Thursday, May 29, 2008

സംഗീതത്തിന്റെ മറവിൽ 'സംഗതി'വിദ്വാന്റെ 'വെർബൽ എക്സിബിഷനിസം'

കോമൺസെൻസ്‌ ഈസ്‌ നോട്ട്‌ കോമൺ, 'കാമം'സെൻസ്‌ ഈസ്‌ സോ ഫ്രീക്വന്റ്‌!

ടൈറ്റസ്‌ കെ വിളയിൽ

Back drop

'ആൻ ആവറേജ്‌ ഇൻഡ്യൻ മെയ്‌ല്‌ ഹാസ്‌ സെക്സ്‌ ഇൻ മൈൻഡ്‌ ആൻഡ്‌ ഫിയർ അറ്റ്‌ ഹാർട്ട്‌' (മനസ്സ്‌ നിറയെ കാമവും ഹൃദയത്തിൽ ഭയവും കൊണ്ടു നടക്കുന്ന (ശുംഭന്മാരാണ്‌) ഇന്ത്യയിലെ ശരാശരി പുരുഷൻ). വിശ്രുത ഇന്ത്യൻ ഗ്രന്ഥകാരൻ നിരാദ്‌ സി. ചൗധരിയുടെ ഈ നിരീക്ഷണത്തിന്റെ ചപലവും അശ്ലീലഭരിതവുമായ ഒരു സാന്നിദ്ധ്യം കാണണമെന്നും ആ സത്വത്തിന്റെ വായിൽ നിന്ന്‌ വീഴുന്ന മ്ലേച്ഛവും ഓക്കാനം വരുത്തുന്നതുമായ മൂരിശൃംഗാരപദാവലികേൾക്കണമെന്നുമുള്ളവർ, തിങ്കൾ മുതൽ വ്യാഴം വരെ കൈരളി ടീവിയിലെ 'ജോയ്‌ ആലൂക്കാസ്‌ എല്ലാരും പാടണ്‌' എന്ന റിയാലിറ്റി ഷോ ട്യൂൺ ഇൻ ചെയ്യുക. (ഇന്ത്യയിൽ വൈകീട്ട്‌ 7.30 മുതൽ 8.30 വരെ. ഗൾഫിൽ വൈകീട്ട്‌ 5.30-6.30 വരെ)

കുടുംബാംഗങ്ങൾ ഒന്നിച്ച്‌ മത്സരിക്കുന്ന ഈ വ്യത്യസ്ത റിയാലിറ്റി ഷോയുടെ നിർമാതാവ്‌ ഷിബു ചക്രവർത്തി(ചലച്ചിത്ര ഗാനരചയിതാവ്‌)യും സംവിധാനം സെന്തിലുമാണ്‌.

സംഗീത സംവിധായകൻ രഘുകുമാർ, കർണാടകസംഗീത വിദുഷി സൗമ്യ, സംഗീതസംവിധായകൻ('സംഗതി'ഫെയിം) ശരത്ത്‌ എന്നിവരാണ്‌ വിധികർത്താക്കൾ.

സിദ്ധിയും സാധനയും കൊണ്ട്‌ ഗാനസാഗരത്തിന്റെ മറുകരകണ്ടവരൊന്നുമല്ല ഈ പരിപാടിയിൽ മത്സരിക്കുന്നത്‌. ശാന്തിമഠം വില്ലാസിന്റെ 35 ലക്ഷം രൂപ വിലവരുന്ന വില്ല സ്വന്തമാക്കാം എന്ന ഒറ്റ ലക്ഷ്യത്തോടെ പങ്കെടുക്കുന്നവരുമല്ല ഭൂരിപക്ഷവും. വാഗീശ്വരിയുടെ അനുഗ്രഹത്താൽ ഗാനമാലപിക്കാൻ കെൽപ്‌ ലഭിച്ചിട്ടുണ്ടെങ്കിലും പൊതുവേദിയിൽ അതിനുള്ള അവസരം ലഭിച്ചിട്ടില്ലാത്തവരാണ്‌ മത്സരാർത്ഥികളിൽ ബഹുഭൂരിപക്ഷവും.

ഇത്രയും പശ്ചാത്തലം.
ഇനി ആദ്യ റൗണ്ടിലേയ്ക്ക്‌-

Ist Round

മത്സരാർത്ഥികളുടെ ആലാപനത്തിലെ അപാകങ്ങൾ ചൂണ്ടിക്കാട്ടി, തെറ്റുതിരുത്തി നന്നായി പാട്ടുപാടാൻ അവരെ സജ്ജരാക്കുവാനായിരിക്കണം മൂന്ന്‌ വിധികർത്താക്കളെ നിർമാതാവും സംവിധായകനും വേദിക്കരികിൽ പ്രത്യേകാസനത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്‌. അറിയാം വിമർശനം ഒരിക്കലും സൗമ്യമായിരിക്കില്ല; അല്ല അങ്ങനെ ആകാനും പാടില്ല. എന്നുവച്ച്‌ വായിൽതോന്നുന്നതെല്ലാം, വൃത്തികെട്ട ഭാവഹവാദികളോടെ വിളിച്ചുപറഞ്ഞ്‌ മത്സരാർത്ഥികളെ അക്ഷരാർത്ഥത്തിൽ തന്നെ തൊലിയുരിച്ച്‌ രസിക്കുന്നതിനെ വിധിനിർണയം എന്നല്ല വൈകൃതഭരിതമായ 'സാഡിസം' എന്നാണ്‌ വിശേഷിപ്പിക്കേണ്ടത്‌. ആ സാഡിസ്റ്റ്‌ ഉദീരണങ്ങളിൽ നിന്ന്‌ ദുഷിച്ച കാമത്തിന്റെ ദുഃർഗന്ധം കൂടി ഒലിച്ചിറങ്ങിയാലോ?

ക്ഷമിക്കേണ്ട, ശരത്‌ എന്ന വിധികർത്താവ്‌ വായ്‌ തുറക്കുന്നത്‌ ഇത്തരത്തിലുള്ള വൈകൃതത്തിന്‌ വാക്യരൂപം നൽകാനാണ്‌.

ശരത്തിന്റെ ചില സംഗീത വിലയിരുത്തലുകൾ കേൾക്കുക:
മത്സരാർത്ഥികൾ ഒരു അമ്മയും മകനും. പാട്ടുകഴിഞ്ഞു. അപ്പോഴെത്തി ശരത്തിന്റെ കമന്റ്‌ 'മോനേ, മോന്റെ പാട്ടുകേട്ടപ്പോൾ ഇവിടെനിന്നിറങ്ങിപ്പോകാനാ തോന്നീത്‌' ആ പാവം അമ്മയും കടലാസുപോലെ വിളറിനിന്നുപോയി. മേലാൽ ആ കുട്ടി പൊതുവേദിയിൽ ഗാനമാലപിക്കാൻ തയ്യാറാവില്ല, തീർച്ച.
കാഷ്വൽ ഡ്രസിലാണ്‌ ആ പെൺകുട്ടി പാട്ടുപാടാനെത്തിയത്‌. ആ വേഷം ശരത്തിന്‌ 'ക്ഷ' പിടിച്ചുപോയി! 'മോളേ, മോൾ ആദ്യമായാണോ ഈ ഡ്രസ്സിടുന്നത്‌? എന്തൊക്കെ അഭ്യാസമാ ഡ്രസ്സിന്റെ മുകളിൽ മോൾ കാണിച്ചിരിക്കുന്നത്‌?' ശരത്തിന്റെ ആ വഷളൻ കമന്റ്‌ കേട്ട്‌ പെൺകുട്ടി നിന്നുരുകുന്നതാണ്‌ കണ്ടത്‌. പണ്ട്‌ ആഭാസന്മാരുടെ ഇടയിൽ നിന്ന്‌ സീതയെ രക്ഷിക്കാൻ ഭൂമി പിളർന്നതുപോലെ സംഭവിച്ചെങ്കിലെന്ന്‌ ആ കുട്ടി സർവ ദൈവങ്ങളേയും വിളിച്ച്‌ പ്രാർത്ഥിച്ചു കാണും, മൂന്നരത്തരം.

IInd Round

കുടുംബഗീതം സെഗ്മെന്റ്‌-
ഒരു പോലിസുകാരനും കുടുംബാംഗങ്ങളും പാടിത്തീർന്നതോടെ സംഘത്തിലെ 12കാരിയോട്‌ ശരത്തിന്റെ ചോദ്യം 'മോൾ അച്ഛന്റെ കൂടെ കെടക്കാറുണ്ടോ?' ആ കുട്ടിയുടെ അച്ഛനും അമ്മയും മാത്രമല്ല മറ്റ്‌ മത്സരാർത്ഥികളും ടിവി പ്രേക്ഷകരും സ്തംഭിച്ചു പോയ നിമിഷം. ആഭാസത്തരം അതിന്റെ എല്ലാ അശ്ലീലതകളും പ്രദർശിപ്പിച്ച ശപ്തവേള!

IIIrd Round

മറുനാടൻ ഗീതം സെഗ്മെന്റ്‌:
പാട്ടുപാടിയത്‌ ഒരു അറുപതുകാരൻ, പ്രായപൂർത്തിയായ ആൺമക്കളും പെൺമക്കളും അടങ്ങിയ കുടുംബം ഒപ്പമുണ്ട്‌. പൊതുവേദിയിൽ പാടിപ്പരിചയമില്ലാത്ത പിതാവ്‌. അതുകൊണ്ട്‌ പാട്ടിലെ പദങ്ങൾ മറന്നു, സ്വരത്തിൽ വിറയൽ പടർന്നു. 'എന്തുപറ്റി?' എന്ന ശരത്തിന്റെ ചോദ്യത്തിന്‌ 'വിറച്ചുപോയി' എന്ന സത്യസന്ധമായ മറുപടി. 'കല്യാണം കഴിച്ചയാൾ ആദ്യമായിട്ടാണോ വിറയ്ക്കുന്നത്‌?' മുഖത്തടിയേറ്റതുപോലെ ആ പിതാവ്‌ സ്തംഭിച്ചു നിന്ന കാഴ്ച്ച!

IVth Round

യുഗ്മഗീതം സെഗ്മെന്റ്‌:
ബി.ടെക്‌ പാസ്സായ സഹോദരിയും ബി.ടെക്‌-ന്‌ പഠിക്കുന്ന സഹോദരനും ആലപിച്ചത്‌ സാന്ദ്രമായൊരു പ്രണയഗീതം. സഹോദരനോളം ആലാപന വൈദഗ്ദ്ധ്യമില്ലായിരുന്നു സഹോദരിക്ക്‌. ശരീരവും ശാരീരവും ശോഷിച്ച ഒരു പാവം. അവരുടെ ആലാപനത്തിലെ അപാകങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനിടെ നുഴഞ്ഞെത്തി ശരത്തിന്റെ സ്ഥിരം വഷളത്തരം 'മാറിടം തുടിക്കുന്ന ആ ഭാഗമുണ്ടല്ലോ, അവിടം, അതെന്താ മോളേ താന്നുപോയത്‌? കൂടെപ്പാടിയത്‌ അനിയനായതു കൊണ്ടാണോ?'

ആ ചേച്ചിയും അനിയനും മാത്രമല്ല അന്ന്‌ ആ പരിപാടി കണ്ട എല്ലാവരും മനസ്സിൽ ശരത്തിനെ പ്രാകി കോന്നിട്ടുണ്ടാകും, കൊലവിളി നടത്തിയിട്ടുണ്ടാകും; സംശയമില്ല.

അച്ചടിക്കാവുന്ന മ്ലേച്ഛതകളിൽ ചിലതു മാത്രമാണ്‌ മുകളിൽ ഉദ്ധരിച്ചത്‌.

വായനക്കാർക്ക്‌ എന്തു തോന്നുന്നു? ഒറ്റയടിക്ക്‌ കരണം പൊട്ടിക്കേണ്ട തെമ്മാടിത്തരമല്ലേ ശരത്‌ എന്ന സംഗീത സംവിധായകൻ ഒരു സംഗീത പരിപാടിയുടെ മറവിൽ, റിയാലിറ്റി ഷോയായത്‌ കൊണ്ട്‌ എന്തും പറയാം എന്ന 'ഞായത്തിൽ' വിളമ്പിയതെല്ലാം?

'എക്സിബിഷനിസം' (പ്രദർശനത്തിലെ രതി) എന്നൊരു മാനസീക വ്യതിയാനമുണ്ടെന്ന്‌ മനശ്ശാസ്ത്ര വിദഗ്ദ്ധർ പറയും. സാധാരണക്കാർ ഇതിനെ 'വൈകൃതം'എന്നു വിളിക്കും. അടിച്ച്‌ പുറം പൊളിക്കേണ്ട തെമ്മാടിത്തരമെന്ന്‌ വിശേഷിപ്പിക്കും. അത്തരമൊരു ആഭാസമാണ്‌, ഡോ. ബാലമുരളീകൃഷ്ണയുടെ പ്രിയ ശിഷ്യനായ ശരത്‌ 'എല്ലാരും പാടണ്‌' എന്ന സംഗീതപരിപാടിയുടെ വിലയിരുത്തൽ എന്ന മട്ടിൽ നിർവഹിച്ചുകൊണ്ടിരിക്കുന്നത്‌. 'അമ്മയേയും പെങ്ങളേയും തിരിച്ചറിയാൻ കഴിയണം' എന്ന്‌ മലയാളത്തിൽ ഒരു സാരോപദേശമുണ്ട്‌.

വിധികർത്താവിന്‌ ആ ബോധമില്ലെങ്കിൽ പരിപാടിയുടെ നിർമ്മാതാവിനോ സംവിധായകനോ എഡിറ്റർക്കോ അത്‌ കൂടിയേതീരൂ. കാരണം സ്വദേശത്തും വിദേശത്തും കുടുംബമൂല്യങ്ങളും പെരുമാറ്റ-സംസാരമര്യാദകളും പാലിക്കുന്നവരാണ്‌ ഈ പരിപാടിയുടെ പ്രേക്ഷകർ. സൗമ്യയും രഘുകുമാറും എത്ര മാന്യമായി, എത്ര സംസ്കാരസമ്പന്നതയോടെയാണ്‌ അഭിപ്രായങ്ങൾ പറയുന്നത്‌! ശരത്തിനേയും ആ ലൈനിൽ കോണ്ടുവന്നേ തീരൂ. വഷളത്തം നിറഞ്ഞ ഇത്തരം കമന്റുകൾ കേട്ട്‌ മറ്റൊരു വിധികർത്താവായ 'സൗമ്യ മാം' തലകുമ്പിട്ടിരുന്ന്‌ അടക്കിച്ചിരിക്കുമ്പോൾ 'ശരത്‌ സാർ' ഏഴാം സ്വർഗത്തിൽ എത്തുന്നുണ്ടായിരിക്കാം (ഥൂ!). സ്ത്രീകളുടെ മുൻപിൽ ഞെളിയാൻ ദ്വയാർത്ഥപ്രയോഗങ്ങളും കെട്ട വളിപ്പുകളും കെട്ടഴിച്ചു വിടുന്നതിനെ 'വാച്യ-പ്രദർശന-രതി' (വെർബൽ-എക്സിബിഷനിസം) എന്നാണ്‌ വിശേഷിപ്പിക്കേണ്ടത്‌.

പാടില്ല, ശരത്‌ സാർ ഇങ്ങനെ തരം താഴരുത്‌. വള്ളിനിക്കർ പ്രായത്തിൽ 'അമൃതവർഷിണി' രാഗമാലപിച്ച്‌ സാക്ഷാൽ ഡോ. ബാലമുരളീകൃഷ്ണയെ അമ്പരപ്പിച്ച സംഗീതസിദ്ധിയാണ്‌ അങ്ങ്‌. ആ പ്രതിഭയോടുള്ള ആദരത്തോടെ പറയട്ടെ, സംഗീതപ്രേമികൾ അങ്ങയോട്‌ പുലർത്തുന്ന ബഹുമാനം വെറുതെ കളഞ്ഞുകുളിക്കരുത്‌!

Chorus

കോമൺസെൻസ്‌ ഈസ്‌ നോട്ട്‌ കോമൺ, 'കാമം'സെൻസ്‌ ഈസ്‌ സോ ഫ്രീക്വന്റ്‌!

Vote of thanks

ഈ ആഭാസത്തരത്തിലേയ്ക്ക്‌ ശ്രദ്ധതിരിച്ചുവിട്ട, നന്മനസ്സിനുടമകളായ ഗൾഫിലെ ആ നാലു പെൺകുട്ടികൾക്കും വീട്ടമ്മമാർക്കും...

ഈ വിഷയത്തിൽ വായനക്കാർ തയ്യാറാക്കിയ ഓൺലൈൻ പെറ്റീഷൻ

തൂറിത്തോൽപ്പിക്ക്യാ എന്ന്വച്ചാ...?

യുവമോർച്ച സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രന്റെ അവിഹിത സ്വത്തിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ ടി.വി. രാജേഷ്‌ ആവശ്യപ്പെട്ടിരിക്കുന്നു.

പോലീസുകാരും നാട്ടുകാരും കള്ളസ്വാമിമാരുടെ ആശ്രമങ്ങളിലേക്ക്‌ മാർച്ചു നടത്താൻ തുടങ്ങിയതോടെ എസ്‌എൻഡിപിക്കാരും യുവമോർച്ചക്കാരും പാസ്റ്റർമാരുടെ അരമനകളിലേക്ക്‌ മാർച്ചു നടത്തുന്നു.

ഇങ്ങനെയൊക്കെ ചെയ്യുന്നതിനെയാണ്‌ പണ്ടുള്ളവർ 'തൂറിതോൽപ്പിക്കൽ' എന്നു പറഞ്ഞിരുന്നത്‌.

കോടിയേരിയുടെ സ്വത്തിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ സുരേന്ദ്രൻ ആവശ്യപ്പെടുന്നതിനുള്ള മറുപടി, സുരേന്ദ്രന്റെ സ്വത്തന്വേഷിക്കണമെന്ന ഡിഫിക്കാരുടെ ആവശ്യപ്പെടലല്ല. സുരേന്ദ്രന്റെ സ്വത്തുവിവരം അന്വേഷിക്കണമെന്ന ആവശ്യം ഇതിനുമുമ്പൊന്നും ഡിഫിക്കാർക്കു തോന്നാതിരുന്നതെന്തുകൊണ്ടാണ്‌? ഭരണമല്ലേ കൈയിലിരിക്കുന്നത്‌. അന്വേഷിപ്പിൻ, കണ്ടെത്തും!

കോടിയേരിയുടെയും സുരേന്ദ്രന്റെയും മാത്രമല്ല, ടി.വി. രാജേഷിന്റെയും സ്വത്തുവിവരങ്ങൾ നാട്ടാരറിയുന്നത്‌ നല്ലതാണ്‌.

കള്ളസ്വാമിമാർ നശിപ്പിച്ചു വെണ്ണീറാക്കിക്കൊണ്ടിരുന്നത്‌ മഹത്തായ ഹിന്ദു സംസ്ക്കാരത്തെയാണ്‌. ആവക സാമദ്രോഹികളെ കൂട്ടത്തോടെ പിടികൂടുമ്പോൾ ഹിന്ദുമതം രക്ഷപ്പെടുമല്ലോയെന്ന്‌ ആശ്വസിച്ച്‌ സന്തോഷിക്കേണ്ട എസ്‌എൻഡിപിക്കാരും ചില സന്യാസികളും സർക്കാർ ഹിന്ദു സന്യാസിമാരെ പീഡിപ്പിക്കുന്നുവെന്നാരോപിക്കുന്നു. എന്നാൽ കാണിച്ചുതരാം എന്ന ബാലിശ ചിന്തയോടെ പാസ്റ്റർമാരെ വേട്ടയാടാൻ നടക്കുന്നു.

'പലമതസാരവുമേകം' എന്നു ഗുരുസ്വാമി പറഞ്ഞപോലെ, സകല മതത്തിലുള്ള ഉഡായിപ്പുകാരും ഏകം എന്നാണ്‌ ബുദ്ധിയുണ്ടെങ്കിൽ മനസിലാക്കേണ്ടത്‌.

സകലമതത്തിലെയും സകല രാഷ്ട്രീയ പാർട്ടികളിലെയും കള്ളനാണയങ്ങൾക്കെതിരെ ഉയർത്തിക്കൊണ്ടുവരിക - ജനവികാരം!

പടച്ചതമ്പുരാന്റെ പിടിവിട്ടുപോകുന്നതരം ഹീനവൃത്തികളിലേക്ക്‌ അങ്ങോരുടെ വിശ്വാസികളെന്നു പറഞ്ഞും, പുരോഹിതരെന്നു പറഞ്ഞും വേഷം കെട്ടിനടക്കുന്നവർ തരംതാണതോടെയുണ്ടായ 'ദൈവനീതി' നടപ്പാകലായി ഇപ്പോഴത്തെ സംഭവങ്ങളെ കണ്ട്‌ ആനന്ദിക്കുക.

മുകളിൽ ഒരാളിരിപ്പുണ്ട്‌ എന്ന്‌ പഴമക്കാർ പറഞ്ഞുപഠിപ്പിച്ചത്‌ ഈ ദൈവനീതിയെക്കുറിച്ചാണ.്‌ യുക്തിവാദികൾക്കും, കോടിയേരിയും സുധാകരനും അടക്കമുള്ള കല്ലൻ കമ്യൂണിസ്റ്റുകൾക്കും ഇതിനെ ചരിത്രനീതിയെന്നും വിളിക്കാം.

പരസ്പരം തൂറിത്തോൽപ്പിച്ച്‌ ഈ മുന്നേറ്റത്തിന്റെ മുനയൊടിക്കാതിരുന്നാൽതന്നെ വല്യ ഉപകാരമായേനെ!

തങ്ങൾ ആരാ ദൈവമാണോ?

ആര്യാടൻ മുഹമ്മദും മുസ്ലീം ലീഗും തമ്മിലുള്ള തർക്കം രൂക്ഷമായത്‌ ഒരർത്ഥത്തിൽ നന്നായി. ഇതുവരെ ആരും പറയാൻ ധൈര്യപ്പെടാതിരുന്ന ഒരു സത്യം ആ തർക്കത്തിനിടയിൽ വെളിയിൽവന്നു. തന്നെയും തന്റെ പിതാവിനെയും താറടിച്ചുകാണിക്കാൻ മുസ്ലീം ലീഗ്‌ നേതൃത്വം കൈക്കൊണ്ട തന്ത്രങ്ങളെ പ്രതിരോധിക്കുന്നതിനിടയിലാണ്‌ ആര്യാടന്റെ പുത്രൻ ആര്യാടൻ ഷൗക്കത്ത്‌ ആ സത്യം തുറന്നടിച്ചത്‌.

പാണക്കാട്ടെ തങ്ങളുടെ വീട്‌ റെയ്ഡ്‌ ചെയ്യാൻ ഏതെങ്കിലും സർക്കാരിന്‌ ധൈര്യമുണ്ടോ. പൂജയുടെയും മന്ത്രവാദത്തിന്റെയും വെള്ളം ഓതിക്കൊടുക്കലിന്റെയും ചരട്‌ ജപിച്ചുകെട്ടുന്നതിന്റെയും പേരിൽ ആൾദൈവങ്ങളുടെ ആസ്ഥാനം റെയ്ഡ്‌ ചെയ്യുകയും അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുമ്പോൾ അതേ പ്രവൃത്തികൾ നടത്തി മലബാറിലെ മുസ്ലീംങ്ങളെ കബളിപ്പിക്കുന്ന തങ്ങളുമാരെ തൊടാൻ ആർക്കുണ്ട്‌ ധൈര്യം എന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ ചോദ്യം.

കോഴിക്കോടൻ ശൈലിയിൽ പറഞ്ഞാൽ 'ഓനാണാങ്കുട്ടി'.

തീർച്ചയായും ആര്യാടൻ ഷൗക്കത്ത്‌ ബഹുമാനവും കൃതജ്ഞതയും അർഹിക്കുന്നു. കാരണം ഇവിടത്തെ യുക്തിവാദികളും യുവമോർച്ചക്കാരും സംഘപരിവാർ ശിങ്കങ്ങളും മാർക്ക്സിസ്റ്റ്‌ വിപ്ലവകാരികളും വാലും ചുരുട്ടി കണ്ണടച്ചുനിന്ന്‌ ഇരുട്ടാക്കിയ ഒരു സത്യത്തിനുനേരെ വീശിയ വെളിച്ചമായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ വാക്കുകൾ.

പ്രവാചകന്റെ പിൻമുറക്കാരെന്ന്‌ അവകാശപ്പെട്ടാണ്‌ പാണക്കാട്‌ സയ്യിദ്‌ ശിഹാബ്‌ അലി തങ്ങളും കുടുംബാംഗങ്ങളും മലബാറിലെ മുസ്ലീംങ്ങളെയും മുസ്ലീം ലീഗിനെയും കൈയിലെടുത്ത്‌ കേരള രാഷ്ട്രീയത്തിലെ വിലപേശൽ ശക്തികളായി വിലസുന്നത്‌. മൂന്നാംകിട സിദ്ധന്മാർ നടത്തുന്ന ഓതലും ചരട്‌ ജപിച്ചുകെട്ടലും ഇവർ മുടക്കം കൂടാതെ നടത്തുന്നുണ്ട്‌. കുടപ്പനയ്ക്കൽ തറവാട്ടിൽ ഈ ആവശ്യവുമായി എത്തുന്നവരുടെ തിരക്കാണ്‌ ദിവസവും. കേരള രാഷ്ട്രീയത്തിൽ മുസ്ലീം ലീഗുമായി ബന്ധപ്പെട്ട്‌ പ്രശ്നങ്ങളുണ്ടാകുമ്പോൾ കുടപ്പനയ്ക്കൽ തറവാട്ടിൽവച്ചാണ്‌ അവയ്ക്ക്‌ പരിഹാരം കാണുന്നത്‌. ഈ ചർച്ചകൾ നടക്കുമ്പോഴും ശിഹാബ്‌ അലി തങ്ങളുടെ സഹോദരന്മാർ അടക്കമുള്ളവർ ആവശ്യവുമായെത്തുന്ന വിശ്വാസികൾക്ക്‌ ഓതിയും ചരട്‌ ജപിച്ചും നൽകുന്നത്‌ നിരവധിതവണ മാധ്യമപ്രവർത്തകർ കണ്ടിട്ടുള്ളതാണ്‌. സമ്പന്നരാണ്‌ കുടപ്പനയ്ക്കൽ തറവാട്ടുകാരെങ്കിലും ആത്മീയവും ഭൗതീകവുമായ പ്രശ്നങ്ങളുടെ പരിഹാരം തേടി ഓതിക്കാനെത്തുന്നവരുടെ പക്കൽനിന്ന്‌ കൃത്യമായി പണം ഇവർ എണ്ണി വാങ്ങാറുണ്ട്‌.

ഈ വസ്തുതകളെല്ലാം ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങൾക്കും മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകർക്കും വ്യക്തമായി അറിയാവുന്നതായിരുന്നു. എന്നിട്ടും ഈ ചൂഷണത്തെ, മുതലെടുപ്പിനെ എതിർക്കാൻ ഇവരിൽ ആരും ഇതുവരെ തയ്യാറായിട്ടില്ല.

അഞ്ചു തലമുറകൾക്കുമുൻപ്‌ യമനിൽനിന്നാണ്‌ മുഹമ്മദാലി ശിഹാബ്‌ തങ്ങളുടെ കുടുംബം കേരളത്തിലെത്തുന്നത്‌. വളപട്ടണത്തായിരുന്നു അവർ ആദ്യം എത്തിയത്‌. അവിടെനിന്ന്‌ കോഴിക്കോട്ടേക്കും പിന്നെ മലപ്പുറത്തേക്കും താമസം മാറ്റുകയായിരുന്നു. പ്രവാചകന്റെ പിന്മുറക്കാർ എന്ന്‌ ധരിപ്പിച്ച്‌ വിദ്യാവിഹീനരും വിശ്വാസികളുമായ മുസ്ലീംങ്ങളെ ഇക്കാലമത്രയും മുതലെടുത്ത്‌ വളർന്നുപന്തലിച്ച 'രാഷ്ട്രീയ ശക്തി'യാണ്‌ ഈ തങ്ങൾമാർ.

ഇതുപറയുമ്പോഴും പോയ തലമുറയിൽ രാഷ്ട്രസ്നേഹവും ദേശസ്നേഹവും വിറ്റുതുലയ്ക്കാതിരുന്ന സത്യസന്ധരും ഈ തായ്‌വഴിയിലുണ്ടായിരുന്നു. 1921ലെ കലാപകാലത്ത്‌ മുസ്ലീംങ്ങളുടെ രക്ഷകരായി മുന്നിൽനിന്നത്‌ ഈ തറവാട്ടിലെ കാരണവന്മാരായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ നേതാക്കന്മാരും സമുദായ പ്രമാണിമാരും സ്വാർത്ഥത്തിന്റെയും സമ്പത്ത്‌ സമാഹരണത്തിന്റെയും കുടിലശക്തികളായി മാറിയതിന്‌ സമാനമായ പരിണാമം കുടപ്പനയ്ക്കൽ തറവാട്ടിൽ സംഭവിച്ചു. ആ വഞ്ചന ഇന്നും തുടരുകയാണവർ.

പ്രവാചകന്റെ പിന്മുറക്കാരായി ആരും നിയോഗിക്കപ്പെട്ടിട്ടില്ല. അടിസ്ഥാനപരമായ ആ കള്ളപ്രചാരണത്തിലൂടെ മതപരവും രാഷ്ട്രീയവുമായ അധികാരം കവർന്നെടുത്ത്‌ മുസ്ലീം സമുദായത്തിന്റെ അവസാനത്തെ വാക്കാണ്‌ തങ്ങൾ എന്ന അഹന്തയിൽ രാഷ്ട്രീയ വിലപേശൽ നടത്തി വിലസുകയാണ്‌ ഈ തങ്ങൾമാർ. കുറ്റം പറയരുത്‌, ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാൻ പാണക്കാട്‌ മുഹമ്മദാലി ശിഹാബ്‌ തങ്ങൾ തയ്യാറായിട്ടില്ല. എങ്കിലും ഭരിക്കുന്നത്‌ യുഡിഎഫ്‌ ആയാലും എൽഡിഎഫ്‌ ആയാലും അധികാരത്തിന്റെയും നിയന്ത്രണത്തിന്റെയും ഒരു ചരട്‌ ശിഹാബ്‌ അലി തങ്ങളുടെ കൈയിലും സഹോദരന്മാരുടെ കൈയിലും മക്കളുടെ കൈയിലും എന്നുമുണ്ടായിരുന്നു; ഇന്നുമുണ്ട്‌.

അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബിയോടുകൂടി പ്രവാചക പരമ്പര അവസാനിക്കുമെന്ന്‌ ഖുറാൻ പറയുമ്പോഴാണ്‌ മലബാറിലെ മുസ്ലീംങ്ങൾ അടക്കമുള്ളവരെ തങ്ങൾ പ്രവാചകന്റെ പിന്മുറക്കാരാണെന്നും അതുകൊണ്ടുതന്നെ രാഷ്ട്രീയവും സാമുദായികവുമായ മേൽകൈയും നിയന്ത്രണവും തങ്ങൾക്കാണെന്നും ആത്മീയവും ഭൗതീകവുമായ രോഗങ്ങൾ ഭേദമാക്കാൻ തങ്ങൾക്ക്‌ കഴിവുണ്ടെന്നും ഇവർ പ്രചരിപ്പിക്കുന്നത്‌.

