Tuesday, May 6, 2008

ഭക്ഷ്യസുരക്ഷാപദ്ധതിയുടെ പേരില്‍ ഒരു ചക്കളത്തിപ്പോരാട്ടം

അധികാരദുര മൂത്താല്‍ വിപ്ലവപാര്‍ട്ടി നേതാക്കള്‍ക്കും സമനില തെറ്റുമെന്ന്‌ ദിനംപ്രതി വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്‌ കേരളത്തിലെ സിപിഎമ്മിലേയും സിപിഐയിലേയും നേതൃമ്മന്യന്മാര്‍. "ചക്കരക്കുടത്തില്‍ കൈയിട്ടാല്‍ നക്കാത്തോരെ കാണില്ല; നാടിന്‍ഭരണം കൈയേറ്റാല്‍ കക്കാത്തോരേം കാണില്ല" എന്ന കുഞ്ഞുണ്ണി കവിത അന്വര്‍ത്ഥമാക്കുകയാണ്‌ ഭരണമുന്നണിയിലെ വല്ല്യേട്ടനും ചെറിയേട്ടനും.

മന്ത്രിസഭാ രൂപീകരണവേളയില്‍ ആരംഭിച്ച ഈ മൂപ്പിളപ്പ്‌ തര്‍ക്കം അതിന്റെ എല്ലാ വൈകൃതങ്ങളോടും കൂടി ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പേരിലാണ്‌. സിപിഐ ഭരിക്കുന്ന ഭക്ഷ്യ-കൃഷിവകുപ്പുകളുടെ നേതൃത്വത്തില്‍ വേണം ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കാനെന്ന്‌ വെളിയവും കൂട്ടരും വാദിക്കുമ്പോള്‍ മുഖ്യമന്ത്രി നയിക്കുന്ന സിപിഎം മന്ത്രിമാര്‍ക്കുവേണം ഈ പദ്ധതിയുടെ മേല്‍നോട്ടമെന്നാണ്‌ തോമസ്‌ ഐസക്‌ അടക്കമുള്ളവര്‍ ശഠിക്കുന്നത്‌. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം കൃഷി-ഭക്ഷ്യവകുപ്പുകളുടെ നേതൃത്വത്തില്‍ വേണം ഈ പദ്ധതി നടപ്പാക്കാന്‍ എന്നാണ്‌.

പദ്ധതി നടത്തിപ്പിനായി അനുവദിക്കപ്പെടുന്ന കോടികളിലാണ്‌ ഈ വിപ്ലവ വായാടികളുടെ നോട്ടം മുഴുവന്‍. അനുവദിക്കപ്പെടുന്ന പണം ഇഷ്ടത്തിനുമുടക്കി പാര്‍ട്ടി വളര്‍ത്താനും അണികളെ ഒപ്പം നിര്‍ത്താനുമാണ്‌ ഇരുകൂട്ടരും സ്വപ്നം കാണുന്നത്‌ അല്ലാതെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനോ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഭക്ഷ്യ ദൗര്‍ലഭ്യം ലഘൂകരിക്കാനോ അല്ല ഇവരുടെ ഉദ്ദേശ്യം.

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ പോകുന്ന ഈ വേളയില്‍ മറനീക്കി പുറത്തുവന്നിട്ടുള്ള ഈ തര്‍ക്കം, നേരത്തെ സൂചിപ്പിച്ചതുപോലെ, മന്ത്രിസഭ രൂപീകരണവേളയില്‍ ആരംഭിച്ച അധികാരം പിടിച്ചെടുക്കലിന്റെ തുടര്‍ച്ചയാണ്‌. അന്ന്‌ സിപിഐക്ക്‌ അനുവദിച്ച ചില വകുപ്പുകള്‍ പരിസ്ഥിതി പ്രേമത്തിന്റെ പേരില്‍ കൈയടക്കാന്‍ മുഖ്യമന്ത്രിയില്‍ നിന്നാണ്‌ അനാശാസ്യമായ നീക്കമുണ്ടായത്‌. തര്‍ക്കങ്ങള്‍ക്കൊടുവില്‍ വകുപ്പ്‌ സിപിഐക്കുതന്നെ നല്‍കി സിപിഎം പത്തിതാഴ്ത്തുകയായിരുന്നു.

