Saturday, May 24, 2008

ജി. സുധാകരന്റെ ചെമ്പും തെളിഞ്ഞു

തന്റേടിയും ആരുടെ മുഖത്തുനോക്കി 'സത്യം പറയുന്ന കവി'യുമാണ്‌ ദേവസ്വം - സഹകരണമന്ത്രി ജി. സുധാകരൻ. അദ്ദേഹത്തിൽ നിന്നും പുറത്തുവരുന്ന വാമൊഴി വഴക്കത്തിന്റെ ചാട്ടവാറടിയേറ്റ്‌ പുളയാത്ത ഒരു സാഹിത്യകാരനും സാമുദായിക നേതാവും സ്വാമിയും സ്വാമിനിയും സിദ്ധനും സിദ്ധയും അമ്മയും ഇല്ലാ എന്നതാണ്‌ വാസ്തവം. പലപ്പോഴും മാധ്യമങ്ങളിലെ 'വാചകമേള' പംക്തികളെ സമ്പുഷ്ഠമാക്കാൻ ഉതകുന്ന ഉദീരണങ്ങൾ സുധാകരനിൽനിന്ന്‌ ആഴ്ചതോറും ഉണ്ടാകാറുണ്ട്‌. സാധാരണക്കാരന്റെ വികാരം ഉൾക്കൊണ്ട്‌ പ്രശ്നങ്ങളെ സമീപിക്കുന്നുവെന്ന്‌ തോന്നിക്കുമാറാണ്‌ അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ. ഈ അഭിപ്രായ പ്രകടനങ്ങൾക്ക്‌ ഒരിക്കൽപോലും തന്റെ മന്ത്രിസ്ഥാനം അദ്ദേഹത്തിന്‌ വിഘാതമായിട്ടില്ല. "തെറിക്കുത്തരം മുറിപ്പത്തൽ" എന്ന മട്ടിലാണ്‌ സുധാകരന്റെ പ്രതികരണങ്ങളും പ്രഖ്യാപനങ്ങളും.

സുധാകരന്റെ നാവിന്റെ രൂക്ഷതയേറ്റുവാങ്ങാൻ ഏറ്റവുമധികം വിധിക്കപ്പെട്ടത്‌ സാമുദായിക നേതാക്കളും ദേവസ്വം ഭരണാധികാരികളും സ്വാമിമാരും സ്വാമിനിമാരും സിദ്ധന്മാരുമൊക്കെയാണ്‌. ഐഎഎസുകാരെയും സാറാ ജോസഫ്‌ അടക്കമുള്ള സാഹിത്യകാരേയും 'പട്ടി' എന്ന്‌ വിശേഷിപ്പിച്ചതിലും കഠിനമായ വിശേഷണങ്ങളാണ്‌ മേൽ സൂചിപ്പിച്ച കൂട്ടർക്ക്‌ അദ്ദേഹം നിരന്തരം ചാർത്തിക്കൊടുത്തുകൊണ്ടിരിക്കുന്നത്‌. സന്തോഷ്‌ മാധവനും ഹിമവൽ ഭദ്രാനന്ദയും അകത്തായതോടെ സിദ്ധന്മാർക്കും സ്വാമിമാർക്കും എതിരായുള്ളതും കാപട്യനിഗ്രഹണ ശക്തിയുള്ളതുമായ ദൗത്യമായിരുന്നു അദ്ദേഹം ഈ ദിവസങ്ങളിൽ നടത്തിയിരുന്നത്‌.

സ്വാമിമാരെല്ലാം പെരുങ്കള്ളന്മാരാണെന്നും അവരിൽ ഭൂരിപക്ഷവും അണ്ടർവേർ ധരിക്കാറില്ലെന്നും ഒരു പൗരന്റെ പ്രാഥമിക കടമയാണ്‌ അടിവസ്ത്രം ധരിക്കേണ്ടതെന്നും അത്‌ ധരിക്കാത്തവൻ കള്ളനാണെന്നും ആരെയും കൂസാതെയാണ്‌ സുധാകരൻ തുറന്നടിച്ചത്‌. ഭക്തിയുടെ മറവിൽ കാമപേക്കൂത്തുകളാണ്‌ ആശ്രമങ്ങളിൽ നടക്കുന്നതെന്നും അതുകൊണ്ട്‌ സ്ത്രീകളാരും ആശ്രമങ്ങളിൽ പോകരുതെന്നും ഉദ്ബോധിപ്പിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധകാട്ടുകയും ചെയ്തു. ഇക്കാര്യത്തിൽ സിപിഐയുടെ ബഹുമാന്യയായ അഖിലേന്ത്യാ നേതാവ്‌ ആനി രാജ, സുധാകരനെ അധിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഓരോ ആശ്രമങ്ങളിൽനിന്നും ധ്യാനകേന്ദ്രങ്ങളിൽനിന്നും പ്രാർത്ഥനാലയങ്ങളിൽനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്ന സ്ത്രീപീഡനകഥകൾ സുധാകരന്റെ നിലപാടിനെ സാധൂകരിക്കുന്നുണ്ട്‌.

