Wednesday, May 21, 2008

പന്ന്യൻ രവീന്ദ്രൻ സത്യം പറയണമായിരുന്നു

ഗീതാസൂക്തത്തിന്‌ ഒരു പാഠഭേദം കുറിക്കേണ്ടതുണ്ടെന്ന്‌ സ്വാമി അമൃതചൈതന്യയും സ്വാമി ഹിമവൽ ഭദ്രാനന്ദയുമടക്കമുള്ള കേരളത്തിലെ കള്ളസ്വാമിമാർ വ്യക്തമാക്കിയിരിക്കുന്നു.

സംഭവിച്ചതൊന്നും നല്ലതോ നല്ലതിനോ ആയിരുന്നില്ലെങ്കിലും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പലതും നന്മയ്ക്കാണെന്ന്‌ വിശ്വസിക്കാൻ പാകത്തിലുള്ളവയാണ്‌. അമൃതചൈതന്യയുടെ അത്യാർത്തിയും ഹിമവൽ ഭദ്രാനന്ദയുടെ അടക്കമില്ലായ്മയും മൂലം ഇരുവരും ഇരുമ്പഴിക്കുള്ളിലായപ്പോൾ കേരളത്തിന്റെ മുക്കിലും മൂലയിലുമുണ്ടായിരുന്ന നിരവധി സ്വാമിമാരും സ്വാമിനിമാരുമാണ്‌ ഇപ്പോൾ രക്ഷാകേന്ദ്രം തേടി അലയുന്നത്‌.

ഫീസായി ലക്ഷങ്ങൾ വാങ്ങിയശേഷം വീട്ടമ്മയെ ഒറ്റയ്ക്ക്‌ 'രാത്രിപൂജ'യ്ക്ക്‌ ക്ഷണിച്ച 'കരമന സ്വാമി', വായിൽനിന്ന്‌ ശിവലിംഗമെടുത്ത്‌ പ്രശസ്തനായ തലസ്ഥാനത്തെ വിദ്യാസായിബാബ, പോറ്റിയായി ചമഞ്ഞ്‌ ലക്ഷപ്രഭുവായ സുധീർ, ജീവനകലയ്ക്ക്‌ ബദലുമായി എത്തിയ സൂര്യാജി, കൊല്ലത്തെ അതിസുന്ദരിയായ ദേവീ മായ മഹാമായ, മുൻ സിനിമാ സംവിധായകനും പൂർവാശ്രമത്തിൽ സുനിൽ കാരന്തൂരുമായിരുന്ന വിശ്വ ചൈതന്യ, സഹകരണബാങ്കിലെ ജോലിയിൽ നിന്ന്‌ ഒഴിവാക്കപ്പെട്ടശേഷം സുനിൽ സ്വാമിയായ സുനിൽദാസ്‌, ഇരിങ്ങാലക്കുടയിലെ ബ്രഹ്മേശ്വരൻ, കൊഴുവല്ലൂരിലെ ബ്രഹ്മാനന്ദ ചൈതന്യ, അയ്യപ്പന്റെ അവതാരമെന്ന്‌ അവകാശപ്പെട്ട്‌ സ്വാമിയമ്മയായി മാറിയ കോതമംഗലം കുറ്റിക്കുഴി തെക്കുംകൂട്ടിൽ ഗംഗാധരന്റെ ഭാര്യ ഉഷ, പാലക്കാട്‌ ശ്രീകൃഷ്ണപുരം സ്വദേശിയായ മുരളീകൃഷ്ണ സ്വാമി, അനധികൃത സ്വത്ത്‌ സമ്പാദിക്കുകയും വെട്ടിപ്പുനടത്തുകയും ചെയ്തതിന്റെ പേരിൽ പോലീസ്‌ അന്വേഷിക്കുന്ന കോട്ടയം കഞ്ഞിക്കുഴി പെന്തക്കോസ്ത്‌ മിഷൻ സംഘടനാ പാസ്റ്റർ പാറമ്പുഴ മുക്കടിയിൽ സിറിയക്‌ ഫിലിപ്പ്‌, സയന്റിസ്റ്റാണെന്നും ഡോക്ടറാണെന്നും അവകാശപ്പെട്ടിരുന്ന ജി.വേണുഗോപാലെന്ന ഡോ. ജി.വി. പണ്ടാല, അഭിഭാഷകയിൽനിന്ന്‌ 15 ലക്ഷം രൂപ കടം വാങ്ങിയശേഷം വണ്ടിചെക്ക്‌ നൽകിയ പത്തനംതിട്ട സ്വദേശിയും പാസ്റ്ററുമായ സാം കുഴിക്കാല, തിരുവനന്തപുരം സ്വദേശി ഷൈലജ എന്ന സ്ത്രീയിൽനിന്ന്‌ 50,000 വാങ്ങി പകരം വണ്ടിചെക്ക്‌ നൽകിയ കരുനാഗപ്പിള്ളി സ്വരൂപാനന്ദ മഠാധിപതി പീതാംബര ജ്യോതി രമയാനന്ദ.....