ഇതിനുള്ള തിരിച്ചടിയായിരുന്നു ഓണക്കിറ്റുവിതരണ കാര്യത്തില്‍ ധനമന്ത്രാലയത്തില്‍നിന്നുണ്ടായത്‌. കുറഞ്ഞവിലയ്ക്ക്‌ കേരളത്തിലെ എല്ലാ റേഷന്‍കാര്‍ഡ്‌ ഉടമകള്‍ക്കും അരിയും പഞ്ചസാരയും വെളിച്ചെണ്ണയും പച്ചക്കറിയും പലവ്യഞ്ജനങ്ങളുമടങ്ങുന്ന ഓണക്കിറ്റ്‌ വിതരണം ചെയ്യുമെന്നായിരുന്നു ഭക്ഷ്യമന്ത്രി സി. ദിവാകരന്റെ പ്രഖ്യാപനം. അതിന്‌ അപ്പോള്‍ തന്നെ ധനമന്ത്രി തോമസ്‌ ഐസക്‌ ഇടങ്കോലിട്ടു. ഖജനാവില്‍ പണമില്ലാ എന്നായിരുന്നു അതിനദ്ദേഹം നിരത്തിയ ന്യായം. ഒടുവില്‍ എങ്ങനെയെല്ലാമോ ഓണക്കിറ്റ്‌ വിതരണം ചെയ്ത്‌ ഭക്ഷ്യമന്ത്രിയും സിപിഐയും മുഖം രക്ഷിച്ചു. (ഈ ഓണക്കിറ്റാകട്ടെ ഉദ്യോഗസ്ഥരുടെയും പാര്‍ട്ടി സഖാക്കളുടെയും അടുക്കളകളിലാണ്‌ എത്തിയതെന്നുമാത്രം).

മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തിനുമുന്‍പ്‌ മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ എടുത്ത തീരുമാനത്തിലൂടെ മുഖ്യമന്ത്രി ഇമേജ്‌ ബില്‍ഡിംഗിന്റെ തന്ത്രം പയറ്റിയപ്പോള്‍, തക്കസമയത്തുതന്നെ അടിവലി നടത്തി അത്‌ തകര്‍ക്കുകയും മുഖ്യമന്ത്രിയെ മാത്രമല്ല, മന്ത്രിസഭയെതന്നെ പൊതുജനമധ്യത്തില്‍ നാറ്റിക്കുകയും ചെയ്തു സിപിഐ നേതാക്കള്‍. രവീന്ദ്രന്‍പട്ടയത്തിന്റെ മറവില്‍ സിപിഐ നേതാക്കള്‍ കൈയടക്കിവച്ചിട്ടുള്ള അനധികൃത ഭൂമിയും മൂന്നാറിലെ സിപിഐ ഓഫീസ്‌ ഇരിക്കുന്ന സ്ഥലവും വിട്ടുകൊടുക്കേണ്ടിവരുമെന്ന തിരിച്ചറിവായിരുന്നു കെ.ഇ. ഇസ്മായേലും പന്ന്യന്‍ രവീന്ദ്രനും അടക്കമുള്ളവരെ ക്ഷുഭിതരാക്കിയതും "കോട്ടിട്ടയാള്‍ക്കും അയാള്‍ക്കുമുകളിലുള്ള ആള്‍ക്കും" എതിരെ പാരപണിതതും.

തീര്‍ന്നില്ല സിപിഐ സഖാക്കളുടെ രോഷം. മൂന്നാറില്‍ മരംകോച്ചുന്ന ഒരു വെളുപ്പാന്‍കാലത്ത്‌ ആരെയും അറിയിക്കാതെ ഓടിയെത്തി ബോര്‍ഡ്‌ സ്ഥാപിച്ച്‌ ടാറ്റയുടെ ഭൂമി തിരിച്ചുപിടിച്ചുവെന്ന്‌ അച്യുതാനന്ദന്‍ അവകാശപ്പെട്ടപ്പോള്‍ ആ ഭൂമി സര്‍ക്കാരിന്റെ കൈവശമുള്ളതാണെന്ന്‌ നിയമസഭയില്‍ പ്രസ്താവിച്ച്‌ കെ.പി. രാജേന്ദ്രനടക്കമുള്ളവര്‍ അടുത്ത തിരിച്ചടി നല്‍കി.

