Tuesday, May 13, 2008

കരുണാകരനും മക്കളും എത്രയോ ഭേദമായിരുന്നു!

കേരളത്തെ പിടിച്ചുലയ്ക്കുന്ന രാഷ്ട്രീയ വിവാദങ്ങൾ ഉയരുമ്പോൾ അതിൽ ആഭ്യന്തരമന്ത്രിയും പൊളിറ്റ്‌ ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ പുത്രന്മാരുടെ പേരുകൾ ചേർത്തുവായിക്കപ്പെടുന്നത്‌, അവർ അവകാശപ്പെടുന്നതുപോലെ, രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളായിരിക്കാം.

"തീയില്ലാതെ പുകയുണ്ടാകുമോ" എന്നാണ്‌ സാധാരണ ജനങ്ങൾ തിരിച്ചുചോദിക്കുന്ന ചോദ്യം. കിളിരൂർ, കവിയൂർ പെൺവാണിഭകേസ്‌ പുറത്തുവന്നപ്പോൾ മുതൽ ആരംഭിക്കുന്നതാണ്‌ കോടിയേരി ബാലകൃഷ്ണന്റെ മക്കളെ ചുറ്റിപ്പറ്റിയുള്ള ഇത്തരം ആരോപണങ്ങൾ. ഈ ആരോപണങ്ങൾ അത്‌ ഉന്നയിക്കുന്നവർതന്നെ തെളിയിക്കണമെന്ന്‌ കോടിയേരിക്കും ബിനോയ്ക്കും ബിനീഷിനും ആവശ്യപ്പെടാം. എന്നാൽ മാരകമായ ഇത്തരം ആരോപണങ്ങൾ ഉണ്ടാകുമ്പോൾ അവയെക്കുറിച്ച്‌ അന്വേഷിക്കേണ്ടത്‌ ബന്ധപ്പെട്ട കേസ്‌ കൈകാര്യം ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥരാണെന്ന പക്ഷക്കാരാണ്‌ ഞങ്ങൾ. ഇതുപറയുമ്പോൾ രാഷ്ട്രീയ രംഗത്തെ ഉന്നതന്മാരെയും അവരുടെ മക്കളേയും അടുത്ത ബന്ധുക്കളേയും ഉൾപ്പെടുത്തി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ ഒന്നുംതന്നെ വേണ്ടവിധത്തിൽ, ബന്ധപ്പെട്ടവർ ശ്രദ്ധിക്കാറില്ലെന്നും ഒരു പോക്കറ്റടിക്കേസിൽ തെളിവെടുപ്പിന്‌ നടത്തുന്ന ജാഗ്രതപോലും ഇത്തരം വിഷയങ്ങളിൽ ഉണ്ടാകാറില്ലെന്നും ഞങ്ങൾക്കറിയാം. പഴയ ഒരു മൂല്യബോധമുണ്ട്‌. അത്‌ അധികാരവുമായും ഭരണക്രമവുമായും ബന്ധപ്പെട്ടുള്ളതാണ്‌. സീസർ മാത്രമല്ല സീസറിന്റെ ഭാര്യയും സംശയത്തിനതീതയായിരിക്കണമെന്ന ആ ചിന്താഗതിക്ക്‌ വർത്തമാനകാലത്ത്‌ മറ്റൊരു പാഠഭേദം അനുഭവങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്‌. അതായത്‌ രാഷ്ട്രീയ നേതാക്കൾ മാത്രമല്ല, അവരുടെ അകന്ന ബന്ധുക്കൾപോലും അഴിമതിയാരോപണം അടക്കമുള്ള വിവാദങ്ങളിൽനിന്ന്‌ മുക്തരായിരിക്കണം എന്നതാണ്‌ അത്‌.

മുൻപൊരിക്കൽ ഈ പംക്തിയിൽ ഞങ്ങൾ പറഞ്ഞിരുന്നു "കോടിയേരി ബാലകൃഷ്ണന്റെ മക്കളും സംശയത്തിന്‌ അതീതരായിരിക്കണമെന്ന്‌" ആ ആവശ്യം ഒരിക്കൽകൂടി ഉന്നയിക്കേണ്ട വിവാദ രാഷ്ട്രീയ സാഹചര്യമാണ്‌ ഇപ്പോൾ സംജാതമായിട്ടുള്ളത്‌.

കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകൻ ബിനോയ്‌ കോടിയേരിയുടെ വിവാഹവുമായി ബന്ധപ്പെട്ട്‌ പുറത്തുവന്ന ധൂർത്തിന്റെ വാർത്തകളായിരുന്നു അന്ന്‌ അങ്ങനെപറയാൻ ഇടയാക്കിയ വിഷയം. ഇന്ന്‌ വിവാദ 'താന്ത്രികൻ' അമൃതചൈതന്യ എന്ന സന്തോഷ്‌ മാധവനുമായി ബന്ധപ്പെടുത്തിയാണ്‌ ബിനോയ്‌ കോടിയേരിയുടെയും ബിനീഷ്‌ കോടിയേരിയുടേയും പേരുകൾ പുറത്തുവന്നിട്ടുള്ളത്‌. ഏതെങ്കിലും മാധ്യമസിൻഡിക്കേറ്റിന്റെ സൃഷ്ടിയല്ല ഈ ആരോപണം. യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനാണ്‌ കഴിഞ്ഞ ദിവസം ഇവരെ സംബന്ധിക്കുന്ന ആരോപണങ്ങൾ കോഴിക്കോട്‌ ഒരു പത്രസമ്മേളനത്തിൽ ഉന്നയിച്ചത്‌.

