Friday, April 25, 2008

പവാര്‍ പറഞ്ഞതാണ്‌ ശരി

ഭക്ഷ്യധാന്യം വെട്ടിക്കുറയ്ക്കുകയും കേരള ജനതയെ അധിക്ഷേപിക്കുകയും ചെയ്ത കേന്ദ്ര മന്ത്രി ശരത്‌ പവാറിന്റെ നടപടിക്കെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ ആഹ്വാനം ചെയ്യുമ്പോഴും;

പവാറിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും കേരളവിരുദ്ധ നയങ്ങള്‍ക്കും റേഷന്‍ വെട്ടിക്കുറച്ച നടപടിക്കും മീനമഴയില്‍ കെടുതിയനുഭവിച്ച കര്‍ഷകര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കുന്നതിലെ കാലതാമസത്തിനും ഒക്കെ എതിരായി കേരളത്തിലെ എംപിമാര്‍ ഇന്ന്‌ പാര്‍ലമെന്റിനുമുന്നില്‍ സമരം നടത്തുമ്പോഴും;

പവാര്‍ പറഞ്ഞത്‌ നൂറുശതമാനം ശരിയാണെന്ന പക്ഷക്കാരാണ്‌ ഞങ്ങള്‍!

കെടുതികളും നഷ്ടങ്ങളും ഉണ്ടാകുമ്പോള്‍ കേന്ദ്രത്തില്‍ സഹായത്തിനോടിയെത്തുകയും പ്രതീക്ഷിച്ചപോലെ ഒന്നും നടന്നില്ലെങ്കില്‍ പുലഭ്യം പറയുകയും ചെയ്യുന്ന സ്വഭാവമാണ്‌ കേരളത്തിലെ മാന്യന്മാരായ മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമുള്ളത്‌. ജനപക്ഷത്തുനിന്നും ചിന്തിക്കാനോ ജനകീയ ആവശ്യങ്ങള്‍ സാര്‍ത്ഥകമാക്കുന്ന രീതിയില്‍ ഭരിക്കാനോ സംസ്ഥാനത്തെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്ന നയങ്ങളും നടപടികളും രൂപീകരിക്കാനോ അവ സക്രിയമായി നടപ്പിലാക്കാനോ കെല്‍പ്പില്ലാത്ത കേവലം പ്രഭാഷണത്തൊഴിലാളികള്‍ മാത്രമാണ്‌ വിപ്ലവകാരികള്‍ അടക്കമുള്ള ഈ നേതാക്കള്‍.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും അരി ദൗര്‍ലഭ്യവും റേഷന്‍വിഹിതം വെട്ടിക്കുറച്ചതുമൊക്കെയാണ്‌ ഇപ്പോള്‍ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ കേന്ദ്രത്തിനെതിരെ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രത്തിലെ പ്രധാന വിഷയങ്ങള്‍. ഇവ കേരളത്തിലെ സാധാരണക്കാരടക്കമുള്ള എല്ലാവരുടെയും നിത്യജീവിതം ദുഷ്കരമാക്കിയിട്ടുണ്ടെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കും തര്‍ക്കമില്ല. എന്നാല്‍ ഈ ദൂഷിത വലയത്തില്‍ കേരളത്തെ കൊണ്ടെത്തിച്ചത്‌ കാലാകാലങ്ങളില്‍ ഭരണചക്രം തിരിച്ച യുഡിഎഫ്‌-എല്‍ഡിഎഫ്‌ മന്ത്രി സഭകളും അവരുടെ നേതാക്കന്മാരും അണികളും ഒക്കെത്തന്നെയാണ്‌.

