Thursday, May 8, 2008

സച്ചിന്റെ 'കളി' വിവാദമാകുന്നു

പരിക്കിന്റെ മറവിൽ കളിയിൽനിന്ന്‌ വിട്ടുനിൽക്കുന്നത്‌ ഗാംഗുലിയുടെയും ലക്ഷ്മണിന്റെയും ദ്രാവിഡിന്റെയും ബാറ്റിംഗ്‌ പരാജയം തിരിച്ചറിഞ്ഞ്‌
 
സ്പോർട്ട്സ്‌ ലേഖകൻ
കൊച്ചി: ഏറെ കൊട്ടിഘോഷിച്ച്‌ ലക്ഷങ്ങൾ വാരിയെറിഞ്ഞ്‌ മുകേഷ്‌ അംബാനി മുബൈ ഇന്ത്യൻസിനുവേണ്ടി, ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറെ സ്വന്തമാക്കിയപ്പോൽ ഒട്ടേറെ പ്രതീക്ഷകൾ അദ്ദേഹത്തിനും ടീമംഗങ്ങൾക്കും സച്ചിന്റെ ആരാധകർക്കും ഉണ്ടായിരുന്നു.

ടെസ്റ്റിലും വൺഡേ മത്സരത്തിലും ആർക്കും കൈയെത്തിപ്പിടിക്കാനാവാത്ത നേട്ടങ്ങളുമായി 2008 ലെ പത്മവിഭൂഷൻ ജേതാവ്‌ ഐപിഎൽ ട്വന്റി-ട്വന്റി ധമാക്കയിൽ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നായിരുന്നു എല്ലാവരുടെയും ധാരണ.

എന്നാൽ ഏഴുമത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു കളിയിൽ പോലും ബാറ്റേന്താൻ സച്ചിന്‌ കഴിഞ്ഞിട്ടില്ല. പരിക്കാണ്‌ കാരണമായി പറയുന്നത്‌. ഏഴുകളിയിൽ നാലെണ്ണത്തിൽ പരാജയവും ഇന്നലത്തേതുൾപ്പെടെ മൂന്ന്‌ വിജയവുമാണ്‌ മുബൈ ഇന്ത്യൻസിനുള്ളത്‌.

പരിക്കുമൂലമാണ്‌ സച്ചിൻ കളിയിൽ നിന്ന്‌ വിട്ടുനിൽക്കുന്നതെന്നാണ്‌ അദ്ദേഹവും മുബൈ ഇന്ത്യൻസിന്റെ ഔദ്യോഗിക വക്താക്കളും പറയുന്നത്‌.

എന്നാൽ കരുത്തിന്റെയും വേഗത്തിന്റെയും ഗെയിമായ ട്വന്റി-ട്വന്റിയുമായി പൊരുത്തപ്പെടാൻ സച്ചിന്റെ കേളീശൈലിക്ക്‌ കഴിയാത്തതുകൊണ്ടാണ്‌ കളിയിൽനിന്ന്‌ വിട്ടുനിൽക്കുന്നതെന്നാണ്‌ ഇപ്പോൾ കേൾക്കുന്നത്‌.

ടെസ്റ്റ്‌ ടീമിലും വൺഡേ ടീമിലും തന്നോടൊപ്പം കളിച്ച സീനിയർ കളിക്കാരായ ഗാംഗുലി, ദ്രാവിഡ്‌, ലക്ഷ്മൺ തുടങ്ങിയവർ ട്വന്റി-ട്വന്റി വേർഷനിൽ അമ്പേ പരാജയപ്പെട്ടതും സച്ചിന്റെ പിൻമാറ്റത്തിന്‌ കാരണമായി വിമർശകർ ചൂണ്ടികാണിക്കുന്നു. കോടികൾ മുടക്കി ഗാംഗുലിയെയും ദ്രാവിഡിനെയും ലക്ഷ്മണിനെയും സ്വന്തമാക്കിയ ടീമുകൾ പരാജയത്തിന്റെ പടുകുഴിയിലാണ്‌.

