പകല്‍കൊള്ളക്കാരുടെയും പേപ്പട്ടികളുടെയും സ്വന്തം നാട്
സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിക്കാറുള്ള, കേരളത്തെക്കുറിച്ചുള്ള, ടൂറിസം വകുപ്പിന്റെ വിശ്രുതമായ ആ വിശേഷണത്തെ - "ദൈവത്തിന്റെ സ്വന്തം നാട്"- നോക്കി പല്ലിളിച്ചുകാട്ടുകയാണ് വര്‍ത്തമാന സംസ്ഥാന സാഹചര്യങ്ങള്‍. ദൈവം പോയിട്ട് ഒരു മാലാഖപോലും സ്വന്തമെന്ന് അവകാശപ്പെടാത്തവിധം അതിക്രമങ്ങളുടെ പറുദീസയായി മാറിയിരിക്കുകയാണ് കേരളം. ഇന്നത്തെ നിലവച്ച് പകല്‍കൊള്ളക്കാരുടെയും പേപ്പട്ടികളുടെയും സ്വന്തം നാട് എന്ന് കേരളത്തെ വിശേഷിപ്പിക്കേണ്ട അവസ്ഥയാണുള്ളത്.
മോഷണം റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു ദിവസംപോലുമില്ല. കേരളത്തിലെ എല്ലാ മുക്കിലും മൂലയിലും മോഷ്ടാക്കള്‍ മദിച്ചുവാഴുകയാണ്. കേരളത്തില്‍ ക്രമസമാധാനനില പാലിക്കാനും ഇവിടെ ജീവിക്കുന്നവരുടെ ജീവനും സ്വത്തിനും മാന്യതയ്ക്കും സംരക്ഷണം നല്‍കാനും ആഭ്യന്തരമന്ത്രി കോടിയേരിയുടെ കീഴില്‍ ഡിജിപി രമണ്‍ശ്രീവാസ്തവ നേതൃത്വം നല്‍കുന്ന വന്‍ പോലീസ് സന്നാഹം ഉണ്ടെന്നാണ് വയ്പ്. അന്വേഷണത്തിന്റെ കാര്യത്തിലും കുറ്റവാളികളെ കണ്ടുപിടിക്കുന്ന വിഷയത്തിലും സ്കോട്ട്ലന്റ് പോലീസിന്റെ മികവിനൊപ്പം നില്‍ക്കുന്ന ഉദ്യോഗസ്ഥരും കോണ്‍സ്റ്റബിള്‍മാരും ഈ സേനയിലുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് രാപകലില്ലാതെ കേരളത്തിന്റെ എല്ലാ ജില്ലയിലും ഗ്രാമങ്ങളിലും ഇങ്ങനെ മോഷ്ടാക്കളും അക്രമികളും അഴിഞ്ഞാടുന്നതെന്നാണ് പൊതുജനത്തിന്റെ അതിശയം കലര്‍ന്ന ചോദ്യം. വിശ്വസിച്ച് വീട്ടില്‍ കിടന്നുറങ്ങാനോ റോഡിലൂടെ നടക്കാനോ കഴിയാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. മോഷ്ടാക്കളില്‍ ഭൂരിപക്ഷവും തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നുള്ളവരാണെന്നും കേരളാ പോലീസിന്റെ മികവിനെ വെല്ലുന്ന ഹൈടെക് തന്ത്രശാലികളാണെന്നും സമ്മതിക്കുന്നത് ഡിജിപി അടക്കമുള്ളവരാണ്. വന്‍ നഗരങ്ങളില്‍ പട്ടാപ്പകല്‍ കത്തിമുനയില്‍ പണമിടപാട് സ്ഥാപനങ്ങള്‍ കൊള്ളയടിച്ച് മുങ്ങാന്‍പോലും ഈ കൊള്ളസംഘത്തിന് കഴിയുന്നു. എത്ര ഉറപ്പില്‍ പണിതാലും വീടുകള്‍ കുത്തിത്തുരന്ന് ആഭരണങ്ങളും പണവും ഇവര്‍ കൊള്ളയടിക്കുന്നു. എന്തിനധികം, റിയാലിറ്റിഷോ കണ്ടുകൊണ്ടിരുന്ന വൃദ്ധയുടെ മാലപോലും പൊട്ടിച്ച് രക്ഷപ്പെടാന്‍ കഴിയുംവിധം തന്ത്രശാലിത്വം ഈ മോഷ്ടാക്കള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഇവിടെയാണ് കോടിയേരിയുടെയും രമണ്‍ ശ്രീവാസ്തവയുടെയും പോലീസ് പഴം വിഴുങ്ങികളായി നില്‍ക്കുന്ന കാഴ്ച കേരളം ഭീതിയോടെ കാണുന്നത്.
കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ രണ്ടു പ്രശസ്ത ക്ഷേത്രങ്ങളില്‍ ഒരേ സമയമാണ് മോഷണം നടന്നത്. ഇരുമ്പനം മകളീയം ശ്രീരാമ ക്ഷേത്രത്തിലും പെരുമ്പിള്ളി ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലും നിന്നുമായി പത്തു കിലോ വെള്ളിയും 33 ഗ്രാം സ്വര്‍ണവുമാണ് ശ്രീകോവില്‍ കുത്തിത്തുറന്ന് മോഷ്ടാക്കള്‍ അപഹരിച്ചത്. അമ്പലം വിഴുങ്ങികളായ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ വെല്ലുന്ന രീതിയിലാണ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണങ്ങള്‍ നടക്കുന്നത്. ഇതില്‍ ഒന്നിനുപോലും തുമ്പുണ്ടാക്കാന്‍ കേരളത്തിലെ മിടുക്കരായ പോലീസുകാര്‍ക്ക് കഴിയാതെ പോകുമ്പോള്‍, എന്തിനാണ് ഇങ്ങനെ ഒരു സേനയെ നികുതിപ്പണം ശമ്പളമായി നല്‍കി തീറ്റിപ്പോറ്റുന്നതെന്ന ചോദ്യം പ്രസക്തമാകുന്നു.
നാടിനെ നടുക്കിയ ആലുവ തിരുവാലൂര്‍ ക്ഷേത്രക്കവര്‍ച്ച മുതല്‍ വിവാദങ്ങള്‍ ഇനിയുമടങ്ങാത്ത തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണമകുട മോഷണം വരെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ജില്ലയില്‍ 32 ആരാധനാലയങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മാന്ത്രയ്ക്കല്‍ ക്ഷേത്രം, മുനമ്പം ശ്രീവരാഹം ക്ഷേത്രം, ഗാന്ധിനഗര്‍ ശാസ്താ ക്ഷേത്രം, ചെറിയപ്പള്ളി തൃപ്പഴങ്ങോട്ട് വെളി ക്ഷേത്രം, മാമല മുരിയമംഗലം പള്ളിപ്പാട്ട് കാവ്, കുരീക്കാട് കണ്ടങ്കാവ് ക്ഷേത്രം, വടക്കന്‍ മാറാടി തിരുമഥുര ക്ഷേത്രം, ചെങ്ങമനാട് മഹാദേവ ക്ഷേത്രം , തിരുവാലൂര്‍ ക്ഷേത്രം, നെടുമ്പാശേരി തുരുത്തിശേരി ക്ഷേത്രം, കുമരം ചിറങ്ങര ക്ഷേത്രം എന്നീ ഹൈന്ദവ ദേവാലയങ്ങള്‍ക്കു പുറമെ കൂത്താട്ടുകുളം വടകര സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നിന്ന് നാലുലക്ഷം രൂപ കവര്‍ന്നതും അടുത്തകാലത്താണ്. ആ പരമ്പരയുടെ ഒടുവിലാണ് പെരുമ്പിള്ളി, ഇരുമ്പനം ക്ഷേത്രക്കവര്‍ച്ചകള്‍.
ഡിജിപിയുടെ പ്രത്യേക ഉത്തരവ് അനുസരിച്ച് എല്ലാ ജില്ലകളിലും 2005ല്‍ ടെമ്പിള്‍ തെഫ്റ്റ് സ്ക്വാഡ് രൂപീകരിച്ചിരുന്നു. ഒരു ഡിവൈഎസ്പിയുടെ ചുമതലയില്‍ രണ്ടു വീതം എസ്‌ഐമാരും എഎസ്‌ഐമാരും ഹെഡ്കോണ്‍സ്റ്റബിള്‍മാരും അടങ്ങിയ പതിനൊന്നംഗ അന്വേഷണ സംഘമാണ് ടെമ്പിള്‍ തെഫ്റ്റ് സ്ക്വാഡ്. ഇവരെ നോക്കുകുത്തിയാക്കിയാണ് മോഷ്ടാക്കള്‍ വിലസുന്നത്.
പുരാവസ്തു മൂല്യം കണക്കാക്കിയാല്‍ ലക്ഷങ്ങള്‍ വിലവരുന്ന പഞ്ചലോഹ വിഗ്രഹം അടക്കമുള്ള ക്ഷേത്ര സമ്പത്തുകളാണ് ഇങ്ങനെ കൊള്ളയടിക്കപ്പെടുന്നത്. ഇതില്‍ ഏറ്റവും വിലകൂടിയ വസ്തുക്കള്‍ മോഷ്ടാക്കള്‍ കടത്തുകയും താരതമ്യേന വിലകുറഞ്ഞവ പരിസരങ്ങളില്‍ ഉപേക്ഷിക്കുകയുമാണ് പതിവ്. ഈ വസ്തുക്കള്‍ കണ്ടെത്തുന്നതില്‍ അവസാനിക്കുന്നു ടെമ്പിള്‍ തെഫ്റ്റ് സ്ക്വാഡ് അടക്കമുള്ള കേരളാ പോലീസിന്റെ അന്വേഷണ മികവ്.
