Monday, May 26, 2008

ബോംബ്‌ സ്ഫോടനംപോലെ വ്യാജരേഖാ വാർത്ത


അധികാരത്തിന്റെ കൗശലങ്ങൾ, കുതന്ത്രങ്ങൾ: എ.കെ. ആന്റണി, കെ. കരുണാകരൻ, പത്മജാ വേണുഗോപാൽ

ടൈറ്റസ്‌ കെ. വിളയിൽ
പശ്ചാത്തലം 1 - സാമ്പത്തികം: ആറു വർഷം മുൻപ്‌ കേരളത്തെ ഞെട്ടിച്ച 336 കോടി രൂപയുടെ ഹവാല ഇടപാടിനെക്കുറിച്ച്‌ റിസർവ്വ്‌ ബാങ്കിന്റെ റിപ്പോർട്ട്‌. കോയമ്പത്തൂർ കേന്ദ്രമാക്കി 'വ്യവസായം നടത്തുന്ന' ഒരു സുരേന്ദ്രനാണ്‌ ഈ ഹവാല ഇടപാടിന്റെ ഇന്ത്യയിലെ കണ്ണിയെന്നും മുന്നറിയിപ്പ്‌. ഉത്തരകേരളത്തിലാണ്‌ ഈ പണത്തിൽ സിംഹഭാഗവും കൈമാറിയിട്ടുള്ളത്‌. മുസ്ലീം തീവ്രവാദി സംഘടനകൾ, മുസ്ലീം ലീഗ്‌ നേതാക്കൾ, കോൺഗ്രസ്‌ നേതാക്കൾ എന്നിവർക്ക്‌ ഈ ഹവാല ഇടപാടിൽ പങ്കുണ്ടെന്ന്‌ മാധ്യമ റിപ്പോർട്ടുകൾ.

പശ്ചാത്തലം 2 - രാഷ്ട്രീയം: നായനാർ സർക്കാരിനുശേഷം 100 സീറ്റുനേടി എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തി ഒന്നര വർഷം പൂർത്തിയാകും മുൻപ്‌ കോൺഗ്രസിനുള്ളിൽ പൊട്ടിപ്പുറപ്പെട്ട പടലപ്പിണക്കം.

പശ്ചാത്തലം 3 - യുഡിഎഫിൽ അംഗമാണെങ്കിലും ആന്റണി മുഖ്യമന്ത്രിയായതിലും മക്കളെ ആഗ്രഹിച്ച രീതിയിൽ അധികാര സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാൻ കഴിയാത്തതിലും രോഷം പൂണ്ട്‌ കെ. കരുണാകരൻ അണിയറയിൽ കുതന്ത്രങ്ങൾക്ക്‌ രൂപം കൊടുക്കുന്ന സമയം.

പശ്ചാത്തലം 4 - ഐ ഗ്രൂപ്പിലെ പ്രമുഖർ അടക്കമുള്ളവർ എ ഗ്രൂപ്പിലേക്ക്‌ ചേക്കേറാൻ ശ്രമിക്കുന്നുവെന്ന വാർത്തകളുടെ വെള്ളപ്പാച്ചിൽ. അന്ന്‌ മന്ത്രിയായിരുന്ന കെ.വി. തോമസ്‌ ആന്റണിപാളയത്തിലേക്ക്‌ കൂറുമാറാൻ തക്കംപാർത്തിരിക്കുന്ന സമയം.

പശ്ചാത്തലം 5 - റിയാലിറ്റി ഷോകളും കണ്ണീർപരമ്പരകളും ഇന്നത്തെപോലെ ചാനലുകളെ കീഴടക്കാതിരുന്നതുകൊണ്ട്‌ വീട്ടമ്മമാർ അടക്കമുള്ളവർ വാർത്തകൾ ശ്രദ്ധിക്കുന്ന കാലം.

ഒരു ബോംബ്‌ സ്ഫോടനം പോലെയായിരുന്നു ആ വാർത്ത സൂര്യാ ടിവി സംപ്രേഷണം ചെയ്തത്‌. കേരളത്തിലെത്തിയ 336 കോടിയുടെ ഹവാലപണത്തിൽ 10 ശതമാനത്തിലധികം മന്ത്രിയായിരുന്ന കെ.വി. തോമസിന്റെ കൈകളിൽ എത്തിയെന്ന ഇന്റലിജൻസ്‌ റിപ്പോർട്ടായിരുന്നു സൂര്യാ ടിവി 7.30നുള്ള വാർത്തയിൽ 'പൊട്ടിച്ചത്‌'. ആ വാർത്താഘാതത്തിൽ തരിച്ച്‌ കേരളം ഊഹങ്ങളിൽ രമിക്കുന്നതിനിടയിൽ രാത്രിതന്നെ അത്തരത്തിലൊരു റിപ്പോർട്ട്‌ സർക്കാരിനുനൽകിയിട്ടില്ലായെന്ന്‌ അധികൃത നിഷേധം. ഇതും ചാനലുകൾ തൽസമയം സംപ്രേഷണം ചെയ്തു.

