കുളിപ്പിച്ചു കിടത്താൻ മൻമോഹച്ചോവ്!
മഹത്തായ സോവിയറ്റ് യൂണിയനെ കുളിപ്പിച്ചു കിടത്തിയ മഹാനാകുന്നു ഗോർബച്ചോവ്.
ഗോർബച്ചോവിന്റെ പരിഷ്ക്കാരങ്ങളായ പെരിസ്ട്രോയ്കയും ഗ്ലാസ്നോസും പ്രഖ്യാപിക്കപ്പെട്ട കാലത്ത് സംഗതി ചുക്കാണോ ചുണ്ണാമ്പാണോന്ന് അറിയാതെ തോളിലേറ്റിയ ചേട്ടന്മാരൊക്കെ, ഇപ്പോൾ അമേരിക്കയെന്ന ലോക പോലീസിനെ പേടിച്ച് തീറ്റപോലും കുറച്ചുകൊണ്ടിരിക്കുന്നു!
ഇന്ന് ഗോർബച്ചോവ് എവിടെ? അയാൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ പോലുമില്ല. ലോകമെമ്പാടുമുള്ള മനുഷ്യരെ, വിശിഷ്യ കമ്യൂണിസ്റ്റുകളെ ആവേശത്തോടെ നയിച്ച സോവിയറ്റ് യൂണിയൻ തകർന്നതുകൊണ്ട് ലോകത്തിനുണ്ടായ നേട്ടം എന്തായിരുന്നുവെന്ന് ആ രാഷ്ട്രത്തിന്റെ പതനത്തിനായി പ്രവർത്തിച്ചവരും പ്രാർത്ഥിച്ചവരുമായ സകല ജനാധിപത്യവാദികളും കുത്തിരുന്നുതന്നെ ചിന്തിക്കണം.
മഹത്തായ ഇന്ത്യാ മഹാരാജ്യത്തെ കുളിപ്പിച്ചുകിടത്താൻ അവതരിച്ച ഗോർബച്ചോവാണോ സാക്ഷാൽ മനോമോഹനസിംഹം എന്ന ആശങ്കയാണിപ്പോൾ ഇക്കാര്യങ്ങൾ ഓർമയിലെത്തിച്ചത്.
ഇന്ത്യയെന്നാൽ കോൺഗ്രസ് എന്നായിരുന്ന ഒരു കാലമുണ്ടായിരുന്നു. കഞ്ഞിക്കു വകയില്ലാത്ത കാലത്തും അഭിമാനിയായിനിന്നു, അക്കാലം നമ്മുടെ ഇന്ത്യ!
നരസിംഹാവതാരം കോൺഗ്രസിന്റെ തലപ്പത്തുവന്നിടം തൊട്ട് പതിയെ പതിയെ മാറാൻ തുടങ്ങി നമ്മുടെ ഇന്ത്യ, ഇന്ത്യയുടെ കോൺഗ്രസ്. നരസിംഹത്തോടൊപ്പം അവതരിച്ച സിംഹമായിരുന്നു മനോമോഹന സിംഹം.
റ്റാറ്റായും ബിർലായും അടക്കമുള്ള ദേശീയ കുത്തകകൾ മാത്രമല്ല; നിരക്ഷരരായ ഗ്രാമീണ ജനതയുമായിരുന്നു അക്കാലംവരെ കോൺഗ്രസിന്റെ ശക്തി. രണ്ടു സിംഹങ്ങളും കൂടി തുടങ്ങിയ പരിഷ്കാരങ്ങൾ രണ്ടായിരത്തെട്ടിലെത്തുമ്പോൾ പ്രായമേറി ഒരു സിംഹം ചത്തൊടുങ്ങിയെന്ന ഗുണമല്ലാതെ രാജ്യത്തെ ജനങ്ങൾക്ക് കാര്യമായ ഗുണമൊന്നും ഉണ്ടായതായി അറിവില്ല.
പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഗ്രാമീണർക്ക് മൻമോഹന്റെ സാമ്പത്തികശാസ്ത്രം പ്രഘോഷിക്കുന്ന പുരോഗതിയുടെ ഉയർച്ചാ സൂചിക ഇതുവരെ കാണാനായിട്ടുമില്ല.
ഇന്നലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പു ഫലം കൂടി പുറത്തുവന്നിരിക്കുന്നു.
2004നുശേഷം നടന്ന മിക്കവാറും എല്ലാ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും പറ്റിയപോലെതന്നെ പറ്റി, നിലംപറ്റി കോൺഗ്രസ്!
വീണ്ടും ബിജെപിയെ ഭരണത്തിലേറ്റാൻ വേണ്ടി മാത്രം ഒരു നേതൃത്വം പരിലസിക്കുന്നൂ നമ്മുടെ കോൺഗ്രസിൽ എന്നു ചുരുക്കം!
തന്റെ അച്ഛനെ അതിക്രൂരമായി കൊലപ്പെടുത്തിയ ഘാതകയെ ജയിലിൽപോയി കണ്ടാലോ ആദിവാസി കുടിലിൽപോയി ശാപ്പാടു കഴിച്ചാലോ പിടിച്ചെടുക്കാവുന്നതല്ല ജനമനസ്സെന്ന് യുവതുർക്കികളെല്ലാം ഓർക്കുന്നത് നന്ന്. ജി. കാർത്തികേയൻ സൂചിപ്പിച്ച 'പൈങ്കിളി രാഷ്ട്രീയം' കൊണ്ട് പരിഹരിക്കാവുന്നതല്ല; കോർപ്പറേറ്റ് കുത്തകകൾക്കായി നടത്തുന്ന മനോമോഹന ഭരണംകൊണ്ട് കോൺഗ്രസിനുണ്ടായ ഇടർച്ചകൾ.
0 comments :
Post a Comment