ഈ ടീമുകളിൽ അന്തച്ഛിദ്രം വളർന്നിട്ടുമുണ്ട്‌. അതിന്‌ ഏറ്റവും നല്ല തെളിവാണ്‌ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൽ ഇപ്പോൾ ഉരുണ്ടുകൂടിയിട്ടുള്ളത്‌. ടീമിന്റെ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസർ സ്ഥാനത്തുനിന്ന്‌ ചാരു ശർമ്മയെ പുറത്താക്കിയതും ടീമിന്റെ ബൗളിംഗ്‌ കോച്ചായ വെങ്കിടേഷ്‌ പ്രസാദിനെ പുറത്താക്കാനുള്ള നീക്കം നടക്കുന്നതും ടീം ഉടച്ചുവാർക്കാനുള്ള ശ്രമവുമൊക്കെ സച്ചിൻ വളരെ ശ്രദ്ധാപൂർവ്വമാണ്‌ പഠിക്കുന്നത്‌.

ക്രിക്കറ്റിന്റെ നെറുകയിൽ നിൽക്കുന്ന താൻ ട്വന്റി-ട്വന്റിയിൽ പരാജയപ്പെട്ട്‌ അപമാനിതനാവുന്നതിനേക്കാൾ നല്ലത്‌ പരിക്കിന്റെ പേരിൽ കളിക്കാതിരിക്കുന്നതാണ്‌ ബുദ്ധിയെന്ന്‌ അദ്ദേഹത്തിന്റെ ഉപദേശകർ നൽകിയിട്ടുള്ള നിർദ്ദേശം. സച്ചിന്റെ ഈ കളിയിൽ ടീം ഉടമ മുകേഷ്‌ അംബാനിയും റിലയൻസും അതൃപ്തരാണെന്നും അവരത്‌ തുറന്നുപറഞ്ഞു എന്നുമാണ്‌ പുറത്തുവന്നിട്ടുള്ള വാർത്ത.

ഇന്നലെ കളിക്കിടയിൽ സൈഡ്ബഞ്ചിലിരുന്ന്‌ കമന്റേറ്റർമാരുടെ ചോദ്യങ്ങൾക്ക്‌ ഉത്തരമായി അംബാനിയെയും റിലയൻസിനെയും സച്ചിൻ വാനോളം പുകഴ്ത്തിയെങ്കിലും എക്സിക്യൂട്ടീവ്‌ ഗാലറിയിലിരുന്ന്‌ ഇത്‌ കേൾക്കുകയും കാണുകയും ചെയ്ത അംബാനിയുടെ മുഖത്ത്‌ അൽപ്പം പോലും സന്തോഷം ഉണ്ടായിരുന്നില്ല. രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയപ്പോഴാണ്‌ മുകേഷിന്റെ മുഖത്ത്‌ ചിരി വിടർന്നത്‌.

സച്ചിന്റെപരിക്കും കളിക്കാതെയുള്ള കളിയും ഇനിയും കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കുമെന്നാണ്‌ ഇതുവരെ ലഭിച്ചിട്ടുള്ള സൂചനകൾ വ്യക്തമാക്കുന്നത്‌.

2 comments :

  1. Radheyan said...

    ഇതൊരു കോത്തേഴത്തെ ആരോപണമായി പോയി.അഡാപ്റ്റേഷന് കഴിവില്ലാത്ത കളിക്കാരനല്ല സച്ചിന്‍.മാത്രമല്ല അതുല്യ സ്ട്രോക്ക് പ്ലയറും.ക്രിക്കറ്റ് ഒരു ഭ്രാന്തായി കൊണ്ടു നടക്കുന്ന സച്ചിന്‍,അടുത്ത ലോകകപ്പ് കളിക്കണം എന്ന് ആഗ്രഹിക്കുന്ന സച്ചിന്‍ ഒരു ഭീരുവായി ഇരിക്കും എന്ന് പറഞ്ഞാല്‍ അത് വാസ്തവമാകില്ല.അവാസ്തവം മാത്രം

  2. jinsbond007 said...

    ഹ...ഹ... സച്ചിന്‍ കളിച്ചാലും ഇല്ലെങ്കിലും അംബാനിക്ക് പ്രത്യേകിച്ച് സങ്കടമെന്തിനാ? ടീം ജയിച്ചാല്‍ മതിയല്ലോ. പിന്നെ, അപാര ഫിറ്റ്നസ്സ് വേണ്ട 20-20യില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് കളി പേടിച്ചിട്ടാവാം, പക്ഷെ സ്ഥിരത എന്നത് വെറും ആപേക്ഷികമായ സംഗതി മാത്രമാണവിടെ. ആദ്യകളിയില്‍ സ്വെഞ്ചുറി നേടിയ മക്കല്ലത്തിന്റെ ഗ്രാഫു പരിശോധിച്ചാല്‍മതി!!!