അതിജീവനത്തിനും നിലനിൽപ്പിനും വ്യക്തികളും സംഘടനകളും ഇത്തരം പ്രചാരണങ്ങൾ നടത്തുക സ്വാഭാവികം. എന്നാൽ ജനങ്ങളെ അന്ധവിശ്വാസത്തിൽനിന്നും അജ്ഞതയിൽനിന്നും എല്ലാവിധ മുതലെടുപ്പുകളിൽനിന്നും മോചിപ്പിക്കുകയാണ്‌ തങ്ങളുടെ ജന്മദൗത്യമെന്ന്‌ അവകാശപ്പെടുന്നവർ നൂറ്റാണ്ടുകളായി തങ്ങൾമാർ തുടർന്നുപോരുന്ന ഈ വഞ്ചനയ്ക്ക്‌ കൂട്ടുനിൽക്കുകയായിരുന്നു. അതുകൊണ്ടുതന്നെ തങ്ങൾമാരുടെ ഈ അപ്രമാദിത്തത്തിന്‌ ഉത്തരവാദികൾ ഇവിടത്തെ രാഷ്ട്രീയ പാർട്ടികളും യുക്തിവാദികളും സാംസ്ക്കാരിക സംഘടനകളും നായകന്മാരുമാണെന്ന്‌ ഞങ്ങൾ പറയും.

ഈ വിധേയത്വത്തിന്റെ ഏറ്റവും നാണംകെട്ട മുഖം 2005ൽ സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു. അന്ന്‌ വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട്‌ കേരള ടൂറിസം ഡിപ്പാർട്ട്മന്റ്‌ പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളുടെ പട്ടികയിൽ മലപ്പുറത്തെ കുടപ്പനയ്ക്കൽ തറവാടുണ്ടായിരുന്നു. ഒരു സർക്കാരിന്‌, ഒരു വ്യക്തിക്കു മുന്നിൽ എത്രമാത്രം ദാസ്യവേല ചെയ്യാമെന്നതിന്റെ ഏറ്റവും വികൃതമായ ഉദാഹരണമായിരുന്നു അത്‌.

തണ്ടെല്ല്‌ നിവർത്തി സത്യം പറയാൻ തയ്യാറില്ലാത്ത, ധൈര്യമില്ലാത്ത രാഷ്ട്രീയ നേതാക്കന്മാരും സാമുദായിക പ്രവർത്തകരും സാംസ്ക്കാരിക നായകന്മാരും ഉള്ള ഒരു സമൂഹം ഇത്തരത്തിൽ ദുഷിപ്പിക്കപ്പെട്ടില്ലെങ്കിൽ, തങ്ങൾമാരെപോലെയുള്ള കപടവിശുദ്ധന്മാരാൽ ചൂഷണം ചെയ്യപ്പെട്ടില്ലെങ്കിൽ അത്ഭുതപ്പെട്ടാൽ മതി.

ഈ കാപട്യത്തിനെതിരെ ശബ്ദിക്കാൻ സോളിഡാരിറ്റിക്കും സിമിക്കും കഴിയാതെപോകുമ്പോൾ തങ്ങൾമാർ എത്ര പ്രബലരാണെന്ന്‌ ഊഹിക്കുക.

ഇൻഷാ അള്ളാ...

Also see: "Even the newspapers are afraid of touching the Thangals"
(Vasthavam Team proved this statement -ve)

Wednesday, May 28, 2008

മനുവിനെ തോൽപ്പിച്ച 'ബേബി സ്മൃതികൾ'

"ശൂദ്രൻ വേദാധ്യായനം കേട്ടാൽ അവന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണം" എന്നായിരുന്നു, വിജ്ഞാനത്തെ ആയുധമാക്കി അധിനിവേശത്തിന്റെ തന്ത്രങ്ങൾ മെനഞ്ഞ വൈദീക ബ്രാഹ്മണ മേധാവിത്വത്തിന്റെ തുടർച്ചയ്ക്കായി മനു നിർദേശിച്ച 'സ്മൃതി'.

കാലം മാറി, ജനാധിപത്യം പുലർന്നു: വിജ്ഞാന വിസ്ഫോടനം ഊഹാതീതമായി - അതിപ്പോൾ നാനോ ടെക്നോളജിയിൽ എത്തിനിൽക്കുന്നു. ഈ കാലത്ത്‌, കേരളത്തിൽ, മനു പ്രതിനിധാനം ചെയ്ത വരേണ്യവർഗത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എം.എ. ബേബി എന്നൊരു നവീന മനു ജന്മം കൊള്ളുകയും വിദ്യാഭ്യാസ മന്ത്രിയായി അവരോധിക്കപ്പെടുകയും ചെയ്തു.

ഇ.എം.എസിനുശേഷമുള്ള മാർക്ക്സിസ്റ്റ്‌ സൈദ്ധാന്തികനെന്നും 1957ലെ വിദ്യാഭ്യാസ ബില്ലിലൂടെ വിശ്രുതനായ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ്‌ മുണ്ടശേരിയുടെ 'രണ്ടാം ജന്മമെന്നും' അഹങ്കരിക്കുന്ന എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായതോടെയാണ്‌, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വിദ്യാഭ്യാസ വാണിക്കുകൾക്ക്‌ തീറെഴുതി കൊടുക്കേണ്ടിവന്നത്‌. ആരംഭശൂരത്തവും അനുപമമായ വിഡ്ഢിത്തവും കൈമുതലാക്കി എം.എ. ബേബി അവതരിപ്പിച്ച 2006ലെ സ്വാശ്രയ വിദ്യാഭ്യാസ ബില്ലാണ്‌, ഉന്നത വിദ്യാഭ്യാസ മേഖല അപ്പാടെ കൈയടക്കാൻ സ്വകാര്യ മാനേജ്മെന്റുകൾക്ക്‌ നിയമപരമായ സാഹചര്യം ഒരുക്കിക്കൊടുത്തത്‌. നിയമസഭയിൽ അവതരിപ്പിക്കുന്നതിനുമുൻപ്‌ ബില്ലിന്റെ കരട്‌ രൂപം അരമനകളിൽ എത്തിച്ച്‌, സ്വകാര്യ മാനേജ്മെന്റുകൾക്ക്‌ ആക്രമണത്തിനും പ്രതിരോധത്തിനുമുള്ള ആയുധങ്ങൾ എത്തിച്ചുനൽകിയത്‌ ബേബിയായിരുന്നു. പുരോഹിതവർഗത്തോട്‌ ബേബി കാണിച്ച ഈ പ്രതിബദ്ധതയുടെ നൂറിലൊരംശം നിയമസഭയോടൊ സമാജികരോടോ കേരളത്തിലെ സാധാരണക്കാരും ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവരുമായ ജനങ്ങളോടോ പുലർത്തിയിരുന്നെങ്കിൽ ബേബി അവതരിപ്പിച്ച ബില്ല്‌, പഴുതുകളില്ലാതെ ഐകകണ്ഠ്യേന നിയമസഭയിൽ പാസാക്കിയെടുക്കാമായിരുന്നു. എന്നാൽ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പ്രതിനിധി എന്ന്‌ അവകാശപ്പെടുന്ന ആ മാന്യസഖാവ്‌ നടത്തിയത്‌ കാലം ഒരിക്കലും ക്ഷമിക്കാത്ത കൊടിയ വഞ്ചനയാണ്‌.

ആ വഞ്ചനയുടെ തുടർച്ചയാണ്‌ കഴിഞ്ഞ വർഷം, സർക്കാരുമായി ധാരണയുണ്ടാക്കിയ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എംബിബിഎസ്‌ പ്രവേശനവുമായി ബന്ധപ്പെട്ടു നടത്തിയ ക്രമക്കേടുകൾ.

നിശ്ചിത യോഗ്യതാ മാർക്കില്ലാത്ത പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്ക്‌ പ്രവേശനം നൽകാൻ, എല്ലാ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചാണ്‌ മന്ത്രിസഭ തീരുമാനമെടുത്തത്‌.

ഇത്തരമൊരു തീരുമാനമെടുക്കാൻ സർക്കാരിന്‌ അധികാരമില്ലെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഈ അട്ടിമറി. ഈ തീരുമാനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന അനുകൂല സാഹചര്യം സ്വാശ്രയ മെഡിക്കൽ കോളേജ്‌ മാനേജ്മെന്റുകൾ ദുരുപയോഗം ചെയ്യുമെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു സർക്കാർ മുന്നോട്ടുപോയത്‌. സർക്കാരുമായി ധാരണയുണ്ടാക്കിയവരെ സഹായിക്കാൻ മന്ത്രി ബേബിയും ബന്ധപ്പെട്ടവരും ക്രമക്കേടിന്‌ കൂട്ടുനിൽക്കുകയായിരുന്നുവെന്ന്‌ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ വ്യക്തമാക്കുന്നു. പ്രവേശന പരീക്ഷയിൽ 40 ശതമാനം പോലും മാർക്ക്‌ ലഭിക്കാത്തവർക്കും, മെഡിക്കൽ കൗൺസിലിന്റെ നിബന്ധന ലംഘിച്ച്‌ മാനേജ്മെന്റുകൾ പ്രവേശനം നൽകി. എംബിബിഎസിന്‌ 20 കുട്ടികൾക്കും ബിഡിഎസിന്‌ 9 കുട്ടികൾക്കുമാണ്‌ ഇങ്ങനെ ഇളവ്‌ നൽകിയത്‌. മെഡിക്കൽ കൗൺസിൽ ഓഫ്‌ ഇന്ത്യയുടെ അംഗീകാരമില്ലാതെ ഇത്തരത്തിലൊരു ഇളവ്‌ നൽകിയതിന്റെ ഉത്തരവാദിത്തം ആദ്യം എം.എ. ബേബിക്കും പിന്നെ മന്ത്രിസഭയ്ക്കുമാണ്‌.

സർക്കാരുമായി ധാരണയിലേർപ്പെടാത്ത ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെട്ട മെഡിക്കൽ മാനേജ്മെന്റുകളെ പാഠം പഠിപ്പിക്കാനുള്ള എം.എ. ബേബിയുടെയും സർക്കാരിൽ ചിലരുടെയും അഹന്തയാണ്‌ ഇത്തരത്തിലൊരു തീരുമാനത്തിനുപിന്നിലെന്ന്‌ ആരോപിക്കാതിരിക്കാൻ തരമില്ല. മാനേജ്മെന്റുകളെ ഭിന്നിപ്പിച്ച്‌, കോടതികളിൽനിന്നേറ്റ തിരിച്ചടികൾക്ക്‌ പകരം നൽകുകയായിരുന്നു മന്ത്രിയും കൂട്ടരും. ഇതിലൂടെ, പ്രൊഫഷണൽ കോളേജ്‌ പ്രവേശനത്തിലെ ക്രമക്കേടുകളില്ലാതാക്കാൻ നിയമിച്ച ജസ്റ്റിസ്‌ പി.എ. മുഹമ്മദ്‌ കമ്മിറ്റിയേയും അധിക്ഷേപിക്കുകയും അവഹേളിക്കുകയുമായിരുന്നു എം.എ. ബേബി.

മാനേജ്മെന്റ്‌ ക്വാട്ടയിൽ കൂടുതൽ പണം വാങ്ങി തങ്ങൾക്ക്‌ ഇഷ്ടപ്പെട്ടവരെയും യോഗ്യതാ മാർക്ക്‌ ലഭിക്കാത്തവരെയും പ്രവേശിപ്പിച്ച്‌ ക്രമക്കേട്‌ കാണിച്ചാലും, സർക്കാരുമായി കരാറിൽ ഒപ്പിട്ടതിന്റെ ബലത്തിൽ തങ്ങൾക്കെതിരെ നടപടിയുണ്ടാകുകയില്ല എന്ന അഹന്ത ഈ മാനേജ്മെന്റുകൾക്കുമുണ്ടായിരുന്നു. അതുതന്നെയാണ്‌ ഇപ്പോൾ സംഭവിച്ചിട്ടുള്ളതും. നിയമനടപടികളിൽ നിന്ന്‌ രക്ഷപ്പെടാൻ, യോഗ്യതാ മാർക്കില്ലാതെ പ്രവേശിപ്പിച്ച വിദ്യാർത്ഥികളെ പുറത്താക്കി മുഖം രക്ഷിക്കാനാണ്‌ അഴിമതി കാണിച്ച മാനേജ്മെന്റുകളുടെ തീരുമാനം. എയ്ഡഡ്‌ വിദ്യാഭ്യാസമേഖലയിലും സ്വാശ്രയമേഖലയിലും ന്യൂനപക്ഷ മാനേജ്മെന്റുകൾ അഴിമതി നടത്തുന്നത്‌ തടയാൻ നിയമം കൊണ്ടുവന്ന ബേബി തന്നെയാണ്‌ യോഗ്യതയില്ലാത്തവരെ പ്രവേശിപ്പിക്കാൻ ഒത്താശ ചെയ്തു കൊടുത്തതെന്ന്‌ തിരിച്ചറിയണം. അംഗീകാരം നഷ്ടപ്പെടുന്നത്‌ ഉൾപ്പെടെയുള്ള നിയമനടപടികളാണ്‌ ക്രമക്കേട്‌ കാട്ടിയ മാനേജ്മെന്റുകളെ കാത്തിരിക്കുന്നത്‌. കാരക്കോണം മെഡിക്കൽ കോളേജ്‌ തിരുവനന്തപുരം, കരുണ പാലക്കാട്‌, കണ്ണൂർ സഹകരണ മെഡിക്കൽ കോളേജ്‌, ശ്രീ ഗോകുലം തിരുവനന്തപുരം, എസ്‌.യു.ടി. തിരുവനന്തപുരം, എംഇഎസ്‌ മെഡിക്കൽ കോളേജ്‌ എന്നിവയാണ്‌ സർക്കാരുമായി കരാറുണ്ടാക്കിയത്‌. ഈ കോളേജുകളിൽ അനധികൃതമായി നടത്തിയ പ്രവേശനങ്ങളുടെ രേഖ മെഡിക്കൽ കൗൺസിൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതിനുശേഷമായിരിക്കും നടപടിയുണ്ടാകുക.

ഇതിനിടെ തങ്ങളെ വഞ്ചിച്ചുവെന്നാരോപിച്ച്‌ ചില വിദ്യാർത്ഥികൾ മെഡിക്കൽ കോളേജുകൾക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

അടുത്ത വർഷത്തേക്കുള്ള പ്രവേശനത്തിന്റെ കൗൺസലിംഗ്‌ തുടങ്ങാനിരിക്കെ വീണ്ടും ഉന്നത വിദ്യാഭ്യാസ മേഖല നിയമക്കുരുക്കിൽപെട്ടിരിക്കുകയാണ്‌. കഷ്ടപ്പെട്ട്‌ പഠിച്ച്‌ എൻട്രൻസ്‌ എക്സാമിനേഷനിൽ മികച്ച റാങ്കുവാങ്ങി വിജയിച്ച സാധാരണ കുടുംബങ്ങളിലെ വിദ്യാർത്ഥികളാണ്‌ ഇത്തവണയും വഞ്ചിക്കപ്പെടാൻ പോകുന്നത്‌. ഇതിനുതക്കവണ്ണം തങ്ങൾ ബേബിയോടും ഇടതുപക്ഷ സർക്കാരിനോടും എന്തു തെറ്റാണ്‌ ചെയ്തതെന്നാണ്‌ ഈ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും ചോദിക്കുന്നത്‌.

ബേബിയുടെ അവസരവാദപരമായ ഈ നിലപാടുമൂലം കഴിഞ്ഞ വർഷത്തേക്കാളും വലിയതോതിൽ ക്രമക്കേട്‌ നടക്കാനുള്ള സാധ്യതയും ഈ വർഷം തെളിഞ്ഞിട്ടുണ്ട്‌. ഇക്കൊല്ലം കേരളത്തിലെ മെഡിക്കൽ, ദന്തൽ കോളേജുകളിൽ എല്ലാ സീറ്റിലും മതിയായ യോഗ്യതയുള്ളവരെ ലഭിക്കാൻ സാധ്യതയില്ല. എംബിബിഎസിനും ബിഡിഎസിനുമായി സംസ്ഥാനത്ത്‌ 2810 സീറ്റുണ്ട്‌. എന്നാൽ പ്രവേശന പരീക്ഷയിൽ 50 ശതമാനം മാർക്കുനേടിയ 2880 കുട്ടികളേയുള്ളൂ. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന്‌ 40 ശതമാനം മാർക്ക്‌ മതി എന്നതിനാൽ 5031-ാ‍ം റാങ്കുകാരനായ പട്ടികവിഭാഗക്കാരനുവരെ പ്രവേശനം ലഭിക്കാം. റാങ്ക്‌ പട്ടികയിലുള്ളവരിൽ കുറച്ചുപേരെങ്കിലും മറ്റ്‌ സംസ്ഥാനങ്ങളിൽ പ്രവേശനം നേടുമെന്നതിനാൽ ഇവിടെ ആവശ്യത്തിന്‌ വിദ്യാർത്ഥികളെ ലഭിക്കാൻ ഇടയില്ല. അപ്പോൾപോലും അർഹരായവർക്ക്‌ സീറ്റ്‌ ലഭിക്കാതിരിക്കാനും അനർഹർക്ക്‌ പ്രവേശനം ലഭിക്കാനുമുള്ള പിൻവാതിലുകളാണ്‌ എം.എ. ബേബിയും ബന്ധപ്പെട്ടവരും തുറന്നിട്ടിട്ടുള്ളത്‌.

അഹന്തമൂത്ത ഒരു മന്ത്രി ഒരു സംസ്ഥാനത്തുണ്ടായാൽ അവിടുത്തെ വിജ്ഞാനദാഹികളായ നിസ്വവിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും എങ്ങനെയെല്ലാം അധിക്ഷേപിക്കപ്പെടുമെന്നതിന്റെ തെളിവുകളാണ്‌ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

ബാലശാപത്തിൽനിന്ന്‌ രക്ഷനേടാൻ ഈശ്വരനുപോലും കഴിയുകയില്ലാ എന്നിരിക്കെ ഈ ശാപത്തിൽനിന്നെല്ലാം മുക്തിനേടാൻ ബേബിക്ക്‌ എത്ര ജന്മം വേണ്ടിവരും..!

കുറുന്തോട്ടിക്കുവേണം വാതനിർമാർജന നിയമം!

നിയമമുണ്ടാക്കുന്നതെന്തിനുവേണ്ടിയാണ്‌? പാലിക്കാൻ വേണ്ടിയാണെന്നാവും ഉത്തരം. ലംഘിക്കാൻ വേണ്ടിയാണെന്നാവും അനുഭവം. കേരളത്തിൽ വ്യാപകമായിരിക്കുന്ന കള്ളദൈവ - അന്തവിശ്വാസ - ചൂഷണത്തിനെതിരെ പോരാടുന്നവരായ യുക്തിവാദികൾക്കും ഇക്കാര്യം അറിയാതെ പോവില്ല.

എന്നാൽ കേരളത്തിൽ വ്യാപകമാകുന്ന ആത്മീയ ചൂഷണ വ്യവസായത്തിനു തടയിടാൻ 'അന്ധവിശ്വാസ നിർമാർജന' നിയമം ഉണ്ടാക്കണമെന്നാണ്‌ കേരള യുക്തിവാദി സംഘം ആവശ്യപ്പെട്ടിരിക്കുന്നത്‌.

യുക്തിവാദികൾ ദൈവമില്ലാ ദൈവമില്ലാന്നു നാടുനീളെ പ്രസംഗിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു. പവനൻ ഉൾപ്പെടെയുള്ളവർ അന്ധവിശ്വാസങ്ങൾക്കെതിരെ പടവെട്ടി ക്രൂരമർദ്ദനങ്ങളേറ്റ ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത്‌ കമ്യൂണിസ്റ്റുകാർ യുക്തിവാദികൾ കൂടിയായിരുന്നു. അക്കാലത്ത്‌ കേരളത്തിലിത്രയും ആത്മീയ ചൂഷണ വ്യവസായങ്ങൾ നിലനിന്നിരുന്നുമില്ല.

കുറുന്തോട്ടിക്കു വാതം പിടിപെട്ടുവെന്നു പറയും പോലെ യുക്തിവാദികൾ, കമ്യൂണിസ്റ്റുകൾ, ഈശ്വരവിശ്വാസികൾ എന്നീ വിഭാഗങ്ങൾക്ക്‌ യഥാക്രമം യുക്തി, ഭൗതികവാദം, സത്യവിശ്വാസം എന്നീ സംഗതികൾ നഷ്ടപ്പെട്ടുപോയിടത്തു നിന്നാണ്‌ സത്യസായി മുതൽ അമ്മയും പെങ്ങളും തങ്കുവും സന്തോഷ്‌ മാധവനും ഇന്നലെ കിണറ്റിൽ ചാടിച്ചത്ത സെൽവരാജ്‌ സ്വാമിവരെയുള്ളവരുടെ ചൂഷണാശ്രമങ്ങൾക്ക്‌ പ്രചാരമുണ്ടായത്‌.

കേരളശബ്ദത്തിൽ എം.ആർ. അജയൻ എന്ന പത്രപ്രവർത്തകൻ പുറത്തുവിട്ട റിപ്പോർട്ടാണ്‌, ഏതെങ്കിലും യുക്തിവാദിയുടെയോ ഡിവൈഎഫ്‌ഐക്കാരന്റെയോ യുക്തിബോധമല്ല, ഇപ്പോൾ നടക്കുന്ന രണ്ടാം നവോത്ഥാന പ്രസ്ഥാനത്തിനു തുടക്കമിട്ടത്‌.

യുക്തിവാദികൾ കണ്ടുപിടിക്കേണ്ട പ്രധാന സംഗതി മകരവിളക്കല്ല. പിന്നെയോ;

ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളിൽ നടക്കുന്ന സാമ്രാജ്യത്വ അധിനിവേശം.

അതിനെതിരെ ജനവികാരം ഉയരാതിരിക്കാനുള്ള ആസൂത്രിതമായ വിനോദ, ആത്മീയ വ്യവസായങ്ങൾ.
ജനമുന്നേറ്റങ്ങൾക്ക്‌ വിദേശ സഹായമെത്തിച്ച്‌ സംഘടനകളെ ആന്തരികമായി തകർക്കുന്ന ഗൂഢനീക്കങ്ങൾ.

സ്ത്രീകളും ബാലികാ ബാലന്മാരും പ്രകൃതിയും തകർത്തെറിയപ്പെടുന്ന ടൂറിസം വ്യവസായം.

ടീവിയും ഇന്റർനെറ്റും ആവിഷ്ക്കരിക്കുന്ന സാംസ്ക്കാരിക വൈവിധ്യങ്ങളുടെ നശീകരണം.

അങ്ങനെയങ്ങനെ നൂറുകൂട്ടം കാര്യങ്ങളിൽ യുക്തികൊണ്ട്‌ മനുഷ്യരെ പോരാട്ട സജ്ജരാക്കേണ്ട ഒരു പ്രസ്ഥാനം മദ്യവർജന നിർമാർജനം എന്നൊക്കെ പറയുംപോലൊരു തമാശയും കൊണ്ടുവരുമ്പോൾ വീണ്ടും കുറുന്തോട്ടിക്കു വാതം വന്നാലത്തെ സ്ഥിതിയെന്താവും എന്ന പഴമൊഴിതന്നെ ഓർമയിലെത്തുന്നു!

Tuesday, May 27, 2008

ആര്യാടനാരാ മോൻ?

അറുത്ത കൈക്ക്‌ ഉപ്പുതേക്കാത്ത അറുപിശുക്കന്‌ ദാനശീലൻ എന്നും, കണ്ടാൽ പേടിയാവുന്ന ക്രൂരമുഖക്കാരന്‌ സുന്ദരനെന്നും, പെണ്ണൊരുത്തിക്കു സുശീലയെന്നും ഒക്കെ പേരുള്ളൊരു നാട്ടിൽ തീരെ ഐക്യമില്ലാത്തൊരു മുന്നണിക്ക്‌ ഐക്യജനാധിപത്യമുന്നണിയെന്ന പേരുതന്നെ ഉചിതം!

സാധാരണഗതിയിൽ ഭരണം കൈയിൽ വരുമ്പോഴാണ്‌ ഐക്യമുന്നണിയിലെ ഐക്യം ഉഷാറാവുന്നത്‌. അന്നേരം മുഖ്യകക്ഷിയായ കോൺഗ്രസ്‌ പതിനാറു ഗ്രൂപ്പുകളായി തിരിഞ്ഞ്‌ ഘോരഘോരം പോരാടും. മാണിയും പിള്ളയും ജേക്കബും തങ്ങളിൽ തങ്ങളിൽ പോരാടും.

ഭരണം പോയാൽ പിന്നെ നാലഞ്ചുകൊല്ലം എല്ലാവരും ഒറ്റക്കെട്ടായി എൽഡിഎഫിനെതിരെ കുശുമ്പും കുന്നായ്മയും കൊതിക്കെറുവുമായി അലഞ്ഞു നടക്കും.

ചെന്നിനായകം പ്രസിഡന്റായി വാഴുന്ന കാലത്ത്‌ കോൺഗ്രസിൽ ഗ്രൂപ്പുകളിച്ചിട്ടൊന്നും വലിയ കാര്യമില്ലെന്ന്‌ പ്രമുഖ കളിക്കാർക്കെല്ലാമറിയാം. സംഗതി ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന സ്ഥിതിയിലാണെന്നു സാരം!

കാര്യങ്ങളുടെ കിടപ്പ്‌ ഇവ്വിധമാണെന്നാലും ആര്യാടൻ ആരാ മോൻ! പുള്ളി ജന്മം കൊണ്ടു മുസ്ലീമാണെങ്കിലും കർമം കൊണ്ട്‌ മുസ്ലീം ലീഗല്ല!

കോൺഗ്രസിലാണെങ്കിൽ ആളൊരു ധീരവീര പരാക്രമി. വെറുതെ കേറി മുട്ടാമെന്നു വിചാരിച്ചാൽ നടക്കില്ല; കൈപൊള്ളും!

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുൻപ്‌ ആര്യാടനൊരു അറിയിപ്പുവെടിവച്ചു. ലീഗിന്റെ എല്ലാമെല്ലാമായ പാണക്കാട്ടു തങ്ങൾക്കിട്ടായിരുന്നു ആ വെടി. തങ്ങൾ സകല മുസ്ലീംങ്ങളുടെയും നേതാവൊന്നുമല്ല ലീഗുകാരുടെ നേതാവുമാത്രമാണെന്നായിരുന്നു ആ വെടി!

ലീഗുകാരു വെറുതെയിരിക്കുമോ? ആര്യാടനെ അങ്ങനെ ചെയ്യൂ ഇങ്ങനെ ചെയ്യൂ എന്നും പറഞ്ഞ്‌ കുഞ്ഞാലിയും കൂട്ടരും കുറെ പയറ്റി. ആര്യാടൻ ആരാ മോൻ!

ഒന്നും നടന്നില്ല. ലീഗിന്‌ എട്ടിന്റെ പണിയും കിട്ടി.

വേനൽ മഴയൊതുങ്ങി നാടുണർന്ന നേരം നോക്കി ആര്യാടൻ വീണ്ടും വെടിമുഴക്കിയിരിക്കുന്നു. കൂടെ മോൻ ഷൗക്കത്തും രണ്ടു വെടി മുഴക്കിയിട്ടുണ്ട്‌. വാപ്പാടെ മോനല്ലേ, മോശം വരുമോ? ആര്യാടനും മോനും ചോദിക്കുന്നതൊക്കെയും ന്യായം.

കുഞ്ഞാലിയും കൂട്ടരും ആര്യാടനെ അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നു പറഞ്ഞു തീക്കൊള്ളി കൊണ്ടുനടക്കുന്നു!

ആര്യാടനെ തൊടാൻ ധൈര്യമുള്ള ഒരുവനുമില്ല കോൺഗ്രസിൽ. ആര്യാടനെ സോണിയാമ്മയ്ക്കെന്തു ചെയ്യാൻ പറ്റും. വയലാർ രവി വന്നു ഒന്നുരണ്ടു വർത്തമാനം പറഞ്ഞിരുന്നു വെറും കയ്യോടെ പോയതുകണ്ടില്ലേ. കൂടിയാൽ മൊഹ്സിനാ കിഡ്വായിയെ ഇങ്ങോട്ടയച്ച്‌ ഒന്നും രണ്ടും വർത്താനം പറയിക്കാൻ മാത്രമേ സോണിയാമ്മയ്ക്കു പറ്റൂ! അല്ലെങ്കിൽതന്നെ കർണാടകം കൂടി പോയതോടെ സകല പിടിയും വിട്ടിരിക്കുന്ന സോണിയാമ്മയ്ക്ക്‌ ആര്യാടനും കുഞ്ഞാലിയുമൊന്നും വല്യ സീരിയസ്‌ പ്രശ്നങ്ങളാണോ?

ഫലത്തിൽ ഈ കളിയിലും ആര്യാടൻ തന്നെ ജയിക്കും!

റംലയെ കൊന്നത്‌ പി.കെ. ശ്രീമതി അറിഞ്ഞില്ല

ആശുപത്രി കോൾ ഡ്യൂട്ടിക്കിടയിൽ ചേർത്തല ഗവ. താലൂക്ക്‌ ആശുപത്രിയിലെ രണ്ടാം ഗ്രേഡ്‌ അറ്റൻഡർ എം.എം. റംല (37) വാഹനാപകടത്തിൽ മരിച്ചിട്ടും, റംലയുടെ ജീവനെടുക്കാനുണ്ടായ തൊഴിൽ സാഹചര്യത്തെക്കുറിച്ച്‌ ചർച്ച ചെയ്യാനോ അതിൽ മാറ്റംവരുത്താനോ ആരോഗ്യമന്ത്രിയും കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ്‌ അസോസിയേഷനോ ബന്ധപ്പെട്ട മറ്റുള്ളവരോ തയ്യാറാകാത്തതിൽ ഞങ്ങൾക്ക്‌ അത്ഭുതം തോന്നുകയാണ്‌.

മനുഷ്യജീവൻ രക്ഷിക്കാനും വ്യക്തിയുടെ ആരോഗ്യം സംരക്ഷിക്കാനുമാണ്‌ ആരോഗ്യവകുപ്പും ആതുരസേവനമേഖലയും പ്രവർത്തിക്കുന്നതെന്നാണ്‌ ഞങ്ങളുടെ ധാരണ. എന്നാൽ പലപ്പോഴും വ്യക്തിപരമായ ലാഭത്തിനും മുതലെടുപ്പിനും കൈക്കൂലിക്കും പീഡനത്തിനും മറയായിട്ടാണ്‌ ഈ സേവനമേഖലയെ, ഇതുമായി ബന്ധപ്പെട്ടിട്ടുള്ളവർ ഉപയോഗിക്കുന്നത്‌. ചെയ്യുന്ന തൊഴിലിന്‌ അനുസൃതമായ ശമ്പളം ലഭിക്കുന്നില്ല എന്നു പറഞ്ഞ്‌ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ്‌ അസോസിയേഷൻ സർക്കാരിനെയും പൊതുജനങ്ങളേയും മുൾമുനയിൽ നിർത്തിയിട്ട്‌ ദിവസങ്ങളായിട്ടില്ല. ഈ സമരത്തിരക്കിനിടയിലായിരുന്നു തന്റെ ഡ്യൂട്ടി നിർവഹിക്കാൻ തയ്യാറായ റംല വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്‌.

അടിയന്തര സാഹചര്യത്തിൽ, ഡോക്ടർ ആശുപത്രിയിൽ ഇല്ലായെങ്കിൽ (പ്രത്യേകിച്ച്‌ രാത്രികാലങ്ങളിൽ) ഡോക്ടർ സേവനം ആവശ്യമായിവരുമ്പോൾ കോൾ രജിസ്റ്ററിൽ ഡ്യൂട്ടി ഡോക്ടർ (ആർഎംഒ) ഒപ്പിട്ട്‌, ആശുപത്രി ജീവനക്കാർ രജിസ്റ്ററുമായി ഡോക്ടറുടെ വീട്ടിൽചെന്ന്‌ ഒപ്പിടുവിച്ച്‌ ഡോക്ടറെയും കൂട്ടി ആശുപത്രിയിലെത്തണം എന്നതാണ്‌ നിലവിലുള്ള ചട്ടം.

