പെണ്ണിന്റെ പേരിൽ ഒരു രാഷ്ട്രീയ പുകിൽ
പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും മറ്റ് ഭരണസ്ഥാപനങ്ങളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കാൻ ഇന്നലെ രാജ്യസഭയിൽ നിയമ മന്ത്രി എച്ച്.ആർ. ഭരദ്വാജ് വനിതാ സംവരണബിൽ അവതരിപ്പിച്ചത്, പെണ്ണിന്റെ പേരിൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന, ആത്മാർത്ഥതയില്ലാത്ത, വചോടാപം എത്രമാത്രം ദൂഷിതമാണെന്ന് തെളിയിക്കുന്നതായിരുന്നു.
ബിൽ അവതരിപ്പിക്കാൻ എച്ച്.ആർ. ഭരദ്വാജ് രാജ്യസഭയിലേക്ക് വന്നിടത്തുനിന്നാരംഭിക്കുന്നു മുതലെടുപ്പിന്റെയും വഞ്ചനയുടെയും പ്രദർശനങ്ങൾ. രാജ്യസഭയിലെ കോൺഗ്രസിന്റെ വനിതാ മെമ്പർമാർ സൃഷ്ടിച്ച വലയം അഭിമാനത്തിന്റെ സൂചികയാക്കി മാധ്യമങ്ങളിൽ പ്രത്യേകിച്ച് ഇലക്ട്രോണിക് മാധ്യമങ്ങളിൽ വൻ ഫുട്ടേജ് ലഭിക്കത്തക്കവണ്ണമായിരുന്നു ആ വരവ്.
തെരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ വോട്ടർമാരെ കൈയിലെടുക്കാൻ കോൺഗ്രസും യുപിഎ സർക്കാരും കൈക്കൊണ്ടിട്ടുള്ള മൂന്നാംകിട തന്ത്രങ്ങളുടെ മറ്റൊരു പ്രദർശനം കൂടിയായിരുന്നു മന്ത്രിയുടെ വരവും ബിൽ അവതരണവും. റെയിൽവേ ബജറ്റും പൊതുബജറ്റും നികുതിരഹിതമാക്കി നടത്തിയ കളിയുടെ മറ്റൊരു രൂപം.
ബിൽ അവതരിപ്പിക്കാൻപോലും സമ്മതിക്കാതെ സമാജ്‌വാദ് പാർട്ടി അംഗങ്ങൾ നടത്തിയ ബഹളവും കൈയാങ്കളിയും ഇതേപോലെ നീചലക്ഷ്യത്തോടെയായിരുന്നു. മന്ത്രിക്കുനേരെ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലേക്കിറങ്ങിയ സമാജ്‌വാദി പാർട്ടി അംഗങ്ങൾ ദേഷ്യംകൊണ്ട് തിളക്കുകയായിരുന്നു. ബിൽ വലിച്ചുകീറി മന്ത്രിയെ കൈയേറ്റം ചെയ്യാൻവരെ ഒരുങ്ങുന്ന കാഴ്ച തൽസമയ സംപ്രേഷണത്തിൽ ഇന്ത്യയൊട്ടാകെ കണ്ടു. മന്ത്രിക്ക് സുരക്ഷയൊരുക്കാൻ വനിതാ ശിശുക്ഷേമമന്ത്രി രേണുകാ ചൗധരിയും ആരോഗ്യസഹമന്ത്രി പനബഗലക്ഷ്മിയും കൈയൂക്ക് പ്രദർശിപ്പിച്ചതും ടിവി ക്യാമറകൾ ഒപ്പിയെടുത്ത് സംപ്രേഷണം ചെയ്തിരുന്നു.
ബഹളത്തിനിടയിൽ ഭരണഘടനയുടെ 108-ാം ഭേദഗതി ബില്ലായി ഭരദ്വാജ് വനിതാ സംവരണബിൽ അവതരിപ്പിക്കുകയും അത് പാർലമെന്റിന്റെ സ്ഥിരം സമിതിയുടെ പരിശോധനയ്ക്ക് വിടുകയും ചെയ്തു.
