Wednesday, April 2, 2008

ഭ...!

പച്ചത്തെറി പറഞ്ഞാല്‍ മാത്രം പ്രസാദിക്കുകയും കോപമടക്കുകയും ചെയ്യുന്ന ദൈവങ്ങള്‍ വരെ ഭാരതീയനുണ്ട്‌. അതിലൊന്നാണ്‌ കൊടുങ്ങല്ലൂരില്‍ കുടികൊള്ളുന്ന കുരുംബ ദേവി. ദാരികാസുരനെ വധിച്ചിട്ടും കോപം അടങ്ങാതെ കലിതുള്ളി നിന്ന ദേവിയെ പൂരപ്പാട്ടു പാടിയാണ്‌ ശാന്തയാക്കിയതെന്ന്‌ ഐതിഹ്യം.

അത്തരത്തില്‍ പൂരപ്പാട്ട്‌ പാടി ചില മന്ത്രിമാരെയും നേതാക്കളെയും വഴിക്കു വരുത്തേണ്ട അവസ്ഥയിലാണ്‌ മലയാളികള്‍ ഇപ്പോള്‍. ഇതില്‍ കേന്ദ്ര മന്ത്രിമാരുണ്ട്‌, സംസ്ഥാന മന്ത്രിമാരുണ്ട്‌, കേന്ദ്രത്തിലും കേരളത്തിലും വിവിധ രാഷ്ട്രീയ നേതാക്കളുണ്ട്‌, സംഘടനാ പ്രതിനിധികളുണ്ട്‌.

ഫെഡറല്‍ ഭരണ സംവിധാനമാണ്‌ ഭാരതത്തിലുള്ളതെങ്കിലും ബജറ്റ്‌ വിഭജനം മുതലുള്ള കാര്യങ്ങളില്‍ എന്നും കേരളത്തോട്‌ ചിറ്റമ്മനയം പുലര്‍ത്തുന്ന സര്‍ക്കാരുകള്‍ മാത്രമേ കേന്ദ്രം ഭരിച്ചിട്ടുള്ളു. കേരളത്തില്‍ നിന്ന്‌ എംപിമാരുടെ പിന്തുണ ലഭിച്ചാലും ഇല്ലെങ്കിലും അങ്ങ്‌ ന്യൂദല്‍ഹിയിലിരിക്കുന്ന തമ്പുരാക്കന്മാരുടെ നിലപാട്‌ ഇതുതന്നെയായിരുന്നു. ഇന്ന്‌ മന്‍മോഹനെയും സോണിയയേയും താങ്ങി നിര്‍ത്താന്‍ കേരളത്തിലെ നാണംകെട്ട ഇടതുപക്ഷ എംപിമാര്‍ സന്നദ്ധരായി നില്‍ക്കുമ്പോഴാണ്‌ കിട്ടുന്ന അവസരങ്ങളിലെല്ലാം കേരളത്തേയും മലയാളികളേയും ഉളുപ്പില്ലാതെ വഞ്ചിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഡംഭ്‌ കാട്ടുന്നത്‌.

കാലം തെറ്റി പെയ്ത മീനമഴ വരുത്തിയ കാലക്കേടുകള്‍ വിശദീകരിക്കേണ്ടതില്ല. 2000 കോടിയിലധികം രൂപയുടെ നഷ്ടമാണ്‌ ഇതുമൂലം കേരളത്തിലുണ്ടായതെന്നാണ്‌ ഇപ്പോള്‍ ധനമന്ത്രി പറയുന്നത്‌. വൃഷ്ടിക്ഷോഭം അസഹ്യമായിരുന്ന നാളുകളില്‍തന്നെ ഇവിടെ നിന്ന്‌ മൂന്നു വ്യത്യസ്ത സംഘങ്ങളാണ്‌ വിവരമറിയിക്കാന്‍ ഡല്‍ഹിയിലേക്ക്‌ പറന്നത്‌. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു സംഘം, കെ.മുരളീധരനൊപ്പം മറ്റൊരു സംഘം, മന്ത്രി കെ.പി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഔദ്യോഗിക സംഘം. ഈ മൂന്നു കൂട്ടരും കാത്തുകെട്ടിക്കിടന്ന്‌ ഭിക്ഷ യാചിച്ചിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയോ ധനമന്ത്രിയുടെയോ കൃഷിമന്ത്രിയുടെയോ മനസ്‌ അലിഞ്ഞില്ല. ചടങ്ങുപോലെ അവരില്‍ ചിലര്‍ ഇവരില്‍ ചിലരെ കണ്ട്‌ എന്തൊക്കെയോ വാഗ്ദാനങ്ങള്‍ നല്‍കിയെന്നാണ്‌ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത.

