Tuesday, April 1, 2008

കൊയ്ത്തുകാരെ തേടി നെട്ടോട്ടം ഏക്കറിന്‌ കൂലി 6,000

ആശാലത
തൃശ്ശൂര്‍: മീനമഴയുടെ തിമിര്‍പ്പ്‌ തീര്‍ന്നു; വെള്ളം ഇറങ്ങി. അവശേഷിക്കുന്ന നെല്ലിന്റെ കൊയ്ത്താരംഭിച്ചു.. പക്ഷെ ആവശ്യത്തിന്‌ കൊയ്ത്ത്‌ തൊഴിലാളികളേയും യന്ത്രങ്ങളും ഇല്ലാത്തത്്‌ കൃഷിക്കാരെ വലയ്ക്കുന്നു.പ്രതിസന്ധി രൂക്ഷമായതോടെ കൊയ്ത്തുകൂലി കുത്തനെ ഉയര്‍ന്നു.തമിഴ്‌നാട്ടില്‍നിന്നും പാലക്കാട്ടുനിന്നും തൊഴിലാളികളെ ഇറക്കിയാണ്‌ കുറേ സ്ഥലങ്ങളില്‍ കൊയ്ത്ത്‌ തുടരുന്നത്‌.

ദിവസം 300-350 രൂപയാണ്‌ കൊയ്ത്തുകൂലി. ഒരു ഏക്കര്‍ കൊയ്യാന്‍ കരാറടിസ്ഥാനത്തില്‍ എടുക്കുന്ന തൊഴിലാളി കൂട്ടായ്മകളുമുണ്ട്‌. ഒരു ഏക്കര്‍ കൊയ്യാന്‍ ഇവര്‍ 6000 രൂപയാണ്‌ ഈടാക്കുന്നത്‌.

വീണുപോയ നെല്ല്‌ യന്ത്രം ഉപയോഗിച്ച്‌ കൊയ്യാന്‍ പറ്റാത്തതിനാല്‍ കൃഷിക്കാര്‍ക്ക്‌ കൊയ്ത്തുകാരെ തന്നെ ആശ്രയിക്കേണ്ടിവരുന്നു.

മണ്‍സൂണ്‍ മഴ നീണ്ടുനിന്നതിനാല്‍ പാലക്കാട്‌, ആലപ്പുഴ ജില്ലകളില്‍ കൃഷിയിറക്കല്‍ വൈകിയിരുന്നു. അതുകൊണ്ട്‌ തൃശ്ശൂരിലെ കോള്‍കൃഷിയുടെ കൊയ്ത്തു സമയത്ത്‌ തന്നെയായി അവിടെയും കൊയ്ത്ത്‌. യന്ത്രങ്ങള്‍ക്ക്‌ ക്ഷാമം വരാന്‍ ഇത്‌ കാരണമാക്കി. നൂറു യന്ത്രങ്ങളെങ്കിലും വേണ്ടിടത്ത്‌ ജില്ലയില്‍ നിലവിലുള്ളത്‌ 20 എണ്ണം മാത്രം.

മണ്‍സൂണ്‍ മഴയുടെ വെള്ളക്കെട്ട്‌ നീണ്ടുനി ന്നതാണ്‌ തൃശ്ശൂരിലും കൃഷിയിറക്കല്‍ വൈകിയത്‌. പതിവുള്ള സോണല്‍ സമ്പ്രദായവും ഇതുമൂലം പാലിക്കാനായില്ല. ആകയുള്ള 30,000 ഏക്കറില്‍ പതിനായിരം ഏക്കര്‍ വീതം മൂന്ന്‌ സോണുകളായി തിരിച്ച്‌ സമയവ്യത്യാസം പാലിച്ച്‌ കൃഷിയിറക്കലാണ്‌ മുമ്പ്‌ നടന്നിരുന്നത്‌. അങ്ങനെ ചെയ്താല്‍ എല്ലാവര്‍ക്കും ആവശ്യത്തിന്‌ കൊയ്ത്തുകാരെയും യന്ത്രങ്ങളും കിട്ടുമായിരുന്നു.

ആവശ്യത്തിന്‌ യന്ത്രം ലഭ്യമാക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നാണ്‌ ജില്ലാ കളക്ടര്‍ കോള്‍ കര്‍ഷക സംഘം ഭാരവാഹികളെ അറിയിച്ചത്‌. അതു നടന്നില്ലെങ്കില്‍ കാര്യങ്ങള്‍ ഏറെ ബുദ്ധിമുട്ടിലാകുമെന്ന്‌ കൃഷിക്കാര്‍ പറയുന്നു.

0 comments :