Wednesday, April 16, 2008

ചന്താ മേം പട്ടീ ഗയാ തൊ?

പട്ടി ചന്തയ്ക്കുപോയാല്‍ എന്തുപറ്റും? കേരളത്തീന്നു ഡല്‍ഹിയില്‍ പോയ സര്‍വകക്ഷി തെണ്ടല്‍ സംഘത്തിനു പേറ്റെത്‌ തന്നെ പറ്റും!

പണ്ടൊരിക്കല്‍ ഓരോന്നു ചിന്തിച്ചു പിടിവിട്ടുപോയ ഒരു ദുര്‍ബല നിമിഷത്തില്‍ ബാലകൃഷ്ണപിള്ള 'പഞ്ചാബ്‌ മോഡല്‍' പ്രസംഗം നടത്തിയപ്പോള്‍ എന്തായിരുന്നു പുകില്‌? കേരളീയരെ പ്രകോപിപ്പിച്ച്‌ പ്രകോപിപ്പിച്ച്‌ വിഘടനവാദികളാക്കിയേ അടങ്ങൂ എന്നുണ്ടോ മന്‍മോഹന്‍ സിംഹം എന്ന രാജാവ്‌?

തമിഴ്‌നാട്ടീന്ന്‌ ഒരു വില്ലേജ്‌ ആഫീസറെ ഡല്‍ഹീലോട്ടുവിട്ടാല്‍ മതി, പറയണ കാര്യങ്ങള്‍ മുഴുവന്‍ നടത്തിക്കിട്ടാന്‍. വല്യ പുലികളാണെന്നു നടിക്കുന്ന കേരളത്തിലെ മുഖ്യനും മന്ത്രിമാരും, ഉമ്മനും കുഞ്ഞാലിയുമൊക്കെക്കൂടി പോയിട്ട്‌ എന്തുകിട്ടി. വണ്ടിക്കൂലി നഷ്ടം!

ഇതില്‍ നിന്ന്‌ നാം എന്തു പഠിക്കണം? ആതങ്കവാദമല്ലാതെ മാനം മര്യാദയ്ക്ക്‌ ചോദിച്ചാലൊന്നും കേരളത്തിനൊരു ചുക്കും കിട്ടാന്‍ പോണില്ല എന്നു തന്നെയല്ലേ പഠിക്കേണ്ടത്‌?

ഇന്ത്യാ മഹാരാജ്യത്തെ അടക്കി ഭരിച്ച്‌ ചൂഷണം ചെയ്തുകൊണ്ടിരുന്ന ഗ്രേറ്റ്‌ ബ്രിട്ടനെ കെട്ടു കെട്ടിക്കാന്‍ മഹാത്മാഗാന്ധി പ്രയോഗിച്ചൊരു സൂത്രം ഓര്‍ത്തിരിക്കുന്നതു നല്ലതാണ്‌. നിസ്സഹകരണ പ്രസ്ഥാനം എന്നായിരുന്നു ആ സൂത്രത്തിന്റെ പേര്‌. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ കാറ്റില്‍ പറത്തി, കേരളത്തോട്‌ ഇത്തരത്തില്‍ നിസ്സഹകരണം തുടരാനാണ്‌ കേന്ദ്രം ഭരിക്കുന്ന സിംഹങ്ങളുടെ പരിപാടിയെന്നു വ്യക്തം. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന ലോക തത്വത്തിന്റെ പിന്‍ബലത്തില്‍, കേരളത്തോട്‌ സഹകരിക്കാത്തവരോട്‌ കേരളവും സഹകരിക്കില്ലെന്നൊരു ഗാന്ധിയന്‍ നിലപാടിലേക്ക്‌ നാം മാറരുതോ?

പത്തിരുപതു മഹാനുഭാവര്‍ ഡല്‍ഹീ ഡര്‍ബാറില്‍ പോയി നിരന്നിരിപ്പുണ്ടെങ്കിലും ലവന്മാര്‍ക്കും ലവളുമാര്‍ക്കും ലവിടെ യാതൊരു റോളുമില്ലെന്നു തന്നെയാണ്‌ അനുദിനം തെളിയിക്കപ്പെടുന്നത്‌.

ഒന്നും രണ്ടുമല്ല; മൂന്നു പേരുണ്ട്‌ കേന്ദ്രത്തില്‍ കേരളത്തിന്റെ പ്രതിനിധികളായി മന്ത്രിസത്തമന്മാര്‍. സത്യത്തില്‍ ഇവന്മാരെക്കൊണ്ട്‌ നമുക്കെന്തു പ്രയോജനമെന്ന്‌ ചിന്തിച്ചാല്‍ ഉത്തരമൊന്നുമില്ല!

ഒ. രാജഗോപാല്‍ എന്ന ബിജെപി നേതാവ്‌ കേന്ദ്രമന്ത്രിയായിരുന്നത്‌ അത്ര വിദൂരകാലത്തല്ല. രാജഗോപാല്‍ കേരളത്തിനുവേണ്ടി ഉയര്‍ത്തിയ ആവശ്യങ്ങള്‍ ബിജെപിയെ തുണയ്ക്കാത്ത ഒരു സംസ്ഥാനമായിട്ടുകൂടി അന്നത്തെ ബിജെപി സര്‍ക്കാര്‍ അവഗണിച്ചില്ല.

കോണ്‍ഗ്രസ്‌ ഇങ്ങനെ തുടങ്ങിയാല്‍ കേരളത്തില്‍ ജനങ്ങള്‍ ബിജെപിക്ക്‌ ഒരവസരം കൊടുത്തുനോക്കാനിടയുണ്ട്‌. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട!

0 comments :