Tuesday, May 20, 2008

ഗർഭിണികളെ പീഢിപ്പിക്കുന്ന പി കെ ശ്രീമതിയും സർക്കാർ ഡോക്ടർമാരും

'മുടിഞ്ഞ കൂത്ത്‌ ഇരുന്ന്‌ കാണണം' എന്ന ഗ്രാമ്യമായ ചൊല്ലിനെ അന്വർഥമാക്കുകയാണ്‌ ആരോഗ്യമന്ത്രി പി കെ ശ്രീമതി.

അച്യുതാനന്ദൻ മന്ത്രിസഭ മൂന്നാംവർഷത്തിലേക്ക്‌ കടക്കുമ്പോൾ പിടിപ്പുകേടിന്റേയും കെടുകാര്യസ്ഥതയുടേയും അഴിമതിയുടേയും കൂത്തരങ്ങായി ആരോഗ്യ വകുപ്പ്‌ നാണക്കേടുണ്ടാക്കിയത്‌ പോരാഞ്ഞിട്ടാണെന്നു തോന്നുന്നു, പൊതുജനങ്ങളുടെ ആരോഗ്യം പന്താടാൻ ഡോക്ടർമാർക്ക്‌ അവസരം ഒരുക്കിയത്‌.

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട്‌ ഡോക്ടർമാർ ആരംഭിച്ച സമരത്തിന്റെ കനത്ത പ്രഹരമേൽക്കാൻ വിധിക്കപ്പെട്ടിട്ടുള്ളത്‌ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന നിർദ്ധന രോഗികളാണ്‌. വ്യാഴാഴ്ച ആരംഭിക്കുന്ന സമരത്തിന്റെ മുന്നോടിയായി സർക്കാർ ആശുപത്രികളിൽ നിന്ന്‌ രോഗികളെ കൂട്ടത്തോടെ കുടിയിറക്കിക്കൊണ്ടിരിക്കുകയാണ്‌. ഈ തെമ്മാടിത്തത്തിനിരയാകുന്നത്‌ ഗർഭിണികളും പ്രസവം കഴിഞ്ഞവരുമാണ്‌. ഇന്നലെയും ഇന്നുമായി പ്രസവം നടക്കേണ്ടവരും ദിവസങ്ങൾക്കു മുമ്പേ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരും ഒരുപോലെ പുറത്താക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. കലൂർ സ്വദേശിനിയായ മിനി ആദ്യ പ്രസവത്തിനാണ്‌ എറണാകുളം ജനറൽ ആശുപത്രിയിലെത്തിയത്‌. കുട്ടിയുടെ വളർച്ച ശരിയായ നിലയിൽ അല്ലാത്തതുകൊണ്ട്‌ ഇന്നലെ സിസേറിയൻ നിശ്ചയിച്ചിരുന്നു. അതിനുള്ള ഒരുക്കങ്ങളും രാവിലെ നടത്തിയിരുന്നു. പക്ഷേ ഡോക്ടർമാരുടെ സമരം മൂലം ഈ പൂർണ്ണ ഗർഭിണിക്ക്‌ അവസാന നിമിഷം മറ്റൊരാശുപത്രിയിൽ അഭയം തേടേണ്ടിവന്നു. ആശുപത്രി അധികൃതർ ഇവരെ നിർബന്ധമായി പറഞ്ഞുവിടുമ്പോൾ എവിടെപ്പോകണമെന്നറിയാതെ മിനി കരയുകയായിരുന്നു. നിർദ്ധന കുടുംബാംഗമായ മിനിയുടെ ഭർത്താവ്‌ കൂലിപ്പണിക്കാരനാണ്‌. സ്വകാര്യ ആശുപത്രിയിൽ പോകാനുള്ള പണം എങ്ങനെ കണ്ടെത്തണമെന്നറിയാതെ ഇരുവരും ഏറെ നേരം ആശുപത്രിവരാന്തയിൽ തളർന്നിരുന്നു.

ഇതിലും കഠിനമായ അനുഭവമാണ്‌ മട്ടാഞ്ചേരി കോമ്പാറമുക്ക്‌ സ്വദേശിനിയായ സബീനയ്ക്ക്‌ (23) അനുഭവിക്കേണ്ടിവന്നത്‌. പ്രസവവേദനയുമായി മൂന്ന്‌ ദിവസം മുമ്പ്‌ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സബീനയ്ക്ക്‌ ചികിത്സ നൽകാതെ ഡിസ്ചാർജ്ജ്‌ ചെയ്യുകയായിരുന്നു. ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ എത്തിപ്പെട്ട യുവതി നിമിഷങ്ങൾക്കകം പ്രസവിക്കുകയായിരുന്നു. വേദന അസഹ്യമായിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കാൻ തയ്യാറായില്ല. പരിശോധിക്കാനോ ഡ്രിപ്‌ നൽകാനോ പലവട്ടം അഭ്യർത്ഥിച്ചിട്ടും ഡോക്ടർമാർ തയ്യാറായില്ലെന്ന്‌ സബീനയുടെ ഭർത്താവ്‌ അൻവർ പറഞ്ഞു. ഇന്നലെ ഉച്ചയോടെ വേദന സഹിക്കവയ്യാതെ സബീന നിലവിളി തുടങ്ങിയതോടെയാണ്‌ ബന്ധുക്കളുടെ ആവശ്യപ്രകാരം ആശുപത്രി അധികൃതർ അവരെ ഡിസ്ചാർജ്ജ്‌ ചെയ്തത്‌.

ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട്‌ കേരള ഗവൺമന്റ്‌ മെഡിക്കൽ ഓഫീസേഴ്സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ്‌ ഡോക്ടർമാർ സമരം ആരംഭിച്ചിട്ടുള്ളത്‌. എറണാകുളം ജനറൽ ആശുപത്രിയിലെ പ്രസവ വാർഡിൽ 78 പേരാണ്‌ ഉണ്ടായിരുന്നത്‌. ഇവരിൽ 70 പേരേയും നിർബന്ധമയി പറഞ്ഞുവിടുകയായിരുന്നു.

ഇതേ അനുഭവമാണ്‌ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള നിർദ്ധന രോഗികൾക്ക്‌ അനുഭവിക്കേണ്ടി വന്നത്‌. ഡോക്ടർമാരുടെ സമരത്തെത്തുടർന്ന്‌ സർക്കാർ ആശുപത്രികളിലെ മെഡിക്കൽ, ജനറൽ സർജറി, ഇഎൻടി, ഗൈനക്കോളജി, ഓർത്തോ പീഡിയാട്രിക്‌, ന്യൂറോളജി തുടങ്ങിയ വിഭാഗങ്ങളൊന്നും പ്രവർത്തിക്കുന്നില്ല.

ചെയ്യുന്ന ജോലിക്ക്‌ ന്യായമായ കൂലി ലഭിക്കാൻ ഏതു തൊഴിലാളിക്കും അർഹതയുണ്ട്‌. അത്‌ നിഷേധിക്കപ്പെട്ടാൽ സംഘടനാ കരുത്തിൽ കൂട്ടായ വിലപേശൽ നടത്താം. അതിൽ തെറ്റില്ല. എന്നാൽ പൊതുജനങ്ങളുടെ, പ്രത്യേകിച്ച്‌ നിർദ്ധന രോഗികൾക്ക്‌ ചികിത്സ നിഷേധിച്ചുകൊണ്ട്‌ ഡോക്ടർമാർ നടത്തുന്ന സമരം ഭരണഘടനാ വിരുദ്ധവും പൗരാവകാശ ലംഘനവുമാണ്‌.

ഈ സാഹചര്യത്തിലേക്ക്‌ ഇവരെ തള്ളിവിട്ടതിൽ സർക്കാരിനും പ്രത്യേകിച്ച്‌ ആരോഗ്യവകുപ്പിനുമാണ്‌ ഉത്തരവാദിത്വം. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട്‌ പലവട്ടം ഡോക്ടർമാർ സൂചനാ പണിമുടക്ക്‌ നടത്തിയതാണ്‌. അന്നെല്ലാം വാഗ്ദാനങ്ങൾ നൽകി അവരെ സമരത്തിൽ നിന്ന്‌ പിന്തിരിപ്പിച്ച സർക്കാരും ആരോഗ്യവകുപ്പും പ്രശ്നത്തിന്‌ ശാശ്വത പരിഹാരം കാണാൻ ശ്രമിക്കാതിരുന്നതാണ്‌ ഗർഭിണികളും നവജാത ശിശുക്കളുമടക്കുമുള്ളവർക്ക്‌ ചികിത്സ നിഷേധിക്കപ്പെട്ട അവസ്ഥ സൃഷ്ടിക്കപ്പെട്ടത്‌.