കേരളത്തിന്റെ നഷ്ടം കണക്കാക്കാന്‍ കേന്ദ്ര സംഘം ഉടന്‍ എത്തുമെന്ന്‌ ഡല്‍ഹിയില്‍ നിന്ന്‌ തിരിച്ചെത്തിയ പുംഗവന്മാരെല്ലാം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഏപ്രില്‍ രണ്ടായിട്ടും അവരില്‍ ഒരുത്തന്‍പോലും കേരളത്തില്‍ എത്തിയിട്ടില്ല. നാലാം തീയതിക്കുശേഷം ആരൊക്കെയോ സ്ഥിതിവിവര കണക്കെടുക്കാന്‍ കേരളത്തിലെത്തുമെന്നാണ്‌ ഒടുവില്‍ കിട്ടിയ വാര്‍ത്ത. മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പാര്‍ട്ടി സമ്മേളനവുമായി ബന്ധപ്പെട്ട്‌ ഹൈദരാബാദില്‍ ആയതുകൊണ്ടാണ്‌ കേന്ദ്രസംഘം എത്താന്‍ വൈകുന്നതെന്നാണ്‌ ഉമ്മന്‍ചാണ്ടിയുടെ ആരോപണം. അപ്പോള്‍ ചോദ്യം മറ്റൊന്നാണ്‌. ഉമ്മന്‍ചാണ്ടിയുടെ പാര്‍ട്ടിക്കാരല്ലേ കേന്ദ്രം ഭരിക്കുന്നത്‌? ഉമ്മന്‍ചാണ്ടിയും ഈ കേന്ദ്രന്മാരെ പോയിക്കണ്ട്‌ ഭിക്ഷ യാചിച്ചതല്ലേ? എന്നിടെന്തുണ്ടായി? അതുകൊണ്ട്‌ മടവീണ പ്രതീക്ഷകളുടെ പാടങ്ങളില്‍ രാഷ്ട്രീയകൃഷി ഇറക്കാനുള്ള നീക്കം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ വച്ചാല്‍മതി.

വര്‍ഷകാലക്കെടുതി വിലയിരുത്താന്‍ കടുത്ത വേനല്‍ ദിനങ്ങളിലും വേനല്‍ക്കാല നഷ്ടങ്ങള്‍ കണക്കാക്കാന്‍ മഴക്കാലത്തുമാണ്‌ കേന്ദ്രത്തില്‍നിന്ന്‌ നിരീക്ഷകന്മാരെത്തുക. എന്നിട്ട്‌ അവരുടെ മാനദണ്ഡമനുസരിച്ചാണ്‌ നഷ്ടത്തുക വിലയിരുത്തുന്നത്‌. ആ കലാപരിപാടിയാണ്‌ നാലാം തീയതിക്കുശേഷം ആവര്‍ത്തിക്കാന്‍ പോകുന്നത്‌.

ഈ ദുരിത പെയ്ത്തിനിടയിലാണ്‌ പാമോയില്‍ അടക്കമുള്ള ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കുറച്ചും ബസുമതി ഒഴിച്ചുള്ള അരിയുടെ കയറ്റുമതി നിരോധിച്ചും കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഇരുട്ടടി ഉണ്ടായത്‌. പാമോയില്‍, സണ്‍ഫ്ലവര്‍ എണ്ണ, കടല എണ്ണ, സോയാബീന്‍ എണ്ണ, വെളിച്ചെണ്ണ തുടങ്ങി എല്ലാത്തരം അസംസ്കൃത ഭക്ഷ്യ എണ്ണകളും തീരുവയില്ലാതെ ഇറക്കുമതി ചെയ്യാനാണ്‌ പവാറിന്റെ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്‌. ഇത്‌ മണ്ഡരി ബാധിച്ച കേരളത്തിലെ നാളികേര കര്‍ഷക പ്രതീക്ഷകളെ മുച്ചൂടും നശിപ്പിക്കുന്ന നടപടിയാണെന്ന്‌ കണ്ടെത്താന്‍ പാഴൂര്‍പടിവരെ പോകേണ്ട കാര്യമൊന്നുമില്ല.

