Friday, May 9, 2008

I'm Antony, Saint Antony 007!

അത്ഭുതങ്ങളുടെ പെരുമഴ കണ്ട്‌ അന്തം വിട്ട്‌ കുന്തം വിഴുങ്ങി നിന്ന ഒരു പാവപ്പെട്ടവൻ 'അദ്ദേഹ'ത്തോട്‌ ചോദിച്ചു:

"അങ്ങ്‌ ആരാണ്‌?"

സുസ്മേരവദനനായി 'അദ്ദേഹം' മൊഴിഞ്ഞു:
"ഞാൻ ആന്റണി, സെയ്ന്റ്‌ ആന്റണി"

വിശുദ്ധ അന്തോണീസിനെ സീരിയലൈസ്‌ ചെയ്യുന്ന മഹപാപികൾ പടച്ചുവിട്ട ഒരു ഭീകര രംഗമാണ്‌ മുകളിൽ വായിച്ചത്‌.

താൻ ആൾ ചില്ലറക്കാരനല്ലെന്നും വരും കാലത്ത്‌ കത്തോലിക്കാ തിരുസഭ തന്നെ സെയ്ന്റ്‌ (വിശുദ്ധൻ) ആയി അവരോധിക്കുമെന്നും കലൂരും ചെട്ടിക്കാടും അടക്കം ഒട്ടനവധി വിശ്വാസികൾക്ക്‌ ആശ്വാസമേകുമെന്നും ഒക്കെ മുൻകൂട്ടി കണ്ടിട്ടാവണം അദ്ദേഹം 'ഞാൻ ബോണ്ട്‌, ജെയിംസ്‌ ബോണ്ട്‌' ശൈലിയിൽ "ഞാൻ സെയിന്റ്‌ അന്റണി" എന്ന കാച്ച്‌ കാച്ചിയത്‌!

ക്രിസ്തുവിന്റെ ആറാം തിരുമുറിവ്‌ എന്ന പി എം ആന്റണിയുടെ നാടകം കണ്ടിട്ടുണ്ടോ?

കണ്ടവരാരും അത്‌ കർത്താവീശോമിശിഹായെ അപകീർത്തിപ്പെടുത്തി എന്ന്‌ ആരോപിക്കില്ല. സത്യം പറഞ്ഞാൽ അതൊരു 'നാടക'മാണോ എന്ന കാര്യത്തിലായിരുന്നു വിവരമുള്ളവർ ചർച്ച നടത്തിയത്‌. എന്നാൽ നാടകം കാണാതെ കുറെ ശ്രേഷ്ഠപുരോഹിതരും കുഞ്ഞാടുകളും ആ നാടകത്തിനെതിരെ ഗ്വാ ഗ്വാ വിളികളുമായി തെരുവിലിറങ്ങി. എതിർപ്പ്‌ വ്യാപിച്ചതോടെ ആ ചവറു നാടകം ക്ലിക്കാവുകയും ചെയ്തു.

ഇക്കാര്യമിവിടെ ഓർക്കാൻ കാരണമുണ്ട്‌. കർത്താവീശോമിശിഹായേയും കത്തോലിക്കാ തിരുസഭയേയും അപകീർത്തിപ്പെടുത്തുന്നവയാണ്‌ സെയ്ന്റ്‌ ആന്റണി, വേളാങ്കണ്ണി മാതാവ്‌ എന്നീ പൈങ്കിളി സീരിയലുകൾ. നാനാജാതി മതസ്ഥരായ അവിശ്വാസികൾ ഈ സാധനങ്ങൾ കണ്ട്‌ വിശ്വാസികളും വിശ്വാസികൾ അന്ധവിശ്വാസികളും ആയി 'മാനസാന്തര'പ്പെട്ടുകൊണ്ടിരിക്കുകയാണ്‌.

കർത്താവീശോമിശിഹായേയും വിശുദ്ധരേയും മുതുകാടിനെയും സാമ്രാജിനേയും ഒക്കെ പോലെ വെറും മാജിക്കുകാരാക്കി മാറ്റുന്ന ഇത്തരം സീരിയലുകൾക്കെതിരെയല്ലേ ശ്രേഷ്ഠപുരോഹിതരും കുഞ്ഞാടുകളും കരുതിയിരിക്കേണ്ടത്‌?

അതിശയോക്തിയോ അത്ഭുത പ്രകടനങ്ങളോ ഇല്ലാതെ 'ദയാസാഗർ' എന്ന പേരിൽ കുറെ വർഷങ്ങൾക്കു മുൻപൊരു ഹിന്ദി സീരിയൽ ദൂരദർശനിൽ വന്ന കാര്യംകൂടി ഓർക്കുക. ശാന്തനും വിവേകിയുമായ യഥാർത്ഥ ക്രിസ്തുവായിരുന്നു ആ സീരിയലിൽ ചിത്രീകരിക്കപ്പെട്ടത്‌. വലിയ കാലതാമസം കൂടാതെ സംഘപരിവാരം മുൻകൈയെടുത്ത്‌ ആ സീരിയൽ നിർത്തിച്ചു കളഞ്ഞു.

യഥാർത്ഥ ക്രിസ്തുവിനെ സംഘപരിവാരത്തിനു മാത്രമല്ല, ശ്രേഷ്ഠപുരോഹിതർക്കും പേടിയാണ്‌. കാരണം ആൾ വിപ്ലവം നടത്തിക്കും! ഇപ്പോൾ നടക്കുന്ന സീരിയൽ ആഭാസത്തിലെ ഉണ്ണിക്രിസ്തുവും മാതാവും വിശുദ്ധരും ആരുടെയും ഉറക്കം കെടുത്തില്ല. ശ്രേഷ്ഠപുരോഹിതർക്കും സംഘപരിവാരത്തിനും മാജിക്കുകാരെ പേടിക്കേണ്ടതില്ല. അവർക്കു പേടി ആശയങ്ങളെ മാത്രമാണ്‌!

'ഞാൻ ബോണ്ട്‌, (സോറി), ഞാൻ ആന്റണി, സെയ്ന്റ്‌ ആന്റണി' എന്നു പറയുന്ന ഒരു തിരുമണ്ടനെ കത്തോലിക്കാ തിരുസഭ എങ്ങനെ വിശുദ്ധനാക്കിയെന്ന ഒരു കൊച്ചു സംശയം പോലും ആർക്കും തോന്നാത്തത്‌ അതുകൊണ്ടാണ്‌!

കണ്ടു കണ്ടിരിക്കുക. സീരിയലാക്കാൻ വിധിക്കപ്പെട്ട്‌ ഇനിയും കിടക്കുന്നു കാക്കത്തൊള്ളായിരം പുണ്യാത്മാക്കൾ!

ഉഡായിപ്പ്‌: കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തെ തുന്നം പാടിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സഭയുടെ പരിപ്പെടുക്കാൻ ഇത്തരം സീരിയലുകളെ ഉൾപാർട്ടി ജനാധിപത്യത്തിലൂടെ പരിപോഷിപ്പിക്കാൻ തീരുമാനമായതായി സൂചന!

1 comments :

  1. dinu said...

    really good One :)