ഒരു വ്യാഴവട്ടക്കാലം പാർലമെന്റിലെ പുരുഷകേസരികളുടെ വനിതാവിരുദ്ധ നിലപാടുമൂലം അവതരിപ്പിക്കാൻ കഴിയാതെപോയ ബില്ലായിരുന്നു ഇത്. 1996ൽ എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കെയാണ് 81-ാം ഭരണഘടനാ ഭേദഗതിയായി, ആ വർഷം സെപ്റ്റംബർ മാസത്തിൽ, വനിതാ സംവരണബിൽ ലോക്സഭയിൽ ആദ്യമായി കൊണ്ടുവന്നത്. എന്നാൽ 11-ാം ലോക്സഭ പിരിച്ചുവിട്ടതോടെ ബില്ലിനും അത് വിഭാവനം ചെയ്ത ലക്ഷ്യങ്ങൾക്കും "ഗർഭഛിദ്രം" സംഭവിക്കുകയായിരുന്നു.
തുടർന്ന് അടൽബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായപ്പോൾ 98 ഡിസംബറിൽ 84-ാം ഭരണഘടന ഭേദഗതിയായി ബിൽ കൊണ്ടുവന്നെങ്കിലും 12-ാം ലോക്സഭയും പിരിച്ചുവിട്ടതോടെ ആ ശ്രമവും ചാപിള്ളയായി. പിന്നീട് 1999ൽ രാജ്യസഭയിലാണ് ബിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ബിൽ പാസാക്കിയാൽ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ പുരുഷകേസരികൾ, രാഷ്ട്രീയപാർട്ടികൾക്കിടയിൽ സമവായം ഉണ്ടാക്കാതെ ബിൽ അവതരണം 'നിരോധിക്കുകയായിരുന്നു'.
ആ ബില്ലാണ് ഇന്നലെ രാജ്യസഭയിൽ അവതരിപ്പിച്ചത്. സാധാരണഗതിയിൽ ഭരണഘടന ഭേദഗതിബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചശേഷമാണ് രാജ്യസഭയിൽ അവതരിപ്പിക്കാറുള്ളത്. എന്നാൽ ഇത്തവണത്തെ ലോക്സഭാ സെഷൻ നേരത്തെ പിരിയുകയും ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുകയുമായിരുന്നു. ഈ നിലപാടിനെ സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ്‌വാദി പാർട്ടിയും ബിജെപിയും അപലപിക്കുകയും യുപിഎ സർക്കാരിന്റെയും കോൺഗ്രസിന്റെയും തെരഞ്ഞെടുപ്പ് തന്ത്രമായി അതിനെ പരിഹസിക്കുകയും ചെയ്യുന്നു.
നിയമപരമായി നോക്കുമ്പോൾ എച്ച്.ആർ.ഭരദ്വാജ് ചെയ്തതിനാണ് കൂടുതൽ സുരക്ഷിതത്വമുള്ളത്. രാജ്യസഭയിൽ അവതരിപ്പിക്കപ്പെടുന്ന ബില്ല് ലോക്സഭ പിരിച്ചുവിട്ടാലും 'മരിക്കുന്നില്ല'. അടുത്ത ലോക്സഭയിൽ അത് അവതരിപ്പിക്കാൻ കഴിയും. എന്നാൽ നിയമപരമായ ഈ പരിരക്ഷാലക്ഷ്യമായിരുന്നോ യുപിഎ സർക്കാരിനും കോൺഗ്രസിനും ഉണ്ടായിരുന്നതെന്ന എസ്പി, ബിഎസ്പി, ബിജെപി പാർട്ടികളുടെ സന്ദേഹത്തിന് അടിസ്ഥാനമുണ്ടുതാനും.
തങ്ങൾ ഈ ബിൽ അവതരിപ്പിച്ച് പാസാക്കിയെടുക്കാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടും മറ്റ് രാഷ്ട്രീയകക്ഷികൾ അതിനനുവദിച്ചില്ല എന്ന് വരുത്തിത്തീർത്ത് ഇന്ത്യയിലെ നിരക്ഷരകുക്ഷികളായ കോടിക്കണക്കിന് വനിതകളുടെ വോട്ട് നേടാനുള്ള തന്ത്രമായിട്ടുതന്നെയാണ് ഞങ്ങളും ഈ ശ്രമത്തെ കാണുന്നത്.
വനിതകൾക്ക് 33 ശതമാനം പോര 50 ശതമാനം സംവരണം പാർലമെന്റിലും നിയമസഭകളിലും ലോക്കൽബോഡികളിലും ഏർപ്പെടുത്തണമെന്നും അതിൽതന്നെ പിന്നാക്കവിഭാഗങ്ങൾക്കും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും കൂടുതൽ സീറ്റുകൾ മാറ്റിവയ്ക്കണമെന്നുമാണ് എസ്പി, ബിഎസ്പി പാർട്ടികൾ വാദിക്കുന്നത്. ഇത് ഭരണഘടനയിൽ സംവരണം സംബന്ധിച്ച് നിർദേശിച്ചിട്ടുള്ള തത്വങ്ങൾക്ക് എതിരാണെന്നാണ് ബിജെപിയുടെ വാദം.