പിറ്റേന്ന്‌ ഇറങ്ങിയ പത്രങ്ങളിലെ വെണ്ടയ്ക്കാ തലക്കെട്ട്‌ 336 കോടിരൂപയുടെ ഹവാല ഇടപാടും അതിൽ കെ.വി. തോമസിന്‌ പങ്കുണ്ടെന്നുള്ള ഇന്റലിജന്റ്സ്‌ റിപ്പോർട്ടും അതിന്റെ നിഷേധവുമായിരുന്നു.

ചർച്ചകൾ മുറുകി. ഇന്റലിജന്റ്സ്‌ റിപ്പോർട്ട്‌ എന്നു പറഞ്ഞ്‌ സൂര്യാ ടിവി സംപ്രേഷണം ചെയ്ത വാർത്ത വ്യാജരേഖയുടെ അടിസ്ഥാനത്തിലാണെന്ന്‌ വ്യക്തമായതോടെ വ്യാജരേഖയെക്കുറിച്ചായി പിന്നെ ചർച്ച. അതിന്റെ ഉറവിടം, പിന്നിൽ പ്രവർത്തിച്ച ശക്തികൾ, വ്യക്തികൾ അവരുടെ ലക്ഷ്യങ്ങൾ അങ്ങനെപോയി തുടർന്നുള്ള ദിവസങ്ങളിലെ മുഖ്യവാർത്തകൾ.

അപ്പോഴാണ്‌ വ്യാജരേഖ ചമച്ചതിന്‌ ചുക്കാൻ പിടിച്ചത്‌ ചെങ്ങന്നൂർ എംഎൽഎയും ഐ ഗ്രൂപ്പിൽ കരുണാകരന്റെ ഏറ്റവും വിശ്വസ്തയും കരുണാകരൻ വാത്സല്യപൂർവം 'കുട്ടി'യെന്നു വിളിക്കുന്ന ശോഭനാ ജോർജാണെന്ന വാർത്ത പുറത്തുവന്നത്‌. ആന്റണി ഗ്രൂപ്പിലേക്ക്‌ കൂറുമാറാൻ കാത്തിരിക്കുന്ന കെ.വി. തോമസിനെ നാറ്റിച്ച്‌, ആന്റണിയെ തറപറ്റിച്ച്‌ ശോഭനയ്ക്ക്‌ മന്ത്രിസഭയിൽ കടന്നുകൂടാനുള്ള അമിതാഗ്രഹത്തിൽനിന്നാണ്‌ ഇങ്ങനെയൊരു വ്യാജരേഖ ചമയ്ക്കാൻ പ്രേരണയായതെന്നും അന്വേഷണാത്മക മാധ്യമ പ്രവർത്തകർ കണ്ടെത്തി. ശോഭനയുടെ ഈ ശ്രമത്തിന്‌ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന അനിൽ പി. ശ്രീരംഗത്തിന്റെയും പത്രപ്രവർത്തകരായ ജയചന്ദ്രന്റെയും ചന്ദ്രമോഹന്റെയും പിന്തുണയുണ്ടെന്ന്‌ പിറ്റേന്നും തുടർന്നുള്ള ദിവസങ്ങളിലും കണ്ടെത്തൽ തുടർന്നു. ചന്ദ്രമോഹന്റെ കമ്പ്യൂട്ടറിലാണ്‌ വ്യാജരേഖ ചമച്ചതെന്നും വാർത്ത പുറത്തുവന്നു.
സൂര്യാടിവിയിലെ തിരുവനന്തപുരം ബ്യൂറോ ചീഫ്‌ അനിൽ നമ്പ്യാരെ നിയമസഭാ കാന്റീനിൽ വച്ച്‌ ശോഭനാ ജോർജ്ജ്‌ നേരിട്ടുകണ്ടാണ്‌ ഞെട്ടിപ്പിക്കുന്ന വാർത്തയെക്കുറിച്ച്‌ ചർച്ച ചെയ്തതെന്നും പിന്നീട്‌ ആ വാർത്ത ദൂതൻ മുഖേന സൂര്യാടിവിയിൽ എത്തിച്ചുവെന്നും വാർത്ത ലഭിച്ച അന്നുതന്നെ അതിന്റെ ആധികാരികത ഉറപ്പാക്കാതെ സൂര്യാ ടിവി സംപ്രേഷണം ചെയ്തൂവെന്നും തുടർന്ന്‌ വാർത്തകൾ വന്നു.