വിശ്വാസത്തിന്റെ പേരിൽ തട്ടിപ്പും വെട്ടിപ്പും കാമക്കൂത്തും ആഡംബരജീവിതവുമായി സാക്ഷരരായ കേരളീയരെ ഇത്രനാളും വിഡ്ഢികളാക്കി വിലസിയിരുന്ന സ്വാമിമാരുടെയും സ്വാമിനിമാരുടെയും പാസ്റ്റർമാരുടെയും നിര ഇങ്ങനെ നീളുന്നു. ഇക്കൂട്ടത്തിൽ മുസ്ലീം സിദ്ധന്മാരും നിരവധിയുണ്ട്‌. ഇവരെല്ലാം ചേർന്ന്‌ വഞ്ചനയുടെ ദൂഷിതവൃത്തത്തിൽ കേരളീയരെ പെടുത്തിയത്‌ സ്വന്തം കൗശലങ്ങൾകൊണ്ടുമാത്രമല്ല രാഷ്ട്രീയരംഗത്തേയും പോലീസ്‌ സേനയിലേയും ഉന്നതന്മാരുടെ സൗഹൃദവും സഹകരണവും സംരക്ഷണവും ഉണ്ടായിരുന്നതുകൊണ്ടാണ്‌. അമൃതചൈതന്യ എന്ന സന്തോഷ്‌ മാധവൻ പിടിയിലായപ്പോളാണ്‌ സാം ക്രിസ്റ്റി ഡാനിയൽ എന്ന ഡിവൈഎസ്പിയും ഒരു വനിതാ എസ്പിയും ഇപ്പോൾ സന്തോഷ്‌ മാധവന്റെ തട്ടിപ്പുകളെക്കുറിച്ച്‌ അന്വേഷിക്കുന്ന സംഘത്തിലെ ഒരു ഉന്നതനുമൊക്കെ ഈ കപടസ്വാമിമാർക്ക്‌ നൽകിയിരുന്ന സംരക്ഷണം പുറത്തുവന്നത്‌.

ഒരു പ്രകോപനവുമില്ലെങ്കിലും ക്ഷോഭിക്കുകയും പൊട്ടിത്തെറിക്കുകയും വൻ ദുരന്തങ്ങൾ പ്രവചിക്കുകയും ആഭ്യന്തരമന്ത്രിയെ ബാലേട്ടൻ എന്ന്‌ വിളിക്കുകയും ചെയ്തിരുന്ന ക്രിമിനലായ ഹിമവൽ ഭദ്രാനന്ദനുപോലും കേരള രാഷ്ട്രീയത്തിലെ ഉന്നതന്മാരുടെ സൗഹൃദവും സംരക്ഷണവും ലഭിച്ചിരുന്നു. വെട്ടിപ്പിനും തട്ടിപ്പിനും വേണ്ടി ഭദ്രൻ തല്ലിക്കൂട്ടിയ കർമ എന്ന കടലാസ്‌ സംഘടനയുടെ പേരിൽ പുറത്തിറക്കിയ ബ്രോഷറിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉന്നതന്മാരുടെ ഫോട്ടോ ഉണ്ടായിരുന്നു. ഇവരിൽ പലരും ഹിമവൽ ഭദ്രാനന്ദന്റെ വെളിപാടുകൾക്ക്‌ കാതോർക്കാൻ എത്തുകയും ഭദ്രാനന്ദനെ വിവിഐപിയായി പരിഗണിച്ച്‌ ഓഫീസുകളിലും ഭവനങ്ങളിലും അദ്വതീയ സ്ഥാനം നൽകി ആദരിക്കുകയും ചെയ്തിരുന്നു.