"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍തന്‍ പിന്മുറക്കാര്‍" എന്ന്‌ ചങ്ങമ്പുഴ പാടിയതുപോലെ അവസരം കാത്തിരിക്കുകയായിരുന്നു സിപിഎം കടുത്ത ഒരു തിരിച്ചടിക്ക്‌. ആ തിരിച്ചടിയാണ്‌ കിസാന്‍ശ്രീ ഇന്‍ഷുറന്‍സ്‌ പദ്ധതിയെച്ചൊല്ലിയുണ്ടായ തര്‍ക്കം. ഇവിടെയും ഇടങ്കോലിട്ടത്‌ ധനവകുപ്പും മന്ത്രി തോമസ്‌ ഐസക്കുമായിരുന്നു. ഒരു വിധത്തിലാണ്‌ ഈ പ്രഹരത്തില്‍നിന്ന്‌ സിപിഐ തലയൂരിയത്‌.

ഇതിനുപിന്നാലെയാണ്‌ ഇപ്പോഴുണ്ടായിട്ടുള്ള ഭക്ഷ്യസുരക്ഷാപദ്ധതി തര്‍ക്കം. ജനപക്ഷത്തുനിന്ന്‌ ഭരിക്കാനോ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനോ അല്ല തങ്ങള്‍ മന്ത്രിമാരായതെന്ന്‌ നിരവധിവട്ടം ഈ വിപ്ലവ കൂട്ടിക്കൊടുപ്പുകാര്‍ തെളിയിച്ചിട്ടുള്ളതാണ്‌. സാന്റിയാഗോ മാര്‍ട്ടിന്മാരും ഫാരീസ്‌ അബൂബക്കര്‍മാരും ലിസ്‌ ചാക്കോമാരും സേവി മനോമാത്യുമാരും റിയല്‍എസ്റ്റേറ്റ്‌ മാഫിയകളും ഒക്കെയാണ്‌ ഇരുകൂട്ടരുടെയും സുഹൃത്തുക്കളെന്ന്‌ ഉളുപ്പില്ലാതെ ഇവര്‍ തെളിയിച്ചതാണ്‌. ആ നാണംകെട്ട വഞ്ചനയുടെ തുടര്‍ച്ച മാത്രമാണ്‌ ഇപ്പോഴത്തെ തര്‍ക്കം. തെരുവ്‌ ഗുണ്ടകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ആദ്യം കൈവയ്ക്കുന്നവനാണ്‌ വിജയമെന്ന തേര്‍ഡ്‌ റേറ്റ്‌ ഗുണ്ടായിസത്തിന്റെ രാഷ്ട്രീയ വിവര്‍ത്തനമാണ്‌ ഇവയൊക്കെതന്നെ.

ഇതുകാണാനും അനുഭവിക്കാനും ഇവരെയൊക്കെ നേതാക്കന്മാരായി ചുമക്കാനും ഇടയായത്‌, ഇവര്‍ നല്‍കിയ തെരഞ്ഞെടുപ്പ്‌ വാഗ്ദാനങ്ങളില്‍ മതിമറന്ന്‌ വോട്ടുചെയ്തതുകൊണ്ടാണ്‌. ഇതിനാണ്‌ പണ്ടുള്ളവര്‍ സ്വയം കൃതാനര്‍ത്ഥം എന്ന്‌ പറഞ്ഞിട്ടുള്ളത്‌. അവനവന്‍ ചെയ്യുന്ന പ്രവൃത്തിയുടെ ഫലം അവനവന്‍ അനുഭവിച്ചേ തീരൂ. അതിന്‌ സിപിഎമ്മിനെയോ സിപിഐയെയോ കുറ്റുപറഞ്ഞിട്ട്‌ ഒരു കാര്യമില്ല.

0 comments :