Wednesday, April 9, 2008

അധിക്ഷേപത്തിന്‌ തിരിച്ചടി; ജഗതി ശ്രീകുമാര്‍ അവാര്‍ഡ്‌ നിരസിക്കും

ടൈറ്റസ്‌ കെ. വിളയില്‍
കൊച്ചി: സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ്‌ പരിഗണനയില്‍നിന്ന്‌ മാറ്റിനിര്‍ത്തിയതിനോടും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ 'ആഴ്ചയില്‍ ഒരു ദിവസം മുണ്ട്‌' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ അധിക്ഷേപിച്ചതിനോടുമുള്ള പ്രതികാരമെന്ന നിലയ്ക്ക്‌ ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ്‌ ജഗതിശ്രീകുമാര്‍ നിരസിക്കുമെന്ന്‌ സൂചന.

അവാര്‍ഡ്‌ പ്രഖ്യാപനത്തിനുശേഷം, ഇന്നലെ ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോടുള്ള പ്രതികരണത്തില്‍ ജഗതിശ്രീകുമാര്‍ ഉപയോഗിച്ച പദങ്ങളും വികാരപ്രകടനങ്ങളും വ്യക്തമാക്കുന്നത്‌ ഇതാണ്‌.

വിതുര പെണ്‍വാണിഭകേസിലെ പ്രതിപ്പട്ടികയില്‍ ജഗതിശ്രീകുമാറിന്റെ പേരുമുണ്ടായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍, കേസ്‌ വിചാരണ നടത്തിയ കോട്ടയത്തെ പ്രത്യേക കോടതി ജഗതിശ്രീകുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധി വരുന്നതിനുമുന്‍പായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സിനിമാ അവാര്‍ഡ്‌ നിര്‍ണയവും ആഴ്ചയില്‍ ഒരു ദിവസം മുണ്ട്‌ പരിപാടിയുടെ ഉദ്ഘാടനവും.

ഈ രണ്ട്‌ സംഭവങ്ങളിലും തനിക്കുണ്ടായ മാനസികപ്രയാസം വളരെ വലുതായിരുന്നെന്നും അത്‌ കേള്‍വിക്കാര്‍ക്ക്‌ മനസിലാകില്ലെന്നും അന്നുണ്ടായ മുറിവ്‌ മനസില്‍ നിന്ന്‌ മാഞ്ഞിട്ടില്ലെന്നുമാണ്‌ ജഗതിശ്രീകുമാര്‍ വ്യക്തമാക്കിയത്‌.

അവാര്‍ഡിനര്‍ഹനായതില്‍ സന്തോഷമുണ്ടെന്ന്‌ സമ്മതിച്ച ജഗതി പക്ഷെ ഈ അംഗീകാരം വളരെ വൈകിയാണ്‌ തന്നെ തേടിയെത്തിയതെന്ന്‌ ഖേദം നിറഞ്ഞ വാക്കുകളില്‍ വ്യക്തമാക്കി. ജഗതിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: "കഴിഞ്ഞ 30 ദശാബ്ദം! (വര്‍ഷം എന്നാണ്‌ ഉദ്ദേശിച്ചത്‌) ആയി ഞാന്‍ ഈ ഫീല്‍ഡിലുണ്ട്‌. ഇതുവരെ അംഗീകാരമോ പ്രോത്സാഹനമോ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ലഭിച്ചിട്ടില്ല. രോഗിക്ക്‌ മരുന്ന്‌ ആവശ്യമുള്ളപ്പോഴാണ്‌ നല്‍കേണ്ടത്‌."

കഴിഞ്ഞ വര്‍ഷം അവാര്‍ഡ്‌ ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നതായി ജഗതി വെളിപ്പെടുത്തി. എന്നാല്‍ അന്നത്‌ സംഭവിച്ചില്ല. ജഗതി ചോദിച്ചതിങ്ങനെ "അന്ന്‌ എന്നെ അവഗണിച്ചതിന്റെ കാരണമറിയാമോ. വൈ ഐ ഹാവ്‌ നോട്ട്‌ കണ്‍സിഡേര്‍ഡ്‌ എന്നതിന്‌ അവരുപറഞ്ഞ ന്യായീകരണം വേദന ഉളവാക്കുന്നതായിരുന്നു. ഞാനതൊന്നും മറന്നിട്ടില്ല. മറക്കുകയുമില്ല".

