂപയില്‍നിന്ന്‌ 1362.69ഉം മിനി സിസറിന്‌ 173.04 രൂപയില്‍നിന്ന്‌ 843.57 ആയും കേന്ദ്ര സര്‍ക്കാര്‍ ഇക്കൊല്ലത്തെ ബജറ്റില്‍ ഉയര്‍ത്തി. ഇതോടെയാണ്‌ ഐടിസി ഉല്‍പാദനം നിയന്ത്രിച്ചതെന്നു പറയുന്നു.

എക്സൈസ്‌ ഡ്യൂട്ടികൂടി ചേര്‍ത്താല്‍ ഫില്‍റ്ററില്ലാത്ത സിഗരറ്റിന്‌ ഫില്‍റ്ററുള്ളതിനേക്കാള്‍ കൂടിയ വില വരും. വിപണിയില്‍ കിട്ടാതായതോടെയാണ്‌ മറ്റു ബ്രാന്‍ഡുകളുടെ രംഗപ്രവേശം. പല ബ്രാന്‍ഡുകളും പായ്ക്കറ്റിനു 3.5 രൂപയ്ക്കു വരെ കച്ചവടക്കാര്‍ക്കു ലഭിക്കും. ഇവയില്‍ രേഖപ്പെടുത്തിയ പരമാവധി വില 15 മുതല്‍ 20 രൂപ വരെയാണ്‌. ആറു മുതല്‍ 15 രൂപ വരെ ചില്ലറ കച്ചവടക്കാര്‍ ഈടാക്കുന്നുണ്ട്‌.

സിഗരറ്റ്‌ വില്‍പന വഴി 12.5 % വാറ്റും ഒരു ശതമാനം സെസും കേരളത്തിനു കിട്ടുന്നു. എന്നാല്‍ വ്യാജ ബ്രാന്‍ഡുകള്‍ നികുതി വെട്ടിച്ചു കടത്തിക്കൊണ്ടു വരുന്നതിനാല്‍ ഇതു സംസ്ഥാനത്തിനു നഷ്ടമാണ്‌. ഇവയ്ക്ക്‌ അംഗീകൃത മൊത്ത വില്‍പനക്കാര്‍ ഇല്ല. ചില്ലറ കച്ചവടക്കാര്‍ക്കു ബില്ലും നല്‍കുന്നില്ല.

വിദേശത്തു നിര്‍മിക്കുന്നതെന്നു രേഖപ്പെടുത്തിയ സിഗരറ്റുകളും കൂട്ടത്തിലുണ്ട്‌. എന്നാല്‍, ഇവയില്‍ എംആര്‍പിയും നിര്‍മാണ തീയതിയും രേഖപ്പെടുത്തിയിട്ടില്ല. ഐടിസി ഉള്‍പ്പെടെ പ്രമുഖ ബ്രാന്‍ഡുകള്‍ നിര്‍മാണ തീയതിക്കു മൂന്നു മാസത്തിനകം വിറ്റുപോയില്ലെങ്കില്‍ തിരിച്ചെടുക്കുന്നു. അതേസമയം ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ മിക്ക ഇനങ്ങളും നിര്‍മിച്ച്‌ എട്ട്‌ -10 മാസം കഴിഞ്ഞവയാണ്‌. ഇത്‌ ആരോഗ്യത്തിനു കടുത്ത ഭീഷണിയാകുന്നു.

ഫില്‍റ്റര്‍ ഇല്ലാത്ത സിഗരറ്റുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഇത്തരം ഇനങ്ങള്‍ക്കു തീരുവ കൂട്ടിയത്‌.

ശരീരത്തില്‍ നിക്കോട്ടിന്‍ ഉള്‍പ്പെടെ വിഷാംശങ്ങളുടെ ആഗിരണശേഷി ഫില്‍റ്റര്‍ പരിധിവരെ തടയുന്നുണ്ട്‌. സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെ തകിടംമറിക്കുന്നതാണു പുതിയ ഇനങ്ങളുടെ അനിയന്ത്രിതമായ വില്‍പനയെന്ന്‌ ആരോഗ്യപ്രവര്‍ ത്തകര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചു പരാതിയൊന്നും കിട്ടിയിട്ടില്ലെന്നാണ്‌ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ പറയുന്നത്‌. പരാതി കിട്ടിയാല്‍ നടപടിയെടുക്കുമെന്നും അവര്‍ അറിയിച്ചു.

നികുതി വെട്ടിച്ചു കടത്തുന്ന സിഗരറ്റുകള്‍ പിടികൂടാന്‍ വാണിജ്യ നികുതി വകുപ്പ്‌ പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും ഫലപ്രദമായിട്ടില്ല.

ശ്രീശാന്തിനെന്താ കൊമ്പുണ്ടോ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ (ഐപിഎല്‍) ട്വന്റി ട്വന്റി മത്സരത്തിനിടയില്‍ കിംഗ്സ്‌ ഇലവന്‍ പഞ്ചാബും മുബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിനൊടുവില്‍, മുംബൈ ടീമിന്റെ ആക്ടിംഗ്‌ ക്യാപ്റ്റന്‍ ഹര്‍ബജന്‍ സിംഗ്‌ കിംഗ്സ്‌ ഇലവന്‍ പഞ്ചാബിന്റെ ശ്രീശാന്തിനെ കരണത്തടിച്ചത്‌ ഏറെ വിവാദമായ സംഭവമാണ്‌.

മാന്യന്മാരുടെ കളിയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റിനെ വികസിച്ചുകൊണ്ടിരിക്കുന്ന പല അമാന്യതകളില്‍ (അതിലൊന്നാണല്ലോ ഇപ്പോള്‍ ഐപിഎല്‍ മത്സരവേദിയിലെ ഉത്സാഹസുന്ദരികള്‍) ഏറ്റവും ഗൗരവമേറിയതാണ്‌ കളിക്കാര്‍ തമ്മിലുള്ള വാക്പയറ്റും കൈയാങ്കളിയും.

ഹര്‍ബജന്‍ - ശ്രീശാന്ത്‌ സംഭവം പുതിയതല്ല. എന്നാല്‍ അത്‌ വന്‍ വാര്‍ത്താപ്രാധാന്യം നേടുകയുണ്ടായി. തുടര്‍ന്നു നടന്ന അന്വേഷണത്തിന്റെ ഒടുവില്‍ ഹര്‍ബജന്‌ ഐപിഎല്ലിലെ 11 മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തുകയും മാച്ച്‌ ഫീ ആയ 2.67 കോടി രൂപ പിഴ ചുമത്തുകയും, ശ്രീശാന്തിനെ തല്ലുന്നതില്‍ നിന്ന്‌ ഹര്‍ബജനെ തടയാതിരുന്നതിന്‌ മുബൈ ഇന്ത്യന്‍ കോച്ച്‌ ലാല്‍ചന്ദ്‌ രാജ്പുടിന്‌ മാച്ച്‌ ഫീയുടെ 50 ശതമാനം പിഴ ചുമത്തുകയും ചെയ്തു.

കളിക്കിടെ ആക്രമണോത്സുകത അതിരുകടന്നാല്‍ ഗൗരവമായ നടപടി ഉണ്ടാകുമെന്ന്‌ ശ്രീശാന്തിന്‌ മാച്ച്‌ റഫറി ഫറൂഖ്‌ എഞ്ചിനീയര്‍ താക്കീത്‌ നല്‍കുകയും ചെയ്തു.

ഒരേ കുറ്റത്തിന്‌ രണ്ട്‌ ശിക്ഷയെന്ന നീചമായ നീതിനടത്തിപ്പാണ്‌ ഇക്കാര്യത്തില്‍ ഐപിഎല്ലും മാച്ച്‌ റഫറിയും സ്വീകരിച്ചത്‌.

കളിക്കളത്തില്‍ അഗ്രസീവ്നസ്‌ (ശൗര്യം) പ്രകടിപ്പിക്കുന്നതില്‍ ശ്രീശാന്തും ഹര്‍ബജന്‍സിംഗും ഒന്നിനൊന്ന്‌ മെച്ചമാണ്‌! ഇവരുടെ ഈ വൃത്തികെട്ട സ്വഭാവം മൂലം ഇന്ത്യന്‍ ടീമിന്‌ ആകെത്തന്നെയും ഇന്ത്യയ്ക്കും പലപ്പോഴും മാനക്കേടുണ്ടായിട്ടുണ്ട്‌, വിചാരണയ്ക്ക്‌ മറ്റ്‌ ഇന്ത്യന്‍ കളിക്കാര്‍ വിധേയരായിട്ടുമുണ്ട്‌.

ഓസ്ട്രേലിയയുടെ ഒടുവിലത്തെ ഇന്ത്യന്‍ പര്യടനവേളയില്‍ സന്ദര്‍ശക ടീമംഗങ്ങളോട്‌, പ്രത്യേകിച്ച്‌ സിമണ്ട്സിനോട്‌ അത്യന്തം അപലപനീയമായാണ്‌ ശ്രീശാന്ത്‌ പെരുമാറിയത്‌. പ്രായത്തിന്റെ പക്വതക്കുറവും കളിയിലുള്ള ആവേശവും പോരാട്ടവീര്യവുമൊക്കെയാണ്‌ ഇത്തരം പെരുമാറ്റത്തിന്‌ കാരണമെന്ന്‌ പറഞ്ഞ്‌ ഇന്ത്യക്കാരും ഓസ്ട്രേലിയയിലെ ക്രിക്കറ്റ്‌ ആരാധകരും ഓസ്ട്രേലിയന്‍ ടീമംഗങ്ങളും ശ്രീശാന്തിന്റെ അമാന്യതയെ ലഘൂകരിച്ച്‌ കാണുകയാണ്‌ അന്നുണ്ടായത്‌. ഈ സംഭവത്തില്‍നിന്ന്‌ പാഠം ഉള്‍ക്കൊണ്ട്‌ വിവേകപൂര്‍വ്വം പെരുമാറുന്നതിന്‌ പകരം ടീമും നാട്ടുകാരും തന്റെ പിന്നിലുണ്ട്‌ എന്ന അഹന്തയില്‍ വീണ്ടും വീണ്ടും പ്രകോപനത്തിന്റെ ബൗണ്‍സറുകളും ഇന്‍സ്വിംഗറുകളും ഔട്ട്സ്വിംഗറുകളും യോര്‍ക്കറുകളും ഒക്കെയാണ്‌ വാക്കുകളായും ഭാവങ്ങളായും ശ്രീശാന്തില്‍ നിന്നുണ്ടായത്‌.

ഓസ്ട്രേലിയന്‍ പര്യടന കാലത്തായിരുന്നു ഹര്‍ബജന്റെ അഹന്ത 'തലമുടി അഴിച്ചാടിയത്‌'. ഇവിടെയും വിരുദ്ധപരാമര്‍ശത്തിനും പ്രകോപനത്തിനും ഇരയായത്‌ ആസ്ട്രേലിയന്‍ ടീമിലെ ആദിവാസി വംശജനായ സിമണ്ട്സായിരുന്നു. ഒരു ഘട്ടത്തില്‍ 'മങ്കി' എന്നുപോലും വിളിച്ച്‌ ഹര്‍ബജന്‍ സിമണ്ട്സിനെ പരിഹസിച്ചു. ഇതിന്റെ പേരിലുണ്ടായ വിവാദം കനത്തതായിരുന്നു. ഇന്ത്യന്‍ ടീമിന്റെ പര്യടനം പാതിവഴിയില്‍ വച്ച്‌ അവസാനിക്കുമോ എന്നുവരെ സന്ദേഹിച്ച സംഭവങ്ങളാണ്‌ തുടര്‍ന്നുണ്ടായത്‌. ആസ്ട്രേലിയന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നടത്തിയ അന്വേഷണത്തില്‍ 'മങ്കി എന്നല്ല 'മാ കി' എന്നാണ്‌ പ്രയോഗിച്ചതെന്ന്‌' വാക്കുമാറ്റിപ്പറഞ്ഞാണ്‌ ഹര്‍ബജന്‍ അന്ന്‌ ശിക്ഷയില്‍നിന്ന്‌ ഒഴിവായത്‌. നഗ്നമായ വംശീയ അധിക്ഷേപമാണ്‌ ഹര്‍ബജന്‍ നടത്തിയതെന്നറിഞ്ഞിട്ടും ഇന്ത്യന്‍ ടീമും ഒഫിഷ്യല്‍സും ഇന്ത്യയിലെ പ്രേക്ഷകരും ക്രിക്കറ്റ്‌ പ്രേമികളും ഒരേമനസോടെ ഹര്‍ബജനെ പിന്താങ്ങുകയാണ്‌ അന്നുണ്ടായത്‌.

ഈ രണ്ട്‌ നെറികെട്ട കളിക്കാരുടെ പെരുമാറ്റങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനുതന്നെ നാണക്കേടുണ്ടാക്കിയതാണ്‌. എന്നിട്ടും എല്ലാവരും അവരോട്‌ ക്ഷമിച്ചത്‌ കളിക്കളത്തില്‍ അവര്‍ പ്രകടിപ്പിച്ച പോരാട്ടവീര്യവും മികവും കണക്കിലെടുത്താണ്‌. എന്നുവച്ച്‌ എല്ലായ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികളെയും ഒഫിഷ്യല്‍സിനെയും വിഡ്ഢികളാക്കാമെന്ന്‌ കരുതിയ ശ്രീശാന്തും ഹര്‍ബജനുമാണ്‌ പമ്പരവിഡ്ഢികള്‍. ആ വിഡ്ഢിത്തത്തിന്‌ ലഭിച്ച ശിക്ഷയാണ്‌ ഇപ്പോള്‍ ഇരുവരും അനുഭവിക്കുന്നത്‌.

ഇവിടെയാണ്‌ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നത്‌. ശ്രീശാന്തിനെന്താ കൊമ്പുണ്ടോ? ഒരേ കുറ്റത്തില്‍ പ്രതിയായ ശ്രീശാന്തിന്‌ താക്കീതും ഹര്‍ഭജന്‌ വിലക്കും പിഴയും ചുമത്തിയത്‌ ഒരുവിധത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ "അഹങ്കാരത്തിന്‌ കൈയും കാലും മുളച്ചതാണ്‌" ശ്രീശാന്തും ഹര്‍ബജനുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇവരേക്കാള്‍ അഗ്രസീവായ നിരവധി കളിക്കാരെ ഇന്ത്യന്‍ ക്രിക്കറ്റിലും ലോകക്രിക്കറ്റിലും കണ്ടിട്ടുണ്ട്‌. എന്നാല്‍ പണക്കൊഴുപ്പിന്റെ അഹന്തയില്‍ തലമറന്ന്‌ എണ്ണ തേക്കുന്ന ഇവരെപ്പോലെയുള്ള കളിക്കാര്‍ മറ്റൊരിടത്തും ഇല്ലതന്നെ. സംഭവദിവസം ഹര്‍ബജന്റെ ടീമിനെ ശ്രീശാന്തിന്റെ ടീം കളിയില്‍ തോല്‍പ്പിച്ചിരുന്നു. തോറ്റ ക്യാപ്റ്റന്റെ അടുത്തുചെച്ച്‌ 'മൊട' കാണിച്ചതിനാണ്‌ ശ്രീശാന്തിനെ ഹര്‍ഭജന്‍ തല്ലിയത്‌. അതായത്‌ ശ്രീശാന്ത്‌ മാന്യമായി പെരുമാറിയിരുന്നെങ്കില്‍ ഹര്‍ഭജന്‍ ക്ഷുഭിതനാവുകയില്ലായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ കുറ്റം ചെയ്യുന്നതിനേക്കാള്‍ അതിന്‌ പ്രേരണ നല്‍കുന്നതാണ്‌ കൂടുതല്‍ ശിക്ഷാര്‍ഹം. ആ ഭൂമികയില്‍ കൂടുതല്‍ ശിക്ഷ ലഭിക്കേണ്ടിയിരുന്നത്‌ ശ്രീശാന്തിനായിരുന്നു. അതിന്‌ തയ്യാറാകാതിരുന്ന ഐപിഎല്‍ ഒഫിഷ്യല്‍സ്‌ ഹര്‍ബജനോട്‌ കാണിച്ചത്‌ കടുത്ത നീതികേടാണ്‌. മാത്രമല്ല, ഈ നടപടി ശ്രീശാന്തിന്റെയും ശ്രീശൈലത്തിന്റെയും അഹങ്കാരം വര്‍ദ്ധിപ്പിക്കാന്‍ മാത്രമെ സഹായകമാകൂ. അതുകൊണ്ട്‌ വീണ്ടും ചോദിച്ച്‌ പോകുകയാണ്‌ ശ്രീശാന്തിനെന്താ കൊമ്പുണ്ടോ ഫറൂഖ്‌ എഞ്ചിനീയറേ, ശരത്‌ പവാറേ...?

Monday, April 28, 2008

ചൊറിയുമ്പോള്‍ അറിയും!

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചതിന്‌ പറഞ്ഞൊരു ഞായമുണ്ട്‌. പോയ മൂന്നു വര്‍ഷങ്ങളില്‍ കേന്ദ്രം അനുവദിച്ച അരി മുഴുവന്‍ കേരളം വാങ്ങിയില്ലായെന്നതാണ്‌ ആ കാര്യം.

കുറെക്കാലമായി റേഷന്‍കട എന്ന സംവിധാനത്തെ മലയാളികള്‍ കൈവിട്ടുകളഞ്ഞതിന്റെ പരിണതഫലം. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും. പൊതുവിപണിയില്‍ അരിവില പിടിച്ചാല്‍ കിട്ടാതെ ഉയര്‍ന്നുയര്‍ന്നു പോയപ്പോഴാണ്‌ മലയാളിക്ക്‌ ചൊറിഞ്ഞത്‌. നേരെ ഓടി റേഷന്‍ കടയിലേക്ക്‌. അവിടെ അരിയുമില്ല, പൊരിയുമില്ല!

പത്തുപതിനഞ്ചു വര്‍ഷം കൊണ്ട്‌ മലയാളി നേടിയ പൊങ്ങച്ച പുരോഗതിയാണ്‌ റേഷന്‍ കടകളെ നാമമാത്രമായ സംവിധാനമാക്കി തകര്‍ത്തത്‌. ആദ്യകാലത്ത്‌ ന്യായവില ഷാപ്പ്‌ എന്നായിരുന്നു റേഷന്‍കടകളുടെ പേര്‌. കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല; സന്മനസുള്ള സകല മനുഷ്യരും സഖാവ്‌ എന്നുമാത്രം ആദരവോടെ സംബോധന ചെയ്യുന്ന സഖാവ്‌ പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടത്തിലൂടെ നേടിയ സ്റ്റാറ്റ്യൂട്ടറി റേഷനിംഗ്‌ എന്ന അവകാശമാണ്‌ ന്യായവില ഷാപ്പുകളിലൂടെ നടപ്പിലായിരുന്നത്‌. അക്കാലത്ത്‌ റേഷനരിക്കും പഞ്ചസാരക്കും മണ്ണെണ്ണയ്ക്കും പത്തോപതിനഞ്ചോ പൈസ കിലോയ്ക്ക്‌ വര്‍ധിപ്പിച്ചാല്‍ പോലും കേരളത്തില്‍ ശക്തമായ സമരങ്ങള്‍ നടന്നിരുന്നു. അഞ്ചുപൈസയെങ്കിലും കുറപ്പിച്ചിട്ടേ ആ സമരങ്ങള്‍ അവസാനിച്ചിരുന്നുള്ളൂ!

പുരോഗതിയിങ്ങു മലവെള്ളപ്പാച്ചില്‍ പോലെ വന്നപ്പോള്‍ ന്യായവില ഷാപ്പിന്റെ പേരുപോലും മാറ്റി നമ്മുടെ ജനായത്ത ഭരണക്കാര്‍! ഇപ്പോഴത്തെ പേര്‌ പൊതുവിതരണ കേന്ദ്രമെന്നത്രെ! പൊതുവിതരണ കേന്ദ്രത്തില്‍ നീതിയും ന്യായവുമൊന്നും വേണമെന്നു നിര്‍ബന്ധമില്ലല്ലോ!

റേഷന്‍ കാര്‍ഡുടമകളെ രണ്ടാക്കി വിഭജിച്ചു കൊണ്ടായിരുന്നു അടുത്ത തിരിച്ചടി. പിന്നെ വില കൂടുമ്പോള്‍ സമരം ചെയ്യാന്‍ ബിപിഎല്ലുകാരുമാത്രമായി. പതിയെ പതിയെ റേഷന്‍ വില വര്‍ധിപ്പിച്ചാലെന്ത്‌, ഇല്ലെങ്കിലെന്ത്‌ മലയാളികള്‍ ഒന്നാകെ കമ്പ്യൂട്ടറൈസ്ഡ്‌ സോര്‍ട്ടക്സ്‌ റൈസ്‌ തുടങ്ങിയ പേരുകളില്‍ നയനമനോഹര ബ്രാന്റുകളില്‍ റെഡ്‌ ഓക്സയിഡ്‌ ചേര്‍ത്ത്‌ നിറം മാറ്റിക്കിട്ടുന്ന റേഷനരി തന്നെ കൂടിയ വിലകൊടുത്തു വാങ്ങി തിന്നു വയറുകേടാക്കാന്‍ തുടങ്ങി!

വീണ്ടും മലയാളികള്‍ റേഷന്‍കടകള്‍ അന്വേഷിച്ചുപോകുന്നു. പഴയതിലേക്ക്‌ തിരിച്ചുപോവുക അത്ര എളുപ്പമല്ലയെന്ന്‌ വൈകിയാണെല്ലാവരും പഠിക്കുന്നത്‌.

കാട്ടില്‍ കായ്കനികള്‍ തിന്നും കാട്ടരുവികളില്‍ നിന്നും കുടിച്ചും പുലര്‍ന്ന പഴയൊരു കാലം മനുഷ്യനുണ്ട്‌. ഇനി ആ സുവര്‍ണകാലത്തിലേക്ക്‌ തിരിച്ചുപോകാനൊക്കില്ല. ഇനി നമുക്ക്‌ പാര്‍ക്കാന്‍ കോണ്‍ക്രീറ്റ്‌ കാടുകള്‍ മാത്രമേയുള്ളൂ.
നോക്കൂ, കാക്കകള്‍ ഇപ്പോള്‍ കൂടുകൂട്ടുന്നത്‌ വൈന്റിംഗ്‌ വയറുകള്‍ കൊണ്ടാണ്‌. ചകിരിയും മുള്ളും കിട്ടാത്ത ലോകത്ത്‌ കിട്ടാവുന്ന സാമഗ്രികള്‍കൊണ്ട്‌ കാക്കകള്‍ അത്യാധുനികമായ കൂടുകളുണ്ടാക്കുന്നു. റേഷനരിയും അല്ലാത്ത അരിയും കിട്ടാത്ത കാലത്ത്‌ വേറെന്തങ്കിലുമൊക്കെ തിന്നു ശീലിക്കുക മാത്രമാണ്‌ ബുദ്ധി!

കാതുകുത്തിയവന്‍ പോയപ്പോള്‍ കടുക്കനിട്ടവള്‍ വന്നു

പഴഞ്ചൊല്ലില്‍ പതിരില്ല എന്ന ചൊല്ല്‌ അന്വര്‍ത്ഥമാക്കുകയാണ്‌ എറണാകുളത്തിന്റെ വനിതാ സാരഥി ഡോ. എം. ബീന. കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും എന്ന പഴമൊഴി, വര്‍ത്തമാനകാല ജില്ലാ ഭരണത്തിന്റെ സ്ത്രൈണ ഭംഗിക്കനുസരിച്ച്‌ കടുക്കനിട്ടവള്‍ എന്ന്‌ ലിംഗമാറ്റം നടത്തിയതൊഴിച്ചാല്‍ ബാക്കിയെല്ലാം പണ്ടുള്ളവര്‍ പറഞ്ഞതുപോലെതന്നെയാണ്‌.

മൂന്നരവര്‍ഷം ജില്ല ഭരിച്ച്‌ നല്ലപേരു നേടിയ എ.പി.എം. മുഹമ്മദ്‌ ഹനീഷ്‌ മൂലമ്പിള്ളിയിലാണ്‌ തന്റെ 'യശസ്‌' കളഞ്ഞുകുളിച്ചത്‌. വികസനത്തിന്റെ പേരില്‍ മുതലെടുപ്പ്‌ നടത്തുന്ന വരേണ്യവര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക്‌ പോലീസ്‌ സംരക്ഷണം നല്‍കി മൂലമ്പിള്ളിയിലെ നിസ്സഹായരെ പെരുവഴിയിലിറക്കി പുരോഗതിയുടെ നാലുവരിപ്പാത ഒരുക്കുകയായിരുന്നു കളക്ടര്‍.

അതേ നാണയത്തില്‍, അതിലും അല്‍പ്പം കൂടി ശൗര്യത്തിലാണ്‌ പുതിയ കളക്ടര്‍ വല്ലാര്‍പാടം റെയില്‍ പദ്ധതിയുടെ തടസം നീക്കാന്‍ ഇടപ്പള്ളി പോണേക്കര ഭാഗത്ത്‌ വീടുകള്‍ പോലീസിന്റെ സഹായത്തോടെ പൊളിച്ചടുക്കിയതും അവിടുത്തെ താമസക്കാരെ കുടിയിറക്കിയതും. കഴിഞ്ഞ വ്യാഴാഴ്ച കുടിയിറക്കാനെത്തിയ ഉദ്യോഗസ്ഥരെ തദ്ദേശവാസികള്‍ ചെറുത്തതുകൊണ്ട്‌ കൂടുതല്‍ പോലീസ്‌ സന്നാഹത്തോടെ എത്തി മൂലമ്പിള്ളി ആവര്‍ത്തിക്കുകയായിരുന്നു പോണേക്കരയിലും ജില്ലാ ഭരണകൂടം. ഇതിന്‌ കളക്ടര്‍ ബീനക്ക്‌ സ്ത്രൈണത മുറ്റിയ ഒരു 'ഞായം' പറയാനുമുണ്ട്‌. റെയില്‍വേയ്ക്ക്‌ അവകാശപ്പെട്ട സ്ഥലത്തുനിന്ന്‌ താമസക്കാരെ കുടിയൊഴിപ്പിക്കുമ്പോള്‍ അത്‌ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയായതുകൊണ്ട്‌ അതിലിടപെടാന്‍ ജില്ലാ ഭരണകൂടത്തിന്‌ കഴിയുകയില്ല എന്നാണത്‌.

കേന്ദ്ര സര്‍ക്കാരിന്റെ ഏതു പദ്ധതിയും ഇന്ത്യയിലെ ഏത്‌ സംസ്ഥാനത്ത്‌ നടപ്പിലാക്കിയാലും അതിനാവശ്യമായ സ്ഥലം ഏറ്റെടുത്ത്‌ നല്‍കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്‌. വികസനത്തിന്റെ ഇത്തരം പുതിയ പദ്ധതികള്‍ക്കായി തദ്ദേശവാസികളെ കുടിയിറക്കുമ്പോള്‍ പുനരധിവാസ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷമേ പാടുള്ളൂവെന്ന്‌ കേരള ഹൈക്കോടതിയും രാജ്യത്തെ പരമോന്നത നീതിപീഠവും നിരവധി ഉത്തരവുകളിലൂടെ സര്‍ക്കാരുകള്‍ക്ക്‌ കൃത്യമായ കാര്യനിര്‍വഹണ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കളക്ടര്‍ ബീനയ്ക്ക്‌ ഇക്കാര്യം അറിയില്ലാ എന്നു പറഞ്ഞാല്‍ അത്‌ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളൊന്നുമല്ല, വികസനപരിപാടികള്‍ ഏറെയുള്ള എറണാകുളം ജില്ലയിലെ ജനങ്ങള്‍. അതായത്‌ വല്ലാര്‍പാടം റെയില്‍ പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുത്ത്‌ നല്‍കുന്നത്‌ സംസ്ഥാന സര്‍ക്കാരും റവന്യു ഡിപ്പാര്‍ട്ടുമെന്റുമാണ്‌. അതുകൊണ്ടുതന്നെ കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസത്തിന്റെ ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനാണ്‌. അക്കാര്യം മറച്ചുവച്ച്‌ കളക്ടര്‍ നിസ്സഹായത ഭാവിക്കുമ്പോള്‍ തീര്‍ച്ചയായും അവര്‍, ചാര്‍ജെടുത്ത ഉടനെ നല്‍കിയ വാഗ്ദാനം 'അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുകയായിരുന്നു'വെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കു സംശയമില്ല.

