ശാന്തിതീരം 'മഠാധിപതി' കേസിന് ചാരക്കേസിന്റെ വിധിയോ?
കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും വെറുക്കുമ്പോഴും കുറ്റകൃത്യം സംബന്ധിച്ച വാർത്തകളും കുറ്റവാളികളെക്കുറിച്ചുള്ള വിശദാംശങ്ങളും അറിയാനും വായിക്കാനും സാധാരണജനങ്ങൾക്കുള്ള ഔൽസക്യം സീമാതീതമാണ്. ഈ പൊതുജനതാൽപ്പര്യത്തെ എല്ലാ മാധ്യമ ധർമ്മങ്ങളും ലംഘിച്ച് മുതലെടുക്കുന്നതാണ് ഇന്നത്തെ മുഖ്യധാരാ ശൈലിയെന്ന് തെളിയിക്കുന്നു ശാന്തിതീരം മഠാധിപതി അമൃതചൈതന്യത്തെ സംബന്ധിച്ച് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന 'പൈങ്കിളിവാർത്തകൾ'.
വാർത്തകൾ എഴുതിപ്പിടിപ്പിക്കുന്നവരെ തൽക്കാലം മാറ്റിനിർത്തി ഈ സംഭവത്തെ നോക്കികാണുമ്പോൾ സാധാരണക്കാരുടെ മനസിൽ ഉണരുന്നത് ആരാണ് സത്യം പറയുന്നത് എന്ന ശങ്കയാണ്.
ഇന്റർപോളിന്റെ വെബ്സൈറ്റിൽ സന്തോഷ് മാധവൻ എന്ന കട്ടപ്പനക്കാരനെക്കുറിച്ച് റെഡ് അലർട്ട് നോട്ടീസ് വരുന്നു. അതിനെ ആസ്പദമാക്കി കേരളശബ്ദത്തിന്റെ ഏറ്റവും പുതിയ ലക്കത്തിൽ കവർസ്റ്റോറി പ്രത്യക്ഷപ്പെടുന്നു. തുടർന്ന് മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളിൽ ശാന്തിതീരം മഠാധിപതിയെക്കുറിച്ചുള്ള, വായിച്ചുരസിക്കാൻ ഉതകുന്ന വാർത്തകൾ വരുന്നു. അതിനുപിന്നാലെ പോലീസ് സംഘം കലൂർ എസ്‌ആർഎം റോഡിലുള്ള ശാന്തിതീരം റസ്തൗസിൽ റെയ്ഡ് നടത്തുന്നു. റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും മാധ്യമങ്ങളിൽ കൂടുതൽ ഇക്കിളിക്കഥകൾ പ്രത്യക്ഷപ്പെടുന്നു.
ഇതിനിടയിൽ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ഇന്റർപോളിന്റെ വെബ്സൈറ്റിൽ നിന്ന് സന്തോഷ്മാധവന്റെയും അദ്ദേഹത്തിന്റെ സുഹൃത്തായ സൈഫുദ്ദീന്റെയും ഫോട്ടോകൾ അപ്രത്യക്ഷമാകുന്നു. പകരം അവിടെ ഇന്റർപോളിന്റെ ലോഗോ പ്രത്യക്ഷപ്പെടുന്നു.
ഇതെല്ലാം കാണുകയും വായിക്കുകയും ചെയ്ത് അന്തംവിട്ട് നിൽക്കുന്നവരെ വീണ്ടും അതിശയിപ്പിക്കുന്ന വാർത്തകൾ പോലീസ് ഡിപ്പാർട്ടുമെന്റിൽ നിന്നും ശാന്തിതീരം 'മഠാധിപതി'യിൽ നിന്നും പുറത്തുവരുന്നു.
അതിൽ പ്രധാനം കേരളശബ്ദത്തിൽ വാർത്തവന്നതിന്റെ പിറ്റേദിവസം ശാന്തിതീരം മഠാധിപതി, ഇന്റർപോൾ തിരയുന്ന കുറ്റവാളി താനാണെങ്കിൽ തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐജി വിൻസെൻ എം പോളിനെ സമീപിച്ചതും മഠാധിപതിയുടെ സാന്നിദ്ധ്യത്തിൽ ഐജി ഇന്റർനെറ്റ് പരതുന്നു, സിബിഐയുമായി ബന്ധപ്പെടുന്നു, പിന്നെ മഠാധിപതി കുറ്റക്കാരനല്ലെന്നും അതുകൊണ്ട് അറസ്റ്റിന്റെ വിഷയം ഉദിക്കുന്നില്ലെന്നും പറയുന്നു. ഐജി കുറ്റവിമുക്തനാക്കിയ വ്യക്തിയുടെ റസ്തൗസിൽ ദിവസങ്ങൾക്കുശേഷം പോലീസ് സെർച്ച് നടത്തുന്നു. അവിടെനിന്ന് കുറേ രേഖകൾ ശേഖരിക്കുന്നു. മഠാധിപതി ഒളിവിൽ പോകുന്നു. (ഒളിവിൽ പോയിട്ടില്ലെന്നും എറണാകുളത്തുതന്നെ ഉണ്ടെന്നും മഠാധിപതിയും അഭിഭാഷകനും അവകാശപ്പെടുന്നു.) ഏഷ്യാനെറ്റിലും മനോരമ വിഷനിലും മഠാധിപതിയുടെ ഇന്റർവ്യൂവിന്റെ സംപ്രേക്ഷണവും ഇന്ത്യാവിഷനിൽ ടെലഫോണിക് ഇന്റർവ്യൂവിന്റെ സംപ്രേക്ഷണവും നടക്കുന്നു.
