Thursday, April 24, 2008

ചങ്ങലയ്ക്കിടേണ്ടത്‌ മനുഷ്യനെ!

മീനപ്പൂക്കളുടെ പൂരക്കാലമാകുമ്പോള്‍, കാവുകളിലും അമ്പലങ്ങളിലും ഉത്സവങ്ങള്‍ക്ക്‌ കൊടിയേറുമ്പോള്‍, പള്ളികളില്‍ പെരുനാളും ദര്‍ഗ്ഗകളില്‍ ചന്ദനക്കുടവും കൊണ്ടാടുമ്പോള്‍ കേരളത്തിന്‌ ഈ ദിനങ്ങള്‍ വിരണ്ടോടുന്ന ആനകള്‍ സൃഷ്ടിക്കുന്ന ക്രൂരമരണങ്ങളുടെയും ഭയാശങ്കകളുടെയും കാലം!

ഇന്നലെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇടഞ്ഞ ആന ഒരു സ്ത്രീയെയും മുന്‍ പാപ്പാനെയും അടക്കം മൂന്ന്‌ പേരെയാണ്‌ ചവിട്ടിക്കൊന്നത്‌. ഈ ക്രൂരതയുടെ തല്‍സമയ ദൃശ്യങ്ങള്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തപ്പോള്‍ ആനപ്പകയുടെ നേര്‍ക്കാഴ്ച കണ്ട്‌ നടുങ്ങിയിരിക്കാനേ കേരളീയര്‍ക്കായുള്ളൂ.

ആനയുമായുള്ള മനുഷ്യന്റെ ബന്ധത്തിന്‌ ആധുനിക സംസ്കാര തുടക്കം മുതലുള്ള ബന്ധമുണ്ട്‌. ഉദ്ഘനനങ്ങളില്‍ ഇതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. കരയിലെ ഏറ്റവും വലിയ സസ്തനിയായ ആന മനുഷ്യന്‌ എന്നും കൗതുകക്കാഴ്ചയാണ്‌. കഠിനമായ ജോലിക്കു മുതല്‍ യുദ്ധത്തിനുവരെ ആനകളെ ഉപയോഗിച്ചതായി ചരിത്രരേഖകള്‍ പറയുന്നു. മഹാഭാരതകാലത്തെ യുദ്ധസന്നാഹമായ അക്ഷൗഹിണിയില്‍ ആനപ്പട പ്രധാന ഘടകമായിരുന്നു. ഇന്ത്യയെ ആക്രമിച്ച്‌ കീഴടക്കാനെത്തിയ അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ പോലും ആനപ്പടയുടെ കരുത്തുകണ്ട്‌ ഭയന്നുപോയി എന്നാണ്‌ ചരിത്രരേഖകള്‍.

ആനയും കേരളവുമായുള്ള ബന്ധത്തിന്‌ തൊഴില്‍ എന്നതിലുപരി ഭക്തിയുമായാണ്‌ കൂടുതല്‍ സാന്ദ്രതയുള്ളത്‌. ക്ഷേത്രങ്ങളിലായാലും പള്ളികളിലായാലും ദര്‍ഗ്ഗകളിലായാലും നെറ്റിപ്പട്ടം കെട്ടിയ ആനയെക്കൂടാതെയുള്ള ഉത്സവമോ പെരുനാളോ ചന്ദനക്കുടമോ ചിന്തിക്കാന്‍കൂടി മലയാളികള്‍ക്ക്‌ കഴിയാത്തവിധം സുദൃഢം കൂടിയാണ്‌ ഈ ബന്ധം.

പക്ഷെ ഉത്സവ വേളകളിലും പെരുനാള്‍ വേളകളിലും ആന ഇടയുന്നതും അപകടങ്ങളുണ്ടാകുന്നതും നിയന്ത്രിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വര്‍ഷം കഴിയുന്തോറും ആന ഇടയുന്നതുമൂലമുള്ള അപകടങ്ങളും മരണങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ലഭ്യമായ കണക്കനുസരിച്ച്‌ 1979 ന്‌ ശേഷം 350 ലേറെ പേരെയാണ്‌ ഇടഞ്ഞ ആനകള്‍ കൊന്നൊടുക്കിയിട്ടുള്ളത്‌. ഇതില്‍ 300 ഓളം പേരും 'ആനച്ചോറ്‌ കൊലച്ചോറായ' പാപ്പാന്മാരാണ്‌. ബാക്കിയുള്ളവര്‍ ആനയെ പ്രകോപിപ്പിച്ചവരും നിരപരാധികളും. ഈ കാലത്തിനിടയില്‍ 175 ഓളം ആനകള്‍ പാപ്പാന്മാരുടെ ക്രൂരതയ്ക്കിരയായി ചരിഞ്ഞിട്ടുണ്ട്‌.