വല്ലാര്‍പാടം പദ്ധതിയുമായി ബന്ധപ്പെട്ടാണ്‌ മൂലമ്പിള്ളിയിലും പോണേക്കരയിലും കുടിയിറക്ക്‌ നടത്തിയിട്ടുള്ളത്‌. മഞ്ഞുമ്മല്‍ അടക്കമുള്ള മറ്റ്‌ സ്ഥലങ്ങളില്‍ ഇനി നടത്താനുള്ള കുടിയിറക്കും ഈ പദ്ധതിക്ക്‌ വേണ്ടിതന്നെയാണ്‌. ഒരു പദ്ധതിക്കുവേണ്ടി വിവിധ സ്ഥലങ്ങളില്‍ കുടിയിറക്ക്‌ നടത്തുമ്പോള്‍ പുനരധിവാസത്തിന്‌ വിവിധ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നത്‌ ഒരു മുറ്റത്ത്‌ നടത്തുന്ന രണ്ട്‌ കച്ചവടത്തേക്കാള്‍ നിന്ദ്യമായ നടപടിയാണ്‌.

മൂലമ്പിള്ളിയില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക്‌ ആറ്‌ സെന്റ്‌ ഭൂമിയും ആറുമാസത്തെ വാടകയിനത്തിലും ട്രാന്‍സ്പോര്‍ട്ടിംഗ്‌ ഇനത്തിലും 60,000 രൂപയും വീതം നല്‍കിയപ്പോള്‍ പോണേക്കരയില്‍ കുടിയിറക്കപ്പെടുന്നവര്‍ക്ക്‌ നല്‍കാന്‍ നിശ്ചയിച്ചിട്ടുള്ളത്‌ 15,000 രൂപ മാത്രമാണ്‌. തീരുന്നില്ല അവഗണനയുടെ ദുര്‍മുഖം. കുടിയിറക്കിനു മുന്‍പ്‌ നാല്‌ സെന്റ്‌ ഭൂമി നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇപ്പോള്‍ മൂന്ന്‌ സെന്റ്‌ ഭൂമിയേ നല്‍കുകയുള്ളൂ എന്നാണ്‌ ജില്ലാ ഭരണകൂടത്തിന്റെ ശാഠ്യം. മാത്രമല്ല, പുനരധിവാസം നടത്തേണ്ട സ്ഥലത്തിന്റെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായിട്ടുമില്ല.

മെച്ചപ്പെട്ട പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാരുമായി ആലോചിച്ച്‌ നടപടിയെടുത്തശേഷമേ വീടുകള്‍ പൊളിക്കൂ എന്നായിരുന്നു ജില്ലാ ഭരണകൂടം നല്‍കിയ ഉറപ്പ്‌. ആ ഉറപ്പ്‌ പോലീസിനെ ഉപയോഗിച്ച്‌ പൊളിച്ചുകൊണ്ടാണ്‌ പോണേക്കരയിലെ നിസ്സഹായരെ പെരുവഴിയിലേക്ക്‌ ബീനയുടെ ഭരണം ഇറക്കിവിട്ടിരിക്കുന്നത്‌.

ഇവിടെ ബീന, ചാര്‍ജെടുത്ത ആദ്യ ദിവസം നല്‍കിയ മറ്റൊരു വാഗ്ദാനവും പോലീസ്‌ നടപടികളാല്‍ തരിപ്പണമാക്കിയിട്ടുണ്ട്‌. വികസനത്തിനുവേണ്ടി കുടിയിറക്കപ്പെടുന്നവരെ അര്‍ഹിക്കുന്ന അവകാശങ്ങള്‍ നല്‍കി ആദരിക്കുകയും അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കുമെന്നുമായിരുന്നു മാഡത്തിന്റെ കേള്‍ക്കാന്‍ ഇമ്പമുള്ള ഉറപ്പ്‌.

അതെല്ലാം വിസ്മരിച്ച്‌ വികസനത്തിന്റെ പേരില്‍ മുതലെടുപ്പിന്റെ ശക്തികള്‍ക്ക്‌ വീഥിയൊരുക്കാന്‍ നിസ്സഹായരും നിര്‍ധനരുമായ സാധാരണക്കാരെ തെരുവിലിറക്കിവിടാനാണ്‌ കളക്ടര്‍ ബീനയും ഇപ്പോള്‍ ശൗര്യം കാണിച്ചിട്ടുള്ളത്‌.

ജില്ലയുടെ ഭരണം ഇപ്പോള്‍ വനിതകളുടെ കൈയിലാണ്‌. സഹനം മാത്രമല്ല, സഹാനുഭൂതിയും സ്നേഹവും സ്ത്രീകളുടെ മുഖമുദ്രയായിട്ടാണ്‌ പറയപ്പെടുന്നത്‌. മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങളോട്‌ പുരുഷന്മാരേക്കാള്‍ ഗാഢമായി പ്രതികരിക്കുന്നത്‌ സ്ത്രീകളാണ്‌. യഥാര്‍ത്ഥത്തില്‍ എല്ലാ പ്രശ്നപരിഹാരങ്ങളും പുരുഷനാണ്‌ കണ്ടെത്തുന്നതെന്ന്‌ പറയുന്നുണ്ടെങ്കിലും അതിനുപിന്നിലെ സ്ത്രൈണ പ്രേരണ വിസ്മരിക്കാനാവില്ല. ജില്ലയുടെ ഭരണനേതൃത്വത്തില്‍ ബീനയുള്‍പ്പെടെയുള്ള പ്രഗല്‍ഭരായ അഞ്ച്‌ വനിതകള്‍ എത്തിയപ്പോള്‍ എറണാകുളം ജില്ല അത്യധികം ആഹ്ലാദിച്ചതാണ്‌. പ്രത്യേകിച്ച്‌ സാധാരണക്കാര്‍. അവരുടെ പ്രശ്നങ്ങളോട്‌ ഇനിയെങ്കിലും അനുഭാവപൂര്‍ണമായ സമീപനം ജില്ലാ ഭരണകൂടത്തിന്റെ വിവിധ തട്ടുകളില്‍നിന്ന്‌ ലഭിക്കുമെന്നായിരുന്നു പ്രത്യാശ. അതെല്ലാം തല്ലിത്തകര്‍ത്ത്‌, പോലീസ്‌ സന്നാഹത്തോടെ കുതിച്ച്‌ മുന്നേറുകയാണ്‌ ജില്ലയുടെ വനിതാ സാരഥി.

Saturday, April 26, 2008

സംസ്കൃത സര്‍വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകന്‍ മുസ്ലീം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

  • വയനാട്ടിലേയ്ക്കുള്ള പഠനയാത്രയ്ക്കിടയിലായിരുന്നു പീഡനശ്രമമെന്ന്‌ പരാതി
  • വാത്സല്യം കൊണ്ടാണ്‌ താന്‍ അങ്ങനെ ചെയ്തതെന്ന്‌ അദ്ധ്യാപകന്‍
  • അദ്ധ്യാപകനെ രക്ഷിക്കാന്‍ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ രംഗത്ത്‌
പ്രസീദ പത്മ

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകന്‍ ശിവദാസന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി.

സര്‍വകലാശാലയിലെ എംഎ ഹിസ്റ്ററി നാലാം സെമസ്റ്ററിലെ മുസ്ലീം വിദ്യാര്‍ഥിനിയാണ്‌ വൈസ്‌ ചാന്‍സലര്‍ക്ക്‌ കഴിഞ്ഞ 24ന്‌ ഹിസ്റ്ററി അധ്യാപകനെതിരെ പരാതി നല്‍കിയത്‌.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഹിസ്റ്ററി ഡിപ്പാര്‍ട്ടുമെന്റിലെ വിദ്യാര്‍ഥികള്‍ വയനാട്ടിലേക്ക്‌ പഠനയാത്ര പോയിരുന്നു. കാരാപ്പുഴ ഡാം സന്ദര്‍ശിച്ച്‌ മടങ്ങവേ പരാതിക്കാരിയായ വിദ്യാര്‍ഥിനിക്ക്‌ തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ വാഹനത്തില്‍ മയങ്ങികിടക്കുമ്പോള്‍ അധ്യാപകന്‍ സമീപത്തുചെന്ന്‌ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി പരാതിയില്‍ പറയുന്നു.

സംഭവം വിദ്യാര്‍ഥിനി കൂട്ടുകാരികളോട്‌ പറഞ്ഞെങ്കിലും അധ്യാപകന്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ തങ്ങളുടെ ഭാവിതന്നെ തുലച്ചേക്കുമെന്ന്‌ അവര്‍ പറഞ്ഞതിനെ തുടര്‍ന്ന്‌ മറ്റാരോടും പറഞ്ഞില്ല. കുറച്ചു ദിവസങ്ങള്‍ക്കുശേഷം വിദ്യാര്‍ഥിനി വനിതാ അധ്യാപികമാരോട്‌ വിവരം പറഞ്ഞപ്പോള്‍ അധ്യാപകനെ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ തിരക്കിയിരുന്നു. വാത്സല്യം കൊണ്ടാണ്‌ താന്‍ അങ്ങനെ ചെയ്തതെന്നു പറഞ്ഞ്‌ മാപ്പുപറയുകയും ചെയ്തു.

സര്‍വകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടനയുടെ മുന്‍ സെക്രട്ടറിയും ഇപ്പോഴത്തെ എക്സിക്യൂട്ടീവ്‌ അംഗവുമാണ്‌ ശിവദാസന്‍. ശിവദാസനെ രക്ഷിക്കാന്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഉന്നതന്മാര്‍ രംഗത്തെത്തിയിട്ടുണ്ട്‌.

കിളിരൂര്‍ പീഡനം: മന്ത്രിപുത്രന്മാരെ രക്ഷിക്കാന്‍ അച്യുതാനന്ദന്റെ അടിവലി

കേരളത്തെ ഞെട്ടിച്ച പെണ്‍വാണിഭ കേസുകളില്‍ ഏറ്റവും ക്രൂരമായിരുന്നു കിളിരൂര്‍-കവിയൂര്‍ സംഭവങ്ങള്‍. രണ്ടു മന്ത്രിപുത്രന്മാരടക്കമുള്ള ഉന്നതന്മാരായ കാമപിശാചുക്കള്‍ വലിച്ചുകീറിയ കൗമാരക്കാരികളായ ശാരിയേയും അനഘയേയും അനഘയുടെ കുടുംബാംഗങ്ങളേയും കൊന്നൊടുക്കി തെളിവു നശിപ്പിച്ച്‌ ആ മൃഗങ്ങള്‍ സമൂഹത്തില്‍ ഇന്ന്‌ നെഞ്ചുവിരിച്ചു നടക്കുമ്പോള്‍ അവരെ സംരക്ഷിക്കാന്‍ അച്യുതാനന്ദനെ പോലെയുള്ള സമര്‍പ്പിത മനുഷ്യാവകാശ, സ്ത്രീപക്ഷ വാദി അടിവലി നടത്തുന്നത്‌ ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പിതൃരാഹിത്യമാണ്‌.

പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ എവിടെയെല്ലാം സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം പ്രായത്തിന്റെ ക്ഷീണം വകവയ്ക്കാതെ ഓടിയെത്തുകയും ഇരകള്‍ക്കു വേണ്ടി വാദിക്കുകയും പീഡകര്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുകയും ചെയ്ത മാതൃകാ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു അച്യുതാനന്ദന്‍. അതുകൊണ്ടാണ്‌ ഇപ്പോള്‍ കിളിരൂര്‍ പീഡനക്കേസില്‍ അച്യുതാനന്ദന്റെ ഓഫീസില്‍നിന്നും നടത്തിയ അട്ടിമറിയില്‍ മനസുവല്ലാതെ രോഷം കൊള്ളുന്നത്‌.

ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ സ്ത്രീപീഡകരെ കയ്യാമം വച്ച്‌ തെരുവിലൂടെ നടത്തിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിനുമുന്‍പ്‌ കേരളീയര്‍ക്ക്‌ അച്യുതാനന്ദന്‍ നല്‍കിയ വാഗ്ദാനം. ഈ വാഗ്ദാനത്തില്‍ കേരളത്തിലെ സ്ത്രീസമൂഹം, പീഡിപ്പിക്കപ്പെടുകയും പ്രാന്തവത്കരിക്കപ്പെടുകയും ചെയ്ത ദുര്‍ബല വിഭാഗം പൂര്‍ണമായി വിശ്വസിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അച്യുതാനന്ദന്‍ പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷത്തിന്‌ വോട്ടുചെയ്യുകയുമുണ്ടായി. അച്യുതാനന്ദന്‌ സീറ്റ്‌ നിഷേധിച്ചപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കു പിന്നില്‍ ഈ വികാരത്തിന്റെ ശക്തമായ തള്ളിച്ചയുണ്ടായിരുന്നു. അത്‌ തിരിച്ചറിഞ്ഞാണ്‌ പോളിറ്റ്‌ ബ്യൂറോ അച്യുതാനന്ദന്‌ മത്സരിക്കാന്‍ അനുവാദം നല്‍കിയതും അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കിയതും.

പതിവുകള്‍ തെറ്റിച്ച്‌ പൊതുവേദിയില്‍ സത്യപ്രതിജ്ഞ ചെയ്ത്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ ഈ പ്രതീക്ഷകള്‍ കൂടുതല്‍ ജാജ്വല്യമായി. ഒപ്പം അഴിമതിക്കെതിരായി പുതിയൊരു പോരാട്ടമുഖം ഭരണരംഗത്ത്‌ തുറക്കപ്പെടുമെന്ന വിശ്വാസവും കേരളീയരില്‍ രൂഢമൂലമായി.

എന്നാല്‍ അധികാരത്തിലേറി ദിവസങ്ങള്‍ കഴിയും മുന്‍പുതന്നെ, പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ താന്‍ ഏതെല്ലാം തിന്മകള്‍ക്കെതിരെ പോരാടിയോ ആ ശക്തികള്‍ക്ക്‌ നാണം കെട്ട്‌ കീഴടങ്ങുന്ന ഒരു മുഖ്യമന്ത്രിയെയാണ്‌ ഖേദപൂര്‍വം കേരളം കണ്ടത്‌. ആ ദുരന്തക്കാഴ്ചയുടെ തുടര്‍ച്ചയാണ്‌ കിളിരൂര്‍ പീഡനക്കേസില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും സ്വീകരിച്ചിട്ടുള്ള വഞ്ചന നിറഞ്ഞ നിലപാട്‌.

കിളിരൂര്‍ പീഡനം സംബന്ധിച്ച നിവേദനങ്ങളൊന്നും മുഖ്യമന്ത്രിക്ക്‌ ലഭിച്ചിട്ടില്ലായെന്നാണ്‌ ഇപ്പോള്‍ ഔദ്യോഗികഭാഷ്യം. അതേസമയം ശാരിയുടെ മാതാപിതാക്കളായ സുരേന്ദ്രനും ശ്രീദേവിയും മകള്‍ സ്നേഹയും ഒന്നല്ല മൂന്നുതവണ ഇതുസംബന്ധിച്ച്‌ അച്യുതാനന്ദന്‌ നിവേദനം നല്‍കിയിട്ടുള്ളതാണ്‌. ഇതില്‍ ഒരെണ്ണം കേന്ദ്ര ആഭ്യന്തരമന്ത്രിക്ക്‌ താന്‍ നേരിട്ടയയ്ക്കുമെന്ന്‌ അച്യുതാനന്ദന്‍ സുരേന്ദ്രനും കുടുംബത്തിനും ഉറപ്പു നല്‍കിയതുമാണ്‌. എന്നിട്ടാണിപ്പോള്‍ പറയുന്നത്‌ കിളിരൂര്‍-കവിയൂര്‍ കേസുകള്‍ സംബന്ധിച്ച്‌ നിവേദനങ്ങളോ പരാതികളോ ലഭിച്ചിട്ടില്ലെന്ന്‌. ഓര്‍ക്കണം, ഈ പീഡനങ്ങളുടെ ജീവിക്കുന്ന ഇരകളായ സ്നേഹയ്ക്കും നാരായണന്‍ നമ്പൂതിരിയുടെ മാതാവിനും നഷ്ടപരിഹാരത്തുക നേരിട്ട്‌ നല്‍കിയത്‌ മുഖ്യമന്ത്രി അച്യുതാനന്ദനായിരുന്നു. മന്ത്രിസഭ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ സാമ്പത്തിക സഹായം. ഇതെല്ലാം ഔദ്യോഗികരേഖകളായിരിക്കെയാണ്‌ പച്ചക്കള്ളം മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന്‌ ഇപ്പോള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌.

ഇന്ന്‌ ഇടതുപക്ഷ മന്ത്രിസഭയിലെ പ്രമുഖരായ രണ്ടുപേരുടെ തലതെറിച്ച പുത്രന്മാര്‍ക്ക്‌ കിളിരൂര്‍-കവിയൂര്‍ പീഡനക്കേസില്‍ നിഷേധിക്കാനാവാത്ത പങ്കുണ്ടെന്ന്‌ കേരള ഹൈക്കോടതിക്കുവരെ ബോധ്യപ്പെട്ടതാണ്‌. കൊല്ലപ്പെട്ട അനഘയുടെ സഹപാഠി ശ്രീകുമാരി അന്ന്‌ ഈ കേസുകളില്‍ വാദം കേട്ട ജസ്റ്റിസ്‌ ആര്‍. ബസന്തിനയച്ച ഒരു സ്വകാര്യകത്തില്‍ അനഘയെ പീഡിപ്പിച്ച ഈ മന്ത്രിപുത്രന്മാരുടെ പേര്‌ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത്‌ ജസ്റ്റിസ്‌ ബസന്ത്‌ അന്വേഷണസംഘത്തിന്‌ കൈമാറിയതുമാണ്‌. പക്ഷേ വിപ്ലവനേതാക്കന്മാരുടെ വിടന്മാരായ പുത്രന്മാരെ രക്ഷിക്കാന്‍ ആ വിവരങ്ങളെല്ലാം പരവതാനിക്ക്‌ അടിയിലേക്ക്‌ തള്ളുകയായിരുന്നു.

തെള്ളകം മാതാ ആശുപത്രിയില്‍ ശാരി ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടെ എത്തിയ ഒരു വിഐപിയാണ്‌ ശാരിയുടെ നില വഷളാക്കിയതെന്ന അച്യുതാനന്ദന്റെ പ്രസ്താവന സൃഷ്ടിച്ച വിവാദത്തിന്റെ അലകള്‍ ഇന്നും മന്ത്രിസഭയിലെ ഒരു വനിതാ അംഗത്തിന്റെ ചുറ്റും സജീവമാണ്‌. അന്ന്‌ അനഘയുടെ ഘാതകരെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ സഖാക്കള്‍ കോട്ടയം കലക്ടറേറ്റ്‌ ഉപരോധിച്ചപ്പോള്‍ ഈ വനിതാ സഖാവ്‌ അനഘ പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി കേസ്‌ അട്ടിമറിക്കാന്‍ ശ്രമിച്ചതാണ്‌. ആ അട്ടിമറിയാണ്‌ ഇന്ന്‌ അച്യുതാനന്ദനിലും എത്തിനില്‍ക്കുന്നത്‌.

ഒരു വിപ്ലവകാരിയെ, ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെ, ഒരു പരിസ്ഥിതി പ്രവര്‍ത്തകനെ അധികാരം എങ്ങനെ ഷണ്ഡനാക്കി മാറ്റുമെന്നതിന്റെ തെളിവായി സഖാവ്‌ കേരളീയരുടെ മുന്നില്‍ ലജ്ജിതനായി നില്‍ക്കുമ്പോള്‍ നാരായണന്‍ നമ്പൂതിരിയുടെ വൃദ്ധമാതാവിന്റെയും ശാരിയുടെ മകള്‍ സ്നേഹയുടെയും ശാപം എങ്ങനെ അദ്ദേഹത്തെ ഒഴിഞ്ഞുപോകും.

Friday, April 25, 2008

തൊഴിലുറപ്പ്‌ പദ്ധതി: അഴിമതി കൊടികുത്തി വാഴുന്നു

ആശാലത

കൊച്ചി: തൊഴിലുറപ്പ്‌ പദ്ധതി പഞ്ചായത്തിന്റെ വികസനരംഗത്ത്‌ ഉപയോഗപ്പെടുത്തുന്നതില്‍ പല ഗ്രാമപഞ്ചായത്തുകളും പരാജയത്തിലെന്ന്‌ സൂചന. പദ്ധതി അനുശാസിക്കുന്ന ക്രിയാത്മക വികസനപ്രക്രിയകള്‍ നടപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നില്ലെന്ന പരാതി വ്യാപകം. ഒപ്പം അഴിമതി കൊടികുത്തി വാഴുന്നു.

പൊതുമരാമത്ത്‌, ഗ്രാമപഞ്ചായത്ത്‌ റോഡുകളുടെ ഓവുചാല്‍ ക്ലീന്‍ ചെയ്യുന്ന പണി മാത്രമാണ്‌ മിക്കഭാഗങ്ങളിലും ഏറ്റെടുക്കുന്നത്‌. ജലസംരക്ഷണം, വരള്‍ച്ച തടയുന്നതിനുള്ള പ്രവൃത്തികള്‍, ചെറുകിട ജലസേചന പ്രവൃത്തികള്‍, പട്ടികജാതി- വര്‍ഗ കുടുംബങ്ങളുടെയും ഭൂമി പതിച്ചുനല്‍കിയ കുടുംബങ്ങളുടെയും ഭൂമിയില്‍ ചെറുകിട ജലസേചന പ്രോജക്ടുകള്‍, പരമ്പരാഗത ജലസ്രോതസുകളുടെ പുനരുദ്ധാരണം, ഭൂവികസന പ്രവൃത്തികള്‍ എന്നിങ്ങനെ ആറു വികസനപ്രവൃത്തികള്‍ ലഭ്യമാക്കാനാണ്‌ തൊഴിലുറപ്പുപദ്ധതി അനുശാസിക്കുന്നത്‌. എന്നാല്‍ ഓവുചാല്‍ ക്ലീനിംഗ്‌ ഇതില്‍ ഉള്‍പ്പെടുന്നില്ല.

തൊഴിലുറപ്പിനും സുസ്ഥിരവികസനത്തിനും എന്നതാണ്‌ പദ്ധതിയുടെ പ്രമേയം. തൊഴില്‍ ഉറപ്പുനല്‍കുന്നതോടൊപ്പം നാടിന്റെ സുസ്ഥിരമായ വികസനത്തിനും പ്രാധ്യാനം നല്‍കുന്നു. നഷ്ടപ്പെട്ടുപോകുന്ന ജൈവസമ്പത്ത്‌ പുനക്രമീകരിക്കുന്നത്‌ പദ്ധതിയില്‍ ഏറെ പ്രാധാന്യമുണ്ട്‌.

ഓവുചാല്‍, അരികുചാല്‍ ക്ലീനിംഗ്‌ എന്നിവ സുസ്ഥിരവികസനത്തില്‍ ഉള്‍പ്പെടുമോ എന്ന സംശയം നാട്ടുകാര്‍ സൂചിപ്പിക്കുന്നു.വേണ്ടത്ര അധ്വാനം ഇല്ലാത്ത പണിയായതുകൊണ്ടാണ്‌ ഇത്തരം ജോലികള്‍ തെരഞ്ഞെടുക്കുന്നതിന്‌ തൊഴിലാളികളെയും പദ്ധതി നിര്‍വാഹകരേയും പ്രേരിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്‌.

മഴവെള്ളസംഭരണി, ജൈവവേലി നിര്‍മാണം, സാമൂഹ്യവനവത്കരണം, മരംവച്ചുപിടിപ്പിക്കല്‍, തോട്‌, പുഴ, പുറമ്പോക്ക്‌ സ്ഥലങ്ങളില്‍ ഈറ്റ, മുള, കൈത, ഫലവൃക്ഷങ്ങള്‍ എന്നിവ നട്ടുവളര്‍ത്തല്‍ തുടങ്ങിയ ഒട്ടേറെ സുസ്ഥിരവും പ്രകൃതിക്ക്‌ അനുകൂലമായ വികസന നിര്‍മാണപ്രവൃത്തികള്‍ അനുശാസിക്കപ്പെടു ന്നു. ഇത്തരം പദ്ധതി നടപ്പാക്കുന്നതില്‍ ശ്രീകൃഷ്ണപുരം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളും ശക്തമായ അനാസ്ഥ കാണിക്കുന്നതായി ആക്ഷേപമുണ്ട്‌. ചാല്‍ ക്ലീനിംഗിനു പുറമേ ചില പഞ്ചായത്തുകള്‍ കുളം, പൊതുകിണര്‍ എന്നിവ അഭിവൃദ്ധിപ്പെടുത്തിയിട്ടുണ്ട്‌. ജൈവവികസനത്തിന്‌ ഒരു പഞ്ചായത്തും ഇതുവരെ തുടക്കമിട്ടിട്ടില്ല. കരിങ്കല്ല്‌ ഉപയോഗിച്ചുള്ള നിര്‍മാണപ്രവൃത്തികളിലാണ്‌ പല ഭരണസമിതിക്കും താത്പര്യം. കേരളത്തിന്റെ പ്രത്യേകത കണക്കിലെടുത്ത്‌ കാര്‍ഷികമേഖലയുടെ വികസനത്തിന്‌ പ്രാധാന്യം നല്‍കിയാണ്‌ സര്‍ക്കാര്‍ ജൈവസമ്പത്ത്‌ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിക്ക്‌ രൂപംനല്‍കിയത്‌. അധികാര വികേന്ദ്രീകരണത്തിലൂടെ വളര്‍ത്തിയെടുത്ത കേരളത്തിലെ എല്ലാ ജനകീയ പങ്കാളിത്ത സംവിധാനങ്ങളെയും തൊഴിലുറപ്പ്‌ നടപ്പാക്കുന്ന തില്‍ കണ്ണിയാകാന്‍ അതിവിപുലമായ പരിശീലന സംവിധാനങ്ങളും ക്ലാസുകളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്‌.

തൊഴില്‍ ചെയ്യാതെ വരുമാനം ഉറപ്പാക്കാന്‍ 'തൊഴിലുറപ്പ്‌ പദ്ധതി'


ഹിമജ

കൊച്ചി്‌: ഈ സാമ്പത്തിക വര്‍ഷം അരലക്ഷം കുടുംബങ്ങള്‍ക്കു തൊഴില്‍ നല്‍കാന്‍ ലക്ഷ്യം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുടെ നടത്തിപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നുവെന്നു പരാതി. സംസ്ഥാനത്ത്‌ ഒരോ ജില്ലയിലും ശരാശരി 1,25,000 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. ഇവരില്‍ 40,000 നും 50,000 നും മധ്യേകുടുംബങ്ങള്‍ തൊഴിലിനായി എത്തുമെന്നാണു പ്രതീക്ഷ.

