രാജ്യഭരണം ബുഷിനു നല്‍കുമാറാകണം!
കേന്ദ്ര ആസൂത്രണ കമ്മീഷന്‍ എന്നൊരു സംഗതിയുണ്ടീ രാജ്യത്ത്. ആ കമ്മീഷനാണ് എന്തൊക്കെ ആസൂത്രണം ചെയ്തു നടപ്പാക്കിയാല്‍ നടപ്പാക്കുന്ന ചേട്ടന്മാര്‍ക്ക് എത്രയൊക്കെ കമ്മീഷന്‍ കിട്ടുമെന്ന് കണ്ടുപിടിക്കുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന് ഈ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകള്‍ അറിഞ്ഞാല്‍ നമ്മുടെ രാജ്യത്തെ മൊത്തമായും ചില്ലറയായും വിറ്റ് കമ്മീഷനടിക്കാന്‍ തന്നെയാണ് ഇവന്മാരുടെ പുറപ്പാടെന്ന് കേരളത്തിലെ ആസ്ഥാന ആ...സൂത്രക്കാരനായ ഡോ. ഐസക്കിനുവരെ മനസിലാവും!
ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൊത്തമായും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും തുറന്നു കൊടുക്കണം എന്നതാണ് പ്രധാന ശുപാര്‍ശകളിലൊന്ന്.
നരസിംഹറാവു പ്രധാനമന്ത്രിയായ കാലം മുതല്‍ സൂത്രക്കാരായ ആസൂത്രണക്കാര്‍ തലയിണമന്ത്രം പോലെ ഉപദേശിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാകാര്യമാണിത്.
ഒരു പരിധി വരെ സ്വകാര്യ കച്ചവടക്കാര്‍ കേരളത്തിലും ആരോഗ്യ-വിദ്യാഭ്യാസ കച്ചവടം നടത്തി വരുന്നുമുണ്ട്. എന്നാലും പോര. നിലവിലുള്ള കൊച്ചു പിച്ചാത്തിയൊന്നും പോര. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സംരംഭകര്‍ക്ക് പൂര്‍ണമായും പ്രവേശനം നല്‍കണം. ഫീസ് നിര്‍ണയം പൂര്‍ണമായും അവര്‍ക്കു തന്നെ വിട്ടുകൊടുക്കണം; പുതിയ ശുപാര്‍ശ നിര്‍ബന്ധം പിടിക്കുന്നു. യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് കടുക്കാവെള്ളം കൊടുക്കണമെന്നും ശുപാര്‍ശയില്‍ പറയാതെ പറഞ്ഞിട്ടുണ്ട്.
പൊതുമേഖലാ ബാങ്കുകളില്‍ 70 ശതമാനത്തില്‍ നിന്നും സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 33 ശതമാനമായി കുറയ്ക്കണം. പോളച്ചന്‍ മണിയന്‍കോടന്റെ കാറുവരെ തട്ടിക്കൊണ്ടുപോകാന്‍ വേണ്ട താന്തോന്നികളായ ന്യൂ ജനറേഷന്‍ ബാങ്കുകള്‍ക്കായാണ് ആസൂത്രണ കമ്മീഷന്റെ മുറവിളി!
പോളച്ചന്റെ കാറിന്റെ ഗതിയിതാണെങ്കില്‍ നമ്മുടെ സൈക്കിളിന്റെ ഗതിയെന്താവും? എന്നൊരു പേടി എന്തുകൊണ്ടും നല്ലതാണ്!
ഇന്‍ഷുറന്‍സ് രംഗത്ത് വിദേശ നിക്ഷേപം വര്‍ധിപ്പിക്കുക, ക്ഷേമ പെന്‍ഷന്‍ നിര്‍ത്തുക, മറ്റു രാജ്യങ്ങളിലൊന്നും നിയന്ത്രണം ഇല്ലാത്തതിനാല്‍ ടൂറിസം ഹോട്ടലുകള്‍ക്ക് ഇന്ത്യന്‍ തീരത്തും നിയന്ത്രണം ഒഴിവാക്കുക.
ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കൃഷിഭൂമിയും തരംമാറ്റാന്‍ അനുവദിക്കുക, എട്ടുമണിക്കൂര്‍ ജോലി, ആഴ്ചയിലൊരവധി ഒക്കെ മുതലാളിമാര്‍ക്ക് തീരുമാനിക്കാന്‍ വിടുക തുടങ്ങി കമ്മീഷന്റെ നിര്‍ദേശങ്ങളുമായി ഗതിവേഗം കണ്ടാല്‍ വല്യ താമസമില്ലാതെ അമേരിക്കന്‍ പ്രസിഡന്റിനെ തന്നെ ഇന്ത്യ ഭരിക്കാന്‍ ഏല്‍പ്പിച്ചുകൊടുക്കുക എന്നൊരു നിര്‍ദേശം കൂടി വച്ചുകളയുമോ എന്ന ആശങ്കതോന്നാം!
അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ മന്‍മോഹന്‍സിംഹമേ ഏത് പാതാളക്കുഴിയിലേക്കാണ് നീ ഞങ്ങളെ നയിച്ചുകൊണ്ടിരിക്കുന്നത്?
പരിശുദ്ധ സോണിയാ മാതാവേ, എ.കെ. അന്തോണിസേ, വയലാര്‍ രവിയച്ചാ നിങ്ങളൊക്കെ അറിഞ്ഞുകൊണ്ടുതന്നെയോ ഈ ചതി!
0 comments :
Post a Comment