മനുവിനെ തോൽപ്പിച്ച 'ബേബി സ്മൃതികൾ'
"ശൂദ്രൻ വേദാധ്യായനം കേട്ടാൽ അവന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണം" എന്നായിരുന്നു, വിജ്ഞാനത്തെ ആയുധമാക്കി അധിനിവേശത്തിന്റെ തന്ത്രങ്ങൾ മെനഞ്ഞ വൈദീക ബ്രാഹ്മണ മേധാവിത്വത്തിന്റെ തുടർച്ചയ്ക്കായി മനു നിർദേശിച്ച 'സ്മൃതി'.
കാലം മാറി, ജനാധിപത്യം പുലർന്നു: വിജ്ഞാന വിസ്ഫോടനം ഊഹാതീതമായി - അതിപ്പോൾ നാനോ ടെക്നോളജിയിൽ എത്തിനിൽക്കുന്നു. ഈ കാലത്ത്, കേരളത്തിൽ, മനു പ്രതിനിധാനം ചെയ്ത വരേണ്യവർഗത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എം.എ. ബേബി എന്നൊരു നവീന മനു ജന്മം കൊള്ളുകയും വിദ്യാഭ്യാസ മന്ത്രിയായി അവരോധിക്കപ്പെടുകയും ചെയ്തു.
ഇ.എം.എസിനുശേഷമുള്ള മാർക്ക്സിസ്റ്റ് സൈദ്ധാന്തികനെന്നും 1957ലെ വിദ്യാഭ്യാസ ബില്ലിലൂടെ വിശ്രുതനായ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശേരിയുടെ 'രണ്ടാം ജന്മമെന്നും' അഹങ്കരിക്കുന്ന എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായതോടെയാണ്, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വിദ്യാഭ്യാസ വാണിക്കുകൾക്ക് തീറെഴുതി കൊടുക്കേണ്ടിവന്നത്. ആരംഭശൂരത്തവും അനുപമമായ വിഡ്ഢിത്തവും കൈമുതലാക്കി എം.എ. ബേബി അവതരിപ്പിച്ച 2006ലെ സ്വാശ്രയ വിദ്യാഭ്യാസ ബില്ലാണ്, ഉന്നത വിദ്യാഭ്യാസ മേഖല അപ്പാടെ കൈയടക്കാൻ സ്വകാര്യ മാനേജ്മെന്റുകൾക്ക് നിയമപരമായ സാഹചര്യം ഒരുക്കിക്കൊടുത്തത്. നിയമസഭയിൽ അവതരിപ്പിക്കുന്നതിനുമുൻപ് ബില്ലിന്റെ കരട് രൂപം അരമനകളിൽ എത്തിച്ച്, സ്വകാര്യ മാനേജ്മെന്റുകൾക്ക് ആക്രമണത്തിനും പ്രതിരോധത്തിനുമുള്ള ആയുധങ്ങൾ എത്തിച്ചുനൽകിയത് ബേബിയായിരുന്നു. പുരോഹിതവർഗത്തോട് ബേബി കാണിച്ച ഈ പ്രതിബദ്ധതയുടെ നൂറിലൊരംശം നിയമസഭയോടൊ സമാജികരോടോ കേരളത്തിലെ സാധാരണക്കാരും ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവരുമായ ജനങ്ങളോടോ പുലർത്തിയിരുന്നെങ്കിൽ ബേബി അവതരിപ്പിച്ച ബില്ല്, പഴുതുകളില്ലാതെ ഐകകണ്ഠ്യേന നിയമസഭയിൽ പാസാക്കിയെടുക്കാമായിരുന്നു. എന്നാൽ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പ്രതിനിധി എന്ന് അവകാശപ്പെടുന്ന ആ മാന്യസഖാവ് നടത്തിയത് കാലം ഒരിക്കലും ക്ഷമിക്കാത്ത കൊടിയ വഞ്ചനയാണ്.
ആ വഞ്ചനയുടെ തുടർച്ചയാണ് കഴിഞ്ഞ വർഷം, സർക്കാരുമായി ധാരണയുണ്ടാക്കിയ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ടു നടത്തിയ ക്രമക്കേടുകൾ.
നിശ്ചിത യോഗ്യതാ മാർക്കില്ലാത്ത പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ, എല്ലാ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് മന്ത്രിസഭ തീരുമാനമെടുത്തത്.