ഇതെല്ലാം വ്യക്തമാക്കുന്നത് ഭരണരംഗത്ത് സ്ത്രീകൾക്ക് അർഹമായ സ്ഥാനം നൽകാൻ പുരുഷമേധാവിത്വം നിലനിൽക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികൾ ഒരിക്കലും തയ്യാറല്ല എന്നാണ്. എന്നാൽ ഇവർക്കെല്ലാം തെരഞ്ഞെടുപ്പിൽ വിജയിക്കാനും അധികാരത്തിലെത്താനും സ്ത്രീവോട്ടർമാരുടെ സമ്മതിദാനം കൂടിയേതീരൂ. അതിനുള്ള അശ്ലീലഭരിതമായ അധരവ്യായാമമാണ് കോൺഗ്രസും യുപിഎയും സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ്‌വാദി പാർട്ടിയും ബിജെപിയുമൊക്കെ പ്രദർശിപ്പിക്കുന്നത്. ഇന്ന് ബിജെപിയും എസ്പി, ബിഎസ്പി പാർട്ടികളും വനിതാ സംവരണത്തെക്കുറിച്ച് പറയുന്നതിൽ അൽപ്പമെങ്കിലും ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ എതിർപ്പുകൂടാതെ രാജ്യസഭയിൽ ബിൽ അവതരിപ്പിക്കാനും പാസാക്കിയെടുക്കാനും കഴിയുമായിരുന്നു. പക്ഷേ അതിനവർ തയ്യാറായിരുന്നില്ല. പെണ്ണിന്റെ പേരിൽ രാഷ്ട്രീയ പുകിലുകൾ നടത്താനല്ലാതെ അവർക്ക് ഭരണരംഗത്ത് അർഹമായ സ്ഥാനം നൽകാനോ അവരുടെ അവസ്ഥകൾ പരിഹരിക്കാനോ അവരെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനോ ഈ പുരുഷകേസരികൾ ഒരിക്കലും തയ്യാറല്ല. അതുകൊണ്ട് ഇപ്പോഴത്തെ ബിൽ അവതരണത്തിനും അതിനെതിരെ ഉയർന്നിട്ടുള്ള പ്രതിഷേധത്തിനും അൽപ്പം പോലും പ്രാധാന്യം നൽകാൻ ഞങ്ങളുടെ മനസ് അനുവദിക്കുന്നില്ല.
3 comments :
എല്ലാസഭകളിലും വനിതാവല്‌ക്കരണത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു. ഏതു വിഡ്ഡിയുടെ കണകണക്കുവിശ്വസിച്ചിട്ടാണ് വനിതകള്‍ 33 ശതമാനം കൊണ്ടു തൃപ്‌തിപ്പെട്ടത്. ജനസംഖ്യയില്‍ 50 ശതമാനം ഇന്ത്യയില്‍ വനിതകളാണല്ലോ. അപ്പോ ന്യായമായും കിട്ടാനുള്ള 50 ശതമാനം തന്നെ ചോദിച്ചുവാങ്ങുകയാണുവേണ്ടത്. 33 ശതമാനത്തിനായി മുട്ടിപ്പാടുകയല്ല. ഇന്ത്യന്‍ വനിതകള്‍ക്കിനിയെന്നാണാവോ ബുദ്ധിവെയ്‌ക്കുക.
ജനസംഖയ്യില് 50 ശതമാനംവനിതകളായതുകൊണ്ട് 50ശതമാനം സംവരണം വേണം എന്നു പറയുന്നത് മണ്ടത്തരമല്ലേ സുഹൃത്തേ? വനിതകള്‍ക്കിനിയെന്നാണാവോ ബുദ്ധിവെയ്‌ക്കുക, എന്ന് ഒന്നും ഞാന് പറയില്ല.
33 അല്ല 100% സംവരണം കൊണ്ടുവന്നാലും, തങ്ങള്‍ പുരുഷന്റെ കീഴിലാണ് എന്ന തെറ്റിദ്ധാരണ ഭാരത സ്ത്രീകള്‍ ഉപേക്ഷിക്കാത്തിടത്തൊളം ഒരു ഗുണവും ഉണ്ടാക്കാന്‍ പോകുന്നില്ല
Post a Comment