Saturday, April 12, 2008

കുഞ്ഞുമനസുകളില്‍നിന്ന്‌ അവസാനചിരി മായാതിരിക്കാന്‍...

from the desk of managing editor

ഋതുഭേദങ്ങള്‍ക്കു താളം തെറ്റിയ കഠിന കാലത്തിലും വിഷു, മലയാളി മനസുകളില്‍ പകരുന്നത്‌ ഐശ്വര്യ സമ്പൂര്‍ണമായ നാളെയെക്കുറിച്ചുള്ള സുന്ദര സ്വപ്നങ്ങളും ആഹ്ലാദവുമാണ്‌.

നന്മയുടെയും പ്രത്യാശയുടെയും മണ്‍ചെരാതുകളൊന്നൊന്നായി കരിന്തിരി കത്തുമ്പോഴും പ്രിയ കവി ഒ.എന്‍.വി. പാടിയപോലെ

"ഒന്നുമറിയാതെ കണിക്കൊന്ന പൂത്തു...
വീണ്ടും; മന്നില്‍നിന്നും പോയ്മറയാ...
പൊന്‍കിനാക്കള്‍പോലെ....."

കാലം തെറ്റിപ്പെയ്ത വേനല്‍മഴ തകര്‍ത്തെറിഞ്ഞ കര്‍ഷകരുടെ കണ്ണീര്‍പ്പാടങ്ങളില്‍ ഇക്കുറി വിഷുവെത്തുന്നത്‌ കൊടും പഞ്ഞവുമായാണ്‌. പൊള്ളുന്ന വിലക്കയറ്റത്താല്‍ വലയുകയാണ്‌ ഇടത്തരക്കാരും സാധാരണക്കാരും ഉള്‍പ്പെടുന്ന മഹാഭൂരിപക്ഷം കേരളീയര്‍.

കാര്‍ഷിക പ്രധാനമായ സമ്പദ്‌വ്യവസ്ഥയും സാമുഹികവ്യവസ്ഥയും നിലനിന്നുവന്ന കേരളത്തെ, വ്യവസായവല്‍ക്കരണമാണ്‌ പുരോഗതിയെന്നു പറഞ്ഞു പഠിപ്പിച്ച ഭരണകൂടങ്ങള്‍ തന്നെയാണ്‌ 'കടിച്ചതുമില്ല; പിടിച്ചതുമില്ല' എന്ന ദയനീയാവസ്ഥയിലേക്ക്‌ കൊണ്ടുചെന്നെത്തിച്ചത്‌.

നാല്‍പ്പത്തിമൂന്നു നദികള്‍ നിറഞ്ഞൊഴുകിയിരുന്നൊരു നാടിനെ വരള്‍ച്ചയുടെയും അതിവൃഷ്ടിയുടെയും കൊടുതികളിലേക്കും; തിന്നാനും കുടിക്കാനും അപരന്റെ സൗമനസ്യം കാത്തുകിടക്കേണ്ട അവസ്ഥയിലേക്കും നയിച്ചത്‌ മേല്‍പ്പറഞ്ഞ അധികാരികള്‍ തന്നെ.

വനം നശിപ്പിച്ചാല്‍ മഴയില്ലാതാവുമെന്നു പ്രചരിപ്പിച്ച പരിസ്ഥിതി പ്രവര്‍ത്തകരെ 'അറബിക്കടലില്‍ മഴ പെയ്യുന്നത്‌ അവിടെ വനമുണ്ടായിട്ടാണോയെന്നു' മറുചോദ്യം ചോദിച്ച ഭരണാധിപന്മാരുടെ പരിഹാസച്ചിരിയില്‍ നമ്മളും പങ്കുചേര്‍ന്നവരാണ്‌.

വനം വെട്ടിത്തിന്നു മുടിക്കാന്‍ മാത്രമായി ഒന്നിലേറെ പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നൊരു നാടാണ്‌ കേരളമെന്നത്‌ ഒരപ്രിയ സത്യം മാത്രമാണ്‌. പോയ ഒരു നൂറ്റാണ്ടുകാലത്ത്‌ നമ്മള്‍ തകര്‍ത്തെറിഞ്ഞത്‌ സമ്പന്നമായ ഒരു ആവാസ വ്യവസ്ഥയെയായിരുന്നുവെന്ന്‌ ഇനിയും നാം തിരിച്ചറിയുന്നില്ല.