ജഗതിയുടെ സ്വഭാവദൂഷ്യം മൂലമാണ്‌ കഴിഞ്ഞ വര്‍ഷം അവാര്‍ഡ്‌ പരിഗണനയില്‍ നിന്ന്‌ മാറ്റിനിര്‍ത്തിയതെന്ന്‌ വാര്‍ത്തയുണ്ടായിരുന്നു. ഒരു കലാകാരന്റെ പ്രകടനത്തെ സ്വകാര്യ ജീവിത അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത്‌ യുക്തിഭദ്രമോ എന്ന ചോദ്യം അന്ന്‌ വ്യാപകമായിരുന്നു. അതു സംബന്ധിച്ച്‌ വിവാദവും വളരെയായിരുന്നു.

"അനുഭവങ്ങളില്‍നിന്ന്‌ പാഠം പഠിക്കുന്നവനാണ്‌ ഞാന്‍. ഇനി ഈ അവാര്‍ഡ്‌ തന്നില്ലെങ്കിലോ? അതാണല്ലോ അനുഭവം. അതുകൊണ്ട്‌ വരട്ടെ. ഔപചാരികമായി അവാര്‍ഡ്‌ വിവരം അറിയിക്കട്ടെ. അതിന്റെ ക്ഷണനം വരാനുണ്ട്‌. അതുവരട്ടെ. അപ്പോള്‍ തീരുമാനിക്കാം." ഒരു ചോദ്യത്തിനുത്തരമായി ജഗതി പറഞ്ഞു.

ഈ പശ്ചാത്തലത്തില്‍ അങ്ങ്‌ അവാര്‍ഡ്‌ സ്വീകരിക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കിടയിലുണ്ട്‌ എന്ന വാര്‍ത്താ അവതാരകന്റെ ചോദ്യത്തിന്‌ ക്ഷുഭിതനായാണ്‌ ജഗതി പ്രതികരിച്ചത്‌. "എന്റെ തീരുമാനം വരുമ്പോള്‍ അത്‌ പരസ്യമാകും. അപ്പോള്‍ സാറും വിവരമറിയും. പിന്നെ ഈ അവാര്‍ഡ്‌ തന്നതില്‍ സന്തോഷമുണ്ടെങ്കിലും ആരെയും അനാവശ്യമായി പുകഴ്ത്താന്‍ ഞാന്‍ തയ്യാറല്ല. പറയേണ്ടത്‌ പറയേണ്ട സമയത്ത്‌ പറയും. എനിക്ക്‌ തിരക്കുണ്ട്‌ ഷൂട്ടിംഗിന്‌ പോകണം". എന്നു പറഞ്ഞ്‌ ജഗതി അഭിമുഖം അവസാനിപ്പിക്കുകയായിരുന്നു. ഈ പ്രതികരണങ്ങളില്‍നിന്ന്‌ വ്യക്തമാകുന്നത്‌ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ്‌ നിര്‍ണയകമ്മറ്റിയോടും പൊതുവേദിയില്‍വച്ച്‌ അപമാനിതനാക്കിയ മുഖ്യമന്ത്രി അച്യുതാനന്ദനോടുമുള്ള പക ജഗതിശ്രീകുമാറില്‍ ഇപ്പോഴും ആളിക്കത്തുന്നുണ്ട്‌. അതുകൊണ്ടുതന്നെ അവാര്‍ഡ്‌ ദാന ചടങ്ങില്‍വച്ച്‌ പരസ്യമായി അവാര്‍ഡ്‌ നിരസിക്കാനുള്ള സാധ്യതയാണ്‌ ഏറെയുള്ളത്‌.
 

1 comments :

  1. Spark said...

    അവാര്‍ഡിന്‌ അര്‍ഹരല്ലാത്തവരാണോ മറ്റെല്ലാ നടന്മാരും? ജഗതിക്ക് മാത്രമല്ലല്ലോ അങ്ങനെയൊക്കെ തോന്നാനിടയുള്ളത്‌ ? ഇതു തന്നെ നെടുമുടിക്ക് തോന്നിക്കൂടേ? തിലകനും ജഗദീഷിനും തോന്നാമല്ലോ?

    പല സം‌വിധായകര്‍ക്കും പരാതി ഉണ്ട്.
    ലോകമുള്ള കാലത്തോളം ഇതൊക്കെ ഇങ്ങനെ തന്നെ ആയിരിക്കും.