സമൂഹത്തെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും സുധാകരന്‌ സുധാകരന്റേതായ അഭിപ്രായങ്ങളുണ്ട്‌. അത്‌ സമയവും സന്ദർഭവും നോക്കാതെ തുറന്നടിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ സുധാകരനെ ശത്രുസ്ഥാനത്തു നിർത്തുന്നവരാണ്‌ പൊതുജീവിതമേഖലയിൽ വ്യാപരിക്കുന്ന ഭൂരിപക്ഷം പേരും. ഇപ്പോൾ എൻഎസ്‌എസ്‌ നേതാക്കളായ നാരായണപ്പണിക്കരും സുകുമാരൻ നായരുമായി സുധാകരൻ നടത്തുന്ന കൊമ്പുകോർക്കൽ വാമൊഴി വഴക്കത്തിന്റെ പുതിയ ശക്തിചൈതന്യങ്ങളാണ്‌ പുറത്തുകൊണ്ടുവന്നിട്ടുള്ളത്‌. നാരായണപ്പണിക്കർക്ക്‌ വാവിന്റെ കേടാണെന്ന്‌ സുധാകരനല്ലാതെ മറ്റാർക്ക്‌ പറയാൻ കഴിയും.

ഇങ്ങനെ തന്റെ പ്രഖ്യാപനങ്ങളിലൂടെയും സമാനതകളില്ലാത്ത വിശേഷാൽ പ്രയോഗങ്ങളിലൂടെയും ഭക്തിയുടെ പേരിൽ നടക്കുന്ന ചൂഷണങ്ങളേയും അതിനുപിന്നിൽ പ്രവർത്തിക്കുന്ന കാഷായധാരികളടക്കമുള്ളവരെയും പരസ്യവിചാരണ നടത്തി, കൊമ്പുകുത്തിമദിക്കുന്ന ബഹുമാന്യനായ സുധാകരനും ചില കപട സ്വാമിമാരുമായും അവരുടെ ആശ്രമങ്ങളുമായും അവിടെ നടക്കുന്ന ചടങ്ങുകളുമായും ബന്ധമുണ്ടെന്ന്‌ ഇപ്പോൾ വ്യക്തമായിരിക്കുന്നു. കപടസ്വാമിമാർ നടത്തുന്നത്‌ ബോധപൂർവം രൂപംകൊടുത്ത കപടരാഷ്ട്രീയ പ്രവർത്തനമാണെന്നും അത്‌ മനുഷ്യനന്മ കാംക്ഷിക്കുന്ന എല്ലാ പ്രസ്ഥാനങ്ങൾക്കും വിരുദ്ധമാണെന്നും അതുകൊണ്ട്‌ ഈ കള്ളക്കൂട്ടങ്ങളെ ഉന്മൂലം ചെയ്യണമെന്നും ഉദ്ബോധിപ്പിച്ച സുധാകരനാണ്‌ തൃശൂരിലെ കപടസ്വാമിയുടെ ശ്രീസായി വാനപ്രസ്ഥം എന്ന ആശ്രമം ഉദ്ഘാടനം ചെയ്തത്‌. പ്രസ്തുത ചടങ്ങിൽ ജി. സുധാകരനോടൊപ്പം സ്പീക്കർ രാധാകൃഷ്ണനും പങ്കെടുത്തിരുന്നു. 14.11.2006ൽ ആയിരുന്നു ഈ കള്ള സന്യാസകേന്ദ്രത്തിന്റെ ഉദ്ഘാടനം. അഭിമാനപൂർവ്വം ഉദ്ഘാടനത്തിൽ പങ്കെടുക്കുകയും അവിടുത്തെ സന്ദർശക ഡയറിയിൽ ആശ്രമത്തേയും ആശ്രമാധിപന്റെ ശ്രമങ്ങളെയും പ്രകീർത്തിച്ച്‌ അഭിപ്രായമെഴുതി ഒപ്പുവയ്ക്കുകയും ചെയ്ത കപടരാഷ്ട്രീയക്കാരനാണ്‌ ജി. സുധാകരൻ. മനസിൽ കുറ്റബോധം തോന്നുമ്പോൾ ചെയ്യുന്നതെല്ലം യാന്ത്രികമായിരിക്കുമെന്ന്‌ ഒരു സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം നിരീക്ഷിക്കുന്നത്‌, 100 ശതമാനവും സുധാകരന്റെ പ്രതികരണങ്ങളെ സാർത്ഥകമാക്കുന്നുണ്ട്‌.