ഈ കള്ളത്തിരുമാടികളുടെ കൂട്ടത്തിൽ പന്ന്യൻ രവീന്ദ്രനും ഉണ്ടായിരുന്നു എന്ന വാർത്ത ഞെട്ടലോടെയാണ്‌ ഞങ്ങൾ ശ്രവിച്ചത്‌. ഞങ്ങൾ മാത്രമല്ല പന്ന്യൻ രവീന്ദ്രൻ എന്ന കമ്യൂണിസ്റ്റ്‌ നേതാവിനെ പരിചയമുള്ളവരെല്ലാം ഈ വാർത്ത കേട്ടപ്പോൾ മൂക്കത്ത്‌ വിരൽവച്ചുപോയി. പന്ന്യൻ രവീന്ദ്രന്റെ പുത്രന്റെ വിവാഹവേളയിൽ മുഖ്യാതിഥിയായിരുന്നു ഹിമവൽ ഭദ്രാനന്ദൻ. ചടങ്ങിൽ ഹിമവൽ ഭദ്രാനന്ദൻ ഉൾപ്പെട്ട ക്ലിപ്പിംഗുകൾ ടെലിവിഷൻ ചാനലുകൾ പുറത്തുവിട്ടപ്പോൾ യാതൊരു ഉളുപ്പും കൂടാതെയാണ്‌, തനിക്ക്‌ ഭദ്രനുമായി ഒരു ബന്ധവുമില്ലെന്നും മകന്റെ കല്യാണത്തിൽ ക്ഷണിക്കാതെയാണ്‌ ഭദ്രൻ പങ്കെടുത്തതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞത്‌. എന്തെല്ലാം കുറ്റവും കുറവും ക്രിമിനൽ സ്വാഭവവും ഉണ്ടെങ്കിലും ക്ഷണിക്കാത്ത സദ്യ ഉണ്ണാൻ പോകുന്ന ചെറ്റയാണ്‌ ഹിമവൽ ഭദ്രാനന്ദൻ എന്ന്‌ ഞങ്ങൾ കരുതുന്നില്ല. ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല, കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവരുമായി ഭദ്രൻ പുലർത്തിയിരുന്ന അതേ ബന്ധം തന്നെയായിരുന്നു പന്ന്യനുമായി ഉണ്ടായിരുന്നത്‌ എന്നാണ്‌ പുറത്തുവന്നിട്ടുള്ള തെളിവുകൾ വ്യക്തമാക്കുന്നത്‌. ഈ ഉന്നത ബന്ധങ്ങളുടെ ബലത്തിലാണ്‌ സഹകരണ മന്ത്രി ജി. സുധാകരനെ ഫോണിലൂടെ ഭീഷണിപ്പെടുത്താൻ ഭദ്രൻ തയ്യാറായത്‌. എന്നിട്ടും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ പന്ന്യൻ രവീന്ദ്രൻ നിരപരാധി ചമയുമ്പോൾ, അധികാരം എത്രമാത്രം അദ്ദേഹത്തെയും ദുഷിപ്പിച്ചു എന്നുവേണം അനുമാനിക്കേണ്ടത്‌.

