Tuesday, April 1, 2008

വിഡ്ഢിപ്പരീക്ഷ നടത്തിയാലും യൂത്തന്മാര്‍ നന്നാവില്ല!

(ഒറ്റവാക്യത്തില്‍ ഉത്തരം പറയുക)
ചോദ്യം 1: രാഹുല്‍ ഗാന്ധിയുടെ ജന്മദിനം എന്നാണ്‌?
ചോദ്യം 2: സംഘടനയുടെ തലപ്പത്തുള്ള നേതാവിന്‌ തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോ?
ചോദ്യം 3: ജയിലില്‍ കിടന്നിട്ടുണ്ടോ?
ചോദ്യം 4: എത്ര തവണ?
ചോദ്യം 5: പോലീസിന്റെ തല്ല്‌ എത്ര തവണ കൊണ്ടു?
ചോദ്യം 6: യൂത്ത്‌ കോണ്‍ഗ്രസിന്റെ ജന്മദിനം എന്ന്‌?
ചോദ്യം 7: യൂത്ത്‌ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം എങ്ങനെയാണ്‌?
ചോദ്യം 8: എത്ര വര്‍ഷമായി പ്രവര്‍ത്തന രംഗത്തുണ്ട്‌?
ചോദ്യം 9: മുമ്പ്‌ വഹിച്ചിട്ടുള്ള ഭാരവാഹിത്വങ്ങള്‍ എതൊക്കെ?
ചോദ്യം 10: അന്ന്‌ എന്തൊക്കെ ചെയ്യാന്‍ സാധിച്ചു?
ചോദ്യം 11: അന്നത്തെ നേതൃത്വം എങ്ങനെയായിരുന്നു?

(ഉപന്യാസം എഴുതുക)
ചോദ്യം 1: യൂത്ത്‌ കോണ്‍ഗ്രസ്‌ എങ്ങനെ മികച്ച രീതിയില്‍ പുനഃസംഘടിപ്പിക്കാം?
ചോദ്യം 2: കൂടുതല്‍ ആളുകളെ എങ്ങനെ പാര്‍ട്ടിയിലേക്ക്‌ ആകര്‍ഷിക്കാം?

എത്ര തല്ലിയാലും നന്നാവുകയില്ല എന്ന്‌ ശഠിക്കുന്ന അനന്തരവനെപ്പോലെ കേരളത്തിലെ യൂത്തന്മാര്‍ ഖദറണിഞ്ഞ്‌ മൊബെയിലും ഐപോഡും ഇന്റര്‍നെറ്റുമായി വിലസുന്നതിനിടയിലേക്കാണ്‌ 'ടാലന്റ്‌ സെര്‍ച്ചു'മായി രാഹുലന്റെ വരവ്‌.

കേരളത്തിലെ എന്നല്ല ഇന്ത്യയിലെത്തന്നെ യൂത്ത്‌ കോണ്‍ഗ്രസില്‍ ഭൂരിപക്ഷവും ഷണ്ഡന്മാരുടെ ഖദര്‍ക്കൂട്ടങ്ങളും ബാക്കിയുള്ളവര്‍ കാമദേവന്മാരുമാണെന്ന്‌ നേരത്തേ തന്നെ ഈ രാഷ്ട്രം മനസിലാക്കിയതാണ്‌. അതുള്‍ക്കൊള്ളാന്‍ രാഹുലന്‌ അല്‍പ്പസമയം വേണ്ടിവന്നു. കാരണം കാമുകിയുമായി കുമരകത്ത്‌, കരിമ്പൂച്ചകളുടെ സംരക്ഷണവലയത്തിനുള്ളില്‍, അവധിക്കാലം ആസ്വദിച്ച വാര്‍ത്ത ജനമനസില്‍ നിന്ന്‌ മാറിയ ശേഷം മതി ഉദ്ബോധനത്തിന്റെ പുതിയ സത്യാന്വേഷണ പരീക്ഷകള്‍ക്ക്‌ ഇന്ത്യ ഒട്ടാകെയുള്ള യൂത്തന്മാരെ വിധേയരാക്കുന്നതെന്ന്‌ 'മമ്മി'യുടെ നിര്‍ദ്ദേശം ലഭിച്ചിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ അഖിലേന്ത്യാതലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ്‌ എക്സാമിനേഷന്റെ കേരള ചാപ്റ്ററില്‍ ഇന്നലെ നടന്ന വാചാപരീക്ഷയിലെ ചില ചോദ്യങ്ങളാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌.

രാഹുലന്‍ എന്‍ട്രന്‍സ്‌ ടെസ്റ്റുമായി വരുന്നു എന്നറിഞ്ഞ്‌ നേതൃത്വകാംഷികളായ ആണും പെണ്ണും കുത്തിയിരുന്ന്‌ രാവുപകലാക്കി കോണ്‍ഗ്രസിന്റെ ചരിത്രം കാണാപാഠം പഠിച്ചു. ചിലര്‍ക്കെല്ലാം അഡ്വാന്‍സ്ഡ്‌ ട്യൂഷനും കോച്ചിംഗും ലഭിച്ചിരുന്നു.