അരിവിലയും നിത്യോപയോഗസാധനങ്ങളുടെ ദൗര്‍ലഭ്യവുമാണ്‌ ഇപ്പോള്‍ കേരളം നേരിടുന്ന ഏറ്റവും സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി കേരളം ഭരിച്ച്‌ മുടിച്ചവരും എന്‍ആര്‍കെ (നോണ്‍ റസിഡന്റ്‌ കേരളൈറ്റ്സ്‌)- വിഭാഗത്തില്‍ പെടുന്ന മലയാളികള്‍ സംസ്ഥാനത്തിന്‌ പുറത്തുനിന്നും ഗള്‍ഫ്‌രാജ്യങ്ങള്‍ അടക്കമുള്ള വിദേശങ്ങളില്‍നിന്നും അയച്ചുകൊടുത്ത പണത്തിന്റെ ഹുങ്കില്‍ അദ്ധ്വാനം മറന്ന്‌ ഉപഭോക്തൃസംസ്ഥാനമാക്കി കേരളത്തെ അധഃപതിപ്പിച്ച പൊതുജനങ്ങളും ഈ പ്രശ്നങ്ങളില്‍ തുല്യ ഉത്തരവാദികളാണ്‌.

നെല്ലടക്കമുള്ള ഭക്ഷ്യവിളകള്‍ ഉപേക്ഷിക്കുകയും താല്‍ക്കാലിക ലാഭത്തിന്റെ പ്രലോഭനങ്ങളില്‍ കുടുങ്ങി നാണ്യവിളകളിലേക്ക്‌ തിരിയുകയും ചെയ്തതാണ്‌ റേഷന്‍ അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ ഇല്ലായ്മ കേരളത്തില്‍ സൃഷ്ടിച്ചത്‌. ഒരു കണക്ക്‌ ശ്രദ്ധിക്കുക: 2001 ല്‍ 3.47 ലക്ഷം ഹെക്ടറിലായിരുന്നു നെല്‍കൃഷി. 2007 ല്‍ ഇത്‌ 2.64 ലക്ഷം ഹെക്ടറായി കുറഞ്ഞു. 2001 ല്‍ 7.51 ലക്ഷം ടണ്‍ ഉല്‍പ്പാദിപ്പിച്ചപ്പോള്‍ 2007 ആയപ്പോള്‍ അത്‌ 6.42 ലക്ഷം ടണ്ണായി ചുരുങ്ങി. സംസ്ഥാനത്തിനാവശ്യമായ ഭക്ഷ്യധാന്യത്തിന്റെ 15 ശതമാനം മാത്രമാണ്‌ ഇപ്പോള്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്നത്‌.

നെല്‍പ്പാടങ്ങള്‍ നികത്തി കോണ്‍ക്രീറ്റ്‌ മന്ദിരങ്ങള്‍ പണിഞ്ഞവരും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വിറ്റുതുലച്ചവരുമാണ്‌ കേരളീയര്‍. അപ്പോഴെല്ലാം ആന്ധ്രയും തമിഴ്‌നാടുമടക്കമുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നെല്ലും പച്ചക്കറിയും കൃഷിചെയ്ത്‌ വിളവ്‌ വര്‍ദ്ധിപ്പിച്ച്‌ ലാഭം കൊയ്യുകയായിരുന്നു. ഈ സംസ്ഥാനങ്ങളിലെ കര്‍ഷകരെ സഹായിക്കാനും അവര്‍ക്ക്‌ ലാഭകരമായ കൃഷിരീതികള്‍ പരിചയപ്പെടുത്താനും കൃഷിച്ചെലവ്‌ ഗണ്യമായി കുറയ്ക്കാനും ഉതകുന്ന നയങ്ങളും നടപടികളും അതാതുകാലത്തെ സര്‍ക്കാരുകള്‍ രാഷ്ട്രീയം മറന്ന്‌ നടപ്പിലാക്കുകയും ചെയ്തു.

