Tuesday, May 6, 2008

തീറ്റ കുറച്ചില്ലേല്‍ മഹാപ്രളയം!

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടില്‍ റിയോ ഡി ജെയിനെറോയില്‍ നടന്ന ലോക ഭൗമ ഉച്ചകോടിയില്‍ വച്ച്‌ അമേരിക്കയ്ക്കൊരു വെളിപാടുണ്ടായി. ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങള്‍ നടത്തുന്ന നെല്‍കൃഷി അവസാനിപ്പിക്കണമെന്നായിരുന്നു ആ വെളിപാട്‌. കാരണമെന്തെന്നല്ലേ?

നെല്‍കൃഷി മൂലം ഉത്പാദിപ്പിക്കപ്പെടുന്ന മീതൈന്‍ വാതകം ഓസോണ്‍ പാളിയില്‍ വിള്ളല്‍ വീഴ്ത്തുന്നുവെന്നായിരുന്നു അന്ന്‌ അമേരിക്ക പറഞ്ഞത്‌. 1985ല്‍ അന്റാര്‍ട്ടിക്കായുടെ തൊട്ടു മുകളില്‍ രൂപംകൊണ്ട ഓസോണ്‍ പാളിയിലെ വിള്ളലിന്‌ അമേരിക്കായുടെ അത്രയും വലിപ്പമുണ്ടത്രെ! ആ വിള്ളല്‍ വലുതാകുംതോറും ഒന്നുരണ്ടു നിസ്സാര കുഴപ്പങ്ങളുണ്ട്‌.

സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ്‌ രശ്മികള്‍ നേരിട്ട്‌ ഭൂമിയില്‍ പതിക്കും. പതിച്ചാല്‍ ചൂടു വല്ലാതെ കൂടും. പിന്നെ, കാന്‍സറുള്‍പ്പെടെയുള്ള പത്തറുന്നൂറു തരം രോഗങ്ങളും വല്ലാതെ കൂടും!

ചൂടു വല്ലാതെ കൂടിയാല്‍ ഒന്നുരണ്ടു നിസ്സാര കുഴപ്പങ്ങളുണ്ട്‌. ധ്രുവപ്രദേശത്തെ മഞ്ഞുമലകള്‍ ഒന്നാകെ ഉരുകും. ഒരുമാതിരി വന്‍കരകളൊക്കെ വെള്ളത്തിനടിയില്‍ പെട്ടുപോകുന്നതരം പ്രളയമുണ്ടാകും. ബുഷുള്‍പ്പെടെയുള്ള സകല പ്രമാണിമാരും മുങ്ങിച്ചത്തു പോകും! ഈ അസുഖത്തിനെയാണ്‌ വൈറ്റ്‌ ഹൗസിനെ ബാധിക്കുന്ന ഗ്രീന്‍ ഹൗസ്‌ ഇഫക്റ്റ്‌ എന്നു പറയുന്നത്‌.

അള്‍ട്രാ വയലറ്റ്‌ രശ്മികള്‍ വല്ലാതെയിങ്ങു പുറപ്പെട്ടാല്‍ ഒന്നുരണ്ടു നിസ്സാര കുഴപ്പങ്ങളുണ്ട്‌. അതില്‍ പ്രധാനം ഇതേറ്റവുമധികം ബാധിക്കുക വെളുത്ത തൊലിയുള്ള സായ്പന്മാര്‍ക്കായിരിക്കും എന്നതാണ്‌. കറുത്ത തൊലിയുള്ള നമ്മള്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ തീയില്‍ കുരുത്തത്‌ വെയിലത്ത്‌ വാടില്ലാന്നു പറഞ്ഞപോലെ കുറേനാള്‍ കൂടി പിടിച്ചു നില്‍ക്കും!

അതുകൊണ്ടാണ്‌ ക്ലോറോ ഫ്ലൂറോ കാര്‍ബണും കാര്‍ബണ്‍ മോണോക്സൈഡും തുടങ്ങിയ രാസമാലിന്യങ്ങള്‍ കൊണ്ട്‌ ഓസോണ്‍ പാളിയെ ഇവ്വിധം തകരാറിലാക്കിയതില്‍ മുഖ്യ പങ്കുവഹിച്ച അമേരിക്കയും വികസിത രാജ്യങ്ങളും നമ്മളോട്‌ നെല്‍കൃഷി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്‌. അതിന്റെ ബാക്കിയാണ്‌ കഴിഞ്ഞ ദിവസം കുട്ടി ബുഷിനുണ്ടായ വെളിപാട്‌! ഇന്ത്യക്കാര്‍ തീറ്റ കുറയ്ക്കണമെന്ന്‌!

ഓര്‍ക്കണം, നൂറ്റിച്ചില്വാന്‍ കോടി മനുഷ്യരില്‍ ഒരുനേരം തീറ്റ കിട്ടാത്ത പകുതിപ്പേരുള്ള നാടാണിന്ത്യ!

ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്‌ മനസിലായോ? തീറ്റ കുറച്ചാല്‍ നെല്‍കൃഷി കുറയ്ക്കാം. ഓസോണ്‍ പാളിയിലെ വിള്ളല്‍ ഇനിയും വലുതാവാതെ നോക്കാം. അല്ലാതെ ഭക്ഷ്യക്ഷാമമൊന്നുമല്ല ബുഷിന്റെ ഉള്ളിലുള്ളത്‌.

ആരെല്ലാം വെന്തു മരിച്ചാലും ആരെല്ലാം മുങ്ങിച്ചത്താലും അമേരിക്കന്‍ മുതലാളിത്തവും ബുഷും ഒരേനക്കേടും കൂടാതെ വാഴണം!

അതിന്‌ നമ്മള്‍ പട്ടിണി കിടന്നും ഓസോണ്‍ പാളിയെ കാത്തു സൂക്ഷിക്കണം!

1 comments :

  1. സജി said...

    ഇനിയും വിള്ളല്‍ വീഴാത്ത അത്യാപല്‍ക്കരമായ ഒരു പാളി ഈ ലോകത്തെ ആവരണം ചെയ്തിരിക്കുന്നു. അമേരിക്കന്‍ മുതലാളിത്തത്തിന്റെ കറുത്ത പാളി. മുഴുമാനവരാശിക്കും ഭീഷിണിയായി, എണ്ണപ്പാടങ്ങളുടെ മേല്‍ കണ്ണു നട്ടും, ലോകമേമ്പാടും ആയുധപാണ്ടിക ശാലകള്‍ തീറ്ത്തും, വളറ്ന്നു വരുന്ന വികസ്വര രാജ്യങ്ങളുടെ നേരേ അസൂയ പൂണ്ടും ഈ പാളി ലോകത്തെ ചൂഴ്ന്നു നില്‍ക്കുന്നു.തകരാത്ത ഈ സ്വാര്‍ത്ഥ മുതലാളിത്ത പാളി, തകരുന്ന ഓസോണ്‍ പാളിയേക്കാള്‍ ആപത്താണ്.