എംപി ഫണ്ട്‌ ഉപയോഗിച്ച്‌, റെഡ്ക്രോസിന്റെ തിരുവനന്തപുരം ശാഖയ്ക്ക്‌ ഒരു ആംബുലൻസ്‌ വാങ്ങിക്കൊടുത്ത മനുഷ്യസ്നേഹിയാണ്‌ പന്ന്യൻ രവീന്ദ്രൻ. ഈശ്വര വിശ്വാസമോ മുഹൂർത്തം കുറിക്കുന്നതിൽ താൽപ്പര്യമോ ഒന്നും അദ്ദേഹത്തിനില്ല എന്ന്‌ ഞങ്ങൾക്കറിയാം. എംപിയായശേഷവും തലക്കനമില്ലാതെ തട്ടുകടകളിൽനിന്ന്‌ ഭക്ഷണം കഴിക്കുന്ന ലളിത ജീവിതക്കാരൻ കൂടിയാണ്‌ പന്ന്യൻ രവീന്ദ്രൻ. എന്നാൽ ആസാമികളും ഭൂസ്വാമികളുമടങ്ങുന്ന പെരുങ്കള്ളക്കൂട്ടങ്ങളുമായി ഇദ്ദേഹത്തിനും പാർട്ടിക്കും ബന്ധമുണ്ടായിരുന്നുവെന്ന്‌ തെളിയിച്ചതാണ്‌ മൂന്നാർ ഒഴിപ്പിക്കലിനെതിരെ മുഖ്യമന്ത്രി അച്യുതാനന്ദനെ പ്രതിയാക്കി അദ്ദേഹം നടത്തിയ ആക്രോശങ്ങൾ. മൂന്നാറിലെ റിയൽ എസ്റ്റേറ്റ്‌ - റിസോർട്ട്‌ മാഫിയകളെ സംരക്ഷിക്കാനായിരുന്നു പാർട്ടി ഓഫീസിന്റെ പേരിൽ അദ്ദേഹവും വെളിയം അടക്കമുള്ള സിപിഐ നേതാക്കളും അച്യുതാനന്ദനും പ്രത്യേക ദൗത്യസംഘത്തിനുമെതിരെ കുരച്ചുചാടിയത്‌.

എന്നാൽ മൂന്നാറിൽ പാർട്ടി ഓഫീസിന്‌ സ്ഥലം ലഭിക്കാൻ വ്യാജ സത്യവാങ്മൂലവും രേഖകളുമാണ്‌ സിപിഐ ഹാജരാക്കിയതെന്ന്‌ പട്ടയമനുവദിച്ച സ്പെഷൽ ഓഫീസർ രവീന്ദ്രൻതന്നെ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്‌. സത്യങ്ങൾ ഇങ്ങനെ ഒന്നൊന്നായി മറനീക്കി പുറത്തുവരുമ്പോഴാണ്‌ പന്ന്യൻ രവീന്ദ്രനെപോലെ കേരളം ആദരിച്ചിരുന്ന കമ്യൂണിസ്റ്റ്‌ നേതാക്കളുടെ കള്ളസ്വത്വങ്ങൾ തിരിച്ചറിയപ്പെടുന്നത്‌. ഹിമവൽ ഭദ്രാനന്ദനെ അറിയില്ലായെന്ന്‌ പറഞ്ഞ്‌ നാവുവളക്കുന്നതിനുമുൻപാണ്‌ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മനുഷ്യകാരുണ്യപരമായതുകൊണ്ടാണ്‌ കർമയുടെ ആംബുലൻസ്‌ സർവീസ്‌ താൻ ഉദ്ഘാടനം ചെയ്തതെന്ന്‌ പന്ന്യൻ രവീന്ദ്രൻ സമ്മതിച്ചിട്ടുള്ളതും. അതായത്‌ കേരളത്തിലെ രാഷ്ട്രീയ, പോലീസ്‌ ഉന്നതന്മാരെപോലെ ഈ കള്ളസ്വാമികളെ സംരക്ഷിക്കുന്നതിൽ പന്ന്യൻ രവീന്ദ്രനും താൽപര്യമെടുത്തിരുന്നുവെന്ന്‌ സാരം. ക്രിമിനൽ സ്വഭാവമുള്ള സ്വാമിയായിരുന്നു ഭദ്രാനന്ദനെങ്കിൽ വിവാഹത്തിന്‌ ക്ഷണിക്കുമായിരുന്നില്ല എന്ന്‌ പന്ന്യൻ തുറന്നുപറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തോടുള്ള ആദരം വർധിക്കുമായിരുന്നു. എന്നാൽ മൂന്നാറിൽ മുഖ്യമന്ത്രിക്കെതിരെ ഉപയോഗിച്ച നാക്കുതന്നെയാണ്‌ ഇപ്പോൾ അദ്ദേഹത്തിനും വിനയായിട്ടുള്ളത്‌.