ഇന്നും ആ പാതകം അഭംഗുരം തുടരുകയാണ്‌. നമ്മുടെ കായലുകളും നദികളും കൈയേറ്റം ചെയ്യപ്പെടുന്നു. കുന്നുകളും മലകളും പാറക്കൂട്ടങ്ങളുമെല്ലാം ഇടിച്ചുനിരത്തപ്പെടുന്നു. വയലേലകളിലെല്ലാം ചുടുകട്ടകള്‍ മാത്രം വിളയുന്നു. കാലിനടിയിലെ മണ്ണുമാന്തി വിറ്റുതിന്നുന്ന ധൂര്‍ത്തപുത്രന്മാരുടെ നാടിനെയാണ്‌ ടൂറിസം വകുപ്പ്‌ ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിച്ച്‌ ദൈവത്തെപ്പോലും ആക്ഷേപിക്കുന്നത്‌.

വളരുന്ന തലമുറയെ പ്രൊഫഷണല്‍ വിദ്യാഭ്യാസം നല്‍കി വിദേശങ്ങളിലേക്ക്‌ കയറ്റി അയച്ച്‌ വിദേശനാണ്യം നേടുകയാണിനി നമ്മുടെ ലക്ഷ്യമെന്ന്‌ ഭരണകൂടങ്ങള്‍ പഠിപ്പിക്കുന്നു. കേരളത്തിന്റെ പ്രകൃതിരമണീയത കാണാനെന്ന പേരില്‍ താരമമ്യേന എയ്ഡ്സ്‌ ഭീഷണി കുറഞ്ഞ കേരളത്തില്‍ സുരക്ഷിത ലൈംഗികത കാംക്ഷിച്ചെത്തുന്നവര്‍ക്കായി നമ്മുടെ കൊച്ചുകുടുംബങ്ങളുടെ വാതായനങ്ങള്‍പോലും തുറന്നുകൊടുക്കണമെന്നും അധികാരികള്‍ പ്രചരിപ്പിക്കുന്നു. അതിനായി ഉത്തരവാദിത്ത ടൂറിസമെന്ന കോമള സംജ്ഞയും പ്രചരിപ്പിച്ചുകഴിഞ്ഞു.

ഗള്‍ഫിലെ മണലാരണ്യങ്ങളില്‍ ചോര വിയര്‍പ്പാക്കി പണിയെടുക്കുന്ന (കൂലിപ്പണിക്കാരായ) ബന്ധുക്കള്‍ അയക്കുന്ന പണം ഒന്നുകൊണ്ടുമാത്രം, പുറമെയ്ക്ക്‌ പച്ചപിടിച്ചു നില്‍ക്കുന്ന ഒരു അയഥാര്‍ത്ഥ സമ്പല്‍സമൃദ്ധി മാത്രമാണ്‌ കേരളത്തിന്റെ യാഥാര്‍ത്ഥ്യം എന്ന്‌ തിരിച്ചറിഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ പായുകയാണ്‌ മലയാളി.

തിരിച്ചുപോക്ക്‌ എളുപ്പമല്ല. കാടുകളിലേക്ക്‌ തിരിച്ചുപോകാന്‍ ഇനി കാടുകളും ബാക്കിയില്ല. എന്നാലും പ്രബുദ്ധനായ മലയാളിക്ക്‌ ഇനിയും പശിയടക്കാനുള്ളത്‌ നട്ടുനനച്ചുണ്ടാക്കാനുള്ള മണ്ണ്‌ ബാക്കിയുണ്ട്‌. അവിടെ അന്തകവിത്തുകളും മാരക രാസവളങ്ങളും കീടനാശിനികളും കൊണ്ട്‌ പൂര്‍ണമായും വന്ധീകരിക്കപ്പെടും മുന്‍പ്‌ ഉണര്‍ന്നെണീയ്ക്കുക തന്നെ വേണം.

നാളെക്ക്‌ മാറ്റിവയ്ക്കാനായി ഒന്നുമില്ലാതായിപോകുന്ന ഒരു സമൂഹത്തിന്‌ ചരിത്രത്തില്‍ നിലനില്‍പ്പുണ്ടായിട്ടില്ല. നമ്മുടെ മക്കളുടെ കുഞ്ഞുമനസുകളില്‍ നിന്നും അവസാനത്തെ ചിരികൂടി മായും മുന്‍പെ ഇനിയും എന്തുചെയ്യാനാവും എന്ന്‌ കൂട്ടായിരുന്ന്‌ ആലോചിക്കാനുള്ള ക്ഷണക്കത്താണ്‌ നിറയെ പൂത്തുനില്‍ക്കുന്ന അവസാനത്തെ കണിക്കൊന്നകള്‍.

പ്രത്യാശയോടെ,
കെ.ജെ.സാബു

0 comments :