ഇവര്‍ക്കു വേതനമായി ജില്ലാതോരും ശരാശരി 50 കോടിക്കുമുകളില്‍ തുക വിതരണം ചെയ്യാന്‍ കഴിയുമെന്നാണ്‌ അധികൃതരുടെ കണക്കുകൂട്ടലുകള്‍. ഇത്തവണ ഗ്രാമപഞ്ചായത്തുകളില്‍ കര്‍ഷകരുടെ ഭൂമിയില്‍ സമഗ്ര നീര്‍ത്തട വികസനപദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്യാനാണു നീക്കം.എന്നാല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഉള്‍പ്പെടെ ക്രമക്കേടുകള്‍ നടന്നുവരുന്നതായി പരാതികള്‍ ഉയര്‍ന്നുകഴിഞ്ഞു.

ഇടുക്കി ജില്ലയിലെ ഏലപ്പാറ ഗ്രാമപഞ്ചായത്തിലെ ഹെലിബറിയ വാര്‍ഡില്‍ ഓട നിര്‍മാണത്തില്‍ വേതനം കൈപ്പറ്റിയതില്‍ അംഗന്‍വാടി ടീച്ചര്‍ ഉള്‍പ്പെട്ടതു വിവാദം സൃഷ്ടിച്ചിട്ടുണ്ട്‌. ഓടനിര്‍മാണത്തില്‍ 12 ദിവസം പങ്കാളിയായി 125 രൂപ പ്രകാരം 1500 രൂപ കൈപ്പറ്റിയതായാണു മസ്റ്റര്‍ റോളില്‍ കാണിച്ചിരിക്കുന്നത്‌.എന്നാല്‍ തൊഴില്‍ ചെയ്തു വേതനം കൈപ്പറ്റിയ വ്യക്തി അംഗന്‍വാടി ടീച്ചറാണോയെന്ന്‌ അറിയില്ലെന്നും തൊഴില്‍ കാര്‍ഡ്‌ ഉള്ള വ്യക്തിയാണെന്നുമാണ്‌ പഞ്ചായത്ത്‌ അധികൃതരുടെ വിശദീകരണം.

എന്നാല്‍ ഇതേകാലയളവില്‍ ഇവര്‍ അംഗന്‍വാടി ടീച്ചറായി ജോലിചെയ്തതായി പരാതിക്കാര്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്‌. തൊഴിലുറപ്പില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അളവ്‌ ശരിയാകേണ്ടതിനാല്‍ മസ്റ്റര്‍ റോളില്‍ മാത്രമായി പേര്‌ എഴുതിച്ചേര്‍ക്കല്‍ നടക്കില്ലെന്നാണ്‌ ഇതുവരെയുണ്ടായിരുന്ന ഔദ്യോഗിക വിശദീകരണം.ഉദാഹരണമായി തൊഴില്‍ ചെയ്യാന്‍ ഒരു ദിവസം എത്തുന്നവര്‍ 30 പേരാണെങ്കില്‍ ഇവരെക്കൊണ്ടു കുറഞ്ഞതു 32 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

സൂപ്പര്‍വൈസറും ഗ്രാമപഞ്ചായത്തംഗവും ഒന്നുചേര്‍ന്ന്‌ ഇത്തരത്തില്‍ തൊഴില്‍ നല്‍കുന്ന വിവരങ്ങള്‍ സംബന്ധിച്ച രേഖകളില്‍ കൃത്രിമം കാട്ടി തുക മാറാന്‍ കഴിയുമത്രെ.ഇതിനുപുറമെ ഗ്രാമപഞ്ചായത്തുകള്‍ക്കു സറന്‍ഡര്‍ ചെയ്ത ഭൂമിയില്‍ മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്നാണു നിയമം.

എന്നാല്‍ ചെറുകിട - വന്‍ കിട എസ്റ്റേറ്റുകളുടെ ഭൂമിയില്‍ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ കാനതോണ്ടല്‍, കാടുതെളിക്കല്‍ എന്നിവ നടത്തി പണം എഴുതിയെടുക്കുകയും എസ്റ്റേറ്റുകളില്‍നിന്നു തുക വാങ്ങിക്കുകയും ചെയ്യുന്നുണ്ടത്രെ. ചിലയിടങ്ങളില്‍ എസ്റ്റേറ്റുകളില്‍ അനുമതിയില്ലാതെയും പണി നടക്കുന്നുണ്ട്‌. വിദേശങ്ങളില്‍ ജോലിചെയ്യുന്നവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പദ്ധതിയില്‍ പങ്കാളികളായി വേതനം പറ്റുന്നവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്‌.

പവാര്‍ പറഞ്ഞതാണ്‌ ശരി

ഭക്ഷ്യധാന്യം വെട്ടിക്കുറയ്ക്കുകയും കേരള ജനതയെ അധിക്ഷേപിക്കുകയും ചെയ്ത കേന്ദ്ര മന്ത്രി ശരത്‌ പവാറിന്റെ നടപടിക്കെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ ആഹ്വാനം ചെയ്യുമ്പോഴും;

പവാറിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും കേരളവിരുദ്ധ നയങ്ങള്‍ക്കും റേഷന്‍ വെട്ടിക്കുറച്ച നടപടിക്കും മീനമഴയില്‍ കെടുതിയനുഭവിച്ച കര്‍ഷകര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കുന്നതിലെ കാലതാമസത്തിനും ഒക്കെ എതിരായി കേരളത്തിലെ എംപിമാര്‍ ഇന്ന്‌ പാര്‍ലമെന്റിനുമുന്നില്‍ സമരം നടത്തുമ്പോഴും;

പവാര്‍ പറഞ്ഞത്‌ നൂറുശതമാനം ശരിയാണെന്ന പക്ഷക്കാരാണ്‌ ഞങ്ങള്‍!

കെടുതികളും നഷ്ടങ്ങളും ഉണ്ടാകുമ്പോള്‍ കേന്ദ്രത്തില്‍ സഹായത്തിനോടിയെത്തുകയും പ്രതീക്ഷിച്ചപോലെ ഒന്നും നടന്നില്ലെങ്കില്‍ പുലഭ്യം പറയുകയും ചെയ്യുന്ന സ്വഭാവമാണ്‌ കേരളത്തിലെ മാന്യന്മാരായ മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമുള്ളത്‌. ജനപക്ഷത്തുനിന്നും ചിന്തിക്കാനോ ജനകീയ ആവശ്യങ്ങള്‍ സാര്‍ത്ഥകമാക്കുന്ന രീതിയില്‍ ഭരിക്കാനോ സംസ്ഥാനത്തെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്ന നയങ്ങളും നടപടികളും രൂപീകരിക്കാനോ അവ സക്രിയമായി നടപ്പിലാക്കാനോ കെല്‍പ്പില്ലാത്ത കേവലം പ്രഭാഷണത്തൊഴിലാളികള്‍ മാത്രമാണ്‌ വിപ്ലവകാരികള്‍ അടക്കമുള്ള ഈ നേതാക്കള്‍.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും അരി ദൗര്‍ലഭ്യവും റേഷന്‍വിഹിതം വെട്ടിക്കുറച്ചതുമൊക്കെയാണ്‌ ഇപ്പോള്‍ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ കേന്ദ്രത്തിനെതിരെ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രത്തിലെ പ്രധാന വിഷയങ്ങള്‍. ഇവ കേരളത്തിലെ സാധാരണക്കാരടക്കമുള്ള എല്ലാവരുടെയും നിത്യജീവിതം ദുഷ്കരമാക്കിയിട്ടുണ്ടെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കും തര്‍ക്കമില്ല. എന്നാല്‍ ഈ ദൂഷിത വലയത്തില്‍ കേരളത്തെ കൊണ്ടെത്തിച്ചത്‌ കാലാകാലങ്ങളില്‍ ഭരണചക്രം തിരിച്ച യുഡിഎഫ്‌-എല്‍ഡിഎഫ്‌ മന്ത്രി സഭകളും അവരുടെ നേതാക്കന്മാരും അണികളും ഒക്കെത്തന്നെയാണ്‌.

അരിവിലയും നിത്യോപയോഗസാധനങ്ങളുടെ ദൗര്‍ലഭ്യവുമാണ്‌ ഇപ്പോള്‍ കേരളം നേരിടുന്ന ഏറ്റവും സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി കേരളം ഭരിച്ച്‌ മുടിച്ചവരും എന്‍ആര്‍കെ (നോണ്‍ റസിഡന്റ്‌ കേരളൈറ്റ്സ്‌)- വിഭാഗത്തില്‍ പെടുന്ന മലയാളികള്‍ സംസ്ഥാനത്തിന്‌ പുറത്തുനിന്നും ഗള്‍ഫ്‌രാജ്യങ്ങള്‍ അടക്കമുള്ള വിദേശങ്ങളില്‍നിന്നും അയച്ചുകൊടുത്ത പണത്തിന്റെ ഹുങ്കില്‍ അദ്ധ്വാനം മറന്ന്‌ ഉപഭോക്തൃസംസ്ഥാനമാക്കി കേരളത്തെ അധഃപതിപ്പിച്ച പൊതുജനങ്ങളും ഈ പ്രശ്നങ്ങളില്‍ തുല്യ ഉത്തരവാദികളാണ്‌.

നെല്ലടക്കമുള്ള ഭക്ഷ്യവിളകള്‍ ഉപേക്ഷിക്കുകയും താല്‍ക്കാലിക ലാഭത്തിന്റെ പ്രലോഭനങ്ങളില്‍ കുടുങ്ങി നാണ്യവിളകളിലേക്ക്‌ തിരിയുകയും ചെയ്തതാണ്‌ റേഷന്‍ അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ ഇല്ലായ്മ കേരളത്തില്‍ സൃഷ്ടിച്ചത്‌. ഒരു കണക്ക്‌ ശ്രദ്ധിക്കുക: 2001 ല്‍ 3.47 ലക്ഷം ഹെക്ടറിലായിരുന്നു നെല്‍കൃഷി. 2007 ല്‍ ഇത്‌ 2.64 ലക്ഷം ഹെക്ടറായി കുറഞ്ഞു. 2001 ല്‍ 7.51 ലക്ഷം ടണ്‍ ഉല്‍പ്പാദിപ്പിച്ചപ്പോള്‍ 2007 ആയപ്പോള്‍ അത്‌ 6.42 ലക്ഷം ടണ്ണായി ചുരുങ്ങി. സംസ്ഥാനത്തിനാവശ്യമായ ഭക്ഷ്യധാന്യത്തിന്റെ 15 ശതമാനം മാത്രമാണ്‌ ഇപ്പോള്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്നത്‌.

നെല്‍പ്പാടങ്ങള്‍ നികത്തി കോണ്‍ക്രീറ്റ്‌ മന്ദിരങ്ങള്‍ പണിഞ്ഞവരും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വിറ്റുതുലച്ചവരുമാണ്‌ കേരളീയര്‍. അപ്പോഴെല്ലാം ആന്ധ്രയും തമിഴ്‌നാടുമടക്കമുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നെല്ലും പച്ചക്കറിയും കൃഷിചെയ്ത്‌ വിളവ്‌ വര്‍ദ്ധിപ്പിച്ച്‌ ലാഭം കൊയ്യുകയായിരുന്നു. ഈ സംസ്ഥാനങ്ങളിലെ കര്‍ഷകരെ സഹായിക്കാനും അവര്‍ക്ക്‌ ലാഭകരമായ കൃഷിരീതികള്‍ പരിചയപ്പെടുത്താനും കൃഷിച്ചെലവ്‌ ഗണ്യമായി കുറയ്ക്കാനും ഉതകുന്ന നയങ്ങളും നടപടികളും അതാതുകാലത്തെ സര്‍ക്കാരുകള്‍ രാഷ്ട്രീയം മറന്ന്‌ നടപ്പിലാക്കുകയും ചെയ്തു.

കേരളത്തിലോ? ഖദര്‍ധാരികള്‍ ഭരിച്ചപ്പോള്‍ കൃഷിയിടങ്ങളും തണ്ണീര്‍ത്തടങ്ങളും ഭൂമിമാഫിയകള്‍ക്ക്‌ അടിയറവെച്ചും ടൂറിസത്തിന്റെ മറവില്‍ കൃഷിസ്ഥലം കൈയേറാനെത്തിയവര്‍ക്ക്‌ ഒത്താശചെയ്തും അതിന്റെ കമ്മീഷന്‍ പോക്കറ്റിലാക്കി പൊടിയുംതട്ടി ഭരണം ഒഴിഞ്ഞുപോയി. ഇടതുപക്ഷം അധികാരത്തിലേറിയപ്പോള്‍ കര്‍ഷകരോടുള്ള പ്രതിബദ്ധത പാടെ മറന്ന്‌ യുഡിഎഫിനെ ലജ്ജിപ്പിക്കുന്ന രീതിയില്‍ ഭൂമിമാഫിയയ്ക്ക്‌ ചൂട്ടുപിടിച്ച്‌ കര്‍ഷകന്റെ പ്രതീക്ഷകളെ കുട്ടിച്ചോറാക്കി; കേരളീയരെ പട്ടിണിയിലേക്ക്‌ തള്ളിയിട്ടു. കുട്ടനാട്ടിലെ കാര്യം മാത്രം ശ്രദ്ധിക്കുക. വിളഞ്ഞു പാകമായ നെല്ല്‌ കൊയ്തെടുക്കാന്‍ കര്‍ഷകരെ അനുവദിക്കാതെ തൊഴിലാളിവര്‍ഗ്ഗ ശാഠ്യം പുലര്‍ത്തുകയായിരുന്നു പുതിയകാല വിപ്ലവവായാടികള്‍. കായല്‍ കുത്തിയെടുത്ത്‌ നെല്ലുവിളയിച്ച സ്ഥലങ്ങള്‍ റിസോര്‍ട്ട്‌ മാഫിയകള്‍ക്ക്‌ ഇരുചെവിയറിയാതെ കൈമാറാനാണ്‌ അവര്‍ ഉത്സാഹിച്ചത്‌.

ഇത്തരം ഭരണക്കാരും രാഷ്ട്രീയ നേതൃത്വവും ഉള്ള നാട്ടില്‍ കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നതും പൊതുജനങ്ങള്‍ നിത്യോപയോഗസാധനങ്ങള്‍ ലഭിക്കാതെ പരക്കം പായുന്നതും സ്വാഭാവികം മാത്രമാണ്‌. ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാതെ കേന്ദ്രത്തെ ഭള്ള്‌ പറഞ്ഞ്‌ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നത്‌ മിതമായി പറഞ്ഞാല്‍ സാമദ്രോഹമാണ്‌. കേന്ദ്രത്തില്‍നിന്ന്‌ കൃഷിവികസനത്തിന്‌ വിവിധ പദ്ധതികളിലൂടെ ലഭിക്കുന്ന കോടികള്‍ അടിച്ചുമാറ്റാനും പാഴാക്കാനുമല്ലാതെ ഒരുമണി നെല്ലുല്‍പ്പാദിപ്പിക്കാന്‍ ഇവിടത്തെ കൃഷിവകുപ്പിനും കഴിഞ്ഞിട്ടില്ല. ഈ വഞ്ചകരുടെ മുഖത്തുനോക്കി പവാര്‍ പറഞ്ഞതാണ്‌ പൂര്‍ണ്ണമായും ശരി. അത്രയും പറഞ്ഞാല്‍മാത്രം പോരായിരുന്നു മുഖമടച്ച്‌ ആട്ടി പുറത്താക്കുകകൂടി ചെയ്യേണ്ടതായിരുന്നു.

എന്നാലും ഈ വഞ്ചകവര്‍ഗ്ഗങ്ങള്‍ ഒന്നും പഠിക്കാന്‍ പോകുന്നില്ല; കുരയ്ക്കാനല്ലാതെ.

Thursday, April 24, 2008

നനഞ്ഞ ചാക്കും ഉണങ്ങാത്ത മുറിവുകളും

ഏതെങ്കിലും ഒരാന ഏതെങ്കിലും ഒരാടിനെ ചവിട്ടിക്കൊന്നതായി ചരിത്രത്തിലില്ല. കാരണം വളരെ നിസാരമാണ്‌. 'കൊന്നാല്‍ പാപം തിന്നാല്‍ തീരും' എന്ന പ്രമാണമനുസരിച്ച്‌ ആനയ്ക്ക്‌ ആടിനെ കൊന്നതിന്റെ പാപം അതിനെ തിന്നുകൊണ്ട്‌ തീര്‍ക്കാന്‍ പറ്റില്ല. ആന നോണ്‍ വെജിറ്റേറിയനായ പക്കാ ബ്രാഹ്മണനാണ്‌!

എന്നാല്‍ ഒരു താപ്പുകിട്ടിയാല്‍ മിക്കവാറും ആനകള്‍ മനുഷ്യന്മാരെ ചവിട്ടിയരച്ചു കൊല്ലുന്നതായി ചരിത്രത്തിലും വര്‍ത്തമാനത്തിലുമുണ്ട്‌. അതിന്റെ കാരണവും വളരെ
നിസാരമാണ്‌. മനുഷ്യനെപ്പോലെ ചതിയനും ക്രൂരനുമായ ഒരു ജീവിയെയും ആനകള്‍ നാളിതുവരെ കണ്ടിട്ടില്ല!

മനുഷ്യന്‍ ആനയെ പിടിക്കുന്നത്‌ ചതിപ്രയോഗത്തിലൂടെയാണ്‌. കാട്ടില്‍ അലസമായി ആഹ്ലാദവാനായി നടക്കവെ 'വാരിക്കുഴി'യില്‍ വീഴ്ത്തിയാണ്‌ മിക്കവാറും ആനകളെ പിടികൂടുന്നത്‌. ആനകളുടെ കുഞ്ഞുമനസില്‍ ആ ചതിപ്രയോഗം ഉണ്ടാക്കുന്ന മുറിവ്‌ അതിനെ ഏതെങ്കിലുമൊക്കെ ദുഷ്ടന്മാരായ മനുഷ്യന്മാര്‍ പീഡിപ്പിച്ചു പീഡിപ്പിച്ച്‌
കൊന്നൊടുക്കുംവരെ നീറിനീറിക്കിടക്കും.

ഒരവസരം വീണുകിട്ടുമ്പോള്‍ ആന മനുഷ്യനെ പിടിച്ച്‌ വലിച്ചുകീറുന്നതും ചവിട്ടിയരക്കുന്നതും ഇതുകൊണ്ടുതന്നെയാവണം.ആനകളുടെ മനഃശാസ്ത്രം ആരറിഞ്ഞു!

തൊട്ടയല്‍വക്കത്തെ ടീനേജുകാരി സുന്ദരിയോട്‌ (അവള്‍ടെ തന്തയുടെ കയ്യില്‍നിന്നും കാര്യമായ സ്ത്രീധനക്കാശു കിട്ടില്ലെന്ന കാരണത്താല്‍) ചെറിയൊരു പ്രേമം പോലും തോന്നാത്ത കൊഞ്ഞാണന്മാര്‍ക്കുവരെ കറുത്തിരുണ്ട്‌ ഭീകരരൂപിയായ ആനയെ കാണുമ്പോഴാണ്‌ പ്രേമം മൂക്കുന്നത്‌!

കേരളത്തിലെ എണ്ണിയാലൊടുങ്ങാത്ത 'ഈശ്വരസംരക്ഷകരും' എണ്ണിയാലൊടുങ്ങാത്ത 'ആനപ്രേമി'കളും ചേര്‍ന്ന്‌ ആനകളോട്‌ ചെയ്തുകൂട്ടുന്ന കൊലച്ചതികള്‍ക്ക്‌ ആനകള്‍ എണ്ണിയെണ്ണി പകരം വീട്ടുന്ന കാഴ്ചയാണ്‌ കണ്ടുവരുന്നത്‌. നിര്‍ഭാഗ്യം എന്നു പറയട്ടെ ആനകളെക്കൊണ്ട്‌ കാശുണ്ടാക്കുന്നവരല്ല; മരമണ്ടന്മാരായ ആനപ്രേമികളാണ്‌ ആനയുടെ ചവിട്ടുകൊണ്ട്‌ ചത്തൊടുങ്ങുന്നത്‌.

കഴിഞ്ഞ പത്തുനാല്‍പ്പതു കൊല്ലംകൊണ്ട്‌ മുന്നൂറോളം ആനപ്പാപ്പാന്മാരെയും ആനകള്‍ ചവിട്ടിയരച്ചിട്ടുണ്ടെന്ന്‌ കണക്കുകള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം മാത്രം നൂറ്റമ്പതോളം ആനകളെയാണ്‌ 'ആനപ്രേമികള്‍' പ്രേമിച്ചു പ്രേമിച്ചു കൊന്നുകളഞ്ഞത്‌! തങ്ങളാലാവുംവിധം ആനകളും തിരിച്ചുകൊടുക്കുന്നു - അത്രേയുള്ളു കാര്യം!

ഇനിയും ആനകളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ്‌ സര്‍ക്കാരും കോടതികളും ശ്രമിക്കുന്നത്‌. നനഞ്ഞ ചാക്കില്‍ ആനയെ ഉത്സവത്തിനു നിര്‍ത്തണമെന്നാണൊരു കല്‍പ്പന!

കൂടിയാല്‍ 20 ഡിഗ്രി സെല്‍ഷ്യസ്‌ ചൂടുമാത്രം അനുഭവപ്പെടുന്ന കാടിന്റെ ശീതളഛായയില്‍ ജീവിക്കാന്‍ ദൈവം വിധിച്ച ആനയെ നനഞ്ഞ ചാക്കില്‍ പൊരിവെയിലില്‍ നിര്‍ത്തിയാല്‍ ഒക്കെയും ശരിയാകുമെന്നു വിധിക്കുന്ന വിവരക്കേടേ നിന്റെ പേരോ മനുഷ്യന്‍!

കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ പ്രതിജ്ഞ: മാനന്തവാടി രൂപത വീണ്ടും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുമായി ഏറ്റുമുട്ടലിന്‌

നിലോഫര്‍ റഹ്മാന്‍
കല്‍പ്പറ്റ: കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ പ്രതിജ്ഞയെടുക്കണമെന്ന്‌ മാനന്തവാടി രൂപതയുടെ നിര്‍ദ്ദേശം.

ഇടവകകളിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്ന വാര്‍ഡ്‌ പ്രതിനിധികള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അംഗങ്ങളോ അനുഭാവികളോ ആകില്ലെന്ന്‌ പ്രതിജ്ഞ ചെയ്യണമെന്നാണ്‌ മാനന്തവാടി രൂപത രേഖാമൂലം നിര്‍ദ്ദേശം നല്‍കിയത്‌.

ഇടവകകളിലെ വാര്‍ഡ്‌ പ്രതിനിധികളായി തെരഞ്ഞെടുക്ക പ്പെടുന്നവര്‍ക്ക്‌ രൂപത അച്ചടിച്ച്‌ വിതരണം ചെയ്ത പ്രതിജ്ഞാ പത്രത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌. സിപിഎമ്മും ക്രൈസ്തവ സഭയും തമ്മില്‍ കൊമ്പുകോര്‍ത്തിരിക്കെ പാര്‍ട്ടി പ്രവര്‍ത്തകരോ അനുയായികളോ സഭാനേതൃത്വത്തിലേക്ക്‌ കടന്നുവരാതിരിക്കാനുള്ള സഭയുടെ നടപടിയുടെ ഭാഗമാണിത്‌.

യുക്തിവാദം, നിരീശ്വരവാദം, ഭൗതികവാദം, വര്‍ഗ്ഗസമരം, സായുധവിപ്ലവം, ഏതെങ്കിലും ജനവിഭാഗത്തിന്റെസര്‍വ്വാധിപത്യം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങള്‍താന്‍ നിരാകരിക്കുന്നുവെന്നും മേല്‍പ്പറഞ്ഞ പ്രത്യയശാസ്ത്രങ്ങളില്‍ അടിസ്ഥാനമിട്ടിരിക്കുന്ന ഏതെങ്കിലും സംഘടനയിലോ പ്രസ്ഥാനത്തിലോ അംഗമല്ലെന്നും അവയോട്‌ അനുഭാവം പുലര്‍ത്തുന്നില്ലയെന്നും പരസ്യമായി പ്രഖ്യാപിക്കുന്നുവെന്നാണ്‌ പ്രതിജ്ഞാപത്രത്തിലുള്ളത്‌.

ഈ പ്രതിജ്ഞയില്‍ നിന്നു വ്യത്യസ്തമായി പ്രവര്‍ത്തിച്ചാല്‍ വാര്‍ഡ്‌ പ്രതിനിധി സ്ഥാനം ഇല്ലാതാകുമെന്ന മുന്നറിയിപ്പും പ്രതിജ്ഞയിലുണ്ട്‌.

രൂപതാനിയമാവലിയില്‍ പേജ്‌ 178ല്‍ കൊടുത്തിരിക്കുന്ന വാര്‍ഡ്‌ പ്രതിനിധികളുടെ സത്യപ്രതിജ്ഞയ്ക്കു പകരമാണ്‌ പുതിയ സത്യപ്രതിജ്ഞ. വികാരിയച്ചന്റെയും രണ്ടു സാക്ഷികളുടെയും മുന്നില്‍ വച്ച്‌ ഈ പ്രതിജ്ഞ ചൊല്ലിയ ശേഷം ഒപ്പിട്ടു രൂപതയ്ക്ക്‌ അയച്ചുകൊടുക്കണം.

രൂപതയിലെ ഓരോ ഇടവകകളെയും വലുപ്പത്തിനനുസരിച്ച്‌ വാര്‍ഡുകളായി വിഭജിക്കുകയും ഇവിടങ്ങളില്‍ നിന്നു വാര്‍ഡുപ്രതിനിധികളെ തെരഞ്ഞെടുക്കുകയുമാം്‌ ചെയ്യുക. തെരഞ്ഞെടുക്കപ്പെടുന്ന വാര്‍ഡ്‌ പ്രതിനിധികള്‍ പ്രതിജ്ഞ ചൊല്ലണമെന്നതു മുമ്പെയുള്ള ചടങ്ങായിരുന്നുവെങ്കിലും അച്ചടിച്ച പത്രികയോ ഇത്തരത്തിലുള്ള മാതൃകയോ ഉണ്ടായിരുന്നില്ല.

ചങ്ങലയ്ക്കിടേണ്ടത്‌ മനുഷ്യനെ!

മീനപ്പൂക്കളുടെ പൂരക്കാലമാകുമ്പോള്‍, കാവുകളിലും അമ്പലങ്ങളിലും ഉത്സവങ്ങള്‍ക്ക്‌ കൊടിയേറുമ്പോള്‍, പള്ളികളില്‍ പെരുനാളും ദര്‍ഗ്ഗകളില്‍ ചന്ദനക്കുടവും കൊണ്ടാടുമ്പോള്‍ കേരളത്തിന്‌ ഈ ദിനങ്ങള്‍ വിരണ്ടോടുന്ന ആനകള്‍ സൃഷ്ടിക്കുന്ന ക്രൂരമരണങ്ങളുടെയും ഭയാശങ്കകളുടെയും കാലം!

ഇന്നലെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇടഞ്ഞ ആന ഒരു സ്ത്രീയെയും മുന്‍ പാപ്പാനെയും അടക്കം മൂന്ന്‌ പേരെയാണ്‌ ചവിട്ടിക്കൊന്നത്‌. ഈ ക്രൂരതയുടെ തല്‍സമയ ദൃശ്യങ്ങള്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തപ്പോള്‍ ആനപ്പകയുടെ നേര്‍ക്കാഴ്ച കണ്ട്‌ നടുങ്ങിയിരിക്കാനേ കേരളീയര്‍ക്കായുള്ളൂ.

