Monday, May 5, 2008

അമ്മ അറിയാന്‍....

അനുഗ്രഹ വര്‍ഷം ഏറ്റുവാങ്ങാന്‍ ഭക്തന്മാര്‍
എത്തുമ്പോഴുള്ള ഗതാഗതക്കുരുക്കില്‍ പെടുന്ന
ആംബുലന്‍സിലെ രോഗികള്‍ക്ക്‌ വേണ്ടി

ലോകമെമ്പാടുമുള്ള 'മക്കള്‍ക്ക്‌' അനന്തമായ കാരുണ്യവും സ്നേഹവും വര്‍ഷിച്ച്‌ ഭക്തകോടികള്‍ക്ക്‌ സ്വര്‍ഗ്ഗീയാനുഭൂതി പകരുന്ന മാത അമൃതാനന്ദമയിയുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌:

ദര്‍ശനത്തിന്‌ നേരിട്ടെത്തുന്ന ഭക്തന്മാര്‍ക്ക്‌ മാത്രമല്ല അകലങ്ങളിലിരിക്കുന്ന അനുഗ്രഹകാംക്ഷികള്‍ക്കും അമ്മ എന്നും സാന്ത്വനപ്രതീക്ഷയാണ്‌, ശാന്തിദായകയാണ്‌. പതിവ്‌ ഭക്തിക്രമങ്ങളില്‍നിന്ന്‌ വിട്ട്‌ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹനത്തിന്റെയും സഹാനുഭൂതിയുടെയും സഹകരണത്തിന്റെയും പുതിയൊരു സംസ്കാരം, ജാതി മത ഭേദമന്യേ വളര്‍ത്തിയെടുക്കുന്നതില്‍ മാതാ അമൃതാനന്ദമയി, വര്‍ത്തമാന കാലത്ത്‌ മറ്റാരെക്കാളും മുന്‍പന്തിയിലാണെന്ന്‌ അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. മതപ്രചാരണമല്ല, മറിച്ച്‌ മനുഷ്യനെയാണ്‌ അമ്മ ഭക്തര്‍ക്കുമുമ്പിലും ലോകത്തിനുമുമ്പിലും പ്രദര്‍ശിപ്പിക്കുന്നതെന്നും ഇവര്‍ അനുഭവിച്ചറിയുന്നു. പണ്ഡിതനെന്നോ പാമരനെന്നോ, ധനവാനെന്നോ ദരിദ്രനെന്നോ വിദേശിയെന്നോ സ്വദേശിയെന്നോ ഉള്ള വിവേചനം കൂടാതെ അനുഗ്രഹം തേടിയെത്തുന്നവരെ മാറോടണച്ച്‌ അവരുടെ പ്രശ്നങ്ങളില്‍നിന്ന്‌ മുക്തരാക്കുന്ന ഏക ശക്തിസ്രോതസും അമ്മയാണെന്ന്‌ പതിനായിരങ്ങള്‍ വിശ്വസിക്കുന്നു.

പ്രചാരണത്തിലൂടെയല്ല പ്രവൃത്തിയിലൂടെ സാധാരണക്കാര്‍ക്ക്‌ ഗുണപ്രദമായ നിരവധി സംരംഭങ്ങള്‍ അമ്മയുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. വിദ്യാഭ്യാസമേഖലയില്‍ പ്രത്യേകിച്ച്‌ ഐടി വിദ്യാഭ്യാസ മേഖലയില്‍ മാതാഅമൃതാനന്ദമയി മഠത്തിന്റെ സംഭാവനകള്‍ അനന്യവും അന്യൂനവുമാണ്‌. ചികിത്സാരംഗത്തും ആരെയും അതിശയിപ്പിക്കുന്നതും, ഈ മേഖലയിലെ ലാഭക്കൊതിയന്മാരെ ലജ്ജിപ്പിക്കുന്നതുമായ രീതിയില്‍, മാതൃകാപരമാണ്‌ മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ദുരിതമനുഭവിക്കുന്ന ജനസാമാന്യത്തിന്‌ എന്നും ആശ്വാസത്തിന്റെ കുളിര്‍ത്തെന്നലാണ്‌ അമ്മയും മഠവും. സുനാമിത്തിരയേറ്റം വരുത്തിവച്ച കഷ്ടനഷ്ടങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പോലും പരാജയപ്പെട്ടിടത്ത്‌ എക്കാലത്തും ആര്‍ക്കും മാതൃകയാക്കാവുന്ന വിധത്തിലായിരുന്നു അമ്മയുടെയും മഠത്തിന്റെയും ഇടപെടല്‍.