ഇത്തരമൊരു തീരുമാനമെടുക്കാൻ സർക്കാരിന് അധികാരമില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഈ അട്ടിമറി. ഈ തീരുമാനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന അനുകൂല സാഹചര്യം സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾ ദുരുപയോഗം ചെയ്യുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു സർക്കാർ മുന്നോട്ടുപോയത്. സർക്കാരുമായി ധാരണയുണ്ടാക്കിയവരെ സഹായിക്കാൻ മന്ത്രി ബേബിയും ബന്ധപ്പെട്ടവരും ക്രമക്കേടിന് കൂട്ടുനിൽക്കുകയായിരുന്നുവെന്ന് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ വ്യക്തമാക്കുന്നു. പ്രവേശന പരീക്ഷയിൽ 40 ശതമാനം പോലും മാർക്ക് ലഭിക്കാത്തവർക്കും, മെഡിക്കൽ കൗൺസിലിന്റെ നിബന്ധന ലംഘിച്ച് മാനേജ്മെന്റുകൾ പ്രവേശനം നൽകി. എംബിബിഎസിന് 20 കുട്ടികൾക്കും ബിഡിഎസിന് 9 കുട്ടികൾക്കുമാണ് ഇങ്ങനെ ഇളവ് നൽകിയത്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാതെ ഇത്തരത്തിലൊരു ഇളവ് നൽകിയതിന്റെ ഉത്തരവാദിത്തം ആദ്യം എം.എ. ബേബിക്കും പിന്നെ മന്ത്രിസഭയ്ക്കുമാണ്.
സർക്കാരുമായി ധാരണയിലേർപ്പെടാത്ത ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെട്ട മെഡിക്കൽ മാനേജ്മെന്റുകളെ പാഠം പഠിപ്പിക്കാനുള്ള എം.എ. ബേബിയുടെയും സർക്കാരിൽ ചിലരുടെയും അഹന്തയാണ് ഇത്തരത്തിലൊരു തീരുമാനത്തിനുപിന്നിലെന്ന് ആരോപിക്കാതിരിക്കാൻ തരമില്ല. മാനേജ്മെന്റുകളെ ഭിന്നിപ്പിച്ച്, കോടതികളിൽനിന്നേറ്റ തിരിച്ചടികൾക്ക് പകരം നൽകുകയായിരുന്നു മന്ത്രിയും കൂട്ടരും. ഇതിലൂടെ, പ്രൊഫഷണൽ കോളേജ് പ്രവേശനത്തിലെ ക്രമക്കേടുകളില്ലാതാക്കാൻ നിയമിച്ച ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിയേയും അധിക്ഷേപിക്കുകയും അവഹേളിക്കുകയുമായിരുന്നു എം.എ. ബേബി.
മാനേജ്മെന്റ് ക്വാട്ടയിൽ കൂടുതൽ പണം വാങ്ങി തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെയും യോഗ്യതാ മാർക്ക് ലഭിക്കാത്തവരെയും പ്രവേശിപ്പിച്ച് ക്രമക്കേട് കാണിച്ചാലും, സർക്കാരുമായി കരാറിൽ ഒപ്പിട്ടതിന്റെ ബലത്തിൽ തങ്ങൾക്കെതിരെ നടപടിയുണ്ടാകുകയില്ല എന്ന അഹന്ത ഈ മാനേജ്മെന്റുകൾക്കുമുണ്ടായിരുന്നു. അതുതന്നെയാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളതും. നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ, യോഗ്യതാ മാർക്കില്ലാതെ പ്രവേശിപ്പിച്ച വിദ്യാർത്ഥികളെ പുറത്താക്കി മുഖം രക്ഷിക്കാനാണ് അഴിമതി കാണിച്ച മാനേജ്മെന്റുകളുടെ തീരുമാനം. എയ്ഡഡ് വിദ്യാഭ്യാസമേഖലയിലും സ്വാശ്രയമേഖലയിലും ന്യൂനപക്ഷ മാനേജ്മെന്റുകൾ അഴിമതി നടത്തുന്നത് തടയാൻ നിയമം കൊണ്ടുവന്ന ബേബി തന്നെയാണ് യോഗ്യതയില്ലാത്തവരെ പ്രവേശിപ്പിക്കാൻ ഒത്താശ ചെയ്തു കൊടുത്തതെന്ന് തിരിച്ചറിയണം. അംഗീകാരം നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള നിയമനടപടികളാണ് ക്രമക്കേട് കാട്ടിയ മാനേജ്മെന്റുകളെ കാത്തിരിക്കുന്നത്. കാരക്കോണം മെഡിക്കൽ കോളേജ് തിരുവനന്തപുരം, കരുണ പാലക്കാട്, കണ്ണൂർ സഹകരണ മെഡിക്കൽ കോളേജ്, ശ്രീ ഗോകുലം തിരുവനന്തപുരം, എസ്.യു.ടി. തിരുവനന്തപുരം, എംഇഎസ് മെഡിക്കൽ കോളേജ് എന്നിവയാണ് സർക്കാരുമായി കരാറുണ്ടാക്കിയത്. ഈ കോളേജുകളിൽ അനധികൃതമായി നടത്തിയ പ്രവേശനങ്ങളുടെ രേഖ മെഡിക്കൽ കൗൺസിൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുശേഷമായിരിക്കും നടപടിയുണ്ടാകുക.