ഈ അഭിമുഖത്തിലെല്ലാം അതീവ വിനയാന്വിതനായി, ഇന്റർപോൾ തേടുന്ന സന്തോഷ് മാധവൻ താൻ അല്ലെന്നും ശാന്തിതീരം ആശ്രമമല്ലെന്നും താൻ സന്ന്യാസിയല്ലെന്നും ശാന്തിതീരം ട്രസ്റ്റിനുവേണ്ടി സ്ഥലമിടപാടുകൾ നടത്തിയിട്ടുണ്ടെന്നും നാട്ടിലും വിദേശത്തും ജ്യോതിഷ പരിപാടികൾക്കായി പോയിട്ടുണ്ടെന്നും ആദ്യവിവാഹം മൂന്ന് ദിവസത്തോടെ അവസാനിച്ചുവെന്നും പുനർവിവാഹം കഴിച്ചു എന്നുമൊക്കെ മഠാധിപതി വെളിപ്പെടുത്തുന്നു.
താൻ ശാക്തേയപൂജയാണ് നടത്തുന്നതെന്നും ആ ധർമ്മത്തിലാണ് ചരിക്കുന്നതെന്നും ശങ്കരാചാര്യരും നാരായണഗുരുസ്വാമിയുമെല്ലാം ആ ധർമ്മമാണ് അനുഷ്ഠിച്ചതെന്നും മഠാധിപതി അവകാശപ്പെടുന്നു.
തുടർന്ന് ബ്ലൂഫിലിം കാസറ്റുകൾ ശാന്തിതീരം റസ്റ്റുഹൗസിലെ 'റെയ്ഡി'ൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും യുവതികളുമൊത്ത് നീലചിത്രം കാണുന്നതാണ് മഠാധിപതിയുടെ വിനോദമെന്നും കന്യകകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നഗ്നപൂജ ചെയ്യുന്നതിലാണ് മഠാധിപതിക്ക് സന്തോഷമെന്നും സിനിമാനടികളുടെ കണ്ണുദോഷം മാറ്റാൻ ഇത്തരം ശാക്തേയപൂജ നടത്താറുണ്ടെന്നും അഞ്ചുലക്ഷം വരെയാണ് അതിന് ഫീസ് ഈടാക്കുന്നതെന്നും വാർത്തകൾ വരുന്നു.
പാലക്കാടുനിന്നുള്ള ഇപ്പോഴത്തെ വധുവിനെ സ്വന്തമാക്കിയ വിവാഹത്തിന് വരനായ മഠാധിപതി കുതിരവണ്ടിയിലാണ് എത്തിയതെന്നും ഡിവൈഎസ്പി സാം ക്രിസ്റ്റി ഡാനിയേൽ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും സംഗീതസംവിധായകൻ ദക്ഷിണാമൂർത്തിസ്വാമി ഉൾപ്പെടുന്ന നിരവധി വിവിഐപികളും പങ്കെടുത്തുവെന്നും അന്നത്തെ വിവാഹ സൽക്കാരത്തിന് മൂന്ന്ലക്ഷം രൂപ ചെലവായെന്നും എറണാകുളത്ത് ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ മറ്റൊരു സൽക്കാരം നടന്നുവെന്നും ദക്ഷിണാമൂർത്തി അടക്കമുള്ള വിവിഐപികൾക്ക് ഒരു ലക്ഷം രൂപ മുതൽ നൽകിയാണ് വിവാഹത്തിനും സൽക്കാരത്തിനും ക്ഷണിച്ചതെന്നും ഇതിനെല്ലാം മേൽനോട്ടം വഹിച്ചത് എറണാകുളത്തെ ഒരു ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണെന്നും മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നു.
ഇതെല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഞങ്ങളുടെ മനസിൽ ഓടിയെത്തിയത് ഐഎസ്‌ആർഒ ചാരക്കേസും നമ്പിനാരായണനും ശശികുമാറും ഫൗസിയയും മറിയം റഷീദയും പിന്നെ ഇവരെ ചുറ്റിപ്പറ്റി മാധ്യമങ്ങൾ പുറത്തുവിട്ട രതികഥകളുമാണ്.