കൂടാതെ 'ക്രിമിനൽ' ഭദ്രാനന്ദൻ പോലീസ്‌ പിടിയിലാകുന്നതിനു തലേദിവസം മാധ്യമ പ്രവർത്തകരോട്‌, സുധാകരനെക്കുറിച്ച്‌ പറഞ്ഞത്‌ തീർത്തും യാഥാർത്ഥ്യ ബോധത്തോടെയാണെന്നും ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. "ചെറുപ്പകാലത്ത്‌ വളരെ കഷ്ടപ്പെട്ടാണ്‌ സുധാകരൻ ഈ നിലയിലെത്തിയത്‌. അതുകൊണ്ടുതന്നെ ചിലരെയൊക്കെ കാണുമ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ശക്തവും പെട്ടെന്നുമായിരിക്കും."

ഈ വിലയിരുത്തലിനെ സാധൂകരിക്കുകയാണ്‌ ശ്രീ സായി വാനപ്രസ്ഥമെന്ന്‌ ആശ്രമം ഉദ്ഘാടനം ചെയ്ത ജി. സുധാകരൻ. കേരളത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന 731 ആശ്രമങ്ങൾക്കെതിരെ ഇന്റലിജൻസ്‌ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ട്‌ പൂഴ്ത്തിവച്ച വിവരം ഇന്നലെ 'വാസ്തം' റിപ്പോർട്ട്‌ ചെയ്തിരുന്നു. പോലീസിലേയും ആഭ്യന്തരവകുപ്പിലേയും ഉന്നതന്മാരാണ്‌ അതിനുപിന്നിലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആ റിപ്പോർട്ട്‌ ഭാഗീകമായി മാത്രമേ വാസ്തവമായിരുന്നുള്ളൂ എന്ന്‌ ഇപ്പോൾ തിരിച്ചറിയുന്നു. കാരണം സുധാകരനെപോലെയുള്ളവരും സ്വാമിമാരെ രക്ഷിക്കാൻ ഉന്നതങ്ങളിലുണ്ടായിരുന്നു. അതുകൊണ്ടാണ്‌ ഇവരെല്ലാം ഇത്രനാളും ഇവിടെ വിലസിയിരുന്നത്‌.

ഒരു കാര്യത്തിൽ സന്തോഷ്‌ മാധവനോടും ഹിമവൽ ഭദ്രാനന്ദയോടും ഞങ്ങൾ കൃതജ്ഞതയുള്ളവരാണ്‌. കേരളത്തിലെ കള്ളസ്വാമിമാരേയും സ്വാമിനിമാരേയും സിദ്ധന്മാരേയും ബ്രദർമാരെയും പാസ്റ്റർമാരെയും മാളത്തിൽനിന്ന്‌ പുറത്തുകൊണ്ടുവരാൻ ഇവർ നിമിത്തമായി. എന്നുമാത്രമല്ല ജി. സുധാകരൻ എന്ന വായാടിത്തവീരന്റെ ചെമ്പുതെളിയിക്കാനും ഇവർ മൂലം സാഹചര്യമൊരുങ്ങി.

ആവർത്തിക്കട്ടെ സംഭവിച്ചതെല്ലാം നല്ലതും നല്ലതിനുമായിരുന്നില്ലെങ്കിലും സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം നല്ലതുതന്നെ - സുധാകരന്റെയും ചെമ്പ്‌ തെളിഞ്ഞല്ലോ.

0 comments :