അതുപോലെ തന്നെ അരിവില വര്‍ധന പിടിച്ചു നിര്‍ത്താനെന്ന പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കയറ്റുമതി നിയന്ത്രണവും കേരളത്തേയും ലോകമെമ്പാടുമുള്ള മലയാളികളേയും ബോധപൂര്‍വം ദ്രോഹിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടിയാണ്‌. പ്രത്യക്ഷ ശ്രവണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി സാധൂകരണം അര്‍ഹിക്കുന്നുണ്ടെങ്കിലും വിശകലനത്തില്‍ വന്‍ തിരിച്ചടിയുടെ വാളുകള്‍ തിരുകിയ നടപടികളാണ്‌ ഇതെന്ന്‌ വ്യക്തമാകും.

മട്ട, പൊന്നി തുടങ്ങിയുള്ള അരിയാണ്‌ വിദേശ മലയാളികളില്‍ ഭൂരിപക്ഷവും ഉപയോഗിക്കുന്നത്‌. പുതിയ നിയമം മൂലം വിദേശികളായ മലയാളികള്‍ക്ക്‌ ഇനി നാടന്‍ അരിയുടെ ചോറുണ്ണാനുള്ള സ്വാതന്ത്ര്യമാണ്‌ നിഷേധിക്കപ്പെടുന്നത്‌. ഒപ്പം ഇത്തരം അരി കയറ്റുമതി ചെയ്ത്‌ വിദേശനാണ്യം നേടിയിരുന്ന സംഘങ്ങളെ തളര്‍ത്താനും അവസരമൊരുങ്ങിയിരിക്കുകയാണ്‌. ആന്ധ്രയിലേയും തമിഴ്‌നാട്ടിലേയും അരി ലോബിക്കു വേണ്ടിയാണ്‌ കേന്ദ്രം ഈ പുതിയ തീരുമാനമെടുത്തതെന്ന കാര്യത്തില്‍ സംശയമില്ല.

140 എംഎല്‍എമാരും 20 ലോക്സഭാംഗങ്ങളും 6 രാജ്യസഭാംഗങ്ങളും മുഖ്യമന്ത്രി അടക്കം 20 മന്ത്രിമാരും കേരളത്തിനുണ്ട്‌. കേന്ദ്രത്തിന്റെ കേരള വിരുദ്ധ നയങ്ങളെ ചെറുക്കാന്‍ ഇവര്‍ക്ക്‌ എന്തുകൊണ്ട്‌ ഒന്നിച്ച്‌ ഒരു പ്രക്ഷോഭത്തിനൊരുങ്ങിക്കൂടാ. കാവേരി പ്രശ്നത്തില്‍ അന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരുന്ന ജയലളിത നടത്തിയ നിരാഹാര സത്യഗ്രഹം എന്തുകൊണ്ട്‌ ഇവര്‍ക്ക്‌ മാതൃകയാക്കിക്കൂടാ. പക്ഷെ പ്രസ്താവനകളിലൂടെ നമ്മളെ വഞ്ചിക്കാനല്ലാതെ കേരളത്തിനുവേണ്ടി ശബ്ദമുയര്‍ത്താനുള്ള ആര്‍ജവം ഇവരില്‍ ആരും കാണിക്കുകയില്ല.

അതുകൊണ്ട്‌ അടുത്തതവണയെങ്കിലും ഇവര്‍ വോട്ടുചോദിച്ചെന്തുമ്പോള്‍ 'ഭ' എന്ന്‌ ആട്ടാനുള്ള നട്ടെല്ലെങ്കിലും നമ്മള്‍ കാട്ടേണ്ടതല്ലേ!

0 comments :