ആരോഗ്യമന്ത്രി പി കെ ശ്രീമതി ഒരു സ്ത്രീയാണ്‌, അമ്മയാണ്‌. പ്രസവവും അനുബന്ധമായ പ്രശ്നങ്ങളും അവർക്ക്‌ ബോധ്യമുള്ളതാണ്‌. നാട്ടിലെമ്പാടും ഗർഭിണികൾ ചികിത്സ കിട്ടാതെ നോവ്‌ അനുഭവിക്കുമ്പോൾ ഈ മഹിളാമണി മന്ത്രിമന്തിരത്തിൽ സുഖിച്ചു വാഴുമ്പോൾ, അവർ അവകാശപ്പെടുന്ന സമഷ്ടി ബോധവും സഹാനുഭൂതിയുമൊക്കെ എത്രമാത്രം കാപട്യമാണെന്ന്‌ ബോധ്യമാകുന്നു. മന്ത്രി എന്ന നിലയ്ക്കും എംഎൽഎ എന്ന നിലയ്ക്കും കാലാകാലങ്ങളിൽ ശമ്പളവർദ്ധനയും മറ്റ്‌ ആനുകൂല്യങ്ങളും അനുഭവിക്കുന്നവരാണ്‌ പി കെ ശ്രീമതി അടക്കമുള്ള മന്ത്രിമാരും ഭരണ പ്രതിപക്ഷ കക്ഷി എംഎൽഎമാരും. കാലാകാലങ്ങളിൽ, ജീവിത ചെലവ്‌ വർദ്ധിച്ചതിന്റെ പേരിൽ ആരോടും ചോദിക്കാതെ ശമ്പള പരിഷ്കരണം നടപ്പിലാക്കി അതിന്റെ നേട്ടം കൊയ്യുന്നവരാണ്‌ ഇവരെല്ലാം. പോരെങ്കിൽ സ്വന്തം മരുമകളെ പതിനേഴായിരം രൂപ ശമ്പളത്തിന്‌ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച്‌ അഴിമതിക്ക്‌ പുതിയ ഭാഷ്യം ചമച്ച സഖവുകൂടിയാണവർ.

അതുകൊണ്ടുതന്നെ ഡോക്ടർമാർ ആവശ്യപ്പെടുന്ന ശമ്പളപരിഷ്കരണത്തിന്റെ അനിവാര്യത അവർക്കും സർക്കാരിലെ മറ്റുള്ളവർക്കും ബോധ്യപ്പെടേണ്ടതാണ്‌,. എന്നാൽ ഇക്കാര്യത്തിൽ ഇവർ പുലർത്തിയ പ്രതിഷേധാർഹമായ പ്രതിലോമ നിലപാടാണ്‌ ഇപ്പോൾ ഡോക്ടർമാരെ പ്രത്യക്ഷ സമരത്തിന്റെ പാതയിൽ എത്തിച്ചിരിക്കുന്നത്‌.

ഒരർഥത്തിൽ ഡോക്ടർമാർ പറയുന്നതിൽ ന്യായമുണ്ടെങ്കിലും സാമൂഹ്യസേവന സന്നദ്ധരായി ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന അവർ സാധു രോഗികളുടെ ജീവിതം വച്ചു വിലപേശുന്നത്‌ മെഡിക്കൽ എത്തിക്സിനും മനുഷ്യത്വത്തിനും എതിരാണ്‌. ക്രൂരതയുടെ ഈ സമരരീതിയിൽ നിന്ന്‌ ഡോക്ടർമാർ എത്രയും പെട്ടെന്ന്‌ പിൻതിരിയണമെന്നാണ്‌ നിർദ്ധന രോഗികളുടെ പേരിൽ ഞങ്ങൾക്ക്‌ ആവശ്യപ്പെടാനുള്ളത്‌. ഒപ്പംതന്നെ ഈ പ്രശ്നത്തിന്‌ ശാശ്വതമായ പരിഹാരം കാണാനുള്ള മനസ്സും തയ്യാറും ആരോഗ്യ വകുപ്പ്‌ അധികൃതരിൽ നിന്ന്‌ ഉണ്ടാകേണ്ടതുണ്ട്‌.

അതിന്‌ തയ്യാറായില്ലെങ്കിൽ ഉണ്ടാകാവുന്ന തിരിച്ചടി ഊഹാതീതമായിരിക്കും. ഒരു സർക്കാരും അഹന്ത നിറഞ്ഞ ഒരു മന്ത്രിയും പൊതുജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുമ്പോൾ അതിനെതിരെ ജനകീയ പ്രക്ഷോഭം നയിക്കേണ്ട ഉമ്മൻചാണ്ടിയും ചെന്നിത്തലയും അടക്കമുള്ളവർ ഏതു മാളത്തിലാണ്‌ ഒളിച്ചിരിക്കുന്നതെന്നാണ്‌ ഞങ്ങൾക്ക്‌ മനസ്സിലാകാത്തത്‌.

മരണവും രോഗവും വേദനയും ആർക്ക്‌ അടിച്ചേൽപ്പിച്ചാലും അത്‌ അസഹ്യമായിരിക്കുമെന്ന്‌ തിരിച്ചറിയാനുള്ള ബോധം ഇവർക്കെല്ലാം ഉണ്ടായേ തീരൂ. അല്ലെങ്കിൽ അത്‌ ഉണ്ടാക്കിയെടുക്കാൻ പൊതുജനങ്ങൾ രംഗത്തിറങ്ങും, സംശയമില്ല.

0 comments :