ബഹുമാന്യരായ കമ്യൂണിസ്റ്റ്‌ നേതാക്കൾ ഇത്തരത്തിൽ പച്ചക്കള്ളങ്ങൾ വിളമ്പുമ്പോൾ സ്വാർത്ഥലാഭത്തിനും രാഷ്ട്രീയ നേട്ടങ്ങൾക്കുമായി ഇത്തരം സ്വാമിമാരെ ഉപയോഗിക്കുന്നവരെ കുറിച്ച്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ.

3 comments :

 1. നന്ദു said...

  ഇല്ല എന്ന് ഒറ്റയടിക്കു പറഞ്ഞാൽ കാര്യം കഴിഞ്ഞല്ലോ?.
  ഈ കപട സ്വാമി മാർക്ക് ഓശാന പാടുന്നത് രാഷ്ട്രീയക്കാർ തന്നെ. പകൽ പരസ്യമായി ദൈവം ഇല്ലാന്നൊക്കെ പറയുമെങ്കിലും സന്ധ്യകഴിഞ്ഞാൽ ഇത്തരം “സ്വാമി”മാരുടെ തിണ്ണ നിരങ്ങുന്ന രാഷ്ട്രീയക്കാരെ ജനം അറിയേണ്ടിയിരിക്കുന്നു. പൂമൂടലും, പ്രശ്നം വയ്ക്കലും ഒക്കെ “വീടര് “ പിന്നാമ്പുറത്തു നടത്തുമ്പോഴും ഉമ്മറക്കോലായിൽ ഞെളിഞ്ഞിരുന്ന് “മൂലധനം” വായിക്കുന്ന കപടരാഷ്ട്രീയം കേരളം തിരിച്ചറിയണം.

  “സ്വാമി“മാരെ “ഒതുക്കി”യില്ലെങ്കിൽ അത് കാരണം വരുന്ന ഭവിഷ്യത്ത് ബഹുമാനപ്പെട്ട വി.ഐ.പി / വി.വി. ഐ.പി.ക്കാർക്കൊക്കെ നന്നായിട്ടറിയാം. എന്തായാലും നീലക്കാസറ്റും മറ്റു വിവരങ്ങളും പോലീസിന്റെ കയ്യിൽ തന്നെ ഭദ്രമായി എത്തിയതു നന്നായി!. ഇതെങ്ങാനും പോലീസിനു മുന്നെ മീഡിയക്കാർക്കാണ് കിട്ടിയിരുന്നെങ്കിൽ പല വി.വി.ഐ.പികളുടെയും “കുട്ടി വി.ഐ.പി.”കളുടെയും തൊലി പൊള്ളിയേനെ!! എന്തായാലും അതുണ്ടായില്ലല്ലോ? ഇനി ഈ സി.ഡി.കളും കാസാറ്റുകളും കോടതിയിലെത്തുമ്പോൾ വെറും കമേഴ്സ്യൽ സിനിമാ ചിത്രങ്ങളുടേതാവാതിരുന്നാൽ മതിയായിരുന്നു. അതുപോലെ കടുവാത്തോൽ പരീക്ഷയൊക്കെ കഴിഞ്ഞ് തിരികെ “സിന്തറ്റിക് “ ഷീറ്റായും എത്താതിരുന്നാൽ മതി!.
  (അഭയ ലാബ് റിസൽട്ടുകളും മറ്റും ഉദാ:) മുൻപൊരിക്കൽ മയക്കുമരുന്ന് കടത്തിയ തൊണ്ടി (ഷഡ്ഡി) കോടതിയിൽ എത്തിയപ്പോൾ അതിന്റെ സൈസ് ചെറുതായ പോലെ!

  സംഹരിക്കപ്പെടേണ്ടവർ തന്നെ സംരക്ഷിക്കപ്പെടുന്ന കാപട്യം എന്നാണാവോ കേരളത്തിൽ നിന്നും മാറുന്നത്? ശ്രീ. പന്ന്യൻ രവീന്ദ്രൻ കുറ്റമറ്റ വ്യക്തിത്വത്തിനുടമാണെന്നുള്ള ധാരണയ്ക്ക് കോട്ടം വന്നില്ലെ ഈ സംഭവത്തോടേ. ഒരാളെ പ്പൊലും ചൂണ്ടിക്കാ‍ട്ടാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിൽ ഉൽക്കണ്ഠയുണ്ട്!