അങ്ങനെ കോണ്‍ഗ്രസിനെക്കുറിച്ചും ഗാന്ധിയെക്കുറിച്ചും നെഹ്‌റുവിനെക്കുറിച്ചും ഇന്ദിരയെക്കുറിച്ചും രാജീവിനെക്കുറിച്ചും സോണിയയെക്കുറിച്ചും രാഹുലിനെക്കുറിച്ചും പ്രിയങ്കയെക്കുറിച്ചും പൊതുവിജ്ഞാനത്തിന്റെ ഭണ്ഡാരങ്ങളായാണ്‌ ഈ നേതാക്കള്‍ വാചാപരീക്ഷയ്ക്കെത്തിയത്‌. ചിലര്‍ ഔട്ട്‌ ഓഫ്‌ സിലബസില്‍ നിന്ന്‌ ചോദ്യങ്ങള്‍ വന്നാലോ എന്നു കരുതി സഞ്ജയ്നെക്കുറിച്ചും മേനകയെക്കുറിച്ചും വരുണിനെക്കുറിച്ചും അടിസ്ഥാനവിവരങ്ങള്‍ മനസിലാക്കിയിരുന്നു.

യൂത്ത്‌ കോണ്‍ഗ്രസ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ അശോക്‌ തന്‍വര്‍, ജനറല്‍ സെക്രട്ടറി വി കെ ഹരിപ്രസാദ്‌ എന്നിവരായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്നത്‌. ഒരുമിനിറ്റ്‌ മുതല്‍ അഞ്ചുമിനിറ്റ്‌ വരെയായിരുന്നു ചോദ്യങ്ങള്‍.

ആംഗലേയത്തിലായിരുന്നു ചോദ്യങ്ങള്‍. കുറ്റം പറയരുതല്ലോ യൂത്തന്മാരും യൂത്തികളും ശരിക്കും വെള്ളംകുടിച്ചുപോയി.

ഇന്നലെ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള യൂവ നേതൃത്വ നിരയിലെ 140 ഓളം പേരെ വാചാപരീക്ഷയ്ക്ക്‌ വിധേയരാക്കിക്കഴിഞ്ഞപ്പോള്‍ അശോക്‌ തന്‍വറും ഹരിപ്രസാദും തെറ്റുകൂടാതെ മലയാളം പറയാന്‍ പഠിച്ചു എന്നാണ്‌ ഉപശാലാ സംസാരങ്ങള്‍.

ചോദ്യങ്ങളെല്ലാം എളുപ്പമായിരുന്നുവെന്നും പലതും ഔട്ട്‌ ഓഫ്‌ സിലബസ്‌ ആയിരുന്നെന്നും പല പരീക്ഷാര്‍ത്ഥികളും രഹസ്യമായി സമ്മതിച്ചിട്ടുണ്ട്‌. ഇന്നും ഈ പരീക്ഷ നടത്തുന്നുണ്ട്‌.

യൂത്ത്‌ കോണ്‍ഗ്രസ്‌ എന്നാല്‍ ഒരിക്കല്‍ യുവതുര്‍ക്കികളുടെ ആവേശം നിറഞ്ഞ സംഘംചേരലും സാമൂഹിക പ്രശ്നങ്ങളോട്‌ പ്രതികരിക്കുന്നതില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ വിലക്കുകള്‍ പോലും ലംഘിച്ച്‌ രണാങ്കണത്തില്‍ ഇറങ്ങുന്ന യുവത്വവുമായിരുന്നു. എം എ ജോണ്‍, വയലാര്‍ രവി, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍, എം എം ഹസന്‍..... എന്നിങ്ങനെ നീളുന്നു ആ അഭിമാനകരമായ പാരമ്പര്യം.

അതിനെ ഗ്രൂപ്പുകളിയുടെ അമേദ്യത്തില്‍ മുക്കി നാടെങ്ങും നാറ്റിച്ചശേഷം ഒരു വാചാപരീക്ഷയിലൂടെ കുളിപ്പിച്ച്‌ ശുദ്ധമാക്കിയെടുക്കാമെന്ന്‌ കരുതുന്ന രാഹുലനെപ്പോലെ ഒരു വിഡ്ഢി ഇനി കോണ്‍ഗ്രസിലുണ്ടാവില്ല. സൂക്ഷിക്കുക ഈ രാഹുലനാണ്‌ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി....

ശേഷം ചിന്ത്യം.

1 comments :

  1. ബഷീർ said...

    Good article..

    Ot :

    pls remove word veification