ചേർത്തല ഗവ. താലൂക്ക്‌ ആശുപത്രിയിൽ ഒരു ഗർഭിണിക്ക്‌ അടിയന്തര ശസ്ത്രക്രിയ ആവശ്യമായിവന്നപ്പോൾ അനസ്തിസ്റ്റിൻ വിളിക്കാൻ രോഗിയുടെ ബന്ധുവിനോടൊപ്പം, പട്ടണക്കാടുള്ള ഡോക്ടറുടെ വീട്ടിലേക്ക്‌ ഓട്ടോറിക്ഷയിൽ പോകുമ്പോഴുണ്ടായ അപകടത്തിലാണ്‌ റംല കൊല്ലപ്പെട്ടത്‌. ദേശീയപാതയിൽ ഒറ്റപ്പുന്നയ്ക്ക്‌ സമീപമായിരുന്നു ദുരന്തം. ഓട്ടോയിൽ എതിരെവന്ന സൂപ്പർഫാസ്റ്റ്‌ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ റംല മരിച്ചു.

രാത്രികാലങ്ങളിൽ വിദഗ്ധ ഡോക്ടറുടെ സേവനം രോഗികൾക്ക്‌ ആവശ്യമായിവന്നാൽ രോഗികളുടെ ബന്ധുക്കളും ആശുപത്രിയിലെ കോൾ ഡ്യൂട്ടിക്കാരും വാഹനവുമായിചെന്ന്‌ ഡോക്ടറെ കൂട്ടിക്കൊണ്ടുവരണമെന്ന കിരാത നിയമത്തിന്റെ ഇരയാണ്‌ റംല. വാഹനത്തിലെത്തിയ ഡോക്ടറെ കൊണ്ടുവരുന്നതിന്റെ പത്തിലൊന്നുസമയം മതി ഒരു ഫോൺവിളിയിലൂടെ വിവരം ഡോക്ടറെ അറിയിച്ച്‌ ആശുപത്രിയിലെത്തിക്കാൻ. എന്നാൽ നിലവിലുള്ള ചട്ടം അതിന്‌ അനുവദിക്കുന്നില്ല. അതുകൊണ്ട്‌ ഇത്തരത്തിൽ പലർക്കും പലപ്പോഴും ഡോക്ടറെ തേടിപോകേണ്ടിവരുന്നു. അന്നൊന്നും അവർക്കാർക്കും അപകടം പിണയാത്തതുകൊണ്ടോ അല്ലെങ്കിൽ അക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യാത്തതുകൊണ്ടോ പൊതുജനം അറിഞ്ഞില്ലെന്നുമാത്രം.

ഡോക്ടർമാർക്ക്‌ അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ സംഘടനയുണ്ട്‌. വിലപേശൽ തന്ത്രങ്ങളുണ്ട്‌. ആശുപത്രി ജീവനക്കാർക്കും സംഘടനകളുണ്ട്‌. ഈ സംഘടനകളെ നിയന്ത്രിക്കാൻ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരുമുണ്ട്‌. എന്നിട്ടും അവർക്കാർക്കും നിലവിലിരിക്കുന്ന ഈ മാരണചട്ടം മാറ്റണമെന്ന്‌ ചിന്തിക്കാൻ ഇതുവരെ കഴിയാതെ പോയെങ്കിൽ അതിനുപിന്നിൽ മറ്റുചില ലാഭചിന്തകളുണ്ട്‌. അത്‌ കേരളത്തിലെ സർക്കാർ ആശുപത്രികളുമായി ബന്ധപ്പെട്ട്‌ ആരോപിക്കപ്പെടുന്ന കൈക്കൂലിതന്നെയാണ്‌. ഡോക്ടറെ വിളിക്കാൻ പോകുന്നതിനും ഡോക്ടറെ കൂട്ടിക്കൊണ്ടുവരുന്നതിനും ഓരോ ആശുപത്രിയിലും പ്രത്യേക റേറ്റ്‌ തന്നെയാണ്‌ നിലവിലുള്ളത്‌. ഈ തുക പോക്കറ്റിലാക്കാൻ ജീവനക്കാരും ഡോക്ടർമാരും തയ്യാറാകുമ്പോൾ നിലവിലുള്ള ചട്ടങ്ങളുടെ അനാശാസ്യതയും അപകടവും ഒന്നും ഇവർക്ക്‌ പ്രശ്നമാകുന്നില്ല. എന്നാൽ റംലയെപോലുള്ളവർ പൊതുവീഥിയിൽ പിടഞ്ഞുമരിച്ചിട്ടും ഈ ചട്ടത്തിനു ഭേദഗതിവരുത്തണമെന്ന ആവശ്യം ഇതുവരെ ആരും ഉയർത്താതിരുന്നതാണ്‌ ഖേദകരമായ വസ്തുത.

മറ്റൊരു ചട്ടവും ഇവിടെ ലംഘിക്കപ്പെട്ടിട്ടുണ്ട്‌. അത്‌ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ബാധകമായതാണ്‌. ജോലിസ്ഥലത്തിന്‌ തൊട്ടടുത്തുതന്നെ താമസിക്കണം എന്നതാണത്‌. എന്നാൽ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ജോലിചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും മറ്റ്‌ സ്റ്റാഫും ഈ ചട്ടം പാലിക്കുന്നില്ല എന്നതാണ്‌ പ്രതിഷേധാർഹമായ കുറ്റം. സർവീസ്‌ ചട്ടങ്ങൾ ലംഘിക്കുന്നത്‌ ശിക്ഷാർഹമായ കുറ്റമാണെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ ഇവരെല്ലാം ഇങ്ങനെ പെരുമാറുന്നത്‌. ഏതാനും 100 രൂപ നോട്ടുകൾ കൈക്കൂലിയായി ലഭിച്ചാൽ ഏതു ചട്ടവും കാറ്റിൽപറത്താമെന്ന കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ അഹന്തകൂടിയാണ്‌ റംലയുടെ മരണത്തിനുപിന്നിലുള്ളത്‌. ഇക്കാര്യമൊന്നും ആരോഗ്യമന്ത്രി പി.കെ. ശ്രീമതി അറിഞ്ഞില്ലെന്നും ശ്രദ്ധിച്ചില്ലെന്നും പറയുമ്പോൾ അവർ കൈകാര്യം ചെയ്യുന്ന വകുപ്പിനോടും ആ വകുപ്പുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന്‌ ജനങ്ങളോടുമുള്ള അവഗണനയും അവഹേളനവുമാണ്‌ അവർ പ്രകടമാക്കുന്നത്‌.

കണ്ണിൽചോരയില്ലാത്ത ഇത്തരം നിലപാടുകൾക്ക്‌ ഇരയാകേണ്ടിവരുന്നത്‌ റംലയെപ്പോലെയുള്ള സാധുക്കളാണ്‌. എന്നാലും നമ്മുടെ സഖാക്കളുടെ കണ്ണു തുറക്കുകയില്ല എന്നതാണ്‌ വേദനാജനകമായ വാസ്തവം.

Monday, May 26, 2008

ബോംബ്‌ സ്ഫോടനംപോലെ വ്യാജരേഖാ വാർത്ത


അധികാരത്തിന്റെ കൗശലങ്ങൾ, കുതന്ത്രങ്ങൾ: എ.കെ. ആന്റണി, കെ. കരുണാകരൻ, പത്മജാ വേണുഗോപാൽ

ടൈറ്റസ്‌ കെ. വിളയിൽ
പശ്ചാത്തലം 1 - സാമ്പത്തികം: ആറു വർഷം മുൻപ്‌ കേരളത്തെ ഞെട്ടിച്ച 336 കോടി രൂപയുടെ ഹവാല ഇടപാടിനെക്കുറിച്ച്‌ റിസർവ്വ്‌ ബാങ്കിന്റെ റിപ്പോർട്ട്‌. കോയമ്പത്തൂർ കേന്ദ്രമാക്കി 'വ്യവസായം നടത്തുന്ന' ഒരു സുരേന്ദ്രനാണ്‌ ഈ ഹവാല ഇടപാടിന്റെ ഇന്ത്യയിലെ കണ്ണിയെന്നും മുന്നറിയിപ്പ്‌. ഉത്തരകേരളത്തിലാണ്‌ ഈ പണത്തിൽ സിംഹഭാഗവും കൈമാറിയിട്ടുള്ളത്‌. മുസ്ലീം തീവ്രവാദി സംഘടനകൾ, മുസ്ലീം ലീഗ്‌ നേതാക്കൾ, കോൺഗ്രസ്‌ നേതാക്കൾ എന്നിവർക്ക്‌ ഈ ഹവാല ഇടപാടിൽ പങ്കുണ്ടെന്ന്‌ മാധ്യമ റിപ്പോർട്ടുകൾ.

പശ്ചാത്തലം 2 - രാഷ്ട്രീയം: നായനാർ സർക്കാരിനുശേഷം 100 സീറ്റുനേടി എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തി ഒന്നര വർഷം പൂർത്തിയാകും മുൻപ്‌ കോൺഗ്രസിനുള്ളിൽ പൊട്ടിപ്പുറപ്പെട്ട പടലപ്പിണക്കം.

പശ്ചാത്തലം 3 - യുഡിഎഫിൽ അംഗമാണെങ്കിലും ആന്റണി മുഖ്യമന്ത്രിയായതിലും മക്കളെ ആഗ്രഹിച്ച രീതിയിൽ അധികാര സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാൻ കഴിയാത്തതിലും രോഷം പൂണ്ട്‌ കെ. കരുണാകരൻ അണിയറയിൽ കുതന്ത്രങ്ങൾക്ക്‌ രൂപം കൊടുക്കുന്ന സമയം.

പശ്ചാത്തലം 4 - ഐ ഗ്രൂപ്പിലെ പ്രമുഖർ അടക്കമുള്ളവർ എ ഗ്രൂപ്പിലേക്ക്‌ ചേക്കേറാൻ ശ്രമിക്കുന്നുവെന്ന വാർത്തകളുടെ വെള്ളപ്പാച്ചിൽ. അന്ന്‌ മന്ത്രിയായിരുന്ന കെ.വി. തോമസ്‌ ആന്റണിപാളയത്തിലേക്ക്‌ കൂറുമാറാൻ തക്കംപാർത്തിരിക്കുന്ന സമയം.

പശ്ചാത്തലം 5 - റിയാലിറ്റി ഷോകളും കണ്ണീർപരമ്പരകളും ഇന്നത്തെപോലെ ചാനലുകളെ കീഴടക്കാതിരുന്നതുകൊണ്ട്‌ വീട്ടമ്മമാർ അടക്കമുള്ളവർ വാർത്തകൾ ശ്രദ്ധിക്കുന്ന കാലം.

ഒരു ബോംബ്‌ സ്ഫോടനം പോലെയായിരുന്നു ആ വാർത്ത സൂര്യാ ടിവി സംപ്രേഷണം ചെയ്തത്‌. കേരളത്തിലെത്തിയ 336 കോടിയുടെ ഹവാലപണത്തിൽ 10 ശതമാനത്തിലധികം മന്ത്രിയായിരുന്ന കെ.വി. തോമസിന്റെ കൈകളിൽ എത്തിയെന്ന ഇന്റലിജൻസ്‌ റിപ്പോർട്ടായിരുന്നു സൂര്യാ ടിവി 7.30നുള്ള വാർത്തയിൽ 'പൊട്ടിച്ചത്‌'. ആ വാർത്താഘാതത്തിൽ തരിച്ച്‌ കേരളം ഊഹങ്ങളിൽ രമിക്കുന്നതിനിടയിൽ രാത്രിതന്നെ അത്തരത്തിലൊരു റിപ്പോർട്ട്‌ സർക്കാരിനുനൽകിയിട്ടില്ലായെന്ന്‌ അധികൃത നിഷേധം. ഇതും ചാനലുകൾ തൽസമയം സംപ്രേഷണം ചെയ്തു.

പിറ്റേന്ന്‌ ഇറങ്ങിയ പത്രങ്ങളിലെ വെണ്ടയ്ക്കാ തലക്കെട്ട്‌ 336 കോടിരൂപയുടെ ഹവാല ഇടപാടും അതിൽ കെ.വി. തോമസിന്‌ പങ്കുണ്ടെന്നുള്ള ഇന്റലിജന്റ്സ്‌ റിപ്പോർട്ടും അതിന്റെ നിഷേധവുമായിരുന്നു.

ചർച്ചകൾ മുറുകി. ഇന്റലിജന്റ്സ്‌ റിപ്പോർട്ട്‌ എന്നു പറഞ്ഞ്‌ സൂര്യാ ടിവി സംപ്രേഷണം ചെയ്ത വാർത്ത വ്യാജരേഖയുടെ അടിസ്ഥാനത്തിലാണെന്ന്‌ വ്യക്തമായതോടെ വ്യാജരേഖയെക്കുറിച്ചായി പിന്നെ ചർച്ച. അതിന്റെ ഉറവിടം, പിന്നിൽ പ്രവർത്തിച്ച ശക്തികൾ, വ്യക്തികൾ അവരുടെ ലക്ഷ്യങ്ങൾ അങ്ങനെപോയി തുടർന്നുള്ള ദിവസങ്ങളിലെ മുഖ്യവാർത്തകൾ.

അപ്പോഴാണ്‌ വ്യാജരേഖ ചമച്ചതിന്‌ ചുക്കാൻ പിടിച്ചത്‌ ചെങ്ങന്നൂർ എംഎൽഎയും ഐ ഗ്രൂപ്പിൽ കരുണാകരന്റെ ഏറ്റവും വിശ്വസ്തയും കരുണാകരൻ വാത്സല്യപൂർവം 'കുട്ടി'യെന്നു വിളിക്കുന്ന ശോഭനാ ജോർജാണെന്ന വാർത്ത പുറത്തുവന്നത്‌. ആന്റണി ഗ്രൂപ്പിലേക്ക്‌ കൂറുമാറാൻ കാത്തിരിക്കുന്ന കെ.വി. തോമസിനെ നാറ്റിച്ച്‌, ആന്റണിയെ തറപറ്റിച്ച്‌ ശോഭനയ്ക്ക്‌ മന്ത്രിസഭയിൽ കടന്നുകൂടാനുള്ള അമിതാഗ്രഹത്തിൽനിന്നാണ്‌ ഇങ്ങനെയൊരു വ്യാജരേഖ ചമയ്ക്കാൻ പ്രേരണയായതെന്നും അന്വേഷണാത്മക മാധ്യമ പ്രവർത്തകർ കണ്ടെത്തി. ശോഭനയുടെ ഈ ശ്രമത്തിന്‌ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന അനിൽ പി. ശ്രീരംഗത്തിന്റെയും പത്രപ്രവർത്തകരായ ജയചന്ദ്രന്റെയും ചന്ദ്രമോഹന്റെയും പിന്തുണയുണ്ടെന്ന്‌ പിറ്റേന്നും തുടർന്നുള്ള ദിവസങ്ങളിലും കണ്ടെത്തൽ തുടർന്നു. ചന്ദ്രമോഹന്റെ കമ്പ്യൂട്ടറിലാണ്‌ വ്യാജരേഖ ചമച്ചതെന്നും വാർത്ത പുറത്തുവന്നു.
സൂര്യാടിവിയിലെ തിരുവനന്തപുരം ബ്യൂറോ ചീഫ്‌ അനിൽ നമ്പ്യാരെ നിയമസഭാ കാന്റീനിൽ വച്ച്‌ ശോഭനാ ജോർജ്ജ്‌ നേരിട്ടുകണ്ടാണ്‌ ഞെട്ടിപ്പിക്കുന്ന വാർത്തയെക്കുറിച്ച്‌ ചർച്ച ചെയ്തതെന്നും പിന്നീട്‌ ആ വാർത്ത ദൂതൻ മുഖേന സൂര്യാടിവിയിൽ എത്തിച്ചുവെന്നും വാർത്ത ലഭിച്ച അന്നുതന്നെ അതിന്റെ ആധികാരികത ഉറപ്പാക്കാതെ സൂര്യാ ടിവി സംപ്രേഷണം ചെയ്തൂവെന്നും തുടർന്ന്‌ വാർത്തകൾ വന്നു.

പോലീസിലേയും മാധ്യമങ്ങളിലേയും അന്വേഷണത്തിന്റെ കുശാഗ്രബുദ്ധികൾ ശോഭനയിലും അനിൽ പി. ശ്രീരംഗത്തിലും ജയചന്ദ്രനിലും ചന്ദ്രമോഹനിലും അനിൽ നമ്പ്യാരിലും സൂര്യാ ടിവിയുടെ ആവേശത്തിലും പുതിയ വാർത്തകൾ കണ്ടെത്താൻ ചികഞ്ഞുനടന്നപ്പോൾ കൗശലപൂർവം തമസ്ക്കരിക്കപ്പെടുകയായിരുന്നു 336 കോടി രൂപയുടെ ഹവാല ഇടപാടും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരും അവരുടെ ലക്ഷ്യങ്ങളും.

കരുണാകരന്റെ മക്കളായ മുരളിയും പത്മജയും മന്ത്രിമാരാകാതെ പുറത്തുനിൽക്കുമ്പോൾ വ്യാജമായ ഒരു രേഖ ചമച്ച്‌ കെ.വി. തോമസിനെ പുറത്താക്കി തനിക്ക്‌ മന്ത്രിയാകാൻ കഴിയുമെന്ന്‌ വിശ്വസിക്കാൻ മാത്രം വിഡ്ഢിയാണോ ശോഭന എന്ന ചോദ്യം ഇതിനിടയിൽ ഉയർന്നുവന്നത്‌ പോലീസിലെ അന്വേഷകരോ മാധ്യമരംഗത്തെ അന്വേഷകരോ ശ്രദ്ധിക്കാതെ പോയില്ല. വ്യാജരേഖ ചമച്ചത്‌ ശോഭനതന്നെയാണ്‌ എന്ന മുൻവിധിയിലായിരുന്നു അവരുടെ അന്വേഷണങ്ങൾ. ഈ അന്വേഷണത്തിൽ ശോഭനയുമായി ബന്ധപ്പെട്ട വ്യവസായ പ്രമുഖരും സാമുദായിക നേതാക്കളുമൊക്കെ സംശയത്തിന്റെ മുൾമുനയിൽ കൊരുക്കപ്പെട്ടു. കോഴിക്കോടുവരെ നീണ്ടു ഇത്തരം അന്വേഷണത്തിന്റെ കണ്ണുകൾ. അവിടെനിന്നും ശോഭനയുമായി ബന്ധമുള്ള കണ്ണികളെ കണ്ടെത്തി മാധ്യമങ്ങൾ പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തു.

ഹവാല പണത്തിന്റെ കാര്യവും അതിനുപിന്നിൽ പ്രവർത്തിച്ച ശക്തികളും അവരുടെ ലക്ഷ്യങ്ങളും പിന്നാലെ ചർച്ച ചെയ്യാം. ശോഭനയുടെ അതിബുദ്ധി അല്ലെങ്കിൽ ബുദ്ധിശൂന്യത ഇപ്പോൾ വിശകലനം ചെയ്യാം.

നീട്ടിപ്പരത്തി പറയാതെ കാര്യങ്ങളിലേക്ക്തന്നെ കടക്കാം. ആന്റണിയോടുള്ള പകതീർക്കാനും ആന്റണിയുടെ പാളയത്തിലേക്ക്‌ കൂറുമാറാൻ തക്കംപാർത്തിരിക്കുന്ന കെ.വി. തോമസിനെ മലർത്തിയടിക്കാനും കെ. കരുണാകരന്റെ കൗടില്യബുദ്ധിയിൽ രൂപം കൊണ്ടതാണ്‌ വ്യാജരേഖയും ഹവാല പണമിടപാടിൽ തോമസിനുള്ള പങ്കുമെന്നും എ ഗ്രൂപ്പുകാരും യുഡിഎഫിലെ തൽപ്പരകക്ഷികളും ഇതിനിടയിൽ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. തോമസിനെ തെറിപ്പിച്ച്‌ മകൾ പത്മജയെ മന്ത്രിയാക്കാനാണ്‌ ആശ്രിതവത്സലനായ പിതാവ്‌ ഇത്തരമൊരു നീക്കം നടത്തിയതെന്നും അതിന്‌ ശോഭനയെ കരുവാക്കുകയായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലും വേണ്ടത്ര രാഷ്ട്രീയ ശ്രദ്ധ കിട്ടാതെപോയി. അതിന്‌ ഒന്നല്ല ഒരുപാട്‌ കാരണങ്ങളുമുണ്ടായിരുന്നു.

(നാളെ: ശോഭന പ്രതിയോ? ബലിയാടോ?)

കുളിപ്പിച്ചു കിടത്താൻ മൻമോഹച്ചോവ്‌!

മഹത്തായ സോവിയറ്റ്‌ യൂണിയനെ കുളിപ്പിച്ചു കിടത്തിയ മഹാനാകുന്നു ഗോർബച്ചോവ്‌.

ഗോർബച്ചോവിന്റെ പരിഷ്ക്കാരങ്ങളായ പെരിസ്ട്രോയ്കയും ഗ്ലാസ്നോസും പ്രഖ്യാപിക്കപ്പെട്ട കാലത്ത്‌ സംഗതി ചുക്കാണോ ചുണ്ണാമ്പാണോന്ന്‌ അറിയാതെ തോളിലേറ്റിയ ചേട്ടന്മാരൊക്കെ, ഇപ്പോൾ അമേരിക്കയെന്ന ലോക പോലീസിനെ പേടിച്ച്‌ തീറ്റപോലും കുറച്ചുകൊണ്ടിരിക്കുന്നു!

ഇന്ന്‌ ഗോർബച്ചോവ്‌ എവിടെ? അയാൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ പോലുമില്ല. ലോകമെമ്പാടുമുള്ള മനുഷ്യരെ, വിശിഷ്യ കമ്യൂണിസ്റ്റുകളെ ആവേശത്തോടെ നയിച്ച സോവിയറ്റ്‌ യൂണിയൻ തകർന്നതുകൊണ്ട്‌ ലോകത്തിനുണ്ടായ നേട്ടം എന്തായിരുന്നുവെന്ന്‌ ആ രാഷ്ട്രത്തിന്റെ പതനത്തിനായി പ്രവർത്തിച്ചവരും പ്രാർത്ഥിച്ചവരുമായ സകല ജനാധിപത്യവാദികളും കുത്തിരുന്നുതന്നെ ചിന്തിക്കണം.

മഹത്തായ ഇന്ത്യാ മഹാരാജ്യത്തെ കുളിപ്പിച്ചുകിടത്താൻ അവതരിച്ച ഗോർബച്ചോവാണോ സാക്ഷാൽ മനോമോഹനസിംഹം എന്ന ആശങ്കയാണിപ്പോൾ ഇക്കാര്യങ്ങൾ ഓർമയിലെത്തിച്ചത്‌.

ഇന്ത്യയെന്നാൽ കോൺഗ്രസ്‌ എന്നായിരുന്ന ഒരു കാലമുണ്ടായിരുന്നു. കഞ്ഞിക്കു വകയില്ലാത്ത കാലത്തും അഭിമാനിയായിനിന്നു, അക്കാലം നമ്മുടെ ഇന്ത്യ!

നരസിംഹാവതാരം കോൺഗ്രസിന്റെ തലപ്പത്തുവന്നിടം തൊട്ട്‌ പതിയെ പതിയെ മാറാൻ തുടങ്ങി നമ്മുടെ ഇന്ത്യ, ഇന്ത്യയുടെ കോൺഗ്രസ്‌. നരസിംഹത്തോടൊപ്പം അവതരിച്ച സിംഹമായിരുന്നു മനോമോഹന സിംഹം.

റ്റാറ്റായും ബിർലായും അടക്കമുള്ള ദേശീയ കുത്തകകൾ മാത്രമല്ല; നിരക്ഷരരായ ഗ്രാമീണ ജനതയുമായിരുന്നു അക്കാലംവരെ കോൺഗ്രസിന്റെ ശക്തി. രണ്ടു സിംഹങ്ങളും കൂടി തുടങ്ങിയ പരിഷ്കാരങ്ങൾ രണ്ടായിരത്തെട്ടിലെത്തുമ്പോൾ പ്രായമേറി ഒരു സിംഹം ചത്തൊടുങ്ങിയെന്ന ഗുണമല്ലാതെ രാജ്യത്തെ ജനങ്ങൾക്ക്‌ കാര്യമായ ഗുണമൊന്നും ഉണ്ടായതായി അറിവില്ല.

പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഗ്രാമീണർക്ക്‌ മൻമോഹന്റെ സാമ്പത്തികശാസ്ത്രം പ്രഘോഷിക്കുന്ന പുരോഗതിയുടെ ഉയർച്ചാ സൂചിക ഇതുവരെ കാണാനായിട്ടുമില്ല.

ഇന്നലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പു ഫലം കൂടി പുറത്തുവന്നിരിക്കുന്നു.

2004നുശേഷം നടന്ന മിക്കവാറും എല്ലാ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും പറ്റിയപോലെതന്നെ പറ്റി, നിലംപറ്റി കോൺഗ്രസ്‌!
വീണ്ടും ബിജെപിയെ ഭരണത്തിലേറ്റാൻ വേണ്ടി മാത്രം ഒരു നേതൃത്വം പരിലസിക്കുന്നൂ നമ്മുടെ കോൺഗ്രസിൽ എന്നു ചുരുക്കം!

തന്റെ അച്ഛനെ അതിക്രൂരമായി കൊലപ്പെടുത്തിയ ഘാതകയെ ജയിലിൽപോയി കണ്ടാലോ ആദിവാസി കുടിലിൽപോയി ശാപ്പാടു കഴിച്ചാലോ പിടിച്ചെടുക്കാവുന്നതല്ല ജനമനസ്സെന്ന്‌ യുവതുർക്കികളെല്ലാം ഓർക്കുന്നത്‌ നന്ന്‌. ജി. കാർത്തികേയൻ സൂചിപ്പിച്ച 'പൈങ്കിളി രാഷ്ട്രീയം' കൊണ്ട്‌ പരിഹരിക്കാവുന്നതല്ല; കോർപ്പറേറ്റ്‌ കുത്തകകൾക്കായി നടത്തുന്ന മനോമോഹന ഭരണംകൊണ്ട്‌ കോൺഗ്രസിനുണ്ടായ ഇടർച്ചകൾ.

'മൂത്തന്മാർ' അടിതുടങ്ങി യൂത്തന്മാർ എവിടെ?

ഭാഗ്യം!
അധികാരമില്ലെങ്കിലും യുഡിഎഫിൽ അടികൂടാൻ ചിലരെങ്കിലും ഇന്നുമുണ്ട്‌.
ആര്യാടൻ മുഹമ്മദിനും കുഞ്ഞാലിക്കുട്ടിക്കും നന്ദി.

ഇടതുപക്ഷ സർക്കാർ കഴിവുകേടിന്റെ മൂന്നാം വർഷത്തിലേക്ക്‌ കടന്നപ്പോഴും 'ബാലേട്ടനും' പന്ന്യനും സുധാകരനും സ്പോൺസർ ചെയ്ത കപടസ്വാമിമാർ പിടിയിലായിട്ടും മൂകം ബധിരം സാക്ഷികളായി ഇരിക്കാനായിരുന്നു ചെന്നിത്തലയും ചാണ്ടിയും നേതൃത്വം നൽകുന്ന യുഡിഎഫിന്‌ വിധി. ഇടയ്ക്കെപ്പോഴോ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പേരിൽ ചെന്നിത്തലയും ചാണ്ടിയും ചാനൽപ്രവർത്തകരെ വിളിച്ചുകൂട്ടി ആക്രോശിക്കുന്നത്‌ കേട്ടില്ലെന്നല്ല പറയുന്നത്‌ മറിച്ച്‌ ലഭിച്ച രാഷ്ട്രീയ സാഹചര്യങ്ങളിൽ ജനപക്ഷത്തു നിന്നുകൊണ്ട്‌ സക്രിയമായ പ്രതിപക്ഷമാകാൻ യുഡിഎഫിന്‌ കഴിഞ്ഞില്ലായെന്ന്‌ ചൂണ്ടിക്കാട്ടിയെന്നുമാത്രം. എത്ര തല്ലിയാലും നന്നാകാത്ത മുടിഞ്ഞ അനന്തരവന്മാരുടെ പുനർജന്മങ്ങളായ ഇവരോട്‌ ഇതെല്ലാം പറയുന്നതിലും ഭേദം പോത്തിനോട്‌ വേദമോതുന്നതാണെന്ന്‌ ഞങ്ങൾക്കറിയാം. എന്നാലും വർത്തമാനകാല കേരള സാഹചര്യങ്ങൾ നോക്കിക്കാണുമ്പോൾ, ഇവരെയെല്ലാം നേതാക്കന്മാരായും എംഎൽഎമാരായും തെരഞ്ഞെടുത്ത ജനങ്ങൾ നിമിഷംപ്രതി വഞ്ചിക്കപ്പെടുന്നതു കാണുമ്പോൾ എവിടെയാണ്‌ ചെന്നിത്തലയും ചാണ്ടിയും കൂട്ടരും എന്ന്‌ ചോദിച്ചുപോകുന്നുവെന്ന്‌ മാത്രമേയുള്ളൂ.

നിശ്ചലം, നിഷ്ക്രിയം, നിർഗുണം പരിലസിക്കുന്ന യുഡിഎഫിന്‌ പോരാട്ടത്തിന്റെ പുതിയ വീര്യം പകർന്നുകൊടുത്തിരിക്കുകയാണ്‌ ഇപ്പോൾ ആര്യാടനും കുഞ്ഞാലിക്കുട്ടിയും സംഘവും. കുറ്റ്യാടിയിൽ ലീഗ്‌ ഓഫീസിന്‌ തീവെച്ചും നാദാപുരത്ത്‌ കോൺഗ്രസ്‌ ഓഫീസിനുനേരെ ആക്രമണം നടത്തിയും ഇരുകൂട്ടരുടെയും അണികൾ ശക്തിപ്രകടനം നടത്തുകയാണ്‌. ഇതിനിടയിൽ ആര്യാടനെതിരെ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന്‌ പരാതി നൽകാൻ ലീഗ്‌ നേതൃത്വം തയ്യാറായിക്കഴിഞ്ഞു. ഇടഞ്ഞുനിൽക്കുന്ന ലീഗിനെ അനുനയിപ്പിക്കാൻ ഇന്ന്‌ കേന്ദ്രമന്ത്രി വയലാർ രവി പാണക്കാട്‌ മുഹമ്മദാലി ശിഹാബ്‌ തങ്ങളെ മലപ്പുറത്തെ കൊടപ്പനയ്ക്കൽ തറവാട്ടിലെത്തി കണ്ട്‌ ചർച്ച നടത്തും.

ആര്യാടന്റെ അഹങ്കാരം ഒതുക്കിയേ തീരൂവെന്ന തീരുമാനത്തിലാണ്‌ കുഞ്ഞാലിക്കുട്ടി. അതുകൊണ്ട്‌ ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത്‌ പ്രസിഡന്റായ നിലമ്പൂർ പഞ്ചായത്ത്‌ ഭരണസമിതിക്കുള്ള പിന്തുണ പിൻവലിക്കാൻ മുസ്ലീം ലീഗ്‌ പഞ്ചായത്ത്‌ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്‌.