സാധാരണക്കാരായ മനുഷ്യരുടെ പ്രശ്നങ്ങളോട്‌ ഇത്തരത്തില്‍ പ്രതികരിക്കുന്നതുകൊണ്ടാണ്‌ ഇനി പ്പറയുന്ന അപേക്ഷ ഈ പംക്തിയിലൂടെ ഞങ്ങള്‍ മുന്നോട്ട്‌ വയ്ക്കുന്നത്‌. അമ്മയുടെ സന്ദര്‍ശനവേളകളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനായിരക്കണക്കിന്‌ ഭക്തന്മാരാണ്‌ ദര്‍ശന സൗഭാഗ്യം തേടി, അനുഗ്രഹാലിംഗനം പ്രതീക്ഷിച്ച്‌ എത്തുന്നത്‌. ഇക്കാര്യത്തില്‍ ആരെയും തടയാന്‍പാടില്ല എന്നുതന്നെയാണ്‌ ഞങ്ങളുടെ പക്ഷം. എന്നാല്‍ ഇങ്ങനെ ഭക്തജനങ്ങള്‍ എത്തുന്നതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കില്‍പെട്ട്‌ ബുദ്ധിമുട്ടുന്നവര്‍ നിരവധി പേരാണ്‌. പ്രത്യേകിച്ച്‌ അത്യാസന്നനിലയില്‍ ആശുപത്രികളിലേക്ക്‌ ആംബുലന്‍സില്‍ കൊണ്ടുപോകുന്ന രോഗികള്‍. അവര്‍ക്കും ബന്ധുക്കള്‍ക്കും ഈ ഗതാഗതക്കുരുക്ക്‌ വന്‍വിഘാതമാണ്‌ സൃഷ്ടിക്കുന്നത്‌. ഇതുമൂലം ആര്‍ക്കെല്ലാം കൃത്യസമയത്ത്‌ ചികിത്സകിട്ടാതെ അന്ത്യശ്വാസം വലിച്ചു എന്നതിന്റെ കൃത്യമായ കണക്കൊന്നും ഇല്ലെങ്കിലും ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നതുമൂലം കൃത്യസമയത്ത്‌ ചികിത്സ കിട്ടാതെ പോകുന്നു എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.

അമ്മയുടെ സന്ദര്‍ശനം മാത്രമല്ല ഇത്തരം വിപത്ത്‌ സാധാരണക്കാര്‍ക്കുണ്ടാക്കുന്നത്‌. പ്രധാനമന്ത്രിയും പ്രസിഡന്റും അടക്കമുള്ള ഭരണ തലവന്മാരും രാഷ്ട്രീയ നേതാക്കന്മാരും നടത്തുന്ന സന്ദര്‍ശനങ്ങളിലും, സുരക്ഷയുടെ പേരില്‍ സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യം താല്‍ക്കാലികമായിട്ടെങ്കിലും നിരോധിക്കപ്പെടുന്നുണ്ട്‌. രാഷ്ട്രീയപാര്‍ട്ടികളുടെയും മതസംഘടനകളുടെയും പ്രകടനങ്ങളിലും ഇതേ ദുരന്തം ആവര്‍ത്തിക്കുന്നുണ്ട്‌.

ഇവരോടൊന്നും ഗതാഗതക്കുരുക്കില്‍പെട്ട്‌ കൃത്യസമയത്ത്‌ ആശുപത്രിയിലെത്താന്‍ ബുദ്ധിമുട്ടുന്ന രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ പീഡനം വിവരിച്ചിട്ട്‌ കാര്യമില്ല, കാരണം ഇവര്‍ക്കാര്‍ക്കും സാധാരണ മനുഷ്യനും അവന്റെ പ്രശനങ്ങളും ഗൗരവമുള്ള വിഷയമല്ല. എന്നാല്‍ എന്നും എല്ലായ്പ്പോഴും സാധാരണക്കാര്‍ക്കുവേണ്ടി നിലകൊള്ളുന്നതും ജാതമതരാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കന്മാരും അനുഗ്രഹം തേടി എത്തുന്നതുമായ അമ്മയ്ക്ക്‌ ഇക്കാര്യത്തില്‍ ക്രിയാത്മകമായി ഇടപെടാനും മാതൃക സൃഷ്ടിക്കാനും കഴിയുമെന്നുള്ള വിശ്വാസത്തിലാണ്‌ ഇനി പറയുന്ന അപേക്ഷ സമര്‍പ്പിക്കുന്നത്‌.

അമ്മയെ ദര്‍ശിക്കാനും അനുഗ്രഹം കാംക്ഷിച്ചും എത്തുന്നവര്‍ ഗതാഗതക്കുരുക്കുണ്ടാക്കാതെ വാഹനങ്ങള്‍ പാര്‍ക്കുചെയ്തോ റോഡ്‌ നിയമങ്ങള്‍ അനുസരിച്ചോ പെരുമാറാന്‍ അമ്മ ആവശ്യപ്പെടണം. അത്‌ എല്ലാവരും അനുസരിക്കുമെന്നും അതിലൂടെ പുതിയൊരു സിവിക്സെന്‍സ്‌ രൂപംകൊള്ളുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ട്‌ അമൃതവാണിയായി ഈ ആവശ്യം അമ്മയില്‍നിന്ന്‌ ഉണ്ടായേ തീരൂ.

0 comments :