പോലീസിലേയും മാധ്യമങ്ങളിലേയും അന്വേഷണത്തിന്റെ കുശാഗ്രബുദ്ധികൾ ശോഭനയിലും അനിൽ പി. ശ്രീരംഗത്തിലും ജയചന്ദ്രനിലും ചന്ദ്രമോഹനിലും അനിൽ നമ്പ്യാരിലും സൂര്യാ ടിവിയുടെ ആവേശത്തിലും പുതിയ വാർത്തകൾ കണ്ടെത്താൻ ചികഞ്ഞുനടന്നപ്പോൾ കൗശലപൂർവം തമസ്ക്കരിക്കപ്പെടുകയായിരുന്നു 336 കോടി രൂപയുടെ ഹവാല ഇടപാടും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരും അവരുടെ ലക്ഷ്യങ്ങളും.

കരുണാകരന്റെ മക്കളായ മുരളിയും പത്മജയും മന്ത്രിമാരാകാതെ പുറത്തുനിൽക്കുമ്പോൾ വ്യാജമായ ഒരു രേഖ ചമച്ച്‌ കെ.വി. തോമസിനെ പുറത്താക്കി തനിക്ക്‌ മന്ത്രിയാകാൻ കഴിയുമെന്ന്‌ വിശ്വസിക്കാൻ മാത്രം വിഡ്ഢിയാണോ ശോഭന എന്ന ചോദ്യം ഇതിനിടയിൽ ഉയർന്നുവന്നത്‌ പോലീസിലെ അന്വേഷകരോ മാധ്യമരംഗത്തെ അന്വേഷകരോ ശ്രദ്ധിക്കാതെ പോയില്ല. വ്യാജരേഖ ചമച്ചത്‌ ശോഭനതന്നെയാണ്‌ എന്ന മുൻവിധിയിലായിരുന്നു അവരുടെ അന്വേഷണങ്ങൾ. ഈ അന്വേഷണത്തിൽ ശോഭനയുമായി ബന്ധപ്പെട്ട വ്യവസായ പ്രമുഖരും സാമുദായിക നേതാക്കളുമൊക്കെ സംശയത്തിന്റെ മുൾമുനയിൽ കൊരുക്കപ്പെട്ടു. കോഴിക്കോടുവരെ നീണ്ടു ഇത്തരം അന്വേഷണത്തിന്റെ കണ്ണുകൾ. അവിടെനിന്നും ശോഭനയുമായി ബന്ധമുള്ള കണ്ണികളെ കണ്ടെത്തി മാധ്യമങ്ങൾ പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തു.

ഹവാല പണത്തിന്റെ കാര്യവും അതിനുപിന്നിൽ പ്രവർത്തിച്ച ശക്തികളും അവരുടെ ലക്ഷ്യങ്ങളും പിന്നാലെ ചർച്ച ചെയ്യാം. ശോഭനയുടെ അതിബുദ്ധി അല്ലെങ്കിൽ ബുദ്ധിശൂന്യത ഇപ്പോൾ വിശകലനം ചെയ്യാം.

നീട്ടിപ്പരത്തി പറയാതെ കാര്യങ്ങളിലേക്ക്തന്നെ കടക്കാം. ആന്റണിയോടുള്ള പകതീർക്കാനും ആന്റണിയുടെ പാളയത്തിലേക്ക്‌ കൂറുമാറാൻ തക്കംപാർത്തിരിക്കുന്ന കെ.വി. തോമസിനെ മലർത്തിയടിക്കാനും കെ. കരുണാകരന്റെ കൗടില്യബുദ്ധിയിൽ രൂപം കൊണ്ടതാണ്‌ വ്യാജരേഖയും ഹവാല പണമിടപാടിൽ തോമസിനുള്ള പങ്കുമെന്നും എ ഗ്രൂപ്പുകാരും യുഡിഎഫിലെ തൽപ്പരകക്ഷികളും ഇതിനിടയിൽ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. തോമസിനെ തെറിപ്പിച്ച്‌ മകൾ പത്മജയെ മന്ത്രിയാക്കാനാണ്‌ ആശ്രിതവത്സലനായ പിതാവ്‌ ഇത്തരമൊരു നീക്കം നടത്തിയതെന്നും അതിന്‌ ശോഭനയെ കരുവാക്കുകയായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലും വേണ്ടത്ര രാഷ്ട്രീയ ശ്രദ്ധ കിട്ടാതെപോയി. അതിന്‌ ഒന്നല്ല ഒരുപാട്‌ കാരണങ്ങളുമുണ്ടായിരുന്നു.

(നാളെ: ശോഭന പ്രതിയോ? ബലിയാടോ?)

0 comments :