മൂത്ത ആര്യാടനും മകൻ ആര്യാടനും നടത്തിയ ചില പരാമർശങ്ങളും പ്രഖ്യാപനങ്ങളുമാണ്‌ കുഞ്ഞാലിക്കുട്ടിയെ രോഷാകുലനാക്കിയിട്ടുള്ളത്‌. കുഞ്ഞാലിക്കുട്ടി രോഷാകുലനായാൽ ലീഗും ഉറഞ്ഞുതുള്ളും. കാരണം കുടപ്പന തറവാട്ടിലെ 'വിനീതദാസ'നാണെങ്കിലും കുഞ്ഞാലിക്കുട്ടി മലപ്പുറംകാർക്ക്‌ 'പുപ്പുലി'യാണ്‌. രാജമാണിക്യം എന്ന മമ്മൂട്ടി സിനിമ റിലീസ്‌ ചെയ്തുകഴിഞ്ഞപ്പോൾ മലപ്പുറത്തുകൂടി കടന്നുപോകുന്ന ദേശീയപാതയിലൂടെ സഞ്ചരിച്ചിട്ടുള്ളവരെല്ലാം കുഞ്ഞാലിക്കുട്ടിയെ പുപ്പുലിയാക്കി പ്രദർശിപ്പിച്ച ഫ്ലക്സ്‌ ബോർഡുകൾ കണ്ടിട്ടുണ്ട്‌. കഴിഞ്ഞ രണ്ടുവർഷമായി അടങ്ങിയൊതുങ്ങി കഴിഞ്ഞ ആ പുപ്പുലിയെ ഇപ്പോൾ പ്രകോപിതനാക്കിയത്‌ ആര്യാടന്റെ 'അനാവശ്യമായ അവകാശവാദവും അധിക്ഷേപവു'മാണെന്ന്‌ മലപ്പുറംകാർക്കെല്ലാം നന്നായിട്ടറിയാം. അതുകൊണ്ടുതന്നെ കുടപ്പനതറവാട്ടിലെ കാരണവരും മുഹമ്മദ്‌ സാഹിബും മുനീർ സാഹിബും ഒപ്പം ഇറങ്ങിയിരിക്കുകയാണ്‌. ഈ ഇറക്കത്തിൽ പൊതുജനം കേൾക്കുന്നത്‌ മൂത്ത ആര്യാടന്റെയും മകൻ ആര്യാടന്റെയും സ്വത്ത്‌ വിവരം അന്വേഷിക്കണമെന്ന ലീഗ്‌ പുലികളുടെ ആവശ്യവും അതിനു വിരോധമില്ല, തന്റെയും മകന്റെയും സ്വത്ത്‌ വിവരം അന്വേഷിക്കാൻ ഏർപ്പെടുത്തുന്ന അതേ ഏജൻസിയെകൊണ്ട്‌ പാണക്കാട്‌ ശിഹാബ്‌ തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഇ. അഹമ്മദിന്റെയും എം.കെ. മുനീറിന്റെയും സ്വത്തുവിവരങ്ങൾ അന്വേഷിക്കണമെന്നാണ്‌ മൂത്ത ആര്യാടന്റെ തിരിച്ചടി. മലയാളത്തിൽ ഗ്രാമ്യമായ ഒരു ചൊല്ലുണ്ട്‌. 'തൂറിയവനെ ചുമന്നാൽ ചുമക്കുന്നവനും നാറും' എന്ന്‌. ആ നാറ്റമാണ്‌ ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌.

മലപ്പുറം ജില്ലയിലെ നിയോജകമണ്ഡലങ്ങളുടെ വിഭജനമാണ്‌ ഈ തർക്കത്തിന്‌ കാരണമെന്ന്‌ വിവേകശാലികൾക്കെല്ലാം അറിയാം. മണ്ഡല പുനർനിർണയം വരുമ്പോൾ അധികമായുണ്ടാകുന്ന നിയോജക മണ്ഡലങ്ങൾ ആർക്ക്‌ അവകാശപ്പെട്ടതാണെന്ന തർക്കമാണ്‌ ആര്യാടൻ-ലീഗ്‌ പ്രശ്നമായി വളർന്നിട്ടുള്ളത്‌. പുതിയ മണ്ഡലങ്ങൾ, മലപ്പുറം ജില്ലയിലായതുകൊണ്ട്‌ തങ്ങൾക്കുതന്നെ വേണമെന്ന ലീഗിന്റെ പിടിവാശി അംഗീകരിക്കാൻ കോൺഗ്രസ്‌ തയ്യാറല്ല. അതുകൊണ്ട്‌ മലപ്പുറം മുസ്ലീംങ്ങളുടെ മനസ്‌ നന്നായറിയാവുന്ന ആര്യാടനെ മുന്നിൽനിർത്തിയുള്ള അവകാശസ്ഥാപന ശ്രമമാണ്‌ ഇരുകൂട്ടരും തമ്മിലുള്ള ഇപ്പോഴത്തെ ദുർഗന്ധഭരിതമായ ആരോപണ പ്രത്യാരോപണങ്ങൾക്ക്‌ അടിസ്ഥാനം. വരാനിരിക്കുന്ന മണ്ഡലപുനർനിർണയത്തിന്റെ പേരിൽ ഇപ്പോഴേ അവകാശവാദവും അടിയും തുടങ്ങിയെന്നു സാരം.

മൂത്ത യുഡിഎഫുകാർ ഇങ്ങനെ തെരുവിൽ തല്ലുമ്പോൾ ഞങ്ങൾക്കു ചോദിക്കാനുള്ളത്‌ യൂത്ത്‌ നേതാക്കളെല്ലാം ഏതു കുണ്ടിലാണ്‌ ഒളിച്ചിരിക്കുന്നതെന്നാണ്‌. പ്രത്യേകിച്ച്‌ യൂത്ത്‌ കോൺഗ്രസ്‌ 'ശിങ്കങ്ങൾ'. വയലാർ രവിയും എ.കെ. ആന്റണിയും എം.എ. ജോണും കോൺഗ്രസിലെ യുവതുർക്കികളായി രൂപംകൊണ്ട്‌ സ്ഥാപിച്ചെടുത്ത യുവജന സംഘടനയാണ്‌ യൂത്ത്‌ കോൺഗ്രസ്‌. എന്നാൽ ഇന്ന്‌ സൂപ്പർവൈറ്റ്‌ മുക്കിയ ഖദർ ധരിച്ച്‌ രണ്ടും മൂന്നും മൊബെയിൽഫോണുകൾ കൈയിൽ പിടിച്ച്‌ കേവലം അധികാരത്തിന്റെ കുഴലൂത്തുകാരായി കോൺഗ്രസ്‌ യുവത്വം അധഃപതിച്ചുകഴിഞ്ഞു. ചിലപ്പോഴെല്ലാം എവിടെനിന്നെങ്കിലും സിദ്ദിഖിന്റെ ശബ്ദം കേട്ടെങ്കിലായി. കേരളീയരെ മുഴുവൻ വഞ്ചിച്ച്‌ ഭക്തിമാഫിയാ സംഘം ഇവിടെ അഴിഞ്ഞാടുമ്പോൾ, അവർക്ക്‌ ബാലേട്ടനടക്കമുള്ളവരുടെ സ്പോൺസർഷിപ്പ്‌ ഉണ്ടെന്ന്‌ കള്ളസ്വാമിമാർ അവകാശപ്പെടുമ്പോൾ എതിരെ ഒരക്ഷരം പോലും ഉരിയാടാനാവാതെ ഷണ്ഡീകരിക്കപ്പെട്ടുപോയോ കേരളത്തിലെ യൂത്ത്‌ കോൺഗ്രസും വനിതാ വിഭാഗവും. ഈ സ്വാമിമാരുടെയും സ്വാമിനിമാരുടെയും പാസ്റ്റർമാരുടെയും ബ്രദർമാരുടെയും അമ്മമാരുടെയും സിദ്ധന്മാരുടെയും ലൈംഗിക മുതലെടുപ്പിന്‌ വീട്ടമ്മമാരടക്കമുള്ളവർ വിധേയരാകുന്നത്‌ കണ്ടിട്ടും ഷാനിമോൾ ഉസ്മാനുപോലും ഒന്നും പറയാനില്ലെന്നു വരുമ്പോൾ അണിയറയിൽ ഇക്കൂട്ടർക്കെല്ലാം സുഗമപ്രവർത്തന സാഹചര്യമൊരുക്കുന്ന മാഫിയകൂട്ടത്തിൽ ഇവരെല്ലാം ഉൾപ്പെടുന്നുവെന്ന്‌ വിശ്വസിക്കേണ്ടിവരുന്നു.

കേഴുക, കേരളമേ..

Saturday, May 24, 2008

ജി. സുധാകരന്റെ ചെമ്പും തെളിഞ്ഞു

തന്റേടിയും ആരുടെ മുഖത്തുനോക്കി 'സത്യം പറയുന്ന കവി'യുമാണ്‌ ദേവസ്വം - സഹകരണമന്ത്രി ജി. സുധാകരൻ. അദ്ദേഹത്തിൽ നിന്നും പുറത്തുവരുന്ന വാമൊഴി വഴക്കത്തിന്റെ ചാട്ടവാറടിയേറ്റ്‌ പുളയാത്ത ഒരു സാഹിത്യകാരനും സാമുദായിക നേതാവും സ്വാമിയും സ്വാമിനിയും സിദ്ധനും സിദ്ധയും അമ്മയും ഇല്ലാ എന്നതാണ്‌ വാസ്തവം. പലപ്പോഴും മാധ്യമങ്ങളിലെ 'വാചകമേള' പംക്തികളെ സമ്പുഷ്ഠമാക്കാൻ ഉതകുന്ന ഉദീരണങ്ങൾ സുധാകരനിൽനിന്ന്‌ ആഴ്ചതോറും ഉണ്ടാകാറുണ്ട്‌. സാധാരണക്കാരന്റെ വികാരം ഉൾക്കൊണ്ട്‌ പ്രശ്നങ്ങളെ സമീപിക്കുന്നുവെന്ന്‌ തോന്നിക്കുമാറാണ്‌ അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ. ഈ അഭിപ്രായ പ്രകടനങ്ങൾക്ക്‌ ഒരിക്കൽപോലും തന്റെ മന്ത്രിസ്ഥാനം അദ്ദേഹത്തിന്‌ വിഘാതമായിട്ടില്ല. "തെറിക്കുത്തരം മുറിപ്പത്തൽ" എന്ന മട്ടിലാണ്‌ സുധാകരന്റെ പ്രതികരണങ്ങളും പ്രഖ്യാപനങ്ങളും.

സുധാകരന്റെ നാവിന്റെ രൂക്ഷതയേറ്റുവാങ്ങാൻ ഏറ്റവുമധികം വിധിക്കപ്പെട്ടത്‌ സാമുദായിക നേതാക്കളും ദേവസ്വം ഭരണാധികാരികളും സ്വാമിമാരും സ്വാമിനിമാരും സിദ്ധന്മാരുമൊക്കെയാണ്‌. ഐഎഎസുകാരെയും സാറാ ജോസഫ്‌ അടക്കമുള്ള സാഹിത്യകാരേയും 'പട്ടി' എന്ന്‌ വിശേഷിപ്പിച്ചതിലും കഠിനമായ വിശേഷണങ്ങളാണ്‌ മേൽ സൂചിപ്പിച്ച കൂട്ടർക്ക്‌ അദ്ദേഹം നിരന്തരം ചാർത്തിക്കൊടുത്തുകൊണ്ടിരിക്കുന്നത്‌. സന്തോഷ്‌ മാധവനും ഹിമവൽ ഭദ്രാനന്ദയും അകത്തായതോടെ സിദ്ധന്മാർക്കും സ്വാമിമാർക്കും എതിരായുള്ളതും കാപട്യനിഗ്രഹണ ശക്തിയുള്ളതുമായ ദൗത്യമായിരുന്നു അദ്ദേഹം ഈ ദിവസങ്ങളിൽ നടത്തിയിരുന്നത്‌.

സ്വാമിമാരെല്ലാം പെരുങ്കള്ളന്മാരാണെന്നും അവരിൽ ഭൂരിപക്ഷവും അണ്ടർവേർ ധരിക്കാറില്ലെന്നും ഒരു പൗരന്റെ പ്രാഥമിക കടമയാണ്‌ അടിവസ്ത്രം ധരിക്കേണ്ടതെന്നും അത്‌ ധരിക്കാത്തവൻ കള്ളനാണെന്നും ആരെയും കൂസാതെയാണ്‌ സുധാകരൻ തുറന്നടിച്ചത്‌. ഭക്തിയുടെ മറവിൽ കാമപേക്കൂത്തുകളാണ്‌ ആശ്രമങ്ങളിൽ നടക്കുന്നതെന്നും അതുകൊണ്ട്‌ സ്ത്രീകളാരും ആശ്രമങ്ങളിൽ പോകരുതെന്നും ഉദ്ബോധിപ്പിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധകാട്ടുകയും ചെയ്തു. ഇക്കാര്യത്തിൽ സിപിഐയുടെ ബഹുമാന്യയായ അഖിലേന്ത്യാ നേതാവ്‌ ആനി രാജ, സുധാകരനെ അധിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഓരോ ആശ്രമങ്ങളിൽനിന്നും ധ്യാനകേന്ദ്രങ്ങളിൽനിന്നും പ്രാർത്ഥനാലയങ്ങളിൽനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്ന സ്ത്രീപീഡനകഥകൾ സുധാകരന്റെ നിലപാടിനെ സാധൂകരിക്കുന്നുണ്ട്‌.

സമൂഹത്തെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും സുധാകരന്‌ സുധാകരന്റേതായ അഭിപ്രായങ്ങളുണ്ട്‌. അത്‌ സമയവും സന്ദർഭവും നോക്കാതെ തുറന്നടിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ സുധാകരനെ ശത്രുസ്ഥാനത്തു നിർത്തുന്നവരാണ്‌ പൊതുജീവിതമേഖലയിൽ വ്യാപരിക്കുന്ന ഭൂരിപക്ഷം പേരും. ഇപ്പോൾ എൻഎസ്‌എസ്‌ നേതാക്കളായ നാരായണപ്പണിക്കരും സുകുമാരൻ നായരുമായി സുധാകരൻ നടത്തുന്ന കൊമ്പുകോർക്കൽ വാമൊഴി വഴക്കത്തിന്റെ പുതിയ ശക്തിചൈതന്യങ്ങളാണ്‌ പുറത്തുകൊണ്ടുവന്നിട്ടുള്ളത്‌. നാരായണപ്പണിക്കർക്ക്‌ വാവിന്റെ കേടാണെന്ന്‌ സുധാകരനല്ലാതെ മറ്റാർക്ക്‌ പറയാൻ കഴിയും.

ഇങ്ങനെ തന്റെ പ്രഖ്യാപനങ്ങളിലൂടെയും സമാനതകളില്ലാത്ത വിശേഷാൽ പ്രയോഗങ്ങളിലൂടെയും ഭക്തിയുടെ പേരിൽ നടക്കുന്ന ചൂഷണങ്ങളേയും അതിനുപിന്നിൽ പ്രവർത്തിക്കുന്ന കാഷായധാരികളടക്കമുള്ളവരെയും പരസ്യവിചാരണ നടത്തി, കൊമ്പുകുത്തിമദിക്കുന്ന ബഹുമാന്യനായ സുധാകരനും ചില കപട സ്വാമിമാരുമായും അവരുടെ ആശ്രമങ്ങളുമായും അവിടെ നടക്കുന്ന ചടങ്ങുകളുമായും ബന്ധമുണ്ടെന്ന്‌ ഇപ്പോൾ വ്യക്തമായിരിക്കുന്നു. കപടസ്വാമിമാർ നടത്തുന്നത്‌ ബോധപൂർവം രൂപംകൊടുത്ത കപടരാഷ്ട്രീയ പ്രവർത്തനമാണെന്നും അത്‌ മനുഷ്യനന്മ കാംക്ഷിക്കുന്ന എല്ലാ പ്രസ്ഥാനങ്ങൾക്കും വിരുദ്ധമാണെന്നും അതുകൊണ്ട്‌ ഈ കള്ളക്കൂട്ടങ്ങളെ ഉന്മൂലം ചെയ്യണമെന്നും ഉദ്ബോധിപ്പിച്ച സുധാകരനാണ്‌ തൃശൂരിലെ കപടസ്വാമിയുടെ ശ്രീസായി വാനപ്രസ്ഥം എന്ന ആശ്രമം ഉദ്ഘാടനം ചെയ്തത്‌. പ്രസ്തുത ചടങ്ങിൽ ജി. സുധാകരനോടൊപ്പം സ്പീക്കർ രാധാകൃഷ്ണനും പങ്കെടുത്തിരുന്നു. 14.11.2006ൽ ആയിരുന്നു ഈ കള്ള സന്യാസകേന്ദ്രത്തിന്റെ ഉദ്ഘാടനം. അഭിമാനപൂർവ്വം ഉദ്ഘാടനത്തിൽ പങ്കെടുക്കുകയും അവിടുത്തെ സന്ദർശക ഡയറിയിൽ ആശ്രമത്തേയും ആശ്രമാധിപന്റെ ശ്രമങ്ങളെയും പ്രകീർത്തിച്ച്‌ അഭിപ്രായമെഴുതി ഒപ്പുവയ്ക്കുകയും ചെയ്ത കപടരാഷ്ട്രീയക്കാരനാണ്‌ ജി. സുധാകരൻ. മനസിൽ കുറ്റബോധം തോന്നുമ്പോൾ ചെയ്യുന്നതെല്ലം യാന്ത്രികമായിരിക്കുമെന്ന്‌ ഒരു സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം നിരീക്ഷിക്കുന്നത്‌, 100 ശതമാനവും സുധാകരന്റെ പ്രതികരണങ്ങളെ സാർത്ഥകമാക്കുന്നുണ്ട്‌.

കൂടാതെ 'ക്രിമിനൽ' ഭദ്രാനന്ദൻ പോലീസ്‌ പിടിയിലാകുന്നതിനു തലേദിവസം മാധ്യമ പ്രവർത്തകരോട്‌, സുധാകരനെക്കുറിച്ച്‌ പറഞ്ഞത്‌ തീർത്തും യാഥാർത്ഥ്യ ബോധത്തോടെയാണെന്നും ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. "ചെറുപ്പകാലത്ത്‌ വളരെ കഷ്ടപ്പെട്ടാണ്‌ സുധാകരൻ ഈ നിലയിലെത്തിയത്‌. അതുകൊണ്ടുതന്നെ ചിലരെയൊക്കെ കാണുമ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ശക്തവും പെട്ടെന്നുമായിരിക്കും."

ഈ വിലയിരുത്തലിനെ സാധൂകരിക്കുകയാണ്‌ ശ്രീ സായി വാനപ്രസ്ഥമെന്ന്‌ ആശ്രമം ഉദ്ഘാടനം ചെയ്ത ജി. സുധാകരൻ. കേരളത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന 731 ആശ്രമങ്ങൾക്കെതിരെ ഇന്റലിജൻസ്‌ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ട്‌ പൂഴ്ത്തിവച്ച വിവരം ഇന്നലെ 'വാസ്തം' റിപ്പോർട്ട്‌ ചെയ്തിരുന്നു. പോലീസിലേയും ആഭ്യന്തരവകുപ്പിലേയും ഉന്നതന്മാരാണ്‌ അതിനുപിന്നിലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആ റിപ്പോർട്ട്‌ ഭാഗീകമായി മാത്രമേ വാസ്തവമായിരുന്നുള്ളൂ എന്ന്‌ ഇപ്പോൾ തിരിച്ചറിയുന്നു. കാരണം സുധാകരനെപോലെയുള്ളവരും സ്വാമിമാരെ രക്ഷിക്കാൻ ഉന്നതങ്ങളിലുണ്ടായിരുന്നു. അതുകൊണ്ടാണ്‌ ഇവരെല്ലാം ഇത്രനാളും ഇവിടെ വിലസിയിരുന്നത്‌.

ഒരു കാര്യത്തിൽ സന്തോഷ്‌ മാധവനോടും ഹിമവൽ ഭദ്രാനന്ദയോടും ഞങ്ങൾ കൃതജ്ഞതയുള്ളവരാണ്‌. കേരളത്തിലെ കള്ളസ്വാമിമാരേയും സ്വാമിനിമാരേയും സിദ്ധന്മാരേയും ബ്രദർമാരെയും പാസ്റ്റർമാരെയും മാളത്തിൽനിന്ന്‌ പുറത്തുകൊണ്ടുവരാൻ ഇവർ നിമിത്തമായി. എന്നുമാത്രമല്ല ജി. സുധാകരൻ എന്ന വായാടിത്തവീരന്റെ ചെമ്പുതെളിയിക്കാനും ഇവർ മൂലം സാഹചര്യമൊരുങ്ങി.

ആവർത്തിക്കട്ടെ സംഭവിച്ചതെല്ലാം നല്ലതും നല്ലതിനുമായിരുന്നില്ലെങ്കിലും സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം നല്ലതുതന്നെ - സുധാകരന്റെയും ചെമ്പ്‌ തെളിഞ്ഞല്ലോ.

Friday, May 23, 2008

പ്രസവിക്കാൻ പോയിട്ട്‌ രണ്ടിന്‌ പോകാൻപോലും.....

ടി.എസ്‌ എലിയറ്റ്‌ എന്ന വിശ്രുതനായ കവിയുടെ വേസ്റ്റ്‌ ലാന്റ്‌ എന്ന കവിത തുടങ്ങുന്നത്‌ ഏപ്രിൽ ക്രൂരനും പരമദുഷ്ടനുമായ ഒരു മാസമാണെന്ന വരികളോടെയാണ്‌. അബദ്ധത്തിൽപോലും ഒരു കവിത വായിച്ചിട്ടില്ലാത്ത മഹാ പാവങ്ങളായതിനാൽ പണ്ടൊക്കെ നമ്മുടെ സർക്കാർ ഉസ്കൂളികളിലെ ഭൂരിപക്ഷം അധ്യാപികമാരും പ്രസവിച്ചിരുന്നത്‌ ഏപ്രിൽ മാസത്തിലായിരുന്നു.

അധ്യാപികമാർ ഏപ്രിൽമാസത്തിൽ പ്രസവിക്കുന്നത്‌ പ്രകൃതിയുടെ എന്തെങ്കിലും ഉഡായിപ്പുകൊണ്ടാണെന്ന്‌ കരുതരുത്‌. രണ്ടുമാസത്തെ മധ്യവേനൽ അവധിയും മൂന്നുമാസത്തെ പ്രസവ അവധിയും കൂടി ഒറ്റയടിക്ക്‌ വസൂലാക്കാം അതുവഴി മൂന്നാലുമാസമെങ്കിലും കുഞ്ഞിന്‌ അമ്മിഞ്ഞ കൊടുക്കാനാകും. കൊച്ചിനെ ഉസ്കൂളിൽ ചേർക്കാറാകുമ്പോൾ വയസ്‌ കൂട്ടിയെഴുതി പൊല്ലാപ്പിനു പോകേണ്ടിയും വരില്ല. സദുദ്ദേശമാണ്‌ ഏപ്രിൽമാസ പ്രസവങ്ങളുടെ പിന്നിലെ രഹസ്യം!

ജനകീയാസൂത്രണ പ്രസ്ഥാനത്തിനുമുൻപേ ക്ലിക്കായൊരു കുടുംബാസൂത്രണ പ്രസ്ഥാനം ഓർമയുണ്ടോ. ആ പ്രസ്ഥാനമുണ്ടാക്കിയ കെടുതിയുടെ ഭാഗമായി നാട്ടിൽ തള്ളമാർ കഴിയുന്നതും ഒന്നുകൂടിയാൽ രണ്ടെന്ന നിലയിലേക്ക്‌ സന്താനോത്പാദനം പരിമിതപ്പെടുത്തിയതോടെ അധ്യാപികമാരുടെ ഏപ്രിൽമാസ പ്രസവം ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

സർക്കാർ ഉസ്കൂളുകളിൽ ആവശ്യത്തിന്‌ പിള്ളാരെ കിട്ടാത്തതുമൂലം ഉസ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. കെട്ടുതാലി പണയംവച്ചും ആകെയുള്ള രണ്ടുസന്താനങ്ങളെയും ഇംഗ്ലീഷ്‌ മീഡിയത്തിൽ ഓടിക്കൊണ്ടിരിക്കുന്ന സിബിഎസ്‌ഇ സ്കൂളുകളിൽ ചേർക്കാൻ തന്ത തള്ളമാർ പരക്കം പായുന്നൂ എന്നീ കാരണങ്ങളാണ്‌ ആസൂത്രിത ഏപ്രിൽമാസ പ്രസവങ്ങളെ ഇല്ലായ്മ ചെയ്തത്‌. ഏന്തിനേറെ പറയുന്നു, മധ്യവേനൽ അവധിക്കാലം എന്നു പറയുന്നത്‌ സർക്കാർ ഉസ്കൂളുകളിലെ അധ്യാപികമാർക്ക്‌ പ്രസവിക്കാൻപോയിട്ട്‌ നേരെചൊവ്വേ അപ്പിയിടാൻപോലും നേരമില്ലാത്തകാലമായി മാറിയിരിക്കുന്നു! വേനലവധിക്ക്‌ ഉസ്കൂളുകൾ പൂട്ടുന്ന അന്നുമുതൽ അധ്യാപികമാർ പിള്ളാരെ പിടിക്കാൻ നടക്കുന്ന ദയനീയ കാഴ്ചയാണ്‌ കേരളം കണ്ടുകൊണ്ടിരിക്കുന്നത്‌.

വെറുതെയങ്ങുചെന്നാൽ പിള്ളാരെ കിട്ടില്ല. ആദ്യമൊക്കെ പുസ്തകം, പുസ്തകസഞ്ചി, കുട, വടി എന്നിവയൊക്കെ വാങ്ങിക്കൊടുത്താൽ പിള്ളാരെ പിടിക്കാമായിരുന്നു. രണ്ടുമൂന്നുവർഷമായി ഉസ്കൂളുകളിലേക്ക്‌ പിള്ളാരെ കൊണ്ടുപോകാനും തിരികെ കൊണ്ടുവിടാനും വാഹനങ്ങൾ ഏർപ്പാട്‌ ചെയ്താൽ പിള്ളാരെ പിടിക്കാം എന്ന സ്ഥതി വന്നു.
ഇക്കൊല്ലത്തെ പരിഷ്കാരമാണ്‌ അടിപൊളി. പിള്ളേരുടെ തന്ത വെള്ളമടിച്ചോ ചീട്ടുകളിച്ചോ ഉണ്ടാക്കിവച്ച സാമ്പത്തിക ബാധ്യതകൾവരെ പലിശസഹിതം വീട്ടിക്കൊടുത്താലേ പിള്ളാരെപിടുത്തക്കാരായ അധ്യാപികമാർക്ക്‌ പിള്ളാരെ വിട്ടുകൊടുക്കുകയുള്ളൂ എന്നായിരിക്കുന്നു പിടിവാശി.

കവി ദീർഘദർശനം ചെയ്തതുപോലെ ഏപ്രിൽ ക്രൂരമായ മാസം തന്നെ!

അക്ഷയ@അഴിമതി ഡോട്ട്‌ കോം

അഴിമതി ഒരു സാർവലൗകിക പ്രതിഭാസമാണെന്നും അതിന്റെ സ്പർശമോ നോട്ടമോ വീഴാത്ത ഒരു വികസനപ്രവർത്തനവും പുനരുദ്ധാരണ പ്രവർത്തനവും നമ്മുടെ നാട്ടിൽ നടക്കുകയില്ലെന്നും ആവർത്തിക്കുന്നത്‌, ഇത്തരം പരിപാടികൾ ആവിഷ്ക്കരിക്കുന്നവർ തന്നെയാണ്‌. അഴിമതി നടത്തി അനധികൃത സ്വത്ത്‌ സമ്പാദിക്കാൻവേണ്ടി മാത്രമായി നിരവധി വികസനപദ്ധതികളാണ്‌ ഓരോ വർഷവും സർക്കാർതലത്തിൽപോലും ആവിഷ്ക്കരിക്കുന്നത്‌.

ഗ്രാമീണജനതയുടെ സാമ്പത്തിക സുസ്ഥിരത ലക്ഷ്യമിട്ട ആട്‌, കോഴി, പശു വിതരണ പരിപാടി മുതൽ അവരുടെ 'കമ്പ്യൂട്ടർ അവയർനെസ്‌' വർധിപ്പിക്കാനുള്ള അക്ഷയ എന്ന ഐടി മിഷൻ പദ്ധതിവരെ നീളുന്നു അഴിമതിയുടെ നീരാളികൈകൾ.

സൂപ്പർസ്സ്റ്റാർ മമ്മൂട്ടിയെ ബ്രാൻഡ്‌ അംബാസിഡറാക്കി ആരംഭിച്ച അക്ഷയ ഐടി മിഷൻ പദ്ധതി വൻ വിജയമായിരുന്നുവെന്നാണ്‌ ബന്ധപ്പെട്ടവരുടെ അവകാശവാദം. ഈ അവകാശവാദം സാധൂകരിക്കാൻ എൺപതാം വയസിൽ കമ്പ്യൂട്ടറിനുമുന്നിൽ ഇരിക്കുന്ന വൃദ്ധകളുടെയും വൃദ്ധന്മാരുടെയും ചിത്രങ്ങളും അവരുടെ സാക്ഷ്യങ്ങളും മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിൽ എത്തിക്കാൻ ബന്ധപ്പെട്ടവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൊലക്കുറ്റത്തിനും പെൺവാണിഭത്തിനും വ്യാജചാരായം കടത്തിനും ശിക്ഷിക്കപ്പെട്ട്‌ സെൻട്രൽ ജയിലിലും മറ്റും അടയ്ക്കപ്പെട്ട കൊടും കുറ്റവാളികൾ വരെ അക്ഷയപദ്ധതിയിൽ അംഗങ്ങളായി കമ്പ്യൂട്ടർ പഠിച്ച്‌ മാന്യന്മാരായി തീർന്നു എന്നുവരെ പ്രചരിപ്പിക്കപ്പെട്ടിരുന്നു.

പ്രചാരണം ഏറെയുണ്ടാകുന്ന ഏതു പദ്ധതിയും വെട്ടിപ്പിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരിക്കുമെന്ന്‌ അക്ഷയ ഐടി മിഷൻ പദ്ധതി വ്യക്തമാക്കുന്നു. സമാന സ്വഭാവമുള്ള അനുഭവങ്ങൾ നിരവധി കേരളീയരുടെ ഓർമയിലുണ്ട്‌. ലക്ഷം വീട്‌ പദ്ധതി അതിലൊന്നാണ്‌. എം.എൻ. ഗോവിന്ദൻനായർ എന്ന മനുഷ്യപ്പറ്റുള്ള മന്ത്രിയുടെ മനസിലുദിച്ചതായിരുന്നു ഈ ആശയം. കേരളത്തിൽ എല്ലാ ജില്ലകളിലും അത്‌ ആവേശപൂർവം നടപ്പിലാക്കുകയും ചെയ്തു. ആഘോഷപൂർവം ഉദ്ഘാടനം നിർവഹിച്ച്‌ വീടില്ലാത്ത പൗരന്മാരോട്‌ കമ്യൂണിസ്റ്റ്‌ സർക്കാരിനുള്ള പ്രതിബദ്ധത അടിവരയിട്ട്‌ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അഴിമതിയുടെയും വെട്ടിപ്പിന്റെയും കോടികളാണ്‌ ഈ പദ്ധതിയുടെ പിന്നാമ്പുറത്ത്‌ പലർക്കും ലാഭമായി ലഭിച്ചതെന്ന്‌ പിൽക്കാലത്ത്‌ ബോധ്യമായി. കാലിത്തൊഴുത്തിനെപോലും നാണിപ്പിക്കുന്നരീതിയിൽ ലക്ഷംവീടുകൾ അധഃപതിച്ചു. ഇപ്പോൾ അവയുടെ ഉദ്ധാരണത്തിന്‌ പുതിയ സിപിഐ മന്ത്രിമാർ ഭാഗ്യക്കുറി നടത്തുന്നു. ഇതിന്റെ പേരിൽ എത്ര കോടികൾ വെട്ടിക്കുമെന്ന്‌ വ്യക്തമാകണമെങ്കിൽ അൽപ്പകാലം പിടിക്കും.

ആനുഷംഗീകമായി ലക്ഷം വീട്‌ പദ്ധതിക്കുപിന്നിലെ തട്ടിപ്പ്‌ സൂചിപ്പിച്ചുവെന്നേയുള്ളൂ. നമ്മുടെ വിഷയം അക്ഷയ ഐടി മിഷൻ പദ്ധതിയുടെ പേരിൽ സംസ്ഥാനത്ത്‌ വ്യാപകമായി നടന്ന വെട്ടിപ്പാണ്‌.

