Wednesday, May 28, 2008

കുറുന്തോട്ടിക്കുവേണം വാതനിർമാർജന നിയമം!

നിയമമുണ്ടാക്കുന്നതെന്തിനുവേണ്ടിയാണ്‌? പാലിക്കാൻ വേണ്ടിയാണെന്നാവും ഉത്തരം. ലംഘിക്കാൻ വേണ്ടിയാണെന്നാവും അനുഭവം. കേരളത്തിൽ വ്യാപകമായിരിക്കുന്ന കള്ളദൈവ - അന്തവിശ്വാസ - ചൂഷണത്തിനെതിരെ പോരാടുന്നവരായ യുക്തിവാദികൾക്കും ഇക്കാര്യം അറിയാതെ പോവില്ല.

എന്നാൽ കേരളത്തിൽ വ്യാപകമാകുന്ന ആത്മീയ ചൂഷണ വ്യവസായത്തിനു തടയിടാൻ 'അന്ധവിശ്വാസ നിർമാർജന' നിയമം ഉണ്ടാക്കണമെന്നാണ്‌ കേരള യുക്തിവാദി സംഘം ആവശ്യപ്പെട്ടിരിക്കുന്നത്‌.

യുക്തിവാദികൾ ദൈവമില്ലാ ദൈവമില്ലാന്നു നാടുനീളെ പ്രസംഗിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു. പവനൻ ഉൾപ്പെടെയുള്ളവർ അന്ധവിശ്വാസങ്ങൾക്കെതിരെ പടവെട്ടി ക്രൂരമർദ്ദനങ്ങളേറ്റ ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത്‌ കമ്യൂണിസ്റ്റുകാർ യുക്തിവാദികൾ കൂടിയായിരുന്നു. അക്കാലത്ത്‌ കേരളത്തിലിത്രയും ആത്മീയ ചൂഷണ വ്യവസായങ്ങൾ നിലനിന്നിരുന്നുമില്ല.

കുറുന്തോട്ടിക്കു വാതം പിടിപെട്ടുവെന്നു പറയും പോലെ യുക്തിവാദികൾ, കമ്യൂണിസ്റ്റുകൾ, ഈശ്വരവിശ്വാസികൾ എന്നീ വിഭാഗങ്ങൾക്ക്‌ യഥാക്രമം യുക്തി, ഭൗതികവാദം, സത്യവിശ്വാസം എന്നീ സംഗതികൾ നഷ്ടപ്പെട്ടുപോയിടത്തു നിന്നാണ്‌ സത്യസായി മുതൽ അമ്മയും പെങ്ങളും തങ്കുവും സന്തോഷ്‌ മാധവനും ഇന്നലെ കിണറ്റിൽ ചാടിച്ചത്ത സെൽവരാജ്‌ സ്വാമിവരെയുള്ളവരുടെ ചൂഷണാശ്രമങ്ങൾക്ക്‌ പ്രചാരമുണ്ടായത്‌.

കേരളശബ്ദത്തിൽ എം.ആർ. അജയൻ എന്ന പത്രപ്രവർത്തകൻ പുറത്തുവിട്ട റിപ്പോർട്ടാണ്‌, ഏതെങ്കിലും യുക്തിവാദിയുടെയോ ഡിവൈഎഫ്‌ഐക്കാരന്റെയോ യുക്തിബോധമല്ല, ഇപ്പോൾ നടക്കുന്ന രണ്ടാം നവോത്ഥാന പ്രസ്ഥാനത്തിനു തുടക്കമിട്ടത്‌.

യുക്തിവാദികൾ കണ്ടുപിടിക്കേണ്ട പ്രധാന സംഗതി മകരവിളക്കല്ല. പിന്നെയോ;

ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളിൽ നടക്കുന്ന സാമ്രാജ്യത്വ അധിനിവേശം.

അതിനെതിരെ ജനവികാരം ഉയരാതിരിക്കാനുള്ള ആസൂത്രിതമായ വിനോദ, ആത്മീയ വ്യവസായങ്ങൾ.
ജനമുന്നേറ്റങ്ങൾക്ക്‌ വിദേശ സഹായമെത്തിച്ച്‌ സംഘടനകളെ ആന്തരികമായി തകർക്കുന്ന ഗൂഢനീക്കങ്ങൾ.

സ്ത്രീകളും ബാലികാ ബാലന്മാരും പ്രകൃതിയും തകർത്തെറിയപ്പെടുന്ന ടൂറിസം വ്യവസായം.

ടീവിയും ഇന്റർനെറ്റും ആവിഷ്ക്കരിക്കുന്ന സാംസ്ക്കാരിക വൈവിധ്യങ്ങളുടെ നശീകരണം.

അങ്ങനെയങ്ങനെ നൂറുകൂട്ടം കാര്യങ്ങളിൽ യുക്തികൊണ്ട്‌ മനുഷ്യരെ പോരാട്ട സജ്ജരാക്കേണ്ട ഒരു പ്രസ്ഥാനം മദ്യവർജന നിർമാർജനം എന്നൊക്കെ പറയുംപോലൊരു തമാശയും കൊണ്ടുവരുമ്പോൾ വീണ്ടും കുറുന്തോട്ടിക്കു വാതം വന്നാലത്തെ സ്ഥിതിയെന്താവും എന്ന പഴമൊഴിതന്നെ ഓർമയിലെത്തുന്നു!

0 comments :