ഇതിനിടെ തങ്ങളെ വഞ്ചിച്ചുവെന്നാരോപിച്ച് ചില വിദ്യാർത്ഥികൾ മെഡിക്കൽ കോളേജുകൾക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
അടുത്ത വർഷത്തേക്കുള്ള പ്രവേശനത്തിന്റെ കൗൺസലിംഗ് തുടങ്ങാനിരിക്കെ വീണ്ടും ഉന്നത വിദ്യാഭ്യാസ മേഖല നിയമക്കുരുക്കിൽപെട്ടിരിക്കുകയാണ്. കഷ്ടപ്പെട്ട് പഠിച്ച് എൻട്രൻസ് എക്സാമിനേഷനിൽ മികച്ച റാങ്കുവാങ്ങി വിജയിച്ച സാധാരണ കുടുംബങ്ങളിലെ വിദ്യാർത്ഥികളാണ് ഇത്തവണയും വഞ്ചിക്കപ്പെടാൻ പോകുന്നത്. ഇതിനുതക്കവണ്ണം തങ്ങൾ ബേബിയോടും ഇടതുപക്ഷ സർക്കാരിനോടും എന്തു തെറ്റാണ് ചെയ്തതെന്നാണ് ഈ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും ചോദിക്കുന്നത്.
ബേബിയുടെ അവസരവാദപരമായ ഈ നിലപാടുമൂലം കഴിഞ്ഞ വർഷത്തേക്കാളും വലിയതോതിൽ ക്രമക്കേട് നടക്കാനുള്ള സാധ്യതയും ഈ വർഷം തെളിഞ്ഞിട്ടുണ്ട്. ഇക്കൊല്ലം കേരളത്തിലെ മെഡിക്കൽ, ദന്തൽ കോളേജുകളിൽ എല്ലാ സീറ്റിലും മതിയായ യോഗ്യതയുള്ളവരെ ലഭിക്കാൻ സാധ്യതയില്ല. എംബിബിഎസിനും ബിഡിഎസിനുമായി സംസ്ഥാനത്ത് 2810 സീറ്റുണ്ട്. എന്നാൽ പ്രവേശന പരീക്ഷയിൽ 50 ശതമാനം മാർക്കുനേടിയ 2880 കുട്ടികളേയുള്ളൂ. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന് 40 ശതമാനം മാർക്ക് മതി എന്നതിനാൽ 5031-ാം റാങ്കുകാരനായ പട്ടികവിഭാഗക്കാരനുവരെ പ്രവേശനം ലഭിക്കാം. റാങ്ക് പട്ടികയിലുള്ളവരിൽ കുറച്ചുപേരെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ പ്രവേശനം നേടുമെന്നതിനാൽ ഇവിടെ ആവശ്യത്തിന് വിദ്യാർത്ഥികളെ ലഭിക്കാൻ ഇടയില്ല. അപ്പോൾപോലും അർഹരായവർക്ക് സീറ്റ് ലഭിക്കാതിരിക്കാനും അനർഹർക്ക് പ്രവേശനം ലഭിക്കാനുമുള്ള പിൻവാതിലുകളാണ് എം.എ. ബേബിയും ബന്ധപ്പെട്ടവരും തുറന്നിട്ടിട്ടുള്ളത്.
അഹന്തമൂത്ത ഒരു മന്ത്രി ഒരു സംസ്ഥാനത്തുണ്ടായാൽ അവിടുത്തെ വിജ്ഞാനദാഹികളായ നിസ്വവിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും എങ്ങനെയെല്ലാം അധിക്ഷേപിക്കപ്പെടുമെന്നതിന്റെ തെളിവുകളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ബാലശാപത്തിൽനിന്ന് രക്ഷനേടാൻ ഈശ്വരനുപോലും കഴിയുകയില്ലാ എന്നിരിക്കെ ഈ ശാപത്തിൽനിന്നെല്ലാം മുക്തിനേടാൻ ബേബിക്ക് എത്ര ജന്മം വേണ്ടിവരും..!