കേരളത്തിലോ? ഖദര്‍ധാരികള്‍ ഭരിച്ചപ്പോള്‍ കൃഷിയിടങ്ങളും തണ്ണീര്‍ത്തടങ്ങളും ഭൂമിമാഫിയകള്‍ക്ക്‌ അടിയറവെച്ചും ടൂറിസത്തിന്റെ മറവില്‍ കൃഷിസ്ഥലം കൈയേറാനെത്തിയവര്‍ക്ക്‌ ഒത്താശചെയ്തും അതിന്റെ കമ്മീഷന്‍ പോക്കറ്റിലാക്കി പൊടിയുംതട്ടി ഭരണം ഒഴിഞ്ഞുപോയി. ഇടതുപക്ഷം അധികാരത്തിലേറിയപ്പോള്‍ കര്‍ഷകരോടുള്ള പ്രതിബദ്ധത പാടെ മറന്ന്‌ യുഡിഎഫിനെ ലജ്ജിപ്പിക്കുന്ന രീതിയില്‍ ഭൂമിമാഫിയയ്ക്ക്‌ ചൂട്ടുപിടിച്ച്‌ കര്‍ഷകന്റെ പ്രതീക്ഷകളെ കുട്ടിച്ചോറാക്കി; കേരളീയരെ പട്ടിണിയിലേക്ക്‌ തള്ളിയിട്ടു. കുട്ടനാട്ടിലെ കാര്യം മാത്രം ശ്രദ്ധിക്കുക. വിളഞ്ഞു പാകമായ നെല്ല്‌ കൊയ്തെടുക്കാന്‍ കര്‍ഷകരെ അനുവദിക്കാതെ തൊഴിലാളിവര്‍ഗ്ഗ ശാഠ്യം പുലര്‍ത്തുകയായിരുന്നു പുതിയകാല വിപ്ലവവായാടികള്‍. കായല്‍ കുത്തിയെടുത്ത്‌ നെല്ലുവിളയിച്ച സ്ഥലങ്ങള്‍ റിസോര്‍ട്ട്‌ മാഫിയകള്‍ക്ക്‌ ഇരുചെവിയറിയാതെ കൈമാറാനാണ്‌ അവര്‍ ഉത്സാഹിച്ചത്‌.

ഇത്തരം ഭരണക്കാരും രാഷ്ട്രീയ നേതൃത്വവും ഉള്ള നാട്ടില്‍ കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നതും പൊതുജനങ്ങള്‍ നിത്യോപയോഗസാധനങ്ങള്‍ ലഭിക്കാതെ പരക്കം പായുന്നതും സ്വാഭാവികം മാത്രമാണ്‌. ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാതെ കേന്ദ്രത്തെ ഭള്ള്‌ പറഞ്ഞ്‌ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നത്‌ മിതമായി പറഞ്ഞാല്‍ സാമദ്രോഹമാണ്‌. കേന്ദ്രത്തില്‍നിന്ന്‌ കൃഷിവികസനത്തിന്‌ വിവിധ പദ്ധതികളിലൂടെ ലഭിക്കുന്ന കോടികള്‍ അടിച്ചുമാറ്റാനും പാഴാക്കാനുമല്ലാതെ ഒരുമണി നെല്ലുല്‍പ്പാദിപ്പിക്കാന്‍ ഇവിടത്തെ കൃഷിവകുപ്പിനും കഴിഞ്ഞിട്ടില്ല. ഈ വഞ്ചകരുടെ മുഖത്തുനോക്കി പവാര്‍ പറഞ്ഞതാണ്‌ പൂര്‍ണ്ണമായും ശരി. അത്രയും പറഞ്ഞാല്‍മാത്രം പോരായിരുന്നു മുഖമടച്ച്‌ ആട്ടി പുറത്താക്കുകകൂടി ചെയ്യേണ്ടതായിരുന്നു.

എന്നാലും ഈ വഞ്ചകവര്‍ഗ്ഗങ്ങള്‍ ഒന്നും പഠിക്കാന്‍ പോകുന്നില്ല; കുരയ്ക്കാനല്ലാതെ.

1 comments :

  1. നരിക്കുന്നൻ said...

    നൂറ് ശതമാനം ഞാനും യോജിക്കുന്നു.
    കർഷക ആത്മഹത്യയും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ജനങ്ങൾ പൊറുതിമുട്ടുമ്പോൾ നമ്മുടെ നേതാക്കൾക്ക് ജീവന്റെ മതമേതന്ന് അന്വേഷിക്കാനാണ് താത്പര്യം.