സന്തോഷ്‌ മാധവന്റെ റിയൽഎസ്റ്റേറ്റ്‌ ബിസിനസുമായി ബിനീഷ്‌ കോടിയേരിക്ക്‌ ബന്ധമുണ്ടെന്നും ബിനോയ്‌ കോടിയേരിയുടെ വിവാഹസൽക്കാരത്തിൽ സന്തോഷ്‌ മാധവനും പങ്കെടുത്തിരുന്നുവെന്നുമാണ്‌ കെ. സുരേന്ദ്രൻ ആരോപിച്ചിട്ടുള്ളത്‌.

ഈ ആരോപണത്തെ ബിനീഷ്‌ കോടിയേരിയും കോടിയേരി ബാലകൃഷ്ണനും ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്‌. എന്നുമാത്രമല്ല, ആരോപണമുന്നയിച്ച സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ ബിനീഷ്‌ വ്യക്തമാക്കിയിട്ടുമുണ്ട്‌.

ആഭ്യന്തരമന്ത്രി എന്ന നിലയ്ക്ക്‌ തന്റെ പിതാവായ കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചിട്ട്‌ പരാജയപ്പെട്ടവരാണ്‌ തന്നെയും സഹോദരനേയും ചേർത്ത്‌ അനാവശ്യങ്ങൾ മെനയുന്നതെന്നും അതിലൂടെ തങ്ങളുടെ കുടുംബത്തിന്റെ യശസ്‌ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നതെന്നും ബിനീഷ്‌ അവകാശപ്പെടുന്നു.
ഒരർത്ഥത്തിൽ ബിനീഷിന്റെ ഈ അവകാശവാദത്തിൽ കഴമ്പുണ്ട്‌. തെളിയിക്കാനാവാത്ത ആരോപണങ്ങൾ ഉന്നയിച്ച്‌ വിവാദം സൃഷ്ടിക്കുന്നത്‌ അതിജീവന രാഷ്ട്രീയക്കാർക്ക്‌ താൽക്കാലിക നേട്ടവും വാർത്താ പ്രാധാന്യവും നൽകുന്നുണ്ടാവാം. അല്ല നൽകുന്നുണ്ട്‌. എന്നാൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ, അതേപോലെ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങൾ അലങ്കരിക്കുന്ന രാഷ്ട്രീയ എതിരാളികൾക്കെതിരെ വിവാദപരമായ പരാമർശങ്ങൾ നടത്തുമ്പോൾ അവ സംബന്ധിച്ച തെളിവുകൾ പൊതുജനമധ്യേ പ്രദർശിപ്പിക്കാനും ബാധ്യസ്ഥരാണ്‌. ഇക്കാര്യത്തിൽ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള കെ. സുരേന്ദ്രൻ തന്റെ കൈവശമുള്ള തെളിവുകൾ പുറത്തുവിടണമെന്നാണ്‌ ഞങ്ങളുടെ അഭിപ്രായം.

എല്ലാത്തിനും കൈവശം തെളിവുണ്ട്‌, പുറത്തുവിടണോ എന്ന ഭീഷണമായ ചോദ്യം ഉന്നയിക്കുന്നത്‌ തീർച്ചയായും മാന്യതയല്ല. അത്‌ ആരോപണവിധേയരായ വ്യക്തികളുടെ അഭിമാനത്തെ ബാധിക്കുന്ന പ്രശ്നമാണ്‌. ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച്‌ ലോകത്ത്‌ മേറ്റ്ല്ലായിടത്തുമുള്ള ശിക്ഷാരീതികളനുസരിച്ച്‌ ഒരു വ്യക്തി കുറ്റവാളിയാണെന്ന്‌ തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയാണ്‌. ആ മാന്യത രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നവരെല്ലാം പുലർത്തേണ്ടതുണ്ട്‌.

ഇതിനു മറ്റൊരു വശം കൂടിയുണ്ട്‌. എതിരാളികൾക്ക്‌ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കാൻ ഉതകുന്നതോ അല്ലെങ്കിൽ അങ്ങനെ വ്യാഖ്യാനിക്കാനോ കഴിയുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ രാഷ്ട്രീയ നേതാക്കളിൽനിന്നോ അവരുടെ മക്കളിൽനിന്നോ മറ്റ്‌ ബന്ധുക്കളിൽനിന്നോ ഉണ്ടാകാനും പാടില്ല.

സന്തോഷ്‌ മാധവന്റെ കേസിൽ ഇത്രയധികം ആരോപണങ്ങളും തെളിവുകളും പുറത്തുവന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കാൻ പോലീസ്‌ നേതൃത്വവും രാഷ്ട്രീയ നേതാക്കളും അഭിഭാഷക വ്യവസായ പ്രമുഖരും തയ്യാറാകുന്നുണ്ടെങ്കിൽ അതിനുപിന്നിൽ ശക്തമായ സമ്മർദ്ദമുണ്ടെന്ന്‌ ഊഹിക്കാനുള്ള സാമാന്യ ബുദ്ധി പൊതുജനത്തിനുണ്ട്‌. ഈ ഊഹങ്ങൾ തെറ്റാണെന്ന്‌ തെളിയിക്കേണ്ടത്‌ ആരോപണവിധേയരുടെയും ബന്ധപ്പെട്ടവരുടെയും കർത്തവ്യമാണ്‌. ഇത്‌ കെ. സുരേന്ദ്രനും കോടിയേരിയുടെ മക്കൾക്കും ഒരുപോലെ ബാധകമാണ്‌.

തുടർച്ചയായി ഉയരുന്ന ഇത്തരം രാഷ്ട്രീയ ആരോപണങ്ങൾ കേൾക്കേണ്ടിവരുമ്പോൾ കെ.കരുണാകരനും മക്കളായ മുരളിയും പത്മജയുമൊക്കെ എത്രയോ ഭേദമായിരുന്നുവെന്ന്‌ ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യവുമില്ല.

0 comments :