ഇവിടെ പോലീസ് ചൂണ്ടിക്കാണിക്കുന്ന ഒരു ഘടകം മോഷണത്തിലും ക്ഷേത്രക്കവര്‍ച്ചയിലും നിര്‍ണായകമാകുന്നുണ്ട്. കേരളം ഒഴിച്ചുള്ള മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഹാക്ഷേത്രങ്ങളില്‍ മാത്രമാണ് പഞ്ചലോഹ വിഗ്രഹങ്ങളുള്ളത്. ചെറിയ ക്ഷേത്രങ്ങളില്‍ ശിലാവിഗ്രഹങ്ങളാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. കേരളത്തിലെ ഏറ്റവും ചെറിയ ക്ഷേത്രത്തില്‍പോലും പഞ്ചലോഹവിഗ്രഹങ്ങളുണ്ട്. എന്നാല്‍ ഈ ക്ഷേത്രങ്ങള്‍ക്ക് മതിയായ കെട്ടുറപ്പോ സുരക്ഷാ സംവിധാനമോ ഇല്ല. അതാണ് കവര്‍ച്ചയ്ക്ക് കാരണം.
പ്രത്യക്ഷ ശ്രവണത്തില്‍ പോലീസിനോട് യോജിക്കാവുന്ന വസ്തുതയാണത്. എന്നാല്‍ ഇത്തരം സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും സംരക്ഷണവും ബന്തവസ്സും ഏര്‍പ്പെടുത്താനാണ് പോലീസ് സേനയെ നിയമിച്ചിട്ടുള്ളത്; അവര്‍ക്ക് കൃത്യമായി ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കി സര്‍ക്കാര്‍ 'സംരക്ഷിക്കന്നത്'. എന്നിട്ടും ജനങ്ങള്‍ക്ക് വീട്ടിലും ദേവീദേവന്മാര്‍ക്ക് ക്ഷേത്രത്തിലും സുരക്ഷിതമായി കിടന്നുറങ്ങാന്‍ കഴിയുന്നില്ലാ എന്നതാണ് യാഥാര്‍ത്ഥ്യം.
മോഷ്ടാക്കളുടെ ഈ നെഞ്ചുവിരിപ്പിനെ വെല്ലുവിളിക്കുന്ന രീതിയിലാണ് കോട്ടയം ജില്ലയില്‍ പേപ്പട്ടികള്‍ വിലസുന്നത്. ഒരു പേപ്പട്ടിതന്നെ 63 പേരെ കടിച്ചിട്ടും അതിനെ തല്ലിക്കൊല്ലാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഒടുവില്‍ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ആര്‍ഡിഒക്ക് ഉത്തരവിടേണ്ടിവന്നു. പക്ഷേ ഇതുവരെ പട്ടി കൊല്ലപ്പെട്ടിട്ടില്ല. തിരുട്ടുഗ്രാമത്തില്‍നിന്നുള്ള കള്ളന്മാരെക്കാള്‍ മികച്ച ഒളിവ് തന്ത്രത്തോടെ പട്ടി വിലസുകയാണ്. കോട്ടയത്ത് മാത്രമല്ല കേരളത്തിലെ മിക്ക ജില്ലകളിലും ഇതാണ് അവസ്ഥ. പേപ്പട്ടി നിയന്ത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തില്‍പെട്ടതാണ്. മേനകാ ഗാന്ധി കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന ഒരു നിയമം, അലഞ്ഞുതിരിയുന്നതും പട്ടികള്‍ അടക്കമുള്ളതുമായ മൃഗങ്ങളെ കൊല്ലുന്നത് നിരോധിച്ചിട്ടുണ്ട്. ആ നിയമത്തിന്റെ പഴുതുപയോഗിച്ചാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൈകഴുകി പീലാത്തോസുമാരാകുന്നത്. ഇവരില്‍ ആര്‍ക്കെങ്കിലുമോ അവരുടെ ബന്ധുക്കള്‍ക്കോ ഇതുവരെ പേപ്പട്ടിയുടെ കടിയേറ്റിട്ടില്ലാത്തതുകൊണ്ട് സര്‍ക്കാര്‍ കാര്യം മുറപോലെയാണ് നീങ്ങുന്നത്.
ഇരുട്ടില്‍ പതുങ്ങിയെത്തുന്ന മോഷ്ടാക്കളെയും പേപ്പട്ടികളെയും പേടിച്ച് എത്രനാള്‍ കൂടി ഭയന്നുവിറച്ച് കഴിയാനാണ് കേരളീയര്‍ക്ക് വിധി? ഈശ്വരനെങ്കിലും ഉത്തരം തരുമോ...?!
0 comments :
Post a Comment