ആനയുമായുള്ള മനുഷ്യന്റെ ബന്ധത്തിന്‌ ആധുനിക സംസ്കാര തുടക്കം മുതലുള്ള ബന്ധമുണ്ട്‌. ഉദ്ഘനനങ്ങളില്‍ ഇതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. കരയിലെ ഏറ്റവും വലിയ സസ്തനിയായ ആന മനുഷ്യന്‌ എന്നും കൗതുകക്കാഴ്ചയാണ്‌. കഠിനമായ ജോലിക്കു മുതല്‍ യുദ്ധത്തിനുവരെ ആനകളെ ഉപയോഗിച്ചതായി ചരിത്രരേഖകള്‍ പറയുന്നു. മഹാഭാരതകാലത്തെ യുദ്ധസന്നാഹമായ അക്ഷൗഹിണിയില്‍ ആനപ്പട പ്രധാന ഘടകമായിരുന്നു. ഇന്ത്യയെ ആക്രമിച്ച്‌ കീഴടക്കാനെത്തിയ അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ പോലും ആനപ്പടയുടെ കരുത്തുകണ്ട്‌ ഭയന്നുപോയി എന്നാണ്‌ ചരിത്രരേഖകള്‍.

ആനയും കേരളവുമായുള്ള ബന്ധത്തിന്‌ തൊഴില്‍ എന്നതിലുപരി ഭക്തിയുമായാണ്‌ കൂടുതല്‍ സാന്ദ്രതയുള്ളത്‌. ക്ഷേത്രങ്ങളിലായാലും പള്ളികളിലായാലും ദര്‍ഗ്ഗകളിലായാലും നെറ്റിപ്പട്ടം കെട്ടിയ ആനയെക്കൂടാതെയുള്ള ഉത്സവമോ പെരുനാളോ ചന്ദനക്കുടമോ ചിന്തിക്കാന്‍കൂടി മലയാളികള്‍ക്ക്‌ കഴിയാത്തവിധം സുദൃഢം കൂടിയാണ്‌ ഈ ബന്ധം.

പക്ഷെ ഉത്സവ വേളകളിലും പെരുനാള്‍ വേളകളിലും ആന ഇടയുന്നതും അപകടങ്ങളുണ്ടാകുന്നതും നിയന്ത്രിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വര്‍ഷം കഴിയുന്തോറും ആന ഇടയുന്നതുമൂലമുള്ള അപകടങ്ങളും മരണങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ലഭ്യമായ കണക്കനുസരിച്ച്‌ 1979 ന്‌ ശേഷം 350 ലേറെ പേരെയാണ്‌ ഇടഞ്ഞ ആനകള്‍ കൊന്നൊടുക്കിയിട്ടുള്ളത്‌. ഇതില്‍ 300 ഓളം പേരും 'ആനച്ചോറ്‌ കൊലച്ചോറായ' പാപ്പാന്മാരാണ്‌. ബാക്കിയുള്ളവര്‍ ആനയെ പ്രകോപിപ്പിച്ചവരും നിരപരാധികളും. ഈ കാലത്തിനിടയില്‍ 175 ഓളം ആനകള്‍ പാപ്പാന്മാരുടെ ക്രൂരതയ്ക്കിരയായി ചരിഞ്ഞിട്ടുണ്ട്‌.

കണക്കുകള്‍ ഇങ്ങനെ നീളുമ്പോള്‍ എന്തുകൊണ്ടാണ്‌ ഉത്സവപ്പറമ്പുകള്‍ ആന ഇടയലിന്റെ ഭയരംഗങ്ങളും കൊലവിളിയുടെ അങ്കങ്ങളും ക്രൂരതമുറ്റിയ മരണങ്ങളുടെ അവസരങ്ങളുമാകുന്നതെന്ന്‌ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തുകൊണ്ടാണ്‌ ആനകള്‍ പ്രകോപിതരാകുന്നത്‌ എന്നതിന്റെ കാരണങ്ങള്‍ പാപ്പാന്മാര്‍ക്കും ആന ഉടമകള്‍ക്കും ഉത്സവ കമ്മറ്റിക്കാര്‍ക്കും ആന പ്രേമികള്‍ക്കും ഉത്സവം കലക്കികള്‍ക്കും നന്നായറിയാം. സിവിക്സെന്‍സ്‌ തൊട്ടുതെറിച്ചിട്ടില്ലാത്ത മലയാളിയുടെ നൈസര്‍ഗീക നിഷേധബോധവും 'കമിഴ്‌ന്നുവീണാല്‍ കാല്‍പ്പണ'മെന്ന ധനാര്‍ത്തിയുമാണ്‌ സ്വതവേ ശാന്തമൃഗമായ ആനയെ പ്രകോപിപ്പിക്കുന്നതും ആനക്കുത്തേറ്റ്‌ പാപ്പാന്മാരും നിരപരാധികളും അടക്കമുള്ളവര്‍ കൊല്ലപ്പെടാനും കാരണം.

കൊടുംകാടുകളിലെ ശീതള സാഹചര്യത്തിലാണ്‌ ആനകളുടെ വളര്‍ച്ച. വിയര്‍പ്പുഗ്രന്ഥികളില്ലാത്ത മൃഗമാണ്‌ ആന. അതുകൊണ്ട്‌ 25 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപം അന്തരീക്ഷത്തിലുണ്ടായാല്‍ ആനയ്ക്ക്‌ അസഹ്യത ഉണ്ടാവുക സ്വാഭാവികം. മാത്രമല്ല, കൊമ്പനാനകള്‍ അവയുടെ 'മസ്ത്‌'കാലത്ത്‌ (ലൈംഗിക വികാരം വിജൃംഭിതമാകുന്ന സമയം) അക്രമകാരികളാകുന്നതും പൊതുസ്വാഭാവമാണ്‌.

ഇതെല്ലാം വിസ്മരിച്ച്‌ ആനയെക്കൊണ്ട്‌ കഠിനമായി പണിയെടുപ്പിക്കുന്നതും വിശ്രമം നല്‍കാതെ ഉത്സവങ്ങള്‍ക്കും പെരുനാളുകള്‍ക്കും എഴുന്നള്ളിപ്പുകള്‍ക്കും കൊണ്ടുപോകുന്നതുമൊക്കെയാണ്‌ ആനയിടയുന്നതിന്റെ പ്രധാനകാരണങ്ങള്‍. ഇന്ന്‌ കേരളത്തിലെ ഉത്സവങ്ങളുടെ പരസ്യങ്ങളില്‍ പ്രധാന പ്രചാരണ വിഷയം ആനകളാണ്‌. തലയെടുപ്പുള്ള ആനകളെ അണിനിരത്താന്‍ ഉത്സവകമ്മറ്റിക്കാരും ദേവസ്വങ്ങളും കടുത്ത മത്സരത്തിലാണ്‌. ഏക്കം എന്നാണ്‌ ഇതിന്‌ പറയുന്നത്‌. ലക്ഷങ്ങള്‍ വരും ഇത്‌. ഈ പണം മുന്നില്‍കണ്ട്‌ ആനകളെ വിശ്രമമില്ലാതെ കൊടുംചൂടത്ത്‌ മണിക്കൂറുകളോളം എഴുന്നള്ളിപ്പിന്‌ നിറുത്തുന്നതും കൃത്യമായി ഭക്ഷണം കൊടുക്കാതെ കിലോമീറ്ററുകളോളം നടത്തുന്നതും ആനയെ പ്രകോപിപ്പിക്കുന്ന ഘടകങ്ങളാണ്‌. കൂടാതെ ആനകളെ മെരുക്കാനും നിയന്ത്രിക്കാനും പാപ്പാന്മാര്‍ അനുവര്‍ത്തിക്കുന്ന കഠിന ശിക്ഷകളും ശിക്ഷണങ്ങളും ആനകളുടെ സ്വസ്ഥത നശിപ്പിക്കുന്നു. ഇതുകൂടാതെയാണ്‌ ഉത്സവം കലക്കാനെത്തുന്നവരുടെ കുസൃതികളും. ഇത്തരം പ്രകോപനങ്ങള്‍ ആനയുടെ നിയന്ത്രണം തെറ്റിക്കുമ്പോള്‍ അത്‌ ഇടയും. ഇടഞ്ഞാല്‍ കണ്ണില്‍കണ്ടതെല്ലാം നശിപ്പിക്കും. മുന്നില്‍ വരുന്നവരെ തുമ്പിക്കൈകൊണ്ട്‌ അടിച്ചുവീഴ്ത്തിയും കൊമ്പില്‍ കോര്‍ത്തും ചവിട്ടിഅരച്ചും കൊന്ന്‌ കൊലവിളിക്കുകയും ചെയ്യും.

വസ്തുതകള്‍ ഇതായിരിക്കെ യഥാര്‍ത്ഥത്തില്‍ ചങ്ങലയ്ക്കിടേണ്ടത്‌ ആനകളെയല്ല മറിച്ച്‌ ഈ സാധുമൃഗത്തെ ക്രൂരമായി പീഡിപ്പിച്ച്‌ ലാഭം കൊയ്യുന്ന മനുഷ്യരെയാണ്‌.

Wednesday, April 23, 2008

കിളിരൂര്‍ പീഡന കേസ്‌: രേഖകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ മുക്കി

തിരുവനന്തപുരം: കിളിരൂര്‍-കവിയൂര്‍ കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കു നേരിട്ടു സമര്‍പ്പിച്ച നിവേദനങ്ങളൊന്നും സര്‍ക്കാരിന്റെ കൈവശമില്ലെന്ന ആഭ്യന്തര വകുപ്പിന്റെ നിലപാടു ചോദ്യംചെയ്ത ഹര്‍ജിയില്‍ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ തെളിവെടുപ്പു നടത്തി. ആഭ്യന്തര അഡീ. സെക്രട്ടറി ടി.എസ്‌. അനിത്തിനെ കമ്മിഷന്‍ ആസ്ഥാനത്തു വിളിച്ചുവരുത്തി ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ പി.എന്‍. വിജയകുമാറാണു തെളിവെടുപ്പു നടത്തിയത്‌.

മരിച്ച ശാരിയുടെ ബന്ധുക്കളാരും സര്‍ക്കാരിനു പരാതി നല്‍കിയിട്ടില്ലെന്ന നിലപാടാണ്‌ ആഭ്യന്തര വകുപ്പ്‌ കൈകൊണ്ടിരുന്നത്‌. കിളിരൂര്‍ കേസ്‌ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി കേന്ദ്രത്തിന്‌ അയച്ചകത്തിന്റെ പകര്‍പ്പും ഹ്യൂമന്‍ റൈറ്റ്സ്‌ ഡിഫന്‍സ്‌ ഫോറം സെക്രട്ടറി അഡ്വ. ഡി.ബി. ബിനു വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സര്‍ക്കാരിന്റെ കൈവശം ഈ രേഖകളൊന്നുമില്ലെന്ന്‌ ആഭ്യന്തര വകുപ്പ്‌ അഡീ. സെക്രട്ടറി കമ്മിഷനു മുന്‍പാകെ ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ മുന്‍പാകെ ശാരിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുന്നതിന്റെ പത്രവാര്‍ത്തകളും ഫോട്ടോകളും കമ്മിഷന്‍ പരിശോധിച്ചു. ശാരിയുടെ മാതാപിതാക്കളോടൊപ്പം മുഖ്യമന്ത്രിയുടെ ചേംബറിലുണ്ടായിരുന്ന കിളിരൂര്‍-കവിയൂര്‍ ആക്ഷന്‍ കൗണ്‍സില്‍ ജന. കണ്‍വീനര്‍ രാജു പുഴങ്കരയെയും കമ്മിഷന്‍ ഇന്നലെ വിസ്തരിച്ചു.

ഹാജരാക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടെങ്കില്‍ ഇന്നലെ വൈകിട്ടോടെ അറിയിക്കണമെന്ന്‌ അഡീ. സെക്രട്ടറിയോടു കമ്മിഷന്‍ ആവശ്യപ്പെട്ടെങ്കിലും ഉച്ചകഴിഞ്ഞും പഴയ നിലപാട്‌ ആവര്‍ത്തിക്കുകയായിരുന്നു. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്ത വസ്തുതകളും അറിയില്ലെന്ന്‌ ആഭ്യന്തര വകുപ്പിന്റെ നിലപാടിനെതിരെ നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന്‌ അഡ്വ. ബിനു അറിയിച്ചു. കേസിന്റെ വിധി കമ്മിഷന്‍ നാളെ പറയും.

യേശുക്രിസ്തു, ബേബിക്രിസ്തു, മാണിക്രിസ്തു!

ക്രിസ്തു ജീവിച്ചിരുന്നെങ്കില്‍ സഖാവ്‌ കോടിയേരിയുടെ തൊട്ടുപിന്നിലായി സിപിഎം പോളിറ്റ്‌ ബ്യൂറോയില്‍ ഇരുന്നേനെ. ആ ഇരിപ്പില്‍ ക്രിസ്തുവിന്റെ ഗുരുവും നാഥനും സാക്ഷാല്‍ പ്രകാശ്‌ കാരാട്ട്‌ ആയിരുന്നേനെ! 'സംഗതികളുടെ കിടപ്പ്‌' മനസിലായതോടെ ക്രിസ്തുവിനെയും പള്ളിയെയും ഉപേക്ഷിച്ച്‌ സിപിഎമ്മില്‍ ചേര്‍ന്ന സഖാവ്‌ എം എ ബേബി വീണ്ടും ക്രിസ്തുവിന്റെ അനുയായി ആയേനെ.

ഇങ്ങനെയൊക്കെ സങ്കല്‍പ്പിക്കണമെങ്കില്‍ കലാഹൃദയം വേണം! സങ്കല്‍പ്പങ്ങളൊക്കെ മൈക്കിലൂടെ വിളിച്ചു പറയണമെങ്കില്‍ നിര്‍മ്മലമായൊരു ഹൃദയം വേണം. ഹൃദയ നൈര്‍മല്യമുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്നാണ്‌ ക്രിസ്തു ഗിരിപ്രഭാഷണത്തില്‍ പഠിപ്പിച്ചത്‌. എം എ ബേബി പോളിറ്റ്‌ ബ്യൂറോ അംഗമാകുന്നതിന്‌ ആര്‌ പാരവച്ചാലും ശരി, സ്വര്‍ഗ്ഗരാജ്യത്തില്‍ മെമ്പറാവുന്നതിന്‌ പാരയൊന്നും ഉണ്ടാവില്ലെന്ന്‌ ഉറപ്പാക്കിക്കഴിഞ്ഞു!

ക്രിസ്തുവിനെതിരെ എവിടെയെങ്കിലും ഒരു ചെറുവിരലുയര്‍ന്നാല്‍ അതിനെതിരെ രക്തം ചിന്താന്‍വേണ്ടും സമര്‍പ്പിതനാണ്‌ കേരള കോണ്‍ഗ്രസുകാരുടെ അപ്പസ്തോലനായ സക്ഷാല്‍ കെ എം മാണിക്കത്തനാര്‍.

ക്രിസ്തു ഇന്നു ജീവിച്ചിരുന്നെങ്കില്‍ കേരള കോണ്‍ഗ്രസിന്റെ വൈസ്‌ ചെയര്‍മാനെങ്കിലും ആക്കിയേനെ മാണിക്കത്തനാര്‍. അന്നേരമാണ്‌ ക്രിസ്തുവിനെ തട്ടിയെടുക്കാന്‍ ബേബി ഓരോരോ നമ്പരുകളുമായി വന്നിരിക്കുന്നത്‌. ബേബി സിപിഎമ്മിലേക്കും മാണി കേരള കോണ്‍ഗ്രസിലേക്കും ഒപ്പം വിളിച്ചാല്‍ ക്രിസ്തു ആരുടെ കൂടെ പോകും എന്ന്‌ ഒരു പണിയുമില്ലാതിരിക്കുന്ന പി സി ജോര്‍ജിന്‌ സങ്കല്‍പ്പിച്ചു നോക്കാവുന്നതാണ്‌. ക്രിസ്തുവിന്റെ രാജ്യം സെക്യുലര്‍ ആയിരുന്നേനെ എന്നൊക്കെ അനുമാനിക്കാവുന്നതുമാണ്‌.

സോണിയാജിയെന്ന നസ്രാണി പ്രസിഡന്റായിരിക്കുന്ന സാക്ഷാല്‍ നാഷനല്‍ കോണ്‍ഗ്രസ്‌ നിലവിലിരിക്കെ ക്രിസ്തു വേറെങ്ങോട്ടു പോകാന്‍ എന്നാവും എ കെ അന്തോണീസു പുണ്യവാന്റെ ചിന്ത!

ഇപ്പോള്‍ ക്രിസ്തുവിന്റെ മനസ്സില്‍ എന്തായിരിക്കാം എന്ന്‌ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ബൈബിളിനെ മുന്‍നിര്‍ത്തി ആലോചിക്കാവുന്നതാണ്‌. ക്രിസ്തുവിനെയും കൊണ്ട്‌ നടക്കുന്ന അനുയായികളെയും ക്രിസ്തുവിനെ ഏറ്റെടുക്കാന്‍ നടക്കുന്ന പ്രമാണിമാരെയും ഒക്കെ വച്ചു നോക്കുമ്പോള്‍, അതിക്രൂരമായി ക്രിസ്തുവിനെ കുരിശില്‍ തറച്ചുകൊന്ന യൂദന്മാരുടെ കൂടെ പോകാന്‍ തന്നെയാവും ക്രിസ്തു ആഗ്രഹിക്കുകയെന്നാവും നമുക്കു കിട്ടുന്ന വെളിപാട്‌!

ലോകത്തില്‍ ക്രിസ്തു പീഡിപ്പിക്കപ്പെടുന്നിടത്തോളം ഒരുവനും പീഡിപ്പിക്കപ്പെടുന്നില്ല. ക്രിസ്തു സഹിക്കുന്നതിനോളം ആരും സഹിക്കുന്നില്ല. സഹിക്കാന്‍ ക്രിസ്തു ഇനിയും ബാക്കി. ക്രിസ്തുവേ ഈ ഡാഷുകളോട്‌ പൊറുക്കേണമേ!

സഖാക്കള്‍ ഗുണ്ടകളാകുമ്പോള്‍!

കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ പ്രത്യേകിച്ച്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ ബ്രാഞ്ച്‌ കമ്മറ്റിയിലെ സഖാക്കള്‍ വരെ, ഒന്നുകില്‍ ജില്ലാ എസ്പിയുടെ അഹന്തയില്‍ അല്ലെങ്കില്‍ മൂന്നാംകിട ഗുണ്ടയുടെ തലത്തില്‍ നിയമം കൈയിലെടുക്കുമെന്ന്‌ പൊതുവെ ഒരു ധാരണയുണ്ട്‌. വലതുപക്ഷ മാധ്യമങ്ങള്‍ പരത്തിയ ഈ അപവാദം ചിലപ്പോഴെങ്കിലും വസ്തുനിഷ്ഠമാണെന്ന്‌ തെളിയിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുമുണ്ട്‌. ആദ്യത്തെ കമ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെ കാലത്തുതന്നെ പോലീസ്സ്റ്റേഷനുകള്‍ പാര്‍ട്ടിസെല്ലുകളായി പരിണമിച്ചു എന്ന ആരോപണം ഉയര്‍ന്നതാണ്‌.

ഭരണത്തിലിരിക്കുമ്പോള്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കി പോലീസിനെ മാറ്റിയും പ്രതിപക്ഷത്തായിരിക്കുമ്പോള്‍ കടുത്ത പ്രക്ഷോഭമുറകളിലൂടെ പോലീസിനെ നേരിട്ടും യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന്‌ പോലീസ്‌ സേനയെ മാര്‍ക്സിസ്റ്റ്‌ നേതാക്കളും പ്രവര്‍ത്തകരും പ്രതിരോധിക്കാറുണ്ട്‌ എന്നത്‌ ഭൂതവര്‍ത്തമാനകാല അനുഭവങ്ങളാണ്‌.

അതിന്റെ ഏറ്റവും നീചമായ മുഖമാണ്‌ കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയില്‍ ചേര്‍പ്പില്‍ കണ്ടത്‌. ട്രാഫിക്‌ നിയമം ലംഘിച്ചതിന്‌ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ബൈക്ക്‌ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച പോലീസുകാരെ പാര്‍ട്ടി നേതാക്കളും അണികളും ചേര്‍ന്ന്‌ തടയുകയായിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയവരെ അറസ്റ്റുചെയ്ത്‌ നീക്കാനുള്ള ശ്രമവും ബലംപ്രയോഗിച്ച്‌ പാര്‍ട്ടിക്കാര്‍ തടഞ്ഞു.

നേതാവിനോടുള്ള വിധേയത്വം അല്ലെങ്കില്‍ തങ്ങളുടെ പാര്‍ട്ടി ഭരണത്തിലിരിക്കുന്നതിലെ അഹങ്കാരം പ്രകടിപ്പിക്കാന്‍ സഖാക്കള്‍ ദേശീയപാതയില്‍ ഒന്നരമണിക്കൂറോളമാണ്‌ ഗതാഗതം സ്തംഭിപ്പിച്ചത്‌. ഈ കുരുക്കില്‍ ആംബുലന്‍സുകളും പെട്ടിരുന്നു എന്നാണ്‌ വാര്‍ത്തകള്‍.

സിപിഎം ചേര്‍പ്പ്‌ ലോക്കല്‍ സെക്രട്ടറി പിവി സദാനന്ദന്റെ പുത്രന്‍ സനന്ദ്‌ കഴിഞ്ഞ വര്‍ഷം ജൂണില്‍, ബൈക്കില്‍ മൂന്ന്‌ പേരുമായി പോകുന്നതിനിടെ കൂര്‍ക്കഞ്ചേരിയില്‍ പോലീസ്‌ കൈ കാണിച്ചിരുന്നു. നിര്‍ത്താതെ പോയ ബൈക്കിന്റെ ഉടമയെ മാസങ്ങള്‍ക്കു ശേഷം കണ്ടെത്തുകയും ബൈക്കുമായി നെടുപുഴ സ്റ്റേഷനിലെത്താന്‍ പലവട്ടം ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിലാണ്‌ ബൈക്ക്‌ ചൊവ്വന്നൂരിലെ ഒരു വര്‍ക്ക്ഷോപ്പില്‍ ഉണ്ടെന്നറിഞ്ഞ്‌ നെടുപുഴ എസ്‌ഐ ജി ബാലചന്ദ്രന്‍ സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തത്‌. പെട്ടിഓട്ടോയില്‍ ബൈക്ക്‌ കയറ്റിക്കൊണ്ട്‌ പോകാന്‍ തുടങ്ങുമ്പോഴായിരുന്നു സദാനന്ദന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്ത്‌ തടിച്ചുകൂടിയതും പോലീസിനെ തടഞ്ഞതും വാക്കേറ്റമുണ്ടാക്കിയതും കൈയേറ്റത്തിന്‌ ശ്രമിച്ചതും.

"ഞാന്‍ ലോക്കല്‍ സെക്രട്ടറിയാണ്‌ എന്നെ അറസ്റ്റു ചെയ്താല്‍ വിവരമറിയും" എന്ന്‌ ബൈക്കില്‍ കയറിയിരുന്ന്‌ സദാനന്ദന്‍ പോലീസിനെ ഭീഷണിപ്പെടുത്തിയതിന്‌ നൂറുകണക്കിന്‌ നാട്ടുകാര്‍ സാക്ഷികളാണ്‌.

ചേര്‍പ്പ്‌ സിഐ ടി യു സജീവന്‌ സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി വിവി ശശികുമാര്‍ സ്ഥലത്തെത്തിയാണ്‌ പ്രശ്നം ഒരുവിധത്തില്‍ പരിഹരിച്ചത്‌. പോലീസിനെ തടഞ്ഞതിന്റെ പേരില്‍ ലോക്കല്‍ സെക്രട്ടറി സദാനന്ദനോട്‌ സ്റ്റേഷനിലെത്തണമെന്ന്‌ ആവശ്യപ്പെട്ടപ്പോള്‍ പോലീസ്ജീപ്പില്‍ കയറാതെ ഡിവൈഎസ്പിയുടെ വാഹനത്തിലാണ്‌ അയാള്‍ സ്റ്റേഷനിലെത്തിയത്‌.

കറതീര്‍ന്ന അഹന്തയും ഗുണ്ടായിസവും താന്തോന്നിത്തവുമാണ്‌ സദാനന്ദനടക്കമുള്ള മാര്‍ക്സിസ്റ്റ്‌ നേതാക്കളില്‍ നിന്ന്‌ ഉണ്ടായതെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ സംശയമില്ല. ഭരണം ജനപക്ഷനിലപാടുകള്‍ സംരക്ഷിക്കാനുള്ളതല്ലെന്നും ഗുണ്ടായിസവും താന്‍പോരിമയും താന്തോന്നിത്തവും കാണിക്കുന്ന ഇത്തരം തലതെറിച്ച നേതാക്കന്മാരെ സംരക്ഷിക്കാനുള്ളതാണെന്നും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേരത്തേതന്നെ തെളിയിച്ചിട്ടുള്ളതാണ്‌. അതുകൊണ്ട്‌ ചേര്‍പ്പ്‌ സംഭവത്തില്‍ അതിശയിക്കേണ്ട കാര്യമൊന്നുമില്ല. പക്ഷെ ആരു ഭരിച്ചാലും ആത്മാര്‍ത്ഥമായി തൊഴില്‍ ചെയ്യുന്ന നിരവധി പോലീസുകാരുണ്ട്‌. കോണ്‍സ്റ്റബിള്‍മാര്‍ മുതല്‍ ഡിജിപി വരെ ഉള്ളവര്‍ ഇക്കൂട്ടത്തിലുണ്ടെന്ന്‌ ഞങ്ങള്‍ക്കറിയാം. ഇത്തരം ജനകീയ പോലീസുകാരുടെ ആത്മവീര്യം നശിപ്പിക്കാന്‍ മാത്രമെ സദാനന്ദനെപ്പോലെയുള്ള സഖാക്കളെക്കൊണ്ട്‌ കഴിയുകയുള്ളൂ. ഇത്തരം അനുഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുമ്പോള്‍, കുറ്റകൃത്യങ്ങളില്‍ പ്രതികളാകുന്നത്‌ ഭരണകക്ഷിക്കാരാണെങ്കില്‍ അവര്‍ക്കുനേരെ കണ്ണടയ്ക്കാനാവും പോലീസ്‌ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ തയ്യാറാകുക. കണ്ണൂരില്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. ഇതിന്റെ പേരില്‍ ഹൈക്കോടതി ഉള്‍പ്പെടെയുള്ള ഉന്നത ന്യായാസനങ്ങളുടെ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങാന്‍ ഈ പോലീസുകാര്‍ നിര്‍ബന്ധിതരാകുകയാണ്‌.

പോലീസിനെ ജനകീയമാക്കാന്‍ കോടിയേരിയും രമണ്‍ ശ്രീവാസ്തവയും ശ്രമിക്കുമ്പോഴാണ്‌ സദാനന്ദനെപ്പോലെയുള്ള നേതാക്കള്‍ തെമ്മാടിത്തത്തിന്റെ ഭാഷയില്‍ പോലീസിനെ നിര്‍വീര്യമാക്കുന്നതും അവരുടെ ആത്മവീര്യം നശിപ്പിക്കുന്നതും ഹൈക്കോടതി വിശേഷിപ്പിച്ചതുപോലെ വാഴപ്പിണ്ടികൊണ്ടുള്ള നട്ടെല്ലുള്ളവരാക്കി മാറ്റുന്നതും.