സംസ്ഥാന ഐടി മിഷൻ ഉദ്യോഗസ്ഥരുടെ അവകാശമനുസരിച്ച്‌ എറണാകുളം ജില്ലയിൽ മാത്രം ഈ പദ്ധതിക്കുവേണ്ടി ചെലവാക്കിയത്‌ 1,17,51,000 രൂപയാണ്‌. ഇത്‌ സൂചികയായി എടുത്താൽ സംസ്ഥാനത്തൊട്ടാകെ 12 കോടിക്കും 15 കോടിക്കും ഇടയിൽ തുക ഈ പരിപാടിക്കുവേണ്ടി ചെലവാക്കിയിട്ടുണ്ട്‌.

2002-ലാണ്‌ അക്ഷയ ഐടി മിഷൻ പദ്ധതി ആരംഭിക്കുന്നത്‌. കേരളത്തിലെ പ്രത്യേകിച്ച്‌ ഗ്രാമീണമേഖലയിലെ എല്ലാ കുടുംബങ്ങളിലേയും ഒരു അംഗത്തിനെങ്കിലും ഇൻഫർമേഷൻ ആൻഡ്‌ കമ്യൂണിക്കേഷൻ ടെക്നോളജിയുടെ അടിസ്ഥാന വിവരങ്ങൾ പരിചയപ്പെടുത്തുക എന്നതായിരുന്നു ഈ പദ്ധതിയുടെ ഉദ്ദേശം. ഇതിനായി 3000 വിവിധോദ്ദേശ്യ കേന്ദ്രങ്ങളാണ്‌ സംസ്ഥാനത്തൊട്ടാകെ ആരംഭിച്ചത്‌. അക്ഷയ-ഇ-കേന്ദ്രങ്ങളെന്നാണ്‌ ഇവ അറിയപ്പെട്ടിരുന്നത്‌.
പദ്ധതിക്ക്‌ രൂപം കൊടുത്തത്‌ സർക്കാരാണെങ്കിലും അതിന്റെ നടത്തിപ്പ്‌ സ്വകാര്യ സംരംഭകരെയായിരുന്നു ഏൽപ്പിച്ചത്‌. ഓരോ കേന്ദ്രത്തിലും നാല്‌ കമ്പ്യൂട്ടറുകളും കളർ മോണിറ്ററുകളും വെബ്‌ ക്യാമും ഉണ്ടായിരിക്കണമെന്നായിരുന്നു സർക്കാരിന്റെ നിർദേശം. അതിന്റെ അടിസ്ഥാനത്തിൽ സാധാരണക്കാരനായ ഒരു വ്യക്തിയെ പരിശീലിപ്പിക്കുന്നതിന്‌ 80 രൂപയും എസ്സി/എസ്ടി വിഭാഗത്തിലെ ഒരംഗത്തെ പരിശീലിപ്പിക്കാൻ 120 രൂപയുമാണ്‌ ഈ കേന്ദ്രങ്ങൾക്ക്‌ സർക്കാർ അനുവദിച്ചത്‌.

എന്നാൽ സർക്കാർ നിർദേശിച്ചതുപോലെ നാല്‌ കമ്പ്യൂട്ടറുകളും കളർമോണിറ്ററുകളും വെബ്ക്യാമുകളും അപൂർവം ചില കേന്ദ്രങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നു മാത്രമല്ല ഗ്രാമീണമേഖലയിലെ ചില കുടുംബങ്ങളിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ചിലർക്കുമാത്രം പരിശീലനം നൽകി കണക്കുകൾ പെരുപ്പിച്ചുകാട്ടി അതിന്റെ അടിസ്ഥാനത്തിൽ സർക്കാരിൽനിന്ന്‌ ആനുകൂല്യം പറ്റുകയായിരുന്നു ഈ സ്വകാര്യ സംരംഭക കേന്ദ്രങ്ങൾ.

ഒരുദാഹരണം: എറണാകുളം ജില്ലയിലെ ഏലൂരിൽ ഈ മിഷന്റെ കീഴിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം നേടിയവരുടെ എണ്ണം 2078 ആണ്‌. എന്നാൽ അതിന്റെ പകുതി അംഗങ്ങൾക്കുപോലും പരിശീലനം നൽകിയിരുന്നില്ല എന്നതാണ്‌ യാഥാർത്ഥ്യം. ഇതിനു സമാനമായ രീതിയിൽ തന്നെയാണ്‌ മറ്റ്‌ കേന്ദ്രങ്ങളിലും പരിശീലനം നൽകിയിട്ടുള്ളതെന്ന്‌ മനസിലാക്കാൻ ഡോ. തോമസ്‌ ഐസക്കിന്റെ ബുദ്ധിയൊന്നും ആവശ്യമില്ല. ഗ്രാമീണമേഖലയിലെ 62 ശതമാനം ജനങ്ങൾ ഐടി ലിറ്ററസി നേടിയെന്ന സർക്കാരിന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന്‌ മനസിലാക്കാൻ ഐടി മിഷൻ പ്രോജക്ടിലെ അംഗമാകേണ്ട ആവശ്യവുമില്ല.

ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ഗ്രാമീണമേഖലയിൽ വളർത്തുമൃഗങ്ങളെ വിതരണം ചെയ്ത്‌ നടത്തിയ തട്ടിപ്പിനെ ലജ്ജിപ്പിക്കുന്ന വൻ വെട്ടിപ്പാണ്‌ ഐടി മിഷൻ ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട സ്വകാര്യ പരിശീലക കേന്ദ്രങ്ങളുടെയും മറവിൽ നടന്നിട്ടുള്ളത്‌. ഈ വൻ ചതിക്കുപിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും വെട്ടിപ്പിന്റെ ആഴം അളന്ന്‌ തിട്ടപ്പെടുത്താനും സർക്കാർ ഖജനാവിലെ പണം പോക്കറ്റിലാക്കിയ തട്ടിപ്പുവീരന്മാരെ പുറത്തുകൊണ്ടുവരാനും സമഗ്രമായി ഒരു അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന്‌ ഞങ്ങൾ ആവശ്യപ്പെടുന്നു.

Thursday, May 22, 2008

ആപ്പിൾ തിന്ന്‌ ആപ്പിലാവണമെന്നോ!

കമ്യൂണിസം നടപ്പാവുമ്പോൾ സർക്കാരുകൾ ഇല്ലാതാവും.
സർക്കാരുകൾ ഇല്ലാതാവുമ്പോൾ മുഖ്യമന്ത്രി, ധനമന്ത്രി, കൃഷിമന്ത്രി, റവന്യൂമന്ത്രി എന്നീ സ്ഥാനങ്ങളും ഇല്ലാതാവും.
മുഖ്യമന്ത്രി, ധനമന്ത്രി, കൃഷിമന്ത്രി, റവന്യൂമന്ത്രി സ്ഥാനങ്ങൾ ഇല്ലാതാവുമ്പോൾ ഇവർ തമ്മിലുള്ള അധികാര തർക്കവും ഇല്ലാതാവും.
അതുവരെയൊന്നു ക്ഷമിക്കാൻ കേരളത്തിലെ മാധ്യമപ്രവർത്തകർ തയ്യാറായേ തീരൂ.

ഒന്നു പറഞ്ഞ്‌ രണ്ടാം വാക്കിന്‌ സിപിഎം, സിപിഐ തർക്കം എന്ന മട്ടിൽ കാര്യങ്ങളെ വളച്ചൊടിച്ച്‌ നാനാവിധമാക്കുന്നത്‌ കേരളത്തിൽ ഫാഷനായിരിക്കുകയാണ്‌.

തർക്കം ഉണ്ട്‌ എന്നു പറഞ്ഞാൽ അതിനർത്ഥം അഭിപ്രായങ്ങൾ ഉണ്ട്‌ എന്നു മാത്രമാണ്‌.
സ്വന്തമായി അഭിപ്രായങ്ങൾ ഉള്ള ഭാര്യയും ഭർത്താവും തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും സഹോദരങ്ങൾ തമ്മിൽ തമ്മിലും തർക്കങ്ങൾ ഉണ്ടാകും!

അഭിപ്രായവും തർക്കവും ഇല്ലാതിരുന്നാൽ ഹവ്വാ ഉമ്മയ്ക്ക്‌ പറ്റിയപോലെ പറ്റും. ചെകുത്താൻ പറഞ്ഞത്‌ കേട്ട്‌ തർക്കത്തിനൊന്നും നിൽക്കാതെ ആപ്പിൾ തിന്നാൻ തയ്യാറായി ഹവ്വ. ഹവ്വ പറഞ്ഞതു കേട്ട്‌ തർക്കിക്കാനൊന്നും നിൽക്കാതെ ആപ്പിൾ തിന്നു ആദം.

എന്തു പറ്റി? വെറുതെ തിന്നു സുഖിച്ചു കഴിയാമായിരുന്ന സ്വർഗ്ഗത്തിൽ നിന്നും അവർ ഡിസ്മിസ്‌ ചെയ്യപ്പെട്ടു!

അഞ്ചുകൊല്ലം സ്വർഗ്ഗത്തിലേക്കുയർത്തപ്പെട്ട സിപിഎമ്മും സിപിഐയും അടങ്ങുന്ന മുന്നണി തർക്കത്തിനൊന്നും നിൽക്കാതെ ഉമ്മൻചാണ്ടി, കുത്തക മാധ്യമങ്ങൾ തുടങ്ങിയ ചെകുത്താന്മാരുടെ ആപ്പിൾ വാങ്ങിത്തിന്ന്‌ ആപ്പിലാവണമെന്നോ! ചെകുത്താന്മാർ പറയുമ്പോലെ ഭരണം നടത്തിയാൽ കേരള ഭരണമെന്ന സ്വർഗ്ഗരാജ്യത്തിൽ നിന്നും അവർ ഔട്ടാവില്ലേ!

അതുകൊണ്ടാണ്‌ ഭരണം കിട്ടിയ അന്നു മുതൽ സിപിഎം, സിപിഐ പാർട്ടികൾ എൽഡിഎഫിനകത്തും നിയമസഭയ്ക്കകത്തും മന്ത്രിസഭയ്ക്കകത്തും റോഡുവക്കിലും ഒക്കെ നിന്ന്‌ ഓരോരോ വിഷയങ്ങളെ ചൊല്ലി തലനാരിഴ കീറി തർക്കിക്കുന്നത്‌!

കാര്യങ്ങൾ വേണ്ടും വണ്ണം മനസിലാക്കാത്തതു കൊണ്ടാണ്‌ ഉമ്മൻചാണ്ടിക്ക്‌ അതിവേഗം ബഹുദൂരം ഓടാൻ നടത്തിയ ശ്രമം ഒരു കൊല്ലം കൊണ്ട്‌ നിർത്തി കുശുമ്പും കുന്നായ്മയും പറഞ്ഞ്‌ നാടുനീളെ തേരാപ്പാര നടക്കേണ്ടിവന്നത്‌.
ഇപ്പോൾ ഭരണത്തിലിരിക്കുന്ന സർക്കാർ കേവലം അഞ്ചുകൊല്ലം ഭരണത്തിലിരിക്കാനല്ല; ബംഗാളിലേപ്പോലെ ആയുഷ്കാലം ഭരണത്തിലിരിക്കാനാണ്‌ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്‌.

ആകയാൽ ഉമ്മൻചാണ്ടിയോ കൂട്ടരോ നന്നായില്ലെങ്കിൽ പോട്ടെ, മാധ്യമ പ്രവർത്തകരെങ്കിലും കാര്യങ്ങൾ വേണ്ടും വണ്ണം മനസിലാക്കി മാനസാന്തരപ്പെടണം.

അല്ലാത്ത പഹയന്മാരെ കൺസ്യൂമർ ഫെഡിനെക്കൊണ്ട്‌ അന്വേഷിപ്പിച്ച്‌ നശിപ്പിച്ച്‌ കളയും ൻഘാ!

AK (ആളെ കൊല്ലി) ബാലന്റെ ലീലാവിലാസങ്ങൾ

വി.എസ്‌. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ, ഭരണത്തിന്റെ മൂന്നാം വർഷത്തിലേയ്ക്ക്‌ കടക്കുമ്പോൾ, കെടുകാര്യസ്ഥതയും വിടുവായിത്തവും കൊണ്ട്‌ കേരളീയരെ പൊറുതിമുട്ടിച്ച മന്ത്രിമാരായ പി.കെ. ശ്രീമതി, എം.എ. ബേബി, ജി. സുധാകരൻ എന്നിവർക്കൊപ്പം അഭിമാനപൂർവം പൃഷ്ടം ഉറപ്പിച്ചിരിക്കുകയാണ്‌ വൈദ്യുതി മന്ത്രി എ.കെ. ബാലൻ.

"മൂത്രം ഒഴിച്ചാൽ വൈദ്യുതി ഉണ്ടാകില്ല" എന്ന കണ്ടുപിടുത്തം നടത്തി അതിന്റെ പേറ്റന്റ്‌ വാങ്ങി പോക്കറ്റിലിട്ടുകൊണ്ട്‌ പ്രസന്നമായ മുഖഭാവത്തോടെ വകുപ്പുഭരണം വഴിയാധാരമാക്കുകയും കേരളീയരെ അപ്രഖ്യാപിത പവർക്കട്ടിലൂടെ ഇരുട്ടിലിരുത്തുകയും ചെയ്യുന്നതിൽ എ.കെ. ബാലനുള്ള പ്രമാണിത്തം അംഗീകരിച്ചു കൊടുത്തേതീരൂ.

കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിലും പ്രാധാന്യം എസ്‌എൻസി ലാവ്ലിൻ കേസിൽ ഉൾപ്പെട്ട പാർട്ടി സെക്രട്ടറിയും മുൻ മന്ത്രിയുമായ സഖാവിനെ രക്ഷിക്കുന്നതിനാണ്‌ ബാലൻ നൽകിയിട്ടുള്ളത്‌. കുറ്റം പറയരുതല്ലോ. വാരിക്കോരി നൽകുന്നവരോടും അർഹതയില്ലാത്ത സ്ഥാനങ്ങളിൽ കയറ്റിയിരുത്തുന്നവരോടും കൂറ്‌ കാണിക്കുന്നത്‌ ഇക്കാലത്ത്‌ സാമാന്യമായി കാണാൻ കഴിയാത്ത സ്വഭാവ വിശേഷമാണ്‌. ആ അർത്ഥത്തിൽ ബാലൻ എല്ലാവർക്കും മാതൃകയായിട്ടുണ്ട്‌, രണ്ടു വർഷത്തെ ഭരണം കൊണ്ട്‌.

അതേസമയം ഈ കാലം കൊണ്ട്‌ വൈദ്യുതിവകുപ്പിനെ ഉപഭോക്തൃ സൗഹൃദ സേവനമേഖലയാക്കുന്നതിനുപകരം പീഡനത്തിന്റെ ഇരുട്ടടികേന്ദ്രമാക്കി മാറ്റിയെടുക്കാനും ബാലന്‌ കഴിഞ്ഞിട്ടുണ്ട്‌.

അതിലുംവലിയ നേട്ടമാണ്‌ ഈ ഭരണകാലത്ത്‌ ഡ്യൂട്ടിക്കിടയിൽ വൈദ്യുതാഘാതമേറ്റും പെൻസ്റ്റോക്ക്‌ പൈപ്പുകൾ പൊട്ടിയും പിടഞ്ഞുമരിക്കാൻ വിധിക്കപ്പെട്ട ജീവനക്കാരുടെ എണ്ണം 'വർധിപ്പിക്കുന്നതിൽ' കൈവരിച്ചത്‌. ജോലിക്കിടയിൽ ജീവനക്കാർക്കുണ്ടാകുന്ന അത്യാഹിതങ്ങളുടെ കാര്യത്തിൽ 25 ശതമാനത്തിന്റെ 'വർധന'യാണ്‌ ബാലന്റെ ഭരണകാലത്ത്‌ ഉണ്ടായിട്ടുള്ളത്‌. അപകട ശരാശരി രണ്ടുവർഷം മുൻപ്‌ 115-ൽ താഴെയായിരുന്നെങ്കിൽ ഇപ്പോൾ അത്‌ 208 ആയി 'ഉയർന്നിട്ടുണ്ട്‌'. 2008 ആരംഭിച്ച്‌ നാലുമാസം പൂർത്തിയായപ്പോഴേക്കും 38 വൈദ്യുതിബോർഡ്‌ ജീവനക്കാരാണ്‌ ജോലിക്കിടയിൽ അപകടം പിണഞ്ഞ്‌ കാലപുരി പൂകിയത്‌. മാത്രമല്ല, വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങളായ പവർഹൗസുകളിൽ അപകടത്തിൽപെട്ട്‌ 11 പേരാണ്‌ കൊല്ലപ്പെട്ടത്‌. അഞ്ചുവർഷം യുഡിഎഫ്‌ ഭരിച്ചിട്ടും ഒരാൾക്കുപോലും അപകടം ഉണ്ടാകാതിരുന്ന മേഖലകളിലാണ്‌, ബാലൻ ഭരണം ഏറ്റശേഷം കാലന്റെ വിളയാട്ടം ഇങ്ങനെ തുടരുന്നത്‌.

2007 ഡിസംബറിൽ പന്നിയാർ പവർഹൗസിൽ പെൻസ്റ്റോക്ക്‌ പൈപ്പ്‌ പൊട്ടി 11 ജീവനക്കാർ അതിദാരുണമായി മരിച്ചതിനെതുടർന്ന്‌ ഇത്തരം കേന്ദ്രങ്ങളിൽ അനുവർത്തിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച്‌ വൈദ്യുതി ബോർഡ്‌, ഈ രംഗത്തെ വിദഗ്ധരുമായി ആലോചിച്ച്‌, 28-12-2007ൽ ഒരു ഗവൺമെന്റ്‌ ഓർഡർ പുറപ്പെടുവിച്ചിരുന്നു. പവർഹൗസുകളിലും പെൻസ്റ്റോക്കുകളിലും അടിന്തരമായും അനിവാര്യമായും സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളായിരുന്നു ഈ ഓർഡറിൽ ഉണ്ടായിരുന്നത്‌. എന്നാൽ ഇത്‌ കേരളത്തിലെ പവർഹൗസുകളിലേക്ക്‌ എത്തിക്കാൻ ഒന്നര വർഷത്തിലധികം സമയം ബാലനുവേണ്ടിവന്നു. മൂഴിയാറിൽ കഴിഞ്ഞയാഴ്ചയുണ്ടായ ദുരന്തമാണ്‌ ബാലന്റെ കണ്ണുതുറപ്പിച്ചതും ഈ ഓർഡർ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ എത്തിക്കാൻ നിർബന്ധിച്ചതും.

അപകടങ്ങൾ ഉണ്ടാകുന്ന പവർഹൗസുകളിലും മറ്റും ഓടിയെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നതിൽ പക്ഷേ ബാലൻ മറ്റാരും കാണിച്ചിട്ടില്ലാത്ത ഔത്സുക്യം പ്രദർശിപ്പിച്ചിട്ടുണ്ട്‌. അപകടങ്ങളിൽ ദാരുണമായി കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക്‌ നഷ്ടപരിഹാരത്തുക നൽകുന്നതിനും അവർക്ക്‌ വൈദ്യുതിബോർഡിൽ ജോലി നൽകുന്നതിലും ബാലൻ പ്രത്യേകം ശ്രദ്ധയും നിഷ്കർഷയും പുലർത്തിയിട്ടുണ്ട്‌. അതുകൊണ്ട്‌ ജോലിയിലിരിക്കെ മരിച്ചവരുടെ വിധവകൾ ഏറ്റവും കൂടുതൽ ജോലിചെയ്യുന്ന രാജ്യത്തെ 'ഒന്നാമത്തെ സ്ഥാപനമാക്കി' കേരളാ സ്റ്റേറ്റ്‌ ഇലക്ട്രിസിറ്റി ബോർഡിനെ 'മാറ്റിയെടുക്കാനും' രണ്ടുവർഷത്തിനുള്ളിൽ ബാലനു കഴിഞ്ഞു. മാത്രമല്ല അപകടത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാര തുക 25 ശതമാനം കണ്ട്‌ വർധിപ്പിക്കാനും ബാലനു കഴിഞ്ഞിട്ടുണ്ട്‌.

ഈ 'നേട്ടങ്ങ'ളിങ്ങനെ ബാലന്റെ ഭരണത്തൊപ്പിയിൽ പുതിയ പുതിയ തൂവലുകൾ തിരുകുമ്പോൾ കൂടുതൽ വിനയാന്വിതനും പ്രസന്നവദനനുമായി ബാലൻ നാടുചുറ്റുകയാണ്‌. ഇതിനിടയിൽ വൈദ്യുതിബോർഡിൽ ഏർപ്പെടുത്തേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച്‌ നടക്കുന്ന നിർണായക യോഗങ്ങളിൽ എങ്ങനെ അദ്ദേഹത്തിന്‌ സംബന്ധിക്കാൻ കഴിയും!

തിരക്കുമൂലം ഇത്തരത്തിൽ അദ്ദേഹം ഒഴിഞ്ഞുനിന്ന ഒരു യോഗം കഴിഞ്ഞ ദിവസം കൂടുകയുണ്ടായി. മൂഴിയാർ പവർഹൗസ്‌ ദുരന്തമായിരുന്നു ഇങ്ങനെയൊരു ചർച്ചായോഗം വിളിച്ചുകൂട്ടാൻ ബോർഡ്‌ അധികൃതരേയും യൂണിയൻ പ്രതിനിധികളേയും നിർബന്ധിച്ചത്‌. 28-12-2007ൽ ഇറക്കിയ ഓർഡറിലെ നിർദേശങ്ങൾ നടപ്പിലാക്കുന്ന കാര്യത്തെക്കുറിച്ച്‌ 'ചിന്തിക്കാനായിരുന്നു' ഈ യോഗം.

അതിൽ പങ്കെടുക്കാതെ മാറിനിന്നുകൊണ്ട്‌ ബാലൻ തന്റെ പ്രതിബദ്ധത ഒരിക്കൽകൂടി തെളിയിച്ചു. ഈ നിലപാടിൽ ഇടതുപക്ഷ യൂണിയൻ നേതാക്കൾക്കുമാത്രമല്ല, അംഗങ്ങൾക്കും കടുത്ത അമർഷവും പ്രതിഷേധവുമാണുള്ളത്‌. ബാലന്റെ അഭാവത്തിൽ ബോർഡ്‌ ചെയർമാൻ എത്തി യോഗത്തിൽ പങ്കെടുത്തവരെ അഭിസംബോധനചെയ്ത്‌, ഗംഭീരമായി പ്രസംഗിച്ച്‌ അടുത്ത നിമിഷം സ്ഥലം കാലിയാക്കുകയും ചെയ്തു. ജനറേഷൻ വിഭാഗം മെമ്പറും ധനകാര്യ വിഭാഗം മെമ്പറും ബാലന്റെ അതേ പാത പിന്തുടർന്ന്‌ യോഗത്തിൽ പങ്കെടുക്കാതെ മാറിനിന്നു.

ബാലൻ ഭരണമേറ്റതോടെ വൈദ്യുതിബോർഡിലെ ജീവനക്കാരും ഓഫീസർമാരും തമ്മിലുണ്ടായിരുന്ന ബന്ധം കൂടുതൽ വഷളാകുകയാണുണ്ടായത്‌. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പോലും കൂട്ടായചർച്ചയ്ക്ക്‌ ഇവർ തയ്യാറാകുന്നില്ല. ആരോഗ്യമേഖലയിൽ പേരിനെങ്കിലും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോഴും മൺസൂൺകാലത്തിനുമുൻപ്‌ വൈദ്യുതിബോർഡ്‌ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച്‌ ഇതുവരെ ഉദ്യോഗസ്ഥതലത്തിൽപോലും ചർച്ച ചെയ്തിട്ടില്ല. ബോർഡിന്റെ സുഗമമായ പ്രവർത്തനത്തിന്‌ ആവശ്യമായ ധനം അനുവദിപ്പിക്കുന്നതിലും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അപകട സാധ്യതയുണ്ടാകുമ്പോൾ മുന്നറിയിപ്പ്‌ നൽകുന്ന സംവിധാനം കാലോചിതമാക്കുന്നതിലും ഒക്കെ ഇത്തരത്തിലുള്ള അക്ഷന്തവ്യമായ വീഴ്ചകളാണ്‌ രണ്ടുവർഷത്തെ ഭരണം കൊണ്ട്‌ ബാലൻ സൃഷ്ടിച്ചെടുത്തിട്ടുള്ളത്‌. അതുകൊണ്ടുതന്നെ അടുത്ത മഴക്കാലത്ത്‌ വൈദ്യുതിബോർഡ്‌ ജീവനക്കാർ മാത്രമായിരിക്കില്ല സാധാരണക്കാരും പൊട്ടിവീഴുന്ന വൈദ്യുതി ലൈനിൽനിന്നും ഷോക്കേറ്റ്‌ മരിക്കുമെന്ന കാര്യം പാഴൂർപടിയിൽ പോകാതെയും പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കരെ കൊണ്ട്‌ പ്രശ്നംവെപ്പിക്കാതെയും പ്രവചിക്കാൻ കേരളീയർക്ക്‌ എല്ലാവർക്കും കഴിയുമെന്നതാണ്‌ ബാലന്റെ മറ്റൊരു ഭരണനേട്ടം.

Wednesday, May 21, 2008

പന്ന്യൻ രവീന്ദ്രൻ സത്യം പറയണമായിരുന്നു

ഗീതാസൂക്തത്തിന്‌ ഒരു പാഠഭേദം കുറിക്കേണ്ടതുണ്ടെന്ന്‌ സ്വാമി അമൃതചൈതന്യയും സ്വാമി ഹിമവൽ ഭദ്രാനന്ദയുമടക്കമുള്ള കേരളത്തിലെ കള്ളസ്വാമിമാർ വ്യക്തമാക്കിയിരിക്കുന്നു.

സംഭവിച്ചതൊന്നും നല്ലതോ നല്ലതിനോ ആയിരുന്നില്ലെങ്കിലും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പലതും നന്മയ്ക്കാണെന്ന്‌ വിശ്വസിക്കാൻ പാകത്തിലുള്ളവയാണ്‌. അമൃതചൈതന്യയുടെ അത്യാർത്തിയും ഹിമവൽ ഭദ്രാനന്ദയുടെ അടക്കമില്ലായ്മയും മൂലം ഇരുവരും ഇരുമ്പഴിക്കുള്ളിലായപ്പോൾ കേരളത്തിന്റെ മുക്കിലും മൂലയിലുമുണ്ടായിരുന്ന നിരവധി സ്വാമിമാരും സ്വാമിനിമാരുമാണ്‌ ഇപ്പോൾ രക്ഷാകേന്ദ്രം തേടി അലയുന്നത്‌.

ഫീസായി ലക്ഷങ്ങൾ വാങ്ങിയശേഷം വീട്ടമ്മയെ ഒറ്റയ്ക്ക്‌ 'രാത്രിപൂജ'യ്ക്ക്‌ ക്ഷണിച്ച 'കരമന സ്വാമി', വായിൽനിന്ന്‌ ശിവലിംഗമെടുത്ത്‌ പ്രശസ്തനായ തലസ്ഥാനത്തെ വിദ്യാസായിബാബ, പോറ്റിയായി ചമഞ്ഞ്‌ ലക്ഷപ്രഭുവായ സുധീർ, ജീവനകലയ്ക്ക്‌ ബദലുമായി എത്തിയ സൂര്യാജി, കൊല്ലത്തെ അതിസുന്ദരിയായ ദേവീ മായ മഹാമായ, മുൻ സിനിമാ സംവിധായകനും പൂർവാശ്രമത്തിൽ സുനിൽ കാരന്തൂരുമായിരുന്ന വിശ്വ ചൈതന്യ, സഹകരണബാങ്കിലെ ജോലിയിൽ നിന്ന്‌ ഒഴിവാക്കപ്പെട്ടശേഷം സുനിൽ സ്വാമിയായ സുനിൽദാസ്‌, ഇരിങ്ങാലക്കുടയിലെ ബ്രഹ്മേശ്വരൻ, കൊഴുവല്ലൂരിലെ ബ്രഹ്മാനന്ദ ചൈതന്യ, അയ്യപ്പന്റെ അവതാരമെന്ന്‌ അവകാശപ്പെട്ട്‌ സ്വാമിയമ്മയായി മാറിയ കോതമംഗലം കുറ്റിക്കുഴി തെക്കുംകൂട്ടിൽ ഗംഗാധരന്റെ ഭാര്യ ഉഷ, പാലക്കാട്‌ ശ്രീകൃഷ്ണപുരം സ്വദേശിയായ മുരളീകൃഷ്ണ സ്വാമി, അനധികൃത സ്വത്ത്‌ സമ്പാദിക്കുകയും വെട്ടിപ്പുനടത്തുകയും ചെയ്തതിന്റെ പേരിൽ പോലീസ്‌ അന്വേഷിക്കുന്ന കോട്ടയം കഞ്ഞിക്കുഴി പെന്തക്കോസ്ത്‌ മിഷൻ സംഘടനാ പാസ്റ്റർ പാറമ്പുഴ മുക്കടിയിൽ സിറിയക്‌ ഫിലിപ്പ്‌, സയന്റിസ്റ്റാണെന്നും ഡോക്ടറാണെന്നും അവകാശപ്പെട്ടിരുന്ന ജി.വേണുഗോപാലെന്ന ഡോ. ജി.വി. പണ്ടാല, അഭിഭാഷകയിൽനിന്ന്‌ 15 ലക്ഷം രൂപ കടം വാങ്ങിയശേഷം വണ്ടിചെക്ക്‌ നൽകിയ പത്തനംതിട്ട സ്വദേശിയും പാസ്റ്ററുമായ സാം കുഴിക്കാല, തിരുവനന്തപുരം സ്വദേശി ഷൈലജ എന്ന സ്ത്രീയിൽനിന്ന്‌ 50,000 വാങ്ങി പകരം വണ്ടിചെക്ക്‌ നൽകിയ കരുനാഗപ്പിള്ളി സ്വരൂപാനന്ദ മഠാധിപതി പീതാംബര ജ്യോതി രമയാനന്ദ.....

വിശ്വാസത്തിന്റെ പേരിൽ തട്ടിപ്പും വെട്ടിപ്പും കാമക്കൂത്തും ആഡംബരജീവിതവുമായി സാക്ഷരരായ കേരളീയരെ ഇത്രനാളും വിഡ്ഢികളാക്കി വിലസിയിരുന്ന സ്വാമിമാരുടെയും സ്വാമിനിമാരുടെയും പാസ്റ്റർമാരുടെയും നിര ഇങ്ങനെ നീളുന്നു. ഇക്കൂട്ടത്തിൽ മുസ്ലീം സിദ്ധന്മാരും നിരവധിയുണ്ട്‌. ഇവരെല്ലാം ചേർന്ന്‌ വഞ്ചനയുടെ ദൂഷിതവൃത്തത്തിൽ കേരളീയരെ പെടുത്തിയത്‌ സ്വന്തം കൗശലങ്ങൾകൊണ്ടുമാത്രമല്ല രാഷ്ട്രീയരംഗത്തേയും പോലീസ്‌ സേനയിലേയും ഉന്നതന്മാരുടെ സൗഹൃദവും സഹകരണവും സംരക്ഷണവും ഉണ്ടായിരുന്നതുകൊണ്ടാണ്‌. അമൃതചൈതന്യ എന്ന സന്തോഷ്‌ മാധവൻ പിടിയിലായപ്പോളാണ്‌ സാം ക്രിസ്റ്റി ഡാനിയൽ എന്ന ഡിവൈഎസ്പിയും ഒരു വനിതാ എസ്പിയും ഇപ്പോൾ സന്തോഷ്‌ മാധവന്റെ തട്ടിപ്പുകളെക്കുറിച്ച്‌ അന്വേഷിക്കുന്ന സംഘത്തിലെ ഒരു ഉന്നതനുമൊക്കെ ഈ കപടസ്വാമിമാർക്ക്‌ നൽകിയിരുന്ന സംരക്ഷണം പുറത്തുവന്നത്‌.