  കപട സന്ന്യാസിമാരെയും, ആസ്വാമി മാരെയും കണ്ടുപിടിച്ച് ശിക്ഷിക്കുക തന്നെ വേണം എന്നാലെ അദ്ധ്യാത്മകത സത്യസന്ധമായ രീതിയിൽ കൊണ്ടു നടക്കുന്ന യഥാർത്ഥ സ്വാമി മാർക്ക് രക്ഷയുള്ളൂ. ഈ രംഗത്ത് ഒരു ശുദ്ധികലശം അനിവാര്യമാണ്.. മത സംഘടനകളും മറ്റും ഗവണ്മെന്റിനെ സഹായിക്കൻ മുൻ കൈ എടുക്കുകയും വേണം.

  നല്ല ലേഖനം , വാസ്തവം ടീമിന് അഭിനന്ദനങ്ങൾ.

 2. kazhutha said...

  പെണ്ണുസ്വാമിമാരും ചെക്ക്‌ സ്വാമിമാരും തോക്കുസ്വാമിമാരും എല്ലാം ഒരു തരത്തിലെങ്കില്‍ മറ്റൊരുതരത്തില്‍ ഇടതുവലതു വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കന്‍മാരുമായി ബന്ധപ്പെട്ടിരുന്നു എന്ന് പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക്‌ മറയായി ആത്മീയ വേഷപ്രച്ചന്നരായിരുന്ന സ്വാമി ക്രിമിനലനാന്ദന്‍മാര്‍ക്ക്‌ എന്തു സംഭവിക്കും എന്നു നമൌക്ക്‌ ഊഹിക്കാവുന്നതേുള്ളൂ. അവര്‍ ഭംഗിയായി കേസുകളില്‍ നിന്നുമൂരിപ്പോരും.ഇല്ലെങ്കില്‍ അവരുടെ രാഷ്ടീയതമ്പുരാക്കന്‍മാര്‍ ഊരിയെടുത്തുകൊള്ളും.

 3. G.manu said...

  ഒരു ഭൂമികുലുക്കത്തില്‍ ചില വേണ്ടവയൊക്കെ ഉടഞ്ഞുവീഴും എന്ന ചൊല്ലോര്‍ക്കുന്നു. സന്തോഷ് മാധവനോട് കേരളം കടപ്പെട്ടിരിക്കുന്നു. ഒരു മഹാ വഞ്ചക സമൂഹത്തെ കുത്തിയൊലിപ്പിച്ചതിനു. എന്നാലും സംശയ്മാണ്. കേരളം ഇനിയെങ്കിലും നന്നാവുമോ?.

  ഭസ്മവുമായി അണിയറയില്‍ ഇനിയും പല സാമിജന്മങ്ങള്‍ ഒരുങ്ങുന്നുണ്ടാവും. ഉടയാട ഊരിയാല്‍ പരീക്ഷയ്ക്ക് ജയിപ്പിക്കാം എന്ന വാഗ്ദാനവുമായി പുറത്തുവരാന്‍. കാല്‍ കഴുകിയ വെള്ളം കുടിക്കാന്‍ നമ്മള്‍ കാത്തിരിക്കുവല്ലേ...

  ഇന്ന് സന്തോഷിന്റെയും, ഭദ്രന്റേയും കൂത്താട്ടങ്ങളെ മത്സരിച്ച് പ്രസിദ്ധീകരിക്കാന്‍ പാടുപെടുന്ന മാധ്യമങ്ങള്‍, ഇവര്‍ പിടിക്കപ്പെട്ടില്ലരുന്നെങ്കില്‍, ആശ്രമത്തിന്റെ സില്‍‌വര്‍ ജൂബിലിക്ക് സ്പെഷ്യല്‍ സപ്ലിമെന്റ് ഇറക്കിയേനെ എന്ന സത്യം കൂടി ഓര്‍ക്കണം.

  മാധ്യമങ്ങള്‍ ധാര്‍മ്മികബോധം നഷ്ടപ്പെടുത്തുന്ന ഒരു പ്രധാന്‍ മേഖല സ്പിരിച്ച്യുവല്‍ മാഫിയ ആകുന്നു. സ്പിരിട്ട് മാഫിയയേക്കാള്‍ അപകടം നിറഞ്ഞ സ്പ്രിച്യല്‍ മാഫിയ....