യഥാര്‍ത്ഥത്തില്‍ ഗുണ്ടാ ആക്ട്‌ നടപ്പിലാക്കേണ്ടത്‌ ഇത്തരം സദാനന്ദന്മാര്‍ക്കെതിരെയാണെന്ന്‌ പറയാതിരിക്കാന്‍ കഴിയുകയില്ല.

Tuesday, April 22, 2008

മോഹന്‍ലാല്‍-സാമ്രാജ്‌ തര്‍ക്കം പരിഹരിക്കാന്‍ മാജിക്കുമായി ഡാന്‍സര്‍ തമ്പി

ഹിമജ
കൊച്ചി: ഈ മാസം 27-ാ‍ം തീയതി തിരുവനന്തപുരത്ത്‌ മോഹന്‍ലാല്‍ നടത്തുമെന്ന്‌ പറയുന്ന ഫയര്‍ എസ്കേപ്പ്‌ (ബേണിംഗ്‌ ഇല്യൂഷന്‍) എന്ന മാജിക്‌ പരിപാടിക്കെതിരെ മജീഷ്യന്‍ സാമ്രാജിന്റെ നേതൃത്വത്തില്‍ ഒരു സംഘം മാജിക്കുകാര്‍ രംഗത്തെത്തിയത്‌ വിവാദമായിട്ടുണ്ട്‌.

മോഹന്‍ലാല്‍ ഈ ഉദ്യമത്തില്‍നിന്ന്‌ പിന്മാറണമെന്ന്‌ സാമ്രാജും മോഹന്‍ലാലിന്‌ മാജിക്‌ പ്രകടനത്തിനിടയില്‍ ഒരു അപകടവും ഉണ്ടാകില്ലെന്ന്‌ ഗുരു ഗോപിനാഥ്‌ മുതുകാടും അവകാശപ്പെടുമ്പോള്‍ ഈ തര്‍ക്കം പരിഹരിക്കാനാണ്‌ മാജിക്കുമായി ആദ്യകാല മജീഷ്യന്‍ കൂടിയായ ഡാന്‍സര്‍ തമ്പി രംഗത്തെത്തുന്നത്‌. 25, 26 തീയതികളില്‍ സെക്രട്ടേറിയറ്റിനുമുന്നിലാണ്‌ ഡാന്‍സര്‍ തമ്പിയുടെ മാജിക്‌ പ്രകടനം.

ലോറി നെറ്റികൊണ്ട്‌ വലിക്കുക, നിറയെ ആളുകയറിയ ക്വാളിസ്‌ നെഞ്ചിലൂടെ കയറ്റുക, കൂനകൂട്ടിയ കുപ്പിച്ചില്ലിലേക്ക്‌ ഒരാള്‍ പൊക്കത്തില്‍നിന്ന്‌ ചാടുക, ആണിയും ട്യൂബ്‌ ലൈറ്റും ചവച്ചുതിന്നുക തുടങ്ങി നിരവധി മാജിക്‌ നമ്പറുകള്‍ അന്ന്‌ സെക്രട്ടേറിയറ്റിനുമുന്നില്‍ ഡാന്‍സര്‍ തമ്പി അവതരിപ്പിക്കും.

മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്റെ സ്ഥാപകപ്രവര്‍ത്തകനാണ്‌ ഡാന്‍സര്‍ തമ്പി. സിനിമയിലെത്തുന്നതിനുമുന്‍പ്‌ സൈക്കിള്‍യജ്ഞവും റിക്കോര്‍ഡ്‌ ഡാന്‍സുമായി കേരളത്തിലെ എല്ലാ നഗരങ്ങളിലും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മാജിക്പ്രകടനം നടത്തിയിട്ടുള്ള വ്യക്തിയാണ്‌ ഡാന്‍സര്‍ തമ്പി. വിദേശത്തും ഇദ്ദേഹത്തിന്റെ കലാപരിപാടികള്‍ അരങ്ങേറിയിട്ടുണ്ട്‌. മാജിക്കുകാരുടെ ഇന്ത്യയിലെ ഇന്നത്തെ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന ജാദൂഗാറില്‍നിന്ന്‌ മാജിക്‌ പ്രകടനത്തിന്റെ പേരില്‍ പുരസ്കാരം നേടിയിട്ടുള്ള വ്യക്തിയുമാണ്‌ ഡാന്‍സര്‍ തമ്പി.

മാജിക്‌ ഒരു കലാരൂപമാണ്‌. ഒപ്പം ഉപജീവനമാര്‍ഗവും. അതിന്റെ പേരില്‍ രണ്ടു കലാകാരന്മാര്‍ അനാവശ്യതര്‍ക്കത്തിലേര്‍പ്പെടുന്നത്‌ ശരിയല്ല എന്ന്‌ ബോധ്യപ്പെടുത്താനും ഇന്ന്‌ കേരളത്തിലെ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കുവേണ്ടി ഇവര്‍ തങ്ങളുടെ സിദ്ധികള്‍ വിനിയോഗിക്കണമെന്ന്‌ ആവശ്യപ്പെടാനും കൂടിയാണ്‌ ഡാന്‍സര്‍ തമ്പിയുടെ മാജിക്‌ പ്രകടനം. ഈ പരിപാടികളിലൂടെ വേനല്‍മഴക്കെടുതിയുള്‍പ്പെടെയുള്ള കേരളത്തിലെ പ്രശ്നങ്ങള്‍ മാജിക്കിലൂടെ അവതരിപ്പിക്കുന്നതിനോടൊപ്പം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നിന്ന്‌ ഒഴിഞ്ഞുമാറുന്ന രാഷ്ട്രീയക്കാരോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാനും കൂടിയുള്ള വേദിയാണ്‌ 25, 26 തീയതികളില്‍ സെക്രട്ടേറിയറ്റിനുമുമ്പില്‍ ഒരുക്കുന്നതെന്ന്‌ ഡാന്‍സര്‍ തമ്പി വാസ്തവത്തോട്‌ പറഞ്ഞു.

വേനല്‍മഴക്കെടുതിക്ക്‌ കേന്ദ്ര സഹായം തേടി കേരളത്തില്‍നിന്ന്‌ പോയ മന്ത്രിസംഘം വെറും കൈയോടെ മടങ്ങിയപ്പോള്‍ കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ മാജിക്‌ പ്രകടനം നടത്തി പ്രതിഷേധിച്ച വ്യക്തികൂടിയാണ്‌ ഡാന്‍സര്‍ തമ്പി. മാര്‍ച്ച്‌ 13-ാ‍ം തീയതി നടത്തിയ ഈ പ്രകടനം കാണാനും ഡാന്‍സര്‍ തമ്പിയെ അഭിനന്ദിക്കാനും കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ പ്രതിഷേധിക്കാനും വൃന്ദാകാരാട്ടും അരുന്ധതിറോയിയും എത്തിയിരുന്നു.

കേരളത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇടപെടേണ്ടതിനുപകരം അനാവശ്യമായി വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍നിന്ന്‌ പിന്മാറണമെന്നാണ്‌ മുതുകാടിനോടും സാമ്രാജിനോടും തനിക്ക്‌ അഭ്യര്‍ത്ഥിക്കാനുള്ളതെന്നും ഡാന്‍സര്‍ തമ്പി പറഞ്ഞു.

മാത്രമല്ല സൈക്കിള്‍യജ്ഞം, തെരുവിലെ മാജിക്‌ പ്രകടനം എന്നിവ കൊണ്ട്‌ ഉപജീവനം നടത്തിയ നിരവധി കലാകാരന്മാര്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ കഷ്ടപ്പെടുന്നു. അവര്‍ക്ക്‌ ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കാന്‍കൂടിയാണ്‌ 25, 26 ദിവസങ്ങളിലെ മാജിക്‌ പ്രകടനമെന്ന്‌ തമ്പി പറഞ്ഞു.

മാജിക്‌ പ്രകടനം കാണാനെത്തുന്നവര്‍ക്ക്‌ അന്തരിച്ച സിനിമാ നടന്‍ പ്രേംനസീറിന്റെ ഇഷ്ടഭക്ഷണമായ മരച്ചീനിപുട്ടും ശ്രീശാന്തിന്റെ ഇഷ്ടഭക്ഷണമായ ഗോതമ്പുപുട്ടും സൗജന്യമായി വിതരണം ചെയ്യുമെന്ന്‌ തമ്പി അറിയിച്ചു.

സിസ്റ്റര്‍ ഫിലോയുടെ മരണം: സഭാനേതൃത്വം പ്രതിക്കൂട്ടില്‍

അഭയാ കേസിന്റെ തനിയാവര്‍ത്തനം; ലൈംഗിക പീഡനത്തിനുശേഷം കൊന്നതാണെന്ന്‌ നാട്ടുകാര്‍
നിലോഫര്‍ റഹ്മാന്‍
തൃശ്ശൂര്‍: പാവറട്ടിയിലെ സിസ്റ്റര്‍ ഫിലോയുടെ മരണം സംബന്ധിച്ച ദുരൂഹതകളും ക്രിസ്ത്യന്‍ സഭാനേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നു. ഏറെ കോളിളക്കമുണ്ടാക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസ്‌ മാതൃകയിലാണ്‌ സിസ്റ്റര്‍ ഫിലോയുടെ ദുരൂഹമരണമെന്നാണ്‌ നാട്ടുകാരുടെ ആരോപണം.

1994-ല്‍ മാര്‍ച്ച്‌ 20ന്‌ പാവറട്ടി കോണ്‍വെന്റില്‍ ദുരൂഹസാഹചര്യത്തില്‍ സിസ്റ്റര്‍ ഫിലോ കൊല്ലപ്പെട്ടതുസംബന്ധിച്ച്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്‌.

കോണ്‍വെന്റിലെ ടറസിനുമുകളില്‍ ചെടികള്‍ നനച്ചുകൊണ്ട്‌ നിന്നപ്പോള്‍ വൈദ്യുതാഘാതമേറ്റാണ്‌ സിസ്റ്റര്‍ ഫിലോ മരിച്ചതെന്നാണ്‌ സഭാനേതൃത്വവും കേസില്‍ പ്രാഥമികാന്വേഷണം നടത്തിയ പാവറട്ടി പോലീസും ആദ്യം പറഞ്ഞിരുന്നത്‌. പിന്നീട്‌ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നുവാക്രോണ്‍ എന്ന മാരകമായ കീടനാശിനി ഉള്ളില്‍ചെന്നതിനാലാണ്‌ മരണം സംഭവിച്ചതെന്ന്‌ വെളിപ്പെടുകയായിരുന്നു.

സിസ്റ്റര്‍ ഫിലോയുടെ മൃതദേഹത്തില്‍ കാണപ്പെട്ട മുറിവുകള്‍ മരണം സംബന്ധിച്ച്‌ കൂടുതല്‍ ദുരൂഹതകള്‍ ഉയര്‍ത്തിയിരുന്നു. കൈകാലുകളിലും അടിവയറിലും രഹസ്യഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ടെന്ന്‌ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നുവെങ്കിലും അന്വേഷണോദ്യോഗസ്ഥര്‍ ഇക്കാര്യങ്ങള്‍ മറച്ചുവെക്കുകയായിരുന്നു എന്നാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം.

സംശയകരമായ സാഹചര്യത്തില്‍ മരണം സംഭവിക്കുന്ന സ്ത്രീകളുടെ മൃതശരീരങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോഴും തുടര്‍ന്ന്‌ രാസപരിശോധനയ്ക്കയക്കുമ്പോഴും നിര്‍ബന്ധമായും നടത്തേണ്ട പരിശോധനകള്‍ ഈ കേസില്‍ അന്വേഷണോദ്യോഗസ്ഥര്‍ നടത്തിയിട്ടില്ല എന്നാണ്‌ വെളിപ്പെടുന്നത്‌.

ലൈംഗീകപീഡനത്തെ തുടര്‍ന്ന്‌ ബോധരഹിതയായ സിസ്റ്റര്‍ ഫിലോയുടെ വായില്‍ നുവാക്രോണ്‍ വിഷം ഒഴിച്ചുകൊടുത്ത്‌ കൊലപ്പെടുത്തുകയായിരുന്നു എന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. വിഷം കഴിച്ച്‌ കന്യാസ്ത്രീ ആത്മഹത്യ ചെയ്തത്‌ എന്തിന്‌ എന്ന ചോദ്യം നേരിടേണ്ടിവരുമെന്ന്‌ ഭയന്ന്‌ ശരീരത്തില്‍ വൈദ്യുതാഘാതമേല്‍പിക്കുകയായിരുന്നുവെന്നും പറയുന്നു.

മൃതദേഹത്തില്‍ ഗുരുതരമായ പത്ത്‌ പരിക്കുകളുണ്ടായിരുന്നതായാണ്‌ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഇതില്‍ ഏഴും ശാരീരികവും ലൈംഗീകവുമായ പീഡനത്തെ തുടര്‍ന്ന്‌ സംഭവിച്ചതാണ്‌ എന്നും വ്യക്തമാണ്‌. കേസ്‌ ഒതുക്കിത്തീര്‍ക്കാനും പ്രതികളെ സംരക്ഷിക്കാനും സഭയുടെ ഉന്നതനേതൃത്വത്തിന്റെ ഭാഗത്തുനിന്നുതന്നെ ഇടപെടലുകള്‍ നടന്നിട്ടുണ്ട്‌ എന്നും ആരോപണമുണ്ട്‌.

രണ്ടുവര്‍ഷം മുമ്പ്‌ ഇതേ കോണ്‍വെന്റിന്‌ കീഴിലുള്ള നഴ്സിംഗ്‌ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ജിസമോള്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. ജിസമോളുടെ മരണവും ലൈംഗീകപീഡനത്തെ തുടര്‍ന്നാണെന്ന്‌ വ്യക്തമായെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഈ കേസില്‍ സംശയിക്കുന്നവരുടെ പട്ടികയില്‍ എറണാകുളം ജില്ലക്കാരനായ ഒരു വൈദികന്റെ പേര്‌ ജിസയുടെ ബന്ധുക്കള്‍ തന്നെ പറഞ്ഞിരുന്നു. സംസ്ഥാന പോലീസിലെ സത്യസന്ധനായറിയപ്പെടുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ നേരിട്ട്‌ ഇടപെട്ടാണ്‌ ഈ കേസില്‍ അന്വേഷണം മരവിപ്പിച്ചത്‌ എന്നും അദ്ദേഹം ഇക്കാര്യത്തിനായി പാവറട്ടിയിലും ഗുരുവായൂരും സന്ദര്‍ശനം നടത്തിയെന്നും പറയപ്പെടുന്നു. രണ്ടുകേസുകളിലും സിബിഐ അന്വേഷണം വേണമെന്നും നഴ്സിംഗ്‌ ഹോമിന്റേയും പള്ളിയുടേയും കോണ്‍വെന്റിന്റേയും ചുമതലക്കാരായവരെ വിശദമായി ചോദ്യം ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ശനിയാഴ്ച ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പാവറട്ടി സെന്ററില്‍ സമരപ്രഖ്യാപന വിശദീകരണ പൊതുയോഗം നടത്തുമെന്ന്‌ കൊല്ലപ്പെട്ട ജിസമോളുടെ മാതാവ്‌ ബിന്നി ദേവസ്യ, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ആന്റണി ചിറ്റാട്ടുകര, ശ്രീധരന്‍ തേറമ്പില്‍, ഫ്രാന്‍സി മറ്റം എന്നിവര്‍ പറഞ്ഞു.

പ്രിയങ്കയുണ്ടാക്കുന്ന പൊല്ലാപ്പുകള്‍

മോട്ടിലാലിന്റെ കൊച്ചുകൊച്ചുകൊച്ചുമകള്‍ പ്രിയങ്ക വിവാദത്തിന്റെ കടന്നല്‍കൂട്‌ ഇളക്കുകയായിരുന്നു മാര്‍ച്ച്‌ 19 ന്‌ വെല്ലൂര്‍ സെന്റര്‍ ജയിലില്‍ നടത്തിയ നളിനിയുമായുള്ള കൂടിക്കാഴ്ചയിലൂടെ.

ശ്രീപെരുമ്പത്തൂരില്‍ തനു എന്ന മനുഷ്യബോംബിനെ ഉപയോഗിച്ച്‌ തമിഴ്പുലികള്‍ രാജീവിനെ ചിതറിച്ച്‌ കൊന്നതിലെ പ്രതികളില്‍ ഒരാളാണ്‌ നളിനി. വിചാരണ കോടതി നളിനി അടക്കമുള്ള പ്രതികള്‍ക്ക്‌ വധശിക്ഷയാണ്‌ വിധിച്ചത്‌. എന്നാല്‍ സ്ത്രീയും അമ്മയുമായ സോണിയ മറ്റൊരു സ്ത്രീയും അമ്മയുമായ നളിനിയ്ക്കു വേണ്ടി ഇടപെട്ടതുകൊണ്ട്‌ വധശിക്ഷ ജീവപര്യന്തമാക്കി കോടതി ലഘൂകരിച്ചു.

അങ്ങനെ ശിക്ഷയുടെ പതിനേഴാം വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ്‌ സ്വന്തം പിതാവിന്റെ ഘാതകക്കൂട്ടത്തിലെ സ്ത്രീയായ നളിനിയെ കാണാന്‍ പ്രിയങ്ക വെല്ലൂര്‍ ജയിലിലെത്തിയത്‌. ഈ സന്ദര്‍ശനത്തിനുവേണ്ടി നിലവിലുള്ള ജയില്‍ചട്ടങ്ങളെല്ലാം ലംഘിച്ച വാര്‍ത്ത 'വാസ്തവം' പ്രസിദ്ധീകരിച്ചിരുന്നു.

പ്രിയങ്ക-നളിനി കൂടിക്കാഴ്ചയ്ക്ക്‌ ഒരു പൈങ്കിളി സീരിയലിന്റെ ടച്ചുണ്ടായിരുന്നു. "എന്റെ പിതാവിനെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ എന്തറിയാം?" "ആ നല്ല മനുഷ്യനെ കൊന്നതെന്തിനാണ്‌?" "ആ കുറ്റത്തിന്‌ നിങ്ങള്‍ക്കുള്ള പങ്കെന്താണ്‌?" "ആരൊക്കെയാണ്‌ അതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌?" എന്നൊക്കെയായിരുന്നു പ്രിയങ്ക നളിനിയോട്‌ ചോദിച്ചത്‌.

ഒരക്ഷരം പോലും മറുപടി പറയാതെ മൂകയായി, ഉള്ളിലെ നോവത്രയും അടക്കിപ്പിടിച്ച്‌ നളിനി നിന്നതേയുള്ളൂ എന്നാണ്‌ പുറത്തുവന്നിട്ടുള്ള വാര്‍ത്തകള്‍. പ്രിയങ്കയുമായുള്ള കൂടിക്കാഴ്ചയോടെ തന്റെ പാപങ്ങളെല്ലാം കഴുകി കളയപ്പെട്ടു എന്നാണ്‌ നളിനിയും അവകാശപ്പെട്ടത്‌.

നളിനിയുടെ ശിക്ഷാകാലാവധി ഇളവു ചെയ്യാന്‍ സോണിയ ഇടപെട്ടതും പിതാവിന്റെ ഘാതകരില്‍ ഒരാളെ ജയിലില്‍ സന്ദര്‍ശിക്കാന്‍ പ്രിയങ്ക തയ്യാറായതും എല്ലാം പൊറുക്കുന്ന, സഹിക്കുന്ന സ്ത്രീത്വത്തിന്റെ ഉദാത്തമായ പ്രദര്‍ശനമായിരുന്നുവെന്നും ആ കൂടിക്കാഴ്ച മാനവികതയുടെ കറതീര്‍ത്ത പ്രകടനമായിരുന്നു എന്നുമൊക്കെയാണ്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ വരെ വിശേഷിപ്പിച്ചതും എഴുതിപ്പിടിപ്പിച്ചതും.

എന്നാല്‍ വളരെ ശ്രദ്ധാപൂര്‍വ്വം രൂപം കൊടുത്ത രാഷ്ട്രീയ മുതലെടുപ്പിന്റെ തിരക്കഥ സോണിയയുടെ ഇടപെടലിലും പ്രിയങ്കയുടെ സന്ദര്‍ശനത്തിലും ഉണ്ടെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ സംശയമില്ല. മോട്ടിലാലില്‍ ആരംഭിച്ച, ഇന്ത്യന്‍ പൗരന്മാരെ വിഡ്ഢികളാക്കുന്ന കര്‍മ്മ പരമ്പരയുടെ ഒടുവിലത്തെ കണ്ണി മാത്രമായിരുന്നു ഇവയൊക്കെ. അടുത്ത പൊതുതെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ കോണ്‍ഗ്രസിനും രാഹുലിനും മെയിലേജുണ്ടാക്കാന്‍ ഒരു പുതിയ സഹതാപ തരഗം സൃഷ്ടിക്കുകയായിരുന്നു ഇതെല്ലാം പ്ലാന്‍ചെയ്ത രാഷ്ട്രീയ ഈവന്റ്‌ മാനേജ്മെന്റ്‌ ഗ്രൂപ്പിന്റെ ലക്ഷ്യം. ആ ലക്ഷ്യം പകുതി നേടിയെന്നു തന്നെയാണ്‌ തുടര്‍ച്ചയായുണ്ടാകുന്ന മാധ്യമവാര്‍ത്തകള്‍ വ്യക്തമാക്കുന്നത്‌.

സോണിയാ കുടുംബത്തിനൊപ്പം നളിനിക്കും പ്രിയങ്കയുടെ കൂടിക്കാഴ്ച നിസാരങ്ങളല്ലാത്ത നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. അതിന്റെ ഭാഗമായിട്ടാണ്‌ ഇപ്പോള്‍ നളിനിയുടെ അഭിഭാഷകര്‍ മനുഷ്യാവകാശത്തിന്റെ മറവില്‍ നളിനിയുടെ മോചനത്തിന്‌ ശ്രമിക്കുന്നത്‌. സാധാരണഗതിയില്‍ ജീവപര്യന്തം തടവിന്‌ വിധിക്കപ്പെടുന്ന ഒരു ഇന്ത്യന്‍ പൗരന്‌ ജയിലിലെ ആ വ്യക്തിയുടെ മാന്യമായ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലും ആ വ്യക്തിയിലുണ്ടായിട്ടുള്ള മാനസാന്തരത്തിന്റെ പേരിലും 12 മുതല്‍ 14 വര്‍ഷം വരെ ശിക്ഷ അനുഭവിച്ചുകഴിയുമ്പോള്‍ കുറ്റവിമുക്തനാക്കി, ജയില്‍ശിക്ഷ റദ്ദാക്കി മോചിപ്പിക്കാറുണ്ട്‌. ഈ ആനുകൂല്യമാണ്‌ ഇപ്പോള്‍ നളിനിക്കുവേണ്ടി അഭിഭാഷകര്‍ ഉന്നയിക്കുന്നത്‌.

ഇന്ത്യയിലെ പരമോന്നത കോടതി ഈ വാദം അംഗീകരിക്കുകയും നളിനിക്ക്‌ മോചനം നല്‍കുകയും ചെയ്താല്‍ ഇതേ സ്വഭാവമുള്ള ആയിരക്കണക്കിന്‌ കേസുകളില്‍ പ്രതികളായിട്ടുള്ള ഭീകരന്മാര്‍ക്ക്‌, നിയമത്തിന്റെ പഴുതുകളിലൂടെ പുറത്തുവരാന്‍ സാധിക്കും.

ഇവിടെ നാം ചിന്തിക്കേണ്ട ഗൗരവമേറിയ വസ്തുത, എന്തിനാണ്‌ തമിഴ്പുലികള്‍ രാജീവിനെ കൊന്നത്‌ എന്നതാണ്‌. ശ്രീലങ്കയില്‍ തമിഴ്പുലികള്‍ അവരുടെ സ്വയംശീര്‍ഷതയ്ക്കുവേണ്ടിയും പ്രത്യേക പദവികള്‍ക്കുവേണ്ടിയും അവിടെ നിലവിലുണ്ടായിരുന്ന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയപ്പോള്‍ അത്‌ അടിച്ചമര്‍ത്താന്‍ ഇന്ത്യന്‍ പട്ടാളക്കാരെ അയച്ചതാണ്‌ അടിസ്ഥാന പ്രശ്നം. അയല്‍ക്കാരന്റെ വീട്ടുഭരണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന ബുദ്ധിശൂന്യനു ലഭിക്കുന്ന തിരിച്ചടിപോലെ ഒന്നായിരുന്നു രാജീവിന്റെ കൊലപാതകം. ഇന്ദിരയും ഈ വൃത്തികേട്‌ കാണിച്ചിട്ടുണ്ട്‌. പാക്കിസ്ഥാനെതിരെ കിഴക്കന്‍ പാക്കിസ്ഥാനിലെ ജനങ്ങള്‍ സ്വാതന്ത്ര്യസമരം നടത്തിയപ്പോള്‍ ഇന്ത്യന്‍ പട്ടാളക്കാരെ അയച്ച്‌ ആ സമരത്തെ വിജയിപ്പിച്ചതാണ്‌. അതുമൂലം ലക്ഷക്കണക്കിന്‌ അഭയാര്‍ത്ഥികളാണ്‌ ഇന്ത്യയിലെത്തിയത്‌.

നളിനിയോട്‌ പ്രിയങ്ക ഉന്നയിച്ച ചോദ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചോദിക്കേണ്ടത്‌ വേലുപ്പിള്ള പ്രഭാകരനോടും സംവരണ മണ്ഡലമായ ശ്രീപെരുമ്പത്തൂരില്‍ എല്ലാ സുരക്ഷാ ചട്ടങ്ങളും ലംഘിച്ച്‌ സന്ധ്യയ്ക്ക്‌ പ്രസംഗിക്കാന്‍ രാജീവിനെ കൊണ്ടുപോയ ജയന്തി നടരാജനടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കളോടുമാണ്‌. അതെല്ലാം ഒഴിവാക്കി വാര്‍ത്താപ്രാധാന്യം നേടാന്‍ പ്രിയങ്ക നടത്തിയ കൂടിക്കാഴ്ചയുടെ പൊല്ലാപ്പുകള്‍ എന്തെല്ലാമാണെന്ന്‌ വരുംകാലം തെളിയിക്കും. അതുവരെ കാത്തിരിക്കാം

'ഡോണ്‍ഡൂ ഡോണ്‍ഡൂ ലാലേട്ടാ...' എന്നു പറയരുത്‌

ഫയര്‍ഫോഴ്സിനു കെടുത്താന്‍ പറ്റാത്ത ഒരഗ്നിയാണ്‌ 'ജഠരാഗ്നി'. 'വയറുകത്തുന്നു'വെന്നൊക്കെ സാധാരണയായി പാവങ്ങള്‍ നമ്മള്‍ പറയാറുള്ള സംഗതി തന്നെയാണീ ജഠരാഗ്നി!

കൊച്ചു കേരളത്തിലെ വലിയ ശതമാനം മനുഷ്യന്മാരും പണ്ടുകാലം മുതലേ ജഠരാഗ്നി കെടുത്തിയിരുന്നത്‌ കഞ്ഞി കുടിച്ചോ ചോറുതിന്നോ ആയിരുന്നു.