2 comments :
ഇപ്പോഴും സ്വാശ്രയ ബില്‍ ഐക്യ കണ്ഠേന തന്നയാണല്ലോ പാസാക്കിയിട്ടുള്ളത്. നിയമസഭയില്‍ കൈപൊക്കിയതിനുശേഷം പുറത്ത് വന്ന് ബില്ലിനെതിരെ സംസാരിച്ചവരെക്കുറിച്ചവരെയല്ലേ ആദ്യം വിമര്‍ശിക്കേണ്ടത്? അവര്‍ക്ക് എന്ത് ധാര്‍മ്മിക അവകാശമുണ്ട് ബില്ലിനെതിരീ സംസാരിക്കുവാന്‍.
സ്വാശ്രയക്കോളേജുകള്‍ക്ക് അംഗീകാരം നല്‍കിയത് ആന്റണി ആയിരുന്നു. രണ്ട് സ്വാ.കോ=ഒരു സര്‍ക്കാര്‍ കോളേജ് എന്ന സമവാക്യവുമായി. മാനേജ്മെന്റുകള്‍ പറ്റിച്ചു എന്ന് പിനീട് വലിയ വായില്‍ നിലവിളിച്ചതും ആന്റണി തന്നെ.
(http://www.hindu.com/2005/08/14/stories/2005081405960400.htm)
കഴിഞ്ഞ വര്‍ഷത്തെ പ്രവേശനത്തില്‍ മറ്റു സ്വാശ്രയക്കോളേജുകളിലും ക്രമക്കേടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് ജസ്റ്റീസ് മുഹമ്മദ് പറഞ്ഞതായി മനോരമയില്‍ വായിച്ചു. അത് വലിയ വാര്‍ത്ത ആയില്ല. അതിന്റെ വിശദാംശങ്ങള്‍ കൂടി പുറത്ത് വരട്ടെ.
ആദ്യം നിർത്തലാക്കേണ്ടത് എന്ട്രൻസ് എന്ന തരികിടയാണ്. വിദ്യാർത്ഥികളെ കുരുക്കുന്ന ഈ സമ്പ്രദായം വേണം ആദ്യം എടുത്തുകളയാൻ. എസ്. എസ്. എൽ. സി യ്ക്കും പ്ലസ് ടു വിനും ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാർത്ഥിക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ വേണം ഉന്നതവിദ്യാഭ്യാസത്തിനു പ്രവേശനം നൽകാൻ ഇതിൽ ഭരണഘടന അനുശാസിക്കുന്ന മറ്റ് സംവരണതറ്റ്വങ്ങളും പാലിക്കപ്പെട്ട ശേഷം സർക്കാരിനു ലിസ്റ്റ് തയ്യാറാക്കാം.
മറിച്ച് ഇപ്പോൾ നൽകീവരുന്ന നെഗറ്റീവ് മാർക്ക് സമ്പ്രദായത്തിൽ അർഹതയുള്ള വിദ്യാർത്ഥികൾ പലപ്പോഴും പിന്തള്ളപ്പെടുന്നതായി കാണുന്നുണ്ട്. പ്ലസ് ഒൺ നു ക്ലാസ് തുടങ്ങുന്നതിനു മുന്നെ തന്നെ എന്ട്രൻസ് കോച്ചിങ്ങിനുള്ള ക്ലാസുകളൂമായി സ്ഥാപനങ്ങൾ രംഗത്തെത്തുന്നു, അമിതഫീസ് നൽകി പഠിപ്പിക്കാൻ എല്ലാ രക്ഷിതാക്കൾക്കും കഴിയാറില്ലല്ലോ? അങ്ങിനെയുള്ള കുട്ടികൾക്ക് പലപ്പോഴും ഈ അഭ്യാസം തുണയേകാറുമില്ല.
പിന്നെ ബേബിച്ചേട്ടനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. മൊത്തത്തിൽ സർക്കാരിന് എന്തു ചെയ്യണം എന്നൊരു പിടിയും ഇല്ലാത്ത അനവധി സംഗതികൾ മുന്നിലുണ്ട്.. മൂന്നാർ മുതൽ മുല്ലപ്പെരിയാർ വരെ വിവിധ സംഭവങ്ങളിൽ വ്യക്തമായ പ്ലാനിങ്ങിന്റെ അഭാവം മൂലം പറ്റിയ പാളിച്ചകൾ ധാരാളമില്ലെ അതിലൊന്നായി വിദ്യാഭ്യാസവകുപ്പിനെയും കാണാം!
Post a Comment