കണക്കുകള്‍ ഇങ്ങനെ നീളുമ്പോള്‍ എന്തുകൊണ്ടാണ്‌ ഉത്സവപ്പറമ്പുകള്‍ ആന ഇടയലിന്റെ ഭയരംഗങ്ങളും കൊലവിളിയുടെ അങ്കങ്ങളും ക്രൂരതമുറ്റിയ മരണങ്ങളുടെ അവസരങ്ങളുമാകുന്നതെന്ന്‌ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തുകൊണ്ടാണ്‌ ആനകള്‍ പ്രകോപിതരാകുന്നത്‌ എന്നതിന്റെ കാരണങ്ങള്‍ പാപ്പാന്മാര്‍ക്കും ആന ഉടമകള്‍ക്കും ഉത്സവ കമ്മറ്റിക്കാര്‍ക്കും ആന പ്രേമികള്‍ക്കും ഉത്സവം കലക്കികള്‍ക്കും നന്നായറിയാം. സിവിക്സെന്‍സ്‌ തൊട്ടുതെറിച്ചിട്ടില്ലാത്ത മലയാളിയുടെ നൈസര്‍ഗീക നിഷേധബോധവും 'കമിഴ്‌ന്നുവീണാല്‍ കാല്‍പ്പണ'മെന്ന ധനാര്‍ത്തിയുമാണ്‌ സ്വതവേ ശാന്തമൃഗമായ ആനയെ പ്രകോപിപ്പിക്കുന്നതും ആനക്കുത്തേറ്റ്‌ പാപ്പാന്മാരും നിരപരാധികളും അടക്കമുള്ളവര്‍ കൊല്ലപ്പെടാനും കാരണം.

കൊടുംകാടുകളിലെ ശീതള സാഹചര്യത്തിലാണ്‌ ആനകളുടെ വളര്‍ച്ച. വിയര്‍പ്പുഗ്രന്ഥികളില്ലാത്ത മൃഗമാണ്‌ ആന. അതുകൊണ്ട്‌ 25 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപം അന്തരീക്ഷത്തിലുണ്ടായാല്‍ ആനയ്ക്ക്‌ അസഹ്യത ഉണ്ടാവുക സ്വാഭാവികം. മാത്രമല്ല, കൊമ്പനാനകള്‍ അവയുടെ 'മസ്ത്‌'കാലത്ത്‌ (ലൈംഗിക വികാരം വിജൃംഭിതമാകുന്ന സമയം) അക്രമകാരികളാകുന്നതും പൊതുസ്വാഭാവമാണ്‌.

ഇതെല്ലാം വിസ്മരിച്ച്‌ ആനയെക്കൊണ്ട്‌ കഠിനമായി പണിയെടുപ്പിക്കുന്നതും വിശ്രമം നല്‍കാതെ ഉത്സവങ്ങള്‍ക്കും പെരുനാളുകള്‍ക്കും എഴുന്നള്ളിപ്പുകള്‍ക്കും കൊണ്ടുപോകുന്നതുമൊക്കെയാണ്‌ ആനയിടയുന്നതിന്റെ പ്രധാനകാരണങ്ങള്‍. ഇന്ന്‌ കേരളത്തിലെ ഉത്സവങ്ങളുടെ പരസ്യങ്ങളില്‍ പ്രധാന പ്രചാരണ വിഷയം ആനകളാണ്‌. തലയെടുപ്പുള്ള ആനകളെ അണിനിരത്താന്‍ ഉത്സവകമ്മറ്റിക്കാരും ദേവസ്വങ്ങളും കടുത്ത മത്സരത്തിലാണ്‌. ഏക്കം എന്നാണ്‌ ഇതിന്‌ പറയുന്നത്‌. ലക്ഷങ്ങള്‍ വരും ഇത്‌. ഈ പണം മുന്നില്‍കണ്ട്‌ ആനകളെ വിശ്രമമില്ലാതെ കൊടുംചൂടത്ത്‌ മണിക്കൂറുകളോളം എഴുന്നള്ളിപ്പിന്‌ നിറുത്തുന്നതും കൃത്യമായി ഭക്ഷണം കൊടുക്കാതെ കിലോമീറ്ററുകളോളം നടത്തുന്നതും ആനയെ പ്രകോപിപ്പിക്കുന്ന ഘടകങ്ങളാണ്‌. കൂടാതെ ആനകളെ മെരുക്കാനും നിയന്ത്രിക്കാനും പാപ്പാന്മാര്‍ അനുവര്‍ത്തിക്കുന്ന കഠിന ശിക്ഷകളും ശിക്ഷണങ്ങളും ആനകളുടെ സ്വസ്ഥത നശിപ്പിക്കുന്നു. ഇതുകൂടാതെയാണ്‌ ഉത്സവം കലക്കാനെത്തുന്നവരുടെ കുസൃതികളും. ഇത്തരം പ്രകോപനങ്ങള്‍ ആനയുടെ നിയന്ത്രണം തെറ്റിക്കുമ്പോള്‍ അത്‌ ഇടയും. ഇടഞ്ഞാല്‍ കണ്ണില്‍കണ്ടതെല്ലാം നശിപ്പിക്കും. മുന്നില്‍ വരുന്നവരെ തുമ്പിക്കൈകൊണ്ട്‌ അടിച്ചുവീഴ്ത്തിയും കൊമ്പില്‍ കോര്‍ത്തും ചവിട്ടിഅരച്ചും കൊന്ന്‌ കൊലവിളിക്കുകയും ചെയ്യും.

വസ്തുതകള്‍ ഇതായിരിക്കെ യഥാര്‍ത്ഥത്തില്‍ ചങ്ങലയ്ക്കിടേണ്ടത്‌ ആനകളെയല്ല മറിച്ച്‌ ഈ സാധുമൃഗത്തെ ക്രൂരമായി പീഡിപ്പിച്ച്‌ ലാഭം കൊയ്യുന്ന മനുഷ്യരെയാണ്‌.

0 comments :