പൂരിമസാലയും, ബില്ലുകാണുമ്പോള്‍ ചിരിച്ച കോഴിയും പിച്ചാത്തിയും എന്നു തോന്നിപ്പിക്കുന്ന പൊരിച്ച കോഴിയും ചപ്പാത്തിയും, ഫെവിക്കോള്‍ കൊണ്ടുണ്ടാക്കുന്നപോലുള്ള പൊറോട്ടയും പോത്തിറച്ചിയും തുടങ്ങി നൂഡില്‍സും ഷവര്‍മയും ഒക്കെ ജഠരാഗ്നി കെടുത്താന്‍ കേരളീയര്‍ പ്രയോഗിച്ചു തുടങ്ങിയിട്ട്‌ അധിക കാലമൊന്നും ആയിട്ടില്ല.

അഥവാ, ഭൂരിപക്ഷവും ഇതൊന്നും കഴിച്ചല്ല വിശപ്പുമാറ്റുന്നത്‌. കഞ്ഞി, കഞ്ഞിതന്നെ ശരണം! അങ്ങനിരിക്കുന്ന സാഹചര്യത്തിങ്കലാണ്‌ നമ്മുടെ അരിമുട്ടിയത്‌. അരി വാങ്ങണമെങ്കില്‍ പണിയെടുത്താല്‍ കിട്ടുന്നതൊന്നും പോര. വല്ല തിരുവാഭരണമോ, സ്വര്‍ണാഭരണമോ മോഷ്ടിക്കാന്‍ പോണം എന്ന മട്ടിലേക്ക്‌ കാര്യങ്ങള്‍ ചെന്നെത്തിപ്പോയ സുവര്‍ണകാലത്തിനെയാണ്‌ രണ്ടായിരത്തെട്ട്‌ എന്നു പറയുന്നത്‌. ജഠരാഗ്നി എന്ന 'ഫയറി'ല്‍ നിന്നും എങ്ങനെ 'എസ്കേപ്പ്‌' ചെയ്യാം എന്ന്‌ തലപുകഞ്ഞിരിക്കുന്ന മലയാളിയുടെ മുന്നിലേക്കാണ്‌ മോഹന്‍ലാലിന്റെ ഫയര്‍ എസ്കേപ്പ്‌ ഇടത്തീപോലെ വന്നു വീണത്‌!

ലാലേട്ടാ ഡോണ്‍ഡൂ, ഡോണ്‍ഡൂ... വെന്നും പറഞ്ഞ്‌ കുറെ മജീഷ്യന്മാര്‍ രംഗത്തുവന്നതോടെയാണ്‌ സംഗതി ക്ലിക്കായത്‌ അഥവാ ഒരു കണക്കിന്‌ ക്ലിക്കാക്കിയത്‌.

മുന്‍കാലങ്ങളില്‍ റെജീന നേര്‍ച്ചക്കാഴ്ച, കൊക്കക്കോള കോടതി വഴിപാട്‌, രജനി ലൈഫ്‌ എസ്കേപ്പ്‌ തുടങ്ങിയ സാംസ്ക്കാരിക കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞിരുന്ന സാംസ്ക്കാരിക നായകര്‍, സിനിമാ സംവിധായകര്‍ തുടങ്ങി സകലവന്മാരും വേണം, വേണ്ട, വേണ്ടണം തുടങ്ങിയ അഭിപ്രായങ്ങളുമായി അണിനിരന്നുകഴിഞ്ഞു.

ബുദ്ധിയും ബോധവുമുള്ള ഒരു മനുഷ്യജീവി എന്ന നിലക്ക്‌ മോഹന്‍ലാല്‍ തന്നിഷ്ടപ്രകാരം തീയില്‍ ചാടാന്‍ തീരുമാനിച്ചതിന്‌ ഇത്രയേറെ ചര്‍ച്ച ചെയ്യേണ്ട കാര്യമുണ്ടോ എന്നാരും ചോദിക്കരുത്‌!

എയ്ഡ്സിനെതിരെ ഉറ ഉപയോഗിക്കല്‍, കരണ്ടിനെതിരെ സ്വിച്ച്‌ ഓഫാക്കല്‍ തുടങ്ങിയ ചട്ടങ്ങള്‍ സിനിമാതാരങ്ങളെ വച്ചാണിപ്പോള്‍ സര്‍ക്കാര്‍ നാട്ടുകാരെ പഠിപ്പിക്കുന്നത്‌. വേറെ സാറന്മാരൊന്നും പറഞ്ഞാല്‍ നാട്ടാര്‍ കേള്‍ക്കില്ല!

അക്കൂട്ടത്തില്‍, താങ്ങാന്‍ പറ്റാത്ത വിലക്കയറ്റത്താല്‍ നടുവൊടിഞ്ഞുപോയ മലയാളികളെ 'ജഠരാഗ്നി' ഉണ്ടാക്കുന്ന വിമ്മിഷ്ടങ്ങളില്‍ നിന്നും വഴിതിരിച്ചുവിടാനുള്ള ഒരു 'ഉഡായിപ്പ്‌' എന്ന നിലക്ക്‌ ഈ 'ഫയര്‍ എസ്കേപ്പി'നെയും മനസിലാക്കിയാല്‍ മനസിലാക്കിയവര്‍ക്കു കൊള്ളാം!

Monday, April 21, 2008

എ.എസ്‌.ഐ. ഏലിയാസിന്റെ മരണം കോടിയേരി ഊരാക്കുടുക്കില്‍

ടൈറ്റസ്‌ കെ വിളയില്‍
കൊച്ചി : കോടിയേരി ബാലകൃഷ്ണനെന്ന ആഭ്യന്തര മന്ത്രിക്കിപ്പോള്‍ വിവാദത്തിന്റെ വേനല്‍ മഴക്കെടുതിക്കാലം.

കാലം തെറ്റിപ്പെയ്ത മീനമഴയില്‍ തളിര്‍ത്ത പുല്‍നാമ്പുകള്‍ പോലെ കോടിയേരിക്ക്‌ ചുറ്റും വാസ്തവങ്ങളുടെ ആരോപണ സമൃദ്ധി.വീട്‌ മോടിപിടിപ്പിക്കല്‍ ,പൂമൂടല്‍ , മൂത്തപുത്രന്റെവിവാഹസത്ക്കരം, പാര്‍ട്ടിപ്പത്രത്തില്‍ അത്‌ സംബന്ധിച്ചുവന്ന വാര്‍ത്ത....

അവ വകഞ്ഞുമാറ്റി മുന്നോട്ടുകുതിക്കാന്‍ ആഗ്രഹിക്കുന്ന പുതിയ പോളിറ്റ്‌ ബ്യൂറോ അംഗത്തിന്റെ മുന്നില്‍ ഒരു പോലിസുകാരന്റെ മരവിച്ച ജഡം; ഒരു വിധവയുടെ കണ്ണീരുറഞ്ഞ സാന്നിദ്ധ്യം.കദനം പുകയുന്ന .പകയെരിയുന്ന ഒരു ചോദ്യം -' നിങ്ങളെന്റെ ഭര്‍ത്താവിനെ കൊന്നതെന്തിന്‌..?നിങ്ങള്‍ ആര്‍എസ്‌എസ്സുകരെയന്ന്‌ പ്രതികളാക്കിയില്ലേ..?നിങ്ങള്‍ പറയുക നിങ്ങളെന്തിന്‌ വാക്കുമാറ്റുന്നു..?നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ കള്ളനായെന്ന്‌ ?'

ഈ ചോദ്യച്ചാട്ടവാറടിയേറ്റ്‌ പുളയുന്നത്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മാത്രമല്ല. ഡിജിപി രമണ്‍ ശ്രിവാസ്തവ ,കോട്ട്യം എംഎല്‍എ വിഎന്‍ വാസവന്‍,സംഭവം നടക്കുമ്പോള്‍ പോലിസ്‌ സൂപ്രണ്ടായിരുന്ന പിബി വിജയന്‍ തുടങ്ങി പലരാണ്‌.

പെരുന്ന എന്‍എസ്‌എസ്‌ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ എഎസ്‌ഐ ഏലിയാസ്‌ കൊല്ലപ്പെട്ടത്‌ ആര്‍എസ്‌എസ്സുക്കരുടെ അടിയേറ്റാണെന്ന്‌ സംഭവം നടന്ന്‌ മണിക്കൂറുകള്‍ക്കകം പ്രഖ്യാപിച്ചതാണ്‌ കോടിയേരി ഉള്‍പ്പെടെയുള്ളവരെ ഇന്ന്‌ ഊരാക്കുടുക്കിലാക്കുന്നത്‌. എഎസ്‌ഐ ഏലിയാസ്സിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും ഏലിയാസിനെ ആര്‍എസ്‌എസ്‌-എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന എസ്പിയടക്കമുള്ളവരുടെ മൊഴിമറ്റവുമാണ്‌ കോടിയേരിയെയും ഡിജിപിയേയും വെട്ടിലാക്കിയിട്ടുള്ളത്‌.

അന്ന്‌ ഏലിയാസ്‌ മരിച്ചുവീണു മണിക്കൂറുകള്‍ക്കകം പ്രതികളെ സംബന്ധിച്ച്‌ ആഭ്യന്തരമന്ത്രിയും ഡിജിപിയും നടത്തിയ പരസ്യപ്രഖ്യാപനങ്ങള്‍ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പൊളിയുന്നു. സംഭവമുണ്ടായി ഏതാനും മണിക്കൂറുകള്‍ക്കു ശേഷം തിരുവനന്തപുരത്തു ഡിജിപിയും ചങ്ങനാശ്ശേരിയില്‍ മന്ത്രി കോടിയേരി ബാലകൃഷ്ണനും എബിവിപി - ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരാണ്‌ എഎസ്‌ഐ ഏലിയാസിനെ അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയതെന്നു പറഞ്ഞിരുന്നു.

കോടിയേരി ചങ്ങനാശ്ശേരിയില്‍ അന്നു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്‌ ഇതായിരുന്നു: പൊലീസുകാരുടെ മുന്നില്‍വച്ചാണ്‌ എഎസ്‌ഐ എം.സി. ഏലിയാസിനെ ആക്രമിച്ചത്‌. ആരാണ്‌ ആക്രമിച്ചതെന്നു പൊലീസ്‌ ഉദ്യോഗസ്ഥര്‍ നേരിട്ടുകണ്ടതാണ്‌. അപ്പോള്‍ തന്നെ പ്രതികളെ പിടികൂടി. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല.

സംഭവമുണ്ടായി അര മണിക്കൂറിനുള്ളില്‍ പ്രതികള്‍ ആര്‍എസ്‌എസുകാരാണെന്നു ഡിജിപിയും മറ്റും പറഞ്ഞതിനെക്കുറിച്ചു പത്രലേഖകര്‍ അന്നു ചോദിച്ചപ്പോള്‍ കോടിയേരി ഇങ്ങനെയാണു പ്രതികരിച്ചത്‌: നിങ്ങള്‍ മനഃപൂര്‍വം വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്‌. ഒരു ഉദ്യോഗസ്ഥന്‍ മരിച്ചതിലെ ദുഃഖമല്ല, വിവാദമുണ്ടാക്കാനുള്ള ശ്രമമാണു നിങ്ങളുടേത്‌. ചില ദൃക്‌സാക്ഷികള്‍ മറിച്ചാണല്ലോ പറയുന്നത്‌ എന്ന ചോദ്യത്തിന്‌, ആ സാക്ഷികളെ നിങ്ങള്‍ പൊലീസിനു മുന്നില്‍ എത്തിക്കൂ എന്നായിരുന്നു അന്നു കോടിയേരിയുടെ മറുപടി.

കോടിയേരിയുടെയും ഡിജിപിയുടെയും പ്രസ്താവനകള്‍ അപ്പോള്‍ തന്നെ വിവാദമാവുകയും ചെയ്തിരുന്നു. കോട്ടയത്തെ പൊലീസില്‍ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു താന്‍ പ്രതികളെപ്പറ്റി പറഞ്ഞതെന്നു ഡിജിപി പിന്നീടു വിശദീകരിച്ചു.

എഎസ്‌ഐ ഏലിയാസിനോടൊപ്പം സംഭവസമയത്തു കോളജ്‌ ക്യാംപസിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കോട്ടയം ഡിവൈഎസ്പി പി.ബി. വിജയനായിരുന്നു. എബിവിപി പ്രവര്‍ത്തകര്‍ ഏലിയാസിനെ അടിക്കുകയായിരുന്നുവെന്ന്‌ അന്നു ഡിവൈഎസ്പി പലരോടും പറഞ്ഞിരുന്നു. സംഭവമറിഞ്ഞയുടന്‍ എന്‍എസ്‌എസ്‌ കോളജിലെത്തിയ വി.എന്‍. വാസവന്‍ എംഎല്‍എയാണു മാധ്യമപ്രവര്‍ത്തകരോട്‌ എബിവിപി പ്രവര്‍ത്തകരുടെ അടിയേറ്റാണ്‌ ഏലിയാസ്‌ മരിച്ചതെന്നു പറയുന്നത്‌. ഇതിനു ശേഷമായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം.പുതിയ വെളിപ്പെടുത്തലോടെ വെട്ടിലാകുന്നത്‌, കേസന്വേഷണം ശരിയായി തുടങ്ങുക പോലും ചെയ്യുന്നതിനു മുന്‍പു പ്രതികളെപ്പറ്റി അഭിപ്രായം പറഞ്ഞ ആഭ്യന്തരമന്ത്രിയും ഡിജിപിയും കൂടിയാണ്‌.

പായിപ്പാട്‌ തുരുത്തിക്കടവ്‌ അംബിയില്‍ ബിജു (24), കറുകച്ചാല്‍ ബംഗാവുകുന്നില്‍ ശ്രീസദനത്തില്‍ മനേഷ്‌ (20), ആലപ്പുഴ തങ്ങനാട്‌ മങ്ങാട്ടുകടവു ചിറയില്‍ കിഴക്കേതില്‍ ബിബിന്‍ (18), കറുകച്ചാല്‍ നെത്തല്ലൂര്‍ നിധീഷ്‌ ഭവനില്‍ ഏഴുമാവില്‍ ജ്യോതിഷ്‌ (19) എന്നിവരെയാണു പൊലീസ്‌ സംഭവദിവസം തന്നെ അറസ്റ്റ്‌ ചെയ്തത്‌. ഇവര്‍ ആര്‍എസ്‌എസ്‌ - എബിവിപി പ്രവര്‍ത്തകരും അനുഭാവികളുമായിരുന്നു. അറസ്റ്റ്‌ ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ മര്‍ദിച്ചതും വന്‍വിവാദമായിരുന്നു. ഇതിന്റെ പേരിലുള്ള കേസും നിലവിലുണ്ട്‌. രണ്ടു പ്രതികളെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ചതു ചങ്ങനാശ്ശേരി സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ അഞ്ചു പൊലീസുകാരാണെന്നു മനുഷ്യാവകാശ കമ്മിഷനും കണ്ടെത്തിയിരുന്നു.

രഞ്ചിനീ വേഷം: ഐഡിയകള്‍

'പപ്പേ രഞ്ചിനിച്ചേച്ചിയെന്താണിന്നു ബ്ലൗസിടാതെ വന്നേക്കുന്നേ?' രണ്ടാംക്ലാസുകാരന്‍ ആനന്ദക്കുട്ടന്റെ സംശയം!

തിരുവനന്തപുരത്ത്‌, ഒരു പൊതു തെരഞ്ഞെടുപ്പിന്റെ ആവേശമുയര്‍ത്തി ശനിയാഴ്ച നടന്ന ജനപ്രിയ റിയാലിറ്റി ഫൈനല്‍ ഷോയുടെ ലൈവ്‌ ടെലികാസ്റ്റ്‌ കണ്ടിരിക്കെയാണ്‌ ആനന്ദക്കുട്ടന്‍ സംശയാലുവായത്‌.

പൊടുന്നനെ ഒരൈഡിയായും കിട്ടിയില്ല. അവതാരികയുടെ ബ്ലൗസ്‌ ബഹിഷ്കരണത്തിനു മതിയായൊരു കാരണം പറഞ്ഞില്ലെങ്കില്‍ അനന്ദക്കുട്ടന്‍ വേറൊരുപാടു സംശയങ്ങള്‍ ചോദിച്ചുകളയുമെന്ന പേടിയോടെ, 'തിരക്കിനിടയില്‍ ഇടാന്‍ മറന്നുപോയതാവും കുട്ടാ'യെന്നു അലസമായൊരു മറുപടി വച്ചുകാച്ചി!

ഒളികണ്ണിട്ട്‌ അവന്റെ മുഖത്തു നോക്കി. അവനത്ര ബോധിച്ചിട്ടില്ല പപ്പയുടെ ഉത്തരം. പപ്പയെന്തൊരു അപരിഷ്കൃതന്‍ എന്നോ മറ്റോ അവന്റെ കണ്ണുകളിലുണ്ട്‌!

മലയാളി വല്ലാണ്ടു പരിഷ്കാരിയാവുന്നതിന്റെ സൂചനകളാണു ചുറ്റിലും. പണ്ടൊക്കെ മഹാനഗരങ്ങളില്‍ 'എല്ലിനിടയില്‍ വറ്റു കയറിയ' പെണ്‍പിള്ളേര്‍ നടന്നിരുന്ന പോലെ നാട്ടിന്‍പുറങ്ങളിലെ പെണ്‍കൊടികളും 'ത്രസിപ്പിക്കുന്ന' വസ്ത്രധാരണ രീതികളുമായി 'ഒരുമ്പെട്ടിറങ്ങുമ്പോള്‍' രഞ്ചിനിയായിട്ടെന്തിനു ബ്ലൗസിടണം!

ഒന്നും രണ്ടുമല്ല, നാലഞ്ചു മണിക്കൂര്‍ നേരം തുടര്‍ച്ചയായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരെ അഭിസംബോധന ചെയ്യേണ്ട 'ഭാരിച്ച' ഉത്തരവാദിത്വമായിരുന്നു ആ മഹതിക്ക്‌ സംഘാടകര്‍ ചുമത്തിയിരുന്നത്‌. ആട്ടവും പാട്ടും ചീറ്റിപ്പോയാലും പരിപാടി ഗംഭീരമാക്കാന്‍ കുറച്ചൊക്കെ 'പീസിട്ടേ' തീരുവെന്ന്‌ ആര്‍ക്കാണറിയാത്തത്‌? വെറുതെ പിടിവാശി വേണ്ട എന്നാവാം സംഘാടകരുടെ ന്യായം!

ഇതാണു പറയുന്നത്‌, ഐഡിയ ഉണ്ടെങ്കില്‍ നിങ്ങളുടെ ജീവിതം തന്നെ മാറിപ്പോകുമെന്ന്‌! ഇനിയുള്ള കാലത്ത്‌ നമ്മുടെ കച്ചവട സ്ഥാപനങ്ങളിലൊക്കെ രഞ്ചിനീ വേഷത്തില്‍ സെയില്‍സ്‌ ഗേളാവാം, പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രഞ്ചിനീ വേഷത്തില്‍ അധ്യാപികമാരാവാം, വാര്‍ഡു സഭകളില്‍ പ്രജകള്‍ എത്താതിരുന്നാല്‍ കൗണ്‍സിലര്‍ ചേച്ചിക്ക്‌ രഞ്ചിനീ വേഷത്തില്‍ വരാം, അങ്ങനെ എന്തെന്തു സാധ്യതകള്‍!

ഒരു ബ്ലൗസ്‌ യൂറിഞ്ഞു കളഞ്ഞാല്‍ ലോകം തന്നെ മാറിപ്പോകുമെന്ന്‌ ഇപ്പോള്‍ മനസിലായില്ലേ! എങ്ങിനെയുണ്ട്‌ ഐഡിയ?

എഎസ്‌ഐ ഏലിയാസ്‌ വധവും കാസര്‍കോടും കണ്ണൂരും പിന്നെ കോടിയേരിയും

ജനാധിപത്യ ഭരണക്രമത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്‌ സമ്മതിദായകര്‍ ഭരണക്കസേരയില്‍ ഇരിക്കേണ്ടവരെയും പ്രതിപക്ഷത്തിരിക്കേണ്ടവരെയും നിര്‍ണ്ണയിക്കുന്നത്‌. അങ്ങനെ ഭരണത്തിലേറുന്ന കക്ഷികള്‍ക്ക്‌ അവരുടേതായ പ്രത്യയശാസ്ത്ര നിലപാടുകളും സമീപനങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള നയങ്ങളും നടപടികളും ഉണ്ടാകുന്നത്‌ തീര്‍ത്തും സ്വാഭാവികം. അപ്പോള്‍പോലും ജനകീയപ്രശ്നങ്ങളോടുള്ള പാരസ്പര്യത്തില്‍ മന്ത്രിമാരുടെ വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകള്‍ക്കല്ല മറിച്ച്‌ ജനപക്ഷ നിലപാടുകള്‍ക്കുവേണം പ്രാധാന്യം ലഭിക്കേണ്ടത്‌. ഈ പൊതു തത്വം മിക്കപ്പോഴും ഭരണക്കാര്‍ ലംഘിക്കുകയാണ്‌ പതിവ്‌. അതുകൊണ്ട്‌ പ്രശ്നങ്ങള്‍ ലഘൂകരിക്കപ്പെടുകയല്ല മറിച്ച്‌ അവയുടെ സങ്കീര്‍ണ്ണത അപരിഹാര്യമായി വര്‍ദ്ധിക്കുകയാണ്‌ ഫലം. ഇത്‌ പ്രശ്നം കൈകാര്യം ചെയ്യുന്ന മന്ത്രിയെയും വകുപ്പിനെയും വിവാദകേന്ദ്രമാക്കി മാറ്റുകയും ചെയ്യും.

ഇന്ന്‌ അങ്ങനെ വിവാദപുരുഷനായി 'വിലസുകയാണ്‌' ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരിന്റെ പ്രത്യേക രാഷ്ട്രീയ വൈകാരികത എന്നും കോടിയേരി തന്റെ നിലപാടുകളില്‍ പുലര്‍ത്തിയിരുന്നു. അത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കും അണികള്‍ക്കും അഭിമാനം പ്രദാനം ചെയ്തിട്ടുണ്ടെങ്കിലും പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം അവ ഏറ്റുമുട്ടലിന്റെ പ്രത്യയശാസ്ത്രമായിട്ടാണ്‌ പരിണമിച്ചിട്ടുള്ളത്‌.

ആഭ്യന്തരമന്ത്രിയായി കോടിയേരി ചാര്‍ജെടുത്ത നിമിഷം മുതല്‍, ഒരിക്കലും കോടിയേരിയെപ്പോലെയുള്ള ഒരു ബഹുജന നേതാവിന്‌ ആശാസ്യമല്ലാത്ത നിരവധി വിവാദങ്ങള്‍ അദ്ദേഹത്തെ ചുറ്റിപ്പറ്റി ഉയര്‍ന്നുവന്നിട്ടുണ്ട്‌. ഔദ്യോഗിക വസതി മോടിപിടിപ്പിക്കല്‍, കാടാമ്പുഴ ക്ഷേത്രത്തിലെ പൂമൂടല്‍ എന്നിവയില്‍ തുടങ്ങി മൂത്തപുത്രന്‍ ബിനോയ്‌ കോടിയേരിയുടെ വിവാഹസല്‍ക്കാരത്തില്‍ എത്തിനില്‍ക്കുന്നു അത്തരം വിവാദങ്ങള്‍. എന്നാല്‍ അതിലും ഗൗരവമുള്ള വിവാദമാണ്‌ എഎസ്‌ഐ ഏലിയാസിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്‌.

ചങ്ങനാശേരിയില്‍ വിദ്യാര്‍ത്ഥിസംഘട്ടനത്തിനിടയ്ക്കാണ്‌ എഎസ്‌ഐ ഏലിയാസിന്റെ ദുരൂഹ മരണം സംഭവിച്ചത്‌. എസ്‌എഫ്‌ഐ-എബിവിപി വിദ്യാര്‍ത്ഥികളുടെ സംഘട്ടനം നിയന്ത്രിക്കാനെത്തിയ പോലീസ്‌ സംഘത്തെ നയിച്ചത്‌ സംഭവദിവസം എഎസ്‌ഐ ഏലിയാസായിരുന്നു. കോളേജിലേക്ക്‌ ആയുധങ്ങളുമായി പാഞ്ഞടുത്ത എബിവിപി വിദ്യാര്‍ത്ഥികളെ തടയുന്നതിനിടയിലുണ്ടായ സംഘര്‍ഷത്തിനിടയിലായിരുന്നു ഏലിയാസിന്റെ മരണം.

ഏലിയാസ്‌ എബിവിപി പ്രവര്‍ത്തകരുടെ അടിയേറ്റാണ്‌ കൊല്ലപ്പെട്ടതെന്ന്‌, മണിക്കൂറുകള്‍ക്കുള്ളില്‍ ചങ്ങനാശേരിയില്‍ പാഞ്ഞെത്തിയ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചു. ഇതേ പല്ലവി തിരുവനന്തപുരത്ത്‌ ഡിജിപിയും ആവര്‍ത്തിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എബിവിപി- ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ പ്രതികളാക്കി കേസ്‌ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതം മൂലമാണ്‌ എഎസ്‌ഐ ഏലിയാസ്‌ കൊല്ലപ്പെട്ടതെന്നായിരുന്നു രേഖപ്പെടുത്തിയത്‌. ഇത്‌ ആഭ്യന്തരമന്ത്രിയുടെയും ഡിജിപിയുടെയും കോട്ടയം എംഎല്‍എ വിഎം വാസവന്റെയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും അവകാശവാദങ്ങള്‍ക്കേറ്റ പ്രഹരമായിരുന്നു. എന്നിട്ടും വ്യാഖ്യാനങ്ങള്‍ കൊണ്ട്‌ പിടിച്ചുനില്‍ക്കുകയായിരുന്നു ഇവരെല്ലാം.

എന്നാല്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷണകമ്മീഷന്റെ മുമ്പാകെ മൊഴിനല്‍കിയ അന്നത്തെ എസ്പി പിബി വിജയനും സംഭവസമയത്ത്‌ ഏലിയാസിനൊപ്പമുണ്ടായിരുന്ന പോലീസുകാരും എബിവിപി പ്രവര്‍ത്തകരുടെ അടിയേറ്റല്ല ഏലിയാസ്‌ മരിച്ചതെന്ന മൊഴിനല്‍കിയതോടെ ഊരാക്കുടുക്കിലായിരിക്കുകയാണ്‌ ആഭ്യന്തര മന്ത്രി കോടിയേരി. ലളിതമായ വിഷയങ്ങളെ അതിവൈകാരിക രാഷ്ട്രീയബുദ്ധിയോടെ സമീപിക്കുമ്പോള്‍ സംഭവിക്കുന്ന പാളിച്ചയാണിത്‌.

ഇതേ വൈകാരിക പ്രകടനമാണ്‌ കണ്ണൂരിലെയും കാസര്‍കോട്ടെയും തുടര്‍സംഘട്ടനങ്ങളോട്‌ ആഭ്യന്തരമന്ത്രി പുലര്‍ത്തുന്നത്‌. കാസര്‍കോട്ട്‌ ക്രമസമാധാന പാലനത്തിന്‌ വേണ്ടിവന്നാല്‍ പട്ടാളത്തെ വിളിക്കുമെന്നാണ്‌ ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം. തീര്‍ച്ചയായും അത്തരം ഒരാവശ്യം വന്നാല്‍ അങ്ങനെതന്നെ ചെയ്യണം. ജനങ്ങളുടെ സ്വത്തിനും ജീവനും മാന്യതയ്ക്കും വിലയേറെയാണ്‌. അത്‌ സംരക്ഷിക്കുകയെന്നതാണ്‌ ആഭ്യന്തരമന്ത്രിയുടെ ചുമതല.

