കുഴിച്ചെടുത്ത സത്യം കുഴച്ച് വിളമ്പുമ്പോൾ കുഴഞ്ഞുവീഴല്ലേ!
തൊണ്ണൂറ്റിരണ്ട് ദശാംശം ഒൻപത് ശതമാനം പേർ വിജയം വരിച്ച എസ്‌എസ്‌എൽസി പരീക്ഷാഫലം പുറത്തുവിട്ടുകൊണ്ട് മന്ത്രി എം.എ. ബേബി സുപ്രധാനമായൊരു ഡയലോഗ് കാച്ചിയത് കേട്ടോ?
ഈ വിജയം ഉൾക്കൊള്ളാൻ മലയാളിയുടെ മാനസിക ഘടന മാറണമെന്നാണ് മന്ത്രിയദ്ദേഹം നൽകിയ ഉപദേശം!
ഈ ഉപദേശം സാധാരണ പള്ളീലച്ചന്മാരുടെ ഞായറാഴ്ച ഉപദേശം പോലെ ഒരു ചെവീലൂടെ കേട്ട് മറു ചെവീലൂടെ പുറത്തുവിടേണ്ട തരം ഉപദേശമല്ല.
എസ്‌എസ്‌എൽസി പരീക്ഷ ഫലത്തിന്റെ കാര്യത്തിൽ മാത്രമല്ല; ഒരുപാടൊരുപാട് കാര്യങ്ങളിൽ മലയാളിയുടെ മാനസിക ഘടന മാറാൻ കിടക്കുന്നു. ദീർഘദർശിയായ ബേബിമാഷതു കണ്ടുപിടിച്ചു!
ചെറിയൊരു ഉദാഹരണം മാത്രം പറയാം. ആരെങ്കിലും എവിടെയെങ്കിലും നിന്ന് നാലൊച്ചയുണ്ടാക്കി എന്നു വയ്ക്കുക. പിറ്റേന്ന് യുവമോർച്ചക്കാരോ, കെഎസ്‌യുക്കാരോ ഒരു പത്രസമ്മേളനം നടത്തും. ആ ഒച്ചപ്പാടിനു പിന്നിലോ മുന്നിലോ മന്ത്രി കോടിയേരിയുടെ പുന്നാരപ്പുത്രൻ ബിനീഷിന്റെ കറുത്ത കരങ്ങൾ ഉണ്ടെന്നാവും അവന്മാരുടെ ആരോപണം!
നോക്കണേ കാര്യങ്ങളുടെ കിടപ്പ്. സന്തോഷ് മാധവൻ എന്ന കള്ളസ്വാമി നടത്തിയ പറമ്പുകച്ചവടത്തിലും തട്ടിപ്പിലും തരികിടയിലും വരെ ബിനീഷിന്റെ പേരുകൂടി ഉൾപ്പെടുത്തി നാറ്റിച്ചുകളഞ്ഞു ദുഷ്ടന്മാർ!
മുൻപ് സേവി മനോ മാത്യു എന്ന പറമ്പുകച്ചവടക്കാരനുമായി ചേർത്തു പറഞ്ഞായിരുന്നു നാറ്റിക്കൽ!
അന്നംപുന്നാരമായി ഒരു കല്യാണം കഴിച്ചു. എന്തായിരുന്നു പുകില്. കല്യാണസദ്യയിൽ മുതലാളിമാർ പലരും വന്നെന്നോ, തൊഴിലാളികളിൽ ചിലർ വന്നില്ലെന്നോ....
മലയാളികളുടെ മാനസികഘടന മാറണമെന്ന കാര്യത്തിൽ ഈ ഒറ്റ ഉദാഹരണം കൊണ്ടുതന്നെ നിങ്ങളുടെ സംശയങ്ങൾ തീർന്നില്ലേ?
സംശയം തീരാത്ത തോമാമാർക്കായി വേറൊരുദാഹരണം പറയാം. സ്വാമി അമൃത ചൈതന്യയെ കാണാൻ പണ്ടൊരു പോലീസുദ്യോഗസ്ഥൻ പോയി. പോകുംവഴിയിൽ ആളുടെ കാക്കിയുടുപ്പിൽ ചെളിതെറിച്ചു. മനസിലെ ചെളിയും ഉടുപ്പിലെ ചെളിയും ആസാമിക്കു സമർപ്പിച്ച് ആ പോലീസുദ്യോഗസ്ഥൻ നേരെപോയി വീണു മരിച്ചു!
സത്യം സത്യമായുള്ള ഈ വസ്തുത സത്യക്രിസ്ത്യാനികളായ രണ്ടു പോലീസാപ്പീസർമാർ പത്രസമ്മേളനത്തിൽ വിവരിച്ച് കേട്ട് നിങ്ങൾ നേരെപോയി കുഴഞ്ഞുവീണു മരിച്ചോ?
ഇല്ല! എന്തുകൊണ്ടാണ്?
നിങ്ങളുടെ മാനസികഘടന ശരിയല്ല. ഇങ്ങനെയുള്ള ഡയലോഗുകൾ കേട്ടിട്ട് മരിച്ചില്ലെങ്കിലും ക്ഷമിക്കാം. നിങ്ങളൊന്ന് കുഴഞ്ഞുവീണ് ചിരിക്കുകയെങ്കിലും വേണം!
0 comments :
Post a Comment