Monday, May 5, 2008

ചതിക്കുഴികളുടെ'സ്മാര്‍ട്ട്‌ സിറ്റി'

കൊച്ചി പുരോഗതിയുടെ പുതിയ പന്ഥാവിലൂടെ വികസനത്തിന്റെ വിലോഭനീയ മേഖലകളിലേക്ക്‌ കുതിക്കുമ്പോള്‍, വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടാനും അതിനീചമായി വഞ്ചിക്ക

പ്പെടാനുമാണ്‌ നഗരവാസികളുടെയും നഗരം സന്ദര്‍ശിക്കുന്നവരുടെയും വിധി.

കോടികള്‍ മുടക്കി 'അറബിക്കടലിന്റെ റാണി'യെ 'സ്മാര്‍ട്ട്‌ സിറ്റി'യാക്കാനുള്ള പ്രയത്നം ഒരുഭാഗത്ത്‌ നടക്കുമ്പോള്‍ ഈ നഗരത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടതുകൊണ്ടുമാത്രം ചതിക്കുഴികളില്‍ വീഴാനും പ്രാണന്‍ നഷ്ടപ്പെടാനുമാണ്‌ പലര്‍ക്കും വിധി.

കൊതുക്‌ ശല്യം, വെള്ളക്കെട്ട്‌, മാലിന്യക്കൂമ്പാരം, കുടിവെള്ള ദൗര്‍ലഭ്യം എന്നിവയിലൂടെയുള്ള പീഡനങ്ങള്‍ നഗരവാസികളില്‍ അടിച്ചേല്‍പിച്ചത്‌ പോരാഞ്ഞിട്ടാണെന്നു തോന്നുന്നു നഗരസഭയും അനുബന്ധ ഡിപ്പാര്‍ട്ട്മെന്റുകളും വഴിനീളെ ചതിക്കുഴികളൊരുക്കി കാത്തിരിക്കുന്നത്‌.

വെള്ളക്കെട്ടും മാലിന്യക്കൂമ്പാരവുംമൂലം കൊതുകുകള്‍ പെറ്റുപെരുകി കൊതുകുജന്യ രോഗങ്ങളുടെ ഭീതിയിലാണ്‌ നഗരവാസികള്‍. അടുത്ത കാലവര്‍ഷം ആരംഭിച്ചുകഴിഞ്ഞാല്‍ ജപ്പാന്‍ജ്വരം, ഡങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയിഡ്‌, വിവിധയിനം വൈറല്‍പ്പനികള്‍ തുടങ്ങിയവ നഗരത്തിലും ജില്ലയിലും വ്യാപിക്കാനുള്ള സാധ്യത ഇപ്പോഴുള്ളതിലും ഇരട്ടിയിലധികമാണെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. ഈ മുന്നറിയിപ്പുകള്‍ പുച്ഛത്തോടെ തള്ളിക്കളഞ്ഞ്‌ ആരോഗ്യപരിപാലനത്തിനും പ്രതിരോധ പ്രവര്‍ത്തനത്തിനും അ നുവദിച്ചിട്ടുള്ള വിവിധ ഇനങ്ങളിലുള്ള ഫണ്ട്‌ അടിച്ചുമാറ്റാനാണ്‌ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴെക്കിടയിലുള ജീവനക്കാര്‍ വരെയുള്ളവര്‍ക്ക്‌ താല്‍പര്യം.

ആ ഭീഷണി നിലനില്‍ക്കേയാണ്‌ നഗരത്തിലെ കാനകള്‍ പുതിയ 'കാലവാഹന'ങ്ങളായി പരിണമിച്ചിരിക്കുന്നത്‌. കാനകള്‍ക്ക്‌ മുകളിലുള്ള കോണ്‍ക്രീറ്റ്‌ സ്ലാബുകള്‍ നഗരത്തിലെമ്പാടും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്‌. കാല്‍നടയാത്രക്കാരും ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും ഈ കുഴികളില്‍വീണ്‌ പരിക്കേല്‍ക്കുന്നത്‌ നിത്യസംഭവമാണ്‌. ഏപ്രില്‍ 28-ാ‍ംതീയതി തിങ്കളാഴ്ച തൃപ്പൂണിത്തുറയില്‍ സ്ലാബ്‌ തകര്‍ന്നതുമൂലം കാനയില്‍വീണ്‌ വൈറ്റില കാച്ചപ്പിള്ളി റോഡില്‍ പണിക്കന്‍ മാമടി വീട്ടില്‍ ബാലകൃഷ്ണന്‍ (65) അതിദാരുണമായി കൊല്ലപ്പെട്ടു. ക്ഷേത്രദര്‍ശനം കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുമ്പോഴായിരുന്നു ഈ അപകട മരണം.

നഗരത്തിലെയും പരിസരങ്ങളിലെയും റോഡിന്‌ സമീപമുള്ള കാനകള്‍ ബലമുള്ള സ്ലാബിട്ട്‌ മൂടി സംരക്ഷിക്കേണ്ടത്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പിഡബ്ല്യുഡി വകുപ്പിന്റെയും ചുമതലയില്‍പ്പെട്ട കാര്യമാണ്‌. ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ്‌ ബന്ധപ്പെട്ടവര്‍ പുലര്‍ത്തുന്നത്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ വിഷയവുമായി ബന്ധപ്പെട്ടവരുടെയും അനാസ്ഥ യഥാര്‍ത്ഥത്തില്‍ ഭരണഘടനാ ലംഘനമാണ്‌.

