ചികിത്സിച്ചാലും ചാവും, ഇല്ലാതിരുന്നാലും ചാവും!
വായു, ശ്വസിക്കാൻ കൊള്ളരുതാത്ത വിധമാക്കി.
വെള്ളം, കുടിക്കാൻ കൊള്ളരുതാത്ത വിധമാക്കി.
ഭക്ഷണം, കഴിക്കാൻ കൊള്ളരുതാത്ത വിധമാക്കി.
ഒരു ജീവിക്ക് അടിസ്ഥാനപരമായി വേണ്ട മൂന്നു കാര്യങ്ങളുടെ വർത്തമാനമാണിത്. ഈ മൂന്നു സംഗതികൾ നാനാവിധമാക്കിയ ഒരു ലോകത്ത് ആർക്കുണ്ടാവും ആരോഗ്യം?
ആരോഗ്യം സംരക്ഷിക്കുന്നത് ഡോക്ടർമാരും അവർ കുറിക്കുന്ന മരുന്നുകളുമാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മളിലേറെയും. കുളിക്കാൻ വേണ്ടത് വെള്ളമല്ല സോപ്പാണെന്നു കരുതും പോലൊരു വിവരക്കേട്.
കേരളത്തിൽ ഡോക്ടർമാർ സമരം ചെയ്യാൻ പോകുകയാണ്. അവന്മാർ സമരം ചെയ്താൽ ആരോഗ്യരംഗം തകരാറിലാവുമെന്നാണ് നമ്മുടെയൊക്കെ ഭീതി.
സത്യത്തിൽ ഡോക്ടർമാർ പണിക്കിറങ്ങാതായാൽ കേരളത്തിലെ ആരോഗ്യരംഗത്ത് വലിയ കുഴപ്പമൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്ന് തലകുത്തി നിന്നൊന്നു ചിന്തിച്ചാൽ പിടികിട്ടും.
കേരളത്തിലെ സർക്കാർ/സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന മനുഷ്യരിൽ ഭൂരിപക്ഷം പേർക്കും ഗുരുതരമായ രോഗങ്ങൾ ഇല്ലെന്നതാണു കാര്യം. രണ്ടു ദിവസം വിശ്രമിച്ചാൽ തീരാവുന്ന രോഗങ്ങൾ, രണ്ടുദിവസം തുളസിയിലയും ചുക്കും ജീരകവും ചേർത്ത് കാപ്പിയിട്ടു കുടിച്ചാൽ തീരുന്ന രോഗങ്ങൾ ഒക്കെയാണ് മഹാരോഗങ്ങളാക്കി മരുന്നു കഴിച്ചുകഴിച്ചു വഷളാക്കുന്നതും കീശ കാലിയാക്കുന്നതും. ഇത്രയും വായിച്ചാൽ വിവരക്കേടെഴുതിവയ്ക്കല്ലേടാ തിരുമണ്ടാ എന്നു നിങ്ങൾ ആക്രോശിച്ചേക്കും.
കുറച്ചുനേരം കൂടി തലകുത്തി നിന്നാൽ നിങ്ങളുടെ രോഷം അടങ്ങിയേക്കും.
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ നടക്കുന്ന പ്രസവങ്ങൾ മാത്രം എടുക്കുക. അതിൽ ഭൂരിപക്ഷവും സാധാരണ പ്രസവങ്ങളാണ്. കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന പ്രസവങ്ങളിൽ നല്ലൊരു ശതമാനം അസാധാരണ പ്രസവങ്ങളാണ്.
രണ്ടിടത്തും പ്രസവിക്കുന്നത് മനുഷ്യസ്ത്രീകളാണ്. സർക്കാർ ആശുപത്രിയിൽ സാധാരണക്കാർ മാത്രം പോകുന്നതിനാൽ അവിടെ സാധാരണ പ്രസവം; സ്വകാര്യ ആശുപത്രിയിൽ അസാധാരണക്കാർ (കയ്യിൽ കാശുള്ളവർ/കാശുണ്ടെന്നു നടിക്കുന്നവർ) മാത്രം പ്രസവിക്കാൻ പോകുന്നതിനാൽ അസാധാരണ പ്രസവം!
കേരളത്തിൽ ഇപ്പോൾ അധ്വാനമേറെയുള്ള പണികളിൽ ഏർപ്പെടുന്ന മറുനാട്ടുകാരെ നോക്കുക. അവർ ആഴ്ചയിലാഴ്ചയിൽ ആശുപത്രികളിൽ പോകുന്നില്ല; പലരും പ്രസവിക്കാൻപോലൂം ആശുപത്രിയിൽ പോകുന്നില്ല.
പത്രമാധ്യമങ്ങളിലൂടെ 'ബോധവൽക്കരിച്ചും' വെറുതെയിരിക്കുന്ന മനുഷ്യരെ ആട്ടിത്തെളിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പുകളിലെത്തിച്ച് പത്തുനൂറുതരം രോഗങ്ങൾ കണ്ടുപിടിച്ച് ചികിത്സിച്ചു ചികിത്സിച്ചും പരിപ്പെടുക്കുന്ന പ്രൊഫഷനായി ആരോഗ്യരംഗത്തെ തകർത്ത പ്രമാണിമാരാണ് നമ്മുടെ ബഹുഭൂരിപക്ഷം ഡോക്ടർമാരും എന്ന് ഇങ്ങനെ ഓരോരോ കാര്യങ്ങൾ പഠിച്ചാൽ പിടികിട്ടും.
ഡോക്ടർമാർ പണി നിർത്തിയാൽ ചികിത്സ കിട്ടാതെ ചത്തുപോകുന്നവരേക്കാൾ കൂടുതൽ പേർ ചികിത്സ കിട്ടാതിരുന്നാൽ കുറെ നാളുകൂടി ജീവിച്ചിരിക്കും എന്നു ചുരുക്കം!
0 comments :
Post a Comment