ഒരു പ്രകോപനവുമില്ലെങ്കിലും ക്ഷോഭിക്കുകയും പൊട്ടിത്തെറിക്കുകയും വൻ ദുരന്തങ്ങൾ പ്രവചിക്കുകയും ആഭ്യന്തരമന്ത്രിയെ ബാലേട്ടൻ എന്ന്‌ വിളിക്കുകയും ചെയ്തിരുന്ന ക്രിമിനലായ ഹിമവൽ ഭദ്രാനന്ദനുപോലും കേരള രാഷ്ട്രീയത്തിലെ ഉന്നതന്മാരുടെ സൗഹൃദവും സംരക്ഷണവും ലഭിച്ചിരുന്നു. വെട്ടിപ്പിനും തട്ടിപ്പിനും വേണ്ടി ഭദ്രൻ തല്ലിക്കൂട്ടിയ കർമ എന്ന കടലാസ്‌ സംഘടനയുടെ പേരിൽ പുറത്തിറക്കിയ ബ്രോഷറിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉന്നതന്മാരുടെ ഫോട്ടോ ഉണ്ടായിരുന്നു. ഇവരിൽ പലരും ഹിമവൽ ഭദ്രാനന്ദന്റെ വെളിപാടുകൾക്ക്‌ കാതോർക്കാൻ എത്തുകയും ഭദ്രാനന്ദനെ വിവിഐപിയായി പരിഗണിച്ച്‌ ഓഫീസുകളിലും ഭവനങ്ങളിലും അദ്വതീയ സ്ഥാനം നൽകി ആദരിക്കുകയും ചെയ്തിരുന്നു.

ഈ കള്ളത്തിരുമാടികളുടെ കൂട്ടത്തിൽ പന്ന്യൻ രവീന്ദ്രനും ഉണ്ടായിരുന്നു എന്ന വാർത്ത ഞെട്ടലോടെയാണ്‌ ഞങ്ങൾ ശ്രവിച്ചത്‌. ഞങ്ങൾ മാത്രമല്ല പന്ന്യൻ രവീന്ദ്രൻ എന്ന കമ്യൂണിസ്റ്റ്‌ നേതാവിനെ പരിചയമുള്ളവരെല്ലാം ഈ വാർത്ത കേട്ടപ്പോൾ മൂക്കത്ത്‌ വിരൽവച്ചുപോയി. പന്ന്യൻ രവീന്ദ്രന്റെ പുത്രന്റെ വിവാഹവേളയിൽ മുഖ്യാതിഥിയായിരുന്നു ഹിമവൽ ഭദ്രാനന്ദൻ. ചടങ്ങിൽ ഹിമവൽ ഭദ്രാനന്ദൻ ഉൾപ്പെട്ട ക്ലിപ്പിംഗുകൾ ടെലിവിഷൻ ചാനലുകൾ പുറത്തുവിട്ടപ്പോൾ യാതൊരു ഉളുപ്പും കൂടാതെയാണ്‌, തനിക്ക്‌ ഭദ്രനുമായി ഒരു ബന്ധവുമില്ലെന്നും മകന്റെ കല്യാണത്തിൽ ക്ഷണിക്കാതെയാണ്‌ ഭദ്രൻ പങ്കെടുത്തതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞത്‌. എന്തെല്ലാം കുറ്റവും കുറവും ക്രിമിനൽ സ്വാഭവവും ഉണ്ടെങ്കിലും ക്ഷണിക്കാത്ത സദ്യ ഉണ്ണാൻ പോകുന്ന ചെറ്റയാണ്‌ ഹിമവൽ ഭദ്രാനന്ദൻ എന്ന്‌ ഞങ്ങൾ കരുതുന്നില്ല. ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല, കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവരുമായി ഭദ്രൻ പുലർത്തിയിരുന്ന അതേ ബന്ധം തന്നെയായിരുന്നു പന്ന്യനുമായി ഉണ്ടായിരുന്നത്‌ എന്നാണ്‌ പുറത്തുവന്നിട്ടുള്ള തെളിവുകൾ വ്യക്തമാക്കുന്നത്‌. ഈ ഉന്നത ബന്ധങ്ങളുടെ ബലത്തിലാണ്‌ സഹകരണ മന്ത്രി ജി. സുധാകരനെ ഫോണിലൂടെ ഭീഷണിപ്പെടുത്താൻ ഭദ്രൻ തയ്യാറായത്‌. എന്നിട്ടും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ പന്ന്യൻ രവീന്ദ്രൻ നിരപരാധി ചമയുമ്പോൾ, അധികാരം എത്രമാത്രം അദ്ദേഹത്തെയും ദുഷിപ്പിച്ചു എന്നുവേണം അനുമാനിക്കേണ്ടത്‌.

എംപി ഫണ്ട്‌ ഉപയോഗിച്ച്‌, റെഡ്ക്രോസിന്റെ തിരുവനന്തപുരം ശാഖയ്ക്ക്‌ ഒരു ആംബുലൻസ്‌ വാങ്ങിക്കൊടുത്ത മനുഷ്യസ്നേഹിയാണ്‌ പന്ന്യൻ രവീന്ദ്രൻ. ഈശ്വര വിശ്വാസമോ മുഹൂർത്തം കുറിക്കുന്നതിൽ താൽപ്പര്യമോ ഒന്നും അദ്ദേഹത്തിനില്ല എന്ന്‌ ഞങ്ങൾക്കറിയാം. എംപിയായശേഷവും തലക്കനമില്ലാതെ തട്ടുകടകളിൽനിന്ന്‌ ഭക്ഷണം കഴിക്കുന്ന ലളിത ജീവിതക്കാരൻ കൂടിയാണ്‌ പന്ന്യൻ രവീന്ദ്രൻ. എന്നാൽ ആസാമികളും ഭൂസ്വാമികളുമടങ്ങുന്ന പെരുങ്കള്ളക്കൂട്ടങ്ങളുമായി ഇദ്ദേഹത്തിനും പാർട്ടിക്കും ബന്ധമുണ്ടായിരുന്നുവെന്ന്‌ തെളിയിച്ചതാണ്‌ മൂന്നാർ ഒഴിപ്പിക്കലിനെതിരെ മുഖ്യമന്ത്രി അച്യുതാനന്ദനെ പ്രതിയാക്കി അദ്ദേഹം നടത്തിയ ആക്രോശങ്ങൾ. മൂന്നാറിലെ റിയൽ എസ്റ്റേറ്റ്‌ - റിസോർട്ട്‌ മാഫിയകളെ സംരക്ഷിക്കാനായിരുന്നു പാർട്ടി ഓഫീസിന്റെ പേരിൽ അദ്ദേഹവും വെളിയം അടക്കമുള്ള സിപിഐ നേതാക്കളും അച്യുതാനന്ദനും പ്രത്യേക ദൗത്യസംഘത്തിനുമെതിരെ കുരച്ചുചാടിയത്‌.

എന്നാൽ മൂന്നാറിൽ പാർട്ടി ഓഫീസിന്‌ സ്ഥലം ലഭിക്കാൻ വ്യാജ സത്യവാങ്മൂലവും രേഖകളുമാണ്‌ സിപിഐ ഹാജരാക്കിയതെന്ന്‌ പട്ടയമനുവദിച്ച സ്പെഷൽ ഓഫീസർ രവീന്ദ്രൻതന്നെ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്‌. സത്യങ്ങൾ ഇങ്ങനെ ഒന്നൊന്നായി മറനീക്കി പുറത്തുവരുമ്പോഴാണ്‌ പന്ന്യൻ രവീന്ദ്രനെപോലെ കേരളം ആദരിച്ചിരുന്ന കമ്യൂണിസ്റ്റ്‌ നേതാക്കളുടെ കള്ളസ്വത്വങ്ങൾ തിരിച്ചറിയപ്പെടുന്നത്‌. ഹിമവൽ ഭദ്രാനന്ദനെ അറിയില്ലായെന്ന്‌ പറഞ്ഞ്‌ നാവുവളക്കുന്നതിനുമുൻപാണ്‌ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മനുഷ്യകാരുണ്യപരമായതുകൊണ്ടാണ്‌ കർമയുടെ ആംബുലൻസ്‌ സർവീസ്‌ താൻ ഉദ്ഘാടനം ചെയ്തതെന്ന്‌ പന്ന്യൻ രവീന്ദ്രൻ സമ്മതിച്ചിട്ടുള്ളതും. അതായത്‌ കേരളത്തിലെ രാഷ്ട്രീയ, പോലീസ്‌ ഉന്നതന്മാരെപോലെ ഈ കള്ളസ്വാമികളെ സംരക്ഷിക്കുന്നതിൽ പന്ന്യൻ രവീന്ദ്രനും താൽപര്യമെടുത്തിരുന്നുവെന്ന്‌ സാരം. ക്രിമിനൽ സ്വഭാവമുള്ള സ്വാമിയായിരുന്നു ഭദ്രാനന്ദനെങ്കിൽ വിവാഹത്തിന്‌ ക്ഷണിക്കുമായിരുന്നില്ല എന്ന്‌ പന്ന്യൻ തുറന്നുപറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തോടുള്ള ആദരം വർധിക്കുമായിരുന്നു. എന്നാൽ മൂന്നാറിൽ മുഖ്യമന്ത്രിക്കെതിരെ ഉപയോഗിച്ച നാക്കുതന്നെയാണ്‌ ഇപ്പോൾ അദ്ദേഹത്തിനും വിനയായിട്ടുള്ളത്‌.

ബഹുമാന്യരായ കമ്യൂണിസ്റ്റ്‌ നേതാക്കൾ ഇത്തരത്തിൽ പച്ചക്കള്ളങ്ങൾ വിളമ്പുമ്പോൾ സ്വാർത്ഥലാഭത്തിനും രാഷ്ട്രീയ നേട്ടങ്ങൾക്കുമായി ഇത്തരം സ്വാമിമാരെ ഉപയോഗിക്കുന്നവരെ കുറിച്ച്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ.

നിഷ്കളങ്കർ നിഷ്കരുണം നയിക്കുമ്പോൾ

ഒരു ജനതയ്ക്ക്‌ അവർ അർഹിക്കുന്ന ഗുണത്തിലും മണത്തിലുമുള്ള പഹയന്മാരെത്തന്നെ നേതാക്കന്മാരായി കിട്ടാൻ വേണ്ടി പടച്ചതമ്പുരാൻ ഏതാണ്ടു സൂത്രം ഒപ്പിച്ചു വച്ചിട്ടുണ്ട്‌ എന്ന്‌ പണ്ടാരോ കണ്ടുപിടിച്ചിട്ടുണ്ട്‌!

കേരളീയർ പൊതുവെ നിഷ്കളങ്കരാണെന്ന്‌ നമുക്കറിയാം. നാടുകാണാനെത്തുന്ന മദാമ്മമാർക്കുപോലും കേരളീയരുടെ നിഷ്കളങ്ക സ്നേഹം പലവട്ടം ബോധ്യപ്പെട്ട വാർത്തകൾ എത്രവട്ടം നമ്മൾ വായിച്ചു കോൾമയിർ കൊണ്ടിരിക്കുന്നു!

നിഷ്കളങ്കനായ അച്യുമാമന്റെ നേതൃത്വത്തിൽ ഭരണത്തിലേറിയ നിഷ്കളങ്ക ഇടതു ഭരണത്തിന്റെ രണ്ടാം വാർഷിക ലഹരിയിലാണ്‌ കേരളം.

നിഷ്കളങ്കരായ ഇപ്പോഴത്തെ മന്ത്രിസത്തമന്മാരോട്‌ നിഷ്കളങ്കരായിരുന്ന പണ്ടത്തെ മന്ത്രി സത്തമന്മാർ ഈരണ്ടു ചോദ്യങ്ങൾ ചോദിച്ച്‌ ഉത്തരം കിട്ടുകയോ ഉത്തരം മുട്ടുകയോ ചെയ്ത 'നേർക്കുനേർ' എന്ന 'സംഗതി' വായിക്കാൻ ഇന്നലത്തെ കേരള കൗമുദി ദിനപത്രം നോക്കുക.

ഏറ്റവും നിഷ്കളങ്കമായ ചോദ്യത്തിനുള്ള പുരസ്കാരം പി പി തങ്കച്ചൻ എന്ന നിഷ്കളങ്കനുള്ളതാണ്‌. ആളുടെ ചോദ്യം താഴെ:
"നെൽപ്പാടം നികത്തൽ കർശനമായി തടയുമെന്ന്‌ എൽഡിഎഫ്‌ പ്രഖ്യാപിച്ചിരുന്നു. ഈ ഗവൺമന്റ്‌ പ്രഖ്യാപിച്ച കണക്കു പ്രകാരം 25,000 ഏക്കർ വച്ച്‌ ഓരോ വർഷവും വയൽ നികത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ സർക്കാർ തടയുന്നുമില്ല. വയലുകളെല്ലാം പുരയിടങ്ങളാക്കി വിറ്റുകൊണ്ടിരിക്കുന്നു. ഇതിനെതിരെ എന്തു നടപടിയെടുക്കും?"

ഈ ചോദ്യത്തിന്‌ നിഷ്കളങ്കമായൊരു മറുപടി നൽകി മുല്ലകൃഷിക്കാരൻ മന്ത്രി രത്നാകരൻ തങ്കച്ചൻ ചേട്ടനെ ഉത്തരം മുട്ടിച്ചത്‌ താഴെ വായിക്കുക:
"വയൽ സംരക്ഷണ നിയമം നടപ്പാക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായി. ഇനി നിയമസഭയിൽ അവതരിപ്പിച്ച്‌ പാസാക്കിയാൽ മതിയാകും. അത്‌ പാസാകുന്നതോടെ വയലുകളെല്ലാം സംരക്ഷിക്കപ്പെടും".

ഇപ്പോൾ ബോദ്ധ്യമായില്ലേ നിഷ്കളങ്കരായ കേരളീയർക്ക്‌ നിഷ്കളങ്കരായ നേതാക്കളെ തന്നെ നയിക്കാൻ കിട്ടിയെന്ന്‌!
അരിയെത്രയെന്നു ചോദ്യം; പയറഞ്ഞാഴീന്നുത്തരം!
കക്ഷത്തിലുള്ളത്‌ പോകേമില്ല; ഉത്തരത്തിലുള്ളത്‌ എടുക്കേം ചെയ്യാം!

നിയമമില്ലാഞ്ഞിട്ടാണ്‌ യുഡിഎഫും എൽഡിഎഫും മാറിമാറി ഭരിച്ച കാലത്തൊക്കെ നെൽവയൽ താനേ നികന്നു പോയതെന്നിപ്പോൾ മനസിലായില്ലേ?

വേണ്ടത്‌ പത്തുപതിനായിരം നിയമങ്ങളാണ്‌. നിയമങ്ങൾ ഉണ്ടാക്കുവാനായി ഭൂജാതരായവരാണ്‌ നേതാക്കൾ. നിയമങ്ങൾ ഉണ്ടാക്കാനാണ്‌ നിയമസഭ. നിയമങ്ങൾ മാറ്റിയെഴുതാനാണ്‌ മന്ത്രിസഭ. വല്ലതും മനസിലാവാതുണ്ടോ?

ഉണ്ടെങ്കിൽ മിണ്ടേണ്ട, നിയമബോധമില്ലാത്തതിന്റെ കുറവാ!

Tuesday, May 20, 2008

ഗർഭിണികളെ പീഢിപ്പിക്കുന്ന പി കെ ശ്രീമതിയും സർക്കാർ ഡോക്ടർമാരും

'മുടിഞ്ഞ കൂത്ത്‌ ഇരുന്ന്‌ കാണണം' എന്ന ഗ്രാമ്യമായ ചൊല്ലിനെ അന്വർഥമാക്കുകയാണ്‌ ആരോഗ്യമന്ത്രി പി കെ ശ്രീമതി.

അച്യുതാനന്ദൻ മന്ത്രിസഭ മൂന്നാംവർഷത്തിലേക്ക്‌ കടക്കുമ്പോൾ പിടിപ്പുകേടിന്റേയും കെടുകാര്യസ്ഥതയുടേയും അഴിമതിയുടേയും കൂത്തരങ്ങായി ആരോഗ്യ വകുപ്പ്‌ നാണക്കേടുണ്ടാക്കിയത്‌ പോരാഞ്ഞിട്ടാണെന്നു തോന്നുന്നു, പൊതുജനങ്ങളുടെ ആരോഗ്യം പന്താടാൻ ഡോക്ടർമാർക്ക്‌ അവസരം ഒരുക്കിയത്‌.

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട്‌ ഡോക്ടർമാർ ആരംഭിച്ച സമരത്തിന്റെ കനത്ത പ്രഹരമേൽക്കാൻ വിധിക്കപ്പെട്ടിട്ടുള്ളത്‌ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന നിർദ്ധന രോഗികളാണ്‌. വ്യാഴാഴ്ച ആരംഭിക്കുന്ന സമരത്തിന്റെ മുന്നോടിയായി സർക്കാർ ആശുപത്രികളിൽ നിന്ന്‌ രോഗികളെ കൂട്ടത്തോടെ കുടിയിറക്കിക്കൊണ്ടിരിക്കുകയാണ്‌. ഈ തെമ്മാടിത്തത്തിനിരയാകുന്നത്‌ ഗർഭിണികളും പ്രസവം കഴിഞ്ഞവരുമാണ്‌. ഇന്നലെയും ഇന്നുമായി പ്രസവം നടക്കേണ്ടവരും ദിവസങ്ങൾക്കു മുമ്പേ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരും ഒരുപോലെ പുറത്താക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. കലൂർ സ്വദേശിനിയായ മിനി ആദ്യ പ്രസവത്തിനാണ്‌ എറണാകുളം ജനറൽ ആശുപത്രിയിലെത്തിയത്‌. കുട്ടിയുടെ വളർച്ച ശരിയായ നിലയിൽ അല്ലാത്തതുകൊണ്ട്‌ ഇന്നലെ സിസേറിയൻ നിശ്ചയിച്ചിരുന്നു. അതിനുള്ള ഒരുക്കങ്ങളും രാവിലെ നടത്തിയിരുന്നു. പക്ഷേ ഡോക്ടർമാരുടെ സമരം മൂലം ഈ പൂർണ്ണ ഗർഭിണിക്ക്‌ അവസാന നിമിഷം മറ്റൊരാശുപത്രിയിൽ അഭയം തേടേണ്ടിവന്നു. ആശുപത്രി അധികൃതർ ഇവരെ നിർബന്ധമായി പറഞ്ഞുവിടുമ്പോൾ എവിടെപ്പോകണമെന്നറിയാതെ മിനി കരയുകയായിരുന്നു. നിർദ്ധന കുടുംബാംഗമായ മിനിയുടെ ഭർത്താവ്‌ കൂലിപ്പണിക്കാരനാണ്‌. സ്വകാര്യ ആശുപത്രിയിൽ പോകാനുള്ള പണം എങ്ങനെ കണ്ടെത്തണമെന്നറിയാതെ ഇരുവരും ഏറെ നേരം ആശുപത്രിവരാന്തയിൽ തളർന്നിരുന്നു.

ഇതിലും കഠിനമായ അനുഭവമാണ്‌ മട്ടാഞ്ചേരി കോമ്പാറമുക്ക്‌ സ്വദേശിനിയായ സബീനയ്ക്ക്‌ (23) അനുഭവിക്കേണ്ടിവന്നത്‌. പ്രസവവേദനയുമായി മൂന്ന്‌ ദിവസം മുമ്പ്‌ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സബീനയ്ക്ക്‌ ചികിത്സ നൽകാതെ ഡിസ്ചാർജ്ജ്‌ ചെയ്യുകയായിരുന്നു. ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ എത്തിപ്പെട്ട യുവതി നിമിഷങ്ങൾക്കകം പ്രസവിക്കുകയായിരുന്നു. വേദന അസഹ്യമായിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കാൻ തയ്യാറായില്ല. പരിശോധിക്കാനോ ഡ്രിപ്‌ നൽകാനോ പലവട്ടം അഭ്യർത്ഥിച്ചിട്ടും ഡോക്ടർമാർ തയ്യാറായില്ലെന്ന്‌ സബീനയുടെ ഭർത്താവ്‌ അൻവർ പറഞ്ഞു. ഇന്നലെ ഉച്ചയോടെ വേദന സഹിക്കവയ്യാതെ സബീന നിലവിളി തുടങ്ങിയതോടെയാണ്‌ ബന്ധുക്കളുടെ ആവശ്യപ്രകാരം ആശുപത്രി അധികൃതർ അവരെ ഡിസ്ചാർജ്ജ്‌ ചെയ്തത്‌.

ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട്‌ കേരള ഗവൺമന്റ്‌ മെഡിക്കൽ ഓഫീസേഴ്സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ്‌ ഡോക്ടർമാർ സമരം ആരംഭിച്ചിട്ടുള്ളത്‌. എറണാകുളം ജനറൽ ആശുപത്രിയിലെ പ്രസവ വാർഡിൽ 78 പേരാണ്‌ ഉണ്ടായിരുന്നത്‌. ഇവരിൽ 70 പേരേയും നിർബന്ധമയി പറഞ്ഞുവിടുകയായിരുന്നു.

ഇതേ അനുഭവമാണ്‌ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള നിർദ്ധന രോഗികൾക്ക്‌ അനുഭവിക്കേണ്ടി വന്നത്‌. ഡോക്ടർമാരുടെ സമരത്തെത്തുടർന്ന്‌ സർക്കാർ ആശുപത്രികളിലെ മെഡിക്കൽ, ജനറൽ സർജറി, ഇഎൻടി, ഗൈനക്കോളജി, ഓർത്തോ പീഡിയാട്രിക്‌, ന്യൂറോളജി തുടങ്ങിയ വിഭാഗങ്ങളൊന്നും പ്രവർത്തിക്കുന്നില്ല.

ചെയ്യുന്ന ജോലിക്ക്‌ ന്യായമായ കൂലി ലഭിക്കാൻ ഏതു തൊഴിലാളിക്കും അർഹതയുണ്ട്‌. അത്‌ നിഷേധിക്കപ്പെട്ടാൽ സംഘടനാ കരുത്തിൽ കൂട്ടായ വിലപേശൽ നടത്താം. അതിൽ തെറ്റില്ല. എന്നാൽ പൊതുജനങ്ങളുടെ, പ്രത്യേകിച്ച്‌ നിർദ്ധന രോഗികൾക്ക്‌ ചികിത്സ നിഷേധിച്ചുകൊണ്ട്‌ ഡോക്ടർമാർ നടത്തുന്ന സമരം ഭരണഘടനാ വിരുദ്ധവും പൗരാവകാശ ലംഘനവുമാണ്‌.

ഈ സാഹചര്യത്തിലേക്ക്‌ ഇവരെ തള്ളിവിട്ടതിൽ സർക്കാരിനും പ്രത്യേകിച്ച്‌ ആരോഗ്യവകുപ്പിനുമാണ്‌ ഉത്തരവാദിത്വം. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട്‌ പലവട്ടം ഡോക്ടർമാർ സൂചനാ പണിമുടക്ക്‌ നടത്തിയതാണ്‌. അന്നെല്ലാം വാഗ്ദാനങ്ങൾ നൽകി അവരെ സമരത്തിൽ നിന്ന്‌ പിന്തിരിപ്പിച്ച സർക്കാരും ആരോഗ്യവകുപ്പും പ്രശ്നത്തിന്‌ ശാശ്വത പരിഹാരം കാണാൻ ശ്രമിക്കാതിരുന്നതാണ്‌ ഗർഭിണികളും നവജാത ശിശുക്കളുമടക്കുമുള്ളവർക്ക്‌ ചികിത്സ നിഷേധിക്കപ്പെട്ട അവസ്ഥ സൃഷ്ടിക്കപ്പെട്ടത്‌.

ആരോഗ്യമന്ത്രി പി കെ ശ്രീമതി ഒരു സ്ത്രീയാണ്‌, അമ്മയാണ്‌. പ്രസവവും അനുബന്ധമായ പ്രശ്നങ്ങളും അവർക്ക്‌ ബോധ്യമുള്ളതാണ്‌. നാട്ടിലെമ്പാടും ഗർഭിണികൾ ചികിത്സ കിട്ടാതെ നോവ്‌ അനുഭവിക്കുമ്പോൾ ഈ മഹിളാമണി മന്ത്രിമന്തിരത്തിൽ സുഖിച്ചു വാഴുമ്പോൾ, അവർ അവകാശപ്പെടുന്ന സമഷ്ടി ബോധവും സഹാനുഭൂതിയുമൊക്കെ എത്രമാത്രം കാപട്യമാണെന്ന്‌ ബോധ്യമാകുന്നു. മന്ത്രി എന്ന നിലയ്ക്കും എംഎൽഎ എന്ന നിലയ്ക്കും കാലാകാലങ്ങളിൽ ശമ്പളവർദ്ധനയും മറ്റ്‌ ആനുകൂല്യങ്ങളും അനുഭവിക്കുന്നവരാണ്‌ പി കെ ശ്രീമതി അടക്കമുള്ള മന്ത്രിമാരും ഭരണ പ്രതിപക്ഷ കക്ഷി എംഎൽഎമാരും. കാലാകാലങ്ങളിൽ, ജീവിത ചെലവ്‌ വർദ്ധിച്ചതിന്റെ പേരിൽ ആരോടും ചോദിക്കാതെ ശമ്പള പരിഷ്കരണം നടപ്പിലാക്കി അതിന്റെ നേട്ടം കൊയ്യുന്നവരാണ്‌ ഇവരെല്ലാം. പോരെങ്കിൽ സ്വന്തം മരുമകളെ പതിനേഴായിരം രൂപ ശമ്പളത്തിന്‌ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച്‌ അഴിമതിക്ക്‌ പുതിയ ഭാഷ്യം ചമച്ച സഖവുകൂടിയാണവർ.

അതുകൊണ്ടുതന്നെ ഡോക്ടർമാർ ആവശ്യപ്പെടുന്ന ശമ്പളപരിഷ്കരണത്തിന്റെ അനിവാര്യത അവർക്കും സർക്കാരിലെ മറ്റുള്ളവർക്കും ബോധ്യപ്പെടേണ്ടതാണ്‌,. എന്നാൽ ഇക്കാര്യത്തിൽ ഇവർ പുലർത്തിയ പ്രതിഷേധാർഹമായ പ്രതിലോമ നിലപാടാണ്‌ ഇപ്പോൾ ഡോക്ടർമാരെ പ്രത്യക്ഷ സമരത്തിന്റെ പാതയിൽ എത്തിച്ചിരിക്കുന്നത്‌.

ഒരർഥത്തിൽ ഡോക്ടർമാർ പറയുന്നതിൽ ന്യായമുണ്ടെങ്കിലും സാമൂഹ്യസേവന സന്നദ്ധരായി ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന അവർ സാധു രോഗികളുടെ ജീവിതം വച്ചു വിലപേശുന്നത്‌ മെഡിക്കൽ എത്തിക്സിനും മനുഷ്യത്വത്തിനും എതിരാണ്‌. ക്രൂരതയുടെ ഈ സമരരീതിയിൽ നിന്ന്‌ ഡോക്ടർമാർ എത്രയും പെട്ടെന്ന്‌ പിൻതിരിയണമെന്നാണ്‌ നിർദ്ധന രോഗികളുടെ പേരിൽ ഞങ്ങൾക്ക്‌ ആവശ്യപ്പെടാനുള്ളത്‌. ഒപ്പംതന്നെ ഈ പ്രശ്നത്തിന്‌ ശാശ്വതമായ പരിഹാരം കാണാനുള്ള മനസ്സും തയ്യാറും ആരോഗ്യ വകുപ്പ്‌ അധികൃതരിൽ നിന്ന്‌ ഉണ്ടാകേണ്ടതുണ്ട്‌.

അതിന്‌ തയ്യാറായില്ലെങ്കിൽ ഉണ്ടാകാവുന്ന തിരിച്ചടി ഊഹാതീതമായിരിക്കും. ഒരു സർക്കാരും അഹന്ത നിറഞ്ഞ ഒരു മന്ത്രിയും പൊതുജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുമ്പോൾ അതിനെതിരെ ജനകീയ പ്രക്ഷോഭം നയിക്കേണ്ട ഉമ്മൻചാണ്ടിയും ചെന്നിത്തലയും അടക്കമുള്ളവർ ഏതു മാളത്തിലാണ്‌ ഒളിച്ചിരിക്കുന്നതെന്നാണ്‌ ഞങ്ങൾക്ക്‌ മനസ്സിലാകാത്തത്‌.

മരണവും രോഗവും വേദനയും ആർക്ക്‌ അടിച്ചേൽപ്പിച്ചാലും അത്‌ അസഹ്യമായിരിക്കുമെന്ന്‌ തിരിച്ചറിയാനുള്ള ബോധം ഇവർക്കെല്ലാം ഉണ്ടായേ തീരൂ. അല്ലെങ്കിൽ അത്‌ ഉണ്ടാക്കിയെടുക്കാൻ പൊതുജനങ്ങൾ രംഗത്തിറങ്ങും, സംശയമില്ല.

കൊച്ചീക്കാരുടെയൊരു കാലം!

ഇത്രയുംകാലം ഇരുപത്തിനാലുമണിക്കൂറും കൊച്ചീക്കാരുടെ ചെവികളിൽ മൂളിക്കൊണ്ടിരുന്ന കൊതുകുകളെ തറപറ്റിക്കാൻ ഒന്നിലേറെ എഫ്‌.എം. റേഡിയോ സ്റ്റേഷനുകളാണ്‌ മത്സരിച്ച്‌ രംഗത്തുവന്നിരിക്കുന്നത്‌.
കൊച്ചീക്കാർക്കു കൂടപ്പിറപ്പായ ടൺകണക്കിനു ടെൻഷനും, മാലിന്യത്തിന്റെ പാലാഴിയും ഇനി മറക്കൂ. വെറുതെ പാട്ടുകേട്ടങ്ങിരിക്കൂ...

ഇനി റോഡിൽ ബ്ലോക്കുണ്ടാവാൻ പ്രാർത്ഥിച്ചുപോകും കൊച്ചീക്കാർ. കാരണം പാട്ട്‌ ഇരമ്പിയാർത്തുവരികയാണ്‌ റേഡിയോ ജോക്കികൾ എന്ന ബുദ്ധിജീവികളുടെ ഗമണ്ടൻ ചോദ്യോത്തര സമ്മാന കലാപരിപാടികളിലൂടെ!

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരെന്താണ്‌? പെരിയാറിൽ എത്ര കുടം വെള്ളം കാണും? സന്തോഷ്‌ മാധവനെക്കൊണ്ട്‌ ഏറ്റവും സന്തോഷം അനുഭവിച്ചതാരാണ്‌? അങ്ങനെയങ്ങനെ പോകുന്നു ചോദ്യപ്പെരുമഴ!

ഇനി ഒറ്റൊരുത്തനും പണിക്കുപോണ്ടെന്നതാണ്‌ ഈ റേഡിയോ വിപ്ലവത്തിന്റെ ഒരു ഗുണം. കാലത്തേ എഴുന്നേൽക്കുക പാട്ടുകേട്ടോണ്ടിരിക്കുക. മൊബെയിൽ അരികിൽ വയ്ക്കുക. ഏത്‌ പൊട്ടനും ഉത്തരം പറയാവുന്ന കിടിലൻ ചോദ്യങ്ങൾ ജോക്കികൾ കൊഞ്ചിക്കുഴഞ്ഞും ചാടിക്കളിച്ചും ചോദിച്ചോണ്ടിരിക്കും. ചാടിക്കേറി ഉത്തരം എസ്‌എംഎസ്‌ ചെയ്താൽ മതി. സമ്മാനം ഉറപ്പ്‌!