ഇവിടെ മറ്റൊരുകാര്യമാണ്‌ ചൂണ്ടികാണിക്കാന്‍ ഉദ്ദേശിക്കുന്നത്‌. ഒന്ന്‌, കാസര്‍കോട്ടെ പ്രശ്നം പരിഹരിക്കുന്നതില്‍ കേരളപോലീസിനും ആഭ്യന്തരമന്ത്രിക്കും സംഭവിച്ച വീഴ്ച. രണ്ട്‌, കണ്ണൂരില്‍ ക്രമസമാധാനം പാലിക്കാന്‍ പട്ടാളത്തെ ഇറക്കണമെന്ന്‌ ഹൈക്കോടതി ഒരു ഉത്തരവില്‍ നിര്‍ദ്ദേശിച്ചതിനെതിരെ കോടിയേരി അടക്കമുള്ളവര്‍ നടത്തിയ എതിര്‍പ്പുകള്‍. കണ്ണൂരില്‍ സംഘട്ടനത്തിന്റെ ഒരു ഭാഗത്ത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കാര്‍ നിലകൊള്ളുന്നതുകൊണ്ട്‌ അവിടെ പട്ടാളം വേണ്ട കാസര്‍കോട്‌ പട്ടാളമാകാം എന്ന നിലപാട്‌ ആഭ്യന്തരമന്ത്രിയെന്ന നിലയ്ക്ക്‌ കോടിയേരിക്ക്‌ ഒരിക്കലും ഭൂഷണമല്ല. വികാരവിക്ഷോഭമല്ല വിവേകമായിരിക്കണം ഒരു മന്ത്രിയുടെ മുഖമുദ്ര.

Saturday, April 19, 2008

Interstate Ration Mafia തമിഴ്‌നാട്ടിലെ സൗജന്യ റേഷന്‍ കേരളത്തിലേക്കു കടത്തുന്നു

പ്രത്യേക ലേഖകന്‍

കൊച്ചി: തമിഴ്‌നാട്ടില്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്ന അരി പഴക്കൂടകളില്‍ നിറച്ചു കേരളത്തിലേക്കു കടത്തി കൂടിയ വിലയ്ക്കു വിറ്റഴിക്കുന്നു.

ഇടുക്കി ജില്ലയിലെ കമ്പംമെട്ട്‌, ബോഡിമെട്ട്‌, കുമളി ചെക്ക്‌ പോസ്റ്റുകളിലൂടെയാണ്‌ അധികൃതരുടെ ഒത്താശയോടെ വന്‍കിട കച്ചവടക്കാര്‍ അനധികൃതമായി അരി കേരളത്തിലേക്കു കടത്തുന്നത്‌.ദിനംപ്രതി ലോഡ്കണക്കിന്‌ അരിയാണ്‌ ഇങ്ങനെ കേരളത്തില്‍ എത്തുന്നത്‌.

പൊതുവിപണിയില്‍ അരിവില ക്രമാതീതമായി ഉയരുമ്പോള്‍ കൂടുതല്‍ ലാഭം കൊയ്യുന്നതിനാണു വന്‍കിടക്കാര്‍ അരി കടത്തുന്നത്‌.നിസ്സാരവിലയ്ക്കു തമിഴ്‌നാട്ടില്‍ ലഭിക്കുന്ന അരി പൊതുവിപണിയില്‍ നിലവിലുള്ള വിലയ്ക്കുതന്നെയാണു വിറ്റഴിക്കുന്നത്‌. വന്‍കിട വ്യാപാരികള്‍ വന്‍ തുകയാണ്‌ ഇതിന്റെ മറവില്‍ സമ്പാദിക്കുന്നത്‌.

സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്ന അരി തമിഴ്‌നാട്ടിലെ പ്രത്യേക ഏജന്റുമാര്‍ ചെറിയ ലാഭമെടുത്ത്‌ മറിച്ചുവില്‍ക്കുന്നു. അരി സുരക്ഷിതമായി കേരളത്തിലെത്തുന്നത്‌ ഇവരുടെ നേതൃത്വത്തിലാണ്‌.തമിഴ്‌നാട്‌ കോര്‍പറേഷന്‍ ബസില്‍ പഴം, പച്ചക്കറി കൂടകളില്‍ സുരക്ഷിതമായി അരി കേരളത്തിലെത്തുന്നത്‌. മുന്തിരിയും ആപ്പിളും ഓറഞ്ചും എത്തിക്കുന്ന കൂടകളില്‍ പഴങ്ങളെന്ന വ്യാജേനയാണ്‌ അരി കടത്തുന്നത്‌. പഴക്കൂടകള്‍ പരിശോധനാവിധേയമാക്കില്ലെന്നതാണ്‌ ഇതിനുള്ളില്‍ അരികടത്താന്‍ പ്രേരിപ്പിക്കുന്നത്‌ .

ഇതിനു പുറമേ രാത്രികാലങ്ങളില്‍ മറ്റു വാഹനങ്ങളിലും അരി കടത്തുന്നുണ്ട്‌.തമിഴ്‌നാട്‌ സ്വദേശികളായ തൊഴിലാളികളുടെ നേതൃത്വത്തിലാണു വില്‍പന കേന്ദ്രങ്ങളില്‍ അരി എത്തിക്കുന്നത്‌.

കോടിയേരിയുടെ മക്കളും സംശയത്തിന്‌ അതീതരായിരിക്കണം

എന്നെല്ലാം യുഡിഎഫ്‌ അധികാരത്തില്‍ വന്നിട്ടുണ്ടോ അന്നെല്ലാം മന്ത്രിപുത്രന്മാരുടെയും പുത്രിമാരുടെയും താന്തോന്നിത്തം സഹിക്കാനാവാതെ കേരളീയര്‍ വലഞ്ഞിട്ടുണ്ട്‌. അധികാര ലബ്ധിക്ക്‌ വേണ്ടിയുള്ള നാണംകെട്ട കളികള്‍ മുതല്‍ അച്ഛനും അമ്മയ്ക്കുമൊപ്പം യാത്രചെയ്ത കൗമാരക്കാരികളെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതുവരെയുള്ള നാറുന്ന കഥകള്‍ മന്ത്രിപുത്രന്മാരുടെ പേരില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അഴിമതിയില്‍ ഇവര്‍ ആമഗ്നരായതിന്റെ കഥകള്‍ പറഞ്ഞാലും തീരില്ല. ഇക്കാര്യത്തില്‍ താരതമ്യേന ഇടതുപക്ഷ മന്ത്രിപുത്രന്മാരും പുത്രിമാരും അപവാദത്തിന്‌ അധികമൊന്നും ഇരയായിട്ടില്ല.

എന്നാല്‍ സംശുദ്ധവും സുതാര്യവുമായ ഭരണം വാഗ്ദാനം ചെയ്ത്‌ ഇത്തവണ അധികാരത്തിലേറിയ ഇടതുപക്ഷ മന്ത്രിമാരില്‍ ചിലരുടെയെങ്കിലും സന്താനങ്ങള്‍ യുഡിഎഫ്‌ മന്ത്രിസന്താനങ്ങളുടെ പരമ്പരയില്‍ പെട്ടവരാണെന്ന്‌ പറയാതെ തരമില്ല. ഇക്കാര്യത്തില്‍ മാര്‍ക്സിസ്റ്റ്‌ മന്ത്രിമാരില്‍ ചിലരുടെ മക്കളും ഭാര്യയും ഏറെ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തിട്ടുണ്ട്‌.

മന്ത്രിമന്ദിരം മോടിപിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചതിന്റെ പേരില്‍ ആരോപണ വിധേയരായവരാണ്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും സിവില്‍ സപ്ലൈസ്‌ മന്ത്രി സി ദിവാകരനും. ഇരുവരുടെയും മക്കളും ഭാര്യയുമൊക്കെയാണ്‌ ആഢംഭരത്തിനുവേണ്ടി വാശിപിടിച്ചതും വാസ്തുശാസ്ത്രപ്രകാരം മന്ത്രിമന്ദിരങ്ങളില്‍ അഴിച്ചുപണികള്‍ നടത്തിയതെന്നും അങ്ങാടിപ്പാട്ടായതാണ്‌. മന്ത്രിസഭയിലും ഇടതുപക്ഷ മുന്നണിയിലും ഈ പ്രശ്നം ചൂടുപിടിച്ച ചര്‍ച്ചയ്ക്ക്‌ വന്നപ്പോള്‍ മോടിപിടിപ്പിച്ച മന്ത്രിമന്ദിരങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞ്‌ മുഖം രക്ഷിച്ചവരാണ്‌ കോടിയേരിയും ദിവാകരനും. സുഖലോലുപതയ്ക്കുവേണ്ടി ഈ കമ്യൂണിസ്റ്റ്‌ മന്ത്രിമാര്‍ പൊതുഖജനാവ്‌ ധൂര്‍ത്തടിച്ചത്‌ ഇന്നും അവരുടെ മേല്‍ കരിനിഴല്‍ വീഴ്ത്തി നില്‍ക്കുന്നുണ്ട്‌.

ഒരു മന്ത്രിപുത്രന്‍ കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍-കവിയൂര്‍ പെണ്‍വാണിഭകേസിലെ പ്രതിയാണ്‌. നിരവധി തെളിവുകള്‍ ഈ യുവാവിനെതിരെ ലഭിച്ചിട്ടും നടപടിയെടുക്കാന്‍ പോലീസ്‌ തയ്യാറാകാത്തത്‌ പിതാവായ മന്ത്രിയുടെ അധികാര ശക്തികൊണ്ടാണ്‌. ഈ പുത്രന്‍ കേരളത്തിലെ ഭൂമിമാഫിയയുടെ അടുത്ത ബന്ധുവും അനധികൃത ഭൂമി സമ്പാദനത്തില്‍ മുമ്പനുമാണ്‌. ഭൂമി ഇടപാടിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്ന്‌ പുറത്തുപോകേണ്ടിവന്ന കേരളകോണ്‍ഗ്രസ്‌ ജെയിലെ ടിയു കുരുവിളയുടെ പുത്രനും പുത്രിയും ഇത്തരം ഭൂമി ഇടപാടില്‍ സജീവ സാന്നിധ്യമാണെന്ന്‌ കുരുവിളതന്നെ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്ന്‌ വായിച്ചെടുക്കാവുന്നതാണ്‌.

ഈ അവിഹിത ഇടപാടിന്റെ ഒടുവിലത്തെ നായകനായി ഇപ്പോള്‍ ആരോപിക്കപ്പെടുന്നത്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മൂത്തപുത്രന്‍ ബിനോയ്‌ കോടിയേരിയാണ്‌. ബിനോയിയുടെ വിവാഹത്തലേന്ന്‌ തിരുവനന്തപുരത്ത്‌ നടന്ന പഞ്ചനക്ഷത്ര സല്‍ക്കാരമാണ്‌ ഇപ്പോള്‍ വിവാദമായിട്ടുള്ളത്‌. ഇതേക്കുറിച്ച്‌ കേന്ദ്ര ഇന്റലിജന്‍സ്‌ വിഭാഗത്തേക്കൊണ്ട്‌ അന്വേഷണം നടത്തണമെന്ന്‌ യൂത്ത്കോണ്‍ഗ്രസും ഇക്കാര്യത്തില്‍ പൊതുവായ വിശദീകരണം നല്‍കാന്‍ ആഭ്യന്തരമന്ത്രി തയ്യാറാകണമെന്ന്‌ യുവമോര്‍ച്ചയും ആവശ്യപ്പെട്ടിട്ടുണ്ട്‌.

മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ ഇടപാടിലെ വിവാദനായകന്‍ സേവി മനോ മാത്യു ആയിരുന്നു ബിനോയ്‌ കോടിയേരിയുടെ വിവാഹസല്‍ക്കാരത്തിന്റെ സ്പോണ്‍സര്‍ എന്നാണ്‌ പുറത്തുവന്നിട്ടുള്ള വിവരം. സല്‍ക്കാരത്തിനുവേണ്ടി ഹോട്ടല്‍ ബുക്കുചെയ്തതും അതിഥികളെ സ്വീകരിച്ചതും സേവി മനോ മാത്യു ആയിരുന്നുവെന്ന്‌ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ യുവമോര്‍ച്ച ആരോപണം ഉന്നയിച്ചിട്ടുള്ളത്‌. കേരളത്തിലെ മിക്ക മാഫിയ സംഘങ്ങളില്‍പെട്ട പ്രമുഖരും ഈ സല്‍ക്കാരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും പുറത്തുവന്നിട്ടുള്ള തെളിവുകള്‍ വ്യക്തമാക്കുന്നു. ദാവൂദ്‌ ഇബ്രാഹിമുമായി ബന്ധമുള്ള ഭൂമി ഇടപാടുകാരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നത്രേ.

വീട്‌ മോടി പിടിപ്പിച്ചത്‌ വിവാദമായപ്പോള്‍ മന്ത്രിമന്ദിരം ഉപേക്ഷിച്ച കോടിയേരി ബാലകൃഷ്ണന്‍ താമസത്തിന്‌ തെരഞ്ഞെടുത്തത്‌ സേവി മനോ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഒരു വീടായിരുന്നു. അന്നേ ഈ വിഷയം വിവാദമായതാണ്‌. എന്നാല്‍ കോടിയേരിയുടെ പുത്രന്റെ സുഹൃത്തായതുകൊണ്ടും പെട്ടെന്ന്‌ വീട്‌ മാറേണ്ട സാഹചര്യം വന്നതുകൊണ്ടുമാണ്‌ സേവി മനോ മാത്യുവിന്റെ വീട്‌ താമസത്തിന്‌ തെരഞ്ഞെടുത്തതെന്നായിരുന്നു കോടിയേരിയില്‍ നിന്നുണ്ടായ വിശദീകരണം.

കോടിയേരിയുടെ വീട്ടുടമ എന്ന നിലയ്ക്ക്‌ സേവി മനോ മാത്യുവിന്‌ ബിനോയിയുടെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതും ഒരുവേള അതിന്‌ നേതൃത്വം നല്‍കുന്നതും ന്യായീകരിക്കാവുന്നതേയുള്ളൂ. എന്നാല്‍ സംസ്ഥാനസര്‍ക്കാരുമായുള്ള സങ്കീര്‍ണ്ണമായ ഒരു കേസിലെ പ്രതിയെന്ന്‌ സര്‍ക്കാര്‍തന്നെ പറയുന്ന സേവി മനോ മാത്യു ഇത്തരത്തില്‍ രഹസ്യമായി, പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്ക്‌ മാത്രമായി വിവാഹസല്‍ക്കാരം ഒരുക്കിയത്‌ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. ഇക്കാര്യത്തില്‍ യൂത്ത്‌ കോണ്‍ഗ്രസും യുവമോര്‍ച്ചയും ആവശ്യപ്പെടുന്നതുപോലെ വിശദീകരണം നല്‍കാന്‍ ആഭ്യന്തരമന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണന്‌ ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്‌.

ധൂര്‍ത്തും ആഢംഭരവും ഒരുവിധത്തിലും പാര്‍ട്ടിയില്‍ അംഗീകരിക്കുകയില്ല എന്നാണ്‌ കോയമ്പത്തൂരില്‍ സമാപിച്ച 19-ാ‍ം പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ അര്‍ത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചത്‌. ആ ലൈനില്‍തന്നെയായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനവും. ആഢംഭരവും ധൂര്‍ത്തും അനുവദിക്കുന്ന പ്രശ്നമില്ലെന്ന്‌ മുഖ്യമന്ത്രി അച്യുതാനന്ദനും വ്യക്തമാക്കിയിട്ടുണ്ട്‌. ആ പശ്ചാത്തലത്തില്‍ ബിനോയ്‌ കോടിയേരിയുടെ വിവാഹസല്‍ക്കാരം വിശദീകരണം അര്‍ഹിക്കുന്നത്‌ തന്നെയാണ്‌. പ്രത്യേകിച്ച്‌, സേവി മേനാ മാത്യു എന്ന വിവാദ യുവാവ്‌ വിവാഹ സല്‍ക്കാരത്തിന്‌ നേതൃത്വം നല്‍കിയെന്നും ക്രിമിനലുകളെന്ന്‌ വിശേഷിപ്പിക്കപ്പെടേണ്ട പല വിവിഐപികളും ഈ പഞ്ചനക്ഷത്ര ചടങ്ങില്‍ പങ്കെടുത്തു എന്നുമുള്ള ആരോപണങ്ങള്‍ ശക്തമായ സ്ഥിതിയ്ക്ക്‌.

സീസര്‍ മാത്രമല്ല സീസറിന്റെ ഭാര്യയും സംശയത്തിന്‌ അതീതരായിരിക്കണമെന്നതായിരുന്നു ഇതുവരെയുണ്ടായിരുന്ന ധാര്‍മിക നിഷ്ഠ. അക്കൂട്ടത്തില്‍ സീസറിന്റെ സന്താനങ്ങളും സംശയത്തിനും വിവാദങ്ങള്‍ക്കും അതീതരായിരിക്കണമെന്ന പുതിയ നിഷ്ഠ എഴുതിച്ചേര്‍ക്കപ്പെടുകയാണ്‌ ബിനോയ്‌ കോടിയേരിയുടെ വിവാഹസല്‍ക്കാരം.

ഇരുട്ടെങ്ങാന്‍ വെളുത്തുപോയാല്‍!!

നിയമവിധേയമല്ലാത്ത 'കടത്തു'കളെയാണ്‌ 'കള്ളക്കടത്ത്‌' എന്നുപറയുന്നത്‌. നിയമവിധേയമായി ഭാര്യയും മക്കളും ഉണ്ടായിരിക്കെ റജീനയെന്ന പാവം വിവരദോഷിയെത്തേടിപ്പോയ മഹാനുഭാവന്‍ ചെയ്തതും മേല്‍പ്പറഞ്ഞതുതന്നെയായിരുന്നു.

'പകല്‍വെളിച്ചത്തില്‍ സാത്വിക വേഷംകെട്ടി നടക്കുന്നവര്‍ രാത്രിയില്‍ സ്പിരിറ്റ്‌ കള്ളക്കടത്ത്‌ നടത്തുകയാണെന്നു തെളിഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിത്‌' എന്നൊരു മഹദ്‌വചനം കഴിഞ്ഞ ദിവസം മഹാനായ കുഞ്ഞാലിക്കുട്ടി പുറത്തുവിട്ടപ്പോഴാണ്‌ കടത്തും, കള്ളക്കടത്തും തമ്മിലുള്ള വ്യത്യാസമെന്ത്‌ എന്ന ആശയക്കുഴപ്പം ഉയര്‍ന്നുവന്നത്‌!

പകല്‍വെളിച്ചത്തില്‍ ചെയ്യാന്‍ പറ്റാത്ത പല കടത്തുകളും രാത്രിയുടെ ഇരുളില്‍ ചെയ്യാനാവും എന്നതിനാലാണ്‌ കവികള്‍, കലാകാരന്മാര്‍ തുടങ്ങി മോഷ്ടാക്കള്‍, തട്ടുകടക്കാര്‍വരെ രാത്രിയെ ഇഷ്ടപ്പെട്ടുപോകാന്‍ കാരണം. ധീരസമര പോരാളികള്‍ക്ക്‌ ഇപ്പോള്‍ രാത്രിയാണിഷ്ടം.

കേരളത്തിനുപുറത്ത്‌ മഹാനഗരങ്ങളിലും പുറത്തും നടക്കുന്ന സമരങ്ങളില്‍ ആട്ടവും പാട്ടും ആലിംഗനവും അസാധാരണമല്ല. ചെങ്ങറ സമരത്തിന്‌ അനുഭാവം പ്രകടിപ്പിച്ച്‌ തിരുവനന്തപുരത്ത്‌ നടത്തിയ രാത്രിസമരത്തില്‍ 'കലാപരിപാടികള്‍' മാധ്യമങ്ങള്‍ 'ഒളിഞ്ഞുനോക്കിയ'താണു കുഴപ്പമായത്‌ - ഒരു കള്ളക്കടത്തു വിശദീകരണം ഇങ്ങനെ പോകുന്നു.

നട്ടപ്പാതിരാക്കു സൂര്യനുദിച്ചാല്‍ കാണാം പകല്‍ സാത്വികന്മാരുടെ തനിനിറം എന്ന പണ്ടേയുള്ള പ്രയോഗത്തെ സാധൂകരിക്കുകയും ന്യായീകരിക്കുകയുമാണ്‌ മേല്‍പ്പറഞ്ഞ മഹദ്‌വചനങ്ങള്‍!

മാന്യന്‍ എന്നു പറഞ്ഞാല്‍ അന്തസ്സുള്ളവന്‍ എന്നായിരുന്നു പച്ച മലയാളത്തില്‍ അര്‍ത്ഥം. കുഞ്ഞാലിമാരുടെ കാലം തെളിഞ്ഞതോടെ മാന്യന്‍ എന്നുവച്ചാല്‍ 'കള്ളക്കടത്തു'കാരന്‍ എന്നുകൂടി അര്‍ത്ഥവ്യാപ്തി വന്നുചേര്‍ന്നിരിക്കുന്നു.

ചന്ദ്രനില്‍ ഒരു പ്രത്യേക ആംഗിളില്‍ വലിയൊരു കണ്ണാടി സ്ഥാപിച്ചാല്‍ സൂര്യപ്രകാരം ഭൂമിയിലേക്ക്‌ പ്രതിഫലിപ്പിച്ച്‌ രാത്രിയും പകലാക്കാം എന്നൊരു കണ്ടുപിടുത്തം ആരോ കണ്ടുപിടിച്ചുവച്ചിട്ടുണ്ട്‌.

ലോകം ഭരിക്കുന്ന മാന്യന്മാര്‍ക്ക്‌ രാത്രി നടത്തേണ്ട കള്ളക്കടത്തുകള്‍ക്കത്‌ തടസ്സമാകുമല്ലോയെന്ന കാരണം കൊണ്ടാണത്രെ, അതിത്രനാളായിട്ടും നടപ്പാക്കാത്തത്‌!

രാത്രിയില്ലാതായിപ്പോയാലത്തെ കാര്യമൊന്നോര്‍ത്തു നോക്കിക്കേ - ചിരിച്ചു ചിരിച്ചു മരിക്കും!

Friday, April 18, 2008

PSC Cheating Again നഴ്സ്‌ റാങ്ക്‌ ലിസ്റ്റ്‌ കാലഹരണപ്പെടുന്നു

പ്രത്യേക ലേഖകന്‍
കോട്ടയം: സര്‍ക്കാര്‍ ആശുപത്രി കളില്‍ രോഗികളുടെ തിരക്കേ റുകയും, ആവശ്യത്തിനു നഴ്സുമാരി ല്ലാത്തതുമൂലം രോഗീപരിചരണവും ചികി ത്സനല്‍കലും അവ താളത്തി ലായിട്ടും, നഴ്സ്‌ നിയമനത്തിന്‌ തയ്യാറാ ക്കിയ ഒരു പി.എസ്‌. സി റാങ്ക്‌ ലിസ്റ്റ്‌ കൂടി നോക്കു കുത്തി യാകുന്നു.

കോട്ടയം ജില്ലയില്‍ സ്റ്റാഫ്‌ നഴ്സ്‌ തസ്തികയിലേക്ക്‌ 2006-ല്‍ അപേക്ഷ ക്ഷണിച്ച്‌ പരീക്ഷയും ഇന്റര്‍വ്യൂവും നടത്തി 110/07/എസ്‌.എസ്‌.ഐ.ഐ നമ്പരില്‍ 2007 ജൂലൈ 24-നു റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചിരുന്നു. 171 പേരുടെ മെയിന്‍ ലിസ്റ്റും ജാതി തിരിച്ചുള്ള സപ്ലിമെന്ററി ലിസ്റ്റും പ്രസിദ്ധീകരിച്ച്‌ ഒമ്പതു മാസം പിന്നിട്ടിട്ടും ജനറല്‍ ലിസ്റ്റില്‍നിന്നും 56 പേരെയും പട്ടികജാതി ലിസ്റ്റില്‍നിന്നും ഒമ്പതു പേരെയും മാത്രമാണ്‌ ഇതുവരെ നിയമിച്ചിരിക്കുന്നത്‌. ഈ നിയമനങ്ങള്‍തന്നെ മാസങ്ങള്‍ക്കു മുമ്പാണ്‌ നടന്നത്‌. കുറെ മാസങ്ങളായി നിയമനങ്ങളൊന്നും നടക്കു ന്നില്ല.

മെഡിക്കല്‍ കോളജ്‌, കുട്ടികളുടെ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക്‌ ആശുപത്രികള്‍, പി.എച്ച്‌. സെന്ററുകള്‍ എന്നിവിടങ്ങളില്‍ സ്റ്റാഫ്‌ നഴ്സുമാരുടെ ധാരാളം ഒഴിവുകളുണ്ട്‌. ഈ ഒഴിവുകളൊന്നും പി.എസ്‌.സി ലിസ്റ്റില്‍നിന്നുള്ള നിയമനത്തി ലൂടെ നികത്താതെ ദിവസക്കൂലിക്ക്‌ നഴ്സുമാരെ നിയമിച്ച്‌ പി.എസ്‌.സി തന്നെ റാങ്ക്‌ ലിസ്റ്റ്‌ അട്ടിമറിക്കാന്‍ കൂട്ടുനില്‍ ക്കുകയാണ്‌.

ആനവണ്ടീ.... നിന്നാസന്ന മൃതിയില്‍.....

'ആനവണ്ടി' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കേരളാ സ്റ്റേറ്റ്‌ റോഡ്‌ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ ബസ്സുകള്‍ മലയാളിയുടെ യാത്രാ സംസ്ക്കാരത്തിനോട്‌ ഇഴചേര്‍ന്ന്‌ തുരുമ്പെടുത്തു കിടക്കുന്നു!

ആനവണ്ടികള്‍ ഓടിക്കുന്നത്‌ ലാഭം കിട്ടാനായിരുന്നില്ല. കാരണം ക്ഷേമ സര്‍ക്കാരുകളുടെ ധര്‍മ്മമായിരുന്നു പൗരന്മാര്‍ക്ക്‌ ഗതാഗത സൗകര്യമേര്‍പ്പെടുത്തുക എന്നത്‌. സര്‍ക്കാരിന്റെ ധര്‍മ്മം എന്ന അര്‍ത്ഥത്തിലായിരുന്നു സര്‍ക്കാര്‍ ആശുപത്രികളെ അക്കാലത്ത്‌ ധര്‍മ്മാശുപത്രികള്‍ എന്നു വിളിച്ചിരുന്നതെന്നും ഓര്‍ക്കുക. ഇടതുവലതു സര്‍ക്കാരുകള്‍ ഭരിച്ചു ഭരിച്ചുംവന്നവരും പോയവരും കട്ടുമുടിച്ചും കോടിക്കണക്കിനു രൂപ കടത്തിലായെന്നതാണ്‌ ആനവണ്ടിയുടെ വര്‍ത്തമാനം കട്ടപ്പുറത്തായതിനു കാരണം.

വീണ്ടും ഇടതുസര്‍ക്കാര്‍ വന്നപ്പോള്‍ ആനവണ്ടികളുടെ ഭാവി ശോഭനമാക്കും എന്നൊക്കെ പ്രഖ്യാപനങ്ങളുണ്ടായി. കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരമനുസരിച്ച്‌ വലിയ പുരോഗതിയാണ്‌ മന്ത്രി മാത്യു ടി. തോമസ്‌ ഉണ്ടാക്കിയിരിക്കുന്നത്‌!

