നിഷ്കളങ്കർ നിഷ്കരുണം നയിക്കുമ്പോൾ
ഒരു ജനതയ്ക്ക് അവർ അർഹിക്കുന്ന ഗുണത്തിലും മണത്തിലുമുള്ള പഹയന്മാരെത്തന്നെ നേതാക്കന്മാരായി കിട്ടാൻ വേണ്ടി പടച്ചതമ്പുരാൻ ഏതാണ്ടു സൂത്രം ഒപ്പിച്ചു വച്ചിട്ടുണ്ട് എന്ന് പണ്ടാരോ കണ്ടുപിടിച്ചിട്ടുണ്ട്!
കേരളീയർ പൊതുവെ നിഷ്കളങ്കരാണെന്ന് നമുക്കറിയാം. നാടുകാണാനെത്തുന്ന മദാമ്മമാർക്കുപോലും കേരളീയരുടെ നിഷ്കളങ്ക സ്നേഹം പലവട്ടം ബോധ്യപ്പെട്ട വാർത്തകൾ എത്രവട്ടം നമ്മൾ വായിച്ചു കോൾമയിർ കൊണ്ടിരിക്കുന്നു!
നിഷ്കളങ്കനായ അച്യുമാമന്റെ നേതൃത്വത്തിൽ ഭരണത്തിലേറിയ നിഷ്കളങ്ക ഇടതു ഭരണത്തിന്റെ രണ്ടാം വാർഷിക ലഹരിയിലാണ് കേരളം.
നിഷ്കളങ്കരായ ഇപ്പോഴത്തെ മന്ത്രിസത്തമന്മാരോട് നിഷ്കളങ്കരായിരുന്ന പണ്ടത്തെ മന്ത്രി സത്തമന്മാർ ഈരണ്ടു ചോദ്യങ്ങൾ ചോദിച്ച് ഉത്തരം കിട്ടുകയോ ഉത്തരം മുട്ടുകയോ ചെയ്ത 'നേർക്കുനേർ' എന്ന 'സംഗതി' വായിക്കാൻ ഇന്നലത്തെ കേരള കൗമുദി ദിനപത്രം നോക്കുക.
ഏറ്റവും നിഷ്കളങ്കമായ ചോദ്യത്തിനുള്ള പുരസ്കാരം പി പി തങ്കച്ചൻ എന്ന നിഷ്കളങ്കനുള്ളതാണ്. ആളുടെ ചോദ്യം താഴെ:
"നെൽപ്പാടം നികത്തൽ കർശനമായി തടയുമെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഈ ഗവൺമന്റ് പ്രഖ്യാപിച്ച കണക്കു പ്രകാരം 25,000 ഏക്കർ വച്ച് ഓരോ വർഷവും വയൽ നികത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ സർക്കാർ തടയുന്നുമില്ല. വയലുകളെല്ലാം പുരയിടങ്ങളാക്കി വിറ്റുകൊണ്ടിരിക്കുന്നു. ഇതിനെതിരെ എന്തു നടപടിയെടുക്കും?"
ഈ ചോദ്യത്തിന് നിഷ്കളങ്കമായൊരു മറുപടി നൽകി മുല്ലകൃഷിക്കാരൻ മന്ത്രി രത്നാകരൻ തങ്കച്ചൻ ചേട്ടനെ ഉത്തരം മുട്ടിച്ചത് താഴെ വായിക്കുക:
"വയൽ സംരക്ഷണ നിയമം നടപ്പാക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായി. ഇനി നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയാൽ മതിയാകും. അത് പാസാകുന്നതോടെ വയലുകളെല്ലാം സംരക്ഷിക്കപ്പെടും".
ഇപ്പോൾ ബോദ്ധ്യമായില്ലേ നിഷ്കളങ്കരായ കേരളീയർക്ക് നിഷ്കളങ്കരായ നേതാക്കളെ തന്നെ നയിക്കാൻ കിട്ടിയെന്ന്!
അരിയെത്രയെന്നു ചോദ്യം; പയറഞ്ഞാഴീന്നുത്തരം!
കക്ഷത്തിലുള്ളത് പോകേമില്ല; ഉത്തരത്തിലുള്ളത് എടുക്കേം ചെയ്യാം!
നിയമമില്ലാഞ്ഞിട്ടാണ് യുഡിഎഫും എൽഡിഎഫും മാറിമാറി ഭരിച്ച കാലത്തൊക്കെ നെൽവയൽ താനേ നികന്നു പോയതെന്നിപ്പോൾ മനസിലായില്ലേ?
വേണ്ടത് പത്തുപതിനായിരം നിയമങ്ങളാണ്. നിയമങ്ങൾ ഉണ്ടാക്കുവാനായി ഭൂജാതരായവരാണ് നേതാക്കൾ. നിയമങ്ങൾ ഉണ്ടാക്കാനാണ് നിയമസഭ. നിയമങ്ങൾ മാറ്റിയെഴുതാനാണ് മന്ത്രിസഭ. വല്ലതും മനസിലാവാതുണ്ടോ?
ഉണ്ടെങ്കിൽ മിണ്ടേണ്ട, നിയമബോധമില്ലാത്തതിന്റെ കുറവാ!
0 comments :
Post a Comment