അങ്ങനെ ചോദ്യങ്ങൾ ചോയ്ച്ച്‌ ചോയ്ച്ച്‌ പോകുന്നതിനിടെ അടിപൊളി പാട്ടുകൾ കേൾക്കാം. പണിക്കൊന്നും പോകാതെ ഇങ്ങനെ പാട്ടും കേട്ടിരിക്കുന്നതിനിടെ പെൺപിറന്നോർ ആൺപിറന്നോനെ അവന്റെ പാട്ടിനു വിട്ടേച്ച്‌ പൊയ്ക്കളയും എന്ന പേടിവേണ്ട. വീട്ടിൽ പെൺപിറന്നോത്തിയും എസ്‌എംഎസ്‌ അയച്ചുകൊണ്ടേ ഇരിക്കയാവും!

എത്ര പെട്ടെന്നാണ്‌ പഴയ പാട്ടുപെട്ടികൾ പൊടിതട്ടിയെടുത്ത്‌ നാട്ടുകാർ രൂപപ്പലകയിൽ പ്രതിഷ്ഠിച്ചത്‌. ആർക്കുമിപ്പോൾ ടിവി കാണാൻ നേരമില്ലാതായിരിക്കുന്നു. ചാനലുകളിൽ വനിതാരത്നങ്ങൾ, ഹാസ്യരത്നങ്ങൾ, ഗായകരത്നങ്ങൾ ഒക്കെ തലകുത്തി മറിഞ്ഞിട്ടും കാണാനാളില്ല! സെന്റ്‌ ആന്റണി, വേളാങ്കണ്ണി മാതാവ്‌, തോമാശ്ലീഹ തുടങ്ങിയവരുടെ സദുപദേശങ്ങൾ പോയിട്ട്‌ കടമറ്റത്തുകത്തനാരുടെയും കുട്ടിച്ചാത്തന്മാരുടെയും ഉഡായിപ്പുകൾ കാണാൻപോലും ആളില്ല!

കേവലം ഒന്നുരണ്ടാഴ്ചകൊണ്ട്‌ ചാനലുകളായ ചാനലുകളൊക്കെ പൂട്ടിപ്പോകുന്നതിന്റെ സകല ലക്ഷണവുമാണ്‌ കാണുന്നതെന്ന്‌ ഒന്നാമനായ റേഡിയോ സ്റ്റേഷൻകാർ അവരുടെ ദിനപത്രത്തിൽ സ്കൂപ്പടിച്ചു തകർത്തുകൊണ്ടിരിക്കുന്നു!

ഈ സമയത്ത്‌ മഞ്ഞക്കണ്ണടയിൽ നിങ്ങൾക്കായൊരു പാട്ടുകേൾക്കാം.

"സംഗീതമീ ജീവിതം
ഒരു മാതിരി സംഗീതമീ ജീവിതം..."

Monday, May 19, 2008

സ്വാമി 'ക്രിമിനൽ' ഭദ്രാനന്ദയ്ക്ക്‌ തോക്ക്‌: മുൻ എഡിഎം കുടുങ്ങും

കളക്ടർ ഡോ.ബീനയുടെ നടപടിയും വിവാദത്തിലേക്ക്‌
ടൈറ്റസ്‌ കെ. വിളയിൽ
കൊച്ചി: തോക്കുമായി രണ്ടുമണിക്കൂർ നഗരത്തേയും പോലീസിനേയും വിറപ്പിച്ച ഹിമവൽ ഭദ്രാനന്ദയ്ക്ക്‌ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ്‌ മുൻ എഡിഎം എം.കെ. തങ്കപ്പൻ തോക്കിന്‌ ലൈസൻസ്‌ നൽകിയതെന്ന്‌ വ്യക്തമായി. ഇതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ നിയമനടപടികളുണ്ടാകും. റിട്ടയർ ചെയ്ത അന്നാണ്‌ (മാർച്ച്‌ 31) എല്ലാ ചട്ടങ്ങളും ലംഘിച്ച്‌ ഭദ്രാനന്ദയ്ക്ക്‌ തോക്കിന്‌ ലൈസൻസ്‌ നൽകാൻ എഡിഎം ശിപാർശ ചെയ്തത്‌.

തനിക്ക്‌ നേരിട്ടറിയാവുന്ന വ്യക്തിയാണ്‌ ഹിമവൽ ഭദ്രാനന്ദ എന്നും അതുകൊണ്ട്‌ തോക്കിന്‌ ലൈസൻസ്‌ നൽകാമെന്നുമായിരുന്നു എഡിഎമ്മിന്റെ റിപ്പോർട്ട്‌. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ മുൻ കളക്ടർ എ.പി.എം. മുഹമ്മദ്‌ ഹനീഷ്‌ തോക്ക്‌ നൽകാൻ ഉത്തരവിട്ടത്‌.

എന്നാൽ നാലുമാസത്തിനിടയിൽ രണ്ടു പ്രാവശ്യം മാത്രം കണ്ട പരിചയമേ എഡിഎം തങ്കപ്പനും ഹിമവൽ ഭദ്രാനന്ദയ്ക്കും തമ്മിലുള്ളൂവെന്ന്‌ ഇപ്പോൾ തങ്കപ്പൻ സമ്മതിക്കുന്നു. കർമ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിൽ ഒരു മാസിക ആരംഭിക്കുന്നതിനുള്ള ഡിക്ലറേഷൻ വയ്ക്കാൻ എത്തിയപ്പോഴാണ്‌ ഇവർ തമ്മിൽ ആദ്യം കാണുന്നത്‌. പിന്നീട്‌ എഡിഎം റിട്ടയർ ചെയ്തശേഷം അദ്ദേഹത്തിന്റെ ഭവനത്തിൽ നടന്ന സൽക്കാരത്തിലാണ്‌ ഹിമവൽ ഭദ്രാനന്ദ പിന്നീട്‌ പങ്കെടുക്കുന്നത്‌. അവിടെവച്ച്‌ മുൻ കളക്ടറുമായി ഹിമവൽ ഭദ്രാനന്ദ കുശലപ്രശ്നം നടത്തിയിരുന്നു.

ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ആളായതുകൊണ്ട്‌ നല്ല മനുഷ്യനായിരിക്കുമെന്നു കരുതിയാണ്‌ തോക്കിനുള്ള ലൈസൻസിന്‌ ശിപാർശ ചെയ്തതെന്നാണ്‌ ഇപ്പോൾ തങ്കപ്പൻ പറയുന്നത്‌. ജീവകാരുണ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്വാമിക്ക്‌ എന്തിനാണ്‌ തോക്ക്‌ എന്നു ചിന്തിക്കാനുള്ള കേവല യുക്തിപോലും ഉപയോഗിക്കാതെ ലൈസൻസിന്‌ ശിപാർശ ചെയ്തതിനു പിന്നിൽ ഉന്നതങ്ങളിൽനിന്നുള്ള സമ്മർദ്ദം ഉണ്ടായിരുന്നു എന്നുവേണം അനുമാനിക്കാൻ.

കോൺഗ്രസിലെ മുതിർന്ന നേതാവിന്റെ അടുത്ത സുഹൃത്താണ്‌ ഹിമവൽ ഭദ്രാനന്ദ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം പോലും അദ്ദേഹത്തിന്റെ അഭ്യുന്നതിക്ക്‌ കാരണമാകുമെന്ന്‌ ഹിമവൽ ഭദ്രാനന്ദ പ്രവചിച്ചിരുന്നുവത്രെ. ഈ നേതാവിന്റെ കൂടി സമ്മർദ്ദത്താൽ ആയിരിക്കണം ചട്ടങ്ങളെല്ലാം ലംഘിച്ച്‌ ലൈസൻസ്‌ നൽകാൻ എഡിഎം ശിപാർശ ചെയ്തതെന്നും ആ ശിപാർശയുടെ അടിസ്ഥാനത്തിൽ മുൻ കളക്ടർ അനുമതി നൽകിയതെന്നും വ്യക്തമാകുന്നു.
നടപടിക്രമങ്ങൾ ലംഘിച്ചാണ്‌ ഹിമവൽ ഭദ്രാനന്ദയ്ക്ക്‌ തോക്ക്‌ അനുവദിച്ചതെന്ന്‌ അറിഞ്ഞിട്ടും ലൈസൻസ്‌ റദ്ദാക്കാനോ അതിന്റെ അടിസ്ഥാനത്തിൽ ആയുധം അനാവശ്യമായി കൈവശം വച്ചതിന്റെ പേരിൽ നിയമനടപടികൾ സ്വീകരിക്കാനും എക്സിക്യൂട്ടീവ്‌ മജിസ്ട്രേറ്റ്‌ കൂടിയായ ഡോ. എം.ബീന തയ്യാറാകാത്തത്‌ ഈ സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നു.

ഇതു സംബന്ധിച്ച്‌ സർക്കാരിന്‌ റിപ്പോർട്ട്‌ നൽകും എന്നു പറഞ്ഞൊഴിയാനാണ്‌ കളക്ടർ ശ്രമിക്കുന്നു. റിട്ടയർ ചെയ്തെങ്കിലും ചട്ടങ്ങൾ ലംഘിച്ച്‌ ഹിമവൽ ഭദ്രാനന്ദയ്ക്ക്‌ തോക്കിനുള്ള ലൈസൻസ്‌ ശിപാർശ ചെയ്ത മുൻ എഡിഎം എം.കെ. താങ്കപ്പനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ തടസ്സമില്ലെന്ന്‌ നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സർക്കാരിന്റെ പെൻഷൻപറ്റുന്ന വ്യക്തിക്കെതിരെ സർക്കാർ ജീവനക്കാർക്ക്‌ ബാധകമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ കഴിയുമെന്നും ഇവർ പറയുന്നു.

ഹിമവൽ ഭദ്രാനന്ദ ആലുവ പോലീസ്‌ സ്റ്റേഷനിൽ നടത്തി ആക്രമണത്തെക്കുറിച്ചന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിട്ടുണ്ട്‌. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട്‌ സമർപ്പിക്കണമെന്നാണ്‌ നിർദേശം. ശനിയാഴ്ച രാവിലെ ഏഴര മുതൽ പത്തുമണിവരെ ഹിമവൽ ഭദ്രാനന്ദയുടെ നിയമവിരുദ്ധ നടപടികൾക്ക്‌ അനുനയത്തിന്റെ പേരിൽ കൂട്ടുനിന്ന സിഐ അടക്കമുള്ളവർക്ക്‌ എതിരെ ഡിപ്പാർട്ടുമെന്റ്‌ തലത്തിൽ നടപടിയുണ്ടാകുമെന്നാണറിയുന്നത്‌.

പാളയത്തിൽ പട: മൂന്നാം വർഷം

വിഎസ്‌ അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ മന്ത്രിസഭ മൂന്നാം വർഷത്തിലേക്ക്‌ കടക്കുമ്പോൾ കഴിഞ്ഞുപോയത്‌ വാഗ്ദാന ലംഘനത്തിന്റെയും പാളയത്തിൽ പടയുടെയും രണ്ട്‌ വർഷങ്ങളായിരുന്നു.

അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാണ യുഡിഎഫ്‌ ഭരണത്തിന്‌ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകർ അറുതിവരുത്തിയത്‌, സുതാര്യവും അഴിമതിരഹിതവുമായ, വികസനത്തിന്റെ പുതിയൊരു ഭരണശൈലി കാഴ്ചവയ്ക്കുമെന്ന എൽഡിഎഫിന്റെ പ്രചരണ വാഗ്ദാനങ്ങളിൽ വിശ്വസിച്ചിട്ടായിരുന്നു. ഈ വിശ്വാസത്തെ പുഷ്കലമാക്കുന്നതിൽ അന്ന്‌ പ്രതിപക്ഷനേതാവായിരുന്ന വിഎസ്‌ അച്യുതാനന്ദൻ വഹിച്ച പങ്ക്‌ അദ്വതീയമായിരുന്നു. പൊതുസമൂഹത്തെ ബാധിച്ച എല്ലാ പ്രശ്നങ്ങളിലും, പാർട്ടിയുടെ വിലക്കുണ്ടായിരുന്ന വിഷയങ്ങളിൽ പോലും, ഇടപെട്ട്‌ ജനപക്ഷ രാഷ്ട്രീയത്തിന്‌ പുതിയൊരു മുഖം നൽകുകയായിരുന്നു അദ്ദേഹം. പ്രത്യേകിച്ച്‌ സ്ത്രീപീഡന കേസുകളിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്ന അച്യുതാനന്ദന്റെ വാഗ്ദാനം കേരളത്തിലെ സ്ത്രീസമൂഹം രാഷ്ട്രീയത്തിനധീതമായി സ്വീകരിക്കുകയും അതനുസരിച്ച്‌ വോട്ടുചെയ്യുകയുമുണ്ടായി.

എന്നാൽ അധികാരത്തിൽ കയറിയതോടെ വാഗ്ദാനങ്ങളെല്ലാം വിസ്മരിച്ച്‌ മൂപ്പിളപ്പ്‌ തർക്കത്തിൽ അഭിരമിച്ചും വാഗ്ദാനലംഘനങ്ങളിൽ ആറാടിയും ഭരിക്കാനായിരുന്നു ഇടതുപക്ഷ മന്ത്രിമാർക്കെല്ലാം ത്വര. പലപ്പോഴും കേവലം ഒരു കാഴ്ചക്കാരനായി നോക്കിനിൽക്കാൻ മാത്രമാണ്‌ മുഖ്യമന്ത്രിയായ അച്യുതാനന്ദന്‌ കഴിഞ്ഞിരുന്നത്‌. ഈ നില അസഹ്യമായപ്പോഴാണ്‌ തന്റെ മന്ത്രിമാരെ പരസ്യമായി കുറ്റപ്പെടുത്തുന്നതും തള്ളിപ്പറയുന്നതുമായ നിലപാടെടുക്കാൻ അദ്ദേഹം നിർബന്ധിതനായത്‌. അങ്ങനെ പരസ്പര പഴിചാരലിൽ നിർജീവമായ ആദ്യവർഷ ഭരണത്തെ സജീവമാക്കിയതായിരുന്നു മൂന്നാർഒഴിപ്പിക്കൽ നടപടി. എന്നാൽ മാർക്ക്സിസ്റ്റ്‌ പാർട്ടിയിലെ ഒരു വിഭാഗവും സിപിഐയും ചേർന്ന്‌, കേരളം ഒറ്റക്കെട്ടായി, രാഷ്ട്രീയ ഭേദമില്ലാതെ പിന്തുണച്ച ആ നല്ല നടപടിക്ക്‌ പാരവച്ചു. തുടർന്ന്‌ പാരവയ്പ്പിന്റെയും കുറ്റപ്പെടുത്തലിന്റെയും പരമ്പരതന്നെ അരങ്ങേറി. മുഖ്യമന്ത്രിയുടെ നടപടിയെ നിയമസഭയിൽപോലും ഇകഴ്ത്തിക്കാണിക്കുന്ന രീതിയിൽ സിപിഐ മന്ത്രിമാർ പെരുമാറുകവരെ ഉണ്ടായി.

താന്തോന്നിത്തത്തിന്റെ ഭരണം ഇങ്ങനെ നീളുമ്പോളായിരുന്നു അശനിപാതം പോലെ കാലം തെറ്റിയെത്തിയ മീനമഴ കുട്ടനാട്‌ അടക്കമുള്ള കേരളത്തിലെ നെൽകർഷകരുടെ അദ്ധ്വാനത്തിനുമേൽ പെയ്തിറങ്ങിയത്‌. പ്രകൃതിക്ഷോഭം തടയാൻ ഒരു മന്ത്രിസഭയ്ക്കും ഭരണകൂടത്തിനും കഴിയുകയില്ല. എന്നാൽ ഇത്തരം ദുരന്തങ്ങൾക്ക്‌ ഇരയാകുന്നവർക്ക്‌ തക്കസമയത്ത്‌ ആശ്വാസമെത്തിക്കാൻ അതാത്‌ കാലത്തെ ഭരണകൂടം ബാധ്യസ്ഥമാണ്‌. ഇക്കാര്യത്തിൽ സമാനതകളില്ലാത്ത പരാജയമാണ്‌ അച്യുതാനന്ദൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്‌. കൃത്യസമയത്ത്‌ കേരളത്തിന്റെ നഷ്ടം കേന്ദ്രത്തെ ബോധിപ്പിച്ച്‌ ദുരിതത്തിലായ കർഷകർക്ക്‌ നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തരം സന്ദർഭങ്ങളിൽ രാഷ്ട്രീയത്തിനതീതമായി ഉയർന്ന ജനവികാരങ്ങളോട്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ച്‌ പ്രതിപക്ഷത്തെയും ഒപ്പം കൂട്ടി പരിഹാര നടപടികൾ കണ്ടെത്തുമ്പോഴാണ്‌ ഒരു സർക്കാർ തങ്ങളെ തെരഞ്ഞെടുത്തവരോടുള്ള പ്രതിബദ്ധത പ്രകടമാക്കുന്നത്‌. ഇക്കാര്യത്തിൽ നൂറുശതമാനവും അച്യുതാനന്ദൻ സർക്കാർ പരാജയപ്പെട്ടുഎന്നത്‌ പതുക്കെപ്പറയേണ്ട സംഗതിയല്ല.

ഈ ദുരന്തത്തിന്റെ പ്രഹരം വർദ്ധിപ്പിക്കുന്നതായിരുന്നു അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കുണ്ടായ അമിതമായ വിലവർദ്ധന. ഈ പ്രശ്നത്തിലും ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാൻ ഇടതുപക്ഷ സർക്കാരിന്‌ കഴിഞ്ഞില്ല.

കൃഷിഭൂമി കർഷകനുള്ളതാണെന്നും ആദിവാസികളടക്കമുള്ള ദുർബല വിഭാഗങ്ങൾക്ക്‌ കൃഷിചെയ്ത്‌ ജീവിക്കാനുള്ള പരിസരമൊരുക്കുമെന്നും പലവട്ടം പ്രഖ്യാപിച്ചിട്ടുള്ള ഒരു പാർട്ടിയുടെ സഖാക്കളാണ്‌ സർക്കാരിന്‌ നേതൃത്വം നൽകുന്നത്‌. എന്നാൽ വികസനത്തിന്റെ പേരിൽ നിസ്വരും നിസഹായരുമായ ജനങ്ങളെ കണ്ണിൽ ചോരയില്ലാതെ കുടിയിറക്കുന്നതിലായിരുന്നു അച്യുതാനന്ദൻ സർക്കാരിന്റെ മുൻഗണന. മൂലമ്പിള്ളിയും ചെങ്ങറയുമെല്ലാം ഈ ജനവിരുദ്ധ നിലപാടിന്റെ പൊള്ളുന്ന ദൃശ്യങ്ങളായി ഇന്നും അവശേഷിക്കുന്നു.

കർഷകക്കടം എഴുതിത്തള്ളാനെടുത്ത തീരുമാനവും ഐടി മേഖലയിൽ സൃഷ്ടിക്കാനായ പുരോഗതിയും മുസ്ലീങ്ങളടക്കമുള്ള പിന്നാക്കവിഭാഗങ്ങളുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാൻ മനസുകാട്ടിയതും ഈ കോട്ടങ്ങൾക്കിടയിലെ രജതശോഭയാർന്ന നേട്ടങ്ങൾ തന്നെയാണ്‌. എന്നാൽ കാർഷിക കടാശ്വാസ കമ്മീഷന്റെ പ്രവർത്തനം, ഭക്ഷ്യസുരക്ഷാ പദ്ധതി തുടങ്ങി കർഷകർക്കും മറ്റ്‌ ദുർബല വിഭാഗങ്ങൾക്കും ഏറെ ഗുണകരമാകാവുന്ന പരിപാടികൾ സിപിഎം-സിപിഐ പോരിന്റെ പേരിൽ അവതാളത്തിലാക്കിയതിന്റെ നാണക്കേടും കണ്ടില്ലെന്ന്‌ നടിക്കാൻ കഴിയില്ല. ഒന്നാം വർഷത്തിലെന്നപോലെ രണ്ടാം വർഷത്തിലും പികെ ശ്രീമതി നേതൃത്വം നൽകുന്ന ആരോഗ്യവകുപ്പും എംഎ ബേബി ഭരിക്കുന്ന വിദ്യഭ്യാസവകുപ്പും ജി സുധാകരൻ മേലാളായിരിക്കുന്ന ദേവസ്വം വകുപ്പും കെടുകാര്യസ്ഥതയുടെയും കഴിവില്ലായ്മയുടെയും നാണംകെട്ട പ്രതീകങ്ങളായി അവശേഷിക്കുന്നു. ഈ കോട്ടങ്ങൾക്കെല്ലാം കിരീടം ചാർത്തുന്നതായിപ്പോയി കള്ളസ്വാമിമാരുമായി കേരളത്തിലെ ഉന്നതപോലീസ്‌ ഉദ്യോഗസ്ഥർ അടക്കമുള്ളവർ പുലർത്തിയിരുന്ന അധോലോക ബന്ധങ്ങൾ. ആഭ്യന്തര മന്ത്രിയെ ഏട്ടനെന്ന്‌ വിശേഷിപ്പിക്കുന്നതും അനധികൃതമായി സമ്പാദിച്ച തോക്കുമായി രണ്ടുമണിക്കൂറോളം പോലീസിനെ മുൾമുനയിൽ നിർത്തുന്നതുമായ സ്വാമിമാരുടെ പ്രകടനങ്ങളാണ്‌ ഈ മന്ത്രിസഭയുടെ രണ്ടാം വർഷാന്ത്യത്തിലെ 'നേട്ടങ്ങൾ'.

കോട്ടിട്ടയാളുടെ മുകളിലുള്ള ആളിനെ വിമർശിച്ച സിപിഐ നേതാവിനെ പിറകിൽ താടിയുള്ളവനെന്ന്‌ തിരിച്ചടിച്ച്‌ അച്യുതാനന്ദൻ കൈയടി നേടുന്നുണ്ടെങ്കിലും മൂന്നാം വർഷത്തിലേക്ക്‌ കടക്കുന്ന ഈ മന്ത്രിസഭയിലെ ഓരോ അംഗത്തിന്റെയും പിന്നിൽ തഴച്ചുവളരുന്ന ആലാണ്‌ ജനങ്ങൾ കാണുന്നത്‌. അതുനശിപ്പിച്ച്‌ ജനപക്ഷ നിലപാടിന്റെ യഥാർത്ഥ തണലിലേക്ക്‌ അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ വന്നെത്തുമെന്ന്‌ ആശക്ക്‌ വിരുദ്ധമായി ആശിക്കുന്ന ആയിരക്കണക്കിന്‌ മലയാളികൾ ഇന്നുമുണ്ട്‌. ആ പ്രതീക്ഷയെങ്കിലും തല്ലിക്കെടുത്താതിരുന്നെങ്കിൽ...

ചികിത്സിച്ചാലും ചാവും, ഇല്ലാതിരുന്നാലും ചാവും!

വായു, ശ്വസിക്കാൻ കൊള്ളരുതാത്ത വിധമാക്കി.
വെള്ളം, കുടിക്കാൻ കൊള്ളരുതാത്ത വിധമാക്കി.
ഭക്ഷണം, കഴിക്കാൻ കൊള്ളരുതാത്ത വിധമാക്കി.

ഒരു ജീവിക്ക്‌ അടിസ്ഥാനപരമായി വേണ്ട മൂന്നു കാര്യങ്ങളുടെ വർത്തമാനമാണിത്‌. ഈ മൂന്നു സംഗതികൾ നാനാവിധമാക്കിയ ഒരു ലോകത്ത്‌ ആർക്കുണ്ടാവും ആരോഗ്യം?

ആരോഗ്യം സംരക്ഷിക്കുന്നത്‌ ഡോക്ടർമാരും അവർ കുറിക്കുന്ന മരുന്നുകളുമാണെന്ന്‌ വിശ്വസിക്കുന്നവരാണ്‌ നമ്മളിലേറെയും. കുളിക്കാൻ വേണ്ടത്‌ വെള്ളമല്ല സോപ്പാണെന്നു കരുതും പോലൊരു വിവരക്കേട്‌.

കേരളത്തിൽ ഡോക്ടർമാർ സമരം ചെയ്യാൻ പോകുകയാണ്‌. അവന്മാർ സമരം ചെയ്താൽ ആരോഗ്യരംഗം തകരാറിലാവുമെന്നാണ്‌ നമ്മുടെയൊക്കെ ഭീതി.

സത്യത്തിൽ ഡോക്ടർമാർ പണിക്കിറങ്ങാതായാൽ കേരളത്തിലെ ആരോഗ്യരംഗത്ത്‌ വലിയ കുഴപ്പമൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്ന്‌ തലകുത്തി നിന്നൊന്നു ചിന്തിച്ചാൽ പിടികിട്ടും.

കേരളത്തിലെ സർക്കാർ/സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന മനുഷ്യരിൽ ഭൂരിപക്ഷം പേർക്കും ഗുരുതരമായ രോഗങ്ങൾ ഇല്ലെന്നതാണു കാര്യം. രണ്ടു ദിവസം വിശ്രമിച്ചാൽ തീരാവുന്ന രോഗങ്ങൾ, രണ്ടുദിവസം തുളസിയിലയും ചുക്കും ജീരകവും ചേർത്ത്‌ കാപ്പിയിട്ടു കുടിച്ചാൽ തീരുന്ന രോഗങ്ങൾ ഒക്കെയാണ്‌ മഹാരോഗങ്ങളാക്കി മരുന്നു കഴിച്ചുകഴിച്ചു വഷളാക്കുന്നതും കീശ കാലിയാക്കുന്നതും. ഇത്രയും വായിച്ചാൽ വിവരക്കേടെഴുതിവയ്ക്കല്ലേടാ തിരുമണ്ടാ എന്നു നിങ്ങൾ ആക്രോശിച്ചേക്കും.

കുറച്ചുനേരം കൂടി തലകുത്തി നിന്നാൽ നിങ്ങളുടെ രോഷം അടങ്ങിയേക്കും.

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ നടക്കുന്ന പ്രസവങ്ങൾ മാത്രം എടുക്കുക. അതിൽ ഭൂരിപക്ഷവും സാധാരണ പ്രസവങ്ങളാണ്‌. കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന പ്രസവങ്ങളിൽ നല്ലൊരു ശതമാനം അസാധാരണ പ്രസവങ്ങളാണ്‌.

രണ്ടിടത്തും പ്രസവിക്കുന്നത്‌ മനുഷ്യസ്ത്രീകളാണ്‌. സർക്കാർ ആശുപത്രിയിൽ സാധാരണക്കാർ മാത്രം പോകുന്നതിനാൽ അവിടെ സാധാരണ പ്രസവം; സ്വകാര്യ ആശുപത്രിയിൽ അസാധാരണക്കാർ (കയ്യിൽ കാശുള്ളവർ/കാശുണ്ടെന്നു നടിക്കുന്നവർ) മാത്രം പ്രസവിക്കാൻ പോകുന്നതിനാൽ അസാധാരണ പ്രസവം!

കേരളത്തിൽ ഇപ്പോൾ അധ്വാനമേറെയുള്ള പണികളിൽ ഏർപ്പെടുന്ന മറുനാട്ടുകാരെ നോക്കുക. അവർ ആഴ്ചയിലാഴ്ചയിൽ ആശുപത്രികളിൽ പോകുന്നില്ല; പലരും പ്രസവിക്കാൻപോലൂം ആശുപത്രിയിൽ പോകുന്നില്ല.

പത്രമാധ്യമങ്ങളിലൂടെ 'ബോധവൽക്കരിച്ചും' വെറുതെയിരിക്കുന്ന മനുഷ്യരെ ആട്ടിത്തെളിച്ച്‌ സൗജന്യ മെഡിക്കൽ ക്യാമ്പുകളിലെത്തിച്ച്‌ പത്തുനൂറുതരം രോഗങ്ങൾ കണ്ടുപിടിച്ച്‌ ചികിത്സിച്ചു ചികിത്സിച്ചും പരിപ്പെടുക്കുന്ന പ്രൊഫഷനായി ആരോഗ്യരംഗത്തെ തകർത്ത പ്രമാണിമാരാണ്‌ നമ്മുടെ ബഹുഭൂരിപക്ഷം ഡോക്ടർമാരും എന്ന്‌ ഇങ്ങനെ ഓരോരോ കാര്യങ്ങൾ പഠിച്ചാൽ പിടികിട്ടും.

ഡോക്ടർമാർ പണി നിർത്തിയാൽ ചികിത്സ കിട്ടാതെ ചത്തുപോകുന്നവരേക്കാൾ കൂടുതൽ പേർ ചികിത്സ കിട്ടാതിരുന്നാൽ കുറെ നാളുകൂടി ജീവിച്ചിരിക്കും എന്നു ചുരുക്കം!

Saturday, May 17, 2008

ബാലേട്ടാ... ബാലേട്ടാ... ആസാമീടെ ബാലേട്ടാ...

"ബൂർഷ്വാ പത്രങ്ങൾ നിങ്ങളെ വിമർശിക്കുമ്പോൾ ശാന്തരാകുക. പുകഴ്ത്തുമ്പോൾ ശ്രദ്ധിക്കുക."

കമ്യൂണിസ്റ്റ്‌ പ്രവർത്തകരും മാധ്യമങ്ങളും തമ്മിലുള്ള ബന്ധത്തിന്‌ ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌ ചമച്ച പരിപ്രേഷ്യം ഇതായിരുന്നു. നിരന്തരം കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്കെതിരെ ബൂർഷ്വാ മാധ്യമങ്ങൾ ഉയർത്തിവിട്ട വിമർശനങ്ങളിൽ അണികളുടെ മനസ്‌ തളരുന്നതുകണ്ടപ്പോഴാണ്‌ ബുദ്ധിശാലിയായ ആ സൈദ്ധാന്തികൻ ഇത്തരത്തിലൊരു വ്യാഖ്യാനം നൽകി പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അനുനയിപ്പിച്ചത്‌.

അന്ന്‌ അങ്ങനെ ചെയ്തതിന്‌ ഒരു അടിസ്ഥാനവും ലക്ഷ്യവും ഉണ്ടായിരുന്നു. എന്നാൽ ഇന്ന്‌ കമ്യൂണിസ്റ്റ്‌ മന്ത്രിമാർക്കും നേതാക്കൾക്കുമെതിരെ മാധ്യമങ്ങൾ പുറത്തുകൊണ്ടുവരുന്ന വാർത്തകളും വിമർശനങ്ങളും തീർത്തും വ്യത്യസ്തവും മറ്റൊരു ഭൂമികയിൽ നിന്നുകൊണ്ടുള്ള സമീപനവുമാണ്‌.

അധികാരത്തിന്റെ ദുരമൂത്ത്‌ എന്തും ചെയ്യാമെന്ന അഹന്തയിൽ നേതാക്കന്മാരും മന്ത്രിമാരും പൊതുജനങ്ങളെ വിഡ്ഢികളാക്കുമ്പോഴാണ്‌ ഇത്തരം വാർത്തകളും വിമർശനങ്ങളും പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾ ബാധ്യസ്ഥരാകുന്നത്‌.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ കേരള ഘടകത്തിലെ അവഗണിക്കാനാകാത്ത ശക്തിയാണ്‌. വിദ്യാർത്ഥികാലം മുതൽ വിപ്ലവപാർട്ടി പ്രവർത്തനങ്ങൾക്ക്‌ തനതായ ശക്തിയും ശൈലിയും പ്രദാനം ചെയ്ത മാർക്ക്സിസ്റ്റ്‌ നേതാക്കളിൽ അഗ്രഗണ്യനുമാണദ്ദേഹം. അതുകൊണ്ടാണ്‌ എൽഡിഎഫ്‌ ഇത്തവണ അധികാരത്തിലെത്തിയപ്പോൾ ആഭ്യന്തരമന്ത്രിസ്ഥാനം നൽകി ആദരിച്ചതും 19-ാ‍ം പാർട്ടികോൺഗ്രസ്‌ അദ്ദേഹത്തെ പോളിറ്റ്ബ്ര്യൂറോയിലേക്ക്‌ തെരഞ്ഞെടുത്ത്‌ ബഹുമാനിച്ചതും.