പുതുതായി അറുന്നൂറ്റിപതിനഞ്ച്‌ ആനവണ്ടികളാണ്‌ ഇടതുസര്‍ക്കാര്‍ വാങ്ങിയത്‌. കട്ടപ്പുറത്തു വിശ്രമിച്ചിരുന്ന അറുന്നൂറെണ്ണം പൊളിച്ചുവില്‍ക്കുകയും ചെയ്തു. ഫലത്തില്‍ ആകെയുണ്ടായ വര്‍ധന പതിനഞ്ചുവണ്ടികള്‍ വാങ്ങിയെന്നതാണ്‌!

ഇപ്പോള്‍ നിരത്തില്‍ ഓടുന്ന വണ്ടികള്‍ നോക്കുക. ടിക്കേറ്റ്ടുത്താല്‍ മാത്രം പോര; വണ്ടി വഴിയില്‍ കിടന്നുപോകാതിരിക്കാന്‍ ഇടപ്പള്ളി പള്ളിയിലോ, ചോറ്റാനിക്കര അമ്പലത്തിലോ വഴിപാടുകൂടി നേരേണ്ട അവസ്ഥയിലാണ്‌ യാത്രികര്‍!

കഷ്ടകാലത്തിന്‌ വഴിയില്‍ ഏതെങ്കിലുമൊരു വണ്ടിയുമായി നമ്മുടെ ആനവണ്ടി ഒന്നുരസിയെന്നു വയ്ക്കുക. ആഹ്ലാദചിത്തന്മാരായ ആനവണ്ടി ഡ്രൈവറും കണ്‍ട്രവിയും അവിടെവച്ച്‌ ഓട്ടം നിര്‍ത്തി, യാത്രക്കാരെ ഇറക്കിവിട്ട്‌ സ്വസ്ഥരാവും!

സ്വകാര്യ ബസുകള്‍ ലാഭത്തിലോടുന്ന റൂട്ടില്‍ ആനവണ്ടികള്‍ നഷ്ടത്തില്‍ നരകിച്ച്‌ മുന്നോട്ടുപോകുന്നതിനു കാരണമെന്താവും?

ഉത്തരം ലളിത മനോഹരമാണ്‌. സ്വകാര്യ ബസോടിക്കാന്‍ കൂടിയാല്‍ മൂന്നു ജീവനക്കാര്‍ മതി. ഒരു ആനവണ്ടി ഓടിക്കാന്‍ പത്തുനാന്നൂറ്‌ ഓഫീസര്‍മാര്‍ വേണം!

ആനവണ്ടിയെ ആട്ടിത്തെളിക്കാന്‍ കുത്തിയിരിക്കുന്ന ഓഫീസര്‍മാരുടെ എണ്ണം കുറയ്ക്കുകയും ആനവണ്ടി നിത്യവും തേച്ചുകഴുകി വൃത്തിയാക്കുകയും ചെയ്താല്‍മാത്രം ഈ പ്രസ്ഥാനം രക്ഷപ്പെട്ടുപോകും.

ഒരു പ്രസ്ഥാനവും രക്ഷപ്പെട്ടു പോകരുതെന്നു നിര്‍ബന്ധമുള്ളവര്‍ക്ക്‌ ഭൂരിപക്ഷമുള്ള നാട്ടില്‍ ആനവണ്ടിയുടെ വര്‍ത്തമാനം കട്ടപ്പുറത്തും ഭാവി കട്ടപ്പൊകയും ആവുന്നതില്‍ അത്ഭുതമെന്തിന്‌?

ഗാന്ധിജിയെ തനിക്കാക്കിയവരുടെ വെടക്ക്‌ രാഷ്ട്രീയം

അധികാര രാഷ്ട്രീയത്തിന്റെ കുടിലതകളും അതിജീവന രാഷ്ട്രീയത്തിന്റെ കൗശല-കാപട്യങ്ങളും ആധുനിക ഭാരതത്തെ പഠിപ്പിച്ച കൗടില്യനായിരുന്നു കാശ്മീരി ബ്രാഹ്മണനായ മോട്ടിലാല്‍. അളവറ്റ സമ്പത്തിന്‌ ഉടമയായ അദ്ദേഹം പുത്രന്‍ ജവഹര്‍ലാലിനെ ഇംഗ്ലണ്ടില്‍ വിട്ട്‌ പഠിപ്പിച്ചതും, പഠനം കഴിഞ്ഞ്‌ തിരിച്ചെത്തിയ പുത്രനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനാക്കിയതും സ്വാതന്ത്ര്യസമര സേനാനിയാക്കി സമരഭൂവിലയച്ചതുമെല്ലാം തലമുറകള്‍ നീളുന്ന ഒരു വലിയ ഗൂഢപദ്ധതിയുടെ ഭാഗമായിട്ടായിരുന്നു.

ഇന്ത്യയുടെ ഭരണം നെഹ്‌റുകുടുംബത്തിന്റെ പരമ്പരാഗത അവകാശമാക്കി മാറ്റിയെടുക്കാനും ആ അധികാരം തലമുറകളിലൂടെ നിലനിര്‍ത്താനും മോട്ടിലാല്‍ രൂപംകൊടുത്ത അജണ്ട, അതിന്റെ തനിമ ചോരാതെ ഇന്നും തുടരുമ്പോള്‍ ഇങ്ങേഅറ്റത്ത്‌ ഇന്ത്യ കാണുന്നത്‌ പ്രിയങ്ക വധേരയേയും രാഹുലിനെയും അവരെ കൃത്യമായി നിയന്ത്രിക്കുന്ന ഈവന്റ്‌ മാനേജ്മെന്റ്‌ ഗ്രൂപ്പുകളെയുമാണ്‌.

സോഷ്യലിസ്റ്റായിരുന്നു ജവഹര്‍ലാല്‍. ലോകംകണ്ട ചിന്തകരിലും പണ്ഡിതരിലും അനുപമമായ സ്ഥാനവും ജവഹര്‍ലാലിനുണ്ടായിരുന്നു. ഈ സങ്കല്‍പ്പങ്ങള്‍ക്കൊപ്പം മോട്ടിലാലിന്റെ കണിശതയാര്‍ന്ന തന്ത്രങ്ങളും ഒത്തുചേര്‍ത്തപ്പോള്‍ ഗാന്ധിജിയെപ്പോലും നിശബ്ദനും കാഴ്ചക്കാരനുമാക്കി ജവഹര്‍ലാല്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി.

"ലോകം ഉറങ്ങിയപ്പോള്‍ ഇന്ത്യ അതിന്റെ നിധിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു" എന്ന വിശ്വവിശ്രുതമായ വാക്കുകളിലൂടെ ജവഹര്‍ലാല്‍ അധികാരത്തിലേറിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌ നെഹ്‌റുകുടുംബത്തിന്റെ അധികാരവാഴ്ചയുടെ തുടക്കമായിരുന്നു. 1947 ഓഗസ്റ്റ്‌ 15 ന്‌ ഗാന്ധിജിയെ ഡല്‍ഹിയില്‍പോലും തങ്ങാന്‍ അനുവദിക്കാതെ നടത്തിയ നീക്കങ്ങളുടെ വിജയകരമായ മറ്റൊരു പരിണാമമായിരുന്നു ജവഹര്‍ലാലിന്റെ പുത്രി ഇന്ദിരയുടെ പേരിന്റെ ഉത്തരഭാഗത്ത്‌ ചേര്‍ക്കപ്പെട്ട 'ഗാന്ധി'യെന്ന ട്രേഡ്മാര്‍ക്ക്‌. അതിനിഗൂഢമായ തന്ത്രമായിരുന്നു ഈ പേരുചേര്‍ക്കല്‍ കൊണ്ട്‌ ജവഹര്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ നടപ്പിലാക്കിയത്‌. പാഴ്സിയായ ഫിറോസ്‌ ഗന്ധിയായിരുന്നു ഇന്ദിരയുടെ ഭര്‍ത്താവ്‌. ഫിറോസിന്റെ പേരിനൊപ്പമുണ്ടായിരുന്ന ഗന്ധിയെ ഗാന്ധിയാക്കി ഇന്ദിരയുടെ പേരിനൊപ്പം കൂട്ടിചേര്‍ത്തപ്പോള്‍ അതിവിദഗ്ധം വഞ്ചിക്കപ്പെട്ടത്‌, ഗാന്ധിജി ഇന്ത്യയുടെ ആത്മാവ്‌ കുടികൊള്ളുന്നു എന്ന്‌ തിരിച്ചറിഞ്ഞ ലക്ഷക്കണക്കിന്‌ ഗ്രാമങ്ങളിലെ കോടിക്കണക്കിന്‌ നിരക്ഷര കുക്ഷികളായിരുന്നു.

ജവഹര്‍ലാലിനെ പിന്നിലാക്കുന്ന നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും അധികാര ഗര്‍വും ഇന്ദിരക്കുണ്ടായിരുന്നു. ജവഹര്‍ലാല്‍ വിഭാവനം ചെയ്ത സോഷ്യലിസ്റ്റ്‌ ഇന്ത്യയെ, ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസമെന്ന സംജ്ഞ കൂട്ടിച്ചേര്‍ത്ത്‌ വളരെ വിദഗ്ധമായി വഞ്ചിച്ചൊരുക്കുകയായിരുന്നു ഇന്ദിര. ഈ പോരായ്മ ജനംതിരിച്ചറിയാതിരിക്കാന്‍ ബാങ്ക്‌ ദേശസാല്‍ക്കരണം, പ്രിവിപേഴ്സ്‌ നിര്‍ത്തലാക്കല്‍ തുടങ്ങിയ 'വിപ്ലവകരമായ' തീരുമാനങ്ങള്‍ നടപടികളായി ഇന്ദിര സാക്ഷാത്കരിച്ചു. സാധാരണ ഇന്ത്യന്‍ വോട്ടര്‍മാരെയും നികുതിദായകരെയും അമ്പരപ്പിച്ച്‌ അണികളാക്കി മാറ്റാന്‍ ഭരണരംഗത്ത്‌ കാലാകാലങ്ങളില്‍ ഇത്തരം ചെപ്പടിവിദ്യകള്‍ ജവഹര്‍ലാല്‍ തുടങ്ങിയുള്ളവര്‍ വിദഗ്ധമായി അടിച്ചേല്‍പ്പിച്ചിട്ടുണ്ടായിരുന്നു. ആ അടിച്ചേല്‍പ്പിക്കലിന്റെ ഭാഗമായിട്ടാണ്‌ കൊമേഴ്സ്യല്‍ പെയിലറ്റായിരുന്ന രാജീവ്‌ ഇന്ത്യയുടെ പ്രധാനമന്ത്രിയായത്‌. രാജീവിനുമുണ്ടായിരുന്നു 'വിപ്ലവകരമായ' കാഴ്ചപ്പാട്‌. വാര്‍ത്താവിനിമയ - സാങ്കേതിക ശാസ്ത്രരംഗത്ത്‌ ഇന്ത്യയ്ക്ക്‌ നവോന്മേഷം നല്‍കുന്നതും ലോക രാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ നെഞ്ചുവിരിച്ചു നില്‍ക്കാന്‍ അവസരമൊരുക്കുന്നതുമായ നിരവധി ഭരണനടപടികള്‍ രാജീവില്‍നിന്നുമുണ്ടായി. അപ്പോഴും രാജീവിന്റെ ഭരണ നൈപുണ്യമല്ല മറിച്ച്‌ പേരിനൊപ്പമുണ്ടായിരുന്ന ഗാന്ധിജിയെന്ന 'വിശേഷണ'മായിരുന്നു ഇന്ത്യന്‍ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജനങ്ങള്‍ക്ക്‌ ഏറെ ഇഷ്ടം.

രാജീവ്‌ വധത്തിനു ശേഷം വിധവ സോണിയ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ നിന്ന്‌ വിട്ടുനിന്നതും തിരിച്ചെത്തിയപ്പോള്‍, തളികയില്‍ വച്ചുനീട്ടിയ പ്രധാനമന്ത്രിപദം നിരസിച്ചതും ഇത്തരം തന്ത്രങ്ങളുടെ തിരക്കഥ മാത്രമായിരുന്നു. മന്‍മോഹനെന്ന ഒരു പാവയെ മുന്‍സീറ്റിലിരുത്തി ഇന്ന്‌ സോണിയ നടത്തുന്ന പിന്‍സീറ്റ്‌ ഡ്രൈവിംഗിന്റെ മികവ്‌ നാമെല്ലാം മനസിലാക്കുന്നുണ്ട്‌.

ഈ മികവുതന്നെയാണ്‌ പുത്രന്‍ രാഹുലിനെ പാര്‍ട്ടിയിലും ലോക്സഭയിലും എത്തിക്കാന്‍ സോണിയ പുലര്‍ത്തിയതും റോഡ്ഷോയിലൂടെ രാഹുല്‍ നടപ്പിലാക്കുന്നതും. ഇപ്പോള്‍ പശുബെല്‍റ്റിലെ സംസ്ഥാനങ്ങളിലെ ദളിത്‌ കുടുംബങ്ങളില്‍ ചെന്ന്‌ ചപ്പാത്തിവാങ്ങി കഴിക്കുന്നതും പ്രിയങ്ക വധേര രാജീവ്‌ വധക്കേസിലെ പ്രതി നളിനിയെ ജയിലില്‍ ചെന്ന്‌ സന്ദര്‍ശിക്കുന്നതും എല്ലാം വളരെ ബുദ്ധിപൂര്‍വ്വം ആലോചിച്ച്‌ എടുത്ത തീരുമാനങ്ങളുടെ വെളിച്ചത്തിലാണ്‌. ഗാന്ധിജി ജീവിച്ചിരുന്നപ്പോള്‍ ആരംഭിച്ച കുടുംബവാഴ്ചയുടെയും വെടക്കുരാഷ്ട്രീയ തന്ത്രങ്ങളുടെയും പരമ്പര അങ്ങനെ തുടരുകയാണ്‌.

Thursday, April 17, 2008

പ്രിയങ്കക്കുവേണ്ടി ജയില്‍ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി

ആശാലത മുരുകന്‍, ചെന്നൈ
ടൈറ്റസ്‌ കെ. വിളയില്‍
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍കണ്ട്‌, സോണിയാകുടുംബത്തിന്റെയും കോണ്‍ഗ്രസിന്റെയും മെയിലേജ്‌ വര്‍ധിപ്പിക്കാന്‍ പ്രിയങ്ക നടത്തിയ ജയില്‍ സന്ദര്‍ശന നാടകത്തിന്റെ ചുരുളുകള്‍ ഒന്നൊന്നായി അഴിയുന്നു.

രാജീവ്ഗാന്ധി വധക്കേസില്‍ മുഖ്യപ്രതിയായ നളിനി ശ്രീഹരനുമായി പ്രിയങ്ക വധേര നടത്തിയ കൂടിക്കാഴ്ച, തമിഴ്‌നാട്‌ പ്രിസണ്‍ മാനുവലിലെ ചട്ടങ്ങളെല്ലാം ലംഘിച്ചുകൊണ്ടായിരുന്നുവെന്ന്‌ ഞങ്ങളുടെ ചെന്നൈ ലേഖികയുടെ അന്വേഷണത്തില്‍ വ്യക്തമായി.

കണ്‍വിക്ട്‌ നമ്പര്‍ 310 എന്ന്‌ വെല്ലൂര്‍ ജയില്‍രേഖയിലുള്ള നളിനി ശ്രീഹരനുമായി പ്രിയങ്ക നടത്തിയ കൂടിക്കാഴ്ച ജയില്‍രേഖകളില്‍ രേഖപ്പെടുത്തിയിട്ടുപോലുമില്ല എന്നതാണ്‌ ഞെട്ടിക്കുന്ന വിവരം.

സന്ദര്‍ശകരുടെ വിവരം രേഖപ്പെടുത്തുന്ന ജയില്‍ലോഗ്‌ ബുക്കില്‍ മാര്‍ച്ച്‌ 19-ാ‍ം തീയതിയിലെ (അന്നാണ്‌ പ്രിയങ്ക - നളിനി കൂടിക്കാഴ്ച നടന്നത്‌) സന്ദര്‍ശകരുടെ പേര്‌ രേഖപ്പെടുത്തിയിട്ടുള്ള പേജില്‍ പ്രിയങ്കയുടെ പേരില്ല. പകരം "ഒരു തടവുപുള്ളിയെ കാണാന്‍ സന്ദര്‍ശകനെത്തി" എന്നുമാത്രമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. അന്ന്‌ വെല്ലൂര്‍ ജയിലിലെ 31 റിമാന്‍ഡ്‌ പ്രതികള്‍ക്ക്‌ സന്ദര്‍ശകരുണ്ടായിരുന്നുവെന്ന്‌ ലോഗ്ബുക്ക്‌ വ്യക്തമാക്കുന്നു. കുറ്റവാളികളുടെ പേരും അവരെ സന്ദര്‍ശിച്ചവരുടെ പേരും ഈ 31 എന്‍ട്രികളിലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. അതേസമയം നളിനിക്ക്‌ സന്ദര്‍ശകയുണ്ടായതായോ ആ സന്ദര്‍ശകയുടെ പേര്‌ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. അതേസമയം അതിന്റെ തലേദിവസം (മാര്‍ച്ച്‌ 18) നളിനിയുടെ മാതാവ്‌ ജയില്‍ സന്ദര്‍ശനം നടത്തിയതിന്റെ കൃത്യമായ എന്‍ട്രിയുണ്ടുതാനും.

തമിഴ്‌നാട്‌ പ്രിസണ്‍മാനുവല്‍ അനുസരിച്ച്‌ ചൊവ്വാഴ്ചകളിലും ബുധനാഴ്ചകളിലും മാത്രമേ ശിക്ഷിക്കപ്പെട്ട്‌ വെല്ലൂര്‍ ജയിലില്‍ തടവിലാക്കിയിട്ടുള്ള കുറ്റവാളികളെ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റും അനുവാദമുള്ളൂ. ബുധനാഴ്ചയും വെള്ളിയാഴ്ചയും റിമാന്‍ഡ്‌ പ്രതികള്‍ക്കും വിചാരണത്തടവുകാര്‍ക്കുമുള്ള സന്ദര്‍ശക ദിവസമാണ്‌.

പ്രിയങ്ക, നളിനിയെ സന്ദര്‍ശിച്ച മാര്‍ച്ച്‌ 19 ബുധനാഴ്ചയാണ്‌. അന്ന്‌ ശിക്ഷിക്കപ്പെട്ട പ്രതിയായ നളിനിയെ സന്ദര്‍ശിക്കാന്‍ ആര്‍ക്കും അനുവാദമില്ലാത്ത ദിവസമാണ്‌.

വെല്ലൂര്‍ ജയിലിലുള്ള പ്രതികളെ ആരു സന്ദര്‍ശിച്ചാലും ആ വിവരം കൃത്യമായി ജയില്‍ ലോഗ്ബുക്കില്‍ രേഖപ്പെടുത്തണമെന്നാണ്‌ ചട്ടം. ആ ചട്ടം പ്രിയങ്കയ്ക്കുവേണ്ടി ലംഘിച്ചിരിക്കുന്നുവെന്നാണ്‌ ജയില്‍രേഖകള്‍ തെളിയിക്കുന്നത്‌.

മാത്രമല്ല, സെഡ്‌ കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണ്‌ പ്രിയങ്ക വധേര. രാജീവ്‌ വധക്കേസിലെ മുഖ്യപ്രതികളിലൊരാളാണ്‌ നളിനി ശ്രീഹരന്‍. എന്നിട്ടും ഇവരുടെ കൂടിക്കാഴ്ചയ്ക്ക്‌, ചട്ടങ്ങള്‍ അനുശാസിക്കുന്ന സെക്യൂരിറ്റി ബന്തവസ്‌ നല്‍കിയിട്ടില്ലെന്നും ജയില്‍രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ജയിലിലെ സന്ദര്‍ശകമുറിയിലാണ്‌ തടവുപുള്ളികള്‍ക്കും സന്ദര്‍ശകര്‍ക്കും കൂടിക്കാഴ്ച അനുവദിക്കാറുള്ളൂ. അതാണ്‌ ചട്ടം. ആ ചട്ടവും പ്രിയങ്കയ്ക്കുവേണ്ടി ലംഘിച്ചു. വെല്ലൂര്‍ ജയിലിലെ അഡ്മിനിസ്ട്രേറ്റീവ്‌ ബ്ലോക്കിലെ ഒന്നാം നിലയിലുള്ള ജയില്‍ സൂപ്രണ്ടിന്റെ മുറിയിലാണ്‌ ഇരുവരും കൂടിക്കണ്ടത്‌.

സാധാരണഗതിയില്‍ വെല്ലൂര്‍ ജയിലിലെ തടവുപുള്ളികളെ കണ്ട്‌ സംസാരിക്കാന്‍ സന്ദര്‍ശകരെത്തിയാല്‍ ഒരു ജയില്‍ അതോറിറ്റിയുടെ സാന്നിധ്യത്തില്‍ മാത്രമേ സംഭാഷണം നടത്താന്‍ അനുവദിക്കാറുള്ളൂ. ഈ ചട്ടവും കാറ്റില്‍ പറത്തിയാണ്‌ പ്രിയങ്കയ്ക്ക്‌ കൂടിക്കാഴ്ച സൗകര്യം ഒരുക്കിയത്‌. ഇരുവരും ഒറ്റയ്ക്കായിരുന്നു മുറിയില്‍. ഇവര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ നളിനിയുടെ അഭിഭാഷകനിലൂടെയാണ്‌ പുറംലോകം അറിഞ്ഞത്‌. അതുകൊണ്ടുതന്നെ ഇരുവരും നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണരൂപം പുറത്തുവന്നിട്ടില്ലായെന്ന്‌ വിശ്വസിക്കേണ്ട സാഹചര്യമാണ്‌ ഉള്ളതെന്നും ഞങ്ങളുടെ ചെന്നൈ ലേഖിക റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

അതേസമയം നളിനിയുടെ ഭര്‍ത്താവ്‌ മുരുകന്റെ കുടുംബാംഗങ്ങള്‍ക്ക്‌ നളിനിയെ സന്ദര്‍ശിക്കാനുള്ള അനുവാദം ജയില്‍അധികൃതര്‍ നിഷേധിക്കുകയും ചെയ്തിരുന്നു. എന്നിട്ടാണ്‌ നളിനിയുമായി ഒരു ബന്ധവുമില്ലാത്ത പ്രിയങ്കയ്ക്ക്‌ എല്ലാ ചട്ടങ്ങളും ലംഘിച്ച്‌ സന്ദര്‍ശനാനുമതി നല്‍കിയത്‌. മാത്രമല്ല, പ്രിയങ്ക വെല്ലൂര്‍ ജയില്‍ സന്ദര്‍ശിക്കുകയോ നളിനിയുമായി കൂടിക്കാണുകയോ ചെയ്തിട്ടില്ലെന്നാണ്‌ ജയില്‍ സൂപ്രണ്ട്‌ രാജസുന്ദരി ഒരു പ്രസ്താവനയില്‍ അവകാശപ്പെട്ടത്‌. എന്നാല്‍ അന്നുതന്നെയാണ്‌ നളിനിയുമായി നടന്ന കൂടിക്കാഴ്ച യാഥാര്‍ത്ഥ്യമാണെന്ന്‌ അറിയിച്ചുകൊണ്ട്‌ ഡല്‍ഹിയില്‍ പ്രിയങ്കയ്ക്കുവേണ്ടി കോണ്‍ഗ്രസ്‌ നേതൃത്വം പത്രക്കുറിപ്പ്‌ ഇറക്കിയത്‌.

പ്രിയങ്കയും നളിനിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച നളിനിയുടെ അഭിഭാഷകരായ ദ്വെരൈസ്വാമിയില്‍നിന്നും ഇളങ്കോയില്‍നിന്നും രണ്ടാഴ്ചയോളം ജയില്‍ അധികൃതരും നളിനിയും മറച്ചുപിടിക്കുകയും ചെയ്തു. ഏപ്രില്‍ രണ്ടിന്‌ ഇളങ്കോ നളിനിയെ കണ്ടപ്പോഴാണ്‌ പ്രിയങ്കയുടെ സന്ദര്‍ശകവിവരം അറിയുന്നതുതന്നെ.

മറ്റൊരു അഭിഭാഷകനായ ദ്വൊരൈസ്വാമി ഈ വിവരം അറിയുന്നത്‌ നളിനിയുടെ മാതാവില്‍നിന്നാണ്‌. അതും മാര്‍ച്ച്‌ അവസാനം. ഇതിന്റെ അടിസ്ഥാനത്തില്‍ തന്റെ ജൂനിയറായ ഇളങ്കോയെ ദ്വൊരൈസ്വാമി വെല്ലൂര്‍ ജയിലിലേക്ക്‌ അയച്ചിരുന്നു. ഏപ്രില്‍ രണ്ടിന്‌ സന്ദര്‍ശനവിവരം തീര്‍ച്ചപ്പെടുത്തിയിരുന്നു. അപ്പോഴും നളിനി - പ്രിയങ്ക കൂടിക്കാഴ്ചയുടെ രേഖാമൂലമുള്ള തെളിവുകളൊന്നും ഇളങ്കോയ്ക്ക്‌ ലഭിച്ചില്ല. അതിന്റെ അടിസ്ഥാനത്തിലാണ്‌ തന്റെ മറ്റൊരു ജൂനിയറായ രാജ്കുമാറിനെ കൊണ്ട്‌ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ച്‌ സന്ദര്‍ശനത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയതെന്നും ചെന്നൈ ലേഖിക റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

കൂടിക്കാഴ്ചയുടെ രാഷ്ട്രീയം

പ്രിയങ്ക-നളിനി കൂടിക്കാഴ്ച പുറംലോകമറിഞ്ഞതുകൊണ്ട്‌ രണ്ടുകൂട്ടര്‍ക്കാണ്‌ പ്രത്യക്ഷത്തില്‍ നേട്ടമുണ്ടാകുന്നത്‌. സോണിയാഗാന്ധിയുടെ കുടുംബത്തിന്റെ, പ്രത്യേകിച്ച്‌, പ്രിയങ്കയുടെ പ്രതിച്ഛായ പൊടുന്നനെ ഗംഭീരമായ തിളക്കമാര്‍ജിച്ചുവെന്നതാണ്‌ അതിലൊന്ന്‌. വിശുദ്ധയായ അമ്മയുടെ വിശുദ്ധയായ മകള്‍ എന്ന രീതിയിലാണ്‌ സോണിയയും പ്രിയങ്കയും ഇപ്പോള്‍ ഇന്ത്യന്‍ ജനതയ്ക്ക്‌ മുന്നിലുള്ളത്‌. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക കോണ്‍ഗ്രസ്സിനുവേണ്ടി വോട്ടുപിടിക്കാനിറങ്ങുമ്പോള്‍ വെല്ലൂരിലെ കൂടിക്കാഴ്ചയുടെ അലയൊലികള്‍ ഒരു പ്രഭാവലയം പോലെ കൂടെയുണ്ടാകുമെന്നുറപ്പാണ്‌.
നളിനിക്കും ഈ കൂടിക്കാഴ്ചയുടെ പ്രയോജനമുണ്ടായേക്കും. ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ടിട്ടുള്ള നളിനി കഴിഞ്ഞ 16 വര്‍ഷമായി ജയിലിലാണ്‌. നളിനിയുടെ മോചനത്തിനായി നളിനിയുടെ അഭിഭാഷകന്‍ നടത്തുന്ന ശ്രമത്തിനും ഈ കൂടിക്കാഴ്ചകൊണ്ട്‌ ഫലമുണ്ടായേക്കും.