അവ വായിച്ചും കേട്ടും രസം പിടിച്ചിരുന്ന നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് വർഷങ്ങൾക്കുശേഷം സിബിഐ ചാരക്കേസ് എന്നൊന്ന് നടന്നിട്ടേയില്ല എന്ന് റിപ്പോർട്ട് നൽകി. തുടർന്ന് പ്രതികളാക്കപ്പെട്ട നമ്പിനാരായണനും ശശി കുമാറിനും മാനനഷ്ടത്തിന് തുക അനുവദിക്കുന്നതുമാണ് കണ്ടത്.
മാധ്യമങ്ങളുടെ അമിതോത്സാഹം ശാന്തിതീരം മഠാധിപതികേസിനെയും മറ്റൊരു ചാരക്കേസുപോലെ ആക്കിത്തീർക്കുമെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ എല്ലാവരും നിരപരാധികൾ തന്നെ. എന്നാൽ ഇന്റർപോളിന്റെ വെബ്സൈറ്റിൽനിന്ന് സന്തോഷ്മാധവന്റെയും സൈഫുദ്ദീന്റെയും ഫോട്ടോകൾ അപ്രത്യക്ഷപ്പെട്ടതിലെ മായാജാലം എന്താണെന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല.
ശാന്തിതീരം മഠാധിപതിക്ക് അതിനും വിനയാന്വിതമായ മറുപടി ഉണ്ടാകുമെന്ന കാര്യത്തിൽ സംശയവുമില്ല.
2 comments :
ഒരു ദിവസം മുഴുവന് വാര്ത്താചാനലില് നോക്കിയിരുന്നിട്ടും വിശ്വസനീയമായ ഒരു കാര്യം പോലും പറയുന്നില്ല. പറഞ്ഞതു തന്നെ പിന്നെയും പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. കുറെ കേട്ടു കഴിഞ്ഞപ്പോള് തോന്നി ഈ പ്രശ്നം എല്ലാം ആ കുറ്റവാളി എന്നൊക്കെ പറയപ്പെടുന്നവര് തന്നെ ഉണ്ടാക്കിയതാണോ എന്ന്.(ഈ ആള്ദൈവത്തിനെ കുറിച്ചു മുന്നേ കേട്ടിരുന്നില്ല. ഇനി ഒരു അഗ്നിശുദ്ധി കഴിഞ്ഞൊന്നിറങ്ങിയാല് ഭക്തര് കൂടുമല്ലോ)
ദ്രശ്യമാധ്യമങ്ങള് സാധാരണ ജനങ്ങള്ക്ക് വ്യക്തമായ കാഴ്ചപ്പാട് കൊടുക്കുന്നേ ഇല്ല. മറിച്ച് അവര് പിന്താങ്ങുന്നതെന്താണോ അതിനെ പേര്ത്തും പേര്ത്തും ഓതിക്കൊണ്ടിരിക്കും.
ദൃശ്യമാദ്ധ്യമങ്ങളായാലും, അച്ചടി മാദ്ധ്യമങ്ങളായാലും വാർത്തയുടെ സത്യസ്ഥിതിയെക്കാൾ പ്രേക്ഷകരെയും വായനക്കാരെയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മാത്രം മുൻകണ്ട് മാത്രം പ്രവർത്തിക്കുന്നു എന്നു തോന്നും ഈയിടെയുള്ള റിപ്പോർട്ടിങ് കണ്ടുകഴിഞ്ഞാൽ. പൊടിപ്പും തൊങ്ങലും ചേർത്ത് “കഥ” എത്ര ‘മനോഹര”മാക്കാം എന്നതിൽ മാത്രമാൺ ശ്രദ്ധ എന്നു തോന്നുന്നു. “രഹസ്യ സങ്കേത”ത്തിൽ വച്ചുള്ള അഭിമുഖം ഞങ്ങൾക്ക് മാത്രമായി നൽകീ എന്നു വരുത്താനുള്ള മത്സരഓട്ടത്തിനിടയിൽ യഥാർത്ഥ വസ്തുത പലപ്പോഴും വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ഇത് രണ്ട് നാലു ദിവസത്തേയ്ക്കുള്ള ഒരു പ്രതിഭാസമായിരിക്കും അതു കഴിയുമ്പോൾ മറ്റൊരു സംഭവം “ആഘോഷിക്കാൻ” ലഭിക്കുന്നതോടെ ഇത് വിസ്മൃതിയിലാവും.
ഇന്റർ പോളിന്റെ റെഡ് അലർട്ട് നൽകിയതുകൊണ്ട് മാത്രം അയാൾ കുറ്റക്കാരനാവില്ലാന്ന് അവർ തന്നെ പറയുന്നുണ്ട്. അതാത് സ്ഥലത്തെ പൊലീസ് സംവിധാനത്തിനാൺ കൂടുതൽ ചുമതല. പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാധീനം ഏതു വമ്പൻ പിടികിട്ടാപ്പുള്ളിയെയും രക്ഷിക്കുന്ന നമ്മുടെ നാട്ടിൽ ഇതൊന്നും പുത്തരിയല്ലാതയിരിക്കുന്നു..
വാസ്തവം ടീമിന്റെ ഈ ലേഖനം അവസരോചിതമായി.. അഭിനന്ദനങ്ങൾ.
Post a Comment