പാർട്ടിയും മുന്നണിയും നൽകുന്ന ഈ മാനനീയ സ്ഥാനങ്ങളെക്കാൾ ജനമനസിൽ കോടിയേരിക്ക്‌ വ്യതിരിക്തമായ സ്ഥാനമാണുള്ളത്‌. ഇക്കാര്യത്തിൽ കൊടിയുടെ നിറത്തിന്‌ ഒരു പ്രസക്തിയുമില്ല.

എന്നാൽ അദ്ദേഹം ആഭ്യന്തരമന്ത്രി ആയതോടെ അണികളുടെയും പൊതുജനങ്ങളുടെയും പ്രതീക്ഷകളെ തകിടം മറിക്കുന്ന രീതിയിലുള്ള നടപടികളും സമീപനങ്ങളും ബന്ധങ്ങളുമൊക്കെയാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. വീട്‌ മോടിപിടിപ്പിക്കലും പൂമൂടലുമെല്ലാം കഴിഞ്ഞ്‌ ഇപ്പോൾ ആ വാർത്തകൾ പുത്രന്മാരിലും സ്വാമി ഹിമവൽ ഭദ്രാനന്ദ, സ്വാമി അമൃതചൈതന്യ തുടങ്ങിയ കാപട്യങ്ങളിലും എത്തിനിൽക്കുന്നു.

കോടിയേരി ബാലകൃഷ്ണന്റെ മൂത്ത പുത്രൻ ബിനോയ്‌ കോടിയേരിയുടെ വിവാഹമുഹൂർത്തം കുറിച്ചത്‌, ഇപ്പോൾ പിടയിലായ പെരുംകള്ളസ്വാമിയായ സന്തോഷ്‌ മാധവനാണെന്ന്‌ പത്രസമ്മേളനത്തിൽ ആരോപിച്ചത്‌ ബിജെപിയാണ്‌. തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌ മാത്രമായി ശ്രീമൂലം ക്ലബിൽ നടത്തിയ ആഢംബരവിവാഹ സൽക്കാരത്തിൽ സന്തോഷ്‌ മാധവനും പങ്കെടുത്തിരുന്നു എന്ന്‌ വ്യക്തമാക്കിയത്‌ യുവമോർച്ച നേതാവ്‌ കെ സുരേന്ദ്രനാണ്‌.

കേരളസമൂഹത്തെ ഈശ്വര വിശ്വാസത്തിന്റെ മറവിൽ കൊടും ചൂഷണം ചെയ്യുന്ന ആൾദൈവങ്ങളുമായും ധ്യാനകേന്ദ്രങ്ങളുമായും മാർക്ക്സിസ്റ്റ്‌ പാർട്ടിയിലെ അത്യുന്നത സഖാക്കൾ അഭേദ്യമായ ബന്ധമാണ്‌ പുലർത്തുന്നതെന്ന വിമർശനം പരക്കെയുണ്ട്‌. വിവാദകേന്ദ്രമായ മുരിങ്ങൂർ ധ്യാനകേന്ദ്രം സന്ദർശിച്ച്‌ പിണറായി വിജയൻ ക്ലീൻ സർട്ടിഫിക്ക്‌ കൊടുത്തതും കോഴിക്കോട്‌ സുന്നികളുടെ സമ്മേളനത്തിൽ മുഖ്യാതിഥിയായതും നേരത്തേ മാധ്യമങ്ങളിൽ വാർത്തയായതാണ്‌. പൊതുജനങ്ങൾക്കിടയിലും അണികൾക്കിടയിലും ഇത്‌ ആശാസ്യമല്ലാത്ത വിവാദവും ചർച്ചയും സൃഷ്ടിച്ചിരുന്നു. സന്തോഷ്‌ മാധവനുമായി മന്ത്രിപുത്രന്‌ ബന്ധമുള്ളതുകൊണ്ടാണ്‌ അദ്ദേഹത്തെ രക്ഷിക്കാൻ സ്വാമിയെ കുറ്റവിമുക്തനാക്കാനും ഐജി അടക്കമുള്ളവർ കള്ളക്കഥകൾ മെനയുന്നതെന്ന ചിന്തയും ഇന്ന്‌ വ്യാപകമാണ്‌. സന്തോഷ്‌ മാധവനുമായി ബന്ധമുള്ള പോലീസിലെ ഉന്നതന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകൾ പുറത്തുവിടരുത്‌ എന്നാണ്‌ ആഭ്യന്തര വകുപ്പിൽനിന്ന്‌ അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ ലഭിച്ചിട്ടുള്ള കർശന നിർദ്ദേശം.

ആ കള്ളക്കളി അങ്ങനെ നീളുമ്പോഴാണ്‌ മറ്റൊരു കള്ളസ്വാമിയായ ഹിമവൽ ഭദ്രാനന്ദൻ പോലീസിന്റെ 'നോട്ടപ്പുള്ളി'യായതും പോലീസിൽ കീഴടങ്ങിയതും ഇന്ന്‌ ആലുവ പോലീസ്‌ സ്റ്റേഷനിൽ കോപ്രായങ്ങൾ കാട്ടിക്കൂട്ടിയതും, സഖാവ്‌ കോടിയേരി ബാലകൃഷ്ണനെ താൻ ബാലേട്ടനെന്നാണ്‌ വിളിക്കുന്നതെന്നും കോടിയേരിയുടെ ഓരോ സ്ഥാനലബ്ധികളും താൻ മുൻകൂട്ടി പ്രവചിച്ചിരുന്നുവെന്നുമാണ്‌ ഇന്നലെ ഹിമവൽ ഭദ്രാനന്ദ മാധ്യമപ്രവർത്തകരോട്‌ വെളിപ്പെടുത്തിയത്‌. ആരോടും പകയില്ലാത്ത, എല്ലാവരെയും സഹായിക്കുന്ന സുമനസാണ്‌ തന്റെ ബാലേട്ടനെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബാലേട്ടനുമായി ഹിമവൽ ഭദ്രാനന്ദക്കുള്ള ഈ ബന്ധം മൂലമായിരുന്നോ, കഴിഞ്ഞ ആറുമാസത്തിലധികമായി ചുവന്ന ബീക്കൺലൈറ്റ്‌ ഘടിപ്പിച്ച കാറിൽ കേരളത്തിൽ അങ്ങോളമിങ്ങോളം ഈ കള്ളസ്വാമി സഞ്ചരിച്ചിട്ടും പോലീസ്‌ നടപടി എടുക്കാതിരുന്നത്‌? അതുകൊണ്ടാണോ ഇന്ന്‌ രാവിലെ അയാൾ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾക്കെല്ലാം പോലീസ്‌ അരുനിന്നത്‌? അതുകൊണ്ടാണോ ഭദ്രാനന്ദനെ സംരക്ഷിക്കാനും മാധ്യമപ്രവർത്തകർക്കെതിരെ തട്ടിക്കയറാനും അവരിൽ ചിലരെ തടവിലാക്കാനും പോലീസ്‌ തയ്യാറായത്‌.

ബാലേട്ടനെന്ന സിനിമയിലെ കഥാപാത്രം ഭാവനാസൃഷ്ടിയാണ്‌. അത്തരം മനുഷ്യരുണ്ടാകണമെന്നത്‌ ആർക്കും ആഗ്രഹിക്കാവുന്നതാണ്‌. എന്നാൽ കള്ളസ്വാമിമാരുമായി ബന്ധം പുലർത്തി അവരെ സംരക്ഷിക്കുന്ന ഒരു ബാലേട്ടൻ കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായി ഇരിക്കുന്നത്‌ കേരളം ആഗ്രഹിക്കാത്ത സത്യമാണ്‌.

ഹിമവൽ ഭദ്രന്റെ വെടിവഴിപാട്‌!

മനോരോഗികൾക്കിടയിൽ സ്വാമിമാരും ഉണ്ടെന്നാണോ, സ്വാമിമാർക്കിടയിൽ മനോരോഗികളും ഉണ്ടെന്നാണോ നല്ല മലയാളം? സംശയം തീർക്കാൻ പത്മന രാമചന്ദ്രൻ മാഷിനോടുതന്നെ ചോദിക്കണം.

ആനയ്ക്കു മദമിളകിയപോലെയാണ്‌ സ്വാമി ഹിമവൽ ഭദ്രാനന്ദ ഇന്നു രാവിലെ ആലുവ പോലീസ്‌ സ്റ്റേഷൻ ഇളക്കിമറിച്ചത്‌! ആലുവയിലെ പോലീസുകാരിലാവട്ടെ, ഒറ്റൊരുവൻ പോലും മനോരോഗ വിദഗ്ധനായിരുന്നില്ല. അതുകൊണ്ടെന്തുപറ്റി; ആത്മഹത്യാ ഭീഷണി മുഴക്കി തോക്കുമായി നിന്ന സ്വാമിയുടെ കയ്യിൽ നിന്നും തോക്കു പിടിച്ചുവാങ്ങണമെന്നുമാത്രം അവർക്കു തോന്നിയില്ല.

പക്ഷെ അവർക്ക്‌ വേറെ ചിലതുതോന്നി. ഇന്ത്യാ വിഷനിലെ മാധ്യമപ്രവർത്തകരെ പൂട്ടിയിടാൻ തോന്നി. മറ്റു പത്രക്കാരെ തടഞ്ഞുവയ്ക്കാൻ തോന്നി, പത്രക്കാരുടെ മൊബെയിൽ ഫോണുകൾ പിടിച്ചുവാങ്ങാൻ തോന്നി.

പോലീസിനെ കുറ്റം പറയാനൊക്കുമോ? സ്വാമി ആൾ ചില്ലറക്കാരനല്ല; ആൾ 'ബാലേട്ടന്റെ' സ്വന്തം ആളാണെന്നാണ്‌ തലേന്നുവരെ ചാനലുകാരോട്‌ പറഞ്ഞത്‌!

കഷ്ടകാലത്തിന്‌ സ്വാമിയെങ്ങാനും ബാലേട്ടന്റെ ആളാണെങ്കിൽ പുലിവാലു പിടിക്കേണ്ടിവരുമെന്ന്‌ ഏതു പോലീസുകാരനും അറിയുകയും ചെയ്യാം.

പത്രക്കാരാണ്‌ സകല കുഴപ്പങ്ങൾക്കും കാരണമെന്നും പോലീസുകാർക്കറിയാം. പത്രക്കാർ എന്നൊരു വർഗം ഇല്ലായിരുന്നെങ്കിൽ വല്യ കുഴപ്പമൊന്നുമില്ലാതെ ക്രമസമാധാനം മുതൽ സന്തോഷ്‌ മാധവന്മാരുടെ സമാധാനം വരെ പോലീസുകാർ നോക്കിനടത്തിയേനെ!
സ്വാമി ഹിമവൽ ഭദ്രാനന്ദ തോക്കെടുത്ത്‌ അത്ഭുതങ്ങളുടെയും പ്രവചനങ്ങളുടെയും നിറകുംഭമായ തന്റെ തലതന്നെ വെടിവച്ചു തകർക്കാൻ ശ്രമിച്ചത്‌ നിങ്ങൾ കണ്ടില്ലേ?

എന്തായിരുന്നു പ്രകോപനം?

പോലീസുകാരും പത്രക്കാരും തമ്മിൽ നടന്ന വാഗ്വാദങ്ങൾ കേട്ടും പോലീസ്‌ നടത്തിയ അസഭ്യവർഷം സഹിക്കാതെയുമാണ്‌ തലയുടെ പിരി ഇളകിപ്പോയൊരു നിമിഷത്തിൽ സ്വാമി ചാടിയിറങ്ങി സ്വന്തം തലയ്ക്ക്‌ വെടിയുതിർത്തത്‌!

ഒരു സ്വാമി ഭക്തനായ പോലീസുകാരൻ തക്കസമയത്ത്‌ ഒരു തട്ടുവച്ചുകൊടുത്തില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? ആലുവ പോലീസ്‌ സ്റ്റേഷൻ അത്ഭുത പ്രവർത്തകനായ സ്വാമിയുടെ പ്രേതഭവനമായി മാറിയേനെ! പാഴായിപ്പോയ ആദ്യവെടി സ്റ്റേഷൻ ഭിത്തിയിൽ ഒരു ദ്വാരം മാത്രമാണുണ്ടാക്കിയത്‌. എന്നാൽ രണ്ടാമത്തെ വെടി ഒരു പത്രപ്രവർത്തകന്റെ കയ്യിലാണ്‌ കൊണ്ടത്‌.

ഒരു ഭ്രാന്തൻ തോക്കുമായി ആത്മഹത്യാ ഭീഷണി മുഴക്കി നിൽക്കുമ്പോൾ പത്രക്കാരെ മര്യാദ പഠിപ്പിക്കാൻപോയ സിഐ ആണോ പ്രതി?

പോലീസും പത്രക്കാരുംകൂടി തന്നെ ഭ്രാന്തുപിടിപ്പിക്കാൻ തുടങ്ങിയപ്പോൾ വെടിവഴിപാടു നടത്തിയ സ്വാമിയാണോ പ്രതി?

എന്തിനു പറയുന്നു. സർക്കാരിന്റെ മൂന്നാം വാർഷികം ഡിഷ്യും.... ഡിഷ്യും...

Friday, May 16, 2008

ദയാപരനായ കർത്താവേ... ഈ ആത്മാവിന്‌ കൂട്ടായിരുന്നതിന്‌ നന്ദി...!

ക്നാനായ സഭയും പോലീസും രാഷ്ട്രീയക്കാരും ഇതുവരെ സംരക്ഷിച്ചിരുന്ന കൊലയാളികളെ പുറത്തുകൊണ്ടുവന്നതിന്‌ സ്തോത്രം.

കോട്ടയം പയസ്‌ ടെന്ത്ത്‌ ഹോസ്റ്റലിൽ 1992 മാർച്ച്‌ 27 വെളുപ്പിന്‌ അവിഹിത ബന്ധത്തിൽ ഏർപ്പെട്ടിരുന്ന കന്യാസ്ത്രീമാർക്കും കത്തനാർമാർക്കും ദുർബുദ്ധി ഉപദേശിച്ച പിശാചിനെ തോൽപ്പിച്ചതിനും സ്തോത്രം.

ളോഹയണിഞ്ഞ ഈ വ്യഭിചാരികളെ ഇത്രനാളും ജീവനോടെ സൂക്ഷിക്കുകയും ഇപ്പോൾ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും ചെയ്ത വലിയ നടത്തിപ്പിനും സ്തോത്രം.

ഈ കൊലയാളികളെ കുടുക്കാൻ ഒറ്റയാൾ പോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കലിനെയും തക്കസമയത്ത്‌ കേസിൽ ഇടപെട്ട്‌ നീതിയുടെ വിധി പ്രഖ്യാപിച്ച ന്യായാധിപന്മാരെയും ഞങ്ങൾ ഓർക്കുന്നു.

അപകടങ്ങളിൽ പെടാതെ അപമൃത്യുവരിക്കാതെ, കോട്ടൂരാനും സംഘത്തിന്റെയും കൊലക്കത്തിക്കിരയാകാതെ അവരെ കാത്തതിനും സ്തോത്രം.

ഇനി നടക്കാനിരിക്കുന്ന വിചാരണ നീതി പൂർവ്വകവും നീതിപൂർണ്ണവുമാകാൻ അവിടുന്ന്‌ കനിയേണമേ....
കോട്ടൂരാൻ അടക്കമുള്ള സത്യവിരുദ്ധന്മാർക്ക്‌ കഠിനവും മാതൃകാപരവുമായ ശിക്ഷ വാങ്ങിക്കൊടുക്കേണമേ....

ആമേൻ.

ക്രിസ്തുവേ, എന്നാലും നീ 15 കൊല്ലം...

ക്രിസ്തുവേ നിന്റെ ക്ഷമ അപാരം!

കുരിശേശുവിനേശുമോ?
ഈ ചോദ്യം ആകാശങ്ങളിലിരുന്ന്‌ കവിത വിതയ്ക്കുന്ന നമ്മുടെ കുഞ്ഞുണ്ണിമാഷിന്റേതാണ്‌.

കുരിശ്‌ എന്ന ആയുധം യേശുവെന്ന ക്രിസ്തുവിന്‌ ഏശിയില്ല എന്നാണ്‌ ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പ്‌ പ്രഘോഷിക്കുന്നത്‌.

ക്രിസ്തു ഉയർത്തെഴുന്നേറ്റു എങ്കിൽ ക്രിസ്തുവിന്റെ മണവാട്ടിയായിരുന്ന സിസ്റ്റർ അഭയയും ഉയിർത്തെഴുന്നേൽക്കുകതന്നെ ചെയ്യും എന്ന്‌ വിശ്വസിച്ച സന്മനസുള്ള സകല മനുഷ്യർക്കും സദ്വാർത്തയേകി നാർക്കോ അനാലിസിസ്‌ ടെസ്റ്റ്‌ റിസൾട്ട്‌ പുറത്തുവന്നിരിക്കുന്നു!

പരിശുദ്ധാത്മാവ്‌ പ്രാവിന്റെയും തീനാളത്തിന്റെയും രൂപത്തിൽ മാത്രമല്ല നാർക്കോ അനാലിസിസ്‌ ടെസ്റ്റിന്റെ രൂപത്തിലും അവതരിക്കുമെന്ന്‌ 2008ലാണ്‌ വിശ്വാസികൾക്ക്‌ മനസിലാകുന്നത്‌.

ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ ത്രിഗുണങ്ങളാണ്‌ പൗരോഹിത്യത്തെ സാധാരണ പൗരന്മാരിൽനിന്നും വേറിട്ടതാക്കുന്നത്‌.
മേൽപ്പറഞ്ഞ ഗുണങ്ങളെല്ലാം തികഞ്ഞ പുരോഹിതരുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞുവരുന്നുവെന്നത്‌ സഭയെ മാത്രമല്ല പൊതുസമൂഹത്തെയും ബാധിക്കുന്നുണ്ട്‌.

കേരളത്തിന്റെ മാത്രം കാര്യമെടുത്താൽ, സഭ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നൽകിയ പങ്ക്‌ ഒരു സംഘപരിവാരക്കാരനും നിഷേധിച്ചു തമസ്ക്കരിക്കാവുന്നതല്ല.

അക്ഷരവും ആരോഗ്യവും കേരളത്തിലെ പാവപ്പെട്ടവന്‌ നിർലോഭം എത്തിച്ചൊരു സമ്പന്ന സംസ്കൃതിയാണ്‌ പഴയകാല സഭ. ഇന്നിപ്പോൾ എം.എ. ബേബിയാണ്‌ സഭയെ തകർക്കാൻ വന്ന അന്തകൻ എന്ന മട്ടിൽ രാഷ്ട്രീയക്കാരെ വെല്ലുന്ന നാലാംകിട പ്രസ്താവനകളും, ഭീഷണികളും മുഴക്കി വിശ്വാസത്തെ സംരക്ഷിക്കാൻ നടക്കുന്നവരാണ്‌ പൗരോഹിത്യത്തെ നയിക്കുന്നത്‌. ഇത്തരം പുരോഹിത മേധാവികളെയത്രെ വെള്ളയടിച്ച കുഴിമാടങ്ങൾ എന്ന്‌ പരിഹസിച്ചത്‌.

ചെവിയിൽ നുള്ളുക. പതിനഞ്ചുകൊല്ലം കഴിഞ്ഞിട്ടാണെങ്കിലും സിസ്റ്റർ അഭയ ഉയർത്തെണീറ്റിരിക്കുന്നു. ക്രിസ്തുവിന്റെ പേരിൽ കൊള്ളയും കച്ചവടവും നടത്തുന്നവരെ അവൻ ചാട്ടവാറിനടിച്ച്‌ പുറത്താക്കും.

ഫലം തരാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയും.

ക്രിസ്തുവെ, നിന്റെ ക്ഷമ അപാരം!
എന്നാലും നീ പതിനഞ്ചുകൊല്ലം....

Thursday, May 15, 2008

സന്തോഷ്‌ മാധവൻ ആരുടെ പ്രതിനിധി, പ്രതീകം?

കാൾ മാക്സിന്റെ വിശ്രുതമായ ആ നിരീക്ഷണം- "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌, അത്‌ അശരണരുടെ ആശ്രയവും ആലംബഹീനരുടെ ആശാകേന്ദ്രവുമാണ്‌."- ഒരിക്കൽകൂടി സാർത്ഥകമാകുകയാണ്‌, സന്തോഷ്‌ മാധവനെന്ന സിദ്ധന്റെ പ്രവൃത്തികളിലൂടെ.

ഭാവിയെക്കുറിച്ചുള്ള ഉൽകണ്ഠയും ഭാസുരമായ അതിജീവനത്തെക്കുറിച്ചുള്ള ഉദ്ഘടമായ ആഗ്രഹവുമാണ്‌ മനുഷ്യരെ അന്ധവിശ്വാസികളാക്കി തീർക്കുന്നത്‌. ഈശ്വരനറിയാതെ തലയിലെ ഒരു മുടിപോലും കൊഴിയുകയില്ല എന്ന്‌ വിശ്വസിക്കുന്നവർ പോലും ആൾദൈവങ്ങൾക്കും വിശുദ്ധന്മാർക്കും ധ്യാനകേന്ദ്രങ്ങൾക്കും പ്രാർത്ഥനാലയങ്ങൾക്കും അത്ഭുതരോഗശാന്തി വാഗ്ദാനം ചെയ്യുന്നവർക്കും പിന്നാലെ പോകുന്നത്‌ മറ്റൊന്നും കൊണ്ടല്ല.

ഇന്ന്‌ സന്തോഷ്‌ മാധവനെ അധിക്ഷേപിക്കുന്നവരിൽ ഭൂരിപക്ഷവും ഏതെങ്കിലും ഒരു സിദ്ധന്റെയോ വിശുദ്ധന്റെയോ ആൾദൈവത്തിന്റെയോ ആരാധനാലയത്തിന്റെയോ ധ്യാനകേന്ദ്രത്തിന്റെയോ രൂപവും ചിത്രങ്ങളും ലോഗോകളും സ്വശരീരത്തിലും ഭവനത്തിലും വാഹനത്തിലും കൊണ്ടുനടക്കുന്നവരും പ്രദർശിപ്പിക്കുന്നവരുമാണ്‌. ഇക്കാര്യത്തിൽ മതഭേദമില്ല എന്നതാണ്‌ ശ്രദ്ധേയമായ വസ്തുത.

ജ്യോതിഷവും ജ്യോതിശാസ്ത്രവും രണ്ടാണെന്ന്‌ ഇനിയും തിരിച്ചറിയാൻ മനസുവയ്ക്കാത്ത വിദ്യാസമ്പന്നരടക്കമുള്ളവരാണ്‌ സന്തോഷ്‌ മാധവനെപ്പോലെയുള്ള കപട സിദ്ധന്മാരുടെ വലയിൽ വീഴുന്നതും പീഡനത്തിനിരയാകുന്നതും മുതലെടുപ്പിന്‌ വിധേയരാകുന്നതും. ഏതു പേരിൽ അറിയപ്പെട്ടാലും എല്ലാം ഒരു ഈശ്വരനല്ലേ, എവിടെപ്പോയാലെന്താ മനഃസമാധാനവും ജീവിത വിജയവും ലഭിച്ചാൽപോരെ എന്നൊക്കെയുള്ള ലഘൂകരണത്തിലൂടെ യഥാർത്ഥ പ്രശ്നത്തിന്‌ ഭക്തിയുടെയും വിശ്വാസത്തിന്റെയും മറയിടുന്നതാണ്‌ ഇത്തരം ചൂഷകന്മാരെ വളർത്തുന്നത്‌. ഈശ്വര സൃഷ്ടിയാണ്‌ മനുഷ്യനെങ്കിൽ, മനുഷ്യന്റെ നിത്യജീവിത വ്യാപാരങ്ങളെയും ഹൃദയ വിചാരങ്ങളെയും മുൻകൂട്ടി കണ്ടാണ്‌ ഈ ലോകത്തിലേക്ക്‌ അയച്ചതെങ്കിൽ ഈശ്വരനുമായി നേരിട്ട്‌ ബന്ധപ്പെടാനും ആവശ്യങ്ങൾ അറിയിക്കാനും പ്രശ്നങ്ങൾക്ക്‌ പരിഹാരം കണ്ടെത്താനും കഴിയണം. ഈശ്വരനും മനുഷ്യനുമിടയിൽ ഒരു മറയുമുണ്ടാകാൻ പാടില്ല, ഒരു ഇടനിലക്കാരനും പ്രവർത്തിക്കാൻ പാടില്ല.

പക്ഷെ ഇന്ന്‌ പരക്കെ കാണുന്നത്‌ ഇതൊക്കെതന്നെയാണോ? ഈശ്വരനിൽ വിശ്വാസമുണ്ടെന്ന്‌ പ്രഖ്യാപിക്കുകയും കീശയിൽ ആശ്വാസം കാണാൻ കിണഞ്ഞു ശ്രമിക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തിന്റെയും വഞ്ചനയുടെയും പരിസരങ്ങളിലാണ്‌ സന്തോഷ്‌ മാധവനെപ്പോലെയുള്ള സിദ്ധന്മാർ ആരൂഡമുറപ്പിക്കുന്നത്‌. ഈ മുതലെടുപ്പ്‌ എല്ലാ സംഘടിത മതങ്ങളും അസംഘടിത വിശ്വാസ ഗ്രൂപ്പുകളും അവയുടെ വക്താക്കളും തരംപോലെ ഓരോ നാട്ടിലും നടപ്പിലാക്കുന്നുണ്ട്‌. ഗോത്രവർഗ്ഗ ജീവിത സംസ്കാര കാലംമുതൽ ആരംഭിച്ച അധികാര സംസ്ഥാപനത്തിന്റെയും സാമ്പത്തിക മുതലെടുപ്പിന്റെയും ഈ കപട സത്വങ്ങൾ നാനോടെക്നോളജിയുടെ ഈ കാലഘട്ടത്തിലും ലോകമെമ്പാടും സജീവമാണ്‌, സക്രിയമാണ്‌.

അറിഞ്ഞുകൊണ്ട്‌ ഇത്തരം മുതലെടുപ്പുകൾക്ക്‌ വിധേയരായിട്ട്‌ പിന്നീട്‌ പരിതപിക്കുന്നതും അധിക്ഷേപിക്കുന്നതും ഇത്തരം സിദ്ധന്മാരെയും സിദ്ധികളെയും വിശ്വസിക്കുന്നവരുടെ പൊതുവെയുള്ള സംസ്കാരമാണ്‌. സന്തോഷ്‌ മാധവന്റെ കപടതന്ത്രങ്ങൾ അൽപ്പം പാളിയതാണ്‌ പ്രശ്നമായത്‌. അല്ലായിരുന്നെങ്കിൽ ഇന്ന്‌ ലോകമെമ്പാടും കൊണ്ടാടുന്ന മലയാളികളും ഭാരതീയരുമായ ആൾദൈവങ്ങളിൽ ഒരാളായി സന്തോഷ്‌ മാധവനും മാറുമായിരുന്നു. അന്തരീക്ഷത്തിൽ നിന്ന്‌ വിഭൂതി അടക്കമുള്ള വസ്തുക്കൾ സൃഷ്ടിച്ച്‌ വിശ്വാസികളെ അത്ഭുത പരതന്ത്രരാക്കുന്ന ബാബമാരും ആശ്ലേഷത്തിലൂടെ ജീവിതപ്രശ്നങ്ങൾക്ക്‌ പരിഹാരം നിർദ്ദേശിക്കുന്ന അമ്മമാരും അത്ഭുത രോഗശാന്തി ശുശ്രൂഷ അവകാശപ്പെടുന്ന ധ്യാനകേന്ദ്രങ്ങളും അവിടത്തെ വൈദികരും ഉറുക്കും നൂലും ഓതിക്കെട്ടി പ്രശ്നപരിഹാരം നിർദ്ദേശിക്കുന്ന ഇസ്ലാമിക സിദ്ധന്മാരും ഒക്കെ ഇത്തരത്തിൽ സാധാരണക്കാരന്റെ വികൽപ്പങ്ങളെയും ഈശ്വരനിലുള്ള അചഞ്ചലമായ വിശ്വാസത്തെയും മുതലെടുത്ത്‌ അവരുടെയും അവരുമായി അടുത്ത്‌ സഹകരിക്കുന്ന വ്യക്തികളുടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന കച്ചവടക്കാർ മാത്രമാണ്‌.

ഈ ആൾദൈവങ്ങളെയും ആരാധനാലയങ്ങളെയും മറയാക്കി സമൂഹത്തിലെ അനാശാസ്യ പ്രവർത്തകരും അധോലോക ഭീകരന്മാരും മാന്യതയുടെ മുഖംമൂടി നേടുന്നുണ്ടെന്നും എത്രയെത്രയോ അനുഭവങ്ങൾ വ്യക്തമാക്കിയിരിക്കുന്നു. എന്നിട്ടും വിവേകപൂർവ്വം പ്രശ്നങ്ങളെ സമീപിക്കാനും വിശ്വാസത്തിന്റെ പേരിൽ മുതലെടുപ്പ്‌ നടത്തുന്ന കപടസാന്നിദ്ധ്യങ്ങളെ തിരിച്ചറിയാനും ഭൂരിപക്ഷവും തയ്യാറാകുന്നില്ല എന്നതാണ്‌ ഖേദകരവും പ്രതിഷേധാർഹവുമായ സംഗതി.

സന്തോഷ്‌ മാധവനെപ്പോലെയുള്ള കപടസിദ്ധന്മാരുടെയും ജ്യോതിഷികളുടെയും ഭാഗ്യരത്ന വ്യാപാരികളുടെയും മുന്നിൽ പൂർണ്ണ നഗ്നരായി പൂജകൾക്ക്‌ വിധേയരാകാൻ വിദ്യാസമ്പന്നരായ വീട്ടമ്മമാരും അവരുടെ പെൺമക്കളും തയ്യാറാകുമ്പോൾ, അതിനിടയിൽ സിദ്ധന്മാരുടെ കാമശാന്തി വരുത്തുന്ന സമർപ്പണങ്ങളാകുമ്പോൾ, ഈ വൃത്തികേടുകൾക്ക്‌ ഭാര്യയെയും പെൺകുഞ്ഞുങ്ങളെയും അനുവദിക്കാൻ ഭർത്താവും പിതാവും സഹോദരനുമൊക്കെ തയ്യാറാകുമ്പോൾ ഓർക്കുക നാം കൊട്ടിഘോഷിക്കുന്ന ധാർമികതയും ഏകപത്നി വ്രതവും ചാരിത്ര്യവും കുടുംബമൂല്യങ്ങളുമൊക്കെ എത്രമാത്രം കാപട്യം നിറഞ്ഞതും അർത്ഥരഹിതമായ പദങ്ങളുമാണെന്ന്‌. എന്നെയും നിങ്ങളെയും പോലെയുള്ളവർ ഈ നിലപാട്‌ ഈശ്വരവിശ്വാസത്തിന്റെ പേരിൽ രഹസ്യമായും പരസ്യമായും തുടരുമ്പോൾ സന്തോഷ്മാധവനെപ്പോലെയുള്ള മുതലെടുപ്പുകാർ ഓരോ കാലങ്ങളിലും ഒരോ സമൂഹത്തിലും മേൽക്കൈ നേടുന്നത്‌ സ്വാഭാവികം മാത്രം. അതായത്‌ സന്തോഷ്മാധവനെപ്പോലെയുള്ള സിദ്ധന്മാരും ആൾദൈവങ്ങളും ഈശ്വരവിശ്വാസത്തിന്റെ പേരിൽ ആന്ധ്യം ബാധിച്ച ഓരോ വ്യക്തിയുടെയും പ്രതിനിധിയും പ്രതീകവുമാകുന്നു. അപ്പോൾ തീരുമാനിക്കുക, മാറ്റം ആരംഭിക്കേണ്ടത്‌ എവിടെനിന്നാണെന്ന്‌.