ഇന്ത്യയിലെവിടെയും സഞ്ചരിക്കാന്‍ ഇന്ത്യന്‍ പൗരന്‌ സ്വാതന്ത്ര്യവും അവകാശവുമുണ്ട്‌. പൗരന്റെ ഈ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ക്കും അവയ്ക്ക്‌ കീഴില്‍വരുന്ന ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഉത്തരവാദിത്തമുണ്ട്‌. റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞും കാനകള്‍ക്കുമുകളിലെ സ്ലാബുകള്‍ തകര്‍ന്നും കാല്‍നടക്കാരുടെയും വാഹനത്തില്‍ സഞ്ചരിക്കുന്നവരുടെയും യാത്ര ദുഷ്കരവും അപകട

പൂര്‍ണവും ആകുന്നെങ്കില്‍ അതിനുത്തരവാദി ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകളും ഉദ്യോഗസ്ഥരുമാണ്‌.

ജനങ്ങളുടെ ജീവന്‌ സംരക്ഷണം നല്‍കാനുള്ള പൂര്‍ണ ചുമതല സര്‍ക്കാരിനാണ്‌. ഇതിലുണ്ടാകുന്ന വീഴ്ചമൂലം പൗരന്‌ അപകടമോ മരണമോ സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന്‌ ഉത്തരവാദിത്തമുണ്ടെന്ന്‌ 1992ലും'93ലും സുപ്രീം കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുള്ളതാണ്‌. അപ്പോള്‍ കാനകള്‍ മൂടാതെ ചതിക്കുഴികളായി അവശേഷിക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കോടതിയലക്ഷ്യം കൂടിയാണ്‌ കാണിക്കുന്നത്‌.

നഗരത്തിലെ കാന നിര്‍മ്മാണവും അവയ്ക്ക്‌ മുകളിലെ സ്ലാബ്‌ നിര്‍മ്മാണവും അശാസ്ത്രീയമാണെന്ന്‌ നിരവധി തവണ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്‌. എന്നിട്ടും ബന്ധപ്പെട്ടവര്‍ അനങ്ങാപ്പാറനയം സ്വീകരിച്ചതുമൂലം നൂറുകണക്കിന്‌ യാത്രക്കാര്‍ക്കാണ്‌ അപകടം പിണഞ്ഞിട്ടുള്ളത്‌. ഇവര്‍ക്കാര്‍ക്കും ഇതുവരെ സര്‍ക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. അതേസമയം, റോഡ്‌ നിര്‍മ്മാണത്തിനും ടാറിങ്ങിനും കാന നിര്‍മ്മാണത്തിനും അവയ്ക്ക്‌ മുകളില്‍ ബലവത്തായ സ്ലാബുകള്‍ ഇടുന്നതിനും അനുവദിച്ചിട്ടുള്ള കോടിക്കണക്കിന്‌ രൂപ ഉദ്യോഗസ്ഥരും കരാറുകാരും പങ്കിട്ട്‌ പോക്കറ്റിലാക്കിയിട്ടുമുണ്ട്‌. നഗരത്തിലെ കാനകള്‍ വൃത്തിയാക്കാനും അവയ്ക്കു മുകളിലെ സ്ലാബുകള്‍ നന്നാക്കാനും കഴിഞ്ഞയാഴ്ച 2.54 കോടിയാണ്‌ അനുവദിച്ചത്‌. ഈ തുക ഏതു പോക്കറ്റിലേക്കാണ്‌ പോകുന്നതെന്ന്‌ കണ്ടെത്താന്‍ കളക്ടര്‍ക്കും കോര്‍പ്പറേഷന്‍ മേധാവിക്കും ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്‌. ജില്ലയില്‍ ഈ പദവികള്‍ അലങ്കരിക്കുന്നത്‌ വനിതകളാണ്‌. വനിതകളാകുമ്പോള്‍ അഴിമതി കുറയും എന്നും മാനുഷിക പ്രശ്നങ്ങളോട്‌ അനുഭാവപൂര്‍വം പെരുമാറുമെന്നുമൊക്കെയാണ്‌ പൊതുവെയുള്ള വിശ്വാസം. എന്നാല്‍ ജില്ലയിലെ പഞ്ചനാരി സംഘം സഞ്ചാരപാതകളില്‍ ചതിക്കുഴിയൊരുക്കി യാത്രക്കാര്‍ക്ക്‌ മരണക്കെണി സൃഷ്ടിക്കുകയാണ്‌. കുഴിയാനകള്‍ ഇരപിടിക്കുന്നതിലും കൗശലപൂര്‍വമാണ്‌ ഇവര്‍ യാത്രക്കാര്‍ക്ക്‌ കാനകള്‍ കാലപുരിയിലേക്കുള്ള പാതയാക്കി മാറ്റിയിട്ടുള്ളത്‌.

0 comments :